"പാട്ട് നിരോധനങ്ങളെ തോൽപിക്കും, അതിരുകൾ മുറിച്ചുകടക്കും"
ജെ.എൻ.യു വിദ്യാർഥി സമരം, പൗരത്വ സമരം, കർഷക സമരം തുടങ്ങിയ രാജ്യം കഴിഞ്ഞ നാലു പതിറ്റാണ്ടിൽ കണ്ട നിരവധി ജനകീയ മുന്നേറ്റങ്ങളിൽ സംഗീതം എന്ന മൂർച്ചയേറിയ സമരായുധവുമായി പ്രഫ. സുമംഗല ദാമോദരൻ തെരുവിലുണ്ടായിരുന്നു. സമര/ചെറുത്തുനിൽപ് സംഗീതമാണ് പാട്ടിലും ഗവേഷണത്തിലും അവരുടെ ഉൗന്നൽ. സംഗീതം കേവല ആനന്ദോൽപാദന ഉപാധിയല്ലെന്നും ആഴമേറിയ രാഷ്ട്രീയ ആവിഷ്കാരമാണെന്നും തന്റെ സംഗീത ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ഇ.എം.എസിന്റെ...
Your Subscription Supports Independent Journalism
View Plansജെ.എൻ.യു വിദ്യാർഥി സമരം, പൗരത്വ സമരം, കർഷക സമരം തുടങ്ങിയ രാജ്യം കഴിഞ്ഞ നാലു പതിറ്റാണ്ടിൽ കണ്ട നിരവധി ജനകീയ മുന്നേറ്റങ്ങളിൽ സംഗീതം എന്ന മൂർച്ചയേറിയ സമരായുധവുമായി പ്രഫ. സുമംഗല ദാമോദരൻ തെരുവിലുണ്ടായിരുന്നു. സമര/ചെറുത്തുനിൽപ് സംഗീതമാണ് പാട്ടിലും ഗവേഷണത്തിലും അവരുടെ ഉൗന്നൽ. സംഗീതം കേവല ആനന്ദോൽപാദന ഉപാധിയല്ലെന്നും ആഴമേറിയ രാഷ്ട്രീയ ആവിഷ്കാരമാണെന്നും തന്റെ സംഗീത ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ഇ.എം.എസിന്റെ പേരമകൾകൂടിയായ അവർ സമകാലിക ഇന്ത്യയിൽ സംഗീതം ഉൾപ്പെടെയുള്ള സാംസ്കാരിക ആവിഷ്കാരങ്ങളുടെ, പ്രതിപക്ഷ ശബ്ദങ്ങളുടെ നിലനിൽപും ഭാവിയും സംബന്ധിച്ച ഗൗരവമാർന്ന ആലോചനകൾ പങ്കുവെക്കുകയാണ് ഇൗ അഭിമുഖത്തിൽ.
1984. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്ന് ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സിഖ് വംശജർക്കെതിരെ കൂട്ടക്കൊലകളും അതിക്രമങ്ങളും വ്യാപകമായ ഘട്ടം. തലസ്ഥാനത്ത് തീയും പുകയുമണഞ്ഞ നേരമുണ്ടായിരുന്നില്ല. സിഖ് പുരുഷന്മാരെ തിരഞ്ഞുപിടിച്ചു െകാല്ലുന്ന സാഹചര്യം. വെെന്തരിഞ്ഞ മനുഷ്യശരീരത്തിന്റെ രൂക്ഷഗന്ധം ഡൽഹിയുടെ പൊതുഗന്ധമായി മാറി. ഏകപക്ഷീയ അക്രമങ്ങളിൽ ആശയറ്റ സിഖ് ജനത, പ്രത്യേകിച്ചും സിഖ് ചെറുപ്പം, ഒരുഘട്ടത്തിൽ പ്രത്യാക്രമണത്തിന് തുനിഞ്ഞിറങ്ങി. കലുഷിതാന്തരീക്ഷത്തിന് അടിയന്തര അറുതി ആവശ്യപ്പെട്ട് സഫ്ദർ ഹശ്മി അടക്കമുള്ള സാംസ്കാരിക പ്രവർത്തകരുടെയും ബുദ്ധിജീവികളുടെയും മുൻകൈയിൽ ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്ന് സിറ്റിസൺ മാർച്ച് സംഘടിപ്പിക്കുന്നത് ഇൗ അവസരത്തിലാണ്. ആയിരങ്ങൾ അണിനിരന്ന മാർച്ച് ഡൽഹി യൂനിവേഴ്സിറ്റിക്കു കീഴിലുള്ള ഖാൽസ കോളജിൽ എത്തിയപ്പോഴേക്കും സ്ഥിതി ഏറെ സങ്കീർണമായി. സിഖ് വിദ്യാർഥികൾ പ്രത്യാക്രമണം ലക്ഷ്യമിട്ട്, ആയുധങ്ങൾ കൈയിലേന്തി കോളജ് പരിസരത്ത് മാർച്ചിനൊപ്പം ചേർന്നു. സംഘാടകർ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. സഫ്ദർ തന്റെ കലാസംഘത്തിലുള്ള പാട്ടുകാരി പെൺകുട്ടിയുടെ ചെവിയിൽ ഒരു കാര്യം മന്ത്രിച്ചു. ഒരു പാട്ട് പാടണമെന്നായിരുന്നു ആവശ്യം. ഡൽഹി യൂനിവേഴ്സിറ്റിയിൽ ബിരുദവിദ്യാർഥിനിയായ മലയാളി സുമംഗല ദാമോദരൻ ആയിരുന്നു അത്. ഇങ്ങനെയൊരു അന്തരീക്ഷത്തിൽ പാട്ട് ശരിയാകുമോ എന്ന് തിരിച്ചുചോദിച്ചെങ്കിലും ‘‘ഇപ്പോൾ ചോദ്യം വേണ്ട, പാടിയേ തീരൂ’’ എന്നായി സഫ്ദർ. പാട്ട് ഇങ്ങനെ തുടങ്ങി...
‘‘ജാനെ വാലെ സിപാഹീ സെ പൂച്ഛോ
വോ കഹാ ജാ രഹാഹേ
കോൻ ദുകിയ ഹേ ജോ ഗാ റഹീ ഹെ
ഭൂകേ ബച്ഛോൻ കോ ഭഹലാ റഹീ ഹേ
ലാഷ് ജൽനെ കീ ബൂ ആ രഹീ ഹേ
സിന്ദഗി ഹെ കി ചില്ല രഹി ഹെ’’
‘‘പുറപ്പെട്ടുപോകുന്ന സൈനികനോട് ചോദിക്കൂ
എേങ്ങാട്ടാണ് അവന്റെ പോക്കെന്ന്.
വിശന്നു കരയുന്ന തന്റെ കുഞ്ഞിനെ സമാശ്വസിപ്പിക്കുന്ന
ആ കരയുന്ന സ്ത്രീയാരാണ്
കരിഞ്ഞ ശരീരങ്ങളുടെ ദുർഗന്ധത്തിനിടയിൽ
ജീവൻ നിലവിളിക്കുന്നത് നിങ്ങൾ കേൾക്കുന്നുണ്ടോ?’’
വിഖ്യാത ഉർദു കവിയും പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായിരുന്ന മഖ്ദൂം മുഹ്യുദ്ദീൻ 1940കളിൽ രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിൽ രചിച്ച പാട്ടായിരുന്നു അത്. ബ്രിട്ടനുവേണ്ടി ഏതോ രാജ്യത്തേക്ക് യുദ്ധംചെയ്യാൻ പുറപ്പെടേണ്ടിവരുന്ന ഇന്ത്യൻ ജനതയുടെ നിസ്സഹായതയായിരുന്നു പ്രമേയം. പാട്ട് അൽപം മുന്നോട്ടുപോയതോടെ അന്തരീക്ഷം പാടെ മാറി. ഉരുണ്ടുകൂടിയ കാർമേഘങ്ങൾ കണ്ണീരായി പെയ്തിറങ്ങി. തിരിച്ചടിക്കാൻ വാളും വടിയുമായിറങ്ങിയവർ ആയുധങ്ങൾ നിലത്തിട്ടു, മുട്ടുകുത്തി വീണു, പൊട്ടിക്കരഞ്ഞു. പാട്ടിന്റെ ഉൗക്കും വികാരോദ്ദീപനശക്തിയും തിരിച്ചറിഞ്ഞ ദിവസമായിരുന്നു അതെന്ന് സുമംഗല ദാമോദരൻ ഒാർത്തെടുക്കുന്നു. ‘‘നാലു പതിറ്റാണ്ട് മുമ്പ് രചിക്കപ്പെട്ട ഒരു പാട്ട്, തീർത്തും വ്യത്യസ്തമായ ഒരു സന്ദർഭത്തിൽപോലും മനുഷ്യരെയൊന്നാകെ ഒറ്റമനസ്സുള്ളവരാക്കിത്തീർക്കുന്നത് എങ്ങനെയെന്ന് ഒരൊറ്റ നിമിഷം എനിക്ക് കാണിച്ചുതന്നു. പിന്നീടിങ്ങോട്ട് നൂറുകണക്കിന് സമരവേദികളിൽ ഇൗ പാട്ട് ഞാൻ പാടി. ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നു. ഒാരോ തവണ പാടുേമ്പാഴും ആ പാട്ടിന്റെ ശക്തികൂടി വന്നിേട്ടയുള്ളൂ’’ -അവർ പറയുന്നു.
ആദ്യ കേരള മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ആചാര്യനുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പേരമകളാണ് പ്രഫ. സുമംഗല ദാമോദരൻ – ഇം.എം.എസിന്റെ പുത്രി ഡോ. ഇ.എം. മാലതിയുടെയും പ്രമുഖ ശാസ്ത്രജ്ഞനും കൗൺസിൽ ഒാഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (സി.എസ്.െഎ.ആർ) ഡയറക്ടറുമായിരുന്ന ഡോ. എ.ഡി. ദാമോദരന്റെയും മകൾ (എ.ഡി. ദാമോദരൻ ഇൗയിടെയാണ് മരിച്ചത്).
1981ൽ ഡൽഹി കേരള സ്കൂളിൽ 11ാം ക്ലാസ് വിദ്യാർഥിയായിരിക്കെ, സാംസ്കാരിക സംഘമായിരുന്ന പർച്ചം മൂവ്മെന്റിലൂടെയാണ് അവർ സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്കു കടക്കുന്നത്. ബാബരി ധ്വംസനാനന്തരം വിവിധ കാലയളവുകളിൽ ഹിന്ദുത്വ ഫാഷിസത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ പരമ്പരകൾ, 2016ലെ ജെ.എൻ.യു വിദ്യാർഥി സമരം, പൗരത്വ സമരകാലത്ത് ശാഹീൻബാഗ് ഉൾപ്പെടെയുള്ള സമരവേദികൾ, കർഷക സമരം, ലക്ഷദ്വീപ് ജനതയുടെ അതിജീവന പോരാട്ടങ്ങൾ... കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ രാജ്യംകണ്ട, വിശേഷിച്ചും ഡൽഹിയിൽ നടന്ന പ്രധാന ജനകീയ മുന്നേറ്റങ്ങളിലെല്ലാം പ്രഫ. സുമംഗലയുടെ ശബ്ദം മുഴങ്ങിക്കേട്ടിരുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ അവരുടെ സംഗീതാവതരണങ്ങൾ അരങ്ങേറി. ലോകത്തെ അതിപ്രശസ്തമായ പല സംഗീത ബാൻഡുകൾക്കൊപ്പവും പ്രവർത്തിച്ചു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ സമര/ചെറുത്തുനിൽപു ഗാനങ്ങൾ പുനരാവിഷ്കരിച്ച് ഒരുക്കിയ ‘സോങ്സ് ഒാഫ് പ്രൊട്ടസ്റ്റ്’ സംഗീത ആൽബം ശ്രദ്ധേയ ചുവടുവെപ്പായിരുന്നു.
പാടിയും ചിട്ടപ്പെടുത്തിയും പാട്ടുകളെക്കുറിച്ച് പറഞ്ഞും എഴുതിയും വിസ്മൃതിയിലാണ്ട പാട്ടുകൾ കണ്ടെടുത്തും ഗവേഷണം നടത്തിയുമാണ് കഴിഞ്ഞ നാലു പതിറ്റാണ്ടായി അവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. സമരസംഗീതം/ചെറുത്തുനിൽപ് സംഗീതം (Protest Music\Resistance Music) ആണ് അവതരണത്തിലും ഗവേഷണത്തിലും ഉൗന്നൽ. ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷന്റെ പാരമ്പര്യത്തിലെ പാട്ടുകളെക്കുറിച്ച് തയാറാക്കിയ ‘ദ റാഡിക്കൽ ഇംപൾസ്: മ്യൂസിക് ഇൻ ദ ട്രഡീഷൻ ഒാഫ് ദി ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷൻ’ എന്ന പുസ്തകമാണ് ഏറെ ശ്രദ്ധിക്കപ്പെട്ട രചന. അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) അടക്കമുള്ള ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ചതിന്റെയടക്കം ദീർഘകാല അനുഭവസമ്പത്തുള്ള സാമ്പത്തികശാസ്ത്രജ്ഞകൂടിയാണ് പ്രഫ. സുമംഗല. സംഗീതത്തിനൊപ്പം വികസനപഠനം, ജെൻഡർ ആൻഡ് മൈഗ്രേഷൻ, ട്രേഡ് ആൻഡ് ഇൻഡസ്ട്രിയൽ ലേബർ അടക്കമുള്ള വിഷയങ്ങളിൽ ഒേട്ടറെ ഗവേഷണ പ്രബന്ധങ്ങൾ അവർ രചിച്ചു. ഡൽഹി അംബേദ്കർ യൂനിവേഴ്സിറ്റിയിൽ സ്കൂൾ ഒാഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ പ്രഫസറായിരുന്ന അവർ ഇേപ്പാൾ ന്യൂഡൽഹി കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹ്യൂമൻ ഡെവലപ്മെന്റുമായി ചേർന്നുപ്രവർത്തിക്കുന്നു.
ഏഷ്യയിലെയും ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെയും വിവിധ സംഗീതജ്ഞരുടെയും അക്കാദമീഷ്യൻസിന്റെയും മുൻകൈയിലുള്ള ‘ഇൻസറക്ഷൻസ് എൻസെംബിൾ’ എന്ന കൂട്ടായ്മയുടെ മുഖ്യചാലകശക്തിയാണ് ഇന്നവർ. ഇൗ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫെബ്രുവരി ആദ്യവാരം കൊച്ചി ബിനാലെയിലും കേരള അന്താരാഷ്ട്ര നാടകമേളയിലും (ഇറ്റ്േഫാക്) ‘ജിറാഫെ വിൽ ഹം ഇൻ കേരള’ എന്ന തലക്കെട്ടിൽ സംഗീതാവതരണങ്ങൾ നടന്നു. ജനുവരി 17ന് മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി േഗ്ലാബൽ അക്കാദമിക് കാർണിവലിന്റെ ഭാഗമായി കോട്ടയം തിരുനക്കര മൈതാനിയിലും പ്രഫ. സുമംഗലയുടെ സംഗീതാവതരണമുണ്ടായിരുന്നു. ഇൗ രണ്ടു ഘട്ടങ്ങളിലായി അവരുമായി നടത്തിയ സംഭാഷണത്തിലേക്ക്.
‘ദ റാഡിക്കൽ ഇംപൾസ്’ സമർപ്പിച്ചിരിക്കുന്നത് മുത്തച്ഛൻ ഇ.എം.എസ്. നമ്പൂതിരിപ്പാടിനാണ്. താങ്കളുടെ രാഷ്ട്രീയത്തെ എവ്വിധമാണ് അദ്ദേഹം സ്വാധീനിച്ചത്. അതായത്, രാഷ്ട്രീയ അഭിവിന്യാസം എങ്ങനെയായിരുന്നു?
10ാം ക്ലാസ് വരെ തിരുവനന്തപുരത്താണ് പഠിച്ചത്. ഉപരിപഠനം ഡൽഹിയിൽ നടത്താനായിരുന്നു ആഗ്രഹം. മുത്തച്ഛന്റെകൂടെ കഴിയാനുള്ള ആഗ്രഹമായിരുന്നു സത്യത്തിൽ അതിനുപിന്നിൽ. അദ്ദേഹം അന്ന് പാർട്ടി ജനറൽ സെക്രട്ടറിയായി ഡൽഹിയിലുണ്ട്. ഡൽഹി കേരള സ്കൂളിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചു. മുത്തച്ഛന്റെകൂടെ ജൻപഥിലെ വീട്ടിലായിരുന്നു താമസം. ബിരുദപഠനം രണ്ടാം വർഷം പൂർത്തിയാകുവോളം നാലു വർഷം മുത്തച്ഛന്റെ കൂടെ താമസിച്ചു. ജീവിതത്തിലെ നിർണായക കാലഘട്ടമായിരുന്നു ആ നാലു വർഷം. രാഷ്ട്രീയബോധം എന്നിൽ രൂപപ്പെടുന്നത് ഇൗ ഘട്ടത്തിലാണ്. 11ാം ക്ലാസിൽ പഠിക്കവെതന്നെ പർച്ചം മൂവ്മെന്റുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരമുണ്ടായി. സഫ്ദർ ഹശ്മിയുമായുള്ള പരിചയമാണ് ‘പർച്ച’മിലെത്തിച്ചത്. കുട്ടിക്കാലം മുതലേ പാട്ട് പഠിച്ചിരുന്നു. അച്ഛൻ വഴിയാണ് സംഗീതാഭിരുചി കൈവരുന്നത്.
പർച്ചം ഇടതു ആഭിമുഖ്യമുള്ള പാട്ടുകൂട്ടമായിരുന്നു. സമരഗാനങ്ങളായിരുന്നു പർച്ചമിന്റെ പാട്ടുകളിൽ അധികവും. സഫ്ദർ ഹശ്മിയുടെ ജന നാട്യമഞ്ചുമായി ചേർന്നാണ് പർച്ചം അന്ന് പ്രവർത്തിച്ചിരുന്നത്. അവരുടെ തെരുവുനാടകത്തിനുശേഷമാകും മിക്കപ്പോഴും ഞങ്ങളുടെ പാട്ട്. സമരവേദികൾ, രാഷ്ട്രീയ പരിപാടികൾ, പൊതുസമ്മേളനങ്ങൾ, കാമ്പസുകൾ തുടങ്ങി എപ്പോഴും തെരുവിൽതന്നെയായിരുന്നു ഞങ്ങൾ. രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബമായതുകൊണ്ട് എനിക്ക് അതൊട്ടും പ്രയാസമായിരുന്നില്ല. എനിക്കത് ഇഷ്ടവുമായിരുന്നു. പുതിയ പാട്ടുകൾ കണ്ടെത്തി കേമ്പാസ് ചെയ്യുക, കൃത്യമായി റിഹേഴ്സലുകൾ നടത്തുക എന്നിങ്ങനെ വളരെ ചിട്ടയായ പ്രവർത്തനമായിരുന്നു പർച്ചമിന്റേത്. അതുകൊണ്ടുതന്നെ വലിയ സ്വീകാര്യത ഞങ്ങളുടെ പാട്ടുസംഘത്തിന് ഡൽഹിയിൽ ലഭിച്ചു. ഞാൻ പാട്ടും നാടകങ്ങളുമായി തെരുവിൽ സജീവമാകുന്നത് മുത്തച്ഛന് വലിയ ഇഷ്ടമായിരുന്നു. 1985ലാണ് സി.പി.എമ്മിന്റെ 12ാം പാർട്ടി കോൺഗ്രസ് കൊൽക്കത്തയിൽ നടക്കുന്നത്. സമാപന സമ്മേളനത്തിൽ ഞങ്ങളുടെ അവതരണമുണ്ട്. മുത്തച്ഛൻ അടക്കമുള്ള മുതിർന്ന നേതാക്കൾ സ്റ്റേജിലുണ്ട്. ഞാൻ സ്റ്റേജിൽ കയറിയപ്പോൾ അദ്ദേഹം വാത്സല്യത്തോടെ ഒന്ന് ചിരിച്ചു. തൊട്ടടുത്തിരിക്കുന്ന സഖാവിനോട് ഇതെന്റെ പേരമകളാണെന്ന് പരിചയപ്പെടുത്തുന്നതും കണ്ടു. എവിടെയെങ്കിലും എന്റെ അവതരണം കാണാനിടയായാൽ വലിയ സന്തോഷമാണ് അദ്ദേഹത്തിന്. പർച്ചമിനൊപ്പം എസ്.എഫ്.െഎയിലും സജീവമായിരുന്നു. സിഖ് വിരുദ്ധ കലാപത്തെ തുടർന്ന് റിലീഫ് പ്രവർത്തനങ്ങളിൽ
എസ്.എഫ്.െഎ മുന്നിൽ നിന്നിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും പുതപ്പും മറ്റും എത്തിക്കുക തുടങ്ങി ഒേട്ടറെ കാര്യങ്ങൾ ഞങ്ങൾ വിദ്യാർഥികൾ ഏറ്റെടുത്തു. കലാപബാധിത ഇടങ്ങളിൽനിന്നുള്ള വിദ്യാർഥികളെ മാറ്റിപ്പാർപ്പിച്ച കോളജുകളിൽ റിലീഫ് പ്രവർത്തനങ്ങൾക്കൊപ്പം നാടകവും പാട്ടുമൊക്കെയായി ഞങ്ങളുണ്ടായിരുന്നു.
2016ലെ ജെ.എൻ.യു വിദ്യാർഥി സമരത്തിൽ െഎക്യദാർഢ്യവുമായി കാമ്പസിലുണ്ടായിരുന്നല്ലോ. ജെ.എൻ.യു വിദ്യാർഥി കാലം എങ്ങനെയാണ് ഒാർത്തെടുക്കുന്നത്?
ബിരുദപഠനം കഴിഞ്ഞ് ജെ.എൻ.യുവിൽ എം.എ ഇക്കണോമിക്സിന് ചേർന്നു. എം.ഫില്ലും അവിടെതന്നെയായിരുന്നു. പിഎച്ച്.ഡി കുറച്ചുകാലം ജോലി ചെയ്തശേഷമാണ് എടുത്തത്. ജെ.എൻ.യുവിൽനിന്നുതന്നെ. കാമ്പസ് ജീവിതം ആവേശഭരിതമായിരുന്നു. വളരെ ചടുലമായ സാംസ്കാരിക അന്തരീക്ഷമാണല്ലോ അവിടെയുള്ളത്. എന്നെപ്പോലെ കലാരംഗത്തുള്ളവർക്ക് വലിയ അവസരം അവിടെ തുറന്നുകിടപ്പുണ്ടായിരുന്നു. ജെ.എൻ.യു. സ്റ്റുഡന്റ്സ് യൂനിയനിലും സജീവമായിരുന്നു. എസ്.എഫ്.െഎക്കുവേണ്ടി ഒരു തവണ കൗൺസിലറായും മറ്റൊരിക്കൽ ജോയൻറ് സെക്രട്ടറിയായും വിജയിച്ചു.
എസ്.എഫ്.െഎ എല്ലാ പോസ്റ്റും തോറ്റ ഒരു വർഷം എനിക്ക് ജയിക്കാനായി. ജെ.എൻ.യു കാലത്ത് സ്റ്റുഡൻറ് ആക്ടിവിസ്റ്റ് എന്ന നിലക്കും പിന്നീട് അധ്യാപികയായിരുന്നപ്പോഴും ഡൽഹി കേന്ദ്രമായുള്ള വിവിധ ജനാധിപത്യ മുന്നേറ്റങ്ങളുടെ ഭാഗമാകാൻ സാധിച്ചു. വിശേഷിച്ചും 1992നു ശേഷം. ഡൽഹി വ്യത്യസ്തങ്ങളായ രാഷ്ട്രീയ^സാംസ്കാരിക മുന്നേറ്റങ്ങൾക്ക് സാക്ഷിയായ മണ്ണാണ്. കൾചറൽ ആക്ടിവിസ്റ്റ് എന്ന നിലക്ക് ഇതിലെല്ലാം സക്രിയമായി ഇടപെടാൻ സാധിച്ചുവെന്നത് ചാരിതാർഥ്യമുള്ള കാര്യമാണ്. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിൽ പർച്ചമിന്റെ ഭാഗമായും അല്ലാതെയും പരിപാടികൾ ചെയ്തിട്ടുണ്ട്. 1980കൾ മുതൽ ഡൽഹിയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് നടന്ന ഇത്തരം രാഷ്ട്രീയ മുന്നേറ്റങ്ങളിൽ സംഗീതജ്ഞർ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതേക്കുറിച്ച പഠനത്തിലാണ് ഇപ്പോൾ ഞാൻ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കാലത്തിലേക്ക് എത്തിനോക്കി, വർത്തമാനകാലത്തിൽ അർഥപൂർണമായ ഇടപെടലുകൾ നടത്താനും പലപ്പോഴും ജനാധിപത്യാഭിമുഖ്യമുള്ള പൊതുബോധം രൂപപ്പെടുത്താനും ഇത്തരം പാട്ടുകൾക്കും പാട്ടുകാർക്കും സാധിച്ചിട്ടുണ്ട്. ദലിത് മൂവ്മെന്റിന്റെ ഭാഗമായി അത്തരത്തിലുള്ള സംഗീത ഇടപെടലുകൾ ധാരാളം നടന്നിട്ടുണ്ട്. പോപുലർ മ്യൂസിക്കിന്റെ ഗണത്തിൽപെടുത്താവുന്ന സൂഫി സംഗീതരംഗത്ത് ഇതുപോലെ കൃത്യമായ രാഷ്ട്രീയ ഉള്ളടക്കമുള്ള സൃഷ്ടികൾ ഉണ്ടായിട്ടുണ്ട്. അവയെ ആർകൈവ് ചെയ്തും പാട്ടുകാരെയും കേമ്പാസർമാരെയും അഭിമുഖം നടത്തിയുമൊക്കെയാണ് പഠനം മുന്നോട്ടുപോകുന്നത്. ഉത്തരേന്ത്യയുടെ സാംസ്കാരിക^രാഷ്ട്രീയ ചരിത്രമായി ഇൗ പഠനം വികസിക്കുമെന്നാണ് പ്രതീക്ഷ.
താങ്കളുടെ പ്രൊഫൈൽ നോക്കിയാൽ പ്രഫസർ ഇൻ ഇക്കണോമിക്സ്, ഡെവലപ്മെന്റ് സ്റ്റഡീസ്, പോപുലർ മ്യൂസിക് സ്റ്റഡീസ് എന്നിങ്ങനെ കാണാം. പ്രത്യക്ഷത്തിൽ സാമ്പത്തികശാസ്ത്രവും സംഗീതവും വിരുദ്ധധ്രുവങ്ങളിൽനിൽക്കുന്ന വിഷയങ്ങളാണെന്നിരിക്കെ, താങ്കളെ സംബന്ധിച്ച് ഇവ തമ്മിലെ കണ്ണിചേർക്കൽ എങ്ങനെയാണ്?
എന്റെ അക്കാദമിക മേഖല ഇക്കണോമിക്സ് എന്നതിനെക്കാൾ െഡവലപ്മെൻറ് സ്റ്റഡീസാണ്. ഇൻഡസ്ട്രി ആൻഡ് ലേബർ സ്റ്റഡീസിലാണ് കൂടുതൽ പഠനങ്ങളും. അതിന് സംഗീതവുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. പക്ഷേ, മനുഷ്യന്റെ പ്രശ്നങ്ങളും ഇടപെടലുകളും തന്നെയാണല്ലോ അവിടെയും അന്വേഷണ വിഷയം. ഞാൻ സാധാരണ പാടുന്ന ഒരു പാട്ടുണ്ട്. തെലങ്കാന മൂവ്മെന്റിന്റെ ഭാഗമായി രൂപപ്പെടുകയും ജനകീയമാവുകയും ചെയ്ത ‘‘ലാഗരാ... ലാഗരാ..., ലാഗ്രാ ഹെയ്ലേസാ ലാഗ്രാ, റോഡ്റോളർ മുന്തഡ്ദൈ ലാഗ്രാ’’ എന്നു തുടങ്ങുന്ന തെലുഗു പാട്ട്. ഗ്രാമത്തിൽനിന്ന് പട്ടണത്തിലേക്ക് തൊഴിൽതേടി വന്ന കുടിയേറ്റ തൊഴിലാളിയുടെ വേദനകളാണ് പാട്ടിന്റെ വിഷയം. നഗരത്തിൽ റോഡ് റോളറുമായി ബന്ധപ്പെട്ട വിഷമകരമായ ജോലിയിലാണ് അയാളുള്ളത്. മാർവാഡിയുടെ കൈയിൽനിന്ന് വലിയ തുക കടമെടുത്ത്, വീട്ടാൻ കഴിയാതെ വന്നതുകൊണ്ടാണ് തനിക്ക് എല്ലാം ഉപേക്ഷിച്ച് ഗ്രാമത്തിൽനിന്ന് പലായനം ചെയ്യേണ്ടിവന്നതെന്നും തന്റെ തലയിലുള്ള കല്ലു കൊട്ടകളെക്കാൾ ഭാരമുണ്ട് ആ കടബാധ്യതകൾക്കെന്നും അയാൾ നൊമ്പരപ്പെടുന്നുണ്ട്. സാമ്പത്തികശാസ്ത്രവും സംഗീതവും രണ്ടും രണ്ടറ്റങ്ങളിൽ നിൽക്കുന്ന വിഷയങ്ങളാണെങ്കിലും സോഷ്യൽ സയൻസിൽ എനിക്ക് ലഭിച്ച പരിശീലനം ഇതുപോലുള്ള പാട്ടുകളെ, അതിന്റെ സാമൂഹികതയെ മനസ്സിലാക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. മനുഷ്യൻ സാമൂഹിക ജീവിയാകുന്നത് എങ്ങനെയാണ്, ആ പ്രക്രിയ സംഗീതം വഴി എങ്ങനെ അപഗ്രഥിക്കാൻ കഴിയും എന്നതെല്ലാം അതുവഴി എളുപ്പം മനസ്സിലാകും.
ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷന്റെ (ഇപ്റ്റ) പാട്ടുകളിലേക്ക് കടന്നുചെല്ലുന്നത് എങ്ങനെയാണ്?
പിഎച്ച്.ഡി കഴിഞ്ഞപ്പോഴാണ് പാട്ടിനുവേണ്ടി എന്തെങ്കിലും ഗൗരവത്തിൽ ചെയ്യണമെന്ന തോന്നലുണ്ടായത്. ഗവേഷണ തിരക്കുകൾ കാരണം കുറച്ചുകാലം പാട്ടിൽനിന്ന് വിട്ടുനിന്നിരുന്നു. ഗവേഷണം കഴിഞ്ഞതോടെ വീണ്ടും പാട്ട് പഠിക്കാൻ തുടങ്ങി. ‘‘ജാനെ വാലെ സിപാഹി സെ പൂച്ഛോ’’ എന്ന പാട്ടിനെക്കുറിച്ച് അക്കാലത്ത് പലരോടും സംസാരിച്ചിരുന്നു. 1940കളിൽ സമരഗാനങ്ങളുടെ വാർപ്പുമാതൃകകളെ ഉല്ലംഘിച്ച ഒരു പാട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ സമാനരീതിയിലുള്ള വേറെയും പാട്ടുകൾ ഉണ്ടായിരിക്കുമല്ലോ എന്ന തോന്നലുണ്ടായി. പ്രായമായ പലരോടും അവരുടെ കാലത്തെ പാട്ടുകളെക്കുറിച്ച് ചോദിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ആദ്യം ചെന്നത് കൊൽക്കത്തയിലായിരുന്നു. ബംഗാളിലെ നാടകപ്രസ്ഥാനങ്ങളുടെ ആചാര്യനായിരുന്ന ഉത്പൽ ദത്തിന്റെ മകൾ ബിഷ്ണുപ്രിയ ദത്ത അന്ന് ജെ.എൻ.യുവിൽ അധ്യാപികയായിരുന്നു. ബിഷ്ണുപ്രിയ വഴിയാണ് അഭിനേത്രിയും ആക്ടിവിസ്റ്റുമായ അവരുടെ അമ്മ സോവ സെന്നിനെ പരിചയപ്പെടുന്നത്. ബംഗാളിലെ തിയറ്റർ പ്രസ്ഥാനത്തിലെ ഒേട്ടറെ പേരിലേക്കുള്ള വാതിലായിരുന്നു അവർ. അവരിൽനിന്ന് ധാരാളം പാട്ടുകളും ശേഖരിക്കാനായി. കേരളം ഉൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇതുപോലെ സഞ്ചരിക്കുകയും പാട്ടുകൾ ശേഖരിക്കുകയും ചെയ്തു. ‘‘തു സിൻദ ഹേ^തോ സിന്ദഗി കീ ജീത് മേൽ യാഗിൻ കർ’’, ‘‘അമൻ കെ ഹം രക്വാലെ’’ തുടങ്ങി പർച്ചമിന്റെ ശേഖരത്തിൽ ഇപ്റ്റയുടെ കുറെ പാട്ടുകൾ ഉണ്ടായിരുന്നു. അവയെല്ലാം സമരഗാനങ്ങളുടെ വാർപ്പുമാതൃകയിൽ രചിക്കപ്പെടുകയും നിർണിതമായ ചട്ടക്കൂടിൽ കേമ്പാസ് ചെയ്യപ്പെടുകയും ചെയ്തവയായിരുന്നു. എന്നാൽ, സമരഗാനങ്ങളെക്കുറിച്ച നിർവചനംതന്നെ മാറ്റുകയായിരുന്നു ഇപ്റ്റയുടെ പാട്ടുകളെക്കുറിച്ച തുടരന്വേഷണങ്ങൾ. അത്രമേൽ വൈവിധ്യം ഒാരോ പ്രദേശത്തെയും പാട്ടുകൾക്കുള്ളിൽതന്നെ ഉണ്ടായിരുന്നു. അവയെല്ലാം ഏതോ അർഥത്തിൽ നിലനിൽക്കുന്ന വ്യവസ്ഥയോട് കലഹിക്കുന്ന ആവിഷ്കാരങ്ങളായിരുന്നു.
നമ്മുടെ ജീവിതത്തെക്കുറിച്ചു പാടുന്ന പാട്ടുകൾ എല്ലാംതന്നെ ഒരർഥത്തിൽ സമരഗാനങ്ങളാണ്. സമൂഹവുമായി എൻഗേജ് ചെയ്യുന്ന, ഏതെങ്കിലും അർഥത്തിൽ സമൂഹത്തെക്കുറിച്ച് സംസാരിക്കുന്ന പാട്ടുകളെ സമരഗാനങ്ങൾ എന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. സമരം പല രൂപത്തിലും സംഭവിക്കാം. സമരത്തിന്റെ ഭാഗമായി രൂപപ്പെട്ട പാട്ടുകൾതന്നെ ആവണമെന്നില്ല അവ. പാട്ട്, അതിന്റെ രൂപം, ഘടന, ഇൗണം, സ്വരമാനങ്ങൾ ഇതെല്ലാം ചിലപ്പോൾ സമരമോ കലഹമോ ആയേക്കാം. ഒരിടത്ത് ഒരു രീതിയിൽ ആലപിക്കപ്പെടുന്ന പാട്ട് മറ്റൊരു സ്ഥലത്ത് മറ്റൊരു രീതിയിൽ പാടുന്നതുപോലും സമരത്തിന്റെ ഭാഗമായാവാം.
കർഷകസമരത്തിന്റെ ഘട്ടത്തിലും ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തിന്റെസന്ദർഭത്തിലും അവരോട് െഎക്യദാർഢ്യപ്പെട്ട് ‘വഖ്ത്ത് കീ ആവാസ്’ എന്ന മ്യൂസിക് ആൽബം താങ്കൾ ചെയ്യുകയുണ്ടായി. പാട്ട് കാലത്തിന്റെ മുഴക്കമുള്ള ശബ്ദമാകുന്നത് എങ്ങനെയാണ് ?
ഏതു ജനതയെയും കാലത്തെയും സൂക്ഷ്മമായും ആഴത്തിലും പഠിക്കാൻ ആ ജനതയുടെ പാട്ടുകൾ മികച്ച റഫറൻസാണ്. അവരുടെ ചരിത്രവും വർത്തമാനവും രാഷ്ട്രീയവും പോരാട്ടങ്ങളുമെല്ലാം പാട്ടുകളിൽ കടന്നുവന്നേക്കാം. നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തോട് സംവദിക്കുന്ന ഏതു പാട്ടും ‘വഖ്ത്ത് കീ ആവാസ്’ ആകാം. ആ മുന്നേറ്റത്തിന്റെ ഭാഗമായി പിറന്ന പാട്ടുകൾതന്നെ ആവണമെന്നില്ല. ആ ജനതയുടെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ പിറന്ന പാട്ടുകൾ ചിലപ്പോൾ പുതിയ കാലത്തോടും പുതിയ പ്രശ്നങ്ങളോടും സൂക്ഷ്മമായി സംവദിച്ചു എന്നു വരാം. ചില ആവിഷ്കാരങ്ങൾ സന്ദർഭത്തിന്റെ അനിവാര്യതയിൽ പിറക്കുന്നതുമാകാം. ശാഹീൻബാഗിലെ ഉദാഹരണം പറയാം. അവിടെ ഒേര സ്റ്റേജിൽ റാപ്പും ക്ലാസിക്കൽ മ്യൂസിക്കും സംഗമിക്കുന്നത് കണ്ടു. ടി.എം. കൃഷ്ണ പാടിക്കഴിഞ്ഞ് ഉടനെ ഒരു റാപ്പ് പെർഫോമൻസ് വന്നു. അത് കഴിഞ്ഞ് ഒരു ഭക്തിഗാനം. പിന്നെ ഹിപ്പ്ഹോപ്പ്. അങ്ങനെ സംഗീതത്തിലെ പല വൈവിധ്യങ്ങൾ ഒരു സമരസന്ദർഭത്തിൽ സംഗമിച്ചു. ഇത്രമേൽ വൈവിധ്യമാർന്ന സംഗീതരൂപങ്ങൾ ഒരേ വേദിയിൽ സംഗമിച്ച മറ്റൊരു വേള എന്റെ അനുഭവത്തിലില്ല. ഒരർഥത്തിൽ, സാഹചര്യം/കാലം ആവശ്യപ്പെട്ടതാണ് അത്തരമൊരു സമാഗമം. സംഗീതം കാലത്തിന്റെ ശബ്ദമാകുന്നത് അങ്ങനെയാണ്.
ഇന്ത്യയിൽ പൗരത്വ സമരകാലത്തെ ജ്വലിപ്പിച്ചുനിർത്തിയത് ഒരുകൂട്ടം പാട്ടുകളായിരുന്നല്ലോ. പൗരത്വ സമരം പറയുേമ്പാൾ ആർക്കും ‘ഹം ദേഖേംഗേ’ ഒാർമയിൽ വരാതിരിക്കില്ല. പാട്ടുകൾ എങ്ങനെയാണ് സമരങ്ങൾ രൂപപ്പെടുത്തുന്നതും സമരഗതിയെ നിർണയിക്കുന്നതും?
അധിനിവേശവിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പിറന്ന പാട്ടുകൾക്ക് ൈകയും കണക്കുമില്ല. ഒരു മുേന്നറ്റം അതിന്റെ തീവ്രതയിൽ എത്തിനിൽക്കുേമ്പാഴാകും പാട്ടുകൾ കൂടുതലും പിറക്കുക. എന്റെ ‘സോങ്സ് ഒാഫ് പ്രൊട്ടസ്റ്റ്’ എന്ന ആൽബത്തിൽ ‘ആർ കോത്തു കാൽ, ബോലൊ കോത്തു കാൽ’ എന്നു തുടങ്ങുന്ന പാട്ടുണ്ട്. 1946ലെ ബംഗാളിലെ തേബാഗ ഭൂസമര ഘട്ടത്തിൽ അഹല്യ എന്ന ഗർഭിണിയായ കർഷകനേതാവ് െകാലചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട പാട്ട്. ‘ഇപ്റ്റ’യുടെ ഭാഗമായ റെബ റോയ് ചൗധരിയാണ് ഇൗ പാട്ട് പാടിയത്. ബംഗാളിലെ ഫ്യൂഡൽ വ്യവസ്ഥക്കെതിരായ കർഷകരുടെ പോരാട്ടമായിരുന്നു തേബാഗ സമരം. വിളവെടുത്ത ധാന്യങ്ങൾ ജന്മിയുടെ കൂട്ടാളികൾ എടുത്തുകൊണ്ടുപോകുന്നത് തടയാൻ കർഷകർ ജനകീയ സമിതിക്ക് രൂപംനൽകുകയും സ്ക്വാഡുകൾ രൂപവത്കരിച്ച് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ഇൗ സ്ക്വാഡിന്റെ ഭാഗമായിരുന്ന അഹല്യയെ ജന്മിയുടെ സേന ആക്രമിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. അവരുടെ രക്തം കൂട്ടിവെച്ച ധാന്യങ്ങളുടെ മുകളിൽ പരന്നൊഴുകി. ഇൗ സംഭവത്തെ ആസ്പദമാക്കി എഴുതപ്പെട്ട പാട്ടാണ് അത്. ‘‘നഗരങ്ങളിലും തുറമുഖങ്ങളിലും കർഷകക്കുടിലുകളിലും/മനുഷ്യനെ വേട്ടയാടുന്നവർക്കിടയിലും/ഇനിയുമെത്ര കാലം നമ്മൾ/മരണത്തിന്റെയീ നിന്ദ പേറണം’’ എന്നതാണ് പാട്ടിന്റെ ആശയം. കയ്യൂർ സമരം കഴിഞ്ഞ് ദിവസങ്ങൾക്കകം ‘‘തിരിച്ചുതരൂ ഞങ്ങളുടെ കയ്യൂർ സഖാക്കളെ’’ എന്ന ആശയമുള്ള ഒരു പാട്ട് ബംഗാളിൽനിന്ന് പിറക്കുന്നുണ്ട്. ഇതെല്ലാം ഒാരോ മൂവ്മെന്റുകളുടെ തീക്ഷ്ണതയിൽ രൂപപ്പെടുന്ന പാട്ടുകളാണ്.
സമര/ചെറുത്തുനിൽപ് സംഗീതത്തെ ‘ജനകീയ സംഗീതം’ ആയും സംഗീതത്തിന്റെ വികാരോദ്ദീപക സ്വഭാവത്തെ പ്രകടിപ്പിക്കുന്ന മാധ്യമമായും (Medium of manifesting the cathartic power of music) വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്?
വാക്കുകൾക്കോ മറ്റോ പ്രകടിപ്പിക്കാൻ കഴിയാത്ത തീവ്രതയിൽ ആശയങ്ങൾ സംവേദനം ചെയ്യാനുള്ള ശേഷി പാട്ടിനുണ്ട്. മലയാളത്തിലുള്ള ഒരു പാട്ട്, അതല്ലെങ്കിൽ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷയിലുള്ള പാട്ട് ഞാൻ രാജ്യത്തിനു പുറത്തുള്ള വേദികളിൽ ആലപിക്കുേമ്പാഴും ആസ്വാദകരുടെ പ്രതികരണത്തിന് ഒരു കുറവും വരാറില്ല. സംഗീതത്തിന് ഭാഷകളെ മുറിച്ചുകടക്കാനുള്ള ശേഷിയുള്ളതുകൊണ്ടാണത്. സംഗീതത്തെക്കുറിച്ച നമ്മുടെ സാമാന്യധാരണകൾക്കപ്പുറം കടക്കാൻ അതിനു കഴിയും. പാട്ടുകൾക്ക് പൊതുവായി ഇൗയൊരു ശേഷിയുണ്ട്. ജനങ്ങളുമായും അവരുടെ ദൈനംദിന പ്രശ്നങ്ങളുമായും സംവദിക്കുന്ന പാട്ടുകളായതിനാൽ സമര/ചെറുത്തുനിൽപ് ഗാനങ്ങൾക്ക് അക്കാര്യത്തിൽ സവിശേഷ സിദ്ധിയുണ്ടെന്നും പറയാം.
സമരസംഗീതം നമ്മുടെ ദേശീയത രൂപവത്കരണത്തിൽ സുപ്രധാന പങ്കുവഹിച്ചതായി താങ്കൾ എഴുതുന്നുണ്ട്. ജനകീയ സംഗീതത്തെ (Music of the People) നിർവചിക്കുേമ്പാൾ ദേശീയത അനിവാര്യ കാറ്റഗറിയായി മാറുന്നത് എന്തുകൊണ്ടാണ്?
സ്വാതന്ത്ര്യസമരഘട്ടത്തിലും ശേഷവും ദേശീയത ജനകീയ സംഗീതത്തെ നിർണയിച്ച ഘടകംതന്നെയായിരുന്നു. 1930കളുടെ പകുതി മുതൽ അമ്പതുകളുടെ അവസാനം വരെ സാമ്രാജ്യത്വം, ഫാഷിസം, ദേശീയത, സാമൂഹിക പരിഷ്കരണം തുടങ്ങിയ ചിന്താഗതികളെ ചുറ്റിപ്പറ്റിയുള്ള ധാരാളം സാംസ്കാരിക ആവിഷ്കാരങ്ങൾക്ക് ഇന്ത്യ സാക്ഷ്യംവഹിച്ചിട്ടുണ്ട്. ‘ഇപ്റ്റ’യുടെ പാട്ടുകളിൽനിന്നുതന്നെ അതിന് ഉദാഹരണങ്ങൾ കിട്ടും. ഇന്ത്യൻ ദേശീയതയുടെ എല്ലാ അടരുകളെയും പ്രതിനിധാനംചെയ്യുന്ന പാട്ടുകൾ ഉണ്ടായിട്ടുണ്ട്. ജിേങ്കായിസ്റ്റിക് സ്വഭാവമുള്ള, ഒരുതരം പുറന്തള്ളൽ ആശയം പേറുന്ന, ഹൈപ്പർ നാഷനലിസത്തിന്റെ വക്താക്കളിൽനിന്നും മിതവാദസ്വഭാവമുള്ള ദേശീയത വാദി പക്ഷത്തുനിന്നുമെല്ലാം പാട്ടുകൾ പിറന്നിട്ടുണ്ട്. 1940 മുതൽ 1960കൾ വരെയുള്ള ഘട്ടം ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ച് കൊളോണിയലിസത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പരിവർത്തനഘട്ടമായിരുന്നു. ‘എന്താണ് ഇന്ത്യ എന്ന ആശയം?’, ആരാണ് ഇന്ത്യക്കാർ? തുടങ്ങിയ ആശങ്കകളെ/പ്രതീക്ഷകളെ ആ കാലത്തെ പാട്ടുകൾ അഭിസംബോധന ചെയ്തിരുന്നു. മഖ്ദൂം മുഹ്യുദ്ദീന്റെ‘‘ജാനെ വാലെ സിപാഹി സെ പൂച്ഛോ’’ മികച്ച ഉദാഹരണമാണല്ലോ. ‘ആരുടെ യുദ്ധം’ എന്ന നമ്മുടെ ദേശീയത വ്യവഹാരങ്ങളിൽ സജീവമായിരുന്ന ചോദ്യത്തെയാണ് ആ പാട്ട് അഭിമുഖീകരിക്കുന്നത്.
കേരളത്തിൽ 1930കൾ മുതൽതന്നെ ജനകീയ ഗാനങ്ങൾ രൂപപ്പെടുന്നുണ്ട്. സ്വാതന്ത്ര്യബോധം, ജന്മിത്തവിരുദ്ധത, തൊഴിലാളി സംഘാടനം എന്നിവയിലെല്ലാം പാട്ടുകൾ വഹിച്ച പങ്കിനെ ചരിത്രപരമായി എങ്ങനെ നോക്കിക്കാണുന്നു.
നാടകം, പാട്ട് എന്നിവ രാഷ്ട്രീയ സംഘാടനത്തിലെ അവിഭാജ്യ ഉപാധികളായിരുന്നു കേരളത്തിൽ. കേരളത്തിന്റെ രാഷ്ട്രീയബോധത്തെ നിർണയിക്കുന്നതിൽ പാട്ടുകൾ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്താണ് ജനകീയ സംഗീതം എന്ന ചർച്ചയും കേരളത്തിൽ ഏറെ മുമ്പ് തുടങ്ങിയതാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായി കേരളത്തിൽ സമരഗാനങ്ങൾക്ക് ഒരു സവിശേഷ ഭാഷാശൈലി (Crafted Idiom) കൽപിക്കപ്പെട്ടിരുന്നു. അവക്ക് സവിശേഷ വ്യാകരണമുണ്ടായിരുന്നു. തദ്ദേശീയമായ ഇൗണങ്ങളെ നിശ്ചിതരീതിയിൽ ചിട്ടപ്പെടുത്തുന്ന രീതിയാണ് അന്ന് വ്യാപകമായിരുന്നത്. ചിലതെല്ലാം പെെട്ടന്ന് സ്വാഭാവികമായി രൂപപ്പെടുന്ന പാട്ടുകളാണ്. എന്നാൽ, കൂടുതലും ജനങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കാൻ, ചലിപ്പിക്കാൻ ഏതു തരത്തിലുള്ള ഇൗണങ്ങളാണ് വേണ്ടത് എന്നതു സംബന്ധിച്ച പര്യാലോചനകളുടെ തുടർച്ചയിൽ നിർണിതമായ രീതിയിൽ രൂപപ്പെട്ടവയാണ്. കെ.പി.എ.സിയുടെ ആദ്യകാല പാട്ടുകൾക്ക് ഇത്തരമൊരു സ്വഭാവം കാണാം. സമരഗാനം/വിപ്ലവഗാനം എന്ന ജോനറിൽ എത്രെയത്രയോ പാട്ടുകൾ വരുന്നു. പി.കെ. മേദിനി ചേച്ചി ഇത്തരത്തിലുള്ള പാട്ടുകൾ പാടിത്തന്നിട്ടുണ്ട്. ഇവയെല്ലാം ആ കാലത്തെ വിവിധങ്ങളായ സാമൂഹിക സന്ദർഭങ്ങളോട് സംവദിച്ചവയാണ്.
ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ വിശേഷിച്ചും കമ്യൂണിസ്റ്റ് പ്രസ്ഥാനം പാട്ട്, തിയറ്റർ എന്നിവയെ മുഖ്യ ആശയപ്രചാരണ ആയുധമാക്കിയിരുന്നല്ലോ. െഎ.പി.ടി.എ മുതൽ കേരളത്തിലെ കെ.പി.എ.സി വരെ അതിന്റെ സാക്ഷ്യങ്ങളാണ്. പക്ഷേ, കമ്യൂണിസ്റ്റ് പാർട്ടി, പാർട്ടി ചരിത്രരചന ഇൗ പാരമ്പര്യത്തെ വേണ്ടവിധം ഗൗനിച്ചിട്ടുണ്ടോ? രേഖപ്പെടുത്തിയിട്ടുണ്ടോ?
ഇല്ല എന്ന് പറയേണ്ടിവരും. സംസ്കാരമാണ് രാഷ്ട്രീയം എന്നൊരു ചിന്താഗതി ഒരു കാലത്ത് പ്രബലമായിരുന്നെങ്കിൽകൂടി, എവിടെവെച്ചോ അത് നഷ്ടപ്പെട്ടുപോയി. സാംസ്കാരിക ആവിഷ്കാരങ്ങളെ വിനോദപരിപാടികൾ എന്ന നിലക്ക് ചുരുക്കിക്കാണുന്ന സ്ഥിതി വന്നു. നന്നായി അവതരിപ്പിച്ചു, അസ്സലായി പാടി തുടങ്ങിയ കേവല വർത്തമാനങ്ങൾക്കപ്പുറം, സാംസ്കാരിക ആവിഷ്കാരങ്ങളെ ഒരു രാഷ്ട്രീയമായി കാണാനോ വികസിപ്പിക്കാനോ സാംസ്കാരിക കൂട്ടായ്മകളെ സ്വതന്ത്ര അസ്തിത്വമുള്ള ഒന്നായി കാണാനോ കഴിഞ്ഞില്ല.
ഇവിടെ മാത്രമുള്ള സ്ഥിതിയല്ല ഇത്. ലോകത്തെമ്പാടും ഇങ്ങനെയൊക്കെയാണ്. കെ.പി.എ.സിയെക്കുറിച്ചുതന്നെ ഗൗരവപ്പെട്ട അക്കാദമിക പഠനങ്ങൾ കുറവാണ്. ഉള്ളതുതന്നെ വിമർശനാത്മക പഠനങ്ങളായി വികസിച്ചിട്ടില്ല. നാടകങ്ങളെക്കുറിച്ച് അത്യാവശ്യം പഠനങ്ങൾ നടന്നിട്ടുണ്ട്. സന്തോഷകരമായ കാര്യം, പുതുതലമുറയിലെ ധാരാളം പേർ ഇത്തരം പാട്ടുകൾ പഠിക്കാനും കണ്ടെത്താനും രേഖപ്പെടുത്താനും മുന്നോട്ടുവരുന്നുണ്ട് എന്നതാണ്. ധാരാളം പേർ ഇൗ വിഷയവുമായി എന്നെ ബന്ധപ്പെടാറുണ്ട്.
സംസ്കൃതവത്കരിക്കപ്പെട്ടതോ തമിഴ് ചായ്വുള്ളതോ ആയ ഭാഷാശൈലിയിൽനിന്നു മാറി, സാധാരണ മലയാളിക്ക് പ്രാപ്യമായ ഭാഷയിലേക്ക് (Language of People) പാട്ടുകൾ രൂപാന്തരപ്പെടുത്തിയതുപോലെ, സംഗീതരംഗത്തെ വരേണ്യതയെ ചെറുക്കാൻ ഇത്തരം ജനകീയ സംഗീതരൂപങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?
ഞാൻ പറഞ്ഞുവല്ലോ, ജനകീയ സംഗീതം എങ്ങനെയാവണം എന്നതു സംബന്ധിച്ച ബോധപൂർവമായ ആലോചനകൾ കേരളത്തിൽ നടന്നിരുന്നു. അവയെല്ലാം രേഖപ്പെടുത്തപ്പെട്ട ആലോചനകളാകണമെന്നില്ല. 20ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ പാട്ടുകളെ അപഗ്രഥിച്ചാൽതന്നെ ഇൗ സംവാദപ്രക്രിയ നമുക്ക് മനസ്സിലാകും. സംഗീതത്തിന്റെ വാണിജ്യവത്കരണം, വരേണ്യവും ബ്രാഹ്മണിക്കലുമായ സ്വഭാവം എന്നിവക്കെതിരായ കലഹങ്ങളായിതന്നെയാണ് ജനകീയ സംഗീതം വികസിച്ചുവന്നിട്ടുള്ളത്. ഒ.എൻ.വി സാറിനോട് ഇക്കാര്യം സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ആ കാലത്തെ പാട്ടുരംഗത്തുള്ളവർക്കിടയിലെ പ്രധാന ചർച്ചാവിഷയംതന്നെ ഇതായിരുന്നു എന്നതാണ്. ‘എന്താണ് ജനങ്ങളുടെ സംഗീതം’ എന്നതിൽ ഉൗന്നിയുള്ള വിശാല മാനങ്ങളുള്ള ചർച്ചയാണത്. ക്ലാസിക്കൽ സംഗീതത്തെതന്നെ എങ്ങനെ ജനാധിപത്യവത്കരിക്കാം, അവ സ്വയമേതന്നെ വരേണ്യമാണോ അതോ അവതരിപ്പിക്കുന്നവരിലാണോ വരേണ്യത കുടിെകാള്ളുന്നത് എന്നിത്യാദി കാര്യങ്ങളെല്ലാം ചർച്ചക്കു വന്നിട്ടുണ്ട്. രവിശങ്കർ ചുരുങ്ങിയ കാലം ബോംബെയിൽ ‘ഇപ്റ്റ’യുടെ ഭാഗമായിരുന്നു. ഏതു സംഗീതരൂപത്തിനും അതിന്റേതായ കാഠിന്യമുണ്ടെന്ന സുവ്യക്ത കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ക്ലാസിക്കൽ സംഗീതം പാടാനും ആസ്വദിക്കാനും വളരെ പ്രയാസം, മറ്റു സംഗീതശാഖകൾ വളരെ എളുപ്പം എന്ന ധാരണ ശരിയല്ല. ഒരു മൂവ്മെന്റിന്റെ ഭാഗമാകാൻ ക്ലാസിക്കൽ സംഗീതജ്ഞർ താൽപര്യപ്പെട്ടാൽ അവിടെ സമരത്തിൽ പെങ്കടുക്കുന്നത് ക്ലാസിക്കൽ മ്യൂസിക്കാണ്. അതുകൊണ്ടുതന്നെ, ഒരു സംഗീതവും സ്വയമേ വരേണ്യമല്ല എന്നതാണ് അദ്ദേഹത്തിന്റെ വാദം.
കൊളോണിയലിസം പശ്ചാത്യേതര സംഗീതത്തെ വെറും ‘ഒച്ച’ ആയാണ് കണ്ടതെന്ന് ഒരു സംഭാഷണത്തിൽ താങ്കൾ പറയുന്നുണ്ട്. ചരിത്രം, ശാസ്ത്രം തുടങ്ങിയ വിജ്ഞാനീയങ്ങളിലെന്നപോലെ സംഗീതത്തിലും കൊളോണിയലിസം പ്രവർത്തിക്കുന്നുണ്ടോ?
കൊളോണിയലിസത്തെ പരിഷ്കരണ പദ്ധതിയായാണല്ലോ (Civilizational Project) പാശ്ചാത്യർ അവതരിപ്പിച്ചത്. രാഷ്ട്രീയ അധികാരം മാത്രമല്ല അതിന്റെ ലക്ഷ്യം. ഭരണം, ക്രൈസ്തവത, യുക്തി, ശാസ്ത്രീയ ചോദന തുടങ്ങിയ മാർഗങ്ങളിലൂടെ കോളനീകൃത ജനതയെ തങ്ങൾ പരിഷ്കരിച്ചെടുക്കുന്നു എന്നാണ് വാദം. ഇൗ വാദം നിലനിൽക്കണമെങ്കിൽ തദ്ദേശീയമായി നിലനിൽക്കുന്നതിനെയെല്ലാം അശാസ്ത്രീയവും അയുക്തികവുമാക്കിയേ മതിയാകൂ. ഇൗ മേൽക്കോയ്മ ബോധം ഉള്ളിൽ പേറുന്നതുകൊണ്ട്, ഇന്ത്യൻ സംഗീതത്തെ യഥാർഥത്തിൽ പഠിക്കാൻ ശ്രമിച്ച പശ്ചാത്യ സംഗീത പണ്ഡിതർക്കുപോലും അതിന് കഴിഞ്ഞില്ല. സത്യത്തിൽ തങ്ങളുടെ ഇൗ കഴിവില്ലായ്മയെ അധികാരഘടനയാക്കി പരിവർത്തിപ്പിക്കുകയായിരുന്നു അവർ. അവരുടെ കേൾവിയിൽപെടാത്ത ശബ്ദങ്ങളെ വെറും ഒച്ചകളാക്കി ചുരുക്കി. വംശീയസംഗീതം (Ethnomusicology) എന്ന ശാഖ രൂപംകൊള്ളുന്നതുതന്നെയും ഇൗ കൊളോണിയൽ മേൽക്കോയ്മബോധത്തെ ചെറുക്കാനാണ്. തദ്ദേശീയ ജനതയുടെ പാട്ടും സംഗീതവുമാണത് എന്നതാണ് അതിലൂടെ സമർഥിക്കപ്പെട്ടത്. ഇന്ത്യൻ സംഗീതമോ ഇൗജിപ്ഷ്യൻ സംഗീതമോ അറേബ്യൻ സംഗീതമോ സംഗീതമല്ല എന്ന വാദമൊന്നും അവർക്കിന്നില്ല. പക്ഷേ, അവ ‘എത്നോ’യായും പശ്ചാത്യസംഗീതത്തെ ‘യഥാർഥ’ സംഗീതമായും അവതരിപ്പിക്കുന്നു. കൊളോണിയൽ വിഭജനം (Colonial Divide) ഇന്നും സംഗീതത്തിൽ പ്രവർത്തിക്കുന്നുവെന്ന് ചുരുക്കം. ജ്ഞാനോദയത്തെ തുടർന്ന് 18ാം നൂറ്റാണ്ട് തൊട്ട് പശ്ചാത്യസംഗീതത്തിൽ വന്ന പരിവർത്തനത്തിന്റെ ഭാഗമായാണ് ശാസ്ത്രീയതയും യുക്തിഭദ്രതയും സംഗീതത്തിന്റെ മാനദണ്ഡമായി വികസിക്കുന്നതും ഏതു പാട്ടും നോട്ടായി എഴുതാൻ കഴിയണം എന്നതടക്കമുള്ള വാദങ്ങൾ പ്രബലമാകുന്നതും. നോട്ടുകളെ നിർവചിച്ചതുതന്നെ ഇത്തരം ശാസ്ത്രീയതാവാദങ്ങളായിരുന്നു. പിയാനോ എന്ന സംഗീത ഉപകരണം അതിന്റെ ചുവടുപിടിച്ചാണ് ഉണ്ടാകുന്നത്. അവർ നിശ്ചയിച്ച സ്കെയിലിൽപെടാത്തതെല്ലാം അതോടെ അയുക്തികവും അശാസ്ത്രീയവുമായി. ഇതിനിടയിൽ വരുന്ന സെമി ടോൺസ്, ക്വാർട്ടർ ടോൺ, മൈക്രോ ടോൺസ് എല്ലാം പുറത്തുനിർത്തപ്പെട്ടു. നമ്മുടെ സംഗീതത്തിൽ വളരെ സ്വാഭാവികമായി വരുന്നതാണ് മൈക്രോ ടോൺ. പാശ്ചാത്യസംഗീതത്തിന്റെ ‘ശാസ്ത്രീയത’ക്കു പുറത്താണ് അവ.
ഇൗ കൊളോണിയൽ മേൽക്കോയ്മബോധത്തോടുള്ള ചെറുത്തുനിൽപിന്റെ ഭാഗമായി നമ്മുടെ സംഗീതവും ‘ശാസ്ത്രീയവും’ ‘ശുദ്ധ’വുമാണ്; മാത്രമല്ല, അതിനൊരു ആത്മീയ പ്രതലംകൂടിയുണ്ട് എന്നെല്ലാം സമർഥിക്കാനാണ് ഇന്ത്യൻ സംഗീതജ്ഞർ ശ്രമിച്ചത്. ആഭ്യന്തരമായി മറ്റൊരുതരം ശ്രേണീബദ്ധത രൂപപ്പെടുന്നതിലേക്കാണ് അത് നയിച്ചത്.
ആഫ്രിക്കൻ സംഗീതജ്ഞർക്കൊപ്പമാണല്ലോ താങ്കളുടെ സമീപകാല അവതരണങ്ങൾ. സംഗീതത്തിലെ കൊേളാണിയൽ മേൽക്കോയ്മയെ ആഫ്രിക്കൻ സംഗീതം എങ്ങനെയാണ് പ്രതിരോധിച്ചുപോന്നത്?
ജാസ് പോലുള്ള സംഗീതരൂപങ്ങൾ ആഫ്രിക്കൻ വംശജരായ അമേരിക്കക്കാരിൽനിന്നാണ് രൂപപ്പെടുന്നത്. ബ്ലൂസ് (Blues) മറ്റൊരു ഉദാഹരണം. അവയെല്ലാം സ്വയമേതന്നെ പ്രതിരോധശ്രമങ്ങളാണ്. പാശ്ചാത്യർക്ക് തീർത്തും അപരിചിതമായ നോട്ടുകളാണ് അവർ ഉപയോഗിച്ചത്. പാശ്ചാത്യ സംഗീതത്തിലെ അധികാരശ്രേണി ഇപ്പോഴും ജാസിനെ അശുദ്ധസംഗീതമായാണ് കണക്കാക്കുന്നത്. അമേരിക്കയിലെ പ്രമുഖ യൂനിവേഴ്സിറ്റികളിലെ സംഗീത വകുപ്പുകൾ ഒന്നും ഇപ്പോഴും ജാസ് പഠിപ്പിക്കുന്നില്ല.
‘ഇൻസറക്ഷൻസ് എൻസെംബിൾ’ എന്ന ആശയം എന്താണ്? എന്താണ് അത് ഉൽപാദിപ്പിക്കാൻ ശ്രമിക്കുന്നത്?
ആഫ്രോ-ഏഷ്യൻ സംഗീതങ്ങളുടെ സമാഗമം എന്ന നിലക്കാണ് ‘ഇൻസറക്ഷൻസ് എൻസെംബിൾ’ എന്ന ഞങ്ങളുടെ സംഗീത കൂട്ടായ്മ പ്രവർത്തിക്കുന്നത്. 2011 ലാണ് പ്രമുഖ ദക്ഷിണാഫ്രിക്കൻ സോഷ്യോളജിസ്റ്റായ അരി സിറ്റാസും ഞാനും ചേർന്ന് ഇൗ കൂട്ടായ്മക്ക് തുടക്കമിടുന്നത്. അരി സിറ്റാസ് ലോകമറിയുന്ന അക്കാദമീഷ്യനും നാടകപ്രവർത്തകനും ആക്ടിവിസ്റ്റുമാണ്. അപാർതൈറ്റ് വിരുദ്ധ പോരാട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഗീതജ്ഞരും സാമൂഹികശാസ്ത്ര പണ്ഡിതരും ഇൗ കൂട്ടായ്മയോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലെ വിവിധ സംഗീതശാഖകൾ തമ്മിൽ ശബ്ദത്തിലും സ്വരമാനങ്ങളിലുമുള്ള (Tonality) ചേരലുകളെ കണ്ടെത്താനായിരുന്നു ഞങ്ങളുടെ ആദ്യകാല ശ്രമങ്ങൾ. വളരെ എളുപ്പമായിരുന്നു ആ പ്രക്രിയ. എന്നുമാത്രമല്ല, പുതുതായി ഒന്ന് അതിൽനിന്ന് രൂപപ്പെടുകയും ചെയ്തു. ഇത്രയും പ്രവിശാലമായ ഭൂമിശാസ്ത്ര പ്രതലങ്ങൾക്കിടയിൽ പങ്കുവെക്കപ്പെടുന്ന സ്വരമാനമായി അത് വികസിക്കുകയായിരുന്നു. എങ്ങനെ അവ രൂപപ്പെടുന്നു എന്ന് പറയാനും എഴുതാനും പ്രയാസമാണ്. പക്ഷേ, ഇൗ അവതരണം കാണുന്ന ഒരാൾക്ക് ഇൗ പങ്കുവെക്കലിന്റെ രസതന്ത്രം എളുപ്പം മനസ്സിലാക്കാൻ കഴിയും. ഞങ്ങൾ ജീനിയസ് ആയതുകൊണ്ടല്ല; ഇൗ പ്രദേശങ്ങളിലെ സംഗീതത്തിന്റെ സഹജ സ്വഭാവമാണത്. ഇന്ത്യൻ മഹാസമുദ്രതീരങ്ങൾ തമ്മിലുള്ള ചരിത്രപരമായ കണ്ണിചേരൽ ഒരുപക്ഷേ, അതിൽ പ്രതിഫലിക്കുന്നുണ്ടാകാം. ദക്ഷിണാഫ്രിക്ക, താൻസനിയ, ഇത്യോപ്യ തുടങ്ങി വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള സംഗീതജ്ഞർ ഇൗ സംഘത്തിലുണ്ട്. ഇന്ത്യയുമായും മലബാറുമായുമൊക്കെ നൂറ്റാണ്ടുകളുടെ വ്യാപാരബന്ധമുള്ള നാടുകളാണ് അതെല്ലാം. സാൻസിബാറിൽനിന്നുള്ള സിതി അമിനി, ഇത്യോപ്യയിൽനിന്നുള്ള സലിമവിറ്റ് അരാഗ്വ അടക്കം അന്നാടുകളിലെ മുൻനിര സംഗീതജ്ഞരാണ് സംഘത്തിലുള്ളത്. 2011 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞങ്ങൾ പരിപാടികൾ അവതരിപ്പിച്ചുവരുന്നു.
പതിറ്റാണ്ടുകളായി താങ്കൾ പാട്ടിലൂടെ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കുന്നു. പുതിയ ഇന്ത്യയിൽ പാടാനും പറയാനുമുള്ള ഇൗ സ്വാതന്ത്ര്യം എത്ര കാലംകൂടി നമുക്ക് അനുഭവിക്കാനാകും? ബി.ബി.സി ഡോക്യുമെന്ററിയുടെ അനുഭവമൊക്കെ മുന്നിലുള്ളപ്പോൾ?
കുറച്ചുകാലമായി ഡൽഹിയിൽ പാടാൻ സ്വാതന്ത്ര്യമില്ല സത്യത്തിൽ. കലാകാരന്മാർക്ക് ഭയമാണ്. അത്രയും ബുദ്ധിമുട്ട് ഏറ്റെടുത്തുകൊണ്ടാണ് ഒാരോ പരിപാടിയും നടക്കുന്നതുതന്നെ. 2019നുശേഷം എന്നെപ്പോലുള്ളവർക്ക് വേദികളേ കിട്ടാതായി ഡൽഹിയിൽ. 2016ൽ ജെ.എൻ.യു സമരത്തെ തുടർന്ന് ഒരുപാട് വേദികൾ എനിക്കുണ്ടായിരുന്നു. കോളജുകളിൽനിന്നും യൂനിവേഴ്സിറ്റി കാമ്പസുകളിൽനിന്നുമെല്ലാം ക്ഷണം ലഭിച്ചിരുന്നു. പക്ഷേ, സ്ഥാപന അധികാരികൾക്ക് വലിയ പേടിയാണ്. പക്ഷേ, എന്റെ പ്രൊഫൈൽ നോക്കുേമ്പാൾ ഒരു അക്കാദമീഷ്യൻ ആയതിനാൽ അവർക്ക് ഒഴിവാക്കാനും മനസ്സുവരില്ല. ചില സ്ഥലങ്ങളിൽനിന്ന് ‘‘ആൻറി നാഷനൽ ആണോ’’ എന്ന ചോദ്യം എത്രയോ തവണ കേട്ടിട്ടുണ്ട്. എന്റെ പേര് കേട്ടാൽ ആദ്യം ഉയരുന്ന ചോദ്യം അതാകും. ഒന്നുരണ്ട് സ്ഥലത്ത് പോയപ്പോൾ, എന്നെ ക്ഷണിച്ച സഹപ്രവർത്തകർ അവരുടെ സ്ഥാപന അധികാരികളെ വിളിച്ച് എന്റെ പരിപാടി കേൾപ്പിച്ചു. ശേഷം ‘‘കേട്ടല്ലോ, ഇത് ദേശവിരുദ്ധം ആണോ’’ എന്ന് അവരോട് ചോദിച്ച സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്.
ഫൈസ് അഹ്മദ് ഫൈസിന്റെ ‘ഹം ദേഖേംേഗ’ എന്ന പാട്ടിനെതിരെ സി.എ.എ^എൻ.ആർ.സി വിരുദ്ധ സമരത്തിന്റെ കാലത്ത് െഎ.െഎ.ടി കാൺപുരിലെ ഒരു അസിസ്റ്റൻറ് പ്രഫസർ പരാതി നൽകുകയുണ്ടായി. ഇൗ പാട്ടിലെ ചില വരികൾ ‘ഹിന്ദു വിരുദ്ധം’ ആണെന്നും ആയതിനാൽ നിരോധിക്കണം എന്നുമായിരുന്നു ആവശ്യം. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഡൽഹി ജാമിഅ മില്ലിയ്യ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും വിദ്യാർഥികളോട് െഎക്യദാർഢ്യപ്പെട്ടും െഎ.െഎ.ടി കാൺപുരിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ഇൗ പാട്ട് ആലപിച്ചതിനെ തുടർന്നാണ് പരാതി രജിസ്റ്റർ ചെയ്തത്. യഥാർഥത്തിൽ പാകിസ്താനിലെ സിയാഉൽ ഹഖിന്റെ ഏകാധിപത്യ ഭരണത്തിനെതിരായ പ്രതിഷേധമായിട്ടാണ് 1979ൽ ഫൈസ് അഹ്മദ് ഫൈസ് ഇൗ കവിത രചിക്കുന്നത്. ലോകത്തുള്ള സകല ഏകാധിപതികൾക്കും ഇൗ പാട്ട് താക്കീത് നൽകുന്നുണ്ട്. പാകിസ്താനിൽ ഇൗ പാട്ടിനെതിരെ ഉയർന്ന വിമർശനം ‘മുസ്ലിം വിരുദ്ധം’ എന്നതായിരുന്നു. ഇന്ത്യയിേലക്കു വരുേമ്പാൾ അത് ‘ഹിന്ദു വിരുദ്ധം’ എന്നായി മാറുന്നു എന്ന വിചിത്രതയുമുണ്ട്. സി.എ.എ^എൻ.ആർ.സി വിരുദ്ധ സമരകാലത്ത് ഇൗ പാട്ട് നിരോധിക്കാൻവരെ നീക്കമുണ്ടായി. പക്ഷേ, ഭരണകൂടത്തിന് അതിന് സാധിച്ചില്ല. അപ്പോഴേക്കും മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ആ പാട്ട് വിവർത്തനം ചെയ്ത് ആലപിക്കപ്പെടുകയും സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. കർഷകസമരത്തിന്റെ ഭാഗമായി പിറന്ന പാട്ടുകൾക്ക് കൈയും കണക്കുമില്ല. ലോകത്ത് ഒരു സമരത്തിന്റെ പശ്ചാത്തലത്തിലും ഇത്രയധികം പാട്ടുകൾ പിറന്നുകാണില്ല. ഏഴു ദിവസത്തിനുള്ളിൽ 2000 പാട്ടുകളാണ് യൂട്യൂബിൽ വന്നത്. അതിൽ മഹാഭൂരിഭാഗവും പ്രഫഷനലായി സംവിധാനിച്ചവയായിരുന്നു. വളരെ പ്രശസ്തരായ, കമേഴ്സൽ മ്യൂസിക്കിന്റെ ഭാഗത്തുള്ളവരാണ് കൂടുതൽ സൃഷ്ടികളും പുറത്തിറക്കിയത്. കാഴ്ചക്കാരുടെ എണ്ണം ആറു മില്യണിലേക്കും എട്ടു മില്യണിലേക്കുംവരെയെത്തി. കൂട്ടത്തിൽ ഒരു പാട്ടിന് ഭരണകൂടം വിലക്കേർപ്പെടുത്തിയപ്പോൾ, കാനഡയിൽനിന്ന് അത് വീണ്ടും പോസ്റ്റ് ചെയ്യുകയും ഒരൊറ്റ ദിവസംകൊണ്ട് എട്ട് മില്യൺ കാഴ്ചക്കാരെ നേടിയെടുക്കുകയും ചെയ്തു. കോവിഡ് സമയത്ത് പ്രതിരോധ സംഗീതത്തിന്റെ തള്ളിച്ചതന്നെ സമൂഹമാധ്യമങ്ങളിൽ ഉണ്ടായി. ഇൗ ധാരാളിത്തത്തെ നേരിടാൻ ഭരണകൂടത്തിന് പ്രയാസമായിരിക്കുമല്ലോ. അതാണ് അധികാരികളെ ഭയപ്പെടുത്തുന്നത്. അതുതന്നെയാണ് നമുക്കു മുന്നിലുള്ള പ്രതിരോധമാർഗവും. നിരോധനംകൊണ്ട് തോൽപിക്കാൻ കഴിയുന്നതല്ല സാംസ്കാരിക ആവിഷ്കാരങ്ങൾ. പക്ഷേ, ഇതും മറികടക്കാൻ അവർ ശ്രമിക്കും. ബി.ബി.സി ഡോക്യുമെന്ററിയുടെ അനുഭവം അതാണ് തെളിയിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ വിദ്വേഷഗാനങ്ങളെക്കുറിച്ച ഒരു ഡോക്യുമെന്ററി പുറത്തുവന്നത്. നമ്മൾ/അവർ, അവരെ ആക്രമിക്കുക, അവരെ പുറത്താക്കുക എന്ന മട്ടിലാണ് പാട്ടുകളിലെ ആഖ്യാനങ്ങൾ. പാട്ട് മനുഷ്യരെ വിഭജിക്കാനുള്ള ടൂൾ ആയും ഉപയോഗപ്പെടുത്തുന്നില്ലേ?
തീർച്ചയായും. ഹിറ്റ്ലറിന് കേമ്പാസർമാരുണ്ടായിരുന്നല്ലോ. ഫാഷിസത്തിന് പാട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിലും ധാരാളമുണ്ട്. പ്രസൂൺ ജോഷിയെപ്പോലുള്ള ആളുകളൊക്കെ അവരുടെ കൂടെയുണ്ട്. ആശ്വാസകരമായ കാര്യം, കൊള്ളാവുന്ന പാട്ടുകളൊന്നും അവർക്ക് സൃഷ്ടിക്കാൻ കഴിയുന്നില്ല എന്നതാണ്.
പ്രതിപക്ഷം, എതിർസ്വരങ്ങൾ, വിമത ശബ്ദങ്ങൾ, പ്രതിഷേധങ്ങൾ എന്നിവയെല്ലാം നേർത്തുനേർത്തുവരുന്ന രാഷ്ട്രീയ സാഹചര്യത്തിലാണല്ലോ നാമുള്ളത്. നാമുൾെപ്പടുന്ന ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ഭാവി എന്തായിരിക്കും? ജനാധിപത്യത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാമോ?
നിരാശക്ക് വകുപ്പില്ല എന്നുതന്നെ പറയാം. ഇടക്കാലത്ത് പ്രതിരോധശ്രമങ്ങൾ നേർത്തുപോയിരുന്നു. സാംസ്കാരിക മുന്നേറ്റങ്ങൾ വളരെ യാന്ത്രികമായി മാറിയ കാലമായിരുന്നു അത്. കേരളത്തിൽപോലും വിപ്ലവഗാനങ്ങളൊക്കെയായി വളരെ കംഫർട്ടബിളായ സമരപരിപാടികളിൽ ഒതുങ്ങിയ ഘട്ടമായിരുന്നു അത്. ആ സ്ഥിതി മാറി. നിലനിൽക്കുന്ന, നമ്മൾ അഭിമുഖീകരിക്കേണ്ടുന്ന സാഹചര്യത്തിന്റെ ഗൗരവം ജനങ്ങൾക്ക് മനസ്സിലായിത്തുടങ്ങി. എൻ.ആർ.സി^സി.എ.എ വിരുദ്ധ സമരവും കർഷക സമരവും ഫാഷിസത്തിനെതിരായ പ്രതിരോധത്തിന്റെ രൂപംതന്നെ മാറ്റിക്കളഞ്ഞു. എൻ.ആർ.സി^സി.എ.എ വിരുദ്ധ സമരം രാജ്യവ്യാപകമായി, വളരെ നൈസർഗികമായി രൂപപ്പെട്ട അസാധാരണ മുന്നേറ്റമായി വികസിച്ചുവരുകയായിരുന്നു. ദൗർഭാഗ്യവശാൽ കോവിഡ് വന്നതോടെ അത് നിലച്ചു. സമാനരീതിയിലുള്ള വലിയ മുന്നേറ്റങ്ങളാണ് ഉയർന്നുവരേണ്ടത്. അതിനുള്ള സാധ്യതകൾ ഇന്ത്യയിൽ ഇപ്പോഴും ഉണ്ടെന്ന ശുഭാപ്തിയാണ് എനിക്കുള്ളത്.
♦