Begin typing your search above and press return to search.
proflie-avatar
Login

കളഞ്ഞുപോയ ഒരക്ഷരം വാക്കായി മുളച്ചു

കളഞ്ഞുപോയ ഒരക്ഷരം  വാക്കായി മുളച്ചു
cancel

തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിലെ പെയിന്റിങ് തൊഴിലാളിയായ സി.വി. രവീന്ദ്രനെ നിങ്ങൾ അറിഞ്ഞുകൊള്ളണമെന്നില്ല. ഒരൊറ്റ നാടകത്തിലൂടെ അവസാനിച്ച ഒരു തിയറ്റർ സംഘത്തി​ന്റെ കഥയാണ്​ അത്​. ആദ്യ പുസ്തകം പുറത്തുവരാൻ എഴു​പതു വയസ്സ് വരെ കാത്തിരിക്കേണ്ടിവന്ന ഒരു കഥയാണ്​ അത്​. എഴുത്തു ലോകത്തിൽ ഇങ്ങനെയും ചില വേറിട്ട എഴുത്തുകാർ കൂടിയുണ്ട്​. അവർ കൂടി ചേർന്നതാണ്​ നമ്മുടെ സാംസ്​കാരിക ഭൂമിക. അദ്ദേഹത്തി​ന്റെ ജീവിതം വരച്ചിടുകയാണ്​ കാർട്ടൂണിസ്റ്റ് കൂടിയായ ലേഖകൻ. തുടർ പേജിൽ സി.വി. രവീന്ദ്ര​ന്റെ വേറിട്ട കഥയും വായിക്കാം.തലശ്ശേരി, 1973 ഏപ്രിൽ 7 ശനിയാഴ്ച.വേനൽച്ചൂടിൽ വെന്തുനിന്ന നഗരത്തിന് മുകളിൽ ഉച്ച കഴിഞ്ഞതോടെ വളരെ...

Your Subscription Supports Independent Journalism

View Plans

തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിലെ പെയിന്റിങ് തൊഴിലാളിയായ സി.വി. രവീന്ദ്രനെ നിങ്ങൾ അറിഞ്ഞുകൊള്ളണമെന്നില്ല. ഒരൊറ്റ നാടകത്തിലൂടെ അവസാനിച്ച ഒരു തിയറ്റർ സംഘത്തി​ന്റെ കഥയാണ്​ അത്​. ആദ്യ പുസ്തകം പുറത്തുവരാൻ എഴു​പതു വയസ്സ് വരെ കാത്തിരിക്കേണ്ടിവന്ന ഒരു കഥയാണ്​ അത്​. എഴുത്തു ലോകത്തിൽ ഇങ്ങനെയും ചില വേറിട്ട എഴുത്തുകാർ കൂടിയുണ്ട്​. അവർ കൂടി ചേർന്നതാണ്​ നമ്മുടെ സാംസ്​കാരിക ഭൂമിക. അദ്ദേഹത്തി​ന്റെ ജീവിതം വരച്ചിടുകയാണ്​ കാർട്ടൂണിസ്റ്റ് കൂടിയായ ലേഖകൻ. തുടർ പേജിൽ സി.വി. രവീന്ദ്ര​ന്റെ വേറിട്ട കഥയും വായിക്കാം.

തലശ്ശേരി, 1973 ഏപ്രിൽ 7 ശനിയാഴ്ച.

വേനൽച്ചൂടിൽ വെന്തുനിന്ന നഗരത്തിന് മുകളിൽ ഉച്ച കഴിഞ്ഞതോടെ വളരെ നാടകീയമായി കാർമേഘങ്ങൾ വന്നുമൂടി. അന്നാണ് തലശ്ശേരിയിലെയും സമീപപ്രദേശങ്ങളിലെയും ചില ചെറുപ്പക്കാർ ബാസിൽ ഇവാഞ്ചലിക്കൽ മിഷൻ പാഴ്‌സി സ്‌കൂൾ മൈതാനത്ത് ഒരു നാടകം കളിക്കാൻ തീരുമാനിച്ചിരുന്നത്. അവർ പുതുതായി സംഘടിപ്പിച്ച ‘അനുപമ തിയറ്റേഴ്‌സ്‌’ എന്ന നാടകസമിതിയുടെ ആദ്യ നാടകമായ ‘ശയനസൂത്രം’ വേനൽമഴ ഉന്നയിച്ച ചില തടസ്സവാദങ്ങൾക്കിടയിൽ രാത്രി ഒമ്പതു മുപ്പതോടെ അരങ്ങേറി. പതിനൊന്ന് നാൽപത്തഞ്ചോടെ ആ നാടകം അവസാനിച്ചപ്പോൾ കുറച്ച് നിമിഷം കാണികൾ നിർത്താതെ കൈയടിച്ചു. അവിടെ കൂടിയ നൂറുകണക്കിന് ആളുകളിൽ ഒരേയൊരു മനുഷ്യനെ സംബന്ധിച്ച് ആ കൈയടി അസാധാരണമായ ഒന്നായിരുന്നു.

ഏതെങ്കിലും സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കോ അനാചാരങ്ങൾക്കോ എതിരായിരുന്നില്ല ആ നാടകം. സാമൂഹിക അസമത്വത്തെക്കുറിച്ചോ കർഷകരാഷ്ട്രീയത്തെക്കുറിച്ചോ അത് സംസാരിച്ചില്ല. കുടുംബബന്ധങ്ങളുടെ പവിത്രത ഊട്ടി ഉറപ്പിക്കുന്നതിനെ പറ്റി ആ നാടകം മൗനം പാലിച്ചു. എന്നാൽ അനിയന്ത്രിതമായി പലപ്പോഴും കുമാർഗങ്ങളിലൂടെ ഓടുന്ന മനസ്സുകളെ കുറിച്ച് അത് വാചാലമായി. വെറും അഞ്ചു കഥാപാത്രങ്ങൾ മാത്രമുള്ള ‘ശയനസൂത്രം’ ഒരു പരീക്ഷണമായിരുന്നു.

മലയാള നാടകചരിത്രത്തിൽ ‘അനുപമ’ തിയറ്റേഴ്‌സ് എന്ന അധ്യായം ഇല്ല. ഉണ്ടെങ്കിൽത്തന്നെ അത് ഏതാനും താളുകളിൽ ഒതുങ്ങുമായിരുന്നു. കാരണം, 1973 ഏപ്രിൽ 7 ശനിയാഴ്ച രാത്രി പതിനൊന്ന് നാൽപത്തഞ്ചോടെ ആ നാടകം അതിന്റെ അവസാനരംഗം തീർത്ത് തിരശ്ശീല താഴ്ത്തി. ഒപ്പം എന്നെന്നേക്കുമായി ‘അനുപമ’ തിയറ്റേഴ്‌സും. പിന്നീട് പതിറ്റാണ്ടുകളോളം ഒരു വികൃതിക്കുട്ടിയും ആ കർട്ടൻ കൗതുകപൂർവം ഒന്നുയർത്തി നോക്കിയില്ല. വേദിയിൽ കുത്തേറ്റ് വീണ നടൻ നെഞ്ചിൽ ചോരയും ചുണ്ടിൽ ചിരിയുമായി എഴുന്നേറ്റ് പോയോ? തമ്മിൽ തർക്കിച്ചുതകർത്ത കഥാപാത്രങ്ങൾ പരസ്പരം തോളിൽതട്ടി അഭിനന്ദനങ്ങൾ കൈമാറിയോ? രംഗപടങ്ങൾ പുതിയവേദികൾ തേടി പുറപ്പെട്ടുവോ? ആർക്കറിയാം.

ഏത് കാലനിയോഗത്താലാണ് ‘അനുപമ തിയറ്റേഴ്‌സ്’ എന്ന നാടകസമിതി ഉരുവംകൊണ്ടത്? എന്ത് കാരണത്താലാണ് ഒരൊറ്റ നാടകം മാത്രം കളിച്ച് ആ സമിതി ചരിത്രയവനികക്കുള്ളിൽ മറഞ്ഞത്? ഉത്തരങ്ങൾ എന്തുതന്നെയായാലും ഈ അമ്പത് വർഷങ്ങൾക്കിപ്പുറം അതിനൊരു പ്രസക്തിയുമില്ല. എന്നാൽ, ചോദ്യങ്ങൾ ഒരു മനുഷ്യനിൽ ചെന്ന് തട്ടിനിൽക്കുമ്പോൾ നമുക്കുത്തരം കിട്ടാത്തതോ മനസ്സിലാകാത്തതോ ആയ കഥകളുടെ കണ്ണീർശുദ്ധിയിൽ നാം സ്നാനം ചെയ്യപ്പെട്ടേക്കാം.

ശയനസൂത്രധാരൻ

തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിലെ പെയിന്റിങ് തൊഴിലാളിയായ സി.വി. രവീന്ദ്രൻ എന്ന ഒരു സാധാരണ മനുഷ്യന്റെ ഉള്ളിലാണ് ‘അനുപമ’ തിയറ്റേഴ്‌സ് എന്ന സ്വപ്നം ആദ്യം ഉണ്ടായത്. കുട്ടിക്കാലത്ത് തന്റെ നാട്ടിൻപുറരാത്രികളിൽ വെള്ളരി നാടകങ്ങളും മറ്റും കണ്ടാണ് രവി വളർന്നത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പട്ടാളക്കാരനായ അച്ഛൻ മരിച്ചു. രവിയെയും അനിയനെയും പോറ്റാൻ അമ്മ ഹോട്ടൽപ്പണിക്ക് പോയി.

അഞ്ചാം ക്ലാസ് പാസായപ്പോൾ രവിയെ മഞ്ചേരിക്കടുത്ത് അരീക്കോടുള്ള അമ്മാവന്റെ അടുക്കലേക്ക് പറിച്ചുനട്ടു. അമ്മാവൻ മലബാർ സ്പെഷൽ പൊലീസ് ക്യാമ്പിൽ കാന്റീൻ നടത്തുകയായിരുന്നു. ആറാം ക്ലാസ് മുതൽ രവി അരീക്കോടുള്ള ബോർഡ് മാപ്പിള ഹയർ എലമെന്ററി സ്‌കൂളിൽ പഠിച്ചു. മലബാർ സ്പെഷൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഓട്ടുപുലാക്കൽ വേലുക്കുട്ടിയുടെ മകൻ ഒ.വി. വിജയൻ ആദ്യകാലത്ത് പഠിച്ച അതേ സ്‌കൂളിൽ.

അരീക്കോട്ടെ ജീവിതം ഒരു ശരാശരി വിദ്യാർഥിയായിരുന്ന രവിയുടെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു. സ്കൂളിലെ ലൈബ്രറിയായിരുന്നു അതിനൊരു പ്രധാന കാരണം. അതിനെ ലൈബ്രറി എന്നുതന്നെ പറയാം. മരത്തിന്റെ വലിയൊരു പെട്ടിയിൽ അടുക്കിവെച്ച കുറച്ചു പുസ്തകങ്ങളെ അങ്ങനെ പറയാമെങ്കിൽ. ദിവസങ്ങൾക്കുള്ളിൽ രവി അത് വായിച്ചുതീർത്തു. അതുകൊണ്ട് അരീക്കോടുള്ള മറ്റൊരു ലൈബ്രറിയിൽ അംഗത്വം എടുക്കേണ്ടിവന്നു. കേശവദേവ് മുതൽ രാഹുൽ സാംകൃത്യായനിലേക്കും അമീർ ഹംസയിലേക്കും വരെ വായന പരന്നു.

 

ശയനസൂത്രം നാടകത്തിന്റെ ടിക്കറ്റ്

ശയനസൂത്രം നാടകത്തിന്റെ ടിക്കറ്റ്

സാഹിത്യസമാജം പീരിയഡുകളിലെ കവിതാലാപനത്തിലും ഹാസ്യപ്രസംഗങ്ങളിലും മറ്റും ആവേശത്തോടെ പങ്കെടുത്തു. ആയിടെയാണ് കെ.ടി. മുഹമ്മദ് എഴുതിയ ‘കണ്ണുകൾ’ എന്ന കഥക്ക് ലോക ചെറുകഥാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. കെ.ടി അന്ന് മഞ്ചേരി തപാൽ ഓഫിസിൽ ജോലിക്കാരനാണ്. അദ്ദേഹത്തിന് സ്കൂളിൽ ഒരു സ്വീകരണം നൽകാൻ സാഹിത്യസമാജം തീരുമാനിച്ചു. അന്ന് രവിക്ക് ‘കണ്ണുകൾ’ എഴുതിയ കെ.ടിയുടെ കൈ തൊടാനും അദ്ദേഹത്തിന്റെ ഉപദേശരൂപത്തിലുള്ള പ്രസംഗം കേൾക്കാനും കഴിഞ്ഞു.

അക്കാലത്ത് അവിടെവെച്ച് ഇ.കെ. അയമു എന്ന പ്രതിഭാശാലിയുടെ നാടകങ്ങൾ കാണാനിടയായി. നിലമ്പൂർ ആയിഷ തന്റെ വിപ്ലവവഴി വെട്ടിത്തെളിച്ച നാടകങ്ങൾ. വായനയും നാടകം കാണലും മറ്റും അക്ഷരമാണ് തന്റെ വഴിയെന്ന് രവിയെ ബോധ്യപ്പെടുത്തി. കവിത എഴുതാനായിരുന്നു ആദ്യശ്രമം. സ്‌കൂൾ വാർഷികത്തിന് നടന്ന ഒരു പ്രസംഗമത്സരത്തിൽ രവിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. കഥാമത്സരത്തിൽ ഒന്നാം സ്ഥാനവും. ‘കാലചക്രം’ എന്നായിരുന്നു കഥയുടെ പേര്. മികച്ച കഥക്കുള്ള സമ്മാനം രവി തന്റെ അധ്യാപകന്റെ കൈയിൽനിന്ന് ഏറ്റുവാങ്ങി, ഒരു ചില്ലുഭരണി!

എട്ടാം ക്ലാസ് പാസായതോടെ രവി നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ രവിയെ അക്ഷരാർഥത്തിൽ സ്വീകരിച്ചത് വീടിന്റെ പരിസരത്ത് കണ്ട തെല്ലുപഴയ ഒരു നാടകനോട്ടീസായിരുന്നു. എരഞ്ഞോളി ഗ്രാമീണ കലാസമിതിയിലെ ബീഡിത്തൊഴിലാളികൾ ആയിടെ അവതരിപ്പിച്ച ‘എന്റെ ഗാനം’ എന്ന നാടകത്തിന്റെ ഇളം റോസ് നിറമുള്ള കട്ടിക്കടലാസിൽ പതിച്ച് നാടയിൽ കെട്ടിത്തൂക്കിയിട്ട ഒരു നോട്ടീസ്. ഹൈസ്‌കൂൾ പഠനത്തിനായി സെന്റ് ജോസഫ്സിൽ ചേർന്ന രവി നാട്ടിൽ പിന്നീട് അരങ്ങേറിയ പല നാടകങ്ങളും കണ്ടു.

എരഞ്ഞോളി ഗ്രാമീണകലാസമിതി പിന്നീട് അവതരിപ്പിച്ചവ കൂടാതെ അലവിൽ ദേശീയ കലാസമിതിയുടെ നാടകങ്ങളും കണ്ടു. അക്കാലത്ത് കോഴിക്കോട് ദേശപോഷിണി വായനശാലയുടെ ഭാഗമായുള്ള കേന്ദ്രകലാസമിതിയുടെ നാടകങ്ങൾ തന്റെ നാട്ടിൽ ഇടക്കൊക്കെ അവതരിപ്പിക്കപ്പെട്ടിരുന്നു. അന്ന് കണ്ട ‘പ്രഭാതം ചുവന്ന തെരുവിൽ’ എന്ന നാടകത്തിന്റെ ഓർമ രവിയിൽ ഇപ്പോഴുമുണ്ട്. കേന്ദ്രകലാസമിതിയുടെ നാടകത്തിന് കർട്ടൻ വലിക്കാൻ നിന്ന പത്മദളാക്ഷൻ എന്ന ഒരു പയ്യൻ പിന്നീട് നടനായി മാറുകയും തലശ്ശേരിയിലും മറ്റും വന്ന് അഭിനയിക്കുകയും ചെയ്തതിന് രവിയും സാക്ഷിയായി.

ശാരദ

ശാരദ

 പിന്നീട് പതിറ്റാണ്ടുകളോളം മലയാളസിനിമയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ കുതിരവട്ടം പപ്പു ആയി ആ പയ്യൻ വളർന്നു. കൗമാരമായപ്പോഴേക്കും രവി പ്രഫഷനൽ നാടകങ്ങളുടെ ആരാധകനായി. തോപ്പിൽ ഭാസിയുടെയും എൻ.എൻ. പിള്ളയുടെയും നാടകങ്ങൾ കണ്ട് കൈയടിച്ചു. കെ.ടിയും സി.ജെ. തോമസും വി.പി. മുഹമ്മദും വേദിയിൽ ഒരുക്കിയ വിസ്മയങ്ങളിൽ നെഞ്ചുകുത്തിവീണ രവി ജേസിയും കവിയൂർ പൊന്നമ്മയും തീർത്ത നാട്യഭാവനയിൽ പുളകംകൊണ്ടു.

സ്‌കൂൾ പഠനം ഒരുവിധത്തിൽ കഴിഞ്ഞു എന്ന് സ്വയം ഉറപ്പാക്കിയതോടെ രവി ധർമടത്തെ ഒരു കുറിക്കമ്പനിയിൽ പിരിവുകാരനായി ജോലിക്കിറങ്ങി. മൂന്നുവർഷം അത് തുടർന്നു. പിന്നീട് ഒരു പെയിന്റിങ് തൊഴിലാളിയുടെ വേഷമാണ് കെട്ടിയത്. വളരെ വേഗത്തിൽ ആ ജോലിയിൽ കഴിവ് തെളിയിച്ചു. വീടുകളുടെയും പീടികകളുടെയും മങ്ങിയ ചുമരുകൾ രവിയുടെ സാന്നിധ്യംകൊണ്ട് തിളങ്ങി. തലശ്ശേരിയിൽനിന്ന് തെക്ക് എറണാകുളം വരെയും വടക്ക് മൈസൂർ വരെയും ബ്രഷുമായി ഓടിനടന്നു. ഇതിനിടയിൽ വായനയും നാടകം കാണലും മുറപോലെ നടന്നു. ഈ ഓട്ടപ്പാച്ചിലിനിടയിലും ഏതുതരം ജീവിതാനുഭവങ്ങളെയും അരുമയോടെ ഹൃദയത്തിൽ സൂക്ഷിക്കാൻ പഠിച്ചു. അക്ഷരങ്ങൾക്ക് കരുത്ത് പകരാൻ അനുഭവങ്ങളോളം മറ്റെന്തിനാവും?

അക്കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം നാടകങ്ങളുടെ പ്രളയംതന്നെ ഉണ്ടായിട്ടും എന്തുകൊണ്ട് പുറത്തേക്ക് പോയി നാടകം കളിക്കുന്ന ഒരു സമിതി തന്റെ നാട്ടിൽ ഉണ്ടായില്ല എന്ന ചോദ്യം രവിയുടെ ഉള്ളിൽ ഉത്തരം കിട്ടാതെ കിടന്നു. ആ ചോദ്യം രവിയെ തന്റെ സുഹൃത്തും നാട്ടുകാരനും നാടകനടനുമായ ഉത്തമന്റെ അടുക്കൽ എത്തിച്ചു. നമുക്ക് ഒരു നാടകസമിതി ഉണ്ടാക്കിക്കൂടെ? തന്റെ ചങ്ങാതിയുടെ ചോദ്യത്തിന്റെ ആത്മാർഥത തിരിച്ചറിഞ്ഞ ഉത്തമൻ രവിയെ പയ്യോളി ഹൈസ്‌കൂളിലെ ചിത്രകലാധ്യാപകനും പ്രമുഖ നാടകനടനുമായ പി.കെ. രാഘവന് പരിചയപ്പെടുത്തി. അവിടെ തുടങ്ങുകയായിരുന്നു ഒരു പുതിയ നാടകസമിതി.

 

സൃഷ്ടി പുസ്തകം

സൃഷ്ടി പുസ്തകം

‘അനുപമ’ തിയറ്റേഴ്‌സ്

നാടകസമിതിയെ കുറിച്ച് സംസാരിക്കാൻ രവി കോമത്ത്‌പാറ സ്‌കൂളിൽ തന്റെ പരിചയക്കാരുടെ ഒരു യോഗം വിളിച്ചുചേർത്തു. നാലുപേർ മാത്രം പങ്കെടുത്ത ആ യോഗംകൊണ്ട് ഒരു ഗുണവുമുണ്ടായില്ല. രണ്ടാഴ്ചക്കുശേഷം അരങ്ങേറ്റ് പറമ്പ് മഠത്തിൽ മറ്റൊരു യോഗം വിളിച്ചു. നാടകസമിതി ഉണ്ടാക്കുക മാത്രമല്ല, കോഴിക്കോടേക്കും അതിനപ്പുറത്തേക്കും പോയി നാടകം കളിക്കാനാവണമെന്നും യോഗത്തിൽ രവി അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കിൽ ഈ യോഗം തലശ്ശേരിയിലാണ് നടക്കേണ്ടതെന്ന് ചിലർ പറഞ്ഞു.

അങ്ങനെ തലശ്ശേരി മജസ്റ്റിക് ഹോട്ടലിന്റെ മുകൾനിലയിൽ ‘അനുപമ’ തിയറ്റേഴ്‌സിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്യപ്പെട്ടു. പന്ത്രണ്ട് പേരായിരുന്നു ‘അനുപമ’യുടെ അണിയറക്കാർ. അറിയപ്പെടുന്ന നാടകനടനായ കെ.ടി. വാസു, അധ്യാപകനായ പത്മനാഭൻ മാസ്റ്റർ, തലശ്ശേരി ബാലൻ തുടങ്ങിയ പന്ത്രണ്ടു പേർ. അവർ ഓരോരുത്തരും അറുപത് രൂപവെച്ച് ശേഖരിച്ചപ്പോൾ കിട്ടിയ എഴുനൂറ്റി ഇരുപത് രൂപയായിരുന്നു ‘അനുപമ’ തിയറ്റേഴ്‌സിന്റെ മൂലധനം. പത്മനാഭൻ മാസ്റ്റർ സമിതി പ്രസിഡന്റായി. തലശ്ശേരി ബാലൻ സെക്രട്ടറിയും. ബ്രിട്ടീഷ് കാലം മുതലുള്ള മജസ്റ്റിക് ഹോട്ടലിന്റെ മുകൾനിലയിൽ നാടകസമിതിയുടെ ബീജാവാപം നടക്കുമ്പോൾ താഴെ ഒരു സിനിമാനിർമാണ കമ്പനിയുടെ ചർച്ച നടക്കുന്നുണ്ടായിരുന്നു.

തലശ്ശേരി നഗരത്തെ സംബന്ധിച്ച് അതൊരു വല്ലാത്ത കാലഘട്ടമായിരുന്നു. നാടകവും സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്ന ഹോട്ടലിനപ്പുറം ഒരു രാഷ്ട്രീയ സംവാദ സദസ്സ് കണ്ടേക്കാം. മറ്റൊരു കോണിൽ പ്രായഭേദമെന്യേ ക്രിക്കറ്റ് കളിക്കുന്നവരെ കാണാം. ടിക്കറ്റ് വെച്ച് നടത്തിയാൽപോലും സദസ്സ് നിറഞ്ഞുകവിയുന്ന തരത്തിൽ ഒരു പുസ്തകചർച്ചയും കാണും. ചന്തുമേനോന്റെയും വേങ്ങയിൽ കുഞ്ഞിരാമന്റെയും സഞ്ജയന്റെയും -തലശ്ശേരിക്ക് അങ്ങനെയാവാതെ തരമില്ലായിരുന്നു.

 

സി.വി. രവീന്ദ്രൻ

സി.വി. രവീന്ദ്രൻ

‘അനുപമ’ തിയറ്റേഴ്‌സ് ആദ്യമായി അവതരിപ്പിക്കാൻ ഉദ്ദേശിച്ചത് ‘ശയനസൂത്രം’ ആയിരുന്നില്ല. പക്ഷേ, പല ആലോചനകൾക്കൊടുവിൽ രവി മുന്നേ എഴുതിവെച്ച ആ നാടകംതന്നെ കളിക്കാൻ തീരുമാനിക്കുകയായിരുന്നു. നാടകത്തിന്റെ ആവശ്യത്തിനായി പെയിന്റിങ് ജോലി തൽക്കാലം ഉപേക്ഷിച്ച രവി അഞ്ചാറുമാസം വീട് വിട്ടുനിന്നു. വളരെ വലിയ ആ നാടകം ദിവസങ്ങളോളം ലോഡ്ജ് മുറിയിലിരുന്ന് വെട്ടിയും തിരുത്തിയും കുറുക്കിയെഴുതി.

പള്ള കരിഞ്ഞും കരഞ്ഞും അതിനുവേണ്ടി ഓടിനടന്നു. വീട് വിട്ടിറങ്ങുമ്പോൾ രവി ഒരു ബുക്കിൽ അമ്മക്കായി ഇങ്ങനെ എഴുതിവെച്ചിരുന്നു: ‘‘ഒരു നാടകത്തിന്റെ ആവശ്യത്തിനായി പുറപ്പെടുകയാണ്. സ്വന്തം പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല. വീണ്ടും കാണാം.’’ താൻ ഹോട്ടലിൽ അധ്വാനിച്ച് കിട്ടുന്നതിൽ കുറച്ച് നാണയങ്ങൾ പുസ്തകം വാങ്ങാൻ കൊടുത്തിരുന്ന ആ അമ്മക്ക് അറിയാമായിരുന്നു, രവി പോകും.

‘ശയനസൂത്രം’ പി.കെ. രാഘവൻ മാസ്റ്റർ സംവിധാനം ചെയ്യാമെന്നേറ്റു. എന്നാൽ, റിഹേഴ്‌സൽ ക്യാമ്പ് വെല്ലുവിളികളുടെ കൂത്തരങ്ങായി മാറി. രണ്ടാഴ്ച ക്യാമ്പിലുണ്ടായിരുന്ന ഒരു പ്രധാനനടൻ മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ കിടപ്പിലായി. മുടങ്ങിയ റിഹേഴ്‌സൽ കുറച്ച് ദിവസങ്ങൾക്കുശേഷം മറ്റൊരു നടനെ കിട്ടുമെന്നായപ്പോൾ തുടരാമെന്ന് കരുതി. എന്നാൽ, അപ്പോഴേക്കും സിനിമയിൽ ഭാഗ്യപരീക്ഷണത്തിനായി വിളിവന്ന അയാൾ നാടുവിട്ടു.

രാഘവൻ മാസ്റ്റർക്ക് പെരളശ്ശേരിയിൽ ‘പൗർണമി’ എന്ന പേരിൽ ഒരു നാടകസമിതിയുണ്ട്. പൗർണമിയിലെ ഒരു നടനെ ‘അനുപമ’യിൽ എത്തിച്ചു. ഒരു വേഷം മാസ്റ്റർതന്നെ കെട്ടും. മറ്റു രണ്ടുപേരെ പിന്നീട് ഏർപ്പാടാക്കി. എന്നാൽ, പ്രധാനകഥാപാത്രമായ നായികയെ ആര് അവതരിപ്പിക്കും എന്ന ചർച്ച നടന്നു. കുട്ട്യേടത്തി വിലാസിനി മതിയെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. എത്ര പണം മുടക്കിയും വിലാസിനിയെ കൊണ്ടുവരാൻ അവർ തയാറായിരുന്നു. കാരണം കുട്ട്യേടത്തി വിലാസിനിയുടെ താരമൂല്യം അത്രക്കുണ്ടായിരുന്നു. അവർ ഉണ്ടെന്നറിഞ്ഞാൽ കാണികൾ ഓടിക്കൂടും. എന്നാൽ പുതിയൊരു സമിതിക്കുവേണ്ടി അവർ അഭിനയിക്കുമോ എന്ന ആശങ്കയും ശ്രമിച്ചിട്ട് നടന്നില്ലെങ്കിൽ ഉണ്ടാകുന്ന സമയനഷ്ടവും ഓർത്തിട്ട് അവർ മറ്റൊരു നടിയെ അന്വേഷിച്ചു.

ഒടുവിൽ കണ്ണൂരിൽനിന്ന് ഒരു നടി വന്നു. റിഹേഴ്‌സൽ ആരംഭിച്ചു. എന്നാൽ, നടിക്കും അവരുടെ അമ്മക്കും നാടകത്തിലെ സംഭാഷണങ്ങളിൽ ചില വല്ലായ്മ തോന്നി. അമ്മ അത് തുറന്നുപറയുകയും ചെയ്തു. സംഭാഷണങ്ങൾ മാറ്റിയെഴുതിയാൽ അഭിനയിക്കാമെന്ന് അവർ പറഞ്ഞു. എന്നാൽ, ചെരുപ്പിനനുസരിച്ച് കാല് മുറിക്കില്ലെന്ന് പറഞ്ഞ് സമിതി അധ്യക്ഷൻ തലശ്ശേരി ബാലൻ സർവ ചെലവും നൽകി അവരെ മടക്കി അയച്ചു. പിന്നീട് മറ്റൊരു അറിയപ്പെടുന്ന നടിയെ കൊണ്ടുവന്നു. രണ്ടുദിവസത്തെ റിഹേഴ്‌സലിനുശേഷം തിരിച്ചുപോയ അവരുടെ ഒരു കത്ത് കിട്ടി. ഇത്തരം സംഭാഷണങ്ങൾ ഉള്ള നാടകത്തിൽ അഭിനയിക്കാൻ താൽപര്യമില്ല. ക്ഷമിക്കുമല്ലോ?

സത്യത്തിൽ അപ്പോഴേക്കും നാടകത്തിന്റെ നോട്ടീസും ടിക്കറ്റും അച്ചടിച്ചിരുന്നു. പരസ്യത്തിന്റെ കാര്യങ്ങളും മറ്റും നോക്കിയത് ചെറുവത്തൂരിൽ അധ്യാപകനായ ഒരാളായിരുന്നു. അങ്ങനെയിരിക്കെയാണ് കണ്ണൂരുള്ള ജ്യോതിലക്ഷ്മി എന്ന നടി തന്റെ ഭർത്താവിനൊപ്പം വന്ന് നാടകം വായിക്കുകയും അഭിനയിക്കാമെന്ന് പറയുകയും ചെയ്തത്. അതിനുശേഷം കാര്യങ്ങൾ പെട്ടെന്ന് മുന്നോട്ടു പോയി. റിഹേഴ്‌സൽ ക്യാമ്പിനിടയിൽ മജസ്റ്റിക് ഹോട്ടലിൽവെച്ച് ടിക്കറ്റ് വിൽപനയുടെ ഉദ്‌ഘാടനം നടന്നു.

തലശ്ശേരി മുനിസിപ്പൽ ചെയർമാനായ പി.കെ. ഉമ്മർകുട്ടി, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. വിശ്വനാഥന് ആദ്യടിക്കറ്റ് നൽകി. ടിക്കറ്റുകൾ സമിതി അംഗങ്ങൾ വ്യക്തിപരമായ ബന്ധങ്ങൾ ഉപയോഗിച്ചും കൂട്ടായി നടന്നും വിറ്റു. എന്നാൽ, ചെറുതല്ലാത്ത സംഭാവന പ്രതീക്ഷിച്ച് തലശ്ശേരിയിലെ ഒരു പ്രമുഖ ഡോക്ടറെ സമീപിച്ചപ്പോൾ നിരാശയോടെ മടങ്ങേണ്ടിവന്നതുപോലുള്ള അനുഭവങ്ങളും ഉണ്ടായി.

തലശ്ശേരി അന്നുവരെ കാണാത്തത്ര ഗംഭീരമായ പരസ്യമാണ് നാടകത്തിന് നൽകിയത്. നാടകപ്രേമികൾ ഉണ്ടെന്ന് കരുതുന്ന വിദൂരയിടങ്ങളിൽപോലും പരസ്യബോർഡുകൾ സ്ഥാപിച്ചു. ജീപ്പിൽ ഉച്ചഭാഷിണി കെട്ടി അനൗൺസ്‌മെന്റ് നടത്താൻ രാജേന്ദ്രൻ എന്ന ചുറുചുറുക്കുള്ളൊരു പയ്യനെ ഏർപ്പാടാക്കി. അരങ്ങേറാൻ പോകുന്ന മഹാസംഭവത്തെ വിശദീകരിച്ചുകൊണ്ട് നാട്ടിൽ നാടകനോട്ടീസ് പറന്നുനടന്നു. നഗരത്തിൽ വമ്പൻ ബോർഡ് സ്ഥാപിച്ചു. 1973 ഏപ്രിൽ 7 ശനിയാഴ്ച തലശ്ശേരി ബി.ഇ.എം.പി സ്‌കൂൾ ഗ്രൗണ്ടിൽ അതിഗംഭീരമായ വേദി ഉയർന്നു. കാണികൾക്കായി മൂവായിരത്തോളം കസേരകൾ തയാറാക്കി. അങ്ങനെ ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്നങ്ങളുടെ കപ്പൽ പതിയെ ജനസാഗരത്തെ തൊടാനൊരുങ്ങി.

അടുത്തൊരു ബെല്ലോടുകൂടി നാടകസമിതി അവസാനിക്കുന്നു!

ആ വേനൽദിനത്തിൽ അപ്രതീക്ഷിതമായി കാലാവസ്ഥ മാറി. മൂടിയ ആകാശം കാരണമായിരിക്കണം വിചാരിച്ചതുപോലെ കാണികൾ വന്നില്ല. മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് എത്തിയത് വെറും എണ്ണൂറോളം പേർ. രവിക്ക് സ്വാഭാവികമായ നിരാശക്കപ്പുറം മറ്റൊന്നും തോന്നിയില്ല. എന്നാൽ, തന്റെ അമ്മയും നാടകം കാണാൻ വന്നിരിക്കുന്നു എന്നതിൽ സന്തോഷിക്കുകയും ചെയ്തു. രാത്രിയാണെങ്കിലും അമ്മ, നാട്ടുകാരിയായ ശാരദ എന്നൊരു പെൺകുട്ടിയോടൊപ്പം വന്നിരിക്കുന്നു. അച്ഛൻ മരിച്ചതിന്റെ ഭാഗമായി കിട്ടാറുള്ള പെൻഷൻ വാങ്ങാനായി അമ്മ കുട്ടിയായിരുന്ന രവിയെയും കൂട്ടി തലശ്ശേരി താലൂക്ക് ഓഫിസിൽ പണ്ട് വരാറുണ്ട്.

അന്നൊരുനാൾ തലശ്ശേരി കോട്ടയുടെ കവാടത്തിന് ഇരുവശങ്ങളിലുള്ള പ്രതിരൂപങ്ങൾ ചൂണ്ടി, സത്യമെന്നോ നുണയെന്നോ ഉറപ്പില്ലാത്ത ഒരു കാര്യം പറഞ്ഞു, അത് ടിപ്പു സുൽത്താന്റെ രണ്ട് മക്കളാണ്. പ്രായമായവർക്കിടയിൽ അന്നങ്ങനെ പല കഥകളുമുണ്ടായിരുന്നു. തന്റെ ബാല്യകാലരാത്രികളിൽ ഉറങ്ങുംമുമ്പ് പതിഞ്ഞ ശബ്ദത്തിൽ അത്ഭുതങ്ങൾ നിറഞ്ഞ വടക്കൻപാട്ടുകൾ പാടിത്തന്നിരുന്ന ആ അമ്മ പറഞ്ഞതിലെ കഥയില്ലായ്മ പിടികിട്ടിയപ്പോഴേക്കും രവി തന്റെയുള്ളിൽ കഥകളുടെ കോട്ട പണിതു തുടങ്ങിയിരുന്നു. അറിയാതെയാണെങ്കിലും ഭാവനയുടെ ആകാശത്തിലേക്ക് വഴി തുറന്നുകിട്ടിയ, അക്ഷരങ്ങളിലേക്ക് അഭിമാനത്തോടെ ആനയിക്കപ്പെട്ട രവിക്കറിയാമായിരുന്നു, അമ്മ വരും.

നാടകം തുടങ്ങി. കാണികൾക്ക് ഇടക്കിടെ ചിരി പൊട്ടി. പരമേശ്വരയ്യർ എന്നൊരു അഭിഭാഷകന്റെ ഭാര്യ നാടകത്തിലെ ചില സംഭാഷണങ്ങൾ കേട്ടപ്പോൾ എഴുന്നേറ്റ് പോകാനൊരുങ്ങിയതും ഭർത്താവ് അവരെ പിടിച്ചിരുത്തിയതും രവി ചിരിയോടെ ഓർക്കുന്നു. അവസാനരംഗം കഴിഞ്ഞതോടെ കാണികൾ അൽപനേരം നിർത്താതെ കൈയടിച്ചു. അന്ന് രാത്രിതന്നെ ‘ശയനസൂത്രം’ രണ്ടാമത്തെ വേദിക്കായി ബുക്ക് ചെയ്യപ്പെട്ടു. കളമശ്ശേരി പ്രീമിയർ ടയേഴ്‌സ് ജീവനക്കാരുടെ റിക്രിയേഷൻ ക്ലബിന്റെ സെക്രട്ടറിയായ കെ. ജയരാജൻ നാടകം കാണാൻ വന്നിരുന്നു. അവരുടെ ക്ലബിന്റെ വാർഷികത്തിന് ഈ നാടകം വേണം.

ആദ്യ അവതരണത്തിന്റെ അന്നുതന്നെ അടുത്തവേദി കിട്ടിയതിൽ എല്ലാവരും സന്തോഷിച്ചു. കോഴിക്കോടിനപ്പുറത്തേക്ക് പോയി നാടകം കളിക്കുക എന്ന സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നു. എന്നാൽ, ആ സന്തോഷത്തിന് അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. വമ്പിച്ച പരസ്യങ്ങൾ നേട്ടമായി മാറുമെന്ന് കരുതിയത് തെറ്റിപ്പോയി. വരവും ചെലവും ഒത്തുപോയില്ലെന്ന് പൊടുന്നനെ ബോധ്യപ്പെട്ടു. വേദിയുടെയും സദസ്സിന്റെയും സജ്ജീകരണങ്ങളുടെ വാടക, റിഹേഴ്‌സൽ മുതൽ പരസ്യം വരെയുള്ള ചെലവുകൾ, നടീനടന്മാരുടെ പ്രതിഫലം ഒക്കെയും കഴിഞ്ഞപ്പോൾ ഒന്നും ബാക്കിയില്ലാതായി. മഴയുടെ ഭീഷണികൊണ്ട് ഗെയ്റ്റ് പാസ് ഉദ്ദേശിച്ചപോലെ വിറ്റുപോകാഞ്ഞത് തിരിച്ചടിയായി.

പക്ഷേ, സ്ഥിതി കൂടുതൽ വഷളാക്കിയത് വിൽക്കാനായി ഒരുപാട് ടിക്കറ്റ് വാങ്ങി പണവുമായി കടന്നുകളഞ്ഞ കൂട്ടാളിയാണ്. പരസ്യത്തിന്റെ ചുമതല വഹിച്ചിരുന്ന ആ അധ്യാപകൻ അങ്ങനൊരു ചതി ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അയാൾ നാടകത്തിന്റെ അന്നും സദസ്സിലേക്കുള്ള ഗെയ്റ്റിന് കുറച്ച് ദൂരെ മാറിനിന്ന് ടിക്കറ്റ് വിറ്റ് പണം സമ്പാദിച്ചിരുന്നു. കള്ളൻ എന്ന വാക്കിന്റെ അർഥവും അക്ഷരവും പഠിപ്പിക്കാൻ മാത്രമേ അറിയുകയുള്ളൂവെങ്കിലും അയാളെയും നാം അധ്യാപകൻ എന്നുതന്നെ വിളിക്കണമല്ലോ.

സാമ്പത്തിക ബാധ്യത വന്നതോടെ അണിയറക്കാരിൽ പലരും പലപാട് പിരിഞ്ഞുപോയി. പിന്നീട് കുറച്ചെങ്കിലും പണം ശേഖരിക്കാൻ ആർക്കുമായില്ല. പണമുള്ളവർ സഹായിച്ചതുമില്ല. ചുരുക്കത്തിൽ രണ്ടാമത്തെ വേദിയായ കളമശ്ശേരിയിലേക്ക് ‘ശയനസൂത്രം’ പോയില്ല. അങ്ങനെ ആർഭാടമായൊരു സ്വപ്നത്തിന്റെ കപ്പൽ ദുർവിധിയുടെ മഞ്ഞുമലയെ ചുംബിച്ചു. ‘അനുപമ’ തിയറ്റേഴ്‌സ് പൊളിഞ്ഞുപോയി. രവി പിന്നെയും തനിച്ചായി. കുറച്ച് മാസങ്ങളായി തന്നെ ചൂഴ്ന്നുനിന്ന അഭിനേതാക്കളുടെ സംഭാഷണങ്ങൾ, കൂട്ടുകാരുടെ ചർച്ചകൾ, പരസ്യവിളംബരങ്ങൾ, വിയർപ്പുഗന്ധമുറ്റിയ കിതപ്പിന്റെ താളങ്ങൾ ഒക്കെയും പൊടുന്നനെ മാഞ്ഞുപോയി. ‘അനുപമ’ തിയറ്റേഴ്‌സിനെ സംബന്ധിച്ച് അതിന്റെ ആദ്യനാടകത്തിന്റെ അവസാനരംഗം കഴിഞ്ഞപ്പോൾ കേട്ട കൈയടി ക്രൂരമായൊരു ഭരതവാക്യമായിരുന്നെങ്കിൽ, രവിക്കത് എന്നെന്നും ഹൃദയത്തിന്റെ ചില്ലുഭരണിയിൽ സൂക്ഷിക്കാൻ കാലം കനിഞ്ഞു നൽകിയ പുരസ്‌കാരമായിരുന്നു.

നരിയെ പോറ്റിയാൽ നഖംകൊണ്ടെങ്കിലും മുറിയും

രവി ആഗ്രഹിച്ചതുപോലെ ‘അനുപമ’ തിയറ്റേഴ്‌സ് കോഴിക്കോട്ടേക്കോ അതിനപ്പുറത്തേക്കോ പോയില്ല. മാസങ്ങളുടെ പ്രയത്നം വെറുതെയായി. എന്റെ കാലദോഷമെന്ന് ഉദാസീനനായി അയാൾ വീണ്ടും ബ്രഷ് കൈയിലെടുത്തു. സ്വപ്നസാഫല്യത്തിന് പണവുമായാണ് ബന്ധമെന്ന് ബോധ്യപ്പെട്ട രവി, താനെഴുതിയ ഒരു നാടകവും ഇനിമേൽ അരങ്ങേറില്ലെന്ന് ഉറപ്പിച്ചു. ഒരു കഥയും ആരും വായിച്ചില്ലെന്നുംവരും. പക്ഷേ, തന്റെ ഓർമകളെയും അനുഭവങ്ങളെയും മറവിയിൽ കുഴിച്ചിടാൻ മനസ്സുവന്നില്ല.

കഥയായി രൂപപ്പെടാൻ സാധ്യതയുള്ളൊരു ആശയം മനസ്സിൽ വന്നാൽ, ഒരു പുസ്തകത്തിൽ കുറഞ്ഞ വാക്കിൽ കുറിച്ചിടും. ആ പുസ്തകത്തെ ‘അമീബ’ എന്ന് പേരിട്ടുവിളിച്ചു. ആ ആശയം തെല്ലൊന്ന് വികസിച്ചാൽ മറ്റൊരു പുസ്തകത്തിൽ കുറിച്ചിടും. അതിന് ‘വിത്തുപുസ്തകം’ എന്ന് പേരിട്ടു. വിത്ത് മുളച്ച് ഒരു കഥയായാൽ അതിനെ മൂന്നാമതൊരു പുസ്തകത്തിലേക്ക് പകർത്തും. അത് ‘സൃഷ്ടിപുസ്തകം’!

എഴുത്താണ് തന്റെ വഴി എന്ന ബോധ്യത്തിന് ഒരു മാറ്റവും വന്നില്ല. ചില കഥകളും നാടകങ്ങളും എഴുതി പൂർത്തിയാക്കി. ആർക്കും വേണ്ടിയല്ല. വെറുതെ മനസ്സിന്റെ തുടിപ്പ് തീർക്കാൻ. പുതിയൊരു നാടകം എഴുതിയ വിവരമറിയിച്ച് പി.കെ. രാഘവൻ മാസ്റ്റർക്ക് കത്തയച്ചു. നാടകത്തിന്റെ പേര് കണ്ട് ആവേശഭരിതനായ മാസ്റ്റർ അനുമോദിച്ചുകൊണ്ട് മറുപടി എഴുതി.

എന്നാൽ, മാസ്റ്ററുടെ അപ്രതീക്ഷിതമായ മരണം രവിയെ തളർത്തി. പിന്നീട് കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സാധാരണ മനുഷ്യന്റെ നിഷ്കളങ്കമായ മോഹം എന്ന നിലയിൽ ആയിടെ എഴുതിയ ഒരു കഥ പ്രസിദ്ധീകരിച്ചു കാണാൻ തലശ്ശേരിയിലും കണ്ണൂരുമുള്ള ചില പ്രസാധകരെ കണ്ടു. താൻ പെയിന്റിങ് ജോലിയിലായിരിക്കുമ്പോൾ അവധിയിൽ പ്രവേശിക്കാറുള്ള കാലദോഷം അപ്പോഴേക്കും അവധി കഴിഞ്ഞെത്തി. കോഴിക്കോടുള്ള ഒരു പ്രസിദ്ധീകരണശാലയെ സമീപിച്ചപ്പോൾ ഒരു വർഷം കാത്തുനിൽക്കാനാണ് പറഞ്ഞത്.

പിന്നീട് ‘ശയനസൂത്രം’ എങ്ങനെയെങ്കിലും പ്രസിദ്ധീകരിക്കാനാകുമോ എന്നുനോക്കി. അതിനായി വടകരയിലെത്തി പുനത്തിൽ കുഞ്ഞബ്ദുള്ളയെ കണ്ട് സംസാരിച്ചു. അദ്ദേഹം രവിയെ സാഹിത്യ പ്രവർത്തക സഹകരണ സംഘം അധ്യക്ഷനായിരുന്ന എസ്.കെ. പൊറ്റെക്കാട്ടിന്റെ അടുക്കലേക്ക് അയച്ചു. എസ്.കെ ആ കൃതി അനുഭാവപൂർവം കൈപ്പറ്റുകയും ഒരാഴ്ച കഴിഞ്ഞുവരാനും പറഞ്ഞു.

പിന്നീട് പോയപ്പോൾ, പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതി സംഘത്തിന് ഉണ്ടെന്നും അതുകൊണ്ട് ഈ കൃതി തങ്ങളുടെ പ്രസിദ്ധീകരണ വിഭാഗത്തിന് അയക്കാമെന്നും പറഞ്ഞു. കുറേദിവസങ്ങൾ കഴിഞ്ഞ് അതിന്റെ വിധി അറിയാൻ റേഡിയോ സ്റ്റേഷൻപോലും തുറക്കും മുമ്പ് രവി തലശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് വണ്ടികയറി. അവിടെ എത്തിയപ്പോഴേക്കും, കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മരണവിവരമറിഞ്ഞ എസ്.കെ കോട്ടയത്തേക്ക് പോയെന്ന് അറിഞ്ഞു.

എപ്പോഴും ഇതിനുപിന്നാലെ നടക്കാനുള്ള പാങ്ങും പണവുമില്ല. തന്റെ ഒരു കഥയും ‘സൃഷ്ടിപുസ്തക’ത്തിനപ്പുറത്തേക്ക് പോകില്ലെന്ന സങ്കടത്തോടെ രവി, കാലദോഷം എന്ന അദൃശ്യ സ്നേഹിതനൊപ്പം വീട്ടിലേക്ക് മടങ്ങി. എല്ലാം മടുത്ത് ബ്രഷുമായി വീണ്ടുമിറങ്ങി. അപ്പോഴും വായിക്കാനായി എന്നും സമയം കണ്ടെത്തി. ഒരിക്കൽ മടുപ്പ് മാറിയപ്പോൾ തന്റെ നാടകത്തിന്റെ കൈയെഴുത്ത് പ്രതിയും അതിന്റെ നോട്ടീസും അടക്കം ഒരു കത്ത് കോഴിക്കോട്ടെ ‘ചിരന്തന’യിലേക്ക് അയച്ചു. നേരിട്ട് വരാൻ കുറേദിവസങ്ങൾ കഴിഞ്ഞപ്പോൾ മറുപടി കിട്ടി. ഒരുദിവസം പോയപ്പോൾ ഓഫിസ് അടഞ്ഞുകിടക്കുകയായിരുന്നു.

കുറേനാളുകൾക്കുശേഷം വീണ്ടും പോയി. അന്ന് മാധവിക്കുട്ടി എഴുതിയ ‘മാധവിവർമ’ എന്ന നാടകത്തിന്റെ റിഹേഴ്‌സൽ നടക്കുകയാണ്. ചിരന്തന പത്തിലേറെ അഭിനേതാക്കൾ ഉള്ള നാടകസമിതിയാണെന്നും അഞ്ച് കഥാപാത്രങ്ങൾ മാത്രമുള്ള നാടകങ്ങൾ കളിക്കാൻ പ്രയാസമുണ്ടെന്നും സമിതി സെക്രട്ടറി പറഞ്ഞു. സഹൃദയനായ ആ മനുഷ്യൻ രവിയുടെ മുന്നിൽ ഒരു നിർദേശം വെച്ചു. ഞങ്ങൾ തരുന്ന ആശയം ഒരു നാടകമായി എഴുതിത്തരാമോ? എന്തോ രവിക്ക് അത് കഴിയുമെന്ന് തോന്നിയില്ല. മടങ്ങി. തന്നോട് അലിവോടെ സംസാരിച്ച ആ സെക്രട്ടറി മുമ്പ് കണ്ടിട്ടില്ലാത്ത, എന്നാൽ താൻ ആദരവോടെ കേട്ടറിഞ്ഞ ഇബ്രാഹിം വേങ്ങരയാണെന്ന് പിന്നീടാണ് മനസ്സിലായത്.

വേദിയിൽ അവതരിപ്പിക്കാനായി എഴുതിയ നാടകം പൊറ്റെക്കാട്ടിന് കൊടുക്കാനായി രവി കടലാസിൽ വീണ്ടും എഴുതുകയായിരുന്നു. ചിരന്തനയിലേക്ക് അയക്കാൻ പിന്നെയും എഴുതി. ആയിടെ ഡൽഹി മലയാളം അസോസിയേഷന് അവതരിപ്പിക്കാൻ നാടകം ക്ഷണിക്കുന്നു എന്ന പത്രവാർത്ത കണ്ടപ്പോൾ ഒരിക്കൽക്കൂടി എഴുതി അയച്ചു. തന്റെ പ്രയത്നങ്ങളൊക്കെ വെറുതെയാകുമ്പോഴും കഠിനാധ്വാനം ചെയ്യണമെന്ന തീർച്ചയോടെയാണ് രവി എന്നും ജീവിച്ചത്. അതുകൊണ്ടാണല്ലോ, പുസ്തകങ്ങളും പേനകളും നിറഞ്ഞ തന്റെ മേശമേൽ ഒരു കടലാസുതുണ്ടിൽ ഹെൻ റി ടെയ്ലറുടെ ഈ വാചകം എഴുതി ഒട്ടിച്ചിരിക്കുന്നത്: ‘‘ജീവിച്ചിരിക്കുന്ന മനുഷ്യന്റെ ശവസംസ്കാരമാണ് അലസത.’’ ‘‘നരിയെ പോറ്റിയാൽ നഖംകൊണ്ടെങ്കിലും മുറിയും’’ എന്നത് രവിയുടെ നാടകത്തിലെ ഒരു സംഭാഷണമാണ്.

കാര്യങ്ങളൊന്നും വിചാരിച്ചപോലെ നടക്കാത്തപ്പോഴും, അക്ഷരങ്ങളെ ഹൃദയത്തിൽ പോറ്റിയാൽ ‘ചില്ല്’ കൊണ്ടെങ്കിലും മുറിയും എന്നോർത്ത് രവി ചിരിച്ചു. എഴുതുന്നത് എന്തിനാണെന്ന് ചോദിച്ചാലും രവി ചിരിക്കും. എഴുതാതിരിക്കാൻ കഴിയില്ലെന്നു മാത്രമറിയാം. വാക്കുകൾ ഉള്ളിൽനിന്ന് ഒഴുകിവരുമ്പോഴും കലയുടെ ആത്മാവ് സംക്ഷിപ്തതയാണെന്ന തിരിച്ചറിവ് മാത്രംതന്നെ നിയന്ത്രിക്കുന്നു. ഏതു ഋതുവിലും പൂക്കുന്ന മരങ്ങളും ഭൂമിയിൽ ഉണ്ടായേക്കാമെന്ന അറിവ് പകരുന്നു. അപരിമേയമായ വനാന്തരങ്ങളിൽ വൻ വൃക്ഷജാലത്തിനിടയിൽ ആരുമതിനെ കണ്ടെത്തിയില്ലെങ്കിലും.

‘‘ശാ’’

അരീക്കോട്ടെ തന്റെ ബാല്യകാലത്ത് രവി ലൈബ്രറിയിൽനിന്നും ഒരുപാട് പുസ്തകങ്ങളെടുത്ത് വായിച്ചിട്ടുണ്ട്. ഒരിക്കൽ ചന്തുമേനോന്റെ ‘ശാരദ’ എന്ന നോവൽ രാത്രിയിൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ വായിക്കുമ്പോൾ തലക്ക് അമ്മാവന്റെ അടി വീണു. പാഠപുസ്തകം വായിക്കേണ്ട നേരത്ത് നോവൽ വായിച്ചതിന്. ചന്തുമേനോൻ എഴുതി മുഴുമിപ്പിക്കാത്ത നോവലായിരുന്നു ‘ശാരദ’. എന്നാൽ, അദ്ദേഹം എത്ര എഴുതിയോ അത്രയും അമ്മാവന്റെ കണ്ണുവെട്ടിച്ച് രവി വായിച്ച് മുഴുമിപ്പിച്ചു.

കുറെ വർഷങ്ങൾക്കുശേഷം, ‘അനുപമ’ തിയറ്റേഴ്‌സിന്റെ പതനത്തിനും ശേഷം, ബ്രഷും പെയിന്റുമായി ചുമരുകളിലൂടെ ഞാന്നുനടക്കുന്ന കാലത്താണ് തന്റെ ആത്മകഥക്കും ഒരു നായിക വേണമല്ലോ എന്ന ചിന്തയുണ്ടായത്. അപ്പോഴേക്കും അനിയന്റെ വിവാഹം കഴിഞ്ഞ് ഏഴ് വർഷങ്ങളായിരുന്നു. 1977ൽ തന്റെ നാട്ടിൽതന്നെയുള്ള ഒരു പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹക്കാര്യം പറഞ്ഞു.

പെൺകുട്ടിക്ക് സമ്മതം. അവൾ മികച്ചൊരു വായനക്കാരികൂടിയായിരുന്നു. തമ്മിൽ ഇടക്കൊക്കെ കാണാറുള്ള കുട്ടിയായിരുന്നെങ്കിലും കണ്ടപ്പോഴൊന്നും അതിന് മറ്റൊരർഥമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ, തന്റെ ആദ്യനാടകം അവതരിപ്പിക്കപ്പെട്ട രാത്രിയിൽ അമ്മയോടൊപ്പം വന്ന ശാരദ എന്ന പെൺകുട്ടിയെ ഒളികണ്ണാൽ നോക്കിനോക്കി നാടകം ആസ്വദിക്കാൻ പറ്റാതിരുന്നേനെ!

ചെറിയമട്ടത്തിലായിരുന്നു വിവാഹം. താലി കെട്ടിയില്ല. പരസ്പരം ഒരുപൊട്ട് പൊന്നിന്റെ മോതിരം അണിയിച്ചു. രവിയും ശാരദയും പ്രണയിച്ചതേയില്ല. തന്റെ കഥകളുടെ ആദ്യ ആസ്വാദക ശാരദയായിരുന്നു. ചിലപ്പോൾ താൻ വായിച്ചുകേൾപ്പിക്കും. ചിലപ്പോൾ സ്വയം വായിക്കും. രവി എന്തിനെഴുതുന്നു എന്ന് ആർക്കുമറിയില്ലെങ്കിലും ശാരദക്കറിയാമായിരുന്നു. ഒരിക്കൽ രവി ജോലി കഴിഞ്ഞുവന്നപ്പോൾ ശാരദ ഒരു കടലാസ് വെച്ചുനീട്ടി. ‘നിർമല’ എന്ന പേരിൽ അവളെഴുതിയ ഒരു കഥ! ഒഴിവുനേരങ്ങളിൽ എഴുതിയും വായിച്ചും അവർ കൽപനകളുടെ ചക്കരച്ചോറുണ്ടു.

തെക്കെമുറിയിൽ അക്ഷരങ്ങളെ പെറ്റ് വാക്കായും വാക്കിന്റെ പരമാർഥമായും പോറ്റി. തന്റെ ജീവിതത്തിൽ ശാരദ വന്നില്ലായിരുന്നെങ്കിൽ ഭൂമിയിൽ പല പുഴകളുണ്ടെന്ന് രവി കരുതിയേനെ. ഭൂമിയിൽ പലതരം കാറ്റ് വീശുന്നു എന്നും പല സുഗന്ധം പരക്കുന്നു എന്നും തെറ്റിദ്ധരിച്ചേനെ. എന്നാൽ, ഒരൊറ്റ ആത്മാവുമായി ദൈവം ഭൂമിയിൽ ഇറക്കിവിട്ട രണ്ടു മനുഷ്യർ കണ്ടുമുട്ടിയപ്പോൾ സംശയങ്ങൾ നീങ്ങി. അവർ തമ്മിൽ പ്രേമിച്ചതേയില്ല, അവർതന്നെ പ്രേമമായിരുന്നു.

ജോലിക്കിടയിൽ എഴുതാനും എഴുതിയത് പ്രസിദ്ധീകരിക്കാനുമുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. എത്ര എഴുതിയിട്ടും ഒന്നും ശോഭിക്കാതെ വന്നപ്പോൾ ആരോ പറഞ്ഞതിൻപ്രകാരം രവിയെ മാനു ഗുരുക്കൾ എന്നൊരു ജ്യോത്സ്യന്റെ അടുക്കലേക്ക് ശാരദ കൂട്ടിക്കൊണ്ടുപോയി. രവിക്കത് വലിയ കാര്യമായി തോന്നിയില്ല. കുറച്ചുകാലം മുമ്പ് ശ്രീധരൻ എന്നൊരു സർക്കസ് കലാകാരൻ മാനു ഗുരുക്കളെ കണ്ടതിന്റെയും അയാളുടെ കാലദോഷം മാറാനുള്ള വഴികൾ പറഞ്ഞുകൊടുത്തതിന്റെയും കഥ നാട്ടിൽ ഉണ്ടായിരുന്നു.

ആ സർക്കസ് കലാകാരനാണ് പിന്നീട് പ്രശസ്ത സർക്കസ് ചരിത്രകാരനും എഴുത്തുകാരനുമായ ശ്രീധരൻ ചമ്പാടായി മാറിയത്. ജോലിയെന്താണെന്ന് ജ്യോത്സ്യൻ ചോദിച്ചപ്പോൾ പെയിന്റിങ് ആണെന്ന് രവി പറഞ്ഞു. അതിൽ എന്താണിത്ര ശോഭിക്കാനുള്ളത് എന്നാണ് ജ്യോത്സ്യൻ തിരിച്ചു ചോദിച്ചത്. നാടകവും മറ്റും എഴുതാറുണ്ട് എന്നറിയിച്ചപ്പോൾ കവിടി നിരന്നു. ഇപ്പോൾ ഒരു മൂടൽമഞ്ഞിൽ പെട്ടിരിക്കുകയാണ്, മഞ്ഞുമാറും, വെളിയിൽവരും. ജ്യോത്സ്യൻ പറഞ്ഞു. ചില പ്രാർഥനകളും നിർദേശിച്ചു. രവിക്ക് ഒരു താൽപര്യവും തോന്നിയില്ല.

എല്ലാം നേരെയാകും, രാത്രിയിൽ അടുപ്പിലെ തീയുടെ വെളിച്ചത്തിലും പുസ്തകം വായിക്കാറുള്ള ശാരദയുടെ വാക്കുകൾ മാത്രം രവിക്ക് ആശ്വാസമായി. 1980ൽ സാഹിത്യവുമായി ബന്ധപ്പെട്ട എല്ലാ സ്വപ്നങ്ങളെയും തന്റെ ഒരേയൊരു വായനക്കാരിയെയും നാട്ടിൽ ഉപേക്ഷിച്ച് രവി ബോംബെയിലേക്ക് തീവണ്ടി കയറി. അവിടെയും പെയിന്റിങ് പണിതന്നെ. പക്ഷേ, നാട്ടിൽ ദിവസക്കൂലി പത്ത് രൂപയാണെങ്കിൽ അവിടെ നാൽപത് രൂപ. ആദ്യമാദ്യം ആഞ്ഞുപണിയെടുത്തു. പണം സമ്പാദിച്ചു.

ആഴ്ചയിൽ അഞ്ചും ആറും കത്തുകൾ ശാരദയിൽനിന്ന് രവിക്ക് വന്നു.‘ശാ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തുകൾ വീട്ടിലേക്കും പോയി. പരസ്പരം മുഴുമിപ്പിക്കേണ്ടവർ തമ്മിലുള്ള അഭിസംബോധനകൾ മുഴുമിപ്പിക്കുന്നതെന്തിന്? ഒരിക്കൽ രവി അയച്ച കത്തിൽ ‘ശാര’ എന്ന വാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘ശാര’ എന്നുമാത്രം ഒരു നൂറുതവണ. അതോ ആയിരമോ? ബോംബെയിൽനിന്നും അണമുറിയാതെ ഒഴുകിയ ആ രണ്ടക്ഷരങ്ങൾ ഏതോ പ്രണയകവിതയിലെ ദ്വയാക്ഷര ഛന്ദസ്സായി തലശ്ശേരിയിൽ വിവർത്തനം ചെയ്യപ്പെട്ടു.

ബോംബെയിൽ താൻ കണ്ട കാഴ്ചകളും അനുഭവങ്ങളും അമീബയായി, വിത്തായി സൃഷ്ടിയായി പകർത്തിയെഴുതി. ഒന്നിനുമല്ല, സ്വയം തൃപ്തിപ്പെടുത്താൻ മാത്രം. ഒരു നോവലും എഴുതിത്തുടങ്ങി. അക്കാലത്ത് ബോംബെയിൽ തിമർത്ത് പെയ്ത മഴ ജോലിയെ ബാധിച്ചു. പണി കുറഞ്ഞെങ്കിലും കുറച്ചുകാലംകൂടി പിടിച്ചുനിന്നു. 1984ന്റെ ഒടുവിൽ ബോംബെയിൽനിന്ന് മടങ്ങി. നാട്ടിലെത്തിയതോടെ ചായം നിറച്ച പാത്രങ്ങളുമായി വീണ്ടും ചുവരുകളിൽനിന്ന് ചുവരുകളിലേക്ക് പോയി.

രണ്ടുപേർ മാത്രമുള്ളൊരു ഉത്സവമായിരുന്നു, അവരെ സംബന്ധിച്ച് ജീവിതം. സന്തോഷം എഴുന്നെള്ളുന്നതും ദുഃഖനാടകം അരങ്ങേറിയതും ദാരിദ്ര്യം മുച്ചീട്ട് കളിക്കാൻ ക്ഷണിച്ചതും അവർ നിഷ്കളങ്കമായി ആസ്വദിച്ചു. കഷ്ടപ്പാടും ദാരിദ്ര്യവും സഹിക്കാൻ ശാരദ തയാറായിരുന്നു. എന്നാൽ, എഴുത്തിനുവേണ്ടി രവി നടത്തിയ കഠിനശ്രമങ്ങളെ ഒരുവേള ശാരദക്കുപോലും എതിർക്കേണ്ടിവന്നു. എന്തുകിട്ടി, ഇങ്ങനെ ഉറക്കം കളഞ്ഞ് എഴുതിക്കൂട്ടിയിട്ട്? എന്നാൽ ചെടിയോട് പൂക്കരുതെന്ന് പറയാം. പക്ഷേ രവിയോട് എഴുതരുതെന്ന് എങ്ങനെ പറയും? ശാരദക്കും അത് അറിയില്ലായിരുന്നു. ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ എഴുതാനിരിക്കുമ്പോഴും എഴുതിക്കഴിയുമ്പോഴും അനുഭവിക്കുന്ന തണുപ്പായിരുന്നു സത്യത്തിൽ ജീവിതത്തെ മുന്നോട്ടു നയിച്ചത്.

ഒടുവിൽ ഒരു പുസ്തകം

ആദ്യ പുസ്തകം അച്ചടിച്ചുവരാൻ എഴുപത് വയസ്സുവരെ രവിയേട്ടന് കാത്തിരിക്കേണ്ടിവന്നു. 2011ൽ ‘ശയനസൂത്രം’ എന്ന നാടകം തലശ്ശേരിയിലെ ഓപൺ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. അതിനും രണ്ടുവർഷം മുമ്പാണ് രവിയേട്ടൻ പെയിന്റിങ് ജോലി നിർത്തിയത്. ഓപൺ ബുക്സിന്റെ ഉടമ പി.കെ. രാജേന്ദ്രനെ സംബന്ധിച്ച് രവിയേട്ടന്റെ പുസ്തകം അച്ചടിക്കുക എന്നത് ഒരു നിയോഗമായിരുന്നു. 1973ൽ നാടകാവതരണത്തിന്റെ വേളയിൽ നാടുനീളെ ജീപ്പിൽ അനൗൺസ്‌മെന്റ് നടത്തിയ രാജേന്ദ്രൻ എന്ന പയ്യന് രവിയേട്ടനോടുള്ള ആദരവും.

കപടസദാചാരികളായ മനുഷ്യർ മറ്റുള്ളവരുടെ മുന്നിൽ വിശുദ്ധരെന്ന് കാണിക്കാൻ നടത്തുന്ന നാട്യങ്ങളെയാണ് ഈ നാടകം പരിഹസിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ആരും ജയിക്കരുതാത്ത ഒരു മത്സരത്തിന്റെ കഥയാണിതെന്ന് രവിയേട്ടൻ പറയുന്നത്. ഇന്നൊരു പുസ്തകം അച്ചടിച്ചുവരാൻ ഒരു പ്രയാസവുമില്ല. ഒരു നാടകസമിതി തകരുന്നത്ര എളുപ്പത്തിൽ അത് സാധ്യമാകും. അക്ഷരസിദ്ധിയെന്ന അപൂർവ വരം ലഭിച്ചിട്ടും പൂ പറിക്കുന്ന ലാഘവത്തിൽ പുസ്തകമിറക്കാൻ കഴിയുന്ന കാലത്തേക്ക് ആരാണ് നിങ്ങളെ നീക്കിനിർത്തിയത് എന്നുചോദിച്ചാൽ എന്നത്തെയുംപോലെ ഇതൊക്കെയും ഒട്ടും പ്രധാനപ്പെട്ടതല്ലെന്ന് രവിയേട്ടൻ ഉദാസീനനാകും.

പുസ്തക പ്രകാശനം എന്നൊരു ചടങ്ങ് നടന്നില്ല. ഇങ്ങനൊരു പുസ്തകം ഇറങ്ങിയെന്ന് ചില കൂട്ടുകാർ അറിഞ്ഞു. പ്രസാധകർ ആ പുസ്തകം ചില നാടകഗവേഷകർക്കും മറ്റും അയച്ചുകൊടുത്തു. അത്രമാത്രം. ഒരു കൂട്ടുകാരന് വായിക്കാൻ കൊടുത്തപ്പോൾ എല്ലാ രംഗങ്ങളും ഒരുപോലിരിക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. ശരിയായിരിക്കാം, ഈ കൃതിയിൽ ധിഷണയെത്താത്ത വിടവുകളും പഴുതുകളും കണ്ടേക്കാമെന്നും അരനൂറ്റാണ്ടുമുമ്പത്തെ അതിന്റെ രാഷ്ട്രീയകൃത്യത കാലാന്തരത്തിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും രവിയേട്ടൻതന്നെ വിലയിരുത്തുന്നു.

എന്നാൽ, ശാരദമാത്രം ആ പുസ്തകം ഒരു ഉത്സവംപോലെ ആഘോഷിച്ചു. നാടകം കണ്ടിട്ടുണ്ടെങ്കിലും കൈയെഴുത്തു പ്രതി വായിച്ചിട്ടുണ്ടെങ്കിലും അച്ചടിമഷി തീർത്ത ആ അക്ഷരങ്ങൾ ഒരിക്കൽക്കൂടി കണ്ണുകളാൽ ഹൃദയത്തിലേക്ക് പതിയെ പതിയെ എടുത്തുവെച്ചു. പുസ്തകമൊന്നും അച്ചടിച്ചില്ലെങ്കിലും താനൊരു എഴുത്തുകാരനാണെന്ന് രവിയേട്ടന് അറിയാം. ഒരു വായനക്കാരി മാത്രമേ ഉള്ളൂവെങ്കിലും അതിനപ്പുറം മറ്റൊന്നും തനിക്ക് അഭിമാനം കൊണ്ടുവരാനില്ലെന്നും.

സൗമ്യതയുടെ സൃഷ്ടിപുസ്തകം

ഇപ്പോൾ പ്രായം എൺപത് പിന്നിട്ടിരിക്കുന്നു രവിയേട്ടന്. പതിറ്റാണ്ടുകളായുള്ള സാഹിത്യപ്രവർത്തനം എന്നനിലയിൽ ഇന്നും വായന തുടരുന്നു. പത്രവാർത്തകളെന്നോ കഥകളെന്നോ നിഘണ്ടുവെന്നോ വേർതിരിവില്ലാതെ. പുലർച്ചെ അഞ്ചുമണിയോടെ അത് തുടങ്ങും. ദൈവത്തിന്റെ പ്രമാണമെന്നപോലെ ശബ്ദതാരാവലി കൈയിലെടുത്ത് ഏതെങ്കിലും താൾ തുറന്ന് വാക്കുകളും അതിന്റെ അർഥവിവരണവും വായിക്കും. സസ്യാഹാരിയാണെന്ന് മാത്രമല്ല ചായയും കാപ്പിയുംപോലും കുടിക്കാറില്ല. നഖം കടിക്കാറുണ്ടോ എന്ന് കുസൃതി ചോദിച്ചപ്പോൾ സ്വൽപം കുനിഞ്ഞ മുതുകുയർത്തി അതിശയത്തോടെ നോക്കി. എന്നിട്ട് എഴുത്തല്ലാതെ മറ്റൊരു ദുശ്ശീലവുമില്ലെന്ന് നിർമലമായി ചിരിച്ചു.

മിക്കദിവസവും വൈകിട്ട് തലശ്ശേരിയിലേക്ക് ഇറങ്ങും. പണ്ട് കടൽ കടത്തിക്കൊണ്ടുപോകാനായി ബ്രിട്ടീഷുകാർ സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിച്ചുവെച്ച കോട്ടയുടെയും ഏതോ ആഫ്രിക്കൻ നാടോടിക്കഥയിൽനിന്നെന്നവണ്ണം വിത്തുവീണ് മുളച്ചുയർന്ന പാതവക്കിലെ ബായൊബാബ് മരത്തിന്റെയും ഓരത്തുകൂടി നടക്കും. ബി.ഇ.എം.പി സ്‌കൂളിന് സമീപത്തുള്ള പുസ്തകശാലയിൽ പോയി സ്നേഹിതർ പറയുന്ന തമാശകൾ കേട്ടിരിക്കും. നഗരത്തിൽ പാഞ്ഞും പറന്നും പോകുന്ന മനുഷ്യരെ കാണും. ആർക്കും കടത്തിക്കൊണ്ടുപോകാനാകാത്തവിധം ഹൃദയത്തിൽ സൂക്ഷിച്ചുവെച്ച സ്വരവ്യഞ്ജനങ്ങളുമായി സന്ധ്യക്ക് മുന്നേ പതിയെ വീട്ടിലേക്ക് മടങ്ങും. രാത്രി ടി.വിയിൽ കുട്ടികളുടെ പാട്ട് കേൾക്കും.

രവിയേട്ടന്റെ ചെറിയ മുറിയിലെ അലമാര നിറയെ പുസ്തകങ്ങളാണ്. മേശമേലും പുസ്തകങ്ങളുടെ ഒരു കൂമ്പാരം കാണാം. അതുകൂടാതെ വിവിധതരം പേനകൾ, പെൻസിലുകൾ, റേഡിയോ, മാർക്കർ, വൈറ്റ്നർ, കത്രിക, ഇൻസുലേഷൻ ടേപ്പ്, മൊട്ടുസൂചി, പശ, ടോർച്ച്, സ്റ്റേപ്ലർ, പേപ്പർ പഞ്ച്, പേപ്പർ ക്ലിപ്പ് അങ്ങനെ ഒരുപാട് പൊട്ടുപൊടികൾ വേറെയും. അതിന്റെ ഒരറ്റത്ത് ഇത്തിരി സ്ഥലമുണ്ടാക്കിയാണ് എഴുതാറുള്ളത്. മറ്റൊരു പെട്ടിയിൽ രവിയേട്ടൻ എഴുതിക്കൂട്ടിയ കൃതികളുടെ കൈയെഴുത്തുപ്രതികളും നാടകനോട്ടീസും ടിക്കറ്റുകളും മറ്റും ഉണ്ട്.

 

അരനൂറ്റാണ്ടായി താൻ സൂക്ഷിച്ചുവെച്ച ആ കൈയെഴുത്തുപ്രതികൾ, പരീക്ഷ ജയിച്ച തന്റെ കുഞ്ഞിനെയെന്നപോലെ രവിയേട്ടൻ പരിചയപ്പെടുത്തി. അതിൽ പൂർത്തിയായ കഥകൾ ഉണ്ട്. പാതി നിർത്തിയതുണ്ട്. ഏകകോശ ജീവികളുമുണ്ട്. പക്ഷേ, ആ മുറിയിൽ ഇന്നേതൊരു മലയാളിയുടെ വീട്ടിലും സുലഭമായി കാണാറുള്ള ഏതെങ്കിലും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകാരോ കലാ സാംസ്കാരിക കേന്ദ്രങ്ങളോ നൽകിയ ഒരു ഫലകമോ പൊന്നാടയോ കണ്ടില്ല.

പണ്ടെങ്ങോ അമ്മാവൻ അരീക്കോടുനിന്ന് കൊടുത്തയച്ച വീട്ടിയിൽ തീർത്ത കട്ടിലിന് മുകളിലും പുസ്തകശേഖരമാണ്. അവ തങ്ങളുടെ ഉടമക്കായി സ്വൽപം ഇടം ഒഴിച്ചിട്ട് കിടക്കുന്നു. കട്ടിലിന്റെ മേൽക്കട്ടിയിൽ തൂങ്ങിക്കിടന്ന വെളുത്ത കുപ്പായങ്ങൾ ചൂണ്ടി പണമില്ലാത്തതുകൊണ്ടാണോ ഷർട്ടിനൊന്നും കീശയില്ലാത്തത് എന്ന് ചോദിച്ചപ്പോൾ ചിരിയോടെ എന്റെ തട്ടിപ്പ് കാണൂ എന്നുപറഞ്ഞ് ഉള്ളിലെ രഹസ്യക്കീശ കാട്ടിത്തന്നു.

എന്നാൽ നെഞ്ചോട് ചേർന്ന് വീതി കുറഞ്ഞ് അൽപം നീളത്തിൽ മറ്റൊരു രഹസ്യക്കീശ കണ്ടു. പേന വെക്കാനാണത്! രഹസ്യക്കീശയിൽ പേന ഒളിപ്പിച്ചു നടക്കുന്നതുകൊണ്ടാവണം ഇതാ ഒരു എഴുത്തുകാരൻ എന്ന് ഈ മനുഷ്യനെ അധികമാരും കാണാറില്ല. സൗമ്യതയോടെ തന്റെ കഥകൾ പറഞ്ഞപ്പോഴൊക്കെയും രവിയേട്ടനിൽ ഒരുതരം ആവേശം നിറഞ്ഞിരുന്നു. സർവതും ത്യജിച്ച് മലമുകളിലെ ഗുഹയിൽ ഏകാന്ത തപസ്സനുഷ്ഠിക്കുന്ന സന്യാസിയും ചിലപ്പോൾ ആരുടെയെങ്കിലും വരവ് പ്രതീക്ഷിക്കുമത്രേ. എഴുതാനും കിടക്കാനും നടന്നുപോകാനും രവിയേട്ടന് ഒരിത്തിരി സ്ഥലം മതി. പക്ഷേ, രവിയേട്ടനെപ്പോലെ സൗമ്യതയുള്ള ഭാഗ്യവാൻമാർ ഭൂമിയെതന്നെ അവകാശമാക്കുന്നു.

2015ലാണ് ശാരദേടത്തിക്ക് വയറ്റിൽ അർബുദമാണെന്നറിഞ്ഞത്. കിടപ്പിലായപ്പോൾ റേഡിയോയിൽ പതിഞ്ഞ ശബ്ദത്തിൽ പാട്ടുകൾ കേൾപ്പിക്കും. എന്താണെന്നറിയില്ലെങ്കിലും ഇപ്പോൾ രവിയേട്ടൻ ആ റേഡിയോ തുറക്കാറില്ല. മറ്റുള്ളവരെ സംബന്ധിച്ച് 2021 ആഗസ്റ്റ് 28ന് ശാരദേടത്തി മരിച്ചുപോയി. വിരുന്നുകാരുണ്ടെന്ന കാര്യം താൻ ശാരയോട് രാവിലെത്തന്നെ പറഞ്ഞിരുന്നെന്ന് അലമാരയുടെ കണ്ണാടിയിൽ പതിച്ചുവെച്ച ശാരദേടത്തിയുടെ ചിത്രത്തെ കാട്ടി പറഞ്ഞു. കാലത്തിന്റെ എഴുത്തുകാരൻ ശാരദ എന്ന കഥ എഴുതി മുഴുമിപ്പിച്ചതായി രവിയേട്ടൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. എവിടെയോ മറഞ്ഞിരിക്കുന്നു, ഒടുവിൽ തന്റെ അക്ഷരങ്ങളെത്തേടി ആരോ വന്നപ്പോൾ ശബ്ദകോശത്തിൽനിന്ന് പ്രിയപ്പെട്ടൊരു വാക്ക് കാണാതായതുപോലെ ശാരദ മറഞ്ഞിരിക്കുന്നു. അത്രമാത്രം.

ബായൊബാബ്

തലശ്ശേരി നഗരത്തിൽ ഒരു ബായൊബാബ് മരമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം അധികമായി കാണാറുള്ള ഈ മരം, ഇലകളധികമില്ലാതെ ചില്ലകൾ വേരുപോലെ തോന്നിക്കുന്ന ഒന്നായതിനാൽ ഇതിനെ തലകീഴായ മരം എന്നാണ് വിളിക്കുതെന്ന് രവിയേട്ടൻ പറയുന്നു. തന്റെ തോപ്പിൽ തലയുയർത്തി നിന്ന ബായൊബാബിനോട് അനിഷ്ടം തോന്നിയ ദൈവം അതിനെ പറിച്ച് ഭൂമിയിലേക്കെറിഞ്ഞപ്പോൾ തല കീഴായി പതിച്ചതാണെന്ന ഒരു വിശ്വാസം ആഫ്രിക്കയിലുണ്ട്.

ഉപയോഗമില്ലാത്ത ഒരു ഭാഗവും ആ മരത്തിനില്ല. വേനലിൽ പോഷകഗുണമുള്ള ഫലങ്ങളുണ്ടാക്കുവാൻ മഴക്കാലത്ത് തായ്ത്തടിയിൽ ധാരാളം വെള്ളം ശേഖരിച്ചുവെക്കാൻ കഴിയുന്ന ബായൊബാബിനെ മനുഷ്യർ, തുണിയും സഞ്ചിയും കയറും മീൻവലയും ചായവും വരെ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തലശ്ശേരിയിൽ ഈ മരം ആര്, എപ്പോൾ കൊണ്ടുനട്ടു എന്നാർക്കുമറിയില്ല. അതിവിടെ ഉണ്ട്, അത്രതന്നെ. അതിന്റെ ചുവട്ടിലൂടെ രാവും പകലും നടക്കുന്ന ജനങ്ങളറിയുന്നില്ല, എഴുതിയാൽ തീരാത്തത്ര പ്രയോജനമുള്ളൊരു മരമാണതെന്ന്. അതാരുടെയും കുറ്റമല്ല. പക്ഷേ, വെറുതെ ചായം പൂശാൻ മാത്രം ഉപകരിക്കുന്ന ഒരു മരമല്ല അത്.

ബായൊബാബിൽ അൽപം ഇലകളുള്ള ഒരു ഒക്ടോബർ ദിനത്തിലാണ് രവിയേട്ടനെ തലശ്ശേരിയിൽവെച്ച് കണ്ടത്. ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ ആരാണെന്ന ചോദ്യത്തിന് എഴുത്തുകാരേക്കാൾ അധികമായി എഴുത്തിനെ ഇഷ്ടപ്പെടുന്നുവെന്നും എം.ടിയെന്നോ എമിലി സോളയെന്നോ നോക്കാതെ വായിക്കുന്നുവെന്നും പറയുന്നു. എങ്കിലും തന്റെ അനുഭവങ്ങളാണല്ലോ ഇതെന്ന് തോന്നിപ്പിക്കും മട്ടിൽ എഴുതിവെച്ചയാൾ ആരെന്ന് നോക്കിയപ്പോൾ അത് ഏണസ്റ്റ് ഹെമിങ്‌വേ ആയിരുന്നു. ഇനിയുമൊരുപാട് എഴുതാനുള്ളതിനാൽ ഇരുപത്തഞ്ച് വർഷംകൂടി ജീവിക്കാൻ താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ചിരിയോടെ പറഞ്ഞു. അച്ചടിച്ചാലും ഇല്ലെങ്കിലും ആരും വായിക്കാനില്ലെങ്കിലും ഉണ്ടെങ്കിലും ഇനിയുമെഴുതും.

രവിയേട്ടന്റെ എഴുത്തുജീവിതം വിജയമായിരുന്നോ? പുറത്തുനിന്ന് നോക്കുന്ന നമുക്ക് എളുപ്പത്തിൽ ഒരുത്തരം കിട്ടിയേക്കും. എന്നാൽ, ഒരിക്കലും അക്ഷരങ്ങളുടെ കടലിൽ വേട്ടക്കിറങ്ങി കഥയുടെ അസ്ഥിയുമായി തിരിച്ചെത്തിയ കിഴവന്റെ മുഖം അയാൾ കണ്ണാടിയിൽ കാണാറില്ല. ബോംബെ ജീവിതത്തിൽ, ഉള്ളി അരിഞ്ഞ് ഉപ്പിൽ കുഴച്ചുതിന്ന് വിശപ്പടക്കി തന്റെ സൃഷ്ടിപുസ്തകത്തിൽ കഥകൾ എഴുതിനിറച്ച മനുഷ്യനെ സംബന്ധിച്ച് അത്തരം ചില ചോദ്യങ്ങൾക്കുള്ള ഉത്തരം മറ്റൊന്നായിരിക്കും.

(ചിത്രങ്ങൾ: വി.കെ. ശ്രീലേഷ്)

News Summary - weekly interview