വാസ്തവത്തിൽ പ്രതികരണമില്ല;ചർച്ചയോ സംവാദമോ ആരും ആഗ്രഹിക്കുന്നുമില്ല
രാജ്യാന്തര പ്രശസ്തനായ, ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനും മലയാളിയുമായ പ്രഫ. സി.എസ്. ഉണ്ണികൃഷ്ണനുമായി നടത്തുന്ന ദീർഘസംഭാഷണത്തിന്റെ അവസാന ഭാഗം. െഎൻസ്െറ്റെന്റെ കണ്ടെത്തലുകളെ മാറ്റിയെഴുതുന്ന സി.എസ്. ഉണ്ണികൃഷ്ണന്റെ ‘കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്ത’ത്തെക്കുറിച്ചും അതിനോടുള്ള ‘ശാസ്ത്രലോക’ത്തിന്റെ സമീപനങ്ങളെ കുറിച്ചുമാണ് സംഭാഷണം. ഒപ്പം തന്റെ ശാസ്ത്രവഴികളും അദ്ദേഹം വ്യക്തമാക്കുന്നു.എസ്.എസ്.എൽ.സിക്ക് സാധാരണ സ്കൂളിൽ പഠിച്ച് മലയാളം മീഡിയത്തിൽനിന്ന് ആദ്യമായി ഒന്നാം റാങ്ക് നേടി...
Your Subscription Supports Independent Journalism
View Plansരാജ്യാന്തര പ്രശസ്തനായ, ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനും മലയാളിയുമായ പ്രഫ. സി.എസ്. ഉണ്ണികൃഷ്ണനുമായി നടത്തുന്ന ദീർഘസംഭാഷണത്തിന്റെ അവസാന ഭാഗം. െഎൻസ്െറ്റെന്റെ കണ്ടെത്തലുകളെ മാറ്റിയെഴുതുന്ന സി.എസ്. ഉണ്ണികൃഷ്ണന്റെ ‘കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്ത’ത്തെക്കുറിച്ചും അതിനോടുള്ള ‘ശാസ്ത്രലോക’ത്തിന്റെ സമീപനങ്ങളെ കുറിച്ചുമാണ് സംഭാഷണം. ഒപ്പം തന്റെ ശാസ്ത്രവഴികളും അദ്ദേഹം വ്യക്തമാക്കുന്നു.
എസ്.എസ്.എൽ.സിക്ക് സാധാരണ സ്കൂളിൽ പഠിച്ച് മലയാളം മീഡിയത്തിൽനിന്ന് ആദ്യമായി ഒന്നാം റാങ്ക് നേടി പ്രശസ്തനായി. തുടർന്ന് ബി.എസ്സിക്കും ഐ.ഐ.ടിയിലും ഒന്നാമനായി. പിഎച്ച്.ഡിക്കുവേണ്ടി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. അവിടെ ഗുരുത്വബലത്തെ അനേഷണമേഖലയാക്കിയത് എന്തുകൊണ്ടാണ്? അതും അന്ന് അത്ര ‘ഗ്ലാമറസ’ല്ലാത്ത ഒരു ഗവേഷണ മേഖല?
ഭൗതികശാസ്ത്രത്തിലെ പല മേഖലകളിലും ഞാൻ തൽപരനായിരുന്നു. കാരണം, അഭിനിവേശമത്രയും ഭൗതികലോകത്തോടും ലളിതമായ രീതിയിൽ അതിനെ മനസ്സിലാക്കാനുള്ള സാധ്യതകളോടുമായിരുന്നു. മദ്രാസ് ഐ.ഐ.ടിയിലെ രണ്ടു കൊല്ലക്കാലത്താണ് ഗവേഷണത്തിലേക്ക് ശരിയായ അർഥത്തിൽ പ്രവേശിച്ചുതുടങ്ങുന്നത്. മെറ്റീരിയൽ സയൻസും ഓപ്റ്റിക്സും പാർട്ടിക്ൾ ഫിസിക്സും അസ്ട്രോഫിസിക്സുംപോലെ പല മേഖലകളിലും ഞാൻ ഹ്രസ്വമായി പര്യവേക്ഷണം നടത്തി. എസ്. ചന്ദ്രശേഖറിന് നൊബേൽ സമ്മാനം കിട്ടിയത് ആയിടെയാണ്. ടി.ഐ.എഫ്.ആറിന് കോലാർ സ്വർണഖനി പ്രദേശത്ത് ഒരു ലാബുണ്ട്. അവിടെ ഇന്റേണായി ഒരുമാസം ചെലവിട്ടു. പ്രോട്ടോൺ കണിക ആത്യന്തികമായി ജീർണിക്കുമോ എന്നന്വേഷിക്കുന്ന പരീക്ഷണമായിരുന്നു അവിടെ. പരീക്ഷണപഠനത്തിൽ അക്കാലത്തെ ഏറ്റവും ഗഹനമായ പ്രമേയമായിരുന്നു അത്. എളുതാണെങ്കിലും, അത്തരം പങ്കെടുക്കലുകൾ സദാ പ്രചോദനപരമാണ്. ഏറക്കുറെ അക്കാലത്തു തന്നെയാണ് ഐൻസ്റ്റൈന്റെ ഗുരുത്വസിദ്ധാന്തം –സാമാന്യാപേക്ഷികതാ സിദ്ധാന്തം– വിശദമായി നോക്കുന്നത്. ഭൗതികശാസ്ത്രപരമായി എനിക്കത് എളുപ്പമായിരുന്നു, പക്ഷേ, ഗണിതശാസ്ത്രപരമായി പ്രയാസകരവും. ചുരുക്കിപ്പറഞ്ഞാൽ, സാധ്യതകൾ ധാരാളമുണ്ടായിരുന്നു. എങ്കിലും എനിക്കുവേണ്ടിയിരുന്നത് ആഴത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന അസ്തിവാരപ്രശ്നങ്ങൾ അന്വേഷിക്കുന്ന ഒരു പരീക്ഷണമാണ്.
പ്രോട്ടോൺ ഡീകേ പരീക്ഷണം കാര്യമായി വികസിപ്പിക്കപ്പെട്ടില്ല. കാരണം അതിലും വലിയ, കൂടുതൽ മികച്ച പരീക്ഷണസംവിധാനങ്ങൾ ജപ്പാനിലും മറ്റും സജ്ജമാക്കിക്കഴിഞ്ഞിരുന്നു. മാത്രമല്ല, പുതുതായി ആരംഭിക്കുന്ന ഒരു പരീക്ഷണത്തിന്റെ ഭാഗമാകണം എന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെയാവുമ്പോൾ പരീക്ഷണത്തിന്റെ എല്ലാ ഘടകങ്ങളിലും സംഭാവന ചെയ്യാൻ അവസരം കിട്ടും. അത്തരമൊരു പുതിയ പരീക്ഷണം ടി.ഐ.എഫ്.ആറിലെ പ്രഫ. രാംനാഥ് കൗശിക് ആരംഭിക്കുകയായിരുന്നു – കർണാടകത്തിലെ ഗൗരിബദനൂരിൽ ഒരു ഭൂഗർഭനിലയം അതിനുവേണ്ടി ആസൂത്രണം ചെയ്തിരുന്നു. മൊത്തം പരിപാടിയും പ്രാരംഭദശയിലാണ്. ലാബ് കെട്ടിടം പണിതീർന്നിട്ടില്ല. ഞാൻ കൗശിക്കിനോട് അനുമതി ചോദിച്ചു. അദ്ദേഹം സമ്മതിച്ചു, അങ്ങനെ ‘ഗ്രാവിറ്റേഷൻ എക്സ്പെരിമെന്റി’ൽ ഞാനും ചേർന്നു. പ്രഫ. കൗശിക് സവിശേഷ വ്യക്തിത്വമുള്ളയാളായിരുന്നു, ഫിസിക്സിലും മനോഭാവത്തിലും. ഗവേഷണ വിദ്യാർഥികളോട് വളരെ അടുത്ത് പ്രവർത്തിക്കും. 1984ൽ ഞാൻ അവിടെ ചേരുമ്പോൾ ഗുരുത്വപരീക്ഷണത്തിൽ മറ്റൊരു വിദ്യാർഥി മാത്രമാണ് ഉണ്ടായിരുന്നത്.
ഗവേഷണത്തിലെ ആദ്യകാല ഉദ്യമങ്ങൾ എന്തൊക്കെയായിരുന്നു?
ആദ്യത്തെ പ്രവർത്തനം മിക്കവാറും പൂർണമായിത്തന്നെ ഈ പറഞ്ഞ ഗ്രാവിറ്റേഷൻ എക്സ്പെരിമെന്റും ബന്ധപ്പെട്ട സൈദ്ധാന്തിക വിഷയങ്ങളുംതന്നെ. ആദ്യം ലാബ് പൂർത്തിയാക്കേണ്ടിയിരുന്നു. കരാറുകാരുടെയും പണിക്കാരുെടയും പിന്നാലെയുള്ള ഓട്ടം. ഗൗരിബദനൂരിനടുത്തുള്ള ഒറ്റപ്പെട്ട ഒരു ഗ്രാമത്തിലാണ് ലാബ്. അവിടെ ബി.എ.ആർ.സിക്ക്, ഭൂചലനങ്ങൾ നിരീക്ഷിക്കുന്ന ഒരു പ്രധാന കേന്ദ്രമുണ്ട് – ആണവപരീക്ഷണങ്ങൾ അക്കാലത്ത് ലോകത്ത് പതിവായിരുന്നു. അതിന്റെ നിരീക്ഷണവും അവിടെയുണ്ട്. ഈ ചുറ്റിത്തിരിയലിനിടെ ഞാൻ മറ്റു ചില പ്രമേയങ്ങളിൽ ചെറുകിട പരീക്ഷണങ്ങൾ നടത്തുമായിരുന്നു.
പെട്ടെന്ന് ഉത്തരം കിട്ടാവുന്ന ലളിതപ്രശ്നങ്ങളിൽ. അങ്ങനെ സമയം പോകുന്നതിൽ ഗൗനമൊന്നുമുണ്ടായിരുന്നില്ല. കാരണം ഗവേഷണത്തിലെ പരിശീലന കാലമായാണ് ഞാനതിനെ കണ്ടത്. ആദ്യമായി ഗലീലിയോ പരിശ്രമിച്ച ഒരു ചോദ്യത്തിന്മേലുള്ള അന്വേഷണമാണ് ഞങ്ങൾ അവിടെ രൂപകൽപന ചെയ്തിരുന്നത്. അതായത്, വ്യത്യസ്ത പ്രകൃതങ്ങളുള്ള രണ്ട് വസ്തുക്കൾ ഒരു ഗുരുത്വാകർഷണ മണ്ഡലത്തിലേക്ക് ഒരേനിരക്കിൽ പതിക്കുമോ? മുൻകാല പരീക്ഷണ ശ്രമങ്ങളേക്കാൾ 100 മടങ്ങ് സൂക്ഷ്മതയുള്ള ഒരു പരീക്ഷണമാണ് പ്രഫ. കൗശിക് ഉന്നമിട്ടത്, അത് ദുഷ്കരമായ ഒന്നാണ്. പക്ഷേ, അദ്ദേഹത്തിന് പരീക്ഷണം മെച്ചപ്പെടുത്താൻ മൗലികമായ ആശയങ്ങളുണ്ട്. സ്വതന്ത്ര പതനത്തിന്റെ സാർവലൗകികത (universality of free fall) ഗലീലിയോയും ന്യൂട്ടനും ഐൻസ്റ്റൈനും തൊട്ട് പല പ്രമുഖരും ഗഹനമായി ചിന്തിച്ച പ്രമേയമാണ്. പക്ഷേ, അതിന്റെ കാരണം അജ്ഞാതമായി തുടർന്നു. എന്റെ കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്തം ആ പ്രശ്നത്തിനും പരിഹാരം നൽകുന്നുണ്ട് – അത് വേറെ കാര്യം.
ആയിടെ ആഗോളരംഗത്ത് ആവേശമിളക്കിയ ഒരു സംഭവമുണ്ടായി. ഒരു നൂറ്റാണ്ടു മുമ്പത്തെ ഒരു പരീക്ഷണത്തിന്റെ ഫലങ്ങൾ അപഗ്രഥിച്ചിട്ട് ചില ഗവേഷകർ പറഞ്ഞു, പ്രകൃതിയിൽ ഒരു ‘അഞ്ചാം ശക്തി’ ഉണ്ടെന്നതിന് വ്യക്തമായ തെളിവുകിട്ടിയെന്ന്. സത്യമാണെങ്കിൽ അത് അടിസ്ഥാന പ്രതിപ്രവർത്തനങ്ങളെക്കുറിച്ചുള്ള ഏറ്റവും സവിശേഷമായ കണ്ടെത്തലാകും. സമാനമായ ചില പ്രശ്നങ്ങൾ നോക്കാനാണ് ഞങ്ങൾ പുതിയ പരീക്ഷണം സജ്ജമാക്കിക്കൊണ്ടിരുന്നത്. അതുകൊണ്ട് ‘അഞ്ചാം ശക്തി’ക്കുവേണ്ടിയുള്ള അന്വേഷണത്തിലേക്ക് പരീക്ഷണസാമഗ്രികൾ വിപുലപ്പെടുത്തി – ലോകത്ത് പലേടത്തും നടക്കുന്ന ആ അന്വേഷണയത്നങ്ങളുമായി മത്സരിക്കാൻ. ഏതാനും വർഷങ്ങൾകൊണ്ട് ഞങ്ങൾ മികച്ച പ്രവർത്തനം വഴി ശ്രദ്ധ പിടിച്ചു – ഒടുവിൽ അഞ്ചാം ശക്തി എന്നൊന്നില്ല എന്ന് ഉപസംഹരിക്കേണ്ടിവന്നു. അഞ്ചാം ശക്തി എന്നു തോന്നിച്ചത് നൂറു കൊല്ലം മുമ്പത്തെ ആ പരീക്ഷണമുണ്ടല്ലോ – അതിന്റെ അജ്ഞാതമായ പരിവട്ടത്തുനിന്നുള്ള വ്യാജസൂചനയായിരുന്നു. ഏതായാലും എല്ലാത്തിനുമൊടുവിൽ എനിക്കൊരു ഡോക്ടറൽ ഡിഗ്രി കിട്ടി; ടി.ഐ.എഫ്.ആറിൽ ഉടനടി സ്റ്റാഫ് റിസർച്ചറായി ഉദ്യോഗവും. ഗൗരിബദനൂരിൽനിന്ന് കിട്ടിയ നിധി പക്ഷേ മറ്റൊന്നാണ്: ഏറ്റവും ദുഷ്കരമായ സാഹചര്യങ്ങളിലും എങ്ങനെ ഗവേഷണ ലാബുണ്ടാക്കാം, പ്രവർത്തിപ്പിക്കാം എന്നതിനുള്ള അപൂർവമായ അനുഭവസ്വത്ത്. പിന്നെ, ഇന്ത്യയിലെ ഭൗതികശാസ്ത്ര സമൂഹത്തിൽനിന്ന് ധാരാളം സുഹൃത്തുക്കളെയും പരിചയക്കാരെയും കിട്ടി.
താങ്കളുടെ പല മുൻഗാമികളും ചെയ്തപോലെ വിദേശങ്ങളിലെ ഏതെങ്കിലും മുന്തിയ വിശ്രുത ഗവേഷണ സ്ഥാപനങ്ങളിലേക്ക് പോകാതിരുന്നത് എന്തേ?
ടി.ഐ.എഫ്.ആർ അന്നേ മുന്തിയ, വിശ്രുത സ്ഥാപനമാണ്. ലോകത്തെ ഏതു മികച്ച സ്ഥാപനത്തോടും കിടപിടിക്കുന്ന ഗവേഷണ സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും അവിടെയുണ്ട്. പിൽക്കാലത്ത് പല സ്ഥാപനങ്ങളും നേരിൽ കണ്ടപ്പോഴാണ് 1950കളിൽ ഹോമിഭാഭ എത്ര ദീർഘവീക്ഷണത്തോടെയാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപന ചെയ്തതെന്ന് മനസ്സിലായത്. ഞാൻ ആദ്യമായി അവിടെ എത്തിയപ്പോൾത്തന്നെ ആ മികവ് ബോധ്യമായിരുന്നു. പിന്നെ, യു.എസിൽ പോകുന്നതിൽ താൽപര്യമുണ്ടായിട്ടില്ല. അവരുടെ അയുക്തികവും പരിഭ്രാന്തി പിടിച്ചതുമായ കമ്യൂണിസ്റ്റ് വിരുദ്ധതയാണ് ഒരു കാരണം. ഇപ്പോഴുമോർക്കുന്നു, എന്റെ ഒരു സഹവിദ്യാർഥി അവിടേക്കുള്ള അഡ്മിഷൻ ഫോം പൂരിപ്പിക്കുന്നത്. അതിൽ താൻ കമ്യൂണിസ്റ്റല്ലെന്ന സത്യവാങ്മൂലം പ്രത്യേകമായി ഉൾപ്പെടുത്തേണ്ടിയിരുന്നു. അക്കാലത്ത് യൂറോപ്യൻ പിഎച്ച്.ഡി അത്ര സാധാരണമായിരുന്നില്ല, അതുകൊണ്ട് ആ വഴിക്കും നോക്കിയില്ല.
ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസോ രാമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ടോ ആയിരുന്നെങ്കിലും എനിക്ക് സന്തോഷമേയുണ്ടായിരുന്നുള്ളൂ. പക്ഷേ ടി.ഐ.എഫ്.ആറായിരുന്നു ഏറ്റവും മികച്ചത് – സ്വാതന്ത്ര്യത്തിന്റെയും ഗവേഷണ സൗകര്യങ്ങളുടെ വൈവിധ്യത്തിന്റെയും കാര്യത്തിൽ. അന്ന് അതൊരു കുടുംബംപോലെ ഇഴയടുപ്പമുള്ള സ്ഥാപനമായിരുന്നു. വ്യത്യസ്ത ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി ഇടപഴകാം. സിനിമയുടെയും സംഗീതത്തിന്റെയും പക്വതയാർന്ന, പ്രവർത്തനങ്ങൾ അവിടെയുണ്ടായിരുന്നു. ‘ഇമേജസ്’ എന്നൊരു ഫിലിം സൊസൈറ്റി ഞങ്ങൾക്കുണ്ടായിരുന്നു – ബോംബെയിലെ ഏറ്റവും പ്രമുഖമായ ഒന്ന്. കാമ്പസ് സജീവമായിരുന്നു. പിന്നെ ബോംബെ നഗരം. മറ്റിടങ്ങളിലേക്കാൾ കൂടുതൽ തുല്യത മനുഷ്യരുടെ ഇടപെടലുകളിൽ അവിടെ പ്രകടമായിരുന്നു.
വഴിമുടക്കത്തിന്റെ നാൾവഴി
താങ്കളുടെ ‘ശാസ്ത്രജീവിത’ത്തിൽ ടി.ഐ.എഫ്.ആർ എത്രത്തോളം സഹായകമായിട്ടുണ്ട്?
പരീക്ഷണങ്ങൾ ചെയ്യേണ്ടവർക്ക് അവിടെ ലഭ്യമാവുന്ന സാങ്കേതിക സഹായം ലോകോത്തരമാണ്. പൊതുസൗകര്യങ്ങളും അന്തരീക്ഷവും ലോകത്തെ മികച്ച കാമ്പസുകൾക്ക് തുല്യമാണ്. ആറ്റമിക് എനർജി വകുപ്പു മുഖേനയുള്ള കേന്ദ്രസർക്കാറിന്റെ ധനസഹായവും ഉദാരമാണ്. അതുകൊണ്ട് ഫാക്കൽറ്റി അംഗം എന്ന നിലക്ക് എനിക്ക് കിട്ടിയ പിന്തുണ മറ്റേതു ഫാക്കൽറ്റി അംഗത്തിനും കിട്ടുന്നതു തന്നെ. അവിടത്തെ മറ്റു ലാബുകളിൽനിന്നും എനിക്ക് സഹായം കിട്ടുമായിരുന്നു – അത്രക്ക് നല്ല സൗഹാർദമാണ് എല്ലാവരുമായും.
എന്നാൽ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ കാര്യങ്ങൾ മാറി. ഞാനും എന്റെ രണ്ടു വിദ്യാർഥികളും ചേർന്ന് 2007ൽ രാജ്യത്തെ ആദ്യത്തെ ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് ഉണ്ടാക്കി. എസ്.എൻ. ബോസിനുള്ള കീർത്തിമൂലം സംഗതി ദേശീയ വാർത്തയായി. അതൊരു അസാധാരണ ഗവേഷണഫലമൊന്നുമല്ല; ഒട്ടും പുതിയതുമല്ല. പക്ഷേ, ഞങ്ങളുടെ പരീക്ഷണരീതികൾക്ക് തികഞ്ഞ പുതുമയുണ്ടായിരുന്നു. മാത്രമല്ല, ബോസിന്റെ സ്വന്തം രാജ്യത്ത് അത് ആദ്യത്തെ സാഫല്യമായിരുന്നു. ഞങ്ങൾക്ക് കിട്ടിയ പൊതുശ്രദ്ധ ടി.ഐ.എഫ്.ആറിലും മറ്റിടങ്ങളിലുമുള്ള ചിലർക്ക് രസിച്ചില്ലെന്നാണറിവ്. പോരെങ്കിൽ, ആപേക്ഷികതയെ കുറിച്ചുള്ള എന്റെ കണ്ടെത്തലുകൾ ഞാൻ ഉറക്കെ പറഞ്ഞുതുടങ്ങിയ കാലംകൂടിയാണത്. പ്രകാശത്തിന്റെ ആപേക്ഷിക പ്രവേഗം സ്ഥിരമല്ലെന്നും ഐൻൈസ്റ്റന്റെ നിഗമനം തെറ്റാണെന്നും പ്രഭാഷണങ്ങളിൽ പ്രഖ്യാപിച്ചതോടെ അവിടത്തെ ഭൗതികശാസ്ത്ര സമൂഹം അസ്വസ്ഥമായി. 2009ൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ മുസ്തൻസിർ ബാർമ എന്നെ കാര്യമായൊന്ന് ഉപദേശിച്ചു – ഗവേഷണം നിർത്താനും ആപേക്ഷികതാ ശാസ്ത്രത്തിലെ എന്റെ വാദങ്ങൾ മതിയാക്കാനും. ബാർമ ഒരു സൈദ്ധാന്തിക ശാസ്ത്രകാരനാണ്; ഫിസിക്സിന്റെ പരീക്ഷണ പരിവട്ടം തീരെ പരിചയമില്ല.
എന്നിട്ടും അങ്ങനെ ‘ഉപദേശി’ക്കുന്നതിൽ അദ്ദേഹത്തിന് ഒരു വൈക്ലബ്യവുമുണ്ടായില്ല. ഞാൻ അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിച്ചു. എഴുതിത്തയാറാക്കിയ ദീർഘമായ തെളിവുകൾ സഹിതം, ആപേക്ഷികതയെയും പ്രകാശത്തിന്റെ പ്രസരണത്തെയും പറ്റി അദ്ദേഹത്തിനുള്ള ധാരണ എന്തുകൊണ്ട് തെറ്റാണെന്ന് വിശദമാക്കിക്കൊടുത്തു. അതിൽപിന്നെ എന്റെ ഗവേഷണവഴി മുടക്കാൻ ആകാവുന്നതൊക്കെ അദ്ദേഹം ചെയ്തുകൊണ്ടിരുന്നു. ഗവേഷണ വിദ്യാർഥികളെ എടുക്കരുതെന്ന് എനിക്ക് രേഖാമൂലം കൽപന തന്നു. ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റുമായി ബന്ധപ്പെട്ട സാമ്പ്രദായിക പരീക്ഷണങ്ങൾക്കുപോലും വിദ്യാർഥികളെ എനിക്ക് നിഷേധിച്ചു. പിന്നീട് ഗുരുത്വതരംഗം കണ്ടെത്താനുള്ള LIGO -ഇന്ത്യ പദ്ധതിയുടെ ഫൗണ്ടർ പ്രപ്പോസറായി ഞാനിരിക്കെ ഒരു സംഘം സീനിയർമാർ പദ്ധതി പ്രവർത്തനത്തിൽ ഞാൻ പങ്കെടുക്കുന്നത് തടയാൻ ശ്രമിച്ചു. അന്ന് അതത്ര വിജയിച്ചില്ല. എന്നാൽ, പിന്നീട് ലൈഗോ പ്രവർത്തനത്തിന് മാത്രമായി ഒരു ലാബ് ഒരുക്കാൻ ശ്രമിച്ചപ്പോൾ അവർ കൂടുതൽ തടസ്സങ്ങളുണ്ടാക്കി. അതിലവർ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.
വിഘ്നങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചത് സ്ട്രിങ് തിയറിക്കാരനായ സന്ദീപ് ത്രിവേദി ഡയറക്ടറായപ്പോഴാണ്. സൈദ്ധാന്തിക ഭൗതികത്തിൽ ഉശിരനാണ് ആൾ, പക്ഷേ, സയൻസ് അഡ്മിനിസ്ട്രേഷനിൽ വട്ടപ്പൂജ്യം. മാത്രമല്ല, തന്റെ ഉപദേഷ്ടാക്കൾക്കും വിദേശത്തുള്ള അടുപ്പക്കാർക്കും വിനീതവിധേയനാകും – അക്കാദമിക്കോ നയപരമോ ആയ തീരുമാനങ്ങൾ എടുക്കേണ്ടപ്പോൾ. പുറമേക്ക് കുഴപ്പമൊന്നും കാണിക്കില്ല. അകമേ കടുത്ത മുൻവിധി സൂക്ഷിക്കും. അദ്ദേഹം ഭരിച്ച അഞ്ചു കൊല്ലത്തിലാണ് ഏറ്റവും മികച്ച സ്ഥാപനം എന്ന നിലയിൽനിന്ന് ടി.ഐ.എഫ്.ആറിന്റെ അധോഗമനം ത്വരിതമായത്. ബാർമയുടെ കാലത്തു തന്നെ അധോഗതി തുടങ്ങിയിരുന്നു. എക്സ്പെരിമെന്റൽ ശാസ്ത്രജ്ഞരുടെ ആവശ്യങ്ങളിലും രീതികളിലുമുള്ള പരിചയമില്ലായ്മ ബാർമയെപ്പോലെ ത്രിവേദിയും ദയനീയമായി പ്രകടമാക്കിയിരുന്നു. പിന്നെ, ഒരു പരമ്പരാഗത സ്ട്രിങ് സിദ്ധാന്തക്കാരന് സഹിക്കാനാവില്ല, ഐൻസ്റ്റൈന്റെ സിദ്ധാന്തത്തെ എതിർക്കുന്നത്. അങ്ങനെ എന്റെ കണ്ടെത്തലുകൾ മുന്നോട്ടുനീക്കാനുള്ള അവസരങ്ങൾ മുടക്കുന്നതിൽ അദ്ദേഹവും തനിക്കാകാവുന്നതെല്ലാം ഭംഗിയായി ചെയ്തു.
കഴിഞ്ഞ കൊല്ലം താങ്കൾ ടി.ഐ.എഫ്.ആറിൽനിന്ന് പിരിഞ്ഞു. സാധാരണഗതിയിൽ പെൻഷനുശേഷം നിസ്സാരമായി കിട്ടേണ്ടതാണ് എക്സ്റ്റൻഷൻ. അതാണ് ഇത്തരം സ്ഥാപനങ്ങളിലെ പതിവും. എന്നിട്ടും താങ്കൾക്കത് നിഷേധിക്കപ്പെട്ടു. കോസ്മിക് റിലേറ്റിവിറ്റിതന്നെയാണോ പ്രതി?
സാധാരണനിലക്ക് രണ്ടു കൊല്ലമെങ്കിലും എക്സ്റ്റൻഷൻ കിട്ടേണ്ടതാണ്. അതു തന്നില്ല. ആക്ടിങ് ഡയറക്ടറായിരുന്ന ഡോ. എസ്. രാമകൃഷ്ണൻ നേരിൽ പറഞ്ഞിട്ടുണ്ട്, എനിക്ക് പ്രമോഷനും എക്സ്റ്റൻഷനും നിഷേധിച്ചത് ‘വിവാദമായ ഗവേഷണം’ കാരണമാണെന്ന്. ഒടുവിലത്തെ 13 കൊല്ലം അർഹമായ സ്ഥാനക്കയറ്റങ്ങളോ ഗവേഷണപ്പണിക്ക് മേൽ ന്യായമായ അക്കാദമിക് റിവ്യൂവോ എന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്ന വസ്തുതകൂടി പരിഗണിക്കുമ്പോൾ ഈ പറഞ്ഞത് വളരെ ഗൗരവമുള്ള പ്രശ്നമാകുന്നു. പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും ഗവേഷണങ്ങൾ നയിക്കുന്നതിലും എന്റെ റെേക്കാഡില്ലാത്ത പലർക്കും കിട്ടി പ്രമോഷനും എക്സ്റ്റൻഷനുമൊക്കെ. 2008ൽ ഞാൻ സീനിയർ പ്രഫസറായി. പ്രസക്തമായ ഗവേഷണമൊന്നും അവകാശപ്പെടാനില്ലാത്ത പലരും കൂടുതൽ സീനിയർ ഗ്രേഡുകളിലേക്ക് കയറിപ്പോയപ്പോൾ എന്റെ കയറ്റം മാത്രം നിലച്ചു. എങ്കിലും ഈ അവഹേളനം ഗവേഷണത്തെ ബാധിക്കാതെ ഞാൻ കാത്തു. കാരണം, എന്റെ ഗവേഷണത്തിന്റെയും അതിന്റെ ഫലങ്ങളുടെയും ശരിയായ മൂല്യം എനിക്കറിയാം.
പ്രമോഷൻ നിഷേധം എന്നെ ഒട്ടും സ്പർശിക്കാത്ത കാര്യമാണ്. പക്ഷേ, എക്സ്റ്റൻഷൻ നിഷേധം അങ്ങനെയായിരുന്നില്ല. ഞാൻ എന്റെ ഗവേഷണങ്ങൾക്കായി തയാർ ചെയ്ത ലാബ് അവിടെയുണ്ട്. പ്രധാനപ്പെട്ട പല നിഗമനങ്ങളും പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. ലാബ് സൗകര്യം പുറത്തുപോയി തരപ്പെടുത്താൻ പറ്റില്ലല്ലോ. ഏക പോംവഴി മറ്റേതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണ തേടുക മാത്രമായിരുന്നു – ഇതേ പരീക്ഷണ സൗകര്യങ്ങൾ സജ്ജമാക്കാൻ. പ്രശ്നം കൂടുതൽ വഷളാക്കിയ വ്യക്തിപരമായ ഒരു ഘടകംകൂടിയുണ്ട്. 2016ൽ സ്ട്രോക് വന്ന് എനിക്ക് പക്ഷാഘാതം സംഭവിച്ചിരുന്നു. അതുമൂലമുള്ള ചലനപരിമിതിയുണ്ട്. അതുകൊണ്ട് എന്റെ ലാബ് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് എന്നെ സംബന്ധിച്ച് ഒരു ഭഗീരഥ യത്നമായിരുന്നു. മറ്റൊരു വിധത്തിൽ നോക്കിയാൽ, അവരുടെ ഇംഗിതം മിക്കവാറും നടപ്പായി. മിക്കവാറും എന്നേയുള്ളൂ, കാരണം ഇമ്മാതിരി ക്ഷുദ്രമായ പണികൊണ്ട് എന്റെ വഴിതെറ്റിക്കാനാവില്ല.
ഫിസിക്സിന്റെ അടിസ്ഥാന ഘടനക്ക് ന്യായയുക്തിയോടെയുള്ള മാറ്റങ്ങൾ വരുത്തുന്നതിനെ മാനിക്കുന്ന കുറച്ചു ഗവേഷകർ ഇപ്പോഴുമുണ്ട്, ഇന്ത്യയിൽ. അത്തരമൊരു ഭൗതിക ശാസ്ത്രജ്ഞനാണ് ഡോ. ജി. രാഘവൻ. മുമ്പ് അദ്ദേഹം കൽപ്പാക്കത്തെ ഐ.ജി.സി.എ.ആറിൽ ആറ്റമിക് എനർജി വകുപ്പിന്റെ ഡയറക്ടറായിരുന്നു. പുണെയിൽ ഡി.ആർ.ഡി.ഒ പുതുതായി തുടങ്ങിയ അഡ്വാൻസ്ഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്വാണ്ടം ടെക്നോളജി സ്കൂളിൽ അദ്ദേഹം അധ്യക്ഷനായി. ഈ സ്ഥാപനത്തിന് ഒരു സർവകലാശാലയുടെ ഘടനയുണ്ട്. അവിടെ ഒരു സീനിയർ പൊസിഷൻ ഉണ്ടായിരുന്നു, ഞാൻ അപേക്ഷിച്ചു. അങ്ങനെ അവിടെയിപ്പോൾ പ്രഫസറായി പ്രവർത്തിക്കുന്നു. എന്റെ ഗവേഷണം തുടരുന്നു. ഒപ്പംതന്നെ അടിസ്ഥാന ഭൗതികത്തിലും സാങ്കേതികത്വത്തിലും ഒരുപോലെ തൽപരരായ ഗവേഷണ വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകാം. ടി.ഐ.എഫ്.ആർ വിട്ടിട്ടും എന്റെ ലാബ് മാറ്റാൻ അവിടത്തെ പലരും തടസ്സങ്ങളുണ്ടാക്കി. ഒടുവിൽ, ഏറെ പണിപ്പെട്ടാണെങ്കിലും അതിപ്പോൾ സാധിച്ചെടുക്കാനായി.
ഭൗതിക ശാസ്ത്രത്തിലെ യാഥാസ്ഥിതികത
ശാസ്ത്രത്തിൽ യാഥാസ്ഥിതികതയുണ്ടോ – ശാസ്ത്രീയാർഥത്തിൽ അതൊരു വിരോധാഭാസമാണെങ്കിലും? ബിഗ് ബാങ് സിദ്ധാന്തത്തോടുള്ള വിമർശാത്മക നിലപാടിന്റെ പേരിലാണെന്ന് തോന്നുന്നു, ജയന്ത് നാർലികർക്ക് ഭ്രഷ്ടിന് സമാനമായ അനുഭവമുണ്ടായത്. അത്തരം ഉദാഹരണങ്ങൾ ആധുനികശാസ്ത്രത്തിൽ പലതുണ്ട്. എന്താണ് താങ്കളുടെ അനുഭവം?
വ്യവസ്ഥാപിതമായ പ്രമേയങ്ങളുടെ കാര്യത്തിൽ അടിസ്ഥാന ഭൗതികശാസ്ത്രം വളരെ യാഥാസ്ഥിതികമാണ്. ഭൗതിക ലോകത്തെ അജ്ഞാതമായ കാര്യങ്ങളെപ്പറ്റി വന്യമായ ഊഹാപോഹങ്ങൾ അനുവദിക്കുമ്പോൾതന്നെയാണ് ഈ മാമൂൽ ശാഠ്യവും. ഏതു മേഖലയിലും പതിറ്റാണ്ടുകളുടെ ഗവേഷണങ്ങൾക്കുശേഷം എപ്പോഴുമുണ്ടായിവരും ഒരു ‘സ്റ്റാൻഡേഡ് മാതൃക’ അല്ലെങ്കിൽ ‘സ്റ്റാൻഡേഡ് തിയറി’. ഭൂരിപക്ഷം പേരും പിന്നെ അതിനെ ആശ്രയിക്കുന്നു. ഭൂരിപക്ഷവും ഒരു കൂട്ടത്തിലാവുമ്പോൾ, ആളെണ്ണംകൊണ്ട് ശക്തമായ ആ കൂട്ടം ഏത് ബദൽ സമീപനത്തെയും അതിശക്തമായി എതിർക്കും. അതുകൊണ്ടുതന്നെ ബദൽ സമീപനത്തിന് യുക്തിപരതയിലും അനുഭവൈക തെളിവുകളിലും അതീവ ശക്തിയും ഭദ്രതയും വേണം. വിദേശ സർവകലാശാലകളിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇക്കാര്യത്തിൽ ചെറിയ ആയാസക്കുറവുണ്ടാവും – അവിടത്തെ ബന്ധങ്ങളും ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങളും കാരണം.
എന്നിരുന്നാലും വ്യവസ്ഥാപിത കാഴ്ചപ്പാടിനെ കടന്നുപോകുന്ന ആശയങ്ങൾ മുന്നേറ്റാൻ അത്യന്തം പ്രയാസമാണ്. വിശേഷിച്ചും പരീക്ഷണ നിരീക്ഷണ പിന്തുണ ശക്തമല്ലെങ്കിൽ. തെളിവുണ്ടായിട്ടും ഒതുക്കപ്പെട്ട കേസല്ല നാർലികറുടേത്. നാർലികറും ബർബ്രിഡ്ജും ചേർന്ന് േഹായ്ലിന്റെ ബിഗ്ബാങ് സിദ്ധാന്തത്തെ വിമർശിച്ചതിൽ ചില കഴമ്പൊക്കെയുണ്ട്. അവരുടെ വാദങ്ങൾ ചിലത് ഇന്നും സാധൂകരിക്കപ്പെടുന്നതുമാണ്. പക്ഷേ, അവരുടെ ബദലിനെ തുണക്കാൻ വേണ്ട തെളിവൊന്നുമില്ല. ഓർക്കണം, ഫ്രെഡ് ഹോയ്ലിനെ പോലൊരാൾ നിസ്സാരനല്ല. ധൈഷണികശേഷിയിൽ ഒരു ഭൈരവനാണ്. നാർലികറിനും ചങ്ങാതിക്കും ശക്തമായ തെളിവിന്റെ അകമ്പടിയുണ്ടാക്കാൻ കഴിഞ്ഞില്ല.
അത്ഭുതകരമായത്, വ്യക്തമായ പരീക്ഷണ പിൻബലമൊന്നും കൂടാതെയുള്ള വ്യവസ്ഥാപിത കാഴ്ചപ്പാട് മുറുകെ പിടിക്കുന്ന നിലപാടാണ്. ഈ സമീപനമാണ് കോപ്പർനിക്കസും ഗലീലിയോയും നേരിട്ടത്, പിന്നീട് പലരും. അതുതന്നെ ഇന്ന് ഞാനും നേരിടുന്നു. പരീക്ഷണത്തെളിവുകളുടെ ഖനിതന്നെ എന്റെ സിദ്ധാന്തത്തെ പിന്തുണക്കുന്നു. എല്ലാ ലോജിക്കൽ തെളിവുകളും എനിക്ക് അനുകൂലമാണ്. എന്നിട്ടും... ഇന്ത്യയിലെ ഭൗതികശാസ്ത്ര സമൂഹത്തിന്റെ ജാഡ്യമാണ് ഒന്നാം പ്രതി. ഒരു സംഘം എന്നനിലക്ക് അവർ ശക്തരാണ്. പക്ഷേ, തെളിവുകളെ അഭിമുഖീകരിക്കാനുള്ള ധൈഷണിക ധൈര്യമില്ല.
സാധാരണഗതിയിൽ പുതിയ ഒരു കണ്ടെത്തൽ സംഭവിച്ചാൽ ആദ്യമൊരു സ്തംഭനമൂഡുണ്ടാവും. പിന്നാലെ സജീവമായ ചർച്ചകളും സംവാദവും. പുതിയ കണ്ടെത്തലിനെപ്പറ്റി താങ്കൾ കുറച്ചുകാലമായി പല വേദികളിലും അവതരണങ്ങളും പ്രഭാഷണങ്ങളും ചെയ്തുവരുന്നു. ഇന്ത്യയിലെ ഭൗതികശാസ്ത്ര സമൂഹത്തിന്റെ പ്രതികരണം പൊതുവിലെങ്ങനെ?
പ്രതികരണം ദയനീയവും നടുക്കുന്നതുമാണ്. വാസ്തവത്തിൽ പ്രതികരണമില്ല. ചർച്ചയോ സംവാദമോ ആരും ആഗ്രഹിക്കുന്നില്ല. ഞാൻ പ്രഭാഷണം കൊടുക്കുമ്പോൾ ചിലർ പരിമിതമായ ചില ചോദ്യങ്ങളുയർത്തും. അതിന് മറുപടി പറഞ്ഞാൽപിന്നെ അവർ കൂടുതലായി മുന്നോട്ടുപോകില്ല. സിദ്ധാന്തത്തിലെ ചില പ്രധാനപ്പെട്ട ഘടകങ്ങളെ തങ്ങൾ തെറ്റായി അല്ലെങ്കിൽ ഭാഗികമായിട്ടാണ് മനസ്സിലാക്കുന്നതെന്ന് ആ ഘട്ടത്തിൽ അവർ തിരിച്ചറിയുന്നു. പിന്നെ മിണ്ടാതിരിക്കും. ആ ഘടകങ്ങളെ വേണ്ടത്ര മനസ്സിലാക്കിയില്ല എന്നത് പുറത്തുകാട്ടാതിരിക്കാനാവും, ഒരുപക്ഷേ. ഞാൻ അവകാശപ്പെടുന്നത് അടിസ്ഥാനപരമായി ശരിയാണെന്ന് ബോധ്യപ്പെട്ട ഒരാൾ പ്രഫ. വി. രാധാകൃഷ്ണനാണ്. രാമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടർ. എന്റെ മൂന്നു നാലു പ്രഭാഷണങ്ങൾ കേട്ടശേഷം ഇത് അദ്ദേഹം എന്നോട് നേരിട്ട് പറഞ്ഞതാണ്. അതിനുശേഷം ചില സഹപ്രവർത്തകരെ ഇതു സംബന്ധിച്ച ഒരു ചർച്ചക്കായി വിളിച്ചുചേർക്കാൻ അദ്ദേഹം ശ്രമിച്ചു. വിപുലമായ സംവാദത്തിലേക്ക് വിഷയം കൊണ്ടുവരുന്നതിൽ എന്നെ സഹായിക്കാൻ അദ്ദേഹം തൽപരനായിരുന്നു. പൊതുവെ സംശയാലുവായ അദ്ദേഹത്തിന് കാര്യങ്ങൾ സ്വന്തം നിലക്ക് ബോധ്യപ്പെട്ട് കഴിഞ്ഞാൽ പിന്നെ മാറ്റമില്ല, നമുക്ക് അദ്ദേഹത്തെ സഹായത്തിനും പിന്തുണക്കും ആശ്രയിക്കാം. നിർഭാഗ്യവശാൽ അതുണ്ടാവും മുമ്പ് അദ്ദേഹം മരിച്ചു.
ഗലീലിയോ പണ്ട് കെപ്ലർക്ക് എഴുതിയ ഒരു കത്തുണ്ട്. തന്റെ ടെലിസ്കോപ് ഉപയോഗിച്ച് ജൂപ്പിറ്ററിന്റെ ഉപഗ്രഹങ്ങളെപ്പറ്റി താൻ നടത്തിയ കണ്ടെത്തലുകളോട് അക്കാദമിക് കൂട്ടത്തിന്റെ മനോഭാവം സൂചിപ്പിക്കുന്നുണ്ട് അതിൽ: ‘‘പ്രിയപ്പെട്ട കെപ്ലർ, മനുഷ്യക്കൂട്ടത്തിന്റെ വിഡ്ഢിത്തത്തിൽ ചിരിക്കാൻ കഴിഞ്ഞെങ്കിലെന്ന് ഞാനാശിക്കുന്നു. സർപ്പത്തിന്റെ നിർബന്ധബുദ്ധി നിറഞ്ഞ ഈ അക്കാദമിയിലെ പ്രധാന തത്ത്വചിന്തകരെ പറ്റി എന്തുപറയാനുണ്ട്? ഞാൻ തുറന്ന മനസ്സോടെ, ബോധപൂർവം ഒരായിരം വട്ടം അവസരം വാഗ്ദാനം ചെയ്തിട്ടും ഗ്രഹങ്ങളോ ഉപഗ്രഹമോ ടെലിസ്കോപ്പോ പോലും ഒന്നുനോക്കാൻ കൂട്ടാക്കാത്തവരെപ്പറ്റി? സർപ്പം അതിന്റെ കാതു പൂട്ടുമ്പോലെ ഈ ചിന്തകർ അവരുടെ കണ്ണുപൂട്ടിയിരിക്കുന്നു – സത്യത്തിന്റെ വെളിച്ചത്തിന് നേർക്ക്. ഇതെല്ലാം മഹാകാര്യങ്ങളാണ്: പക്ഷേ, അവയൊന്നും അവർക്ക് അത്ഭുതമാകുന്നില്ല.’’ ഞാനും ഇന്നു കാണുന്നു, അക്കാദമിക രംഗത്തെ ഈ ചിരിവകയെ.
പ്രഫ. കൗശിക്കും പ്രഫ. ജോർജ് സുദർശനും പോലുള്ള പ്രതിഭാശാലികളായ മുൻഗാമികളോട് ഈ വിഷയം സംസാരിച്ചിട്ടുണ്ടാവുമല്ലോ, അവരുടെ പ്രതികരണം എങ്ങനെ?
രാംനാഥ് കൗശിക് പ്രതിഭാധനനാണ്, പക്ഷേ, മാമൂൽ രീതി മുറുകെ പിടിക്കും. ‘വിശുദ്ധഗ്രന്ഥ’ വിവേകത്തെ ഒരിക്കലും എതിർക്കില്ല. എന്റെ കണ്ടെത്തലുകളെ കുറിച്ചുള്ള ചർച്ച അദ്ദേഹം സദാ ഒഴിവാക്കി. എന്നെ സൗമ്യമായി നിരുത്സാഹപ്പെടുത്തുകയും ചെയ്തു. പിന്നെപ്പിന്നെ ഞാൻ അയച്ചുകൊടുക്കുന്ന എന്തിനെ കുറിച്ചും പ്രതികരണം നടത്തുന്നതിൽനിന്ന് പ്രകടമായിത്തന്നെ മാറിനിന്നു. ലോജിക്കും പരീക്ഷണത്തെളിവുകളും അടിസ്ഥാനമാക്കിയ വാദഗതികൾ എളുപ്പത്തിൽ മനസ്സിലാവുന്നയാളെന്ന നിലക്ക് അദ്ദേഹം ഇതിൽ ഉത്സുകനാകേണ്ടതാണ്. പക്ഷേ, അങ്ങനെയല്ല അദ്ദേഹത്തിന്റെ സമീപനം. അതിൽ അദ്ദേഹത്തിന് ലജ്ജ തോന്നേണ്ടതാണ്, കാരണം ഈ പ്രമേയത്തിന്മേലുള്ള പൊതു പ്രതികരണത്തിൽ ഒരു വ്യത്യാസമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.
എല്ലാ വസ്തുകണങ്ങളെയും ബോസോണുകൾ, ഫെർമിയോണുകൾ എന്നീ രണ്ട് വർഗത്തിലാക്കുന്ന വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഫ. സുദർശനുമായി ഞാൻ ഈ സിദ്ധാന്തവും അതിന്റെ പ്രത്യാഘാതങ്ങളും ചർച്ചചെയ്തു തുടങ്ങുന്നത്. സ്പിൻ-സ്റ്റാറ്റിസ്റ്റിക്സ് കണക്ഷന്റെ പശ്ചാത്തലത്തിൽ. അതേപ്പറ്റി അദ്ദേഹം ഒരു സഹപ്രവർത്തകനുമായി ചേർന്ന് ഒരു പുസ്തകം എഴുതിയിരുന്നു. എന്റെ സിദ്ധാന്തത്തോടുള്ള അദ്ദേഹത്തിന്റെ ഹ്രസ്വമായ പ്രതികരണം പ്രോത്സാഹനപരമായിരുന്നു, എങ്കിലും താൽക്കാലികം. ആപേക്ഷികതയെപ്പറ്റി ഞാൻ പറയാൻ ശ്രമിക്കുന്നത് എന്തെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് ശരിയോ തെറ്റോ എന്നതിൽ ഒരഭിപ്രായം പറയാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നു. കാരണം ജ്യോതിശാസ്ത്രത്തിലും ഗുരുത്വബലത്തിന്റെ ആപേക്ഷികതാവശങ്ങളിലും വൈദഗ്ധ്യം അവകാശപ്പെടാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. തികഞ്ഞ മാത്തമാറ്റിക്കൽ ഫിസിസിസ്റ്റാണ് അദ്ദേഹം. ആപേക്ഷികതയുടെയും പ്രകാശ പ്രചരണത്തിന്റെയും പരീക്ഷണത്തെളിവുകൾ അദ്ദേഹം പരിശോധിച്ചിരുന്നില്ല. തന്നേക്കാൾ കൂടുതൽ ഈ പ്രമേയത്തിലെ പ്രസക്തമായ ഘടകങ്ങൾ എനിക്കറിയാമെന്ന് ഒരുപക്ഷേ, തോന്നിക്കാണണം. അതൊക്കെ എന്റെ ന്യായയുക്തിയുള്ള കാഴ്ചപ്പാടായി കണക്കാക്കിയിട്ടുണ്ടാവും. ആ കാഴ്ചപ്പാടിനെ സമർഥിച്ച് പുലർത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നും. മാത്രമല്ല, മിക്കപ്പോഴും ക്വാണ്ടം ഫിസിക്സിലെ സ്വന്തം പ്രശ്നങ്ങളിൽ വ്യാപൃതനായിരുന്നു അദ്ദേഹം. ഓരോ കൊല്ലവും ഏതാനും ദിവസങ്ങളേ ഞങ്ങൾ സന്ധിച്ചിരുന്നുള്ളൂ. ഇന്ന് അദ്ദേഹം ഇല്ലതാനും.
അക്കാദമിക് ജേണലുകളിൽനിന്നുള്ള അനുഭവം എങ്ങനെ?
ഐൻസ്റ്റൈന്റെ ആപേക്ഷികതയിൽ പിശകുണ്ടെന്ന് പറയുന്ന എന്തെങ്കിലും പ്രസിദ്ധപ്പെടുത്തുന്നതിന് എതിരാണ് എല്ലാ അക്കാദമിക് ജേണലുകളും. എഡിറ്റോറിയൽ ഡെസ്കിൽ വെച്ചുതന്നെ അത്തരം ഗവേഷണ പ്രബന്ധങ്ങൾ അവർ ബ്ലോക് ചെയ്യും, പതിവുള്ള പിയർറിവ്യൂവിന് അയക്കില്ല. വിശേഷാപേക്ഷികതാ സിദ്ധാന്തം പിശകാണെന്നോ പ്രകാശപ്രവേഗം സ്ഥിരാങ്കമല്ലെന്നോ പറയുന്നവന് കിറുക്കാണെന്ന് അവർ നിരൂപിക്കുന്നു. ഒരുപക്ഷേ, പെരുമയുള്ള ഒരു വിദേശ സർവകലാശാലയിൽനിന്നാണ് പ്രബന്ധം ചെയ്തിരുന്നതെങ്കിൽ ഈ മതിൽ ഭേദിക്കാൻ എനിക്ക് കഴിഞ്ഞേനെ. ഇന്ത്യയിൽനിന്നാവുമ്പോൾ അക്കാദമിക് മുൻവിധിക്ക് പുറമെ വംശീയ വിപ്രതിപത്തിയും നേരിടേണ്ടതുണ്ട്. വിശദാംശങ്ങളോ സാങ്കേതികമായ ഉള്ളടക്കമോ ഒന്നുമില്ലാതെ ഒഴുക്കൻ കുറിപ്പോടെ അവർ പ്രബന്ധങ്ങൾ നിരാകരിക്കും. അതേപ്പറ്റി ചോദിച്ചാൽ മറുപടി തരില്ല. ശാസ്ത്രപുരോഗതിക്കുള്ള ഏറ്റവും വലിയ തടസ്സം നിശ്ശബ്ദതയാണ്.
ഏതായാലും സിദ്ധാന്തം വിശദമായി അവതരിപ്പിക്കുന്ന പുസ്തകം പ്രമുഖരായ നേച്ചർ ഗ്രൂപ്പ് പുറത്തിറക്കിയിരിക്കുന്നു. ഇനി അഴിമുഖം തുറക്കപ്പെടുമെന്ന് കരുതാമോ? പ്രഫ. ഉണ്ണികൃഷ്ണനെ മറക്കുക, മനുഷ്യന്റെ കാര്യപരിപാടിയിൽ കോസ്മിക് ഗ്രാവിറ്റിക്ക് ഒടുവിൽ അർഹതപ്പെട്ട സ്ഥാനം കിട്ടുമോ?
എനിക്കറിയില്ല. ആളുകൾ ഈ പുസ്തകം വായിക്കുകയും പരീക്ഷണത്തെളിവുകൾ പരിശോധിക്കുകയും ചെയ്താൽ വസ്തുത ബോധ്യപ്പെടൽ എളുപ്പമാവും – അക്കാദമിക് സത്യസന്ധത ഉണ്ടായിരിക്കണമെന്ന് മാത്രം. പക്ഷേ, ആളുകൾ വേണ്ടത്ര ഗൗരവത്തിൽ വായിക്കുമോ എന്നെനിക്ക് സംശയമുണ്ട്. കാരണം, അവരുടെ മുൻവിധികൾ. പണ്ട് ഗലീലിയോയുടെ ടെലിസ്കോപ്പിലൂടെ ഒന്നു നോക്കാൻ വിസമ്മതിച്ചെങ്കിൽ, ഇന്ന് എന്റെ പുസ്തകം മറിച്ചുനോക്കാതിരിക്കാൻ അതിലും എളുപ്പമാണ്. ഭൗതിക ശാസ്ത്രജ്ഞർ ശ്രദ്ധിക്കും മുമ്പ് സാധാരണക്കാരും വിദ്യാർഥികളും പുസ്തകം വായിക്കും. രത്നച്ചുരുക്കം മനസ്സിലാക്കും, വസ്തുത ബോധ്യപ്പെടും. അതുപക്ഷേ, അക്കാദമിക് സമൂഹത്തിന് വല്ലാത്ത വിഷണ്ണതയുണ്ടാക്കും. പ്രകാശത്തിന്റെ ആപേക്ഷിക പ്രവേഗം സ്ഥിരാങ്കമാണെന്നൊക്കെ അവർ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കും. ഇത്, ഭൂഗോളം ചുറ്റി വന്നവരോട് ഭൂമി പരന്നതാണെന്ന് പ്രബോധനം നടത്തുമ്പോലുണ്ടാവും. കാരണം, ഐൻസ്റ്റൈന്റെ ഊഹവാദം പൊളിക്കുന്ന എന്റെ ലാബ് പരീക്ഷണങ്ങൾ അതിനോടകം കുട്ടികൾ മനസ്സിലാക്കിക്കഴിഞ്ഞിരിക്കും.
(അവസാനിച്ചു)