‘‘അന്താരാഷ്ട്ര മൂലധനവുമായി അടുപ്പമുള്ള ഹിന്ദു നായകനായാണ് മോദി ആഘോഷിക്കപ്പെടുന്നത്’’
ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസ് അസി. പ്രഫസറാണ് ഹരീഷ് എസ്. വാംഖഡെ. കാലിഫോർണിയയിലെ സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി സെന്റർ ഫോർ സൗത്ത് ഏഷ്യയിൽ വിസിറ്റിങ് സ്കോളറായിരുന്നു. 2015ൽ ജെ.എൻ.യുവിൽനിന്ന് ഡോക്ടറേറ്റ്. ജാതി, ദലിത് പ്രസ്ഥാനം, ഹിന്ദുത്വ, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ജേണലുകളിൽ...
Your Subscription Supports Independent Journalism
View Plansന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസ് അസി. പ്രഫസറാണ് ഹരീഷ് എസ്. വാംഖഡെ. കാലിഫോർണിയയിലെ സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി സെന്റർ ഫോർ സൗത്ത് ഏഷ്യയിൽ വിസിറ്റിങ് സ്കോളറായിരുന്നു. 2015ൽ ജെ.എൻ.യുവിൽനിന്ന് ഡോക്ടറേറ്റ്. ജാതി, ദലിത് പ്രസ്ഥാനം, ഹിന്ദുത്വ, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിന്തകൻകൂടിയായ അദ്ദേഹം വർത്തമാന ഇന്ത്യൻ അവസ്ഥകളെയും ഹിന്ദുത്വയെയും വിശകലനം ചെയ്യുകയാണ് ഇൗ സംഭാഷണത്തിൽ.
യു.എസ്, ചൈന, മറ്റു രാജ്യങ്ങൾപോലെ ഇന്ത്യയെ പരിവർത്തിപ്പിക്കാൻ ശേഷിയുള്ള നേതാവാണ് നരേന്ദ്ര മോദിയെന്ന് വിശ്വസിക്കുന്ന വലിയ ഒരു മധ്യവർഗം രാജ്യത്തുണ്ട്. ‘വന്ദേ ഭാരത്’ പോലെ രാജ്യത്തിനകത്തും പുറത്തും നടപ്പാക്കിയ വിവിധ പദ്ധതികൾ മുന്നിൽനിർത്തിയാണ് അവരുടെ വിശ്വാസം. അതിനിടെ, സമ്പന്നനും പാവപ്പെട്ടവനും തമ്മിലെ അകലം കൂടുതൽ രൂക്ഷമായി വരുകയാണ്. 2017ൽ ലോക സാമ്പത്തിക ഫോറം വാർഷിക ഉച്ചകോടി നടക്കുമ്പോൾ ഇന്ത്യയിലെ സമ്പത്തിന്റെ 58 ശതമാനവും ഒറ്റ ശതമാന സമ്പന്ന വർഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു. പരസ്യപ്രചാരണങ്ങളും ഇവന്റ് മാനേജ്മെന്റ് പദ്ധതികളും ചേർന്ന് മോദി ഭരണത്തെ കുറിച്ച് അയഥാർഥമായ ഒരു ചിത്രം ആനയിക്കപ്പെട്ടു. മോദിക്ക് ഇന്ത്യയെ മഹത്തായ യുഗത്തിലേക്ക് കൊണ്ടുപോകാനാകുമെന്ന് കരുതുന്നുണ്ടോ, അതേ കണ്ണിനു മുന്നിലെ പളപ്പിൽ അവർ വഞ്ചിതരായതാണോ?
സമ്പന്നനെയും പാവപ്പെട്ടവനെയും ചേർത്തുന്ന വർത്തമാനങ്ങൾ രാഷ്ട്രീയമാറ്റം കൊണ്ടുവരുമെന്നത് പഴയ വാചാടോപം മാത്രം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആരംഭം മുതൽ അപകടകരമായ ദാരിദ്ര്യം, പോഷണക്കുറവ്, പട്ടിണി മരണം, അവശ വിഭാഗങ്ങൾക്ക് ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങൾ അക്കാദമിക ഇടങ്ങളിലും മധ്യവർഗ ഇടനാഴികളിലും നിരന്തര ചർച്ചാവിഷയമായി നിലനിന്നിട്ടുണ്ട്. പക്ഷേ, അത്തരം ചർച്ചകൾക്ക് പാവപ്പെട്ടവർക്കും അവശവർഗങ്ങൾക്കും അനുഗുണമായി പറയത്തക്ക രാഷ്ട്രീയ പരിവർത്തനങ്ങൾ കൊണ്ടുവന്നിട്ടില്ല.
ഓരോ രാഷ്ട്രീയ പ്രകടനപത്രികയിലും ദാരിദ്ര്യം ഉച്ചാടനം ചെയ്യുമെന്ന് നെടുനീളൻ വാഗ്ദാനങ്ങൾ പതിവാണെങ്കിലും സമൂഹത്തിലെ സമ്പന്നർ, വരേണ്യവർഗങ്ങൾ എന്നിവർ വാഴുന്നതാണ് യഥാർഥ രാഷ്ട്രീയ പ്രവർത്തനം. വർഗാധിഷ്ഠിത അസമത്വങ്ങൾ, പട്ടിണി, അരികുവത്കരണം തുടങ്ങിയ വിഷയങ്ങൾ വരുമ്പോൾ മോദി ഭരണം വേറിട്ടതാണ്. പാവപ്പെട്ടവരും അല്ലാത്തവരും തമ്മിൽ ദൃശ്യമായ അകലം സൃഷ്ടിച്ചിട്ടുണ്ട് എന്നതുതന്നെ കാരണം. ഉയർന്ന വിഭാഗങ്ങളുടെ വർഗതാൽപര്യങ്ങളും രാഷ്ട്രീയനേട്ടങ്ങളുമാണ് നിലവിലെ ഭരണകൂടം പരസ്യമായും പിന്തുണക്കുന്നത്. പാവപ്പെട്ടവരുടെയും അവശ വിഭാഗങ്ങളുടെയും വിഷയങ്ങളും പ്രശ്നങ്ങളും അവർ അവഗണിച്ചുതള്ളുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദാരിദ്ര്യത്തെക്കുറിച്ച ആത്മാർഥമായ ഏതുതരം ചർച്ചകളും അവഗണിക്കപ്പെട്ടതാണ്. ഇന്ത്യയിലെ അപകടകരമായ സാമൂഹിക-സാമ്പത്തിക സ്ഥിതിഗതികൾ ജനശ്രദ്ധയിലെത്തിക്കുന്ന കൃത്യമായ കണക്കുകളോ മറ്റു സർവേ റിപ്പോർട്ടുകളോ ഉണ്ടായിട്ടില്ല. പകരം, സാമ്പത്തിക വികസനം, വിദേശ നിക്ഷേപം, ഓഹരി വിപണിയുടെ വളർച്ച, മികച്ച റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, വികസിത രാജ്യങ്ങളിലെ എൻ.ആർ.ഐ പെരുക്കം, യു.എസിലും യൂറോപ്യൻ വാഴ്സിറ്റികളിലുമുള്ള വിദ്യാഭ്യാസം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള നഗര മധ്യവർഗ അവകാശവാദങ്ങളും ആധികളുമാണ് വിഷയം.
മാനവ വികസന സൂചികളിലും കടുത്ത സാമ്പത്തിക അസമത്വങ്ങൾ പ്രകടമാണ്. യു.എൻ വികസന പദ്ധതി 2018ലെ റിപ്പോർട്ട് പ്രകാരം 189 രാജ്യങ്ങളിൽ ഇന്ത്യ 130ാം സ്ഥാനത്താണ്. എങ്ങനെയാണ് സാമ്പത്തിക അസമത്വം മനുഷ്യ വികസന തലത്തിൽ പ്രകടമാകുന്നത്?
വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വൃത്തിയുള്ള പരിസ്ഥിതി, അടിസ്ഥാന മാനവിക സ്വാതന്ത്ര്യം തുടങ്ങിയ മാനകങ്ങളിൽ ജനജീവിതത്തിലുണ്ടായ ഗുണപരമായ പുരോഗതി അളക്കാനായാണ് മാനവ വികസന സൂചിക പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ രാജ്യത്തെ ജനസംഖ്യയിലെ വലിയ വിഭാഗം അടിസ്ഥാന മാനുഷിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നത് പൊതുവായി അംഗീകരിക്കപ്പെട്ടതാണ്. നഗരങ്ങളിലെ ചേരികളിൽ കഴിയുന്നവർ, ഭവനരഹിതർ, പാവപ്പെട്ട കുടിയേറ്റക്കാർ, നിത്യക്കൂലിക്കാർ, ശുചിത്വ തൊഴിലാളികൾ തുടങ്ങി ചെറുജോലികളുമായി കഴിയുന്നവരാണ് ജനസംഖ്യയിലെ വലിയ വിഭാഗം. നയരൂപവത്കരണങ്ങളിൽ പക്ഷേ, അവർ മിക്കവാറും പടിക്ക് പുറത്താണ്. ഗ്രാമീണ മേഖലകളിൽ പോലും ഭൂരഹിതർ, കാർഷിക മേഖലയിലെ പാവപ്പെട്ട തൊഴിലാളികൾ, ദലിതുകൾ തുടങ്ങിയവർ സമാനമായി കടുത്ത ചൂഷണം നേരിടുന്നു. മൃഗീയമായ സാമൂഹിക വിവേചനം, നിയമരാഹിത്യം, നിത്യമായ അരക്ഷിതത്വം എന്നിവയാണ് അവർക്ക് മുന്നിൽ തുറിച്ചുനോക്കുന്നത്.
ഈ ദുഃസ്ഥിതികളിൽ കഴിയുന്ന അവശവിഭാഗങ്ങൾക്ക് വിവിധ നയങ്ങളും ക്ഷേമപദ്ധതികളും പ്രഖ്യാപിക്കപ്പെടുന്നുവെങ്കിലും ഇവരിലേറെയും ഏറ്റവും കടുത്ത സാഹചര്യങ്ങളോട് മല്ലിട്ട് കഴിയുന്നവരായി തുടരുകയാണ്. ഇത്തരം സാമ്പത്തിക അസമത്വ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ അതിസാമർഥ്യമാകും കേന്ദ്ര സർക്കാർ രീതി. നിലവിലെ അപകടകരമായ സാമ്പത്തിക സാഹചര്യങ്ങൾ മറികടക്കാൻ നിരവധി ക്ഷേമ പദ്ധതികൾ, ദരിദ്രർ, അവശവിഭാഗങ്ങൾ എന്നിവർക്കായുള്ള നയങ്ങൾ എന്നിവ അവതരിപ്പിച്ച പാർട്ടിയായി തങ്ങളെ അവതരിപ്പിക്കും. 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ) പോലുള്ള വമ്പൻ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം യഥാർഥത്തിൽ രാജ്യത്തെ ജനസംഖ്യയിൽ വലിയ പങ്കും അതിജീവനത്തിന് സർക്കാർ പിന്തുണ ആവശ്യമായവരെന്ന വിളംബരംകൂടിയാണ്.
പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ പാവപ്പെട്ടവർക്ക് രണ്ടു കോടി വീടുകൾ നിർമിക്കുന്നുവെന്ന പ്രഖ്യാപനവും തെളിയിക്കുന്നത് സാമ്പത്തിക ഉദാരീകരണത്തിന്റെ ഗുണങ്ങൾ പാവപ്പെട്ട വിഭാഗങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും സർക്കാർ ഇടപെടൽ വഴിയേ അവക്ക് പരിഹാരമുള്ളൂവെന്നുമാണ്. എന്നാൽ, ഇത്തരം വൻപദ്ധതികൾ വരുമ്പോൾ പാവപ്പെട്ടവരുടെ യഥാർഥ സ്ഥിതിഗതികളെ കുറിച്ച ചർച്ചകൾക്കപ്പുറത്ത് പ്രധാനമന്ത്രി മോദിയുടെ ആഘോഷമാണ് മുഖ്യമായും നടക്കുന്നത്.
മാത്രവുമല്ല, പ്രധാന ക്ഷേമ പദ്ധതികൾക്കായി (പട്ടികജാതി/വർഗ വികസന ബജറ്റ് പോലെ) സർക്കാർ ചെലവാക്കുന്ന തുക യഥാർഥ ആവശ്യങ്ങൾക്ക് ആനുപാതികമല്ലെന്നും കാണാം. വിദ്യാഭ്യാസത്തിനായി സർക്കാർ ചെലവ് മൂന്നു ശതമാനത്തിൽ താഴെയാണ്. സബ്സിഡികൾ (പാചകവാതകം, വളം, വായ്പ തുടങ്ങിയവ), ക്ഷേമ പദ്ധതികൾ (തൊഴിലുറപ്പ് പദ്ധതി ഉദാഹരണം) എന്നിവക്കും ബജറ്റ് വിഹിതം ആനുപാതികമായല്ല. പാവപ്പെട്ടവരുടെയും മറ്റു അവശ വിഭാഗങ്ങളുടെയും ശാക്തീകരണത്തിനും ക്ഷേമത്തിനും മതിയായ നയചട്ടക്കൂടിന്റെ അഭാവം യഥാർഥത്തിൽ മധ്യവർഗ, കുത്തക മുതലാളി വരേണ്യ വർഗങ്ങളാൽ ഇവർ ചൂഷണം ചെയ്യപ്പെടാനും കുത്തക മുതലാളിത്തത്തെ വളർത്തുന്ന സാമ്പത്തിക വികസനത്തിൽ കാഴ്ചക്കാർ മാത്രമാകാനും ഇവരെ നിർബന്ധിതരാക്കുന്നു.
കോർപറേറ്റുകളെ തുണച്ച് മൻമോഹൻ സിങ് നയിച്ച മുൻ കോൺഗ്രസ് സർക്കാറിന്റെ സാമ്പത്തിക നയങ്ങൾ തന്നെയാണ് മോദി സർക്കാറും പിന്തുടർന്നത്. എന്നുവെച്ചാൽ, രാഷ്ട്രീയമായി ഭിന്നതയുണ്ടെങ്കിലും ബി.ജെ.പിയും കോൺഗ്രസും സാമ്പത്തികമായി സമാന മനസ്കരാണ്. സാമ്പത്തിക വിഷയത്തിലെ ഈ സാമ്യവും രാഷ്ട്രീയ പദ്ധതികളിലെ വ്യത്യാസങ്ങളും എങ്ങനെയാണ് ഇരു കക്ഷികളെയും വേർതിരിക്കുന്നത്?
പല തലങ്ങളിലും ബി.ജെ.പി, കോൺഗ്രസ് കക്ഷികൾ തമ്മിൽ ഇന്ത്യയുടെ സാമ്പത്തിക വികസന കാഴ്ചപ്പാടിൽ ചെറിയ വ്യത്യാസമുണ്ട്. 1980കൾ മുതൽ കോൺഗ്രസ് സർക്കാറുകൾ ഉദാരീകരണം, സ്വകാര്യവത്കരണം, ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ആഗോളീകരണം എന്നീ വിഷയങ്ങളോട് തുറന്ന പ്രതിബദ്ധതയാണ് പുലർത്തിയത്. 1991ലാണ് നവലിബറൽ സാമ്പത്തിക അജണ്ട ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്, അതോടെ സർക്കാറിന്റെ സാമൂഹിക മുൻഗണനകൾ മാറി ആഗോള മൂലധനം ഉപയോഗിച്ച് സ്വകാര്യ സമ്പദ്വ്യവസ്ഥയുടെ വ്യാപനമെന്നതായി വിഷയം. ജനങ്ങളുടെ പ്രതീക്ഷകൾ ഉദാരീകരണത്തിൽനിന്ന് പുതിയ ഉയരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ബി.ജെ.പിക്കായിട്ടുണ്ട്. ഇന്ത്യ വികസനത്തിന്റെ സൂചികകളിൽ അതിവേഗം ഉയരങ്ങൾ കീഴടക്കുകയാണെന്നും വൈകാതെ യു.എസിനെയും ചൈനയെയും നാം പിന്തള്ളുമെന്നൊക്കെയാണ് പ്രചാരണങ്ങൾ.
ഇവിടെ വ്യത്യാസം, രണ്ടിന്റെയും പ്രത്യയശാസ്ത്രപരമായ ഭിന്നതകൾതന്നെയാണ്. കുത്തക മുതലാളിത്ത സംരംഭങ്ങളെയും പൊതുമേഖലയുടെ സ്വകാര്യവത്കരണത്തെയും പ്രോത്സാഹിപ്പിക്കാൻ കോൺഗ്രസും പ്രതിജ്ഞാബദ്ധമാണെങ്കിലും അത്തരം പദ്ധതികൾവെച്ച് നെടുനീളൻ ദേശീയതാവാദങ്ങൾ അവർ നടത്താറില്ല. ബി.ജെ.പി പക്ഷേ, അതും നടത്തുന്നു. ഒപ്പം, കോൺഗ്രസ് തങ്ങളുടെ പഴയ സോഷ്യലിസ്റ്റ് കടപ്പാടുകൾ പലപ്പോഴും അവതരിപ്പിക്കാറുണ്ട്. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്തത് കർഷകർ, ആദിവാസികൾ, അവശവിഭാഗങ്ങൾ എന്നിവക്കായി നിരവധി ക്ഷേമപദ്ധതികളും സാമ്പത്തിക പാക്കേജുകളുമാണ് പ്രഖ്യാപിച്ചത്.
നവ ലിബറൽ സാമ്പത്തിക വളർച്ച സാധ്യമാക്കാനുള്ള പ്രതിബദ്ധതയിൽ ബി.ജെ.പി തീവ്ര നിലപാടാണ് പുലർത്തുന്നത്. പാവപ്പെട്ടവർ, തൊഴിലാളി വർഗങ്ങൾ എന്നിവരുടെ വിഷയങ്ങളിൽനിന്ന് പരസ്യമായി അകന്നുനിൽക്കുന്ന അവർ വികസനമെന്ന ആശയത്തിന് ദേശീയതയുടെ ഛായയും മേൽവസ്ത്രവും കൂടി നൽകുന്നു. ചൈനക്കെതിരെയും വികസിത യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയും വൈകാരിക ജനകീയതയും അവർ ഉണർത്തുന്നു. (മാലദ്വീപിനെതിരെ ലക്ഷദ്വീപിനെ ഉയർത്തിക്കാട്ടുന്നത് അവസാന സംഭവം). ഇത്തരം ദേശീയത മാത്സര്യം അരങ്ങുവാഴുന്നതോടെ വികസന പദ്ധതികളും ദാരിദ്ര്യ നിർമാർജനം, ഗ്രാമീണ വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി അവയുടെ ബന്ധവും ചോദ്യംചെയ്യുന്നതിൽനിന്ന് ജനത്തെ മാറ്റിനിർത്താനാകുന്നു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ സ്വകാര്യവത്കരണമെന്ന സർക്കാർ അജണ്ടക്കെതിരായ ഏതുതരം ചോദ്യവും തടയിടാൻ സാമ്പത്തിക വളർച്ചയെ ദേശീയതയുമായി ചേർത്തുനിർത്തുക വഴിയാകും. പാവപ്പെട്ടവരുടെയും സാമൂഹിക പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിന് നിലകൊള്ളുന്നവരെന്ന പ്രതിച്ഛായ നിർമിക്കുന്നതിലേറെ, അദാനിപോലെ വൻകിട വ്യവസായികളുമായും കുത്തകലോബികളുമായും ചേർന്നുനിൽക്കുന്നതാണ് ബി.ജെ.പിക്ക് കൂടുതൽ താൽപര്യം.
വ്യവസ്ഥാപിത സംവിധാനങ്ങളെ ഇല്ലാതാക്കി അധികാരം വ്യക്തികേന്ദ്രീകൃതമാക്കുകയാണ് മോദിക്കു കീഴിൽ ബി.ജെ.പിയെന്ന് ജെ.എൻ.യുവിെല അജയ് ഗുദാവർത്തി വാദിക്കുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക നയത്തിൽ യു.പി.എയും ബി.ജെ.പിയും വേറിട്ട നിലപാടാണെന്നും. ഈ നിലപാടിനെ കുറിച്ച് ..?
ബി.ജെ.പിക്കു കീഴിലെ ഭരണം, വിശിഷ്യാ മോദിയിൽ എല്ലാം കേന്ദ്രീകരിച്ച രീതി ജനാധിപത്യ ഭരണത്തിനുതന്നെ നേർവിപരീതമാണ്. മോദിയുടെ വ്യക്തിത്വത്തെ ചുറ്റിപ്പറ്റി ഭരണകൂട സംവിധാനം നിർമിച്ചെടുക്കുന്ന പ്രതിച്ഛായ അതിതീവ്രമാണ്. അതിനാൽ തന്നെ പ്രതിപക്ഷ വാദങ്ങൾകൊണ്ട് എളുപ്പം പൊളിച്ചെടുക്കൽ ദുസ്സാധ്യവും. ജനകീയത, വ്യക്തിഗത നേട്ടങ്ങൾ, രാജ്യാന്തര ഖ്യാതി എന്നിവയിലെല്ലാം ആധുനിക ഇന്ത്യ സംഭാവന ചെയ്ത മഹാന്മാരായ നേതാക്കളായ ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി തുടങ്ങിയവരുടെ ദർശനങ്ങളെപോലും തമസ്കരിക്കാൻ മോദി കേന്ദ്രീകൃത കാമ്പയിൻ ശ്രമം നടത്തുന്നു. കൾട്ട് പദവിയോടെ ഇത്തരം വ്യക്തിത്വങ്ങൾ എത്തുമ്പോൾ അവരുടെ ജനപ്രിയ ക്ഷേമ പദ്ധതികൾ അവതരിപ്പിക്കപ്പെടുക ഉത്തരവാദിത്തമുള്ള സർക്കാറിന്റെ പ്രവൃത്തിയായല്ല, മറിച്ച് അയാളുടെ മഹത്തായ ജീവകാരുണ്യമായും ജനങ്ങൾക്കുള്ള ‘ഗാരന്റി’യായും (‘മോദിയുടെ ഗാരന്റി’ ഓർക്കുക) ആകും.
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ മുമ്പ് നടന്ന ആളെക്കൂട്ടൽ മാമാങ്കം രാജ്യം മുഴുക്കെ ജനങ്ങളെ സംഘടിപ്പിക്കുന്നതിൽ വിജയം കണ്ടിരുന്നോ?
വലതുപക്ഷം എന്നും മതവും രാഷ്ട്രീയവും തമ്മിൽ ശക്തമായ ബന്ധം നിലനിർത്തിപ്പോന്നിട്ടുണ്ട്. മഹാത്മാഗാന്ധിക്കു ശേഷം ആദ്യമായി ഹിന്ദു സാംസ്കാരിക, മത ചിഹ്നങ്ങൾ ജനങ്ങളെ സംഘടിപ്പിക്കാൻ നിരങ്കുഷം ഉപയോഗിച്ച ഏക രാഷ്ട്രീയ കക്ഷി ബി.ജെ.പിയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഹിന്ദുക്കൾ പീഡിതരും എന്നാൽ, മതന്യൂനപക്ഷങ്ങൾ സുരക്ഷിതരും സർക്കാർ പദ്ധതികളുടെയും നയങ്ങളുടെയും ഗുണഭോക്താക്കളുമാണെന്ന ആരോപണം മുന്നിൽനിർത്തിയാണ് ഹിന്ദുത്വയുടെ സാംസ്കാരിക ദേശീയത നിർമിച്ചെടുക്കുന്നത്.
വൃത്തികെട്ടവരും പിന്നാക്കക്കാരും ആൺകോയ്മക്കാരും ദേശവിരുദ്ധരുമായി മുസ്ലിംകളെ അപരവത്കരിക്കുന്ന ക്രിമിനൽ പ്രക്രിയ പലമാർഗേണ പുരോഗമിക്കുന്നു. അത് പൊതുജന മനസ്സിൽ ഒരുതരം മതിഭ്രമവും മുസ്ലിം പ്രശ്നവുമായി വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ സംവാദങ്ങളിൽ മുസ്ലിംകളെ കൂടുതൽ അരികുവത്കരിക്കാനായി ബാബരി മസ്ജിദ് തകർക്കൽ ഹിന്ദു നവജാഗരണത്തിന്റെ അടയാളമുദ്രയായി ആഘോഷിക്കപ്പെട്ടു. ഹിന്ദുവിന്റെ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ അറുതിയും ഹിന്ദു ഉയിർത്തെഴുന്നേൽപിന്റെ ആഗമവുമായി.
രാമജന്മഭൂമി-ബാബരി മസ്ജിദ് വിഷയത്തിലെ സുപ്രീംകോടതി വിധിയോടെ മതപരമായ വിഷയങ്ങൾ ഇനിമേലിൽ ജനങ്ങളുടെ സ്വകാര്യ വിഷയങ്ങളല്ലെന്നും വമ്പൻ രാഷ്ട്രീയ പരിപാടികൾ കൊഴുപ്പിക്കാൻ പ്രയോഗിക്കാവുന്നതാണെന്നുമുള്ള സ്ഥിതി വന്നു. സമീപകാലത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയായി രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് ബി.ജെ.പി ആസൂത്രണം ചെയ്തു. അത് നൽകിയ സാംസ്കാരിക, മത മൂല്യം കൊണ്ടുമാത്രമല്ല, ബി.ജെ.പി അധികാരത്തിലുള്ളതു കൊണ്ടുകൂടിയാണെന്ന് കൂടി വരുത്തലായിരുന്നു ലക്ഷ്യം.
ബി.ജെ.പി നേരിട്ട് നിയന്ത്രിച്ച് നയിച്ച ഒരു രാഷ്ട്രീയ പരിപാടിയായി ബോധപൂർവം ഈ ചടങ്ങ് മാറി. പ്രധാന പ്രതിപക്ഷ കക്ഷികൾക്കും രാഷ്ട്രീയത്തിൽ സ്വാധീനമുള്ള പ്രമുഖർക്കും (രാഷ്ട്രപതി ദ്രൗപതി മുർമുവും ബി.ജെ.പി മുൻ അധ്യക്ഷൻ അദ്വാനിയും പോലെ) സ്ഥാനം നിഷേധിച്ച് പ്രധാനമന്ത്രി മോദിയാണ് ഈ പൊതുപരിപാടിയിലെ ഏക താരമെന്ന് വരുത്തി. ഇത് ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ചിഹ്നവും ഇന്ത്യ ഹിന്ദുവിന്റെ രാജ്യമെന്നവാദത്തിന്റെ പ്രതീകവുമായി ദേശീയ മാധ്യമങ്ങൾ ആഘോഷിച്ചു. ഇതിൽ ആകൃഷ്ടരായ പൊതുജനം പരസ്യമായി ഈ ആഘോഷത്തിന്റെ ഭാഗമാകുക കൂടി ചെയ്തു.
ഹിന്ദു മത വിശ്വാസങ്ങൾ, ആചാരങ്ങൾ എന്നിവയുടെ ആഴവും വൈവിധ്യവും പരിഗണിച്ചാൽ ക്ഷേത്രോദ്ഘാടനം വഴി നിർമിച്ചെടുത്ത ധ്രുവീകരണം എത്രത്തോളം നിലനിൽക്കും. മോദിയുടെ ജനകീയതക്ക് എത്രത്തോളം വിശ്വാസ്യതയുണ്ട്?
സാധാരണക്കാരന്റെ മതവും ആത്മീയമൂല്യങ്ങളും തീർച്ചയായും ഹിന്ദുത്വയുടെ സാംസ്കാരിക ദേശീയതയിൽനിന്ന് ഏറെ ഭിന്നമാണ്. വിശിഷ്യാ സാമൂഹികമായി അടിത്തട്ടിൽ കഴിയുന്നവർ, ദലിതുകൾ, ബഹുജൻ-ആദിവാസികൾ (ഡി.ബി.എ) എന്നിവരെല്ലാം തങ്ങളുടെ ആത്മീയ ദാഹം തീർക്കാൻ സ്വതന്ത്രമായ സാമൂഹിക, സാംസ്കാരിക ആഭിമുഖ്യങ്ങൾ പുലർത്തുന്നവരാണ്. ബഹുജന-ആദിവാസി വിഭാഗങ്ങളുടെ രാഷ്ട്രീയ ധാരണ നിലകൊള്ളുന്നത് സാമൂഹിക നീതി, സൗഹാർദം, രാഷ്ട്ര നിർമിതിയിൽ തങ്ങൾക്കും അർഹമായ പ്രാതിനിധ്യം എന്നിവയിലൂന്നിയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബ്രാഹ്മണകോയ്മക്ക് ഇത് കടകവിരുദ്ധമാണ്. വിരോധഭാസമാകാം, ബി.ജെ.പി ഫാഷിസ്റ്റ് പ്രവണതകളുള്ളവരും മുസ്ലിം വിരുദ്ധരുമാണെന്ന പ്രതിപക്ഷ വിമർശനം ഇത്തരം വിഭാഗങ്ങൾക്കിടയിൽ കാര്യമായ വേരോട്ടമുണ്ടാക്കിയിട്ടില്ല.
പകരം, ഇവരുടെ ഹിന്ദു സാംസ്കാരിക ഭൂതകാലവും വേരുകളും കൂടുതലായി ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുകയാണ്. ഒപ്പം ഇത്തരം വിഭാഗങ്ങളുടെ സാംസ്കാരിക അവകാശവാദങ്ങൾ അംഗീകരിച്ച് ബി.ജെ.പി അവർക്ക് രാഷ്ട്രീയ കലണ്ടറിൽ കൂടുതൽ ഇടം അനുവദിക്കാനും മനസ്സ് വെക്കുന്നു. ഹിന്ദുത്വ എല്ലാറ്റിനെയും ജയിച്ചുനിൽക്കുന്ന രാഷ്ട്രീയ വേദിയാണെന്നും അവശവിഭാഗങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ കൂടുതൽ ഇടം നൽകുന്നതാണെന്നുമുള്ള ആശയത്തിലൂന്നിയാണ് നരേന്ദ്ര മോദിയുടെ ശക്തമായ പ്രതിച്ഛായ പടുത്തുയർത്തപ്പെട്ടിരിക്കുന്നത്.
അണക്കെട്ടുകൾ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാകാൻ പോകുന്നുവെന്നായിരുന്നു നെഹ്റു പറഞ്ഞത്. ഇന്ന് ക്ഷേത്രങ്ങൾതന്നെയാണ് ആ ചിഹ്നങ്ങൾ. വികസനത്തിന്റെ ലക്ഷ്യവും പ്രചോദനവുമെന്നും തോന്നും ചിലപ്പോൾ. ഈ വൈരുധ്യത്തെക്കുറിച്ച്?
ഈ വൈരുധ്യങ്ങളെ നന്നായി പ്രയോജനപ്പെടുത്തുന്നതിൽ ബി.ജെ.പി വിജയം കണ്ടിട്ടുണ്ട്. രാമജന്മഭൂമി പ്രസ്ഥാനത്തിലെ പങ്കിന്റെ പേരിൽ മാത്രമല്ല, മോദിയെന്ന വ്യക്തി ആഘോഷിക്കപ്പെടുന്നത്. മറിച്ച്, ഇന്ത്യയെ വികസിത രാജ്യങ്ങളുടെ നിരയിലേക്ക് ഉയർത്താൻ ശേഷിയുള്ള നേതാവുകൂടി ആയിട്ടാണ്. ഇന്ത്യയുടെ സാംസ്കാരിക ജാഗരണവും രാജ്യത്തെ കുത്തക മുതലാളി സമ്പദ്വ്യവസ്ഥയുടെ വളർച്ചയും ഒന്നിച്ച് ജയിപ്പിച്ചെടുക്കുന്നതിൽ നിലവിലെ ഭരണകൂടം വിജയം കണ്ടിട്ടുണ്ട്. നെഹ്റു ഇന്ത്യയെ ആഘോഷിച്ചത് ആധുനിക, മതേതര, വികസനാധിഷ്ഠിത രാജ്യമായാണ്. ബദൽമൂല്യങ്ങളും ചിഹ്നങ്ങളുംകൊണ്ട് നെഹ്റുവിന്റെ വ്യക്തിത്വത്തെ നേരിടാൻ മോദി ആഗ്രഹിക്കുന്നു.
രാജ്യത്തെ നവ ലിബറൽ സമ്പദ്വ്യവസ്ഥയാക്കാൻ ശേഷിയുള്ള അന്താരാഷ്ട്ര മൂലധനവുമായി അടുപ്പം സൂക്ഷിക്കുന്ന ഹിന്ദു നവോത്ഥാന നായകനായാണ് മോദി എഴുന്നള്ളിക്കപ്പെടുന്നത്. മധ്യവർഗത്തിനിടയിൽ പുതുതായി ജീവൻവെച്ച ഹിന്ദു സാംസ്കാരിക ഇടവും സാമ്പത്തിക ഉദാരീകരണവും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഇതുരണ്ടും ബി.ജെ.പിയുടെ ഇഷ്ടവിഷയങ്ങളാകുമ്പോൾ സ്വാഭാവികമായും പാവപ്പെട്ടവർ, തൊഴിലാളികൾ, കർഷകർ, ആദിവാസികൾ തുടങ്ങിയവർ നിത്യജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ അവരെ അലട്ടാതെ വരുന്നു. പാവപ്പെട്ടവരും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരും കർഷകരും ആദിവാസികളും ഒന്നിച്ച് തെരുവിലിറങ്ങി ബി.ജെ.പിയുടെ സാംസ്കാരിക ദേശീയതയുടെയും നവലിബറൽ സാമ്പത്തിക വളർച്ചയുടെയും അപസ്വാധീനം തുറന്നുകാണിക്കുമ്പോഴാകും യഥാർഥവും മഹത്തായതുമായ രാഷ്ട്രീയ പരിവർത്തനം സംഭവിക്കുക