ഫലസ്തീൻ വിഷയത്തിൽ ആരാണ് നിലപാട് മാറ്റുന്നത്?
ഫലസ്തീന്റെ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ച് ഡൽഹി ജെ.എൻ.യുവിൽ പശ്ചിമേഷ്യൻ പഠനവകുപ്പിലെ പ്രഫസറായ എ.കെ. രാമകൃഷ്ണനുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം.ദേശീയ-അന്തർദേശീയ തലത്തിൽ കോളനി ഭരണകൂട സംവിധാനത്തിന് എതിരെ ശക്തമായ രാഷ്ട്രീയ നിലപാടുകൾ എടുത്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇപ്പോൾ കുടിയേറ്റ കൊളോണിയൽ രാഷ്ട്രത്തിന്റെ കൂടെ നിന്നുകൊണ്ട് ഇസ്രായേൽ അനുകൂല നിലപാടാണ് ഇന്ത്യൻ ഭരണകൂടം നിലവിൽ സ്വീകരിക്കുന്നത്. സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ...
Your Subscription Supports Independent Journalism
View Plansഫലസ്തീന്റെ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ച് ഡൽഹി ജെ.എൻ.യുവിൽ പശ്ചിമേഷ്യൻ പഠനവകുപ്പിലെ പ്രഫസറായ എ.കെ. രാമകൃഷ്ണനുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം.
ദേശീയ-അന്തർദേശീയ തലത്തിൽ കോളനി ഭരണകൂട സംവിധാനത്തിന് എതിരെ ശക്തമായ രാഷ്ട്രീയ നിലപാടുകൾ എടുത്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇപ്പോൾ കുടിയേറ്റ കൊളോണിയൽ രാഷ്ട്രത്തിന്റെ കൂടെ നിന്നുകൊണ്ട് ഇസ്രായേൽ അനുകൂല നിലപാടാണ് ഇന്ത്യൻ ഭരണകൂടം നിലവിൽ സ്വീകരിക്കുന്നത്. സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ മാനങ്ങളിൽ വന്ന മാറ്റമാണോ ഇതിനു പിന്നിൽ?
സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷം ജോർഡൻ ഉൾപ്പെടെയുള്ള പല അറബ് രാജ്യങ്ങളും ഇസ്രായേലുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. പി.എൽ.ഒ തന്നെ യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ ഇസ്രായേലുമായി സന്ധിസംഭാഷണം ആരംഭിച്ചു. മഡ്രിഡ് സമാധാന സമ്മേളനവും ഓസ് ലോ കരാറുകളുമൊക്കെ ഈയൊരു സാഹചര്യത്തിലായിരുന്നു. അതേ സന്ദർഭത്തിലാണ് ഇസ്രാേയലുമായി പൂർണമായ നയതന്ത്ര ബന്ധം 1992ൽ നരസിംഹറാവു പ്രധാനമന്ത്രിയായ സമയത്ത് ഇന്ത്യയും സ്ഥാപിക്കുന്നത്. ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ടത്, ദീർഘകാലം കോളനിവാഴ്ച അനുഭവിച്ച ഒരു ജനത എന്നനിലക്ക് ഇന്ത്യക്ക് ഫലസ്തീനിനോട് വളരെ അനുഭാവപൂർണമായ സമീപനമായിരുന്നു ഉണ്ടായിരുന്നത്.
ഇന്ത്യയിലെ രാഷ്ട്രീയം തീവ്ര വലതുപക്ഷത്തേക്ക് നീങ്ങിയ ഒരു സാഹചര്യത്തിലാണ് ഗവൺമെന്റിന്റെ മാത്രമല്ല, ഒരു വിഭാഗം ജനങ്ങളുടെയും നിലപാട് ഇസ്രായേൽ അനുകൂലമായി മാറുന്നത്. അത് ഇന്ത്യൻ സമൂഹത്തിന്റെ തന്നെ വലതുപക്ഷവത്കരണവുമായി ബന്ധപ്പെട്ടതാണ്. ഈ ഫലസ്തീൻ വിരുദ്ധ നിലപാട് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഒരു ഇസ്ലാമിക വിരുദ്ധ കാഴ്ചപ്പാട് എന്ന നിലയിലാണ് ഇവർ ഉപയോഗിക്കുന്നത്. അതിന് സ്വീകാര്യത കിട്ടുക എന്നത് നമ്മുടെ രാഷ്ട്രത്തിന്റെ വലിയ അപചയമാണ് സൂചിപ്പിക്കുന്നത്. എങ്ങനെയാണ് കൊളോണിയൽ അനുഭവമുള്ള ഒരു രാഷ്ട്രം, കൊളോണിയൽ അനുഭവത്തിലൂടെ ഇന്നും കടന്നുപോകുന്ന ഒരു സമൂഹത്തോട് മുഖംതിരിഞ്ഞു നിൽക്കുക? ആ രൂപത്തിലുള്ള ഒരു അധഃപതനം യഥാർഥത്തിൽ നമ്മുടെ രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടുണ്ട്.
പൂർണമായും ഇന്ത്യൻ ജനത അങ്ങനെ മാറിയിട്ടില്ലെങ്കിലും വലിയൊരു വിഭാഗം അങ്ങനെ ആയിട്ടുണ്ട്. എന്റെ ചെറുപ്പകാലത്ത് ഒന്നും ഇല്ലാത്ത ഒരു മാറ്റമാണ് ഇപ്പോൾ ഉള്ളത്. അത് വളരെ പരിതാപകരമായ ഒരു രാഷ്ട്രീയ നിലപാടാണ്. പക്ഷേ, വർണവിവേചനം അനുഭവിച്ച സൗത്ത് ആഫ്രിക്കൻ ജനതയും, അമേരിക്കയിലെ കറുത്ത വംശജരും ഐറിഷ് ജനതയും ഉൾപ്പെടെ സമരത്തിലൂടെ കടന്നുപോയ ജനതകളൊക്കെ ഇന്നും ഫലസ്തീനിന്റെ കൂടെ നിൽക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസം തന്നെ നേരിട്ട് അനുഭവിച്ചവരാണ് നമ്മളും ഫലസ്തീൻകാരും. ഏതാണ്ട് ഇന്ത്യയിൽ വിഭജനം നടക്കുന്ന സമയത്ത് തന്നെയാണ് അവിടെയും വിഭജനത്തിന്റെ പദ്ധതി വരുന്നത്. അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുൻകാല രാഷ്ട്രീയ നേതൃത്വം, ബ്രിട്ടീഷ് വിരുദ്ധമായിട്ടുള്ള മൂന്നാം ലോക രാഷ്ട്രങ്ങളിൽ നടക്കുന്ന കോളനിവിരുദ്ധ പോരാട്ടങ്ങളുടെ കൂടെനിന്നത്.
ഫലസ്തീൻകാരുടെ പോരാട്ടവും ആ രൂപത്തിലുള്ള ഒന്നായിട്ടായിരുന്നു കണ്ടത്. ഇന്ന് സാമ്രാജ്യത്വ വിരുദ്ധത എന്നതും ആധിപത്യവിരുദ്ധത എന്നതും ഒരു രാഷ്ട്രീയമൂല്യംപോലും അല്ലാതായി മാറുന്നു എന്നതാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ അധഃപതനം. ഇസ്ലാമോഫോബിയയിലൂന്നിയ വലതുപക്ഷ പ്രത്യയശാസ്ത്രം പ്രധാനപ്പെട്ട രാഷ്ട്രീയ മൂല്യങ്ങൾ പണയംവെക്കുന്ന രീതിയിലേക്ക് നമ്മുടെ രാഷ്ട്രത്തെ മാറ്റിക്കൊണ്ടിരിക്കുന്നു. ആർ.എസ്.എസും ബി.ജെ.പിയും പോലെയുള്ള സംഘടനകൾ ഇത്തരം നിലപാട് ആദ്യം മുതലേ എടുക്കുന്നതാണ്. പക്ഷേ, ഇത് ഇന്ത്യയിലെ പല ജനവിഭാഗങ്ങളുടെയും കൂടി കാഴ്ചപ്പാടായി മാറുന്നിടത്താണ് വലിയ രാഷ്ട്രീയപ്രശ്നം.
നമ്മുടെ നാട്ടിൽ ഇപ്പോൾ ഫലസ്തീൻ പ്രശ്നം ഏകമുഖമായിട്ടുള്ള ഒരു വീക്ഷണത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഇത് മുസ്ലിംകളും യഹൂദരും തമ്മിലുള്ള ഏതോ ഒരു യുദ്ധം എന്ന നിലക്കാണ് ഉയർത്തിക്കാണിക്കുന്നത്. ഫലസ്തീൻകാരിൽ ബഹുഭൂരിപക്ഷം മുസ്ലിംകളാണെങ്കിലും ഒരു നിർണായക ന്യൂനപക്ഷമായിട്ടുള്ള ക്രിസ്ത്യൻ ജനതയും ഉണ്ട്. ‘പോപുലർഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ’ എന്ന സംഘടനയുടെ സ്ഥാപകൻ ക്രൈസ്തവനായ ജോർജ് ഹബാഷ് ആണ്. ലോകപ്രശസ്തരായ എേഡ്വഡ് സൈദിനെപോലുള്ളവരും ക്രിസ്ത്യൻ ഫലസ്തീൻകാർ ആണ്. അൽ അഖ്സ പള്ളിയിൽ ഇസ്രായേലി പട്ടാളം കയറിയപ്പോൾ അതിനെതിരെ ആദ്യം വിമർശനമുന്നയിച്ചത് ജറൂസലം ആർച്ച് ബിഷപ്പാണ്.
അദ്ദേഹവും കോളനിയിൽ ആധിപത്യം അനുഭവിച്ച ഫലസ്തീനിലെ നിവാസിയാണ്. ക്രിസ്ത്യാനികളും മുസ്ലിംകളുമൊക്കെ ഒന്നിച്ചാണ് ഫലസ്തീനിന്റെ മോചനത്തിനുവേണ്ടി പോരാടുന്നത്. അതിന്റെ കൂടെ നിൽക്കുന്ന യഹൂദർ ഇസ്രായേലിന്റെ അകത്തും പുറത്തുമുണ്ട്. ഇതിൽ നിരവധി ബുദ്ധിജീവികളും ജൂത മത നേതാക്കന്മാരുമുണ്ട്. ലോകത്തിന്റെ പല സ്ഥലത്തുമുള്ള ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ മുൻപന്തിയിൽ യഹൂദ നേതൃത്വത്തെ കാണാൻ സാധിക്കും. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ വ്യത്യസ്ത മതത്തിലുള്ളവർ ഒന്നിച്ചുചേരുകയാണിവിടെ. ഇസ്രായേൽ-ഫലസ്തീൻ സംഘർഷം മതസംഘർഷമായിട്ടാണ് വിലയിരുത്തപ്പെടുന്നത് എന്നാൽപോലും മുഖ്യമായും ഇത് ഒരു രാഷ്ട്രീയ പ്രശ്നമാണ്. ഫലസ്തീൻ/അറബ് ജനതക്കുള്ളിൽ വ്യത്യസ്ത മതവിഭാഗത്തിൽപെട്ടവരുണ്ട് എന്ന യാഥാർഥ്യം ഇവിടെ മറച്ചുവെക്കപ്പെടുന്നു.
അറബ് ജൂതൻ എന്നൊരാളെക്കുറിച്ച് നമ്മുടെ നാട്ടിൽ കേട്ടിട്ടുപോലുമുണ്ടാവില്ല. ഈ അറബികളും യഹൂദരും വേറെ വേറെ ആയിരിക്കണം എന്നുള്ളതാണ് പൊതുധാരണ. അപ്പോൾ ബഗ്ദാദിൽനിന്നും മൊറോക്കോയിൽനിന്നും തുനീഷ്യയിൽനിന്നും അൽജീരിയയിൽനിന്നുമൊക്കെയുള്ള യഹൂദരോ? അറബ് യഹൂദരായ നിരവധി പ്രസിദ്ധരായ എഴുത്തുകാരുണ്ട്. ഇതുപോലുള്ള വ്യത്യസ്തതകൾ അറബ് ജനതക്കകത്തുമുണ്ട്. വ്യത്യസ്ത മതത്തിൽപെട്ട അറബ് ജനത ഒരു രാഷ്ട്രീയപ്രശ്നം എന്നനിലക്ക് ഫലസ്തീന് അനുകൂലമായി നിലപാടുമെടുക്കുന്നുണ്ട്. തങ്ങളുടെ മതവീക്ഷണത്തിൽ പ്രചോദനം ഉൾക്കൊണ്ട് ഫലസ്തീൻ അനുകൂല നിലപാട് എടുക്കുന്നവരും ധാരാളമുണ്ട്. ഇത്തരം വശങ്ങളൊന്നും ഇവിടത്തെ മാധ്യമങ്ങൾ ചർച്ചചെയ്യുന്നില്ല. എന്റെ തന്നെ വിദ്യാർഥി കാലഘട്ടത്തിൽ ഫലസ്തീനെ കുറിച്ച് അതിന്റെ അന്തഃസത്ത ഏറ്റവും കൂടുതൽ ബോധ്യപ്പെടുത്തിയിട്ടുള്ളത് യഹൂദരായിട്ടുള്ള എഴുത്തുകാരാണ്.
മാക്സിം റോഡിൻസന്റെ കൃതികളാണ് ഞാൻ ആദ്യം വായിക്കുന്നതിൽ പ്രധാനപ്പെട്ട ഒന്ന്. ഇസ്രായേലിനെ കൊളോണിയൽ സെറ്റ്ലർ സ്റ്റേറ്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഞാൻ ജെ.എൻ.യുവിൽ വിദ്യാർഥിയായ സമയത്ത് അദ്ദേഹം അവിടെ സന്ദർശിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ കണ്ടിട്ടുമുണ്ട്. അദ്ദേഹം ഒരു ഫ്രഞ്ച് യഹൂദനായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളെ നാസികൾ ഓഷ് വിറ്റ്സിൽ (Auschwitz) കൊല ചെയ്തതാണ്. അതായത് നാസികളുടെ ഹോളോേകാസ്റ്റ് നേരിട്ട് അനുഭവിച്ച ഒരു വ്യക്തിയാണ് ഇസ്രായേലിനെ സെറ്റ്ലർ കൊളോണിയൽ സ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. ഇതുപോലെ തന്നെയാണ് എന്റെ സുഹൃത്തായ നോർമൻ ഫിങ്കൽസ്റ്റെയിനും.
അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഹോളോേകാസ്റ്റിൽനിന്നും രക്ഷപ്പെട്ടതാണ്. ഇതുപോലെ നാസി ഹോളോേകാസ്റ്റ് നേരിട്ട് അനുഭവിച്ച പല യഹൂദരും വലിയ ഫലസ്തീൻ പിന്തുണക്കാരായി മാറിയിട്ടുണ്ട്. യഹൂദരുടെ ഈ ഗതി മറ്റൊരു ജനവിഭാഗത്തിനും വരരുത് എന്ന ശാഠ്യം അവർക്ക് ഉണ്ടായിരുന്നു. ഇതുപോലെതന്നെ അവി ശ്ലൈം, ഇലാൻ പാപ്പെ തുടങ്ങിയവർ ലോകപ്രസിദ്ധരായിട്ടുള്ള യഹൂദ ചരിത്രകാരന്മാരാണ്. ഇവരൊക്കെ ഇസ്രാേയലിൽ നിന്നിട്ടാണ് ഇസ്രായേലിന്റെ അപാർതൈറ്റ് രീതിയെ കുറിച്ചും ഫലസ്തീനിൽ ഇസ്രാേയൽ നടത്തിവന്ന വംശഹത്യയെക്കുറിച്ചും എഴുതുന്നത്. ഇന്ന് നാം ഗസ്സയിൽ കാണുന്നതും ഈ രൂപത്തിലുള്ള വംശഹത്യയാണല്ലോ. ഇതിനൊക്കെ എതിരെ പല യഹൂദരും എഴുതുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട് എന്നൊരു ചുരുങ്ങിയ ധാരണയെങ്കിലും ഉണ്ടാവേണ്ടതുണ്ട്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളത്തിൽ ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഒരു മുഖ്യധാര വികസിച്ചുവന്നിട്ടുണ്ടല്ലോ. അത്തരമൊരു നിലപാട് മുമ്പും ഉണ്ടായതായി കാണാം. പ്രത്യേകിച്ച് കാമ്പസിന് അകത്തും പുറത്തും ഫലസ്തീൻ അനുകൂലമായിട്ടുള്ള ചില ചലനങ്ങൾ നടക്കുന്നുണ്ടല്ലോ. ഈയൊരു സവിശേഷമായ സാഹചര്യത്തിനുള്ള കാരണമെന്താണ്?
അതിൽ ഒരു കാരണം, രാഷ്ട്രീയപരമായിട്ട് തീവ്ര ഹിന്ദുത്വ നിലപാടുള്ളവരുടെ സ്വാധീനം മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവാണ്. പ്രത്യയശാസ്ത്രപരമായി തീവ്ര ഹിന്ദു നിലപാട് പലരും സ്വീകരിക്കുന്നുണ്ടെങ്കിലും സാധാരണക്കാരെ ഇപ്പോഴും മറ്റ് പല സംസ്ഥാനങ്ങളിലും ഉള്ളതുപോലെ ബാധിച്ചിട്ടില്ല. മുമ്പ് മുതലേ ഫലസ്തീനോട് സ്വീകരിക്കുന്ന മനോഭാവം തുടരാനും കൊളോണിയൽ ശക്തികൾക്കെതിരെ സ്വീകരിച്ച രാഷ്ട്രീയമൂല്യം പുതിയ തലമുറയിലേക്ക് കൈമാറാനും മലയാളികൾക്ക് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ അതിനെ വളരെ ശുഭകരമായിട്ടുള്ള ഒരു കാര്യമായിട്ട് മാത്രം കാണുന്നില്ല.
വ്യത്യസ്തമായ ജാതിമതസ്ഥർ ഒന്നിച്ച് താമസിക്കുന്ന, രാഷ്ട്രീയമായി നല്ല അവബോധം ഉണ്ടെന്ന് കരുതപ്പെടുന്ന കേരളത്തിൽപോലും ഇസ്ലാം വിരുദ്ധത വെച്ചുപുലർത്തുന്നവരും ഫലസ്തീനിന് അനുകൂലമായ സമരങ്ങളെ വളരെ അസഹിഷ്ണുതയോടെ നോക്കി കാണുന്നവരുമായിട്ടുള്ള ഒരു വിഭാഗം വളർന്നുകൊണ്ടിരിക്കുന്നുണ്ട് എന്നത് എന്നെപ്പോലെയുള്ളവർക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. പണ്ടും ഈ ഒരു നിലപാട് ഉള്ളവർ ഉണ്ടായിരുന്നു; പക്ഷേ ഇപ്പോൾ അതിന്റെ വ്യാപ്തി വളരെ വലുതായിക്കൊണ്ടിരിക്കുന്നു.
ഇന്ത്യയിലെ മറ്റു ഇടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ചതായി നമുക്ക് തോന്നുന്നുണ്ടെങ്കിലും നമ്മുടെതന്നെ മുൻ കാലഘട്ടത്തെ അപേക്ഷിച്ച് നോക്കുമ്പോൾ പ്രശ്നമുള്ള രീതിയിലാണ് പല വിഭാഗത്തിൽനിന്നുമുള്ള പ്രതികരണം കാണുന്നത്. അതിന് മാധ്യമങ്ങൾ പൊതുവിലും സമൂഹമാധ്യമങ്ങൾ പ്രത്യേകിച്ചും വലിയ രൂപത്തിൽ കാരണമാവുന്നുണ്ട്.
ഇസ്രായേലിലും ഫലസ്തീനിലും കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ വേരോട്ടം ഉണ്ടായിരുന്നു. ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടെ ഇടയിൽ ഫലസ്തീൻ പ്രശ്നത്തിന് പിന്നിലുള്ള വസ്തുനിഷ്ഠ സാഹചര്യത്തെ നിർവചിക്കുന്നതിലും വിലയിരുത്തുന്നതിലും നിലപാടുകൾ സ്വീകരിക്കുന്നതിലും എന്തെങ്കിലും തരത്തിലുള്ള ഭിന്നതയോ വെല്ലുവിളികളോ നേരിടേണ്ടി വന്നിട്ടുണ്ടോ?
ഈ മേഖലയിൽ മുൻകാലങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി വളരെ ശക്തമായിരുന്നു. 1920കളിലും 30കളിലും ഫലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടികളിൽ ഫലസ്തീൻ അറബികളും യഹൂദരും ഉണ്ടായിരുന്നു. അതിൽതന്നെ തദ്ദേശീയരായ യഹൂദർ മാത്രമല്ല, യൂറോപ്പിൽനിന്നും കുടിയേറ്റക്കാരായി വന്ന യഹൂദരും ഉണ്ടായിരുന്നു. 1936-39 കാലഘട്ടത്തിൽ യഹൂദ കുടിയേറ്റത്തിനെതിരെ അറബികളുടെ സായുധ പ്രക്ഷോഭം നടന്നു. അന്നത്തെ പോരാട്ടത്തിൽ നേതൃത്വം കൊടുത്ത ഇസ്സുദ്ദീൻ ഖസമിന്റെ പേരിലാണ് ഹമാസിന്റെ സായുധ വിഭാഗത്തിന് ഖസം ബ്രിഗേഡ്സ് എന്ന് പേരിട്ടിരിക്കുന്നത്. 1936ലെ ഫലസ്തീൻകാരുടെ പ്രക്ഷോഭം ഇസ്ലാമിക നേതൃത്വത്തിന്റെ കീഴിലായിരുന്നു.
അതിനുശേഷം തദ്ദേശീയ ജനവിഭാഗവും യൂറോപ്പിൽനിന്നും വന്ന കുടിയേറ്റക്കാരും തമ്മിലുള്ള സംഘർഷം കൂടിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് അകത്തും വിഭജനം വന്നു. അതുവരെ ഒരു പാർട്ടി എന്നനിലക്ക്, ചിലപ്പോൾ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ഒന്നിച്ചു നിൽക്കുകയും പ്രശ്നങ്ങളെ കൈകാര്യംചെയ്യുന്ന രീതിയും ഉണ്ടായിരുന്നു. ആ സമയത്തുള്ള കമ്യൂണിസ്റ്റ് ഇന്റർനാഷനൽ ആവശ്യപ്പെട്ടിരുന്നത്, ഫലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അറബ് അംഗങ്ങളുടെ പ്രാതിനിധ്യം കൂട്ടുകയും ഫലസ്തീൻ ദേശീയ സ്വാതന്ത്ര്യത്തിന്റെ പ്രശ്നം ഒരു മുഖ്യ വിഷയമായി കൊണ്ടുവരുകയും ചെയ്യുക എന്നതായിരുന്നു.
അതിനുവേണ്ടി യൂറോപ്പിൽനിന്ന് കുടിയേറിയ യഹൂദരുടെ കൈയിലേക്ക് ഫലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആധിപത്യം പോവരുത് എന്നായിരുന്നു കമ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ താൽപര്യം. ആ സമയത്ത് യൂറോപ്യൻ യഹൂദ കുടിയേറ്റ ആധിപത്യം ഉണ്ടായതുകൊണ്ടല്ല, മറിച്ച് അങ്ങനെയൊരു സാധ്യത അവർ അന്ന് മുന്നിൽ കണ്ടിരുന്നു. സംഘർഷം കൂടിവരുന്ന സമയത്ത് ഫലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി വിഭജിക്കപ്പെട്ടു.
കമ്യൂണിസ്റ്റ് പാർട്ടികളിൽ പ്രവർത്തിക്കുന്നവർ ഒരു പ്രത്യയശാസ്ത്ര രീതിയിൽ ഉള്ളവർ മാത്രമല്ല, അതിൽ പല രൂപത്തിലുള്ള ആളുകൾ ഉണ്ടാവും. പക്ഷേ പാരമ്പര്യമായി യൂറോപ്പിൽനിന്ന് കുടിയേറി വന്ന യഹൂദരിൽ പലർക്കും സോഷ്യലിസ്റ്റ് ആശയം ഉണ്ടായിരുന്നു. ലേബർ സയണിസ്റ്റുകൾ ഒക്കെ വളർന്നുവന്ന സമയത്ത് അവർ ഏറ്റവും വലിയ സയണിസ്റ്റുകളായി മാറുകയാണ് ഉണ്ടായത്. അവരുടെ ഭൂമിയാക്കി ഫലസ്തീനിനെ മാറ്റുകയാണ് അവർ ചെയ്തത്. തുടക്കക്കാലത്ത് അങ്ങനെ ആയിരുന്നില്ല. ഒന്നിച്ചു പോകുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.
ഇസ്രായേൽ അനുകൂല നിലപാട് അമേരിക്ക സ്വീകരിക്കുന്നതിൽ ഒരു മതപരമായ കാരണംകൂടിയുണ്ട് എന്നാണോ പറഞ്ഞുവരുന്നത്?
ക്രിസ്ത്യൻ സയണിസ്റ്റുകളുടെ വളർച്ചക്കുശേഷം ഉണ്ടായ ഒരു ഇസ്രായേൽ അനുകൂല നിലപാട് ആണെങ്കിൽ നമുക്ക് അങ്ങനെ പറയാം. പക്ഷേ, അത് അങ്ങനെയല്ലല്ലോ; ഇസ്രായേൽ സ്ഥാപനത്തിന്റെ അന്നുമുതൽതന്നെ അമേരിക്ക ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചുവരുന്നു. അന്നുള്ള അമേരിക്കൻ നേതൃത്വത്തെയും ക്രിസ്ത്യൻ സയണിസ്റ്റുകൾ എന്ന് വിളിക്കാമോ എന്നുള്ളത് കൂടുതൽ ആലോചിക്കേണ്ട വിഷയമാണ്.
അതുകൊണ്ടാണ് ഞാൻ ബ്രിട്ടന്റെ ഉദാഹരണംകൂടി കൂട്ടത്തിൽ പറഞ്ഞത്. അന്ന് ബ്രിട്ടൻ, ബാൽഫർ പ്രഖ്യാപനം ഉൾപ്പെടെ, ഇസ്രായേലിന് നൽകിയ പിന്തുണയിൽ മതപരമായ ചില ഘടകങ്ങൾകൂടി ഉണ്ടായിരുന്നു. പക്ഷേ അമേരിക്കയിൽ ക്രിസ്ത്യൻ സയണിസത്തിന് ഇന്ന് കാണുന്നത്ര സ്വാധീനം മുമ്പ് ഉണ്ടായിരുന്നില്ല. മുമ്പ് തീരെ ഉണ്ടായിരുന്നില്ല എന്നല്ല; ഇന്ന് ഉള്ളതുപോലെ ഒരു ശക്തമായ വിഭാഗം ആയിരുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്.
ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി പലപ്പോഴും അമേരിക്കയുടെ വീറ്റോ പവർ കാരണം ഫലസ്തീൻ വിഷയത്തിൽ ശക്തമായ നിലപാടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്. ലോകത്ത് സമാധാനം കൊണ്ടുവരാൻ സ്ഥാപിക്കപ്പെട്ട ഒരു സമിതി എന്ന നിലയിൽ ഐക്യരാഷ്ട്ര സഭക്ക് ഫലസ്തീൻ വിഷയത്തിൽ ഇനി എന്തുചെയ്യാൻ കഴിയും? ഐക്യരാഷ്ട്ര സഭയിലുള്ള പ്രതീക്ഷകൾ പൂർണമായി ഇല്ലാതാവാനുള്ള ഒരു രാഷ്ട്രീയ സാഹചര്യമാണോ ഇപ്പോൾ കാണുന്നത്?
1967ലെ യുദ്ധത്തിനു ശേഷം ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി പ്രമേയം 242 പാസാക്കിയെങ്കിലും ഫലസ്തീനിന്റെ കാര്യത്തിൽ ഇതുവരെ അതിലെ നിർദേശങ്ങൾ നടപ്പാക്കിയിട്ടില്ല. യുദ്ധത്തിൽ പിടിച്ചടക്കിയ സ്ഥലങ്ങളിൽനിന്നും ഇസ്രായേൽ പിൻവാങ്ങണമെന്നാണ് അതിലെ പ്രധാന നിർദേശം. എന്തുകൊണ്ട് അത് നടപ്പാക്കുന്നില്ല? അതുപോലെതന്നെ പ്രമേയം 338 – പരസ്പര സംഭാഷണത്തിലൂടെ ഫലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണണം എന്നുള്ളതായിരുന്നു. സൈനികബലത്തിലൂടെയുള്ള ആധിപത്യമാണല്ലോ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ ഒരുകാലത്ത്, സയണിസം വംശീയതയാണ് എന്നു പറഞ്ഞുകൊണ്ട് ഒരു പ്രമേയം പാസാക്കിയിരുന്നു.
മഡ്രിഡ് സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ ആ പ്രമേയം റദ്ദാക്കണമെന്ന് ഇസ്രായേൽ ശാഠ്യം പിടിച്ചപ്പോഴാണ് ഐക്യരാഷ്ട്രസഭ പ്രസ്തുത പ്രമേയം മരവിപ്പിച്ചത്. സയണിസം വംശീയതയാണ് എന്ന നിലപാടെടുത്ത ചരിത്രമാണ് ഐക്യരാഷ്ട്ര സഭക്ക് അന്ന് ഉണ്ടായിരുന്നത്. ഐക്യരാഷ്ട്ര സഭ വഴി ഉണ്ടായിട്ടുള്ള ഒരു കാര്യം, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേൽ നടത്തുന്നത് എന്ന് പറയാനെങ്കിലും ഇതുപോലെയുള്ള പ്രമേയങ്ങളിലൂടെ സാധിക്കുന്നുണ്ട് എന്നതാണ്. അല്ലെങ്കിൽ എന്താണ് അന്താരാഷ്ട്ര നിയമം എന്നതിനെ കുറിച്ച് നമുക്ക് ഒരു അളവുകോൽപോലും ഇല്ലല്ലോ. ഐക്യരാഷ്ട്ര സഭ പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും അന്താരാഷ്ട്ര നിയമങ്ങൾ രൂപംകൊള്ളുന്നത്.
അതുകൊണ്ടുതന്നെ ഏറ്റവും ചുരുങ്ങിയത് കടലാസ് വില അതിനുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ച് പഠിക്കുന്ന നമുക്കൊരു കാര്യം അറിയാം, ഐക്യരാഷ്ട്ര സഭ എന്ന് പറയുന്ന സംഘടനപോലും ദേശരാഷ്ട്രങ്ങളുടെ അധികാരവ്യവസ്ഥക്ക് അകത്ത് കഴിയുന്ന സംവിധാനമാണ്. പരമാധികാര രാഷ്ട്രങ്ങൾക്ക് അപ്പുറത്തുള്ള ഒരു പരമാധികാര സങ്കൽപമൊന്നും ഐക്യരാഷ്ട്ര സഭ എന്ന സംഘടനക്കില്ല. അമേരിക്ക പോലുള്ള വലിയ ശക്തികളുടെ ഇച്ഛക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഐക്യരാഷ്ട്ര സഭ എന്ന് നാം വിശ്വസിക്കുന്നതാണ് നമ്മുടെയൊക്കെ പ്രശ്നം.
പക്ഷേ ഒരു ലീഗൽ സ്റ്റാൻഡേഡ് ഉണ്ടാക്കുന്നതിൽ, അതിനുള്ള രേഖകൾ ഉൽപാദിപ്പിക്കുന്നതിൽ വലിയ പങ്ക് ഐക്യരാഷ്ട്ര സഭക്ക് വഹിക്കാനുണ്ടെന്നത് യാഥാർഥ്യമാണ്. അല്ലെങ്കിൽ അന്താരാഷ്ട്ര നിയമം എന്താണെന്ന് വ്യാഖ്യാനിക്കുന്നതിൽ വലിയ പ്രയാസങ്ങൾ ഉണ്ടാകും.
ജനീവ കൺവെൻഷൻ ഉൾപ്പെടെയുള്ള പല അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ഫലസ്തീൻ കൈയേറ്റ ഭൂമിയിൽ ഇസ്രായേൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാൽപോലും ഈ വിഷയത്തിൽ ഇസ്രായേലിനെതിരെ നടപടിയെടുക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതിക്കോ നിലവിലുള്ള മറ്റ് അന്താരാഷ്ട്ര സംഘടനകൾക്കോ സാധിക്കുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഈ രൂപത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ അപ്രസക്തമാണോ? റിയലിസ്റ്റുകൾ വാദിക്കുന്നതുപോലെ ആയുധബലം മാത്രമാണോ ലോകരാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്?
അതിനു വലിയൊരു പ്രശ്നമുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഇസ്രായേലിനെതിരെയുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അത് നീണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. 2014ലെ ഇസ്രായേലിന്റെ ഗസ്സക്കെതിരെയുള്ള ആക്രമണത്തിന്റെ സന്ദർഭത്തിലാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷണം ആരംഭിച്ചത്. മാനവരാശിക്കെതിരെയുള്ള കുറ്റമാണ് ഇസ്രായേൽ ചെയ്തതെന്ന് രണ്ടു വർഷത്തെ പ്രാഥമിക അന്വേഷണത്തിൽ കോടതി കണ്ടെത്തിയതാണ്. ഇവിടെയുള്ള പ്രധാനപ്പെട്ട പ്രതിസന്ധി ഇസ്രായേൽ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതാണ്.
ഇസ്രായേലിലെ തന്നെ പല സാമൂഹിക സംഘടനകളും ഫലസ്തീൻ അനുകൂല നിലപാടുകളുടെ ഉറച്ച ശബ്ദങ്ങളാണ്. അവ ചില പ്രതീക്ഷകൾ നൽകുന്നുണ്ടല്ലോ? ഇത്തരത്തിലുള്ള വിവിധതരം പൗരസമൂഹ രൂപങ്ങൾ ഇന്ന് ഇസ്രായേലിൽ ശക്തമാണോ?
ഇസ്രായേലി പൗരസമൂഹത്തിൽ ജനാധിപത്യ രീതിയിൽ വലിയ പ്രക്ഷോഭങ്ങൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി നാം കണ്ടുവരുന്നു. അതിൽ ഒരു വിഭാഗം, ഫലസ്തീൻ പ്രദേശം അധിനിവേശപ്പെടുത്തിയത് അവസാനിപ്പിക്കുകയെന്നത് ഇസ്രായേൽ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് വാദിക്കുന്നവരാണ്. അത്തരം വിഭാഗത്തോട് ചേർന്നുനിൽക്കാൻ മടിക്കുന്നവരും ഉണ്ടായിരുന്നു. ഇവർ ഇസ്രായേലിന്റെ ആഭ്യന്തര ജനാധിപത്യവത്കരണവുമായി ഫലസ്തീൻ പ്രശ്നത്തെ ബന്ധപ്പെടുത്താത്തവരാണ്. ഫലസ്തീനിയൻ പ്രദേശം പിടിച്ചെടുക്കുന്നിടത്തോളം കാലം ഇസ്രായേലിന്റെ ജനാധിപത്യവത്കരണത്തിന് വലിയ അർഥം ഒന്നുമില്ലെന്ന് വാദിക്കുന്നവരാണ് ആദ്യം പറഞ്ഞ വിഭാഗം.
‘ഹാരറ്റ്സ്’ (Haaretz) പോലുള്ള ഇസ്രായേലി പത്രങ്ങളിൽ, ഫലസ്തീൻ ഭാഗത്തുനിന്നുള്ള റിപ്പോർട്ടുകൾ ധാരാളം വരാറുണ്ട്. അത് ഇപ്പോഴും തുടരുന്നുണ്ട്. നമുക്കൊക്കെ അറിയുന്നതുപോലെ, ഹമാസിന്റെ ആക്രമണത്തിന് കാരണം നെതന്യാഹുവാണ് എന്ന രീതിയിൽ ‘ഹാരറ്റ്സി’ന്റെ മുഖപ്രസംഗം വന്നിരുന്നല്ലോ. അതിന് വലിയ വിമർശനങ്ങളൊക്കെ ഇസ്രായേലിൽ ഉയർന്നുവന്നിരുന്നു. ഗിദെയോൺ ലെവിയെ പോലുള്ള ഏറ്റവും ശക്തമായി ഫലസ്തീനിനെ പിന്തുണക്കുന്ന മാധ്യമപ്രവർത്തകരൊക്കെ ‘ഹാരറ്റ്സി’ലാണ് എഴുതുന്നത്. ഇസ്രായേലിൽ വലിയ പ്രചാരമുള്ള പത്രങ്ങളിലൊന്നാണിത്. അതായത് ഇത്തരം മേഖലകളിലൊക്കെ ഫലസ്തീൻ ശബ്ദങ്ങൾ കേൾക്കാൻ നമുക്ക് സാധിക്കും.
ഒരുകാലത്ത് ഇസ്രായേലിലെ സമാധാന പ്രസ്ഥാനങ്ങൾക്ക് വലിയ ശക്തി ഉണ്ടായിരുന്നു. ഇസ്രായേലിന്റെ തീവ്ര വലതുപക്ഷവത്കരണവും നെതന്യാഹുവിനെ പോലുള്ളവരുടെ നേതൃത്വത്തിലുള്ള ഭരണവും കുറെ കാലമായി തുടരുകയാണ്. അതികഠിന ഫലസ്തീനിയൻ വിരുദ്ധതയൊക്ക കൊണ്ടുനടക്കുന്ന ബ്റൂക് ഗോൾസ്റൈൻ സ്വീകരിച്ച നിലപാട് നമുക്കറിയാം. 1994ൽ വെസ്റ്റ് ബാങ്കിൽ ഫലസ്തീൻകാരെ മെഷീൻഗൺ ഉപയോഗിച്ച് വെടിവെച്ചു കൊന്ന ഭീകരപ്രവർത്തനത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ബ്റൂക് ഗോൾസ്റൈൻ. അവരെ ഇസ്രായേൽ നിയമവ്യവസ്ഥ തന്നെ ഭീകരർ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അവരുടെയൊക്കെ കൂട്ടാളികളും പിൻതലമുറക്കാരുമാണ് ഇന്ന് ഇസ്രായേലി ഭരണസംവിധാനത്തിൽ ശക്തമായി നിലകൊള്ളുന്നത്.
ഇതിനുമുമ്പൊക്കെ, ഫെമിനിസ്റ്റ് സംഘടനകളും സമാധാന പ്രസ്ഥാനങ്ങളും ഇസ്രായേലിലെ ശക്തമായ ഫലസ്തീൻ പക്ഷ ശബ്ദങ്ങളായിരുന്നു. സ്ത്രീപക്ഷ പ്രവർത്തകയും Women In Black എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളുമായ ജൂഡി ബ്ലാങ്ക്, നിയമജ്ഞനും ഫലസ്തീൻ മനുഷ്യാവകാശ പ്രവർത്തകനും ‘Walking to Palestine’ ഉൾപ്പെടെയുള്ള നിരവധി പുസ്തകങ്ങൾ രചിച്ച രാജാഷഹദേ എന്നിവരൊക്കെ ഇസ്രാേയലിന്റെ അധിനിവേശ രാഷ്ട്രീയത്തിനെതിരെ ശബ്ദിച്ചവരിൽ ചിലരാണ്. അവർ ഒന്നിച്ചു കേരളത്തിലും വന്നിട്ടുണ്ട്. ഫലസ്തീൻ മനുഷ്യാവകാശ സംഘടനയായ അൽ ഹഖ് പോലുള്ള പ്രസ്ഥാനങ്ങളെ തീവ്രവാദ സംഘടനകൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇസ്രാേയൽ ഭരണകൂടം നിരോധിച്ചിരിക്കുന്നു. ഇസ്രായേലികളും ഫലസ്തീനികളും ഒന്നിക്കുന്ന സമാധാന പ്രസ്ഥാനങ്ങളിലും സ്ത്രീപക്ഷ പ്രസ്ഥാനങ്ങളിലുമൊക്കെയുള്ളവർ സമരങ്ങളിലും മറ്റും അന്യോന്യം പങ്കെടുക്കുന്ന രീതികളൊക്കെ ഒരു സന്ദർഭത്തിൽ ഉണ്ടായിരുന്നു.
അത്തരം ശക്തികൾക്ക് പൂർണ തിരിച്ചടിയാണ് വലതുപക്ഷ ശക്തികൾ ഇസ്രായേൽ രാഷ്ട്രീയം കൈയടക്കിയതോടുകൂടി സംഭവിച്ചത്. അത് ഇസ്രായേലിന്റെ ഉള്ളിലുള്ള പൗരാവകാശ സാമൂഹികധാരക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇസ്രായേൽ രാഷ്ട്രീയത്തിനുള്ളിൽ ഇങ്ങനെ പരിധിവിട്ട രൂപത്തിൽ ഒരു വലതുപക്ഷധാര ക്രമേണ ശക്തിപ്പെട്ടുവന്നിരിക്കുന്നു.
ഈ വലതുപക്ഷധാര ജുഡീഷ്യറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ അധികാരം കൈയാളുന്ന തരത്തിലേക്ക് ഇസ്രായേൽ രാഷ്ട്രം ശക്തിപ്പെട്ടപ്പോഴാണ് ഇസ്രായേലി ജനത ഇന്ന് കാണുന്നതുപോലെയുള്ള ജനാധിപത്യ സമരങ്ങൾ അവിടെ രൂപംകൊണ്ടത്. ഇത്തരം പൗരസമൂഹ മുന്നേറ്റങ്ങൾ ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശ രാഷ്ട്രീയവും ചർച്ചചെയ്യാൻ കാരണമായിട്ടുണ്ട്.
2002ൽ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക, ക്രൈസ്തവ, ജൂത മത പണ്ഡിതർ അലക്സാൻഡ്രിയ പ്രഖ്യാപനം (Alexandria Declaration) നടത്തുകയുണ്ടായി. ഇതുപോലെയുള്ള മതനേതാക്കന്മാർക്ക് ഈ സംഘർഷം അയവ് വരുത്തുന്നതിൽ വല്ല പങ്കും വഹിക്കാൻ പറ്റുമോ?
മത നേതാക്കളൊക്കെ ഒരു പൊതുപ്രസ്താവന ഇറക്കുന്നത് നല്ലതാണ്. മതങ്ങൾ തമ്മിലുള്ള സംഘർഷവും അതിന് രാഷ്ട്രീയപരമായുള്ള വ്യാഖ്യാനങ്ങളുമൊക്കെ നിലനിൽക്കുന്ന സന്ദർഭത്തിൽ മത നേതാക്കളുടെ ഉദ്യമങ്ങൾക്ക് പ്രാധാന്യമുണ്ട്. പക്ഷേ, ഒരു പരിധിക്കപ്പുറം ഇത്തരം രാഷ്ട്രീയ സംഘർഷങ്ങൾ ഈ വഴിയിലൂടെ പരിഹരിക്കപ്പെടും എന്ന ധാരണയും വേണ്ട. ഫലസ്തീൻ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്.
ദൈനംദിനമായ ഒരു കൊളോണിയൽ നയത്തെ തടയണമെങ്കിൽ അതിന് രാഷ്ട്രീയ പരിഹാരം മാത്രമേ ഉള്ളൂ. പക്ഷേ, മതനേതൃത്വങ്ങൾക്ക് അതിന് ഗുണപരമാവുന്ന രീതിയിലുള്ള ചില നിലപാടുകൾ പ്രഖ്യാപിക്കാവുന്നതാണ്. ഒന്നിച്ചു പൊരുതുന്ന ക്രിസ്ത്യാനികളും മുസ്ലിംകളും എന്ന കാഴ്ചക്കപ്പുറം അവർ തമ്മിലുള്ള മതസംഘർഷമായി ചിത്രീകരിക്കുന്ന രീതിയാണല്ലോ കേരളത്തിൽ ഉൾപ്പെടെ നാം കണ്ടുവരുന്നത്. അതിലൊക്കെയുള്ള പൊള്ളത്തരങ്ങൾ തുറന്നുകാട്ടേണ്ടതുണ്ട്.
ഫലസ്തീൻ-ഇസ്രായേൽ സംഘർഷം ജറൂസലമിന്റെ ഭാവിയെ സംബന്ധിക്കുന്നതുകൂടി ആയതുകൊണ്ട് അതിൽ മതം ഒരു പ്രധാനപ്പെട്ട ഘടകംതന്നെയാണ്. പക്ഷേ, അത് ഒരു ഘടകം മാത്രമാണ്. പ്രധാനമായും ഇത് രാഷ്ട്രീയപ്രശ്നമായതുകൊണ്ട് തന്നെ പലവിധത്തിലുള്ള ഇടപെടൽ ഉണ്ടാകാം. അത്തരം ഘടകങ്ങൾ ഒന്നും ഇടപെടാത്ത ഒരു പരിശുദ്ധ രാഷ്ട്രീയവും ലഭ്യമല്ല. പാശ്ചാത്യ രാജ്യങ്ങളിലെ മനുഷ്യാവകാശ സംഘടനകളായ ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷനൽ, ഇസ്രായേൽ മനുഷ്യാവകാശ സംഘടനയായ B'Tselem തുടങ്ങിയവ ഉയർത്തുന്ന ഒരു പൊതു അഭിപ്രായമുണ്ട്; കടന്നാക്രമണങ്ങളും അപാർതൈറ്റ് നയങ്ങളും മാനവരാശിക്കെതിരെയുള്ള കുറ്റമാണ്.
ജോർഡൻ നദി മുതൽ മെഡിറ്ററേനിയൻ തീരം വരെ (ഇസ്രായേലിന് അകത്തും അധിനിവേശ പ്രദേശങ്ങളിലും) ആകമാനം അപാർതൈറ്റ് നയങ്ങളാണ് ഇസ്രാേയൽ നടപ്പാക്കുന്നത്. ഇസ്രായേലിനുള്ളിൽ ഏകദേശം 20 ശതമാനത്തോളം ഫലസ്തീൻ ജനതയാണുള്ളത്. ഇസ്രായേൽ പൗരന്മാരായ ഫലസ്തീൻകാരാണ് അവർ. പക്ഷേ, അവർക്കും പൂർണമായ പൗരത്വവും പൗരാവകാശവും ഇസ്രാേയൽ ഭരണകൂടം നിഷേധിക്കുന്നു. അവരോടും അപാർതൈറ്റ് നയമാണ് ഇസ്രായേൽ രാഷ്ട്രം സ്വീകരിക്കുന്നത്.
മനുഷ്യാവകാശ സംഘടനകളുടെ ഇതുപോലെയുള്ള റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കുന്ന യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്നതിന് പകരം, മുൻധാരണകളോടുകൂടിയാണ് പലരും ഫലസ്തീൻ-ഇസ്രാേയൽ വിഷയത്തെ സമീപിക്കുന്നത്. ഇസ്ലാം വിരുദ്ധതയോടുകൂടിയുള്ള മുൻധാരണകൾ ഇതിൽ ശക്തമാണ്. ഇത്തരം യാഥാർഥ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിലൂടെ അടിയുറച്ച മുൻധാരണകൾ മാറ്റാൻ കഴിയുമോ എന്ന് എനിക്കറിയില്ല. എന്നിരുന്നാലും ഇതൊക്കെ പറയേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു.
ജറൂസലമിനെ കേന്ദ്രീകരിച്ചുള്ള മതപരമായ തർക്കം, ഫലസ്തീൻ അഭയാർഥികളുടെ തിരിച്ചുവരാനുള്ള അവകാശവുമായി ബന്ധപ്പെട്ട തർക്കം എന്നിവയൊക്കെയാണ് പലപ്പോഴും പ്രശ്നപരിഹാരത്തിന് ഒരു തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്. ഇതൊക്കെയാണോ മേഖലയിലെ സംഘർഷ പരിഹാരത്തിനുള്ള പ്രധാന തടസ്സങ്ങൾ?
അഭയാർഥികളായ ഫലസ്തീൻകാരുടെ തിരിച്ചുവരവ് അടിസ്ഥാനപരമായ വിഷയമാണ്. ലോകത്തെവിടെയുള്ള ജൂതന്മാർക്കും ഇസ്രായേലിലേക്ക് തിരിച്ചുവരാനുള്ള അവകാശമുണ്ട്. സ്വന്തം നാട് നഷ്ടപ്പെട്ട ഫലസ്തീൻകാർക്ക് തിരിച്ചുവരാനുള്ള ഒരു അവകാശവുമില്ല. തിരിച്ചുവരാനുള്ള അവകാശവുമായി ബന്ധപ്പെട്ട പല ഐക്യരാഷ്ട്ര സഭ പ്രമേയങ്ങളുമുണ്ട്. അത്തരം അവകാശവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല സ്ഥലങ്ങളിലും അഭയാർഥികളായിട്ടുള്ള ഫലസ്തീൻ ജനവിഭാഗം യോഗങ്ങൾ വിളിച്ചു ചേർക്കാറുണ്ട്. എഡ്വേഡ് സൈദ്, നോം ചോംസ്കി, ഇലാൻ പാപ്പെ എന്നിവർ ഉൾപ്പെട്ട അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന അത്തരം ഒരു യോഗത്തിൽ ഞാനും പങ്കെടുത്തിരുന്നു.
വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും അഭയാർഥികളെ കുറിച്ച് നാം അറിയുന്നുണ്ടെങ്കിലും, അതിനു പുറത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ഫലസ്തീൻ അഭയാർഥികളുടെ അവസ്ഥ എന്താണെന്ന് അറിയേണ്ടതും വളരെ പ്രധാനമാണ്. ഫലസ്തീനിന്റെ ഭാവിയെ കുറിച്ചുള്ള ആലോചനകളിൽ ഇതും പ്രസക്തമാണ്. ഫലസ്തീൻ ജനവിഭാഗങ്ങൾക്ക് മടങ്ങിവരാനും, ഫലസ്തീൻ ജനതക്കും യഹൂദ ജനതക്കും ഒന്നിച്ചുജീവിക്കാനും സാധിക്കുന്ന ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താനും, അങ്ങനെയൊരു ജനാധിപത്യ രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കാനും എഡ്വേഡ് ൈസദിനെ പോലുള്ളവർ നമ്മോട് ആഹ്വാനം ചെയ്യുന്നു. അങ്ങനെയുള്ള ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെയാണ് അദ്ദേഹം വിഭാവനം ചെയ്തത്.
ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ചിട്ട് യഹൂദവിരുദ്ധ നിലപാടുമായി, ഇന്ന് ഇസ്രായേൽ ചെയ്യുന്നതുപോലെ മറ്റൊരു രാഷ്ടം ഉണ്ടാകുന്നതിൽ വലിയ കാര്യമൊന്നുമില്ല. വിവേചനം ഇല്ലാത്ത ഒരു രാഷ്ട്രീയവ്യവസ്ഥയാണ് അവർ മുന്നിൽ കാണുന്നത്. ഒരു രാഷ്ട്രം വേണോ, രണ്ടു രാഷ്ട്രം വേണോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഒരു പരിധിക്കപ്പുറം വലിയ പ്രസക്തിയൊന്നുമില്ല. കാരണം, ഒരു ജനത അവരുടെ സമരങ്ങളിലൂടെ ആർജിക്കുന്ന അനുഭവംവെച്ച് അവർതന്നെ തീരുമാനിക്കുന്നതാണ്, അവരുടെ രാഷ്ട്രീയ ഭാവി. അത് സമരത്തിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ഒരു പ്രക്രിയയാണ്.
അതുകൊണ്ട് ഫലസ്തീൻകാരുടെ ഹ്യൂമൻ ഏജൻസി അംഗീകരിക്കുകയാണ് നാം ചെയ്യേണ്ടത്. ഞാൻ നേരത്തേ സൂചിപ്പിച്ചതുപോലെ അവരുടെ സമരരീതി, അതിന്റെ ഭാവി എന്നിവയൊക്കെ നാം മുൻകൂട്ടി തീരുമാനിക്കുന്നതിൽ അർഥമില്ല. അവർതന്നെ, അവരുടെ സാഹചര്യത്തിനനുസരിച്ച് ഉരുത്തിരിച്ചെടുക്കേണ്ട രാഷ്ട്രീയ പരിഹാരങ്ങളാണവ.
(അവസാനിച്ചു)
കേരള സർവകലാശാലയിലെ ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് അധ്യാപകരാണ് ഡോ. രാജീവൻ കുന്നത്തും ഡോ. ഷമീർ മൊടോങ്ങലും.