'ദലിതർ ഭൂമി, ജോലി, വിദ്യാഭ്യാസം പിടിച്ചുവാങ്ങുക തന്നെ ചെയ്യും' -കെ.പി.എം.എസ് ജനറൽ സെക്രട്ടറിപുന്നല ശ്രീകുമാർ സംസാരിക്കുന്നു
കെ.പി.എം.എസ് ജനറൽ സെക്രട്ടറിയായ പുന്നല ശ്രീകുമാർ ഭൂമി, ജോലി, സംവരണം, വിദ്യാഭ്യാസം എന്നിവയുടെ കാര്യങ്ങളിൽ ദലിത് പക്ഷത്തെ ഏകീകരിക്കാനും സമരസജ്ജമാക്കാനുമുള്ള ശ്രമത്തിലാണ് എന്ന് അവകാശപ്പെടുന്നു. അദ്ദേഹം മുന്നാക്ക സംവരണം അടക്കമുള്ള സർക്കാർ നയങ്ങളെ തുറന്ന് എതിർക്കുന്നു. സംഘടനാ വിഷയങ്ങളും കേരളത്തിന്റെ സാമൂഹിക അവസ്ഥകളും ചർച്ചചെയ്യുകയാണ് അദ്ദേഹം ഇൗ സംഭാഷണത്തിൽ.

കോട്ടയത്ത് അടുത്തിടെ പ്രതിധ്വനി എന്ന പേരിൽ വലിയ കീഴാള മുന്നേറ്റം കെ.പി.എം.എസും പുന്നല ശ്രീകുമാറും സാധ്യമാക്കിയിരുന്നു. സമരത്തിലേക്ക് നീങ്ങുകയാണ് എന്ന് വ്യക്തമാക്കുന്ന അദ്ദേഹം തന്റെ നിലപാടുകൾ തുറന്നുപറയുകയാണ് ഇൗ സംഭാഷണത്തിൽ. തിരുവനന്തപുരത്ത് നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ. 'പ്രതിധ്വനി' എന്ന പേരിൽ കോട്ടയത്ത് അടുത്തിടെ അവകാശ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചിരുന്നേല്ലാ. സമ്മേളന അനുഭവം...
Your Subscription Supports Independent Journalism
View Plansകോട്ടയത്ത് അടുത്തിടെ പ്രതിധ്വനി എന്ന പേരിൽ വലിയ കീഴാള മുന്നേറ്റം കെ.പി.എം.എസും പുന്നല ശ്രീകുമാറും സാധ്യമാക്കിയിരുന്നു. സമരത്തിലേക്ക് നീങ്ങുകയാണ് എന്ന് വ്യക്തമാക്കുന്ന അദ്ദേഹം തന്റെ നിലപാടുകൾ തുറന്നുപറയുകയാണ് ഇൗ സംഭാഷണത്തിൽ. തിരുവനന്തപുരത്ത് നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ.
'പ്രതിധ്വനി' എന്ന പേരിൽ കോട്ടയത്ത് അടുത്തിടെ അവകാശ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചിരുന്നേല്ലാ. സമ്മേളന അനുഭവം എന്താണ്?
ദലിത്-ആദിവാസി സംയുക്ത സമിതി എന്ന പ്ലാറ്റ്ഫോമിന്റെ ആഭിമുഖ്യത്തിലാണ് കോട്ടയത്ത് 'പ്രതിധ്വനി' എന്ന പേരിൽ സമ്മേളനം നടന്നത്. 2008ൽ ഇതുപോലൊരു സംയുക്ത മുന്നേറ്റമുണ്ടാക്കിയിരുന്നു. അതിനും തുടക്കം കുറിച്ചത് കോട്ടയത്താണ്, കെ.പി.എസ് മേനോൻ ഹാളിൽ. 32 സംഘടനകൾ അന്നുണ്ടായിരുന്നു. സി.കെ. ജാനു, ഗീതാനന്ദൻ എന്നിവരൊക്കെ അന്ന് അണിനിരന്നിരുന്നു. ഭൂപ്രശ്നത്തെ സജീവമാക്കിയ ചില പ്രവർത്തനം അന്നുണ്ടായി. പക്ഷേ, അത് കൂടുതൽ കാലം മുന്നോട്ടുപോയില്ല. പിന്നെ അവരൊക്കെ വിവിധ തലങ്ങളിലേക്കും രാഷ്ട്രീയമായും മറ്റുമുള്ള നിലയിലേക്കൊക്കെ പോയി.
ഇപ്പോൾ പൊടുന്നനെ ഇൗ മൂവ്മെന്റ് ശക്തിപ്പെടുന്നത് മുന്നാക്ക സംവരണത്തിന്റെ പശ്ചാത്തലത്തിലാണ്. കോടതിയുടെ നിരീക്ഷണങ്ങളൊക്കെ സംവരണത്തിന്റെ സംരക്ഷണമുള്ള ഇൗ ദുർബലവിഭാഗങ്ങളെ, പ്രത്യേകിച്ച് പട്ടികവിഭാഗങ്ങളെയൊക്കെ വളരെ ആശങ്കപ്പെടുത്തുന്നതാണ്. കോട്ടയത്തെ പ്രതിധ്വനി സംഗമേവദിയിൽ 28 സംഘടനകളാണുണ്ടായിരുന്നത്. സംഗമത്തിനുശേഷം കൂടുതൽ സംഘടനകൾ ഇൗ പ്ലാറ്റ്ഫോമിലേക്ക് വരുകയാണ്. പെെട്ടന്ന് സംഘടിപ്പിച്ച പ്രോഗ്രാമാണത്. പക്ഷേ, ജനപങ്കാളിത്തംകൊണ്ട് വളരെ ശ്രേദ്ധയമായി. പൊതുവിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇൗ മൂവ്മെന്റ് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. നല്ല പ്രതീക്ഷയിലാണ് ഞങ്ങൾ. കോട്ടയത്തേത് ഒരു സമരപ്രഖ്യാപനം മാത്രമാണ്. സമരം വരുന്നതേയുള്ളൂ. ഇപ്പോൾ സംഘടനകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, പ്ലാറ്റ്ഫോം രൂപപ്പെടുത്തുക, സമരപ്രഖ്യാപനം നടത്തുക എന്നീ പ്രാഥമികമായ കാര്യമാണ് ഞങ്ങൾ ലക്ഷ്യംവെച്ചത്. തുടർന്നും സമാനതകളില്ലാത്തതും കേരളം ഇതുവരെയും സാക്ഷിയാകാത്തതുമായ വിപുലമായ മൂവ്മെന്റാണ് ആലോചിക്കുന്നത്.
ഇൗ മൂവ്മെന്റ് എന്തെല്ലാം കാര്യങ്ങളിലാണ് ഉൗന്നുന്നത്?
ഒരു ജനസമൂഹത്തിന്റെ സാമൂഹികവികാസത്തിന്റെ അടിസ്ഥാന വിഭവവും അവരിൽ ആത്മവിശ്വാസമുണ്ടാക്കിക്കൊടുക്കുന്നതുമായ സുപ്രധാന ഘടകമാണ് ഭൂമി. പൊതുവിൽ പരിശോധിച്ചാൽ ഭൂ ഉടമകളായിരുന്നവരാണ് സാമൂഹിക മുന്നേറ്റം സംഘടിപ്പിച്ചത്. അടിസ്ഥാനവിഭവം ഭൂമി തന്നെയാണ്. ആ നിലയിൽ നോക്കിയാൽ പട്ടികവിഭാഗങ്ങൾ ഭൂരഹിതരാണ്. അവർക്ക് അങ്ങനെയൊരു സാമൂഹിക മുന്നേറ്റം ഉണ്ടാക്കാനും സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഭൂമിയിലും ഭൂപ്രശ്നത്തിലും ഫോക്കസ് ചെയ്യണമെന്ന് തീരുമാനിച്ചത്. മുമ്പും ഞങ്ങൾ ഭൂപ്രശ്നത്തെ അഡ്രസ് ചെയ്യുേമ്പാൾ അഭിമുഖീകരിക്കുന്ന ഒരു കാര്യം, നമ്മൾ പറയുന്ന നിലയിൽ അതേ അളവിലുള്ള ഭൂമി എവിടെനിന്ന് കണ്ടെത്താൻ കഴിയുമെന്ന മറു ചോദ്യമാണ്. 2008ൽ രണ്ടാം ഭൂപരിഷ്കരണമെന്ന മുദ്രാവാക്യമൊെക്ക ഉയർത്തുേമ്പാൾ തോമസ് െഎസകിന്റെ പുസ്തകം വന്നിരുന്നല്ലോ. ഇപ്പോഴും ഇൗ മുദ്രാവാക്യവും ആവശ്യവും സജീവമാകുേമ്പാൾ എന്തായാലും വിമർശനങ്ങളുണ്ടാകും. ഭൂമി എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് ഉത്തരവുമായി കൂടിയാണ് സമരപ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വിദേശ തോട്ടംഭൂമിയാണ് അതിനുള്ള മറുപടി. രാജമാണിക്യം റിപ്പോർട്ട് തുടർ ഇടപെടലുകളും കോടതി നിലപാടുകളുമെല്ലാം സുപ്രധാനമാണ്. സിവിൽ കോടതിയിൽ ഒരു കേസിന് തീർപ്പുകൽപിക്കണമെങ്കിൽ ദീർഘകാലം നിയമവ്യവഹാരം നടക്കണമെന്നതാണ് നമ്മുടെ മുന്നിലുള്ള അനുഭവം. മാത്രമല്ല, സർക്കാറിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകളും ഉണ്ടാകണം. കമ്പനികൾ ഒാരോ വ്യവഹാരങ്ങളിലും വിജയിച്ച് ഭൂമി അവർ മുറുകെപ്പിടിക്കുന്നു. അതുകൊണ്ട് തന്നെ സിവിൽ കോടതിയെ സമീപിക്കുന്നതുകൊണ്ടുമാത്രം പ്രശ്നത്തിന് പരിഹാരമാകില്ല. ഫലപ്രദമായ നിയമങ്ങളുണ്ടായാൽ പിന്നെ കോടതികൾക്ക് നിയമങ്ങളെ വ്യാഖ്യാനിക്കാനല്ലേ പറ്റൂ. അതുകൊണ്ടാണ് തോട്ടം ഭൂമി തിരികെ പിടിക്കാൻ ഫലപ്രദമായ നിയമനിർമാണങ്ങൾ നടത്തണമെന്ന ആവശ്യമുന്നയിച്ച് സമരമുന്നേറ്റത്തിന് ആലോചിക്കുന്നത്. ഭൂരഹിതർക്ക് ഭൂമിയും പാർപ്പിടവും നൽകേണ്ടത് ജനാധിപത്യ സർക്കാറിന്റെ ബാധ്യതയാണ്. തോട്ടം ഭൂമി ഏറ്റെടുത്ത് വിതരണംചെയ്യാൻ തയാറാകാത്തിടത്തോളം കേരളത്തിന് മുന്നോട്ട് പോകാനാവില്ല. ഇതാണ് ഒരു വിഷയം. എയ്ഡഡ് മേഖലയിൽ പട്ടികവിഭാഗങ്ങൾക്ക് സംവരണവും പ്രാതിനിധ്യവും ഉറപ്പുവരുത്തണമെന്നതാണ് രണ്ടാമത്തെ ആവശ്യം. മൂന്നാമത്തേത് തൊഴിലും.

കോട്ടയത്ത് ദലിത്-ആദിവാസി സംയുക്ത സമിതി സംഘടിപ്പിച്ച 'പ്രതിധ്വനി' സമ്മേളനം
ഭൂപ്രശ്നത്തിനുള്ള ശാശ്വത പരിഹാരം നിയമനിർമാണമാണോ..?
തോട്ടങ്ങൾ ദേശസാത്കരിക്കണം. ഞങ്ങൾ ഈ പ്രക്ഷോഭത്തിലൂടെ ജനങ്ങൾക്കും സർക്കാറിനും മുന്നിൽ വെക്കുന്ന ഒറ്റമൂലിയാണ് കേരളത്തിലെ ഭൂരാഹിത്യത്തിന് പരിഹാരമുണ്ടാക്കാനും കാർഷിക വികാസത്തിനും തോട്ടം ഭൂമി ദേശസാത്കരിക്കണമെന്ന ആവശ്യം. ഭക്ഷ്യസുരക്ഷക്ക് ലക്ഷ്യം വെക്കുന്ന ഒരു സർക്കാറിനെ സംബന്ധിച്ച് കാർഷിക സ്വയംപര്യാപ്തത അനിവാര്യമാണ്. അത് സാധ്യമാകണമെങ്കിൽ ഭൂബന്ധങ്ങൾ ഒരു മാറ്റം വരണം. കോവിഡ് കാലത്ത് നമ്മൾ കണ്ടതാണ്, ഭക്ഷ്യസുരക്ഷയില്ലാത്ത ഒരു ഉപഭോഗ സംസ്ഥാനം അയൽ സംസ്ഥാനങ്ങൾ അതിരുകളടച്ചപ്പോൾ പ്രതിസന്ധിയിലായത്. അന്ന് തദ്ദേശ സ്ഥാപനങ്ങൾ വഴിയും കൃഷിവകുപ്പ് വഴിയും വലിയതോതിൽ സബ്സിഡിയൊക്കെ പ്രഖ്യാപിച്ച് തരിശ് ഭൂമിയിലെ കൃഷി, മട്ടുപ്പാവ് കൃഷി, അടുക്കളത്തോട്ടം എന്നിവക്കെല്ലാം സർക്കാർ പ്രോത്സാഹനം കൊടുത്തു. പച്ചക്കറി ഉൽപാദനമൊക്കെ കോവിഡ് കാലത്തുണ്ടായി. എന്നാൽ, പാൻഡമിക് സാഹചര്യം കഴിഞ്ഞതോടെ ആ കൃഷിയൊക്കെ ഏതാണ്ട് അവസാനിച്ചു. പിന്നീട് അതിന്റെ തുടർച്ചയുണ്ടാകുന്നില്ല. അധ്വാനശേഷി വിനിയോഗിക്കാൻ കഴിയുന്ന മണ്ണ് ഈ മനുഷ്യർക്ക് കൊടുക്കുകയും സർക്കാർ പിന്തുണ നൽകുകയും ചെയ്താൽ കാർഷിക പ്രാധാന്യമുള്ള നമ്മുടെ സംസ്ഥാനത്തിന് ഭക്ഷ്യസുരക്ഷ പാതയിൽ വിജയിക്കാൻ കഴിയും.
തോട്ടഭൂമിയുടെ കാര്യത്തിൽ സർക്കാർ നിലപാടുകൾ ആത്മാർഥതയുള്ളതാണെന്ന് തോന്നിയിട്ടുണ്ടോ..?
തോട്ടങ്ങളുടെ കാര്യത്തിൽ സർക്കാർ ഇടപെടലുകളും ഏറെ പ്രാധാന്യമുള്ളതാണ്. നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ കാര്യമെടുക്കാം. ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവളം ലക്ഷ്യമിടുന്നത്. ചെറുവള്ളി എസ്റ്റേറ്റ് ഇപ്പോൾ കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചർച്ചിന്റെ കൈയിലാണ്. യഥാർഥത്തിൽ അത് കൈമാറ്റം ചെയ്യാനുള്ള പ്രിവിലേജ് എന്താണ്. ഒരു ഘട്ടത്തിൽ സർക്കാർ ശബരിമല വിമാനത്താവള പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി കെ.പി. യോഹന്നാന്റെ ൈകയിലുള്ള ഭൂമിക്ക് കോടതിയിൽ പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി ശ്രമം നടത്തി. ഇങ്ങനെ പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാൻ നോക്കുന്നതിലൂടെ കൈമാറ്റം ചെയ്യാൻ അനുവാദമില്ലാത്തത് ഭൂമിയുടെ താൽക്കാലിക കൈവശക്കാരനെ ഭൂമിയുടെ ഉടമസ്ഥനായി പരോക്ഷമായി അംഗീകരിച്ചു കൊടുക്കലാണ്. സർക്കാർ നീക്കം ഫലത്തിൽ ഉടമസ്ഥാവകാശ വാദത്തെ ദുർബലപ്പെടുത്തുക കൂടിയാണ്. ഇവിടെയാണ് സർക്കാർ നിലപാടുകളിലെ പുനർവിചിന്തനവും പ്രസക്തമാകുന്നത്.
പട്ടികവിഭാഗങ്ങളുടെ ഭൂപ്രശ്നത്തിൽ മുന്നണികൾ ഇരട്ടത്താപ്പല്ലേ കാട്ടുന്നത്?
തീർച്ചയായും, അത് അങ്ങനെ തന്നെയാണ്. തോട്ടങ്ങൾ ഉൽപാദിപ്പിക്കുന്ന തൊഴിലവസരങ്ങളെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. വിദേശ കമ്പനികളുടെ പക്കലുള്ള തോട്ടങ്ങളിൽ തൊഴിലവസരങ്ങൾ എന്ന് പറയുേമ്പാഴും അവിടെ നടക്കുന്നത് നിയമലംഘനവും മനുഷ്യാവകാശ ലംഘനവും ആണ്. മനുഷ്യന് പാർക്കാൻ കഴിയാത്ത ലയങ്ങളാണ് പലയിടങ്ങളിലും. അടിസ്ഥാന സൗകര്യംപോലുമില്ല. തൊഴിലാളികൾ വലിയ ചൂഷണങ്ങൾക്ക് വിധേയമാകുന്നു. മനുഷ്യാവകാശ ലംഘനം നടക്കുന്നു. മറുഭാഗത്ത് തോട്ടം ഉടമകൾ വലിയതോതിൽ സമ്പത്തുണ്ടാക്കുകയാണ്. അതുകൊണ്ടാണ് വ്യവസ്ഥാപിതമായ ട്രേഡ് യൂനിയനുകളെ അവഗണിച്ച് ഇതിന്റെ ഇരകൾ കൂട്ടമായി രംഗത്തുവരുന്നത്. പെമ്പിളൈ ഒരുമൈ സമരമൊക്കെ ഇതിന് ഉദാഹരണമാണ്. ജീവിതം പൊറുതിമുട്ടിയ ജനത തെരുവിലേക്കിറങ്ങി. പെമ്പിളൈ ഒരുമൈ പ്രവർത്തകർ വിളിച്ച മുദ്രാവാക്യങ്ങൾ ഇന്നും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ മുഴങ്ങിനിൽക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനത്തിനും ചൂഷണങ്ങൾക്കുമെതിരെയുള്ള ജനരോഷങ്ങളുടെ പ്രതിഫലനമാണ് ആ സമരങ്ങളിൽ കേരളം കണ്ടത്. തോട്ടങ്ങൾ ഉൽപാദിപ്പിക്കുന്ന തൊഴിലവസരങ്ങളെ കുറിച്ച് പറയുമ്പോഴും അവിടെ നടക്കുന്ന ചൂഷണങ്ങളുടെയും നിയമലംഘനങ്ങളുടെയും മനുഷ്യാവകാശ ലംഘനത്തിന്റെ വശങ്ങൾകൂടി കാണണം.
രണ്ടാം ഭൂപരിഷ്കരണം എന്ന മുദ്രാവാക്യമുയർത്തി പ്രക്ഷോഭമാരംഭിച്ചിരുന്നല്ലോ. ആ മൂവ്മെന്റ് എന്തുകൊണ്ടാണ് പാതിവഴിയിൽ നിലച്ചുപോയത്. എന്താണ് ആ മൂവ്മെന്റിന് സംഭവിച്ചത്..?
പാതിവഴിയിൽ നിലക്കുകയല്ല, വളരെ മുന്നോട്ടുപോയിരുന്നു. കേരളം വലിയതോതിൽ അത് ചർച്ചചെയ്യുകയും ചെയ്തു. പക്ഷേ, അന്ന് എവിടെനിന്ന് ഭൂമി കിട്ടുമെന്ന ചോദ്യത്തിന് തോട്ടം ഭൂമിയിലേക്ക് ഫോക്കസ് വന്നിരുന്നില്ല. പിന്നെ നമ്മൾ ആവശ്യപ്പെടുന്നത്ര ഭൂമി എവിടെനിന്ന് കണ്ടെത്തുമെന്ന വാദവും അന്നുയർന്നു. മൂവ്മെന്റിന്റെ തുടർച്ച നഷ്ടപ്പെടുന്നതിൽ ഞങ്ങളുടെ ദൗർബല്യവുമുണ്ട്. ഞങ്ങളുടെ ആ പ്ലാറ്റ്ഫോമിനെ സജീവമായി മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യവുമുണ്ടായില്ല.
സി.കെ. ജാനുവും ഗീതാനന്ദനും പുതിയ പ്ലാറ്റ്ഫോമിൽ ഉണ്ടാകുമോ..?
രാഷ്ട്രീയത്തിന് അതീതമായി സമുദായ പ്രസ്ഥാനങ്ങളുടെ സംഘടിത പ്ലാറ്റ്ഫോമാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയരംഗത്ത് നിലയുറപ്പിച്ചിട്ടുള്ളവരുടെ സാന്നിധ്യം ഞങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. കാരണം മറ്റൊരു വ്യാഖ്യാനത്തിന് ഇടവരാതിരിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ഭൂപരിഷ്കരണം ആദിവാസി-ദലിത് വിഭാഗങ്ങൾക്ക് എങ്ങനെയാണ് അനുഭവപ്പെട്ടത്. പട്ടികവിഭാഗങ്ങളുടെ ഭൂപ്രശ്നം, സർക്കാർ കേവലമൊരു പാർപ്പിട പ്രശ്നമായി ചുരുക്കിക്കാട്ടുകയാണോ..?
തീർച്ചയായും. അമ്പതുകളിലാണ് ഈ വിഷയങ്ങളെ കുറിച്ച് സജീവ ചർച്ചകളുയരുന്നത്. അതും ഇടതുപക്ഷ ബുദ്ധിജീവികൾക്കിടയിലാണ്. വിദേശചൂഷണത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇത്തരം വിദേശ ഉടമസ്ഥാവകാശമുള്ള തോട്ടങ്ങളെന്നാണ് അന്ന് ഇ.എം.എസ് വിശേഷിപ്പിച്ചത്. ദേശസാത്കരണത്തെക്കുറിച്ച് അന്നേ ചർച്ച സജീവമായിരുന്നു. പക്ഷേ, 70കളിൽ ഭൂപരിഷ്കരണ നടപടി വരുന്നു. അതിൽ മിച്ചഭൂമി ഏറ്റെടുക്കുകയും നാമമാത്രമായ കൃഷി ആളുകൾക്ക് കിട്ടുകയും ചെയ്തു. ഇതോടെ ഭൂപരിഷ്കരണം ഏറ്റവും വിജയകരമായി നടപ്പാക്കിയ സംസ്ഥാനം എന്ന വിലയിരുത്തലാണ് പൊതുവിലുണ്ടായത്. എന്നാൽ, ആത്യന്തികമായി പരിശോധിച്ചാൽ ആദിവാസി^ദലിത് വിഭാഗങ്ങൾക്ക് ഭൂമി കിട്ടിയില്ലെന്നതാണ് യാഥാർഥ്യം. അവരെല്ലാം ഇൗ പറയപ്പെട്ട നിയമത്തിന് പുറത്താണ് നിന്നത്. ''കർഷകർക്ക് ഭൂമി കിട്ടി, കർഷക തൊഴിലാളികൾക്ക് കിട്ടിയിട്ടില്ല'' എന്ന് ഇതേക്കുറിച്ച് നമ്മൾ പലപ്പോഴും പറയാറുണ്ട്. ആ ഭൂപരിഷ്കരണ പ്രക്രിയയിൽ അവഗണിക്കപ്പെട്ട വിഭാഗമായാണ് ആദിവാസി-ദലിത് സമൂഹങ്ങൾ തുടരുന്നത്. നാമമാത്രമായുള്ള ഭൂമി, അത് പാർപ്പിടത്തിന് ഉപകരിക്കുന്നുവെന്നു മാത്രം. പട്ടിക വിഭാഗങ്ങൾ ഈ പ്രശ്നം ഉന്നയിക്കുമ്പോൾ ഗവൺമെന്റിന്റെ കാഴ്ചപ്പാട് അതിനെ പാർപ്പിട പ്രശ്നമായി കാണുക എന്നതാണ്.
ഇപ്പോൾ ലേറ്റസ്റ്റായി പരിശോധിച്ചാൽ, ലൈഫ് പദ്ധതി വരുന്നതോടെ നാമമാത്രമായ ഭൂമിയുടെ ഉടമസ്ഥർ എന്ന കാഴ്ചപ്പാടിൽനിന്നും മാറുകയാണ്. അതും ഇല്ലാതാവുന്നു. ഇവർ അന്തരീക്ഷത്തിലേക്കും ആകാശത്തിലേക്കും എടുത്തുമാറ്റപ്പെടുകയാണ്. മണ്ണിലല്ല, അവർ മാനത്തേക്ക് കയറുകയാണ്.
പാർപ്പിടപ്രശ്നത്തിന് പരിഹാരമായിട്ടല്ലേ സർക്കാർ ലൈഫ് പദ്ധതിയും ഫ്ലാറ്റുകളും അവതരിപ്പിക്കുന്നത്..?
പണ്ടത്തെ കോളനികളുടെ ആധുനിക രൂപമോ പരിഷ്കൃത രൂപമോ ആണ് ലൈഫിൽ ഫ്ലാറ്റ് വരുന്നത്. നമ്മുടെ നാട്ടിൽ ഫ്ലാറ്റ് സംസ്കാരമുണ്ട്. പുഴയോരങ്ങളിൽ വളരെ മനോഹരമായ വിപുല സൗകര്യങ്ങളോടെയാണ് ഇത്തരം ഫ്ലാറ്റുകൾ തയാറാക്കുന്നത്. വളരെ വലിയ മന്ദിരങ്ങളായിരിക്കും. അനുബന്ധമായി അവിടെ താമസിക്കുന്നവരുടെ ആരോഗ്യ പരിരക്ഷ, വിനോദം, വിജ്ഞാനം എന്നിവക്കായുള്ള സൗകര്യങ്ങൾ, എല്ലാറ്റിനും ഉപകരിക്കുന്ന മാളുകൾ, ക്ലബുകൾ എന്നിങ്ങനെയുള്ള ടൗൺഷിപ്പുകൾ ആയാണ് ഈ ഫ്ലാറ്റുകൾ സ്ഥാപിക്കുന്നത്. എന്നാൽ, ദുർബല വിഭാഗങ്ങൾക്ക് കൊടുക്കുന്ന ലൈഫിലെ ഫ്ലാറ്റ് പദ്ധതി ഇതിൽനിന്നെല്ലാം വിഭിന്നമാണ്. അതിന്റെ നിർമാണത്തിലുണ്ടാകുന്ന പോരായ്മകൾ വാർത്തകളായി നമ്മൾ കാണുന്നുണ്ട്. അനുബന്ധ സൗകര്യങ്ങളൊന്നും ഈ ഫ്ലാറ്റുകളിലില്ല. സൗകര്യങ്ങളൊന്നുമില്ലാതെ കൂട്ടമായി ജീവിക്കുന്നതിലൂടെഅരക്ഷിതാവസ്ഥയാണ് ഉണ്ടാവുക. അതുകൊണ്ടാണ് പഴയകാല കോളനികളുടെ പരിഷ്കൃത രൂപമായി ഈ ഫ്ലാറ്റുകൾ മാറുമെന്ന് ഞാൻ പറയുന്നത്. സർക്കാറിനോട് ഇക്കാര്യം ചൂണ്ടിക്കാട്ടുമ്പോൾ ''നിങ്ങളുടെ അജ്ഞതകൊണ്ടാണ് ഇങ്ങനെ ആശങ്കപ്പെടുന്നതെന്നും പദ്ധതി അതുതന്നെ''യെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്. കേരളത്തിലെവിടെയും പദ്ധതി നടപ്പാക്കിയ സ്ഥലത്ത് ടൗൺഷിപ്പുകളായി ഇവ വികസിക്കുന്നില്ല. ആരോഗ്യ പരിരക്ഷക്കോ വിനോദത്തിനോ വിജ്ഞാനത്തിനോ ഉപകരിക്കുന്ന അനുബന്ധ സൗകര്യങ്ങളൊന്നും ഇവിടങ്ങളിലില്ല. അതുകൊണ്ട് പഴയ കോളനി എങ്ങനെയാണോ പൊതുസമൂഹത്തിൽ ഈ വിഭാഗത്തിന് പരിവേഷം കൽപിച്ചുകൊടുത്തത് ആഭ്യന്തരമായി അവന്റെ ജീവിതങ്ങളിൽ അരക്ഷിതാവസ്ഥയുണ്ടാക്കിയത്, അതിനെ പുനഃസൃഷ്ടിക്കുന്ന പഴയകാല കോളനികളുടെ പരിഷ്കൃത രൂപമായി ഇത് മാറുമെന്നതിൽ തർക്കമില്ല. കേവല പാർപ്പിട പ്രശ്നത്തിന് പരിഹാരം കാണണമെന്നതല്ല, ഇപ്പോൾ ഞങ്ങളുയർത്തുന്ന മുദ്രാവാക്യം. അവന്റെ ഭൂരാഹിത്യത്തിന് പരിഹാരം മുണ്ടാകണമെന്നതുകൂടിയാണ്.
മുന്നാക്ക സംവരണത്തെ അംഗീകരിച്ചുള്ള കോടതിവിധിയെ എങ്ങനെയാണ് വിലയിരുത്തുന്നത്..?
മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം പോയവരും ഇപ്പോഴുണ്ടായ പുതിയ സംവരണത്തിൽ ആനുകൂല്യം ലഭിക്കുന്നവരുമായവർക്ക് സാമൂഹികപദവിക്ക് ഒരു ദോഷവും സംഭവിച്ചിട്ടില്ല. സാമൂഹികമായി അവർക്കുള്ള ഇടം അങ്ങെനത്തന്നെ നിലനിൽക്കുന്നുണ്ടായിരുന്നു. സാമ്പത്തികമായിട്ടാണ് അവർ പിന്നാക്കമാവുന്നത്. പക്ഷേ, അതിനുകൂടി പരിരക്ഷ കിട്ടുന്നതോടെ സമൂഹത്തിൽ ഏറ്റവും സുരക്ഷിതരാകുന്ന വിഭാഗമായി ഇവർ മാറും. സംവരണം എന്നത് വിവേചനങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ടൂൾ ആണെങ്കിൽ അതേ ടൂൾ തന്നെ കൂടുതൽ അന്തരവും വിവേചനവും സൃഷ്ടിക്കുന്ന ഒരു ഉപാധിയായി മാറുന്നുവെന്നതാണ് ഇൗ മുന്നാക്ക സംവരണത്തിലെ വൈരുധ്യം. ജനതകളും വിഭാഗങ്ങളും തമ്മിലുള്ള വലിയ അന്തരമുണ്ടാക്കും. സാമൂഹികതുല്യതയും സാമൂഹിക നീതിയും ഉറപ്പുവരുത്തലാണ് സംവരണംകൊണ്ട് ലക്ഷ്യംവെച്ചിരുന്നതെങ്കിൽ ആത്യന്തികമായി ആ ലക്ഷ്യത്തെ ഇല്ലാതാക്കുന്നതും അകലം സൃഷ്ടിക്കുന്നതുമായ നിലയിലേക്കായിരിക്കും കാര്യങ്ങളെത്തുക. ഭരണഘടന ആത്യന്തികമായി ലക്ഷ്യംവെക്കുന്ന സാമൂഹിക നീതിയുടെ മൂല്യങ്ങൾ ഇല്ലാതാക്കുന്നതും സത്ത നഷ്ടപ്പെടുത്തുന്നതുമായ നിലയിലേക്കാവും സാഹചര്യങ്ങൾ മാറുക.
മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രൻ ആര് എന്ന് കേന്ദ്രം നിർവചിച്ചിട്ടുണ്ട്. അഞ്ചേക്കർ കൃഷിയിടം, എട്ടു ലക്ഷം വാർഷിക വരുമാനം എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ. കേരളത്തിലേക്ക് വരുമ്പോൾ നാല് ലക്ഷം വാർഷിക വരുമാനവും രണ്ടരയേക്കർ കൃഷിഭൂമിയുമാണ് മുന്നാക്കക്കാരിലെ പിന്നാക്കാവസ്ഥ നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ. സ്വാതന്ത്ര്യലബ്ധിക്കുശേഷം, സംവരണമൊക്കെ നിലവിൽ വന്ന് നാളിതുവരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കണ്ടെത്തിയ 'ദരിദ്രൻ' ആകാൻപോലും ഈ വിഭാഗത്തിന് കഴിഞ്ഞില്ല എന്നതാണ് പ്രശ്നം. കേന്ദ്രം പറയുന്ന ദരിദ്രനാകാൻ ഈ ആനുകൂല്യങ്ങൾ ഇത്രയും കാലം അനുഭവിച്ച ജനതക്ക് കഴിഞ്ഞില്ല എന്നതാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങളുടെ തീക്ഷ്ണത. ഈ പ്രക്ഷോഭത്തിന്റെ പ്രസക്തിയും സമകാലികമായി ഇതിനെ വളർത്തുന്നതും അതാണ്.
കേന്ദ്രസർക്കാർ മുന്നാക്ക സംവരണം കൊണ്ടുവരും മുമ്പുതന്നെ കേരളത്തിൽ നടപ്പാക്കിയിരുന്നു. ശരിക്കും ഇടതുസർക്കാറിന്റെ ഈ നിലപാട് പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനയല്ലേ..?
2017ലാണ് ദേവസ്വം ബോർഡിൽ സംസ്ഥാന സർക്കാർ മുന്നാക്ക സംവരണം കൊണ്ടുവരുന്നത്. രാജ്യത്ത് ആദ്യമായി സാമ്പത്തിക സംവരണം നടപ്പാക്കിയെന്ന 'ഖ്യാതി' നേടുകയായിരുന്നു കേരളം. അന്ന് അൽപം ആത്മവിശ്വാസമില്ലായിരുന്നെങ്കിൽ അത് നികത്താൻ സർക്കാറിന് വീണുകിട്ടിയ അവസരമാണ് കേന്ദ്രസർക്കാർ തീരുമാനവും പിന്നാലെ വന്ന കോടതിവിധിയും. യഥാർഥത്തിൽ സാമൂഹിക യാഥാർഥ്യങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്. അതിൽ മാതൃകയായി പറയാവുന്നത് തമിഴ്നാടാണ്. തമിഴ്നാട്ടിൽ സ്റ്റാലിൻ പറഞ്ഞത് ''സാമൂഹികനീതിയുടെ യഥാർഥ മൂല്യങ്ങൾ നിരാകരിക്കുന്നതുകൊണ്ട് ഞങ്ങളതിനെ നിരസിക്കുകയാണ്'' എന്നാണ്. ഇത് ദാരിദ്ര്യനിർമാർജന പരിപാടിയല്ലെന്നും സാമ്പത്തികമായി പോരായ്മയുണ്ടെങ്കിൽ അതിനെ ഉത്തേജിപ്പിക്കുന്ന ഏത് പാക്കേജ് വന്നാലും സർക്കാർ പിന്തുണക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. പക്ഷേ, മുന്നാക്ക സംവരണം ഇവിടെ നടപ്പാക്കില്ലെന്നും അദ്ദേഹം അടിവരയിട്ടു. കേരളം സാമൂഹിക യാഥാർഥ്യങ്ങളെ വിസ്മരിച്ചുള്ള നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. അത് ശരിക്കും സംവരണ വിഭാഗങ്ങളോട് സർക്കാർ കാട്ടിയ നീതികേടാണ്. തമിഴ്നാട്ടിൽ സ്റ്റാലിൻ വിളിച്ചുചേർത്ത സർവകക്ഷി സമ്മേളനത്തിൽ മുന്നാക്ക സംവരണം നിരസിക്കുന്നുവെന്ന് മാത്രമല്ല, റിവ്യൂ കൊടുക്കാനും ആലോചിക്കുന്നു. അവിടെ സി.പി.എമ്മും സി.പി.ഐയും കോൺഗ്രസുമടക്കം സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. കേരളത്തിൽ വരുമ്പോൾ സാമ്പത്തിക സംവരണത്തെ അനുകൂലിക്കുകയുമാണ്. വലിയ തോതിലുള്ള വൈരുധ്യവും ഇരട്ടത്താപ്പുമാണിത്.

സ്വകാര്യവത്കരണവും ഇതുപോലെ സംവരണ വിഭാഗങ്ങളുടെ വഴിമുട്ടിച്ചിട്ടില്ലേ..?
1991ലെ സാമ്പത്തിക പരിഷ്കരണ പരിപാടികൾ വരുമ്പോൾ ഏറ്റവും കൂടുതൽ സ്വീകാര്യത കിട്ടിയത് സ്വകാര്യവത്കരണത്തിനാണ്. സംവരണത്തെ എതിർക്കുന്നവരുടെ കൈയിൽ വീണ് കിട്ടിയ ആയുധമായിരുന്നു സ്വകാര്യവത്കരണം. സംവരണത്തെ എതിർക്കണ്ട, പകരം സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിച്ചാൽ മതിയല്ലോ. പക്ഷേ മുടക്കുന്നതെല്ലാം സർക്കാർ ആസ്തികളാണ്. ഇപ്പോൾ വിഴിഞ്ഞം പോർട്ട് വരുന്നു. കടലും കടലോരവുമാണല്ലോ കൊടുക്കുന്നത്. ഇതെല്ലാം പൊതുജനങ്ങൾക്കുകൂടി അവകാശപ്പെട്ട സർക്കാർ ആസ്തികളാണ്. എല്ലാ ഇളവുകളും ആനുകൂല്യങ്ങളും ഇവർക്ക് കൊടുക്കും. ഇങ്ങനെയെല്ലാം കിട്ടി ഉദയംചെയ്യുന്ന മേഖലയിലേക്ക് സംവരണം നിഷ്കർഷിക്കാത്തതുകൊണ്ട് ഈ വിഭാഗങ്ങൾക്ക് അങ്ങോട്ടേക്ക് കടന്നുചെല്ലാനും പറ്റില്ല. അപ്പോൾ നമുക്ക് കൂടി അവകാശപ്പെട്ട പൊതുവിഭവങ്ങൾ ഉപയോഗിച്ച് ഉയർന്നു വരുന്ന മേഖലയിലേക്ക് കടന്നുവരാൻ കഴിയാത്ത ഒരു പാർശ്വവത്കരണത്തിന്റെ സ്ഥിതിവിശേഷത്തിനാണ് മുന്നാക്ക സംവരണത്തിലെ വിധിപ്രസ്താവം കൂടിവരുന്നത്. യഥാർഥത്തിൽ സ്വകാര്യമേഖലയിലേക്ക് കൂടി സംവരണം വ്യാപിപ്പിച്ച് സാമൂഹികനീതി ഉറപ്പുവരുത്തേണ്ടുന്ന അവസരത്തിലാണ് അതിന് ദോഷകരമായ തീരുമാനവും വിധിപ്രസ്താവവും വരുന്നത്. ഫലത്തിൽ ജനത തങ്ങളിലുള്ള അന്തരവും വിവേചനത്തിന്റെ ആഴവും വർധിക്കത്തേയുള്ളൂ.
സംവരണം കാര്യക്ഷമതയെ ബാധിക്കുന്നുവെന്ന് വാദിക്കുന്നവരുണ്ടല്ലോ. സംവരണത്തെക്കുറിച്ചുള്ള ചർച്ചകളുയരുമ്പോൾ ഈ എഫിഷ്യൻസി വാദം ഉയർത്തിക്കൊണ്ടുവരുന്നവർ..?
സംവരണം കാര്യക്ഷമതയെ ബാധിക്കുമെന്ന വാദമുന്നയിക്കുന്ന ഇക്കൂട്ടർ രണ്ട് കാര്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്. ഒന്ന് രാജ്യപുരോഗതിയെ ബാധിക്കുമെന്നതാണ്. മറ്റൊന്ന് മികവുള്ളവർ പിന്തിരിയാനിടവരുമെന്നതും. അങ്ങനെയിരിക്കെ, ഇപ്പോൾ മുന്നാക്ക വിഭാഗങ്ങൾ സംവരണത്തിന്റെ ഗുണഭോക്താക്കളായി മാറുകയാണ്. അപ്പോൾ സംവരണം രാജ്യപുരോഗതിയെ ബാധിക്കില്ലേ. മികവുള്ളവർ പിന്തിരിയില്ലേ. അന്നുന്നയിച്ച കാര്യക്ഷമതാ വാദം മുന്നാക്ക സംവരണത്തിന്റെ പുതിയ കാലത്ത് ഉന്നയിക്കാൻ ധൈര്യമുണ്ടോ. പഴയ നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ? മറുപടി വേണം...
കാര്യക്ഷമത വാദികൾ ഇന്ന് സംവരണത്തിന്റെ ഗുണഭോക്താക്കളായി മാറാൻ പോവുകയാണ്. വാസ്തവത്തിൽ സംവരണത്തിലൂടെ ഒരു വിഭാഗത്തിന്റെ അധികാര പങ്കാളിത്തം ഉറപ്പുവരുത്തുക എന്നത് ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടായിരുന്നു. അന്ന് കാഴ്ചപ്പാടിനെ കണ്ടില്ല. പകരം മികവിന്റെ കണ്ണിലൂടെയാണ് കണ്ടത്.
ദലിത് എഴുത്തുകാരടക്കം പലവട്ടം ചൂണ്ടിക്കാണിച്ച ആരോപണമാണ് 'ബ്രാഹ്മണ മാർക്സിസം' എന്നത്. അങ്ങനെയൊരു കാഴ്ചപ്പാടിനോട് യോജിക്കുന്നുണ്ടോ..?
ഇക്കാര്യം ശരിക്കും ആ പാർട്ടിയാണ് വിശദീകരിക്കേണ്ടത്. ബ്രാഹ്മണ മാർക്സിസം എന്നത് കുറച്ച് അഗ്രസീവായ വാക്കാണ്. പക്ഷേ പ്രയോഗതലത്തിൽ പരിശോധിച്ചാൽ ഇൗ വിമർശനങ്ങളിൽനിന്ന് ഒഴിയാൻ പറ്റാത്തവിധം അനുഭവങ്ങൾ ശരിവെക്കുന്നു. ബ്രാഹ്മണ മാർക്സിസം എന്ന് വാക്ക് ഉപേയാഗിക്കുന്നില്ലെങ്കിലും ഒരു പ്രയോഗതലത്തിൽ ഇത്തരം വിമർശനങ്ങളിൽനിന്ന് അവർക്ക് ഒഴിഞ്ഞുനിൽക്കാൻ പറ്റില്ല. അതുകൊണ്ട് ആ വിമർശനങ്ങളെ നമുക്ക് തെറ്റുപറയാൻ കഴിയില്ല. ഇപ്പോൾ പ്രതീകാത്മകമായി എങ്കിലും ചില മാറ്റങ്ങൾക്ക് തയാറാകുന്നുണ്ട്. പാർട്ടിയുടെ പുതിയ സമ്മേളനമൊക്കെ കഴിഞ്ഞു. കേരളത്തിലെ പുതിയ സെക്രേട്ടറിയറ്റൊക്കെ പരിശോധിച്ചാൽ പട്ടികവിഭാഗങ്ങൾക്കിടയിൽനിന്ന് രണ്ട് പേരുണ്ട്. ഒമ്പത് രാജ്യസഭാ സീറ്റുകൾ കേരളത്തിലുണ്ട്. ഇൗ സീറ്റുകളിൽ സംവരണ നിഷ്കർഷയില്ല. പാർട്ടികൾ ഇതിനെയൊരു സൗകര്യമായി കണ്ടു. ദീർഘകാലമായ പട്ടിക വിഭാഗങ്ങളിൽനിന്ന് ദീർഘകാലമായി ആരും ഉണ്ടായിരുന്നില്ല. ഇതിനിടെ അഡ്വ. സോമപ്രസാദിനെ പരിഗണിച്ചു. പക്ഷേ അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞപ്പോൾ അതിന് തുടർച്ചയുണ്ടായില്ല. മാതൃക കാണിക്കേണ്ട പ്രസ്ഥാനങ്ങൾപോലും അത് ചെയ്യുന്നില്ല. ജനറൽ സീറ്റുകളിൽ ആളുകളെ മത്സരിപ്പിക്കുന്നതിലാണ് മറ്റൊന്ന്. മതേതര കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന, വിവേചനങ്ങളില്ലാത്ത പ്രത്യയശാസ്ത്രം എന്നവകാശപ്പെടുന്ന ആളുകൾ ജനറൽ സീറ്റുകളിൽ പട്ടികവിഭാഗങ്ങളെ മത്സരിപ്പിക്കാൻ തയാറാകണം. സമീപകാലത്ത് തളിപ്പറമ്പിലും കോന്നിയിലും ഇത്തരത്തിലൊരു ചുവടുവെപ്പ് നടത്തിയിരുന്നു. പക്ഷേ, പിന്നീടത് കണ്ടില്ല. ഇതിനെയൊക്കെ നിരീക്ഷിക്കുന്ന ഒരു വലിയ വിഭാഗം പുറത്തുണ്ട്. പ്രതീകാത്മകമായി ആളുകൾക്ക് ഇങ്ങനെ അവസരം കിട്ടിയാലും നയരൂപവത്കരണത്തിലും സാരഥ്യത്തിലും ഇൗ വിഭാഗങ്ങളുടെ പരിച്ഛേദത്തെ അവതരിപ്പിക്കാൻ, അല്ലെങ്കിൽ പങ്കാളിത്തം ഉറപ്പുവരുത്താൻ കഴിയുന്ന ഒരു അവസ്ഥ ഇൗ പാർട്ടികളിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം.
താങ്കൾ സർക്കാർ രൂപവത്കരിച്ച കേരള നേവാത്ഥാന സമിതിയുടെ കൺവീനറായിരുന്നു. എന്നാൽ, രാജിവെക്കാനുള്ള സാഹചര്യം എന്തായിരുന്നു..?
ശബരിമലയുടെ പ്രത്യേക സാഹചര്യത്തിലാണ് നവോത്ഥാന സമിതി രൂപപ്പെട്ടത്. സംഘ്പരിവാർ ശക്തികൾ പ്രത്യേക രീതിയിൽ കാര്യങ്ങൾ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ കേരളത്തിന്റെ ഹിതം ഇതല്ല എന്ന് കാണിക്കുന്നതിനു വേണ്ടിയായിരുന്നു വനിത മതിലടക്കം പടുത്തത്. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ പരാജയം സി.പി.എം വേറൊരു രീതിയിലാണ് വിലയിരുത്തിയത്. ശബരിമല മുഖ്യ അജണ്ടയായി എടുത്ത ബി.ജെ.പിപോലും ശബരിമല ഗുണം ചെയ്തില്ല എന്ന് വിലയിരുത്തിയപ്പോൾ മറുഭാഗത്ത് ഇടതുപക്ഷത്തിനുണ്ടായ പരാജയത്തെ ശബരിമലമൂലമാണെന്ന് വിലയിരുത്തുകയാണ് സി.പി.എം ചെയ്തത്. അതിന് ശേഷം തിരുത്തൽ രേഖപോലെ അവർ മുന്നോട്ടുവെച്ച ആശയം എന്നത് ''അവർ യുവതീപ്രവേശനത്തിന് മുൻകൈയെടുക്കില്ല, വിശ്വാസികളുടെ വികാരം മാനിക്കും'' എന്നതൊക്കെയായിരുന്നു. ഞാൻ ആ സമയത്തുതന്നെ എന്റെ വിമർശനങ്ങളും ഇതുമായുള്ള വിയോജിപ്പും രേഖപ്പെടുത്തിയിരുന്നു. വിപ്ലവവും വിശ്വാസവും ഒരുമിച്ച് േപാവില്ലെന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. സർക്കാറിന്റെ രാഷ്ട്രീയ നേതൃത്വം നയങ്ങളിൽനിന്ന് വ്യതിചലിച്ചാൽ സ്വാഭാവികമായും മൂവ്മെന്റ് ദുർബലപ്പെടും. ആത്മാവ് നഷ്ടപ്പെട്ട ഒരു മുന്നേറ്റത്തിൽ നമുക്ക് പിന്നെ യാന്ത്രികമായി നിൽക്കാനേ സാധിക്കൂ. ആശയപരമായി ആ പ്ലാറ്റ്ഫോം ലക്ഷ്യങ്ങളിൽനിന്ന് പിന്നോട്ട് പോയപ്പോൾ ഞാൻ ആദ്യമുണ്ടായ അവസ്ഥയിലായിരുന്നില്ല പിന്നെ. അതിൽനിന്ന് ഒഴിയുകയായിരുന്നു ഉണ്ടായത്. സർക്കാറും സർക്കാറിന്റെ രാഷ്ട്രീയ നേതൃത്വവും പ്രകടമായി പിൻവലിയുന്നു എന്ന് തോന്നിയപ്പോഴാണ് സ്ഥാനം രാജിവെച്ചത്.

സി.പി.എമ്മുമായി ഇങ്ങനെ ആശയപരമായി വിയോജിക്കുേമ്പാഴും ഇൗയടുത്ത് എറണാകുളത്ത് സംഘടിപ്പിപ്പിച്ച 'തമസോമ ജ്യോതിർഗമയ' എന്ന പേരിലെ സാംസ്കാരിക പരിപാടിയിൽ മന്ത്രി രാജീവായിരുന്നു മുഖ്യാതിഥി..?
വിമർശനങ്ങളുന്നയിക്കുേമ്പാഴും നാടിന്റെ െപാതു താൽപര്യം മുൻനിർത്തി യോജിക്കേണ്ട സാഹചര്യങ്ങളിൽ യോജിക്കുക എന്നത് ഞങ്ങളുടെ നയമാണ്. സി.പി.എം ആഭിമുഖ്യമുള്ളവരാണ് ആ പരിപാടിയിൽ പെങ്കടുത്തവരിൽ അധികവും. നരബലിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തെ വല്ലാതെ ജീർണത ബാധിക്കുേമ്പാൾ സമൂഹത്തിലുണ്ടാകുന്ന പോസിറ്റിവായ അനുകരണങ്ങളെ പിന്തുണക്കുകയും വളർത്തുകയും ചെയ്യുക എന്നത് പുരോഗമന സർക്കാറിന്റെ ഉത്തരവാദിത്തമാണ്. വല്ലാത്ത ജീർണത ഇപ്പോൾ ബാധിച്ചിട്ടുണ്ട്. അപ്പോൾ നാടിന്റെ നിലനിൽപിനുവേണ്ടി, ആധുനിക സമൂഹത്തിലുണ്ടാകുന്ന ഇത്തരം ദൗർബല്യങ്ങളെ പരിഹരിക്കുന്നതിനുവേണ്ടി പുരോഗമന വീക്ഷണമുള്ളവരെല്ലാം ചേർന്ന് നിൽക്കേണ്ട സാഹചര്യമാണ്.
നവോത്ഥാന സമിതിയിൽനിന്ന് പിന്മാറ്റത്തിന് ഇപ്പോൾ ആലോചിക്കുേമ്പാൾ എന്ത് തോന്നുന്നു. നഷ്ടബോധമോ അതോ സമാശ്വാസേമാ..?
സർക്കാർ രൂപവത്കരിച്ച നവോത്ഥാന സമിതിയുടെ കൺവീനറായിരുന്നു ഞാൻ. പക്ഷേ, നവോത്ഥാനം എന്ന് ഞാൻ പറയുമ്പോൾതന്നെ പലതരത്തിലുള്ള വിമർശനങ്ങളും വിലയിരുത്തലുകളും വരുന്നുണ്ട്. ഒന്ന് നവോത്ഥാനം എന്നത് ജാതിക്കൂട്ടങ്ങൾക്കിടയിലുണ്ടായ വ്യവഹാരമാണ് എന്നതാണ്. ഒരു പൊതു പ്രസ്ഥാനമായി അത് വളർന്നുവന്നില്ല എന്നും വലിയ മതിൽക്കെട്ടുകൾക്കുള്ളിൽ നടന്നതാണ് എന്നുമെല്ലാമാണ്. ഇൗ പറയുന്നവയെല്ലാം നമ്മൾ ഉദ്ദേശിക്കുന്ന സാമൂഹിക പരിഷ്കരണത്തിന്റെ നിലയിൽ വന്നില്ല എന്നും വാദമുണ്ട്. ഇതേ അവസരത്തിൽതന്നെ അക്കാദമിക വിദഗ്ധരും ചരിത്രകാരൻമാരും പറയുന്നത് ഇതൊരു യുക്തിയില്ലാത്ത വാദമാണ് എന്നാണ്. കാരണം, അക്കാലമെന്നത് ജാതീയമായി വളരെ വേർതിരിവുകളുണ്ടായിരുന്ന കാലമാണ്. അങ്ങനെ പരന്ന് പ്രവർത്തിക്കാൻ പറ്റുന്ന സാമൂഹികാവസ്ഥയായിരുന്നില്ല. അപ്പോൾ സ്വന്തം സമുദായത്തിൽനിന്ന് ജീർണതക്കും യാഥാസ്ഥിതികത്വത്തിനുമെതിരെ അവരിൽനിന്നുള്ളവർ തന്നെ പരിഷ്കരണത്തിന്റേതായ പരിശ്രമങ്ങളുമായി മുന്നിട്ടിറങ്ങുകയായിരുന്നു. ആഭ്യന്തരമായി ആ സമുദായങ്ങൾക്കുള്ളിലും ഒപ്പം പുറത്തേക്കും ഇതിന്റെയെല്ലാം ആ കാറ്റ് വീശുകയും വെളിച്ചം വീഴുകയും ചെയ്തിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ പരിശ്രമങ്ങളെ അങ്ങനെയാണ് കാണേണ്ടത്. പക്ഷേ, ഇതിനകത്ത് മറ്റൊരു വിലയിരുത്തൽ എന്നത് 20ാം നൂറ്റാണ്ടിന്റെ ആരംഭകാലത്തുണ്ടായ, അല്ലെങ്കിൽ 19ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ വന്ന ഈ നവോത്ഥാന പരിശ്രമങ്ങളുടെ തുടർച്ചയാണ് പിന്നീടു വരുന്ന 1957ലെ ഗവൺമെന്റ് എന്നതാണ്. ആ സർക്കാർ കൊണ്ടുവന്ന രണ്ട് പ്രധാന കാര്യം ഭൂപരിഷ്കരണവും വിദ്യാഭ്യാസ രംഗത്തെ ഇടപെടലുകളുമാണ്. ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലിനെയും വിമോചന സമരത്തിലൂടെ ഇല്ലാതാക്കി. സർക്കാറിന്റെ രാഷ്ട്രീയാധികാരംപോലും പോയി. അങ്ങനെ നിലവിലെ ഇടതു സർക്കാർ വീണ്ടും ഒരു നവോത്ഥാനത്തിന്റെ ശ്രമം നടത്തുകയാണെങ്കിൽ എവിടെയാണോ പരാജയപ്പെട്ടതും പാതിവഴിയിൽ നിലച്ചുപോയതും അവിടെനിന്നല്ലേ തുടങ്ങേണ്ടത്.

ഒന്നു കൂടി തെളിച്ചു പറഞ്ഞാൽ..?
ഞങ്ങൾ ഇപ്പോൾ മുന്നോട്ടുവെക്കുന്ന ഭൂമി, വിദ്യാഭ്യാസം എന്നീ മുദ്രാവാക്യങ്ങളിൽതന്നെയാണ് ഇടതു സർക്കാർ നവോത്ഥാന നീക്കങ്ങൾ പുനരാരംഭിക്കുന്നെങ്കിൽ ഉൗന്നൽ കൊടുക്കേണ്ടത്. അല്ലാതെ കുറച്ച് സംഘടനകളെ വിളിച്ചുകൂട്ടി ഒരു പ്ലാറ്റ്ഫോമുണ്ടാക്കി ഒരു പ്രസംഗം നടത്തിയ ശേഷം ഇതെല്ലാം നവോത്ഥാനവും പരിഷ്കരണവുമാണ് എന്ന് പറയുന്നതിൽ കാര്യമില്ല. ബി.ആർ.പി. ഭാസ്കർ, എം.ജി.എസ് എന്നിവരെപ്പോലുള്ളവരുടെ വലിയ വിമർശനം നവോത്ഥാന സമിതിയുണ്ടാക്കിയപ്പോൾ ഉയർന്നിരുന്നു. ചിലർ ഇതിനെ ഒരു കോമാളിക്കളി എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ, അന്ന് നാട് വല്ലാത്ത അവസ്ഥയിൽനിന്നപ്പോൾ ഇത് കേരളത്തിന്റെ ഹിതമല്ല എന്ന് പറയാൻ ഒരു പ്ലാറ്റ് ഫോം വേണമായിരുന്നു. കാരണം, സംഘ്പരിവാർ അജണ്ടകളെ അനുകൂലിക്കാത്ത ആളുകളുടെ ഒരു സംഘടിതമായ സാന്നിധ്യം കേരളത്തിന് അനിവാര്യമായ ഘട്ടത്തിലാണ് അങ്ങനെയൊരു നവോത്ഥാന സമിതിയുണ്ടാക്കിയത്. പക്ഷേ, നവോത്ഥാനത്തിന്റെ ആത്മാവിലേക്ക് കടന്നുചെല്ലുേമ്പാൾ എവിടെയാണോ വീണുപോയത് അവിടെ നിന്ന് തുടങ്ങണമെന്നതിനാണ് പ്രസക്തി. 1957ലെ സർക്കാറിന് നേതൃത്വം നൽകിയ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ തുടർച്ചയാണ് ഇൗ സർക്കാർ. ഞങ്ങൾക്ക് പറയാനുള്ളത് അന്നത്തെ വീഴ്ചയിൽനിന്ന് പുനരാരംഭിക്കാൻ കഴിയണമെന്നതാണ്. സർക്കാറിന്റെ പ്ലാറ്റ്ഫോം പങ്കുവെക്കുേമ്പാൾ നമ്മൾ പുലർത്തേണ്ട ഒൗചിത്യവും സംയമനവുമുണ്ട്. ഞാനിപ്പോൾ നവോത്ഥാനത്തിന്റെ പ്ലാറ്റ്ഫോമിൽനിന്ന് വരുേമ്പാൾ എനിക്ക് ചോദ്യങ്ങൾക്ക് മറുപടിയൊന്നുമില്ല. എനിക്ക് ആ സർക്കാർ പ്ലാറ്റ്ഫോമിൽനിന്ന് അതേ അർഥത്തിലും ഗൗരവത്തിലും ഇൗ പ്രശ്നത്തെ അഡ്രസ് ചെയ്യാൻ കഴിയാതെ വരും.
സി.പി.െഎയുമായി സഹകരിച്ചായിരുന്നു താങ്കളുടെ പ്രവർത്തന തുടക്കം. പിന്നീട് കോൺഗ്രസുമായി അടുക്കുന്നു, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെ അയ്യൻകാളി കാർഷിക സമരത്തിന്റെ ശതാബ്ദിയിലേക്ക് അതിഥിയായി കൊണ്ടുവരുന്നു. പിന്നീട് നേവാത്ഥാന സമിതിയുടെ ഭാഗമായി സി.പി.എമ്മുമായി സഹകരിച്ചു. ഇപ്പോൾ അവിടെനിന്നും ഇറങ്ങി. അടുത്ത ഒരു രാഷ്ട്രീയ ലൈൻ എന്ത് എന്നത് പ്രസക്തമായ ചോദ്യമല്ലേ..?
ഞങ്ങളെ സംബന്ധിച്ച് അങ്ങനൊരു രാഷ്ട്രീയ ആഭിമുഖ്യമില്ല. നമ്മളെപ്പോഴും നയങ്ങളെ അടിസ്ഥാനപ്പെടുത്തി വിഷയാധിഷ്ഠിതമായാണ് നിലപാട് സ്വീകരിക്കുന്നത്. എനിക്ക് സി.പി.െഎയിൽ അംഗത്വമുണ്ടായിരുന്നു. കെ.പി.എം.എസിന്റെ മുഴുവൻ സമയ ഉത്തരവാദിത്തത്തിലേക്ക് വന്നപ്പോൾ പാർട്ടി അംഗത്വം എനിക്കൊരു സമ്മർദമാകരുത് എന്ന് തോന്നി ഉപേക്ഷിക്കുകയും ചെയ്തു. പിന്നെ അതിനുശേഷം അങ്ങനെയൊരു ബന്ധമില്ല. സർക്കാറുകളോട് സമരം ചെയ്തും സമരസപ്പെട്ടുമേ നമുക്കീ വിഭാഗം ആളുകളുടെ പ്രശ്നം പരിഹരിച്ച് മുന്നോട്ടു പോകാൻ കഴിയൂ. അതുകൊണ്ട് കാലാകാലങ്ങളിൽ വരുന്ന ജനാധിപത്യ സർക്കാറുകളോട് മുഖംതിരിഞ്ഞ് നിൽക്കാൻ നമുക്ക് പറ്റില്ല. പക്ഷേ, നയപരമായി വിയോജിപ്പുണ്ടെങ്കിൽ ആ നിലയിൽതന്നെ സർക്കാറുകളോട് വിയോജിപ്പ് രേഖപ്പെടുത്തുകയും അവരോട് കലഹിക്കുകയും ചെയ്യും. സംഘ്പരിവാർ പ്രസ്ഥാനങ്ങൾ കേരളത്തെ വല്ലാത്തൊരു അവസ്ഥയിലേക്കെത്തിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ സർക്കാറിനെ പിന്തുണക്കുക എന്നത് ഉത്തരവാദിത്തമായി കാണുന്നു. കാരണം ഞങ്ങളിതെല്ലാം ജീവിതംകൊണ്ട് അനുഭവിച്ചവരാണ്. ആചാരങ്ങളെ ലംഘിച്ചാണ് ഞങ്ങൾ ഇതുവരെയെത്തിയത്. മാമൂലുകളുടെയും യാഥാസ്ഥിതിക കാഴ്ചപ്പാടുകളുടെയും പ്രതിബന്ധങ്ങൾ പൊട്ടിച്ച് ഇതുവരെ വന്ന വിഭാഗത്തിന് സമൂഹത്തിൽ ശേഷിക്കുന്ന ഇത്തരം കാര്യങ്ങളെ ഉന്മൂലനം ചെയ്യുന്നതിനായി പോരടിക്കേണ്ട ഉത്തരവാദിത്തമുള്ളവരാണ്. അതുകൊണ്ട് ചരിത്രപരമായ കടമ നമ്മൾ നിർവഹിച്ചുവെന്നാണ് വിലയിരുത്താനാവുക. അത് സി.പി.എമ്മിനോട് അങ്ങനെയുള്ള ഒരു ആഭിമുഖ്യമായി രേഖപ്പെടുത്തേണ്ടതില്ല. വിയോജിപ്പ് രേഖപ്പെടുേത്തണ്ട ഘട്ടത്തിൽ ഞങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തും. അത് വിഷയാധിഷ്ഠിതമാണ്. കോൺഗ്രസിനോടും ഇതേ നിലപാടു തന്നെ. എല്ലാ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകളുള്ളവരും സംഘടനയിലുണ്ട്. പ്രസ്ഥാനത്തെ സംബന്ധിച്ച് പ്രത്യേകമായൊരു ബ്രാൻഡിങ് ഇല്ല.
അങ്ങ് സജീവമായി ഇടപെട്ട സംഭവമാണ് വാളയാർ കേസ്. വാളയാർ പെൺകുട്ടികളുടെ അമ്മ ഒരു ചാനലിനോട് വെളിപ്പെടുത്തിയത് എല്ലാ പിന്തുണയും നൽകാമെന്ന് പുന്നല ശ്രീകുമാർ പറഞ്ഞു പറ്റിച്ചു എന്നും മക്കളുടെ ജീവൻവെച്ച് വിലപേശിയാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൊണ്ടുപോയത് എന്നൊക്കെയാണ്. എന്താണ് ഈ വിഷയത്തിലെ വസ്തുത..?
പോക്സോ കോടതിക്ക് സെഷൻസ് കോടതിയുടെ സ്റ്റാറ്റസ് ആണ്. വാളയാർ കേസിൽ പ്രോസിക്യൂഷൻ പരാജയപ്പെടുന്നു, പ്രതികളെ വെറുതെ വിടുന്നു. പിന്നീട് അപ്പീൽ പോകേണ്ടുന്നത് നമ്മളല്ല, സ്റ്റേറ്റാണ്. സർക്കാറിനെ, പഴുതുകളില്ലാതെ അപ്പീൽ പോകാൻ പ്രേരിപ്പിക്കുന്ന ഒരു ഇടപെടൽ മാത്രമാണ് നമുക്ക് അതിൽ ചെയ്യാൻ പറ്റുന്നത്. സർക്കാറിന് മുന്നിൽ ഈ അമ്മയുടെ ആവശ്യങ്ങൾ എത്തിക്കുക എന്നതായിരുന്നു നമുക്ക് ചെയ്യാനുണ്ടായിരുന്നത്. ഇതിനിടെ പലതരത്തിലുള്ള പ്രക്ഷോഭങ്ങൾ നടന്നു. കുട്ടികളുടെ അമ്മ പല സമരപ്പന്തലിലേക്കും പോയി. പക്ഷേ, ആവശ്യങ്ങൾക്കെല്ലാം ആത്യന്തികമായി കോടതിയിലൂടെയേ പരിഹാരമുള്ളൂ. അങ്ങനെയാണ് വാളയാർ പെൺകുട്ടികളുടെ അമ്മയെ മുഖ്യമന്ത്രിയുടെ മുന്നിൽ എത്തിക്കുന്നത്. ''സർക്കാർ അപ്പീൽ പോകണം, ഒരു സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ഞങ്ങൾ ആവശ്യപ്പെടുന്നു, ഇക്കാര്യത്തിൽ കോടതി സർക്കാർ നിലപാട് ആരാഞ്ഞാൽ സർക്കാർ കോടതിയിൽ 'നോ' പറയരുത്'' എന്നിവയാണ് സർക്കാറിനോട് നമ്മൾ ആവശ്യപ്പെട്ടത്. സർക്കാർ അക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിക്കില്ല എന്ന് അന്നത്തെ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയും വാക്ക് തന്നു. സർക്കാർ പറഞ്ഞ വാക്ക് പാലിക്കുകയും ചെയ്തു. തീരുമാനമെടുക്കുകയും വിജ്ഞാപനമിറക്കുകയും സി.ബി.ഐ ആവശ്യത്തെ കോടതിയിൽ പിന്തുണക്കുകയും ചെയ്തു. പക്ഷേ കുട്ടികളുടെ അമ്മ വീണ്ടും ഉപരിപ്ലവമായ ചിന്തകളും അഭിപ്രായങ്ങളുമായി പല സംഘടനകളുടെയും ഏജൻസികളുടെയും കൈകളിലെത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യമുണ്ടായി. ആ കുടുംബത്തോടുണ്ടായിരുന്ന ഈ നാടിന്റെ എല്ലാ അനുഭാവത്തെയും അവർ സ്വന്തം
പ്രവൃത്തികൊണ്ട് ഇല്ലാതാക്കുകയായിരുന്നു. ഞങ്ങളാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ വെച്ചിരുന്നു. ഇത്തരമൊരു പ്രശ്നത്തെ അഡ്രസ് ചെയ്യേണ്ടതാണ് എന്നതുകൊണ്ട് സംഘടന തീരുമാനിച്ച് ഇടപെടുകയായിരുന്നു. സംഘടനയും ഞങ്ങളിലൂടെ സർക്കാറും പറഞ്ഞ വാക്കുകൾ ഇക്കാര്യത്തിൽ പാലിച്ചിട്ടുണ്ട്. വാളയാർ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഒരു മോണിറ്ററിങ് സംവിധാനത്തിന് രൂപംകൊടുത്തു. സാമൂഹികനീതി വകുപ്പ്, പട്ടികവിഭാഗ വികസന വകുപ്പ്, നിയമവകുപ്പ് എന്നിങ്ങനെ വകുപ്പ് സെക്രട്ടറിമാെര ഉൾപ്പെടുത്തിയാണ് നിരീക്ഷണ സംവിധാനം. സമാനസ്വഭാവത്തിലുള്ള മറ്റൊരു കേസിനും പ്രോസിക്യൂഷൻ പരാജയപ്പെടുന്ന അനുഭവമുണ്ടാകാതിരിക്കാൻ വേണ്ടിയാണത്.
പക്ഷേ, മധുവിന്റെ കേസ്... ആറ്റിങ്ങലിലെ പിങ്ക് പൊലീസ് കേസ്..?
ഇക്കാര്യത്തിൽ ഞാൻ വിമർശനം ഉന്നയിച്ചിരുന്നു. മധുവിന്റെ കേസിൽ സാക്ഷികൾ കൂട്ടമായി കൂറുമാറിക്കൊണ്ടിരിക്കുകയാണ്. സർക്കാർ ഉണ്ടാക്കിയ എന്ത് നിരീക്ഷണ സംവിധാനമാണ് ഫലപ്രദമായത്. ഒരു കേസിൽനിന്നുപോലും സർക്കാർ പാഠമുൾക്കൊള്ളുന്നില്ല. ഇതെല്ലാം കേരളംപോലൊരു സംസ്ഥാനത്താണ് നടക്കുന്നതെന്ന് ഒാർക്കണം. മുന്നാക്ക സംവരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ വലിയ വ്യഗ്രത കാണിക്കുന്നു. എന്നാൽ, പട്ടികവിഭാഗങ്ങളുടെ കാര്യങ്ങളിൽ അത്ര സജീവമായ ഇടപെടലുകൾ ഉണ്ടാവുകയും ചെയ്യുന്നില്ല. ഇതിനോട് ചേർത്ത് പറയാനുള്ളതാണ് ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ സംഭവം. യഥാർഥത്തിൽ കുറ്റവാളിയെന്ന് മുദ്രകുത്തപ്പെട്ട ഒരു കുട്ടിയും അതിന്റെ പിതാവും കേരളീയ സമൂഹത്തിന് മുന്നിൽ തലകുനിച്ചു നിൽക്കുകയായിരുന്നു. കോടതി കുട്ടിക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നു. യഥാർഥത്തിൽ ആ ജാള്യതയിലും അഭിമാനക്ഷതത്തിലുംനിന്ന് ആ കുടുംബത്തെ കേരളീയ സമൂഹത്തിനുമുന്നിൽ തല ഉയർത്തിനിൽക്കാൻ സർക്കാറിന് ചെയ്യാൻ കഴിയുന്ന കാര്യമായിരുന്നു ആ വിധി നടപ്പാക്കുക എന്നത്. പക്ഷേ, സർക്കാർ അപ്പീൽ പോവുകയാണുണ്ടായത്. ഇതിലൂടെ എന്ത് മെസേജാണ് സർക്കാർ പങ്കുവെക്കുന്നത്. ഇവിടെയാണ് പ്രശ്നം. മുന്നാക്ക സംവരണ കാര്യത്തിലെ സർക്കാറിന്റെ വ്യഗ്രതയും പിന്നാക്ക വിഭാഗങ്ങൾക്ക് കിട്ടേണ്ട സാമാന്യ നീതിയുടെ കാര്യത്തിൽ കാട്ടുന്ന അവധാനതയും ഈ വിഭാഗങ്ങൾക്കിടയിൽ വലിയതോതിലുള്ള ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. അത് ദൂരീകരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും.
സംവരണം അവകാശമായി കാണുന്നവരുണ്ട്. എന്നാൽ, എന്തോ ഔദാര്യംപറ്റലാണെന്ന ചിന്ത ചില പിന്നാക്ക വിഭാഗങ്ങളിൽ ഉണ്ടാകുന്നതായി വിമർശനമുണ്ടോ. അതായത് സംവരണത്തെ പിന്തുണച്ചാൽ തങ്ങളും എസ്.സി, എസ്.ടി വിഭാഗങ്ങളുമായി വ്യത്യാസം ഉണ്ടാകില്ലെന്ന ജാതീയ ഭയം..?
അതിപ്പോൾ മുന്നാക്ക സംവരണത്തോടെ അത്തരം ആക്ഷേപങ്ങളെല്ലാം പോയല്ലോ. ഏറെ നാളായി അധികാര സ്ഥാനങ്ങളിൽ അകറ്റിനിർത്തപ്പെട്ട ജനതയെ അതിന്റെ പ്രാതിനിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംവരണ സിദ്ധാന്തത്തിന് വലിയ ആത്മാവുണ്ട്. അതിനെ ആ അർഥത്തിൽ കാണാത്തതുകൊണ്ടാണ് ഇത്തരം ചിന്തകൾ വരുന്നത്.

ആദിവാസിയായ മധുവിനെ കെട്ടിയിട്ടു മർദിക്കുന്നു
സംവരണം അനുഭവിക്കുന്നത് രണ്ടാംതരം പൗരൻമാരാണ്, അവർ കാര്യക്ഷമതയില്ലാത്തവരാണ്, അവരെ ആ നിലയിൽ പരിഗണിക്കണം എന്നൊക്കെ ആക്ഷേപം ചൊരിഞ്ഞവർ തന്നെ അതേ സംവരണത്തിന്റെ ആനുകൂല്യം അനുഭവിക്കാൻ പോവുകയാണ്. അപ്പോൾ സമൂഹത്തിൽ അതേക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്കും വ്യതിയാനം സംഭവിച്ചിട്ടുണ്ടാകും.
ഇപ്പോൾ കോടതിയുടെ പുതിയ നിരീക്ഷണം അനുസരിച്ചാണെങ്കിൽ വർഗരഹിത-ജാതിരഹിത സമൂഹത്തിന് സംവരണം തടസ്സമാകുന്നുവെന്നല്ലേ. ഇതിനെല്ലാം വ്യഗ്രതകാട്ടി നിൽക്കുന്ന കേന്ദ്രത്തിലെ സർക്കാറിന് മുന്നിൽ കോടതി ഉത്തരവോടെ ആയുധം വീണുകിട്ടിയിരിക്കുകയാണ്. സംവരണവും സംരക്ഷണവുമില്ലാത്ത കാലത്തേക്കാണ് നാട് പോവുന്നത്. അതില്ലാതെ ജീവിക്കാൻ ഒരു സമൂഹത്തെ എങ്ങനെ പ്രാവർത്തികമാക്കാം എന്ന ചർച്ചകളും തുടങ്ങേണ്ടിയിരിക്കുന്നു. സംവരണവും സംരക്ഷണയുമില്ലാത്ത ഒരു കാലത്ത് പിന്നാക്ക വിഭാഗങ്ങളെ ജീവിക്കാൻ പ്രാപ്തമാക്കുന്ന, ആത്മവിശ്വാസം കൊടുക്കുന്ന പ്രവർത്തനങ്ങളിലേക്ക് പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രത്യയശാസ്ത്രം മാറേണ്ടതുണ്ട്. കാരണം, ഇൗ സംവരണം അധിക കാലം നിൽക്കില്ല. 104ാം ഭരണഘടന ഭേദഗതിയിലൂടെയാണ് ആംഗ്ലോ ഇന്ത്യൻ സംവരണം എടുത്തുകളഞ്ഞത്. പിന്നാക്ക സംവരണത്തിൻമേൽ കൈവെക്കുന്നതിനും അധിക കാലമില്ല. ഇനി സംവരണത്തെ സംബന്ധിച്ച് വലിയ പ്രതീക്ഷ വെച്ചുപുലർത്തിയിട്ട് കാര്യമില്ല.
എയ്ഡഡ് സ്ഥാപനങ്ങളിലെ സംവരണം എന്നത് ഇപ്പോഴും കീറാമുട്ടിയാണല്ലോ... ഇനി പ്രതീക്ഷ വെക്കേണ്ടതുണ്ടോ..?
1960ലെ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലെ സർക്കാർ ഇ.എം.എസ് സർക്കാറിന്റെ വിദ്യാഭ്യാസ പരിഷ്കണ ബിൽ മരവിപ്പിക്കുകയായിരുന്നു. നിയമനം മാനേജ്മെന്റുകൾക്ക് കൊടുക്കുകയും ചെയ്തു. അതിനുശേഷം നാളിതുവരെ മാറിമാറിവന്ന സർക്കാറുകൾ ഈ വിഷയത്തെ തൊട്ടിട്ടില്ല. എപ്പോഴെങ്കിലും ഇത് സംബന്ധിച്ച ചർച്ചയുയരുമ്പോൾ എൻ.എസ്.എസും കത്തോലിക്ക സഭയുമെല്ലാം വിമോചന സമരത്തിന്റെ അസ്ഥിപഞ്ജരം കാട്ടി കേരളത്തെ പേടിപ്പിക്കുകയാണ്. 2016ൽ സംസ്ഥാന സർക്കാർ നിയമസഭയുടെ യുവജന ക്ഷേമ-യുവജനകാര്യ സമിതി രൂപവത്കരിച്ചിരുന്നു. അഞ്ച് ഇടത് എം.എൽ.എമാരും നാല് യു.ഡി.എഫ് എം.എൽ.എമാരുമാണ് ആ സമിതിയിലുണ്ടായിരുന്നത്. 2017ൽ ആ സമിതി റിപ്പോർട്ട് കൊടുത്തു. ഈ സമിതി ചൂണ്ടിക്കാട്ടിയത് എയ്ഡഡ് മേഖലയിൽ പട്ടിക വിഭാഗങ്ങൾക്ക് വലിയ വിവേചനം ഉണ്ടാകുന്നുണ്ടെന്നും എയ്ഡഡ് മേഖലയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തണമെന്നുമാണ്. ഇപ്പോൾ അഞ്ചു വർഷം പിന്നിടുന്നു. തുടർഭരണം കിട്ടി. അതേ മുഖ്യമന്ത്രി തന്നെ സംസ്ഥാനം ഭരിക്കുന്നു. എന്നിട്ടും അഞ്ച് വർഷമായി സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ല. യു.ഡി.എഫ് എം.എൽ.എമാർകൂടി അനുകൂലിച്ചതുകൊണ്ട് ഈ വിഷയത്തിൽ എന്തായാലും രാഷ്ട്രീയ തർക്കം വരില്ലല്ലോ.
ഇക്കാര്യങ്ങളിലെ ശുഭപ്രതീക്ഷക്കുള്ള കാരണമെന്താണ്..?
ഭൂമിയുടെ കാര്യത്തിലും എയ്ഡഡ് സ്ഥാപനങ്ങളിലെ സംവരണകാര്യത്തിലും പോസിറ്റിവായി ചിന്തിക്കാൻ കഴിയുന്ന സാഹചര്യവും സാധ്യതയുമുണ്ട്. ഇക്കാര്യത്തിൽ പ്രത്യാശക്ക് വകയുമുണ്ട്. മാത്രമല്ല, ഞങ്ങളീ സർക്കാറിന്റെ കമ്മിറ്റികളിലൊക്കെ പോയി ഇക്കാര്യങ്ങൾ ഉന്നയിക്കുമ്പോൾ അവർ പറയുന്നത്, ''സർക്കാറിന്റെ പോളിസി ഇതാണ്, പക്ഷേ വിമോചന സമരം കണ്ട ഒരു സർക്കാറിന്റെ പിന്തുടർച്ചയാണ് ഞങ്ങൾ, ഇപ്പോഴും അക്കാര്യങ്ങളിൽ എന്തെങ്കിലും ചർച്ച വന്നാൽ അവർ ഭീഷണിപ്പെടുത്തുകയാണ്, അതിനെ അതിജീവിക്കാൻ കഴിയുന്ന ഒരു സാമൂഹിക സമ്മർദം എന്തുകൊണ്ട് ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല'' എന്നാണ്. ചോദ്യം ശരിതന്നെയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളിൽ ഞങ്ങളുടെ ദൗർബല്യവുമുണ്ട് എന്ന് പറയേണ്ടിവരുന്നു. കാലഘട്ടത്തിന്റെ അനിവാര്യത പരിഗണിച്ചും കോടതി വിധിയുടെ പശ്ചാത്തലത്തിലും ഞങ്ങൾക്ക് ഇന്നലെ വരെ കടന്നുചെല്ലാൻ കഴിയാതിരുന്ന മേഖലകളിലേക്ക് കൂടി ചെന്നില്ലെങ്കിൽ ഈ വിഭാഗത്തിന്റെ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ കുറെയേറെ പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ട് തന്നെ നേരത്തേ പറഞ്ഞ ഭീഷണിയെയും സമ്മർദത്തെയും അതിജീവിക്കാൻ കഴിയുന്ന ഗുണഭോക്താക്കളുടെ സമ്മർദം രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്. സർക്കാറിനെതിരെയാണോ പ്രക്ഷോഭം എന്ന് ചോദിച്ചാൽ സാമാന്യ ലോജിക് വെച്ച് കലഹം എപ്പോഴും വ്യവസ്ഥിതിയോടാണെന്ന് പറയാം. ആര് ഭരിച്ചാലും ശരി. പക്ഷേ സർക്കാറിന്റെ പോളിസിയാണിതെങ്കിൽ അവർക്ക് ചെയ്യാൻ അനുകൂലമായ മണ്ണൊരുക്കവും സമ്മർദവുമായി കൂടി ഞങ്ങളുടെ പ്രക്ഷോഭത്തെ വിലയിരുത്താം. പൊതുസമൂഹത്തിന്റെകൂടി പിന്തുണയില്ലാതെ ആവശ്യങ്ങൾ നേടിയെടുക്കാനാവില്ല. അതുകൊണ്ടുതന്നെ സമരവും സംവാദവുമായി മുന്നോട്ടുപോകാനാണ് ആലോചിക്കുന്നത്. എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുക എന്നത് നാടിന്റെ പൊതു ആവശ്യമാണ്, ഞങ്ങളുടേത് മാത്രമല്ല. 45 ലക്ഷം ചെറുപ്പക്കാരാണ് തൊഴിൽരഹിതരായി കേരളത്തിലുള്ളത്.
എയ്ഡഡ് സംവരണത്തിന് സി.പി.എം സംഘടനയായ പി.കെ.എസ് സമരം നടത്തിയിരുന്നല്ലോ...
സർക്കാറിന്റെ പോളിസി അനുകൂലമാണെന്ന് പറഞ്ഞ സാഹചര്യത്തിൽ ഈ ആവശ്യത്തെ അവരിലൂടെ അഭിസംബോധന ചെയ്യുകയും അതിന്റെ ഖ്യാതി നേടുകയും ചെയ്യുക എന്ന രാഷ്ട്രീയ താൽപര്യംകൂടി ഒരുപക്ഷേ ഇത്തരമൊരു സമരത്തിന് പിന്നിലുണ്ടാകാം. ഞങ്ങളെ സംബന്ധിച്ച് ഇക്കാലഘട്ടത്തിൽ സർക്കാർ ചെയ്യേണ്ടുന്നതാണെന്ന ഉറച്ച കാഴ്ചപ്പാടാണ് ഉള്ളത്.

കോട്ടയത്ത് ദലിത്-ആദിവാസി സംയുക്ത സമിതി സംഘടിപ്പിച്ച 'പ്രതിധ്വനി' സമ്മേളനം
പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്കുള്ള പരിഹാരമായി ചൂണ്ടിക്കാട്ടുന്നത് ഐക്യബോധത്തോടെയുള്ള പോരാട്ടമാണ്. പക്ഷേ, ഭിന്നത രൂക്ഷമല്ലേ. പലരും പലതട്ടിൽ. ഇവരെ ഒന്നിപ്പിക്കാൻവേണ്ടി രൂപംകൊള്ളുന്ന കോഓഡിനേഷൻതന്നെ ഒന്നിലധികമായി..?
ജീവിതം പൊറുതിമുട്ടുന്ന സാഹചര്യത്തിൽ ജനം തെരുവിലിറങ്ങും. ഇപ്പോൾതന്നെ ഭൂമിയും എയ്ഡഡ് സ്ഥാപനങ്ങളിലെ സംവരണ ആവശ്യത്തിലുമടക്കം പോസിറ്റിവായാണ് ദലിത് സംഘടനകളെല്ലാം പ്രതികരിക്കുന്നത്. പ്രത്യേകിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ. വലിയ തിരിച്ചറിവിലേക്ക് ഈ വിഭാഗങ്ങളെല്ലാം എത്തിയിട്ടുണ്ട്. അതിൽ മുൻകൈയെടുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. നിങ്ങൾ നോക്കൂ, ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ ചെറുതും വലുതുമായ ഏതാണ്ട് ഒട്ടുമിക്ക പ്രസ്ഥാനങ്ങളും ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമായി മാറും. കേരളം കണ്ടിട്ടില്ലാത്ത സംഘടിതമായ മുന്നേറ്റത്തിനാണ് കേരളം സാക്ഷിയാകാൻ പോകുന്നത്. ഭിന്നതകൾ ഇതിന് തടസ്സമാവില്ല. വിവാദ വിഷയങ്ങളോ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളോ ഞങ്ങൾ എടുക്കുന്നില്ലല്ലോ. എല്ലാവർക്കും അഭിപ്രായ ഐക്യമുള്ള വിഷയങ്ങളല്ലേ, അടിസ്ഥാന വിഷയങ്ങളല്ലേ. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മുമ്പില്ലാത്ത വിധത്തിലുള്ള ഐക്യം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ബി.ജെ.പി അധികാരത്തിലെത്തിയശേഷമുള്ള രാജ്യത്തെ സവിശേഷ സാഹചര്യത്തിൽ ഉയർന്നുവന്ന മുദ്രാവാക്യമാണ് ദലിത്-മുസ്ലിം ഐക്യമെന്നത്. ഈ ഫോർമുലക്ക് എത്രത്തോളം പ്രസക്തിയുണ്ട്..?
സമാനസ്വഭാവമുള്ളവരുടെ യോജിപ്പ് എന്നത് സ്വാഭാവികമായി നടക്കുന്ന ഒരുതരം മോൾഡിങ് പ്രക്രിയയാണ്. അത് യാന്ത്രികമായി നടക്കുന്ന കാര്യമല്ല. പീഡിതരുടെ സ്വരത്തിലും സാന്നിധ്യത്തിലും പ്രതിരോധത്തിലും സമാനതയുടെ ഫീലുണ്ടാകും. വിവേചനങ്ങളിലൂടെ നിലനിൽക്കാൻ ആഗ്രഹിക്കുന്ന സർക്കാറാണ് കേന്ദ്രത്തിലേത്. ആ വിവേചനങ്ങൾ പലരൂപത്തിൽ നാട്ടിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അപ്പോൾ അതിൽ ഇരയാക്കപ്പെടുന്നവരുടെ ഐക്യവും സ്വാഭാവികമായും ഉണ്ടാകും. പ്രതികരണങ്ങൾ ഐക്യത ഫീൽ ചെയ്യും. പ്രതിരോധങ്ങളിൽ ഒരു ഏകതാനത അനുഭവപ്പെടും. സ്വാഭാവികവുമാണത്.
കേരളത്തിൽ നവോത്ഥാനം സംഭവിച്ചിട്ടുണ്ടോ, അതോ അതൊരു മിഥ്യാധാരണയാണോ..?
മത-സാമൂഹിക മേഖലയിലെ പരിഷ്കരണങ്ങൾ എന്ന അർഥത്തിൽ ഒന്നും സംഭവിച്ചിട്ടില്ല എന്നൊന്നും പറയാനാവില്ല. അയ്യൻകാളിയുടെ വഴിനടക്കാനും സ്കൂൾ പ്രവേശനത്തിനുമുള്ള പ്രക്ഷോഭമെന്നത് പൊതുവഴി, പൊതു വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടിന്റെ തുടക്കമായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ശ്രീനാരായണ ഗുരു പറഞ്ഞു. അടിമകളെപ്പോലെ ജീവിക്കുമ്പോൾപോലും വിദ്യക്കുവേണ്ടി ദാഹമുണ്ടാക്കാൻ ഉൽപതിഷ്ണുക്കളായ സാമൂഹിക പരിഷ്കർത്താക്കൾക്ക് കഴിഞ്ഞു. നവോത്ഥാന പോരാളികളുടെ പ്രവർത്തനം നാടിന്റ വികാസ പരിണാമ പ്രക്രിയക്ക് ഉപകരിച്ചില്ല എന്ന് പറയാൻ പറ്റില്ല. യോഗക്ഷേമ സഭയുടെ നേതൃത്വത്തിൽ നമ്പൂതിരി സമൂഹത്തിൽ പരിഷ്കരണ പ്രവർത്തനങ്ങൾ നടന്നു. ഇത് പകർന്നുകൊടുക്കുന്ന പരിഷ്കരണത്തിന്റേതായ ഊർജമുണ്ട്. അതിനെ നിഷേധിക്കാൻ പറ്റുമോ. കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നോട്ട് പോയതിന് കാരണം പരിഷ്കരണ ചിന്ത പങ്കുവെച്ച ഉൽപതിഷ്ണുക്കളായ സാമൂഹിക പരിഷ്കർത്താക്കളും അവരുടെ പോരാട്ടങ്ങളുമാണ്. പക്ഷേ, നവോത്ഥാനത്തിന്റെ വെളിച്ചം വീശാത്ത സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിലും നടക്കുന്നുവെന്നതാണ് ദുര്യോഗം. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് എല്ലാവരും വാചാലരാകും. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ പരസ്യത്തിന്റെ പേരിൽ എന്തെല്ലാം പുകിലുകളാണ് ഉണ്ടായത്. ആൾക്കൂട്ട വിചാരണയില്ല എന്ന് പറയുമ്പോഴാണ് സമൂഹ മനസ്സാക്ഷിക്ക് മുന്നിലേക്ക് മധുവിന്റെ മുഖം ഉയർന്നുവരുന്നത്. ദുരഭിമാന കൊലപാതകത്തിെന്റ രക്തസാക്ഷിയാണ് കെവിൻ. നരബലി എന്നത് പരിഷ്കൃത സമൂഹത്തിൽ ചിന്തിക്കാൻ പറ്റുമോ? ഇത് ഇതര സംസ്ഥാനത്തായിരുന്നെങ്കിൽ ഇവിടെ എന്തെല്ലാം നടന്നേനെ. ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന എല്ലാ ജീർണതകളുടെയും കേന്ദ്രമായി കേരളം മാറുകയാണ്. ആനുകാലിക ജീവിതവ്യവഹാരങ്ങളെ ക്രിയാത്മകമായി അഭിസംബോധന ചെയ്യാൻ സർക്കാറുകൾക്ക് കഴിഞ്ഞാലേ ഇത്തരം പ്രശ്നങ്ങളെ മറികടക്കാനാകൂ. മതവചനങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നതിനെ ^അത് ആരാണെങ്കിലും ശരി ചോദ്യംചെയ്യാൻ പൗരസമൂഹം തയാറാകണം. ഉപരിതലത്തിലെ ചികിത്സകൊണ്ട് ഈ രോഗം മാറില്ല. ഇനിയൊരു ശ്രീനാരായണ ഗുരുവോ അയ്യൻകാളിയോ വരാനില്ല.
l