‘ഉസ് കൊ പണ്ഡിറ്റ് ബുലാവോ’ - രമേശ് നാരായണൻ സംസാരിക്കുന്നു
ഹിന്ദുസ്ഥാനി ഗായകൻ, സംഗീത സംവിധായകൻ, സംഗീത ഗുരു എന്നീ നിലകളിലൊക്കെ മലയാളികൾക്ക് പരിചിതനായ രമേശ് നാരായണൻ സംസാരിക്കുന്നു ^സംഗീതവഴികളെപ്പറ്റി, ജീവിതത്തെപ്പറ്റി, സംഗീതലോകത്തെപ്പറ്റി.പണ്ഡിറ്റ് രമേശ് നാരായണൻ ഇന്ത്യൻ സംഗീതധാരയുടെ ഒരു തുടർച്ചയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പണ്ഡിറ്റ് ജസ് രാജിന്റെ മേവാതി ഖരാനയുടെ തെക്കേ ഇന്ത്യയിലെ പരമ്പരത്തുടർച്ച. ഖരാന എന്ന സംഗീതവുമായി ബന്ധമുള്ള വാക്ക് മലയാളികൾക്ക് അത്ര പരിചയമുണ്ടാകില്ല. കർണാടക സംഗീതവുമായി ബന്ധപ്പെട്ടവർക്ക് ബാണി എന്ന വാക്ക് പരിചയമുണ്ടാകും. ഒരേ സംഗീതസംസ്കാരം പിന്തുടരുന്നവരുടെ പരമ്പരയാണ് ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള ഖരാനകൾ....
Your Subscription Supports Independent Journalism
View Plansഹിന്ദുസ്ഥാനി ഗായകൻ, സംഗീത സംവിധായകൻ, സംഗീത ഗുരു എന്നീ നിലകളിലൊക്കെ മലയാളികൾക്ക് പരിചിതനായ രമേശ് നാരായണൻ സംസാരിക്കുന്നു ^സംഗീതവഴികളെപ്പറ്റി, ജീവിതത്തെപ്പറ്റി, സംഗീതലോകത്തെപ്പറ്റി.
പണ്ഡിറ്റ് രമേശ് നാരായണൻ ഇന്ത്യൻ സംഗീതധാരയുടെ ഒരു തുടർച്ചയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പണ്ഡിറ്റ് ജസ് രാജിന്റെ മേവാതി ഖരാനയുടെ തെക്കേ ഇന്ത്യയിലെ പരമ്പരത്തുടർച്ച. ഖരാന എന്ന സംഗീതവുമായി ബന്ധമുള്ള വാക്ക് മലയാളികൾക്ക് അത്ര പരിചയമുണ്ടാകില്ല. കർണാടക സംഗീതവുമായി ബന്ധപ്പെട്ടവർക്ക് ബാണി എന്ന വാക്ക് പരിചയമുണ്ടാകും. ഒരേ സംഗീതസംസ്കാരം പിന്തുടരുന്നവരുടെ പരമ്പരയാണ് ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള ഖരാനകൾ. ഹിന്ദുസ്ഥാനി കീർത്തനങ്ങൾ രചിച്ചിട്ടുള്ള സ്വാതി തിരുനാളിന്റെ പേരുകൂടി ചേർത്ത് ജസ് രാജ് സ്വാതി മേവാതി എന്നൊരു ഖരാന കേരളത്തിൽ രൂപവത്കരിച്ചിട്ടുണ്ട്. ആ പരമ്പരയുടെ തുടക്കക്കാരൻ കൂടിയാണ് രമേശ് നാരായണൻ. എന്നാൽ, സാധാരണക്കാർക്ക് നമുക്കായി ധാരാളം പാട്ടുകൾ സംഭാവന ചെയ്ത സംഗീതസംവിധായകനായാണ് രമേശ് നാരായണനെ പരിചയം. ഹിന്ദുസ്ഥാനി ഗായകൻ, സംഗീതസംവിധായകൻ, സംഗീത ഗുരു എന്നീ നിലകളിലൊക്കെ മലയാളികൾക്ക് സുപരിചിതനായ പണ്ഡിറ്റ് രമേശ് നാരായണൻ സുദീർഘമായ തന്റെ ജീവിതം പറയുന്നു.
വൈദ്യ പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെന്ന് കേട്ടിട്ടുണ്ട്. സംഗീതവും സംഗീതേതരവുമായ ജീവിത പശ്ചാത്തലം വിശദമാക്കാമോ?
ജനിച്ചത് കണ്ണൂർ കൂത്തുപറമ്പ് പാലത്തുംകരയിലെ ഒരു സംഗീത-വൈദ്യ പാരമ്പര്യമുള്ള കുടുംബത്തിലാണ്. അച്ഛനും അമ്മയും ജ്യേഷ്ഠൻമാരും ചേച്ചിമാരും ഒക്കെ പാടുന്നവരാണ്. അച്ഛന്റെ അച്ഛൻ കുഞ്ഞിരാമൻ വൈദ്യർ കഥകളി സംഗീതജ്ഞനും വയലിനിസ്റ്റുമായിരുന്നു. അച്ഛൻ ഗായകനും നാടകനടനു മായിരുന്നു. അന്നത്തെ കോട്ടയം രാജാവിന്റെ പട്ടും വളയും കിട്ടിയിട്ടുള്ള പാട്ടുകാരനായിരുന്നു അച്ഛൻ നാരായണൻ വൈദ്യർ. അദ്ദേഹം നാടകങ്ങൾ രചിക്കുകയും പാട്ടുകൾ കംപോസ് ചെയ്യുകയും അഭിനയിക്കുകയും ചെയ്തിരുന്നു. അന്നത്തെ സംഗീത നാടകങ്ങളിൽ പാടുന്നവരാണ് അഭിനയിക്കുക. ദാസേട്ടന്റെ പിതാവ് അഗസ്റ്റിൻ ജോസഫുമായി ചേർന്ന് നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് അച്ഛൻ. പാരമ്പര്യമായി ഞങ്ങളുടെ കുടുംബത്തിൽ ആയുർവേദ വൈദ്യൻമാരായിരുന്നു. അതുകൊണ്ട് വീട്ടുപേര് ധന്വന്തരി നിവാസ് എന്നായിരുന്നു. കൂത്തുപറമ്പിൽനിന്ന് മൈസൂരിലേക്കുള്ള പ്രധാന പാതയോരത്തായിരുന്നു വീട്. വിടിനോട് ചേർന്ന് മരുന്നുശാലയുമുണ്ടായിരുന്നു.
മുത്തച്ഛന്റെ കഥകളി പാരമ്പര്യം സ്വന്തം നാട്ടിൽനിന്ന് ലഭിച്ചതാണോ?
വീട്ടിൽനിന്ന് കുറച്ചകലെ കോട്ടയം രാജാവിന്റെ കൊട്ടാരത്തിൽ സ്ഥിരം കഥകളി അരങ്ങേറിയിരുന്നു. അമ്മയും അച്ഛനുമൊക്കെ അവിടെ സ്ഥിരമായി കാണാൻ പോയിരുന്നു. അമ്മക്ക് കഥകളി വലിയ ഇഷ്ടമായിരുന്നു. എന്നാൽ, ഞങ്ങളുെട വീടിന്റെ ഭാഗത്തൊന്നും അങ്ങനെ കഥകളിയൊന്നും ഉണ്ടായിരുന്നില്ല. കോട്ടയം രാജാവിന്റെ പ്രദേശംതന്നെ വലിയ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരിടമാണ്. അവിടെയൊരു വലിയ കുളമുണ്ടായിരുന്നു. മനോഹരമായ പ്രദേശമാണ്. കാളവണ്ടിയിലാണ് അക്കാലത്ത് ആളുകളൊക്കെ പോയിരുന്നത്. ധാരാളം കാളവണ്ടികൾ വീടിന് മുന്നിലൂടെ പോകുമായിരുന്നു. മലഞ്ചരക്കുകളും മറ്റുമായി കാളവണ്ടികൾ ധാരാളം കുടമണി കിലുക്കി പോയിരുന്നു. അവർ അന്ന് നാടൻപാട്ടൊക്കെ പാടിയാണ് അവർ പോവുക. എന്റെ ചെറുപ്പകാലത്തും ഞാൻ കണ്ടിട്ടുണ്ട്.
സംവിധായകൻ കെ.പി. കുമാരേട്ടനും നടൻ ശ്രീനിവാസനുമൊക്കെ ഞങ്ങളുടെ പ്രദേശത്തുനിന്ന് വന്നിട്ടുള്ളവരാണ്. കുമാരേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് അച്ഛന്റെ നാടകം കണ്ടിട്ടാണ് അദ്ദേഹമൊക്കെ നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കുമൊക്കെ വന്നിട്ടുള്ളതെന്ന്. അദ്ദേഹത്തിെന്റ വീടിന്റെ ഭാഗത്തായിരുന്നു സ്റ്റേജ് തന്നെ. അമ്മ പറയാറുണ്ട്, അന്ന് ഒരുപാട് ആൾക്കാർ വീട്ടിൽ ഒത്തുകൂടാറുണ്ടായിരുന്നു. അമ്മയും സംഗീതജ്ഞയും സംഗീത അധ്യാപികയുമായിരുന്നു. അമ്മതന്നെയായിരുന്നു എന്റെ ആദ്യ ഗുരു. അമ്മ കുട്ടികളൊക്കെ ആകുന്നതിന് മുമ്പ് പ്രോഗ്രാമുകൾക്ക് പോകുമായിരുന്നു. അമ്മ നന്നായി ഹാർമോണിയം വായിക്കുകയും ചെയ്തിരുന്നു.
അച്ഛൻ പുറത്തുപോയി പെർഫോം ചെയ്യുന്ന പാട്ടുകാരനായിരുന്നോ?
അതെ, അച്ഛൻ കച്ചേരികൾക്ക് പോയിരുന്നു. മൈസൂരു മേഖലയിലായിരുന്നു അച്ഛന്റെ കലാപ്രവർത്തനങ്ങൾ കൂടുതൽ. മൈസൂരിൽ പോയാൽ അഞ്ചാറ് ദിവസം കഴിഞ്ഞൊക്കെയാണ് മടങ്ങിവരിക. എന്നാൽ അച്ചാച്ചൻ മരിച്ചശേഷം അച്ഛൻ കുടുംബഭാരം ഏറ്റെടുക്കാനായി കലാപ്രവർത്തനമൊക്കെ മാറ്റിവെച്ച് വൈദ്യത്തിൽ ശ്രദ്ധിച്ചു. വീട്ടിൽ അന്ന് മരുന്ന് ഉണ്ടാക്കിയിരുന്നു. മരുന്നിന് പാലും വേണം. അതിനായി അഞ്ചാറ് പശുക്കളും ഉണ്ടായിരുന്നു. എന്റെ പന്ത്രണ്ടാം വയസ്സിൽ അച്ഛൻ മരിച്ചു. അച്ഛന്റെ ആകസ്മികമായ മരണം കുടുംബത്തിന് വലിയ ആഘാതമായി. വലിയ വീട് വേഗം സാമ്പത്തികമായി തകർന്നു. വൈദ്യശാലയിൽ ഇരിക്കാൻപോലും ആളില്ലാത്ത സ്ഥിതിയായി. അതോടെ എന്റെ പഠിപ്പ് മുടങ്ങി. രണ്ടു വർഷത്തോളം സ്കൂളിൽ പോകാതെ കടയിലിരിപ്പായി. ഇതിനോടകം മൂത്ത ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നു. ഞങ്ങൾ ആറ് മക്കളാണ്. നാലാണും രണ്ട് പെണ്ണും. മൂത്തയാൾ രാധാകഷ്ണൻ ‘മുൻഷി’യിൽ ഹാജിയാരായി വേഷമിട്ടയാളാണ്. അദ്ദേഹം മരണപ്പെട്ടു.
അച്ഛന്റെ മരണശേഷം വീട്ടിലെ സാമ്പത്തികസ്ഥിതിയൊക്കെ എങ്ങനെയായിരുന്നു? വിദ്യാഭ്യാസം മുടങ്ങിയല്ലോ.
അച്ഛൻ പോയതോടെ വലിയ വീട് അനാഥമായി. പുറത്താർക്കും അറിയില്ല. ഞങ്ങൾ വളരെ കഷ്ടപ്പെട്ടു. എന്റെ പഠനം രണ്ടു വർഷം മുടങ്ങി. വൈദ്യശാലയിൽ ഇരിക്കാൻ ആരുമില്ല. രമേഷ് ഇരിക്കട്ടെ എന്ന് തീരുമാനിച്ചു. അന്ന് പഠനം മുടങ്ങുന്നതൊന്നും ആരും അത്ര കാര്യമായി എടുക്കാറില്ല. പശുവിന്റെ പാൽ വിറ്റ് കിട്ടുന്നതും വൈദ്യശാലയിൽനിന്ന് കിട്ടുന്നതും ഒന്നിനും തികയാതെ വന്നു. വീട്ടിൽ അരിഷ്ടവും എണ്ണയുമൊക്കെ ഉണ്ടാക്കിയിരുന്നത് പതിയെ നിന്നുപോയി. രാവിലെ അമ്മയാണ് പശുക്കളെ നോക്കിയിരുന്നത്. വെളുപ്പിനേ ഞങ്ങൾ കുട്ടികൾ തൊഴുത്ത് വൃത്തിയാക്കും. അമ്മയെ സഹായിക്കും.
ചേട്ടൻ രാംദാസ് പതിനേഴാം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. അതായിരുന്നു പിന്നീടുള്ള ആശ്വാസം. എല്ലാ മാസവും ചേട്ടന്റെ മണിഓർഡറിനായി കുടുംബം കാത്തിരുന്നു.
ഇതിനിടെ സംഗീതപഠനം തുടർന്നിരുന്നോ?
ഞാനും ചേച്ചിയും സംഗീതപഠനം തുടർന്നിരുന്നു. ഞാൻ ചെറുപ്രായത്തിൽതന്നെ സംഗീതം പഠിച്ചുതുടങ്ങിയതാണ്. അമ്മയുടെ അടുത്ത് അനുസരണയോടെ ഇരിക്കാത്തതിനാൽ പുറത്തുനിന്ന് ഗുരുനാഥൻ എല്ലാ ആഴ്ചയും വന്ന് പഠിപ്പിക്കുമായിരുന്നു. അമ്മയുടെ ഗുരുവായ കണ്ണൻ ഭാഗവതരായിരുന്നു പഠിപ്പിച്ചിരുന്നത്. ചെറുപ്രായം മുതലേ വെളുപ്പിനെ വിളിച്ചുണർത്തി അമ്മ സാധകം ചെയ്യിക്കും. അതിനുശേഷം തൊഴുത്ത് വൃത്തിയാക്കാനും പശുവിനെ നോക്കാനുമൊക്കെ പോകണം. ഞാനും ചേച്ചിയുമാണ് വീട്ടിൽ സംഗീതം പഠിച്ചിരുന്നത്. ചേച്ചി പിന്നീട് സംഗീത കോളജിൽനിന്ന് പ്രഫസറായി റിട്ടയർചെയ്തു.
തൊക്കിലങ്ങാടിയിലായിരുന്നു സ്കൂൾ. എട്ടിലും ഒമ്പതിലും ഞാൻ തൃശൂരിലായിരുന്നു പഠിച്ചത്. ചേച്ചിയെ കല്യാണം കഴിച്ചത് തൃശൂരിലായിരുന്നു. അവിടെ മോഡൽ സ്കൂളിലായിരുന്നു പഠനം. സ്കൂളിൽ പാട്ടു പാടുന്നതിനാൽ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. സംഗീത ടീച്ചർ എപ്പോഴും എന്നെക്കൊണ്ട് പാട്ടു പാടിക്കും. ഞാനന്ന് ഗിറ്റാറും വായിച്ചിരുന്നു. തിരുവനന്തപുരത്ത് ആയുർവേദ കോളജിൽ പഠിച്ചിരുന്ന ചേട്ടൻ രാധാകൃഷ്ണനാണ് എനിക്ക് ഗിറ്റാർ വാങ്ങിത്തന്നതും ആദ്യമായി പഠിപ്പിച്ചതും. അദ്ദേഹം അന്ന് രവീന്ദ്രൻ മാഷിന്റെ ഗാനമേള ട്രൂപ്പിലൊക്കെ പാടിയിരുന്നു. ചേട്ടൻ ആദ്യമായി ഡി മേജർ കോഡാണ് എനിക്ക് പഠിപ്പിച്ചുതരുന്നത്. സംഗീതം സീരിയസായി പഠിക്കാനും കംപോസ് ചെയ്യാനുമൊക്കെ എന്നെ പ്രാപ്തനാക്കിയത് ഈ ഡി മേജർ കോഡാണെന്ന് എനിക്ക് തോന്നുന്നു. ഗിറ്റാർ ആദ്യം സ്വന്തമായി പ്രാക്ടീസ് ചെയ്തു. തൃശൂരിൽ വന്നശേഷം സ്കൂളിനടുത്തുള്ള മ്യൂസിക് സ്കൂളിൽ പഠിക്കാൻ പോയി. സ്കൂൾ വിട്ടുകഴിഞ്ഞാൽ ബസ് വരാൻ ഒരു മണിക്കൂർ എടുക്കും. അതിനിടെയുള്ള സമയത്താണ് ഗിറ്റാർ പഠനം. സ്കൂളിനടുത്ത് ട്രിച്ചൂർ ഓർക്കസ്ട്രയിലെ ജോക്കിൻ മാസ്റ്ററാണ് ഗിറ്റാർ പഠിപ്പിച്ചിരുന്നത്.
അക്കാലത്ത് എന്തുതരം സംഗീതത്തോടായിരുന്നു പ്രിയം?
അക്കാലത്ത് ദാസേട്ടന്റെ സിനിമാ ഗാനങ്ങളോടാണ് വലിയ പ്രിയം. കീർത്തനങ്ങളും അറിയാം. അതൊക്കെ പാടിയിരുന്നു. സുനിൽ, സുരേഷ് എന്നീ അടുത്ത സുഹൃത്തുക്കൾ എന്റെ പാട്ടിനെ പ്രോത്സാഹിപ്പിച്ചിരുന്നു. സ്കൂളിൽ പാടുന്ന ഒരാൾ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റെല്ലാവർക്കും പഠനംതന്നെയാണ് മുഖ്യം. എന്നാൽ, നന്നായി ആസ്വദിക്കുന്നവരുണ്ട്. അന്ന് സുനിലിന്റെ വീട്ടിലാണ് ടേപ്പ് റെക്കോഡ് ഉള്ളത്. അവിടെ പോയി ഞങ്ങൾ പാട്ടുകേൾക്കും. കേൾക്കുക മാത്രമല്ല, സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്തിരുന്നു. എല്ലാ പാട്ടിലും, മിക്ക പാട്ടുകാർക്കും ചില ചേരായ്മകളൊക്കെ വരും. അതൊക്കെ ശ്രദ്ധിച്ച് ഞങ്ങൾ വിലയിരുത്തും.
ജോൺസൺ മാഷും ഔസേപ്പച്ചനും ഒക്കെ അന്ന് തൃശൂരിൽ ധാരാളം പ്രോഗ്രാമുകളിൽ വയലിനും ഗിറ്റാറുമൊക്കെ വായിച്ചിരുന്നു. അവരെ കണ്ടിരുന്നോ?
ഇല്ല. അന്ന് അവരുമായി പരിചയമൊന്നുമില്ല. അവർ വളരെ സീനിയറായിരുന്നു. എന്നാൽ, ഔസേപ്പച്ചൻ ഒരു പ്രോഗ്രാമിൽ വായിക്കുന്നതിന് ഞാൻ സാക്ഷിയായിരുന്നു. ഞാൻ തൃശൂരിൽ പഠിക്കുന്ന കാലത്ത് ഒരു ഓൾ കേരള മ്യൂസിക് കോംപറ്റീഷൻ വന്നു. ആറ്റ്ലി മാസ്റ്ററുടെ ‘വോയ്സ് ഓഫ് ട്രിച്ചൂർ’ ആണ് മത്സരം സംഘടിപ്പിച്ചത്. ഞാൻ പാട്ടിനും ഗിറ്റാറിനും ചേർന്നു. എനിക്ക് ഗിറ്റാറിന് ഫസ്റ്റും പാട്ടിന് സെക്കൻഡും കിട്ടി. സമ്മാനം നൽകുന്നത് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ഒരു വലിയ മ്യൂസിക് നൈറ്റിൽ െവച്ചാണ്. ദേവരാജൻ മാഷിന്റെ ഗാനങ്ങൾ അവതരിപ്പിക്കുന്ന വലിയ പ്രോഗ്രാമാണ്. ദേവരാജൻ മാസ്റ്ററും യേശുദാസും ജയചന്ദ്രനും മാധുരിയുമൊക്കെയുള്ള വലിയ പരിപാടിയാണ്. റിഹേഴ്സൽ നടക്കുന്ന റീജനൽ തിയറ്ററിന് അടുത്ത് പോയി ഞാൻ ജനലിലൂടെ നോക്കിനിന്നു. ജയചന്ദ്രനും മാധുരിയുമൊക്കെ പാടുന്നു. ദേവരാജൻ മാസ്റ്റർ എല്ലാം നിയന്ത്രിക്കുന്നത് ആരാധനയോടെ നോക്കിനിന്നു.
ദാസേട്ടനെ കണ്ടില്ല. എന്നാൽ, അദ്ദേഹം പ്രോഗ്രാമിന് ഉണ്ടാകും എന്നറിഞ്ഞു. എന്നാൽ, ഞാൻ വല്ലാതെ ഞെട്ടിപ്പോയത് എന്നെ സമ്മാനം വാങ്ങാനായി ക്ഷണിച്ചപ്പോഴാണ്. എനിക്ക് സമ്മാനം തന്നത് യേശുദാസ്. ആരാധനയോടെ കേട്ടിരുന്ന ഗായകൻ മുന്നിൽ. ലഭിച്ച സമ്മാനത്തേക്കാൾ എനിക്ക് മഹത്തായി തോന്നിയത് ദാസേട്ടന്റെ കൈയിൽനിന്ന് സമ്മാനം വാങ്ങാനുള്ള അവസരമായിരുന്നു. അന്നേരം ഒരിക്കലും ചിന്തിച്ചിരുന്നില്ല ദാസേട്ടനെ കൊണ്ട് ഞാൻ എന്റെ പാട്ടുകൾ പാടിക്കുമെന്ന്. അന്ന് ദാസേട്ടന് താടിയും മീശയും ഒന്നുമുണ്ടായിരുന്നില്ല. ആ ഫോട്ടോ ഇപ്പോഴുമുണ്ട്. അദ്ദേഹം ഒരിക്കൽ വീട്ടിൽ വന്നപ്പോൾ അത് കാട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. അന്നത്തെ ഗാനമേളയിൽ വയലിൻ വായിക്കാൻ പിന്നീട് സംഗീതസംവിധായകനായ ഔസേപ്പച്ചൻ ഉണ്ടായിരുന്നു. അക്കാലത്ത് തൃശൂരിലെ പ്രശസ്തരായ വയലിനിസ്റ്റുകളായിരുന്നു ഔസേപ്പച്ചനും ജോൺസൺ മാഷും. വർഷങ്ങൾക്കു ശേഷം ഔസേപ്പച്ചൻ പറയുമ്പോഴാണ് അന്ന് അദ്ദേഹം അവിടെ ഉണ്ടായിരുന്നെന്ന വിവരം ഞാനറിയുന്നത്.
ഒമ്പതാം ക്ലാസിനുശേഷം ഞാൻ തൃശൂരിൽനിന്ന് തിരിച്ച് കണ്ണൂരിൽ വന്നു. പത്താം ക്ലാസിൽ അവിടെയാണ് പഠിച്ചത്. രണ്ടു വർഷം നഷ്ടപ്പെട്ട ഞാൻ സീനിയർ വിദ്യാർഥിയായി പ്രൈവറ്റായിട്ടാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ‘പ്രൈവറ്റ് ഓവർ ഏജ്ഡ് കാൻഡിഡേറ്റ്’എന്ന് ബുക്കിൽ എഴുതിയിട്ടുണ്ട്.
തുടർന്നുള്ള സംഗീതപഠനം എവിടെയായിരുന്നു?
പതിനെട്ട് വയസ്സ് ആയപ്പോഴേക്കും ഗിറ്റാറുമായി ഞാൻ പ്രോഗ്രാമിനൊക്കെ പോകാൻ തുടങ്ങി. അക്കാലത്ത് കുട്ടികൾക്ക് ഗിറ്റാർ ക്ലാസും എടുത്തിരുന്നു. സ്വന്തമായി അങ്ങനെ ചെറിയ വരുമാനം കിട്ടിത്തുടങ്ങി. അതുകൊണ്ട് സംഗീതപഠനം തുടരാൻ തന്നെ തീരുമാനിച്ചു. പ്രീഡിഗ്രിക്ക് ചിറ്റൂർ കോളജിൽ ചേർന്നു. അവിടെ എല്ലാ സബ്ജക്ടുകൾക്കും ഒപ്പം സംഗീതവുമുണ്ട്. തൃശൂരിൽനിന്ന് തിരികെ വന്നപ്പോഴാണ് സംഗീതം സീരിയസായി പഠിക്കണമെന്ന് ചിന്തിച്ചത്. വീട്ടുകാർക്ക് എതിർപ്പുണ്ടായില്ല. ചേച്ചി പാലക്കാട് ചെമ്പൈ കോളജിൽ സംഗീതം പഠിക്കുന്നുണ്ട്.
അവിടെ പ്രീഡിഗ്രിക്ക് ചേരുമ്പോൾ ഞാൻ സീനിയറാണ്. ഗായകൻ കൃഷ്ണചന്ദ്രൻ അന്ന് അവിടെ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുകയാണ്. ഞങ്ങൾ വേഗം നല്ല സുഹൃത്തുക്കളായി. ഞാൻ ഗിറ്റാർ വായിക്കുന്നതുകൊണ്ട് സീനിയേഴ്സ് എന്റെയടുത്ത് വരും. അവരുമായി കമ്പനിയായതിനാൽ റാഗിങ്ങിൽനിന്ന് രക്ഷപ്പെട്ടു. ഹോസ്റ്റലിലായിരുന്നു താമസം. അവിടെ ഞങ്ങൾ ഒരു ചെറിയ ഓർക്കസ്ട്ര തന്നെ രൂപവത്കരിച്ചു. ധാരാളം ചെറിയ പരിപാടികൾ കിട്ടി. ജീവിക്കാനുള്ള തുക അങ്ങനെ ലഭിച്ചിരുന്നു. ചിറ്റൂരിൽ ഹോസ്റ്റലിൽ താമസിച്ച് പഠിച്ച കാലമാണ് എനിക്ക് ജീവിതത്തിൽ ഏറ്റവും നല്ല കാലമായി തോന്നുന്നത്. ഇപ്പോഴും ഞങ്ങൾ ഒന്നിച്ചു ചേരാറുണ്ട്. അവിടെ പോയി ഒാർമകൾ പങ്കുവെക്കാറുണ്ട്.
ഹിന്ദുസ്ഥാനി സംഗീതവുമായി അന്ന് എന്തെങ്കിലും ബന്ധമുണ്ടോ? താങ്കൾ എങ്ങനെയാണ് അതിലേക്ക് ശ്രദ്ധ തിരിക്കുന്നത്?
കൂത്തുപറമ്പിൽ എന്റെ വീടിനടുത്ത് ഒരു പഠാണി കുടുംബമുണ്ട്. ഒരു ഖാദർ സാഹിബിന്റെ കുടുംബം. അവിടെ പോയാണ് ഹിന്ദി പാട്ടുകൾ കേട്ടിരുന്നത്. അവർ കച്ചവടത്തിനും മറ്റുമായി അന്ന് ബോംബെയിൽ പോയിരുന്നു. അവിടെ നിന്നാണ് അവർ ഹിന്ദിയും ഗസലും മറ്റുമൊക്കെ പരിചയപ്പെടുന്നത്. ഖാദർ സാഹിബിന്റെ മരുമകൾ ഉസ്താദ് ഹാരിസ് നല്ല തബലിസ്റ്റായിരുന്നു. അദ്ദേഹത്തിന്റെ ഗുരു അൻവർ ഖാൻ സാഹിബ് ഒരിക്കൽ വന്നപ്പോൾ ഞാൻ അദ്ദേഹത്തിന് മുന്നിൽ ക്ലാസിക്കൽ പാട്ടുപാടി. കേട്ടിട്ട് അദ്ദേഹം പറഞ്ഞ കമന്റ് യഥാർഥത്തിൽ എന്റെ ജീവിതത്തിൽ വഴിത്തിരിവായി. അദ്ദേഹം പറഞ്ഞു, ഇവൻ ഹിന്ദുസ്ഥാനി പഠിച്ചാൽ നന്നായിരിക്കുമെന്ന്. അതിനുമുമ്പ് അതുമായി എനിക്ക് കാര്യമായ ബന്ധമില്ല. ഖാൻ സാഹിബിന്റെ വാക്കുകൾ സംഗീതവഴിയിൽ അന്തർധാരയായി എന്നിലൂടെ സഞ്ചരിച്ചിരിക്കണം. വർഷങ്ങളുടെ പ്രയാണത്തിനുശേഷമാണ് അത് യാഥാർഥ്യമായി ഭവിച്ചത്.
ഹിന്ദുസ്ഥാനി വോക്കൽ എന്താണെന്നുപോലും എനിക്കറിയില്ല അന്ന്. കർണാടക സംഗീതം കഴിഞ്ഞാൽ അറിയാവുന്നത് ഗിറ്റാറിലൂടെ വെസ്റ്റേൺ സംഗീതത്തിലെ ചില കാര്യങ്ങളാണ്. ചേട്ടൻതന്നെയാണ് ഹിന്ദുസ്ഥാനിയിലേക്കുള്ള ചുവടുവെപ്പിലും നിമിത്തമായി ഭവിച്ചത്. ചേട്ടൻ അന്ന് പൂനയിലാണ്. പട്ടാളജോലിക്കിടെ സമയം കണ്ടെത്തി ചേട്ടൻ കുറച്ചു തബല പഠിച്ചു. നാട്ടിൽ വന്നപ്പോൾ ചേട്ടൻ ചോദിച്ചു, നീ സിത്താർ പഠിക്കാൻ േബാംെബയിലേക്ക് വരുന്നുണ്ടോ എന്ന്. അന്ന് ചിറ്റൂരിലെ കോഴ്സ് പൂർത്തിയാക്കിയിട്ടില്ല. പൂർത്തിയാക്കാതെതന്നെ ഞാൻ പൂനക്കു വിട്ടു. ചേട്ടനോടൊപ്പം പട്ടാളക്കാരുടെ സ്ഥലത്ത് താമസിക്കാൻ നിയമമില്ല. അതിന് ഞങ്ങൾ ഒരു തന്ത്രം പ്രയോഗിച്ചു. അവിടെ ക്യാമ്പിൽതന്നെ ക്ഷേത്രമുണ്ട്. ഫൗജി മന്ദിർ എന്ന് അറിയപ്പെടുന്ന അവിടത്തെ പൂജാരിയുടെ സഹായി എന്ന നിലയിലാണ് ഞാൻ അവിടെ താമസിച്ചത്. ഭക്ഷണമൊക്കെ സ്വന്തമായി ഉണ്ടാക്കി കഴിച്ചു. കുറച്ച് ദൂരെയായി സിത്താർ പഠിക്കാൻ ചേർന്നു. സൈക്കിളിലാണ് പോയിവരുക. സിത്താറും ഒപ്പം വോക്കലും പഠിച്ചുതുടങ്ങി. ഖാൻ സാഹിബ് മുഹമ്മദ് ഹുസൈൻ എന്ന ഗുരുവിന്റെയടുത്തുനിന്നാണ് സംഗീതം പഠിക്കുന്നത്. സംഗീത വിശാരദ് എന്ന ഡിഗ്രി കോഴ്സിനും ചേർന്നു. പണ്ഡിറ്റ് സച്ചിദാനന്ദ ഫട്കെ എന്ന സിത്താർ വിദ്വാന്റെയടുത്തു പോയി സിത്താറും പഠിക്കാൻ തുടങ്ങി.
പണ്ഡിറ്റ് ജസ്രാജിനെ കണ്ടുമുട്ടുന്നതോടെയാണല്ലോ യഥാർഥ രമേഷ് നാരായണന് രൂപപ്പെടുന്നത്. അദ്ദേഹത്തിലേക്കുള്ള പ്രയാണം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നോ?
പൂനയിൽ സംഗീതപഠനം തുടരുന്നതിനിടെയാണ് അവിടത്തെ പ്രശസ്തമായ സവായി ഗന്ധർവ ഫെസ്റ്റിവലിനെക്കുറിച്ച് കേൾക്കുന്നത്. ഇന്ത്യയിലെ പ്രമുഖമായ ഫെസ്റ്റിവലാണത്. ഇന്ത്യയിലെ മഹാരഥൻമാരായ എല്ലാ സംഗീതജ്ഞരും അവിടെ വന്ന് പാടും. രവിശങ്കർജി, സാകിർ ഹുസൈൻജി, പർവിൻ സുൽത്താന, ഗംഗുഭായി ഹംഗൽ തുടങ്ങിയ നിരവധി സംഗീതജ്ഞരെ ഞാൻ കേൾക്കുന്നത് അവിടെ െവച്ചാണ്. സവായ് ഗന്ധർവയുടെ ഓർമദിനത്തിലാണ് എല്ലാ വർഷവും ഈ സംഗീതമേള അവതരിപ്പിക്കുന്നത്. മൂന്ന് രാത്രികളിൽ മുഴുനീള ആലാപനമാണ്. അനേകം മഹാന്മാരെ ഒന്നിച്ച് കേൾക്കാനുള്ള അവസരമാണ്. പണ്ഡിറ്റ് ജസ്രാജ് വെളുപ്പിനാണ് പാടുക. ആ പുലർകാലം എനിക്കായി സമർപ്പിക്കപ്പെട്ടതുപോലെയായിരുന്നു. ജസ്രാജ് എന്ന ഗന്ധർവഗായകൻ. ശുഭ്രവസ്ത്രധാരിയായി അഭൗമ സംഗീതത്തിലേക്ക് സ്വയമലിയുമ്പോൾ ഒരു ദേവഗായകനെപ്പോലെ തോന്നിക്കുന്ന അതുല്യ പ്രതിഭ. അന്നത്തെ മിയാകി തോടിയിലെ സുദീർഘമായ രാഗാലാപനം എന്റെ സിരകളിലുണ്ടാക്കിയ തന്ത്രീചലനം ഇന്നും മായാതെ കിടക്കുന്നു. അന്നൊരിക്കലും ചിന്തിച്ചില്ല ഈ മഹാന് മുന്നിലിരുന്ന് ആ നാദത്തെ അനുരണനംചെയ്ത് പാടാൻ എനിക്ക് ഒരവസരം ഉണ്ടാകുമെന്ന്. എന്നാൽ അതു സംഭവിച്ചു. അതിനേറെ കടമ്പകൾ കടക്കേണ്ടിവന്നു.
ഭീംസെൻ ജോഷിയുടെ ഗുരുവായിരുന്നല്ലോ സവായ് ഗന്ധർവ. അവിടെ ഭീംസെൻ ജോഷിയെ കേട്ടിരുന്നില്ലേ? അദ്ദേഹത്തെ സമീപിച്ചില്ലേ?
അദ്ദേഹത്തെ കേട്ടിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തിനായുള്ള അലച്ചിലുകളും കേട്ടിരുന്നു. എന്നാൽ, എന്റെ മനസ്സ് ജസ്രാജിലേക്ക് സഞ്ചരിക്കുകയായിരുന്നു. ബോംബെ മലയാളികളുടെ ഇടയിൽ എനിക്കൽപം പോപുലാരിറ്റി ഒക്കെ കിട്ടിത്തുടങ്ങിയിരുന്നു അക്കാലത്ത്. ഇടക്കിടെ ചെറിയ പ്രോഗ്രാമുകൾ കിട്ടിത്തുടങ്ങി. ചെറുതായി ക്ലാസുകളും എടുത്തിരുന്നു. സവായി ഫെസ്റ്റിവലിൽ െവച്ചാണ് അല്ലാരഖ സാഹിബിന്റെ ശിഷ്യൻ സുനിൽ പാധ്യ എന്ന തബലിസ്റ്റിനെ പരിചയപ്പെടുന്നത്. പിന്നീട് ഞങ്ങൾ നല്ല സൗഹൃദത്തിലായി. എന്റെ പ്രോഗ്രാമിന് വായിക്കാൻ അവൻ വരാണ്ടായിരുന്നു. ഒരുദിവസം എന്റെ പാട്ട് കേട്ടിട്ട് അവൻ ചോദിച്ചു. രമേശ് ജി, എന്താ പണ്ഡിറ്റ് ജസ്രാജ് ജിയുടെ അടുത്ത് പോകാത്തതെന്ന്. അതുകേട്ട് ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തെയൊക്കെ നമുക്ക് എങ്ങനെ കാണാൻ കഴിയും. അപ്രാപ്യമായ ഒരു കാര്യമായാണ് അന്നെനിക്ക് തോന്നിയത്.
യഥാർഥത്തിൽ അദ്ദേഹത്തിന്റെ സംഗീതത്തിൽ അലിഞ്ഞിരിക്കുകയായിരുന്നു ഞാൻ. അദ്ദേഹം ഇപ്പോൾ ശിഷ്യൻമാരെ എടുക്കുന്നുണ്ട്, ഞാൻ നമ്പർ തരാം, പോയി നോക്കൂ എന്ന് സുനിൽ പറഞ്ഞപ്പോൾ ഞാനും അങ്ങനെ ചിന്തിച്ചു. എന്റെ മനസ്സിൽ ഗുരു പ്രതിഷ്ഠിക്കപ്പെട്ടു. അതിൽനിന്ന് പിന്മാറാൻ പിന്നെ മനസ്സ് തയാറായില്ല. അദ്ദേഹം ബോംബെയിലാണുള്ളത്. അവിടെ പോയി താമസിക്കേണ്ടിവരും. അദ്ദേഹംതന്നെ അംഗീകരിക്കുമോ എന്നും അറിയില്ല. എന്തായാലും ഒരു വിശ്വാസത്തിൽ രണ്ടും കൽപിച്ച് അദ്ദേഹത്തിന്റെ ഫോൺനമ്പർ കറക്കി.
പണ്ഡിറ്റ്ജി ഫോണെടുത്തു. ഒരു വിറയലോടെ ഞാൻ പേര് പറഞ്ഞു; പൂനയിൽനിന്നാണ് എന്നും പറഞ്ഞു. ‘‘ക്യാ ബേട്ടാ’’ എന്ന് സ്നേഹത്തോടെ ചോദിച്ചു. ‘‘മുഛേ സീഖ്നാ ഹെ’’ ഞാൻ കാര്യം പറഞ്ഞു. ഒരുദിവസം വരാൻ പറഞ്ഞു. പറഞ്ഞ ദിവസം രാവിലത്തെ ബോംബെക്കുള്ള ട്രെയിനിൽ ഞാൻ കയറി. ദാദറിലിറങ്ങി. അവിടെ അടുത്താണ് ഗുരുജി ഉള്ളത്. വി. ശാന്താറാമിന്റെ കെട്ടിടമാണ്. അദ്ദേഹത്തിന്റെ മകളുടെ ഭർത്താവാണ് ഗുരുജി. രാജ് കമൽ ബിൽഡിങ്ങിലെ മുകളിലുള്ള അപ്പാർട്മെന്റിലാണ് ഗുരുജി. വൃത്തത്തിലുള്ള പടികയറി വേണം മുകളിലെത്താൻ. മുകളിലെത്തിയപ്പോൾ വീട്ടിൽ ആരും ഉണർന്നിട്ടില്ലെന്ന് തോന്നി. ഒരു വേലക്കാരൻ വന്ന് ഇരിക്കാൻ പറഞ്ഞു. കുറെനേരം അവിടെ ഇരുന്നു. ഒരു ഡോബർമാൻ വന്ന് മണപ്പിച്ച് പോയി. കുറച്ച് കഴിഞ്ഞപ്പോൾ ഗുരുജി ഇറങ്ങിവന്നു. കാര്യം തിരക്കി. ഞാൻ ആഗ്രഹം പറഞ്ഞു. ചായയൊക്കെ തന്നശേഷം മുകളിലേക്ക് പാട്ടു പാടാനായി വിളിച്ചു. പാടാൻ പറഞ്ഞു; ഞാൻ കർണാടക സംഗീതമാണ് പാടിയത്. പിന്നീട് അൽപം ഹിന്ദുസ്ഥാനി പാടി. നന്നായി എന്ന് പറഞ്ഞു.
പക്ഷേ അദ്ദേഹത്തിന്റെ മറുപടി നിരാശജനകമായിരുന്നു. നിനക്ക് അറുപത് ശതമാനത്തിലേറെയും ഉള്ളത് കർണാട്ടിക് മ്യൂസിക് ആണ്. നല്ലത് അതുതന്നെ പഠിക്കുന്നതാണ്. ബാലമുരളികൃഷ്ണ എന്റെ സുഹൃത്താണ്. ഞാൻ വിളിച്ചു പറയാം. അദ്ദേഹം നിന്നെ പഠിപ്പിക്കും. അതുകേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. ഞാൻ ആഗ്രഹിച്ചത് മുഴുവൻ ഹിന്ദുസ്ഥാനി പഠിക്കാനാണ്. അതും ജസ്രാജിൽനിന്ന്. ഞാൻ പറഞ്ഞു; എനിക്ക് ഹിന്ദുസ്ഥാനിയാണ് പഠിക്കേണ്ടത്, അതും താങ്കളുടെ സംഗീതം. അദ്ദേഹം പറഞ്ഞു; എനിക്ക് ഒട്ടും സമയമില്ല. അതോടെ നിരാശനായ ഞാൻ അവിടെ നിന്ന് കരഞ്ഞു. ഞാൻ കണ്ണുനീരോടെ പടിയിറങ്ങുന്നത് ഗുരുജി കണ്ടുനിന്നു. ഒരുപക്ഷേ, വിഷമം തോന്നിയ അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു. നിനക്ക് ബോംബെയിൽ താമസിക്കാമോ എന്നു ചോദിച്ചു.
എന്റെ കൈയിൽ ഒന്നുമില്ല. അവിടെ താമസിക്കാനുള്ള പണമില്ല. കാര്യമായ വരുമാനവുമില്ല. ഒന്നും ചിന്തിക്കാതെ താമസിക്കാം എന്ന് പറഞ്ഞു. അടുത്ത ഒരുദിവസം അദ്ദേഹം പൂനയിൽ വരുന്നുണ്ട്. അവിടെ വന്ന് കാണാൻ പറഞ്ഞു.
അവിടെ അദ്ദേഹം കച്ചേരിക്ക് വന്നതാണ്. വലിയ ജനമാണ്. അവിടെ വെച്ചും എന്നെ പാടിച്ചു. പിന്നീട് പറഞ്ഞു, ബോംബെയിലേക്ക് വരാൻ. അങ്ങനെ ബോംബെയിലേക്ക് താമസം മാറി.
അന്ന് ബോംബെയിൽ താമസിക്കാനൊക്കെ നല്ല പണച്ചെലവ് ഉണ്ടായിരുന്നില്ലേ?
അവിടെ വീട് വാടകക്കെടുക്കാനൊന്നും മാർഗമില്ല. അവിടെയും സുനിൽ പാധ്യ എന്നെ സഹായിച്ചു. അവനില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇന്നത്തെ രമേശ് നാരായണൻ ആകുമായിരുന്നില്ല. അവന്റെ ബോംബെയിലെ ചെറിയ വീട്ടിൽ എന്നെ കൂടെ താമസിക്കാൻ അനുവദിച്ചു. ചെറിയ ഫ്ലാറ്റിൽ അവൻ, അച്ഛൻ, അമ്മ, ഒരു സഹോദരി. അവരോടൊപ്പമാണ് ഞാൻ കഴിഞ്ഞത്. അവർ എനിക്ക് ആഹാരം തന്നു, കിടക്കാൻ ഇടം തന്നു. രാവിലെ നാസ്ത കഴിച്ച് ഗുരുജിയുടെ അടുത്തേക്ക് പോകും. പിന്നെ ആഹാരം മറ്റെവിടെ നിന്നെങ്കിലും ആയിരിക്കും. ഇടക്ക് പ്രോഗ്രാമുകളും പഠനവും പ്രാക്ടീസുമായി അങ്ങനെ കാലം കടന്നുപോയി. ഹിന്ദുസ്ഥാനി സംഗീതപഠനം അങ്ങനെ വലിയ പദ്ധതിയാണ്. സമയബന്ധിതമല്ലാത്ത പഠനമാണ്. ആദ്യത്തെ രണ്ടു വർഷം കേൾക്കാൻ മാത്രമാണ് ഗുരുജി പറഞ്ഞത്. അദ്ദേഹം പോകുന്നിടത്തെല്ലാം പോവുക, അദ്ദേഹം പാടുന്നതെല്ലാം കേൾക്കുക. പഠിച്ചതൊക്കെ നിരന്തരമായി പ്രാക്ടീസ് ചെയ്യുക എന്നിങ്ങനെയാണ് പഠനരീതി. ഗുരുജി ദൂരെ സ്ഥലങ്ങളിൽ പോകുന്ന സമയം ഞാൻ തിരിച്ച് പൂനക്ക് പോകും. അവിടെ എപ്പോഴും പാട്ട് പ്രാക്ടീസ് ചെയ്തുകൊേണ്ടയിരിക്കും.
ഗുരുജിക്ക് ബോംബെയിൽ തന്നെ മറ്റൊരു ഫ്ലാറ്റ് ഉണ്ടായിരുന്നു. അദ്ദേഹം ദൂരയാത്ര പോകുമ്പോൾ അവിടെ ശിഷ്യൻമാർ ആയിരിക്കും താമസിക്കുക. ചിലപ്പോൾ അവിടെ താമസിക്കുന്നവരോടൊപ്പം പ്രാക്ടീസ് തുടരും. അവിടെ കഴിയും. ചിലപ്പോൾ ഗുരുജിയുടെ വീട്ടിൽതന്നെ താമസിച്ചിട്ടുണ്ട്. പിന്നീട് ഒരു മോപ്പഡ് വാങ്ങി. അതുമായി പോയി പലയിടത്തും ഗിറ്റാർ ക്ലാസ് എടുത്തിരുന്നു.
ഹരിഹരനും ശങ്കർമഹാദേവനുമൊക്കെ ആ കാലത്ത് അവിടെ പൂനയിൽ ഉണ്ടായിരുന്നല്ലോ. അവരെ കാണുമായിരുന്നോ?
ശങ്കർ മഹാദേവൻ ഗുരുജിയോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ച് പല സ്റ്റേജുകളിലും പാടിയിട്ടുണ്ട്. ഹരിഹരനുമായി അന്നത്ര സൗഹൃദമില്ല. പിന്നീടാണ് അടുപ്പമാകുന്നത്. ഞാൻ സംഗീതസംവിധാനം ചെയ്ത ആദ്യഗാനം പാടുന്നത് ഹരിഹരൻ ആയിരുന്നല്ലോ.
ഗുരുജിയുടെ കീഴിൽ എത്രകാലം പഠനം തുടർന്നു?
എൺപത്തിമൂന്നിലാണ് ഞാൻ ഗുരുജിയുടെ അടുത്തെത്തുന്നത്. 90 വരെ അവിടെയായിരുന്നു. അതിനുശേഷം ഞാൻ നാട്ടിലേക്ക് തിരികെ വന്നു, എന്നാൽ പഠനം തുടർന്നുകൊണ്ടേയിരുന്നു. കേരളത്തിൽ എത്തി പ്രോഗ്രാമുകൾ ചെയ്യാൻ തുടങ്ങി. സംഗീതസംവിധാനം ചെയ്യാൻ തുടങ്ങി. എന്നാൽ, ഇതിനിടെ സമയം കിട്ടുമ്പോഴൊക്കെ ഗുരുജിയുടെ അടുത്തുപോയി പഠനം തുടർന്നുകൊണ്ടേയിരുന്നു.
അദ്ദേഹം പഠിപ്പിക്കുന്ന രാഗങ്ങളും ബന്ദിശുകളും റെക്കോഡ് ചെയ്ത് കൊണ്ടുവന്നിട്ട് കേട്ട് മാസങ്ങളോളം പ്രാക്ടീസ് ചെയ്ത് ഉറപ്പിക്കണം. മാസങ്ങളോളം പ്രാക്ടീസ് ചെയ്താൽ മാത്രമേ അതൊക്കെ മനസ്സിൽ ഉറയ്ക്കൂ. അങ്ങനെയായിരുന്നു പഠനം. 1987ൽ ഗുരുജി തിരുവനന്തപുരത്ത് സൂര്യ സംഗീതമേളയിൽ പാടാൻ വന്നു. അന്നാണ് അദ്ദേഹത്തോടൊപ്പം ഒരു മുഴുനീള കച്ചേരിയിൽ ഞാൻ പാടുന്നത്.
അതൊരു വഴിത്തിരിവായിരുന്നല്ലോ?
മലയാളികൾ ജസ്രാജിന്റെ ശിഷ്യനായി എന്നെ അംഗീകരിക്കാനും അതായിരുന്നു കാരണം. എന്നാൽ, കോഴിക്കോട് അക്കാലത്തുതന്നെ എനിക്ക് ശിഷ്യൻമാർ ഉണ്ടായിരുന്നു. ഞാൻ ഉത്തരേന്ത്യയിൽ പഠിക്കാൻ പോയി എന്നത് ഇതിനോടകം പലയിടത്തും അറിഞ്ഞിരുന്നു. അവിടെനിന്നൊക്കെ പലരും എന്റെയടുത്ത് പഠിക്കാൻ വന്നു. കൂത്തുപറമ്പിലെ വീട്ടിലെ മുറി സംഗീതം പ്രാക്ടീസ് ചെയ്യാൻ വേണ്ടി മാത്രമായിരുന്നു. അവിടെ എപ്പോഴും ആളുകൾ വരും. തബലിസ്റ്റുകൾ വരും. അവരോടൊപ്പം പ്രാക്ടീസ് ചെയ്യും.
തിരുവനന്തപുരത്തേക്ക് താങ്കളുടെ സംഗീതപ്രവർത്തനങ്ങൾ എങ്ങനെയാണ് എത്തപ്പെട്ടത്?
1989ൽ ഒരു സീരിയലിന് ടൈറ്റിൽ സോങ് സംഗീതം ചെയ്യാനാണ് ആദ്യമായി തിരുവനന്തപുരത്തെത്തുന്നത്. കൂത്തുപറമ്പുകാരനായ സി.എൻ. ശ്രീ വത്സനായിരുന്നു സംവിധായകൻ. അദ്ദേഹത്തിന് എന്നെ നേരത്തേ അറിയാം. പിന്നീട് തരംഗിണിയുമായി ബന്ധപ്പെട്ട് ചില വർക്കുകൾ വന്നു. പിന്നെ നിരവധി സീരിയലുകൾ. ഇവിടെ വീടെടുത്ത് സംഗീത ക്ലാസുകൾ തുടങ്ങി. ധാരാളം പേർ പഠിക്കാൻ വന്നു. അങ്ങനെ ഇവിടെത്തന്നെ ജീവിതം തുടർന്നു. 90ൽ കണ്ണൂരിൽനിന്ന് ഹേമയെ വിവാഹം കഴിച്ചു. ഇവിടെ തുടർന്നു. ഇവിടെനിന്ന് വടക്കേ ഇന്ത്യയിലേക്ക് മാറണമെന്നായിരുന്നു എന്റെ ആഗ്രഹം. പിന്നീട് ധാരാളം സിനിമാ വർക്കുകളും പ്രോഗ്രാമുകളും ഒക്കെ ആയതോടെ ഇവിടം വിട്ടുപോകാനുള്ള സാഹചര്യമുണ്ടായില്ല. 1988ൽ കൊച്ചി ഫൈനാർട്സ് സൊസൈറ്റിയിൽ ഗുരുജി പാടാൻ വന്നപ്പോൾ എന്നെയും കൂട്ടി. ഹംസധ്വനി രാഗം പാടിക്കൊണ്ടിരിക്കുകയാണ്. ഇടക്ക് നിർത്തിയിട്ട് എന്നോട് പാടാൻ പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി, ഒന്നും വന്നില്ല. അദ്ദേഹം വീണ്ടും നിർബന്ധിച്ചു. ഒരു ധൈര്യത്തിന് പാടി. ജനങ്ങൾ എല്ലാവരും കൈയടിച്ചു. പിന്നെയും പാടിച്ചു. അദ്ദേഹത്തിന് വലിയ സന്തോഷമായി. ഇവൻ മലയാളിയാണ്, എന്റെ ശിഷ്യനാണ് എന്നൊക്കെ സ്റ്റേജിൽ പരിചയപ്പെടുത്തി. ഒരിക്കൽ ഇവൻ വലിയ ഗായകനാകും എന്നും അദ്ദേഹം അവിടെ െവച്ച് പ്രഖ്യാപിച്ചു. അതെനിക്ക് വലിയ അംഗീകാരം നേടിത്തന്നു. പ്രോഗ്രാം കഴിഞ്ഞ് പിറ്റേദിവസം രാവിലെ ഞാൻ ട്രെയിനിൽ കണ്ണൂരേക്ക് മടങ്ങുമ്പോൾ ട്രെയിനിൽ എന്റെ എതിർ സീറ്റിൽ ഇരുന്നയാൾ പരിചയപ്പെട്ടു; കെ.എൻ. മേനോൻ. താങ്കളുടെ പാട്ട് ഞാൻ ഇന്നലെ കേട്ടു എന്ന് പറഞ്ഞു. ഒറ്റക്ക് ഒരു കച്ചേരി എറണാകുളത്ത് നടത്താമോ എന്നു ചോദിച്ചു. ഞാൻ ഏറ്റു. രണ്ടു ദിവസം കഴിഞ്ഞ് എനിക്ക് കത്തു വന്നു. അങ്ങനെ കൊച്ചിയിൽ എന്റെ ആദ്യ കച്ചേരി. തുടർന്ന് ആബേലച്ചൻ കലാഭവനിൽ ഇടക്ക് ക്ലാസെടുക്കാൻ വിളിച്ചു.
24 മണിക്കൂർ കച്ചേരി തിരുവനന്തപുരത്ത് അവതരിപ്പിച്ചിരുന്നല്ലോ. അതന്ന് വലിയ വാർത്തയായിരുന്നു?
93ലാണ് ഞാൻ സൂര്യ ഫെസ്റ്റിവലിൽ മുഴുനീള കച്ചേരി അവതരിപ്പിക്കുന്നത്. അത് വലിയ അംഗീകാരം നേടിത്തന്നു. തൊട്ടടുത്ത വർഷം സൂര്യ പ്രോഗ്രാമിൽ 30 മണിക്കൂർ പാടിയത് ലോകശ്രദ്ധയാകർഷിച്ചു. 24 മണിക്കൂറാണ് ആദ്യം നിശ്ചയിച്ചതെങ്കിലും 30 മണിക്കൂർ പാടി. ഒരു യാത്രയിൽ അങ്ങനെ തോന്നിയതാണെനിക്ക്. അതിൽ ഒരു രാഗം രണ്ട് മണിക്കൂർ വരെ പാടിയിട്ടുണ്ട്. രാജ്യത്തും പുറത്തും അത് വാർത്തയായി. പത്രത്തിൽ വാർത്ത വായിച്ചിട്ട് ഗുരുജി എന്നെ വിളിച്ച് അഭിനന്ദിച്ചു. ഇതോടെ കേരളത്തിൽ എനിക്ക് നിറഞ്ഞ അംഗീകാരം ലഭിച്ചു എന്നു മാത്രമല്ല, ഹിന്ദുസ്ഥാനി സംഗീതത്തിനും അത് ഇവിടെ ഒരു വലിയ ഇടം നേടിക്കൊടുത്തു. അതിനുശേഷം കേരളത്തിൽ എല്ലായിടത്തും ഹിന്ദുസ്ഥാനി സംഗീതത്തിന് വേദികളുണ്ടായി.
മലയാളികളുടെ ജൈവികമായ ശബ്ദഘടന ഉത്തരേന്ത്യൻ ഗായകരുമായി യോജിക്കുന്നതാണോ? പ്രദേശങ്ങളുടെ വ്യത്യാസം വോക്കൽ പവറിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും എന്നൊക്കെ കേട്ടിട്ടുണ്ട്. അതിൽ കാര്യമുണ്ടോ?
അങ്ങനെ ഉണ്ടെന്ന് തോന്നുന്നില്ല. നമ്മൾ പ്രാക്ടീസ് ചെയ്യുന്നതുപോലെയിരിക്കും. എന്നാൽ, പ്രാദേശികമായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകും. എന്നാൽ അതിനെയൊക്കെ അതിജീവിക്കാൻ പ്രാക്ടീസുകൊണ്ട് സാധിക്കും. ഇന്ന് ഇന്ത്യയിലെ വലിയ ഗായകരൊക്കെ മലയാളികളല്ലേ. ഹരിഹരനും ശങ്കർ മഹാദേവനുമൊക്കെ മലയാളികളാണല്ലോ. മലയാളികൾക്ക് പൊതുവേ അൽപം സോഫ്റ്റ് വോയ്സ് ആണ്. എന്നാൽ, പാകിസ്താൻ അതിർത്തിയിലുള്ളവരൊക്കെ വളരെ അലറി പാടുന്നവരാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന പാട്ടുശൈലിയുമായി അത് ബന്ധപ്പെട്ടിരിക്കും.
ഹിന്ദുസ്ഥാനിയിലെ വിവിധ ഗാനരൂപങ്ങൾ പാടാറുണ്ടോ കച്ചേരികളിൽ?
ഒരു മെഹ്ഫിലിൽ എല്ലാം വരും. വളരെ വൈവിധ്യമാർന്നതും സങ്കീർണവുമാണ് നമ്മുടെ ഹിന്ദുസ്ഥാനി സംഗീതം. തുംറി മാത്രം പാടുന്നവരുണ്ട്, ഖവാലി മാത്രം പാടുന്നവരുണ്ട്. സുദീർഘമായ രാഗാലാപനമാണ് മെഹ്ഫിലുകളുടെ ശൈലി. അത് കർണാട്ടിക് കച്ചേരികളിൽനിന്ന് വ്യത്യസ്തമാണ്.
‘ഗർഷോം’ ആയിരുന്നില്ലേ ആദ്യം സംഗീതം നൽകിയ ചിത്രം.
അതെ. എന്നാൽ, നേരത്തേ സിനിമയിലല്ലാതെ മറ്റു പലതും ചെയ്തിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണനാണ് എന്റെ പേര് പി.ടി. കുഞ്ഞുമുഹമ്മദിനോട് നിർദേശിച്ചത്. അടൂർ എന്റെ പാട്ടു കേട്ടിട്ടാണ് പി.ടിയോട് പറഞ്ഞത് ഹിന്ദുസ്ഥാനി പഠിച്ച ഒരാളുണ്ട്, നിങ്ങൾക്ക് വേണമെങ്കിൽ പരീക്ഷിച്ചു നോക്കാമെന്ന്. ഏതായാലും അത് നല്ല തുടക്കമായിരുന്നു. ആദ്യത്തെ ഗാനം തന്നെ അതീവ ശ്രദ്ധയാകർഷിച്ചു. മലയാളത്തിന് ഒരു പുതിയ അനുഭവമാണ് ആ ഗാനം സമ്മാനിച്ചത്. ഹരിഹരന്റെ ആലാപനംകൊണ്ടുതന്നെ ഗാനം ശ്രദ്ധേയായി. വളരെ ബുദ്ധിമുട്ടുള്ള പാട്ടായിട്ടും അത് അതീവ ജനകീയമായി. റഫീക്ക് അഹമ്മദിന്റെ മനോഹരമായ വരികൾ.
കേരളത്തിൽ ധാരാളം ഗസലുകൾ ഇറങ്ങിയിട്ടുണ്ട്. താങ്കളും ചിലതൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ, ഇത് മലയാളത്തിൽ സാധിക്കുന്നതാണോ?
ഗസൽ എന്നാൽ കവിതയല്ല, ഈരടികളാണ്. വളരെ ലളിതമാണ്. അതിന് വലിയ നിയമാവലികളാണുള്ളത്. അത് പാലിക്കാതെയാണ് ഇവിടെ പലതും ഗസലുകളായി ഇറങ്ങിയിട്ടുള്ളത്. കവിതയാണ് പലപ്പോഴും ഇവിടെ ഗസലായി ഇറങ്ങുന്നത്. ഞാൻ നിയമം പാലിച്ച് എഴുതിച്ചാണ് ഗസൽ ഇറക്കിയിട്ടുള്ളത്.
ഹിന്ദുസ്ഥാനി സംഗീതജ്ഞരിൽ ഉസ്താദുമാരും പണ്ഡിറ്റുമാരും ഉണ്ടല്ലോ. ആരെങ്കിലും നൽകുന്ന പദവിയാണോ ഇത്. താങ്കളെ പണ്ഡിറ്റ് എന്നു വിളിക്കുന്നതിൽ ചിലർക്കൊക്കെ അസ്വാരസ്യം ഉള്ളതായി കേട്ടിട്ടുണ്ട്. എന്താണ് ഇതിലെ യാഥാർഥ്യം?
പലർക്കും ഇക്കാര്യത്തിൽ ചില തെറ്റിദ്ധാരണകളുണ്ട്. എന്നെ പണ്ഡിറ്റ് എന്ന് വിളിച്ചത് എന്റെ ഗുരുനാഥൻ തന്നെയാണ്. അതദ്ദേഹത്തിന്റെ കൽപനയാണ്. ഒരു പ്രായം കഴിഞ്ഞാൽ അവിടെ എല്ലാവരും അങ്ങനെ വിളിക്കും. അവിടത്തെ സംസ്കാരമാണ്. ഗുരുജിയുടെ മുന്നിൽവെച്ച് ആരെങ്കിലും എന്നെ സംബോധന ചെയ്യുമ്പോൾ അദ്ദേഹംതന്നെ പറയും, ‘‘ഉസ്കൊ പണ്ഡിറ്റ് ബുലാവോ’’ എന്ന്. ഞാൻ കണ്ണൂർ ആകാശവാണിയിൽ ജോലിചെയ്യുന്ന കാലത്ത് എനിക്ക് കത്തുവരും. അതിൽ പണ്ഡിറ്റ് എന്നായിരിക്കും എഴുതിയിട്ടുണ്ടാവുക. ഇത് കാണുമ്പോൾ പലർക്കും ബുദ്ധിമുട്ടാണ്. പലരും ചോദിച്ചിട്ടുമുണ്ട്. യഥാർഥത്തിൽ ഒരു സ്കോളർ എന്ന അർഥത്തിലാണ് ആ വാക്ക് ഉപയോഗിക്കുന്നത്. മുസ്ലിം പാട്ടുകാരെ ഉസ്താദ് എന്നും വിളിക്കാറുണ്ട്. ഒരു പ്രായം കഴിഞ്ഞാൽ അറിവുള്ള ആൾക്കാരെ അൽപം ബഹുമാനത്തോടെ അങ്ങനെ വിളിക്കും. അത്രയേയുള്ളൂ.
നമ്മുടെ പുതിയ കാലത്തെ ഗാനങ്ങൾ നമ്മുടെ സംസ്കാരത്തിൽനിന്ന് വ്യതിചലിച്ച് ഏതാണ്ട് വികൃതമായ അവസ്ഥയിലേക്കെത്തിയിരിക്കുന്നു. ഈ രീതിയിലേക്ക് മാറ്റപ്പെട്ട ഗാനസംസ്കാരം എങ്ങനെ ഒരു തലമുറക്ക് ഗുണകരമാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
നമ്മുടെ സിനിമാ പാട്ടുകൾക്ക് പത്തെഴുപത്തിയഞ്ച് വർഷത്തെ ചരിത്രമേയുള്ളൂ. അതിൽ കാതലായ മാറ്റങ്ങൾ കാലാകാലങ്ങളായി വന്നിട്ടുണ്ട്. മാറ്റങ്ങൾ ആവശ്യവുമാണ്. എന്നാൽ, അത് എത്തരത്തിലുള്ള മാറ്റമാണ് എന്നതാണ് പ്രധാനം. പണ്ട് എഴുത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. എഴുതിയിട്ടാണ് ട്യൂൺ. ഭാസ്കരൻ മാഷൊക്കെ അനുഭവത്തിൽനിന്നാണ് എഴുതുന്നത്. അതുകൊണ്ടാണ് അത്ര നല്ല വരികൾ വരുന്നത്. ആ വികാരത്തിനാണ് ട്യൂൺ നൽകുന്നത്. ഇന്ന് വരികളും സംഗീതവും തമ്മിൽ ബന്ധമില്ല. രണ്ടും രണ്ട് വഴിക്കാണ് പല ഗാനങ്ങളിലും. ഒരു പാട്ട് കേട്ടുകഴിഞ്ഞാൽ ഹാ എന്ന് നാം അറിയാതെ പറയുന്നത് അതിന്റെ വികാരഭാവം നമ്മെ സ്പർശിക്കുന്നതുകൊണ്ടാണ്. എന്നാൽ, ഇന്നത്തെ മിക്ക പാട്ടുകളിലും അതില്ല. ഇന്ന് പാട്ടുകാർ അനുഭവിച്ച് പാടുന്നില്ല. അനുഭവിച്ച് എഴുതുന്നില്ല. എങ്ങനെയൊക്കെയോ പാട്ട് ഉണ്ടാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
സംഗീതസംവിധാനം ചെയ്യുന്നതിന് സംഗീതത്തിൽ വലിയ അറിവ് വേണമെന്നുണ്ടോ?
തീർച്ചയായും നല്ല അറിവുണ്ടായിരിക്കണം. വെസ്റ്റേൺ കോഡ് പ്രോഗ്രഷനൊക്കെ അറിഞ്ഞാലേ യൂനിവേഴ്സലായ ഗാനങ്ങൾ ചെയ്യാൻ കഴിയൂ. ഇപ്പോൾ പാട്ടുണ്ടാക്കാൻ കമ്പ്യൂട്ടർ നമ്മെ സഹായിക്കുന്നുണ്ട്. ഇനിയിപ്പോൾ നിർമിതബുദ്ധിയും പാട്ടുകളുണ്ടാക്കും. എന്നാൽ, എന്തൊക്കെയായാലും നമ്മുടെ ഉള്ളിലുള്ള സംഗീതത്തിന് പകരംവെക്കാൻ മറ്റൊന്നിനുമാകില്ല.