ഭൂപരിഷ്കരണം, ലൈഫ്, സർക്കാർ
സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ എം.വി. ഗോവിന്ദൻ മാഷുമായി മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി. നാസർ നടത്തിയ ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം. കേരളത്തിന്റെ വർത്തമാന അവസ്ഥകൾ ചരിത്രപരമായ അടിത്തറയിൽ പരിശോധിക്കുകയാണ് ഇൗ ലക്കത്തിലെ സംഭാഷണത്തിൽ.പക്ഷേ, മാഷേ കേരളത്തിലേക്ക് വരുമ്പോ... ഇത്രയും വിശദമായിട്ട് ഞാൻ പറഞ്ഞതെന്തിനാ, ഈയൊരു പശ്ചാത്തലത്തിൽ വേണം കേരളത്തെപ്പറ്റി പഠിക്കാൻ. കേരളവും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളുമായിട്ടുള്ള...
Your Subscription Supports Independent Journalism
View Plansസി.പി.എം പോളിറ്റ്ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ എം.വി. ഗോവിന്ദൻ മാഷുമായി മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി. നാസർ നടത്തിയ ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം. കേരളത്തിന്റെ വർത്തമാന അവസ്ഥകൾ ചരിത്രപരമായ അടിത്തറയിൽ പരിശോധിക്കുകയാണ് ഇൗ ലക്കത്തിലെ സംഭാഷണത്തിൽ.
പക്ഷേ, മാഷേ കേരളത്തിലേക്ക് വരുമ്പോ...
ഇത്രയും വിശദമായിട്ട് ഞാൻ പറഞ്ഞതെന്തിനാ, ഈയൊരു പശ്ചാത്തലത്തിൽ വേണം കേരളത്തെപ്പറ്റി പഠിക്കാൻ. കേരളവും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളുമായിട്ടുള്ള മൗലികമായ വ്യത്യാസമെന്താണ്? ആ വ്യത്യാസം യഥാർഥത്തിൽ 1957ൽ ആരംഭിച്ചതാണ്. ആ വ്യത്യാസം തൊടങ്ങിയത് അമ്പത്തേഴിലാണ്. ഇപ്പോ അമർത്യാസെന്നെല്ലാം കേരളത്തിനെപ്പറ്റി പറയുമ്പഴ് ‘കേരള മോഡൽ’ എന്നു പറയും. എന്താ കേരള മോഡൽ, ഇവിടെ ഒറ്റപ്പെട്ട് കെടക്കുന്ന ഒരുപാട് സംഭവങ്ങളുണ്ട്. അത് ഞാൻ നേരത്തേ പറഞ്ഞത് നിങ്ങൾ മനസ്സിലാക്കണം. ഇന്ത്യയിലെവിടെയും... എന്താവാം?
വർഗീയവത്കരിച്ച് പ്രശ്നമുണ്ടാക്കാം എന്ന സാധ്യതയല്ലേ...
നേരത്തേ പറഞ്ഞ സിംപ്റ്റംസ്ണ്ട്. അത് ഇവിട്യൂണ്ട്. ഏറ്റക്കൊറച്ചിലോട് കൂടി കൊറവാണെന്ന് മാേത്രയുള്ളൂ.
ഇവിടെയാണെങ്കിൽ അതിന്റെ സിംറ്റം ഇപ്പോൾ കൂടിവരുന്നുമുണ്ടോ?
അത് കൂടിവരാനുള്ള പ്രവണതയുണ്ട്. ഞാൻ നേരത്തേ പറഞ്ഞ, അങ്ങനെയൊരു പിന്തുണയുണ്ട്. ദേശീയാടിസ്ഥാനത്തിലുള്ള പിന്തുണയുണ്ട്. അവരതിന് പ്രോത്സാഹനം കൊടുക്കുന്നുണ്ട്. ഈ അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള നിലപാടുണ്ട്. ഒക്കെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതൊക്കെ ഇവിടെ ഇല്ലാന്ന് നമ്മള് പറയേണ്ട യാതൊരു കാര്യവുമില്ല. ഉള്ളതുതന്നെയാണത്. അത് വസ്തുതാപരമാണ്. പക്ഷേ, ഇവിടെയെന്താ ഉണ്ടായേന്ന് വെച്ചാല്, 1957ൽ സഖാവ് ഇ.എം.എസിന്റെ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോ, ലോകചരിത്രത്തിൽ ആദ്യമായിട്ടാണല്ലോ പാർലമെന്ററി സംവിധാനത്തിലൂടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുന്നത്.
അപ്പോ ആ ഗവൺമെന്റ് ചെയ്ത ഒന്നാമത്തെ പണി ഭൂമിയിൽ നിൽക്കുന്ന എല്ലാ മനുഷ്യനെയും അവിടെത്തന്നെ നിർത്താനുള്ള ആദ്യ ഓഡിനന്സ് ഇറക്കീന്നുള്ളതാണ്. കുടിയൊഴിപ്പിക്കൽ വിരുദ്ധ ഓഡിനൻസ്. അതോടുകൂടി നിൽക്കാനൊരു ഇടം കിട്ടി. അങ്ങനെയാണല്ലോ ഒരു മനുഷ്യൻ തന്റേടിയാവുക. തനിക്ക് ഇടം കിട്ടാണ്ട് തന്റേടിയാകാൻ പറ്റില്ല. ഇപ്പഴും ഉത്തരേന്ത്യയിലോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ ഈ തന്റേടം ഇല്ല.
ഇവിടെ എന്റതാണ്, ഞാനാണ് എന്നതില് 99 ശതമാനം മനുഷ്യർക്കും ഒരു തന്റേടിയായി ജീവിക്കാനുള്ള ഒരു ഭൗതിക സാഹചര്യം വന്നു. നിയമമൊന്നും പാസായിട്ടില്ല. ഓർഡിനൻസാണ്. പക്ഷേ അതോടുകൂടി രൂപപ്പെട്ടൊരു മാനസികതലമാണത്, എന്നെ ഒഴിപ്പിക്കാൻ പറ്റില്ല... എന്റെ ഭൂമിയിൽനിന്ന് ഞാൻ വിട്ടുപോകേണ്ടതില്ല... ഈ ഭൂമി എന്റെതാകും എന്നുള്ള, പണ്ടേ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരുറപ്പവർക്ക് കിട്ടി. ആ ഗവൺമെന്റ് പോയി. നിയമമൊന്നും നിർമിച്ചില്ല. അതിനുശേഷം 1967ൽ അധികാരത്തിൽ വന്നപ്പോ, 69 ഒക്ടോബർ 14ന് കാർഷിക ഭൂപരിഷ്കരണ
ഭേദഗതി നിയമം കൊണ്ടുവന്നു. അതാണ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ജന്മിത്തം അവസാനിപ്പിച്ച നിയമം. ബിൽ. അത് നിയമമാക്കുന്നതിന് തടസ്സം നിൽക്കുന്ന ഘട്ടം വന്നപ്പോ അതിനു വേണ്ടി ജനങ്ങളെ അണിനിരത്തി. ജനങ്ങളെത്തന്നെ അണിനിരത്തി. അപ്പോ, പാർലമെന്ററി പ്രവർത്തനവുമുണ്ട്, പാർലമെന്റേതര പ്രവർത്തനവുമുണ്ട്.
എ.കെ.ജിയുടെ മിച്ചഭൂമി സമരമൊക്കെ...
എ.കെ.ജിയുടെ മിച്ചഭൂമി സമരമുൾെപ്പടെ. പാർലമെന്റ് പ്രവർത്തനത്തിന്റെ ഭാഗമായിട്ട് നിയമം നിർമിക്കുക, അത് നടപ്പിലാക്കാൻ കൂട്ടാക്കാതിരിക്കുമ്പഴ്, ഇപ്പോ ഫലസ്തീൻകാരും... ഫലസ്തീൻകാരല്ല ഹമാസ്, ഹമാസും ഇസ്രായേലും തമ്മിലുള്ള പ്രശ്നണ്ടല്ലോ... അത് സൂക്ഷ്മമായി പരിശോധിച്ചാ ഹമാസാണ് ആദ്യംതന്നെ അക്രമം തൊടങ്ങിയത്.
ഇത്തവണ...
ഇത്തവണ... എന്നാൽ പരമ്പരാഗതമായ ആക്രമണത്തിന്റെ, സ്വന്തം ഇല്ലാതാക്കുന്നതിന്റെ ഒരു പ്രത്യേകതയിൽനിന്നാണ് യഥാർഥത്തിൽ അവര് കടന്നാക്രമിക്കുന്നത്.
ചെയ്യേണ്ടിവരുന്നത്...
ചെയ്യേണ്ടിവരുന്നത്... അതിനെ ആ അർഥത്തിൽ നമ്മൾ കാണണം. പക്ഷേ, ഇന്നത്തെ പരിതഃസ്ഥിതിയിൽ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും യുദ്ധംചെയ്താൽ ജനങ്ങളാണ് മരിച്ചുവീഴുന്നത്. അതുകൊണ്ട് അടിയന്തരമായിട്ട് ആദ്യം ചെയ്യേണ്ടത് മരണം ഒഴിവാക്കണം. ഒഴിവാക്കുക എന്നുള്ളതാണ്. ബാക്കി കാര്യങ്ങളൊക്കെ ദ്വികക്ഷി സംവിധാനത്തെ അടിസ്ഥാനപ്പെടുത്തീട്ട് യു.എൻ.ഒ പറഞ്ഞതുപോലെ അടിയന്തരമായി പ്രശ്നം പരിഹരിക്കാനുള്ള സമീപനത്തിലേക്ക് നീങ്ങണം.
അതുപോലെ ഫലസ്തീനികൾക്ക് ഒരു രാജ്യണ്ട് എന്നുള്ളതിന് ഉറപ്പുണ്ടാക്കാനുള്ള സമീപനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതല നിർവഹിക്കേണ്ടത് ഇസ്രായേലാണ്. അതില്ലാതായിക്കൊണ്ടിരിക്കുകയാണല്ലോ. മാന്തിമാന്തിയെടുത്ത് അവസാനിപ്പിക്കാൻ വേണ്ടിയാണ്. അപ്പോ അങ്ങനെയുള്ള ഒരു നിലപാട് നമ്മള് സാർവദേശീയതലത്തിൽ കാണുന്നതുപോലെ നമുക്ക് ഇവടെ പാർലമെന്ററി പ്രവർത്തനത്തിന്റെ ഭാഗമായിട്ട് നിയമം നിർമിച്ചു. ഗൗരിയമ്മയാണല്ലോ ആ കാര്യം ചെയ്തത്.
ആ നിർമിച്ച നിയമം എന്താക്കുന്നില്ലാ... നടപ്പിലാകുന്നില്ല. അപ്പോ 1970 നമ്മള് പ്രഖ്യാപിച്ച... 69 ഡിസംബർ 14നാണ് സമര പ്രഖ്യാപനം നടന്നത്. എ.കെ.ജിയാണ് പ്രഖ്യാപിച്ചത്. 70 ജനുവരി മാസം ഒന്നാം തീയതി മുതൽ ഭൂമിയിലേക്ക് പ്രവേശിച്ചു. ഭൂമി വളച്ചുകെട്ടി. വലിയ സംഘർഷണ്ടായി. പത്തുപതിനെട്ടാളുകൾ മരിച്ചു. സ്ത്രീകളുൾെപ്പടെ. പക്ഷേ, തിരിഞ്ഞുനോക്കുമ്പഴ് കേരളം ഒരു പുതിയ തലത്തിലേക്കുയർന്നു.
എ.കെ.ജി അതിന് തിരഞ്ഞെടുത്ത സ്ഥലംപോലും ചരിത്രപരമായിട്ടും പ്രധാനമായിരുന്നു. കവടിയാർ കൊട്ടാരത്തിന്റെ സ്ഥലം...
ആയിരുന്നു, പ്രധാനമായിരുന്നു. കൊട്ടാരത്തിലേക്ക് പോയത്. മതില് ചാടിക്കടന്ന് ആ സമരത്തിലേക്ക് പോയത്. അത് ഇന്നും ചെലയാളുകള് മരിക്കുമ്പം അവര്ടെ മരണക്കുറിപ്പിന്റെ ഭാഗമായിട്ട് എഴുതുന്നുണ്ട്. ‘‘ഞാൻ ആ സമരത്തിൽ പങ്കെടുത്തിരുന്നു’’ – അത് ആവേശകരമായ ഒരു അവസ്ഥയായിരുന്നു. അതിനുശേഷം 1970 ജനുവരി ഒന്നിന്, അതിനുശേഷം മിച്ചഭൂമി സമരം, പതിനായിരക്കണക്കിന് ആളുകൾ ജയിലിലേക്ക് പോകുന്ന സംഭവം.
കേരളത്തിൽ അങ്ങോളമിങ്ങോളം കൊടികുത്തിമല എന്ന സ്ഥലപ്പേരുണ്ടാകുന്നു...
എല്ലാം കഴിഞ്ഞപ്പൊ 36 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തമായിട്ട് ഭൂമി കിട്ടി. ഈ കേരളത്തിൽ. അത് അഞ്ച് സെന്റ് മുതൽ 15 ഏക്കറവരെ കിട്ടി. അഞ്ചുസെന്റാണ് കുടികെടപ്പ്; നഗരങ്ങളിൽ. ഗ്രാമങ്ങളിൽ 10 സെന്റ്. പിന്നെ കൈവശം ഭൂമിയുണ്ടല്ലോ. ആ ഭൂമിക്ക് മുഴുവൻ അവകാശിയായി. അങ്ങനെ 36 ലക്ഷത്തിന് അഞ്ച് സെന്റ് മുതൽ 15 ഏക്കറ വരെ കിട്ടി. ഒരു സ്റ്റാൻഡേഡ് കുടുംബത്തിന് കൈവശംവെക്കാൻ പറ്റുന്ന ഭൂമി 15 ഏക്കറയാണ്. ആ പതിനഞ്ച് ഏക്കറവരെ കിട്ടി. അങ്ങനെവന്നപ്പൊ ഭൂബന്ധത്തിൽ മൗലികമായ മാറ്റംവന്നു.
ജനാധിപത്യ വിപ്ലവത്തിന്റെ ഒരു പ്രമുഖ മുദ്രാവാക്യമാണിത്. ഭൂപ്രഭുത്വം അവസാനിപ്പിക്കുക എന്നത്, പക്ഷേ, ഭൂപ്രഭുത്വം അവസാനിച്ചില്ല. ഭൂപ്രഭുത്വം അവസാനിപ്പിക്കാൻ, രണ്ടു തരം ഭൂപ്രഭുത്വമുണ്ട്. അല്ലങ്കിൽ, ഭൂപ്രഭുത്വത്തിന് രണ്ട് ഭാഗമുണ്ട്. ഒന്ന്, ജന്മിത്ത ഭൂപ്രഭുത്വം. അത് വനം പാട്ടം വാങ്ങുന്നതിന്റെ ഭാഗമായിട്ട്. മറ്റൊന്ന് മുതലാളിത്ത ഭൂപ്രഭുത്വം. അത് പറഞ്ഞാൽ വലിയ എസ്റ്റേറ്റുകളും ഭൂമി അടിസ്ഥാനമാക്കി തൊഴിലാളിയെ ചൂഷണം ചെയ്യുന്ന വ്യവസ്ഥ.
അതിൽ ഭൂപ്രഭുത്വത്തിലെ ഒരുഭാഗം നമ്മള് അവസാനിപ്പിച്ചു. ജന്മിത്ത ഭൂപ്രഭുത്വം അവസാനിപ്പിച്ചു. അതായിരുന്നു മഹാഭൂരിപക്ഷം കേരളത്തിൽ. അതവസാനിപ്പിച്ചു. പക്ഷേ, മുതലാളിത്ത ഭൂപ്രഭുത്വത്തിന്റെ ഭാഗമായിട്ട് എസ്റ്റേറ്റും തൊഴിലാളികളുമുണ്ട്. അതൊക്കെ ഛിന്നഭിന്നമായിപ്പോയാൽ, വീതിച്ചുകൊടുത്താൽ പിന്നെ വലിയ തോതിലുള്ള സംവിധാനമാണ്... തൊഴിലാളികൾ പിന്നെ അഭിമുഖീകരിക്കുക വലിയ പ്രശ്നമാണ്. അതുകൊണ്ട് അത് നമ്മള് സ്വീകരിച്ചില്ല.
പിന്നെ ഉൽപാദനവും നടക്കില്ല...
പിന്നെ ഉൽപാദനത്തിന്റെ പ്രശ്നം വരും. അങ്ങനെ വന്നപ്പൊ എന്താ ഉണ്ടായതെന്ന് വച്ചൽ, ഞാൻ നേരത്തേ പറഞ്ഞതുപോലെ, അമർത്യാസെൻ പറഞ്ഞതുപോലെ, ഒരു പൊതുസമൂഹത്തിന്റെ ഉള്ളടക്കത്തിലേക്ക് കേരളസമൂഹം ഇന്ത്യയിൽനിന്ന് വ്യതിരിക്തമായി. അപ്പം അതിന്റൊപ്പം വിദ്യാഭ്യാസം. 57 മുതലേ തൊടങ്ങി, വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള വളരെ ഫലപ്രദമായ ഇടപെടൽ. പിന്നെ, സാമൂഹികക്ഷേമ പദ്ധതികൾ. 80ൽ തൊടങ്ങി കർഷകത്തൊഴിലാളി പെൻഷൻ. അതിങ്ങനെ ഓരോ വിഷയങ്ങളുണ്ടല്ലോ, ഓരോന്നോരോന്ന് തുടങ്ങി. അപ്പോ സാമൂഹികസുരക്ഷക്കു വേണ്ടിയുള്ള ഇടപെടൽ, വിദ്യാഭ്യാസമേഖലയിലുള്ള ഇടപെടൽ, ആരോഗ്യമേഖലയിലുള്ള ഇടപെടൽ, പാർപ്പിടത്തിനുവേണ്ടിയുള്ള ഇടപെടൽ, ഭൂമിക്കുവേണ്ടിയുള്ള ഇടപെടൽ.
മൗലികമായ ഇത്രയും കാര്യങ്ങൾ, തൊഴിലില്ലായ്മ പരിഹരിക്കാൻ ഇപ്പോ ഏറ്റവും അവസാനം ഈ ഗവൺമെന്റ് ചെയ്തുകൊണ്ടിരിക്കുന്ന, 20 ലക്ഷം ആളുകൾക്ക് തൊഴിൽ കൊടുക്കുന്നതുൾെപ്പടെയുള്ള, പുതിയ സംരംഭപ്രവർത്തനം ഉൾെപ്പടെയുള്ള കാര്യങ്ങൾ. ഇതെല്ലാംകൂടി ചേർന്ന് നോക്കുമ്പോ, എന്തായിരുന്നു കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം എന്നുള്ളതിന് കൃത്യത വന്നു. ആ വികസന പരിപ്രേക്ഷ്യം, അതാണ് അമർത്യാസെൻ പറഞ്ഞത്, കേരള മോഡൽ.
മുതലാളിത്ത സമൂഹമാണ് ഇന്ത്യ. ആ ഇന്ത്യയുടെ ഭാഗമാണ് കേരളം. എന്നുപറഞ്ഞാൽ കേരളം മുതലാളിത്ത സമൂഹത്തിന്റെ ഭാഗമാണ്. ഭരണകൂടം. ഭരണകൂടം പിണറായി വിജയന്റെയല്ല. ഭരണകൂടം നരേന്ദ്രമോദീന്റ്യാ. ഈ നരേന്ദ്ര മോദീടെ ഭരണകൂടത്തിന്റെ ഒപ്പംതന്നെ കേരളത്തിൽ അധികാരത്തിൽ വന്നിട്ടുള്ള ഇടതുപക്ഷ മുന്നണി ഗവൺമെന്റുകൾക്ക് ഒരു ബദൽ നിലപാടുവെച്ച് മുമ്പോട്ടേക്ക്പോകാൻ സാധിക്കുന്നതിന് അടിസ്ഥാനണ്ട്.
ആ അടിസ്ഥാനത്തിൽനിന്ന് നേരത്തേ കണ്ട, ഞാൻ നേരത്തേ പറഞ്ഞില്ലേ, 57ലെ കുടിയൊഴിപ്പിക്കൽ വിരുദ്ധ ഓഡിനൻസ് മുതൽ ഇങ്ങോട്ട്, മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസസംവിധാനം മുതൽ ഇങ്ങോട്ട്, ആഭ്യന്തര മേഖലയിൽ പൊലീസിങ്ങനെയങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയുള്ള ഏറ്റവും പ്രധാനപ്പെട്ട സമീപനം, തൊഴിലാളികളും കൃഷിക്കാരും പണിമുടക്കിയാൽ അതിനെ അടിച്ചമർത്താനല്ല പരിപാടി. ഇവിടെ ക്രമസമാധാനം നോക്കുകമാത്രേ വേണ്ടൂ എന്നു പറഞ്ഞതിന്റെയന്നുതൊടങ്ങിയതാണ് കൂലിവർധന.
ഈ കേരളത്തിന്റെ പ്രത്യേകതയെന്താ, കേരളത്തിന്റെ പ്രത്യേകത –നേരത്തേ ഇന്ത്യയുടെ പ്രത്യേകത ഞാൻ പറഞ്ഞല്ലോ, സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ചെയ്യുന്നതാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ രൂപം. കേരളത്തിന്റെ രൂപെന്താന്ന് പറഞ്ഞാൽ, ഏറ്റവും പിന്നണിയിൽ കിടക്കുന്ന പട്ടികജാതി, പട്ടികവർഗം, പിന്നാക്ക സമുദായം, ഒ.ഇ.സി ഇങ്ങനെയുള്ള വിഭാഗങ്ങൾ, കർഷകത്തൊഴിലാളി, കൃഷിക്കാർ, ചെത്തു തൊഴിലാളി, നെയ്ത്തു തൊഴിലാളി, മത്സ്യത്തൊഴിലാളി അതുപോലെ ചുമട്ടു തൊഴിലാളി തുടങ്ങി സംഘടിതരും അസംഘടിതരുമായ ലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യർക്ക് ഞാൻ ഈ പറഞ്ഞ പശ്ചാത്തലം ഉപയോഗിച്ച് ഗുണമേന്മയുള്ള ജീവിതം നയിക്കാൻ കേരളെത്ത പ്രാപ്തമാക്കി.
ഇതാണ് കേരള മോഡൽ അല്ലാണ്ട് ആടെ ഒരാള ആളെല്ലാം കൂട്ടമായിട്ട് കൊന്നുകളഞ്ഞു, അല്ലെങ്കിൽ വേറെയെന്തെങ്കിലും പ്രശ്നണ്ടാക്കി, അവടെ മറ്റേ അനാഥാലായത്തിന്റെ ഭാഗമായിട്ട് ഒരാള് മനുഷ്യനെത്തന്നെ കൊന്നു, വെട്ടിക്കൊന്നു എന്നതൊന്നുമല്ല, അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാ. ഇതാണ് അടിസ്ഥാനപരമായ കേരളം.
പക്ഷേ, ചില സംഭവങ്ങൾ...
സാധാരണ ഇന്ത്യയിൽ ഒരു സംസ്ഥാനത്തിലുമില്ലാത്ത ഈയൊരു പ്രത്യേകത ഏറ്റവും കൂടുതൽ വരുന്ന, ലക്ഷക്കണക്കിന്, കോടിക്കണക്കിന് വരുന്ന സാധാരണ മനുഷ്യന് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത രീതിയിൽ ഗുണമേന്മയുള്ള ജീവിതം നയിക്കാൻ പ്രാപ്തമായി.
അത് പറയുേമ്പാൾ അതിനെതിരെ രണ്ട് വിമർശനങ്ങളുണ്ട്...
എന്തൊക്കെ പറയ്, വിമർശനം പറയ്...
ഒന്ന്, ദലിത് മേഖലയിലുള്ളവരുടെ പ്രശ്നം. ഭൂബന്ധങ്ങൾ പരിഷ്കരിച്ചെങ്കിലും ഈ പറയുന്നപോലെ ആനുപാതികമായിട്ട് അവർക്ക് ഭൂമി കിട്ടിയില്ല. ആനുപാതികമായിട്ട് ഒരിടത്തും കിട്ടിയിട്ടില്ല.
അതും ഇല്ലാതാക്കിയത് യു.ഡി.എഫിന്റെ ഗവൺമെന്റാണ്.
അവർക്ക് പാർപ്പിടവുമില്ല. ഇന്നും നഗരങ്ങളിലൊക്കെ കോളനികളുണ്ട് എന്നതൊരു വാസ്തവമാണല്ലോ?
കോളനികളൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്. ഇനിയിപ്പം ഒറ്റക്കൊറ്റക്കുള്ള വീടുകളാവും. ഇേപ്പാ നമ്മള് അറിയുന്നതുപോലെ ലക്ഷംവീട് കോളനി, അതായിരുന്നല്ലോ പ്രധാനപ്പെട്ട ഒരു കോളനി. അതൊക്കെ ഇരട്ടവീടുകളായിരുന്നു. ഒരു കെട്ടിടത്തിൽ രണ്ടു വീടുകളായിരുന്നു. അതുമാറി, ഒറ്റവീടായി. മിക്കവാറും എല്ലാ സ്ഥലത്തുമായി. വളരെ അപൂർവമായി മാത്രമേ ഇപ്പോ ഇരട്ടവീടുകൾ കാണൂ. അതൊരു പ്രധാനപ്പെട്ട പ്രശ്നമായി വന്നതാണ്. നമ്മള് കർഷകത്തൊഴിലാളി യൂനിയൻതന്നെ അത് ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യമായി എടുത്തതാണ്, ഇരട്ടവീടുകള് ഒറ്റവീടാക്കുക.
അതുപോലെ ഇപ്പോ നമ്മള് ഒന്ന് പരിശോധിച്ച് നോക്ക്യാ... ഇല്ലാന്നൊന്നും ഞാൻ പറയുന്നില്ല. മൂന്ന് ലക്ഷത്തി നാൽപത്തിരണ്ടായിരം ആൾക്ക് ഇപ്പോഴും ഈ കേരളത്തിൽ ഭൂമിയില്ല. നിങ്ങള് ഇന്ത്യ കണക്ക് കൂട്ടി നോക്കണം. അവിടെ കോടാനുകോടിക്ക് ഇല്ല. ഇവിടെ 0.5 ശതമാനത്തിനാണ് അതിദാരിദ്ര്യം. എന്നു പറഞ്ഞാ പട്ടിണി. അവിടെ ഞാനീ പറഞ്ഞതുപോലെ നാൽപത് ശതമാനത്തിന്റെ താഴത്തോട്ട് പട്ടിണിയാണ്. അപ്പോ നമുക്ക് ഈ അതിദാരിദ്ര്യവും അവസാനിപ്പിക്കാനാവും. കേരളത്തിന് ഒരു കൊല്ലം, ഒന്നരക്കൊല്ലം കഴിഞ്ഞാ... എന്റെ ഈ മണ്ഡലത്തിൽ... തളിപ്പറമ്പ് മണ്ഡലത്തിൽ ഞാൻ സൂക്ഷ്മമായി പരിശോധിച്ച് നോക്കിയപ്പോ 540 വീടാണ്...
വീടില്ലാത്തതോ...
അല്ല. വീടില്ലാത്തവരല്ല. ഈ അതിദാരിദ്ര്യമുള്ളവര്. അത് ഇക്കൊല്ലംതന്നെ ഈ 540 കുടുംബങ്ങളെയും അതിദാരിദ്രത്തിൽനിന്ന് മോചിപ്പിക്കും. ഞാൻ പ്രത്യേക പദ്ധതി പ്ലാൻ ചെയ്യാണ്. കേരളത്തിലാകെ ഇത് നടക്കും. അപ്പൊ അങ്ങനെവരുമ്പം രണ്ടു കൊല്ലംകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണീടെ കാലാവധി തീരുമ്പഴേക്ക് ഈ ഇന്ത്യയിൽ അതിദരിദ്രരില്ലാത്ത ഒരേയൊരു സംസ്ഥാനമായിട്ട് കേരളം മാറും. അപ്പം, ദലിതന്റെ ഉൾെപ്പടെ പ്രശ്നത്തിന്റെ മേലെ ഞാൻ നേരത്തേ പറഞ്ഞതാണ്. കാർഷിക ഭൂപരിഷ്കരണ ഭേദഗതി ബില്ലിന്റെ ഭാഗമായിട്ട് നമുക്ക് ലക്ഷക്കണക്കിനേക്കർ ഭൂമി കൈവശം കിട്ടേണ്ടതായിരുന്നു. ഏത്... മിച്ചഭൂമിയായിട്ട്.
അത് കിട്ടാത്തതുകൊണ്ടാണല്ലോ മിച്ചഭൂമിസമരം വേണ്ടിവന്നത്...
അതിന്റെ ഭാഗമായിട്ട് ആകെ നമുക്ക് ഒരു ലക്ഷേ കിട്ടീട്ടുള്ളൂ. ഒരാറേഴ് ലക്ഷം കിട്ടേണ്ടീരുന്നു. അത് എന്താക്കീ... പിന്നീട് വന്ന ഗവൺമെന്റ്... നമ്മളപ്പോഴേക്ക് ഗവൺമെന്റ് മാറിയല്ലോ, ഗവൺമെന്റ് വന്നപ്പോ ഇഷ്ടദാനത്തിന്റെ വിഷയത്തിൽ ആരൊല്ലോ ആരുടെയോ പേരിലാക്കി.
അതിനുവേണ്ടി ഒരു ഗവൺമെന്റ്തന്നെ ഉണ്ടാക്കി...
അതിനുവേണ്ടിയൊരു ഗവൺമെന്റ് തന്നെയുണ്ടാക്കി. അന്നേരം നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡിമാൻഡ്, ഈ പാവപ്പെട്ട പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് ഒരേക്കറ സ്ഥലമെങ്കിലും കൊടുക്കുക എന്നുള്ളത് പ്രാവർത്തികമാവാതെ പോയി. അത് പ്രാവർത്തികമാക്കാതെ പോയവരാണ് ഇപ്പോ മറുഭാഗത്ത് നിന്നിട്ട്, ദാ നിങ്ങൾ ദലിതർക്ക് കൊടുത്തോ, ഭൂമി കൊടുത്തോ, ഒരുപാടാളുകള് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അവര് വസ്തുത മനസ്സിലാക്കാണ്ടാണ്.
അപ്പോ, ബാക്കിയുള്ള ഒരുപാട് കേസ് ഇപ്പഴും കേസിലാണ്. ഇങ്ങനെയെല്ലാമാണെങ്കിലും ഞങ്ങളിപ്പം പരിശോധിച്ച് നോക്കിയപ്പം കണ്ടിട്ടുള്ളത്, മൂന്നുലക്ഷത്തി നാൽപ്പത്തിരണ്ടായിരം ആൾക്കാണ് ഭൂമി ഇല്ലാത്തത്. ബാക്കിയെല്ലാർക്കും ഭൂമിയുണ്ട് ഈ കേരളത്തിൽ. ഈ മൂന്നുലക്ഷത്തിനാൽപ്പത്തിരണ്ടായിരം ആൾക്ക് ഇനി നമുക്ക് ഭൂമി കൊടുക്കണം. അതിന് പതിനായിരത്തഞ്ഞൂറേക്കറ് സ്ഥലം വേണം. പതിനായിരത്തി അഞ്ഞൂറ് ഏക്കറ് സ്ഥലം. അത് ലാൻഡ് ബോഡ് മുഖേന അടിയന്തരമായിട്ട് കണ്ടെത്തി അവർക്ക് ഭൂമി കൊടുക്കാനാണ് ഗവൺമെന്റുദ്ദേശിക്കുന്നത്. ഭൂമി മാത്രല്ല അവർക്ക് വേണ്ടത്, അതിനോടൊപ്പം വീടും വേണം. ഇപ്പം നാലു ലക്ഷത്തിലധികം ആൾക്ക് വീട് കൊടുത്തിട്ടുണ്ട്. ഏതാണ്ട് ഒരുലക്ഷത്തി അറുപതിനായിരം വീടിപ്പം പണി നടന്നോണ്ടിരിക്കാണ്.
ലൈഫ് പദ്ധതിയിലോ?
ലൈഫ് പദ്ധതീടെ ഭാഗായിട്ട്. ആ പദ്ധതീലുൾപ്പെടുത്തീട്ട് ഞാൻ നേരത്തേ പറഞ്ഞ അതിദാരിദ്ര്യത്തിന്റെ ഭാഗമായിട്ട് പെട്ടിട്ടുള്ള ആളുകൾക്കും, ഈ പറയുന്നവർക്കെല്ലാം വീട് കൊടുക്കാനുള്ള ശ്രമമാണ് ഗവൺമെന്റ് നടത്തുന്നത്. അതിനു പുറമേ ഒരു ഒന്നരലക്ഷത്തോളമാളുകൾ, ഭൂമിയുണ്ട്.
പക്ഷേ, അവർക്ക് വീടില്ല. അവർക്കും കൊടുക്കണം വീട്. അപ്പൊ ഇതൊരു ബൃഹത്തായ പദ്ധതിയാണ്. ഇത് ഇന്ത്യേടെ ചരിത്രത്തിലെ, ലോകചരിത്രത്തിലെ, പാവപ്പെട്ട മനുഷ്യർക്ക് മുഴുവൻ സ്വന്തമായിട്ട് വീടുണ്ട് എന്ന് പറയാൻ കഴിയുന്ന ലോകത്തിലെ ഒരു തുരുത്തായിരിക്കും കേരളം, പൂർത്തിയായാൽ. അത് പൂർത്തിയാക്കാം എന്നുള്ളതാണ് ഗവൺമെന്റുദ്ദേശിക്കുന്നത്.
വേറൊരു വിമർശനം വന്നത്, നമ്മളീ പറയുന്ന, മാഷ് വിശദീകരിച്ച, കേരള മോഡൽ പരാജയമായിരുന്നു എന്ന് ചില സാമ്പത്തിക വിദഗ്ധരൊക്കെ പറയുന്നതാണ്...
ടാറ്റേന്റേം ബിർളേന്റേം ആള് ഈടെ ഇല്ല. അദാനീന്റെ കണക്ക് ഈടെല്ല. അതല്ലൊം ഗുജറാത്തിലാണ്. ഞങ്ങളെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ വിജയമാണ് എന്നതിന് തെളിവ് ഈ ജീവിച്ച, ജീവിച്ചുകൊണ്ടിരിക്കുന്ന ഈ കേരളംതന്നെയാണ്. കാരണം, ഈ കേരളത്തിലെ ജനിക്കുന്ന ഒരു കുട്ടി, ഇവിടെ സ്കൂളിലേക്ക് പോകുന്നുണ്ട്. എവിടെയാ ഇന്ത്യേല് അങ്ങനെള്ളത്, വിദ്യാഭ്യാസ മേഖലയിൽ!
ലോകോത്തരമാണ് നമ്മുടെ ആരോഗ്യരംഗം. പ്രതിസന്ധി വരുമ്പഴാണല്ലോ അത് കൃത്യായിട്ട് മനസ്സിലാകുക. കേരളത്തില് മനസ്സിലായല്ലോ കോവിഡ് വന്നപ്പഴ്. സൗജന്യ ചികിത്സ. ഇപ്പോ കേന്ദ്രഗവൺമെന്റ് പറഞ്ഞത് സൗജന്യ ചികിത്സ ഏറ്റവും കൂടുതൽ നൽകുന്ന സംസ്ഥാനം കേരളമാണെന്നാണ്. നിങ്ങളാലോചിച്ച് നോക്ക്, മറ്റിന്ത്യൻ സംസ്ഥാനങ്ങള് നമ്മളെ ജനസംഖ്യയായിട്ട് താരതമ്യം ചെയ്യുമ്പഴ് നമ്മള് വളരെ വളരെ ചെറിയ സംസ്ഥാനല്ലേ.
എല്ലാ ജീവിതസൂചികയിൽ മുഴുവൻ കേരളം ഒന്നാംസ്ഥാനത്താണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. പട്ടിണിയുടെ കാര്യത്തിൽ -പട്ടിണിയില്ലാത്ത ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനം കേരളമാണ്. ഇങ്ങനെ ഈ ജീവിതസൂചിക മുഴുവൻ ഒന്നാം സ്ഥാനത്തേക്ക് വന്ന കേരളം യഥാർഥത്തിൽ കേരളമായത് ഞാനീ പറഞ്ഞ കേരള മോഡലിന്റെ ഭാഗമായിട്ടാ... മോഡലിത്രേ ഉള്ളൂ, പിന്നിൽനിന്ന് മുന്നോട്ടേക്ക് നയിക്കുക. മറ്റേത് മുന്നിൽനിന്ന് മുന്നോട്ടേക്ക് പോവുകയാണ്. പിന്നിലുള്ളവര് അവടെതന്നെ കെടക്കുക. ഇതാണ് വൈരുധ്യം.
അപ്പൊ നമ്മള് കൃത്യായിട്ടുള്ള നിലപാട് സ്വീകരിച്ചുകൊണ്ടാണ് മുന്നോട്ടേക്ക് പോകുന്നത്. ഇതിന്റെ ഭാഗമായിട്ടുള്ള ഒരുപാട് വികസനാണ് ഇപ്പോ നടന്നുകൊണ്ടിരിക്കുന്നത്. ആ വികസനത്തിന്റെ ഭാഗമായിട്ട് ഇനിയും... ഇപ്പൊ നാഷനൽ ഹൈവേ... പിണറായി ഗവൺമെന്റ്, ഈ ഗവൺമെന്റ് വന്നില്ലാന്ന് വെക്കാ നാഷനൽ ഹൈവേ വര്വോ... ആരു കൊണ്ടരാൻ. ഉമ്മൻ ചാണ്ടി വേണ്ടാന്നു പറഞ്ഞിട്ട് തിരിച്ചയച്ചതല്ലേ ആ ഫയല്.
ഗെയ്ൽ പദ്ധതി വെര്വോ... അതുപോലെതന്നെ അവടെ ഇലക്ട്രിസിറ്റി ലൈൻ വെര്വോ... നമ്മടെ കൊച്ചീലേക്ക് വരുന്ന, എടവണ്ണ വഴി വരുന്ന അത് നിർത്തിവെച്ച് പോയതല്ലേ... ഈ വികസനങ്ങളൊന്നും നടത്താൻ ഇവരാഗ്രഹിക്കുന്നില്ല. ഇപ്പൊ കെ. റെയിലിന്റെ കാര്യം, അത് ഇപ്പൊ വന്ദേഭാരത് വന്നപ്പഴാണല്ലോ കെ. റെയിൽ വീണ്ടും ചർച്ചവന്നത്.
അല്ല മാഷേ, ഇതുപറയുമ്പോഴുള്ള ഒരു പ്രശ്നം, ഒന്നാം പിണറായി ഗവൺമെന്റ് ചെയ്ത കാര്യങ്ങൾ തന്നെയാണ് രണ്ടാം പിണറായി ഗവൺമെന്റിന്റെ രണ്ടാം പാദത്തിലും നമുക്ക് പറയാനുള്ളത് എന്നതാണ്.
അല്ല...ല്ലല്ല... അന്ന് പൂർത്തിയായതല്ല. ഇതിപ്പം പൂർത്തിയാകാൻ വേണ്ടീട്ടാണ് ഓരോന്നോരോന്ന്.
ഒന്നാം പിണറായി ഗവൺമെന്റിന്റെ അത്ര വേഗതയില്ല.
അതിന് പ്രധാനപ്പെട്ട ഘടകണ്ട്. സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളത്തെ നയിക്കുന്നത്. കേന്ദ്ര ഗവൺമെന്റ് വളരെ ഫലപ്രദമായ രീതിയിൽ ഒരു പ്രതിരോധമാണ് കേരളത്തിലെ ഗവൺമെന്റിന് എതിരായിട്ട് നടത്തുന്നത്. യു.പിക്കും ബി.ജെ.പി സംസ്ഥാനങ്ങൾക്കും കൊടുക്കുന്നതിന്റെ ഒരംശംപോലും നമുക്ക് തരാൻ തയാറല്ല. അമ്പത്താറായിരം കോടി ഉറുപ്പികയാണ് നമ്മുടെ, ഈ കൊല്ലം നഷ്ടപ്പെടുന്നത്.
കേരളംപോലൊരു സംസ്ഥാനത്തിന് അമ്പത്താറായിരം കോടി കേന്ദ്ര ഗവൺമെന്റീന്ന് കിട്ടേണ്ടുന്ന പണം കിട്ടാണ്ടിരുന്നാൽ പിന്നെങ്ങനെയാണ് മുന്നോട്ടേക്ക് പോകാൻ സാധിക്കുക. നമുക്കാണെങ്കിൽ പ്രതിബദ്ധതയോടുകൂടി ഈ അറുപത്തിരണ്ട് ലക്ഷം ആളുകൾക്ക് കൊടുക്കുന്ന പെൻഷൻ ഉൾപ്പെടെ നിർത്താനും പറ്റില്ല.
അപ്പൊ നമുക്ക് ഒരു പ്രതിസന്ധിയുണ്ട്. എന്നാൽ, ഇന്ത്യൻ സമൂഹത്തിൽനിന്ന് വ്യത്യസ്തമായിട്ട് കേരളത്തിൽ ഒരു വിജ്ഞാന സമൂഹമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. വിജ്ഞാന സമൂഹം. അതിന്റെ ഒപ്പംതന്നെയാണ് വിജ്ഞാന സമ്പദ് വ്യവസ്ഥ എന്നുപറയുന്നത്. ഇത് കേവലം... ആരും ഇതുവരെ ഗൗരവമായിട്ട് ചെയ്തിട്ടില്ല. എന്താ വിജ്ഞാന സമ്പദ് വ്യവസ്ഥാ, ആരെങ്കിലും ചർച്ചചെയ്തിട്ടുണ്ടോ... ഇങ്ങള് ഏതെങ്കിലും മാധ്യമം ചർച്ചചെയ്തിറ്റ്ണ്ടോ... വിജ്ഞാന സമ്പദ് വ്യവസ്ഥയെ പറ്റി...
നോളജ് ഇക്കോണമിയെ പറ്റിയുള്ള ചർച്ചകൾ...
നോളജ് ഇക്കോണമി എന്നെല്ലാം പറയുന്നത് എല്ലാരും പറയുന്നുണ്ട്. അതിപ്പം പറയാനാർക്കും വിഷമമൊന്നൂല്ല. നോളജ് ഇക്കോണമി എന്ന് പറയുന്നതൊന്നുമല്ല അതിന്റെ ശരിയായ... അതിന്റെ മൂല ഉദാഹരണം എന്നുപറഞ്ഞത് ഞാൻ പറയാം. വിദ്യാഭ്യാസ സമ്പദ് വ്യവസ്ഥ. എന്നു പറഞ്ഞാൽ ജ്ഞാന സമ്പദ് വ്യവസ്ഥ എന്നാണ്. എന്നുപറഞ്ഞാ സമൂഹം വിദ്യാധിഷ്ഠിതമാവണം. അതാണ് നമ്മൾ... കേരളം കാണുന്നത്. അതിപ്പോ ഏതാണ്ട് ആയിവരികയാണ്.
ഉന്നത വിദ്യാഭ്യാസത്തിന് കൊറേംകൂടി ഊന്നൽ കൊടുക്കണം, പുതിയ ടെക്നോളജി അടിസ്ഥാനപ്പെടുത്തിയത് ഉൾെപ്പടെയുള്ള പുതിയ സിലബസും പരീക്ഷയും കാര്യങ്ങളുമൊക്കെ നടക്കുന്നുണ്ട്. അതിപ്പം നടന്നുകൊണ്ടിരിക്കുകയാണ്. ഗവർണർ പാരവെക്കുന്നതിന്റെ ഭാഗമായിട്ട് യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർമാരെയും പ്രോ വൈസ് ചാൻസലർമാരെയും നിശ്ചയിക്കാൻ സാധിക്കുന്നില്ല എന്നൊരു പ്രശ്നം മാത്രമേയുള്ളൂ. എന്നാലും നടക്കുന്നുണ്ട്. മാത്രല്ല, നൂറ് കോളജുകളുടെ കൂട്ടത്തിൽ, ഇന്ത്യയിലെ പ്രധാനപ്പെട്ട നൂറു കോളജുകളുടെ കൂട്ടത്തിൽ, നമ്മളെ കേരളത്തിലുള്ള മൂന്നാലു കോളജുകൾ വന്നു. അതൊക്കെ വലിയ മാറ്റം തന്ന്യാണ്.
സമ്പദ് വ്യവസ്ഥാന്ന് പറയുന്നത്, ലോകത്തെമ്പാടും സമ്പദ് വ്യവസ്ഥയെപ്പറ്റി ആദ്യം പറയുമ്പഴ് മൂലധനാണ്. പണമൂലധനത്തെപ്പറ്റിയാണ് നമ്മള് സാധാരണ, അതാണ് ഉൽപാദന വിതരണഘടനയിലെ, ചെലവഴിക്കാൻ നിർവഹിക്കുന്ന, അല്ലെങ്കിൽ മുതലാളി എന്നുപറയുന്ന ആള് കയ്യിൽനിന്ന് കൊടുക്കുന്ന ഈ പണം മൂലധനം, അതാണ് മൂലധനാകുക. അല്ലാതെ പണം മൂലധനമല്ല. ഉൽപാദന –വിതരണഘടനയുടെ ഭാഗായിട്ട് വരുമ്പഴാണത് മൂലധനായിട്ട് വരിക. ഈ മൂലധനം പണം മൂലധനമാണ്, ഇതേവരെ നമ്മടെ മുന്നിലുള്ള മൂലധനം.
ഏക മൂലധനം...
ഏക മൂലധനം. അത് ചരിത്രത്തിൽ ആദ്യായിട്ട് ഗവൺമെന്റ് പറയാണ്, പണം മൂലധനത്തിന് പകരം ജ്ഞാനം ഒരു മൂലധനമായിട്ട് ഉപയോഗിക്കണം. വിജ്ഞാനം ഒരു മൂലധനമായിട്ട് ഉപയോഗിക്കണം. അങ്ങനെ ഉപയോഗിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലോകത്തിലെ ഉദാഹരണാണ് നമ്മളെ മുന്നിലുള്ള സ്റ്റാർട്ടപ്പുകൾ. സ്റ്റാർട്ടപ്പുകൾക്ക് വലിയ വിപണിയുണ്ട്, ലോകത്ത്. അമേരിക്കൻ മാർക്കറ്റിലൊക്കെ ഇന്ത്യൻ, കേരള സ്റ്റാർട്ടപ്പുകൾക്ക് വലിയ മാർക്കറ്റാണ്.
ഇവിടെത്തന്നെ നിങ്ങൾ പരിശോധിച്ച് നോക്കിയാൽ, ഇവിടെ ഇപ്പോ എന്റെ മണ്ഡലത്തിലാണ് കണ്ണൂർ എൻജിനീയറിങ് കോളജ്. ആ എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥിയാണ് നമുക്കിപ്പോൾ രാജ്യത്തുതന്നെ – ഞാനൊരു ഉദാഹരണം പറയുന്ന്യാണ് – വളരെ പ്രധാനപ്പെട്ടൊരു ചെറുപ്പക്കാരനാണ് ഏറ്റവും വിജയിച്ച വിദ്യാഭ്യാസ ആപ്പ് തുടങ്ങിയത്. ആ ചെറുപ്പക്കാരന്റെ അച്ഛനൊരു അധ്യാപകനാണ്. മൂലധന നിക്ഷേപത്തിനൊന്നും സാധിക്കാത്ത ഒരാളാ. എങ്ങനെയാണ് ആ ചെറുപ്പക്കാരൻ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിലേക്ക് വന്നത്... അത് വന്നത്, ജ്ഞാനം മാത്രം മൂലധനമായിട്ട് ഉപയോഗിച്ചിട്ടാ.
ഇങ്ങനെയുള്ള ഒരു സംരംഭകന് പകരം ഒരു പതിനഞ്ചായിരം സംരംഭകരെ നമുക്ക് സൃഷ്ടിക്കാനാവണം. എന്നുപറഞ്ഞാൽ പതിനഞ്ചായിരം സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായിട്ടുള്ള സ്റ്റാർട്ടപ്പുകളെ കണ്ടെത്താൻ കഴിയണം. അത് നമ്മൾ ഉദ്ദേശിച്ചിട്ടുണ്ട്, തൊടങ്ങീട്ട്ണ്ട്. നൂറുകണക്കിന്... ആയിരക്കണക്കിലേക്ക് നമ്മള് എത്തിക്കൊണ്ടിരിക്കുകയാണ്.
അപ്പോ ഇങ്ങനെ ഒരു വലിയ സമ്പദ് വ്യവസ്ഥയുടെ ഒരു പുതിയ തലം. ഈ ജ്ഞാന സമ്പദ് വ്യവസ്ഥയുടെ ഭാഗമായിട്ട് കേരളത്തിന് കൈകാര്യംചെയ്യാൻ കഴിയും. അത് ലോക മാർക്കറ്റിലും അതിന് പോകാൻ പറ്റും, ഇന്ത്യൻ മാർക്കറ്റിലും പോകാൻ കഴിയും, കേരളത്തിൽ അതിന്റെ ഭാഗമായിട്ടുള്ള പ്രയോഗവും നടത്താൻ പറ്റും. അപ്പോ നമുക്ക് കുറച്ചുകൂടി ഭാവിയല്ല, അധികം ഭാവിയിലേക്ക് പോകണ്ട, നമ്മടെ ഹ്രസ്വഭാവിയിൽതന്നെ നമുക്ക് ഈ തരത്തിലേക്ക് കേരളത്തെ നയിക്കാൻ കഴിയും. അമ്പത്താറായിരത്തിന്റെ കണക്കെല്ലാം നമ്മള് മുമ്പേ പറഞ്ഞു കഴിഞ്ഞതാ. ഞാനത് വിശദീകരിക്കുന്നില്ല. കേന്ദ്ര ഗവൺമെന്റിന്റെ അവഗണനയെപ്പോലും നമുക്ക് വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടേക്ക് പോവാം.
നിരവധിയായ വികസന പ്രവർത്തനങ്ങൾ... അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, എന്റെ മണ്ഡലത്തിൽ ഇപ്പോ ഡിജിറ്റൽ സംവിധാനം അതായത്, ഇ-ഗവേണൻസിന്റെ ഭാഗമായിട്ടുള്ള പദ്ധതി ഇന്ത്യയിൽ ആദ്യായിട്ട് കേരളത്തിലാണ്. കേരളത്തിൽ മാത്രാണത് പൂർത്തിയായത്. വിരൽത്തുമ്പിൽ എല്ലാ സേവനവും. ഞാനീ തളിപ്പറമ്പ് മണ്ഡലത്തിൽ തീരുമാനിച്ചതിനെ അടിസ്ഥാനപ്പെടുത്തീട്ട് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഒരു യജ്ഞം നടത്തി. അത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയാണ്. അയ്യായിരത്തിലധികം ആളുകളെ പഠനം പൂർത്തിയാക്കിയ ഒരു പഞ്ചായത്താണ് കുറ്റ്യാട്ടൂർ പഞ്ചായത്ത്.
ആ പഞ്ചായത്തിൽ ആയിരക്കണക്കിന്, ഈ പഠിതാക്കളുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഒരു വലിയ സമ്മേളനത്തിൽവെച്ച് ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്തായിട്ട് പ്രഖ്യാപിച്ചു. കുറച്ചു ദിവസത്തിനുമുമ്പ് കുറുമാത്തൂരും പ്രഖ്യാപിച്ചു. ഇന്നിപ്പഴ് ചപ്പാരപ്പടവ് പ്രഖ്യാപിക്കാനാണ് ഞാനിപ്പം പോകുന്നത്. നാളെ പരിയാരത്ത് പ്രഖ്യാപിക്കാൻ പോകുകയാണ്. ഒരു പത്തോ ഇരുപതോ ദിവസം കഴിയുമ്പഴേക്ക് കേരളത്തിന്റെ ചരിത്രത്തിലാദ്യായിട്ട് ഡിജിറ്റൽ സാക്ഷരത പൂർത്തീകരിച്ച തളിപ്പറമ്പ് മാറാൻ പോകുകയാ...
അതിപ്പം, ഇന്നലെ വൈകുന്നേരം മാഷ്ടെ ഒരു പുസ്തകം തെരയാൻ വേണ്ടീട്ട് നമ്മളെ ധർമടത്തെ ആ മൂന്നാംപാലം വായനശാലയിൽ പോയപ്പോൾതന്നെ മനസ്സിലായി. നമ്മളെ നാട്ടുമ്പൊറത്തൊക്കെ സാധാരണ രാഷ്ട്രീയപ്രവർത്തകരായിട്ട് കാണുന്ന ആൾക്കാരാണ് വന്നിറ്റ് കമ്പ്യൂട്ടർ ഓണാക്കി പുസ്തകം െസർച് ചെയ്യാനും എടുത്തുതരാനും...
എല്ലാം വളരെ പെട്ടെന്ന് നടക്കും. നമ്മളെ മണ്ഡലം പൂർണാകും.
മാഷ് ഇങ്ങനെ സംസാരിക്കുന്നത് കേട്ടിരിക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് രണ്ട് പുസ്തകങ്ങളാണ്. ഒന്ന്, ‘മാർക്സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ’. മാഷ് എഴുതിയ പുസ്തകം.
അതെ.
വളരെ ലളിതമായിട്ടുതന്നെ, ഒരുവിധം രാഷ്ട്രീയപ്രവർത്തകർക്കൊക്കെ മനസ്സിലാകുന്ന തരത്തിൽ മാർക്സിസ്റ്റ് ദർശനം മാഷ് അതിൽ വിശദീകരിച്ചിട്ടുണ്ട്, പക്ഷേ, എന്നിട്ടും അടുത്തകാലത്ത്, വൈരുധ്യാത്മക ഭൗതികവാദം നടപ്പിലാക്കാൻ ഇന്ത്യൻ സാഹചര്യം പരുവപ്പെട്ടിട്ടില്ല എന്ന് മാഷ് പറഞ്ഞത് വലിയ വിവാദമായി!
ഒരു വിവാദവുമില്ല അതിന്റാത്ത്. അത് വളരെ കറക്ടായിട്ടുള്ളൊരു പ്രയോഗമാണ്. അതിൽ ഒരു പ്രധാനപ്പെട്ട പ്രശ്നംന്ന് പറഞ്ഞാല് വൈരുധ്യാത്മക ഭൗതികവാദം എന്നുപറഞ്ഞത് ഒരു പ്രപഞ്ചവീക്ഷണമാണ്. പ്രപഞ്ചത്തെ മനസ്സിലാക്കാൻ, പ്രകൃതിയെ മനസ്സിലാക്കാൻ, സമൂഹത്തെ മനസ്സിലാക്കാൻ, സാമൂഹികവികാസഘട്ടങ്ങളെയെല്ലാം കൃത്യമായിട്ട് അവലോകനം ചെയ്യാൻ, സാധിക്കുന്ന ഒരു ഉപകരണമാണ്. മാർക്സിസ്റ്റുകാരുടെ കൈയിലുള്ള ഒരു ഉപകരണമാണ് മാർക്സിയൻ ദർശനമെന്ന വൈരുധ്യാത്മക ഭൗതികവാദം.
അത് മാഷ് ഓൺലൈൻ ക്ലാസിൽ കൃത്യായിട്ട് പറഞ്ഞിട്ടുണ്ട്...
അത് ഞാൻ പറഞ്ഞതാണ്. അതാണ് വൈരുധ്യാത്മക ഭൗതികവാദം. വൈരുധ്യാത്മക ഭൗതികവാദം എന്ന ഈ ദർശനം, മനുഷ്യസമൂഹത്തിന്റെ ചരിത്രത്തിലേക്ക്, സാമൂഹികവികാസ ഘട്ടങ്ങളിലേക്ക്, പ്രവേശിപ്പിച്ചാൽ കിട്ടുന്നതെന്തോ, അതാണ് ചരിത്രപരമായ ഭൗതികവാദം. നമ്മൾ ഇന്ന് കൈകാര്യംചെയ്യുന്നത് ചരിത്രപരമായ ഭൗതികവാദം അടിസ്ഥാനപ്പെടുത്തിയാണ്. അതായത്, എന്താണ് ഇന്ത്യാ... എന്താണ് ഇന്ത്യൻ സമൂഹം, എന്താണ് ഇന്ത്യൻ സമൂഹത്തിന്റെ മാനസികതലം, എന്താണ് വിപ്ലവപരതയിലേക്കുള്ള അവരുടെ താൽപര്യം, എന്തുകൊണ്ടാണ് അത്തരത്തിലുള്ള ഒരു ജനത രൂപംകൊള്ളുന്നത്, അതിലെ വർഗബന്ധമെന്താണ്, വർഗഘടനയെന്താണ് എന്നെല്ലാമുള്ള കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്, ചരിത്രപരമായ ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തി നമ്മൾ സമൂഹത്തെ വിലയിരുത്തുക, ഏത് സമൂഹത്തിൽനിന്നാണ് വന്നത്...
ഞാൻ നേരത്തേ പറഞ്ഞില്ലേ... ചരിത്രഘട്ടമേതാ... ഇന്ത്യൻ സമൂഹത്തിന്റെ വിപ്ലവത്തിന്റെ ഘട്ടമേതാണ് എന്നന്വേഷിക്കുമ്പോ ചരിത്രപരമായ ഭൗതികവാദം പഠിച്ചാലേ പറ്റുള്ളൂ. അപ്പൊ ഘട്ടമേതാ, ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ല. അപ്പൊ ഭൂപ്രഭുത്വം അവസാനിപ്പിക്കണം. ജനാധിപത്യ വിപ്ലവത്തിന്റെ ഘട്ടാണ്. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെയല്ല. അപ്പൊ ഞാനീ പറഞ്ഞ കാര്യത്തിന്റെ ഉള്ളടക്കത്തിലേക്ക് കടക്കാതെ അതിന്റെ പുറംതോട് മാത്രം ഉപയോഗിച്ചാണ് പലരും വിമർശനം ഉന്നയിക്കുന്നത്. ആർക്കാ അതുകൊണ്ട് കാര്യം. ഞാൻ ഗൗരവത്തിലെടുക്കാറേയില്ല. അത് വിവാദാകുന്നതിൽ എനിക്ക് ഒരു പ്രശ്നോം ഇല്ല. കാരണം എനിക്ക് വ്യക്തമായ ധാരണയുണ്ട്. പാർട്ടിക്കും വ്യക്തമായ ധാരണയുണ്ട്.
ആ ധാരണ ഇങ്ങനെയാണ്, ഞാനിപ്പറഞ്ഞതാണ്, ഇന്ന് ഒന്നാം ക്ലാസിൽ പഠിക്കാണ്ട് പത്താം ക്ലാസിൽ പഠിക്കാൻ പറ്റില്ല. പിന്നെ പോസ്റ്റ് ഗ്രാജ്വേഷനും ഡിഗ്രി... ഇപ്പറയുന്നപോലെ ഏട്യാ... എന്താ പറയണ്ടത് ഡോക്ടറേറ്റ് പഠിക്കാൻ പറ്റില്ല. അപ്പൊ നമ്മള് എവിട്യാണുള്ളത് എന്ന് കൃത്യായിട്ട് മനസ്സിലാക്കണം. ആ മനസ്സിലാക്കിയ സമൂഹത്തിന്റെ അടിസ്ഥാനത്തിൽകൂടെ വേണം നമുക്ക് മുന്നോട്ടേക്ക് പോകാൻ. അല്ലാണ്ട് ഇതൊന്നും എനിക്ക് ബാധകല്ല, ഞാനിതാ എന്റെ പുതിയ തിയറി, ലോകത്തിന്റെ മുമ്പിലേക്കുള്ള തിയറി എന്നും പറഞ്ഞിട്ട് പോയിട്ട് യാതൊരു കാര്യോല്ല.
അപ്പൊ, ചരിത്രപരമായ ഭൗതികവാദം മാർക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തിലാണ്, വൈരുധ്യാത്മക ഭൗതികവാദത്തിന്റെ ഭാഗമാണ്. ആ ചരിത്രപരമായ ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തി നമുക്ക് എന്താണ്, ഇന്നത്തെ ഇന്ത്യൻ പരിതസ്ഥിതിയിൽ എങ്ങനെയാണ് കൈകാര്യം ചെയ്യുക, മതത്തെ എങ്ങനെ കൈകാര്യം ചെയ്യണം, വിശ്വാസത്തെ എങ്ങനെ കൈകാര്യം ചെയ്യണം, അതുപോലെത്തന്നെ ജനാധിപത്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം, ഇന്നത്തെ ഭരണഘടനയെ നമുക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ പറ്റും, ഹിന്ദുത്വ അജണ്ടയെ നമുക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ പറ്റും, ഇതിനൊക്കെ കൃത്യമായിട്ടുള്ള ശാസ്ത്രീയ അടിത്തറയുണ്ട്. ഈ അടിത്തറ ചരിത്രപരമായ ഭൗതികവാദത്തിലൂടെയാണ് നമുക്ക് ലഭിക്കുക. അത് അടിസ്ഥാനപ്പെടുത്തിത്തന്നെയാണ് ഞങ്ങൾ മുന്നോട്ടേക്ക് പോകുന്നത്.
ഇത് പറയുമ്പോ, ഇപ്പോൾ മതത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നൊക്കെയടക്കമുള്ള പ്രശ്നങ്ങളിലേക്കൊക്കെ വരുമ്പോ, ലെനിന്റെ ‘രാഷ്ട്രീയ ഒസ്യത്ത്’ എന്ന തലക്കെട്ടിൽ വന്ന പുസ്തകത്തിൽ, ലെനിൻ അവസാനമായിട്ട്, വളരെ കൃത്യമായിട്ട് വിശദീകരിച്ചുപോകുന്ന ഒരു സംഗതി, ഈ ദേശീയ ന്യൂനപക്ഷങ്ങളോടുള്ള ശ്രദ്ധയും അനുകമ്പയും കുറയുന്നതിനേക്കാൾ കൂടുന്നതാണ് നല്ലത് എന്നാണ്.
അതെ, അനുകമ്പ ഉറപ്പായിട്ടും കുറയുകയല്ല വേണ്ടത് കൂടുകയാണ്. അത് ദേശീയ ന്യൂനപക്ഷം എന്നല്ല, ഏത് ന്യൂനപക്ഷമായാലും...
അതാണ് ചോദ്യം, ഇവടെ നമ്മുടെ മതന്യൂനപക്ഷങ്ങളെ ലെനിൻ പറഞ്ഞ സാഹചര്യത്തിലെ ദേശീയ ന്യൂനപക്ഷങ്ങളായിട്ട് നമ്മളിപ്പോൾ കാണുന്നുണ്ടോ?
ഞങ്ങളിപ്പോൾ, ദേശീയ ന്യൂനപക്ഷം എന്നുപറഞ്ഞാൽ ഒരു ദേശീയ ന്യൂനപക്ഷല്ല. വൈവിധ്യല്ലേ ഞാൻ നേരത്തേ പറഞ്ഞത്! വൈവിധ്യത്തിലിവിടെ ഹിന്ദുവുണ്ട്, മുസൽമാനുണ്ട്, ക്രിസ്ത്യാനിയുണ്ട്, പാർസിയുണ്ട്. ലോകത്ത്... മൂന്ന് സാർവദേശീയ മതമുണ്ട്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി. ഈ മൂന്നു മതം, കേരളത്തെപ്പോലെ ഈ റേഷ്യോവിൽ ജനസംഖ്യാനുപാതത്തിൽ ജീവിക്കുന്ന ഒരു ജനത, ഒരു നാട് ഈ ഭൂമുഖത്ത് വേറെയെവിടേയുമില്ല. ഞാനിപ്പോ പരസ്യായി പ്രസംഗിക്കുന്നുണ്ട്. ഇതാണ് ബി.ജെ.പിയെ സംബന്ധിച്ച്, ആർ.എസ്.എസിനെ സംബന്ധിച്ച് ഏറ്റവും ശക്തിയായിട്ട് പാർട്ടിയെയും പ്രസ്ഥാനത്തെയും എതിർക്കുന്നതിന് അടിസ്ഥാനമാകുന്നത്.
വേറൊന്ന്, സംഘ്പരിവാറിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട വിചാരധാരയാണ്. ഇപ്പോ പറയുന്നതും മുമ്പേ പറഞ്ഞുകൊണ്ടിരിക്കുന്നതുമായ വസ്തുതയാണ്. മൂന്ന് ആഭ്യന്തര ശത്രുക്കളുണ്ട്. മൂന്ന് എമ്മാണ് അത്. ഒന്ന് മുസ്ലിമാണ്, രണ്ട് മിഷനറീസാണ്, മൂന്ന് മാർക്സിസ്റ്റ്കാരാണ്. ഈ മൂന്ന് വിഭാഗവും ഏറ്റവും കൂടുതൽ ജീവിക്കുന്ന നാടേതാണ്ന്ന് ചോദിച്ചാ ഒറ്റ ഉത്തരേയുള്ളൂ. അത് കേരളാണ്. അപ്പോ കേരളത്തിന്റെ മേലെ കുതിരകയറാനുള്ള വലിയ സാധ്യത സംഘ് പരിവാർ വിഭാഗത്തിനുണ്ട് എന്നത് നന്നായിട്ട് വർത്തമാനത്തിൽ മനസ്സിലാക്കണം കമ്യൂണിസ്റ്റുകാര്.
കമ്യൂണിസ്റ്റുകാര് മാത്രല്ല എല്ലാരും മനസ്സിലാക്കണം. ഈ മൂന്ന് വിഭാഗവും പഠിക്കണം. അതായത്, മുസ്ലിമും അതുപോലെ... ക്രിസ്ത്യാനീം കമ്യൂണിസ്റ്റും. കൃത്യമായിട്ട് മനസ്സിലാക്കണം. ഇവര് ഫാഷിസത്തിലേക്ക് നീങ്ങിയാൽ, ഭരണകൂടം മർദന ഉപകരണത്തിന്റെ ഏറ്റവും പ്രതീകാത്മകമായ ആയുധമായിട്ട് മാറിയാൽ ഏറ്റവും വലിയ അപകടം വരാൻ സാധ്യതയുള്ള ഒരു സംസ്ഥാനം കേരളാ. അത് നല്ലപോലെ തിരിച്ചറിഞ്ഞുകൊണ്ട് ഇതിനെ പ്രതിരോധിക്കണം. ഇതിനെ പ്രതിരോധിക്കാൻ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനവും കേരളാണ്. ഇത് ഡയലറ്റിക്സാണ്. ഇത് ആ ഡയലറ്റിക്സ് നമ്മള് കൈകാര്യംചെയ്യണം.
അത് കൈകാര്യംചെയ്യുന്നിടത്ത് ഇപ്പോ മാഷ് പറഞ്ഞതിലുള്ള പ്രധാനപ്പെട്ട ഒരു പ്രശ്നം അതിലുണ്ട്. എണ്ണത്തിന്റെ കാര്യം. കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിൽനിന്നും ബി.ജെ.പിയെ ഒഴിച്ചുനിർത്തിയിരുന്നത് ആ മണ്ഡലങ്ങളിലെ മുഴുവൻ ന്യൂനപക്ഷ സാന്നിധ്യമാണ്, വടക്കാണെങ്കിൽ മുസ്ലിംകളായിരിക്കും, തെക്കാണെങ്കിൽ ക്രിസ്ത്യാനികളായിരിക്കും. എല്ലാ തെരഞ്ഞെടുപ്പിലും, ലോക് സഭ തെരഞ്ഞടുപ്പാണെങ്കിലും നിയമസഭ തെരഞ്ഞെടുപ്പാണെങ്കിലും. പക്ഷേ, ഇപ്പപ്പോ വരുമ്പോ, ഇതിലൊരു വിഭാഗം, എടുത്തുപറയുകയാണെങ്കിൽ ക്രിസ്ത്യാനികൾ, ബി.ജെ.പിയോടുള്ള, അവരുടെതന്നെ ഭാഷയിൽ പറഞ്ഞാൽ, അയിത്തം മാറി എന്നും പറഞ്ഞ് അങ്ങോട്ട് അടുത്തു തൊടങ്ങീട്ടുണ്ടോ?
അത്... ഈ ഭരണകൂട സംവിധാനത്തിന്റെ ഭാഗമായിട്ട് നിൽക്കുന്ന ആളുകൾക്ക് –ആളുകൾക്കാണ് കെട്ടോ മതത്തിനല്ല, അവരുടേതായ താൽപര്യങ്ങളുണ്ടാവും. ആ താൽപര്യം കണ്ടാ മതി. അതായത് മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു, അതിൽ ഹിന്ദുവിനേം ഞാനുൾപ്പെടുത്തുകയാണ്, ഈ ജനവിഭാഗങ്ങളൊന്നും ഹിന്ദുത്വ അജണ്ടയുടെ ഭാഗമായിട്ട് ഒരു സന്ദർഭത്തിലും മാറൂല. പക്ഷേ, ഈ മൂന്നിന്റെയും ആളുകൾ മാറും. ആര്! ഇതിന്റെ സ്ഥാപിത താൽപര്യത്തെ കൈകാര്യം ചെയ്യുന്ന ആളുകൾ മാറും. അത് കണ്ടാ മതി. ഇത് എല്ലാം ബാധകമായിട്ടുള്ള ഉത്തരാണത്. ഈ മൂന്നു മതത്തിലും അതുണ്ട്. അതിപ്പം ക്രിസ്ത്യാനി മാത്രല്ല, ക്രിസ്ത്യാനീലുണ്ട്, മുസ്ലിമിലുണ്ട്, അതുപോലെത്തന്നെ ഹിന്ദുവിലുമുണ്ട്.
പക്ഷേ, അത് ഇപ്പോ ഈ പറയുന്നപോലെ കുറച്ച് ആളുകളിലേ ഉള്ളൂ, അല്ലെങ്കിൽ കൈകാര്യംചെയ്യുന്ന ആളുകളിലേ ഉള്ളൂ എന്നാണോ?
അത്രേള്ളൂ, അത്രേള്ളൂ...
ഇപ്പോൾ അത്രയേ ഉള്ളൂവെങ്കിലും, പക്ഷേ, മാഷ് തന്നെ സ്ഥിരമായിവിശദീകരിക്കുന്ന വേറൊരു ആശയധാരയുണ്ട്. മാഷ് പറയുന്ന ഒരു സംഗതിയുണ്ട്... ഒരാശയം, അത് പതിനായിരക്കണക്കിന് ആളുകളുടെ മസ്തിഷ്കത്തിലേക്ക് എത്തിയിട്ട് അതിനൊരു കൂട്ടായ്മ കിട്ടിയാൽ അതൊരു ഭൗതിക ആയുധമായി മാറും എന്ന്.
ഭൗതികശക്തിയാവുമെന്ന്.
അതെ. അത് ഇവിടെ, ഈ ക്രിസ്ത്യാനികൾക്കിടയിൽ വന്ന ഈ ആശയം, അയിത്തം മാറി എന്ന ആശയം, ബി.ജെ.പിക്കുള്ള വോട്ടായി മാറില്ലേ?
ഇല്ല, മാറില്ല. കാരണം അവരുടെ അനുഭവമാണ്. ഇവരുടെ അനുഭവം ഞാൻ നേരത്തേ പറഞ്ഞതാണ്. അവര്ടെ താൽപര്യാണ്. എന്നാ സാധാരണ മുസ്ലിമിന്, സാധാരണ ക്രിസ്ത്യാനിക്ക്, സാധാരണ ഹിന്ദുവിന് എന്തു താൽപര്യാ ഉള്ളത്? അവർക്ക് താൽപര്യല്ല. അവർക്ക് പൊതുവായിട്ടുള്ള താൽപര്യാണ്.
അപ്പോ, പൊതുഇടത്തിൽ സ്വാധീനമുള്ള ഈ കേരളത്തിൽ ഇത്തരത്തിലുള്ള നിലപാടുകളെ ആശയപരമായി നല്ലതുപോലെ വ്യക്തത വരുത്തി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് സാധിക്കും. അങ്ങനെ സാധിച്ചതുകൊണ്ടാണ് കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കുന്നത്. അത് ഇന്ന വിഭാഗത്തിൽ എന്നില്ല. അത് ക്രിസ്ത്യാനീലുണ്ട്. അത് മുസ്ലിമിലുണ്ട്. അത് ഹിന്ദുവിലുമുണ്ട്. അതിന്റെ ഭാഗായിട്ട് നമുക്ക് ഇതിനെ മറികടക്കാൻ പറ്റും.
ഈ തരത്തിലുള്ള കൂട്ടായ്മ സൃഷ്ടിക്കാനുള്ള മതവിഭാഗങ്ങളുടെ താൽപര്യങ്ങളെ, മതവിഭാഗങ്ങൾ എന്നുപറഞ്ഞാൽ, ഞാൻ നേരത്തേ പറഞ്ഞ ഡെഫനിഷനുണ്ടല്ലോ, അതിന്റെ ഭാഗമായിട്ട് നിൽക്കുന്നവർക്ക് അവരുടെ താൽപര്യണ്ട്. എന്നാൽ, ജനങ്ങൾക്ക് ആ താൽപര്യമില്ല. ഇപ്പോ മുസ്ലിമിന്റെ ഭാഗമായിട്ടും വർഗീയവാദികൾക്ക് താൽപര്യണ്ട്. മാസിന് ഒരു താൽപര്യവും ഇല്ല. ക്രിസ്ത്യാനികൾക്ക് അതിന്റെ ഭാഗമായിട്ടുള്ളവർക്ക് താൽപര്യണ്ടാവും. എന്നാൽ ജനത്തിനില്ല. ഹിന്ദുവിലും ചെലയാളുകൾക്ക് താൽപര്യണ്ടാവും പക്ഷേ, ഹിന്ദു സമൂഹത്തിനില്ല. അപ്പോ ഇങ്ങനെ നമ്മള് കൃത്യായിട്ട് കൈകാര്യംചെയ്ത് പോയാൽ കേരളത്തില് ആശയതലത്തില്...
കേരളത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരപകടം മാധ്യമങ്ങൾ തന്ന്യാണ്. ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റു വിരുദ്ധ ആശയങ്ങൾ കൈകാര്യംചെയ്യുന്ന, വലതുപക്ഷ നിർമിതിക്കുവേണ്ടി പ്രവർത്തിക്കുന്ന, ഒരു മാധ്യമശൃംഖലയാണ് കേരളത്തിലുള്ളത്.