''നഷ്ടപ്പെടാൻ ഇനിയൊന്നുമില്ല; ശബ്ദമുയർത്തുകയല്ലാതെ വഴിയില്ല''; സഫൂറ സർഗർ മാധ്യമത്തോട് സംസാരിക്കുന്നു
മുസ്ലിംകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത് ഉന്മൂലനത്തിന്റെ രാഷ്ട്രീയമാണെന്ന് പറയുകയാണ് പൗരത്വസമര നായകരിലൊരാളായ വിദ്യാർഥിനേതാവ് സഫൂറ സർഗർ. പൗരത്വസമരത്തിന്റെ പേരിൽ ഭരണകൂടം, ഗർഭിണിയായിരുന്ന സഫൂറയെ ജയിലിലടച്ചത് മുമ്പ് വലിയ വിവാദവും പ്രതിഷേധവും ഉയർത്തിയിരുന്നു. ജനനംകൊണ്ട് കശ്മീരിയാണെങ്കിലും ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. ഡൽഹി വംശീയാക്രമണത്തിൽ പ്രതിഷേധിച്ചതിന് യു.എ.പി.എ ചുമത്തെപ്പട്ട് മൂന്നുമാസത്തിലധികം ജയിലിലടക്കപ്പെട്ടു. ഇരുപതോളം വകുപ്പുകളിൽ ഒന്നുമാത്രമായിരുന്നു യു.എ.പി.എ. മുസ്ലിംകൾക്ക് നേരെയുള്ള കടന്നാക്രമണത്തെക്കുറിച്ച് സംസാരിക്കുകയാണ് സഫൂറ സർഗർ.
പൗരത്വസമരത്തിനുശേഷം മുസ്ലിം സമുദായവും വിശേഷിച്ച് അതിലെ വനിതാ നേതാക്കളും നിർണായകമായ ഒരു വഴിത്തിരിവിലാണ്. പൗരത്വസമരത്തെ സർക്കാർ അടിച്ചമർത്തിയശേഷം മുസ്ലിം സമൂഹത്തിന് തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കഴിയാത്ത സാഹചര്യം സംജാതമായിട്ടുണ്ടോ?
ഞാനങ്ങനെ ചിന്തിക്കുന്നില്ല. പൊതുവായി കോവിഡിനുശേഷം പൊതുവായി ജനകീയസമരങ്ങൾ നിലച്ചിട്ടുണ്ട്. എന്നാൽ, മുസ്ലിം വനിതകൾ അവരുടേതായ ഒരിടം രാജ്യത്ത് ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരാണെങ്കിലും ആക്ടിവിസ്റ്റുകളാണെങ്കിലും മുസ്ലിം വനിതകൾ അവരുടെ ദൗത്യമേറ്റെടുക്കാൻ മുന്നോട്ടുവരുന്നുണ്ട്. പുതിയ ഒരു നേതൃനിര മുസ്ലിം സമുദായത്തിൽ വികസിച്ച് വരുന്നുണ്ട്. നേരത്തേ നമ്മൾക്ക് കാണാൻ കഴിഞ്ഞപോലെ ദൃശ്യമല്ല എന്നേയുള്ളൂ. ശബ്ദിക്കുന്ന മുസ്ലിം സ്ത്രീകൾ സൃഷ്ടിച്ച ഇടത്തിൽനിന്ന് പുതിയ നേതൃനിര ഉയർന്നുവരുന്നുണ്ട്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം ഇത് കാണാം. ഇതൊരു പ്രക്രിയയാണ്. അതിന് സമയമെടുക്കും. മുസ്ലിംകൾക്കിടയിൽ ഒരു നേതൃനിര രൂപംകൊണ്ടു എന്നതാണ് പൗരത്വസമരത്തിന്റെ ഏറ്റവും വലിയ ഗുണഫലം. ഇന്ത്യയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടാകാത്ത നവജാഗരണമാണ് മുസ്ലിം വനിതകളിൽ ഉണ്ടായത്. സാമൂഹിക മുന്നേറ്റങ്ങൾക്ക് സമയമെടുക്കും. മുസ്ലിം വനിതകളുടെ മുന്നേറ്റം തുടങ്ങിയെന്നും അതിനു വേഗതയുണ്ടെന്നുമാണ് ഞാൻ കരുതുന്നത്.
മുസ്ലിം സ്ത്രീ മുന്നേറ്റം ഇപ്പോഴും വികാസത്തിന്റെ പാതയിലാണ് എന്നാണോ കരുതുന്നത്?
അതെ. കർണാടകയിലെ ഹിജാബ് വിവാദം നോക്കൂ. പൗരത്വസമരത്തിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. എന്നാൽ, ഹിജാബ് സമരത്തിൽ മുഖ്യമായും സ്ത്രീകളെയാണ് കാണാൻ കഴിഞ്ഞത്. സംഘ് പരിവാറിന്റെ പീഡനങ്ങളോടും അക്രമങ്ങളോടും അവർ പ്രതികരിക്കുന്നത് കണ്ടില്ലേ. പ്രത്യയശാസ്ത്രപരമായ എന്തൊരു മനോഗതിയാണ് അവരിൽ വികാസം പ്രാപിച്ചിരിക്കുന്നതെന്ന് നോക്കൂ. അവരൊറ്റക്കാണ് ഹിന്ദുത്വ തീവ്രവാദികളെ നേരിട്ടത്. ജനം അവർക്കൊപ്പം അണിനിരക്കുകയും ചെയ്തു.
പൗരത്വസമരത്തെ തുടർന്നുണ്ടായ മുസ്ലിം സ്ത്രീ സ്വത്വത്തിന്റെ ദൃശ്യത ഇല്ലാതാക്കണം എന്ന് സംഘ്പരിവാർ തീരുമാനിച്ചതാണോ? ഹിജാബ് വിവാദം മുസ്ലിം സ്ത്രീമുന്നേറ്റത്തെ അടിച്ചമർത്താനുള്ള ഉപകരണമായിരുന്നോ?
തീർച്ചയായും. പൊതുജീവിതത്തിൽനിന്ന് മുസ്ലിം സ്വത്വത്തെ ഇല്ലാതാക്കണമെന്നത് ഹിന്ദുത്വയുടെ വലിയ അജണ്ടയാണ്. പരസ്യമായി അവർക്കിത് ചെയ്യാൻ വയ്യ. മുസ്ലിം സ്ത്രീകളെ പ്രത്യേകം ലക്ഷ്യമിടുന്നത് അവരുടെ മുന്നേറ്റത്തെ അട്ടിമറിക്കാനാണ്. ഇതിനായി പ്രശ്നങ്ങൾ സങ്കീർണമാക്കുകയാണ്.
രാജ്യത്ത് ഹിജാബുമായി ബന്ധപ്പെട്ട് നിലവിൽതന്നെ ഒരു സംവാദം നിലവിലുണ്ട്. മുസ്ലിം പുരുഷന്മാർ ഹിജാബ് സ്ത്രീകൾക്കുമേൽ അടിച്ചേൽപിക്കുന്നതുമായി ബന്ധപ്പെട്ട് സമുദായത്തിനകത്തുള്ള ചർച്ചയാണത്. അതിൽനിന്ന് മുതലെടുക്കാനും മുസ്ലിം സ്ത്രീകളിലും സമുദായത്തിലും ഭിന്നതയുണ്ടാക്കാനുമാണ് അവർ നോക്കിയത്.
മുത്തലാഖിലും അതല്ലേ സംഭവിച്ചത്?
അതെ. മുസ്ലിം സ്ത്രീകൾക്ക് ഒപ്പമാണ് എന്ന പ്രോപഗണ്ട നടത്തി മുസ്ലിം ചർച്ചകളെ അടിത്തട്ടിൽ ദുരുപയോഗം ചെയ്യുകയാണ് സംഘ്പരിവാർ. സത്യത്തിൽ പുരുഷ മേൽക്കോയ്മക്കെതിരെ പൊരുതുന്നത് മുസ്ലിം സ്ത്രീ മാത്രമല്ല. എല്ലാ വിഭാഗം സ്ത്രീകളും അത് ചെയ്യുന്നുണ്ട്. പൊതുമണ്ഡലത്തിലും ഓഫിസുകളിലും സ്കൂളുകളിലും എല്ലാം അതുണ്ട്. അതെല്ലാം മറച്ചുവെച്ചാണ് മുസ്ലിം സമുദായത്തിൽ പുരുഷമേധാവിത്വമാണ് എന്ന് സ്ഥാപിക്കുന്നത്. ആ നിലക്ക് ഹിജാബ് വിവാദം മുസ്ലിം സമൂഹത്തിനുള്ളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഒരു ആക്രമണമായിരുന്നു.
മുസ്ലിം സമൂഹത്തിനകത്തെ അഭിപ്രായഭിന്നതകളും സംവാദങ്ങളും ഭാവിയിലും സംഘ്പരിവാർ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയില്ലേ?
തീർച്ചയായുമുണ്ട്. എല്ലാ സമൂഹങ്ങളിലും ബൗദ്ധികമായ ചർച്ചകളുണ്ട്. മുസ്ലിം സമുദായത്തിൽ മാത്രമല്ല. എന്നാൽ, അതിജീവനത്തിനുള്ള പോരാട്ടം മുസ്ലിംകളുടെ മാത്രം ലക്ഷ്യമല്ല. ഒരുപക്ഷേ, അടിയന്തരമായി ഇത് മുസ്ലിംകളുടെ േപാരാട്ടമായിരിക്കാം. ക്രമേണ അതിജീവനത്തിനുള്ള ഈ പോരാട്ടം മറ്റു ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യാനികൾക്കും സിഖുകാർക്കും ജൈനർക്കും അനിവാര്യമായി വരും. മുസ്ലിംകളെ രാഷ്ട്രീയമായി തകർത്തുകഴിഞ്ഞാൽ മറ്റു ന്യൂനപക്ഷ സമുദായങ്ങളോടും അതുപോലെ ചെയ്യും.
ഏതെങ്കിലും തരത്തിലുള്ള ൈവവിധ്യം നിലവിലുള്ള ഭരണകൂടത്തിന് സ്വീകാര്യമല്ല. ഏകമുഖമുള്ള ഇന്ത്യയാണ് അവർക്ക് വേണ്ടത്. 'അഖണ്ഡ ഭാരതം' എന്നും ഹിന്ദു ഇന്ത്യ എന്നും അവർ പറയുന്ന അവരുടെ ഇന്ത്യ എന്ന ആശയത്തോട് വൈജാത്യമുള്ള ഏതൊരു സമുദായവും തങ്ങൾക്ക് ഭീഷണിയായി അവർ മനസ്സിലാക്കുന്നു. ഏറ്റവും വലിയ ഭീഷണി ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിം സമുദായമാണെന്ന് അവർ മനസ്സിലാക്കുന്നു. മറ്റു ന്യൂനപക്ഷ സമുദായങ്ങളും അതിജീവനഭീഷണി നേരിടുകയാണ്. ഇതിനെ നേരിടാൻ എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവെച്ച് മുസ്ലിംകൾതന്നെയും ഒരുമിച്ചാണ് പോരാടേണ്ടത്. മുത്തലാഖ് പോലുള്ള വിഷയങ്ങളിൽ മുസ്ലിംകൾക്കിടയിൽ വ്യത്യസ്ത ചിന്താഗതിക്കാരുണ്ട്. അവരെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെയും അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ചേർത്തുനിർത്തണം.
സമുദായത്തിനകത്തെ പ്രശ്നങ്ങൾ തമ്മിൽ ചർച്ചചെയ്ത് പരിഹരിക്കുകയും ഭരണകൂടത്തിന് ഇടപെടാനുള്ള അവസരം നൽകാതിരിക്കുകയും വേണം. മുസ്ലിംകളിൽ വേഗത്തിലും വലിയതോതിലുമുള്ള രാഷ്ട്രീയ അവബോധമുണ്ടായിട്ടുണ്ട്. അതിജീവനത്തിനായുള്ള പോരാട്ടത്തെ അടിച്ചമർത്താനോ സമുദായത്തെ പൈശാചികവത്കരിക്കാനോ ഉള്ള അവകാശം ഭരണകൂടത്തിനില്ല. ആ നിലക്ക് നാമെല്ലാവരും ഒരുമിക്കണം. അതിജീവനത്തിനായി സമുദായത്തിന് ഒരു പൊതു മിനിമം പരിപാടി വേണമെന്ന് ഞാനാവശ്യപ്പെടുന്നത് ഇതുകൊണ്ടാണ്. ഒരേ ഒരു ചിന്താഗതി രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും മേൽ അടിച്ചേൽപിക്കുമ്പോൾ ജനങ്ങൾക്ക് മറുത്തൊന്നും ആലോചിക്കാൻപോലും കഴിയാതെ വരും. ആത്യന്തികമായി അത് ജനാധിപത്യത്തിന്റെ മരണമാണ്.
രാജ്യത്തെ മുസ്ലിംകളുടെ അതിജീവനപോരാട്ടവും മുസ്ലിം സ്ത്രീ മുന്നേറ്റവും പൗരത്വസമരത്തിന് മുമ്പും പിമ്പും എന്ന് വേർതിരിക്കാൻ കഴിയുമോ?
തീർച്ചയായും കഴിയും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ഒരു നാഴികക്കല്ലായിരുന്നു. രാജ്യത്ത് മതേതരം സംരക്ഷിക്കുന്നതിന്റെ ഭാരം മൊത്തമായും ചുമക്കാനുള്ളവരല്ല തങ്ങളെന്ന് മുസ്ലിം സമുദായം പറഞ്ഞത് പൗരത്വസമരത്തിലൂടെയാണ്. മതേതരത്വം നിലനിർത്താൻ മുസ്ലിംകൾ വിചാരിച്ചാലും നടക്കില്ല. കാരണം, നമ്മൾ ഒരു ന്യൂനപക്ഷമാണ്. മതേതരത്വവും ഭരണഘടനാമൂല്യങ്ങളും ഉയർത്തിപ്പിടിക്കണമെന്ന് രാജ്യത്തെ 20 ശതമാനം വരുന്ന മുസ്ലിംകൾ ആഗ്രഹിച്ചാലും 80 ശതമാനം ജനങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ അതുകൊണ്ട് കാര്യമില്ല. മതേതരത്വം നിലനിർത്തുന്നതിന്റെ ഭാരം മുസ്ലിംകൾക്ക് ഒറ്റക്ക് ഏറ്റെടുക്കാൻ കഴിയില്ല. അതിനാൽ, ഏറ്റെടുക്കേണ്ട ആവശ്യവുമില്ല. ന്യൂനപക്ഷം വിചാരിച്ചാൽ ഒരു രാജ്യവും വർഗീയമാകില്ല. ഭൂരിപക്ഷം വർഗീയമായാലാണ് രാജ്യം വർഗീയമാകുക. സ്ത്രീകൾ അടക്കമുള്ള മുസ്ലിം ചെറുപ്പക്കാരിൽ ഈ ബോധ്യം ശരിക്കുമുണ്ട്. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിനുശേഷം മുസ്ലിം സമുദായമുന്നേറ്റത്തിലെ നാഴികക്കല്ലാണ് പൗരത്വസമരമെന്ന് ഞാൻ പറയുന്നത്.
ഇന്ത്യ-പാക് വിഭജനത്തിലും രാഷ്ട്രീയത്തിൽ മതം പറയുന്നുവെന്ന പേരിലും നിരന്തരം കുറ്റാരോപണത്തിനിരയായി. 70 വർഷമായി അത് തങ്ങളുടെ കുറ്റമാണ് എന്ന് സ്വയം സമ്മതിച്ചുകൊടുത്തുവരുകയായിരുന്നു ഈ സമുദായം. തങ്ങളുടെ അവകാശങ്ങളെ കുറിച്ചു മുസ്ലിംകൾ സംസാരിക്കുമ്പോൾ വർഗീയവത്കരിക്കപ്പെടുന്നുവെന്നത് നേരാണ്. എന്നാൽ, ആ അവകാശങ്ങൾ നിഷേധിക്കുന്നവരാണ് അതിനെ വർഗീയവത്കരിക്കുന്നത് എന്നതാണ് അതിലും വലിയ നേര്.
പൗരത്വ ഭേദഗതി നിയമം മുസ്ലിം സമുദായത്തിന്റെ കണ്ണ് തുറപ്പിച്ചു. അത്തരമൊരു അടിച്ചമർത്തൽ സർക്കാറിന്റെ ഭാഗത്തുനിന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. ഇത് 'ട്രെയിലർ' ആണെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞതോടെ എന്താണ് ഇനി തങ്ങളെ കാത്തിരിക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞു. സ്വന്തം അവകാശങ്ങൾക്കു വേണ്ടി ഇനിയും മുസ്ലിംകൾ രംഗത്തുവന്നില്ലെങ്കിൽ മറ്റാരും ഇറങ്ങില്ലെന്ന് അവർ മനസ്സിലാക്കി. സ്വന്തം അവകാശങ്ങൾ ചോദിക്കാനുള്ള അവകാശം മുസ്ലിംകൾക്കുണ്ട്. പൗരത്വ ഭേദഗതി നിയമം പൗരത്വമില്ലാതാക്കുമെന്ന രേഖാമൂലമുള്ള ഭീഷണിയായിരുന്നു. എന്നാൽ, അതിന് മുമ്പുതന്നെ സാമൂഹികമായും സാംസ്കാരികമായും രാഷ്ട്രീയമായും മുസ്ലിംകൾ ഈ രാജ്യത്തെ രണ്ടാം തരം പൗരന്മാരായി മാറിക്കഴിഞ്ഞിരിക്കുന്നു. ആ തരത്തിലാണ് മുസ്ലിംകൾ ഇന്ന് രാജ്യത്ത് ജീവിക്കുന്നത്. നിയമനിർമാണ സഭകളിലെ മുസ്ലിം പ്രാതിനിധ്യം എന്താണ്? രാഷ്ട്രീയ പ്രാതിനിധ്യത്തിന് മുസ്ലിംകൾ ശ്രമിച്ചാൽ അത് വർഗീയ രാഷ്ട്രീയവും തീവ്രവാദവും ഭീകരവാദവുമാണെന്നും വരെ ആരോപണമുന്നയിക്കും. അതേസമയം, മറ്റെല്ലാ സമുദായങ്ങൾക്കും ഇന്ത്യയിൽ രാഷ്ട്രീയ പ്രാതിനിധ്യമുണ്ട്. രാഷ്ട്രീയ പ്രാതിനിധ്യത്തെ കുറിച്ച് എത്ര കൂടുതൽ സംസാരിക്കുന്നോ അത്രയും അരികുവത്കരിക്കപ്പെടും. യു.പിയിൽ അതാണ് ഈ കാണുന്നത്. മുഖ്യധാര പാർട്ടികൾക്ക് ബി.ജെ.പിയുമായുള്ള ആശയയുദ്ധം ജയിക്കാൻ കഴിയാത്തതിന്റെ ഭാരവും മുസ്ലിംകൾ ചുമക്കണം. മുസ്ലിംകൾ തങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാതെ മൗനംപാലിക്കണമെന്ന് ആവശ്യമുയരും. വർഗീയ ധ്രുവീകരണത്തെ കുറിച്ച് ഒരാളും സംസാരിക്കില്ല. സംസാരിക്കാതിരുന്നാൽ ധ്രുവീകരണം ഇല്ലാതാകില്ല. അതിനാൽ, ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ ഉന്നയിക്കുകയാണ് വേണ്ടത്. നാം സംസാരിക്കാതായാൽ അതൊന്നും പിന്നീട് പ്രശ്നങ്ങളല്ലാതാകും.Safoora Zargar
ബി.ജെ.പിയെ ഭയന്ന് മറ്റു കക്ഷികളും മുസ്ലിംകളെ പൊതുമണ്ഡലത്തിൽനിന്ന് കൂടുതൽ അദൃശ്യരാക്കുകയാണ് എന്നാണോ താങ്കൾ പറയുന്നത്?
അതുതന്നെയാണ്. മുസ്ലിംകളെ അദൃശ്യവത്കരിച്ചാൽ എന്നും അധികാരത്തിൽ തുടരാമെന്നതാണ് ബി.ജെ.പിയുടെ വലിയ രാഷ്ട്രീയ അജണ്ട. അതിനെ സഹായിക്കുകയാണ് മറ്റു പാർട്ടികൾ. ആം ആദ്മി പാർട്ടി ഒരു ഉദാഹരണമാണ്. ദേശീയ രാഷ്ട്രീയത്തിൽ ഇനിയൊരു പ്രതിപക്ഷം ഉയർന്നുവരുമോ എന്ന് എനിക്കറിയില്ല. എന്നാൽ, മുസ്ലിംകളിൽനിന്ന് രാഷ്ട്രീയ നേതൃത്വം ഉയർന്നുവരും. മുസ്ലിംകൾ സ്വന്തമായി ഒരു രാഷ്ട്രീയ നേതൃത്വത്തെ ഉയർത്തിക്കൊണ്ടുവരണം. അവരുടേതായ ഒരു രാഷ്ട്രീയ ഇടവും രാഷ്ട്രീയ പ്രാതിനിധ്യവും ഉണ്ടാക്കണം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ ആശ്രയിക്കാതെതന്നെ.
തൊഴിലില്ലായ്മ അടക്കമുള്ള വിഷയം ഒരു ഹിന്ദു ഉന്നയിച്ചാൽ അയാൾ പുരോഗമനക്കാരനാകും. എന്നാൽ, ഒരു മുസ്ലിം ഉന്നയിച്ചാൽ ആരും അയാൾക്ക് പിന്നിൽ അണിനിരക്കില്ല. യു.പിയിലെ വോട്ടിങ് പാറ്റേൺ നോക്കൂ. മുസ്ലിംകൾ ഏതാണ്ട് മൊത്തമായും തങ്ങളുടെ അതിജീവനം നോക്കി വോട്ടുചെയ്തു. എന്നാൽ, അതിനനുസൃതമായ വോട്ടിങ് ജാട്ടുകളുടെയും യാദവരുടെയും ഭാഗത്തുനിന്നുണ്ടായില്ല. മുസ്ലിംകൾ നിശ്ശബ്ദത പാലിച്ച് ബി.ജെ.പിക്കെതിരെയുള്ള പാർട്ടികൾ വിജയിച്ചാൽപോലും ഫലത്തിൽ അത് പരാജയമായിത്തീരും. മുസ്ലിംകളെ രാഷ്ട്രീയമായി അദൃശ്യമാക്കുകയെന്ന ബി.ജെ.പി നരേറ്റീവാണ് അതിലൂടെ വിജയിക്കുന്നത്. വിദ്വേഷ രാഷ്ട്രീയത്തിന്റെ അടിത്തറയുറപ്പിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. വിദ്വേഷം നിർമാർജനം ചെയ്യുന്ന ഒരു സാംസ്കാരിക സാമൂഹിക മാറ്റമാണ് ഇനി രാജ്യത്തുണ്ടാകേണ്ടത്. അതിനാണ് പൊതുമിനിമം പരിപാടി വേണ്ടത്.
അതുണ്ടാക്കുന്ന പ്രതികരണത്തെ കുറിച്ച് ഇനി ആലോചിക്കേണ്ടതില്ല എന്നാണോ?
ആ സമയം കഴിഞ്ഞു. വിദ്വേഷ രാഷ്ട്രീയം ഇതിനകം വികാസം പ്രാപിച്ചു കഴിഞ്ഞു. ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിച്ച് ദീർഘകാല അജണ്ടയുമായി മുന്നോട്ടുപോകണം. അതുകൊണ്ട് ചില ഹ്രസ്വകാല നഷ്ടങ്ങളുണ്ടാകും. വലതുപക്ഷ നരേറ്റീവ് ഏറ്റെടുത്ത് ജനങ്ങൾ നമ്മെ പലതും വിളിക്കും. തെരഞ്ഞെടുപ്പിനുമുമ്പ് യു.പിയിലെ മുസ്ലിം പ്രശ്നങ്ങൾ ഉന്നയിക്കണമെന്ന് പറഞ്ഞപ്പോൾ വളരെ ചുരുക്കം ആളുകളേ എന്നോട് യോജിച്ചുള്ളൂ. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മറ്റുള്ളവർക്കും ഇപ്പോഴത് മനസ്സിലായി. മണ്ണിൽ പടർന്ന വിദ്വേഷത്തിന്റെ വ്യാപ്തി കുറച്ചുകാണുകയാണ് പലരും ചെയ്തത്. നവോത്ഥാനം വന്നതുപോലെയാണ് വിദ്വേഷം പുസ്തകങ്ങളും സിനിമകളുമൊക്കെയായി വരുന്നത്. വിദ്വേഷ പ്രസംഗങ്ങൾ ഒരു സമുദായത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. 'കശ്മീർ ഫയൽസും' ആ തരത്തിലുള്ള വിദ്വേഷ പ്രോപഗണ്ടയായിരുന്നു. സംഘ്പരിവാർ സർക്കാറുകളും മന്ത്രിമാരും അതിനെ പ്രോത്സാഹിപ്പിച്ചു. കശ്മീർ ഫയൽസും ധരം സൻസദും തമ്മിൽ ആ അർഥത്തിൽ വ്യത്യാസമൊന്നുമില്ല.
ദൈനംദിന ജീവിതം അത്യന്തം പ്രയാസകരമായി തീർന്ന മുസ്ലിംകൾക്ക് ഇതിൽക്കൂടുതൽ ഇനി നഷ്ടപ്പെടാനൊന്നുമില്ല. ഇത്തരം രാഷ്ട്രീയ ചിന്തകളിൽനിെന്നല്ലാം മാറി ജീവിതം ആസ്വദിക്കാൻ ഒരു മുസ്ലിം വിചാരിച്ചാൽ അവൻ എവിടേക്കു പോകും. മാളിലും തിയറ്ററിലും പോയാലും അവനുനേരെ ഭീഷണി ഉയർന്നേക്കാം. ഈ തരത്തിൽ കൂടുതൽ കുരുക്കിട്ട് ജീവിതം പ്രയാസകരമാക്കുന്തോറും മറ്റു വഴികളില്ലാതെ അവർ കൂടുതൽ ശബ്ദമുയർത്തും.