''തൊണ്ണൂറ് ശതമാനം മുഖ്യധാരാ മാധ്യമങ്ങളും ഞെരിക്കപ്പെട്ട നിലയിലാണ്'' -രവീഷ് കുമാർ സംസാരിക്കുന്നു
രവീഷ് കുമാർ മാധ്യമം ലേഖകനുമായി നടത്തിയ അഭിമുഖം (ലക്കം: 1121 പ്രസിദ്ധീകരിച്ചത്)
രാജ്യത്തെ നല്ല പങ്ക് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഭരണകൂടത്തിെൻറ പിന്നിൽ മുട്ടിൽ ഇഴയുമ്പോൾ കീഴടങ്ങാൻ വിസമ്മതിച്ച് നിലകൊള്ളുന്ന മാധ്യമപ്രവർത്തകനാണ് രവീഷ് കുമാർ. അദാനി ഗ്രൂപ് എൻ.ഡി.ടി.വിയെ ഏറ്റെടുക്കുന്ന പശ്ചാത്തലത്തിൽ എൻ.ഡി.ടി.വി സീനിയര് എക്സിക്യൂട്ടീവ് എഡിറ്റര് കൂടിയായ രവീഷ് കുമാര് രാജിവെച്ചിരിക്കുന്നു. മഗ്സാസെ ജേതാവ് കൂടിയായ രവീഷ് വാർത്ത അവതാരകൻ, എഴുത്തുകാരൻ എന്നീനിലകളിലും പ്രശസ്തനാണ്.
1974 ഡിസംബർ അഞ്ചിന് ബിഹാറിലെ മോതിഹാരിയിൽ ജനിച്ച രവീഷ് കുമാർ പട്നയിലെ ലയോല ഹൈസ്കൂളിലായിരുന്നു പഠിച്ചത്. പിന്നീട് ഡൽഹി ദേശബന്ധു കോളജിൽനിന്ന് ബിരുദം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ ഹിന്ദി ജേണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് ചേർന്നെങ്കിലും അത് വേഗം ഉപേക്ഷിച്ചു. 1996 മുതൽ മാധ്യമരംഗത്ത് സജീവം. ഇപ്പോൾ എൻ.ഡി.ടി.വിയിൽ മാനേജിങ് എഡിറ്ററാണ്. ചാനലിലെ ൈപ്രം ൈടം, ഹം ലോഗ് പരിപാടികൾ അവതരിപ്പിക്കുന്നു. രണ്ടു തവണ മാധ്യമപ്രവർത്തനരംഗത്തെ മികവിന് രാമനാഥ് ഗോയങ്ക പുരസ്കാരം നേടി.
ഡൽഹി ലേഡി ശ്രീറാം കോളജ് അധ്യാപികയായ നയാന ദാസ് ഗുപ്തയാണ് ഭാര്യ. ഇഷ്ക് മേൻ ഷഹർ ഹോന, ദേക്തെ രഹിയെ, രവീഷ് പാന്തി, ദ ഫ്രീ വോയ്സ്: ഓൺ ഡെമോക്രസി, കൾചർ ആൻഡ് നേഷൻ എന്നിവയാണ് പ്രധാന കൃതികൾ. മഗ്സാസെ പുരസ്കാരത്തിെൻറ പശ്ചാത്തലത്തിൽ തെൻറ മാധ്യമപ്രവർത്തനത്തെക്കുറിച്ചും ഇന്ത്യൻ മാധ്യമരംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചും രവീഷ് കുമാർ സംസാരിക്കുന്നു.
ടെലിവിഷൻ മാധ്യമപ്രവർത്തനത്തിെൻറ നിലവിലുള്ള അവസ്ഥയെ എങ്ങനെ കാണുന്നു?
വളരെ മോശമാണ്. അതിെൻറ എല്ലാ സൗന്ദര്യബോധവും നഷ്ടപ്പെട്ടിരിക്കുന്നു. ടെലിവിഷൻ ചാനലുകൾ ചർച്ചകൾകൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു തരത്തിലുള്ള വിവരവും വായനക്കാരിലെത്തിക്കാത്ത ചർച്ചകൾ നടത്തിയതുകൊണ്ട് ഒരു കാര്യവുമില്ല. നല്ലതായാലും ചീത്തയായാലും ഡൽഹിക്കും മുംൈബക്കും പുറത്ത് എന്ത് നടക്കുന്നു എന്ന ഒരു ധാരണയുമില്ല. ഏതെങ്കിലും ഒരു വാർത്ത പുറത്തുകൊണ്ടുവന്ന് അതിൽ ചർച്ച നടത്തുക എന്ന രീതിയില്ലാതായിരിക്കുന്നു. കാഴ്ചപ്പാടുകൾ ആധാരമാക്കിയുള്ള ചർച്ചകൾ മുന്നോട്ടുപോകുന്നു. മോശമായ കാര്യമാണിത്. നിങ്ങൾ ബി.ജെ.പിയെ പിന്തുണക്കുന്ന ആളാണെങ്കിൽ ബി.ജെ.പിയുടെ ലക്ഷ്യം നേടിയേക്കും. എന്നാൽ അതുകൊണ്ട് യഥാർഥ ചിത്രം ലഭിക്കില്ല. നിങ്ങൾ വോട്ടുചെയ്ത് അധികാരത്തിലേറ്റി എന്നത് ശരിതന്നെ. എന്നാൽ, യഥാർഥ ചിത്രം കണ്ടാണ് തങ്ങൾ അധികാരത്തിലേറ്റിയതെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കരുത്. ഇൗ രാജ്യത്തിെൻറ യഥാർഥ ചിത്രം നമുക്ക് മുന്നിൽ വരണം. ബി.ജെ.പിയാണോ കോൺഗ്രസ് ആണോ എന്നതല്ല വിഷയം. അങ്ങനെ വസ്തുത പുറത്തുകൊണ്ടുവരാൻ കഴിയാത്തതിനാൽ ഞാൻ അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ അധ്വാനം നിഷ്ഫലമാകുകയാണ്. അന്വേഷണമില്ല. വാർത്തകൾ പുറത്തുകൊണ്ടുവരുന്നില്ല. ശരിയായ ഷോർട്ടുകേളാ അവയുടെ എഡിറ്റിങ്ങോ നടക്കുന്നില്ല. ടെലിവിഷെൻറ എല്ലാ ഉള്ളടക്കങ്ങളും നഷ്ടമായിരിക്കുന്നു. ന്യൂസ്റൂമുകൾ ആങ്കർമാരെയും അതിഥികളെയും ഗുസ്തിക്കാരെയുംകൊണ്ട് നിറച്ച് നമ്മൾ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് നല്ല മാധ്യമ പ്രവർത്തനമാണെന്ന് ഞാൻ കരുതുന്നില്ല. ഞാനൊരുപക്ഷേ, പഴയ മനുഷ്യനായതുകൊണ്ടാകും. ഏതായാലും ഇതല്ല നല്ല മാധ്യമപ്രവർത്തനമെന്ന് ഞാൻ പറയും
ഒരു ഭാഗത്ത് മാധ്യമ പ്രവർത്തകർക്കുമേൽ വലിയ സമ്മർദമുണ്ട്. ആര് തങ്ങളുടെ പാർട്ടി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ഭരണകക്ഷിയാണ് തീരുമാനിക്കുന്നത്. ബി.ജെ.പി വാർത്താസമ്മേളനങ്ങളിൽ നിരന്തരം ചോദ്യങ്ങളുന്നയിച്ചിരുന്ന നീനാ വ്യാസ് പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകരുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു. ഇപ്പോൾ അവരെയൊന്നും കാണുന്നില്ല. പകരം വരുന്നവരാകെട്ട ചോദ്യങ്ങളുന്നയിക്കുന്നുമില്ല. ചോദ്യമുയർത്തുന്നവർ വളരെ കുറഞ്ഞുപോയിരിക്കുന്നു. എന്തുകൊണ്ടാണിത്?
എല്ലാവരും ഭയന്നിരിക്കുന്നു. ജോലി നഷ്ടപ്പെട്ടേക്കാം. ശമ്പളത്തിൽ പ്രതിഫലനമുണ്ടായേക്കാം. ന്യൂസ്റൂമുകളിൽ അവേഹളനം അനുഭവിച്ചേക്കാം എന്നൊക്കെയാണ് മാധ്യമപ്രവർത്തകർക്കുള്ള പേടി. എല്ലാവരും കുറേശ്ശയായി ഉൾവലിഞ്ഞുകൊണ്ടിരിക്കുകയാണ്. വാർത്താസമ്മേളനങ്ങളിൽ പറയുന്നതും വാർത്താകുറിപ്പിൽ എഴുതിത്തന്നതും മാത്രം ചെയ്ത് സ്റ്റെനോകളെപ്പോലെ മാധ്യമപ്രവർത്തനവും കൊണ്ടുനടക്കുകയാണ്. വെങ്കയ്യ നായിഡു ബി.ജെ.പി അധ്യക്ഷനായ കാലത്ത് അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്തിരുന്ന് വെങ്കയ്യ എന്ന് പേരെടുത്ത് വിളിച്ച് കടുത്ത ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. അത് ഒരു മോശപ്പെട്ട കാര്യമായി വെങ്കയ്യ നായിഡു കരുതിയിരുന്നുമില്ല. എന്നിട്ടും നീനാ വ്യാസിന്റെ ചോദ്യത്തിനായിരുന്നു വെങ്കയ്യ നായിഡു ആദ്യം ഉത്തരം പറഞ്ഞിരുന്നത്. ബി.ജെ.പി വിരുദ്ധയായതിനാൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ബി.ജെ.പി സർക്കാറിനെതിരായും നിർഭയമായി ചോദ്യങ്ങൾ ചോദിക്കാൻ അവസരം ലഭിച്ചിരുന്നു. ഞാൻതന്നെ നേരിട്ട് പലപ്പോഴും ബി.ജെ.പി ഒാഫിസിൽ പോകുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരിൽ എന്നെ പിടിച്ച് പുറത്താക്കുമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. മോദി അധികാരത്തിലെത്തുന്നതിന് മുമ്പുള്ള കാര്യങ്ങളാണ് ഇപ്പറയുന്നത്. പാർട്ടിക്കെതിരെ ചോദ്യങ്ങളുന്നയിക്കുന്നത് മോശം കാര്യമായി അവർ കണക്കാക്കിയിരുന്നില്ല. ഇപ്പോൾ ആ സംസ്കാരം പാർട്ടിക്കില്ലാതായി. ബി.ജെ.പി ഒാഫിസിൽ നടക്കുന്ന വാർത്താസമ്മേളനങ്ങളുടെ ലൈവ് നിങ്ങൾ ടി.വിയിലൂടെ കണ്ട് നോക്കൂ. കടുത്ത ചോദ്യങ്ങളൊന്നുമുയരുന്നില്ല. എല്ലാ റിപ്പോർട്ടർമാരും അവരുടെതന്നെ ആളുകളാണെന്ന് തോന്നുന്ന തരത്തിലുള്ള ചോദ്യങ്ങളേ അവിടെ ഉയരുന്നുള്ളൂ. ട്വിറ്ററിൽ അവരുടെ പ്രൊഫൈൽ നോക്കിയാലറിയാം. ഒട്ടും രസമില്ലാത്ത മാധ്യമപ്രവർത്തനമാണിത്. ബി.ജെ.പിയുടെ പഴയകാല വാർത്താസമ്മേളനങ്ങൾ ഇൗ ലേഖകരെ കാണിക്കേണ്ടതാണ്. അന്ന് എല്ലാവരുമെത്തി എല്ലാ ചോദ്യങ്ങളും ചോദിക്കുമായിരുന്നു. എന്നാൽ അവയെ ചോദ്യങ്ങളെന്നാണ് പറഞ്ഞിരുന്നത്. ബി.ജെ.പി വിരുദ്ധ ചോദ്യങ്ങളെന്ന് പറഞ്ഞിരുന്നില്ല. ബി.ജെ.പിയുടെ വക്താക്കളും അന്ന് മാധ്യമപ്രവർത്തകരെ അവഹേളിക്കാതെ ഉത്തരം നൽകുമായിരുന്നു. ഇപ്പോൾ അങ്ങനെ അല്ലാതായിരിക്കുന്നു. ഇപ്പോൾ നിങ്ങൾ അമിത് ഷായോടോ മറ്റോ അത്തരം ചോദ്യങ്ങൾ ചോദിച്ചാൽ ഒാഫിസിലെത്തും മുമ്പ് ചിലപ്പോൾ പണിയും പോേയക്കാം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആ കാലത്ത് അശോകറോഡിലെ ബി.ജെ.പി ഒാഫിസിലുണ്ടായിരുന്നല്ലോ. അന്നൊക്കെ അദ്ദേഹം മാധ്യമപ്രവർത്തകരുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്നല്ലോ. പിന്നീടെന്താണ് സംഭവിച്ചത്?
മോദിക്ക് മാധ്യമപ്രവർത്തകരുമായുള്ള ബന്ധങ്ങൾ പിന്നീടും തുടർന്നിട്ടുണ്ടാകാം. മാധ്യമപ്രവർത്തകരുമായി ബന്ധം പുലർത്തുന്നത് തെറ്റുമല്ല. പക്ഷേ, അന്നത്തെ കാലത്തിൽനിന്ന് അദ്ദേഹം ഒരുപാട് മാറി. ഇ-മെയിൽ വഴി ചോദ്യം ചോദിച്ചോളൂ എന്ന് ധനമന്ത്രി പറയുന്നത് കേട്ടില്ലേ. വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ വിലക്കുക. ഒാഫിസിനകത്തുതന്നെ പ്രവേശനം അനുവദിക്കാതിരിക്കുക. ഇതൊക്കെ എന്താണ്? ഒരു സംവിധാനത്തിലൂടെ രാജ്യം കഴിഞ്ഞ 70 വർഷം കൊണ്ട് ഇവിെടയെത്തി. ഇപ്പോൾ അതിശയിപ്പിക്കുന്ന തരത്തിൽ പൊടുന്നനെ അതെല്ലാം മാറ്റിമറിച്ചിരിക്കുന്നു. ജനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. വാർത്ത ശേഖരിക്കുന്നതിനുള്ള രണ്ടാമത്തെ വഴിയായിരുന്നു വിവരാവകാശ നിയമം. ഞാനും വിവരാവകാശ നിയമത്തിലൂടെ ലഭിച്ച വിവരം ഉപയോഗിച്ച് ചില വാർത്തകൾ ചെയ്തിട്ടുണ്ട്. ആ വിവരാവകാശെത്തയും മറ്റൊരു വഴിയിലൂടെ നിയന്ത്രിച്ചാലെന്തു ചെയ്യും? ജോർജ് ഒാർവെൽ തെൻറ '1984' എന്ന കൃതിയിൽ എഴുതിയതാണിത്. '1984' ഒരു പ്രാവശ്യം വായിക്കേണ്ടതാണ്. അപ്പോൾ മനസ്സിലാകും ഇന്ത്യയിൽ ഇപ്പോൾ എന്താണ് നടക്കുന്നതെന്ന്. ഒരു നോവൽ ഇത്രയും കൃത്യമായി എങ്ങനെ ഒത്തുവരും എന്ന് നിങ്ങൾക്ക് അത്ഭുതം തോന്നിപ്പോകും. ഇക്കാലത്തെ മാധ്യമങ്ങളെയും രാഷ്ട്രീയ സാഹചര്യത്തെയും കുറിച്ച് വളരെ രസകരമായി തോന്നും.
യു.പി.എ സർക്കാറിെൻറ അവസാന കാലം വരെ മാധ്യമപ്രവർത്തകർ വൈകുന്നേരങ്ങളിൽ മന്ത്രാലയങ്ങളിൽ വാർത്തകൾക്കായി കയറിച്ചെല്ലാറുണ്ടായിരുന്നു. മന്ത്രാലയങ്ങളിലെ സെക്രട്ടറിയെയും ജോയൻറ് സെക്രട്ടറിയെയും കണ്ട് അവർ പല വാർത്തകളും പുറത്തുവന്നുകൊണ്ടിരുന്നു. ഇപ്പോൾ മാധ്യമപ്രവർത്തകർക്ക് മന്ത്രാലയങ്ങളിൽ പ്രവേശനമില്ല. മാധ്യമപ്രവർത്തനത്തെ ഇങ്ങനെ ഭയക്കുന്നത് എന്തുകൊണ്ടാകും?
ഇപ്പോൾ പ്രവേശനമില്ല. പത്രക്കാർക്ക് ഉദ്യോഗസ്ഥരെ കാണാനും കഴിയില്ല. ഏതെങ്കിലും പത്രക്കാരനെ ഒരു ഉദ്യോഗസ്ഥൻ കണ്ടാൽ അയാളുടെ ജോലിയും നഷ്ടപ്പെടും. ഇക്കാര്യം നമ്മുടെ വായനക്കാരോട് പറയാൻ നമുക്ക് കഴിയണം. ഇവർ സർക്കാറിന്റെ നിയന്ത്രണത്തിലാണെന്നും വിവരം നൽകാൻ ആഗ്രഹിക്കുന്നില്ല എന്നും ജനം അറിയണം. ജനം ഏത് ഇന്ത്യയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നുവോ അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അറിവ് സത്യമല്ലെന്ന് അറിയണം. വിവരം ശുദ്ധമല്ല. എന്നല്ല, അവ വിവരംതന്നെയല്ല. ഏത് തരത്തിലുള്ള ചർച്ചകളാണ് ഇവർ സൃഷ്ടിക്കുന്നത്. വിവരങ്ങൾ അല്ല മാധ്യമങ്ങളിലൂടെ ഇപ്പോൾ ലഭിക്കുന്നത്. വ്യാജമായ വിവരങ്ങൾ നാല് പ്രാവശ്യം പറഞ്ഞ് അതിന് സാധുത നൽകുക
പല സംഭവങ്ങളും സൃഷ്ടിച്ചെടുത്ത് അതിന് നിയമപരമായ സാധുത നൽകുകയാണ്. കശ്മീരിനെ കുറിച്ച് പത്ത് ദിവസമായി ഒരു വിവരവും ലഭിക്കുന്നില്ലെങ്കിലും ചർച്ച ഗംഭീരമായി നടക്കുന്നുണ്ട്. വിവരമെന്തെങ്കിലും ലഭിക്കേണ്ടേ? ഒരു വാർത്താസമ്മേളനം നടത്തി ഇതാണ് തങ്ങളുടെ പദ്ധതി എന്ന് സർക്കാർ പറഞ്ഞശേഷം അതിന്മേൽ ചാനലുകൾ ചർച്ച നടത്തുന്നത് മനസ്സിലാക്കാം. ആരും എന്ത് നടക്കുന്നുവെന്ന് അറിയുന്നുപോലുമില്ലെങ്കിൽ ടി.വികളിൽ ഇത്രയും ചർച്ച നടത്തുന്നതെന്തിനാണ്? എന്നാൽ, ഇത് ഡിബേറ്റ് അല്ല, ഡിസൈൻ ആണെന്ന് നാം തിരിച്ചറിയണം.
ഇൗ സർക്കാർ ഒന്നും പറഞ്ഞിട്ടില്ല. ആർക്കുമൊന്നും അറിയുകയുമില്ല. പിന്നെന്തിനാണ് ഡിബേറ്റ്. അവിടെ ഒരു സീൻ ഉണ്ടാക്കുകയാണ്. ഇതൊരു പാറ്റേൺ ആണ്. ഒാരോ സമയത്തും മറ്റു ഇടങ്ങളിൽ സീൻ സൃഷ്ടിക്കുക. എന്നിട്ടതിന് നിയമസാധുത നൽകുക. ടാങ്കുകളും സൈനിക വാഹനങ്ങളും കൊണ്ടുവരുക. ഏതെങ്കിലും ഒരു എം.പി ഒരു കത്തെഴുതുക. എന്നിട്ടതിൽ പ്രതിഷേധമുണ്ടാകുക. ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ ഒരർഥവുമുണ്ടാകില്ല. ഒരു പ്രസ്താവനയുംകൊണ്ട് ന്യൂസ് റൂമിൽ വന്ന് അതിന്മേൽ ഒരു ചർച്ച നടത്തുക. നമ്മളെല്ലാം ആ ഡിബേറ്റിെൻറ കാഴ്ചക്കാരായിരിക്കുന്നു.
മാധ്യമപ്രവർത്തകരായ നാം വിവരങ്ങൾ ശേഖരിക്കുകയാണ് വേണ്ടത്. ആ വിവരശേഖരണം നിലച്ചിരിക്കുന്നു. വിവരശേഖരണത്തിനുള്ള ചെലവും വലുതായിരിക്കുന്നു. അങ്ങനെയൊക്കെ കഷ്ടപ്പെട്ട് ഒരു മാധ്യമപ്രവർത്തകൻ വിവരം ശേഖരിച്ചുവന്നാലും ആരുണ്ട് അത് അച്ചടിക്കാൻ? അതാണ് മറ്റൊരു പ്രശ്നം. അതിനാൽ ആളുകൾ ഇതെല്ലാം അവസാനിപ്പിച്ചു. ഇപ്പോൾ കേവലം പ്രസ്താവനകളുടെയും പരിപാടികളുടെയും റിപ്പോർട്ട് മാത്രമായി. വളരെ ദുഃഖിപ്പിക്കുന്ന അവസ്ഥയാണിത്.
ഉറവിടങ്ങളിൽ പോയി വിവരം ശേഖരിച്ച് ഒരു മാധ്യമപ്രവർത്തകൻ വന്നാൽതന്നെയും അത് പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾ തയാറല്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാകും?
മാധ്യമങ്ങൾ അവ പ്രസിദ്ധീകരിക്കാൻ തയാറല്ല. കുറച്ചാളുകൾ ചെറിയ വെബ്സൈറ്റുകൾ ഉണ്ടാക്കി യഥാർഥ വാർത്തകൾ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അത് വലിയ കാര്യമാണ്. എന്നാൽ, അവർ ആ തരത്തിൽ കൊണ്ടുവന്ന വാർത്തകൾ ഏറ്റെടുത്ത് ശക്തിപ്പെടുത്താൻ വലിയ മാധ്യമങ്ങൾ തയാറാകില്ല. സർക്കാറിനെ കുറിച്ച വിമർശനങ്ങളുള്ള അവലോകനങ്ങൾ ഒരിക്കലും പ്രസിദ്ധീകരിക്കാത്ത നിരവധി ഹിന്ദി പത്രങ്ങളെ എനിക്കറിയാം. പ്രതിപക്ഷ ശബ്ദം ഇൗ പത്രങ്ങൾ കേൾപ്പിക്കില്ല. സർക്കാറിനെക്കുറിച്ചുള്ള വിമർശനങ്ങളൊന്നും കൊടുക്കുന്നില്ല.
ഇപ്പോഴും ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെടുക എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. എന്നിട്ട് പ്രതിപക്ഷത്തെ കാണാനേ കിട്ടുന്നില്ല, അവരുടെ ശബ്ദമേ കേൾക്കുന്നില്ല എന്ന് അതേ ആളുകളാണ് പറയുന്നത്.
പ്രതിപക്ഷത്തെ കാണിക്കുകയും അവർ പറയുന്നത് പത്രത്തിൽ കൊടുക്കുകയും അതിന് പ്രാധാന്യം നൽകുകയും ചെയ്താലല്ലേ രാജ്യത്ത് പ്രതിപക്ഷമുണ്ടെന്ന് ആളുകളറിയുക. മാധ്യമങ്ങൾ പ്രതിപക്ഷത്തിന് അന്ത്യം കുറിച്ചശേഷം പ്രതിപക്ഷം ഇല്ലെന്നും അവരെ എവിടെയും കാണുന്നില്ലെന്നുമുള്ള ഒരു ധാരണ ആളുകൾക്കിടയിൽ സൃഷ്ടിക്കുകയും ചെയ്യുന്നത് ശരിയല്ല. മാധ്യമങ്ങൾ എന്തുകൊണ്ടാണ് പ്രതിപക്ഷത്തെ കാണിക്കുകയോ കേൾപ്പിക്കുകയോ ചെയ്യാത്തതെന്ന് ജനം ചോദിക്കേണ്ട സമയമാണിത്.
പ്രതിപക്ഷം ഇല്ലാത്തതല്ല, ഒന്നും ചെയ്യാത്തതല്ല, മാധ്യമങ്ങൾ അവരെ മറച്ചുപിടിക്കുകയാണ് എന്നാണോ പറയുന്നത്?
അതെ. മാധ്യമങ്ങൾ അവരെ മറച്ചുപിടിക്കുകയാണ്. അവരുടെ പ്രവർത്തനങ്ങളെയൊെക്ക മറച്ചുപിടിക്കുകയാണ്. ശരിയാണ് പ്രതീക്ഷക്കൊത്ത് അവർ ഉയരുന്നില്ലായിരിക്കാം. പ്രതിപക്ഷത്തിെൻറ ആത്മവീര്യം അൽപം കുറഞ്ഞിട്ടുണ്ട്. കുറച്ചുകൂടി ക്രിയാത്മകമായി ജനങ്ങളെ എങ്ങനെ തങ്ങളുടെ ശബ്ദം ജനങ്ങളിലെത്തിക്കാമെന്ന് അവർ ചിന്തിേക്കണ്ടതുണ്ട്. പാർലമെൻറിൽ അവർ ശബ്ദമുയർത്തുന്നുണ്ട്. എന്നാൽ, സർക്കാർ അതിന് ചെവികൊടുക്കുന്നില്ല. മാധ്യമങ്ങൾ ഇൗ ചോദ്യങ്ങളുന്നയിച്ചത് കൊടുക്കുകയെങ്കിലും വേണ്ടേ? എന്നാൽ, മാധ്യമങ്ങൾ അവരെ കാണിക്കുന്നില്ല എന്നതാണ് പ്രശ്നം.
വാർത്തകളുടെ ഉറവിടങ്ങളെല്ലാം അടച്ചുകഴിഞ്ഞ സ്ഥിതിക്ക് ഡൽഹി േകന്ദ്രീകരിച്ചുള്ള മാധ്യമ പ്രവർത്തനത്തിന് എന്ത് പ്രസക്തിയാണുള്ളത്?
നമ്മുടെയൊക്കെ മാധ്യമപ്രവർത്തനം ഡൽഹി കേന്ദ്രീകരിച്ചായിരുന്നു. ഡൽഹിയില വാർത്ത വരുന്ന വഴികളെല്ലാം അടച്ചാൽ പിന്നെയെവിടെ പോകും? സംസ്ഥാനങ്ങളിലും മോശമായ അവസ്ഥയാണ്. എന്നാൽ, ഇതൊന്നും രാജ്യത്തിന് അറിയില്ല. പ്രധാനമന്ത്രിയുടെ പ്രസംഗവും 'മൻ കീ ബാത്തും' ജനങ്ങൾക്ക് അറിയാം. വാർത്ത ജനങ്ങൾക്കറിയില്ല. പ്രധാനമന്ത്രി എവിടെ പോയി എന്നും എങ്ങനെ വരുന്നുവെന്നും ജനങ്ങൾക്കറിയാം. എന്നാൽ എന്താണ് ചെയ്തതെന്ന് പ്രധാനമന്ത്രി പറയുന്നതേ അറിയൂ. ചെയ്തതിനെ കുറിച്ച് മറ്റൊരു വിവരവും ജനങ്ങൾക്കറിയില്ല. വിവരമെത്തിക്കാനുള്ള മാധ്യമങ്ങൾ അധികരിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് പുറമെ സാമൂഹികമാധ്യമങ്ങളും വന്നു. എന്നാൽ നമുക്ക് കിട്ടുന്ന വിവരം ഇതുപോലെ വർധിച്ചില്ല. മാധ്യമങ്ങൾ കൂടിവന്നപ്പോൾ വിവരം കുറഞ്ഞുവന്നിരിക്കുന്നു. നാലു ഭാഗത്തും പടച്ചെടുക്കുന്ന വാർത്തകളുണ്ടെങ്കിലും വിവരത്തിെൻറ കാര്യത്തിൽ നമുക്ക് മുന്നിൽ ഇരുട്ടാണ്.
ഇങ്ങനെ പോയാൽ മാധ്യമങ്ങളുടെ ഭാവി എന്താകും?
മാധ്യമപ്രവർത്തനത്തെ കുറിച്ച് ജനങ്ങൾ ചോദ്യംചോദിക്കാതിരിക്കുകയും മാധ്യമങ്ങളുടെ ഇൗ പോക്കിൽ ജനം പ്രതികരിക്കാതിരിക്കുകയും ചെയ്താൽ എല്ലാം അവസാനിക്കും എന്നാണ് ഇൗ പ്രവണത കണ്ടിട്ട് എനിക്ക് തോന്നുന്നത്. മാധ്യമപ്രവർത്തനത്തിന് അന്ത്യമാകും. മാധ്യമപ്രവർത്തനമെന്നത് വ്യക്തിയുടെ യാത്രയും പരിശ്രമവുമൊക്കെയായി മാറും. ഒരു മാധ്യമപ്രവർത്തകന് എല്ലാം കൂടി ചെയ്യാൻ കഴിയില്ല. ചിലരുടെ ആരോഗ്യമേഖലയിൽനിന്നും മറ്റു ചിലരുടെ സാമ്പത്തിക മേഖലയിൽനിന്നും വേറെയും ചിലരുടെ രാഷ്ട്രീയമേഖലയിൽനിന്നുമുള്ള റിപ്പോർട്ടുകളായിരിക്കും നന്നാകുക. ഇതിനെല്ലാം ഇപ്പോൾ അന്ത്യമാകും. മുഖ്യധാരാ മാധ്യമങ്ങൾ ശരിയാകുന്നില്ല.
യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങൾ ഉപയോഗിച്ച് വ്യക്തികൾ ചെയ്യുന്നുണ്ട്. എന്നാൽ, അതുകൊണ്ട് റീപ്ലേസ്മെൻറ് ഉണ്ടാകുന്നില്ല.
വായനക്കാരനായാലും പ്രേക്ഷകനായാലും ഒരു കാര്യത്തിൽ അന്തിമമായ തീർപ്പിന് മുഖ്യധാരാ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ ഏറക്കുറെ അവസാനിച്ച മട്ടാണ്. അവർക്ക് ധൈര്യമില്ല. പല പത്രങ്ങൾക്കും പരസ്യം നൽകുന്നത് നിർത്തി. എങ്ങനെ അവർ വാർത്ത നൽകുന്നുവെന്ന് നോക്കിയാണ് ഇത് ചെയ്തത്. പിന്നീട് അവർ വാർത്തേയ നൽകേണ്ടതില്ല എന്ന തീരുമാനത്തിലെത്തി.
വാർത്തകൾ കിട്ടാതായാൽ പിന്നെ ആളുകൾ പത്രം വായിക്കുന്നതും ടി.വി കാണുന്നതും നിർത്തും. നേർക്കുനേരെ പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ പോയി ആ പ്രസംഗം കേട്ടാൽ മതി. അതുതന്നെ പത്രത്തിലും ടി.വിയിലും ഉള്ളൂ എന്ന് ജനം മനസ്സിലാക്കിയാൽ അതോടെ തീർന്നു.
മാധ്യമങ്ങൾ അതിജീവിക്കാൻ മറ്റെന്ത് വഴിയാണുള്ളത്? ഡൽഹി കേന്ദ്രീകരിച്ച വാർത്താശേഖരണത്തിനുള്ള വഴിയടഞ്ഞുവെന്ന് പറഞ്ഞു. ആ നിലക്ക് ഗ്രാമങ്ങളിലേക്ക് പോയി അവിടെനിന്നുള്ള വിവരശേഖരണത്തിലേക്ക് മാധ്യമങ്ങൾ മാറുന്നതിനുള്ള സാധ്യതയുണ്ടോ? തെരഞ്ഞെടുപ്പുകാലത്ത് പ്രണോയ് റോയ് കൊണ്ടുവന്ന ഉത്തർപ്രദേശിെൻറ ചിത്രം വരച്ചുകാണിച്ച സുനേരയുടെ കഥപോലുള്ള വാർത്തകളെ കുറിച്ചാണ് ചോദിച്ചത്?
അതും തടയും. ഫീൽഡിൽ പോയി ആ തരത്തിലുള്ള വാർത്തകൾ കൂടുതലായി പുറത്തുകൊണ്ടുവന്നാൽ അതും നിർത്തിവെപ്പിക്കും. ഒരു വിഷയം പുറംലോകത്തെ അറിയിക്കാൻ മാധ്യമപ്രവർത്തകൻ ഗ്രാമത്തിലേക്ക് വരുന്നുണ്ടെന്ന് വാട്സ്ആപ്പിലൂടെ സന്ദേശം കൈമാറും. അത് ഗ്രാമത്തിൽ വേണ്ടപ്പെട്ടവരിൽ പ്രചരിപ്പിച്ച് ആളെക്കൂട്ടി തടയും. കായികമായി നേരിടും. ആൾക്കൂട്ട ആക്രമണമായി അക്രമവും മർദനവും അരങ്ങേറും. ഗ്രാമങ്ങളിൽ പോയി റിപ്പോർട്ട് ചെയ്യുകയെന്നത് അത്ര എളുപ്പത്തിൽ ചെയ്യാവുന്നതല്ല.
ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള സാമ്പത്തിക ബാധ്യതമൂലം മാധ്യമങ്ങൾ അത് നിർത്തിവെച്ചിരിക്കുകയാണ്. അതിനുള്ള തുക ബജറ്റിൽ മാധ്യമസ്ഥാപനങ്ങൾ വകയിരുത്തുന്നില്ല. അതിന് പറ്റിയ റിപ്പോർട്ടർമാരുമില്ല. അതും അവസാനിക്കുകയാണ്.
ജനങ്ങൾക്കിടയിലേക്കിറങ്ങി വാർത്തകൾ ശേഖരിക്കുകയായിരുന്നല്ലോ രവീഷിന്റെ രീതി. മറ്റു മാധ്യമപ്രവർത്തകരിൽനിന്ന് രവീഷിനെ വ്യത്യസ്തനാക്കിയിരുന്നതും അതായിരുന്നു. മാറിയ സാഹചര്യത്തിൽ ആ രീതിയെ കുറിച്ച് എന്തു തോന്നുന്നു?
ആഴ്ചയിൽ ഒരു ദിവസമാണ് െചയ്തിരുന്നത്. എന്നും ചെയ്യാൻ പറ്റില്ല. നല്ല അനുഭവമാണത്. നാലഞ്ച് ദിവസമെടുക്കും ആ തരത്തിലുള്ള റിപ്പോർട്ടിങ്ങിന്. ഏതെങ്കിലും സർക്കാർ പദ്ധതിയെയും ജനങ്ങളുടെ ജീവിതരീതിയെയും കുറിെച്ചല്ലാം കൃത്യമായ വിവരമാർജിക്കാൻ ആ ഇറങ്ങിച്ചെല്ലലിലൂടെ അവസരം ലഭിക്കും. നാലു ദിവസം ഇൗ തരത്തിൽ ഒരു റിപ്പോർട്ടിനായി അലഞ്ഞ് തിരിച്ചുവന്ന് അത് തയാറാക്കി നൽകാൻ ഏതെങ്കിലും ഒരു ചാനൽ ഏതെങ്കിലും റിപ്പോർട്ടർമാരെ അയക്കുമെന്ന് തോന്നുന്നില്ല. പ്രയാസമായിരിക്കും. എനിക്കും ഇനിയത് തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ആഴ്ചയിലൊരു ദിവസം ചെയ്യേണ്ട വാർത്തക്കായി നാല് ദിവസം നടക്കാറുണ്ടായിരുന്നു. രണ്ട് വർഷം വീട്ടിൽനിന്ന് തന്നെ പുറത്തായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും വീട്ടിൽ വന്ന് തിങ്കളാഴ്ച വീണ്ടുമിറങ്ങാറായിരുന്നു. വാർത്താവതരണത്തിെൻറ ആ കല തിരിച്ചുവരില്ല. ടി.വി ചർച്ച മാത്രമായി മാറിയ ഇപ്പോഴെത്ത മാധ്യമപ്രവർത്തനത്തിെൻറ ആവശ്യം തന്നെയില്ല. മഹാഭൂരിഭാഗവും ഒരു പ്രയോജനവുമില്ലാത്തതാണ്.
എല്ലാ ടി.വി ചാനലുകളും പൂർണമായും ചർച്ചാകേന്ദ്രീകൃതമായെന്നാണോ?
ചർച്ചയാണ് വാർത്ത എന്ന് ജനംതന്നെ ധരിച്ചിരിക്കുകയാണ്. ജനങ്ങൾക്കിതെന്തു പറ്റി എന്നെനിക്ക് മനസ്സിലാകുന്നില്ല. എന്തിനാണ് മനുഷ്യർ ഇൗ ചർച്ച കാണുന്നത്? ഇത് കാണുന്നത് അവർ നിർത്തണം. തങ്ങൾക്ക് ആവശ്യം വിവരങ്ങളും ഗ്രൗണ്ട് റിപ്പോർട്ടുമാണെന്ന് ജനം മാധ്യമങ്ങളോട് ആവശ്യപ്പെടണം. തങ്ങൾ കാശ് തരുന്നത് അതിനാണെന്ന് ജനം മാധ്യമങ്ങളോട് പറയണം. നമ്മൾ ടി.വിക്കും പത്രത്തിനുമൊക്കെ പണം കൊടുക്കുന്നുണ്ടല്ലോ. കാശ് കൊടുത്ത് വാങ്ങുന്ന ഉൽപന്നമെന്ന നിലയിൽ വായനക്കാരനും പ്രേക്ഷകനും അത് പറയാനുള്ള അവകാശമുണ്ടല്ലോ. നിങ്ങൾ വായനക്കാരനും പ്രേക്ഷകനുമായിട്ടും നിങ്ങൾ വായിക്കുകയും കാണുകയും ചെയ്യുന്ന പത്രത്തിലും ടി.വിയിലും എന്താണ് നടക്കുന്നത് എന്ന് ചോദിക്കണം. ജനങ്ങൾ അത് ചെയ്യാത്തതാണ് പ്രശ്നം. മാധ്യമങ്ങളോട് ജനം ചോദ്യങ്ങൾ ചോദിക്കുന്ന സാഹചര്യമുണ്ടാവണം. ജനങ്ങളുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ശക്തമായ മുന്നേറ്റമുണ്ടായെങ്കിൽ മാത്രമേ മാധ്യമ പ്രവർത്തനം ശരിയായ വഴിയിലേക്ക് തിരിച്ചുപോകുകയുള്ളൂ.
ജുഡീഷ്യറിയിലെന്നപോലെ ദലിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളുമെല്ലാം മാധ്യമമേഖലയിലും പാർശ്വവത്കൃതരാണല്ലോ. മുഖ്യധാരാ മാധ്യമങ്ങളിൽ വേണ്ടത്ര പ്രാതിനിധ്യം അവർക്ക് ലഭിക്കാത്തത് 'മാധ്യമ'വുമായി മുമ്പും താങ്കൾ പങ്കുവെച്ചിരുന്നു. ഇപ്പോഴും സ്ഥിതി മോശമാകുകയല്ലാതെ മെച്ചപ്പെട്ടിട്ടില്ല. ഇത് പരിഹരിക്കാനുള്ള വഴിയെന്താണ്?
മാധ്യമരംഗത്ത് ഇവരുടെ പ്രാതിനിധ്യം വളരെ കുറവാണ്. ചില വിഭാഗങ്ങളെ കാണാൻ തന്നെയില്ല. ഇപ്പോൾ കുറേശ്ശയായി ഇൗ വിഭാഗങ്ങളിൽനിന്ന് ആളുകൾ വരുന്നുണ്ട്. അവരുടെ പ്രാതിനിധ്യം മതിയായ തോതിലാകാൻ ഇനിയുമേറെ പേർ വരേണ്ടതുണ്ട്. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് വളരെ ക്രിയാത്മകമായ നടപടി ഇൗ വിഷയത്തിൽ ഉണ്ടാകണം. പാർശ്വവത്കൃത വിഭാഗങ്ങളെ അവർ ഉയർത്തിക്കൊണ്ടുവരണം. എത്രയും വലിയ മാധ്യമസ്ഥാപനങ്ങളാണോ അതിനനുസരിച്ച് ഇൗ പ്രാതിനിധ്യത്തിെൻറ പ്രസക്തിയേറും. നിലവിൽ പാർശ്വവത്കൃത വിഭാഗങ്ങളിൽനിന്നുള്ള മാധ്യമ പ്രവർത്തകർ ചെറിയ പത്രസ്ഥാപനങ്ങളിലാണ് കാണുന്നത്. അവരുടെ മാധ്യമപ്രവർത്തനവും അവിടംകൊണ്ട് അവസാനിക്കുകയാണ്. ഇംഗ്ലീഷിലെയും ഹിന്ദിയിലെയും ഒന്നോ രണ്ടോ പത്രങ്ങളെങ്കിലും ഇവരിലെ മികവുറ്റവരെ കണ്ടെത്തി രംഗത്തിറക്കിയാൽ സ്വാഭാവികമായും മറ്റുള്ളവരും ആ വഴിക്ക് നീങ്ങും.
ഡൽഹിയിൽവന്ന് ജേണലിസം പഠിച്ച ബസ്തറിലെ ആദിവാസി യുവാവ് മുഖ്യധാരാ മാധ്യമങ്ങളിൽ ഇടം കിട്ടാത്തതിനാൽ ബദൽ മാധ്യമത്തിലേക്ക് തിരിഞ്ഞുപോയ അനുഭവമുണ്ട്. അതിനും അനുവദിക്കാതെ മാവോവാദിയാക്കി മുദ്രകുത്തി ജയിലിലടക്കുകയാണ് ചെയ്തത്.
മുഖ്യധാരാ മാധ്യമങ്ങളിൽ ഇടം ലഭിക്കാതെ ബദൽ മാധ്യമങ്ങൾ വഴി അവർ വല്ലതും ചെയ്താൽ ഉദ്ദേശിച്ച ഫലം കിട്ടില്ല. കാരണം, സർക്കാറിന് അത്തരം ശബ്ദങ്ങൾ അടിച്ചമർത്താൻ വളരെ എളുപ്പമാണ്. ഒരു വൃത്തത്തിൽ ആ ബദൽ മാധ്യമം ചർച്ചചെയ്യപ്പെേട്ടക്കാം. എന്നാൽ, ഒരു സർക്കാറും സമാന്തര മാധ്യമങ്ങളെ ശ്രദ്ധിക്കുന്നുപോലുമില്ല. വലിയ മാധ്യമങ്ങൾ ആ വാർത്ത ചെയ്യാത്തിടത്തോളം ഒന്നും സംഭവിക്കുകയില്ല എന്ന് സർക്കാറിനറിയാം.
സ്വതന്ത്ര മാധ്യമപ്രവർത്തനം രാജ്യത്ത് അവശേഷിക്കുന്നുണ്ടോ?
സ്വതന്ത്ര മാധ്യമപ്രവർത്തനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ അത് െചറിയൊരു തുരുത്തിൽ മാത്രം. മുഖ്യധാരാ മാധ്യമങ്ങൾ പൂർണമായും ൈഹജാക്ക് െചയ്യപ്പെട്ടിരിക്കുന്നു. വിമർശനാത്മകമായ അവലോകനങ്ങൾ വല്ലപ്പോഴും വായനക്കാർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, മതിയായ തോതിലില്ല. തൊണ്ണൂറ് ശതമാനം മുഖ്യധാരാ മാധ്യമങ്ങളും ഞെരിക്കപ്പെട്ട നിലയിലാണ്. സാമ്പത്തികമായി മാധ്യമസ്ഥാപനങ്ങൾ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ മാത്രം വിഷയമല്ല ഇത്. സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളുടെ പ്രശ്നം കൂടിയാണ്. പ്രത്യേകിച്ചും ഇൗ സർക്കാർ വന്നതിനുശേഷം അതിനുമാത്രം സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളുണ്ടെന്ന് ഞാൻ കരുതുന്നില്ല. ന്യൂസ്പ്രിന്റിന്റെ തീരുവ 10 ശതമാനം കൂട്ടിയത് പത്രങ്ങൾ സർക്കാറിന്റെ പരസ്യത്തെ കൂടുതൽ കൂടുതൽ ആശ്രയിക്കുന്നതിനാണ്. സർക്കാർ പരസ്യം കിട്ടാതെ വന്നാൽ ന്യൂസ് പ്രിൻറിന് കാശില്ലാതെ പത്രം അടച്ചുപൂേട്ടണ്ടി വരും. ഇത്തരം കളികൾ മാധ്യമപ്രവർത്തകർ മനസ്സിലാക്കണം. ഇക്കളി മാധ്യമപ്രവർത്തകർ സമൂഹത്തിലെ എല്ലാവരെയും അറിയിക്കുകയും വേണം. രാജ്യത്ത് മാധ്യമപ്രവർത്തനത്തിന് നേരെ നടക്കുന്നത് എന്താണെന്ന് സമൂഹമറിയണം.
പ്രതിപക്ഷമില്ല എന്ന് പറയുന്ന മാധ്യമങ്ങളാണല്ലോ എങ്കിൽ പിന്നെ പ്രതിപക്ഷത്തിെൻറ റോളെടുക്കേണ്ടത്? എല്ലാവരും ഭയന്നിരിക്കുകയാണ്. മാധ്യമസ്ഥാപനങ്ങളെ ഭയപ്പെടുത്തിവെച്ചിരിക്കുകയാണ്. പിന്നെന്തുണ്ട് പരിഹാരം?
ജനങ്ങൾക്ക് ഇതേ കുറിച്ച് ബോധമുണ്ടാകുക എന്നത് മാത്രമാണ് പരിഹാരം. തെൻറ കൈയിലുള്ള പത്രം ധൈര്യമുള്ള ഒന്നാണോ, അത് ചോദ്യം ചോദിക്കുന്നുണ്ടോ, തെൻറ പക്കലുള്ള ടി.വിയിൽ സർക്കാർ േപ്രാപഗണ്ടയാണോ മാധ്യമപ്രവർത്തനമാണോ നടക്കുന്നത് എന്ന വ്യത്യാസം െപാതുജനത്തിന് വ്യവഛേദിച്ച് അറിയാൻ കഴിയണം. താങ്കൾ പാർട്ടി ഏതുമായ്ക്കൊള്ളെട്ട. അത് താങ്കളുടെ ഇഷ്ടമാണ്. എന്നാൽ പത്രം ആ പാർട്ടിയുടെ ഇഷ്ടത്തിന് അനുസരിച്ചാകുന്നത് താങ്കൾ ഇഷ്ടപ്പെടാൻ പാടില്ല. അതിെൻറ ആവശ്യവുമില്ല. നരേന്ദ്ര മോദിക്ക് ജനം വോട്ടു ചെയ്തത് മാധ്യമങ്ങൾ നിർത്തിക്കാനല്ലല്ലോ. എന്തൊക്കെയോ കാര്യങ്ങൾ ചെയ്യിക്കാനല്ലേ. തനിക്ക് വോട്ടു ചെയ്തവർക്കായി വല്ലതും ചെയ്യണമെന്ന് മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കുേമ്പാഴല്ലേ സർക്കാറിന് തോന്നുക. മോദിക്ക് വോട്ടു ചെയ്തവർ തങ്ങളുടെ സ്വന്തം ശബ്ദത്തിനാണ് മാധ്യമങ്ങൾ അന്ത്യം കുറിക്കുന്നതെന്ന് മനസ്സിലാകണം. അവർ തെരഞ്ഞെടുത്ത സർക്കാറിലേക്ക് അവരുെട ശബ്ദമെത്തിക്കാനുള്ള വഴിയാണ് മാധ്യമങ്ങൾ. അത് സ്വതന്ത്രമായിരിക്കണം. അങ്ങനെയുള്ള മാധ്യമങ്ങൾ ഒരു വിഷയമുന്നയിച്ചാൽ സർക്കാർ അക്കാര്യം ശ്രദ്ധിക്കും. സർക്കാറിനെ കുറിച്ച വിലയിരുത്തൽ ശരിയാണോ അല്ലേയെന്ന് സ്വതന്ത്ര മാധ്യമങ്ങളില്ലാതെ ബി.ജെ.പി വോട്ടർക്ക് തന്നെ എങ്ങനെ തിരിച്ചറിയാൻ കഴിയും.
'ഞങ്ങളും നിങ്ങളും' എന്ന പ്രശ്നമല്ലിത്. വളരെ ഗൗരവമേറിയ പ്രശ്നമാണിത്. വായനക്കാരെൻറ ശബ്ദം കേൾപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം ഇല്ലാതാക്കിയാൽ അവസാനം ആ വായനക്കാരൻ ഇല്ലാതാകും. വായനക്കാരെൻറയും പ്രേക്ഷകെൻറയും വീട്ടിൽ പ്രതിഷേധമുണ്ടാകും. അപ്പോൾ പ്രശ്നപരിഹാരത്തിനായി അവർ മാധ്യമങ്ങളുടെ അടുത്തെത്തും. ഇതെന്ത് മാധ്യമമാണെന്ന് ചോദിച്ച് ജനങ്ങൾ മാധ്യമങ്ങൾക്കെതിരെ തിരിയണം.
മാധ്യമങ്ങളും പ്രതിപക്ഷവും സർക്കാറിനെ ഭയന്നാൽ പിന്നെ ജനത്തെ ആര് ബോധവത്കരിക്കും?
താങ്കളും ഞാനുമൊക്കെ പറഞ്ഞുകൊണ്ടിരിക്കണം. എല്ലാ വായനക്കാരും മോദിയോട് ഇക്കാര്യം ചോദിക്കണം. മോദിയെ ഇഷ്ടമാണെന്നതിന് മാധ്യമങ്ങളെ ഇല്ലാതാക്കുന്നതും ഇഷ്ടമാണ് എന്ന് അർഥമുണ്ടോ എന്ന് ബി.ജെ.പി വോട്ടർമാർ പറയണം. എല്ലാ മാധ്യമങ്ങളെയും ഇല്ലാതാക്കാനാണോ എല്ലാ ആങ്കർമാരെയും ഇല്ലാതാക്കാനാണോ തങ്ങൾ മോദിക്ക് വോട്ടു ചെയ്തതെന്ന് അവർ പറയണം. മോദിക്ക് വോട്ടു ചെയ്തവർ ഇതാഗ്രഹിക്കുന്നുണ്ടോ എന്ന് പറയണം. മാധ്യമങ്ങളില്ലാത്ത ജനാധിപത്യമാണോ അവർക്കും വേണ്ടത്? എേപ്പാഴാണ് അവരിക്കാര്യം തീരുമാനിച്ചത്? എന്തടിസ്ഥാനത്തിലാണ് അവരങ്ങനെ തീരുമാനിച്ചത്? എന്നാൽ, പിന്നെ അവർ പത്രങ്ങൾ വാങ്ങുന്നത് നിർത്തെട്ട. ടി.വിക്ക് വരി ചേരുന്നതും നിർത്തെട്ട. ഏകസ്വഭാവത്തിലുള്ള വിവരങ്ങളാണ് എല്ലായിടത്തും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് നല്ലതല്ല. വിവരങ്ങളിൽ എത്ര വൈവിധ്യമുണ്ടാകുന്നോ കാഴ്ചപ്പാടുണ്ടാക്കുന്നതിൽ അത്രയും മെച്ചമുണ്ടാകും.