ഒരു മൊറാഴക്കാരന്റെ മാർക്സിസ്റ്റ് വഴക്കങ്ങൾ
സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ എം.വി. ഗോവിന്ദൻ മാഷുമായി മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി. നാസർ നടത്തിയ ദീർഘസംഭാഷണം. കേരളത്തിന്റെ വർത്തമാന അവസ്ഥകൾ, കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം, സി.പി.എമ്മിന്റെ സാധ്യതകൾ, മുതലാളിത്തത്തിന്റെ പ്രതിസന്ധി, വെല്ലുവിളികൾ തുടങ്ങിയ വിവിധ വിഷയങ്ങളിലൂടെ നീങ്ങുന്ന സംഭാഷണത്തിന്റെ പൂർണരൂപം വായിക്കാം. 1940 സെപ്റ്റംബർ 15. അന്നാണ് മലബാറിന്റെ ചെമ്മാനത്ത് ഇടിമിന്നലുണ്ടായത്. മൊറാഴയിലും തലശ്ശേരിയിലും നിലമിറങ്ങി ഇടിവെട്ടി....
Your Subscription Supports Independent Journalism
View Plansസി.പി.എം പോളിറ്റ്ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ എം.വി. ഗോവിന്ദൻ മാഷുമായി മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി. നാസർ നടത്തിയ ദീർഘസംഭാഷണം. കേരളത്തിന്റെ വർത്തമാന അവസ്ഥകൾ, കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം, സി.പി.എമ്മിന്റെ സാധ്യതകൾ, മുതലാളിത്തത്തിന്റെ പ്രതിസന്ധി, വെല്ലുവിളികൾ തുടങ്ങിയ വിവിധ വിഷയങ്ങളിലൂടെ നീങ്ങുന്ന സംഭാഷണത്തിന്റെ പൂർണരൂപം വായിക്കാം.
1940 സെപ്റ്റംബർ 15. അന്നാണ് മലബാറിന്റെ ചെമ്മാനത്ത് ഇടിമിന്നലുണ്ടായത്. മൊറാഴയിലും തലശ്ശേരിയിലും നിലമിറങ്ങി ഇടിവെട്ടി. ബ്രിട്ടീഷ് സർക്കാറിന്റെ മർദനവാഴ്ചക്കെതിരെ പ്രതിഷേധദിനമായി ആചരിക്കാൻ കെ.പി.സി.സി ആഹ്വാനംചെയ്ത ദിവസമായിരുന്നു അത്. ആ കെ.പി.സി.സിക്കും ചുവപ്പുനിറമാണ്. 1938 ജനുവരി 24ന് കെ.പി.സി.സി തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴാണ് ചുവന്നുതുടങ്ങിയത്.
അതുവരെയും മലബാറിലെ കോൺഗ്രസ് ഗാന്ധിഭക്തരായ കെ. കേളപ്പൻ-കെ.എ. ദാമോദര മേനോൻ സംഘത്തിന്റെ കൈപ്പിടിയിൽ നിന്നിരുന്നതാണ്. അവരെ ഞാറാഴ്ചക്കോൺഗ്രസ് എന്നുവിളിച്ച് പരിഹസിച്ചിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. അബ്ദുറഹ്മാൻ സാഹിബിന് ശക്തമായ അനുയായിവൃന്ദമുണ്ട്. അതിൽ അധികവും ചെറുപ്പക്കാരുമാണ്. 1934-35 മുതൽ സി.എസ്.പി അഥവാ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സാന്നിധ്യവുമുണ്ട് മലബാറിൽ. അവർ കോൺഗ്രസിന് അകത്തുതന്നെയാണുള്ളത്.
ഇ.എം.എസും പി. കൃഷ്ണപിള്ളയും കെ. ദാമോദരനുമൊക്കെ ആ സംഘത്തിലാണ്. കെ.പി.സി.സി തെരഞ്ഞെടുപ്പു വന്നപ്പോൾ ഈ രണ്ടു ടീമും സഖ്യത്തിലായി. അബ്ദുറഹ്മാൻ സാഹിബിന്റെ ഗ്രൂപ്പും ഇ.എം.എസിന്റെ ഗ്രൂപ്പും. ഈ കൂട്ടുകെട്ടിനെ മക്ക-മോസ്കോ കൂട്ടുകെട്ട് എന്നാണ് ഞാറാഴ്ചക്കോൺഗ്രസുകാർ വിളിച്ചത്. 1938 ജനുവരി 24നായിരുന്നു കെ.പി.സി.സി തെരഞ്ഞെടുപ്പ്. മക്ക-മോസ്കോ കൂട്ടുകെട്ട് വിജയിച്ചു. അബ്ദുറഹ്മാന് സാഹിബ് പ്രസിഡന്റും ഇ.എം.എസ് ജനറൽ സെക്രട്ടറിയുമായി കെ.പി.സി.സി നിലവിൽവന്നു. അപ്പോഴും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസിന് അകത്തുനിന്നുകൊണ്ട് പുറത്ത് പ്രവർത്തിക്കുന്നുണ്ട്. പി. കൃഷ്ണപിള്ള ജനറൽ സെക്രട്ടറിയാണ്.
അടുത്തവർഷം പിന്നെയും കെ.പി.സി.സി തെരഞ്ഞെടുപ്പു വന്നു. അതേ മത്സരം ആവർത്തിച്ചു. ഞാറാഴ്ചക്കോൺഗ്രസും മക്ക-മോസ്കോ കൂട്ടുകെട്ടും തമ്മിൽ. ഇത്തവണ അബ്ദുറഹ്മാൻ സാഹിബിന് മുന്നത്തേക്കാൾ ഭൂരിപക്ഷമുണ്ടായി. 19ന് എതിരെ 82 വോട്ടു നേടിയാണ് വീണ്ടും പ്രസിഡന്റായത്. ഭാരവാഹികളധികവും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കാരാണ്. അവർ പലതരം ബഹുജന സംഘടനകൾക്ക് രൂപം നൽകുന്നുണ്ട്. വളന്റിയർ സംഘം, തൊഴിലാളി സംഘടന, കർഷകസംഘടന എന്നിങ്ങനെ പലതും. ഇതിന്റെയൊക്കെപ്പേരിലും അല്ലാതെയും സി.എസ്.പിക്കാർ തകൃതിയായ പലതരം കൂടിയാലോചനകളും ഒരുക്കങ്ങളും നടത്തുന്നുണ്ട്. ക്യാമ്പുകളും സമ്മേളനങ്ങളും ചേരുന്നുണ്ട്.
അവരുടെ രഹസ്യവും പരസ്യവുമായ എല്ലാ പ്രവർത്തനങ്ങളുടെയും സഞ്ചിതഫലം 1939 ഡിസംബറിൽ പുറത്തുവന്നു. സി.എസ്.പിയുടെ നേതൃ കൺവെൻഷൻ തലശ്ശേരിക്കടുത്ത പാറപ്പുറത്തു ചേർന്നു.
പാറപ്പുറമെന്നാൽ പിണറായിക്കടുത്ത ഗ്രാമമാണ്. താൻ സെക്രട്ടറിയായി നാലംഗങ്ങളുള്ള ഒരു കമ്യൂണിസ്റ്റ് ഗ്രൂപ് രണ്ടുവർഷമായി പ്രവർത്തിച്ചുവരുന്നുണ്ടെന്ന് പി. കൃഷ്ണപിള്ള ആ യോഗത്തിൽ വെളിപ്പെടുത്തി. ക്യാമ്പ് കഴിഞ്ഞ് രണ്ടാഴ്ചക്കുശേഷം പറശ്ശിനിക്കടവിൽ ചേർന്ന യോഗത്തിൽവെച്ചാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി എന്ന സംഘടനാരൂപം ഉണ്ടാക്കിയത്. എങ്കിലും കെ.പി.സി.സി അങ്ങനെതന്നെ നിലനിർത്തണമെന്നും കമ്യൂണിസ്റ്റുകാരൊക്കെ അതിനകത്ത് തുടരണമെന്നും തീരുമാനമുണ്ടായി. 1940 ജനുവരി 26ന് ചുമരെഴുത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിച്ച കാര്യം ജനങ്ങളെ അറിയിച്ചത്.
അങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് 1940 സെപ്റ്റംബർ 15 പ്രതിഷേധദിനമായി ആചരിക്കാൻ കെ.പി.സി.സി ആഹ്വാനംചെയ്തത്. കോഴിക്കോട്ടെ ചാലപ്പുറത്ത് യോഗം ചേർന്നാണ് കെ.പി.സി.സി ഇക്കാര്യം അറിയിച്ചത്. ഉടൻതന്നെ ജില്ലാ കലക്ടർ പ്രകടനങ്ങളും സമ്മേളനങ്ങളും നിരോധിച്ചതായി പ്രഖ്യാപിച്ചു. നിരോധനം ലംഘിച്ച് പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തണമെന്ന് കെ.പി.സി.സി സെക്രട്ടറി കെ. ദാമോദരൻ ആഹ്വാനം ചെയ്തു. ആകെ ആവേശമായി.
ചിറക്കൽ താലൂക്കിലെ പ്രതിഷേധ സമ്മേളനത്തോടൊപ്പം കർഷകറാലിയും നടത്തുമെന്ന് പ്രഖ്യാപനമുണ്ടായി. കീച്ചേരിയിലാണ് സമ്മേളന നഗരി. ചുറ്റുമുള്ള ഗ്രാമങ്ങളിൽനിന്ന് ആളുകൾ പ്രകടനമായി കീച്ചേരിയിലേക്ക് നീങ്ങി. വളപട്ടണം എസ്.ഐ കുട്ടികൃഷ്ണ മേനോനും സംഘവും അവിടെയെത്തി സമ്മേളനം നിരോധിച്ചതായി അറിയിച്ചു. നേതാക്കൾ കൂടിയാലോചിച്ച് സമ്മേളനം മൊറാഴയിലേക്ക് മാറ്റാൻ തീരുമാനിച്ചു. മൊറാഴയിലെ അഞ്ചാംപീടികയിൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് മൊറാഴ. ജാഥകളെല്ലാം അങ്ങോട്ട് തിരിച്ചുവിട്ടു.
കെ.പി.സി.സിയുടെ ആഹ്വാനപ്രകാരമാണ് സംഘടിപ്പിച്ചതെങ്കിലും ചെങ്കൊടിയാണ് എങ്ങും പാറുന്നത്. തൊഴിലാളി യൂനിയനും കർഷകസംഘത്തിനുമൊക്കെ ചെങ്കൊടിയാണുള്ളത്. വിഷ്ണുഭാരതീയനാണ് പ്രതിഷേധസമ്മേളനത്തിന്റെ അധ്യക്ഷൻ. സമ്മേളനം തുടങ്ങാറായപ്പോഴേക്ക് വളപട്ടണം എസ്.ഐ കുട്ടികൃഷ്ണമേനോൻ തളിപ്പറമ്പിലെ പൊലീസ് സംഘത്തെയുംകൂട്ടി മൊറാഴയിലെത്തി. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും എല്ലാവരും പിരിഞ്ഞുപോകണമെന്നും പൊലീസ് വിളിച്ചുപറഞ്ഞു. വിഷ്ണുഭാരതീയൻ സ്റ്റേജിൽ കയറി മറുപടി പറഞ്ഞു: “യോഗം അവസാനിച്ചാൽ എല്ലാവരും പിരിഞ്ഞുപോയിക്കോളും.” അപ്പോൾ മയ്യിൽ കയരളം ഭാഗത്തുനിന്നുള്ള വലിയൊരു ജാഥ സമ്മേളനസ്ഥലത്തേക്ക് കടന്നുവരുന്നുണ്ടായിരുന്നു.
പൊലീസ് ആ ജാഥക്കുനേരെ തിരിഞ്ഞു. ജാഥ നയിച്ചിരുന്ന അറാക്കൽ കുഞ്ഞിരാമനും കൂടെയുള്ളവരും പൊലീസിനെ നേരിട്ടു. അടിയായി. അങ്ങോട്ടുമിങ്ങോട്ടും അടി. പൊലീസ് വെടിവെച്ചു. ജനക്കൂട്ടം കൈയിൽകിട്ടിയ വടികളുമായി പൊലീസുകാരെ വളഞ്ഞിട്ട് തല്ലി. കല്ലെടുത്തെറിഞ്ഞു. സബ്ഇൻസ്പെക്ടർ കൃഷ്ണൻകുട്ടി മേനോൻ അവിടെത്തന്നെ മരിച്ചുവീണു. കോൺസ്റ്റബിൾ ഗോപാലൻ നമ്പ്യാർ ആശുപത്രിയിൽവെച്ചും മരിച്ചു. ഇതാണ് മൊറാഴ സംഭവം. അന്ന് അതേ രംഗങ്ങളൊക്കെ തലശ്ശേരി കടപ്പുറത്തും അരങ്ങേറിയിട്ടുണ്ട്. അവിടെ ജവഹർഘട്ടിൽ വെടിവെപ്പുണ്ടായി. അബുവെന്ന അധ്യാപകനും ചാത്തുകുട്ടിയെന്ന തൊഴിലാളിയും രക്തസാക്ഷികളായി. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷികൾ. അവരുടെ സ്മാരകസ്തൂപമാണ് സി.പി.എം ധർമടം ഏരിയ കമ്മിറ്റി ഓഫിസിനു മുന്നിൽ ഇപ്പോഴുമുള്ളത്.
മൊറാഴ സംഭവത്തിൽ പ്രതിചേർത്താണ് കെ.പി.ആർ. ഗോപാലനെ തൂക്കിക്കൊല്ലാൻ വിധിച്ചത്. ആ സംഭവത്തോടെ മൊറാഴ എന്ന ഗ്രാമം കേരളത്തിന്റെ സമരചരിത്രത്തിൽ എന്നെന്നേക്കുമായി സ്ഥാനംപിടിച്ചു. അതൊരു കമ്യൂണിസ്റ്റ് ഗ്രാമമായി. നാൾക്കുനാൾ ചുവന്നുവന്നു. അമ്മമാർ കുട്ടികൾക്ക് കെ.പി.ആർ. ഗോപാലന്റെയും വിഷ്ണുഭാരതീയന്റേയും അറാക്കൽ കുഞ്ഞിരാമന്റെയും കഥ പറഞ്ഞുകൊടുത്തു. കാലമങ്ങനെ കഴിഞ്ഞു. പത്തു പതിമൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിലെ മീത്തലെ വീട്ടിൽ മാധവിക്ക് ഒരാൺകുട്ടി പിറന്നു. അവന് ഗോവിന്ദൻ എന്നു പേരിട്ടു.
1953 ഏപ്രിൽ 23നാണ് ഗോവിന്ദന്റെ ജനനം. അച്ഛൻ കുഞ്ഞമ്പു ആന്തൂർ കോട്ടല്ലൂർക്കാരനാണ്. മാധവിയും കുഞ്ഞമ്പുവും കർഷകത്തൊഴിലാളികളാണ്. കുഞ്ഞമ്പു ചിലപ്പോൾ ഈർച്ചപ്പണിക്കും പോവും. വേറെയും മക്കളുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. അതിനാൽ മാധവി ഗോവിന്ദനെ അമ്മയുടെ വീട്ടിലാക്കി. അത് മൊറാഴയിലാണല്ലോ. അവിടെ അമ്മമ്മയുണ്ട്. അമ്മാവനുണ്ട്. അമ്മാവൻ രാഘവൻ കമ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട കാലംമുതൽ പാർട്ടിയംഗമാണ്.
ഗോവിന്ദൻ പഠിച്ചത് വീടിനടുത്തുതന്നെയുള്ള മൊറാഴ സെൻട്രൽ യു.പി സ്കൂളിലാണ്. അതിനടുത്തുതന്നെ നല്ലൊരു വായനശാലയുമുണ്ട്. മൊറാഴ ഗ്രാമീണ വായനശാല. പിന്നീട് പത്താംക്ലാസ് വരെ കല്യാശ്ശേരി ഹൈസ്കൂളിൽ പഠിച്ചു. അതും കഴിഞ്ഞപ്പോൾ കോഴിക്കോട് ഫിസിക്കൽ എജുക്കേഷൻ കോളജിൽ ചേർന്നു. അവിടെനിന്നിറങ്ങിയപ്പോൾ പരിയാരത്തിനടുത്ത ഇരിങ്ങൽ സ്കൂളിൽ ജോലിക്കു കയറി. കായികാധ്യാപകനാണ്. 75 രൂപയാണ് ശമ്പളം. അന്ന് വയസ്സ് 19.
വായനശാലയിലെ വായന ഗോവിന്ദന്റെ കാഴ്ചപ്പാടുകൾക്ക് തെളിച്ചം കൊടുത്തിരുന്നു. മൊറാഴ യു.പി സ്കൂളിൽ പഠിക്കുമ്പോഴേ ബാലസംഘം രൂപവത്കരിക്കാനൊക്കെ മുൻകൈയെടുത്തത് അതുകൊണ്ടാണല്ലോ. അമ്മാവൻ പാർട്ടിക്കാരനായതുകൊണ്ട് മൊറാഴ ഭാഗത്തെ പാർട്ടിയുടെയും ബഹുജന സംഘടനകളുടെയുമൊക്കെ യോഗങ്ങൾ മീത്തലെ വീട്ടിലാണ് ചേർന്നിരുന്നത്. അതുവഴി രാഷ്ട്രീയത്തിന്റെ പാഠങ്ങളും പഠിച്ചു. കായികാധ്യാപകനായതോടെ പാർട്ടി വളന്റിയർമാർക്ക് പരിശീലനം കൊടുക്കാൻ തുടങ്ങി. അതോടൊപ്പം രാഷ്ട്രീയ വിദ്യാഭ്യാസം ലക്ഷ്യംവെച്ച് ക്ലാസുകളും എടുത്തുതുടങ്ങി.
കല്യാശ്ശേരി സ്കൂളിലെ പഠനംകഴിഞ്ഞ് ഇറങ്ങിയപ്പോൾതന്നെ പാർട്ടിയുടെ തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസിൽ സഹായിയായി ചെല്ലാൻ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അത് അനുസരിച്ചു. പിന്നീട് ഇരിങ്ങൽ സ്കൂളിൽ മാഷായപ്പോൾ പോകുമ്പോഴും വരുമ്പോഴും പാർട്ടി ഓഫിസിൽ കയറുക ശീലമായി. അങ്ങനെയങ്ങനെ എം.വി. ഗോവിന്ദൻ കമ്യൂണിസ്റ്റായി. ജൈവ കമ്യൂണിസ്റ്റ്. 1970ൽ പാർട്ടിയംഗമായി. ഒഴക്രോം, പണ്ണേരി തുടങ്ങിയ ബ്രാഞ്ചുകളുടെ സെക്രട്ടറിയായി. ആന്തൂർ ലോക്കൽ കമ്മിറ്റിയിൽ അംഗമായി. മൊറാഴ ബ്രാഞ്ചിന്റെയോ ആന്തൂർ ലോക്കലിന്റെയോ തളിപ്പറമ്പ് ഏരിയയുടെയോ സെക്രട്ടറിയായിട്ടില്ല. പക്ഷേ, ഏതെങ്കിലുമൊരു പാർട്ടിഘടകം ദുർബലമാണെന്ന് കണ്ടാൽ സെക്രട്ടറിയായി എം.വി. ഗോവിന്ദൻ മാഷെ അയക്കുന്ന പതിവ് സി.പി.എമ്മിലുണ്ടായിരുന്നു. കാസർകോട്ട് ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചതും എറണാകുളത്ത് ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചതും അങ്ങനെയാണ്.
ഡി.വൈ.എഫ്.ഐ രൂപവത്കരിക്കുന്നതിനു മുമ്പേ യുവജനസംഘടനയുടെ നേതൃനിരയിലുണ്ട്. ആദ്യരൂപം കെ.എസ്.വൈ.എഫായിരുന്നു. കേരള സ്റ്റേറ്റ് യുവജന ഫെഡറേഷൻ. 1968ൽ വൈ.എഫിന്റെ രൂപവത്കരണ സമ്മേളനം കോഴിക്കോട് ചേരുമ്പോൾ സജീവമായി അവിടെയുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലുണ്ട്. 1979ൽ ഡി.വൈ.എഫ്.ഐ രൂപവത്കരിക്കാൻ ആലോചിക്കുമ്പോൾ അതിനുള്ള പ്രിപറേറ്ററി കമ്മിറ്റിയിലുണ്ട്. അഖിലേന്ത്യാടിസ്ഥാനത്തിൽ ഡി.വൈ.എഫ്.ഐ രൂപംകൊണ്ടപ്പോൾ ആദ്യത്തെ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
അങ്ങനെയങ്ങനെ ആവോളം അനുഭവസമ്പത്തും സംഘാടകവൈഭവവും രാഷ്ട്രീയവ്യക്തതയും ഉള്ളതുകൊണ്ടാണ് ഇപ്പോൾ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നത്. 2022 ആഗസ്റ്റിൽ കോടിയേരി ബാലകൃഷ്ണൻ രോഗാവസ്ഥ കാരണം സ്ഥാനമൊഴിഞ്ഞപ്പോൾ പാർട്ടിക്കു മുന്നിലുള്ള സ്വാഭാവിക ബദൽ മറ്റാരുമായിരുന്നില്ല. 1998 സെപ്റ്റംബറിൽ ചടയൻ ഗോവിന്ദൻ അന്തരിച്ചപ്പോൾ, മന്ത്രിയായിരുന്ന പിണറായി വിജയൻ ആ സ്ഥാനം ഒഴിഞ്ഞ് പാർട്ടി സെക്രട്ടറിയായ രംഗം അതേപോലെ ആവർത്തിക്കുകയായിരുന്നു കോടിയേരിക്ക് പിന്നാലെ എം.വി. ഗോവിന്ദൻ സി.പി.എം സെക്രട്ടറിയായപ്പോൾ.
2022 ആഗസ്റ്റ് 28നാണ് സി.പി എം സംസ്ഥാന കമ്മിറ്റി ഗോവിന്ദൻ മാഷെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സെപ്റ്റംബർ രണ്ടിന് മന്ത്രിസ്ഥാനം രാജിവെച്ച് പാർട്ടി സെക്രട്ടറിസ്ഥാനം ഏറ്റെടുത്തു. കോടിയേരി ബാലകൃഷ്ണൻ 2002 ഒക്ടോബർ ഒന്നിന് അന്തരിച്ചു. അപ്പോൾ പോളിറ്റ് ബ്യൂറോയിലുണ്ടായ ഒഴിവിലേക്ക് ആ മാസം 31ന് ഗോവിന്ദൻ മാഷെ തെരഞ്ഞെടുത്തു. സെക്രട്ടറിസ്ഥാനത്തേക്ക് വരുമ്പോൾ മാധ്യമങ്ങളിലുള്ളത് സി.പി.എമ്മിന്റെ സൈദ്ധാന്തികാധ്യാപകൻ എന്ന പ്രതിച്ഛായയാണ്. വളന്റിയർ പരിശീലകനായി തുടങ്ങി സൈദ്ധാന്തികനായി വളർന്ന മാഷ് ഇതിനിടെ ദേശാഭിമാനിയുടെയും ‘മാർക്സിസ്റ്റ് സംവാദ’മെന്ന സൈദ്ധാന്തിക പ്രസിദ്ധീകരണത്തിന്റെയും ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും ഒരു വർഷം പിന്നിടുമ്പോൾ ‘മാധ്യമം ആഴ്ചപ്പതിപ്പ്’ ഗോവിന്ദൻ മാഷുമായി സംസാരിക്കുന്നു. വിശദമായ ആ സംഭാഷണത്തിന്റെ പൂർണരൂപമാണ് ചുവടെ:
ഇന്ത്യയിലെ ഏറ്റവും ശക്തമായ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും കരുത്തുള്ള ഘടകത്തിന്റെ സെക്രട്ടറിയാണ് മാഷ്. ആ പദവിയിലേക്ക് മാഷ് വരുന്ന കാലമെന്നു പറയുന്നത് പ്രധാനപ്പെട്ടതാണ്. രാജ്യം പൊതുവിലും കേരളസമൂഹം സവിശേഷിച്ചും നിരവധി പ്രശ്നങ്ങളെ നേരിടുന്ന കാലമാണ്. ഈ പ്രശ്നങ്ങളെ മാഷ് എങ്ങനെയാണ് വർഗീകരിച്ചിട്ടുള്ളത്?
അല്ല. ഇത്പ്പം ഒറ്റപ്പെട്ട ഒരു സംഭവൊന്നുമല്ല. നമ്മളിതിനെ കൃത്യമായിട്ട് അവലോകനം ചെയ്യുമ്പഴ് ഇതൊരു തുടർച്ചയാണ്. അതായത്, ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. അതിന് രണ്ട് അടിസ്ഥാന കാരണങ്ങളാണുള്ളത്. ഒന്ന്, ഫ്യൂഡൽ സമൂഹത്തിന്റെ മേലെ, അതായത് ജീർണമായ, അന്ധവിശ്വാസ ജടിലവും ശാസ്ത്രവിരുദ്ധതയും ഉൾപ്പെടെ ഉൾക്കൊള്ളുന്ന പഴയകാല ആശയങ്ങൾ, എന്നു പറഞ്ഞാൽ മുതലാളിത്തപൂർവമായ ആശയങ്ങളുടെ ഒരു പശ്ചാത്തലത്തിലാണ് മുതലാളിത്തം കെട്ടിപ്പൊക്കിയത്.
എന്നുപറഞ്ഞാൽ, ലോകത്ത് വികസിത രാജ്യങ്ങളെയെല്ലാം എടുത്തു പരിശോധിച്ചാലും പൊതുവേ ജനാധിപത്യ രാജ്യങ്ങളെയെടുത്തു പരിശോധിച്ചു നോക്കിയാലും അവിടെയൊക്കെ ബൂർഷ്വാസിയുടെ നേതൃത്വത്തിൽ ജനാധിപത്യ വിപ്ലവം നടന്നിട്ടുണ്ട്. ബൂർഷ്വാസിയുടെ നേതൃത്വത്തിൽ ജനാധിപത്യ വിപ്ലവം നടന്നിട്ടുണ്ടല്ലോ. അതുകൊണ്ടാണല്ലോ ബൂർഷ്വാ ജനാധിപത്യവിപ്ലവം എന്ന് പറയുന്നത് ലോകത്ത് എവിടെയും അങ്ങനെയാണ്. എന്നാലിവിടെ ഈ ബൂർഷ്വാ ജനാധിപത്യവിപ്ലവം നടത്തീല്ല. നടന്നില്ല. നാൽപത്തേഴ് ആഗസ്റ്റ് 15ന് നമുക്ക് സ്വാതന്ത്ര്യം കിട്ടി. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയുടെ അവസ്ഥയായിരുന്നു. അത് മാറ്റിയില്ല.
ജാതി, ജന്മി, നാടുവാഴി വ്യവസ്ഥയെ ഒരുതരത്തിലും പോറലേൽപിക്കാതെയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കൈമാറിയതിന് ശേഷം ഇന്ത്യൻ ഭരണകൂടം, അല്ല ഇന്ത്യൻ ഭരണവർഗം നിലപാട് സ്വീകരിച്ച് മുമ്പോട്ടേക്ക് പോയത്. അതിന്റെ ഫലം എന്താ... മുതലാളിത്ത വികസനപാതയാണ് –അതിൽ തർക്കമില്ല. ഈ മുതലാളിത്തം കെട്ടിപ്പൊക്കിയത് ഈ ഫ്യൂഡൽ ജീർണതയിലാണ്.
അതിൽ ആദ്യഘട്ടത്തിൽ ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള ആളുകൾ ഭൗതികമായ നിലപാട് സ്വീകരിച്ചിരുന്നു, അതായത് ബൂർഷ്വാ ജനാധിപത്യ മുദ്രാവാക്യങ്ങൾ പലതും മുമ്പോട്ടേക്ക് വെച്ചിരുന്നു. പക്ഷേ, അതൊന്നും പ്രാവർത്തികമാകുന്ന നില സ്വീകരിച്ചില്ല. പ്രത്യേകിച്ച്, കൃഷിഭൂമി കൃഷിക്കാരന്, എന്നു പറഞ്ഞാൽ ഭൂബന്ധത്തിലുള്ള മൗലികമായ മാറ്റമാണ് യഥാർഥത്തിൽ ഇതിന്റെ അടിത്തറ തകർക്കാനുള്ള ഒരു പ്രധാനപ്പെട്ട കാര്യം. അത് നടന്നതേയില്ല.
അത് കേരളത്തിലും ബംഗാളിലും മാത്രമാണല്ലോ നടന്നത്...
ബംഗാളിൽതന്നെ പൂർണമായിട്ടില്ല. കേരളത്തിലാണ് നടന്നത്. ജനാധിപത്യ വിപ്ലവത്തിന്റെ ഒരു ഭാഗാ അത്. അത് നടന്നില്ല. അത് കേരളത്തിലാണ് ഒരു പരിധിവരെ നടന്നത്. ഭൂബന്ധത്തിൽ മൗലികമായ മാറ്റം ഇവിടെ ഉണ്ടായിട്ടുണ്ട്. ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ല. ഭൂപ്രഭുത്വത്തിന്റെ അവശിഷ്ടങ്ങളുണ്ട്. പക്ഷേ, ജന്മിത്തം അവസാനിപ്പിച്ചു. ജന്മിത്തം അവസാനിപ്പിക്കുന്ന നില കേരളത്തിലാണ് ഫലപ്രദമായിട്ട് നടന്നത്. അപ്പോ ഞാൻ പറഞ്ഞുവരുന്നത് എന്താന്ന് പറഞ്ഞാൽ, ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിന്റെ മൗലികമായ പ്രശ്നമൊന്നും ഈ ജനാധിപത്യവിപ്ലവത്തിന്റെ ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ കഴിയാത്ത ഭരണവർഗം, മുതലാളിത്ത വളർച്ചക്ക് ഈ അടിത്തറയെയാണ് ഉപയോഗിച്ചത് എന്നുള്ളതാണ്. ഇതാണ് ഒരു പ്രധാനപ്പെട്ട ഘടകം.
രണ്ടാമത്തെ ഘടകം, ഈ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ വളരെ ചുരുക്കംവരുന്ന ആളുകളുടെ കൈകളിലേക്ക് എത്തിപ്പെടുന്നതാണ്. കുത്തകവത്കരിച്ചു. ഇന്ത്യയിൽ 47 ശതമാനത്തോളം സമ്പത്ത് ഒരു ശതമാനത്തിന്റെ കൈയിലെത്തി. 77 ശതമാനത്തിലധികം സമ്പത്ത് 10 ശതമാനത്തിന്റെ കൈയിലെത്തി. അപ്പോ, ഇവിടെ കാണേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു, ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു എന്നുള്ള മുതലാളിത്ത സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധിയാണ്. ഇതിനെയാണ് സാധാരണ മുതലാളിത്ത കൊഴപ്പം എന്നുപറയുന്നത്.
മുതലാളിത്ത പ്രതിസന്ധി...
അതെ, മുതലാളിത്ത പ്രതിസന്ധി എന്നൊക്കെ പറയുന്നത്. ഈ പ്രതിസന്ധി അതിന്റെ തുടക്കത്തിലാരംഭിച്ചതാണ്. ഇതിന്റെ അവസാനത്തിലേ അവസാനിക്കുകയുള്ളൂ. ഇതിന്റെയകത്ത്ന്ന് ഇപ്പോ അദാനിയെപ്പറ്റിയും അംബാനിയെ പറ്റിയും വ്യത്യസ്തമായിട്ടൊക്കെ നമ്മള് പറയുന്നില്ലേ. പക്ഷേ, ഇതൊക്കെ സൂക്ഷ്മമായിട്ട് പരിശോധിച്ച് നോക്കിയാൽ.., ജനാധിപത്യവിപ്ലവം നടത്തിയിരുന്നുവെങ്കില് ലോകത്തെ മുതലാളിത്ത രാജ്യങ്ങളിലെപ്പോലെ ബൂർഷ്വാ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഇവർക്ക് അതിന് മൂലധനം കിട്ടുമായിരുന്നു. എന്നു പറഞ്ഞാൽ, ഭൂപ്രഭുവിനെയും രാജാവിനെയും ചക്രവർത്തിയെയും കൊന്നാൽ ശവം മാത്രമല്ല കിട്ടുക, ആ കാലംവരെ ഉൽപാദിപ്പിച്ച സമ്പത്ത് മുഴുവൻ കൈക്കലാക്കാനുള്ള സൗകര്യമാണ്. അതിന് ആർജിത മൂലധനം എന്നാ പറയുന്നത്.
ഈ ആർജിത മൂലധനം യഥാർഥത്തിൽ ’47 ആഗസ്റ്റ് 15ന് ദേശീയ സ്വാതന്ത്ര്യത്തിനുശേഷം ഇവർക്ക് കിട്ടിയിട്ടില്ല. കിട്ടിയോ, ഇന്ത്യയിലെ ഏതെങ്കിലും ബൂർഷ്വാസിക്ക്... ഈ പറയുന്ന ഏതെങ്കിലും... ഇപ്പം ഇവിടെ നമ്മുടെ... ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അറകളിലുള്ളത് ട്രഷറിയാണല്ലോ, രാജവാഴ്ചയുടെ. അതൊന്നും അവർക്ക് കിട്ടിയില്ലല്ലോ. ആർക്കും ബൂർഷ്വാസിക്കൊന്നും കിട്ടിയില്ലല്ലോ. അല്ലെങ്കി മുമ്പത്... വിപ്ലവത്തിന്റെ ഫലമായാണെങ്കില് അതെല്ലാം ബൂർഷ്വാസിയുടെ കൈയിൽ പോകുമല്ലോ. കോടാനുകോടി സമ്പത്ത് –ഞാനൊരു ഉദാഹരണം പറഞ്ഞത് മാത്രമാണേ.
ഇങ്ങനെ രാജ്യത്തിന്റെ സമ്പത്ത് സ്വായത്തമാക്കിക്കൊണ്ടാണ് മുതലാളിത്തം ലോകത്ത് എവിടേയും വളർന്നത്. അതായത് കപ്പൽഛേദം. നമ്മള് ചരിത്രത്തിന്റെതന്നെ ഭാഗമായിട്ട് വരുകയാണ്... കപ്പൽഛേദം എന്നുപറഞ്ഞാൽ കപ്പലുകൾ തട്ടിക്കൊണ്ടുപോയി മൂലധനം സ്വരൂപിക്കുക. ഇങ്ങനെ കട്ടിറ്റാണ്. ഇങ്ങനെ കട്ടുവളർത്തിയുണ്ടാക്കുന്ന മൂലധനത്തിനെയാണ് സഞ്ചിത മൂലധനം എന്നു പറയുന്നത്. ഈ സഞ്ചിത മൂലധനം യഥാർഥത്തിൽ ഇന്ത്യൻ ബൂർഷ്വാസിക്ക് അന്ന് കിട്ടിയിരുന്നില്ല. അതുകൊണ്ട് ലോകത്തിലെ താരതമ്യേന പിന്നിൽ നിൽക്കുന്ന ബൂർഷ്വാസിയായിരുന്നു ഇന്ത്യൻ ബൂർഷ്വാസി. ഒരു 55 കോടി, 60 കോടി അത്രയേ അവർക്ക് ആസ്തിയുണ്ടായിരുന്നുള്ളൂ.
ഇപ്പഴ് ഈ സഞ്ചിത മൂലധനം ഇവർക്ക് കിട്ടി. ഇന്ത്യൻ ബൂർഷ്വാസിക്ക് സഞ്ചിത മൂലധനം കിട്ടി. അതെങ്ങനെയാ... അതായത്, നമ്മുടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഒരു അവിഭാജ്യ ഘടകമായിട്ട് നെഹ്റുവിയൻ കാലഘട്ടം മുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി. അത് ബ്രെട്ടൻവുഡ് സമ്മേളനത്തിന്റെ തുടർച്ചയായിട്ടാണ്, ബ്രെട്ടൻവുഡ് സമ്മേളനത്തിലാണ് നമുക്കറിയുന്നതുപോലെ ലോകബാങ്കും ഐ.എം.എഫും രൂപപ്പെട്ടത്. ആ സമ്മേളനത്തോടുകൂടിയാണ്...
ലോകവ്യാപകമായിട്ട് അന്ന് മാന്ദ്യാണല്ലോ, ആ മാന്ദ്യം പരിഹരിക്കണം. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഏതാണ്ടവസാനമാണ്. നാൽപത്തഞ്ചിലാണ്. ആ മാന്ദ്യം പരിഹരിക്കാൻ വേണ്ടീട്ട് എന്തുവേണം... മാന്ദ്യം പരിഹരിക്കാൻ വേണ്ടീട്ട് പൊതുമേഖലാ സ്ഥാപനം വേണം. കാരണം, ജനങ്ങളിലേക്ക് പണം എത്തിക്കണം. പണം വെറുതെ കൊടുക്കാൻ പറ്റില്ല. അപ്പൊ, പൊതുമേഖലാ സ്ഥാപനങ്ങളുണ്ടാക്കുക, അവിടെ തൊഴിലാളികളെ എടുക്കുക, ജീവനക്കാരെ എടുക്കുക, അവർക്ക് ശമ്പളം കൊടുക്കുക. പണം കൊടുക്കുക. അപ്പോ ആ പണം മാർക്കറ്റിലേക്ക് വരും. മുതലാളിത്തം ശക്തിപ്പെടും. ഇതാണ് തിയറി. കെയ്ൻസിന്റെ തിയറിയായിരുന്നു. കെയിൻസാണല്ലോ ഈ തിയറി അംഗീകരിച്ചത്.
ജോൺ മെയ്നാർഡ് കെയ്ൻസ്. ബ്രിട്ടൻകാരനായ സാമ്പത്തിക ശാസ്ത്രജ്ഞൻ...
അതെ. കെയ്ൻസ്. ആ കെയ്ൻസിന്റെ തിയറിക്ക് ഇന്ത്യ നല്ലപോലെ വിധേയപ്പെട്ടിട്ടുണ്ട്. സോഷ്യലിസം എന്നൊക്കെ വെറുതെ പറഞ്ഞതാണ്. യഥാർഥത്തിൽ ഇതാ സംഭവം.
? മിക്സഡ് സമ്പദ് വ്യവസ്ഥ എന്നാണ് പറഞ്ഞതെങ്കിലും...
മിക്സഡ് സമ്പദ് വ്യവസ്ഥയല്ല. അതും വെറുതെ പറയുന്ന്യാണ്. മിക്സഡ് സമ്പദ് വ്യവസ്ഥ എന്നൊക്കെ നമ്മൾ പാഠപുസ്തകത്തിൽ പറയുന്ന്യാണ്. യഥാർഥത്തിൽ മുതലാളിത്ത വികസനമാണ്. മിക്സഡ് സാമ്പത്തികവ്യവസ്ഥ എന്നൊക്കെ ആളെപ്പറ്റിക്കാൻ പറഞ്ഞതാണെന്ന് ഇപ്പോ നമ്മൾക്ക് മനസ്സിലായല്ലോ. ഒരു മിക്സഡ് സമ്പദ് വ്യവസ്ഥയുമില്ല. മുതലാളിത്ത വികസനപാതയാണ് ഇവർ അംഗീകരിച്ചത്. കുത്തക മുതലാളിത്തത്തിന്റെ വളർച്ചക്ക് വേണ്ടിയിട്ടുള്ള നിലപാടാണ് സ്വീകരിച്ചത്.
അത് നെഹ്റു മുതലേ ഇങ്ങോട്ട്. പിന്നീടത് ശക്തിപ്പെട്ടുവന്നു. ഇപ്പം എന്താ പ്രശ്നമെന്ന്ച്ചാല്... ആഗോളവത്കരണത്തിന്റെ ഭാഗമായിട്ട് നമ്മളെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം... നമ്മള് സ്വരൂപിച്ച പണമാണ്. നമ്മുടെ രാജ്യത്തിന്റെ സമ്പത്താണ്. ആ സമ്പത്ത് മുഴുവൻ ചുളുവിലക്ക് കോർപറേറ്റുകൾക്ക് വിറ്റു. ഷെയറും കമ്പനിയും ഒക്കെ വിറ്റു. അങ്ങനെ വിറ്റപ്പം എന്താണ്ടായെ... വിറ്റപ്പോ നമ്മക്കാർക്കും വാങ്ങാൻ പറ്റൂലല്ലോ. കോർപറേറ്റുകളാണല്ലോ വാങ്ങുന്നത്. ആ വാങ്ങുന്നതിന് ഒരു മുതലാളീന്റെയും കൈയിലുള്ള കെട്ടിവെച്ച പണം ഉപയോഗിച്ചിട്ടൊന്നും വാങ്ങിയതല്ല. വാങ്ങിയതു മുഴുവൻ ദേശസാൽകൃത... നമ്മളെ ബാങ്കിൽനിന്ന്, ദേശസാൽകൃത ബാങ്കിൽനിന്ന് പണം വാങ്ങിയിറ്റാണ് ഇത് മുഴുവൻ ഇവര് വാങ്ങിയത്. മഹാഭൂരിപക്ഷവും അങ്ങനെയായിരുന്നു.
ഇപ്പോ രണ്ടു കാര്യം സംഭവിച്ചു. ഒന്ന്, ഈ വാങ്ങിയ കടമൊന്നും തിരിച്ചടച്ചില്ല. രണ്ട്, ഈ സഞ്ചിത മൂലധനമായ സമ്പത്ത് മുഴുവൻ ഇവരുടെ കൈയിലെത്തി. കോർപറേറ്റുകളുടെ കൈയിലെത്തി. അതിന് അവരുടെ കൈയിൽനിന്ന് ഒരു നയാപൈസയും ചെലവായിട്ടില്ല. അതുകൊണ്ടാണ് ഞാൻ അതിനെ സഞ്ചിത മൂലധനം എന്നു പറയുന്നത്. കട്ടുപറച്ച് ഉണ്ടാക്കിയ മൂലധനം എന്നുപറയുന്നത്, ഈ മൂലധനം ഗവൺമെന്റ് എന്തുചെയ്തു... ഗവൺമെന്റിന്റെ വർഗപരമായ കാഴ്ചപ്പാട് വെച്ചുകൊണ്ട് ഈ മുതലാളിമാർക്ക് എല്ലാ സൗജന്യങ്ങളും കൊടുത്തു. എന്നിട്ട് ഏതാണ്ട് 20 ലക്ഷം കോടി ഉറുപ്പിക എഴുതിത്തള്ളി.
ആദ്യം 11.5 ലക്ഷവും പിന്നീട് ഇപ്പോ 8.5 ലക്ഷവും ചേർന്ന് 20 ലക്ഷം കോടി ഉറുപ്പിക കിട്ടാക്കടമാക്കി എഴുതിത്തള്ളി. ആ എഴുതിത്തള്ളിയതിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിച്ചത്... നമ്മള് പാവപ്പെട്ട തൊഴിലാളികൾക്കോ കൃഷിക്കാരനോ എടത്തരക്കാരനോ അല്ല. എല്ലം കിട്ടിയിട്ടുള്ളത് ഈ കോർപറേറ്റുകൾക്കാ. അപ്പം എന്തായി... ലോകത്തിലെ ഏറ്റവും വലിയ മുതലാളിയായിട്ട് മത്സരിക്കാൻ അദാനിയെ പ്രാപ്തനാക്കി.
ഇത് വെറുതെ ഉൽപാദന വിതരണ ഘടനയുടെ ഭാഗമായി മിച്ചമൂല്യം ഉപയോഗിച്ച് ഉണ്ടായതല്ല. ആ മിച്ചമൂല്യത്തിന്റെ ഒപ്പം സ്വരൂപിച്ചുവെച്ചിട്ടുള്ള, ഞാൻ നേരത്തേ പറഞ്ഞിട്ടുള്ള നമ്മുടെ രാജ്യം സ്വരൂപിച്ചുവെച്ച, ബാങ്കിലായാലും അതുപോലെത്തന്നെ കമ്പനിയുടെ ഭാഗമായാലുമുള്ള നമ്മുടെ രാജ്യത്തിന്റെ പണം... സ്റ്റേറ്റ് മുതലാളിത്തമാണ് യഥാർഥത്തിൽ ഈ പൊതുമേഖലാന്ന് പറയുന്നത്. സ്റ്റേറ്റ് മുതലാളിത്തം. ആ സ്റ്റേറ്റ് മുതലാളിത്തത്തിന്റെ ഭാഗമായിട്ടുള്ള നമ്മുടെ സമ്പത്ത്, ഗവൺമെന്റിന്റെ, രാജ്യത്തിന്റേം സമ്പത്തും ബാങ്കിന്റെ ഭാഗമായിട്ടുള്ള നമ്മുടെ രാജ്യത്തിന്റെ സമ്പത്തും രണ്ടും ഇവർ ഉപയോഗിച്ച്, യഥാർഥത്തിൽ സമ്പന്നതയിൽ സമ്പന്നത നേടാൻ ഉതകുന്ന സാഹചര്യം വന്നപ്പോ ഇവർക്ക് ലോകത്തോട്... ശരിയായാലും തെറ്റായാലുമൊക്കെ...
കള്ളക്കണക്കുകൾ തയാറാക്കിയതൊക്കെ അദാനിയെപ്പറ്റി ഇപ്പോ വന്നല്ലോ. അതല്ലാം ഇല്ലെങ്കിലും ലോകത്തോട് മത്സരിക്കാൻ കഴിയുന്ന മുതലാളിയായി. ഒന്നാം സ്ഥാനത്ത് വന്നില്ലെങ്കില് രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ അദാനി മാത്രമല്ല, അംബാനിയും വന്നു. ഇവരെല്ലാം ഇങ്ങനെ വന്നത് സത്യം പറഞ്ഞാൽ ഈ മുതലാളിത്ത പ്രതിസന്ധിയുടെതന്നെ ആഴം വർധിപ്പിക്കുകയാണ് ചെയ്യുക.
ഇന്ത്യയിലെ മുതലാളിത്ത പ്രതിസന്ധിയുടെ അല്ലേ?
ഇന്ത്യൻ മുതലാളിത്ത പ്രതിസന്ധി... ഇന്ത്യയിൽ മാത്രമല്ല. ലോകത്തു മുഴുവൻ പ്രതിസന്ധിയുണ്ട്. മുതലാളിത്ത പ്രതിസന്ധിയാണ്. ഇപ്പം അമേരിക്കയിലൊക്കെ ബാങ്കുകളൊക്കെ പൂട്ടിക്കൊണ്ടിരിക്കുകയല്ലേ. റിസഷന്റെ ഭാഗായിട്ട്. എന്നുപറഞ്ഞാൽ മാന്ദ്യത്തിന്റെ ഭാഗമായിട്ട് വലിയ പ്രശ്നമാണ് അവർ അഭിമുഖീകരിക്കുന്നത്. മുതലാളിത്തം ഈ തരത്തിലുള്ള ഒരു പ്രതിസന്ധിയിലേക്ക് പോകുമെന്നത് വളരെ വ്യക്തമായിട്ടുള്ള കാര്യമാണ്. നിയമമാണത്.
മാർക്സിന്റെ അർഥശാസ്ത്ര നിയമമാണ്...
അതെ, മാർക്സ് തന്നെ അത് വ്യക്തമായിട്ട് മൂലധനത്തിന്റകത്ത് വിശദീകരിച്ചതാണ്, എങ്ങനെയാണ് കൊഴപ്പമുണ്ടാവുക എന്ന്. ഈ കൊഴപ്പം പരിഹരിക്കാൻ ഒറ്റവഴി മാത്രേയുള്ളൂ. അത്... സാമൂഹികമായ ഉൽപാദനത്തിലേക്കും സാമൂഹികമായ വിതരണത്തിലേക്കും കാര്യങ്ങൾ പോകണം. ഇപ്പോഴുള്ളത് ഉൽപാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥതയാണ്. അത് വെച്ചിട്ടാണ് ഈ മൂലധനം മുഴുവന് കൊള്ളചെയ്യുന്നത്.
രാജ്യത്തിന്റെ സമ്പത്തും തൊഴിലാളി വർഗത്തിന്റെ അധ്വാനവും കൊള്ളചെയ്യാനവർക്ക് സാധിക്കുന്നത്, ഈ സമ്പത്ത് ഉപയോഗിച്ചിട്ടാണ്, ഏത്... നമ്മളെതന്നെ സമ്പത്ത് ഉപയോഗിച്ചിട്ടാണ്. ഈ ആർജിത മൂലധനം ഉൾപ്പെടെ ഉപയോഗിച്ചിട്ടാണ് ഇവര് കൊള്ള ചെയ്യുന്നത്. ഈ കൊള്ളക്ക് കുറേക്കാലം തുടരാൻ പറ്റില്ല.
അപ്പോ, സാമൂഹികജീവിതത്തിന്റെ വലിയൊരു പ്രതിസന്ധിയിലേക്ക് പോകുന്നതിന്റെ അനുഭവം, ഒന്ന് തൊഴിലില്ലായ്മ, മറ്റൊന്ന് പട്ടിണി, ഇതെല്ലാം ജനം അനുഭവിക്കുമ്പോഴാണ് വലിയ വികസനം നേടുന്നു എന്നു പറയുന്നത്. വികസനം ആരാ നേടുന്നത്. ഇന്ത്യാ രാജ്യത്തെ വികസനം എടുത്ത് പരിശോധിച്ച് നോക്കിയാലാരാ ഇന്ത്യയില് വികസിക്കുന്നത്. വികസിക്കുന്നത് സാധാരണ ജനങ്ങളല്ല. ഈ സാധാരണ ജനങ്ങളുടെ കൈയിൽ യഥാർഥത്തിൽ വളരെ ചുരുക്കം സമ്പത്ത് മാത്രമേയുള്ളൂ. ഞാൻ നേരത്തേ പറഞ്ഞില്ലേ... 90 ശതമാനം ജനത്തിന്റെ കൈയിലാണ്, എത്രയുള്ളത്... 87 ശതമാനം കഴിഞ്ഞ് ബാക്കി 13 ശതമാനമാണുള്ളത്.
അപ്പം അവിടെ പട്ടിണിയാണ്, ദാരിദ്ര്യമാണ്. തൊഴിലില്ലായ്മയാണ്. കയറിക്കിടക്കാൻ വീടില്ല, ഭക്ഷണം കഴിക്കാൻ ഭക്ഷണമില്ല. ദാരിദ്ര്യരേഖക്ക് താഴെ എന്നുമാത്രം പറഞ്ഞാൽ പോരാ. പട്ടിണികിടക്കുന്ന ജനതയുടെ ശതമാനം 0.5 ശതമാനമാണ് കേരളത്തില്. യു.പിയിലും മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ ഏതാണ്ട് 40 ആയി. നാൽപതിന് താഴെയെത്തി നിക്കാണ്. ഇതാണ് സൂചിക. സെൻട്രൽ ഗവൺമെന്റ്തന്നെ തയാറാക്കുന്ന സൂചികയിലെ ഏറ്റവും പ്രധാനപ്പെട്ടൊരു കണക്ക് അതാണ്. പട്ടിണി കിടക്കുന്ന ഒരു ജനത, വീടില്ലാത്ത ഒരു ജനത, തൊഴിലില്ലാത്ത ഒരു ജനത... ഇതാണ് ഇന്ത്യയുടെ മുഖചിത്രം.
അതിനെ മിനുക്കിക്കാണിക്കാൻ വേണ്ടിയിട്ടാണ് ഞങ്ങൾ ഇത്രശതമാനം വളർച്ച നേടുന്നു! ആറ് ശതമാനം ഏഴു ശതമാനം 12 ശതമാനം വളർച്ച എന്നൊക്കെ ഇവര് പറയുന്നത്. മുഴുവൻ പെരുപ്പിച്ച് കാണിക്കുന്ന കണക്കാണ് എന്നുമാത്രമല്ല എന്റെ അഭിപ്രായം. അത്, ആ വളർച്ച ഈ പറയുന്ന അദാനിയുടെയും അംബാനിയുടെയും വളർച്ചയാണ്. അത് ഇന്ത്യയുടെ വളർച്ചയല്ല. ഇന്ത്യൻ സമൂഹത്തിന്റെ വളർച്ചയല്ല. ഇന്ത്യൻ സമൂഹത്തിന്റെ ദുരന്തവും ഇന്ത്യയിലെ കുത്തക മുതലാളിത്തത്തിന്റെ വളർച്ചയുമാണ്. ഇതാണ് വളർച്ചയുടെ, ഇന്നത്തെ ഇന്ത്യയുടെ, ഒരു ചിത്രം.
ഇവിടെ നമ്മൾ എന്തുചെയ്യും എന്നതാണ്...
ഇതിനെ അഡ്രസ് ചെയ്യാൻ ജനാധിപത്യപരമായ സംവിധാനായിരുന്നു ഇന്ത്യയിലെ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ. എന്നുപറഞ്ഞാൽ, ഞാൻ വളരെ ആഴത്തിലാണ് പറയുന്നത്...
അതെ, അടിസ്ഥാനപരമായിട്ടാണ്.
എന്നുപറഞ്ഞാൽ, ഇന്ത്യയിലെ ഭരണവർഗം എന്നുപറഞ്ഞാൽ, ഞാൻ നേരത്തേ പറഞ്ഞപോലെ ഭൂപ്രഭുത്വത്തിന്റെ മേലെ കെട്ടിവെച്ച മുതലാളിത്താണ്. അത് കുത്തകയായി വളർന്നു. അവർക്കാണെങ്കിൽ ഭൂപ്രഭുത്വവുമായി ബന്ധമുണ്ട്. അതവർ ഒഴിവാക്കിയിട്ടില്ല. അവരാണെങ്കിൽ സ്ഥിരമായി സാമ്രാജ്യത്വവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ഇങ്ങനെയുള്ള ഒരു താൽപര്യസംരക്ഷണത്തിന്റെ ഉപകരണമാണ് ഈ ഭരണകൂടം. അതാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രത്യേകത.
ഞങ്ങളെ പാർട്ടിയിൽ പറഞ്ഞത്, കൃത്യായി പറഞ്ഞാൽ മുതലാളിത്ത വികസനപാത അംഗീകരിക്കുന്നതും കുത്തക മുതലാളിത്തത്തിന്റെ നേതൃത്വത്തിലുള്ളതും, ബൂർഷ്വാ-ഭൂപ്രഭു വർഗ ഭരണത്തിന്റെ, തീർച്ചയായിട്ടും സാമ്രാജ്യത്വവുമായി അടിക്കടി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു ഭരണകൂടവ്യവസ്ഥയാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്.
ഇതിന്റെ ജനാധിപത്യമുഖമായിരുന്നു ഈ കാലമത്രയും പൊതുവേ മുന്നോട്ടേക്ക് വെച്ചത്. അതിൽ അപവാദമെന്ന രീതിയിൽ അടിയന്തരാവസ്ഥയും. എന്നുപറഞ്ഞാ, ബൂർഷ്വാസിക്ക് അവരുടെ ഭരണം നിലനിർത്താൻ ആവാത്ത സാഹചര്യം വരുമ്പഴ് ഈ പറഞ്ഞ ജനാധിപത്യമൊന്നും അവർക്ക് ഒരു പ്രധാനപ്പെട്ട പ്രശ്നല്ല. അത് നമ്മുടെ ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെയുണ്ട്. അടിയന്തരാവസ്ഥ അതിന് ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ്. ഇപ്പഴെന്താ സംഭവമെന്നു പറഞ്ഞാൽ, അതിൽനിന്ന് വ്യത്യസ്തമായി ജനാധിപത്യ, മതനിരപേക്ഷ, ഭരണകൂട, വ്യവസ്ഥയാകെ തകിടംമറിക്കാനുള്ള പുതിയ നിലപാടുകൾ സ്വീകരിച്ചുവരുകയാണ്.
അതാണിപ്പോ പുതിയതായി, അതെങ്ങനെയാണ്... അത് ജനാധിപത്യപരമായിട്ടല്ല. പിന്നെയോ, വർഗീയവത്കരിക്കപ്പെട്ട ഒരു പുതിയ സാഹചര്യം ഉപയോഗിച്ചിട്ടാണ്. വർഗീയവത്കരിക്കപ്പെട്ട പുതിയ സാഹചര്യം. ഇേപ്പാ മണിപ്പൂര് സംഭവം നടന്നു. മണിപ്പൂർ സംഭവത്തിനു പിന്നിലാരാ...
ഭരിക്കുന്ന പാർട്ടി തന്നെ...
ആസൂത്രിതമായിട്ട് സംഘടിപ്പിച്ചതാണ്. നേരത്തേ ഗുജറാത്തിലും അതുതന്ന്യാണ്. അവിടെ മുസ്ലിംകൾക്കെതിരെയായിട്ടാണെങ്കിൽ ഇവിടെ ക്രിസ്ത്യാനിക്കെതിരെയായിട്ടാണ്. ഞാനിപ്പഴെന്റെ പ്രസംഗത്തിലൊക്കെ ചൂണ്ടിക്കാണിക്കുന്നുണ്ട്, ഇന്ത്യയിലെവിടെയും ഇത് സംഭവിക്കാം. എന്തുകൊണ്ടാ... ഇന്ത്യയിലെവിടെയും ഇത് സാധിക്കാനുള്ള ഭൗതിക സാഹചര്യമുണ്ട്. അത് വേറെയൊന്നുമല്ല, ഞാൻ നേരത്തേ പറഞ്ഞതാണ്, ഇവിടെ ജീർണതയിലാണ് ഇന്ത്യൻ സമൂഹം മുങ്ങിക്കെടക്കുന്നത്.
അവിടെ അവർക്ക് എല്ലാം ഉപയോഗിക്കാം, ജാതി ഉപയോഗിക്കാം, മതം ഉപയോഗിക്കാം, വംശം ഉപയോഗിക്കാം, ഭാഷ ഉപയോഗിക്കാം, ഇതൊക്കെ ഉപയോഗിക്കാം. ഇതൊക്കെ ഉപയോഗിക്കാനുള്ള ഭൗതികസാഹചര്യം ഇന്ത്യയിലുണ്ട്. ഒരു സംസ്ഥാനം ഒഴിയാതെയുണ്ട്. എല്ലാ സംസ്ഥാനത്തിലുമുണ്ട്. കേരളാണ്... അതിലേക്ക് ഞാൻ വരാം. ഇത് പറഞ്ഞ് അവസാനിപ്പിച്ചിട്ട് ഞാൻ അതിലേക്ക് വരാം.
അപ്പൊ ഇങ്ങനെയുള്ള ഒരു സാഹചര്യം. യഥാർഥത്തിൽ ഭരണഘടനക്ക് അവർ എതിരാണ്. ഇപ്പോ സന്ന്യാസിവര്യന്മാരെല്ലാം ചേർന്ന ഒരു സമ്മേളനത്തിൽവെച്ച് ഭരണഘടന സംബന്ധിച്ചുള്ള ഒരു കരട് തയാറാക്കാൻ വേണ്ടീട്ട് ഒരു സെറ്റിനെ ചുമതലപ്പെടുത്തി. അത് വന്നല്ലോ. അവര് പറഞ്ഞു, എന്താണ്... ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാകും എന്ന് പ്രഖ്യാപിക്കണം – അത് ഭരണഘടനയനുസരിച്ച് സാധിക്കില്ല – ഹിന്ദുരാഷ്ട്രത്തിൽ എല്ലാവർക്കും ജീവിക്കാം. ഏത്... മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും പാർസിക്കും സിഖിനുമെല്ലാം ജീവിക്കാം. പക്ഷേ, അവർക്ക് വോട്ടവകാശം ഉണ്ടാകാൻ പാടില്ല. അതോടുകൂടി മതനിരപേക്ഷതയും ജനാധിപത്യവും എല്ലാം അട്ടിമറിക്കപ്പെട്ടില്ലേ. ഇതാണിവരുടെ ഉള്ളിൽ. എന്നിട്ട് എന്തുവേണം. മനുസ്മൃതി നടപ്പാക്കണം. മനുസ്മൃതി എന്നാൽ ചാതുർവർണ്യമാണ്. ഇതാണ് ഇപ്പോൾ ബി.ജെ.പി മുന്നോട്ടേക്ക് വെക്കുന്ന, ആർ.എസ്.എസ് മുന്നോട്ടേക്ക് വെക്കുന്ന ഹിന്ദുത്വ അജണ്ട.
ഹിന്ദു എന്നുപറയുന്നത്, വിവേകാനന്ദന്റെ ദാർശനികമായ കാഴ്ചപ്പാട് വെച്ചാൽ, അവരുടെ ഹിന്ദു, അതായത് വിവേകാനന്ദന്റെ ഹിന്ദു, മഹാത്മാഗാന്ധിയുടെ ഹിന്ദു എന്നൊക്കെ പറയുന്നത് വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യ, അതിന്റെ ആത്മാവ് എന്നുപറയുന്നത് ഇതിന്റെ ഐക്യമാണ്. ഇതാണ് ഷികാഗോ പ്രസംഗത്തില് സഹോദരി സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് മൂപ്പര് ഈ ഏറ്റവും പ്രധാനപ്പെട്ട ആശയം മുന്നോട്ടേക്ക് വെച്ചത്. വൈവിധ്യങ്ങളുടെ കരുത്ത്. അതിന്റെ ആത്മാവാണ് ഇന്ത്യ. അതാണ് ഇന്ത്യയുടെ കരുത്ത് എന്ന്... വളരെ ദാർശനികനായിട്ടുള്ള ഒരു സന്യാസിയാണല്ലോ വിവേകാനന്ദൻ. അദ്ദേഹം പറഞ്ഞത് അതാണ്.
ഗാന്ധിയുടെ പ്രാർഥനാ സമ്മേളനങ്ങളിൽ അദ്ദേഹം മൂന്ന് പുസ്തകം അദ്ദേഹത്തിന്റെ ഒപ്പംതന്നെ കൊണ്ടുപോയി. അത് ഭഗവത്ഗീതയാണ്, ഖുർആനാണ്, അതുപോലെത്തന്നെ ബൈബിളും. മതനിരപേക്ഷമാണ്. അതാണ് ഗാന്ധിയെ കൊന്നത്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യനാരാണ് എന്ന് ചോദിച്ചാൽ ഒറ്റ വ്യക്തിയേയുള്ളൂ. അത് മഹാത്മാ ഗാന്ധിയാണ്. ആ മഹാത്മാ ഗാന്ധിയെ കൊന്നു. അത് ഹിന്ദു വർഗീയവാദികൾ ചെയ്തതാണ്.
ഈശ്വർ അല്ലാഹ് തേരേ നാം എന്നാണല്ലോ അദ്ദേഹം ഉരുവിട്ടിരുന്നത്...
അതായിരുന്നു അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. അദ്ദേഹം മതസൗഹാർദത്തിന് വേണ്ടിയിട്ടാണ് നിലകൊണ്ടത്. സ്വാതന്ത്ര്യത്തിനു ശേഷവും അതുതന്നെയാണ്. കോൺഗ്രസ് പിരിച്ചുവിടണം എന്നൊക്കെ പറഞ്ഞത് ഈയൊരു പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം.
അപ്പോ, ഒരു സമൂഹം വർഗീയവത്കരിച്ച് മുമ്പോട്ടേക്ക് പോകാനുള്ള അടിത്തറ ഇന്ത്യയിലുള്ളത്. വർഗീയവത്കരിക്കാനുള്ള ഒരടിത്തറ, ഇന്ത്യയിലുണ്ട്. അപ്പൊഴിപ്പോ പുതിയ മുദ്രാവാക്യം വെച്ചു. നേരത്തേ പറഞ്ഞു, മതനിരപേക്ഷത വേണ്ട, ജനാധിപത്യം വേണ്ട, പാർലമെന്ററി വ്യവസ്ഥ വേണ്ട, ഭരണഘടന വേണ്ട. ഇതിനെല്ലാം പകരം, ഞാൻ നേരത്തേപ്പറഞ്ഞ പുതിയ ഭരണഘടന – ഹിന്ദുരാജ്യത്തിന്റെ ഭരണഘടന, ഫെഡറൽ സംവിധാനത്തിന്റെ അന്ത്യംകുറിക്കുന്ന ഭരണഘടന ഉണ്ടാക്കാനാണ് അവര് ഉദ്ദേശിക്കുന്നത്.
സംസ്ഥാനങ്ങള്, ഇന്നത്തെപ്പോലെ സംസ്ഥാനങ്ങള് വേണ്ട. വേണമെങ്കില് നൂറോ നൂറ്റമ്പതോ സംസ്ഥാനങ്ങളാവാം. എന്നുപറഞ്ഞാൽ സംസ്ഥാനങ്ങളില്ലാതെയാവുക എന്നതാണ് അതിന്റെ പച്ചമലയാളം. കേന്ദ്രീകൃതമായ ഒരു സംവിധാനത്തിന്റെ കീഴിൽ ഇതെല്ലാം കൊണ്ടുവരിക എന്നുള്ളതാണ്.
ഹിന്ദുത്വ എന്നു പറയുന്നതിന്റെ അർഥം ഹിന്ദു എന്നല്ല. നമ്മള് പലപ്പോഴും തെറ്റിദ്ധരിക്കുന്ന ഒരു പദമാണ് ഹിന്ദുത്വ. ഹിന്ദു ഞാൻ നേരത്തേ പറഞ്ഞതാണ്. വിവേകാനന്ദന്റെ വൈവിധ്യം. എല്ലാം അംഗീകരിച്ചുകൊണ്ടുള്ള, ഭാഷയായാലും മതമായാലും ജാതിയായാലും എല്ലാ വിഭാഗത്തെയും ഒത്തൊരുമിച്ചു നിർത്തുന്ന ഒരൈക്യരൂപം. അതാണ് എന്റെ നാട്, എന്റെ ദാർശനിക നിലപാട് എന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ആളാണ് വിവേകാനന്ദൻ.
അപ്പൊപ്പിന്നെ എന്താ പ്രശ്നമെന്നുവെച്ചാല്, ഇപ്പോ ഇവിടൊരു ഹിന്ദുത്വ എന്നുപറയുമ്പോ ഒരു മതം... അത് ഹിന്ദുത്വ മാത്രല്ല ഞാൻ പറയുന്നത്, നിങ്ങള് മുസ്ലിമായാലും ക്രിസ്ത്യാനിയായാലും എല്ലാർക്കും ബാധകമായിട്ടുള്ള ഒരു പൊതുനിയമം ഞാമ്പറയാ ആദ്യം. അതായത് ഒരു മതം, അതിൽ ഒരു വിഭാഗം - അല്ലാഞ്ഞാ കൺഫ്യൂഷനുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഞാൻ ഇങ്ങെന്നെ പറയുന്നത്.
ഒരു മതം, അതിൽ ഒരു വിഭാഗം സംഘടിതരാവുകയും... രാഷ്ട്രീയ പ്രക്രിയയിലൂടെ – മതം രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലെന്നതാണ് ജനാധിപത്യ സംവിധാനത്തിന്റെ ഒരു പ്രധാനപ്പെട്ട കാര്യം. ഇവിടെയാണ് ഞാൻ പറയുന്നത് – രാഷ്ട്രീയപ്രക്രിയയിലൂടെ ഭരണത്തിലും ഭരണകൂടത്തിന്റെ തലപ്പത്തും എത്തിച്ചേരുന്നതിനുള്ള പ്രക്രിയയെയാണ് വർഗീയത എന്നു പറയുന്നത്. അതിൽ ഹിന്ദു എന്നു പറയുമ്പോൾ ഹിന്ദുത്വ. അത് വർഗീയം. ഹിന്ദു വർഗീയമല്ല, ഹിന്ദുത്വ വർഗീയമാണ്.
അപ്പോ ഒരു വർഗീയവാദിക്കും യഥാർഥത്തിൽ വിശ്വാസമില്ല. എല്ലാവർക്കും ബാധകമായിട്ട് തന്നെയാ ഞാൻ പറയുന്നത്. ഒരു വർഗീയവാദിക്കും വിശ്വാസമില്ല, ഒരു വിശ്വാസിയും വർഗീയവാദിയുമല്ല. ശരിയായ വിശ്വാസിക്ക് ഒരിക്കലും വർഗീയവാദിയാകാൻ കഴിയില്ല. അപ്പോ, വിശ്വാസത്തെ ഒരായുധമായി ഉപയോഗിക്കുകയാണ് വർഗീയവാദി ചെയ്യുന്നത്. അവന്റെ വ്യക്തിജീവിതത്തിൽ അവൻ വിശ്വാസി ആവാൻ ഒരു സാധ്യതയുമില്ല. വിശ്വാസത്തെത്തന്നെ ഒരുപകരണമായിട്ട് ഉപയോഗിച്ചിട്ട് ഈ വർഗീയവാദ നിലപാട് സ്വീകരിക്കാൻ പ്രാപ്തമാക്കുകയാണ്.
ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂർച്ചയേറിയിട്ടുള്ള അപകടമാണ് ഇപ്പൊ ആർ.എസ്.എസ്–സംഘ്പരിവാർ വിഭാഗം പറയുന്ന ഹിന്ദുത്വ. ഈ ഹിന്ദുത്വ അജണ്ട 2025ൽ, നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ... അല്ലെങ്കിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുകയോ എങ്ങനെയെങ്കിലും തുടരുകയോ ചെയ്തിട്ടുണ്ടെങ്കിൽ, 2025 എന്നു പറയുന്നത് ആർ.എസ്.എസിന്റെ നൂറാം വാർഷികമാണ്.
ആ നൂറാം വാർഷികത്തിൽ അവര് സന്യാസിസമൂഹം തീരുമാനിച്ച, അവരെക്കൊണ്ട് സംഘടിപ്പിച്ചല്ലോ, അതിന്റെ ഹിന്ദുരാഷ്ട്ര പ്രഖ്യാപനവും അതിന്റെ ഭരണഘടനാ രൂപവത്കരണവും നടത്തും. ഇത് ജനാധിപത്യപരമായ രീതിയിൽ നടത്താൻ സാധിക്കില്ല. അപ്പൊപ്പിന്നെ ഒറ്റ വഴിയേയുള്ളൂ. അത് ഫാഷിസത്തിലേക്കുള്ള യാത്രയാണ്. ഈ ഫാഷിസത്തിലേക്കുള്ള യാത്രയാണ് ഇന്ത്യൻ സമൂഹത്തിന്റെ മുമ്പിലെ ഇന്നത്തെ ഏറ്റവും വലിയ അപകടം.
അതിപ്പോൾ 2024ലെ തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും...
ജയിച്ചാലും തോറ്റാലും അതുണ്ടാകും. അതിനുവേണ്ടിയിട്ടാണ് അവര് നിൽക്കുന്നത്. അതിന് ഭയങ്കരമായ രീതിയിലുള്ള സംഘർഷങ്ങളും കലാപങ്ങളും അവര് രൂപപ്പെടുത്തും. ജയിച്ചാലവര് ഔദ്യോഗികമായിട്ട് പ്രഖ്യാപിക്കും. അല്ലെങ്കിൽ ഔദ്യോഗികമല്ലാണ്ട് പ്രഖ്യാപിക്കും. അപ്പൊ ഇത് നമുക്ക് വളരെവളരെ അപകടകരമായ ഒരു സാധ്യതയാണ്. ഇന്ത്യൻ സമൂഹത്തിന്റെ ജനാധിപത്യ സംവിധാനത്തിന് മഹാ ഭീഷണിയാണ്. ഭരണഘടനയെ നന്നായിട്ട് എതിർത്തുപോന്ന ഒരു പ്രസ്ഥാനമാണ് സി.പി.എം. ഭരണഘടനയുടെ ഒരുപാട് ഉള്ളടക്കം... കാരണം ഇത്രയുംകാലം, 75 കൊല്ലം കഴിഞ്ഞിട്ടും ഭരണഘടന അനുശാസിക്കുന്ന നിരവധി കാര്യങ്ങൾ നേടാൻ നമുക്ക് സാധിച്ചിട്ടില്ല.
അതുകൊണ്ടാണല്ലോ നമ്മുടെ സംവരണം ഉൾപ്പെടെ തുടർന്നുകൊണ്ടുപോവാൻ നിർബന്ധിക്കപ്പെടുന്നത്. കാരണം ഈ ജനത മുന്നോട്ടേക്ക് വന്നില്ല. പക്ഷേ, ഇന്നത്തെ പരിതഃസ്ഥിതിയിൽ ഈ ഭരണഘടനയെങ്കിലും ഇല്ലെങ്കിൽ നമ്മുടെ ജനാധിപത്യ സംവിധാനം പൂർണമായിട്ട് ഞാൻ പറഞ്ഞ ഫാഷിസത്തിലേക്ക് പോകും. അതുകൊണ്ട് ഇന്നത്തെ ഇന്ത്യൻ പരിതഃസ്ഥിതിയിൽ ഈ ഭരണഘടന സംരക്ഷിക്കുക, പാർലമെന്ററി സംവിധാനം സംരക്ഷിക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, എന്നെല്ലാമുള്ളത് വളരെ പ്രധാനപ്പെട്ട പൊതുവായ മുദ്രാവാക്യമായിട്ട് വരികയാണ്. ഇന്ത്യയില്. ഒരു പൊതുമുദ്രാവാക്യമായിട്ട് വന്നിട്ടുണ്ട്. അതിന്റെ ഉൽപന്നമാണ് ‘ഇൻഡ്യ’.
മുന്നണി അല്ലേ...
അതെ, ‘ഇൻഡ്യാ’ന്നു പറഞ്ഞാ ‘ഇൻഡ്യാ’ മുന്നണി. പ്രതിപക്ഷത്ത് രൂപപ്പെട്ടിട്ടുള്ള മുന്നണി.
പക്ഷേ, ആ മുന്നണിയിൽ സി.പി.എമ്മിന്റെ പങ്കാളിത്തം സംബന്ധിച്ച് അവ്യക്തതയുണ്ടല്ലോ...
ഒരവ്യക്തതയുമില്ല. ആ മുന്നണിക്ക് ഒരു സംഘടനയൊന്നും ആവാൻ പറ്റില്ല. ആ ഒരു മുന്നണീന്ന് പറഞ്ഞാൽ കീഴ്മേൽ ബന്ധമുള്ള, പൂർണമായ അർഥത്തിൽ, അങ്ങനെണ്ടല്ലോ... മേലെ ഇരുന്നു തീരുമാനിക്കുന്നു, താഴെ നടപ്പിലാക്കുന്നു, അങ്ങനെയുള്ളൊരു സംവിധാനത്തിലേക്കൊന്നും പോകാൻ സാധിക്കുന്നതല്ല എന്ന് എല്ലാവർക്കും അറിയാം.
അങ്ങനെയാണെങ്കിൽ മാഷ് പറയുന്നത്, ഇത് അടിയന്തരാവസ്ഥക്കു ശേഷം ജെ.പി ഉണ്ടാക്കിയ മൂവ്മെന്റ് പോലെ മൂവ്മെന്റാകാം എന്നാണോ?
മൂവ്മെന്റ് പോലെയാകാം. അത്രയേ സാധിക്കുകയുള്ളൂ. അല്ലാണ്ട്... ഒാരോ സംസ്ഥാനത്തിനും വ്യത്യസ്തതയാണ്. ഇന്ത്യാ രാജ്യത്തിന്റെ പ്രത്യേകതയതാണ്. ഈ വൈവിധ്യം അംഗീകരിച്ചാൽ മാത്രമേ ഇതിെന്റയൊരു അർഥം മനസ്സിലാകുകയുള്ളൂ. ഇല്ലെങ്കിൽ വെറുതേയിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുക മാത്രേയുള്ളൂ. ഇപ്പോ സി.പി.എമ്മിനെപ്പറ്റി അവര് വിമർശിക്കുന്നത് ഞങ്ങൾ കമ്മിറ്റിയിലേക്കില്ല എന്നതാണ്. ഞങ്ങൾ കമ്മിറ്റിയിൽ പോണ്ടതില്ലാ എന്നു തീരുമാനിച്ചിട്ടുണ്ട്. പാർട്ടി സെന്ട്രൽ കമ്മിറ്റി തീരുമാനിച്ചു.
പി.ബി തീരുമാനിച്ചു. കമ്മിറ്റിയിൽ പോവുക എന്നുപറഞ്ഞാൽ അർഥമെന്ത്ന്നാ... അതൊരു ഓർഗനൈസേഷനായി. ആ ഓർഗനൈസേഷന് വിധേയപ്പെട്ടുകൊണ്ടുമാത്രമേ പിന്നെ പ്രവർത്തിക്കാന് നമുക്ക് സാധിക്കുകയുള്ളൂ. അങ്ങനെ അതിന്റെ സ്വാതന്ത്ര്യം ഉപേക്ഷിക്കാൻ ഞങ്ങൾ തയാറല്ല. എന്നാൽ ഇന്നത്തെ, ഞാൻ പറഞ്ഞില്ലേ, നേരത്തേപറഞ്ഞില്ലേ, വളരെ അപകടകരമായ സാഹചര്യത്തെ നമുക്ക് മുറിച്ചുകടക്കാൻ ഇൻഡ്യ അനിവാര്യമാണ്. അതിനെ വിപുലപ്പെടുത്തണം. ഈ പറയുന്ന 12 ആളടങ്ങുന്ന ഒരു കമ്മിറ്റിമാത്രമൊന്നുമല്ല ഉദ്ദേശിക്കുന്നത്. ആ കമ്മിറ്റിയിൽ വളരെ പ്രധാനപ്പെട്ട ആളുകളൊന്നും ഇല്ലതാനും. സൂക്ഷ്മമായി പരിശോധിച്ചുനോക്കിയാൽ അറിയാം ആരൊക്കെയാണ് എന്ന്...
കെ.സി. വേണുഗോപാലടക്കമുള്ള 14 ആൾക്കാരാണ്...
മധ്യപ്രദേശിൽ റാലി നടത്താൻ തീരുമാനിച്ചിട്ട്, കോൺഗ്രസുകാർ പറഞ്ഞു, ഇവിടെ നിങ്ങളുടെ റാലിയൊന്നും വേണ്ടാ എന്ന്. അതാ സംഭവം. അതായത് കമ്മിറ്റി രൂപവത്കരിച്ച് ആദ്യത്തെ തീരുമാനം മധ്യപ്രദേശിൽ റാലി നടത്താനായിരുന്നു. ഭോപാലിൽ. ഭോപാൽ റാലി കോൺഗ്രസ് വേണ്ട എന്ന് തീരുമാനിച്ചപ്പോ ആ റാലി വേണ്ടാന്നു വെച്ചുകഴിഞ്ഞു. അത് സാധിക്കില്ല. സാധിക്കുന്നതല്ല. ഏകോപിതമായ രീതിയിൽ ഒരഭിപ്രായം രൂപപ്പെടുത്തിയിട്ട് മാത്രമേ അതു സംബന്ധിച്ച് ഇവിടെ എന്തെങ്കിലും ഒരു കാര്യം തീരുമാനിക്കാൻ സാധിക്കുകയുള്ളൂ. ഒരു ഓർഗനൈസേഷനെപ്പോലെ ഞങ്ങളിതാ തീരുമാനിച്ചിരിക്കുന്നു, നിങ്ങളിത് നടപ്പിലാക്കണം എന്നുപറഞ്ഞാൽ ആരു നടപ്പിലാക്കാനാ! നടപ്പിലാകാൻ പോകുന്നില്ല.
അതുകൊണ്ട് ഇൻഡ്യ വിപുലപ്പെടുത്തണം. അത്യാവശ്യമാണ്. എന്നാൽ, ഇൻഡ്യ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ്... ഞങ്ങളതിന്റെ പ്രായോഗികമായ രൂപംപറഞ്ഞു. ഒാരോ സംസ്ഥാനവും ഓരോ യൂനിറ്റായെടുക്കണം. ഇന്ത്യ ഒരു യൂനിറ്റായി എടുക്കാൻ സാധിക്കില്ലാന്ന് ഇന്ത്യയെ പറ്റി എന്തെങ്കിലും എബിസിഡി അറിയുന്ന ആൾക്ക് അറിയാം. ഇന്ത്യ ഒരു യൂനിറ്റായി എടുത്തിറ്റ് ഒരു മുന്നണി കൈകാര്യം ചെയ്യാൻ സാധിക്കില്ല എന്ന് ആർക്കാ അറിയാത്തത്. എന്നാൽ, നിങ്ങൾക്ക് ഓരോ സംസ്ഥാനവുമെടുക്കാം.
ആ സംസ്ഥാനത്തിലെ ബി.ജെ.പി നമുക്കറിയാലോ, ഇന്ത്യയില് ബി.ജെ.പിക്ക് 50 ശതമാനത്തിലധികം വോട്ടുള്ള ഒരു സംസ്ഥാനേള്ളൂ. ഗുജറാത്ത്. ആ ഗുജറാത്തിലതിന് അവരെ പ്രാപ്തമാക്കിയത് കോൺഗ്രസാണ്. നിങ്ങക്ക് വേഗം മനസ്സിലാകുമല്ലോ. യഥാർഥത്തിൽ ബി.ജെ.പിക്ക്... ഏറ്റവും വലിയ കലാപം നടന്ന നാടാത്. ആ കലാപം നടന്ന നാട്ടിൽ അവർക്ക് സ്വന്തമായി ഭൂരിപക്ഷം കിട്ടാൻ, അല്ലെങ്കിൽ 50 ശതമാനത്തിലധികം വോട്ടുള്ള ഒരു പാർട്ടിയായി വളരാൻ സൗകര്യപ്രദമായ സാഹചര്യം ഒരുക്കിയത് കോൺഗ്രസാണ്.
കാരണം, അവിടെ കോൺഗ്രസേ ഉള്ളൂ. ഫലപ്രദമായിട്ട് പ്രവർത്തിക്കുന്ന പ്രതിപക്ഷം എന്നുള്ളത് കോൺഗ്രസായിരുന്നു. ആ കോൺഗ്രസ് ദുർബലമായി. ആ ദുർബലതയിൽനിന്നാണ് ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ബി.ജെ.പി 50 ശതമാനത്തിലധികം വോട്ട് സംഘടിപ്പിച്ചത്. ശരാശരി 37 ശതമാനം വോട്ടേയുള്ളൂ ബി.ജെ.പിക്ക്.
മാഷേ, ആ ഘടകമുണ്ടല്ലോ, ഈ 50 ശതമാനം വോട്ട് പിടിക്കുന്നതിൽനിന്ന് ഗുജറാത്തിൽ ബി.ജെ.പിയെ തടുത്ത് നിർത്തിയിരുന്ന, കോൺഗ്രസ് എന്നുള്ള ആ ഒരു ഘടകം. കേരളത്തിൽ ശരിക്ക് അത് ചെയ്യുന്നത് കോൺഗ്രസും സി.പി.എമ്മും ചേർന്നിട്ടല്ലേ?
കേരളത്തിലേക്ക് വരാം. ഞാൻ ഇന്ത്യ തീർന്നിട്ട് ഇങ്ങോട്ട് വരാം. അപ്പോ ഞാൻ പറഞ്ഞുവരുന്നത് എന്താന്ന് പറഞ്ഞാൽ 37 ശതമാനം മാത്രേ ബി.ജെ.പിക്ക് സ്വാധീനമുള്ളൂ, ആകെ മൊത്തം. അപ്പൊ ഓരോ സംസ്ഥാനത്തിലും ബി.ജെ.പിയെ തോൽപ്പിക്കാൻ സാധിക്കുന്ന, ഓരോ മണ്ഡലം ഓരോ പാർട്ടി അത് ഏതാണോ, ഏറ്റവും ഫലപ്രദമായിട്ട് ആർക്കാണോ ഇന്ന മണ്ഡലത്തിൽ ഇന്ന സംസ്ഥാനത്ത് തോൽപിക്കാനാകുക – അവർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് മുമ്പോട്ടേക്ക് പോയാൽ കോൺഗ്രസും വരും.
അത് ശരിക്ക് 1967ൽ നമ്മള് പരീക്ഷിച്ചതല്ലേ, ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും, പല സംസ്ഥാനങ്ങളിലും...
67ൽ അങ്ങനെയായിരുന്നില്ല. 67ൽ കോൺഗ്രസ് വിരുദ്ധ ഗവൺമെന്റുകൾ രൂപപ്പെട്ട് വരുന്നുണ്ട്. അത് പല സ്ഥലത്തും പല സംസ്ഥാനങ്ങളിലുമാണ് വന്നത്. അത് ഇതേപോലെതന്നെയാണ്. അത് ഇതിന്റെ ഒരു രൂപംതന്നെയാണ്.
അന്ന് ലോഹ്യയൊക്കെ മുമ്പോട്ടു വെച്ചിരുന്നത്, ഓരോ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ നിലപാട് അവിടവിടെ തീരുമാനിക്കണം എന്ന ആശയമാണല്ലോ?
അവിടെ തീരുമാനിക്കണം എന്നാണ്. അതേ സാധിക്കുകയുള്ളൂ. ഇന്ത്യയെ മനസ്സിലാക്കുന്ന ആർക്കും അതേ സ്വീകരിക്കാൻ പറ്റുള്ളൂ. പൊതുവായ ദിശ നിർണയിക്കാം. അതിന്റെ സൂക്ഷ്മാംശത്തിലേക്ക് പോകുമ്പഴ് അതത് സംസ്ഥാനത്തിലേ പറ്റുള്ളൂ. അതാണ് ഞാനീ പറഞ്ഞത്. എങ്ങനെയാ അത്... അതിന് അടിസ്ഥാനമുണ്ട്.
ബി.ജെ.പിയെ തോൽപിക്കാൻ പറ്റുന്നത് എവിട്യാണോ ആരാണോ അവടെ ബി.ജെ.പിക്ക് എതിരായ, ബി.ജെ.പി വിരുദ്ധവോട്ട് ഛിന്നഭിന്നമാവാതെ, ചെതറിപ്പോവാതെ, പൂർണമായിട്ടും, 37 ശതമാനം കഴിഞ്ഞ് ബാക്കിവരുന്ന മുഴുവൻ വോട്ടിനെയും ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകത നോക്കി ഏകോപിപ്പിക്കാൻ സാധിച്ചാൽ മാത്രേ ഇൻഡ്യാ മുന്നണിക്ക് ഈ പറയുന്ന ദൗത്യം നിർവഹിക്കാൻ സാധിക്കുകയുള്ളൂ. എന്നുപറഞ്ഞാൽ, ബി.ജെ.പിയെ തോൽപിക്കാൻ സാധിക്കുകയുള്ളൂ.
അപ്പൊ അതാരൊക്കെയാണ് എന്ന് ഇപ്പോ നമ്മക്ക് പറയാൻ സാധിക്കില്ല. ഇപ്പോ വന്ന് ചേർന്നവര് മാത്രമല്ല, പത്തിരുപത്തെട്ട് പാർട്ടി ഇപ്പോ ചേർന്നിട്ടുണ്ട്. 28 പാർട്ടി മാത്രമല്ല. ഇനിയിതിന്റെ ഒപ്പം വരാൻ ഒരുപാട് പാർട്ടി... ഇതിന്റെ അവസാന ഘട്ടമാകുമ്പഴേക്ക്... ഈ അപകടം തിരിച്ചറിയുന്ന ഇന്ത്യൻ ജനത ബി.ജെ.പിയെ തോൽപിക്കാനുള്ള ഒരു കരുത്തായിട്ട് മാറും. അതിന് അതിന്റെ ഒപ്പംനിൽക്കാൻ കഴിയുന്ന ശക്തികൾക്ക് ജയിക്കാൻ സാധിക്കും. ഇതാണ് ഇന്ത്യയുടെ ഒരു പഴയ ചിത്രം. ഇപ്പഴും അതന്ന്യാണ്. ആ ചിത്രത്തിലേക്കേ പോകാൻ സാധിക്കൂ. അപ്പോ ഇങ്ങനെയുള്ള ഒരു ദേശീയ രാഷ്ട്രീയ സാഹചര്യമാണുള്ളത്. അതിന്റെതന്നെ ഒരു ഭാഗമാണല്ലോ കേരളം.