''ഈ ജന്മത്തിൽ എത്രയോ തവണ ഞങ്ങൾ മരിച്ചിരിക്കുന്നു''; ട്രാൻസ് വുമൺ എസ്. നേഹ സംസാരിക്കുന്നു
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ട്രാൻസ് വുമൺ എസ്. നേഹ സംസാരിക്കുന്നു -സിനിമയെപറ്റി, ജീവിതത്തെപറ്റി, അഭിനയത്തെപറ്റി.
''നീ എവിടെയെങ്കിലും പോയി ചാവ്. ഞാൻ അഭിമാനത്തോടെ നിന്റെ മരണാനന്തര ചടങ്ങുകൾ നടത്തിക്കോളാം''- കത്തിജ്വലിച്ചു പറഞ്ഞു തീർത്ത പിതാവിന്റെ വാക്കുകൾ. കരഞ്ഞുകലങ്ങിയ കണ്ണുമായി രഹസ്യമായി വന്ന് എവിടെയെങ്കിലുംപോയി ജീവിക്ക് എന്ന് പറഞ്ഞ് ആയിരം രൂപ വെച്ചുതന്ന മാതാവ്. വടുവീണ കാലുകൾ തലോടി അലറിക്കരഞ്ഞ ആ 18കാരൻ(കാരി) തീരുമാനമെടുത്തു- നാടുവിടുക അല്ലെങ്കിൽ മരിക്കുക. സംസ്ഥാന സർക്കാറിന്റെ ട്രാൻസ്ജൻഡർ വിഭാഗത്തിനുള്ള പുരസ്കാരം നേടിയ നടി എസ്. നേഹയുടെ ജീവിതം സിനിമയുടെ ചത്വരങ്ങളിൽ ഒതുക്കാനാവാത്തതാണ്.
പി. അഭിജിത്ത് സംവിധാനംചെയ്ത 'അന്തരം' എന്ന സിനിമയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നേഹ സംസ്ഥാന പുരസ്കാരത്തിലെത്തിയത്. ആ സിനിമയിൽ അഞ്ജലി തന്റെ പങ്കാളിയുടെ മുഖത്തടിച്ച് പ്രതികരിക്കുന്നുണ്ട്. ജീവിതത്തിലെ നിർണായക തിരഞ്ഞെടുപ്പുകൾ നടത്തുന്നുണ്ട്. കൈവിട്ടുപോയ മാതൃത്വത്തെപറ്റി വിലപിക്കുന്നുമുണ്ട്. സ്തംഭിച്ചുനിന്നുപോയ വിദ്യാർഥിയിൽനിന്ന് നേഹയിലേക്കുള്ള ദൂരത്തിന് അഞ്ജലി എന്ന കഥാപാത്രം സൂചകമാണ്. സമൂഹം തീർത്തുപോയ വിലക്കുകളുടെ കനൽവഴിയിലൂടെയായിരുന്നു തഞ്ചാവൂർ തിരുവാറൂരുകാരൻ നേഹയിലേക്ക് കുടിയേറിയത്.
പുരുഷന്മാർ പെൺവേഷത്തിൽ കെട്ടിയാടുന്ന ട്രാൻസ് വുമൺ കഥാപാത്രങ്ങളുടെ ഇടയിലായിരുന്നു 'അന്തരം' അവരുടെ ജീവിതവുമായി എത്തിയത്. സംവിധായകൻ തൊട്ടറിഞ്ഞ കഥയുടെ നെടുംതൂണാണ് നേഹ അവതരിപ്പിച്ച അഞ്ജലി എന്ന കഥാപാത്രം. പതിവിൽനിന്ന് വ്യത്യസ്തമായി തെരുവിലല്ല, കുടുംബമെന്ന സ്പേസിലേക്കാണ് സംവിധായകൻ അഞ്ജലിയെന്ന ട്രാൻസ് വുമൺ കഥാപാത്രത്തെ വെച്ചത്. അതിനാൽ ഇതുവരെ പരിചിതമല്ലാത്ത ലോകമായിരുന്നു സിനിമ പ്രേക്ഷകന് മുന്നിൽ തുറന്നുവെച്ചതും. ട്രാൻസ് വുമണിന് നഷ്ടമാകുന്ന മാതൃത്വം പങ്കാളിയുടെ മകളിലൂടെ വീണ്ടെടുക്കുന്ന രംഗങ്ങളായിരുന്നു ഹൃദയം തൊട്ടത്.
ജന്മനാ ലഭിച്ച സ്ത്രൈണതയെ കളിയാക്കിയ സയൻസ് മാഷിന്റെ മുന്നിൽ ചൂളിനിന്ന നേഹയുടെ മനസ്സിനെ മുറിവേൽപിക്കാൻ നാട്ടിൽ ആളുകളേറെയായിരുന്നു. 'അന്തരം' സിനിമയിൽ അരവിന്ദൻ എന്ന കഥാപാത്രത്തിന്റെ ഒളിഞ്ഞുനോട്ടം അത്തരത്തിലുള്ളതാണ്. ട്രാൻസ് ജീവിതങ്ങളെ കാണുമ്പോൾ ഇക്കിളിച്ചിരി ചിരിക്കുന്നയാൾ. അവരുടെ വേദനയിലാണ് അയാളുടെ സന്തോഷം. സിനിമയിലെ നായകൻ അൾട്രാപുരോഗമന വാദിയാണ്. പുസ്തകക്കട നടത്തുന്ന ഉന്നത ചിന്ത പുലർത്തുന്നയാൾ. അതിനാലാണല്ലോ തെരുവിൽനിന്ന് വന്ന ട്രാൻസ് വുമണിനെ പങ്കാളിയാക്കിയത്. എന്നിട്ടും സംശയരോഗി ഉണർന്നതും ജീവിതം മാറിമറിയുന്നതും നേർ ജീവിതങ്ങളുടെ സാക്ഷ്യമാണെന്ന് 'മാധ്യമം' പത്രത്തിലെ സീനിയർ ഫോട്ടോഗ്രാഫർ കൂടിയായ സംവിധായകൻ അഭിജിത്ത് അടിവരയിടുന്നു.
സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വിയർ ഫിലിം ഫെസ്റ്റിവലായ 13ാമത് കാഷിഷ് മുംബൈ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമാണ് അന്തരം. 53 രാജ്യങ്ങളിൽനിന്നുള്ള 184 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. നേരത്തേ ജയ്പൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലായിരുന്നു കേരളത്തിലെ ആദ്യ പ്രദർശനം. കേരളത്തിൽനിന്നുള്ള ഈ കൊച്ചുചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അഭിമാനമാകുമ്പോൾ ആദരിക്കപ്പെടുന്നത് ട്രാൻസ്ജൻഡർ കമ്യൂണിറ്റിയാണെന്ന് നേഹ പറയുന്നു. ട്രാൻസ്ജൻഡറുകൾ കോമഡി കഥാപാത്രങ്ങളായി വന്നുപോകുന്ന സിനിമകളിൽനിന്ന് അവരുടെ നെഞ്ചുലയുന്ന അനുഭവങ്ങളിലേക്കുള്ള കാമറയുടെ തുറന്നുവെക്കലും അവരെ വെള്ളിത്തിരയിലേക്ക് ഉൾക്കൊള്ളലും ചരിത്രസംഭവമാണെന്ന് അവർ പറയുന്നു. മാധ്യമം ആഴ്ചപ്പതിപ്പിനായി എസ്. നേഹ ജീവിതം പങ്കുവെക്കുന്നു.
കേരളമെന്ന സംസ്ഥാനത്തിന്റെ ട്രാൻസ്ജൻഡർ എന്ന ലിംഗസ്വത്വത്തോടുള്ള അംഗീകാരമാണ് താങ്കൾക്ക് ലഭിച്ച പുരസ്കാരം. സിനിമ എന്ന വലിയ ദൃശ്യമാധ്യമം നിങ്ങളെ തിരിച്ചറിയുന്നു, അടയാളപ്പെടുത്തുന്നു എന്നതിൽ സന്തോഷമില്ലേ..?
ട്രാൻസ് കമ്യൂണിറ്റിക്ക് കിട്ടുന്ന വളരെ വലിയ അംഗീകാരമാണ് ഇൗ പുരസ്കാരം. സമൂഹവും കാഴ്ചപ്പാടുകളും മാറിവരുന്നതിൽ സന്തോഷമുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് യാഥാർഥ്യമായത്. എന്നേപോലുള്ള കലാകാരികൾക്കുള്ള വലിയ തുറവിയാണ് ഈ അവാർഡ്. മേക്കപ്പ് ആർട്ടിസ്റ്റായും ചെറിയ രംഗങ്ങളിലും വന്ന് പോകുന്ന ഞങ്ങൾ വളരെക്കാലമായി ഈ സിനിമാമേഖലയിലുണ്ട്. ഈ അവസരവും അംഗീകാരവും ഇന്ത്യയിലെ മൊത്തം ട്രാൻസ് സമൂഹത്തിന് പ്രതീക്ഷയാണ്. വ്യക്തിപരമായി എനിക്കുള്ള പുരസ്കാരം സംവിധായകൻ അഭിജിത്തിനും കൂടിയുള്ളതാണ്.
ഷോർട്ട് ഫിലിമുകളിലും തമിഴ്സിനിമകളിലും ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ടല്ലോ. ഇതിവൃത്തത്തിലും അതിന്റെ രാഷ്ട്രീയത്തിലും 'അന്തരം' എന്ന സിനിമ വ്യത്യസ്തമാവുന്നത്?
കഥ കേട്ടപ്പോൾ തന്നെ ഇതിവൃത്തത്തിന്റെ നന്മയും അത് ഞങ്ങളുെടെ കമ്യൂണിറ്റിയോട് ചെയ്യുന്ന നീതിയും വ്യക്തമായിരുന്നു. എനിക്ക് ഈ മുഴുനീള കാരക്ടർ ചെയ്യാനാകുമോ എന്ന സംശയം ഉണ്ടായിരുന്നു. മലയാളവും അത്ര വശമുണ്ടായിരുന്നില്ല. സംവിധായകനും കൂടെ അഭിനയിച്ച കണ്ണൻ നായരും നക്ഷത്രയുമൊക്കെ ചേർന്ന് എന്നെ സിനിമയിൽ കംഫർട്ടബ്ൾ ആക്കുകയായിരുന്നു. അവരോട് നന്ദിയുണ്ട്. ഇന്ത്യയിൽ ട്രാൻസ്ജൻഡറിന് സിനിമയിൽ അവസരം കിട്ടുന്നതുതന്നെ അപൂർവമാണ്. നടി എന്ന നിലയിൽ എങ്ങനെ ജീവിക്കും എന്ന ചോദ്യം നിരവധി പേരും ഞാനും ചോദിച്ചിട്ടുണ്ട്. സിനിമയിൽ ട്രാൻസ് വേഷമുണ്ടെങ്കിൽതന്നെ പുരുഷന്മാർ വേഷമിട്ട് അഭിനയിക്കുകയാണ് പതിവ്. ആ വേഷം തരുന്നത് ഞങ്ങളുടെ സമൂഹത്തോട് ചെയ്യുന്ന നന്മകൂടിയാണ്.
യഥാർഥ ജീവിതങ്ങൾ തന്നെയാണ് സിനിമയെടുക്കാൻ പ്രചോദനമായതെന്ന് സംവിധായകൻ പറയുന്നു. ട്രാൻസ് വുമൺ എന്ന നിലക്ക് ഇത്തരം ജീവിതങ്ങൾ കണ്ടിട്ടുണ്ടാവുമല്ലോ. സ്വന്തം അനുഭവങ്ങൾ അഭിനയത്തിന് സഹായിച്ചിട്ടുണ്ടോ?
സിനിമയിലെ നായികയായ ഒരു അഞ്ജലിയെയല്ല, ഒട്ടേറെ അഞ്ജലിമാരെ നേരിൽ കണ്ടിട്ടുണ്ട്. കുടുംബം നിലനിർത്താൻ സഹിക്കുന്ന, വീടിന് ആവശ്യമായ ഔദ്യോഗിക രേഖകൾക്കായി പോരാടുന്ന, എല്ലാം തകർന്ന് ജീവിതം അവസാനിപ്പിച്ച അഞ്ജലിമാരെ പരിചയമുണ്ട്. പേര് വേറെയാകുമെന്ന് മാത്രം. ഇന്ത്യയിൽ ട്രാൻസ്ജൻഡറിനെ വിവാഹം ചെയ്ത് ജീവിക്കുക എന്നത് പ്രയാസമാണ്. സമൂഹത്തിൽനിന്ന് നിരന്തരം ചോദ്യങ്ങളും അവഗണനകളും നേരിടേണ്ടിവരും. സാമൂഹിക മാധ്യമങ്ങളിൽപോലും പടമിട്ട് അവർ അപമാനിക്കപ്പെടും. അവർക്ക് സമാധാനപരമായി ജീവിക്കാനുള്ള അവസരമാണ് ഇല്ലാതാകുന്നത്. അതാണ് ആവശ്യവും.
പഴയ അവസ്ഥയിൽനിന്ന് വ്യത്യാസപ്പെട്ടിട്ടുണ്ടല്ലോ, ട്രാൻസ്ജൻഡേഴ്സിന് നൽകുന്ന പരിഗണനകൾ, നിയമനിർമാണങ്ങൾ, സംവരണം എന്നിവ... സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം പ്രകടമല്ലേ?
മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു. സമൂഹഘടനയിൽ ഏറ്റവും താഴെയാണ് ഞങ്ങൾ. ഇനിയും ഞങ്ങളുടെ ലിംഗസ്വത്വം അംഗീകരിക്കപ്പെടേണ്ടതുണ്ട്. തമിഴ്നാട്ടിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഞങ്ങൾക്കായി വെൽഫെയർ ബോർഡ് വന്നു. പല പദ്ധതികളുമുണ്ട്. ഐ.ഡി കാർഡ് നൽകി. പൊലീസിലും രാഷ്ട്രീയത്തിലും എന്തിന് ഐ.പി.എസിൽപോലും ഇടം ലഭിച്ചു. എഴുത്തുകാരായി ഒട്ടേറെ പേരുണ്ട് തമിഴ്നാട്ടിൽ. അംഗീകാരം എന്നത് അകലെയല്ല എന്ന തോന്നൽ ആത്മവിശ്വാസം തരുന്നുണ്ട്.
ഇനി വ്യക്തിപരമായ വിശേഷങ്ങളിലേക്ക് വരാം. എവിടെയാണ് ജനിച്ചത്? ബാല്യം?
തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്ത് തിരുവാറൂരിലാണ് ജനിച്ചത്. കർഷക കുടുംബം. സഭാപതി, സുശീല ദമ്പതികളുടെ മകളായ എനിക്ക് മൂത്ത നാല് സഹോദരിമാരുണ്ട്. ജനിച്ചപ്പോൾ പെണ്ണുങ്ങളുടെ സംസാരമായിരുന്നു. കാഴ്ചയിലും നടത്തത്തിലും സ്ത്രൈണത. അതിന്റെ പേരിൽ വീട്ടിൽനിന്നും നാട്ടിൽനിന്നും സ്കൂളിൽനിന്നും എപ്പോഴും കളിയാക്കലുകൾ നേരിടേണ്ടിവന്നു. ഒമ്പത് എന്ന് വിളിച്ച് കൂട്ടുകാർ കളിയാക്കി. സയൻസ് ടീച്ചർ ഹോർമോണുകളുടെ പാഠം എടുക്കുമ്പോൾ എന്നെ വിളിച്ച് എല്ലാരുടെയും മുന്നിൽ നിർത്തി പറഞ്ഞു: '' ഇവൻ എക്സ് എക്സ് ഹോർമോണും അല്ല എക്സ് വൈ ഹോർമോണും അല്ല... ഇങ്ങനെയും ജന്മങ്ങളുണ്ടാവും.'' അവരുടെ മുന്നിൽ തലകുനിച്ച് നിറഞ്ഞ കണ്ണുകളോടെ ഞാൻ നിന്നു. എന്ത് ചെയ്യണം എന്ന് അറിയുമായിരുന്നില്ല. വീട്ടുകാരോട് പരാതി പറയാനുമാവില്ല. അവരും ഉപദ്രവിക്കും. അങ്ങനെ ചെറുപ്പകാലം എന്നത് എനിക്ക് ഓരോ ദിവസവും പേടിസ്വപ്നങ്ങളുടേതായിരുന്നു.
വീട്ടുകാരിൽനിന്ന് പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടോ?
സ്കൂളിൽ പഠിക്കുന്ന കാലംതൊട്ടേ തുടങ്ങിയ പീഡനമാണ്. ചേച്ചിമാരും അച്ഛനും നിരന്തരം ശാസിക്കുകയും മർദിക്കുമായിരുന്നു. ''നീ ആൺകുട്ടിയല്ലേ...നീ ഈ കുടുംബത്തിന്റെ നാണം കെടുത്തും. ഞങ്ങൾ വെറുത്തുപോകും. വീട്ടിലെ ശാപമാണ് നീ.'' ഈ വാക്കുകൾ കേട്ടുമടുത്തു. അമ്മയായിരുന്നു ആശ്വാസം. അച്ഛൻ ദിവസവും അടിക്കുമായിരുന്നു. കുടുംബത്തിന്റെ ദുർനിമിത്തമാണ് ഞാൻ എന്ന് അച്ഛൻ മരിക്കുന്നതുവരെ പറയുമായിരുന്നു.
ആത്മഹത്യ ചെയ്യണമെന്ന് തോന്നിയ നിമിഷങ്ങൾ, അല്ലേ..?
''നീ ജീവിച്ചിരുന്നാൽ കുടുംബത്തിന് അപമാനമാണ്. നീ മരിച്ചാൽ കുടുംബത്തിന്റെ അഭിമാനം തിരിച്ചുകിട്ടും. നീ എവിടെയെങ്കിലും പോയി ചാവ്. ഞാൻ അഭിമാനത്തോടെ മരണ ചടങ്ങുകൾ നടത്തിക്കൊള്ളാം''-എനിക്ക് ജന്മം നൽകിയ പിതാവിന്റെ വാക്കുകളാണിവ. സഹിക്കാനായില്ല. മരിക്കാൻ തീരുമാനിച്ച നിമിഷമായിരുന്നു അത്. ദിവസങ്ങളോളം അതിന് ഒരുക്കം നടത്തിയെങ്കിലും ചെയ്യാനായില്ല. ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂൽപാലത്തിൽ സഞ്ചരിക്കുന്ന ട്രാൻസ്ജൻഡറിന്റെ ജീവിതമല്ലേ... ഒട്ടേറെ സന്ദർഭങ്ങളിൽ ആത്മഹത്യചെയ്യണമെന്ന് തോന്നിയിട്ടുണ്ട്.
എത്രാം വയസ്സിലായിരുന്നു അത്? ഇതിനിടെ പഠനം തുടർന്നിരുന്നോ?
18ാം വയസ്സിലായിരുന്നു സംഭവം. സേലം നരസൂസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കോളജിൽ പഠിച്ചിരുന്ന കാലം. പഠനത്തെപറ്റി പറയുകയാണെങ്കിൽ എട്ടാം ക്ലാസുവരെ ക്ലാസിൽ ഒന്നോ രണ്ടോ റാങ്ക് ആയിരുന്നു. പിന്നീട് മാനസിക സമ്മർദത്തിൽ പഠിക്കാൻ പറ്റാതായി. 12ൽ കണക്കിൽ തോറ്റു. പ്രൈവറ്റ് ആയി എഴുതിയാണ് പാസായത്. പിന്നീട് കോളജിൽ ചേർന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കേ സ്ത്രൈണതയുടെ പേരിൽ ഒറ്റപ്പെട്ടിരുന്നു. പക്ഷേ, എന്റെ അതേ മനോഭാവമുള്ള ആറു കുട്ടികൾ വേറെ ഉണ്ടായിരുന്നു. അവർ മാത്രമായിരുന്നു ആശ്വാസം. പിന്നീട് കോളജിൽ വെച്ച് കിട്ടിയ കൂട്ടും ചിന്തയുമാണ് ജീവിതത്തെ മാറ്റിമറിച്ചത്.
നന്നേ ചെറുപ്പംമുതലേ താങ്കളുെട ശരീരം ബുദ്ധിമുട്ടായി തോന്നിയിരുന്നോ?
വളരെ ചെറുപ്പത്തിലേ മാതാപിതാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും പെൺകുട്ടികളെപോലെ പെരുമാറുന്നതിൽ ചീത്ത കേട്ടിരുന്നു. അതിൽ വിഷമിച്ച് ഞാൻ കണ്ണാടിക്ക് മുന്നിൽ ചെന്നുനോക്കുമായിരുന്നു, എന്തിനാണ് അവർ ചീത്തപറഞ്ഞത് എന്ന്. എനിക്ക് യാതൊരു കുറ്റവും കണ്ടെത്താനായില്ല. പിന്നീട് സ്കൂളിൽ പഠിക്കുമ്പോൾ സമാന മനസ്കരുടെ കൂട്ടായ്മ ഉണ്ടായിരുന്നു. ഇവർ ഓരോ ദിവസവും പത്രങ്ങളിൽനിന്നും മറ്റും വരുന്ന വാർത്തകൾ പറഞ്ഞുതരും. അപ്പോഴാണ് എന്നേപ്പോലെ ഒരുപാട് പേരുണ്ടെന്ന് മനസ്സിലാക്കുന്നതും അതിന്റെ ശാസ്ത്രീയ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാകുന്നതും.
ലിംഗസ്വത്വം തിരിച്ചറിഞ്ഞ കോളജ് കാലത്തെക്കുറിച്ച് പറയാമോ?
ശരിയാണ്. കോളജിൽ പഠിച്ചുകൊണ്ടിരിക്കേയാണ് പെണ്ണായി ജീവിക്കണം എന്ന തോന്നൽ ശക്തമായത്. വീട്ടിലെ എതിർപ്പും പീഡനവും നാൾക്കുനാൾ കൂടിവന്നു. കോളജിൽ പഠിച്ച് ആറുമാസമെത്തിയപ്പോഴാണ് ചെന്നൈയിലേക്ക് നാടുവിടാൻ തീരുമാനിച്ചത്. ഞാൻ എന്റെ സർട്ടിഫിക്കറ്റുകൾ വീട്ടിൽനിന്ന് എടുത്തു. അമ്മയുടെ കൈയിൽനിന്ന് 1000 രൂപയും വാങ്ങി. ''എവിടെയെങ്കിലും പോയി ജീവിക്ക്. ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞാൽ മതി. പൊയ്ക്കോ''എന്ന് പറഞ്ഞാണ് ആയിരം രൂപ തന്നത്. അമ്മ പാവമാണ്. പക്ഷേ തീരുമാനമെടുക്കാൻ ശക്തിയില്ല. എന്നോട് ഇഷ്ടമായിരുന്നു.
അമ്മയുമായി ബന്ധപ്പെടാറുണ്ടോ?
ഇടക്ക് ഫോണിൽ സംസാരിക്കാറുണ്ട്. ഒരിക്കൽ ചെന്നൈയിൽ വന്നപ്പോൾ കണ്ടു. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ വിളിച്ച് അച്ഛൻ മരിച്ച കാര്യം പറഞ്ഞു. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ വരണ്ട എന്ന് കരഞ്ഞ് പറഞ്ഞു. ചേച്ചിമാരും വിളിച്ച് ഇത് തന്നെ പറഞ്ഞു. അങ്ങനെ അച്ഛന്റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ അവർ അനുവദിച്ചില്ല.
ചെന്നൈ ജീവിതം എന്താണ് പഠിപ്പിച്ചത്?
എന്നെ ഞാനാക്കിയത് ചെന്നൈ ജീവിതമാണ്. നാട്ടിൽനിന്ന് ചെെന്നെയിലെത്തിയ ആദ്യ നാളുകളിൽ ബി.പി.ഒ പരിശീലനത്തിന് പോയി. തുടർന്ന് 'ടെലി കോളർ' ആയി ജോലി നോക്കി. ട്രാൻസ്ജൻഡർ സുഹൃത്തുക്കളുടെ കൂടെയായിരുന്നു താമസം. ഒരു എൻ.ജി.ഒയുടെ കീഴിൽ മെന്റൽ ഹെൽത്ത് കൗൺസലർ ആയി ജോലി കിട്ടി. പിന്നീട് വലിയ യാത്രയായിരുന്നു. 2011ൽ ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞു. ശാരീരികമായി ശുചിത്വം ആവശ്യമുള്ള സർജറിയായിരുന്നു അത്. വർഷങ്ങളോളമെടുത്തു സാധാരണ ഗതിയിലെത്താൻ. യൂറിൻ ഇൻഫക്ഷൻ ഇടക്കിടെ വരുമായിരുന്നു. അഭിനേത്രിയാകാൻ ആഗ്രഹമുണ്ടായിരുന്നതിനാൽ ആ മേഖലയിൽ കരിയർ വികസിപ്പിച്ചു. 2013ൽ 'മനം' എന്ന ആദ്യ ഷോർട്ട് ഫിലിമിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. തമിഴിൽ ചെറു റോളുകളിൽ അഭിനയിച്ചുവരുന്നു. ഷോർട്ട് ഫിലിം വെബ് സീരീസ് ചെറിയ റോളുകളിൽ അഭിനയിച്ചു. കുറെ തമിഴ്സിനിമകളിൽ വന്നുപോയി. സണ്ഠക്കാരി, കുടിയിരിപ്പ് എന്നീ നാടകത്തിൽ അഭിനയിച്ചു. ട്രാൻസ്ജൻഡർ അവകാശത്തെപറ്റിയുള്ള നാടകങ്ങളായിരുന്നു അവ.
ഇപ്പോൾ വിഡിയോ വി.ജെ ആണല്ലോ. മീഡിയ രംഗത്തേക്ക് വരാനുണ്ടായ സാഹചര്യം പറയാമോ?
ഒരു എൻ.ജി.ഒയുടെ കീഴിൽ പൊലീസിനും മാധ്യമപ്രവർത്തകർക്കുമൊക്കെ 'ലിംഗ സമത്വ'ത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തിവരുന്നതിനിടെയാണ് ഒരു യൂട്യൂബ് ചാനലിൽ ആങ്കർ ആകാമോ എന്ന ക്ഷണം വരുന്നത്. അത്യാവശ്യം മോഡലിങ്ങും ചെയ്തുതുടങ്ങിയിരുന്നു. തുടർന്ന് ന്യൂസ് 18 ഉൾപ്പെടെ കുറെ ചാനലുകളിൽ വി.ജെ ആയി. ഇപ്പോൾ ആനന്ദവികടന് വേണ്ടി 'ഉടൈയ്ത്ത് പേശുവോ' എന്ന സീരീസിന്റെ വി.ജെ ആണ്. ജനത്തിനെ പ്രചോദിപ്പിക്കുന്നവരുടെ ജീവിതങ്ങളാണ് ആഴ്ചയിൽ ഒന്ന് വീതം പരിപാടിയിൽ അവതരിപ്പിക്കുന്നത്.
ലിംഗമാറ്റ ശസ്ത്രക്രിയ വളരെ സങ്കീർണമായിരുന്നോ?
ലിംഗമാറ്റ ശസ്ത്രക്രിയ വളരെ പ്രധാനമാണ്. ഞാൻ 2011ൽ ചെയ്യുമ്പോൾ ഇന്നത്തേേപാലെ ആധുനിക മെഡിക്കൽ സാങ്കേതിക മാർഗങ്ങൾ പ്രചാരത്തിലിരുന്നില്ല. അതിനാൽ അൽപം സങ്കീർണമായ ശസ്ത്രക്രിയ ആയിരുന്നു. ചെറിയ തോതിലുള്ള ബുദ്ധിമുട്ടുകൾ അതിന്റെ പേരിൽ വന്നു. പിന്നീട് അത് പരിഹരിക്കപ്പെട്ടു. പലയിടത്തും ഇത്തരം ശസ്ത്രക്രിയകൾ പണം മാത്രം ലക്ഷ്യമിട്ട് നടത്തുന്നുണ്ട്. അതിനാൽ പലരും അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചുപോരുന്നു. വിദേശരാജ്യങ്ങളിൽ കൃത്യമായി ആരോഗ്യ പരിരക്ഷാ മാർഗങ്ങളിലൂടെ ഇന്ന് ശസ്ത്രക്രിയകൾ ചെയ്തുവരുന്നു. സർക്കാർ നല്ല ഇൻഷുറൻസ് പരിരക്ഷ സർജറിക്കായി നൽകിയാൽ ഉപകാരമായേനേ എന്ന് തോന്നുന്നു.
'അന്തരം' എന്ന സിനിമയിലെത്തിയത് എങ്ങനെയാണ്?
ഒരു വിവാഹച്ചടങ്ങിനായി കേരളത്തിലെത്തിയപ്പോഴാണ് സംവിധായകൻ അഭിജിത്തിനെ പരിചയപ്പെടുന്നത്. സിനിമയുടെ ചെറുകഥ പറഞ്ഞ് 'അഞ്ജലി' എന്ന കാരക്ടർ സിനിമയിൽ ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. എന്റെ സ്വപ്നംപോലെ സിനിമയിൽ മുഴുനീള കാരക്ടർ. ചെയ്യാനാകുമോ എന്ന ആശങ്കയോടെ ഞാൻ സമ്മതിച്ചു.
അന്തരത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ?
എന്റെ ജീവിതത്തിലെ സുവർണ നിമിഷങ്ങളായിരുന്നു കോഴിക്കോട് ഷൂട്ടിങ് ഉണ്ടായ 35 ദിവസങ്ങൾ. ക്രൂ മുഴുവനും ഒരു കുടുംബം പോലെയാണ് കോഴിക്കോട് അഭിജിത്തിന്റെ വീട്ടിൽ കഴിഞ്ഞിരുന്നത്. എനിക്ക് നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്നേഹം എനിക്ക് ആ നാളുകളിൽ കിട്ടി. ഷൂട്ടിങ് നടന്ന സ്ഥലവും അഭിജിത്തിന്റെ നാട്ടിൽതന്നെയായിരുന്നു. അഭിജിത്തിന്റെ ഭാര്യയും മക്കളും മാതാപിതാക്കളും അയൽക്കാരുമൊക്കെ ചേർന്ന് സന്തോഷം പങ്കിട്ടത് മറക്കാനാവില്ല. മടങ്ങുമ്പോൾ ഞാൻ കരഞ്ഞുപോയി. ആ ഓർമകൾ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.
അന്തരം സിനിമക്ക് ശേഷം..?
ത്രിഷ നായികയായ 'ദ റോഡ്' എന്ന തമിഴ് സിനിമയുടെ ഷൂട്ട് നടന്നുവരികയാണ്.
കേരളത്തിൽ ട്രാൻസ്ജൻഡേഴ്സിന്റെ ആത്മഹത്യയും കൊലപാതകങ്ങളും കൂടിവരുന്നു. താങ്കളുടെ വിലയിരുത്തൽ?
ശരിക്ക് ആത്മഹത്യകളല്ല, സ്ഥാപനവത്കരിക്കപ്പെട്ട കൊലകളാണ് (ഇൻസ്റ്റിറ്റ്യൂഷനൽ മർഡർ) നടക്കുന്നത്. മരിച്ച അനന്യകുമാരിയെ പരിചയമുണ്ടായിരുന്നു. അവർ സ്ട്രോങ് പേഴ്സനായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എവിടെയെങ്കിലും ട്രാൻസ്ജൻഡർ ആത്മഹത്യ ചെയ്തു എന്ന് കേൾക്കുമ്പോൾ എനിക്കും ജീവിതം അവസാനിപ്പിച്ചാൽ മതിയായിരുന്നു എന്ന് തോന്നിപ്പോകും. ഇത് ഇന്നല്ലെങ്കിൽ നാളെ ആ ആത്മഹത്യ ചെയ്ത വ്യക്തി ഞാനാകും എന്ന തോന്നൽ ഉണ്ടാകാറുണ്ട്. അത്രമാത്രം മാനസിക പ്രയാസത്തിലൂടെയാണ് ഓരോരുത്തരും കടന്നുപോകുന്നത്. ശരിക്കും ട്രാൻസ് ഫോബിക് സൊസൈറ്റിയാണ് നമ്മുടേത്. ട്രാൻസ് കമ്യൂണിറ്റിയെ സമൂഹത്തിൽനിന്ന് അകറ്റിനിർത്തുന്നു. ജനനം മുതൽ തുടങ്ങുന്ന പോരാട്ടമായതിനാൽ അവർ ഇടക്ക് മാനസികമായി തളർന്നാൽ, ഒരുദിവസം അവർ ഈ വേദനയിൽനിന്ന് മുക്തിവേണമെന്ന് ആഗ്രഹിച്ചാൽ കുറ്റംപറയാനാവില്ലല്ലോ. മാനസികമായി വീട്ടുകാരും സമൂഹവും അറിഞ്ഞോ അറിയാതെയോ അവരെ അടിച്ചമർത്തുകയാണ്. വേദനയും അവഗണനയും മാത്രമാണ് അവർക്ക് നൽകുന്നത്. അങ്ങനെയാണ് ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നത്. ഓരോ ദിവസവും അതിജീവനപോരാട്ടത്തിലാണ് അവർ. സമൂഹം മാറണം. മറ്റുള്ളവരെപോലെ അവരെ ബഹുമാനിക്കാൻ പഠിക്കണം.
പങ്കാളിയുടെ സമീപനം ഇതിൽ പ്രധാനമല്ലേ..?
വലിയ ഘടകമാണ്. എനിക്കും ദുരനുഭവങ്ങൾ ഏറെയുണ്ടായിരുന്നു. എനിക്ക് ആത്മാർഥമായ ബന്ധമുണ്ടായിരുന്നു. 2016ൽ ബ്രേക്ക് അപ്പായി. ആ നാളുകളിൽ എല്ലാ ദിവസവും ആത്മഹത്യ ചെയ്യണമെന്ന ചിന്തയോടെയാണ് എഴുന്നേൽക്കുക. അങ്ങനെ മനസ്സിൽ ഒരായിരം തവണ മരിച്ചിട്ടുണ്ട്. ഈ വേദന എന്നാണ് അവസാനിക്കുക എന്ന ചിന്ത കടന്നുവരും. പുരുഷനായിരുന്നു ചതിച്ചത്. ഒരു ട്രാൻസിന് എങ്ങനെ പൊലീസിൽ പരാതിപ്പെടാനാകും. ഭയങ്കര ഡിപ്രഷനിലായിരുന്നു ഏറെക്കാലം. പിന്നീട് ആ മാനസികാവസ്ഥയെ തരണം ചെയ്ത് ജീവിക്കണമെന്ന വാശി സ്വയം നേടിയെടുത്തതാണ്.
ജനിച്ചപ്പോൾ മുതൽ തുടങ്ങിയ ദുരിതദിനങ്ങളാണ്. വലിയ വേദനപിടിച്ച വഴികളിലുടെയാണ് കടന്നുപോകുന്നത്. ചതികൾ, കയറ്റിറക്കങ്ങൾ, മാനസികസമ്മർദം. ചിലപ്പോൾ നമുക്ക് സഹിക്കാനാവില്ല. ട്രാൻസ്ജൻഡറായി ജീവിക്കുക എന്നത് അത്ര എളുപ്പമല്ല. അവർക്ക് സമാധാന ജീവിതം എന്നത് മരീചികയാണ്.
വെല്ലുവിളികൾ തരണം ചെയ്ത് വാർത്തകളിൽ സ്ഥാനം പിടിക്കുന്നവരും ഏറെയാണ്?
ശരിയാണ്. ട്രാൻസ്ജൻഡറുകൾ വാർത്തകളിൽ നിരന്തരം സ്ഥാനം പിടിക്കുന്നുണ്ട്. എന്റെ കൂടെ ചെന്നൈയിൽ താമസിക്കുന്നത് എൻജിനീയറിങ്ങിൽ പഠിക്കുന്ന ഗ്രേസ്ബാനുവും പൊലീസിൽ ഉന്നതസ്ഥാനം പിടിച്ച പ്രതിക യാഷ്നിയുമാണ്. പക്ഷേ അത്തരക്കാർ വളരെ കുറവാണ്. സാമ്പത്തികാവസ്ഥ ഇതിൽ ഘടകമാണ്. വീടുവിട്ടുവന്ന് സമൂഹത്തിൽ മികച്ച സ്ഥാനം ഉറപ്പിക്കുന്നത് പ്രയാസമാണ്. അതിനാൽ പലരും ഭിക്ഷാടനവും ലൈംഗിക തൊഴിലുമായി ജീവിതം തള്ളിനീക്കുന്നു. അവരും ആത്മാഭിമാനത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷേ സമൂഹം അതിന് അനുവദിക്കുന്നില്ല. ട്രാൻസ് കമ്യൂണിറ്റിക്ക് താമസിക്കാൻ വീട് കിട്ടുന്നില്ല. കിട്ടണമെങ്കിൽ ഉടമസ്ഥൻ മൂന്ന് ഇരട്ടി പണം വാങ്ങും. അഡ്വാൻസും ഇരട്ടിയാക്കും. ശരിയായ ജീവിതമില്ല. ജോലിയില്ല. സ്നേഹബന്ധമില്ല. കുടുംബമില്ല. ഇന്നും നമ്മുടെ സമൂഹം 'ട്രാൻസ്ഫോബിക്' തന്നെയാണ്. ഈ അവസ്ഥ മാറുമെന്ന് പ്രതീക്ഷിക്കാം.
മോശം അനുഭവങ്ങൾ ഇപ്പോഴും നേരിടുന്നുണ്ടോ?
രണ്ട് മൂന്ന് വർഷം മുമ്പാണ്, ഒരു സിനിമ ഷൂട്ടിങ്ങിന് പോയ സമയം ഹോട്ടലിലാണ് ട്രാൻസ് ആർട്ടിസ്റ്റുകൾ തങ്ങിയത്. അവിടത്തെ മുതലാളി രാഷ്ട്രീയ ബന്ധമുള്ള ആളായിരുന്നു. അന്ന് രാത്രി മദ്യപിച്ച് വന്ന അയാളിൽനിന്ന് ദേഹത്ത് കൈവെക്കുന്നത് ഉൾപ്പെടെ മോശം അനുഭവം നേരിട്ടു. ഞങ്ങൾ പ്രതികരിച്ചു. പൊലീസിലും പരാതി നൽകേണ്ടിവന്നു. രണ്ട് നാൾ മുമ്പ് കേരളത്തിൽ അവാർഡ് പ്രഖ്യാപിച്ച സമയത്ത് തമിഴ്നാട്ടിലെ ഒരു ചാനലിൽനിന്ന് ഇന്റർവ്യൂവിനായി വിളിച്ചു. സ്ഥലത്തില്ലാത്തതിനാൽ പോകാനായില്ല. പിന്നീട് ആ മാധ്യമപ്രവർത്തകൻ വിളിച്ച് അസഭ്യം പറയുകയും ചെയ്തു. ട്രാൻസ് കമ്യൂണിറ്റിയിൽപ്പെട്ടതായതിനാൽ ഇത്തരത്തിൽ അനേകം അനുഭവം നേരിടേണ്ടിവന്നിട്ടുണ്ട്.