'അവകാശ സമരങ്ങളുടെ മുൻനിരയിൽ ചെങ്കൊടി ഉണ്ട്'; അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജുകൃഷ്ണൻ സംസാരിക്കുന്നു
ഡൽഹിയിൽ നടന്ന െഎതിഹാസികമായ കർഷകസമരം വിജയിച്ചതിെൻറ പശ്ചാത്തലത്തിൽ കർഷക സമരനേതാവും അഖിലേന്ത്യ കിസാൻസഭയുടെ ദേശീയ ജോയൻറ് സെക്രട്ടറിയുമായ വിജു കൃഷ്ണനുമായി നടത്തിയ സംഭാഷണം
''മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഐക്യ കര്‍ഷക സമരത്തിെൻറ ഐതിഹാസിക വിജയമാണ്. ഒരു വർഷം നീണ്ടുനിന്ന ഒരു സമരത്തെ പക്ഷേ അത്തരത്തിൽ വെറുമൊരു വിജയമായിട്ട് ഒതുക്കിത്തീർക്കാൻ കഴിയില്ല. 700ലധികം വരുന്ന കർഷകരുടെ രക്തസാക്ഷിത്വത്തിെൻറയും ലക്ഷക്കണക്കിന് കർഷകരുടെ ത്യാഗത്തിെൻറയുംകൂടി വിജയമാണ്അതെന്നാണ് ലോകത്തെ ബോധ്യപ്പെടുത്താനുള്ളത്. മരണപ്പെട്ട അത്രയും വ്യക്തികളോട്, അവരുടെ കുടുംബത്തോട്, ഭാവി തലമുറകളോട് പരസ്യമായി കേന്ദ്രം മാപ്പ് പറയേണ്ടതുണ്ട്. നഷ്ടപരിഹാരം നൽകേണ്ടതുണ്ട്'' -കർഷക സമരനേതാവും അഖിലേന്ത്യ കിസാൻസഭയുടെ ദേശീയ ജോയൻറ് സെക്രട്ടറിയുമായ വിജു കൃഷ്ണൻ വ്യക്തമാക്കുന്നു.
'ദില്ലി ചലോ' മാര്‍ച്ച് തുടങ്ങിയിട്ട് 365 ദിവസങ്ങൾ പൂർത്തിയാകാൻ വെറും ഏഴ് ദിവസങ്ങള്‍ ബാക്കിനിൽക്കെ, അതായത് നവംബര്‍ 26 തികയാൻ ഒരാഴ്ച മാത്രമുള്ളപ്പോള്‍, സിഖ് മതസ്ഥരുടെ പ്രധാന ആരാധനാ ദിവസമായ ഗുരുനാനാക്ക് ജയന്തിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചതായി പ്രഖ്യാപിക്കുന്നത്. നരേന്ദ്ര മോദിയും ബി.ജെ.പി സര്‍ക്കാറും കര്‍ഷകസമരത്തെ അടിച്ചമര്‍ത്താനും കോർപറേറ്റ് മീഡിയയെ കൂട്ടുപിടിച്ച് സമരത്തെ തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തിയിട്ടും അതിനെയെല്ലാം അതിജീവിച്ചാണ് കര്‍ഷകരുടെ ഈ സമരവിജയം സാധ്യമാകുന്നത് എന്നോർക്കണം.
മുമ്പൊരിക്കലും ഇല്ലാത്ത തരത്തില്‍ കര്‍ഷകരും തൊഴിലാളികളും ഒരു വര്‍ഷത്തോളം ഒരുമിച്ച് ചേര്‍ന്ന് നടത്തിയ ഒരു സമരമാണിത്. ആ നിലക്ക്, തൊഴിലാളിവര്‍ഗത്തെ ദ്രോഹിക്കുന്ന നിയമങ്ങള്‍കൂടി കേന്ദ്രസർക്കാർ പിന്‍വലിക്കണമെന്നത് ഈ സമരത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരാവശ്യമാണ്. എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ ഈ സമരം തീര്‍ച്ചയായും കർഷകർ മുന്നോട്ട് കൊണ്ടുപോകും. സര്‍ക്കാറുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളാണ് കര്‍ഷകരെ ഇത്രയും വലിയ ദുരിതത്തിലേക്ക് തള്ളിവിടാൻ കാരണമെന്നത് വിസ്മരിച്ചുകൂടാ. ആ നയങ്ങള്‍ പൂർണമായും പിൻവലിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായ നയങ്ങള്‍ നടപ്പാക്കുന്നതുവരെ ഞങ്ങൾ സമരം തുടരും'' -വിജു കൃഷ്ണൻ പറയുന്നു.
മോദി കർഷകബിൽ പിൻവലിക്കുമെന്ന് അറിയിച്ചപ്പോൾ അതിനോടുള്ള വിജു കൃഷ്ണെൻറ പ്രതികരണം ഇങ്ങനെയായിരുന്നു: ''വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിക്കുമെന്ന തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അവകാശപ്പെട്ട അഖിലേന്ത്യ കിസാന്‍ സഭ അതോടൊപ്പം തന്നെ കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളിൽ മാറ്റം വരണമെന്നുകൂടി ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ വാക്കിലല്ല മറിച്ച്, പാര്‍ലമെൻറ് വഴി നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായിട്ടാണ് ഞങ്ങൾ കർഷകർ കാത്തിരിക്കുന്നത്.''
മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഐക്യ കര്‍ഷക സമരത്തിെൻറ വിജയമാണ്. ഇതുകൊണ്ട് സമരം അവസാനിക്കുമോ? മുന്നോട്ടുള്ള ആവശ്യങ്ങൾ എന്തൊക്കെയാണ്?
ഈ മൂന്ന് നിയമങ്ങളും പാർലമെൻറിൽ പിൻവലിക്കേണ്ടതുണ്ട്. അതാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. അത് മാത്രമല്ല, ഈ സമരത്തിെൻറ ഇടയിൽ തന്നെ മറ്റ് പല ആവശ്യങ്ങളും കർഷകർ മുന്നോട്ട് െവച്ചിട്ടുണ്ട്. സ്വാമിനാഥൻ കമീഷൻ മുന്നോട്ടു െവച്ച ഏറ്റവും പ്രധാനപ്പെട്ട നിർദേശം ഉൽപാദന ചെലവിനെക്കാളും അമ്പത് ശതമാനം കൂടുതൽ താങ്ങുവില കർഷകർക്ക് ഉറപ്പ് നൽകുക എന്നതാണ്. ഈ ആവശ്യം ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇതിനോടൊപ്പംതന്നെ ഇലക്ട്രിസിറ്റി ബില്ലിൽ കൊണ്ടുവന്ന മാറ്റം പിൻവലിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയത്തിലും കർഷകർക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാവേണ്ടിയിരിക്കുന്നു. കർഷകസമര വിജയത്തിൽ തൊഴിലാളി യൂനിയൻ സംഘടനകളുടെ പ്രാധാന്യം വളരെ വലുതായിരുന്നു. അവർ വലിയ രീതിയിൽ ഞങ്ങൾക്ക് പിന്തുണ നൽകിയിരുന്നവരാണ്. സജീവമായി സമരത്തിൽ പങ്കെടുത്ത ആൾക്കാർ ആണ്. അപ്പോൾ അവരുടെ അവകാശങ്ങൾക്കുകൂടി ഞങ്ങൾ വില നൽകേണ്ടതുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ തട്ടിയെടുക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണം എന്ന ആവശ്യം അങ്ങനെയാണ് ഞങ്ങൾ കേന്ദ്രസർക്കാറിന് മുന്നിൽ ഉന്നയിക്കുന്നത്. കോൺഗ്രസ്-ബി.ജെ.പി സർക്കാറുകൾ സ്വീകരിച്ച നവ ലിബറൽ നയങ്ങളാണ് ഇവിടത്തെ കർഷകരും തൊഴിലാളികളും ഇത്രയും വലിയ ദുരിതത്തിലാകാൻ പ്രധാന കാരണം. ആ നയങ്ങൾ ഇപ്പോൾ ഭരിക്കുന്ന സർക്കാർ പിൻവലിക്കാനും വരാനിരിക്കുന്ന സർക്കാറുകൾ ഇത്തരം നയങ്ങൾ നടപ്പിലാക്കാതിരിക്കാനുമുള്ള സമരം കൂടിയാണിത്. അത് ഒരു ദീർഘകാല സമരമാണ്. ഉടനെ നമ്മൾക്ക് എല്ലാം നേടിയെടുക്കാൻ സാധിക്കും എന്നൊരു പ്രതീക്ഷയില്ല. എങ്കിലും, എല്ലാ ആവശ്യങ്ങളും നേടിയെടുക്കുന്നതുവരെ സമരം മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് തീരുമാനം.
നിരവധി കർഷകർ സമരഭൂമിയിൽ മരണപ്പെട്ടു. അവർക്കുവേണ്ടി കേന്ദ്രസർക്കാർ എന്തു ചെയ്യണം എന്നാണ് സമരക്കാരുടെ ആവശ്യം?
എഴുന്നൂറിൽ അധികം കർഷകർ ഈ സമരത്തിനിടയിൽ രക്തസാക്ഷിത്വം വരിച്ചതിെൻറ ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്രസർക്കാറിനും നരേന്ദ്ര മോദിക്കും ഒരുകാലത്തും വിട്ടുനിൽക്കാൻ കഴിയില്ല. എല്ലാ കാലത്തും അതിന് കാരണക്കാർ നരേന്ദ്ര മോദിയും ബി.ജെ.പി സർക്കാറും മാത്രമാണെന്ന് ഞങ്ങൾ ഉറപ്പിച്ചു പറയും. ഇപ്പോൾ അവർ നിയമങ്ങൾ പിൻവലിക്കാം എന്ന് പറയുമ്പോൾ മുമ്പ് ഒരു ചർച്ചയും ഇല്ലാതെയാണ് ബി.ജെ.പി സർക്കാർ ഈ നിയമങ്ങൾ ഒക്കെ കൊണ്ടുവന്നത് എന്ന കാര്യം വിസ്മരിക്കരുത്. കർഷക സംഘടനകളുമായിട്ടും സംസ്ഥാന സർക്കാറുകളുമായിട്ടും ചർച്ചചെയ്ത് ജനാധിപത്യ രീതിയിലാണ് ഈ വിഷയം കൊണ്ടുവന്നിരുന്നതെങ്കിൽ ഇത്രയും ദീർഘമായ, ഇത്രയേറെ പേർ അണിനിരക്കുന്ന ഒരു സമരം എന്ന പ്രശ്നം ഉദിക്കുന്നേ ഇല്ല. അപ്പോഴും ഈ സമരത്തെ അടിച്ചമർത്താനാണ് സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടേ ഇരുന്നത്. എഴുന്നൂറ് പേരുടെ മരണം എന്ന് പറയുന്നത് ഈ സമരമുഖത്തെ മാത്രം കാര്യമാണ്. ലഖിംപുർ കേന്ദ്രീകരിച്ച് ഒരു മാധ്യമപ്രവർത്തകനും നാല് കർഷകരും കൊല്ലപ്പെട്ടിട്ടുണ്ട്. കർണാലിൽ സുശീൽ കാജൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതൊക്കെ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിെൻറ ഭാഗമായി ഉണ്ടായ കൊലപാതകങ്ങളാണ്. തീർച്ചയായും ഇന്ത്യയോട് നരേന്ദ്ര മോദിയും ബി.ജെ.പി സർക്കാറും മാപ്പ് ചോദിക്കേണ്ടതുണ്ട് എന്ന് സമരക്കാർ ആവശ്യപ്പെടുന്നത് ഇതുകൊണ്ട് കൂടിയാണ്. ഇവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. അവരുടെ കുട്ടികളെ ഏറ്റെടുത്തു പഠിപ്പിക്കുക, കുടുംബത്തിൽ ഒരാൾക്കെങ്കിലും ജോലി നൽകുക പോലുള്ള കാര്യങ്ങളെ കുറിച്ച് തീർച്ചയായും സർക്കാർ ആലോചിച്ചു തീരുമാനം എടുക്കേണ്ടതുണ്ട്.
സുശീൽ കാജൽ വിഷയത്തിൽ സമാനമായ ആവശ്യം ഞങ്ങൾ മുന്നോട്ട് െവച്ചതിെൻറ ഫലമായി അദ്ദേഹത്തിെൻറ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ അവിടത്തെ സർക്കാർ നിർബന്ധിതരായിരുന്നു. ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകർക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന തീരുമാനം സർക്കാറിന് സ്വീകരിക്കേണ്ടതായി വന്നിട്ടുണ്ട്. അത് സമരത്തിെൻറ അടിസ്ഥാനത്തിൽ മാത്രമല്ല, നിരന്തര പ്രതിഷേധങ്ങളുടെയും ചർച്ചകളുടെയും ഫലമായി സമരം സർക്കാറുകൾക്ക് മേൽ ഉണ്ടായ പ്രഷർകൊണ്ട് കൂടിയാണ് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടതായി വന്നത്. തീർച്ചയായും മറ്റ് കൊലപാതകങ്ങളിലും സമാനമായ രീതിയിൽ തീരുമാനങ്ങൾ എടുക്കാൻ സർക്കാർ നിർബന്ധിതരാകും എന്നുതന്നെയാണ് വിശ്വസിക്കുന്നത്.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കും എന്ന് കേന്ദ്രം വാക്കാൽ പറഞ്ഞിേട്ട ഉള്ളൂ, കർഷകർ ശരിക്കും ആ വാക്കിൽ വിശ്വസിക്കുന്നുണ്ടോ? അതോ ശീതകാല സമ്മേളനത്തിൽ വിജ്ഞാപനം ഇറക്കിയിട്ട് വിശ്വസിച്ചാൽ മതി എന്നാണോ?
തീർച്ചയായും കർഷകരുടെ മനസ്സിൽ ഇതേ സംശയം മോദിയെ കുറിച്ചു നിലനിൽക്കുന്നുണ്ട്. നിയമങ്ങൾ പിൻവലിക്കുംവരെ സമരങ്ങൾ തുടരും എന്ന് കർഷകർ പറയുന്നതിെൻറ പ്രധാന കാരണം ഇതുകൂടിയാണ്. പക്ഷേ, തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടും എന്ന പേടിയിലാണ് ബി.ജെ.പി ഇപ്പോൾ ഈ തീരുമാനം എടുത്തതെങ്കിൽ അതിന് തൊട്ട് മുമ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടികൾ നേരിടും മുമ്പ് അവർക്ക് അതാകാമായിരുന്നു. അസമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിലും മറ്റും വലിയ പരാജയം ബി.ജെ.പിക്ക് ഉണ്ടായിട്ടുണ്ട്. രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ ഒന്നിൽ മൂന്നാം സ്ഥാനത്തേക്കും മറ്റൊന്നിൽ നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ഒരു ഘടകം ആയിട്ട് മാത്രമേ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ബി.ജെ.പി ഭയപ്പെടുന്നുണ്ട് എന്ന ഘടകത്തെ കാണാൻ സാധിക്കുകയുള്ളൂ. വരും ദിവസങ്ങളില്‍ സംയുക്ത കിസാന്‍ മോര്‍ച്ച മിഷന് യു.പി, മിഷന് ഉത്തരാഖണ്ഡ്, മിഷന് പഞ്ചാബ് എന്ന തീരുമാനം ഏറ്റെടുത്ത് രാജ്യത്തിനകത്ത് വലിയ കാമ്പയിന് നടത്താൻതന്നെ ആണ് ഉദ്ദേശിക്കുന്നത്. അതിെൻറയൊക്കെ അടിസ്ഥാനത്തിൽകൂടിയാണ് ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുമടക്കിയതും, നിയമം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായതും. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വീണ്ടും ഈ നിയമങ്ങൾ രാജ്യത്തിനകത്ത് കൊണ്ടു വരാം എന്നാണ് അവർ കരുതുന്നതെങ്കിൽ അത് വലിയൊരു വിഡ്ഢിത്തമായി പിൽക്കാലത്ത് മാറും എന്ന കാര്യവും ഉറപ്പാണ്. കർഷകർ വീണ്ടും സർവസന്നാഹങ്ങളുമായി സമരമുഖത്തേക്ക് വരും. അവർക്കതിനി കുറെക്കൂടി എളുപ്പമാണ്. കാരണം അവർക്കിപ്പോൾ ഒരു വർഷത്തെ സമരാനുഭവംകൂടി കൈമുതലായിട്ടുണ്ട്.
മുമ്പ് ഒരിക്കലും ഇന്ത്യ കണ്ടിട്ടില്ലാത്ത തരത്തിൽ കർഷകരും തൊഴിലാളികളും ഒരു വർഷത്തോളം ഒരുമിച്ചു നയിച്ച സമരമാണ്, എങ്ങനെയാണ് ഇത് സാധ്യമാകുന്നത്? ഭിന്നാഭിപ്രായങ്ങൾ ഉണ്ടാവുകയോ ഭിന്നിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നാണോ?
ഏഴ് വർഷത്തെ സമരങ്ങളെ കുറിച്ച് നമ്മൾ വിശാലമായി പഠിക്കേണ്ടതുണ്ട് എന്ന് തോന്നുന്നത് ഇപ്പോഴാണ്. ആദ്യ ഘട്ടത്തിൽ പെട്ടെന്നുണ്ടായ ഒരു വികാരത്തിെൻറ പുറത്ത് കർഷകർ ഒരു സമരത്തിനിറങ്ങി എന്നും കുറച്ചു ദിവസങ്ങൾക്ക് ഉള്ളിൽ ഒഴിഞ്ഞുപോവുകയോ സമരം അവസാനിപ്പിക്കുകയോ ചെയ്യും എന്ന തരത്തിലായിരുന്നു മാധ്യമങ്ങളിൽ എല്ലാം വാർത്തകൾ വന്നത്. എന്നാൽ 2014 ഡിസംബറിൽ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ നയത്തിനെതിരെ ഒരു ഐക്യം സൃഷ്ടിച്ചിരുന്നത് ഓർമയില്ലേ, അന്നതിനെ വിശേഷിപ്പിച്ചത് ഇഷ്യൂ ബേസ്ഡ് യൂനിറ്റി എന്നായിരുന്നു. വിഷയങ്ങളുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഒരു ഐക്യം എന്ന്. അതിന് സമാനമായ, അല്ലെങ്കിൽ അതിൽ കൂടുതൽ ഐക്യത്തോടെ ആണ് ഈ സമരം മുന്നോട്ട് പോയത്. സംഘടനകൾ തമ്മിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകും. ഇവിടെയും അത് ഉണ്ടായിട്ടുണ്ട്. അതില്ലാതിരിക്കില്ലല്ലോ... മനുഷ്യരല്ലേ, അഭിപ്രായങ്ങളിൽ വ്യത്യസ്തത കാണുമല്ലോ. എന്നാലും ചില വിഷയങ്ങളിൽ പൊതുവായ ഒരൊറ്റ തീരുമാനമേ ഉണ്ടാകൂ.
ഭൂമി അധികാര ആന്തോളൻ എന്ന കൂട്ടായ്മയെ കുറിച്ചു കേട്ടിട്ടില്ലേ, വനാവകാശത്തിനു വേണ്ടിയും ഭൂമിയുടെ അവകാശത്തിനു വേണ്ടിയും കോർപറേറ്റ് കൊള്ളക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനു വേണ്ടിയും അന്നുണ്ടാക്കിയ ഐക്യമായിരുന്നു ഭൂമി അധികാര ആന്തോളൻ എന്ന കൂട്ടായ്മ. എന്നാൽ നിരന്തരം ഒരുമിച്ചു സമരം നടത്തിയ ഭൂമി അധികാര ആന്തോളൻ എന്ന കൂട്ടായ്മ പിന്നീട് മറ്റ് വിഷയങ്ങളിലും ഇതേ കൂട്ടായ്മ നിലനിർത്തി പ്രവർത്തിക്കാൻ തുടങ്ങി. ഉദാഹരണത്തിന്, ഗോ രക്ഷയുടെ പേരിൽ നടന്ന അക്രമങ്ങളെ കുറിച്ച് തുടക്കത്തിൽ ചില സംഘടനകൾ സംസാരിക്കാൻ തയാറായിരുന്നില്ലല്ലോ. എങ്കിൽകൂടി നിരന്തരം സമരം ചെയ്യുകയും ഒത്തുകൂടുകയും ചെയ്തതോടെ 2018 ആകുമ്പോഴേക്കും എല്ലാ സംഘടനകൾക്കും ഈ വിഷയത്തിൽ വളരെ കൃത്യവും സ്പഷ്ടവുമായ ഒരു അഭിപ്രായവും നിലപാടും വർഗീയതക്കെതിരെ ഉണ്ടായിട്ടുണ്ട്. അതേപോലെ തന്നെ തൊഴിലാളി വർഗത്തിെൻറ പ്രശ്നങ്ങളിൽ ഇടപെടാൻ സാധിച്ചതും.
അഖിലേന്ത്യ കിസാൻ സംഘർഷ് കോ ഒാഡിനേഷൻ
കർഷകെൻറ വിളകൾക്ക് ന്യായമായ വില നൽകുക, കാർഷിക കടങ്ങളിൽനിന്ന് കർഷകർക്ക് സ്വാതന്ത്ര്യം നൽകുക എന്നീ വിഷയങ്ങൾ മുൻനിർത്തി ഒരു ഐക്യം ഉണ്ടാക്കിയിരുന്നു. ഈ ഐക്യം പിന്നീട് കാർഷികമേഖലയിലെ മറ്റ് പ്രശ്നങ്ങൾകൂടി ഏറ്റെടുത്ത് മുന്നോട്ട് പോകാൻ ആരംഭിച്ചു. സംയുക്ത കിസാൻ മോർച്ച ആദ്യമൊക്കെ കർഷകരുടെ പ്രശ്നങ്ങളിൽ മാത്രമാണ് ഇടപെട്ടതെങ്കിൽ പിന്നീട് തൊഴിലാളികളുടെ പ്രശ്നത്തിൽ കൂടുതൽ ഇടപെടാൻ ആരംഭിച്ചു. സെൻട്രൽ ട്രേഡ് യൂനിയനുകളും സംയുക്ത കിസാൻ മോർച്ചയും ചേർന്ന് ഒരു കോഒാഡിനേഷൻ ഉണ്ടാക്കി പ്രവർത്തിക്കാൻ ആരംഭിച്ചു. ആ ഒരു അനുഭവത്തിൽനിന്നുകൊണ്ടു കൂടിയാണ് ഇപ്പോൾ ഈ അഞ്ഞൂറിൽ കൂടുതൽ വരുന്ന സംഘടനകളെ ഒരേ ഐക്യത്തിൽ മുന്നോട്ട് നയിക്കുന്നത്. അവിടെയും നിരവധി വിഷയത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകും, പക്ഷേ ഈ മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നും, എം.എസ്.പിക്ക് വേണ്ടി ഒരു പുതിയ നിയമം കൊണ്ടുവരണമെന്നും ലേബർ കോഡ് പിൻവലിക്കണം എന്നുമുള്ള കാര്യത്തിൽ ഒറ്റ തീരുമാനമാണ് മുഴുവൻ കർഷകർക്കും ഉള്ളത്. അങ്ങനെ ഒരു ഐക്യം സൃഷ്ടിക്കാൻ സാധിച്ചു എന്നതാണ് ഞങ്ങളുടെ ആദ്യത്തെ വിജയം. അതുകൊണ്ടാണ് എത്ര ശ്രമിച്ചിട്ടും എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും ഈ സർക്കാറിന് ഞങ്ങളുടെ ആ ഐക്യത്തെ മറികടക്കാൻ സാധിക്കാതെ വന്നത്.
എന്തുകൊണ്ടാണ് കർഷകർ കോടതിയിൽ അഭയം തേടാത്തത്?
തുടക്കം മുതൽതന്നെ കർഷകസമരത്തിന് ആധാരമായ വിഷയത്തെ ഞങ്ങൾ നോക്കിക്കണ്ടത് ഒരു രാഷ്ട്രീയ വിഷയമായിട്ടാണ്. ഒരു രാജ്യത്തെ ജനങ്ങൾക്ക് എതിരെ അവിടത്തെ സർക്കാർ കൊണ്ടുവന്ന തീർത്തും ജനാധിപത്യവിരുദ്ധമായ നയങ്ങൾ ആയിട്ടാണ് അന്നും ഇന്നും വിവാദ നയങ്ങളെ ഞങ്ങൾ കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ അതിനെതിരെ രാഷ്ട്രീയപരമായി നീങ്ങുക എന്നതായിരുന്നു കർഷകരുടെ തീരുമാനം. അതിെൻറ അടിസ്ഥാനത്തിലാണ് ഇത്രയും വലിയൊരു ഐക്യം സൃഷ്ടിച്ച് ബി.ജെ.പിക്ക് എതിരെ സംയുക്ത കിസാൻ മോർച്ച സമരം ആരംഭിക്കുന്നത്. അതിെൻറ പ്രതിഫലനമായിട്ടാണ് പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവന്നത്. അതുകൊണ്ടുകൂടിയാണ് ഇപ്പോൾ ഈ നിയമങ്ങൾ പിൻവലിക്കുന്നതായി കേന്ദ്ര സർക്കാർ പ്രഖ്യാപനം ഇറക്കിയത്. കോടതിയിൽ വിശ്വാസം ഉണ്ടായിരുന്നില്ല എന്നല്ല അതിനർഥം. രാഷ്ട്രീയത്തെ രാഷ്ട്രീയംകൊണ്ട് തന്നെ നേരിട്ട്, ബി.ജെ.പിയുടെ നയങ്ങളെ ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം.
ഫാഷിസ്റ്റ് ഭരണകൂടം ന്യൂനപക്ഷ സമൂഹത്തിനെതിരെയും ദലിതർക്കെതിരെയും നടത്തുന്ന അതിക്രമങ്ങൾ വളരെ വലുതാണ്. സി.എ.എ പോലുള്ള നിയമങ്ങളിൽ നമ്മളിത് കണ്ടതാണ്. ഇതിനെ എങ്ങനെ കാണുന്നു?
ഏഴ് വർഷങ്ങൾക്കിടയിൽ, അതായത് 2014ൽ തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിൽ വന്നതു മുതൽ ബി.ജെ.പി സംഘ്പരിവാർ ആക്രമണങ്ങൾ അഴിച്ചുവിടാൻ ആരംഭിച്ചിട്ടുണ്ട്. എഴുത്തുകാർ, യുക്തിവാദികൾ, മാധ്യമപ്രവർത്തകർ എന്നിവർക്കെതിരെ ഒക്കെ വലിയ രീതിയിലുള്ള ആക്രമണങ്ങൾ ആണ് നടത്തിയത്. പിന്നീട് ഗോ സംരക്ഷണത്തിെൻറ പേരിൽ ദലിതർക്കും മുസ്ലിംകൾക്കും എതിരെ ഇവർ ചെയ്തതും നമ്മൾ കണ്ടതാണ്. പക്ഷേ ഇതിനൊക്കെ എതിരെ വളരെ കൃത്യമായ ഒരു നിലപാട് എടുത്തുകൊണ്ട് പ്രതിരോധം തീർക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഗോരക്ഷയുടെ പേരിൽ ഉണ്ടായ ആക്രമണത്തിൽ പെഹലൂഖാൻ കൊല്ലപ്പെട്ടു. അഖ്ലാഖ് കൊല്ലപ്പെട്ടു, റഹ്ബത് ഖാൻ കൊല്ലപ്പെട്ടു, ഉമർ ഖാൻ കൊല്ലപ്പെട്ടു, ഈ ഓരോ വിഷയത്തിലും അഖിലേന്ത്യാ കിസാൻ സഭയും മറ്റുള്ളവരും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒപ്പം നിന്നുകൊണ്ട് കേന്ദ്രത്തിനെ പ്രതിരോധിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. മുസഫർ നഗറിെൻറ കാര്യമെടുത്താൽ തന്നെ, അവിടെ വലിയ രീതിയിൽ ഒരു വർഗീയ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ട് കലാപം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിച്ചത്. അതിലൂടെയാണ് ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പ് ജയിച്ചുവന്നതും. പക്ഷേ മുസഫർ നഗർ കിസാൻ മഹാ പഞ്ചായത്തിൽ വർഗീയ ശക്തികൾക്കെതിരെ വളരെ കൃത്യമായ ഒരു സന്ദേശം നൽകാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ജാട്ട് വിഭാഗത്തിൽപെട്ട കർഷകരും മുസ്ലിം വിഭാഗത്തിൽപെട്ട കർഷകരും ഒന്നിച്ചു നിന്നുകൊണ്ട് വർഗീയ ഫാഷിസ്റ്റ് ശക്തികളെ തോൽപ്പിക്കുന്ന സമീപനം സ്വീകരിച്ചിരുന്നു അവിടെ. ഇതൊക്കെ നമ്മൾ കൈവരിക്കുന്ന എത്രയോ വലിയ വിജയങ്ങൾ ആണെന്നാണ് മനസ്സിലാക്കുന്നത്.
ഈ ഘട്ടത്തിൽ ഒന്നിച്ചു നിൽക്കേണ്ട പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ എന്തുകൊണ്ടാകും വേറിട്ട് നിൽക്കുന്നത്? ഇതിൽനിന്ന് സി.പി.എം വ്യത്യസ്തമാകുന്നത് എങ്ങനെ ആണ്?
ഓരോ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സി.പി.എമ്മിന് ഇനി ഭാവി ഇല്ല എന്ന രീതിയിലാണ് മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. പക്ഷേ നമ്മൾ കാണേണ്ടത്, അധ്വാനിക്കുന്നവെൻറയും കർഷകരുടെയും അവകാശ സമരങ്ങളുടെ മുൻനിരയിൽ ചെങ്കൊടി ഉണ്ട് എന്നതാണ്. എവിടെ ആയാലും അതുണ്ട്. അതിപ്പോ നാസിക്കിൽനിന്ന് ആരംഭിച്ച ലോങ് മാർച്ചിൽ ആയാലും അതിന് ശേഷം ഡൽഹിയിൽ നടന്ന കിസാൻ മുക്തി യാത്രയിൽ ആയാലും ഇതിലൊക്കെ ചെങ്കൊടിയുടെ പ്രസ്ഥാനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിൽ അഖിലേന്ത്യാ കിസാൻ സഭ ആയാലും സി.ഐ.ടി.യു ആയാലും അഖിലേന്ത്യാ കർഷക തൊഴിലാളി യൂനിയൻ ആയാലും മുന്നിലുണ്ട്. ഈ സമരത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. ഒരുപക്ഷേ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേക്കും ഈ സമരം വ്യാപിപ്പിക്കുന്നതിൽ ഈ സംഘടനകൾക്കൊക്കെ വലിയ പങ്കുണ്ട്. 500ൽ കൂടുതൽ കർഷക സംഘടനകൾ സമരത്തിനൊപ്പം ഉണ്ടെന്ന് പറയുമ്പോൾ ഒരു സംഘടന ചിലപ്പോൾ ഒരു ജില്ലയിൽ ഒതുങ്ങുന്ന സംഘടന ആയിരിക്കാം. ഒരു സംസ്ഥാനത്തിൽ മാത്രം ഒതുങ്ങുന്നതാകാം, അപ്പോഴും അവിടങ്ങളിലേക്ക് നമ്മൾ എത്തുന്നുണ്ട് എന്നതിലാണ് കാര്യം. ഇന്ത്യയിലെ 25 സംസ്ഥാനങ്ങൾക്കകത്തും അഖിലേന്ത്യാ കിസാൻ സഭക്ക് സ്വാധീനം ഉണ്ട്. വേറെ ഒരു സംഘടനക്കും ഒരു പക്ഷേ അത്ര അധികം സ്വാധീനമുള്ള സാഹചര്യം നിലവിൽ ഇല്ല.
അത് മാത്രമല്ല, സി.ഐ.ടി.യുവും കർഷക തൊഴിലാളി യൂനിയനും മാത്രം എടുത്താൽപോലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഈ ഇടതുപക്ഷ സംഘടനകൾക്ക് ഒരു സ്വാധീനം ഉണ്ട്. അത് എത്ര ചെറുതാണെങ്കിൽപോലും നമുക്ക് വളരെ സ്പഷ്ടമായ നിലപാട് സ്വീകരിച്ച് ജനങ്ങൾക്കിടയിൽ ഇടപെടാൻ ഉള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതിെൻറ ഒക്കെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ഐക്യം സൃഷ്ടിക്കാൻ സാധിക്കുന്നത്. നേരത്തേ പറഞ്ഞപോലെ അത് പെട്ടെന്ന് ഉണ്ടായതല്ല, 1991 മുതൽ തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളി വർഗത്തിെൻറ ഐക്യം നിരവധി പൊതു പണിമുടക്കുകളിലൂടെയും സമരങ്ങളിലൂടെയും നമ്മൾ ഉണ്ടാക്കിയെടുത്തതാണ്. തീർച്ചയായും അധ്വാനിക്കുന്നവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും സമരം. ലഖ്നോവിൽ കഴിഞ്ഞദിവസം നടന്ന മഹാ പഞ്ചായത്തിൽ വലിയ വിഭാഗം ആളുകൾ അഖിലേന്ത്യാ കിസാൻ സഭയുടെയും കർഷക തൊഴിലാളി യൂനിയെൻറയും സഖാക്കളാണ്. അത് ഭാവിയിൽ ഒരു വിശാല ബദലിെൻറ സാധ്യതകൾപോലും മുന്നോട്ട് വെക്കുന്നതാണ്. ഇപ്പോൾ ഈ സമരത്തിനിടയിൽ തന്നെ മറ്റ് രാഷ്ട്രീയ പാർട്ടികൾപോലും സംയുക്ത കിസാൻ മോർച്ച എടുത്ത തീരുമാനങ്ങൾക്ക് പിന്തുണ നൽകിയത് നാം കണ്ടതാണ്. ഭാരത് ബന്ദ് ആയാലും റെയിൽ തടയൽ ആയാലും ഇതിന് തെളിവാണ്.
ഇന്ത്യയുടെ യഥാർഥ പ്രശ്നം ഭരണമാറ്റമോ ഇപ്പോഴത്തെ പ്രതിപക്ഷം അധികാരത്തിലേക്ക് മാറുകയോ ചെയ്യുക എന്നതല്ല. മറിച്ച് ജനപക്ഷത്തുനിൽക്കുന്ന ഒരു സർക്കാർ രൂപപ്പെടുക എന്നതല്ലേ അത്? ഇത് വരും നാളുകളിൽ എത്ര മാത്രം സാധ്യമാണ്?
ജനപക്ഷത്തുനിന്ന് ജനങ്ങൾക്ക് വേണ്ടി നയങ്ങൾ നടപ്പാക്കുന്ന ഒരു സർക്കാർ ആണ് എല്ലാ രാജ്യത്തിനും വേണ്ടത്. 1991 മുതൽ മാറിമാറി വന്ന കോൺഗ്രസ് ബി.ജെ.പി സർക്കാറുകൾ ഇന്ത്യയിൽ നടപ്പാക്കിയ നവ ലിബറൽ നയങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തീർക്കുന്ന ഒരു സമീപനവും, എല്ലാ മേഖലയെയും സ്വകാര്യവത്കരിക്കുന്ന ഒരു സമീപനവുമെല്ലാം ഇന്ത്യയിൽ ഉണ്ടാകുന്നത്. കാർഷിക മേഖല ഇത്രയും വലിയൊരു പ്രതിസന്ധിയിലാകാൻ ഒരു പ്രധാന കാരണവും ഇതേ നയങ്ങളാണ്. '91ൽ ഈ നയങ്ങൾ കൊണ്ടുവന്ന് നടപ്പാക്കിത്തുടങ്ങിയപ്പോൾതന്നെ അഖിലേന്ത്യാ കിസാൻ സഭയും അഖിലേന്ത്യാ കർഷക തൊഴിലാളി യൂനിയനും ഈ നയങ്ങൾ നടപ്പാക്കിയാൽ കർഷകർ ദുരിതത്തിലാകും, വലിയ പ്രതിസന്ധിയിലേക്കാകും ഇത് അവരെ കൊണ്ടുചെന്ന് എത്തിക്കുക എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അന്നു മുതൽ അതിനെതിരെ സമരങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ഒരു സംഘടനകൂടിയാണ് നമ്മുടേത്. എന്നാൽ, അന്ന് നിരവധി സംഘടനകൾ ഇത് കർഷകർക്ക് ഗുണംചെയ്യും എന്നാണ് വിശ്വസിച്ചിരുന്നത്. ഇന്ന്, 25 വർഷങ്ങൾക്കു ശേഷമാണ് ഈ നയങ്ങളാണ് കർഷകർ ഇത്രയും ദുരിതത്തിലാകാൻ കാരണം എന്ന തിരിച്ചറിവ് അവർക്കെല്ലാം ഉണ്ടാകുന്നത്. സർക്കാർ കണക്കുപ്രകാരം ദുരിതമനുഭവിക്കുന്ന നാല് ലക്ഷത്തിൽ അധികം കർഷകരുണ്ട്. തീർച്ചയായും നവലിബറൽ നയങ്ങൾ പൂർണമായും പിൻവലിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള, നവലിബറൽ നയങ്ങൾക്ക് എതിരെയുള്ള ഒരു സമരമായിട്ട് ഈ സമരം മാറേണ്ടതുണ്ട് എന്ന് പറയുന്നത് അതുകൊണ്ടാണ്. ആ ദിശയിലേക്കാണ് വരും ദിവസങ്ങളിൽ സമരത്തെ വ്യാപിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്.
മോദിക്കെതിരെ ആദ്യസമരം തുടങ്ങുന്നത് ജെ.എൻ.യുവിലെ വിദ്യാർഥികളാണ്. പിന്നീട് രാജ്യത്തിനകത്തു നടന്ന ഓരോ സമരത്തിലും വിദ്യാർഥികളുടെ പങ്ക് വലുതായിരുന്നു. കർഷകസമരത്തിലേക്ക് വരുമ്പോൾ, അതിലെ വിദ്യാർഥി സാന്നിധ്യം എങ്ങനെ ആയിരുന്നു?
വിദ്യാർഥികൾ വലിയ രീതിയിൽ കർഷക സമരത്തിന് പിന്തുണയുമായി വന്നിട്ടുണ്ട്. പ്രത്യേകിച്ചും സാധാരണക്കാരായ കർഷകരുടെയും ജനങ്ങളുടെയും ഇടയിൽ ഈ നിയമങ്ങളെ തുറന്ന് കാണിക്കാനുള്ള പ്രചാരണത്തിന് വിദ്യാർഥികൾ മുന്നിൽ നിന്നിട്ടുണ്ട്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ എടുത്തുനോക്കിയാൽ വിദ്യാർഥി സ്വാധീനം കുറെക്കൂടി കൂടുതൽ ഉണ്ടായിരുന്ന സ്ഥലങ്ങളാണ് എന്ന് മനസ്സിലാകും. ഒരു വർഷമായി നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരന്തരം സമരമുഖത്തേക്ക് അവരെത്തിയിരുന്നു. വിദ്യാർഥികൾ മാത്രമല്ല, യുവാക്കൾ, സ്ത്രീകൾ, ആശാവർക്കർമാർ, അംഗൻവാടി പ്രവർത്തകർ എന്നിവരെല്ലാം വലിയ രീതിയിൽ സമരത്തിൽ പങ്കെടുത്തിരുന്നു. ഇവരിൽ വലിയ വിഭാഗവും ഗ്രാമങ്ങളിൽനിന്ന് എത്തുന്നവരായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങൾ അവരുടെ കുടുംബത്തെയും നിലനിൽപ്പിനെയും കൃഷിയെയും ഉപജീവനത്തെയും ബാധിക്കുന്ന വലിയ പ്രശ്നങ്ങൾതന്നെ ആയിരുന്നു. കൊച്ചു കുട്ടികളെകൊണ്ടുപോലും കുടുംബമായി വന്ന് തെരുവിൽ ടെൻറ് കെട്ടി സമരം ചെയ്തവരെ നമ്മൾ കണ്ടതാണ്.
ചില മാധ്യമങ്ങൾ ഉയർത്തുന്ന ഏറ്റവും വലിയ ആരോപണം കർഷക സമരത്തിൽ പഞ്ചാബിലെ സമ്പന്ന കർഷകരാണ് മുന്നിൽ നിൽക്കുന്നത് എന്നാണ്, എന്താണ് ഇതിെൻറ സത്യാവസ്ഥ?
എല്ലാ വിധത്തിലും സംഘ്പരിവാറും ബി.ജെ.പി സർക്കാറും പ്രധാനമന്ത്രിയുടെ തന്നെ നേതൃത്വത്തിൽ ആദ്യം മുതൽ സമരത്തിനെതിരെ ഇത്തരത്തിലുള്ള പല കഥകളും പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. കോർപറേറ്റ് മീഡിയകളിൽ, സമരത്തിൽ പങ്കെടുക്കുന്നത് ധനികവർഗം മാത്രമാണെന്ന പ്രചാരണം വളരെ വ്യാപകമായി അവർ നടത്തിവന്നിരുന്നു.
ഏതൊരു സമ്പന്നൻ ആയിരിക്കും തുടർച്ചയായ ഒരു വർഷക്കാലം മാറി മാറി വന്ന തണുപ്പിലും ചൂടിലും കോവിഡ് രോഗവ്യാപനത്തിനിടയിലും തെരുവിൽ വന്നിരുന്നു സമരം ചെയ്യുക. അത്രയും മാത്രം ചിന്തിച്ചാൽ പോരേ ഈ പ്രചാരണത്തിെൻറ സത്യം മനസ്സിലാക്കാൻ. പക്ഷേ ഒരു കാര്യമുണ്ട്, എല്ലാ വിഭാഗത്തിൽപെട്ട കർഷകരും കർഷകതൊഴിലാളികളും ഭൂരഹിതരും പങ്കെടുത്ത ഒരു സമരമായിരുന്നു ഇത്. അതിൽ തീർച്ചയായിട്ടും ചെറിയൊരു വിഭാഗം സമ്പന്നർ ഉണ്ടായിരുന്നിരിക്കാം. അതിലും എത്രയോ കൂടുതൽ ദരിദ്രരും ഉണ്ടായിരുന്നു ഞങ്ങൾക്കൊപ്പം. എല്ലാ വിഭാഗം ജനങ്ങളും ബി.ജെ.പി സർക്കാറിെൻറ നവലിബറൽ നയങ്ങൾ കാരണവും കഴിഞ്ഞുപോയ ലോക്ഡൗൺ കാലഘട്ടത്തിലെ നയങ്ങൾകാരണവും ബുദ്ധിമുട്ടനുഭവിച്ചവർതന്നെ ആണ്. അതുകൊണ്ടാണ് അത്തരത്തിൽ വലിയൊരു കൂട്ടായ്മ സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞതും സമരമിപ്പോൾ ഒരു വർഷം പിന്നിട്ടതും.
കേന്ദ്രത്തിൽനിന്ന് കേരളത്തിലേക്ക് വരുമ്പോൾ ഇവിടത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം ദലിതരുടെയും ആദിവാസികളുടെയും അതിജീവനവുമായി ബന്ധപ്പെട്ടതും, കർഷകരുടെ ഉൽപന്നങ്ങൾ ഇടനിലക്കാർ തട്ടിയെടുക്കുന്ന പ്രശ്നവും ഭൂമി ഇല്ലാത്തവരുടെ പ്രശ്നവുമാണ്. ഇതിനെതിരെ പ്രശ്നപരിഹാരമെന്നോണം സ്വീകരിക്കാൻ സാധിക്കുന്ന നടപടികൾ എന്തൊക്കെയാണെന്നാണ് കരുതുന്നത്?
കേരളത്തിലേക്ക് വരുമ്പോൾ ഭൂമിയില്ലാത്ത എല്ലാവർക്കും പട്ടയം നൽകും എന്നൊരു നയമാണ് ഇടതുപക്ഷ സർക്കാർ ഇപ്പോൾ കേരളത്തിൽ സ്വീകരിച്ചുവരുന്നത്. എെൻറ പിഎച്ച്.ഡി പഠനത്തിെൻറ ഭാഗമായി വയനാട്ടിലെ നെൻമേനി പഞ്ചായത്തിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ഒക്കെ പോകേണ്ടിവന്നിട്ടുണ്ട്. വലിയ രീതിയിൽ കർഷക ആത്മഹത്യകൾ നടക്കുന്ന സ്ഥലമായിരുന്നു അന്ന് വയനാട്. ഇന്നതിൽ വലിയ കുറവുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വലിയ രീതിയിൽ നാണ്യവിളകൾ കൃഷി ചെയ്യുന്ന കർഷകരാണ് വയനാട്ടിൽ കൂടുതലും. കേരളത്തിലെ നാണ്യവിളകളുടെ കച്ചവടം പ്രധാനമായും ശ്രീലങ്കയുമായിട്ടായിരുന്നു നടന്നുകൊണ്ടിരുന്നതും. ആസിയാൻ കരാർ നിലവിൽ വന്നതോടെ ശ്രീലങ്കയുമായി കച്ചവടം നടത്തിക്കൊണ്ടിരുന്ന മേഖല വലിയ ദുരിതത്തിൽ ആയിട്ടുണ്ട്. വലിയ രീതിയിലുള്ള കടക്കെണിയിലേക്കും മറ്റും കർഷകർ കൂപ്പുകുത്തിയിട്ടുണ്ട്. ഇതിനെതിരെയാണ് വി.എസിെൻറ കാലത്ത് കടാശ്വാസ കമീഷൻ നിലവിൽ വരുന്നത്. നെല്ലിനും മറ്റും താങ്ങുവില ഏർപ്പെടുത്തുന്ന രീതി ഒക്കെ അക്കാലത്താണ് നടപ്പിൽ വരുന്നത്. അത് മറ്റെവിടെയും ഇല്ലാത്ത രീതിയിൽ നടപ്പാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് എന്നത് വലിയ പ്രതീക്ഷയാണ് കാർഷിക മേഖലക്ക് നൽകുന്നത്. കേരളത്തിൽ 2800 രൂപക്കാണ് നെല്ല് സംഭരിക്കുന്നത്. ബിഹാറിലും മറ്റും കർഷകന് എണ്ണൂേറാ, ആയിരമോ, കൂടിപ്പോയാൽ ആയിരത്തി ഇരുനൂേറാ രൂപയാണ് ഇതേ നെല്ലിന് കിട്ടുന്നത്. ആ രീതിയിൽ ഉള്ള മികച്ച ഒരു ഇടപെടൽ ഇവിടെ നമുക്ക് സാധ്യമാകുന്നുണ്ട്. അത് മാത്രമല്ല, സഹകരണ മേഖലയിൽ കർഷകെൻറ വിളകൾ നല്ല വില കൊടുത്തു സംഭരിക്കുന്നതിന് പുറമെ, അതിൽ മൂല്യവർധിത വസ്തുക്കളുടെ നിർമാണവും വിപണനവുംകൂടി ഇവിടെ നടക്കുന്നുണ്ട്. ഇപ്പോൾ വയനാട്ടിൽതന്നെ മലബാർ മീറ്റ്, വയനാട് കോഫി എന്നൊക്കെ പറയുന്ന പദ്ധതികൾ ഉണ്ടാകുന്നുണ്ട്. അപ്പോഴും അന്താരാഷ്ട്ര വിപണിയിൽ വിളകൾക്ക് വരുന്ന വിലയിടിവ് ഒക്കെ കേരളത്തിലെ കർഷകരെ വല്ലാതെ ബാധിക്കുന്ന പ്രശ്നങ്ങൾ തന്നെയാണ്. സുഭിക്ഷ കേരളംപോലുള്ള പദ്ധതികൾ വഴിയൊക്കെ കർഷകരുടെ ഇത്തരം പ്രശ്നങ്ങൾക്ക് വരും ദിവസങ്ങളിൽ ഇവിടത്തെ സർക്കാർ പരിഹാരം ഉണ്ടാക്കും എന്നുതന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്.
സമ്പന്ന രാജ്യങ്ങളെല്ലാം നൂറ് ശതമാനം സബ്സിഡി നൽകിയാണ് കൃഷിയെ നിലനിർത്തിക്കൊണ്ടു പോകുന്നത്, ഇത് അനിവാര്യമായ കാര്യവുമാണ്. ഇന്ത്യയിലേക്ക് വരുമ്പോൾ ഇവിടത്തെ നാൽപത്തിയഞ്ചു ശതമാനം വരുന്ന കർഷകർക്ക് ഒരു സബ്സിഡിയും ലഭിക്കുന്നില്ല എന്നാണ് കണക്ക്, എങ്ങനെ ആണ് ഇതിനെ മറികടക്കാൻ സാധിക്കുക?
സമ്പന്ന രാജ്യങ്ങൾ എല്ലാംതന്നെ വൻകിട കുത്തകകളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് കൃഷിയുടെ കാര്യത്തിൽ സ്വീകരിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പോഴും അവർ കർഷകർക്ക് സബ്സിഡി നൽകുന്നുണ്ട് എന്നതിനെ ഞാൻ അംഗീകരിക്കുന്നു. നമ്മൾ ഈ വേൾഡ് ട്രേഡ് ഓർഗനൈസേഷെൻറ ഭാഗമാണ്. അവർ നിരന്തരം ഇന്ത്യക്കുമേൽ സമ്മർദം ചെലുത്തുന്നത് സബ്സിഡികൾ പിൻവലിക്കണം എന്ന ആവശ്യത്തിന്മേൽ ആണ്. ഭക്ഷ്യസുരക്ഷക്കുള്ള സബ്സിഡി പിൻവലിക്കണം, താങ്ങുവിലയ്ക്ക് നൽകുന്ന സബ്സിഡി പിൻവലിക്കണം, പബ്ലിക് സ്റ്റോറേജ് സ്റ്റോക്ക് ഹോൾഡിങ്ങിൽനിന്ന് ഇന്ത്യയിലെ ബി.ജെ.പി സർക്കാർ മാറിനിൽക്കണം എന്നിവയാണ് അവരുടെ ആവശ്യങ്ങൾ. അതിനെ പ്രതിരോധിക്കാൻ ഇവിടത്തെ സർക്കാറിന് കഴിയുന്നില്ല എന്നതുകൂടിയാണ് വിഷയം.
ഇപ്പോൾ വിവാദമായ ഈ മൂന്ന് നിയമങ്ങളുടെ കാര്യം തന്നെ എടുത്താൽ, ഇത് വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽനിന്ന് നിരന്തരം വരുന്ന സമ്മർദംകൊണ്ടുകൂടി സംഭവിക്കുന്നതാണ്. ബി.ജെ.പി മുതിർന്ന നേതാവും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും ആയിരുന്ന ശാന്തികുമാർ 2016ൽ നിയമിച്ച ഒരു കമീഷൻ മുന്നോട്ട് വെച്ച മൂന്ന് ആശയങ്ങൾ ആണ് പിന്നീട് 2020 ജൂണിൽ ഓർഡിനൻസ് ആയിട്ട് വരുന്നത്. രാജ്യം ഭരിക്കുന്ന ഒരു സർക്കാറിെൻറ ഇച്ഛാശക്തിയുടെ ഒരു വിഷയംകൂടി ഇവിടെ ചർച്ച ആവേണ്ടതുണ്ട്. അത് സർക്കാർ ആരുടെ കൂടെ നിൽക്കും എന്നതാണ്. കർഷകരുടെ ഒപ്പം നിൽക്കണോ അതോ വൻകിട കുത്തകകൾക്ക് ഒപ്പം നിൽക്കണോ എന്നതാണ് ബി.ജെ.പി സർക്കാറിെൻറ പ്രധാന പ്രശ്നം. കർഷകർക്കൊപ്പം നിന്നാൽ ലാഭം ഉണ്ടാകില്ലെന്ന് തോന്നുന്നതുകൊണ്ട് അവർ കോർപറേറ്റുകൾക്കൊപ്പം നിൽക്കുന്നു. ഗുജറാത്തിലെ കർഷകർ 2016ൽ തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്, അത് ഇങ്ങനെ ആണ്: ''ഇത് ഗുജറാത്ത് മോഡൽ ഒന്നുമല്ല, ഇത് മോദിയും അദാനിയും അംബാനിയും ചേർന്ന് നടത്തുന്ന ഒരു മൊദാനി മോഡൽ ആണ്. കോർപറേറ്റ് കൊള്ളക്കാർക്ക് വേണ്ടിയുള്ള ഒരു മോഡൽ ആണ്.'' അവർ അതിന് വേണ്ടിയുള്ള നയങ്ങളാണ് ഈ രാജ്യത്തിനകത്ത് നടപ്പാക്കുന്നത്.