‘ആ ഞണ്ടുകളുടെ അവസ്ഥയാണ് എന്റെ സമൂഹത്തിന്’: വിനു കിടച്ചുലൻ സംസാരിക്കുന്നു
വയനാട്ടിലെ ഗോത്രസമൂഹത്തില്നിന്ന് ഉയർന്നുവന്ന സംഗീതകാരനാണ് വിനു കിടച്ചുലൻ. മലയാള സിനിമയിൽ പാട്ടുകൾക്ക് സംഗീതമൊരുക്കുന്ന അദ്ദേഹം തന്റെ ജീവിതത്തെയും കലയെയും സംഗീതത്തെയും പറ്റി സംസാരിക്കുന്നു.വയനാട്ടിലെ പണിയ ഗോത്രവിഭാഗത്തില്‍നിന്നു സംഗീതലോകത്തിലേക്കു രാഷ്ട്രീയബോധ്യത്തോടുകൂടി തന്നെ ഉയര്‍ന്നുവന്ന കലാകാരനാണ് വിനു കിടച്ചുലന്. സ്കൂളുകളില്‍ തന്റെ വിഭാഗത്തിലെ പാട്ടുകള്‍ പാടാന്‍ വേദിയില്ല എന്നു മനസ്സിലാക്കിയപ്പോള്‍...
Your Subscription Supports Independent Journalism
View Plansവയനാട്ടിലെ ഗോത്രസമൂഹത്തില്നിന്ന് ഉയർന്നുവന്ന സംഗീതകാരനാണ് വിനു കിടച്ചുലൻ. മലയാള സിനിമയിൽ പാട്ടുകൾക്ക് സംഗീതമൊരുക്കുന്ന അദ്ദേഹം തന്റെ ജീവിതത്തെയും കലയെയും സംഗീതത്തെയും പറ്റി സംസാരിക്കുന്നു.
വയനാട്ടിലെ പണിയ ഗോത്രവിഭാഗത്തില്‍നിന്നു സംഗീതലോകത്തിലേക്കു രാഷ്ട്രീയബോധ്യത്തോടുകൂടി തന്നെ ഉയര്‍ന്നുവന്ന കലാകാരനാണ് വിനു കിടച്ചുലന്. സ്കൂളുകളില്‍ തന്റെ വിഭാഗത്തിലെ പാട്ടുകള്‍ പാടാന്‍ വേദിയില്ല എന്നു മനസ്സിലാക്കിയപ്പോള്‍ അതിനുവേണ്ടി സമരംചെയ്ത് വേദി പിടിച്ചെടുത്തയാള്‍. തുടിയും ചീനയും അടക്കമുള്ള ഗോത്രവാദ്യ ഉപകരണങ്ങള്‍ തന്റെ പണിയവിഭാഗത്തിന്റെ സ്വത്വജീവിതം സംരക്ഷിക്കാൻ വേണ്ടി സംഗീതത്തില്‍ വിനു കിടച്ചുലന് ഉപയോഗിക്കുന്നു. അതിനോടൊപ്പം കീ ബോര്‍ഡും ഗിത്താറും പഠിച്ചെടുത്തു. തന്റെ വിലാസം വയനാട്ടിലെ എച്ചോം കോളനിയില്‍ അല്ല, മറിച്ച് തന്റെ ഗോത്രകുലങ്ങളില് ആണെന്ന് മനസ്സിലാക്കി തന്റെ ടി ഷര്‍ട്ടില്‍ കിടച്ചുലൻ എന്ന പേര് എഴുതി നടന്നു. അേദ്ദഹം താൻ നടന്ന സംഗീതത്തിന്റെയും സിനിമയുടെയും ജീവിതത്തിന്റെയും രാഷ്ട്രീയവഴികളെക്കുറിച്ച് സംസാരിക്കുന്നു.
ആദിവാസികൾക്കു നേരെയുള്ള വംശീയതകൾക്ക് എതിരെക്കൂടി നിന്നുവേണം കിടച്ചുലന് കലാകാരനായി മുന്നോട്ടുപോകാന്‍. അതുപോലെ ഗോത്രഭാഷകളിലെ പാട്ടുകള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും. എങ്ങനെയാണ് ഇത്തരത്തിലുള്ള സംഗീതവഴിയിലേക്ക് കിടച്ചുലൻ എത്തിച്ചേരുന്നത്?
സംഗീതത്തിന്റെ വഴിയില്‍ എത്തിയത് ഞങ്ങളുടെ തനതു പാട്ടുകളും ചൊല്ലുകളും വായ്ത്താരികളും കേട്ടിട്ടാണ്. വയനാട്ടിലെ ഗോത്രങ്ങള്‍ക്ക് സ്വന്തം ഭാഷയുണ്ട്, ഭാഷയില്‍ രസകരമായ കഥകളും പാട്ടുകളുമുണ്ട്. എന്നെ മൂന്നാം വയസ്സുമുതല്‍ എടുത്തുവളര്‍ത്തിയത് അമ്മമ്മയാണ്. സ്കൂളില്‍ ചേര്‍ത്തതും പഠിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തുതന്നതും അമ്മമ്മയാണ്. അവർ പഴയ പാട്ടുകള്‍ പാടിത്തരും. ഡാൻസ് കളിക്കുമ്പോഴും നാട്ടി നടുമ്പോഴുമൊക്കെയുള്ള അനവധി പാട്ടുകള്‍ അമ്മമ്മ പാടിത്തരുമായിരുന്നു. ഞാന്‍ ഈ പാട്ടുകള്‍ സ്കൂളുകളിൽ പാടും. ‘‘അപ്പയോട് കോളി മരം കൊത്തി കൊത്തി ചായ്ഞ്ചു’’ തുടങ്ങിയ പാട്ടുകളാണ് ഞാന്‍ കേട്ടിട്ടുള്ളത്. ലളിതഗാനങ്ങളും ശാസ്ത്രീയ സംഗീതങ്ങളും ഒന്നും അറിയാത്തതുകൊണ്ട് കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാതായിട്ടുണ്ട്. അങ്ങനെ കാഴ്ചക്കാരനായി, കൈ കൊട്ടി പ്രോത്സാഹിപ്പിക്കാൻ മാത്രം ഇരിക്കുന്ന ഒരാളായി സ്വയം എനിക്കു തോന്നിയിട്ടുണ്ട്. പിന്നെ ഇവിടെ, വയനാട്ടില്‍ നടവയലില്‍ ‘കനവ്’ എന്ന സ്ഥാപനം വന്നു. 1996ൽ ‘തുടി’ എന്ന മറ്റൊരു സ്ഥാപനം വന്നു. അവര്‍ ഞങ്ങളെ അങ്ങോട്ട് ക്ഷണിച്ചു. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും വ്യക്തി-സാമൂഹിക വികാസത്തിനും വേണ്ടിയുള്ള പരിപാടികൾ അവര്‍ ചെയ്തു. സ്കൂള്‍ പഠനങ്ങള്‍ക്കുപരി ഈ സ്ഥാപനങ്ങളിലൂടെ പാട്ടുകള്‍ പാടാന്‍ തുടങ്ങി. ഈ പാട്ടുകളെ നാടന്‍പാട്ടുകള്‍ എന്നു പറയാന്‍ പറ്റില്ല. ഇതെന്റെ ലൈഫ് ആണ്. ഞാന്‍ പാട്ടുകളുടെയും കഥകളുടെയും നാടകങ്ങളുടെയും വഴിക്കു നീങ്ങിത്തുടങ്ങി. ഈ സ്ഥാപനങ്ങളില്‍ എന്നെപ്പോലുള്ള വിദ്യാർഥികള്‍ വെസ്റ്റേണ്‍ ഇന്സ്റ്റ്ട്രുമെന്റ്സ് ആയ ഗിത്താര്‍, കീ ബോര്‍ഡ്, റിഥം ജാസ് ഡ്രം തുടങ്ങിയ ഉപകരണങ്ങള്‍ പഠിക്കാന്‍ തുടങ്ങി. എനിക്കു വലിയ ആഗ്രഹമുള്ളതുകൊണ്ട് ഈ ക്ലാസുകളൊന്നും മുടക്കുമായിരുന്നില്ല. പിന്നെയാണ് ആദിവാസി എന്ന രീതിയില്‍ വംശീയമായി പുറംലോകം നമ്മളെ നോക്കിക്കാണുന്നതിനെക്കുറിച്ച് പഠിക്കുന്നത്. സ്കൂളില്‍ പഠിക്കുമ്പോള്‍ മറ്റ് സമുദായങ്ങളിലെ കുട്ടികള്‍ ‘‘പണിച്ചിക്കുണ്ടിയില് ഈച്ച കേറി എന്തുചെയ്യും വൈദ്യരെ? ചൂട് വെള്ളം കുറച്ചു കുറച്ചു ഒഴിച്ചാല്‍ മതി വൈദ്യരെ’’ എന്നും മറ്റും അധിക്ഷേപിക്കാനായി പാട്ട് പാടും. അന്ന് ഭയങ്കര നാണക്കേടും സ്കൂളില്‍ പോകാന്‍ മടിയും തോന്നിയിട്ടുണ്ട്. അത് എന്റെ പ്രായത്തിലുള്ള കുട്ടികള്‍ വെറുതെ പാടുന്നതല്ല. അത് അവരുടെ അപ്പനും അമ്മയും അവരെ പഠിപ്പിച്ചു വിട്ടതാണ്. അമ്മ എനിക്കു പാടിത്തന്ന ‘‘ആണ്ടിലേറെ കൊച്ചക്കാലേം കോഴിക്കാലേം’’ എന്നൊരു പാട്ടുണ്ട്. അതായത് ഞാറു നടുമ്പോഴും കിഴങ്ങ് എടുക്കാന്‍ പോകുമ്പോഴും പാടുന്ന കമ്പളപ്പാട്ട്. സ്ത്രീകള്‍ മാത്രം പാടി പുരുഷന്മാര് തുടി കൊട്ടുകയും ചെയ്യുന്ന പാട്ട്. ഈ പാട്ട് കേട്ടപ്പോള്‍ എനിക്കു രസകരമായി തോന്നി. അന്ന് അതിന്റെ ആശയമെന്താണ്, ഇതിവൃത്തം എന്താണ് എന്നു മനസ്സിലായിട്ടില്ല. ‘തുടി’ വന്നതോടെ എനിക്കു വേദി കിട്ടാന്‍ തുടങ്ങി. ഒറ്റക്ക് പെര്‍ഫോം ചെയ്യാനുള്ള അവസരം ഉണ്ടായി. ഈ സമയത്താണ് ഏറ്റവും ആദ്യം ഞാന്‍ ഈ പാട്ട് പാടുന്നത്. ആ പാട്ട് പാടുമ്പോള്‍ ഒത്തിരി പേര് ചിരിച്ചുവെങ്കിലും എന്റെ വല്യപ്പന്മാരും വല്യമ്മമാരും ഇരുന്ന് ആസ്വദിക്കുന്നത് കണ്ടിരുന്നു. എന്റെ ഭാഷയില്‍നിന്നുള്ള ഒരു പാട്ട് അവതരിപ്പിച്ചപ്പോള്‍ അവരുടെ ഉള്ളില്‍നിന്നുള്ള സന്തോഷം വേറെ കാണാന്‍ പറ്റും. പിന്നീട് അമ്മ പാടിത്തന്ന പാട്ടുകള്‍ ഞാന്‍ എന്റെ രീതിയിലേക്ക് കൊണ്ടുവന്നു. ഒരു ആണ്ഞണ്ടും പെണ്‍ഞണ്ടും കൂടി കഥ പറയുന്ന രാഷ്ട്രീയമുള്ള പാട്ടാണ് അമ്മ പാടിത്തന്നത്. ആണ്ഞണ്ട് പറയും, ‘‘കുണ്ട് ഞാണ്ടേ കുണ്ട് ഞാണ്ടേ ആണ്ടിലി അരങ്ങാലീം കൊച്ചക്കാലീം...’’ അതായത് ആണ്ടില്‍ വരുന്ന പക്ഷിയും കൊച്ചക്കാലനും കോഴിക്കാലനും അരക്കു കെട്ടുള്ള പക്ഷികളും ഒക്കെ വന്നുനില്‍ക്കുന്നുണ്ട്. നിന്നെയാണോ എന്നെയാണോ എന്നറിയില്ല, അവര്‍ കൊത്തും. അതുകൊണ്ട് നീ ‘‘കുണ്ട് മാന്തി കുണ്ട് മാന്തി’’ കുണ്ടില്‍ ഒളിച്ചോളൂ “മണ്ണ് മാന്തി മണ്ണ് മാന്തി” മണ്ണില്‍ ഒളിച്ചോളൂ എന്നു പറയുന്നതാണ് ആ പാട്ട്. ആണ്ഞണ്ടും പെണ്‍ഞണ്ടും തിരിച്ചും മറിച്ചും ഈ പാട്ട് പാടുന്നുണ്ട്. അപ്പോള്‍ ഒരു കാക്ക വന്ന് നെഞ്ചില്‍ കൊത്തി നിങ്ങളുടെ നെഞ്ചിലെ നെയ്നീര് ഞാന്‍ കുടിക്കും, എന്നിട്ട് പപ്പും തോടുമൊക്കെ ഞാന്‍ ബാക്കിയുള്ളവര്‍ക്ക് ഇട്ടുകൊടുക്കും എന്നു പറയും. കാലങ്ങളായി എന്റെ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും നേര്‍ചിത്രമാണ് ഈ പാട്ട്. ഈ ഞണ്ടുകളുടെ അവസ്ഥയാണ് എന്റെ സമൂഹത്തിന്. പച്ചയായ സംഗീതമാണിത്. കാരണം വേറെ ചേരുവകള്‍ ഇല്ല. ഈ സംഗീതം എങ്ങനെ ആളുകളിലേക്ക് എത്തിക്കണം എന്നതായിരുന്നു എന്റെ ചിന്ത. ഈ പാട്ടുകള്‍ സമൂഹങ്ങളില്‍ പാടിയാല്‍ പച്ചയായ സംഗീതം ആളുകളിലേക്ക് എത്തിക്കാന്‍ പറ്റും. മറ്റൊന്ന് ഞങ്ങളുടെ തനതായ ഭാഷ നിലനിര്‍ത്താന്‍ പറ്റും. ഭാഷ നിലനില്ക്കുമ്പോള് ഒരു കുലം നിലനിൽക്കും. ഇതാണ് എന്നെ ഗോത്രസംഗീത വഴിയിലേക്ക് എത്തിച്ചത്.
ഗോത്രസംഗീതത്തില് ജൈവികമായ ജീവിതത്തില്‍നിന്നുള്ള സകല ജീവജാലങ്ങളുടെയും കഥകളുണ്ട്. മനുഷ്യരോടൊപ്പം മറ്റ് ജീവജാലങ്ങളെയും കൂടെക്കൂട്ടുന്ന പാട്ടുകള്‍. അതിനെക്കുറിച്ച് പറയാമോ?
ഞണ്ട് തന്നെ... പലതരത്തിലുള്ള ഞണ്ടുകള്‍ ഉണ്ട്. ചെറിയ ചെറിയ അനേകം കാട്ടുചീരകളുണ്ട്. മരുന്നുകളുണ്ട്. ഇതൊക്കെ ഞങ്ങളുടെ പാട്ടുകളില്‍ പഴയ തലമുറ ഉണ്ടാക്കിവെച്ച വരികളില്‍ പറയുന്നുണ്ട്. അവയൊക്കെ എഴുതാന്‍ ബുദ്ധിമുട്ടായതുകൊണ്ടാകാം ഈ ഒരു ഈണത്തിലൂടെയും വാമൊഴികളിലൂടെയും അവര്‍ പിടിച്ചുവെച്ചത്. ‘‘ആണ്ടിലെ അരനാരീം കൊച്ചക്കാലീം കോഴിക്കാലീം” ആണ്ടില്‍ വരുന്ന അരക്കു നാരുള്ള പക്ഷികളും കൊക്കിന്റെ കാലുള്ളവനും കോഴിയുടെ കാലുള്ളവനും ഇത്തരത്തിലുള്ള പഴയ വാക്കുകള്‍ നമുക്ക് ഈ പാട്ടുകളിലൂടെ കിട്ടിയിട്ടുണ്ട്. ഇപ്പോഴത്തെ ആളുകള്‍ ഞണ്ട് എന്നാണ് പറയുക. ‘നെണ്ട്’ എന്നാണ് ശരിക്കും ഗോത്രവിഭാഗങ്ങളിലെ പഴയ ആളുകള്‍ പറയുക. ഈ നെണ്ട് എന്നു പറയുന്നതു കുണ്ടി ഞണ്ട് ഉണ്ട്, കൊച്ചു ഞണ്ട്, പാല് ഞണ്ട്, കരി ഞണ്ട്, പാറ ഞണ്ട് ഇങ്ങനെ വിവിധതരങ്ങള്‍ ഉണ്ട്. പിന്നെ നൂഞ്ചി എന്ന നമ്മള് ഞവുണിക്ക എന്നുപറയുന്ന സാധനം ഉണ്ട്. തോടൈ, കോയിമ്മേ, പാറേലും പരലും മുയ്യ്, കടുവെ, ചക്കമുള്ളൈ, ആരെലു തുടങ്ങിയ മീനുകളുടെ പേരുകള്‍. ഇവയൊക്കെ കുറിച്ചുള്ള വിവരങ്ങളും അറിവുകളും നമുക്ക് പാട്ടുകളിലൂടെയാണ് കിട്ടുന്നത്. ‘‘കീരു കീരു കിരെയിഞ്ചോ/കിണ്ടാംകിരീ പോലെ കുഞ്ചുമ്പെ കുണ്ടുപാടിയെ/പറെ പറെ പറിച്ചെനെ പാറലെ/കുയലന കോറെകെട്ടി കൊടുത്തവളു/കൊട്ടെക്കായു കറുകറെ കാവെലെ/മിരിയന കോട്ടുപല്ലും വീന്താണ്ടാ.’’ (കീർ കീർ കരയുന്നുണ്ട് ചീവീട്പ്പോലെ കുന്നുമേലെ കുടിയേറ്റക്കാരൻ/ പറ നിറയെ പറിച്ചത് കുഴലൂതുന്ന കാമുകന് മാറാപ്പ് കെട്ടി കൊടുത്തവൾ/കൊട്ടപ്പഴം പഴുത്ത്/ കറുകറുത്തപ്പോൾ കാവലൻ മുത്തന്റെ പല്ലെല്ലാം കൊഴിഞ്ഞല്ലോ)
ഈ പാട്ടില്‍ ഞങ്ങളുടെ പഴയ പണിയ ഗോത്രഭാഷയുണ്ട്. ഇങ്ങനെയുള്ള പഴയ വാക്കുകള്‍ ഇപ്പൊഴും ആ പാട്ടുകളില്‍ നിലനില്‍ക്കുന്നുണ്ട്. മീനുകളുടെ ഒരു പാട്ടുണ്ട്.
‘‘കെട്ടുകെട്ടാളി കെട്ടാളിമാരെ/എന്നെ വോറെ കെട്ടുമി/അവനെ വോറെ കെട്ടുമി/എന്നെയുട്ടു അവനെയുട്ടു/ഒഞ്ചൊഞ്ചെ കെട്ടുമി.’’ ഈ ഒരു പാട്ടില്‍ മീനുകളുടെ ദയനീയാവസ്ഥയും സാഹോദര്യവും ആണ് കിട്ടുക. നമ്മള് മനുഷ്യരുടെ സങ്കടങ്ങളും വേദനകളും പറയാനും പാടാനും മാത്രമാണ് ഇപ്പോഴത്തെ കഥകളിലൂടെയും പാട്ടുകളിലൂടെയും പറ്റുക. പക്ഷേ, ഞങ്ങളുടെ അമ്മമ്മമാരും അമ്മമാരുമൊക്കെ മീനുകളുടെ അവസ്ഥ എന്താണെന്ന് പറയാനുള്ള മനസ്സ് കാണിച്ചിട്ടുണ്ട്. മുകളിലെ പാട്ട് നമ്മള് മീന്‍പിടിക്കാൻ പോകുന്ന സമയത്ത് രണ്ടു വലിയ മീനുകള്‍ തമ്മില്‍ പരസ്പരം സംസാരിക്കുകയാണ്. ചിറകെട്ടാന്‍ വരുന്ന ആളുകളെ, നിങ്ങള്‍ ഞങ്ങളെ പിടിക്കുകയാണെങ്കില്‍ എനിക്കു വേറെ ചിറ കിട്ടണം അവന് വേറെ ചിറ കെട്ടണം. എന്നിട്ട് നിങ്ങള്‍ ഞങ്ങളെ ഒരുമിച്ച് പിടിക്കണം, രണ്ടു ചിറയില്‍ നിന്നും രണ്ടു പേരെയും ഒരുമിച്ച് പിടിക്കണം. അല്ലാതെ പിടിക്കരുത്. അത് പോലെ ഞങ്ങളുടെ കുഞ്ഞുങ്ങളെ മുഴുവന്‍ വെറുതെ വിടണം. അവരെ ജീവിക്കാന്‍ അനുവദിക്കണം. എന്നിട്ട് നിങ്ങള്‍ ഞങ്ങളെ പിടിച്ചോളൂ. ഇത്തരത്തിലുള്ള സകല ജീവജാലങ്ങളോടുമുള്ള ഒരു കരുതല്‍ ഈ പാട്ടുകളില്‍ ഉണ്ടായിരുന്നു. അത് പ്രകൃതിയോടുള്ള ആദരവായിരുന്നു. കുളിക്കില്ല നാണിക്കില്ല എന്ന് ഇപ്പൊഴും പണിയരെ കളിയാക്കിക്കൊണ്ടിരിക്കുന്ന, മറ്റൊരു കണ്ണിലൂടെ കാണുന്ന പൊതുസമൂഹത്തിനോടു പറയാനുള്ളത്, ഇതാണ് ഞങ്ങള്‍ എന്നാണ്.
ഗോത്രവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ പൊതു വിദ്യാലയങ്ങളിലെത്തുമ്പോള്‍ പലതരം സംഘര്‍ഷങ്ങളിലും പെടാറുണ്ട്. കിടച്ചുലന് സ്വന്തം പാട്ടുകള്‍ പാടുവാന്‍ സ്കൂളില്‍ വേദി കിട്ടിയിരുന്നോ?
എന്നെ ആകപ്പാടെ നന്നായി നോക്കിയ ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. അക്ഷരം പഠിപ്പിച്ച ആലീസ് ടീച്ചർ. പിന്നെ ഒരു പുഷ്പ ടീച്ചര്‍. ഞാന്‍ ഒരു ആദിവാസി ആണെന്ന് അറിഞ്ഞുതന്നെ വിളിച്ചിരുത്തി പഠിപ്പിച്ച ടീച്ചര്‍മാരായിരുന്നു അവര്‍. എന്നും ക്ലാസില്‍ വരണം എന്നു പറഞ്ഞുകൊണ്ടിരുന്ന ടീച്ചര്മാര്. ട്രൗസറും ഷര്‍ട്ടും കണ്ടു, ഞാന്‍ കൊണ്ടുപോകുന്ന ഭക്ഷണം കണ്ടു മറ്റ് കുട്ടികള്‍ എന്നെ മാറ്റിനിര്‍ത്തുമായിരുന്നു. സ്കൂളിലെ വൈകുന്നേരങ്ങളില്‍ അടിച്ചുവാരല്‍, ക്ലാസ് റൂം വൃത്തിയാക്കള്‍, ചോക്ക് എടുക്കാന്‍ ഒാടിക്കല്‍, ഇത്തരത്തിലുള്ള പണികളെല്ലാം എനിക്കായിരുന്നു. അല്ലാതെ മറ്റൊരു പരിഗണന എനിക്കു കിട്ടിയിട്ടില്ല. അത് മുന്‍ബെഞ്ചില്‍ എ പ്ലസ് വാങ്ങിക്കുന്ന കുട്ടികള്‍ക്കാണ്. നമ്മളെപ്പോഴും നാലാമത്തെയോ അഞ്ചാമത്തെയോ ബെഞ്ചില്‍ ആയിരുന്നു ഇരുന്നു പഠിച്ചത്. പക്ഷേ ഇത്തിരി നന്നായി പഠിക്കുന്നതുകൊണ്ടാകാം എന്നോടു നന്നായി ചോദ്യങ്ങൾ ചോദിച്ചിരുന്നു. ആലീസ് ടീച്ചറിനെ പോലുള്ള ആളുകള്‍ നന്നായിട്ടു സഹായിച്ചിട്ടുമുണ്ട്. സ്കൂള്‍ കലോത്സവവേദിയില്‍ ആദ്യമായി ഞാന്‍ പാട്ടിനല്ല പങ്കെടുത്തത്. നാടകത്തിനാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍. നാടകത്തിനല്ലാതെ പാട്ടിനോ ഡാന്‍സിനോ ഞാന്‍ പങ്കെടുത്തിട്ടില്ല. പാട്ട് പഠിപ്പിക്കാനൊന്നും ആരും തയാറായില്ല എന്നതാണു വാസ്തവം. പിന്നീട് ഈ നാടന്‍പാട്ടുകള്‍ സ്കൂള്‍ കലോത്സവ വേദികളില്‍ കൊണ്ടുവരണം എന്നു പറഞ്ഞു സമരംചെയ്ത ആളാണ് ഞാന്‍. അങ്ങനെ വന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ അവസരമുണ്ടാകും. അതിനുശേഷം നാടന്‍പാട്ടുകള്‍ നമ്മുടെ സ്കൂളുകളില്‍ മത്സര ഇനം ആക്കി. വയനാട്ടിലെ സ്കൂളുകളില്‍നിന്നും വയനാട്ടിലെ പുറത്തുള്ള സ്കൂളുകളില്‍നിന്നും പണിയരുടെ പാട്ടുകളിലൂടെ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് വരെ ഞാന്‍ വാങ്ങിച്ചുകൊടുത്തിട്ടുണ്ട്. പണിയരുടെ ഭാഷയിലുള്ള പാട്ടുകള്‍ പിന്നീട് കുട്ടികള്‍ പഠിക്കാന്‍ തുടങ്ങി. ഇത് ഇപ്പോഴുള്ള കുട്ടികള്‍ പാടേണ്ടത് അത്യാവശ്യമാണ്. ഈ പാട്ടിലൂടെ അവര്‍ പൂര്‍വികരെ മനസ്സിലാക്കുകയാണ്. പൂർവികരുടെ ജീവിതം മനസ്സിലാക്കും. അന്ന് പ്രകൃതിയെ സംരക്ഷിച്ചുപോന്നു എന്നത് മനസ്സിലാക്കും.
ഗോത്രവിഭാഗങ്ങളുടെ വാദ്യോപകരണങ്ങൾക്കും പൊതു സമൂഹത്തില്‍ ഒരു അപ്രഖ്യാപിതമായ വിലക്കുകള്‍ ഉണ്ട്. പക്ഷേ, കിടച്ചുലൻ ഗോത്ര വാദ്യോപകരണങ്ങളുടെ കൂടെ വെസ്റ്റേണ്‍ ഇന്‍സ്ട്രുമെന്റ്സും പഠിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ബോധപൂര്‍വമുള്ള ശ്രമം?
കാലങ്ങളായി ഗോത്രവിഭാഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഇന്‍സ്ട്രുമെന്റ് തുടിയാണ്. തുടിക്ക് ഏത് കാവിലും കയറിച്ചെല്ലാനുള്ള അവകാശമുണ്ട്. തുടി ഉണ്ടാക്കുന്നത് കുമിള്‍ എന്ന മരംകൊണ്ടാണ്. അതിന്റെ തോല് കുരങ്ങിന്റെ തോലാണ്. കുരങ്ങിനെ കൊന്നിട്ട് അല്ല തോല് എടുക്കുന്നത്. ചത്ത കുരങ്ങിന്റെ തോല് എടുത്താണ് തുടി ഉണ്ടാക്കിക്കൊണ്ടിരുന്നത്. പക്ഷേ, ഇപ്പോള്‍ കുരങ്ങിന്റെ തോല് കൊണ്ടുണ്ടാക്കുന്ന തുടിക്ക് ക്ഷേത്രത്തില്‍ അയിത്തമാണ്. പശുവിന്റെ തോലുകൊണ്ടുണ്ടാക്കുന്ന ചെണ്ടക്ക് ക്ഷേത്രത്തില്‍ കയറാം. പണിയന്റെ തനതു വാദ്യോപകരണം ക്ഷേത്രപരിസരത്ത് കയറ്റാന്‍ പറ്റില്ല. അവന്റെ ചീന ക്ഷേത്രപരിസരത്ത് കയറ്റാന്‍ പറ്റില്ല. അത് ആ ഇന്സ്ട്രുമെന്റിനോടുള്ള അയിത്തമല്ല. ആദിവാസിയോടുള്ള വംശീയവിദ്വേഷമാണ്. പണിയര്‍ എന്ന വിഭാഗത്തിനോടുള്ള അയിത്തമാണ്. തുടി പണിയരുടെ തനതായ വാദ്യോപകരണമാണ്. ഞാന്‍ തുടി ഉപയോഗിക്കുന്നത് എന്റെ പാട്ടുകള്‍ കൊട്ടിപ്പാടാനും ആചാരാനുഷ്ഠാന കര്‍മങ്ങൾ ചെയ്യുന്നതിനും വേണ്ടിയാണ്. എന്റെ ശബ്ദം പുറത്തേക്ക് ഉയര്‍ത്താൻ വേണ്ടിയാണ്. എന്റെ ആരവങ്ങള്‍ മുഴക്കുന്നതിനും ഒരു കമ്യൂണിറ്റിയെ കൂട്ടിച്ചേര്ക്കുന്നതിനുവേണ്ടിയുമാണ്. പക്ഷേ, ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ വിനു കിടച്ചുലന് തുടി മാത്രമല്ല ഉപയോഗിക്കേണ്ടത്. എനിക്കു ഗിത്താര്‍ ഉപയോഗിക്കണം. കീ ബോര്‍ഡ് ഉപയോഗിക്കണം. ഡ്രംസ് ഉപയോഗിക്കണം. വെസ്റ്റേണ്‍ ഇന്‍സ്ട്രുമെന്റ്സ് എല്ലാം ഉപയോഗിക്കണം. അത് ഉപയോഗിച്ചില്ലെങ്കില്‍ ഇന്ന് ഞാന്‍ ഞാനല്ല. തുടി, ചീന എല്ലാം എന്റെ സ്വത്തമാണ്. അത് മുറുകെ പിടിച്ച് വര്‍ത്തമാന കാലത്ത് ഞാന്‍ വെസ്റ്റേണ്‍ ഇന്‍സ്ട്രുമെന്റ്സ് ഉപയോഗിച്ച് ‘ഫ്രീക്കന്‍’ ആകണം. എനിക്കു പുറംലോകം കാണണം. എന്റെ കുഞ്ഞുങ്ങൾക്കും പുറംലോകം കാണണം. പുറംലോകം കാണണമെങ്കില്‍ എന്റെ സ്വത്വത്തിലുള്ള ഇന്സ്ട്രുമെന്റ്സിനോടൊപ്പം വെസ്റ്റേണ്‍ ഇന്‍സ്ട്രുമെന്റ്സ് ഉപയോഗിച്ച് എന്റെ പാട്ട് എന്റെ ശബ്ദത്തിലൂടെ പാടണം. മറ്റ് ആളുകളൊക്കെ നമ്മുടെ താളങ്ങളും ഈണങ്ങളും എടുത്ത് അവരുടെ ഭാഷയില്‍ പാട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഡപ്പാം കൂത്ത് എന്നത് ശരിക്കും ഞങ്ങളുടെ തുടി താളത്തിലുണ്ട്. ‘അവന് പണിയന് ആണ്. അവനെക്കൊണ്ട് ഒന്നിന്നും കൊള്ളില്ല. അവന് കട്ട ചുമക്കാന്‍ മാത്രം അറിയാം’ എന്നു പറയുന്ന മറ്റ് ആളുകളുണ്ട്. ഞാന്‍ അതല്ല, വെറും പണിയന് മാത്രമല്ല എന്നു തെളിയിച്ച് കൊടുക്കാന്‍ വേണ്ടിയാണ് മറ്റ് ഇന്‍സ്ട്രുമെന്റ്സ് ഉപയോഗിക്കുന്നത്. ഈ സമൂഹത്തില്‍ രണ്ടു കാലുകളും ഉറപ്പിച്ച് നിർത്താൻവേണ്ടി എനിക്ക് ഇതൊക്കെ മുറുകെ പിടിച്ചേ പറ്റൂ. എന്റെ സ്വത്വം മുറുകെ പിടിച്ചു ഈ ആധുനിക ജീവിതത്തിലൂടെയും സംഗീതത്തിലൂടെയും മുന്നോട്ടുപോകും. അതുകൊണ്ടുതന്നെയാണ് കീ ബോര്‍ഡും ഗിത്താറുമൊക്കെ പഠിക്കാനുള്ള കാരണം. ഇതൊക്കെ വെച്ചുഒരു വലിയ ഫ്യൂഷന്‍ ചെയ്യണം എന്ന ആഗ്രഹം ഉണ്ടെനിക്ക്. എന്റേതായ പാട്ടുകള്‍ പാടാനുള്ള വേദി ഉണ്ടാക്കണം. കാരണം ഇപ്പോഴത്തെ കുട്ടികള്‍ ആസ്വദിക്കുന്നതും ഇത്തരം സംഗീതം ആണ്. ഇത് പാടുമ്പോഴും അതിന്റെ ഉള്ളില്‍ എപ്പോഴും ഒരു തുടിതാളം ഇങ്ങനെ മുഴങ്ങിക്കേട്ടുകൊണ്ടേ ഇരിക്കും. ഇതാണ് എന്റെ ഒരു സംഗീതവഴി. ഞാന്‍ ഇതില്‍ നോക്കിക്കാണുന്നത് എന്റെ രാഷ്ട്രീയമാണ്. ഈ സംഗീതം എന്റെ രാഷ്ട്രീയം ആണ്.
ജൈവിക ജീവിതവും ജീവജാലങ്ങള്ക്കൊപ്പമുള്ള കമ്യൂണിക്കേഷനുമൊപ്പം രാഷ്ട്രീയപരമായ ഉൾക്കാഴ്ചകളും അടിമത്തത്തിനെതിരെയുള്ള പൊട്ടിത്തെറികളും പണിയരുടെ പാട്ടുകള്‍ക്കുണ്ട്..?
ഞങ്ങളുടെ സമുദായത്തില്‍ പാട്ടുകളും കഥകളും ചൊല്ലുകളുമുണ്ട്.
‘‘അപ്പെയുളു കോളിമര കൊത്തി കൊത്തി ചായ്ഞ്ചു/അമ്മെയുളു കുണ്ടുകണ്ട നട്ടു നട്ടു ചായ്ഞ്ചു/ചൂച്ചിന കയ്യുമ്പെ വളെയിറുങ്കി പോയ/അറെഞ്ചൂരിനോക്കുത്തെലും കൂടാ/കുത്തിയൂരി നോക്കുത്തെലും കൂടാ.’’ (അപ്പൻ കോളി മരം കൊത്തി കൊത്തി മരിക്കുകയാണല്ലോ/അമ്മ കുഴിക്കണ്ടം നട്ടു നട്ടു ചാവുകയാണല്ലോ/കുഞ്ഞിന്റെ കൈയിൽ വളയിറുങ്ങി പോയി/അടിച്ച് ഊരാനും പറ്റില്ല/കുത്തി ഊരാനും പറ്റില്ല/ വലിച്ചൂരാനും പറ്റില്ല)ഇങ്ങനെയുള്ള പാട്ടുകള്‍ രസകരങ്ങളായ കഥകളാണ്
തോമലാടികുടത്തിലി നായൂ തൂറി പണിയ/ചെത്തെടാ പണിയാ കോരടാ പണിയാ/ഇല വെച്ച പണിയ തടവെച്ചോ പണിയാ/ഇത്തിരി ചോറുണ്ടു പണിയാ/ഇത്തിരി കറിയുണ്ടു പണിയാ... ഈ പാട്ടുകള്‍ നമ്മുടെ ആളുകള്‍ പാടും. ഇവര്‍ കൂട്ടമായി ഇരിക്കുമ്പോള്‍ ഇപ്പൊഴും പാടാറുണ്ട്. അതായത് ഒരു മരത്തിന്റെ അടിയില്‍ നായ തൂറിയിട്ടുണ്ട്, അത് കോരെടാ പണിയാ എന്നു ജന്മി പറയുന്നതായിട്ട് അർഥം ഉള്ള പാട്ടാണ്.
‘‘പാപ്പാത്തി മിച്ചാത്തു പോക്കെ ചത്തെനെ കണ്ടാണ്ടു/കയ്യു കൊണ്ടു വുളിക്കലോ/കാലുകൊണ്ടു വുളിക്കലോ/മുട്ടു നീട്ടിക്കളിക്കിഞ്ചവള പാറി വീന്തപെപ്പിലെമ്പെ/കുറുമ്പോക്കെ തുള്ളുത്ത/തപ്പെതാളു പീരങ്ങെ കൊല്ലെ കുത്തി നാരങ്ങെ” ജന്മികളെയൊക്കെ നമ്മുടെ ആളുകള്‍ പാപ്പ എന്നാണ് വിളിക്കുക. പാപ്പന്റെ ഭാര്യയെ പാപ്പത്തി എന്നാണ് വിളിക്കുക. പാപ്പത്തിയുടെ മുറ്റത്തു തവള ചത്തത് കണ്ടിട്ടു പണിക്കാരിയെ ജന്മിയുടെ ഭാര്യ അത് എടുത്തുകളയാന്‍ കൈകൊണ്ടും കാല് കൊണ്ടും വിളിക്കുകയാണ്. അത് അവള്‍ക്ക്, ജന്മിയുടെ ഭാര്യക്കു തന്നെ എടുത്തുകളഞ്ഞാല്‍ പോരേ എന്നാണ് ഈ പാട്ടില്‍ ചോദിക്കുന്നത്. ഇത്തരത്തിലുള്ള അമര്‍ഷങ്ങള്‍ ഉള്ള പാട്ടുകള്‍ ഉണ്ട്. ജന്മി/കുടിയേറ്റ/അടിമത്ത വ്യവസ്ഥയിലെ ഗോത്രവിഭാഗങ്ങളുടെ രോഷമാണ് ഈ പാട്ടിലൂടെ പുറത്തുവരുന്നത്.
‘‘കിട്ടെലു മഞ്ചിനെ കിടെക്കുംപോലെ/എന്നെ കിടെപ്പാ നോക്കണ്ട/പഞ്ചാംകാറനെ പറത്തുംപോലെ എന്നെ/പറത്തുവ നോക്കണ്ട/പീച്ചാംകത്തി പിരിഞ്ചുവീന്താ വീന്താ/അണ്ണെമൊട്ടെ മയങ്കി വീന്താ വീന്താ” (തുള്ളിക്കളിക്കുന്ന പക്ഷിയെ ഓടിക്കുംപോലെ എന്നെ ഓടിക്കാൻ നോക്കണ്ട/ നിറമുള്ള പക്ഷിയെ പറത്തുംപോലെ പറത്താൻ നോക്കണ്ട/ പീച്ചാത്തി കറങ്ങി കറങ്ങിയാ വീണത്/ചേട്ടൻ ചെക്കൻ (ആരുമാകാം) മയങ്ങി വീണു).
കാടും മനുഷ്യരും ജീവജാലങ്ങളും തമ്മിലുള്ള സംഭാഷണങ്ങള്‍ മാത്രമായിരുന്നു ഇതുപോലുള്ള പല പാട്ടുകളും. പിന്നെയുള്ള പേനാം പാട്ടുകളുടെ ഇടയിലും ഇത്തരത്തിലുള്ള സംഗതികള്‍ പറയാറുണ്ട്. പേനാം എന്നു പറഞ്ഞാല്‍ നിഴല്‍/ആത്മാവ് എന്നാണ് അർഥം. ഇത് ഒരു രാത്രിയും ഒരു പകലും ഇരുന്നു പാടുന്ന പാട്ടാണ്. ഈ പാട്ടില്‍ ഒരു വ്യക്തിയുടെ ജീവിതമാണ് മുഴുവനും പറയുന്നത്. ഞാന്‍ മരിക്കുകയാണെങ്കില്‍ ഞാന്‍ അനുഭവിച്ച കഥകളൊക്കെ ഈ പാട്ടിലൂടെ പറയും. ആത്മാവു പാടുന്ന പാട്ട് എന്നാണ് പേനാം പാട്ടിനെ പറയുന്നത്. ഈ പാട്ടുകളിലൂടെ ഞാന്‍ കേട്ടതില്‍ നല്ലവശങ്ങള്‍ കുറച്ചുമാത്രമേ ഉള്ളൂ. ബാക്കി എല്ലാം പീഡനങ്ങളാണ്. ‘‘ഞാന്‍ പീഡനങ്ങളിലൂടെ കടന്നുകൊണ്ടിരിക്കുകയാണ്. തീയിലൂടെയും നൂല്പാലത്തിലൂടെയും നടന്നുകൊണ്ടിരിക്കുകയാണ്’’ എന്നൊക്കെ അർഥം വരുന്ന പാട്ടുകളാണ്. ‘‘എന്റെ ഇടത്തും വലത്തും മുമ്പിലും ചുടല ഭദ്രകാളി ഉണ്ട്. എന്നെ ചങ്ങല ഇട്ടിട്ടു ആളുകള്‍ കൊണ്ടുനടക്കുകയാണ്.’’ അങ്ങനെ ഭീകരമായ അവസ്ഥകള്‍ പറയുന്ന പാട്ടാണ് പേനാം പാട്ട്. അടിമവ്യവസ്ഥയിലെ ജന്മിയുടെ പീഡനങ്ങള്‍തന്നെയാണ് വിവരിക്കുന്നത്. അതിന്റെ മറ്റൊരു ഭാഗത്ത് ഗോത്രജീവിതത്തിന്റെ സന്തോഷകരമായ വശങ്ങളും പറയുന്നുണ്ട്. ഈ പാട്ടുകള്‍ കൂടുതല്‍ വേദികളിലായി ഞാന്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ അടുത്താണ് പേനാംപാട്ട് ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചത്. അത് ഒരു പാട്ടും പറച്ചിലുമാണ്. ഇതൊക്കെ പുറത്തെത്തുമ്പോഴാണ് പണിയരുടെ സ്വത്വം പുറത്തേക്കു വരുന്നത്. ഇത് മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട പാട്ടാണ്. പക്ഷേ, അത് മാത്രമായി ആ പാട്ട് അവസാനിക്കരുത്. പണിയവിഭാഗത്തിലെ ഏഴാം പുല എന്ന മരണാനന്തര ചടങ്ങ് ഇപ്പോള്‍ ഇല്ല. ഇപ്പോള്‍ എല്ലാവരും തിരുനെല്ലിയില്‍ പോയി ചിതാഭസ്മം ഒഴുക്കുന്ന പരിപാടിയാണ്. മരണംവരെ ഹിന്ദുത്വം ആദിവാസികള്‍ക്കിടയില്‍ ഹൈജാക്ക് ചെയ്തുകഴിഞ്ഞു. തിരുനെല്ലിയില്‍ പോകുമ്പോള്‍ പണിയന്റെ ഇത്തരത്തിലുള്ള കഥകളും ചടങ്ങുകളും നഷ്ടപ്പെടുകയാണ്.
‘കിടച്ചുലൻ’ എന്ന കുടുംബപ്പേര് കൂടെ കൊണ്ടുനടക്കാന്‍ നിര്‍ബന്ധബുദ്ധിയുള്ള ആളാണ് വിനു. അതിനു സാമൂഹികപരമായ ആഴത്തിലുള്ള കാരണവുമുണ്ടെന്ന് പറയുന്നു. എന്താണ് കുടുംബപ്പേരിന്റെ പ്രാധാന്യം?
ഞങ്ങളുടെ കാര്‍ന്നവന്മാരെ അവരുടെ കുടുംബപ്പേരുകളില്‍, ഇല്ലപ്പേരുകളില്‍ വിളിക്കുന്ന ചൊല്ലുകള്‍തന്നെ പണിയവിഭാഗത്തിലുണ്ട്. അല്ലാതെ ‘‘നിങ്ങളിങ്ങോട്ടു വാ വല്യാപ്പ...’’ എന്നല്ല വിളിക്കുക. ഇല്ലപ്പേര് കൂട്ടി വിളിക്കും. കിടച്ചുലൻ എന്നത് അമ്മയുടെ കുടുംബപ്പേരാണ്. മണിയങ്കോടെ എന്നത് അപ്പന്റെ കുടുംബപ്പേരും. ഭാര്യയുടെ കുടുംബപ്പേര് മാങ്ങാണിയന് എന്നാണ്. അവരുടെ അമ്മയുടെ കുടുംബപ്പേരാണെങ്കില് അമ്പലിയന് എന്നും. അങ്ങനെ നൂറു കണക്കിനു കുടുംബപ്പേരുകളില്‍ അറിയപ്പെടുന്ന ഗോത്രവിഭാഗങ്ങള്‍ ഉണ്ട്. പക്ഷേ ഒരാളുടെപോലും അഡ്രസെന്നു പറയുന്നത് ഈ കുടുംബപ്പേരിലോ ഇല്ലപ്പേരിലോ അല്ല. ഞാന്‍ അറിയപ്പെടുന്നത് വിനു, തൂങ്ങാടി കോളനി എച്ചോം പി.ഒ എന്നാണ്. തൂങ്ങാടി എന്നത് വള്ളിയൂര്‍കാവ് ട്രസ്റ്റി എച്ചോം ഗോപിയുടെ തറവാട്ട് പേരാണ്. അയാള്‍ നായരാണ്. വയനാട്ടിലെ പണിയ കോളനികളൊക്കെ നിലനില്‍ക്കുന്നത് ക്രിസ്ത്യന്‍ കുടിയേറ്റത്തിന്റെ പേരില്‍ അല്ല. പഴയ നായര്‍-നമ്പൂതിരി വിഭാഗത്തില്‍പെട്ടവരുടെ, ജൈനരുടെ, വയനാടന്‍ ചെട്ടികളുടെ കുടുംബപ്പേരുകളിലാണ്. എന്തുകൊണ്ട് ഞാന്‍ എച്ചോം ഗോപിയുടെ വിലാസത്തില്‍ ജീവിക്കണം? ഞാന്‍ അയാളുടെ അടിമ ഒന്നുമല്ലല്ലോ. എനിക്കെന്തുകൊണ്ട് എന്റെ ഇല്ലപ്പേര് ഉപയോഗിച്ചുകൂടാ? ഞാന്‍ ഒന്നു രണ്ടു വര്‍ഷം ടീഷര്‍ട്ടിന്റെ മുകളില്‍ കിടച്ചുലൻ എന്നെഴുതി നടക്കുമായിരുന്നു. പല കളറുകളുള്ള ടീ ഷര്‍ട്ടുകളില്‍ ഫാബ്രിക് പെയിന്റുകൊണ്ട് ഞാന്‍ എന്റെ പേരെഴുതും. ഏച്ചോം സ്കൂളിലെ ഒരു ചിത്രകല അധ്യാപകന് ആണ് എനിക്കീ പേരുകള്‍ എഴുതിത്തരിക. അങ്ങനെയാണ് കിടച്ചുലൻ എന്ന് ആളുകള്‍ എന്നെ വിളിക്കാന്‍ തുടങ്ങിയത്. അത് ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന ഒരാളാണ് ഞാന്‍. ഇതുപോലെ ചാത്തലോടന്, അമ്പലിയന്, മാങ്ങാണിയന്, കാപ്പുമ്പൈ, തിലനോവേ ഇങ്ങനെ നൂറുകണക്കിനു ഇല്ലപ്പേരുകള്‍ ഉണ്ട്. ഈ പേരുകളില്‍ അറിയപ്പെടുന്ന കുറെയധികം കുളങ്ങള്‍ ഉണ്ട്. ഇതാണ് വയനാട്ടിലെ ഗോത്രവിഭാഗങ്ങളുടെ തനതു വിലാസം. ഫോണ്കാളുകളിലൂടെയും, വല്യമ്മമാരോടു ചോദിച്ചും നടന്നുപോയി അന്വേഷിച്ചുമൊക്കെയാണ് ഈ കുലങ്ങളെക്കുറിച്ച് ഞാന്‍ പഠിച്ചത്. നമുക്ക് പിതൃക്കളും മാതൃക്കളും ഉണ്ടെന്ന് അറിയണമെങ്കില്‍ ഇത്തരം കുടുംബപ്പേരുകള്‍ ഉണ്ടെന്ന് അറിയണം. മണിക്കുട്ടന് പണിയന്, രാജേഷ് അഞ്ചിലന്, അനില്‍ നരീക്കോടന്‍ എന്നീ കുറച്ചുപേര്‍ ഇങ്ങനെ കുടുംബപ്പേരുകളിലേക്ക് കടന്നുവന്നിട്ടുണ്ട്. ഇനി പുതിയ ഗോത്ര തലമുറ സ്വന്തമായി ഭൂമി വാങ്ങുമ്പോഴും അവരുടെ അഡ്രസുകള്‍ മാറ്റേണ്ടത് ഇങ്ങനെയാണ്. വയനാട്ടില്‍ ചുരം കേറിവരുമ്പോള്‍ ഒരു റിസോര്‍ട്ടിനു മുന്നില്‍ വലതുഭാഗത്ത് ആദിവാസികളായ രണ്ട് അമ്മമാരുടെ പ്രതിമകള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഒരാള്‍ ഇരിക്കുന്നതായും ഒരാള്‍ നില്‍ക്കുന്നതായുമുള്ള പ്രതിമകള്‍. ഞാന്‍ അതിനെ പ്രതിമയായിട്ടല്ല നോക്കിക്കാണുന്നത്. അവഹേളനം ആയിട്ടാണ് തോന്നിയിട്ടുള്ളത്. അതൊന്നുമല്ല ശരിക്കുമുള്ള ഞങ്ങള്‍. വയനാട്ടിലെ ആദിവാസികള്‍ പ്രതിമകളാണ് എന്നു ചുരം കേറി വരുന്നവര്‍ക്ക് കൊടുക്കുന്ന സൂചനയാണത്. ഒരു ജനതയെ നശിപ്പിക്കണമെങ്കില്‍ ആ ജനതയുടെ ചരിത്രം നശിപ്പിച്ചാല്‍ മതി എന്നു അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ചരിത്രം എന്നു പറഞ്ഞാല്‍ ഞങ്ങൾക്ക് കാടിനോട് ചേര്‍ന്ന് നട്ടുപിടിപ്പിച്ചിട്ടുള്ള ജീവിതമാണ്. ചുരം കയറിവരുമ്പോള്‍ കരിന്തണ്ടന്റെ ഓർമയില്‍ ഒരു ചങ്ങലമരം നില്‍ക്കുന്നുണ്ട്. കരിന്തണ്ടന്റെ കൈകളില്‍ തളച്ചിട്ട ചങ്ങല പൊട്ടിക്കണം എന്നു ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ചങ്ങല ബന്ധിച്ച ആ മരത്തെ നോക്കിക്കാണുന്നത് വയനാട്ടിലേക്ക് ചുരം കയറിവരുന്ന ഏതൊരാൾക്കും നിങ്ങള്‍ ധൈര്യമായി കടന്നുവന്നോളൂ, ഇവിടെ ഞങ്ങള്‍ ആദിവാസികളെ തളച്ചിട്ടിരിക്കുകയാണ് എന്ന മെസേജ് കൊടുക്കുന്നതുപോലെയാണ് തോന്നിയത്. ആ ചങ്ങല പൊട്ടുമ്പോള്‍ മാത്രമാണ് ശരിക്കും പണിയന്റെ ആത്മാവ് ഇവിടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.
ചില കലകൾ ക്ലാസിക്കുകള്‍ ആവുകയും ചില കലകള്‍ നാടന്‍ ആവുകയും ചെയ്യുന്ന നാടാണ് നമ്മുടേത്. അതുപോലെ നാടന്‍ കല അക്കാദമി എന്ന സ്ഥാപനം എടുത്തുകളയണം എന്ന അഭിപ്രായമാണ് താങ്കൾക്ക്..?
‘അവൻ നാടന്‍ ആണെന്ന്’ പറഞ്ഞാല്‍ ആരും മിണ്ടില്ല. നാടന്‍ ആണെന്ന് പറഞ്ഞാല്‍ പിന്നെ വലിയ മഹിമ കൊടുക്കേണ്ട കാര്യമില്ല. ഞാന്‍ ഓണ്‍ലൈനില്‍ നാടന്‍പാട്ട് മത്സരത്തില്‍ പങ്കെടുത്ത ആളാണ്. ഞാന്‍ പാടിയത് പക്കാ പണിയരുടെ പാട്ടുകള്‍ ആയിരുന്നു. മണ്ണില്‍ അലിഞ്ഞു തീർന്ന പാട്ടുകള്‍. ഈണങ്ങള്‍ ആരും നോക്കി കണ്ടില്ല. ഇത് വെറും നാടന്‍പാട്ട്. മറ്റേത് ക്ലാസിക്കല്‍. ക്ലാസിക്കല്‍ ആണ് നീ പഠിക്കേണ്ടത്. നാടന്‍ പാട്ട് കളയണം. ക്ലാസിക്കല്‍ പഠിച്ചാല്‍ മാത്രമേ നിനക്ക് ഞങ്ങളോടു മത്സരിക്കാന്‍ പറ്റുകയുള്ളൂ എന്നാണ് പറയുന്നത്. ഗോത്രത്തിന്റെ പാട്ടുകള്‍ പഠിച്ചാല്‍ അവന് ഗോത്രമായിപ്പോകുമോ എന്നൊരു പേടി ഇവിടത്തെ സവർണന് ഉണ്ട്. അതുകൊണ്ടാണ് സ്കൂളുകളില്‍ നാടന്‍പാട്ടുകള്‍ പഠിക്കുമ്പോള്‍ മറ്റ് വിഭാഗത്തിലെ കുട്ടികള്‍ വരാന്‍ മടിക്കുന്നത്. നാടന്‍കല അക്കാദമി എന്ന ഒരു സ്ഥാപനം കേരളത്തില്‍നിന്ന് എടുത്തുകളയണം എന്നുതന്നെയാണ് എനിക്കു പറയാനുള്ളത്. ഫോക് ലോര്‍ അക്കാദമിയുടെ അവാർഡ് എല്ലാവർക്കും കൊടുത്തു. അത് ലഭിക്കണമെങ്കില്‍ സ്വന്തമായിട്ട് അപേക്ഷിക്കണം. എന്നോടു പലരും വിളിച്ചിട്ടു ഫോക് ലോര്‍ അക്കാദമി അവാര്‍ഡിന് വേണ്ടി അപേക്ഷിക്കാന്‍ പറഞ്ഞു. ഫോക് ലോര്‍ അക്കാദമി അവാർഡ് ഇരന്നു വാങ്ങേണ്ട ആളല്ല ഞാന്‍. സർക്കാര്‍ അര്‍ഹതപ്പെടാത്ത ആളുകള്‍ക്ക് പോലും അവാര്‍ഡുകള്‍ വീട്ടില്‍ കൊണ്ടുപോയി കൊടുത്തു. അവര്‍ ഞങ്ങളുടെ ഗോത്രകലകളെ കാണുന്നില്ല, അതിനു വേണ്ട പിന്തുണ നല്‍കുന്നില്ല. അതിനു വേണ്ട പ്രോത്സാഹനം നല്‍കുന്നില്ല. ഇങ്ങനെയാണ് അവരുടെ ഏറ്റവും വലിയ ചതി നടക്കുന്നത്. പറയ വിഭാഗത്തിന്റെ മലയാളം ചേർന്ന മലയാളീകരിച്ച പറ കൊട്ടിപ്പാട്ടിലേതുപോലുള്ള വരികളും ഈണങ്ങളുമാണ് അവര്‍ക്കിഷ്ടം. ഇവിടെ വയനാട്ടില്‍നിന്നു വളര്‍ന്നു വന്ന ഒരുപാട് കലാകാരന്മാരുണ്ട്. അനുഷ്ഠാന ആചാരപരമായി പഠിച്ച കലാകാരന്മാര്. പുറംലോകത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ട്. അവരെ കണ്ടെത്തുക, അവര്‍ക്ക് അംഗീകാരം കൊടുക്കുക എന്നതൊന്നും ഫോക് ലോര്‍ അക്കാദമി ചെയ്യുന്നേ ഇല്ല.
സംഗീതത്തില്‍നിന്നു കാമറയുടെ പിറകിലേക്കും ഡോക്യുമെന്ററി പ്രൊഡക്ഷനുകളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ആ അനുഭവങ്ങള്‍ വിശദീകരിക്കാമോ?
ഫോട്ടോ എടുക്കുന്ന കാമറ തുടിയില്‍ പലരും വരുമ്പോള്‍ കണ്ടിട്ടുണ്ട്. വിദേശികള്‍ വന്നു ഫോേട്ടാ എടുത്തു പോകുന്നത് കണ്ടിട്ടുണ്ട്. ഞങ്ങളും ആ ഫോട്ടോയില്‍ ഉള്‍പ്പെടും. ആദ്യമായി ഒരു ഡോക്യുമെന്ററിയുടെ ക്ലാസെടുക്കാന്‍ നിങ്ങളാണ് വരുന്നത്. നിങ്ങള്‍ വരുമ്പോള്‍ ഞാന്‍ എച്ചോം ഹയര്‍സെക്കൻഡറി സ്കൂളിലെ ജീവനക്കാരനാണ്. അന്ന് കാമറ വേറൊരു കണ്ണിലൂടെ കാണുന്ന ഒരാളായിരുന്നു ഞാന്‍. നന്നായിട്ടു സിനിമകളും കാണുമായിരുന്നു. സിനിമ ചികഞ്ഞു അതിന്റെ ഉള്ളിലെ കാര്യങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ഒരാളുംകൂടി ആയിരുന്നു. അന്ന് നിങ്ങള്‍ വന്നപ്പോള്‍ ഈ കാമറയുടെ കൂടെ പിറകില്‍ നില്‍ക്കണം എന്നു ഞാന്‍ പറഞ്ഞിരുന്നു. എനിക്ക് അത് ഒപ്പിയെടുക്കുന്നത് എങ്ങനെ ആണെന്ന് കാണണമായിരുന്നു. അതിനു മുമ്പേ ഞാന്‍ ടി.വിയില്‍ ‘നെല്ല്’, ‘ഉയരും ഞാന്‍ നാടാകെ’ പോലുള്ള സിനിമകള്‍ കണ്ടിരുന്നു. ആദിവാസികളായി മറ്റുള്ളവര്‍ അഭിനയിക്കുന്ന സിനിമകള്‍ ആയിരുന്നു അവ. നിങ്ങള്‍ ഒരു സംവിധായകനായി വന്നപ്പോള്‍ കാമറയുടെ കണ്ണല്ല, നിങ്ങളുടെ കണ്ണുകള്‍ ആയിരുന്നു ഞാന്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നത്. ഇതാണ് എന്നെ കാമറയുടെ പിറകിലേക്ക് കൊണ്ടുവരണം എന്ന് എന്നെ ചിന്തിപ്പിച്ച കാര്യം. ‘ഫോേട്ടാഗ്രാഫര്‍’ സിനിമ കണ്ട് എനിക്ക് അന്ന് ഭ്രാന്ത് പിടിച്ചിരുന്നു. വയനാട്ടിലെ ആദിവാസികള്‍ ഇത്രയേ ഉള്ളൂ എന്നു കാണിക്കാന്‍വേണ്ടി ചെയ്ത സിനിമയാണ് ‘ഫോേട്ടാഗ്രാഫര്‍’. അതില്‍നിന്ന് വളരെ വ്യത്യസ്തമായിട്ട് എന്റെ ആളുകളുടെ സ്നേഹവും വളര്‍ച്ചയും എന്റെ ആളുകള്‍ പ്രകൃതിയോട് കാണിക്കുന്ന ആദരവും ബഹുമാനവും എന്തുകൊണ്ട് എന്റെ കാമറ കണ്ണിലൂടെ പകര്‍ത്തി പുറംലോകത്തോട് കാണിച്ചുകൂടാ എന്നു ചിന്തിച്ചു. അതുകൊണ്ട് കാമറയുടെ പിറകില്‍ നില്ക്കാന് ഞാന്‍ പല ആളുകളെ കണ്ടിട്ടുണ്ട്. പല ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അങ്ങനെ കറങ്ങിക്കറങ്ങിയാണ് അനീസ് കെ. മാപ്പിള മുന്നില്‍ എത്തുന്നത്. താന്‍ ഒരു ഡോക്യുമെന്ററി ചെയ്യുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നും എനിക്ക് യാതൊരു നെഗറ്റിവിറ്റിയും അനുഭവിച്ചിട്ടില്ല. ഞാന്‍ പിന്നെ അദ്ദേഹത്തിന്റെ പിറകെ കൂടി. കാര്യങ്ങള്‍ എന്നോടു പങ്കുവെച്ചതിന് ശേഷമാണ് കാമറയില്‍ പകര്‍ത്തിയത്. ചെറിയ ചില കാര്യങ്ങളില്‍ പ്രശ്നം ഉണ്ടായിരുന്നെങ്കിലും ബാക്കിയെല്ലാം ഗോത്രജീവിതങ്ങളുടെ നന്മകള് കാണിക്കുന്ന ചിത്രീകരണങ്ങള്‍ ആയിരുന്നു. ഞാന്‍ പിന്നെ ഫ്രെയിമിന്റെ മുന്നിലേക്കും വന്നു. ‘ദി സ്ലേവ് ജെനസിസ്’ എന്നായിരുന്നു ആ ഡോക്യുമെന്ററിയുടെ പേര്. പക്ഷേ ആ പേരില്‍ എനിക്കു പ്രശ്നമുണ്ടായിരുന്നു. എന്നെ ഒരു അടിമയാണെന്ന് എങ്ങനെയാണ് നിങ്ങള്‍ പറയുക എന്നു ഞാന്‍ ചോദിച്ചു.
മ്യൂസിക് വിഡിയോയുടെ ലോകത്തും കൈവെച്ചു. സംഗീതം ചെയ്തു, സംവിധാനം ചെയ്തു. ആ അനുഭവപരിസരം എന്തായിരുന്നു?
അത് എന്റെ ഒരു ആഗ്രഹംതന്നെ ആയിരുന്നു. ഞാന്‍ ‘തുടി’യുടെ സയത്തോടു കൂടി മ്യൂസിക് വിഡിയോ ചെയ്തു. കുട്ടികള്‍ക്ക് ഒരു പാട്ട് കൊടുക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. വെസ്റ്റേണ്‍ ഇന്‍സ്ട്രുമെന്റ്സ് ഉപയോഗിച്ച് കീ ബോർഡിന്റെ ശബ്ദത്തില്‍ ഒരു പാട്ട് കൊടുക്കാന്‍ തോന്നി. അങ്ങനെ ‘കായലും കാട്ടുവള്ളിയും’ എന്ന ഒരു പ്രണയ പാട്ട് എഴുതി. പാട്ട് എഴുതിക്കഴിഞ്ഞു അതിനു സംഗീതം കൊടുക്കണം എന്നും തോന്നി. അങ്ങനെ കീബോർഡിന്റെ മുന്നിലിരുന്നു താളമിട്ടു. ആദ്യമായി ഒരു മ്യൂസിക് ഞാന്‍ കമ്പോസ് ചെയ്തു. തുടിയിലെ ഡയറക്ടര്‍ മ്യൂസിക് വിഡിയോ ചെയ്യാനായി കുറച്ചു പൈസ സഹായിച്ചു. അതിനു മുമ്പേ യേശുദാസൊക്കെ പാടിയ “ചൊക്കാ ചൊക്കാ ചാമി ഓടി വായോ” എന്ന പാട്ടുകളൊക്കെയാണ് ആദിവാസികളുടെ പാട്ടുകളായി കൊണ്ടാടിയത്. പിന്നെ അതുപോലെ ഒന്നു രണ്ടു പാട്ടുകള്‍ വന്നിട്ടുണ്ട്. അതൊക്കെ വേഗം വന്നു വേഗം ചത്തു എന്ന പോലുള്ള പാട്ടുകളായിരുന്നു. ഞാന്‍ ഈ പാട്ട് ചെയ്തതിന് ശേഷം യൂട്യൂബില്‍ കുറെ ആളുകള്‍ കണ്ടു. ഇപ്പൊഴും പല ഊരുകളിലെയും കുട്ടികള്‍ എന്നെ കാണുേമ്പാൾ ആ പാട്ട് പാടാറുണ്ട്. കാവ്യാത്മകമായ ഒരു എഴുത്താണ് ‘കായലും കാട്ടുവള്ളി’യിലേതും എന്ന് എന്നോടു പലരും പറഞ്ഞിട്ടുണ്ട്. കാടിന്റെ പ്രണയം പറയുന്നുണ്ട് എന്നൊക്കെയാണ് ആള്ക്കാര് പറഞ്ഞത്. അതിന്റെ വിഷ്വലുകള്‍ നന്നാക്കിയാല്‍ ഒന്നുകൂടെ നന്നാകുമായിരുന്നു എന്ന വിമര്‍ശനവും വന്നു. അത് എന്റെ ഒരു പോരായ്മ തന്നെ ആയിരുന്നു. പിന്നെ ഒരു മ്യൂസിക് വിഡിയോ എന്നത് നമ്മള് ചെയ്ത ‘കുറു കുറെ ബ്രോസ്’ ആയിരുന്നു. അത് രാഷ്ട്രീയം പറയുന്ന വിഡിയോ ആയിരുന്നു, ആ വിഡിയോയില്‍ കുട്ടികള്‍ ചെയ്ത ഡാൻസ് കണ്ടപ്പോള്‍ ‘കായലും കളി’യും മാത്രമല്ല ഇവിടെ ചെയ്യേണ്ടത്, ‘കുറു കുറെ ബ്രോസി’ലെ പാട്ടിന് ഡാൻസ് സ്റ്റെപ്പ് ഇടേണ്ടതാണ് എന്നു മനസ്സിലാക്കി. ഇവര്‍ പണിയര്‍ മാത്രമല്ല എന്നതിനപ്പുറമുള്ള ഉയര്‍ച്ചയിലേക്ക് എത്തും എന്നു കാണിച്ച ഒരു വിഡിയോ ആയിരുന്നു. എനിക്കു കോണകം ഉടുത്തു കൈലിമുണ്ടിട്ട് കീറഷര്ട്ട് ഇട്ടു മാത്രം നടന്നാല്‍ പോരല്ലോ. എനിക്കു ഷോട്സ് ഇടണ്ടെ? എനിക്കു ടീ ഷര്‍ട്ട് ഇടണ്ടേ? എനിക്കു തൊപ്പി ഇടണ്ടെ? ടൗണിലേക്ക് ഞാനീ കൈലിമുണ്ട് മാത്രം ഉടുത്തിട്ട് ഇറങ്ങിയാല്‍ പോരല്ലോ. എന്നെ തിരിച്ചറിയാനുള്ള ഏറ്റവും വലിയ ഐഡന്റിറ്റിയാണല്ലോ ഈ കൈലിമുണ്ട്. എനിക്കും ആൾക്കൂട്ടത്തിന്റെ ഇടയില്‍ സ്റ്റൈലിഷായിട്ട് പോകണം. ത്രീ ഫോര്‍ത്ത് ഇടണം. ബെര്‍മുഡ ഇടണം. ഇങ്ങനെ പറയാന്‍ കഴിഞ്ഞ ഒരു വിഡിയോ ആണ് കുറു കുറെ ബ്രോസ്. എനിക്കു ചാടാനും തലകുത്തി മറിയാനും ശേഷിയുണ്ടെന്ന് കാണിച്ചു കൊടുത്ത ഒരു വിഡിയോ തന്നെ ആയിരുന്നു അത്. സുകുമാരന്‍ ചാലിഗദ്ധയുടെ വരികള്‍ക്ക് ഞാന്‍ ആയിരുന്നു സംഗീതം ചെയ്തത്. സുകുമാരന്റേത് ഉള്ളിലേക്ക് കയറിപ്പോകുന്ന വരികള്‍ ആയിരുന്നു. ‘‘കൂറുമ്പാലെ കൊട്ടേക്ക് പോകാം’’ എന്നു അദ്ദേഹം അറിഞ്ഞുതന്നെ എഴുതിയതാണ്. കൂറുമ്പാലെ കോട്ട എന്നത് ചെറിയ കാര്യം അല്ല, എന്റെ അവിടെയുള്ള മലയാണ്. അത് സംഗീതം ചെയ്യുമ്പോള്‍ ആദ്യം ഒന്നുരണ്ടു തവണ ചെയ്തു നോക്കി. പക്ഷേ അതിന്റെ ഒരു ഓളം കിട്ടാത്തതുകൊണ്ട് രൂപേഷേട്ടന് പറഞ്ഞതുപോലെ ഒരു ഡപ്പാംകൂത്തിന്റെ രീതിയിലേക്ക് മാറ്റി. നമ്മുടെ ആളുകള്‍ ഇപ്പൊഴും ഞങ്ങളെ വിളിക്കുന്നത് ‘കുറു കുറെ ബ്രോസ്’ എന്നാണ്. ഇപ്പോള്‍ ആ വിഡിയോക്ക് ശേഷം തുടര്‍ന്നും മ്യൂസിക് വിഡിയോ ചെയ്യാനുള്ള സപ്പോര്‍ട്ട് തരുന്നുണ്ട്. കൂടെ നില്‍ക്കുന്നുണ്ട്.
പിന്നീട് സിനിമയില്‍ അഭിനേതാവായും ഗാനരചയിതാവുമായും മാറി..?
അനീസ് കെ. മാപ്പിളയുടെ ശേഖര്‍ സുധീര്‍ എന്നൊരു കോഴിക്കോട്ടുകാരനായ സുഹൃത്തുണ്ട്. അദ്ദേഹം പാട്ടുകാരി രശ്മി സതീഷിന്റെ വയലിനിസ്റ്റ് ആയിരുന്നു. അദ്ദേഹം ആരെയും ഞെട്ടിക്കുന്ന സംഗീതങ്ങള്‍ സൃഷ്ടിച്ചു തന്റേതായ ലോകത്ത് പാടി നടക്കുന്ന ഒരാളാണ്. അദ്ദേഹത്തിനെ ഞാന്‍ പരിചയപ്പെട്ടു. ഞങ്ങളുടെ ഒരു കൂട്ടായ്മ ഉണ്ടായി. വയനാട് ഫിലിം ഫ്രറ്റേണിറ്റി എന്നൊരു ഗ്രൂപ്പ് ഉണ്ട്. ആ ഒരു കൂട്ടായ്മയില്‍ ഞാനും ഉണ്ട്. അങ്ങനെ ഞങ്ങള്‍ ഇരുന്നിട്ട് ഒരു മ്യൂസിക് ബാന്‍ഡ് രൂപം കൊടുത്തു. ‘കമ്പളം മ്യൂസിക് ബാന്‍ഡ്’ എന്നായിരുന്നു അതിന്റെ പേര്. എല്ലാത്തരം ഇന്സ്ട്രുമെന്റുകളുംവെച്ചു വയനാടിന്റെ കഥകള്‍ പറയുന്ന പാട്ട് പരിപാടികള്‍ ചെയ്തു. ഗോത്രങ്ങളുടെ കഥകള്‍ പറയുന്ന ഒത്തിരി സ്റ്റേജുകള്‍ പങ്കിട്ട ഒരു ബാന്‍ഡ് ആയിരുന്നു. അങ്ങനെ കമ്പളം മ്യൂസിക് ബാൻഡിന്റെ യാത്രയില്‍ ‘ഐഡി’ എന്ന സിനിമയിലൂടെ നാഷനല്‍ അവാർഡ് നേടിയ സംവിധായകന് കമൽ കെ.എമ്മിനെ പരിചയപ്പെട്ടു. കമൽ ‘പട’ എന്ന സിനിമയില്‍ പാട്ടുകള്‍ ചെയ്യാന്‍ പറ്റുമോ എന്ന് എന്നോടു ചോദിച്ചു. ഞാന്‍ പണിയഭാഷയില്‍ ആ പടത്തിനു വേണ്ടി പാട്ടുകള്‍ എഴുതി. അങ്ങനെ ആ പടത്തിന്റെ ഗാനരചയിതാവായി ഞാന്‍ മാറി. പിന്നെ ‘ജണ്ട’ എന്നൊരു സിനിമ വയനാട്ടില്‍ വന്നിരുന്നു. വിനോദ് എന്ന നിർമാതാവായിരുന്നു അതിന്റെ പിന്നില്‍. അതില്‍ ഒരു പ്രധാന കഥാപാത്രം ആയിട്ട് എന്നെ തിരഞ്ഞെടുത്തു. അതിന്റെ തിരക്കഥ മുഴുവനായും പണിയഭാഷയിലേക്ക് തര്‍ജമ ചെയ്തത് ഞാൻആയിരുന്നു. അത് ഷൂട്ട് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ഒരുങ്ങി. ഞാന്‍ അതിന്റെ ക്യാമ്പിലും പങ്കെടുത്തു. മനു ആന്റണി എന്ന സംവിധായകന് വയനാട്ടില്‍ വന്ന് എന്നെ തിരഞ്ഞുപിടിക്കുക ആയിരുന്നു. പക്ഷേ എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് ആ പടം മുടങ്ങി. ‘പട’ ക്കു മുമ്പേ വന്ന ഒരു സിനിമയാണ് ‘ചുരുളി’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ അല്ല. സുധ രാധിക ആണ് ഈ ‘ചുരുളി’യുടെ സംവിധായിക. ‘‘വിനു അതില്‍ അഭിനയിക്കുകയും വേണം, അതില്‍ പാട്ടുകളും തരണം’’ എന്ന് അവര്‍ പറഞ്ഞു. പണിയഭാഷയിലുള്ള രണ്ടു പ്രണയഗാനങ്ങള്‍ കൊടുക്കാന്‍ പറഞ്ഞു. അതിലെ വരികള്‍ കണ്ടപ്പോള്‍ അവര്‍ക്ക് ഇഷ്ടമായി. അതിന്റെ സംഗീതം ചെയ്തതും ഞാന്‍ ആയിരുന്നു.
‘പട’ എന്ന സിനിമക്കു ശേഷം രാഷ്ട്രീയമായും വ്യക്തിപരമായും ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്?
‘പട’ എന്ന സിനിമക്കു വേണ്ടിയിട്ടുള്ള പാട്ടിന്റെ ഭാഷ ഒരു അന്വേഷണത്തിലൂടെ മാത്രം കണ്ടെത്തിയതാണ് എന്നെനിക്ക് തോന്നുന്നു. ഭൂസമരവുമായി ബന്ധപ്പെട്ടു നില്ക്കുമ്പോള് അതിന്റെ ഏറ്റവും അടിസ്ഥാനവിഭാഗമായ ആള്‍ക്കാരുടെ ശബ്ദം തന്നെ വേണം എന്ന് ആ സംവിധായകനായ കമല്‍ കെ.എം ചിന്തിച്ചതുകൊണാണ് ആ ഒരു പാട്ടുമായി ബന്ധപ്പെട്ട് വയനാടിന്റെ വരികൾ അല്ലെങ്കില്‍ ഈണം വേണം എന്നു പറഞ്ഞത്. ആ സിനിമയില്‍ ഗോത്രവിഭാഗങ്ങളുടെ പാട്ടുകള്‍ മാത്രമല്ല, ചൊല്ലുകള്‍ കൂടെയുണ്ട്. ആ സിനിമയില്‍ ആദ്യം മുതല്‍ അവസാനംവരെ കാണിക്കുന്ന ചില ശബ്ദങ്ങള്‍ ഉണ്ട്. പെട്ടെന്നു തിരിച്ചറിയാൻ പറ്റാത്ത ശബ്ദങ്ങള്‍ വിഷ്ണു വിജയ് ബി.ജി.എമ്മിൽ രസകരമായി ചേര്‍ത്തുവെച്ചിട്ടുണ്ട്. ആ സിനിമയുടെ അവസാനം ‘‘എന്റെ ഒച്ച നീങ്ക കെക്കാഞ്ചിരിയോം’’ എന്നു പറയുന്ന ഭാഗത്തൊക്കെ അത് മനോഹരമായി ചെയ്തുവെച്ചിട്ടുണ്ട്. ഞങ്ങള്‍ കൊടുത്ത വരികള്‍ ഒന്നും മാറ്റാതെ ആ സിനിമയില്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. ‘പട’ സിനിമക്കു ശേഷം ഭൂസമരം അറിയില്ല എന്നു നടിച്ചിരുന്ന ആളുകളുടെ ഇടയില്‍ അമ്പ് പോലെ ആ വിഷയം പാഞ്ഞുകയറി. ആദിവാസികളുടെ ഭൂമിയെ കുറിച്ചും മണ്ണിനെ കുറിച്ചുമാണ് ആ സിനിമയില്‍ പറയുന്നത്. ഭൂസമരത്തെ കുറിച്ച് സി.കെ. ജാനു സംസാരിക്കുന്നുണ്ട്, ഗീതാനന്ദന് സംസാരിക്കുന്നുണ്ട്, രാഷ്ട്രീയ സംഘടനകള്‍ സംസാരിക്കുന്നുണ്ട്, അതിനോടൊപ്പമൊക്കെ ‘പട’ എന്ന സിനിമ ആളുകളുടെ കണ്ണു തുറപ്പിച്ചിട്ടുണ്ട്. ഈ സിനിമക്കുശേഷം ഭൂവിഷയം അത്രയും ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ആ ഒരു കാലഘട്ടത്തിലെ പോരാട്ടത്തെ വിജയകരമായി ചിത്രീകരിക്കാന്‍ കഴിഞ്ഞ സിനിമയാണത്. ഈ സിനിമ തന്ന സ്വാതന്ത്ര്യം കാരണമാണ് വലിയ ഒരു സിനിമയുടെ ഭാഗമായി നന്നായി പ്രവര്‍ത്തിക്കാന്‍ പറ്റിയത്. ആ സിനിമക്കുശേഷം ആ സിനിമയുമായി ഞാന്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പോയിട്ടുണ്ട്. അതിന്റെ സംവിധായകന് ആ സിനിമയെ പ്രതിനിധാനം ചെയ്ത് ഫെസ്റ്റിവലുകളില്‍ പങ്കെടുക്കാന്‍ പറഞ്ഞു. ആ സിനിമക്കുവേണ്ടി സംസാരിക്കാന്‍ എന്നോട് അതിന്റെ സംവിധായകന് പറഞ്ഞു. കുഞ്ചാക്കോ ബോബനെ പോലുള്ള താരങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷേ ആ സിനിമയുടെ പ്രമോഷന് വേണ്ടി ഇരുന്നപ്പോൾ ഭൂസമരം എന്ന വിഷയത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ സാധിച്ചത് ആ സിനിമയിലൂടെയാണെന്ന് കുഞ്ചാക്കോ ബോബന് സംസാരിക്കുന്നുണ്ട്.
‘അയ്യപ്പനും കോശിയും’ എന്ന സിനിമയില്‍ നാഞ്ചിയമ്മ പാടിയ ‘‘കലക്കാത്ത’’ എന്ന പാട്ട് വലിയ ഒരു കുതിച്ചു ചാട്ടമായിരുന്നു. എങ്ങനെ നോക്കിക്കാണുന്നു?
ആ അമ്മയുടെ ശബ്ദം വളരെ പ്രത്യേകതയുള്ളതാണ്. എനിക്ക് നേരിട്ട് അറിയാവുന്ന അമ്മയാണ്. ഞാന്‍ അവരുമായി വേദികള്‍ പങ്കിട്ടിട്ടുണ്ട്. വീടിന്റെ അടുത്തുള്ള സ്ഥാപനത്തില്‍ വാർഷികത്തിന് അവര്‍ വരുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. കഥ പറഞ്ഞിട്ടുണ്ട്. പാട്ട് പാടിയിട്ടുണ്ട്. തുടിയുടെ ഒരു സഹോദരസ്ഥാപനം അട്ടപ്പാടിയില്‍ ഉണ്ട്. ആ സ്ഥാപനത്തിലെ ഒരു അംഗവും കൂടിയാണ് നാഞ്ചിയമ്മ. അവിടത്തെ വാർഷികത്തിന് ഞങ്ങള്‍ പോകാറുണ്ട്. രണ്ടു മൂന്നു ദിവസം അവിടെ നില്‍ക്കാറുണ്ട്. നാഞ്ചിയമ്മയുടെ വീട്ടിലും പോകാറുണ്ട്. തമിഴ് ചുവയുള്ള ഇരുള വിഭാഗത്തിന്റെ പാട്ടാണ് ‘‘കലക്കാത്ത’’. ഇരുള വിഭാഗത്തിന് കിട്ടിയ ഒരു കുതിച്ചുചാട്ടം ആയിരുന്നു ആ പാട്ട്. ആ സിനിമയുമായി ബന്ധപ്പെട്ട് ആദിവാസി സ്ത്രീയുടേതായ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. അതില്‍ അവര്‍ക്ക് മാവോബന്ധം ഉണ്ട് എന്നാണ് പറയുന്നത്. അതുപോലെ പാട്ടും പറച്ചിലുമായി നടക്കുന്ന എനിക്കും മാവോബന്ധം ഉണ്ട് എന്നു പറഞ്ഞിട്ടുണ്ട്. ഒരു ആറ് മാസത്തിനു മുമ്പേ അയൽവീടുകളില്‍ ഒക്കെ സ്പെഷല്‍ സ്ക്വാഡുകള്‍ വന്ന് എന്നെക്കുറിച്ച് അന്വേഷിച്ചു. വിനുവുമായി ബന്ധപ്പെട്ടു പുറത്തുനിന്നു ആളുകള്‍ വരാറുണ്ടോ വന്നിട്ട് താങ്ങാറുണ്ടോ എന്നൊക്കെയാണ് സ്പെഷല്‍ സ്ക്വാഡ് അന്വേഷണം. തന്റെ കുലത്തിന് നേരെ വരുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിക്കുന്നവരെ മാവോ എന്നും നക്സല്‍ എന്നും മുദ്ര കുത്തുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.
എയ്ഡഡ് സ്കൂളിലെ സർക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗം വലിച്ചെറിഞ്ഞത് എന്തിനായിരുന്നു?
എനിക്ക് വയനാട്ടിലെ സര്‍വോദയ ഹയര്‍സെക്കൻഡറി സ്കൂളില്‍ ജോലി കിട്ടിയിരുന്നു. ഒരു അപേക്ഷ തന്നാല്‍ ജോലി ഉറപ്പാണ് എന്നു പറഞ്ഞു. അത് ഒരു എയ്ഡഡ് സ്കൂള്‍ ആണ്. അങ്ങനെ ഞാന്‍ 2006ല്‍ ആ സ്കൂളില്‍ ലാസ്റ്റ് ഗ്രേഡ് ആയി ജോലിക്കു കയറി. കുറച്ചുകാലം വലിയ കുഴപ്പം ഒന്നുമില്ലായിരുന്നു. ഞാന്‍ അവിടെ പഠിച്ച വിദ്യാര്‍ഥികൂടി ആണ്. പഠിപ്പിച്ച അധ്യാപകരുടെ കൂടെ ഒരു സഹപ്രവര്‍ത്തകനായി നില്ക്കുക അഭിമാനം ആയിരുന്നു. പിന്നെ എന്റെ കുറെ കുഞ്ഞുങ്ങള്‍ അവിടെ ഉണ്ടായിരുന്നു. എന്റെ പാട്ടുകള്‍ അവര്‍ക്ക് കൊടുക്കാന്‍ പറ്റും എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നു. അങ്ങനെ നില്‍ക്കുേമ്പാഴാണ് മാനേജ്മെന്റിന്റെ ചില മാറ്റങ്ങള്‍ ഞാന്‍ കാണുന്നത്. അവര്‍ എന്നെ കൂടുതലായി ഓടിപ്പിച്ചു. എനിക്ക് ഒരു അടിമയായി നില്ക്കുന്നതുപോലെ തോന്നി. അവിടെ ബാക്കിയുള്ള ജോലിക്കാരുണ്ട്. പക്ഷേ അവരൊന്നും പണിയവിഭാഗത്തില്പെട്ടവര് അല്ല. അതുകൊണ്ട് അവരെ ഓടിപ്പിക്കില്ല. എന്നെ കല്പറ്റക്ക് വിടുക, അത് കഴിഞ്ഞ ഉടനെ മാനന്തവാടിക്ക് വിടുക, ഇങ്ങനെയാണ് പരിപാടി. അങ്ങനെ ഓടിക്കഴിഞ്ഞു വീട്ടിലെത്തുേമ്പാൾ ഏഴുമണി എട്ട് മണിയൊക്കെ ആകും. പിന്നെ അവിടെ മാനേജ്മെന്റ് കണ്ടം പാട്ടം എടുക്കും. എന്നിട്ട് നെല്‍കൃഷി ചെയ്യും. ആ സമയത്ത് എസ്.ടി കുട്ടികള്‍ക്ക് ഗ്രാന്‍ഡ് കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ എന്നെ വിളിക്കുകയാണ്. ഹെഡ്മാസ്റ്റര് എന്നോട് മാനേജർ വിളിക്കുന്നുണ്ട് എന്നു പറഞ്ഞു. മാനേജര്‍ എന്നോട് അപ്പോള്‍ വയലില്‍ നെല്ല് വാരാന്‍ പോകാന്‍ പറയുകയാണ്. നോക്കണേ, എനിക്കു ശമ്പളം സർക്കാറാണ് തരുന്നത്. ഒരു സർക്കാര്‍ ഉദ്യോഗസ്ഥനായ ഞാന്‍ അവിടെ നെല്ല് വാരാന്‍ പോവുകയാണ്. അവിടെ ഞാന്‍ എന്തു ചെയ്താലും മതിവരാത്ത സാൽവിന്‍ എന്നൊരു ആളുണ്ടായിരുന്നു. എന്റെ കല നഷ്ടപ്പെടും എന്ന അവസ്ഥ വരെയായി. അങ്ങനെ ഞാന്‍ 2011 ആകുമ്പോഴേക്കും രാജി എഴുതിക്കൊടുത്തു. രാജി എഴുതി ഫാദര്‍ സാല്‍വിന്റെ മുന്നിലേക്കങ്ങ് ഇട്ടുകൊടുത്തു. ഇത് ഞങ്ങള്‍ തന്ന ഒരു ഔദാര്യമാണ് എന്നാണ് അയാള്‍ എന്നോടു പറഞ്ഞത്. എനിക്ക് ആ ഔദാര്യം വേണ്ട, ഞാന്‍ ആരുടെയും അടിമയല്ല എന്നും പറഞ്ഞു. അന്ന് പടിയിറങ്ങി ഞാന്‍ എന്റെ പാട്ടിലേക്ക് കടന്നു. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനാണ്. എന്റെ സമൂഹത്തിനുവേണ്ടി ഏത് വേദിയിലും ആടാനും പാടാനും ഞാന്‍ തയാറാണ്. എന്റെ മകനും ഇഷ്ടം പാട്ടും കളികളും തന്നെയാണ്. ഇതൊക്കെയാണ് എന്റെ ജീവിതം. ഇതൊക്കെയാണ് എന്റെ സ്വപ്നങ്ങള്‍.
സംഗീതത്തിന് പുറമെ പണിയവിഭാഗങ്ങള്ക്ക് വിവിധങ്ങളായ ഡാൻസ് രൂപങ്ങളും ഉണ്ട്. അത് വിവിധങ്ങളായ വേരുകളും അടിത്തറകളും ഉള്ളതാണ്..?
എന്റെ പാട്ടുകള്‍ നാടന്‍പാട്ടുകള്‍ അല്ല. എന്റെ ജീവിതം ആണ്. അതിനെ കളിപ്പാട്ടുകള്‍, കമ്പളപ്പാട്ടുകള് എന്നൊക്കെ വേര്തിരിച്ചുവെച്ചിട്ടുണ്ട്. ഒരാളുടെ ശരീരത്തില്‍ കയറിയിട്ടുള്ള ബാധയെ മാറ്റുന്നതിന് വേണ്ടിയിട്ടുള്ള ചടങ്ങുണ്ട് ഞങ്ങളുടെ ഇടയില്‍. ആ ചടങ്ങിനെ ആണ് ‘കൂളിയാട്ട്’ എന്നു പറയുന്നത്. അതിനു പാടുന്ന പാട്ടിനെയാണ് പൂറപ്പാട്ട് എന്നു പറയുന്നത്. ആ ചടങ്ങില്‍ കുറച്ചു പേര് പാട്ട് പാടും. കുറച്ചു പേര് ആ താളത്തിനൊത്തു ഡാൻസ് ചെയ്യും. ബാധ കേറി നിൽക്കുന്ന ആളെ ഇളക്കാന്‍ വേണ്ടിയിട്ടാണ് ഈ പാട്ടും ഡാന്‍സും. ഇത് സ്റ്റേജിലാണ് പെര്‍ഫോം ചെയ്യുന്നതെങ്കിലും അവിടത്തെ ചുറ്റുപാടിനെ ഇളക്കും. നമ്മുടെ ആളുകള്‍ ഒരിക്കലും വെറുതെ ഇരുന്നിരുന്ന ആളുകള്‍ അല്ല. ഒരു ഗോത്രവീട്ടില് ചെന്നാല്‍ നമുക്ക് കാണാന്‍ സാധിക്കും, ഒരു അപ്പന് തുടി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ടാകും, കുട്ടികള്‍ അവിടെ കളിച്ചുകൊണ്ടിരിക്കുന്നുണ്ടാകും, ഒരു അമ്മ ഓടിപ്പാഞ്ഞു പണിയെടുത്തുകൊണ്ടിരിക്കുന്നുണ്ടാകും. കൂട്ടുകുടുംബമാണെങ്കില്‍ അവസ്ഥ പറയുകയും കൂടെ വേണ്ട. കുറെ ആളുകള്‍ തുടി അടിക്കുന്നുണ്ടാകും, കുറെ ആളുകള്‍ ചീന വായിക്കുന്നുണ്ടാകും. എല്ലാത്തിന്റെയും ശബ്ദം ഒക്കെയായി ആകെ ബഹളമയമായിരിക്കും. ഇങ്ങനെയുള്ള ആളുകളെയാണ് പൊതുസമൂഹം മടിയന്മാര് എന്നു പറയുന്നത്. ഈ നൃത്തരൂപങ്ങള്‍ ചെറിയ നൃത്തരൂപങ്ങള്‍ അല്ല. ‘കായവും കളിയും’ എന്ന നൃത്തത്തില്‍ സ്ത്രീകള്‍ ആണെങ്കില്‍ അവര്‍ ചുവടുകള്‍ വെക്കുമ്പോള്‍ മണ്ണിനെ നോവിക്കാതെ ചെറിയ സ്പര്ശനംകൊണ്ട് തഴുകി തലോടി മണ്ണില്‍നിന്ന് എന്തൊക്കെയോ ആവാഹിച്ചെടുക്കും. പിന്നെ കൈകള്‍ ഉയര്‍ത്തി എന്തോ ഒരു ആശയം എല്ലാവരും ഒരുപോലെ കൊടുക്കും. ഭൂമിയും ആകാശവും നമുക്ക് താങ്ങും തണലും തരുന്നു എന്നാണ് അതിന്റെ അർഥം. ആണുങ്ങളാണെങ്കില്‍ വീണ്ടും ഭൂമിയെ നോവിക്കാതെ ചവിട്ടി ഇളക്കിക്കൊണ്ടുവരും. ഈ ഒരു നൃത്തരൂപം ഞാന്‍ ചെയ്യാറുണ്ട്. പിന്നെ ഞങ്ങളുടേതായ തെയ്യങ്ങള്‍ ഉണ്ട്. തെയ്യം കെട്ടുക എന്നാണ് പറയുക. തെയ്യങ്ങള്‍ എന്നു പറയുമ്പോള്‍ ക്ഷേത്രങ്ങളില്‍ കാണുന്നതുപോലെ ചാടി തലകുത്തി മറിഞ്ഞ് മണ്ണിനെ നോവിച്ചുകൊണ്ടുള്ള തെയ്യങ്ങള്‍ അല്ല. നില്ക്കുന്ന ഇടത്തെ വേദനിപ്പിക്കാത്ത തെയ്യങ്ങളാണ് ഞങ്ങളുടേത്. ഞാന്‍ ഇത് അവതരിപ്പിക്കുമ്പോള്‍ നൃത്തരൂപങ്ങളില്‍ ചില പറച്ചിലുകളും ഇട്ട് ആളുകളിലേക്ക് കൊടുക്കും.
പുതിയ സിനിമ, അതുപോലെ മറ്റ് പ്രോജക്ടുകള്‍..?
പുതുതായി രണ്ടു പ്രോജക്ടുകളാണ് ചെയ്യുന്നത്. ഒന്നു മുമ്പ് തന്നെ ചെയ്തുവെച്ച ‘ചുരുളി’ എന്ന സിനിമയുടെ പ്രോജക്ടാണ്. അതില്‍ ഞാന്‍ ഒരു പാട്ട് മാത്രമേ ചെയ്തുകൊടുത്തിട്ടുള്ളൂ. സുധാ കാര്‍ത്തിക് സംവിധായികയുടെ സിനിമയാണ്. ‘പട’ എന്ന സിനിമക്കുശേഷം രണ്ടു പാട്ടുകളുടെ കൂടെ ജോലികള്‍ അവര്‍ എന്നെ ഏല്‍പ്പിച്ചു. വേറെ ഞാന്‍ ചെയ്യുന്നത് ‘ചിന്നു’ എന്ന ഒരു സിനിമക്കു വേണ്ടിയാണ്. മൊബിന് ഗോപിനാഥ് സംവിധാനംചെയ്യുന്ന സിനിമയാണത്. ആ സിനിമയുടെ പശ്ചാത്തലസംഗീതമടക്കം ചെയ്യാനാണ് ആവശ്യപ്പെട്ടത്. അതിന്റെ രണ്ടു പാട്ടുകളും ചെയ്യുന്നുണ്ട്. വയനാടിന്റെ ചൊല്ലുകളിലൂടെയാണ് വളര്‍ന്നത്. ആ ചൊല്ലുകളെ കണ്ടെത്തി അവയെ കുറിച്ചു ഞാന്‍ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. അതുപോലെ ഗോത്ര ഫെസ്റ്റിവലുകള്‍, കലോത്സവ പരിപാടികള്‍ എന്നിവയില്‍ ഞാന്‍ കുട്ടികളെ ട്രെയ്ന്‍ ചെയ്യുന്നുണ്ട്. ഞങ്ങളുടെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട ഒന്നാണ് ‘തേനം പാട്ട്’. ആ പാട്ടില്‍നിന്നു കിട്ടിയ ഒരു വാക്കാന് ‘കിനാതിക’. അത് പണിയരുടെ മറ്റൊരു പേര് കൂടിയാണ്. അതൊക്കെ വെച്ചു ‘കിനാതികര്’ എന്ന ഒരു പുസ്തകത്തിന്റെ പണിയിലാണ്. തേനം പാട്ടിന്റെ ആദ്യം മുതല്‍ അവസാനം വരെ മൂന്നു ഭാഗങ്ങളാക്കിയിട്ട് ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഒന്നര വര്‍ഷമായി ആ പുസ്തകത്തിന്റെ പണിയിലാണ് ഞാന്‍.