"മഴയെനിക്ക് ഒരു നല്ല കുളിരോർമയല്ല": രജനി പാലാമ്പറമ്പിൽ സംസാരിക്കുന്നു
കേരളത്തിലെ ദലിത് സ്ത്രീ ജീവിതം എന്താണെന്നതിന്റെ പരിച്ഛേദമാണ് എഴുത്തുകാരി രജനി പാലാമ്പറമ്പിൽ എഴുത്തിലൂടെ വരച്ചിടുന്നത്. എങ്ങനെയൊക്കെയാണ് താനും തന്റെ സമൂഹവും ബഹിഷ്കൃതരാവുന്നത് എന്നതിന്റെ ചിത്രം. കേരളത്തിലെ സിവിൽ രാഷ്ട്രീയം എവിെടയൊക്കെയാണ് പിന്നിലായി പോകുന്നത് എന്നുകൂടി ഇൗ സംഭാഷണം വ്യക്തമാക്കുന്നു.
പഠിച്ച സ്കൂളിലേക്ക് തിരിച്ചുപോയി ഉലർത്താൻ നെല്ലിമരമില്ലാത്ത ദലിത് സ്ത്രീ ജീവിതമാണ് സ്വന്തം ആത്മകഥയായ 'ആ നെല്ലിമരം പുല്ലാണി'ലൂടെ രജനി കുറിച്ചിട്ടത്. വീട്, സ്കൂൾ, കോളജ്, ജോലിസ്ഥലം തുടങ്ങിയ വിവിധ ഭൂമികകളിലൂടെ ഈ പുസ്തകം സഞ്ചരിക്കുന്നുണ്ട്. പുസ്തകത്തിന്റെ ആദ്യ പതിപ്പ് ആഘോഷിക്കപ്പെട്ടു. കേരളത്തിലുള്ളവരും വിദേശത്തുള്ളവരും പുസ്തകം സ്വീകരിച്ചു. പുസ്തകത്തിന്റെ രണ്ടാം...
Your Subscription Supports Independent Journalism
View Plansപഠിച്ച സ്കൂളിലേക്ക് തിരിച്ചുപോയി ഉലർത്താൻ നെല്ലിമരമില്ലാത്ത ദലിത് സ്ത്രീ ജീവിതമാണ് സ്വന്തം ആത്മകഥയായ 'ആ നെല്ലിമരം പുല്ലാണി'ലൂടെ രജനി കുറിച്ചിട്ടത്. വീട്, സ്കൂൾ, കോളജ്, ജോലിസ്ഥലം തുടങ്ങിയ വിവിധ ഭൂമികകളിലൂടെ ഈ പുസ്തകം സഞ്ചരിക്കുന്നുണ്ട്. പുസ്തകത്തിന്റെ ആദ്യ പതിപ്പ് ആഘോഷിക്കപ്പെട്ടു. കേരളത്തിലുള്ളവരും വിദേശത്തുള്ളവരും പുസ്തകം സ്വീകരിച്ചു. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി. എന്നിട്ടും രജനിയുടെ ജീവിതം കോട്ടയത്തെ കടുത്തുരുത്തിയിലെ മാലിന്യം ഒഴുകുന്ന ഒരു പുഴയുടെ കരയിൽ നാല് സെന്റ് കോളനിയിൽ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒരു വീട്ടിലാണ്. കേരളത്തിലെ സിവിൽ പൊളിറ്റിക്സിന്റെ പരിമിതികളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടാൻ രജനിയുടെ ജീവിതകഥ മതിയായ പാഠപുസ്തകമാണ്. ദലിത് സ്ത്രീ ജീവിത അവസ്ഥകൾ കൂടി വരച്ചുകാട്ടുകയാണ് ഇൗ സംഭാഷണത്തിലൂടെ.
കേരളത്തിൽ ദലിത് ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്നം ഭൂമിയാണ്. പലതരം ഭൂമിയിലൂടെയും ഭൂമികകളിലൂടെയും രജനി സഞ്ചരിക്കുന്നതായി 'ആ നെല്ലിമരം പുല്ലാണ്' എന്ന ആത്മകഥയിൽ പറയുന്നുണ്ട്. ബാല്യകാല ജീവിതം എങ്ങനെ ആയിരുന്നു?
ഞാന്‍ ജനിച്ചു വളര്‍ന്ന ഭൂമി പാടമൊന്നുമല്ല, ഒരു കരപ്രദേശമാണ്. അവിടെ ഒരു ഓലവീട്. കക്കൂസൊന്നും ഇല്ല. സ്വകാര്യത ആ വീടിനകത്തില്ല. രണ്ട് കുടുംബങ്ങളാണ് ആ വീട്ടില്‍ താമസിച്ചുകൊണ്ടിരുന്നത്. സ്വന്തമായി ഭൂമിയില്ല. അത് ജന്മിയുടെ ഭൂമിതന്നെയാണ്. കുറച്ചു കഴിഞ്ഞ് ജന്മി അവിടെ വീട് വെച്ചപ്പോള്‍ ഞങ്ങളെ വേറെ ഒരു സ്ഥലത്തേക്ക് മാറ്റി. അതൊരു പാടത്തെ തോടിന്റെ കരയിലായിരുന്നു. വഴിയില്ല. പാടത്തിന്റെ നടുക്കാണ് ഞങ്ങൾക്ക് സ്ഥലം കിട്ടിയത്. പാടത്തിന്റെ നടുക്ക് എന്ന് പറയുമ്പോള്‍ ഒരു ഉറപ്പും ഇല്ലാത്ത സ്ഥലം. അവിടെ അച്ഛന് ചേറുകുത്തി പൊക്കിയിട്ട് അതിനകത്തൊരു വീട് വെച്ചു. ജന്മിയാണ് അവിടെ സ്ഥലം തന്നത്. പക്ഷേ, നമുക്കൊരു അധികാരവും തന്നിട്ടില്ല. ആധാരമോ പട്ടയമോ ഒന്നുമില്ല. ഞങ്ങളവിടെ താമസിച്ചു. സ്വന്തമായിട്ട് പൈസയില്ലാതെ, അധ്വാനത്തിന്റെ ഫലമായിട്ട് അവിടെ ഓലയും അനുബന്ധ സാധനങ്ങളൊക്കെ സ്വന്തമായിട്ട് ഉണ്ടാക്കി അവിടെ താമസിച്ചു. കൃഷി ചെയ്തു. എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് ഇഴജന്തുക്കള്‍ കേറിവരാം. അതുപോലെതന്നെ കടുത്തുരുത്തിയിലെ ആളുകളിൽ പലരും വെളിക്കിറങ്ങാന്‍ വരുന്ന സ്ഥലമാണത്. അപ്പോള്‍ അതിന്റെ സ്മെല് നമ്മുടെ വീട്ടിലേക്ക് വരും. സുരക്ഷിതമല്ലാത്ത തറയാണ്. എപ്പോൾ വേണമെങ്കിലും പാമ്പ് കേറി വരാം. പിന്നെ കാലാകാലങ്ങളില്‍ കൃഷിചെയ്യുമ്പോൾ കീടനാശിനികളൊക്കെ അടിക്കുന്നതിന്റെ സ്മെൽ. വിഷവാതകങ്ങള്‍ ശ്വസിച്ച് അങ്ങനെ, എവിടെയായാലും നമുക്ക് സുരക്ഷിതമില്ലാത്ത ഒരു ഭൂമിയിലാണ് ജീവിക്കുന്നത്.
ഈ സ്ഥലത്ത് ഞങ്ങള്‍ പിന്നീട് വീടുവെക്കാന്‍ ശ്രമിച്ചപ്പോൾ അത് ഞങ്ങളുടെയാണെന്നതിന് ഒരു തെളിവുമില്ല. ഭൂമി പുറമ്പോക്കാണ്. അതിലേക്കാണ് ജന്മി ഞങ്ങളെ മാറ്റിയത്. അച്ഛന് കരം അടക്കാനായിട്ട് വില്ലേജില്‍ ചെന്നപ്പോൾ ഭൂമിയിൽ അധികാരമില്ലെന്നു മനസ്സിലായി. അച്ഛന് ജന്മിക്കെതിരെ കേസ് കൊടുത്തു. ഒന്നും വിജയിച്ചില്ല. പക്ഷേ, ലാന്‍ഡ് റവന്യൂവില്‍നിന്ന് 10 സെന്റ് സ്ഥലം ഞങ്ങള്‍ക്ക് അളന്ന് തന്നു. ഞങ്ങള്‍ അവിടെ താമസിച്ചു. അത് ജന്മിയുടെ വകയല്ല. പുറമ്പോക്കുതന്നെയാണ്.
ആൺജീവിതങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു പെൺകുട്ടി എന്ന രീതിയിൽ രജനിയുടെ ജീവിതത്തിന്റെ സംഘർഷങ്ങൾ വ്യത്യസ്തവും ഇരട്ടിയും ആയിരിക്കുമല്ലോ?
ഭൂമിയില്ലാത്ത ഒരു അവസ്ഥ ഒരു പെണ്‍കുട്ടി എന്ന നിലയില്‍ എനിക്ക് ഭയങ്കര അരക്ഷിതാവസ്ഥയുണ്ടാക്കി. കാരണം, വാതിലുപോലും ഇല്ലാത്ത വീടാണ്. കിടന്നുറങ്ങാന്‍പോലും പേടി. പേടി എന്ന് പറഞ്ഞാല്‍ മനുഷ്യര്‍ വന്ന് ആക്രമിക്കും എന്നതല്ല, മൃഗങ്ങള്‍ കേറിവരുമോ എന്നുള്ള അവസ്ഥ. അതല്ലാതെതന്നെ, പ്രബലരായിട്ടുള്ള ജന്മികളോടാണ് അച്ഛന് കേസ് പറയുന്നത്. കൂടെയുള്ള കുടുംബക്കാര്‍പോലും ജന്മിയുടെ കൂടെയാണ്. അച്ഛനെ അവര്‍ ഒരുതരത്തില്‍ നിരാകരിച്ചു എന്നുതന്നെ വേണം പറയാന്‍. അച്ഛന് ജന്മിക്ക് വേണ്ടിയാണ് ജോലിചെയ്തോണ്ടിരുന്നത്. അച്ഛന്റെ ജോലികളെല്ലാം അവർ ഇല്ലാതാക്കി. എന്റെ ഉള്ളില്‍ എപ്പോഴും അച്ഛന് ഉപദ്രവിക്കപ്പെടാമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അച്ഛന് കേസു കൊടുത്തു ഭൂമി കിട്ടിക്കഴിഞ്ഞപ്പോൾ അവര്‍ ഞങ്ങളുടെ വഴി കൂടി തടഞ്ഞു. വരമ്പുവരെ തടഞ്ഞു. ഞങ്ങള്‍ക്ക് നടക്കാന്‍ വഴിയില്ലാത്ത അവസ്ഥയായി. ഞങ്ങള്‍ നടക്കുന്ന പൊതുവായിട്ടൊരു വഴിയുണ്ടായിരുന്നു. അവിടെ വഴിയില്ലെന്ന് കാണിക്കാന്‍ അവിടെ അവര്‍ ഞെരിഞ്ഞില്‍ കൊണ്ടു വിതറി.
അച്ഛന് ധീരനായ വ്യക്തിയായിരുന്നു. അവര്‍ക്ക് അച്ഛനെ അങ്ങ് ഉപദ്രവിക്കാന്‍ പറ്റാത്തതുകൊണ്ടാണ് അച്ഛന് നിലനിന്നതെന്ന് തോന്നുന്നു. അച്ഛന് കാര്യങ്ങള്‍ക്കൊക്കെ എതിര്‍ത്ത് സംസാരിക്കും. ഇങ്ങനെയുള്ള അവസ്ഥ പെണ്‍കുട്ടി എന്ന നിലയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കിയിട്ടുണ്ട്. അതുപോലെ തന്നെ യാത്രകളും സ്കൂളിലേക്കുള്ള യാത്രകളും ഇതൊക്കെ അരക്ഷിതാവസ്ഥയുണ്ടാക്കിയിട്ടുണ്ട്.
ഞങ്ങൾ വരമ്പിലൂടെയും ചിറയിലൂടെയുമാണ് നടന്നിരുന്നത്. ചിറയിലൂടെ നടക്കുമ്പോള്‍ ജന്മികൾ ഞങ്ങളെ വിളിച്ച് മാനസികമായി ഭീഷണിപ്പെടുത്തും. മേലില്‍ ഇതുവഴി നടന്നുപോകരുത് എന്നു പറയും. പേടിച്ചു പേടിച്ചാണ് പോകുന്നത്. ഒരു വഴിപോലും നമുക്കില്ല. ശാരീരികമായി ആക്രമിച്ചില്ലെങ്കില്പോലും മാനസികമായി ആഘാതം കൂടുതലായി തരും. നമുക്കതിനകത്ത് പ്രതിരോധിക്കാനൊന്നും പറ്റില്ലല്ലോ. നമ്മളീ അരക്ഷിതാവസ്ഥയിലൂടെയാണ് ജീവിതം മുഴുവന്‍ കടന്നുപോകുന്നത്. അച്ഛന്റെ ധൈര്യമാണ് ഞങ്ങളിലേക്കും പകർന്നത്. അച്ഛന് ഭയങ്കര സ്ട്രോങ് ആയതുകൊണ്ട് അച്ഛന്റെ പിന്നില്‍ നില്ക്കുമ്പോള് നമുക്കൊരു ധൈര്യമുണ്ട്. ആ ഒരു ബലത്തിലാണ് ജീവിച്ചത്.
മേൽപറഞ്ഞ പാടത്തുനിന്നും സ്കൂളിലേക്ക് പോകുന്ന ഭൂമിയെക്കുറിച്ചും രജനി പുസ്തകത്തിൽ പറയുന്നുണ്ട്?
സാധാരണ ഞങ്ങള്‍ സ്കൂളില്‍ പാടവരമ്പില്കൂടിയാണ് പോകുന്നത്. ഞങ്ങളുടെ ഫാമിലി പോകും. ഞങ്ങളുടെ അപ്പുറത്തെ ഫാമിലി പോകും. അയല്‍വക്കത്തെ കുട്ടികളും പോകും. സാധാരണക്കാരായിട്ടുള്ള ആളുകളാണ് ഈ വരമ്പില്‍ക്കൂടി യാത്ര ചെയ്തുകൊണ്ടിരുന്നത്. ഒരു അറുന്നൂറ് എഴുന്നൂറ് മീറ്ററോളം വരമ്പിലൂടെതന്നെ പോകണം. വേനൽക്കാലത്ത് ഇടക്കാല കൃഷിചെയ്യുമ്പോള്‍ വരമ്പൊക്കെ വെള്ളം കൊണ്ടുവന്ന് ഒരുക്കിയിടും. ചളി നിറഞ്ഞ ഈ വരമ്പിലൂടെ വേണം പോകാന്‍. വേറെ വഴിയില്ല. ചളിയില്‍ ഞങ്ങളുടെ കാല് ബൂട്ടുപോലെ ചില സമയത്ത് ഇറങ്ങിപ്പോകും. ചിലപ്പോള്‍ ഇറങ്ങിപ്പോകുമ്പോള്‍ നീര്‍ക്കോലി ഉണ്ടാവും. സ്കൂളില്‍ പോകുമ്പോള്‍ നീര്‍ക്കോലി കടിച്ച അനുഭവമുണ്ട്. അയല്‍വക്കത്തെ കുട്ടികളാണെങ്കിലും ഇങ്ങനെയൊക്കെത്തന്നെയാണ് പോകുന്നത്. ഇടയ്ക്കിറങ്ങി തോട്ടില്‍ കാല് കഴുകും. അതുപോലെ തോട് ചെന്നുചേരുന്നത് ഒരു ചിറയിലാണ്. ചിറയിലാണ് പൊതുസ്ഥലത്തുനിന്ന് വരുന്ന ആളുകള്‍ മുഴുവനും കുളിക്കുന്നതും വെളിക്കിറങ്ങുന്നതും വെളിക്ക് കഴുകുന്നതും. അതിനിടയില്‍കൂടി വേണം ഞങ്ങള്‍ സ്കൂളിലേക്ക് പോകാനായിട്ട്. ഏറ്റവും വലിയ വിഷയം നമുക്ക് വഴിയേതാ വരമ്പേതാ എന്നൊന്നും അറിയാന്‍ പറ്റില്ല. അപ്പോൾ ഞങ്ങൾ നീന്തി ഒരു ലക്ഷ്യം വെച്ചോണ്ടാണ് സ്കൂളിലേക്ക് പുസ്തകങ്ങൾ അടുക്കിപ്പിടിച്ചോണ്ട് പോകുന്നത്. ബാഗൊന്നും ഇല്ല. വെള്ളത്തില്‍ പോയില്ലെങ്കില്‍ നമ്മള് രക്ഷപ്പെട്ടു എന്ന അവസ്ഥയിലാണ്. വെള്ളം കൂടിയാൽ ഞങ്ങൾ വേറൊരു ചിറയില്ക്കൂടി പോകും. അത് ഒരു ജന്മിയുടെ സ്ഥലമാണ്. അതിനകത്ത് ജാതിയും അതുപോലെതന്നെ വേറെന്തൊക്കെയോ വളര്‍ത്തിയിട്ടുള്ള ഒരു മതില്‍ക്കെട്ടുള്ള സ്ഥലമാണ്. ആ മതില്‍ക്കെട്ടിന് ഒരു ഗെയിറ്റുണ്ട്. ആ ഗെയിറ്റ് ചില സമയം തുറന്നിടും. ഞങ്ങൾ പേടിച്ചാണ് അതുവഴി പോകുന്നത്. മുതലാളി വഴക്കുണ്ടാക്കുമോ എന്ന് പേടിച്ച് മാനസികസംഘര്ഷത്തോടുകൂടിയാണ് അതിലൂടെ പോകുന്നത്. അതുപോലെതന്നെ ഞങ്ങൾ സ്കൂളിലേക്ക് പോകുമ്പോൾ റോഡിലിറങ്ങിയാലും വിഷയമാണ്. ഇരുപതാം തീയതി, ആറാം തീയതി ഒക്കെ ആകുമ്പഴേക്കും കാലിച്ചന്തയുണ്ട്. അതിനെ പേടിച്ചിട്ടു വേണം പോകാനായിട്ട്. അതിന്റെ ചാണകവും മൂത്രവും അതിനിടയ്ക്കൂടെയൊക്കെയാണ് സാധാരണക്കാരായ കുട്ടികൾ സ്കൂളിൽ പോകുന്നത്.
ഇത്തരം അനുഭവങ്ങളിലൂടെ സ്കൂളിലെ ക്ലാസ് റൂം എന്ന മറ്റൊരു ഭൂമികയിലേക്കാണ് രജനി പോകുന്നത്?
സ്കൂള്‍ അനുഭവം എന്ന് പറയുമ്പോള്‍ ചെറിയ ക്ലാസ് തൊട്ടേ ടീച്ചേഴ്സ് നമ്മളെ വലിയ കാര്യമായിട്ട് ശ്രദ്ധിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. കാരണം, കുറച്ചുകൂടി ബെറ്ററായിട്ടുള്ള കുട്ടികളെയാണ് ടീച്ചര്‍മാരും കൂടുതലായും ശ്രദ്ധിച്ചിരുന്നത്. ഞങ്ങളെ അങ്ങനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. പഠനകാര്യത്തിലാണേലും ഒരു ശ്രദ്ധ ഉണ്ടായിട്ടില്ല. അതിന്റെ കാരണം ജാതീയതതന്നെയാണ്. 'കറുമ്പി' എന്നാണ് എന്നെ ടീച്ചർമാർ വിളിക്കുക. പ്രത്യേകിച്ച് ഞങ്ങളെ പഠിപ്പിക്കുന്ന കാര്യത്തിലോ മറ്റുള്ള കാര്യങ്ങളിലോ നമ്മളെ ശ്രദ്ധിക്കാതെ ഒരു ഇരട്ടപ്പേര് മാത്രം ഇട്ട് വിളിക്കാനുള്ള ഒരു ത്വര ടീച്ചര്‍ക്ക് ഉണ്ടാകും . എനിക്ക് 'കറുമ്പി' എന്നു വിളിക്കുമ്പോൾ ഭയങ്കര നാണക്കേടുപോലെ തോന്നിയിരുന്നു. നാലില്‍ പഠിക്കുമ്പോഴാണ് അങ്ങനെ വിളിക്കുന്നത്. ഇപ്പോൾ എനിക്കതിന്റെ പ്രശ്നമൊന്നും തോന്നുന്നില്ല. അത് കഴിഞ്ഞ് സ്കൂളിലൊക്കെയാണേലും ഓര്‍ത്തിരിക്കാന്‍ പറ്റിയ ടീച്ചേര്സൊന്നും അന്നില്ലായിരുന്നു. എപ്പോഴും ശകാരങ്ങള്‍ മാത്രമായിരുന്നു കേള്‍ക്കുന്നത്. ''പഠിക്കുന്നില്ല പഠിക്കുന്നില്ല'' എന്ന ശകാരം. ''നിങ്ങള്‍ക്ക് പഠിക്കാനുള്ളതൊക്കെ ഗവണ്മെന്റ് തരുന്നുണ്ടല്ലോ എന്താണ് നിങ്ങള്‍ പഠിക്കാത്തത്?'' ഇങ്ങനെയൊക്കെയാണ് ശകാരം. ഞങ്ങളുടെ വീട്ടിലും അതിന്റേതായ പ്രശ്നങ്ങളുണ്ട്. വീട്ടിലും പഠിക്കാനുള്ള സാഹചര്യമില്ലാ എന്നുതന്നെ പറയാം. കാരണം, ഒരു മേശയില്ലാ, പുസ്തകം വെക്കാനും ഇരുന്ന് പഠിക്കാനുമുള്ള സംവിധാനമില്ല. അച്ഛന്റെ കേസും ഈ വഴിയുടെ കേസും ഈ പ്രശ്നങ്ങളും ബാധ്യതകളും ഇതൊക്കെ നമ്മുടെ വീട്ടില്‍നിന്നും ഉണ്ടാക്കുന്ന ഒരരക്ഷിതാവസ്ഥയുണ്ട്. ഇതുമായിട്ടാണ് ഞങ്ങള്‍ സ്കൂളില്‍ പോകുന്നത്. സ്കൂളില്‍ ചെല്ലുമ്പോള്‍ നമുക്ക് നല്ല ഒരനുഭവം കിട്ടുന്നില്ല. ടീച്ചേഴ്സ് എന്താ നിങ്ങള്‍ പഠിക്കാത്തെ, നിങ്ങള്‍ക്ക് സ്റ്റൈപന്റ് കിട്ടുന്നുണ്ടല്ലോ, നിങ്ങളെ ഗവണ്മെന്റ് അല്ലേ നോക്കുന്നത്, നിങ്ങള്‍ക്കെന്താ പഠിച്ചാല്‍ എന്നുള്ള രീതിയില്‍ ചോദിക്കും. ബാക്ക് സൈഡിലാണ് നമ്മള് കൂടുതലും ഇരിക്കാറുള്ളത്. അങ്ങനെ ഇരുന്നതാണോ, എനിക്കറിയില്ല. അങ്ങനെ ആയിപ്പോയത് എന്താണെന്ന് അറിയില്ല. പിന്നെ ചില ടീച്ചേഴ്സിനൊക്കെ ഭയങ്കര പുച്ഛമാണ്. റോസമ്മ എന്നൊരു ടീച്ചറുണ്ടായിരുന്നു. ആ ടീച്ചറെപ്പോഴും വംശീയമായിട്ട് കളിയാക്കിക്കൊണ്ടിരിക്കും. എനിക്ക് പറയാവുന്ന ഒരു മലയാളം അധ്യാപകന്, മാധവന് എന്ന ഒരു സാറുണ്ട്. സാറെപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മലയാളം എനിക്ക് ഇഷ്ടമായതുകൊണ്ട് സാറിന്റെ വിഷയങ്ങളൊക്കെ ഞാന്‍ ശരിക്ക് പഠിക്കുമായിരുന്നു. പിന്നെ വീട്ടില്‍ അച്ഛന് കുറച്ച് വിദ്യാഭ്യാസം ഉള്ളതുകൊണ്ടും, പഠിക്കണം പഠിക്കണം എന്ന് അച്ഛന് വീട്ടില്‍ പറയുന്നതുകൊണ്ടും പഠിക്കാൻ ശ്രമിക്കും. എല്ലാത്തിലൊന്നും ജയിച്ചില്ലെങ്കിലും രണ്ട് മൂന്നെണ്ണത്തിന് ജയിക്കുമായിരുന്നു. ആവറേജിന് താഴെയായിട്ട് ഞാന്‍ പഠിക്കുമായിരുന്നു. അച്ഛന്, പട്ടികയൊക്കെ പഠിക്കാനൊക്കെ സഹായിക്കുമായിരുന്നു. പിന്നെ ബ്രദറൊക്കെ ഇംഗ്ലീഷൊക്കെ പറഞ്ഞുതരുമായിരുന്നു. പക്ഷേ, സ്കൂളിലൊക്കെ പഠിക്കുമ്പോള്‍ കൂടുതലായിട്ടൊരു ശ്രദ്ധ നമുക്ക് വീട്ടില്‍നിന്നും കിട്ടാത്തത് ഒരു വലിയ വിഷയമാണ്. പുസ്തകം സ്കൂളില്‍നിന്ന് കിട്ടും. നമ്മുടെ സ്റ്റൈപന്റീന്ന് എന്തോ പൈസ പിടിക്കും. ഞാന്‍ മാത്രമല്ല മക്കള്‍, വേറെയുമുണ്ട്. രണ്ട് ചേട്ടന്മാരുണ്ട്. എല്ലാവര്ക്കും കൂടി ബുക്ക് മുഴുവന്‍ മേടിച്ച് തരാന്‍ പറ്റില്ല. ആദ്യം പകുതി ബുക്ക് മേടിക്കും. പിന്നെയീ വീട്ടിലെ പ്രശ്നങ്ങളൊക്കെ കാരണം ബുക്ക് മേടിക്കുന്ന കാര്യം ഞാന്‍ പറയാറില്ല. ഒരു ബുക്കിന്റെ മറുവശത്ത് ബാക്കിയെഴുതുമ്പോള് ടീച്ചേഴ്സൊക്കെ ഇതെന്താ ഇങ്ങനെയൊക്കെ എന്ന് പറഞ്ഞ് അടിച്ചിട്ടൊക്കെയുണ്ട്. ഓരോ കുട്ടിയെയും മനസ്സിലാക്കേണ്ടത് ടീച്ചര്‍മാരുടെ കടമയാണ്. പക്ഷേ, ടീച്ചര്മാര് കുട്ടിയെ മനസ്സിലാക്കാന്‍ ശ്രമിക്കാത്തതുകൊണ്ടാവാം അന്ന് അങ്ങനെയൊക്കെ തല്ലിയത് എന്ന് തോന്നുന്നു. ''നിങ്ങളുടെ അച്ഛന് മദ്യപിക്കാന്‍ പൈസയുണ്ട്. ഇങ്ങനെ കുട്ടികള്‍ പഠിക്കുന്ന കാര്യത്തില്‍ ശ്രദ്ധയില്ലെ''ന്ന് പറഞ്ഞാണ് കൂടുതലൊക്കെ വഴക്കുണ്ടാക്കുന്നത്.
സ്കൂളിലെ ഗ്രൗണ്ട് മറ്റൊരു ഭൂമിയാണല്ലോ. അവിടെ മറ്റൊരു അനുഭവം ആയിരിക്കില്ലേ?
സ്കൂളില്‍ പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കളിസ്ഥലത്താണ്. സ്കൂളിന്റെ ഒരു ഗ്രൗണ്ടുണ്ട്. പൊതുവായിട്ട് എല്ലാ കുട്ടികളും തമ്മിലുള്ള മിംഗ്ലിങ് അതിനകത്ത് നടക്കുന്നുണ്ട്. സ്കൂളിന്റെ ഓര്‍മയിൽ കളിസ്ഥലമാണ് ഏറ്റവും സന്തോഷമുള്ള ഭാഗം. സ്കൂളില്‍ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം കളിക്കാന്‍വേണ്ടി ഡ്രിൽ മാഷ് കൊണ്ടുപോകും. ഞാന്‍ ഓട്ടമത്സരത്തിനൊക്കെ പോകുമായിരുന്നു. നന്നായിട്ട് പടം വരക്കുമായിരുന്നു. പേക്ഷ, എനിക്ക് ഓരോ പരിപാടിയിലും പങ്കെടുക്കാനുള്ള കോണ്‍ഫിഡന്‍സ് ഇല്ലായ്മയുണ്ട്. ആരും പ്രോത്സാഹിപ്പിക്കില്ലായിരുന്നു. ഞാന്‍ നന്നായിട്ട് പടം വരയ്ക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ, എനിക്ക് നന്നായിട്ട് പടം വരയ്ക്കാന്‍ കഴിയുമെന്ന് മനസ്സിലുണ്ട്. ഓരോ പരിപാടിക്കും പേര് കൊടുക്കാന്‍തന്നെ പേടിയാണ്. ഒരിക്കൽ ഡ്രോയിങ്ങിനു പേര് കൊടുത്തപ്പോഴെക്ക് ടീച്ചര്‍ പറഞ്ഞു. ''നീയെന്തിനാ പേര് കൊടുക്കണേ. നീ ചുമ്മാ കൊടുക്കണ്ട'' എന്ന്. പേരും കൊടുത്തുപോയി. പിന്നെ പേര് വിളിച്ചപ്പോള്‍ ഞാന്‍ ഒളിച്ചിരിക്കുവാണ്. ഒളിച്ചിരിക്കുന്നിടത്തുനിന്ന് എന്നെ പിടിച്ചു. അപ്പോ അവര്‍ എന്നെ വിളിച്ചുകൊണ്ടുപോകാന്‍ ഒരു കാരണമുണ്ട്. രണ്ട് പേരാണ് മത്സരിക്കാനുള്ളത്. ഒരാളും കൂടി ഉണ്ടെങ്കില്‍ മാത്രമാണ് ഫസ്റ്റ്, സെക്കന്‍ഡ് ഒക്കെ തിരഞ്ഞെടുക്കാൻ പറ്റുകയുള്ളൂ. അങ്ങനെ എന്നെ വിളിച്ചുകൊണ്ടുപോയിട്ട് ഞാന്‍ വരച്ചിട്ട് എനിക്ക് സെക്കന്‍ഡ് പ്രൈസ് കിട്ടി. സ്കൂളില്‍ പോയിട്ട് ഞങ്ങള്‍ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്ന സംഭവമുണ്ട്. വീട്ടില്‍ ചെന്ന് കഴിഞ്ഞാല്‍ മിക്കവാറും ഉച്ചയ്ക്ക് ഭക്ഷണം ഒന്നും ഉണ്ടാവത്തില്ല. മിക്കവാറും കാണത്തില്ല. സ്കൂളിലിരിക്കാനും പറ്റില്ല. മറ്റുള്ള കുട്ടികള്‍ ചോദിക്കും, ''എന്താ പോവാത്തെ'' എന്ന്. അപ്പോള്‍ നമുക്ക് ഭയങ്കര കോംപ്ലക്സാണ്. മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ മനസ്സില്‍ ചങ്ക് കത്തുന്ന പോലെയാണ്. അപ്പോൾ ഞങ്ങള്‍ വീട്ടിലേക്ക് പോകും. ചിലപ്പോ അച്ഛനിങ്ങനെ അവിടന്ന് പൈസയൊക്കെ മേടിച്ചിട്ട് വല്ല ബോണ്ടയോ എന്തെങ്കിലും വാങ്ങിക്കാനായിട്ട് ബ്രദറിന്റെ കൈയില്‍ പൈസ കൊടുക്കും. അപ്പോൾ അത് വാങ്ങിച്ചു കഴിയുമ്പോള്‍ അതും എനിക്ക് നാണക്കേടാണ്. കടയില്‍ പോയി ബോണ്ട കഴിക്കാന്‍ കേറുമ്പോള്‍ കൂടെയുള്ള സഹപാഠികള്‍ കണ്ടാലോ എന്ന നാണക്കേട്. എങ്കിലും നാണിച്ച് നാണിച്ച് കേറി ഒരു ബോണ്ടയൊക്കെ കഴിക്കും.
സ്കൂളിലെ കളിസ്ഥലങ്ങൾപോലെ സ്കൂളിന് പുറത്തും ആഘോഷങ്ങൾ ഉണ്ടാകില്ലേ?
എന്റെ ഓർമവെച്ച നാളുമുതലേ ഞങ്ങളുടെ അടുത്ത് തിയറ്ററുണ്ട്. ഒട്ടുമിക്ക എല്ലാ നല്ല തമിഴ്, മലയാളം സിനിമകളും വരും. ഇംഗ്ലീഷ് സിനിമ വരും. ഓലയിട്ട ഒരു കെട്ടിടമാണ്. ഇടയ്ക്ക് അവിടെ തീയൊക്കെ പിടിക്കാറുണ്ട്. രണ്ട് മൂന്ന് പ്രാവശ്യം തീ പിടിച്ച് നശിച്ചിട്ടുണ്ട്. ആകെപ്പാടെ നമ്മുടെ ലൈഫിനകത്തൊരു സന്തോഷം എന്ന് പറയുന്നത് ഈ സിനിമ കാണാന്‍ പോകുന്നതാണ്. വീട്ടില്‍ എല്ലാവരും സിനിമ കാണാന്‍ പോകും. ആദ്യം പോകുന്നത് ആങ്ങളമാരായിരിക്കും. അത് കഴിഞ്ഞ് ഞങ്ങള്‍ പോകുന്നത് ഫസ്റ്റ് ഷോക്കായിരിക്കും. ഞാനും ചേച്ചിയുമാണ് പോകുന്നത്. അച്ഛനും അമ്മയും സെക്കന്‍ഡ് ഷോയ്ക്കാ പോകുന്നെ. അപ്പോ പൈസ ഒന്നും കാണത്തില്ല. കൊയ്ത്ത് കഴിഞ്ഞാൽ നെല്ലൊക്കെ വീട്ടില്‍ കാണും. അതൊക്കെ ചിലപ്പോ കൊടുത്തിട്ടായിരിക്കും സിനിമക്ക് പോകുന്നത്. നെല്ല് കൊടുത്തിട്ട് ഞങ്ങളാ പൈസയും മേടിച്ചോണ്ട് സിനിമക്ക് പോകും. ഏറ്റവും കൂടുതല്‍ ഞങ്ങള്‍ ആഹ്ലാദിച്ചൊരു സമയം സിനിമ കാണാന്‍ പോകുന്നതാണ്. അതുപോലെതന്നെ ഉത്സവം. ഞങ്ങളൊക്കെ എല്ലാ ഉത്സവത്തിനും പോകും. രാത്രി പരിപാടി കാണുക എന്നത് സംഭവമാണ്. തൊഴാനൊക്കെ വലുതായി കഴിഞ്ഞിട്ടാണ് പോയത്. ചെറുപ്പത്തില്‍ ഉത്സവത്തിന് നല്ല പരിപാടികളുണ്ടാകും. ബാലെയുണ്ട്. ബാെലക്കാണ് കൂടുതല്‍ പോകാറുള്ളത്. പ്രത്യേകിച്ച് അമ്മ പായ മടക്കിക്കെട്ടിവെച്ചിട്ട് അതിനുവേണ്ടി പ്രത്യേക ഇരിപ്പിടമൊക്കെ ഉണ്ടാക്കിയിട്ട് പോകാറുണ്ട്. കഥകളി എനിക്ക് ഇഷ്ടമായിരുന്നു പണ്ട്, എന്താണെന്ന് അറിയില്ല. ഞാന്‍ ഡിഗ്രിക്ക് ആയിരുന്നപ്പോ പഠിച്ചതുകൊണ്ട് കുറച്ചുകൂടി മുദ്രകളും, സംസ്കൃതം അറിയാവുന്നതുകൊണ്ട് പാട്ടൊക്കെ മനസ്സിലാവുന്നതുകൊണ്ടുമായിരിക്കും എനിക്ക് കഥകളി ഇഷ്ടം. ഇപ്പോഴും ഇഷ്ടമാണ്. അച്ഛന് എല്ലാ പരിപാടികൾക്കും കൊണ്ടുപോകും. അടുത്ത അമ്പലങ്ങളിലെ ഉത്സവങ്ങള്‍ക്കെല്ലാം കൊണ്ടുപോകും. അതിന്റെ ഒരു ഭാഗ്യം ഞങ്ങള്‍ക്കുണ്ട്. അച്ഛന് ഞങ്ങള്‍ പെമ്പിള്ളേരെ കുറേ പരിഗണിച്ചിട്ടുണ്ട്. പക്ഷേ, കഥകളി കാണാന്‍ ഓഡിയന്സൊന്നും അധികം ഉണ്ടാവില്ല. നായന്മാരും നമ്പൂതിരിമാരുമായിട്ടുള്ള ആളുകള്‍ മാത്രം അമ്പലത്തിന്റെ അവിടെ ഉണ്ടാവും. പുലയരായിട്ടും ദലിതരായിട്ടും ഞങ്ങളുടെ ഒരു ഫാമിലി മാത്രമേ അവിടെ കാണാറുള്ളൂ കഥകളി കാണാന്‍. എന്റെ ഇഷ്ടത്തിന് പോകുന്നതാണ്. ബാലെ ആയിരിക്കും കൂടുതലായിട്ടും താഴെക്കിടയിലുള്ള ആളുകളുടെ പരിപാടി. അതുകാണാനായിട്ട് നിറയെ ആളുകളുണ്ട്. അതുപോലെതന്നെ നമ്മുടെ അവിടെ കാവുണ്ട്. അവിടെ ഗരുഡന് തൂക്കം, താലപ്പൊലി ഒക്കെ ഉണ്ട്. അവിടെ മൂന്ന് സെറ്റായിട്ടാണ്. ഒന്ന്, ഈഴവരുടെ സെറ്റ്. ദലിതരുടെ രണ്ട് സെറ്റുണ്ട്. അതിന് ഭയങ്കര അടിയാ. പരിപാടി കഴിഞ്ഞിട്ട് അടിയുണ്ട്. എന്തെങ്കിലും വഴക്കുണ്ടാക്കി അതിന്റെ കേട് തീര്‍ക്കുന്നത് ഈ ഉത്സവത്തിനാണ്. പിന്നെ ശൂലം കുത്തുന്ന ഒരു പരിപാടിയുണ്ട്. കൂടുതലും ദലിതരായിട്ടുള്ള ആളുകളാണ് ശൂലം കുത്തുന്നത്. ആളെക്കാളും വലിയ ശൂലമൊക്കെ കവിളിലും നാക്കിലും കുത്തും.
മഴ എന്നത് ഭൂമിയുടെ സ്വഭാവം മാറ്റും അതുപോലെ മനുഷ്യരുടെ ജീവിതത്തിന്റെയും..?
മഴ എനിക്ക് പേടിപ്പിക്കുന്ന അനുഭവമാണ്. കാരണം, ചെറുപ്പം മുതലേ മഴയെന്ന് പറയുമ്പോ വീട്ടില്‍ വെള്ളം കയറും. പോകുന്ന വഴികളിലെല്ലാം വെള്ളം നിറയും. അതുപോലെ വീട് ചോരും. വീട് ഒരു പ്രാവശ്യം മേഞ്ഞാല്‍ രണ്ട് വര്‍ഷം ഉപയോഗിക്കാന്‍ പറ്റും. പക്ഷേ, പനയോലക്കൊക്കെ നല്ല വിലയായതുകൊണ്ട് കറക്ട് സമയത്തിന് മേയാന്‍ പറ്റത്തില്ല. അപ്പോ മഴയെന്ന് പറയുന്നത് നല്ല കുളിരോ അങ്ങനെയുള്ള നൊസ്റ്റാള്‍ജിയയോ ആയ അനുഭവം ഒന്നും എനിക്കുണ്ടായിട്ടില്ല. മഴ എപ്പോഴും എനിക്ക് ഒരു ഭീകരതയാണ്. ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്. സ്കൂളില്‍ പഠിക്കുമ്പോൾ കുടപോലുമില്ല. നമുക്ക് നടക്കാന്‍ വഴികളില്ല. അങ്ങനെയുള്ള അനുഭവങ്ങളാണ്. പിന്നെ വെള്ളം പൊങ്ങിക്കഴിഞ്ഞാല് നമുക്ക് കിടക്കാന്‍ സ്ഥലമില്ല. വീട്ടിനകത്തേക്ക് പാമ്പ് കേറിവരും. വെള്ളം കയറുമ്പോൾ ഭക്ഷണമൊന്നും പാകംചെയ്ത് കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അടുപ്പൊക്കെ വെള്ളം കയറി മുങ്ങിപ്പോകും. മഴക്കാലമൊക്കെ ആവുമ്പോ അച്ഛനു ജോലി പോലുമില്ല. പൈസയൊന്നും കാണത്തില്ല. വീട്ടില്‍ ചോറും വെക്കാന്‍ പറ്റത്തില്ല. മഴക്കാലമായാല്‍ സ്വതവേ ജോലിയെല്ലാം തീര്‍ന്നിരിക്കുന്ന സമയമാണ്.
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്, കടുത്തുരുത്തി വിട്ടു കോളജിൽ പോകുമ്പോൾ അത് പുതിയൊരു ലോകം തുറക്കുകയുണ്ടായിരുന്നോ?
അതെ. ഞാന്‍ പത്താം ക്ലാസ് ജയിക്കുമെന്ന് വിചാരിച്ചില്ല. കാരണം അന്നത്തെ കാലത്ത് അപൂർവം പേരേല്ല ജയിക്കത്തുള്ളൂ. എനിക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ല. കണക്കൊന്നും ശരിക്കറിയില്ല. പക്ഷേ ഫസ്റ്റ് ചാന്‍സ് തന്നെ എങ്ങനെയോ പാസായി. 234 മാര്‍ക്കാണ് എനിക്കുള്ളത്. അപ്പോ, എനിക്ക് അഡ്മിഷന് കിട്ടിയത് ഡി.ബി കോേളജ് തലയോലപറമ്പിലാണ്. അതുവരെ ഞാന്‍ ദൂരെയൊന്നും യാത്ര ചെയ്തിട്ടില്ല. കോളേജൊക്കെ കണ്ട് കഴിഞ്ഞപ്പോള്‍ ഭയങ്കര അങ്കലാപ്പായി. അത്ഭുതവും ഒക്കെ തോന്നി. ഒത്തിരി കുട്ടികള്‍. സാധാരണക്കാരായ കുട്ടികളാണ് അവിടെയുള്ളത്. സന്തോഷമുണ്ടായിരുന്നു കോളേജിലേക്ക് ചെന്ന് കഴിഞ്ഞപ്പോള്‍. പക്ഷേ, ക്ലാസിലൊക്കെ നമ്മള് ഇരിക്കുന്നുണ്ടെങ്കില്പോലും രണ്ട് വര്‍ഷം ഇരുന്നെങ്കിലും ഒരു അധ്യാപകന്‍പോലും നമ്മളെ ശ്രദ്ധിച്ചിട്ടേയില്ല. നമ്മളൊക്കെ എങ്ങനെയൊക്കെയോ പോയി. നമുക്കു ചില സമയങ്ങളിലൊന്നും ക്ലാസിൽ ഇരിക്കാന്‍പോലും തോന്നില്ല. നമ്മുടെ പ്രാതിനിധ്യം ഇല്ലാത്ത ഒരു സ്ഥലത്ത് നമ്മള് ഇരുന്നില്ലെങ്കിലും ആരും ശ്രദ്ധിക്കത്തില്ല. ഇരുന്നാലും ശ്രദ്ധിക്കത്തില്ല. അപ്പോള്‍ വൈകുന്നേരം ഒക്കെ മിക്കവാറും കട്ട് ചെയ്ത് വീട്ടിലേക്ക് പോരാറുണ്ട്. ക്ലാസിനേക്കാളൊക്കെ പെട്ടെന്ന് വീട്ടിലേക്ക് എത്തുക എന്ന ഒരു ത്വരയൊക്കെ നമുക്ക് ഉണ്ടാകാറുണ്ട്. പിന്നെ കോളേജ് ഡേ അങ്ങനെയൊക്കയുള്ള ഫങ്ഷന് വരുമ്പോള്‍ നമുക്ക് സന്തോഷമായിരുന്നു. സിനിമാ നടന്മാർ വരും. അങ്ങനെ ആഘോഷങ്ങളും പരിപാടികളുമൊക്കെ കാണാൻ ഇഷ്ടമായിരുന്നു. അത്തരം അനുഭവങ്ങളൊക്കെ ഇഷ്ടമായിരുന്നു. നല്ല അവസ്ഥയില്‍ ജീവിച്ചുവരുന്ന കുട്ടികളൊക്കെ മുന്‍സീറ്റിലും ഞങ്ങളൊക്കെ പിറകിലും ഇരിപ്പുണ്ട്. പക്ഷേ, ഇതുവരെ ആയിട്ടും ഒരു അധ്യാപകന്‍പോലും എന്റെ പേര് രണ്ട് വര്‍ഷമായിട്ടും വിളിച്ചിട്ട് പഠനത്തിന്റെ കാര്യവും ഒന്നും ചോദിച്ചിട്ടില്ല. അങ്ങനെയൊക്കെ ആയിരുന്നു ആ കോളേജിലെ അനുഭവം. പിന്നെ ബസിലൊക്കെ കയറി കോളേജിലേക്ക് പോവുക എന്നൊക്കെ പറയുമ്പോള്‍ സന്തോഷമുള്ളതാണ്. പിന്നെ കൂട്ടുകാര്‍, കൂട്ടുകൂടി നടക്കാനും കുറച്ച് സ്വാതന്ത്ര്യം. വീട്ടില്‍നിന്ന് മാറി കോളേജിലേക്ക് വന്നപ്പോള്‍ കുറച്ചുകൂടി സ്വാതന്ത്ര്യം. കൂട്ടുകാർക്കിടയില്‍ ഇരിക്കാനും ഇടപഴകാനുമുള്ള സ്വാതന്ത്ര്യം ഒക്കെ സന്തോഷമുള്ളതാണ്. പ്രീഡിഗ്രി ഞാന്‍ തോറ്റ് പോയിരുന്നു. ഇംഗ്ലീഷിലാണ് തോറ്റത്. ഇംഗ്ലീഷ് ഞാന്‍ തോറ്റ് കഴിഞ്ഞപ്പോള്‍ പിന്നീട് ഒരിക്കലും ഇംഗ്ലീഷ് ഞാന്‍ ജയിക്കില്ലെന്ന് കരുതി. ഇനിയിപ്പോ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ, ഇംഗ്ലീഷ് എനിക്ക് ഒട്ടും അറിയില്ലല്ലോ. ഞാനിനി പോകുന്നില്ലെന്ന് ഒക്കെ മനസ്സിനോട് പറഞ്ഞു. ഞാനിനി പ്രീഡിഗ്രി എഴുതുന്നില്ല. തയ്യല്‍ ക്ലാസിന് പോയിക്കൊള്ളാമെന്ന് പറഞ്ഞു. അച്ഛന് ''നീ ഇനി ഈ ഇംഗ്ലീഷ് എഴുതി പാസായിട്ട് തയ്യല്‍ ക്ലാസിന് പോയാല്‍ മതി''യെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ഇംഗ്ലീഷ് എഴുതിയിട്ട് രണ്ടാമത്തെ പ്രാവശ്യമാണ് പാസാകുന്നത്. ആദ്യത്തെ ആറുമാസംകൊണ്ട് എഴുതിയിട്ട് ഞാന്‍ തോറ്റുപോയി. പിന്നെയും ഞാന്‍ വിചാരിച്ചു, ഇത് എന്നെക്കൊണ്ട് പറ്റത്തില്ല. ജയിക്കത്തില്ല എന്ന്. അച്ഛൻ ഒരു സാറിന്റെ കീഴിൽ ട്യൂഷനു ചേർത്തു. സാറ് ഒരു വര്‍ഷം മുഴുവന്‍ ഫ്രീയായിട്ട് പഠിപ്പിച്ചു. സാറ് എന്നെ അടുത്തിരുത്തിയിട്ട് ഓരോ വാക്കും പറഞ്ഞുതന്നു. സാറ് എനിക്കുവേണ്ടി വളരെ അധികം കഷ്ടപ്പെട്ടു. ആ സാറ് മരിച്ചുപോയി. ഇംഗ്ലീഷ് ജയിച്ചു. ഈ കാലയളവില്‍ വീട്ടില്‍ അച്ഛന് കൃഷിപ്പണി ചെയ്യുന്നുണ്ടായിരുന്നു. പയറ് നടും. അതുപോലെതന്നെ പാവല്‍, വെള്ളരി... ഇതൊക്കെതന്നെ നമ്മളാണ് നനക്കുന്നത്. പയറെടുക്കുന്നതും അതിനോടനുബന്ധമായിട്ടുള്ള രാവിലെയും വൈകുന്നേരവും കൃഷിക്ക് നനയ്ക്കുന്നതും അതൊക്കെ ബുദ്ധിമുട്ടാണ്. പയറിന്റെ വള്ളിയിലൊക്കെ നിന്ന് വെയിലത്തൊക്കെ നിന്ന് പയറെടുക്കുന്നതും. പയറിന്റെ വള്ളി പെടലിയിലൊക്കെയുരഞ്ഞ് പൊട്ടും. എങ്ങനെയെങ്കിലും ഈ ദുരിതത്തില്‍നിന്ന് രക്ഷപ്പെടണം എന്നാണ് ചിന്ത. വീട്ടില്‍ നിന്നാല്‍ ഇങ്ങനത്തെ കഷ്ടപ്പാടാണ്. ഞാന്‍ ജയിച്ച് കഴിഞ്ഞപ്പോള്‍ അച്ഛന് പെങ്ങളുടെ മകള്‍ ഹോസ്റ്റലില്‍ ആയിരുന്നു. അപ്പോള്‍ വീട്ടില്‍ നില്ക്കാന് എനിക്ക് തോന്നിയില്ല. വീട്ടില്‍ ഒരു അരക്ഷിതാവസ്ഥയാ. എപ്പോഴും പ്രശ്നങ്ങളാ. എനിക്ക് എങ്ങോട്ടെങ്കിലും മാറിനില്‍ക്കണം. ആഗ്രഹമാണ്. പ്രീ ഡിഗ്രി പാസായപ്പോൾ ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജില്‍ എനിക്ക് അഡ്മിഷനായി.
അന്ന് ഡിബി കോളേജ്, പ്രേമത്തിന്റെ ഒരു കോളേജ് എന്നുതന്നെയാണ് അറിയപ്പെടുന്നത്. നമ്മള് എങ്ങോട്ട് നോക്കിയാലും പെയറിനെ, ലവേഴ്സിനെ കാണാം. എന്റെ മനസ്സിലുണ്ടായിരുന്നു ആരെങ്കിലും എന്നെ പ്രേമിക്കുമോ എന്ന്. എന്റെ ശരീരത്തെ തന്നെ ഭയങ്കര ഷെയിം ആയിട്ട് തോന്നിയിരുന്നു. തടിയായിരുന്നു. നല്ല കറുത്തിട്ടായിരുന്നു. കുറെ ബോഡി ഷെയ്മിങ് എനിക്ക് അപ്പോഴേക്കും കിട്ടിയിട്ടുണ്ട്. ബസില്‍ കയറാന്‍ ചെല്ലുമ്പോള്‍, പൊതുയിടത്തില്‍, കോളേജിലേക്ക് നടന്ന് പോകുമ്പോള്‍ ഇങ്ങനെ പലയിടത്ത് വെച്ചും അനുഭവപ്പെട്ടിട്ടുണ്ട്. അപ്പോള്‍ എന്റെ ഉള്ളില്‍തന്നെ അപകര്‍ഷതാബോധമുണ്ട്. എന്നെ ആരും പ്രേമിക്കില്ല. മറ്റുള്ളവരുടെ മുഖത്ത് നോക്കാനൊരു ചമ്മൽ. പ്രേമിക്കാനായി ആരും എന്നെ നോക്കിയിട്ടില്ല. അത് സത്യമായ കാര്യം. ഡിഗ്രിക്ക് ചങ്ങനാശ്ശേരി എന്‍.എസ്.എസില്‍ ചെന്നപ്പോൾ വല്ലാത്തൊരു മടുപ്പായിരുന്നു. അധ്യാപകരുടെ ഇടയില്‍നിന്നും ഓഫിസില്‍നിന്നും പുച്ഛത്തോടെയുള്ള പെരുമാറ്റം കണ്ട് മനസ്സ് മടുത്തു. ഇത് കഴിഞ്ഞ് ഞാന്‍ ഹോസ്റ്റലില്‍ ചെല്ലുകയാണ്. ഹോസ്റ്റലില്‍ ചെന്നപ്പോളാണ് ഭയങ്കര രസം. അവിടൊരു വാര്‍ഡനെ കണ്ടതായി ഞാനോര്‍ക്കുന്നില്ല. മാട്രനുണ്ട്, അവര്‍ പാവപ്പെട്ടവരെ, കറുത്ത കുട്ടികളെ ഒക്കെ ഡോര്‍മെട്രി പോലത്തെ സ്ഥലത്തേക്ക് വലിയൊരു ഓപണ്‍ സ്പെയ്സ് റൂമിലേക്ക് മാറ്റി. പണക്കാരായ കുട്ടികളെ പ്രത്യേകിച്ചും നായന്മാരായ കുട്ടികളെ വേറൊരു റൂമിലേക്കും കൊണ്ടുപോയി. എസ്.സി കുട്ടികള്‍ എന്ത് ചെയ്താലും അതിനൊക്കെ എപ്പോഴും വിളിച്ചു പറഞ്ഞോണ്ടിരിക്കുക, അപമാനിക്കുക, മറ്റുള്ളവരുടെ മുമ്പില്‍ ഭക്ഷണം ചോദിച്ചാല്‍ അവരെ തുറിച്ചു നോക്കുക... അങ്ങനെയൊക്കെ ഒത്തിരി വേദനകള്‍ എനിക്കുണ്ടായിട്ടുണ്ട്. നമുക്കൊന്നും നല്ല റൂം തരത്തില്ല. ബാത്ത്റൂമിന്റെ അടുത്തുള്ള റൂമുകളാണ്. പിന്നെ നമ്മള് തുണി വിരിച്ചിട്ട് കഴിഞ്ഞാല്‍, ഒരു ഓപണായിട്ടുള്ള സ്പെയ്സില്‍ തുണി വിരിച്ചിട്ട് കഴിഞ്ഞാല്‍ 'പേറ്റ് തുണി' വിരിച്ചിട്ടിരിക്കുകയാണോ എന്നു ചോദിക്കും. നമുക്ക് മുന്നോട്ടു വരാനുള്ള ഒരു ചാന്‍സും തരാറില്ല. അങ്ങനെയൊരു മോശമായ അവസ്ഥയാണ് എനിക്ക് എൻ.എസ്.എസ് കോളേജിലുണ്ടായത്.
എൻ.എസ്.എസ് കോളജിലെ പഠനത്തിനുശേഷം പിന്നീട് എം.എക്കും ബി.എഡിനും പോയി. എന്തായിരുന്നു ആ ജീവിതം?
സ്കൂളില്‍ അധ്യാപികയാകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്റേത് പ്രേമവിവാഹമായിരുന്നു. വിവാഹം നടക്കുന്നത് എം.എക്ക് പഠിക്കുമ്പോളായിരുന്നു. അതുകൊണ്ട് എം.എ കംപ്ലീറ്റ് ആക്കാന്‍ പറ്റിയില്ല. ''നിങ്ങള്‍ ആ കുട്ടിയുടെ ഭാവി തുലച്ചു'' എന്നു പറഞ്ഞ് ഭർത്താവിനെ എല്ലാവരും ആക്രമിച്ചു. എനിക്ക് പഠിക്കണമെന്ന ത്വരയുണ്ടായിരുന്നു. ബി.എഡ് എടുക്കണമെന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ മൗണ്ട് കാര്‍മൽ കഞ്ഞിക്കുഴിയിൽ 2001ല്‍ എനിക്ക് അഡ്മിഷന് കിട്ടി. അപ്പോള്‍ എന്റെ മോള്‍ക്ക് മൂന്ന് വയസ്സുണ്ടായിരുന്നു. ഞാന്‍ വിചാരിച്ചിരുന്നില്ല ബി.എഡ് ഇത്ര വലിയൊരു എന്‍ഗേജിങ് ആയ സബ്ജക്ട് ആയിരുന്നെന്ന്. ഏത് സയമവും നമ്മള് അതില്‍തന്നെ എന്‍ഗേജ്ഡ് ആയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഒന്നേകാല്‍ മണിക്കൂര്‍ വേണം കോളേജിൽ എത്താൻ. അമ്മയുണ്ടെങ്കില്പോലും കുഞ്ഞിനെ നോക്കാനുള്ള ബുദ്ധിമുട്ടുണ്ടായിരുന്നു. ഫാമിലിയിലുള്ള വിഷയം... അങ്ങനെയുള്ള എല്ലാ പ്രശ്നങ്ങളും തരണം ചെയ്തിട്ട് വേണമായിരുന്നു ബി.എഡിന് പോകുവാന്‍. ബി.എഡിന് ചെന്നപ്പോള്‍ കന്യാസ്ത്രീകളുടെ ഒരു കോളേജ് ആയിരുന്നു. അവിടെയും സാധാരണക്കാരായ കുട്ടികള്‍ ഇല്ലായിരുന്നു. ഞാന്‍ മാത്രമേ സാധാരണക്കാരി ആയി ഉണ്ടായിരുന്നുള്ളൂ. അവര്‍ അസംബ്ലിയില്‍വെച്ച് ഒരു പ്രാവശ്യം ''ഇവിടെ എത്ര അമ്മമാരുണ്ടെ''ന്ന് ചോദിച്ചു. ഇംഗ്ലീഷിൽ ആണ് ചോദിച്ചത്. ഞാന്‍ കൈപൊക്കി. അവരുടെ അടുത്ത ചോദ്യം നിനക്ക് പറഞ്ഞത് മനസ്സിലാകാത്തതുകൊണ്ടാണോ കൈപൊക്കിയത് എന്നായിരുന്നു. എന്നെ അപമാനിക്കുന്ന രീതിയിലാണ് അവര്‍ ചോദിച്ചത്. പിന്നെ എനിക്ക് ആ കന്യാസ്ത്രീകളുടെ അടുത്തുനിന്ന് ജാതിവിവേചനങ്ങളാണുണ്ടായത്. ബി.എഡ് എന്നു പറഞ്ഞാല്‍ എനിക്ക് അപ്രാപ്യമായിട്ടുള്ള കാര്യമായിരുന്നു. ഞാനിതുവരെ കേട്ടിട്ടില്ല. എന്റെ ബന്ധുക്കളാരും ബി.എഡിന് പോയിട്ടില്ല. ബി.എഡിന്റെ സബ്ജക്ട് എങ്ങനെയാണോ, അതിനെക്കുറിച്ച് നോ ഐഡിയ. എനിക്കാണെങ്കില്‍ കുഞ്ഞുള്ളതുകൊണ്ട് സമയമില്ല. പിന്നെ കന്യാസ്ത്രീകള്‍ക്ക് കറുത്തവരോട് ഒരു വിവേചനമുണ്ട്. ഒരുദിവസം എനിക്ക് വയ്യാതെ വന്നു. വയ്യാതെ രണ്ടു ദിവസം കഴിഞ്ഞു ഞാൻ പോയപ്പോൾ എന്നോട് ''രജനിയുടെ അടുത്തുവരുമ്പോള്‍ വല്ലാത്തൊരു മണമാണ്'' എന്നാണ് പറഞ്ഞത്. അതൊക്കെ നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ വല്ലാത്തൊരു വേദനയുണ്ടാക്കുന്ന കാര്യമാണ്.
പിന്നീട് അധ്യാപിക/എസ്.സി പ്രമോട്ടർ തുടങ്ങിയ ജോലികൾ ചെയ്തു അല്ലേ?
ബി.എഡ് കഴിഞ്ഞിട്ട് നമ്മുടെ അടുത്തൊരു പാരലല്‍ കോളേജിൽ കുട്ടികളെ പഠിപ്പിക്കാനായിട്ട് പോയിരുന്നു. പാരലല്‍ കോളേജു പൂട്ടിയപ്പോൾ ജോലിയില്ലാതായി. പിന്നെ കുട്ടികള്‍ക്ക് ട്യൂഷന് എടുക്കാന്‍ തുടങ്ങി. അത് കഴിഞ്ഞ് ഞാന്‍ 2005ൽ ബ്ലോക്ക് പട്ടിക ഡിവിഷന് ഓഫിസിലെ എസ്.സി പ്രമോട്ടറായിട്ട് ജോലിക്ക് കയറി. ആ ജോലി എന്നെ സംബന്ധിച്ചിടത്തോളം ഇഷ്ടമുള്ളതായിരുന്നു. കാരണം, ഒത്തിരി ആളുകളുമായിട്ട് നമുക്ക് ഇടപെടാന്‍ പറ്റും. ഒത്തിരി യാത്രകള്‍ ചെയ്യാന്‍ പറ്റും. കുറെ ആളുകളുടെ എക്സ്പീരിയന്‍സ് മനസ്സിലാക്കാന്‍ പറ്റും. അങ്ങനെയാണ് ദലിത് ആയിട്ടുള്ള കൂടുതല്‍ ആളുകളുമായി ഇടപഴകാന്‍ പറ്റുന്നത്. പിന്നെ യാത്രകളും ഇഷ്ടമാണ്. യാത്രകള്‍ എന്ന് പറഞ്ഞാല്‍ അത് കിലോമീറ്ററോളം നടന്ന് കുന്നിന്റെ അങ്ങേ അറ്റത്ത് പോകണം. അല്ലെങ്കില്‍ അവസാനിക്കാത്ത വരമ്പ് അങ്ങേ അറ്റത്തുള്ള പാടത്തിന്റെ നടുവിലുള്ള വീടുകളായിരിക്കും. അവരുടെ വിഷമതകളും അവരുടെ പ്രശ്നങ്ങളും എന്താണെന്നും അവര്‍ക്കുവേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാറിനെ ബോധിപ്പിക്കാനുള്ള ഒരു മാർഗമായിട്ട് ഞാന്‍ ജോലിയെ കണ്ടിരുന്നു. കൂടുതലായിട്ടും നമ്മുടെ ആ കാലഘട്ടത്തില്‍ ജോലിചെയ്തോണ്ടിരുന്നപ്പോള് കാണാന്‍ പറ്റുന്നത് ഇവരുടെ ഭൂമിയുമായിട്ടുള്ള കാര്യങ്ങളാണ്. പാടത്തിന്റെ സൈഡിലാണ് കൂടുതല്‍ ആളുകളും. അല്ലെങ്കില്‍ കോളനിക്കകത്ത്. മിക്കവരും നാല് സെന്റ് കോളനിയിലായിരിക്കും ജീവിക്കുന്നത്. ഒരു വീട്ടിൽതന്നെ ഒന്നിൽ കൂടുതൽ കുടുംബങ്ങൾ ഉണ്ടാകും. അച്ഛനുണ്ട്, അമ്മയുണ്ട്, രണ്ട് മൂന്ന് മക്കളുണ്ട്. ഇവരൊക്കെ കല്യാണം കഴിച്ചിട്ട് വരുമ്പോള്‍ ഇവര്‍ക്കൊന്നും ഭൂമിയില്ല. ആകപ്പാടെ നാല് സെന്റ് കോളനിയേയുള്ളൂ. അതൊന്നും കണക്കാക്കില്ല. വിദ്യാഭ്യാസത്തിനൊരു േപ്രാജക്ട് തയാറാക്കാതെ ഇതിനകത്ത് എങ്ങനെ പൈസ ചെലവാക്കാം എന്ന തെറ്റായിട്ടുള്ള കാര്യങ്ങള്‍ ഗവണ്മെന്റ് ചെയ്യുന്നുണ്ട്. അതൊക്കെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പഠിക്കുന്ന ധാരാളം കുട്ടികളുണ്ട്. അവര്‍ക്ക് ശരിയായ കോച്ചിങ് കൊടുക്കണം. ട്യൂഷന് സെന്റര്‍ കൊടുത്തിട്ടൊന്നും കാര്യമില്ല. അവരെ നല്ലരീതിയില്‍ നല്ല കോച്ചിങ് സെന്ററില്‍ കൊണ്ടുപോയി പഠിപ്പിച്ച് അതിനുള്ള ഒരു സംവിധാനം ഗവണ്മെന്റ് ഉണ്ടാക്കണം. പിന്നെ വീടുകള്‍. ലൈഫ് പദ്ധതി വന്നതില്‍ പിന്നെ പട്ടികജാതിക്കാര്‍ക്ക് കിട്ടേണ്ടുന്ന വീടുകള്‍പോലും കിട്ടുന്നില്ല. പട്ടികജാതിക്കാരുടെ വീടുകള്‍ പാടത്തിനടുത്തായിരിക്കും. 10 വര്‍ഷം കഴിയുമ്പോള്‍ അതിന്റെ കപ്പാസിറ്റി തീരും. പിന്നെ അവരോട് പറയുന്നത് വീട് വാര്‍ക്കണം എന്നാണ്. പാടത്തിന്റെ സൈഡിലുള്ളത് വാര്‍ക്കാന്‍ പറ്റത്തില്ല. പക്ഷേ, വീട് കൊടുത്താല്‍ വാര്‍ക്കണം. അവരെ കണ്ഫ്യൂഷന് ആക്കുന്ന കാര്യങ്ങളാണ് മുഴുവന്‍ ചെയ്യുന്നത്. വാര്‍ക്കണമെന്ന് സര്‍ക്കാര്‍ പറയും. ഇവര്‍ ഷീറ്റിടാമെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല. ആ ഫണ്ട് പിന്നെ കിട്ടത്തുമില്ല. വാര്‍ത്തില്ലെങ്കില്‍ അതിനോടുകൂടി അവരുടെ പരിപാടി തീരുകാ. പിന്നെ സ്ഥലം മേടിക്കുക എന്ന് പറഞ്ഞാല്‍ വഴിയില്ലാത്ത ഏതെങ്കിലും ഓണം കേറാമൂലയില്‍ ആയിരിക്കും. വഴി വേണമെന്ന് പറയുന്നുണ്ട്. ചില ഉദ്യോഗസ്ഥന്മാരെല്ലാം ഭൂമിയുടെ ഉടമസ്ഥരുമായി ബന്ധപ്പെട്ട് അഴിമതി നടത്തും. അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലം മാത്രമേ വാങ്ങിപ്പിക്കുകയുള്ളൂ. ഈ വാങ്ങിക്കുന്നവരെക്കൊണ്ട് പിന്നെ കുറെ ഓടിക്കും. അങ്ങനെയുള്ള വിഷയങ്ങളുണ്ട്. അതിനകത്തൊക്കെ നമുക്ക് ഇടപെടാന്‍ സാധിച്ചിട്ടുണ്ട്.
ഈ ജോലിചെയ്യുന്ന സമയത്താണ് ഭര്‍ത്താവിന് ഒരു ആക്സിഡന്റ് പറ്റിയത്. പിന്നെ കുറച്ചു നാളുകള്‍ അദ്ദേഹം കിടപ്പിലായിരുന്നു. പൂർണമായിട്ടും കുടുംബത്തിന്റെ ചുമതല എന്റെ മേല്‍ വന്നു. ചെറിയ ചെറിയ ജോലികള്‍ ചെയ്തു. മക്കളൊക്കെ സ്കൂളില്‍ പഠിക്കുകയായിരുന്നു. അദ്ദേഹം ഏഴ് വര്‍ഷത്തോളം കിടപ്പിലായിരുന്നു. ആ സമയത്ത് മക്കളെ വളര്‍ത്താനൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങള്‍ താമസിക്കുന്നത് നാല് സെന്റിലുള്ള ഒരു വീട്ടിലാണ്. അത് ഭര്‍ത്താവിന്റെ അച്ഛന്റെ പേരിലുള്ള വീടാണ്. തോടിന്റെ സൈഡിലാണ് വീട്. ശരിക്കും തോടിന്റെ സൈഡെന്ന് പറഞ്ഞാല്‍ ഒരു സുരക്ഷിതത്വവുമില്ല. കോട്ടയം ജില്ലയിലെ മാലിന്യം ഒക്കെ ഒഴുകിപ്പോകുന്ന തോടാണത്. കടത്തുരുത്തി തോടിന്റെ സൈഡിലാണ് ഞങ്ങളുടെ വീട്. അവിടെ ഞങ്ങള്‍ക്ക് സുരക്ഷിതത്വമില്ല. പാമ്പുകളൊക്കെ കയറിവരും. മോതിരവളയന്‍ അതുപോലെതന്നെ പെരുമ്പാമ്പുവരെ. വീടിനകത്ത് കയറിയിട്ടില്ലെങ്കിലും വീടിന് പരിസരത്തുവരെ വന്നിട്ടുണ്ട്. അങ്ങനെയുള്ള സുരക്ഷിതത്വമില്ലാത്ത വീടിലായിരുന്നു ഞങ്ങള്‍ താമസിച്ചുകൊണ്ടിരുന്നത്. ഇപ്പോഴും അവിടെതന്നെയാണ് താമസിക്കുന്നത്. അത് ഭര്‍ത്താവിന്റെ കുടുംബവീടാണ്. ഞങ്ങളുടെ കൂടെ മാതാവുംകൂടിയുണ്ട്. അപ്പോള്‍ കുടുംബത്തിന്റെ ചുമതല മുഴുവന്‍ എന്റെ ചുമലിലായി. അന്നൊക്കെ ഓരോരോ കാര്യങ്ങളില്‍ സഹോദരങ്ങള്‍ സഹായിച്ചിട്ടുണ്ട്. അതുപോലെതന്നെ സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. അങ്ങനെയൊക്കെ കുഞ്ഞുങ്ങളുടെ പഠനം മുന്നോട്ടുപോയി. ഭർത്താവ് അസുഖം വന്ന് 2018 ആകുമ്പോഴേക്കും മരിച്ചുപോയി. അതിനുശേഷം കുട്ടികളെ വളര്‍ത്താനും ഒക്കെ ഞാന്‍ കുറെയൊക്കെ കഷ്ടപ്പെട്ടു. എസ്.സി പ്രമോട്ടറുടെ ജോലി അവസാനിപ്പിക്കേണ്ടതായി വന്നു. ഓരോരോ ജോലികള്‍ ചെയ്തു. അതിനിടക്ക് ഞാന്‍ മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്തു. പിന്നെ ഇടക്ക് മില്‍മയില്‍ താല്‍ക്കാലിക ജോലിക്ക് പോയി. എനിക്കവിടെ ജോലി ചെയ്യാന്‍ പറ്റിയില്ല. കാരണം, അവിടെ വലിയ ഭാരമേറിയ പെട്ടികള്‍ ചുമന്ന് കയറ്റണമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ വന്നു. തണുപ്പുകൊണ്ട് നില്ക്കാന് പറ്റാതെ ഞാന്‍ ആ ജോലി ഉപേക്ഷിച്ചു. ഇപ്പോൾ മോള് എം.എസ്.ഡബ്ല്യുവിന് പഠിക്കുന്നു. മോന് ഐ.ടി.ഐയിൽ പഠിക്കുന്നു. ഇതൊക്കെ എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ സഹായിച്ചിട്ടാണ് പോകുന്നത്.
രജനിയുടെ ജീവിതമായിരിക്കില്ലല്ലോ മക്കളുടേത്? തലമുറമാറ്റം അവരുടെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകില്ലേ?
എന്റെ അനുഭവത്തില്‍നിന്നും വ്യത്യസ്തമാണ് മക്കളുടെ അനുഭവം. അവര്‍ കുറച്ചുകൂടി കോണ്‍ഫിഡന്റ് ആണ്. അവര്‍ ലോകത്തിനോട് കുറച്ചുകൂടി ആഭിമുഖ്യം പുലർത്തുന്നുണ്ട്. പുതിയ പുതിയ കാര്യങ്ങളെക്കുറിച്ച് അറിയാനാകുന്നുണ്ട്. അവര്‍ വെളിയില്‍ പോയി പഠിച്ചു. ജീവിതരീതികളും മാറി. മോനാണെങ്കിലും സിനിമയെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഡയറക്ട് ചെയ്യാന്‍ പഠിക്കണം എന്നാണ് പറയുന്നത്. മോൾക്കാണെങ്കില്‍ ഇപ്പോൾ യൂറോപ്പിൽ പോയി പഠിക്കുക, കുറെ പണം സമ്പാദിക്കുക എന്ന ആഗ്രഹമാണ്. ജർമനിക്ക് പഠിക്കാന്‍ പോകാനുള്ള തയാറെടുപ്പിൽ ആണ്. ഞാന്‍ അനുഭവിച്ച പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍പ്പോലും അതിനെ മറികടക്കാനുള്ള ഒരു ചിന്താഗതി മക്കൾക്ക് വന്നിട്ടുണ്ട്. മറികടന്ന് എങ്ങനെ പോകണം എന്ന ആഗ്രഹം അവര്‍ക്കുണ്ട്. അത് വ്യത്യാസമുള്ളതാണ്. കാരണം സമൂഹത്തില്‍ വരുന്ന മാറ്റങ്ങൾ അവരിൽ മാറ്റം ഉണ്ടാക്കുന്നുണ്ട്. മറ്റുള്ള ആളുകളുടെ ജീവിതം നോക്കി കാണുന്നുണ്ട്.
പുരോഗമന കേരളത്തിെന ചോദ്യംചെയ്യുന്ന പുസ്തകമായിരുന്നു രജനിയുടെ ആത്മകഥ- 'ആ നെല്ലിമരം പുല്ലാണ്'. എന്തായിരുന്നു അനുഭവങ്ങൾ?
2018ഓടുകൂടിയാണ് ഞാന്‍ ആൻഡ്രോയ്ഡ് ഫോണ്‍ വാങ്ങുന്നത്. ആൻഡ്രോയ്ഡ് ഫോണ്‍ വാങ്ങിച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് പുറത്ത് ഒരു ലോകമുണ്ടെന്ന് അറിയുന്നത്. ഫേസ്ബുക്ക് വഴി കുറെ ആളുകള്‍ എന്നെ ഫ്രൻഡ് ആക്കി. അതിലൂടെ കുറച്ച് ആളുകളുടെ എഴുത്തുകള്‍ പരിചയപ്പെടാന്‍ സാധിച്ചു. ലോകത്തെക്കുറിച്ച് കൂടുതലായി അറിയാന്‍ പറ്റി. അതാണ് കൂടുതലായി ജീവിതത്തില്‍ മാറ്റം വരുത്തിയത്. സാധാരണ സ്ത്രീക്ക് ഇടമില്ലാത്തിടത്ത് സോഷ്യല്‍ മീഡിയ ഒരിടം തന്നിട്ടുണ്ട്. അതിലേക്ക് ഞാന്‍ ആദ്യം ചില കവിതകളൊക്കെ കുറിച്ചിടുമായിരുന്നു. അതൊക്കെ ഒരു വിനോദത്തിനുവേണ്ടിയായിരുന്നു. കുറച്ചാളുകളൊക്കെ അത് നല്ലതാണെന്ന് ഒക്കെ അഭിപ്രായപ്പെട്ടു. എനിക്ക് എഴുതാനുള്ള പ്രോത്സാഹനം തന്നു. വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ച് 'ഒന്നിപ്പ്' എന്ന ഓണ്‍ലൈന്‍ മാഗസിനിൽ എന്റെ സുഹൃത്ത് പറഞ്ഞിട്ട് അദ്ദേഹത്തിനുവേണ്ടി ഒരു ലേഖനം എഴുതിയിരുന്നു. ആ ലേഖനം എഴുതിയപ്പോള്‍ അദ്ദേഹംതന്നെ അത് ഒന്ന് വലുതാക്കി എഴുതി ആത്മകഥാരൂപത്തില്‍ എഴുതാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ആത്മകഥയാക്കി ഗൂസ്ബെറി ബുക്സ് പ്രസിദ്ധീകരിച്ചു. 'ആ നെല്ലിമരം പുല്ലാണ്' എന്ന ആത്മകഥ എന്റെ മാത്രമല്ല, വളരെയധികം സ്ത്രീകളുടെ ജീവിതംകൂടിയാണ്. എനിക്ക് കേരളത്തില്‍നിന്ന് മാത്രമല്ല, ഇന്ത്യയില്‍നിന്ന് മാത്രമല്ല, ലോകത്തിന്റെ പലസ്ഥലങ്ങളില്നിന്നും അഭിനന്ദനങ്ങൾ കിട്ടി. ആഫ്രോ അമേരിക്കന്‍ എഴുത്തുകാരനായ റുണോക്കോ റാഷിദി എന്റെ ചിത്രങ്ങളും എന്നെക്കുറിച്ച് 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ വന്ന വാര്‍ത്തയും തന്റെ പേജിലിടുകയും ചെയ്തു. അമേരിക്കയിലുള്ള ഒത്തിരി ആളുകളും ആഫ്രിക്കയിലുള്ള ആളുകളും മെസേജ് അയക്കുന്നുണ്ട്. 'ആ നെല്ലിമരം പുല്ലാണ്' എന്ന ആത്മകഥയുടെ ആദ്യ പതിപ്പ് വളരെ വിജയകരമായിരുന്നു. ദലിത് സമൂഹങ്ങള്‍ക്കു പുറമെയുള്ള ആളുകളാണ് അത് കൂടുതലായിട്ട് ഏറ്റെടുത്തത്. ദലിത് വിഭാഗങ്ങളും കുറച്ച് ഏറ്റെടുത്തിരുന്നു. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഈ സെപ്റ്റംബര്‍ 25ന് പുറത്തിറങ്ങി. ഇങ്ങനെയൊക്കെ എല്ലാം പത്രമാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും സമൂഹങ്ങളും ഏറ്റെടുത്തെങ്കില്പോലും ഞാന്‍ ഇപ്പോഴും താമസിക്കുന്നത് ഒരു നാല് സെന്റ് വീട്ടിലാണ്. സീറോ ലാന്‍ഡ് പ്രകാരം മൂന്ന് സെന്റ് എനിക്ക് അനുവദിച്ചായിരുന്നു. ടൗണില്‍തന്നെയാണ് കിട്ടിയത്. പക്ഷേ, അത് കടുത്തുരുത്തിയുടെ മാലിന്യം മുഴുവനും കൊണ്ടുവന്ന് സംസ്കരിക്കുന്ന സ്ഥലമാണ്. ഭയങ്കര സ്മെല് ആണ് അവിടെ താമസിക്കുമ്പോൾ. അതിൽ വീടുപണി 2013ല്‍ തുടങ്ങിയതാണ്. ഇതേവരെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. കാരണം, എനിക്ക് പ്രോപറായിട്ട് ജോലിയില്ലാത്തത്, മക്കളുടെ പഠനം... ഇതൊക്കെ എന്നെ വീടുപണിയില്നിന്ന് പിന്നോട്ടേക്കാക്കുന്ന കാര്യങ്ങളാണ്. ഈ എഴുത്തും പുസ്തകവും എല്ലാവരും സ്വീകരിച്ചെങ്കിൽപോലും എന്റെ ജീവിതം പഴയ ജീവിതംതന്നെയാണ്. ഒരു മാറ്റവും വന്നിട്ടില്ല.