ഫലസ്തീൻ വിമോചനത്തിന്റെ ചരിത്രവും വർത്തമാനവും
ഫലസ്തീന്റെ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ച് സംസാരിക്കുകയാണ് ഡൽഹി ജെ.എൻ.യുവിൽ പശ്ചിമേഷ്യൻ പഠനവകുപ്പിലെ പ്രഫസറായ എ.കെ. രാമകൃഷ്ണൻ. അതോടൊപ്പം ഇൗ വിഷയത്തിലെ പലതരം ഉൾപ്പിരിവുകളും ലോകരാജ്യങ്ങളുടെ നിലപാടുകളും സൂക്ഷ്മമായി അപഗ്രഥനം ചെയ്യുന്നു.നാലര പതിറ്റാണ്ടു കാലമായി, പശ്ചിമേഷ്യൻ മേഖലയുടെ രാഷ്ട്രീയ-സാമൂഹിക ചലനങ്ങളെ സുസൂക്ഷ്മം നിരീക്ഷിച്ച് പഠന ഗവേഷണ...
Your Subscription Supports Independent Journalism
View Plansഫലസ്തീന്റെ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ച് സംസാരിക്കുകയാണ് ഡൽഹി ജെ.എൻ.യുവിൽ പശ്ചിമേഷ്യൻ പഠനവകുപ്പിലെ പ്രഫസറായ എ.കെ. രാമകൃഷ്ണൻ. അതോടൊപ്പം ഇൗ വിഷയത്തിലെ പലതരം ഉൾപ്പിരിവുകളും ലോകരാജ്യങ്ങളുടെ നിലപാടുകളും സൂക്ഷ്മമായി അപഗ്രഥനം ചെയ്യുന്നു.
നാലര പതിറ്റാണ്ടു കാലമായി, പശ്ചിമേഷ്യൻ മേഖലയുടെ രാഷ്ട്രീയ-സാമൂഹിക ചലനങ്ങളെ സുസൂക്ഷ്മം നിരീക്ഷിച്ച് പഠന ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പണ്ഡിതനാണ് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പശ്ചിമേഷ്യൻ പഠനവകുപ്പിൽ പ്രഫസറായ എ.കെ. രാമകൃഷ്ണൻ. തന്റെ പഠന ഗവേഷണത്തിന്റെ ഭാഗമായി ഫലസ്തീൻ ഉൾപ്പെടെയുള്ള പല പശ്ചിമേഷ്യൻ ദേശങ്ങളിലൂടെയും അദ്ദേഹം സഞ്ചരിച്ചു. പശ്ചിമേഷ്യയിലെ അധ്യാപകർ, എഴുത്തുകാർ, രാഷ്ട്രീയ-പൗരാവകാശ പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുമായി നിരന്തരം സംവാദങ്ങളിൽ ഏർപ്പെടുകയുംചെയ്യുന്ന വ്യക്തിത്വംകൂടിയാണ്.
ഈയൊരു അനുഭവങ്ങളുടെ നേർക്കാഴ്ചയിൽ നിന്ന് ഫലസ്തീൻ വിമോചനത്തിന്റെ ചരിത്രത്തോടും വർത്തമാനത്തോടുമുള്ള തന്റെ നിലപാടുകൾ പങ്കുവെക്കുകയാണ് അദ്ദേഹം ഇൗ സംഭാഷണത്തിൽ. കേരള സർവകലാശാലയിലെ ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് അധ്യാപകർ കൂടിയായ ലേഖകരുമായുള്ള സംഭാഷണത്തിന്റെ പൂർണരൂപം.
ഫലസ്തീൻ അറബികൾ അധിവസിച്ച ഭൂമേഖലയിൽ പല ഘട്ടങ്ങളിലൂടെയാണ് ജൂത കുടിയേറ്റം നടന്നതും ഇസ്രായേൽ രാഷ്ട്രം നിർമിച്ചെടുക്കുന്നതും. കുടിയേറ്റം ഇപ്പോഴും തുടരുന്നുണ്ട്. തീർച്ചയായും ജൂതരാഷ്ട്ര നിർമാണ പ്രക്രിയക്ക് ശക്തിപകർന്ന വ്യത്യസ്ത ആശയ ഭൗതിക ഘടകങ്ങൾ ഉണ്ടാവുമല്ലോ?
ഇതൊരു വലിയ ചോദ്യമാണ്. കാരണം, അത് ഇസ്രായേൽ സ്ഥാപിക്കുന്നതിന്റെ മുമ്പുള്ള ചരിത്രവുമായി ബന്ധപ്പെട്ടതാണ്. അത് യൂറോപ്പിന്റെയും ഫലസ്തീനിന്റെയും ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. യൂറോപ്പിൽനിന്ന് ഫലസ്തീനിലേക്കുള്ള യഹൂദരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് അവർക്കിടയിൽ രൂപപ്പെട്ട ചിന്തകളിൽതന്നെ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. യൂറോപ്പിന്റെ അന്നത്തെ ഉൽപാദന ക്രമത്തിൽനിന്നാണ് ഒരു ഏഷ്യാറ്റിക് ഉൽപാദന ക്രമത്തിലേക്ക് അന്ന് അവർ കുടിയേറിയത്. ശ്ലോമോ അവിനേരിയെപ്പോലുള്ള ചരിത്രകാരന്മാർ –അദ്ദേഹം ഇസ്രായേലിൽ താമസിക്കുന്ന, ഇസ്രായേൽ നിലപാട് സ്വീകരിക്കുന്ന, കമ്യൂണിസ്റ്റുകാരനും യഹൂദ ചിന്തകനുമാണ്– യഹൂദരുടെ കുടിയേറ്റത്തെ വലിയ ചരിത്രപരമായ മുന്നേറ്റമായി കാണുന്നു.
മുതലാളിത്ത ഉൽപാദന ക്രമത്തിൽനിന്ന് കുടിയേറി ഫലസ്തീനിലെ ഏഷ്യൻ സമൂഹത്തെ മുതലാളിത്തവത്കരിക്കാൻ യഹൂദർ നടത്തിയ സേവനമാണ് ഈ കുടിയേറ്റമെന്നാണ് ഇത്തരം ചരിത്രകാരന്മാർ പറയുന്നത്. ഇതേ പ്രക്രിയയെ തന്നെയാണ് മാക്സിം റൊഡിൻസണിനെ പോലുള്ള യൂറോപ്യൻ യഹൂദ ചിന്തകർ വിമർശിക്കുന്നത്. ഇവരുടെ വീക്ഷണത്തിൽ ഒരു മുതലാളിത്ത ഉൽപാദനരീതിയിൽനിന്നും കുടിയേറിയ യഹൂദർ ഒരു ഏഷ്യാറ്റിക് സമൂഹത്തിൽ ഉണ്ടാക്കിയത് കൊളോണിയൽ വ്യവസ്ഥയാണ്. ഫലസ്തീനിലെ ജനങ്ങളുടെ ഭൂമിയും സ്വത്തും ചൂഷണംചെയ്ത് യഥാർഥത്തിൽ അവരെ പാപ്പരാക്കുന്ന പ്രക്രിയയിലാണ് ഇവർ ഏർപ്പെട്ടിരുന്നത്.
കുടിയേറ്റക്കാരായ ഒരുവിഭാഗത്തിന് അത് പ്രയോജനപ്പെട്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന അവിടത്തെ തദ്ദേശീയരായ ജനങ്ങളെ അവരുടെ തൊഴിലിൽനിന്നും ഭൂമിയിൽനിന്നും അകറ്റുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ഒരു കൊളോണിയൽ പ്രക്രിയയാണ് ഇവിടെ രൂപംകൊണ്ടത്. 1948ൽ ഫലസ്തീൻകാരുടെ ഭൂമി പിടിച്ചെടുത്ത് അവരെ അഭയാർഥികളാക്കി മാറ്റി ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുകയാണ് ചെയ്തത്. ആ ഭൂമിയിൽ പരമ്പരാഗതമായി താമസിച്ചവരുടെ പുരോഗമനമല്ല, മറിച്ച് അവരുടെ പൂർണമായ പ്രാന്തവത്കരണവും അകറ്റിമാറ്റലുമാണ് ഇതിലൂടെ സംഭവിച്ചത്.
അപ്പോൾ ആരുടെ ഭാഗത്തുനിന്നാണ് ചരിത്രം എഴുതുന്നത് എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. കോളനിവത്കരിക്കപ്പെട്ട ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു ചരിത്രമാണെങ്കിൽ അതിൽ എപ്പോഴും ഊന്നൽ ഈ കാര്യത്തിലാണ് ഉണ്ടാവുക. യൂറോപ്പിലെ യഹൂദവിരുദ്ധതയുടെ പശ്ചാത്തലത്തിലാണല്ലോ ഇതൊക്കെ നടക്കുന്നത്. യഹൂദ വിരുദ്ധത യൂറോപ്പിൽ വളരെ വലിയ രൂപത്തിൽ ഉണ്ടായിരുന്നു. ഫലസ്തീൻ വിഷയം ഉള്ളതുകൊണ്ട് നാം യൂറോപ്പിൽ യഹൂദർ അനുഭവിച്ച അടിച്ചമർത്തൽ ചരിത്രപരമായി ശരിയാണ് എന്ന് വിചാരിക്കരുത്. തിയഡോർ ഹെർസൽ 1890കളിൽ എഴുതുമ്പോൾ യൂറോപ്പിലെ യഹൂദരുടെ അവസ്ഥ വിവരിക്കുന്നുണ്ട്. അതൊക്കെ കുറെ കൃത്യമായിട്ടുതന്നെയാണ് ചെയ്യുന്നത്. പക്ഷേ, നിർദേശിക്കപ്പെട്ട പരിഹാരത്തിലാണ് പ്രശ്നമുള്ളത്.
ഇതിന്റെ പരിഹാരം ആലോചിക്കുമ്പോഴാണ് മറ്റിടങ്ങളിൽ പോയി കോളനികൾ സ്ഥാപിക്കുക എന്ന നിലപാടിൽ എത്തുന്നത്. ‘The Jewish State’ എന്ന പുസ്തകത്തിൽ രണ്ട് സാധ്യതകളാണ് ഹെർസൽ പ്രസ്താവിക്കുന്നത്: അർജന്റീന അല്ലെങ്കിൽ ഫലസ്തീൻ. ‘Argentine or Palestine’ എന്ന ഒരു ഭാഗംതന്നെ അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്. ഇപ്പോഴുള്ള വ്യാഖ്യാനം കേട്ടാൽ മതപരമായി യഹൂദരാഷ്ട്രം സ്ഥാപിക്കാൻ ഫലസ്തീൻ മാത്രമേ പറ്റൂവെന്ന് തോന്നും. അങ്ങനെയാണെങ്കിൽ അർജന്റീന എന്ന ഒരു സാധ്യത എങ്ങനെ വരുന്നു. പറഞ്ഞുവരുന്നത്, ജൂതരാഷ്ട്ര നിർമിതിക്ക് പിന്നിൽ കൊളോണിയൽ രാഷ്ട്രീയ ഘടനയുടെ ശക്തമായ അടിവേരുകൾ കാണാം.
സയണിസം എന്ന പദം ഫലസ്തീനിലെ ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നില്ലേ? അതിനർഥം ഈ പ്രസ്ഥാനം തുടങ്ങിയ സമയത്തുതന്നെ ഫലസ്തീനൊരു ലക്ഷ്യമാണ് എന്നല്ലേ കരുതേണ്ടത്?
യൂറോപ്പിന്റെ പശ്ചാത്തലത്തിൽ സയണിസം എന്നതുകൊണ്ട് ഉദ്ദേശിച്ചത് യഹൂദരുടെ ദേശീയ പ്രസ്ഥാനമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ദേശീയത യൂറോപ്പിൽ ശക്തിപ്പെടുന്ന സമയത്തുതന്നെയാണ് സയണിസവും വളരുന്നത്. അതായത്, യൂറോപ്പിലെ നിരവധി ദേശീയവാദങ്ങൾക്കിടയിൽ യഹൂദരുടെയും ദേശീയവാദം വളരുകയായിരുന്നു. ഈ ദേശീയ വാദത്തിന്റെ, ദേശരാഷ്ട്ര സങ്കൽപമാണ് മുകളിൽ ഞാൻ പറഞ്ഞത്. അത് എവിടെ വേണമെന്ന് തുടക്കത്തിൽ കൃത്യമായ ധാരണയില്ലായിരുന്നു. യൂറോപ്പിലെ ശക്തമായ ആന്റി സെമിറ്റിസം കാരണം ആ ദേശരാഷ്ട്രം യൂറോപ്പിൽ സംഭവിക്കില്ല എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.
അതുകൊണ്ടാണ് വേൾഡ് സയണിസ്റ്റ് കോൺഗ്രസിൽ അവർ അർജന്റീന, ഫലസ്തീൻ, യുഗാണ്ടപോലെയുള്ള പല സ്ഥലങ്ങളും സാധ്യത മേഖലയായി ചർച്ചചെയ്യപ്പെട്ടത്. ഹെർസലിന്റെ വീക്ഷണത്തിൽ അർജന്റീനയുടെ പ്രധാനപ്പെട്ട ഒരു ഗുണം അവിടെ ധാരാളം കൃഷിയോഗ്യമായ ഭൂമിയുണ്ട്. അവിടെ ഒരു പ്രശ്നമായി പറഞ്ഞിട്ടുള്ളത്, അവിടേക്ക് കുടിയേറിയ യഹൂദരും തദ്ദേശീയവാസികളും തമ്മിൽ ചില പ്രശ്നങ്ങളുണ്ട് എന്നതാണ്. അത് മാത്രമേ ഒരു തടസ്സമായി ഹെർസൽ കണ്ടിരുന്നുള്ളൂ. അത് പരിഹരിക്കാവുന്ന പ്രശ്നവും ആയിരുന്നു. രണ്ടാമതാണ് ഫലസ്തീനിനെക്കുറിച്ച് പറയുന്നത്. ഫലസ്തീൻ പരിഗണിക്കാനുള്ള കാരണത്തിൽ ഹെർസൽ ഒരിക്കലും മതത്തെ കുറിച്ചല്ല പറയുന്നത്.
കാരണം വേൾഡ് സയണിസ്റ്റ് കോൺഗ്രസ് സംഘടിപ്പിച്ച ആളുകളിൽ ബഹുഭൂരിപക്ഷവും മതവിശ്വാസികളായിരുന്നില്ല. യഹൂദർ എന്നത് സാംസ്കാരികമായി യഹൂദർ എന്നത് മാത്രമാണ് അല്ലാതെ വിശ്വാസികൾ എന്ന രൂപത്തിൽ അല്ല അവർ സ്വയം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ അവർക്ക് മതപരമായി ഇപ്പോൾ ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ഒരു യഹൂദരാഷ്ട്രത്തിൽ താൽപര്യമുണ്ടായിരുന്നില്ല. ഫലസ്തീൻ എന്ന സാധ്യത പരിഗണിക്കുന്നതിന് അദ്ദേഹം മുന്നോട്ടുവെക്കുന്ന ഒരു കാരണം അത് മതവിശ്വാസികൾ ആയിട്ടുള്ള യഹൂദരെയും ഒരുപക്ഷേ ആകർഷിച്ചേക്കുമെന്നുള്ളതാണ്. സയണിസ്റ്റ് പ്രസ്ഥാനത്തിന് യൂറോപ്പിലെ മതപരമായ യഹൂദർക്കിടയിൽ സ്വീകാര്യത ലഭിക്കാൻ മതപരമായിട്ടുള്ള നിയമസാധുത ഉപകാരം ചെയ്യും.
ആദ്യത്തെ വേൾഡ് സയണിസ്റ്റ് കോൺഗ്രസ് 1897ൽ നടത്താൻ ജർമനിയിൽ വെച്ച് പദ്ധതിയിടുമ്പോൾ അവിടത്തെ വിശ്വാസികളായ യഹൂദർ ഇതിനെ എതിർക്കുകയും ഞങ്ങളുടെ പേരിൽ ഇങ്ങനെയൊരു രാഷ്ട്രീയ പരിപാടി നടക്കില്ലെന്ന് പറഞ്ഞുകൊണ്ട് തിയഡോർ ഹെർസലിനെയും സംഘത്തെയും അവിടെനിന്നും തുരത്തുകയായിരുന്നു. അങ്ങനെയാണ് സ്വിറ്റ്സർലൻഡിലെ ബാസിലേക്ക് ആദ്യ സമ്മേളനം മാറ്റിയത്. 1897ൽ നടന്ന കോൺഗ്രസിലാണ് ഫലസ്തീനിനെ കോളനിവത്കരിക്കുക എന്ന ആശയം വികസിപ്പിക്കുന്നത്. അന്ന് അവർ ഉപയോഗിച്ച പ്രയോഗവും ഫലസ്തീനിനെ കോളനിവത്കരിക്കുക എന്നുതന്നെയായിരുന്നു.
ഇസ്രായേലിന്റെ രാഷ്ട്രനിർമാണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുകൾ നിലനിൽക്കുമ്പോൾതന്നെ ഫലസ്തീൻ ദേശീയതയെ കേന്ദ്രീകരിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളും ഇന്ന് ശക്തമാണ്. ഉദാഹരണത്തിന് അറബുകളും ഇസ്രായേലുകളും തമ്മിലുള്ള വംശീയതയിൽ അധിഷ്ഠിതമായ ദേശീയതയുടെ സംഘർഷം, അല്ലെങ്കിൽ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള രാഷ്ട്രീയ തർക്കം, അതുമല്ലെങ്കിൽ ഇസ്ലാമും ജൂതമതവും തമ്മിലുള്ള മതപരമായ സംഘർഷം, ഇപ്പോൾ പല മാധ്യമങ്ങളും വിശേഷിപ്പിക്കുന്നതുപോലെ ഇസ്രായേലും ഗസ്സയും തമ്മിലുള്ള തർക്കം. അപ്പോൾ ഫലസ്തീൻ വിഷയത്തിനുള്ളിലെ സങ്കീർണതകളെ നാം എങ്ങനെയാണ് വിലയിരുത്തേണ്ടത്?
പരമ്പരാഗതമായി അറബ്-ഇസ്രായേലി പ്രശ്നമെന്നാണ് അറിയപ്പെട്ടിരുന്നത്. ഫലസ്തീൻ പ്രശ്നമാണ് അതിന്റെ കേന്ദ്രമെങ്കിലും, അത് ഫലസ്തീൻ പ്രശ്നം മാത്രമായിരുന്നില്ല. ഇസ്രായേൽ എന്ന രാഷ്ട്രം രൂപവത്കരിക്കപ്പെട്ടതിനുശേഷം അറബ് ലീഗിന്റെ നേതൃത്വത്തിൽ അതിനോട് ഒരു വ്യത്യസ്ത അറബ് നിലപാടൊക്കെ ആദ്യ കാലത്ത് ഉണ്ടായിരുന്നു. പക്ഷേ, ഇന്ന് അങ്ങനെയൊരു നിലപാട് ഇല്ല എന്ന് നമുക്കറിയാം. വ്യത്യസ്ത അറബ് ഗവൺമെന്റുകൾക്ക് വ്യത്യസ്ത നിലപാടുകളാണ് ഇന്നുള്ളത്. ഈജിപ്തും ജോർഡനും സമീപകാലത്ത് ചില ഗൾഫ് രാജ്യങ്ങളും മുമ്പുണ്ടായിരുന്ന അറബ് നിലപാടിൽനിന്നും ഭിന്നമായ വഴികളിലൂടെയാണ് ഇന്ന് സഞ്ചരിക്കുന്നത്.
ആദ്യകാലഘട്ടത്തിലെ ഇസ്രായേലിനോടുള്ള നിലപാടുമായി ബന്ധപ്പെട്ട യോജിപ്പ് മിക്ക അറബ് രാഷ്ട്രങ്ങൾക്കിടയിലും ഇന്നില്ല. അതുകൊണ്ടുതന്നെ വ്യക്തമായ ഒരു അറബ് ഇസ്രായേലി വേർതിരിവ്, അറബ് ഭരണകൂടത്തിൽ ഇപ്പോൾ കാണാൻ കഴിയില്ല. ഇവിടെ ഒരു കാര്യം പ്രധാനമാണ്, അറബ് ഗവൺമെന്റുകളുടെ രീതിയിൽ ഇപ്രകാരം മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, അറബ് ജനത ഇപ്പോഴും ഫലസ്തീനിയൻ ജനവിഭാഗത്തിന്റെ കൂടെതന്നെയാണ്.
ഈജിപ്തും സിറിയയും ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളോടും ഫലസ്തീൻ പ്രദേശങ്ങളോടും ഇസ്രായേൽ നടത്തിയ യുദ്ധമാണ് 1967ലെ യുദ്ധം. ഈ യുദ്ധത്തിൽ വെസ്റ്റ്ബാങ്ക്, ഗസ്സ, കിഴക്കൻ ജറൂസലം, ഗോലാൻ കുന്നുകൾ, സീനായ് പെനിൻസുല എന്നീ പ്രദേശങ്ങളൊക്ക ഇസ്രായേൽ പിടിച്ചെടുത്തപ്പോൾ, ഫലസ്തീൻകാർക്ക് ഒരു കാര്യം വളരെ വ്യക്തമായിരുന്നു. സ്വന്തം ദേശംപോലും സംരക്ഷിക്കാൻ കഴിയാത്ത അറബ് ഭരണകൂടങ്ങൾ എങ്ങനെയാണ് ഫലസ്തീൻ വിമോചനത്തിനുവേണ്ടി പ്രവർത്തിക്കുകയെന്ന കാര്യത്തിൽ ഫലസ്തീൻകാർക്ക് അന്നേ സംശയമുണ്ടായിരുന്നു. അറുപതുകളുടെ മധ്യത്തിൽതന്നെ പി.എൽ.ഒ രൂപവത്കരിക്കപ്പെട്ടെങ്കിലും 1967ലെ യുദ്ധത്തിനുശേഷമാണ് പി.എൽ.ഒ ശക്തമായ ഒരു ഫലസ്തീൻ വിമോചന പ്രസ്ഥാനമായി രൂപപ്പെടുന്നത്.
ഈ വിമോചന പ്രസ്ഥാനത്തിന്റെ രൂപവത്കരണത്തിൽതന്നെ അറബ് ഗവൺമെന്റുകളോടുള്ള വിമർശനം അന്തർലീനമായിരുന്നു. സൗദി അറേബ്യപോലുള്ള യാഥാസ്ഥിതിക ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം ഒരു റാഡിക്കലായ ഫലസ്തീൻ സമരമെന്നത് ആശയപരമായി യോജിക്കാൻ കഴിയുന്നതായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യവുമാണത്. അതുകൊണ്ടുതന്നെ ഫലസ്തീൻ വിമോചന പ്രസ്ഥാനം എന്നുപറയുന്നത്, സ്വന്തമായി പോരാട്ടം നടത്തിയാൽ മാത്രമേ രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ കഴിയൂ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് 1967നുശേഷം ഫലസ്തീൻ നേതൃത്വം തന്നെ ശക്തിപ്പെടുന്നത്.
സാമ്പത്തിക സഹായമുൾപ്പെടെ സൗദി അറേബ്യപോലുള്ള ഗൾഫ് രാജ്യങ്ങൾ നൽകുന്നുണ്ടെങ്കിലും അതിനപ്പുറത്തുള്ള ഒരു രാഷ്ട്രീയ പരിഹാരത്തിന് അറബ് രാജ്യങ്ങളിലൂടെ കഴിയുമെന്ന് ഫലസ്തീൻ ജനത വിശ്വസിക്കുന്നില്ല. ചരിത്രം പരിശോധിക്കുന്ന ആർക്കുമറിയാം ഈ അറബ് ഭരണകൂടങ്ങളെ പൂർണമായി ആശ്രയിച്ചല്ല ഫലസ്തീൻ വിമോചന സമരം മുന്നോട്ടു പോകുന്നത് എന്നത്.
അറബ് ഭരണകൂടങ്ങൾ മിക്കതും ഫലസ്തീൻ പ്രശ്നത്തെ സ്വന്തം താൽപര്യം സംരക്ഷിക്കാൻ ഉപയോഗിച്ചിട്ടുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. അറബ് വഞ്ചന എന്നത് സ്ഥിരമായി ഫലസ്തീൻകാർ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പല അറബ് രാജ്യങ്ങളിലും ഫലസ്തീൻകാർക്ക് പല പ്രതിസന്ധികളും നേരിടേണ്ടിവന്നിട്ടുണ്ട്. ഉദാഹരണത്തിന് ജോർഡനിൽ 1970ലെ ബ്ലാക്ക് സെപ്റ്റംബർ പോലെയുള്ള സംഭവങ്ങളൊക്കെ നടന്നത് നമുക്കറിയാം. അതേസമയത്ത്, ജോർഡനിൽ ഫലസ്തീൻകാർക്ക് പൗരത്വത്തിലേക്ക് പോകാനുള്ള ചില സംവിധാനങ്ങളും ഉണ്ടായിരുന്നു.
അതുകൊണ്ട് പല സമയത്തും വളരെ വൈരുധ്യാത്മക നിലപാടുകൾ കാണാൻ പറ്റും. അഭയാർഥികളുടെ ഒരു വലിയനിരയാണ് ജോർഡനിലും ലബനാനിലും മറ്റുപല രാജ്യങ്ങളിലുമുള്ളത് എന്ന് നമുക്കറിയാം. ഫലസ്തീൻകാരുടെ വലിയൊരു വിഭാഗം ഇവിടെയൊക്കെയാണുള്ളത്. അതുകൊണ്ടുതന്നെ വിശാലാർഥത്തിൽ ഇത് ഒരു അറബ്-ഇസ്രായേൽ പ്രശ്നമാണെങ്കിലും അതിൽമാത്രം ഒതുക്കാൻ പറ്റുന്ന ഒന്നല്ല. ഈ അറബ് സർക്കാറുകൾക്ക് ഫലസ്തീൻകാരോടുള്ള നിലപാടുകളും ഫലസ്തീൻകാർക്ക് ഈ ഗവൺമെന്റുകളോടുള്ള നിലപാടും പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്.
യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്ര പ്രശ്നം അറബ് രാഷ്ട്രീയത്തിൽ വളരെ മുമ്പുതന്നെ ഉണ്ടായിരുന്നു. അറബ് ദേശീയവാദം, നാസറിസം, ബാത്തിസം പോലെയുള്ള പ്രത്യയശാസ്ത്രങ്ങൾ തുടക്കം മുതലേ രാജഭരണങ്ങളായ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഈ രാജഭരണങ്ങൾ അമേരിക്കൻ അനുകൂല നിലപാട് എടുത്തവയായിരുന്നു. സോവിയറ്റ് യൂനിയന്റെയും അമേരിക്കയുടെയും ഇടയിൽ ശീതയുദ്ധം നടക്കുന്ന സമയത്ത് പ്രത്യയശാസ്ത്രപരമായ സംഘട്ടനങ്ങൾ അറബ് മേഖലയിലും ഉണ്ടായിരുന്നു. പുരോഗമനപരം എന്ന് വിശേഷിക്കപ്പെട്ട അറബ് ദേശീയവാദം ഒരു വശത്തും, അമേരിക്കൻ അനുകൂല നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ഇസ്ലാമിന്റെ പേരിൽ ഭരണം നടത്തുന്ന രാജഭരണങ്ങൾ മറുവശത്തും.
ആ രൂപത്തിൽ ഒരു പ്രത്യയശാസ്ത്ര ഭിന്നത ശീതയുദ്ധകാലത്തുതന്നെ അറബ് ലോകത്ത് നിലവിലുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അറബ് ലോകത്തുള്ള അഭിപ്രായ വ്യത്യാസം അതിലും കൂടുതൽ വിപുലമായിരുന്നു. ഇസ്രായേലിനോട് പുലർത്തേണ്ട സമീപനത്തിൽ, ഫലസ്തീൻ നടത്തുന്ന പോരാട്ടത്തിൽ തുടങ്ങിയ പലവിഷയങ്ങളിലും അറബ് ലോകത്ത് അഭിപ്രായ വ്യത്യാസമുണ്ട്. ഈ രാഷ്ട്രങ്ങളുടെ ആഭ്യന്തര രാഷ്ട്രീയവും മേഖലയിലെ അധികാരത്തെ സംബന്ധിച്ചുള്ള രാഷ്ട്രീയ വ്യത്യാസങ്ങളും ഇതിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസമായി ഫലസ്തീനിൽ തുടരുന്ന സംഘർഷത്തെ, ഗസ്സ കേന്ദ്രീകരിച്ച് ഹമാസ് മതതീവ്രവാദ സംഘടന അഴിച്ചുവിട്ട ആക്രമണം എന്നനിലയിലാണ് പൊതുവെ ചിത്രീകരിക്കപ്പെടുന്നത്. ഫലസ്തീൻ വിഷയത്തെ ‘ഗസ്സ’, ‘ഹമാസ്’ എന്ന ദ്വന്ദ്വത്തിൽ ചുരുക്കി കാണുന്നതിന് പിന്നിലെ രാഷ്ട്രീയത്തെ നമുക്ക് എങ്ങനെ വിശദമാക്കാം?
പലപ്പോഴായും നാം കണ്ടുവരുന്നത്, ചരിത്രപരമായും വ്യവസ്ഥാപരമായും തുടരുന്ന ഒരു പ്രക്രിയയെ അപ്പപ്പോൾ ഉയരുന്ന സംഭവങ്ങളിലേക്കുമാത്രം ചുരുക്കുന്ന രീതിയാണ്. യഥാർഥത്തിൽ ഫലസ്തീൻ പ്രശ്നത്തിന്റെ ഘടനാപരവും ചരിത്രപരവുമായ സാംഗത്യം ഇപ്പോഴത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊന്നേണ്ടത് വളരെ പ്രധാനമാണ്. ചരിത്രപരമായി കൊളോണിയൽ ആധിപത്യരീതിയിലുള്ള സംവിധാനം നിലനിൽക്കുമ്പോൾ ഈ ഊന്നൽ പ്രധാനമാണ്. ഇന്ന് ലോകത്ത് നിലനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കുടിയേറ്റ കൊളോണിയൽ (Settler Colonial) വ്യവസ്ഥയാണ് ഫലസ്തീനിൽ നിലനിൽക്കുന്നത്.
ഇസ്രായേൽ ഇപ്പോഴും പിന്തുടരുന്ന കുടിയേറ്റ കൊളോണിയൽ വ്യവസ്ഥയെക്കുറിച്ച് ഒന്നും പറയാതെ, സമകാലിക സംഭവത്തെ ആധാരമാക്കിമാത്രം ഫലസ്തീൻപോലുള്ള ഒരു പ്രധാന പ്രശ്നത്തെ കാണുകയെന്ന രീതിയെയാണ് യഥാർഥത്തിൽ നാം വിമർശനത്തിന് വിധേയമാക്കേണ്ടത്. ചരിത്രപരമായ വീക്ഷണവും അതോടൊപ്പംതന്നെ കൊളോണിയൽ അധിനിവേശ വ്യവസ്ഥയുടെ സ്വഭാവം മനസ്സിലാക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഒരു അപഗ്രഥനത്തിനാണ് ഇവിടെ രാഷ്ട്രീയ പ്രസക്തിയുള്ളത്.
ഹമാസ് എന്ന സംഘടന ശക്തിപ്പെടുത്തുന്നതിനുമുമ്പ് ഫലസ്തീൻ ദേശീയ പ്രസ്ഥാനത്തെ നയിച്ച മുന്നണി ആയിരുന്നല്ലോ PLO (Palestine Liberation Organization). എങ്ങനെയാണ് ഫലസ്തീനിൽ ഹമാസ് ശക്തിപ്പെട്ടുവന്നത്. പി. എൽ.ഒയുടെ ദൗർബല്യത്തിൽനിന്നാണോ ഹമാസ് ശക്തിപ്പെട്ടുവരുന്നത്? പി.എൽ.ഒക്കുണ്ടായ ജനപിന്തുണ പിൽക്കാലത്ത് ഹമാസിന് അനുകൂലമാകാനുള്ള സാഹചര്യത്തെ എങ്ങനെ വിലയിരുത്താം?
ഫലസ്തീനിന്റെ പരമ്പരാഗത നേതൃത്വത്തിന്റെ വലിയതോതിലുള്ള തകർച്ച ഓസ്ലോ കരാറിനു (Oslo Accords) ശേഷമാണ് ഉണ്ടാവുന്നത്. ഫലസ്തീൻ നേതൃത്വം വളരെ അധഃപതിച്ചു. ഫലസ്തീൻ അതോറിറ്റി (PA) എന്ന സംവിധാനം വെറും ഒരു മുനിസിപ്പൽ അധികാരമുള്ള ഘടനയിലേക്ക് ചുരുങ്ങി. ഫലസ്തീൻ പ്രശ്നത്തെ അതിന്റെ നേതൃത്വംതന്നെ നയിക്കുന്ന സ്ഥിതിയുണ്ടായി. പി.എയുടെ സംസ്ഥാപനത്തിനുശേഷം യൂറോപ്യൻ യൂനിയന്റേതുൾപ്പെടെയുള്ള സാമ്പത്തിക സഹായത്തെ ആശ്രയിക്കുന്ന (Aid Dependent) സമ്പദ്ഘടനയാണ് ഫലസ്തീനിൽ നാം കാണുന്നത്.
പി.എ എന്നത് പരമാധികാരമില്ലാത്ത, ഭൂമിതന്നെ ഇസ്രായേൽ കൈയടക്കിവെച്ചിരിക്കുന്ന, അധിനിവേശത്തിന് കീഴിൽ പ്രവർത്തിക്കുന്ന, മുനിസിപ്പാലിറ്റിയുടെ അധികാരംതന്നെ പൂർണമായിട്ട് ഉണ്ടോ എന്ന് സംശയമുള്ള ഒരു അധികാര ഘടനയാണ്. പരിമിതമായ ഈ അധികാര ഘടനയെ മുൻനിർത്തിയാണ്, ‘ഫലസ്തീൻ രാഷ്ട്രം’, ‘പരമ്പരാഗത രീതിയിലുള്ള യുദ്ധം’ എന്ന മട്ടിലൊക്കെയുള്ള വ്യാഖ്യാനങ്ങൾ പല മാധ്യമങ്ങളും ചർച്ചചെയ്യുന്നത്.
ഫലസ്തീൻ പ്രശ്നത്തിൽ ഏറ്റവും പ്രധാനപ്പെട്ട അസന്തുലിതമായ അധികാര ഘടന ഇന്നത്തെ പല ചർച്ചകളിലും പരിഗണനാ വിഷയം ആവുന്നില്ല. ഇസ്രായേലും ഫലസ്തീനും തുല്യമായിട്ടുള്ള രാഷ്ട്രീയ അസ്തിത്വം എന്ന നിലയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അങ്ങനെയല്ലല്ലോ? ഒരു അധികാര വ്യവസ്ഥ/ കൊളോണിയൽ സംവിധാനം നടത്തിക്കൊണ്ടുപോകുന്ന ഒരു ആധിപത്യ രാഷ്ട്രമായ ഇസ്രായേൽ ഒരുവശത്ത്. പരമാധികാരമില്ലാത്ത, ഫലസ്തീൻ പ്രദേശങ്ങൾക്കുമേൽ ഒരുവിധത്തിലുള്ള അവകാശങ്ങളും ഇല്ലാത്ത, വളരെ പരിമിത അർഥത്തിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമായ ഫലസ്തീൻ അതോറിറ്റി മറുവശത്ത്. ഫലസ്തീൻകാർക്കുവേണ്ടി കാര്യമായൊന്നും ചെയ്യാൻ കഴിയുന്നില്ലെന്ന യാഥാർഥ്യമാണ്, ആ അതോറിറ്റിക്ക് ഫലസ്തീൻ ജനതക്കുള്ളിൽതന്നെയുള്ള സ്വീകാര്യത കുറയാനുള്ള കാരണവും.
ഇവിടെ നാം കാണുന്നത് നേതൃത്വത്തിന്റെ മാത്രം അധഃപതനത്തിന്റെ പ്രശ്നമല്ലെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. രാഷ്ട്രീയമായി നിലവിലുള്ള ആധിപത്യ അധിനിവേശ വ്യവസ്ഥക്ക് അകത്ത് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനം എന്ന നിലയിൽ ഫലസ്തീൻ അതോറിറ്റിക്ക് ഫലസ്തീനിന്റെ വർത്തമാന സ്ഥിതിവിശേഷത്തെ സംബന്ധിച്ചോ ഭാവിയെ കുറിച്ചോ കാര്യമായ സംഭാവന ചെയ്യാൻ പറ്റുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ ഇന്ന് നിലവിലില്ല. അതുകൊണ്ടുതന്നെ ഫലസ്തീൻ അതോറിറ്റി രാഷ്ട്രീയമായി അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം, ഫലസ്തീൻ അതോറിറ്റി എന്നൊരു സംവിധാനത്തെ ഇസ്രായേലിന്റെ ഒരു ബി ടീം എന്ന് പലരും വിശേഷിപ്പിക്കുന്നത്.
ഫലസ്തീനിന്റെ വിമോചനത്തിനുവേണ്ടി പ്രവർത്തിക്കുന്ന, മുൻകാലത്ത് പി.എൽ.ഒക്ക് ഉണ്ടായിരുന്നതുപോലെ ഒരു പ്രത്യയശാസ്ത്ര അടിത്തറപോലും അവകാശപ്പെടാനില്ലാത്ത, ഇസ്രായേലിന്റെ സുരക്ഷായുക്തിക്ക് അകത്ത് പ്രവർത്തിക്കുന്ന ഒരു സമിതി എന്നനിലയിൽ ഇന്ന് പി.എ നേതൃത്വം അധഃപതിച്ചിട്ടുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്.
പി.എൽ.ഒ എടുത്തിരുന്ന പ്രത്യയശാസ്ത്ര നിലപാടുകളിൽനിന്ന് ഭിന്നമായി, മതകേന്ദ്രീകൃതമായ നിലപാട് ഹമാസ് എടുക്കുമ്പോൾ ഫലസ്തീൻ ദേശീയ പ്രസ്ഥാനത്തിനുള്ള അന്താരാഷ്ട്ര പിന്തുണ നഷ്ടമാകുന്നു എന്ന തരത്തിലുള്ള ചർച്ചകളും ഇന്ന് സജീവമാണല്ലോ? ഇതിനെ നാം എങ്ങനെ മനസ്സിലാക്കണം?
ഒന്നാമത്തെ കാര്യം, കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപ്പിന്റെ ഭാഗമായുള്ള ഫലസ്തീൻകാരുടെ സ്വതന്ത്രരാഷ്ട്രം എന്ന രാഷ്ട്രീയ ആവശ്യത്തോട് നമ്മൾ സ്വീകരിക്കേണ്ട നിലപാട് എന്താണ്? ഫലസ്തീൻകാർ ഏതുവിധത്തിൽ, ഏത് പ്രത്യയശാസ്ത്രത്തിൽ അവരുടെ ലക്ഷ്യം കണ്ടെത്തണമെന്ന് പുറത്തുനിന്ന് തീരുമാനിക്കുന്നതിൽ തന്നെയൊരു പ്രശ്നമുണ്ട്. ഫലസ്തീൻകാർ ഒരു പ്രത്യയശാസ്ത്രം അനുസരിച്ച് ഒരേ ആശയഗതി ഉയർത്തിക്കൊണ്ട് മുന്നോട്ടുപോകുന്നവരല്ല. എന്നിരുന്നാലും, അവർ ഹമാസ് ആയാലും പി.എഫ്.എൽ.പി (Popular Front for the Liberation of Palestine) ആയാലും ഫത്തഹിലെ വലിയ വിഭാഗമായാലും, ഫലസ്തീൻ പ്രശ്നത്തെ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നവരാണ്. അത് പല പ്രത്യയശാസ്ത്ര നിലപാടുകളിൽനിന്നുമാണ് അവർ ആവശ്യപ്പെടുന്നത്.
ആ പ്രശ്നത്തിൽ നാം ഫലസ്തീൻകാരോട് ഐക്യദാർഢ്യപ്പെടുന്നുണ്ടോ ഇല്ലയോ എന്നുള്ളതാണ് നമ്മുടെ മുന്നിലെ ചോദ്യം. എത്രയോ കാലമായി, 1948 തൊട്ട് ഇങ്ങോട്ട്, 1967നു ശേഷം പ്രത്യേകിച്ചും, ഇസ്രായേൽ അധിനിവേശവും സൈനിക ആക്രമണങ്ങളും, വെസ്റ്റ് ബാങ്കിലൊക്കെ ഭൂമി കൈയേറ്റവും ഇപ്പോഴും തുടരുന്നുണ്ട്. ആ പ്രശ്നത്തെ കൈകാര്യം ചെയ്യാൻ ഫലസ്തീൻകാർ നടത്തുന്ന സമരത്തിനുള്ള ഐക്യദാർഢ്യമാണ് നമ്മളിൽനിന്നും ഉണ്ടാകേണ്ടത്. ഫലസ്തീനികൾ ഏതു വഴി തിരഞ്ഞെടുക്കണമെന്ന് അവരുടെ സാഹചര്യം അനുസരിച്ച്, അവരുടെ രാഷ്ട്രീയ സ്ഥിതിവിശേഷം അനുസരിച്ച് അവർതന്നെ തീരുമാനിക്കുന്നതാണ്. അവരുടെ പ്രത്യയശാസ്ത്ര വിഭിന്നതയിലല്ല, മറിച്ച് പ്രധാന രാഷ്ട്രീയ ലക്ഷ്യത്തിലാണ് നമ്മൾ ഊന്നൽ നൽകേണ്ടത്.
അതോടൊപ്പം, പോരാടാനുള്ള അവരുടെ അവകാശത്തെയുമാണ് നാം പിന്തുണക്കുന്നത്. ഒരു കുടിയേറ്റ കൊളോണിയൽ വ്യവസ്ഥയിൽ കഴിയുന്ന ജനതക്ക്, ആ ആധിപത്യ വ്യവസ്ഥക്ക് എതിരെ സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന ന്യായമായ രാഷ്ട്രീയ നിലപാടിനെയാണ് നാം പിന്തുണക്കുന്നത്. ശരിയായ ആവശ്യമാണ് അവർ മുന്നോട്ടുവെക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ഇന്നരീതിയിൽ മാത്രമേ സമരം ചെയ്യാൻ പാടുള്ളൂ എന്നൊക്കെയുള്ള ന്യായം പൊതുവിൽ അന്തസ്സത്തയുള്ള ഒരു രാഷ്ട്രീയ ഐക്യദാർഢ്യമല്ല. ആ പ്രശ്നത്തെ മുന്നിൽ കാണുകയും ആ പ്രശ്നത്തിൽ പോരാടാനുള്ള അവകാശം ഫലസ്തീനികൾക്കുണ്ടെന്ന കാര്യം അംഗീകരിക്കലുമാണ് പ്രധാനം. പ്രതിഷേധത്തിന്റെ തന്ത്രവും നിലപാടും ഫലസ്തീൻ ജനതക്കു വിട്ടുകൊടുക്കുക.
വെസ്റ്റ് ബാങ്കും ഗസ്സയും ഉൾപ്പെട്ട ഫലസ്തീൻ അതോറിറ്റിക്ക് വളരെ പരിമിതമായ സ്വയംഭരണ അവകാശം മാത്രമാണുള്ളതെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. അതോടൊപ്പം, തന്നെ ഫലസ്തീൻകാർക്ക് പലതരത്തിലുള്ള യാത്രാവിലക്കുകൾ ഇസ്രായേൽ പ്രതിരോധ സേന ഉയർത്തുന്നുമുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ ഫലസ്തീൻ ജനതയുടെ സാമൂഹിക സാമ്പത്തിക ജീവിതം എങ്ങനെയാണ് മുന്നോട്ടു പോകുന്നത്?
വെസ്റ്റ് ബാങ്കിലും ഗസ്സയിലുമുള്ളവരുടെ ജീവിത സാഹചര്യത്തിൽ ചില സമാനതകളുണ്ട്, പക്ഷേ വളരെ വലിയ വ്യത്യാസവുമുണ്ട്. ഗസ്സയുടെ വലുപ്പക്കുറവുതന്നെ വലിയതോതിലുള്ള സങ്കീർണത സൃഷ്ടിക്കുന്നുണ്ട്. ഏതാണ്ട് 40 കിലോമീറ്റർ നീളവും 12 കിലോ മീറ്റർ വീതിയുമുള്ള ഇത്രയും ചെറിയൊരു പ്രദേശത്ത് 20 മുതൽ 22 ലക്ഷം വരെയുള്ള ജനത തിങ്ങിജീവിക്കുകയാണ്. ഈജിപ്തിൽനിന്ന് ഗസ്സ അതിർത്തിയിലേക്ക് ബസ് വഴി മുമ്പ് ഞാൻ യാത്രചെയ്തിട്ടുള്ളതാണ്. ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണിത്. ഗസ്സയെ നമ്മൾ വിശേഷിപ്പിക്കുന്നതുതന്നെ ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ എന്നാണ്.
ശരിക്കും അത് അങ്ങനെ തന്നെയാണ്. ഈയൊരു ചെറിയ പ്രദേശത്ത് മനുഷ്യർക്ക് ചലിക്കാനുള്ള അവകാശമില്ല, കെട്ടിയിട്ടതുപോലെയാണ്. ഈജിപ്തുമായുള്ള അതിന്റെ അതിർത്തിയാകട്ടെ, ഈജിപ്തും ഇസ്രായേലും തമ്മിലുള്ള നീക്കുപോക്കിന്റെ ഭാഗമായി നിയന്ത്രണങ്ങൾക്ക് വിധേയമായി അടച്ചിരിക്കുകയാണ്. ഈയൊരവസ്ഥയിൽ ടണലുകളൊക്കെ കുഴിച്ചാണ് മനുഷ്യർക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ എത്തിക്കുന്നത്. ബാക്കി ഭാഗങ്ങൾ മുഴുവൻ ഇസ്രായേൽ അടച്ചിരിക്കുന്നു.
കടലിലേക്കുള്ള വഴിയാണ് പിന്നെയുള്ളത്. അതിജീവനത്തിനായി കടലിൽ പോയുള്ള മീൻപിടിത്തവും കടലുമായി ബന്ധപ്പെട്ട മറ്റ് വ്യാപാരങ്ങളിൽ ഇടപെടുന്നതും ഇസ്രായേൽ നേവിയുടെ സ്ഥിരമായിട്ടുള്ള നിരീക്ഷണത്തിലുമാണ്. പല മെഡിക്കൽ ആവശ്യങ്ങൾക്കുപോലും വെസ്റ്റ് ബാങ്കിലെ ഹോസ്പിറ്റലുകളെ ആശ്രയിക്കണം. അവിടേക്ക് പോകാനുള്ള വഴികൾ എല്ലാം ഇസ്രായേൽ സേന പലപ്പോഴും അടക്കുകയാണ്. സാധാരണ നാം ഗസ്സയെക്കുറിച്ച് പറയുന്നത് ഒരു പ്രഷർകുക്കർ അവസ്ഥയിൽ കഴിയുന്ന പ്രദേശം എന്നാണ്, ഏത് സമയത്തും അത് പൊട്ടിത്തെറിച്ചേക്കാം. ആ പൊട്ടിത്തെറിയാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ആ വിധത്തിൽ മനുഷ്യജീവിതം അസാധ്യമാകുന്ന സാഹചര്യമാണ് യഥാർഥത്തിൽ അവിടെയുള്ളത്.
വെസ്റ്റ് ബാങ്കിലെ കാര്യമാണെങ്കിൽ ഏതെങ്കിലും തരത്തിൽ ഭൂമിയുള്ള ഫലസ്തീൻ ഗ്രാമവാസികൾക്ക് കൃഷിചെയ്യണമെങ്കിൽ ഇസ്രായേലിന്റെ അനുമതി വേണം. ഒരു ഗ്രാമത്തിൽനിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് പോകാൻ അനേകം മിലിട്ടറി ചെക്ക് പോയന്റുകൾ കടക്കേണ്ടതുണ്ട്. ഇത്രയും ദുരിതപൂർണമായ അവസ്ഥയിൽ ആശുപത്രിയിലേക്ക് പോകുന്ന വഴിയെ ഗർഭിണികൾപോലും ഇത്തരം ചെക്ക് പോയന്റുകളിൽ വെച്ച് പ്രസവിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഒരു അപാർതൈറ്റ് വ്യവസ്ഥ പ്രത്യക്ഷത്തിൽ അവിടെ കാണാൻ കഴിയും. അവിടെ പോയിട്ടുള്ളവർക്ക് അത് നേരിട്ട് മനസ്സിലാവും. ഫലസ്തീനികൾക്ക് ഒരു റോഡ്, അതിലൊക്കെ നിരവധി ചെക്ക് പോയന്റുകൾ. വെസ്റ്റ് ബാങ്കിലൂടെ ഇസ്രായേലി അധിവാസ മേഖലയിലേക്ക് കടന്നു പോകാൻ മറ്റൊരു റോഡ്. ആ റോഡിൽ ചെക്ക് പോയന്റുകൾ ഒന്നുമില്ല, നേരിട്ട് വണ്ടിയോടിച്ചു പോകാം.
അതിന്റെ ഇടയിൽതന്നെയാണ് അപാർതൈറ്റ് മതിൽ. വെസ്റ്റ് ബാങ്ക് ആകമാനം നീണ്ടുകിടക്കുന്ന ഒരു വലിയ മതിൽകെട്ടി വേർപെടുത്തിയിരിക്കുന്നു. ഇതിനുപുറമെ, മിക്ക ഫലസ്തീൻ ഗ്രാമങ്ങളിലും ഇസ്രായേലി കടന്നുകയറ്റവും യഹൂദ കുടിയേറ്റ നഗരങ്ങളുടെ വ്യാപനവും വൻതോതിൽ നടക്കുന്നുണ്ട്. ഫലസ്തീൻകാർക്ക് വെസ്റ്റ് ബാങ്കിൽ ജീവിക്കാനുള്ള ഭൂമിതന്നെ പ്രായോഗികമായിട്ട് ലഭ്യമല്ല എന്ന രീതി വന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ, സാമ്പത്തിക ജീവിതം വളരെയധികം ബുദ്ധിമുട്ടുന്ന സ്ഥിതിവിശേഷമാണ് വളരെ കാലമായി അവിടെ നിലവിലുള്ളത്. അത് കൂടുതൽ കൂടുതൽ വഷളാവുകയാണ്.
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, അത് വെസ്റ്റ് ബാങ്കിലാണെങ്കിലും ഗസ്സയിലാണെങ്കിലും പരമ്പരാഗതമായി ഉണ്ടായിരുന്ന ജനവിഭാഗങ്ങളുടെ തുടർച്ചക്കാരോടൊപ്പം, ഇസ്രായേൽ സ്ഥാപിക്കപ്പെട്ടപ്പോൾ ഇസ്രായേലിന്റെ ഭാഗമായി മാറിയ പ്രദേശത്തുണ്ടായിരുന്ന ഫലസ്തീൻകാരും അഭയാർഥികളായി ഇവിടങ്ങളിൽ താമസിക്കുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന സ്ഥിരതാമസമായ ഫലസ്തീൻകാർ മാത്രമല്ല, അഭയാർഥികളും ഉൾക്കൊള്ളുന്നതാണ് വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീൻ ജനത. ഗസ്സയിലെ ഇത്തരം അഭയാർഥി ക്യാമ്പുകൾക്ക് നേരെയാണ് ഇസ്രായേൽ ബോംബിടുന്നത്.
ഗസ്സയിലെ ഈ ക്യാമ്പുകളിൽനിന്നുതന്നെയാണ് ഹമാസും ഇസ്ലാമിക് ജിഹാദും ഇസ്രായേലിന് അകത്തുപോയി പ്രത്യാക്രമണം നടത്തിയത്. 1948ൽ ഫലസ്തീൻ മണ്ണിൽ ഇസ്രായേൽ സ്ഥാപിക്കപ്പെട്ടതിനുശേഷം രൂപപ്പെട്ട അഭയാർഥികൾ ഗസ്സയിലെ ജനസംഖ്യയുടെ 80 ശതമാനത്തോളം വരും. അതുകൊണ്ടാണ് ഫലസ്തീൻ വിഷയത്തിൽ നാം പലപ്പോഴും പറയുന്നത്, സ്വന്തം നാട്ടിൽ അഭയാർഥികളായി ജീവിക്കുന്നവരാണ് ഫലസ്തീൻകാരെന്ന്. 1987ലെ അക്രമരഹിതമായ പോരാട്ടമെന്ന് അറിയപ്പെടുന്ന ഇൻതിഫാദ (Intifada) തുടങ്ങിയത് ഗസ്സയിലെ ഈ അഭയാർഥി ക്യാമ്പുകളിൽനിന്നാണ്. ഹമാസ് എന്ന സംഘടനതന്നെ രൂപപ്പെടുന്നത് ഈ ഇൻതിഫാദയുടെ സാഹചര്യത്തിലാണ്. അഭയാർഥി ക്യാമ്പുകളിലെ ജീവിതംകൂടി പരിഗണിക്കാതെ ഫലസ്തീൻകാരുടെ സമകാലിക ജീവിതാവസ്ഥയെ കുറിച്ച് നമുക്ക് സംസാരിക്കാൻ സാധിക്കില്ല. അത് പ്രധാനപ്പെട്ട ഒരുവശമാണ്.
ഗൾഫ് മേഖലയിലെ പല രാജ്യങ്ങളും അബ്രഹാം അക്കോർഡിലൂടെയും മറ്റും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചുകൊണ്ടിരിക്കുകയായിരുന്നുവല്ലോ. അമേരിക്കൻ ടെലിവിഷൻ ചാനൽ ഫോക്സുമായുള്ള അഭിമുഖത്തിൽ ഇസ്രായേലുമായുള്ള ബന്ധം പുരോഗമിക്കുന്നതായി സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ സൂചിപ്പിച്ചിരുന്നു. ഇേപ്പാൾ ഉണ്ടായ സംഘർഷം, വളർന്നുവരുന്ന ഗൾഫ്-ഇസ്രായേൽ ബന്ധത്തിന് എന്തൊക്കെ വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്?
ഗൾഫ് രാഷ്ട്രങ്ങൾ ഈയൊരു സംഘർഷത്തിലൂടെ വലിയൊരു പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കാരണം ഇസ്രാേയലുമായി അബ്രഹാം അക്കോർഡ് ഒപ്പിടുന്ന സമയത്ത് ഫലസ്തീൻ കാര്യംകൂടി പരിഗണിച്ചാണ് ഞങ്ങൾ ബന്ധം മെച്ചപ്പെടുത്തുന്നതെന്ന് അവകാശപ്പെട്ടിരുന്നു. കടലാസിൽ ഫലസ്തീൻ പ്രശ്നമൊക്കെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, എല്ലാവർക്കും വളരെ വ്യക്തമാവുന്നതുപോലെ ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള ഒരു ശ്രമവും അതിലൂടെ നടത്തിയിട്ടില്ല. ഇസ്രായേലുമായി ബന്ധം നല്ലരൂപത്തിലാക്കാനുള്ള ശ്രമം മാത്രമായിരുന്നു അതിന്റെ ഭാഗമായി നടന്നത്. നേരത്തേ 1978ൽ ഈജിപ്ത് ഇസ്രാേയലുമായി ക്യാമ്പ് ഡേവിഡ് ഉടമ്പടികൾ ഒപ്പുവെച്ച സമയത്ത് അതിലും രണ്ട് വ്യവസ്ഥകൾ ഉണ്ടായിരുന്നു.
അതുകൊണ്ടാണ് അത് ക്യാമ്പ് ഡേവിഡ് അക്കോർഡ്സ് എന്ന് ബഹുവചനത്തിൽ പറയുന്നത്. അതിലൊന്ന് ഇസ്രായേലും ഈജിപ്തും തമ്മിൽ സമാധാന കരാർ ഒപ്പുവെക്കാനുള്ളതും രണ്ടാമത്തേത് ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ളതുമാണ്. അതിൽ ഒന്ന് നടപ്പാക്കി ഈജിപ്ത് ഇസ്രായേലുമായി ബന്ധം പുരോഗമിപ്പിക്കുകയും എംബസികൾ സ്ഥാപിക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ഇപ്പോഴും ഈജിപ്ത് ഇസ്രായേലുമായിട്ടുള്ള നല്ലബന്ധം തുടരുന്നത്. പക്ഷേ, അതേ ഉടമ്പടിയുടെ ഭാഗമായിട്ടുള്ള ഫലസ്തീനിന്റെ ഭാവിയെക്കുറിച്ചുള്ള വ്യവസ്ഥക്ക് എന്ത് സംഭവിച്ചു? ആരും തിരിഞ്ഞുനോക്കിയില്ല.
ഇതുതന്നെയാണ് അബ്രഹാം അക്കോർഡിൽ പറയുന്ന ഫലസ്തീനിന്റെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത്. ഫലസ്തീനിന്റെ കാര്യം മുന്നോട്ടുകൊണ്ടുപോകാൻ ഒരു താൽപര്യവും കാണില്ല. മറിച്ച് ഇസ്രായേലുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള താൽപര്യമാണ് അതിൽ മുഖ്യമായിട്ടുള്ളത്. ഇപ്പോൾ സൗദി അറേബ്യ ശ്രമിക്കുന്നതും അതിനായിരുന്നു. പക്ഷേ ഈ പ്രശ്നം ഇപ്പോൾ രൂക്ഷമായപ്പോൾ സൗദി അറേബ്യ ആ ശ്രമം മരവിപ്പിക്കേണ്ട അവസ്ഥയിലാണ്. എല്ലാ അറബ് രാഷ്ട്രങ്ങളും ഇതുപോലെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നത് ഫലസ്തീൻകാർക്ക് വലിയ ഭീഷണിയാണ്.
ഫലസ്തീൻകാർക്ക് ഇപ്പോൾ അറബ് രാഷ്ട്രങ്ങളിൽനിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായംപോലും ഇല്ലാതാവാൻ കാരണമാകും. ഫലസ്തീൻ പ്രശ്നം പൂർണമായി തമസ്കരിക്കുന്ന നിലപാട് അറബ് ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് സ്വീകാര്യമല്ല എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
പശ്ചിമേഷ്യയിലെ മുസ്ലിം രാഷ്ട്രങ്ങൾക്കിടയിലുള്ള രാഷ്ട്രീയം പലപ്പോഴും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗവും ഇറാന്റെ നേതൃത്വത്തിലുള്ള ശിയാ വിഭാഗവും തമ്മിലുള്ള പോരാട്ടമായി പൊതുവെ ചിത്രീകരിക്കപ്പെടാറുണ്ട്. യമൻ, സിറിയൻ ആഭ്യന്തര യുദ്ധങ്ങളിൽ സുന്നി-ശിയാ ദ്വന്ദ്വങ്ങൾ വളരെ ശക്തവുമായിരുന്നു. പക്ഷേ, ഇപ്പോൾ തുടരുന്ന ഫലസ്തീൻ ഇസ്രായേൽ സംഘർഷത്തിൽ സുന്നി വിഭാഗമായ ഹമാസിന് സൗദി അറേബ്യയിൽനിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ പിന്തുണ ഇറാനിൽനിന്നാണ് ഉണ്ടാവുന്നത്. പശ്ചിമേഷ്യൻ മേഖലയിലെ ഈ പുത്തൻ രാഷ്ട്രീയ ബലതന്ത്രത്തെ എങ്ങനെയാണ് വീക്ഷിക്കുന്നത്?
ഹമാസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പിന്തുണ ഇറാന്റേതാണ്, ഒരു പരിധിവരെ ഖത്തറിന്റെയും. പലപ്പോഴും പാശ്ചാത്യ നിരീക്ഷകർ മാത്രമല്ല, ജോർഡൻ രാജാവും അഭിപ്രായപ്പെടുന്നത് ഒരു ശിയാ ക്രസന്റിന്റെ രൂപവത്കരണം പശ്ചിമേഷ്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. അതായത്, ഇറാൻ, ഇറാഖ്, സിറിയ, ലബനാൻ എന്നീ രാജ്യങ്ങൾ അടങ്ങുന്ന ഒരു ശിയാ ക്രസന്റ്. കാരണം സദ്ദാം ഹുസൈനുശേഷം ഇറാഖിൽ ശിയ മുൻതൂക്കമുള്ള ഭരണമാണ് വരുന്നത്. ലബനാനിൽ ഹിസ്ബുല്ലയുടെ വളർച്ച ഉണ്ടാകുന്നത് ഇറാനിയൻ വിപ്ലവത്തിനു ശേഷമാണ്. ഇറാന്റെ ഇത്തരം സ്വാധീനത്തിൽ ശിയാക്കൾ ഏറെ മുന്നോട്ടുപോയി.
ഹമാസിനുള്ള ഇറാന്റെ പിന്തുണ വ്യാഖ്യാനിക്കാൻ ശിയ ക്രസന്റിനെക്കുറിച്ച് സംസാരിക്കുന്ന പാശ്ചാത്യ മാധ്യമങ്ങൾക്ക് വലിയ വിഷമമാണ് സൃഷ്ടിക്കുന്നത്. ഹമാസ് ഒരു സുന്നി സംഘടനയാണ്. ശിയ ഭരണം അതിനെയാണ് പിന്തുണക്കുന്നത്. മുമ്പ് ഇറാൻ-ഇറാഖ് യുദ്ധസമയത്ത് ഇറാഖിനെ പിന്തുണക്കുന്ന നിലപാടാണ് പി.എൽ.ഒ സ്വീകരിച്ചത്. അപ്പോൾ ഇറാൻ-പി.എൽ.ഒ ബന്ധം വഷളാവുകയാണ് ചെയ്തത്. ഫലസ്തീനുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെയായിരുന്നു പി.എൽ.ഒയുമായി ഇറാൻ വിയോജിച്ചതും. അതിനിടയിൽ യാസർ അറഫാത്ത് ഇറാനിൽ പോയി ആയത്തുല്ല ഖുമൈനിയെ നേരിട്ട് കണ്ടെങ്കിലും ബന്ധം വലിയതോതിലൊന്നും ഊഷ്മളമാക്കാൻ കഴിഞ്ഞിരുന്നില്ല.
പിൽക്കാലത്ത് ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളെ ഇറാൻ പിന്തുണച്ചുവരുന്നു. സിറിയയിലെയും യമനിലെയും യുദ്ധത്തിൽ ഹമാസ് നിലപാട് ഇറാന് വിരുദ്ധമായിട്ടുള്ളതായിരുന്നു. അതുകൊണ്ടുതന്നെ ഈ ബന്ധങ്ങളെല്ലാംതന്നെ വളരെ സങ്കീർണമാണ്. ഇങ്ങനെ പല തർക്കങ്ങൾ നിലനിൽക്കുമ്പോഴും ഹമാസും ഇറാനും തമ്മിലുള്ള ബന്ധം ശക്തമായി തുടരുന്നുണ്ടായിരുന്നു. അതിനപ്പുറത്ത് ഫലസ്തീൻ പ്രശ്നത്തിന്റെ കാര്യത്തിൽ ശിയ- സുന്നി വ്യാഖ്യാനങ്ങൾക്കൊന്നും വലിയ പ്രസക്തിയില്ല. ഇറാനിയൻ വിപ്ലവത്തിനുശേഷം ഒരു ചേരിചേരാ നിലപാട് സ്വീകരിച്ചുകൊണ്ട്, ഫലസ്തീൻ വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഇറാൻ നിലപാടെടുത്തത്.
അടിച്ചമർത്തപ്പെടുന്നതിനെതിരെയുള്ള സമരങ്ങളോടുള്ള അനുഭാവം, ഇറാന്റെ രാഷ്ട്രീയ നിലപാടിന്റെയും വിദേശനയത്തിന്റെയും ഭാഗംതന്നെയായിരുന്നു. ആ നിലക്കാണ് ഹമാസുമായുള്ള ബന്ധത്തെ കാണേണ്ടത്. ഇതിൽ കൂടുതലായിട്ടുള്ള സഹായം ഹമാസിന് ലഭിക്കുന്നത് ഹിസ്ബുല്ലയിലൂടെയാണ്. സൗത്ത് ലബനാൻ ശിയ മുസ്ലിംകൾക്ക് മുൻതൂക്കമുള്ള പ്രദേശമാണ്. സൗത്ത് ലബനാനിലാണ് ഏറ്റവും കൂടുതൽ ഫലസ്തീൻ അഭയാർഥി ക്യാമ്പുകളുള്ളത്.
ഹിസ്ബുല്ലക്ക് കൂടുതൽ വേരോട്ടമുള്ള പ്രദേശംകൂടിയാണിത്. പറഞ്ഞുവരുന്നത്, ഹിസ്ബുല്ലയും ഫലസ്തീൻ അഭയാർഥികളും തമ്മിലുള്ള രാഷ്ട്രീയ പ്രവർത്തനവും പ്രതിപ്രവർത്തനവും ലബനാന്റെ ഉള്ളിലും നടക്കുന്നുണ്ട്. പ്രത്യേകിച്ച്, ഇസ്രായേലി ആക്രമണം വരുമ്പോൾ ശിയ-സുന്നി വിഭാഗങ്ങൾ ഒന്നിച്ചുള്ള പ്രത്യാക്രമണം നടത്താറുണ്ട്. ഇറാനിയൻ വിപ്ലവത്തിനു മുമ്പുതന്നെ ഇറാൻ റെവലൂഷനറി സംഘടനകൾ സൗത്ത് ലബനാനിലെ ക്യാമ്പിൽ നിരവധിപേർക്ക് മിലിട്ടറി പരിശീലനം നൽകാറുണ്ടായിരുന്നു.
ഇതിനെയൊക്കെ കാണേണ്ടത് മതത്തിന്റെ ഉള്ളിലെ സെക്ടേറിയൻ ഭിന്നത വെച്ചിട്ടല്ല. പി.എൽ.ഒയുടെ കാലത്തും അങ്ങനെയുള്ള പരസ്പര പിന്തുണ നൽകിയിരുന്നു. ഹിസ്ബുല്ലയിലൂടെയാണ് ഹമാസിനുള്ള പിന്തുണയും ആയുധകൈമാറ്റവും ഇപ്പോഴും നടക്കുന്നത്.