പാർട്ടി, അധികാരം, ഭരണകൂടം
സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ എം.വി. ഗോവിന്ദൻ മാഷുമായി മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി. നാസർ നടത്തിയ ദീർഘസംഭാഷണത്തിന്റെ മൂന്നാം ഭാഗം. കേരളത്തിലെ പാർട്ടി അവസ്ഥകളും ബൗദ്ധിക രംഗത്തെ പ്രവണതകളും പരിശോധിക്കുകയാണ് ഇൗ ലക്കത്തിലെ സംഭാഷണത്തിൽ.ഒരുകാലത്ത് നമ്മൾ ബംഗാളിലും പറഞ്ഞിരുന്നു അത്... അത് ബംഗാളിലും പറയും. ഇവിടെ കേരളത്തിലും അത്...
Your Subscription Supports Independent Journalism
View Plansസി.പി.എം പോളിറ്റ്ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ എം.വി. ഗോവിന്ദൻ മാഷുമായി മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി. നാസർ നടത്തിയ ദീർഘസംഭാഷണത്തിന്റെ മൂന്നാം ഭാഗം. കേരളത്തിലെ പാർട്ടി അവസ്ഥകളും ബൗദ്ധിക രംഗത്തെ പ്രവണതകളും പരിശോധിക്കുകയാണ് ഇൗ ലക്കത്തിലെ സംഭാഷണത്തിൽ.
ഒരുകാലത്ത് നമ്മൾ ബംഗാളിലും പറഞ്ഞിരുന്നു അത്...
അത് ബംഗാളിലും പറയും. ഇവിടെ കേരളത്തിലും അത് തന്ന്യാ സംഭവം. ഇതിപ്പൊ പറയാൻ കഴിയും. ബംഗാളിലൊന്നും ആ രീതിയിൽ പോണ്ട കാര്യല്ല ഇപ്പൊ അവർക്ക്. ഇപ്പൊ നിങ്ങൾ പറഞ്ഞതാണ് ശരി, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പാർട്ടി കേരളത്തിലേതാണ്. അപ്പം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനിപ്പൊ ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മാഷ് ഇങ്ങനെയൊക്കെ പറഞ്ഞപ്പോഴും അവർക്കിടയിൽ വീണ ആശയത്തെ ആയുധമായി ഉപയോഗിക്കാതിരിക്കാൻ കേരളത്തിൽ?
ആശയപരമായിട്ട് കേരളത്തിലെ ജനങ്ങളിലേക്ക് ഒരു മതനിരപേക്ഷ ഉള്ളടക്കത്തെയും ഹിന്ദുത്വ അജണ്ടയെയും എങ്ങനെ പ്രതിരോധിക്കണം, ഹിന്ദുത്വ അജണ്ട പ്രതിരോധിക്കണം, മതനിരപേക്ഷ ഉള്ളടക്കം സംരക്ഷിക്കണം, ഇതിന് സാധിക്കുന്ന ഒരു രാഷ്ട്രീയ സമീപനത്തിലേക്ക് കേരളം മാറും. കേരളത്തിലെ ന്യൂനപക്ഷായാലും ഹിന്ദുവായാലും മുസൽമാനായാലും ക്രിസ്ത്യാനിയായാലും മാറും. അങ്ങനെ മാറുമ്പം ദൃഢതയോടെ ഇതിനെ എതിർക്കാൻ സാധിക്കുന്ന ഒരേയൊരു പാർട്ടി ഈ പ്രസ്ഥാനം മാത്രേള്ളൂ കേരളത്തില്‍. അത് സി.പി.എമ്മാണ്...
ആ പാർട്ടി നേരത്തേ, ഇതിനുവേണ്ടിയിട്ടുള്ള സംവാദങ്ങൾ നടത്തിയിരുന്നു. ഉദാഹരണമായിട്ട് പറഞ്ഞാൽ ക്രിസ്ത്യാനികളുടെ ഭാഗത്തുനിന്ന് വിമോചന ദൈവശാസ്ത്രം വന്നിരുന്ന സമയത്ത്, ഞങ്ങൾ ദൈവരാജ്യത്തിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത് എന്നു പറഞ്ഞപ്പോൾപോലും, ഇ.എമ്മിന്റെയും ഫാദർ കാപ്പന്റേയുമൊക്കെ സമയത്തൊക്കെ വളരെ കൃത്യമായിട്ട് അവരുമായി സംവാദം നടന്നിരുന്നു. ദൈവരാജ്യത്തിനുവേണ്ടി വാദിക്കുന്ന ക്രിസ്ത്യാനികളോടുപോലും സംസാരിക്കാം, അവരുമായി സംവാദം നടത്താമെന്നായിരുന്നു. എന്നാൽ അതേപോലെയൊരു സംവാദം ശരിക്ക് മുസ്ലിംകളുമായിട്ട് നടക്കുന്നുണ്ടോ?
നമുക്ക് മുസ്ലിമുമായിട്ട് നടക്കുന്നുണ്ട്, ക്രിസ്ത്യാനിയുമായിട്ട് നടക്കുന്നുണ്ട്, ഹിന്ദുവായിട്ടും നടക്കുന്നുണ്ട്, പൊതുസമൂഹത്തിലും നടക്കുന്നുണ്ട് ഈ ആശയസംവാദം. ഞാനിപ്പം, ഞങ്ങളെ പാർട്ടിയുടെ നേതൃത്വത്തിലൊരു ജാഥ നടത്തിയല്ലോ. ആ ജാഥ ചെറിയ രീതിയിലുള്ള ആശയസംവാദാണോ നടത്തിയത്. വലിയ ആശയസംവാദമാണ്.
ഇനിയിപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാം ചേർന്നുകൊണ്ട് ഈ കേരളത്തിലുടനീളം ഗവൺമെന്റുമായിട്ട് ബന്ധപ്പെട്ട ആശയസംവാദത്തിലേക്കുതന്നെ പോവുകയാണ്. അതിനേക്കാൾ വലിയ ഒരാശയ സംവാദം എന്നുപറഞ്ഞാൽ എന്താ വേണ്ടത്... അത് ഞങ്ങള്‍ എല്ലാ സർവതലസ്പർശിയായ മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ളതായിരിക്കും ആ സംവാദം.
സംവാദമെന്ന് ഞാൻ പറഞ്ഞത്, അറുപതുകളുടെ അവസാനം അല്ലെങ്കിൽ എഴുപതുകളിൽ, മാഷൊക്കെ വൈ.എഫിന്റെ രൂപവത്കരണവുമായൊക്കെ ബന്ധപ്പെട്ട്, ഡി.വൈ.എഫ്.ഐയൊക്കെ വരുന്നതിന് തൊട്ടുമുമ്പ് മാഷുടെയൊക്കെയൊരു രംഗപ്രവേശം എന്നുതന്നെ പറയാവുന്നത് ഈ സംവാദങ്ങളിൽതന്നെയായിരുന്നു...
അതെ, സിമ്പോസിയങ്ങള്‍, സെമിനാറുകള്‍...
ആ സിമ്പോസിയങ്ങളെപ്പറ്റി വിശദീകരിക്കുന്നിടത്ത്, എനിക്ക് ഓർമയുണ്ട്, ഒരു ഇന്റർവ്യൂവിൽ മാഷ് വളരെ കൃത്യമായിട്ട് പറയുന്നുണ്ട്, അന്ന് നടന്ന ആ സിമ്പോസിയങ്ങളിലൊക്കെ, എല്ലാ വിഭാഗത്തിലുമുള്ള രാഷ്ട്രീയപ്രവർത്തകരും എല്ലാ ഭാഗത്തുനിന്നുമുള്ള സാമൂഹികപ്രവർത്തകരും ഉണ്ടാകുന്ന ഒരു സംവാദംതന്നെയായിരുന്നു എന്ന്.
പൊതുവായിരുന്നു.
അങ്ങനത്തെ സംവാദങ്ങൾ ഇപ്പോ കേരളത്തിൽ നടക്കുന്നില്ല?
ഇല്ല. ഇല്ലാതായിരിക്കുന്നു. എന്തുകൊണ്ടാന്നറിയ്യോ, ബോധപൂർവം വർഗീയശക്തികൾ ഈ സംവാദം ആഗ്രഹിക്കുന്നില്ല. സംവാദംന്ന് പറഞ്ഞാൽ നമ്മൾ ആശയങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതല്ലേ, അങ്ങനെ ആശയങ്ങൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടാൻ ഉദ്ദേശിക്കുന്നില്ല. അതാണ് വർഗീയവാദികൾ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. വർഗീയവാദികൾക്ക് അവരുടത് ഇങ്ങോട്ട് പറയുകയല്ലാണ്ട് അവർക്ക് അങ്ങോട്ടൊന്നും കേൾക്കേണ്ടതില്ല എന്ന പൊതുതത്ത്വാണ് അംഗീകരിച്ചുകൊണ്ടിരിക്കുന്നത്.
അപ്പോ അതിന്റെ അർഥമെന്താന്ന് പറഞ്ഞാൽ ഹിന്ദുത്വ അജണ്ടയായാലും മറ്റ് ഏത് വർഗീയ അജണ്ടയായാലും അതിന് വളരെ ഫലപ്രദമായ രീതിയിൽ ഈ കേരളത്തിൽ, അവർക്കിടയിൽ, നല്ല സ്വാധീനണ്ട്. എന്നു പറഞ്ഞാല്‍ വളരെ ശക്തിയായിട്ട് സ്വാധീനിക്കാൻ കഴിയുന്നുണ്ട്. അപ്പൊ അവര്‍ കേൾക്കണ്ട എന്നാണ്. അവര്‍ പറഞ്ഞുകൊടുക്കന്ന്തന്ന്യതാണ്. നിങ്ങള്‍ ഇങ്ങോട്ട് കേൾക്കുകയല്ല വേണ്ടത് അങ്ങോട്ട്, പറയ്യാ വേണ്ടത് എന്ന്. പറയുന്നതെന്താണ്, തത്തമ്മേപൂച്ച പൂച്ച പോലെ അവര്‍ പറഞ്ഞുപഠിപ്പിച്ച കാര്യങ്ങള്‍ ഇങ്ങോട്ട് പറയും. സംവാദം ഇല്ല.
അത് ഹിന്ദു വർഗീയവാദികളും...
ഹിന്ദു വർഗീയവാദികളും മുസ്ലിം വർഗീയവാദികളും. ഹിന്ദു വർഗീയവാദികൾക്ക് നല്ലപോലെണ്ട്.
മുസ്ലിംകളോ?
മുസ്ലിം വർഗീയവാദികളും. ജമാഅത്തെ ഇസ്ലാമിയൊക്കെ അതിന്റെ പ്രധാനപ്പെട്ട വക്താക്കളാണ്.
അവരും സംവാദത്തിന് തയാറല്ലേ?
സംവാദത്തിന് അവര്‍ തയാറല്ല. അവര്‍ പറയാൻ തയാറ്ണ്ട് എന്ന് പറയും. പക്ഷേ സംവാദത്തിന് വരൂല. തയാറല്ല. അവര്‍ പിന്നെ പറഞ്ഞുപഠിപ്പിക്കുകാ. പെണ്ണുങ്ങളുൾപ്പടെ പറഞ്ഞു പഠിപ്പിക്കുന്നതാ. ഞാൻ നേരത്തെ പറഞ്ഞില്ലേ, തത്തമ്മേ പൂച്ച പൂച്ചാന്നു പറയുന്നപോലെ പറഞ്ഞു പഠിപ്പിച്ചതാ പറയണ്ടത്. അതിലപ്പുറം പറയാൻ പറ്റില്ല.
ഞാൻതന്നെ മുമ്പ്, കൊറേക്കൊല്ലം മുമ്പ്, ചർച്ചക്കൊക്കെ പോകുന്ന സന്ദർഭങ്ങളിൽ. മന്ത്രിയാകുന്നതിനു മുമ്പും ഇപ്പോ പാർട്ടി സെക്രട്ടറിയാകുന്നതിനും മുമ്പുമുള്ള ഒരു ഘട്ടത്തില്‍ ഞാനും ചാനൽചർച്ചക്കെല്ലാം പോയിരുന്നു. അപ്പോ ചാനൽചർച്ചക്ക് പോയപ്പോ ഒരനുഭവംണ്ടായി. ഒരു സ്ത്രീ പറഞ്ഞു, ഒരു സ്ത്രീയാണ് ആങ്കറായിട്ടുള്ളത്. അവരെന്നോട് പറഞ്ഞു, പിണറായി വിജയന്റെ ഭരണകൂടം! അവര്‍ സത്യസന്ധമായിട്ട്... പിണറായി വിജയൻ ഇങ്ങനൊരു ഭരണകൂടവുമായിട്ട് നിക്കാ എന്നാണ് അവരുടെ ധാരണ. അവരെ പറഞ്ഞിട്ട് കാര്യമില്ല. അവര്‍ ഈ പറഞ്ഞ് പഠിച്ച കാര്യംങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ പറഞ്ഞ്, പിണറായി വിജയന്റെ ഭരണകൂടമല്ല.
അപ്പോ, അവർക്ക് സംശയായി, ങേ! പിണറായി വിജയന്റെ ഭരണകൂടമല്ലേ... ഞാൻ പറഞ്ഞു അല്ലാ, അപ്പോ എന്നോട് ചോദിച്ചു, പിന്നെ ആരുടെ ഭരണകൂടാണ്, ഞാൻ പറഞ്ഞു നരേന്ദ്ര മോദീന്റെ... അപ്പോ അതോടുകൂടി ഐസായി. ഞാൻ പറഞ്ഞു പിണറായി വിജയന്റയല്ലാ നരേന്ദ്ര മോദിയുടെ ഭരണകൂടാണ്. കേരളത്തിലാണോ എന്ന് ചോദിച്ച്. ഞാൻ പറഞ്ഞ് അതേ കേരളത്തിലാന്ന്. എന്നിട്ട് ഞാൻ ഭരണകൂടവും അതുപോലെത്തന്നെ ഭരണവും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് അവടെ പറഞ്ഞതോടുകൂടി ആ ചർച്ച അവടെ അവസാനിച്ചു. കാരണം, അത് പുനരുജ്ജീവിപ്പിക്കാന്‍ അവർക്ക് പിന്നെ ആവില്ല. അവരെ കെട്ടിമുറുക്കിയിട്ടുള്ള ഒരു ധാരണയങ്ങനെയാണ്. ഭരണം വേറെയാണ്, ഭരണകൂടം വേറെയാണ്, അതിന്റെ വർഗതാൽപര്യം വേറെയാണ് എന്നൊക്കെ ഞാൻ പറഞ്ഞു. മനസ്സിലായോ എന്തോ...
അത് പാർട്ടിയാണെങ്കിലും പാർട്ടിയുടെ ഗവൺമെന്റാണെങ്കിലും എപ്പോഴും പറയുന്നതാണ്. അമ്പത്തേഴ് മുതൽ ഇ.എം.എസ് കൃത്യമായിട്ട് പറഞ്ഞുപോരുന്നതാണ്.
ഇതൊന്നും പാർട്ടി, വർഗഭരണം നടത്തുന്ന ഗവൺമെന്റല്ല. തൊഴിലാളി വർഗത്തിന്റെ വർഗഭരണം നടത്തുന്ന ഒന്നല്ല കേരളത്തിലെ ഇ.എം.എസിന്റെ ഗവൺമെന്റായാലും ഇപ്പോ പിണറായി വിജയന്റെ ഗവൺമെന്റായാലും.
മാഷേ, ഈ... സംവാദത്തിന്റെ കാര്യത്തിൽ എനിക്ക് തോന്നിയ വേറൊരു പ്രശ്നം, ഒരു കൂട്ടര് സംവാദത്തിന് തയാറല്ല, അവർക്ക് പറയാനുള്ളത് മാത്രം പറയാൻ വരുന്നതാണ് കേൾക്കാനല്ലാ എന്നു പറഞ്ഞല്ലോ, അതേപോലെ വേറൊരു പ്രശ്നം, ഭാഷ, ഈ സോഷ്യൽമീഡിയയുടെ വല്ലാത്ത തള്ളിക്കയറ്റത്തിനുശേഷം ഭാഷ മാറിയോ എന്നതാണ്. സംവാദങ്ങളിലും സംസാരങ്ങളിലുമുള്ള ഭാഷ മാറിയിട്ട് തെറിപറഞ്ഞ് തോൽപിക്കുക എന്നൊരു സാധനം വന്നിട്ടുണ്ടോ?
നമ്മളെയൊക്കെ രാഷ്ട്രീയ ജീവിതത്തില്‍, ആരുമായിട്ടും ഏറ്റുമുട്ടിയിറ്റുണ്ട്. കേരളത്തില്‍, ഒരു ഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സിമ്പോസിയങ്ങളിലും ചർച്ചയിലും പങ്കെടുക്കുന്ന ഒന്ന്, സുകുമാർ അഴീക്കോട്, ഇവടെ പാമ്പൻ മാധവൻ, കെ. വേണു പഴയ നക്സല്‍, രാമചന്ദ്രൻ ഉൾപ്പെടെയുള്ള, എന്നുപറഞ്ഞാൽ ഇന്റലക്ച്വ ൽ സെറ്റിന്റെ പ്രധാനപ്പെട്ട മുഖമായിട്ട് നിൽക്കുന്ന ആളുകളോട് നമുക്ക് സംവദിക്കാൻ യാതൊരു പ്രയാസവുമുണ്ടായിട്ടില്ല. ഞാൻ ആ സംവാദത്തിൽ, അതിലൊക്കെ പങ്കെടുത്തിട്ടുണ്ട്.
അവരെല്ലാമായിട്ടുള്ള നൂറുകണക്കിന് സിമ്പോസിയങ്ങളില്‍ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഒര് അസ്വാരസ്യമായ പദപ്രയോഗവും ഇവരോടൊന്നും നടത്തീട്ടില്ല. അവര്‍ അവര്ടെ അഭിപ്രായങ്ങളും നമ്മള് നമ്മളെ അഭിപ്രായങ്ങളും പറഞ്ഞ് പോവുകയല്ലേ ചെയ്യുക. കേൾക്കുന്നവര്‍, കണ്ടവര്‍, മനസ്സിലാക്കുന്നവര്‍, മനസ്സിലാക്കട്ടെ എന്നാണല്ലോ വിചാരിക്കുക. പക്ഷേ, ഇപ്പൊ ആരോഗ്യകരമായൊരു സംവാദത്തിന് തന്നെ തയാറില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.
അതിന്റെ കാര്യെന്താന്ന് പറഞ്ഞാൽ, ഇപ്പൊ കോൺഗ്രസ്. കോൺഗ്രസിന്റെ സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുന്നത് ഇവന്റ് മാനേജ്മെന്റിന്റെ, കർണാടകത്തിൽ തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് എന്ന് പരസ്യായി പത്രത്തില്‍ വന്നില്ലേ... കണ്ടില്ലേ, ഇങ്ങള് വാർത്ത. ചരിത്രത്തിലുണ്ടോ അങ്ങനൊരു സംഭവം. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റേയോ അല്ലെങ്കില്‍ യു.ഡി.എഫിന്റെയോ, കോൺഗ്രസിന്റെ തന്നെ യോഗാ ചേർന്നത്. കോൺഗ്രസിന്റെ യോഗത്തില്‍ മീഡിയ കൈകാര്യം ചെയ്യാൻ അവര്‍ കോടിക്കണക്കിന് ഉറുപ്പിക കൊടുത്ത് കൊണ്ടുവന്നിറ്റ്ള്ള ഒര് പ്രൊഫഷനലിനെ യോഗത്തിൽതന്നെ പങ്കെടുപ്പിക്കുകയാ.
എന്നിട്ട് അവരാണ് നിർണയിക്കുന്നത്... എന്തായിരിക്കണം മുദ്രാവാക്യംന്ന്. എന്തായിരിക്കണം ഇന്നത്തെ പത്രത്തിന്റെ തലക്കെട്ട്. അതിന് പറ്റാവുന്ന പത്രങ്ങള്‍ അവരെ കയ്യിലുണ്ട്. മനോരമ ഉൾെപ്പടെയുള്ള പത്രങ്ങളുണ്ട്, ഏഷ്യാനെറ്റ് പോലുള്ള മീഡിയകള്‍ കയ്യിലുണ്ട്. അപ്പോ അതൊക്കെ വെച്ചിട്ട് അവര്‍ ഇപ്പളേ പ്ലാൻചെയ്ത് തൊടങ്ങിയിരിക്കുന്നു. 2024ലെ തെരഞ്ഞെടുപ്പിന്.
അതെല്ലാം ഞാൻ നേരത്തേ പറഞ്ഞതാണ്. മാർക്സിസ്റ്റ് വിരുദ്ധാണ്. വലതുപക്ഷ ആശയനിർമിതിയാണ്. ഈ പ്രക്രിയ കോൺഗ്രസ് ഔദ്യോഗികമായിട്ടു തന്നെ നടത്തുന്നൂ, കോടാനുകോടി ഉറുപ്പിക ചെലവാക്കിയിട്ട് ഇവരെ കൂടി ചേർന്നിരുന്ന് – ഇവന്റ് മാനേജ്മെന്റ് സംവിധാനം ഉപയോഗിക്കുന്നു എന്ന് പരസ്യമായിട്ട് അവര്‍തന്നെ പറഞ്ഞല്ലോ. ഇങ്ങനെയുള്ളൊരു സാഹചര്യമിവിടെയുണ്ട്. അവര്‍ പിന്നെ തത്തമ്മേ പൂച്ച പൂച്ചാന്ന് പറയുന്നതല്ലാണ്ട് ഏതെങ്കിലും സംവാദത്തിനുണ്ടോ, ഏതെങ്കിലും സംവാദം ഇതിന്റെ ഭാഗത്തുനിന്ന് ഉരുത്തിരിഞ്ഞു വരുന്നുണ്ടോ? നിങ്ങളെന്തു ചെയ്യ്ണമെന്നുള്ളത് സംഘടനാപരമായ തീരുമാനല്ല. ഇവന്റ് മാനേജ്മെന്റ് തീരുമാനിക്കുകയാണ്, അവരോട് പറയ്യാണ്, അതവര് ചെയ്യാണ്. ഇതാണ് കേരളത്തിന്റെ ഒരവസ്ഥ. ഇത് കോൺഗ്രസിന്റെ മാത്രല്ല, ബി.ജെ.പിന്റിം അതുതന്നെയാണ്. പിന്നെ പണാധിപത്യാണ്. ഇവരെയെല്ലാം കയ്യില്‍ ഇഷ്ടംപോലെ പണംണ്ട്. ഇതിനെയൊക്കേ... ചെറുത്ത് നിൽക്കുകാന്ന് പറഞ്ഞാൽ കേരളത്തെ സംബന്ധിച്ച് വലിയ പ്രശ്നമാണ്.
ആ ചെറുത്തുനിൽപ് ഇല്ലാതാക്കാനാണല്ലോ ഈ കോഓപറേറ്റിവ് ബാങ്കുകളെ മുഴുവൻ പിടിക്കുന്നത്...
കോഓപറേറ്റീവ് ബാങ്കുകളെ മേലേ കേറുന്നത്... അത് ഞങ്ങൾക്കിപ്പം ഇവരെ പണമൊന്നും അല്ലട്ടോ ഞങ്ങള്‍ പിരിക്കുന്നത്. കോഓപറേറ്റിവ് ബാങ്കുകളേ ഞങ്ങക്ക്, പാർട്ടിക്കില്ലല്ലോ. അതൊക്കെ ബാങ്കിന്റെ ഭാഗായിട്ടാണ്. ദേവസ്വത്തിന്റെ ഭാഗായിട്ട്... പണ്ട് പറഞ്ഞിരുന്നു, ഗവൺമെന്റിന്റെ കയ്യിലാണ് പണം വരുന്നത് എന്ന്. ഒരു നയാപൈസീം ഗവൺമെന്റിന് കിട്ടുന്നില്ലാന്ന്... അവർക്ക്... ഗവൺമെന്റ് അങ്ങോട്ട് കൊടുക്കുകല്ലാണ്ട് ഇങ്ങോട്ട് ഒരു പൈസീം കിട്ടുന്നില്ലാന്ന് സത്യാണ്.
അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ചേടത്തോളം, ഏതെങ്കിലും ഒരു സൊസൈറ്റീനെ വിറ്റിറ്റല്ല ഞങ്ങള്‍ പ്രവർത്തിക്കുന്നത്. ഞങ്ങള്‍ ജനങ്ങളിൽനിന്ന്യന്നാണ് ഫണ്ട് പരമാവധി പിരിക്കുക. അല്ലാണ്ട് കോപറേറ്റീവ് സൊസൈറ്റി, അല്ലെങ്കി വേറെ ഏതെങ്കിലും സംവിധാനം, ഞങ്ങൾക്കതിന്റെ ഭാഗമായിട്ട് ഒരു പൈസയും ഞങ്ങളെ മുമ്പില്‍ വരുന്നില്ല.
മാഷേ, ഈ സംവാദങ്ങളുടെ കാര്യം പറഞ്ഞപ്പോ, കെ. വേണുവിന്റേം കെ.എൻ. രാമചന്ദ്രന്റേം ഒക്കെ പേരുപറഞ്ഞപ്പോ, പഴയൊരു കാര്യം ഓർമവരുന്നു, പണ്ട് കെ.എസ്.വൈ.എഫ് രൂപവത്കരിക്കാനുള്ള യോഗം കോഴിക്കോട് ചേർന്നപ്പോ, അന്ന് നക്സൽ ഭാഗത്തേക്ക് ചാഞ്ഞവർ, കുന്നിക്കൽ നാരായണന്റെകൂടെ കാര്യമായും കണ്ണൂരിൽനിന്നുള്ളവർ, യുവജനപ്രസ്ഥാനം ഉണ്ടാക്കുകയാണെങ്കിൽ നേതൃത്വം അവരെ ഏൽപിക്കണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയല്ലോ...
അതെ, നക്സലൈറ്റുകൾക്ക് വേണമെന്ന്, ഞാനത് ’യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം’ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
ആ പുസ്തകം കണ്ടില്ല, അതും കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രവും കണ്ടിട്ടില്ല.
യൂത്തിന്റെ ചരിത്രവുമുണ്ട്. ആശയതലത്തിൽ എന്നാണ്. യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയതലത്തിൽ. അതില്‍ ഞാൻ ഇതിന്റെ മുഴുവൻ കാര്യങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പൊ ഞാനൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്, നക്സൽ, മാവോയിസ്റ്റ്കൾക്കെതിരായിട്ട്.
‘കാടുകയറുന്ന മാവോയിസം’, അതല്ലേ...
അതു വളരെ അടിസ്ഥാനപരമായിട്ടുള്ള പുസ്തകമാണ്.
വൈ.എഫിന്റെ അന്നത്തെ കാലത്ത്, നക്സലൈറ്റുകൾ വരുന്ന കാലത്ത് കാണുന്നത് പാർട്ടിയിൽനിന്ന് പുറത്തേക്ക് വന്നിരുന്നത് ഇടതുപക്ഷ തീവ്രവാദികൾ എന്നു പറയാവുന്നവരാണ്, വർഗീസിനെപ്പോലെ, അരയാക്കണ്ടി അച്യുതനെപ്പോലെ, കുന്നിക്കൽ നാരായണനെപ്പോലെയുള്ള ആൾക്കാരായിരുന്നു ഒരു ഘട്ടത്തിൽ പുറത്തേക്ക് വന്നിരുന്നത്.
അതെയതെ, അങ്ങനെയുണ്ടായിരുന്നു.
പക്ഷേ, ഇപ്പൊ പാർട്ടീന്ന് പൊറത്തേക്ക് വരുന്നത്, വേറൊരു തരക്കാരാണ്. എന്താ പറയുകാ... സാമൂഹികവിരുദ്ധസ്വഭാവമുള്ളവരാണ്. പേരെടുത്ത് പറയേണ്ട കാര്യമില്ല. ആ സി.ഒ.ടി നസീറിനെതിരായ വധശ്രമത്തിന്റെ പശ്ചാത്തലത്തിൽ തലശ്ശേരിയിൽ ഒരു പൊതുയോഗത്തിൽ മാഷ് തന്നെ വിശദീകരിച്ചു, പാർട്ടിയിൽനിന്ന് പുറത്തേക്ക് വരുന്ന ഇത്തരം ശക്തികളെപ്പറ്റി...
പാർട്ടിക്കകത്ത് സ്വാഭാവികായിട്ടും പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന സന്ദർഭത്തില്‍, ഈ ബൂർഷ്വാ സമൂഹത്തിലാണല്ലോ നമ്മള് പ്രവർത്തിക്കുന്നത്. ബൂർഷ്വാ സമൂഹത്തില്‍ പ്രവർത്തിക്കുമ്പഴ് ബൂർഷ്വാസിയുടെതായ ഐഡിയോളജിയും അതിന്റെ സ്വഭാവങ്ങളും അരിച്ചരിച്ച് കയറാൻ സാധ്യതയുണ്ട്. ആ അരിച്ചരിച്ച് കയറുന്ന തെറ്റായ പ്രവണതകളെ ചെറുത്തുകൊണ്ട് മാത്രേ പാർട്ടിക്ക് ഫലപ്രദമായിട്ട് പ്രവർത്തിക്കാൻ സാധിക്കുള്ളൂ. അപ്പോ ഓരോ ഘട്ടത്തിലും നമ്മള് തെറ്റ് തിരുത്തൽ പ്രക്രിയക്ക് സ്വയംവിധേയമാവണം. പാർട്ടിതന്നെ. അങ്ങനെ വിധേയമാവുമ്പഴ്, പാർട്ടിക്ക് ഉൾക്കൊള്ളാനാകാത്ത, തെറ്റായ, ജനവിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന ആളുകളെ പാർട്ടിക്ക് ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ സാധിക്കില്ല. അതിനെയൊക്കെ പൊറന്തള്ളണ്ടിവരും.
അല്ലെങ്കിൽ അവരെ തിരുത്തി മുന്നോട്ട് കൊണ്ടുവരേണ്ടിവരും. ഈ രണ്ട് പ്രക്രിയയും നടക്കും. ഒന്ന് തിരുത്തി മുന്നോട്ടേക്ക് കൊണ്ടുവരുക, ഒരു തരത്തിലും തിരുത്താൻ പറ്റാത്ത സ്ഥിതിവരുമ്പഴ് അതിനെ ഒഴിവാക്കണ്ടി വരും. അത് പാർട്ടി ചെയ്തുകൊണ്ടിരിക്കുന്ന, പാർട്ടിശരീരത്തിലെ നവീകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ്.
ഇപ്പൊ, മാഷ് വന്നതിനുശേഷം തെറ്റ് തിരുത്തൽ പ്രക്രിയ സജീവമാക്കിയപ്പോ നമ്മുടെ ആലപ്പുഴപോലുള്ള ജില്ലകളിലൊക്കെ തിരിച്ചടിയുണ്ടായി...
തിരിച്ചടിയൊന്നും ഞങ്ങൾക്ക് പ്രശ്നമുള്ള കാര്യല്ലല്ലോ. അത് ഇങ്ങള് കാണ്ന്നതെന്താ, ആട്ന്ന് രണ്ടാള് രാജിവെച്ചതാ... അതൊന്നും ഞങ്ങക്ക് പ്രശ്നമുള്ള കാര്യല്ല. ഞങ്ങള്‍ പാർട്ടീനെ കറക്ട് ചെയ്ത് മുമ്പോട്ടേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായിട്ട് വരുന്നതിന്റെ നഷ്ടത്തേക്കാൾ എത്രയോ വലിയ ലാഭമാണ് സമൂഹത്തിന്റെ ഭാഗമായിട്ട് ലഭിക്കുന്നത്, അതിലൊന്നും ഞങ്ങൾക്ക് ഉത്കണ്ഠയൊന്നും ഇല്ല. ഇങ്ങൾ പത്രങ്ങളുണ്ടാക്കുന്ന കാര്യം മാത്രമാണ്. ഞങ്ങക്കതിൽ ഉത്കണ്ഠയൊന്നുല്ല.
ഈ തിരുത്തൽ പ്രക്രിയ പറഞ്ഞപ്പൊത്തന്നെ ഒരു കാര്യംകൂടെ മാഷ് പറഞ്ഞിരുന്നു. മാഷ് വിമർശനത്തിന്റെയും സ്വയംവിമർശനത്തിന്റെയും കാര്യം പറഞ്ഞു. നിരന്തരമായി ഞങ്ങൾ പാർട്ടിക്കകത്ത് സ്വയംവിമർശനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്ന് മാഷ് നേരത്തേ പറഞ്ഞിട്ടുണ്ട്.
നടത്തിക്കൊണ്ടേയിരിക്കുമെന്ന്...
പറഞ്ഞിട്ടുണ്ട്. പലതവണ മാഷ് പറഞ്ഞിട്ടുണ്ട്. ഇടക്ക് ഒരിക്കൽ, ഒരു പാർട്ടിയോഗത്തിൽ സ്വയംവിമർശനവും നന്നായിട്ട് വിമർശനവും നടന്ന ഒരു സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം പൊറത്തേക്കെറങ്ങിയപ്പോ മാഷ് വാർത്താസമ്മേളനത്തിൽ ഉപയോഗിച്ച ഒരു വാക്ക്, എനിക്ക് അന്നുമുതലേ വലിയൊരു സംശയമായി കെടക്കുന്നുണ്ട്. മാഷ് ഒരു വാക്ക് പ്രയോഗിച്ചിരുന്നു. അധികാരകേന്ദ്രങ്ങൾ രൂപപ്പെട്ട് വരുന്നുണ്ട് എന്ന്. അത് മനസ്സിലായില്ല. അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?
അതീ ഭരണം കയ്യിലുണ്ടാകുമ്പോ, നമ്മളെ പാർട്ടീന്ന് പറയുന്നത് യഥാർഥത്തില്‍ ഭരണം ഇല്ലാത്തതല്ലേ, അതിന്റെ ഉത്ഭവംമുതല്‍ ഇങ്ങോട്ട് പരിശോധിച്ചാല്‍.
പക്ഷേ, കേരളത്തിൽ തുടക്കം മുതലേ ഇടക്കിടക്ക് വരുന്നുണ്ടല്ലോ...
ചരിത്രത്തില്‍ ആദ്യായിട്ട് രണ്ടാമത്തെ ടേം കൂടി ഗവൺമെന്റ് വന്നിരിക്ക്യാണ്. അങ്ങനെ ടേം വരുമ്പഴ് സ്വാഭാവികമായിട്ടും ചെല അധികാരകേന്ദ്രങ്ങളുണ്ടാക്കാനുള്ള ശ്രമം നടക്കും. ആ ശ്രമത്തെ മുളയിൽത്തന്നെ നുള്ളണം. അതാണ് ഞങ്ങളുദ്ദേശിച്ചത്. പാർട്ടിയുദ്ദേശിക്കുന്നത്. ഒരാളുടെയും ഒര് അധികാരം വെച്ചുകൊണ്ട്, ഒരധികാരകേന്ദ്രം, അതിന്റെ മേലെ ചുറ്റി അതിന്റെ ആളുകളെ സംഘടിപ്പിച്ച് മുമ്പോട്ടേക്ക് പോകാന്നുള്ള നിലപാട് പാർട്ടി സ്വീകരിക്കുകയേ ഇല്ല.
അല്ലാ, അതുകൊണ്ട് ശരിക്ക് ഉദ്ദേശിച്ചതെന്താന്ന് വ്യക്തമാകാത്തതുകൊണ്ട് ചോദിക്കുന്നതാ...
ഇതുതന്നെയാണ് ഉദ്ദേശിച്ചത്. അധികാരകേന്ദ്രങ്ങൾ വേണ്ടാ.
അത് ആൾക്കാര് വ്യാഖ്യാനിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് അധികാരകേന്ദ്രം എന്നുവരെയായി.
വ്യാഖ്യാനിക്കുന്നതിനൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. അതിന്, ഞാനിപ്പോ ഈ മാധ്യമങ്ങളെ പൊറകെ പോകുന്നില്ലല്ലോ. നിങ്ങള്‍ പറയുന്ന കാര്യം നിങ്ങള്‍ തന്നെ നടപ്പിലാക്കിക്കോ.. നിങ്ങള്‍ തന്നെ വാർത്തയുണ്ടാക്കുന്നു. ആ വാർത്തക്ക് നിങ്ങള്‍ തന്നെ ചർച്ചചെയ്യുന്നു. അതില്‍ പ്രതികരിക്കേണ്ട ഒരുത്തരവാദിത്തവും ഞങ്ങൾക്കില്ല. ഞങ്ങക്ക് ധൈര്യണ്ട്. ഒറച്ച ധൈര്യണ്ട്. ഞങ്ങൾക്ക്. ഞങ്ങളെ പാർട്ടിക്ക്. ശരിയായ ഒരു നിലപാടുവെച്ചുകൊണ്ട് പാർട്ടി മുമ്പോട്ടേക്ക് പോവ്വാണ്.
മുമ്പോട്ടേക്ക് പോകുമ്പഴ്, അതിന്റകത്ത് ചെലതെല്ലാം. ചെലതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം മാറും. അതൊരു നിയമാണ്. അങ്ങനെ വെരുന്നതിന്റെ ഭാഗായിട്ട് അത് അങ്ങനെയായിപ്പോയല്ലോ, ഇവിടെ ഇങ്ങനെയായിപ്പോയല്ലോ എന്ന രീതിയില്‍ ബേജാറാവണ്ട ഒരു കാര്യവും ഇല്ല. വളരെ ശരിയായ ദിശാബോധത്തോടുകൂടി പാർട്ടിയാകെ ഒറ്റക്കെട്ടായിട്ട് മുന്നോട്ടേക്ക് നയിക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന ഏത് തരത്തിലുള്ള പ്രതിസന്ധിയെയും നമുക്ക് പരിഹരിച്ചുകൊണ്ടേ പോകാൻ പറ്റൂ.
മാഷേ, അത് പറയുമ്പോ എനിക്ക് ബോധ്യപ്പെട്ട ഒരു സംഗതി, ഇപ്പോൾ കേരളത്തിലെ മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയപ്രവർത്തകർക്കും ഒരേ അബദ്ധം പറ്റിയിട്ടുണ്ട് എന്നാണ്. പാർട്ടിക്കാണെങ്കിൽ, രാഷ്ട്രീയ പ്രവർത്തകർക്കാണെങ്കിൽ അവരവരുടെ പാർട്ടികൾ രാഷ്ട്രീയ വിദ്യാഭ്യാസം കൊടുക്കുന്ന ഒരു രീതിയെങ്കിലുമുണ്ട്. ഉണ്ടെങ്കിലുണ്ട്. അതിന്റെ ശക്തി കുറഞ്ഞിട്ടുണ്ടാവാം...
നല്ലപോലെ കൊടുക്കുന്നുണ്ട്...
പാർട്ടിയിലതുണ്ട്, പക്ഷേ മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊതുവേ, സ്വയം വിദ്യാഭ്യാസത്തിന്റെ താൽപര്യം കൊറഞ്ഞോ, തുടർപഠനത്തിന്റെ താൽപര്യം കൊറഞ്ഞോ എന്നതാണ്...
അതല്ല കാര്യം. എന്താന്ന് പറഞ്ഞാ ഇവര്‍ ഈ മാധ്യമപ്രവർത്തകരൊന്നുമല്ല ഈ വാർത്ത സൃഷ്ടിക്കുന്നത്. സത്യം പറഞ്ഞാൽ അവര്‍ ഇടപെടണ്ട കാര്യമില്ല. ഇതിനൊരു വർഗതാൽപര്യമുണ്ട്. എന്താവണം നാളത്തെ പത്രത്തിലെ ഹെഡിങ് എന്ന് തീരുമാനിക്കുന്നത്, ഇപ്പഴ് കേരളത്തില്‍ – മനോരമക്ക് ഉൾപ്പെടെ തീരുമാനിക്കുന്നത്, നേരത്തേ ഞാൻ പറഞ്ഞില്ലേ... ഇവന്റ് മാനേജ്മെന്റാണ്. പിന്നെ നിങ്ങളെന്തിന് ചിന്തിക്കാൻ പോണം? നിങ്ങളെന്തിനാ എഴുതുന്നതിനെപ്പറ്റി ആലോചിക്കണ്ടത്? നിങ്ങൾക്ക് വേണ്ടി എഴുതാൻ, നിങ്ങൾക്ക് വേണ്ടി പറയാൻ, നിങ്ങൾക്ക് വേണ്ടി ലേഖനം തയാറാക്കാൻ ഇവന്റ് മാനേജ്മെന്റ്ണ്ട്.
അവർക്കാണെങ്കിലോ കൃത്യം അജണ്ടയുണ്ട്. അതുമാത്രം സ്വീകരിക്കാൻ. ഇതൊക്കെ മനസ്സിലാവാണ്ട് നിക്ക്ന്ന അല്ല ഞങ്ങള്‍. ഞങ്ങളിതിങ്ങനെ ഗൗരവത്തിൽ പ്ലാൻ ചെയ്യാണ്ട് നിക്ക്ന്നതായി മനോരമേം കോൺഗ്രസും ഒന്നും ധരിക്കേണ്ടതില്ല. ഞങ്ങൾക്ക് വ്യക്തതയുണ്ട്. ഇത് ഞങ്ങള്‍ നല്ലപോലെ പ്രചരിപ്പിക്കുകേം ചെയ്യും. അതിന്റെ ഭാഗമായിട്ടാണ് ദേശാഭിമാനി പത്തു ലക്ഷം കോപ്പിയിലേക്ക് എത്തിക്കണം എന്ന് ഞങ്ങള്‍ പറയുന്നത്.
മാഷുടെ ഒരു പുസ്തകംകൂടി ഓർമയിലേക്ക് വരുന്നുണ്ട്. അത് മാഷ് എഴുതിയതല്ല മാഷ് എഡിറ്റ് ചെയ്ത പുസ്തകമാണ്.
സ്വത്വ രാഷ്ട്രീയം...
സ്വത്വ രാഷ്ട്രീയത്തെക്കുറിച്ച്, മാഷേ, കെ.ഇ.എൻ കുഞ്ഞഹമ്മദിനെപ്പോലെയുള്ള വലിയ ബുദ്ധിജീവികൾപോലും സ്വത്വരാഷ്ട്രീയത്തിന്റെ ആളുകളാണ് എന്ന് തോന്നിച്ച ഒരു ഘട്ടത്തിൽ മാഷ് ഇടപെടുകയും വളരെ കൃത്യമായിട്ട് അതിൽ വ്യക്തത വരുത്തുകയും ചെയ്തു. പക്ഷേ, എന്നിട്ടും ഇപ്പൊ ഏറ്റവും അവസാനം, ഈ തട്ടം വിവാദം വന്നപ്പൊ നമ്മള് കണ്ടത്, മാഷത് കൃത്യമായി വിശദീകരിച്ചു. പാർട്ടിയുടെ നിലപാടെന്താണ് എന്ന്. വസ്ത്രധാരണം ജനാധിപത്യാവകാശവും ഭരണഘടനാപരമായ അവകാശവും വ്യക്തികളുടെ ചോയ്സുമാണ് എന്നുള്ളത്, പാർട്ടിയുടെ നിലപാട് അതാണെന്ന് മാഷ് വിശദീകരിച്ചു. മാഷ് അത് വിശദീകരിക്കുമ്പോൾ എനിക്ക് തോന്നിയ രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്ന്, സ്വത്വ രാഷ്ട്രീയം വിശദീകരിക്കുന്ന പഴയ നിലപാട്ന്ന് മാഷ് പിന്നോട്ടുപോവുകയാണോന്നുള്ളതാണ്...
ഇത് തെറ്റാണ്, സ്വത്വ രാഷ്ട്രീയത്തിൽ ഞാൻ എടുത്ത നിലപാട്, ഞങ്ങളുടെ പാർട്ടിയെടുത്ത നിലപാട് വളരെ കറക്ടാണ്. സ്വത്വബോധം –ഇതൊക്കെ പറയാൻ പൊറപ്പെട്ടാ ഒരുപാട് നേരാകും – സ്വത്വബോധവും സ്വത്വ രാഷ്ട്രീയവും രണ്ടാണ്. ഇപ്പോ ഒരു മുസ്ലിം, ഒരു ക്രിസ്ത്യാനി അവർക്കെല്ലാം ഓരോ സ്വത്വങ്ങളുണ്ട്. ആ സ്വത്വബോധം ഉള്ളതാണ്. ഞാൻ മുസ്ലിമാണ് എന്നുള്ളത്, ഏയ് നീ മുസ്ലിമല്ല എന്നുപറഞ്ഞാൽ ഇല്ലാണ്ടാകൂലല്ലോ. അതുള്ളതാണ്. എന്നാൽ, സ്വത്വബോധത്തെ രാഷ്ട്രീയവത്കരിച്ച്, ഞാൻ നേരത്തേ പറഞ്ഞില്ലേ, മറ്റേ...
വർഗീയതയെപ്പറ്റി പറഞ്ഞപ്പഴല്ലേ...
അതെ, വർഗീയതയെപ്പറ്റി പറഞ്ഞില്ലേ, അതേപോലെ, സ്വത്വബോധത്തെ രാഷ്ട്രീയമാക്കി ഉപയോഗിക്കുമ്പോഴാണ് സ്വത്വ രാഷ്ട്രീയം വരുന്നത്. ഈ സ്വത്വ രാഷ്ട്രീയത്തിന് ഞങ്ങളെതിരാണ്. സ്വത്വ രാഷ്ട്രീയത്തെ ഞങ്ങള്‍ ശക്തമായിട്ട് എതിർക്കുന്നെയാണ്. എന്നാൽ സ്വത്വബോധത്തെ തള്ളിപ്പറയേണ്ട കാര്യമില്ല. തള്ളിപ്പറയാൻ പറ്റില്ല. അതുള്ളതാണ്. അപ്പൊ, ഉള്ള ഒന്നിനെയും തള്ളിപ്പറയാൻ പറ്റില്ല. നിങ്ങളിപ്പം തട്ടം ഉപയോഗിക്കുന്നു, തട്ടം ഉപയോഗിക്കുന്നെങ്കി തട്ടം ഉപയോഗിക്കാം.
അല്ലെങ്കി തട്ടം ഉപയോഗിക്കുന്നില്ല. ഉപയോഗിക്കാതിരിക്കാം. ഈശ്വരനിൽ വിശ്വസിക്കുന്നു, വിശ്വസിക്കാം. വിശ്വസിക്കാതിരിക്കാണേ നിങ്ങക്ക് വിശ്വസിക്കാതിരിക്കുകയും ചെയ്യാം. അപ്പൊ, നമ്മളെടുക്കണ്ട ഒരു നിലപാട് ജനാധിപത്യപരമാണ്. ഭരണഘടനാപരമായ, ജനാധിപത്യപരമായ നിലപാടാണ്. അതാണ് തട്ടത്തിന്റെ പ്രശ്നത്തിൽ. ഞാൻ ശക്തിയായിട്ട്, അപ്പത്തന്നെ, ഒന്നാമത്തെ ദിവസം കഴിഞ്ഞ് രണ്ടാമത്തെ ദിവസം ഞാനത് കൃത്യമായിട്ട് ഞങ്ങളെ നിലപാടെന്താന്ന് വ്യക്തമാക്കി.
പക്ഷേ, അത് വിശദീകരിക്കേണ്ട ഒരു സാഹചര്യം എന്നു പറഞ്ഞാൽ, ഒരു സംസ്ഥാന കമ്മിറ്റി അംഗത്തിനുപോലും ഈ പാർട്ടി നിലപാട് മനസ്സിലായിട്ടില്ലാ എന്നുള്ള അവസ്ഥ നിലനിൽക്കുന്നില്ലേ?
അതേത് സാഹചര്യത്തിലാ അതുണ്ടായത്? അതായത്, ഒരു സംഭവം നടക്കുകയായിരുന്നു. യുക്തിവാദികളുടെ ഒരു കൂട്ടായ്മയാണ്. അത് ആർ.
എസ്.എസാണ്. സത്യം പറഞ്ഞാൽ ബി.ജെ.പിയാണതിന്റെ... സംഘ്പരിവാറ്, ഈ പറയുന്ന ചെങ്ങാതി, യഥാർഥത്തിൽ രവിചന്ദ്രൻ, അദ്ദേഹം ഒരു കൃത്യമായിട്ടുള്ള ഒരു ബി.ജെ.പി പോളിസിയാണ് മുമ്പോട്ടേക്ക് നയിക്കുന്നത്, ആർ.എസ്.എസിന്റെ പോളിസിയാണ് മുമ്പോട്ടേക്ക് നയിക്കുന്നത്. സവർക്കറെപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായങ്ങളൊക്കെ ഞാൻ ചെലപ്പം കാണാറുണ്ട്. അങ്ങനെവരുമ്പം അവരെ ഖണ്ഡിക്കാൻ വേണ്ടി ഇവരുപയോഗിച്ച പദപ്രയോഗങ്ങളാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിലൊക്കെ നല്ല ശരിയായ നിലപാടുണ്ടായിരുന്നു. പക്ഷേ, ഈക്കാര്യം മാത്രാണ് പൊറത്തുവന്നത്. പൊറത്തുവന്നപ്പം പാളിപ്പോയി. ആ പാളിപ്പോയത് നമ്മള് ക്ലാരിറ്റി വരുത്തിക്കൊടുത്തു.
മാഷെ, ആദ്യം മുതൽ, ഇപ്പോ മാർക്സ് – എംഗൽസിന്റെ രചനകളിൽ മുതൽ, ലെനിനെടുത്തിരുന്ന നിലപാടുകളുടെ കാര്യത്തിൽ, കേരളത്തിലാണെങ്കിൽ ഇ.എം.എസ് വളരെ കൃത്യമായിട്ട് വിശദീകരിച്ചിട്ടുള്ളതുപോലെതന്നെ, ഇ.എം.എസ് വളരെ ശരിയായും കൃത്യമായും വിശദീകരിച്ചത്, നമ്മള് യാന്ത്രികയുക്തിവാദത്തിന് എതിരാണ്, യാന്ത്രികയുക്തിവാദമല്ല പാർട്ടിക്ക്, പാർട്ടിക്ക് വേറെ പരിപാടിയുണ്ട് എന്നാണ് പറഞ്ഞത്...
അല്ലേയല്ല. യുക്തിവാദ നിലപാടേയല്ല. ശാസ്ത്രീയ സമീപനത്തിനെയാണ് പാർട്ടി അംഗീകരിക്കുന്നത്.
പക്ഷേ, ഇപ്പോൾ ഈ അടുത്തകാലത്തായിട്ട്, നാലഞ്ച് വർഷമായിട്ട്, ഈ എസെൻസിന്റെ വരവിനുശേഷം എന്നു പറയാവുന്ന തരത്തിൽ, ഈ പാർട്ടി മെംബർമാർ, പാർട്ടി വിദ്യാഭ്യാസം കിട്ടിയവർതന്നെ യാന്ത്രിക യുക്തിവാദത്തിലേക്ക് പോവുന്നുണ്ടോ?
ഇല്ലയില്ലയില്ല. ഞങ്ങള്‍ അതിന്റെ അടിസ്ഥാനപരമായ കാര്യങ്ങളേയുള്ളൂ. അത് മാർക്സായാലും എംഗൽസായാലും ലെനിനായാലും. മാർക്സിസം വികസിച്ചുകൊണ്ടിരിക്കുകയാണ്. മാർക്സിസത്തിന് അന്ത്യമില്ല. അത് വികസിച്ചുകൊണ്ടേയിരിക്കുകയാ. ഈ സമൂഹവും അതില്‍ വരുന്ന മുഴുവനും അതില്‍ വരുന്ന മുഴുവനും അതിന്റൊപ്പം ഉൾച്ചേർത്ത് അത് വികസിച്ചുകൊണ്ടേയിരിക്കുകയാണ്.
എറിക് ഹോബ്സ് ബോം അതൊരു പുസ്തകത്തിൽ നന്നായി വിശദീകരിക്കുന്നുണ്ടല്ലോ?
ആ... അതുതന്നെ. അങ്ങനെ വികസിക്കുമ്പോഴുള്ള ഒരു പ്രധാനപ്പെട്ട ഘടകം. മാർക്സിസം, യുക്തിവാദ നിലപാട് മാത്രല്ല സ്വീകരിക്കുന്നത്. യുക്തിബോധമുണ്ട്. പക്ഷേ, നമ്മളെല്ലാം സ്വീകരിക്കുന്നത്... യുക്തിവാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമെന്താന്ന് പറഞ്ഞാൽ, എല്ലാം ഭൗതികമാണെന്നാ. അപ്പോ അവരുടെ മുമ്പിലൊരു ചോദ്യം, ഈ ചിന്തയെന്താണ് എന്ന ചോദ്യത്തിന് അതും ഭൗതികമാണെന്നാണ് അവർ പറയുക.
ഞങ്ങള്‍ പറയുന്നത്, മാർക്സിസം പറയുന്നത്, അത് ഡയലക്ടിക്കൽ പ്രിൻസിപ്പിളുമായി ബന്ധപ്പെട്ടതാണ്. ഭൗതിക പ്രപഞ്ചവുമുണ്ട് ആശയപ്രപഞ്ചവുമുണ്ട്. യുക്തിവാദികള്‍ ആശയപ്രപഞ്ചത്തെ നിഷേധിക്കുകയാണ്. ഞങ്ങൾ രണ്ടും ഉണ്ട് എന്നെന്ന്യാ പറയല്‍. ആശയപ്രപഞ്ചം, ഞാനത് പറയുന്ന മറ്റേ പോയന്റ് നിങ്ങള്‍ ക്വോട്ട് ചെയ്ത പോയന്റില്ലേ –ഒരാശയം മനുഷ്യ മസ്തിഷ്കത്തിലേക്ക് പ്രവേശിച്ചാൽ അതിന് കൂട്ടായ്മ കിട്ടിയാൽ അത് ഭൗതികശക്തിയാവും – എന്ന പോയന്റ്, അത് നമ്മള് കൃത്യായിട്ട് കാണണം.
അങ്ങനെവരുമ്പം എന്താണ്ടാവുകാന്ന് വെച്ചാല്‍, ആശയപ്രപഞ്ചവും ഭൗതികപ്രപഞ്ചവും ഉണ്ട് എന്ന കാര്യം നമ്മൾ അംഗീകരിക്കണം. എന്നിട്ടോ, ഭൗതികപ്രപഞ്ചത്തിന്റെ തന്നെ ഉൽപന്നമാണ് ആശയപ്രപഞ്ചം. ആശയമല്ല ഭൗതികപ്രപഞ്ചത്തെ ഉൽപാദിപ്പിക്കുന്നത്. അതുള്ളത് തന്ന്യാണ്. ആ ഭൗതിക പ്രപഞ്ചത്തിന്റെ ഉൽപന്നമാണ് ആശയപ്രപഞ്ചം. ഇതാണ് യുക്തിവാദികളും ഞങ്ങളും തമ്മിലുള്ള വളരെ മൗലികമായ വ്യത്യാസം. ഈ വ്യത്യാസം മാർക്സിസത്തിന്റെതന്നെ കാഴ്ചപ്പാട് അനുസരിച്ചുള്ളതാണ്.
ശരിക്ക്, മാർക്സ് മതം എന്താണെന്ന് വിശദീകരിക്കുന്നിടത്തുപോലും ഇത് വരുന്നുണ്ട്.
വരുന്നുണ്ട്. മാർക്സ് മതത്തെപ്പറ്റി പറഞ്ഞത്, ഹൃദയമില്ലാത്ത ലോകത്തിന്റെ ആത്മാവാണ് മതംന്നാണ്. എന്നു പറഞ്ഞാൽ അത്രയും വലിയ ഒരു അടിച്ചമർത്തലിന് വിധേയമാക്കപ്പെടുന്ന മനുഷ്യരുടെ ഒരു ആശ്വാസാണ്. അവന്റെ നെടുവീർപ്പാണ്. യഥാർഥത്തിൽ മതം.
അതിപ്പൊ മാഷ് പറഞ്ഞിടത്തുതന്നെ, ഭൗതികപ്രശ്നം വരുമ്പഴും മനുഷ്യൻ അങ്ങോട്ടേക്ക്...
മനുഷ്യൻ അങ്ങോട്ടേക്ക് നോക്കും. അത് അതില്‍ അത്ഭുതപ്പെടണ്ടതില്ല. അത്... എന്നാലും അവസാനം പറഞ്ഞത് മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞിട്ടുണ്ട്.
കറുപ്പാണ് എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അത്...
അത് പദത്തിന്റെ അർഥല്ല, അതിന്റെ കൃത്യായ അർഥം, ഇത് യഥാർഥത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണൂല.
എന്നാലും മനുഷ്യന് ഒരു സമാധാനം...
ഒരു സമാശ്വാസം കൊടുക്കും. അതാണ് മാർക്സ് പറഞ്ഞത്... മതിയാക്കിക്കൂടെ...
മതിയാക്കാം...
അപ്പോ, ഈ പരിതഃസ്ഥിതിയിൽ ഞാൻ സെക്രട്ടറിയായതുകൊണ്ട് എന്തെങ്കിലും ഒരു പ്രശ്നോ, അല്ലെങ്കില്‍ ഞാൻ സെക്രട്ടറിയല്ലാത്തതുകൊണ്ട് വേറെന്തെങ്കിലും ഒരു പ്രശ്നോ ഒന്നും വരാൻ പോകുന്നില്ല. പാർട്ടിക്ക് നല്ലരീതിയിൽ മുന്നോട്ടേക്ക് പോകാനുള്ള അടിത്തറ രൂപപ്പെടുത്തി പാർട്ടി മുമ്പോട്ടേക്ക് പോവുകയാണ് ചെയ്യാ.
സ്വാഭാവികമായിട്ടും അതിന്റെ ഭാഗമായിട്ട് ചെലപ്പം ജയിക്കുക, ചെലപ്പം തോൽക്കുക, ജയിച്ചു, തോറ്റു എന്നുള്ളതൊന്നും ഞങ്ങളെ വല്ലാതെ ബാധിക്കുംന്നൊന്നും നിങ്ങള്‍ ധരിക്കണ്ട. അത് മാർക്സിസ്റ്റുകാരെ പറ്റി മനസ്സിലാകാത്തതുകൊണ്ടാണ്. എത്ര പ്രതികൂലമായ സാഹചര്യത്തിലും ഞങ്ങള്‍ മുന്നോട്ടേക്ക് പോകും. കാരണം, ഞങ്ങളുടെ ദർശനം അതാണ്.
ഞാൻ നേരത്തേ പറഞ്ഞില്ലേ, ചരിത്രപരമായ ഭൗതികവാദം... ഇതിനെ അതിജീവിക്കാൻ വേറെ വഴിയൊന്നുമില്ല. ഇവിടെ, ഉൽപാദനോപാധിയുടെ സ്വകാര്യ ഉടമസ്ഥതയിൽ എത്രകാലം തുടരുന്നുവോ, അത്രയും വല്യ പ്രതിസന്ധിയുണ്ടാകും. അതിനെ അതിജീവിക്കാൻ ഒറ്റവഴിയേള്ളൂ, ഈ സ്വകാര്യ ഉൽപാദനോപാധികൾ പൊതുസമൂഹത്തിന്റെ ഭാഗായിട്ട് മാറണം. അപ്പഴേ പ്രശ്നം പരിഹരിക്കൂ. അത് ചെലപ്പം നൂറ്റാണ്ടുകളെടുക്കും. ഒരു കൊല്ലോ രണ്ടു കൊല്ലോ അല്ല. നൂറ്റാണ്ടുകളെടുക്കും.
കാരണം സാമൂഹികവ്യവസ്ഥ മാറിവരണം. ഇപ്പൊ പത്ത് എമ്പത് ലക്ഷം വർഷണ്ട് മനുഷ്യന്. മനുഷ്യകുലത്തിന്റെ ഒര് ആയുസ്സ്, അതിന്റെ ഒരു പാരമ്പര്യം പത്ത് എമ്പത് ലക്ഷംണ്ട് ന്നാ പറയുന്നെ. ഇപ്പൊ ഏറ്റവും അവസാനത്തെ കണ്ടു... മുപ്പത്തഞ്ചുലക്ഷം വർഷം മുമ്പുള്ള ഫോസിലുകളിപ്പം കിട്ടിയിട്ടുണ്ട്. അപ്പൊ എൺപത് ലക്ഷം വർഷമായി മനുഷ്യകുലത്തിന്റെ കാലം. നിരവധിയായ വെല്ലുവിളികളെ ഉൾപ്പെടെ നേരിട്ടുകൊണ്ടാണ് മനുഷ്യസമൂഹം ഇവിടെ എത്തിയിട്ടുള്ളത്.
അതില്‍ ഹ്രസ്വമായ കാലമാണ് മുതലാളിത്തത്തിന്റേത്. അതിനുമുമ്പുള്ള ഫ്യൂഡലിസം നൂറ്റാണ്ടുകളുണ്ടായിരുന്നു, ആയിരാമാണ്ടുണ്ടായിരുന്നു. അതിനുമുമ്പുണ്ടായിരുന്ന, അടിമത്തമുണ്ടായിരുന്നു, എത്രയോ നൂറ്റാണ്ടുകളുണ്ടായിരുന്നു. അപ്പോൾ കുറഞ്ഞുവരുകയാണ്. ഇപ്പൊ നാനൂറ് കൊല്ലല്ലേ ആയിട്ടുണ്ടാവുകയുള്ളൂ. നാനൂറ് നാനൂറ്റമ്പത് കൊല്ലം. ഇനി അടുത്ത സ്റ്റേജ് ഈ പറയുന്നതുതന്നെയാണ്. സാമൂഹികമായ ഉൽപാദനവും ഉൽപാദന ഉപാധികളുടെ സ്വകാര്യ ഉടമസ്ഥത മാറി, സാമൂഹിക ഉടമസ്ഥതയിൽ എത്തുക എന്നുള്ളത് മനുഷ്യന് കടന്നുപോകാതിരിക്കാൻ പറ്റില്ല. വേറൊരു വഴിയില്ല.
പക്ഷേ, ആ പരീക്ഷണം എൺപതുകൊല്ലംകൊണ്ട് പരാജയപ്പെട്ടില്ലേ?
നൂറുകൊല്ലം കഴിഞ്ഞാലും ശരിയാകും. ങ്ങളെ എൺപതുകൊല്ലം ന്ന് പറയുന്നത്. സാമൂഹികമാറ്റത്തിന് നാനൂറ് അഞ്ഞൂറ് കൊല്ലണ്ടാകുമ്പോൾ, ഒരു പരീക്ഷണം ഒരു പരാജയപ്പെട്ടുപോയീന്നുള്ളതുകൊണ്ട് അതിൽ അവസാനിക്കുന്നൂന്നാ അതിന്റർഥം? അതാ ഞാമ്പറഞ്ഞത് നിങ്ങളത്ര ഹ്രസ്വമാക്കണ്ട. സാമൂഹിക ചരിത്രത്തിൽ, സാമൂഹിക വികാസത്തിന്റെ കാലംന്ന് പറയുന്നത്, വളരെ വിസ്തൃതമാണ്. അതുകൊണ്ട് നിങ്ങൾ ബേജാറാകണ്ട. കൊറച്ച് കൊല്ലം പിടിക്കും... എന്റെ ജീവിതത്തിൽതന്നെ നടക്കണം, ഞാൻ സെക്രട്ടറിയായി ഇരുന്നപ്പത്തന്നെ നടക്കണം എന്ന വാശിയൊന്നും പിടിച്ചിട്ട് കാര്യമൊന്നുമില്ല.
എന്നാലും ഇന്ത്യൻ വിപ്ലവം നടക്കും?
ഒറപ്പായിട്ടും, ഇന്ത്യയല്ലാ ലോകം. ഇതിലേക്ക് പോകാതിരിക്കാൻ പറ്റില്ല. അതിന് ഞങ്ങള്‍ തന്നെ നടത്തിക്കൊള്ളണം എന്ന് പറഞ്ഞുനടക്കുന്നതിലൊന്നും യാതൊരു കാര്യോല്ല.
പണ്ട് മാവോ പറഞ്ഞ മറ്റേ വൃദ്ധന്റെ കഥ...
അതെന്നെ അതെന്നെ, അതിലൊന്നും യാതൊരു സംശയൂല്ല. സംഭവം വരൂംന്നത് ഒറപ്പാണ്.