മമ്മൂട്ടിയെ ആദ്യമായി കാമറയിൽ പകർത്തിയയാൾ, 70 കളിലെ തിരക്കുള്ള ഛായാഗ്രാഹകൻ; -ടി.എന്‍. കൃഷ്ണന്‍കുട്ടി സംസാരിക്കുന്നു
മലയാള സിനിമയിലെ ആദ്യകാല ഛായാഗ്രാഹകരില്‍ ഒരാളാണ് ടി.എന്‍. കൃഷ്ണന്‍കുട്ടി. ഉദയാ സ്റ്റുഡിയോയുടെ ആരംഭകാലത്ത് സിനിമാരംഗത്ത് എത്തിയ കൃഷ്ണന്‍കുട്ടി വെള്ളിനക്ഷത്രം എന്ന സിനിമയില്‍ കാമറാസഹായിയായി തുടങ്ങി എഴുപതുകളിലെ തിരക്കുള്ള കാമറാമാനായി. കുഞ്ചാക്കോ സംവിധാനം ചെയ്ത 13 ചിത്രങ്ങള്‍ക്കും ഹരിഹരെൻറ ആദ്യ സിനിമയായ ലേഡീസ് ഹോസ്റ്റല്‍ മുതല്‍ 16 ചിത്രങ്ങള്‍ക്കും കാമറ ചലിപ്പിച്ചു. ശശികുമാര്‍, എ.ബി. രാജ് (7 ചിത്രങ്ങള്‍), തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എം. കൃഷ്ണന് നായര്‍, വേണു തുടങ്ങി പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു. മിക്ക സിനിമകളിലും നായകന് പ്രേംനസീര്‍ ആയിരുന്നു. പി.ജെ. ആൻറണി സംവിധാനം ചെയ്ത പെരിയാര്‍, നടന് മധു സംവിധാനം നിര്‍വഹിച്ച ആരാധന, മൊയ്തു പടിയത്തിെൻറ അല്ലാഹു അക്ബര്‍, ശ്രീകുമാരന്‍ തമ്പിയുടെ തിരുവോണം, 1985ല്‍ ജോര്‍ജ് വെട്ടം സംവിധാനം ചെയ്ത മടക്കയാത്ര ഉൾപ്പെടെ എഴുപത് ചിത്രങ്ങളില്‍ ഛായാഗ്രഹണം നിര്‍വഹിച്ച കൃഷ്ണന്‍കുട്ടിക്ക് ഇപ്പോള്‍ 92 വയസ്സ്. മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി കാമറയില്‍ പകര്‍ത്തിയതും കൃഷ്ണന്‍കുട്ടിയാണ്. (1972ല്‍ കാലചക്രം എന്ന ചിത്രത്തിൽ കടത്തുകാരനായി അഭിനയിച്ചത് മമ്മൂട്ടിയാണ്. മമ്മൂട്ടിക്ക് സംഭാഷണമുള്ള ആദ്യ സിനിമയാണ് കാലചക്രം). ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ ഓര്‍മകളുമായി ആലപ്പുഴയിലെ വീട്ടില്‍ കഴിയുന്ന കൃഷ്ണന്‍കുട്ടി സംസാരിക്കുന്നു. നടന് സത്യന് അന്തരിച്ച് അമ്പത് വര്‍ഷം തികയുന്ന വേളയില്‍ സത്യനെ കുറിച്ചുള്ള ഓര്‍മകളും പങ്കുവെക്കുന്നു.
മലയാളത്തിലെ ആദ്യത്തെ ചിത്രനിര്‍മാണ ശാലയായ ഉദയാ സ്റ്റുഡിയോയിലൂടെയാണ് താങ്കള്‍ സിനിമാപ്രവര്ത്തകനാകുന്നത്. ആ കാലത്തെ കുറിച്ച് പറയാമോ?
1948- 49 കാലത്താണ് ഉദയാസ്റ്റുഡിയോ തുടങ്ങുന്നത്. ആദ്യത്തെ പടം വെള്ളിനക്ഷത്രം. മലയാളത്തില്‍ നിര്‍മിച്ച അഞ്ചാമത്തെയും കേരളത്തില്‍ നിര്‍മിച്ച ഒന്നാമത്തെയും ചിത്രമാണ് വെള്ളിനക്ഷത്രം. അന്നു മുതല്‍ ഞാന്‍ ഉദയായോടൊപ്പമുണ്ടായിരുന്നു. 1947ല്‍ ആലപ്പുഴക്ക് അടുത്തുള്ള പാതിരാപ്പള്ളി എന്ന സ്ഥലത്താണ് കുഞ്ചാക്കോ മുതലാളി സ്റ്റുഡിയോ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ആ സമയത്ത് തന്നെ ഞാന്‍ സ്റ്റുഡിയോയുടെ ഭാഗമായി. സ്റ്റുഡിയോ തുടങ്ങാനാവശ്യമായ ഉപകരണങ്ങള്‍ ബോംബെയില്‍നിന്നാണ് വരുത്തിയത്. പാക്ക്ചെയ്തു വന്ന ഓരോ ഉപകരണവും തുറന്നു നോക്കിയത് ഇപ്പോഴും ഓര്‍ക്കുന്നു.
ഉദയായില്‍ എത്തിയത് എങ്ങനെയാണ്?
എെൻറ അച്ഛന് കല്ലേലില്‍ നാരായണപിള്ള പൊലീസില്‍ ഹെഡ്കോൺസ്റ്റബിളായിരുന്നു. എസ്.ഡി.വി സ്കൂളിലായിരുന്നു എെൻറ പഠനം. സിക്സ്ത് ഫോമില്‍ തോറ്റു. തുടര്‍ന്ന് പഠിക്കാന്‍ തുടങ്ങുമ്പോഴാണ് ഉദയാ സ്റ്റുഡിയോ തുടങ്ങുന്ന വിവരം അറിഞ്ഞത്. കുഞ്ചാക്കോ മുതലാളി അക്കാലത്ത് കയര്‍ ഫാക്ടറി നടത്തുകയാണ്. കള്ളുകച്ചവടവും ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ മുഴുവന്‍ കോണ്ട്രാക്ടും അദ്ദേഹത്തിനായിരുന്നു. അങ്ങനെ അച്ഛനുമായി നല്ല പരിചയമാണ്. ഞാനച്ഛനോട് പറഞ്ഞു, എന്നെ അവിടെ കൊണ്ടാക്കണമെന്ന്. അച്ഛന് എന്നെ കുഞ്ചാക്കോയുടെ അടുക്കലേക്ക് കൊണ്ടുപോയി. എന്തിനാണ് വന്നതെന്ന് മുതലാളി ചോദിച്ചപ്പോള്‍, ഞാന്‍ പറഞ്ഞു, ഫോട്ടോഗ്രഫി പഠിക്കാനാണെന്ന്. ആയിക്കോട്ടെ. പക്ഷേ, അതൊക്കെ വരുന്നേയുള്ളൂ. ഏതായാലും ദിവസവും രാവിലെ ഇവിടെ വാ. രണ്ടുമൂന്ന് മൈല്‍ ദൂരെയാണ് എെൻറ വീട്.
ഒരു വണ്ടി ഇവന് വാങ്ങിക്കൊടുക്ക്. ദിവസവും ഇവിടെ വരട്ടെ. കുഞ്ചാക്കോ മുതലാളി അച്ഛനോട് പറഞ്ഞു. അച്ഛന് ഒരു സൈക്കിള്‍ വാങ്ങിതന്നു. ദിവസവും രാവിലെ ഞാന്‍ സൈക്കിളില്‍ പോകും. സ്റ്റുഡിയോ തുടങ്ങുന്നതിനുള്ള എക്യുപ്മെൻറ്സ് വരുന്നത് പെട്ടിയില്‍ നിന്ന് എടുത്തുനോക്കും. എന്നെപ്പോലെ മൂന്ന് പേര് വേറെയും ഉണ്ടായിരുന്നു അപ്രൻറീസുമാരായിട്ട്. കെ.കെ. പിഷാരടി, ഉണ്ണികൃഷ്ണന്, എസ്.പി. പിള്ളയുടെ അളിയന് അപ്പുക്കുട്ടന്. സൗണ്ടിലും ലബോറട്ടറിയിലുമാണ് അവര്‍ വര്‍ക്ക് ചെയ്തിരുന്നത്. സ്റ്റുഡിയോക്ക് അകത്തുകയറിയാല്‍ പിന്നെ ഒരുകാര്യത്തിനും പുറത്തേക്ക് പോരേണ്ടതില്ല. എല്ലാം സൗകര്യങ്ങളും അതിനകത്തുണ്ടായിരുന്നു. കാൻറീന്, നായകനടന്മാര്ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്സ്, പുറത്തുനിന്നുള്ള ജോലിക്കാര്‍ക്ക് റൂമുകള്‍, പ്രിെൻറടുക്കാനുള്ള ലബോറട്ടറി എല്ലാം ഒരുക്കിയിരുന്നു. പ്രേംനസീര്‍ ക്വാര്‍ട്ടേഴ്സ്, സത്യന് ക്വാര്‍ട്ടേഴ്സ് എന്നൊക്കെ അക്കാലത്ത് പേരുമിട്ടിരുന്നു. മലയാളത്തിലെ ആദ്യകാല നായകനും പിന്നീട് സ്വഭാവ നടനുമായിരുന്ന തിക്കുറിശ്ശി, നിത്യഹരിത നായകനായ പ്രേംനസീര്‍, ഹാസ്യതാരമായ എസ്.പി. പിള്ള, നായിക കുമാരി, അടൂര്‍ പങ്കജം, ആറന്മുള്ള പൊന്നമ്മ തുടങ്ങി നിരവധിപേര്‍ സിനിമയില്‍ ആരംഭംകുറിച്ചത് ഉദയായിലൂടെയാണ്. മൂന്നു േഫ്ലാറുകളും രണ്ടു കാമറകളും ലബോറട്ടറി, എഡിറ്റിങ് റൂം, പ്രൊജക്ഷന് ഹാള്‍, മഴ-കാറ്റ് തുടങ്ങിയവ ഉണ്ടാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ എല്ലാം ഉദയായിലുണ്ടായിരുന്നു.
ആദ്യ വര്‍ക്ക് വെള്ളിനക്ഷത്രമായിരുന്നല്ലോ, അതിനെ കുറിച്ച്...
യൂറോപ്യനായ ഫെലിക്സ് ജെ. എച്ച്. ബേയിസായിരുന്നു സംവിധായകന്. ടി.ജി. ശിവറാം സിങ് കാമറാമാന്. അദ്ദേഹത്തിെൻറ കൂടെയായിരുന്നു എനിക്ക് ഡ്യൂട്ടി. ലൈറ്റെല്ലാം എടുത്തുകൊടുക്കുക, ഫൈറ്റ് സീനിനും പാട്ട് രംഗത്തിനും ലൈറ്റ് അറേഞ്ച് ചെയ്യുക ഇതെല്ലാമായിരുന്നു ജോലി. തുടര്‍ച്ചയായി രാവും പകലും ചിത്രീകരണമുണ്ടായിരുന്നു. കാരണം സ്റ്റാഫെല്ലാം അവിടെ തന്നെയുണ്ട്. ആലപ്പുഴക്കാരായ ജോലിക്കാര്‍ രാത്രി വീട്ടിലേക്ക് പോവും. പുറത്തുള്ളവരെല്ലാം സ്റ്റുഡിയോയില്‍ താമസിക്കും. ഏറെ പ്രതീക്ഷയോടെ ചെയ്തതായിരുന്നെങ്കിലും വെള്ളിനക്ഷത്രം ഓടിയില്ല. വലിയ നഷ്ടം വന്നു. ബാങ്കുകള്‍ ജപ്തി നടപടികളുമായി വരാന്‍ തുടങ്ങി. സ്റ്റുഡിയോ തുടങ്ങിയതുമായി ബന്ധപ്പെട്ട പണത്തിെൻറ ഉറവിടത്തെ കുറിച്ച് അറിയിക്കണമെന്നും നാലു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പും കുഞ്ചാക്കോയെ തേടി വന്നു. അതോടെ സ്റ്റുഡിയോ ഉപേക്ഷിച്ച് മുതലാളി മലബാറിലേക്ക് പോയി. നിലമ്പൂര്‍ കോവിലകം വകയായുള്ള സ്ഥലം വാങ്ങി അവിടെ കൃഷി തുടങ്ങി. കുഞ്ചാക്കോ മുതലാളി പോയതോടെ സ്റ്റുഡിയോ ഒരു മാസത്തിലേറെ അടച്ചിട്ടു.
ഈ സമയത്താണ് കൗമുദി ബാലകൃഷ്ണനും കെ.എന്‍.കെ. മേനോനും തുടങ്ങുന്ന ചി ത്രത്തിലേക്ക് എന്നെ അസിസ്റ്റൻറായി വിളിക്കുന്നത്. ഔട്ട് ഡോറിന് പോയപ്പോള്‍ പരിചയപ്പെട്ടതായിരുന്നു അതിെൻറ സംവിധായകനെ. ഈ പടത്തില്‍ അഭിനയിക്കാന്‍ നടന് സത്യനും വന്നു. പൊലീസ് സബ് ഇന്‍സ്പെക്ടറായിരിക്കെ ഒരു മാസത്തെ അവധിയെടുത്താണ് അദ്ദേഹം വന്നത്. ആലപ്പുഴയില്‍ സബ് ഇന്‍സ്പെക്ടറായിരുന്ന സത്യനെ എനിക്ക് പരിചയമുണ്ടായിരുന്നു. സത്യനാണ് എന്നെ തിരുവനന്തപുരത്തേക്ക് വിളിക്കുന്നതും. ഫോണ്‍ ഇല്ല. കത്തയക്കുകയായിരുന്നു. അങ്ങനെ ആ പടത്തില്‍ ജോയിന്‍ചെയ്തു. താമസവും ജോലിയുമെല്ലാമായി തിരുവനന്തപുരത്ത് രണ്ട് മാസത്തോളം താമസിച്ചു. ഇതേ സമയത്ത് കൃഷ്ണ സ്റ്റുഡിയോയില്‍ ഒരു ശ്രീലങ്കന്‍ പടത്തിലും കാമറാ സഹായിയായി. അസിസ്റ്റൻറ് മാത്രമല്ല, പ്രൊഡക്ഷന്‍ മാനേജരുടെ ജോലിയും ചെയ്യേണ്ടിവന്നു. സിലോണ്കാരുടെ ക്യാമ്പുണ്ട്. അവരുടെ കാര്യവും നോക്കേണ്ടത് ഞാനായിരുന്നു. സെല്ലി മല്ലി സെല്ലി എന്നായിരുന്നു പടത്തിെൻറ പേര്. ഈ പടം റിലീസ് ചെയ്തു. നന്നായി ഓടി. ഈ സമയത്താണ് ഉദയാ വീണ്ടും തുറക്കുന്നു എന്നു പറഞ്ഞ് എന്നെ തിരിച്ചുവിളിച്ചത്.
കെ.ആന്‍ഡ്.കെ പ്രൊഡക്ഷന്‍സിെൻറ നല്ല തങ്കയായിരുന്നു ഉദയായുടെ അടുത്ത ചിത്രം. പി.വി. കൃഷ്ണയ്യരായിരുന്നു സംവിധായകന്. എറണാകുളത്തുകാരനായ കെ.വി. കോശിയുമായി ചേര്‍ന്നായിരുന്നു ഈ പടത്തിെൻറ നിര്‍മാണം. കുഞ്ചാക്കോ ആൻഡ് കോശി - ആണ് കെ ആന്‍ഡ് കെ. നല്ല തങ്ക നന്നായി ഓടിയ സിനിമയായിരുന്നു. തുടര്‍ന്ന് ശശിധരന് എന്ന പടം. ഇത് ഉദയായുടേതായിരുന്നില്ല. കൈലാസ് പിക്ചേഴ്സിനു വേണ്ടി കെ.കെ. നാരായണന് ഉദയായില്‍ നിര്‍മിച്ച പടമാണിത്. പി. കലിംഗറാവു സംവിധായകന്. സാങ്കേതിക പ്രവര്‍ത്തകര്‍ ഉദയായിലെതന്നെയായിരുന്നു. ജീവിതനൗകയായിരുന്നു കെ.ആന്‍ഡ് കെയുടെ അടുത്ത പടം. വനമാല, വിശപ്പിെൻറ വിളി, പ്രേമലേഖ തുടങ്ങി ഉദയായില്‍ നിര്‍മിച്ച പടങ്ങളിലും കാമറാ അസിസ്റ്റൻറായി ഞാന്‍. വിശപ്പിെൻറ വിളിയാണ് പ്രേംനസീറിേൻറതായി ആദ്യമായി പുറത്തിറങ്ങിയ സിനിമ. പില്ക്കാലത്ത് സംവിധായകനായി പേരെടുത്ത ശശികുമാറും ഈ പടത്തില്‍ അഭിനയിച്ചിരുന്നു.
സ്വതന്ത്ര കാമറാമാനാകുന്നത് എപ്പോഴാണ്?
കിടപ്പാടം എന്നൊരു പടം ഉദയാ നിര്‍മിച്ചിരുന്നു. ഈ പടം പരാജയപ്പെട്ടു. കുഞ്ചാക്കോ വീണ്ടും വലിയ കടക്കെണിയിലായി, സ്റ്റുഡിയോ അടച്ചിടേണ്ടി വന്നു. അദ്ദേഹം വീണ്ടും തിരിച്ചെത്തി സംവിധാനം നിര്‍വഹിച്ച പടമാണ് ഉമ്മ. ഉമ്മയാണ് ഞാന്‍ സ്വതന്ത്ര കാമറാമാനായ ആദ്യ പടം. നിർമിച്ചത് കുഞ്ചാക്കോ തന്നെയാണ്. ഉദയാ സ്റ്റുഡിയോ അടച്ചപ്പോള്‍ സ്റ്റുഡിയോ ഉപകരണങ്ങള്‍ വാടകക്ക് കൊടുക്കാന്‍ തീരുമാനിച്ചു. മദ്രാസില്‍ ഒരു വീട് വാടകക്ക് എടുത്ത് അവിടേക്ക് ഉപകരണങ്ങളെല്ലാം കൊണ്ടുപോയി. അതിെൻറയെല്ലാം ചുമതല മുതലാളി എന്നെയാണ് ഏല്പിച്ചത്. ഒരു വര്‍ഷത്തിലേറെ അങ്ങനെ കഴിഞ്ഞു. ഒരു ദിവസം കുഞ്ചാക്കോ സാര്‍ വന്ന് എന്നോട് പറഞ്ഞു: പുതിയൊരു പടം തുടങ്ങുന്നുണ്ട്. അതിന് നമുക്കൊരു സൗണ്ട് എൻജിനീയര്‍ വേണം. ഒരു ലാൻഡ് ചീഫും കാമറാമാനും വേണം.
അപ്പോള്‍ ഞാന്‍ ചോദിച്ചു. കാമറാമാനെ ഇവിടെനിന്ന് കൊണ്ടുപോകണോ, അതിന് ഞാനില്ലേ?
കൃഷ്ണന്‍കുട്ടി ചെയ്യുകയാണെങ്കില്‍ ഏറെ സന്തോഷമാണ്- മുതലാളി പറഞ്ഞു. ബാക്കിയുള്ളവരെയൊക്കെ മദ്രാസില്നിന്നുതന്നെ ബുക്ക്ചെയ്തു. തിരിച്ച് ആലപ്പുഴയില്‍ എത്തിയ ഉടനെ 'ഉമ്മ' തുടങ്ങി. സത്യത്തിൽ ഞാന്‍ കാമറ ചെയ്യുന്നതില്‍ കുഞ്ചാക്കോ മുതലാളിക്ക് പൂര്‍ണ വിശ്വാസമില്ലായിരുന്നു. ഒന്നാം ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടിലേക്ക് പോയി. അന്ന് ഷൂട്ട് ചെയ്ത ഭാഗം ഡവലപ് ചെയ്തു. രാത്രി തന്നെ മുതലാളി റഷസ് കണ്ടു. പിറ്റേദിവസം രാവിലെ ഞാന്‍ സ്റ്റുഡിയോയില്‍ എത്തി. ഗേറ്റ് കടന്നപ്പോഴേക്കും വാച്ചര്‍ പറഞ്ഞു, കുഞ്ചാക്കോ മുതലാളി വിളിക്കുന്നു എന്ന്. അദ്ദേഹത്തിെൻറ മുറിയില്‍ ഇരുന്നാല്‍ ആരെല്ലാം വരുന്നു, പോകുന്നു എന്നു കാണാമായിരുന്നു. എനിക്കാണെങ്കില്‍ ആെകക്കൂടെ ഒരു അങ്കലാപ്പുണ്ട്. എന്തായിരിക്കും സംഭവം എന്ന ആധി. ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ റഷസെല്ലാം കണ്ടു. നീയും പോയി കണ്ടിട്ടുവാ. ഞാന്‍ വിചാരിച്ചു എന്തെങ്കിലും കുഴപ്പമുണ്ട് എന്ന്. റഷസ് കണ്ടപ്പോഴാണ് ശ്വാസം നേരെവീണത്. കുഴപ്പമൊന്നും ഇല്ല. തിരിച്ച് കുഞ്ചാക്കോ മുതലാളിയുടെ അടുത്തെത്തി.
എങ്ങനെയുണ്ട്? കുഴപ്പമൊന്നുമില്ല. എന്നാല്‍ ബാക്കികൂടെ ചെയ്തോളൂ. എന്തെങ്കിലും പരീക്ഷണം നടത്തുന്നതിലും കുഴപ്പമില്ല.
അങ്ങനെ 'ഉമ്മ' ബാക്കികൂടി ചെയ്തു. മൊയ്തു പടിയത്തിെൻറ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു ഉമ്മ. ശാരംഗപാണിയാണ് തിരക്കഥ എഴുതിയത്. പി. ഭാസ്കരന് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ബാബുരാജാണ്. മലബാര്‍ ഭാഗത്ത് വലിയ വിജയമായി 'ഉമ്മ'. ആദ്യമായി 100 ദിവസം തുടര്‍ച്ചയായി ഓടിയ സിനിമയുമായി. സീത, നീലിസാലി, ഉണ്ണിയാര്‍ച്ച, കൃഷ്ണ കുചേല, പാലാട്ട് കോമന്, ഭാര്യ, കടലമ്മ, റബേക്ക തുടങ്ങി കുഞ്ചാക്കോ സംവിധാനം ചെയ്ത പടങ്ങള്‍ക്കെല്ലാം കാമറചെയ്തു.
ആദ്യ പ്രതിഫലം എത്രയായിരുന്നു?
അപ്രൻറീസായിരിക്കെ ഉദയായില്‍നിന്ന് മാസം മുപ്പത് രൂപയാണ് കിട്ടിയിരുന്നത്. ഉമ്മ സിനിമ ചെയ്തപ്പോള്‍ 250 രൂപ പ്രതിഫലം കിട്ടി.
ഉദയായില്‍നിന്ന് ഒരിക്കല്‍ പിരിച്ചുവിട്ടതായി കേട്ടിട്ടുണ്ട്, പിന്നീട് തിരിച്ചെടുത്തുവെന്നും?
ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണ് അത്. കുഞ്ചാക്കോ പഴശ്ശിരാജ എന്ന പടം ചെയ്തിരുന്നു. വലിയ ബജറ്റിലുള്ള പടമായിരുന്നു. ഞാന്‍ തന്നെയായിരുന്നു കാമറാമാന്. സത്യന്, പ്രേംനസീര്‍, മുത്തയ്യ, കൊട്ടാരക്കര തുടങ്ങി വലിയ താരനിര തന്നെ ഉണ്ടായിരുന്നു. പടത്തിെൻറ പകുതിയോളം ചിത്രീകരിച്ചു. ആ സമയത്താണ് കുഞ്ചാക്കോ പടത്തിെൻറ റഷസ് കണ്ടത്. സിനിമക്ക് വേണ്ടത്ര വെളിച്ചം കിട്ടിയിട്ടില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി. ഉത്തരവാദി സ്വാഭാവികമായും കാമറാമാനാണ്. അടുത്ത ദിവസം സ്റ്റുഡിയോയിലെത്തിയ എനിക്ക് പിരിച്ചുവിട്ടുകൊണ്ടുള്ള കത്തുകിട്ടി. ജോലി നഷ്ടപ്പെട്ടതോടെ ഞാന്‍ മദ്രാസിലേക്ക് പോയി. അവിടെ ആയിരിക്കെ ഉദയായുടെ മാനേജര്‍ എന്നെ അന്വേഷിച്ചെത്തി. തിരിച്ചുവിളിക്കാനായിരുന്നു അദ്ദേഹം വന്നത്. പ്രിൻറില്‍ വെളിച്ചം കുറഞ്ഞത് കാമറാമാെൻറ കുറ്റമല്ല എന്നും പ്രൊസസിങ്ങിനിടെ ലാബില്‍ സംഭവിച്ച പിഴവാണെന്നും കുഞ്ചാക്കോ മനസ്സിലാക്കി. അങ്ങനെ എന്നെ തിരിച്ചുവിളിക്കുകയായിരുന്നു. എം. കൃഷ്ണന് നായര്‍ സംവിധാനംചെയ്ത കാട്ടുതുളസിയിലൂടെ വീണ്ടും ഉദയായുടെ ഭാഗമായി. തുടര്‍ന്ന് ശകുന്തള, ദേവി, അനാര്‍ക്കലി, തിലോത്തമ എന്നിവയും ചെയ്തു. ഈ സമയത്ത് തൊഴിലാളിസമരമുണ്ടായി. സ്റ്റുഡിയോ അടച്ചിട്ടു.
ബ്ലാക്ക് ആൻഡ് വൈറ്റ് കാലമാണല്ലോ. അന്ന് ഉപ കാമറ ഏതായിരുന്നു?
വെള്ളിനക്ഷത്രത്തിന് ഉപയോഗിച്ചത് ഡര്‍ബി കാമറയാണ്. രണ്ടുപേര്‍ ചുമന്നാല്പോലും പൊങ്ങത്തില്ല. അത്ര കനമുള്ളതാണ്. ഇന്‍ഡോറിലാണ് അത് ഉപയോഗിച്ചിരുന്നത്. ആയിരം അടി ഷൂട്ട് ചെയ്യാം. അതിന് ശേഷമാണ് നിച്ചല്‍ കാമറ വന്നത്. ഫിലിമിന് നൂറുരൂപയോ മറ്റോ ആണ് വില. ആയിരത്തിെൻറയും 500െൻറയും റോളുകള്‍ വിപണിയിലുണ്ടായിരുന്നു.
വിവാഹം എപ്പോഴായിരുന്നു?
പാലാട്ടുകോമന്‍ ചിത്രീകരിക്കുന്ന സമയത്തായിരുന്നു വിവാഹം. ഉദയാ സ്റ്റുഡിയോയുടെ പടിഞ്ഞാറ് വശത്തായിരുന്നു ഭാര്യയുടെ കുടുംബം. ഭാര്യയുടെ അച്ഛന് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. അദ്ദേഹം വീട്ടില്‍ വന്ന് അച്ഛനോട് കല്യാണക്കാര്യം സംസാരിക്കുകയായിരുന്നു. ഒരു ഉച്ചക്ക് രണ്ട് അച്ഛന്മാരും (പെണ്ണിെൻറ അച്ഛനും എെൻറ അച്ഛനും) കൂടി ഉദയായിലേക്ക് വന്നു. ഇവനെ ഒരു മണിക്കൂര്‍ ഒന്ന് വിട്ടുതരുമോ എന്ന് കുഞ്ചാക്കോ മുതലാളിയോട് ചോദിച്ചു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അച്ഛന് പറഞ്ഞു, അവന് വിവാഹം ആലോചിക്കുന്നുണ്ട്. പെണ്ണിനെ ഒന്ന് കാണിക്കാനാണ്. അതിനെന്താ ബ്രേക്ക് സമയത്ത് പോയി വന്നോട്ടെ എന്ന് മുതലാളി സമ്മതം നല്കി. എന്നാല്‍ അവര്‍ വന്ന വിവരം ഞാന്‍ അറിയുന്നില്ല. ഞാന്‍ സെറ്റില്‍ വര്ക്കുചെയ്യുകയായിരുന്നു. ഉച്ചക്ക് ഫ്രീ ടൈമില്‍ ഞാന്‍ പുറത്തിറങ്ങി. അപ്പോള്‍ കുഞ്ചാക്കോ സാര്‍ പറഞ്ഞു, രണ്ട് അച്ഛന്മാര് വന്നിരുന്നു. നിെൻറ വിവാഹത്തെ കുറിച്ച് തീരുമാനിച്ചിട്ടാണ് വന്നിരിക്കുന്നത്. പോയി പെണ്ണിനെ കണ്ടുവരൂ. അഭിപ്രായം പറയാനൊന്നും പോകണ്ട. ഭാര്യവീട്ടില്‍നിന്ന് ഒരാള്‍ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നു. ഞാന്‍ പോയി പെണ്ണിനെ കണ്ടു. അങ്ങനെ വിവാഹവും കഴിഞ്ഞു.
ഉദയായില്‍നിന്ന് പിരിഞ്ഞ ശേഷം മദ്രാസില്‍ സ്ഥിരതാമസമാക്കുകയായിരുന്നോ? കുടുംബത്തെ കൊണ്ടുപോയിരുന്നോ?
ആദ്യ പടങ്ങള്‍ ചെയ്തതോടെ നിര്‍മാതാക്കളും സംവിധായകരുമൊക്കെയായി പരിചയമായി. പിന്നെ മദ്രാസില്തന്നെയായി. നുങ്കംപാക്കത്തെ ഹോട്ടലിലാണ് ആദ്യം താമസിച്ചത്. പിന്നീട് ചിത്രങ്ങള്‍ കിട്ടിത്തുടങ്ങിയതോടെ കോടമ്പാക്കത്തിനടുത്ത് ഒരു വീട്ടിെൻറ ഔട്ട്ഹൗസിലേക്ക് മാറി. മേക്കപ്മാന് ഭാസ്കരന് ആണ് അത് മൊത്തം വാടകക്ക് എടുത്തിരുന്നത്. അതിലെ ഔട്ട് ഹൗസ് എനിക്ക് തരുകയായിരുന്നു. പിന്നീട് ആ കെട്ടിടം പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ അവിടെനിന്ന് മാറി. തൊട്ടടുത്ത് മറ്റൊരു വീട് വാടകക്കെടുത്തു. വീടിെൻറ ഒരു ഭാഗമാണ് എനിക്ക് അനുവദിച്ചത്. മറ്റേ പകുതിയില്‍ വേറെ ആളുകള്‍ താമസിക്കുന്നുണ്ടായിരുന്നു. അമ്പത് രൂപയായിരുന്നു മാസവാടക. ഭാര്യയെ കൊണ്ടുവന്നില്ല. അപ്പോഴേക്കും മക്കളായി. നാട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തിയതും ഭാര്യയാണ്.
നടന് സത്യന് അന്തരിച്ചിട്ട് 50 വര്‍ഷം തികയുകയാണ് ജൂണ്‍ 15ന്. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കാമോ?
സബ് ഇന്‍സ്പെക്ടറായിരിക്കുമ്പോള്‍ തന്നെ സത്യനെ എനിക്ക് പരിചയമുണ്ടായിരുന്നു. ചന്ദ്രശേഖരന് നായരായിരുന്നു ഇന്‍സ്പെക്ടര്‍; എെൻറ അച്ഛന് ഹെഡ് കോൺസ്റ്റബിളും. അങ്ങനെയുള്ള പരിചയമാണ്. ആലപ്പുഴ വരുമ്പോഴൊക്കെ ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു സത്യന്. ഒരു ദിവസം ഞാന്‍ ഉദയായിലേക്ക് സൈക്കിളില്‍ പോകുമ്പോഴുണ്ട് സത്യന് വരുന്നു. കുശലാന്വേഷണത്തിനിടെ അദ്ദേഹം പറഞ്ഞു: സിനിമയില്‍ അഭിനയിക്കാന്‍ എനിക്കും ആഗ്രഹമുണ്ട് കേട്ടോ. ഞാന്‍ പറഞ്ഞു- നിങ്ങളുടെ നല്ല ജോലി കളഞ്ഞ് സിനിമയിലേക്ക് വരണ്ട.
അതൊന്നുമല്ല. നീ നോക്കിക്കോ ഞാനും സിനിമയില്‍ വരും- സത്യന് പറഞ്ഞു. ഇത് പറഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് തിരുവനന്തപുരത്തേക്ക് എന്നെ വിളിക്കുന്നത്. ഞാന്‍ സെറ്റില്‍ എത്തുമ്പോള്‍ സത്യന് അവിടെയുണ്ട്. ഞാനന്നേ കൃഷ്ണന്‍കുട്ടിയോട് പറഞ്ഞില്ലേ എനിക്ക് അഭിനയിക്കണമെന്ന്. അദ്ദേഹം ചിരിച്ചു.
മദ്രാസിലേക്ക് എന്നെ വിളിച്ചതും സത്യനാണ്. അനുജന് നേശന്‍ സംവിധാനം ചെയ്യുന്ന പടത്തിലേക്ക്. ഒരു പൊലീസുകാരനാണ് എന്ന് സത്യനെന്ന് തോന്നില്ല. അക്കാലത്തെ പൊലീസ് പൊതുവെ പരുക്കന്‍ സ്വഭാവക്കാരായിരുന്നല്ലോ. നല്ല പെരുമാറ്റമായിരുന്നു. അസുഖബാധിതനായിട്ടാണ് അദ്ദേഹം മരിക്കുന്നത്. ഒരു രോഗിയാണ് എന്ന് ആരെയും അറിയിച്ചിരുന്നില്ല. ആശുപത്രിയില്‍ അഡ്മിറ്റാകുംവരെ അധികമാര്‍ക്കും അറിയുമായിരുന്നില്ല. പെട്ടെന്നായിരന്നു മരണം. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുവന്നു. സുഹൃത്തുക്കള്‍ എന്നെ വിളിച്ചെങ്കിലും ഞാന്‍ പോന്നില്ല. കൂടെ വരാനുള്ള വിഷമമാണ് കാരണം.
സത്യെൻറ കൂടെ കൂടുതല്‍ പടങ്ങള്‍ ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്?
ആർട്ടിസ്റ്റുകളെയും കാമറാമാനെയും നിശ്ചയിക്കുന്നത് സംവിധായകരാണല്ലോ. ഉദയായില്‍നിന്ന് പോന്ന ശേഷം ശശികുമാര്‍, ഹരിഹരന്, എ.ബി. രാജ്, എം. കൃഷ്ണന് നായര്‍ തുടങ്ങിയവരുടെ പടങ്ങളാണ് ഞാന്‍ കൂടുതലും ചെയ്തത്. തിക്കുറിശ്ശി, വേണു, കെ.പി. പിള്ള, എം.ആര്. ജോസ്, നാരായണന്, ബല്‍ത്താസര്‍, എ.എന്‍. തമ്പി, സേനന്, ശ്രീമൂലനഗരം വിജയന് തുടങ്ങി വേറെയും കുറെ സംവിധായകരുടെ കൂടെയും വര്‍ക്ക് ചെയ്തു. ഹരെൻറ ആദ്യ പടം മുതല്‍ ഞാന്‍ തന്നെയായിരുന്നു കാമറ. ഞാന്‍ കൃഷ്ണന് നായരുടെ കൂടെ വര്‍ക്ക് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിെൻറ അസിസ്റ്റൻറായിരുന്നു ഹരന്. കൃഷ്ണന് നായരെ പരിചയപ്പെടുന്നത് ഉദയായില്‍ വെച്ചാണ്. ശശികുമാറിനെ പരിചയപ്പെടുന്നതും ഉദയായില്‍ വെച്ചു തന്നെ. അദ്ദേഹം ആലപ്പുഴക്കാരനാണ്. ശശികുമാറിെൻറ അനുജന് ജോസഫ് എെൻറ സഹപാഠിയായിരുന്നു. നടന് മധുവിനെ പരിചയപ്പെടുന്നത് മദ്രാസില്‍വെച്ചാണ്. ആ പരിചയമാണ് മധു സംവിധാനം ചെയ്ത 'ആരാധന'യിലേക്ക് വിളിക്കാന്‍ കാരണം. തിരുവനന്തപുരത്തെ മധുവിെൻറ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍വെച്ചായിരുന്നു ചിത്രീകരണം.
ഇഷ്ട നടന് ആരായിരുന്നു?
സത്യന്, നസീര്‍, മധു, തിക്കുറിശ്ശി ചേട്ടന് എല്ലാവരെയും ഇഷ്ടമാണ്. ആദ്യകാലത്ത് ചെയ്ത മിക്കപടങ്ങളിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ സിനിമയില്‍ കണ്ട ഏറ്റവും നല്ല മനുഷ്യന് നസീറാണ്. ഒരു പരാതിയും പരിഭവവും ഇല്ല ആരോടും. വലിയ നടനെന്ന തലക്കനമില്ല. എല്ലാവര്ക്കും എന്തെങ്കിലും സഹായംചെയ്യും. അങ്ങോട്ട് ചോദിക്കേണ്ട, അറിഞ്ഞ് ചെയ്തോളും.
1985ലാണ് അവസാനമായി പടംചെയ്യുന്നത്. തുടര്‍ന്ന് പടംചെയ്യാതിരുന്നത് എന്തുകൊണ്ടാണ്?
പലപ്പോഴും രാവും പകലും ചിത്രീകരണം ഉണ്ടായിരുന്നു. രാത്രി ഉറക്കം ഇല്ല എന്നു തന്നെ പറയാം. ഇടവേളയില്ലാതെ ഒരാഴ്ച രാവും പകലും ജോലിചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ ആയപ്പോള്‍ നിര്‍ത്തുകയായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോന്നു.
പിറകിലേക്ക് നോക്കുമ്പോള്‍ എന്തു തോന്നുന്നു?
സംതൃപ്തി മാത്രമേയുള്ളൂ. മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു. പ്രമുഖരായ സംവിധായകരോടൊപ്പവും നടീനടന്മാര്ക്കൊപ്പം പ്രവര്‍ത്തിക്കാനായി. സിനിമയാണ് എനിക്കൊരു ജീവിതം തന്നത്. എല്ലാം ഭാഗ്യമാണ്. പഴയ സുഹൃത്തുക്കള്‍ ഇടക്ക് വിളിക്കും. ഹരിഹരനും മങ്കൊമ്പും ഫോട്ടോഗ്രാഫര്‍ ഡേവിഡും ഒക്കെയായി വളരെ കുറച്ചു പേരെ ഇപ്പോഴുള്ളൂ.