‘കേരളത്തിന്റെ വികസന മാതൃകകൾ തന്നെ ചർച്ച ചെയ്യപ്പെടണം’
കേരളത്തിലെ പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ധനും ചിന്തകനും കീഴാള സമൂഹത്തിന്റെ സൈദ്ധാന്തികനുമായിരുന്നു ഡിസംബർ 3 ന് വിടവാങ്ങിയ ഡോ. എം. കുഞ്ഞാമൻ. തുടക്കം മുതൽ മാധ്യമം ആഴ്ചപ്പതിപ്പിന്റെ സുഹൃത്തായ അദ്ദേഹത്തിന്റെ നിരവധി കുറിപ്പുകളും പഠനങ്ങളും അഭിമുഖങ്ങളും ആഴ്ചപ്പതിപ്പിൽ വന്നു. വിയോഗ വേളയിൽ അദ്ദേഹത്തിന്റെ അവസാന അഭിമുഖം പുനഃപ്രസിദ്ധീകരിക്കുകയാണ് ഞങ്ങൾ. ആഴ്ചപ്പതിപ്പ് മുൻകൈ എടുത്ത ‘കേരളത്തിെൻറ കടവും സാമ്പത്തിക പ്രതിസന്ധിയും’എന്ന സംവാദത്തിൽ പെങ്കടുത്തുകൊണ്ടാണ് ഇൗ സംഭാഷണം കുഞ്ഞാമൻ നടത്തിയത്. കേരളത്തെ സംബന്ധിച്ച് നിർണായകമാണ് ഇൗ സംഭാഷണത്തിലെ...
Your Subscription Supports Independent Journalism
View Plansകേരളത്തിലെ പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ധനും ചിന്തകനും കീഴാള സമൂഹത്തിന്റെ സൈദ്ധാന്തികനുമായിരുന്നു ഡിസംബർ 3 ന് വിടവാങ്ങിയ ഡോ. എം. കുഞ്ഞാമൻ. തുടക്കം മുതൽ മാധ്യമം ആഴ്ചപ്പതിപ്പിന്റെ സുഹൃത്തായ അദ്ദേഹത്തിന്റെ നിരവധി കുറിപ്പുകളും പഠനങ്ങളും അഭിമുഖങ്ങളും ആഴ്ചപ്പതിപ്പിൽ വന്നു. വിയോഗ വേളയിൽ അദ്ദേഹത്തിന്റെ അവസാന അഭിമുഖം പുനഃപ്രസിദ്ധീകരിക്കുകയാണ് ഞങ്ങൾ. ആഴ്ചപ്പതിപ്പ് മുൻകൈ എടുത്ത ‘കേരളത്തിെൻറ കടവും സാമ്പത്തിക പ്രതിസന്ധിയും’എന്ന സംവാദത്തിൽ പെങ്കടുത്തുകൊണ്ടാണ് ഇൗ സംഭാഷണം കുഞ്ഞാമൻ നടത്തിയത്. കേരളത്തെ സംബന്ധിച്ച് നിർണായകമാണ് ഇൗ സംഭാഷണത്തിലെ വാദങ്ങൾ.
കേരളത്തിലെ ഭരണസംവിധാനത്തിലേക്ക് നോക്കുേമ്പാൾ സാധാരണ മനുഷ്യർ കാണുന്നത് സർക്കാറിന്റെ അനിയന്ത്രിതമായ ധൂർത്താണ്. ലളിതമായ ചോദ്യങ്ങളാണ് സാധാരണക്കാർ ഉന്നയിക്കുന്നത്. കൊച്ചു കേരളത്തിന് എത്ര മന്ത്രിമാരാണുള്ളത്? എത്ര ഉയർന്ന ഉദ്യോഗസ്ഥന്മാരുണ്ട്? അവരെല്ലാം എത്ര വാഹനങ്ങളാണ് ഉപയോഗിക്കുന്നത്? മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിലടക്കം എത്ര ജീവനക്കാരെയാണ് പെൻഷൻ ആനുകൂല്യത്തോടെ നിയമിക്കുന്നത്? ധൂർത്ത് കുറക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താഴുന്ന കേരളത്തെ സംബന്ധിച്ച് അത് അതാവശ്യമാണ്.
ഉദാഹരണമായി സെക്രേട്ടറിയറ്റിൽനിന്ന് രണ്ടു മന്ത്രിമാർ ആലപ്പുഴയിൽ ഒരു യോഗത്തിന് പോകുന്നുവെന്ന് കരുതുക. അവർ രണ്ട് കാറിലാണ് യാത്രചെയ്യുക. ഒരു കാറിൽ രണ്ടു മന്ത്രിമാർക്ക് പോയിക്കൂടെ? അങ്ങനെയാണെങ്കിൽ സെക്യൂരിറ്റി ഒന്നോ രണ്ടോ പേർ പോരെ? ഈ ചെറിയ സംസ്ഥാനത്തിന് ഇത്രയധികം മന്ത്രിമാരുടെ ചെലവ് താങ്ങാൻ കഴിയുമോ? ഭരണകർത്താക്കൾക്ക് സംരക്ഷണത്തിനുവേണ്ടി ചെലവഴിക്കുന്ന പണം എത്രയാണ്. ഇന്ധന ഉപയോഗം കുറക്കണമെന്നാണ് ഇവരെല്ലാം പറയുന്നത്. എന്നാൽ, വാഹനങ്ങൾ നിയന്ത്രിച്ച് ഉപയോഗിക്കുന്നില്ല. ഇത് ആരോടും ബോധ്യപ്പെടുത്തേണ്ടതില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. മറ്റൊരു കാര്യം ഇതൊക്കെ ആവശ്യമുണ്ടോ എന്നതാണ്. ഇത്തരത്തിൽ പ്രാഥമികമായ കാര്യങ്ങളിൽ നിന്നുപോലും നമ്മുടെ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റിയുള്ള ചർച്ചകൾ നടക്കണം.
സർക്കാറിന്റെ ധനപ്രതിസന്ധി,തൊഴിലില്ലായ്മ, വികസനം
മൂന്നു പ്രതിസന്ധികളെ കുറിച്ചാണ് സാധാരണ സംസാരിക്കാറ്. സാമ്പത്തിക പ്രതിസന്ധി, വികസന പ്രതിസന്ധി, ധന പ്രതിസന്ധി. കേരളത്തിൽ 80കളിലും 90കളുടെ ആദ്യവും ഉണ്ടായിരുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക പ്രതിസന്ധിയും വികസന പ്രതിസന്ധിയും സമൂഹത്തെ ബാധിക്കുന്നതാണ്. ധന പ്രതിസന്ധി അതല്ല. അത് സർക്കാറിന്റേതാണ്. ആ പ്രതിസന്ധി ഉണ്ടാകുന്നതിന് ഉത്തരവാദി സർക്കാറാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴി കണ്ടെത്തേണ്ടത് സർക്കാറിന്റെ കടമയാണ്. കേരളത്തിൽ ഇന്നൊരു വികസന പ്രതിസന്ധി ഇല്ല. അടുത്തകാലത്തെ നിരീക്ഷണങ്ങളിലൊക്കെ അത് വ്യക്തമാകുന്നുണ്ട്.
വിജ്ഞാന സമ്പദ്ഘടനയിൽ അധിഷ്ഠിതമായ വികസന നയമാണ് കേരളത്തിലെ ഇൗ സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. അതിൽ സ്റ്റാർട്ടപ്പുകൾക്ക് വലിയ പ്രാധാന്യം നൽകുന്നു. സാങ്കേതികവിദ്യക്ക് ഊന്നൽ നൽകുന്നു. കേരളത്തിലെ തൊഴിലില്ലായ്മ എന്ന് പറയുന്നത് ഒരു വികസിത സമൂഹത്തിലെ തൊഴിലില്ലായ്മയാണ്. യുവാക്കൾക്കും യുവതികൾക്കും അവർ ഇഷ്ടപ്പെടുന്ന മേഖലയിൽ തൊഴിൽ ലഭിക്കുന്നില്ല. കേരളത്തിൽ ധാരാളമായി തൊഴിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് തൊഴിലുകൾക്ക് കേരളത്തിലേക്ക് ആളുകൾ എത്തുന്നു. കൂലിപ്പണിക്ക് ആളെ കിട്ടാൻ കേരളത്തിൽ പ്രയാസമാണ്. എന്നാൽ, ഇവിടെ വിദ്യാഭ്യാസം കിട്ടിവരുന്ന ചെറുപ്പക്കാർക്ക് അവർ ആഗ്രഹിക്കുന്ന തൊഴിൽ നൽകാൻ കേരളത്തിന് കഴിയുന്നില്ല. അത് ഒരു സമൂഹത്തിനും സർക്കാറിനും കഴിയാത്ത കാര്യമാണ്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കലല്ല സർക്കാറിന്റെയും കടമ. തൊഴിലവസരങ്ങൾ പ്രദാനംചെയ്യുന്ന ശക്തികളെ സൃഷ്ടിക്കലാണ് സർക്കാർ ചെയ്യേണ്ടത്. ദുർബലവിഭാഗങ്ങൾക്ക് ഈ രംഗത്തിലേക്ക് കടന്നുചെല്ലാൻ കഴിയുന്നില്ല. അവർ തൊഴിലിനെ കുറിച്ച് സംസാരിക്കുമ്പോൾ കായിക അധ്വാനത്തെ കുറിച്ച് മാത്രമാണ് പറയുന്നത്. മാതൃകാ സമൂഹത്തെ കുറിച്ച് കാൾ മാർക്സ് പറഞ്ഞത് വ്യത്യസ്തമായ അഭിപ്രായമാണ്. കൂടുതൽ വേതനം കിട്ടുന്ന തൊഴിലാളികളുടെ സമൂഹത്തെ കുറിച്ച് അല്ല അദ്ദേഹം പറഞ്ഞത്. ഉൽപാദകരുടെ സമൂഹം സൃഷ്ടിക്കണമെന്നാണ് പറഞ്ഞത്.
മുന്നോട്ടുപോകുന്ന എല്ലാ സമൂഹങ്ങളും ഇന്ന് വിജ്ഞാനത്തിനാണ് പ്രാധാന്യം നൽകുന്നത്. ശാസ്ത്രവിജ്ഞാനവും ശാസ്ത്രത്തിൽ ഊന്നിയ സാങ്കേതിക വിജ്ഞാനവുമാണ് ഇന്നത്തെ പുതുമ. ഈ വിജ്ഞാനത്തിൽനിന്ന് പല സമൂഹങ്ങളും പുറത്താക്കപ്പെടുന്നു. കേരളത്തിൽ വിജ്ഞാന ദാരിദ്ര്യം കൂടുകയാണ്. നമ്മുടേത് ഡിജിറ്റൽ യുഗമാണ്. ഡിജിറ്റൽ ഡിവൈഡ് ഇവിടെയുണ്ട്. സാമ്പത്തിക സ്ഥിതിയുടെ പ്രതിഫലനമാണത്.
ഇന്റർനെറ്റ് കണക്ഷനും കമ്പ്യൂട്ടറും ലാപ്ടോപ്പും ഇല്ലാത്ത കുട്ടികളാണ് പ്രശ്നം അനുഭവിക്കുന്നത്. ഇത് മുമ്പും ഉണ്ടായിരുന്നു. പഴയകാലത്ത് സ്കൂളിൽ പോകുന്ന പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികൾക്ക് ഇൻസ്ട്രുമെന്റ് ബോക്സും പാഠപുസ്തകവും ഉണ്ടായിരുന്നില്ല. സമൂഹത്തിലെ സമ്പന്നരുടെ വീടുകളിൽനിന്ന് സ്കൂളിലെത്തിയ കുട്ടികൾക്ക് അതെല്ലാമുണ്ടായിരുന്നു. ദരിദ്രരുടെ വീടുകളിൽനിന്ന് എത്തിയ കുട്ടികൾക്ക് ഇതൊന്നും ലഭിച്ചില്ല. അതുപോലെ ഇന്ന് സമൂഹത്തിൽ ഡിജിറ്റൽ പോവർട്ടിയാണുള്ളത്. വിഭവദാരിദ്ര്യം അനുഭവിക്കുന്നവർക്കാണ്, വിഭവങ്ങളുടെ ഉടമസ്ഥതയിൽനിന്നും മാറ്റിനിർത്തപ്പെടുന്നവരാണ് ഡിജിറ്റൽ പോവർട്ടി അനുഭവിക്കുന്നത്. ഇന്നു വിജ്ഞാനദാരിദ്ര്യമാണ് സമൂഹത്തിൽ പ്രസക്തമായിട്ടുള്ളത്. അത് പ്രകടമായിെക്കാണ്ടിരിക്കുകയാണ്.
കേരളത്തിൽ വിജ്ഞാനദാരിദ്ര്യവും ഡിജിറ്റൽ ഡിവൈഡും കൂടിക്കൂടി വരുന്നു. വിഭവദാരിദ്ര്യം അനുഭവിക്കുന്നവരാണ് വിജ്ഞാന ദാരിദ്ര്യവും അനുഭവിക്കുന്നത്. വികസനത്തിന്റെയും മുൻഗണനാക്രമം പുനർക്രമീകരിക്കേണ്ടിയിരിക്കുന്നു. വികസന മാതൃക എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കണം.
എല്ലാവർക്കും വേണ്ടിയുള്ള വികസനമല്ല ഇവിടെ ആവശ്യം. നമ്മൾ അനുവർത്തിച്ചു പോന്ന ചരിത്രപരമായി, സാമൂഹികമായി ആവർത്തിച്ച് കൈവന്നിട്ടുള്ള വികസന മാതൃക എല്ലാവരെയും ഉൾക്കൊള്ളുന്നതായിത്തീരണം. അതാണ് സർക്കാറിന്റെ മുന്നിലുള്ള വെല്ലുവിളി. എല്ലാവർക്കും ഇതിൽ പങ്കാളികളാകാൻ കഴിയുന്നുണ്ടോ, പങ്കാളികളാകാൻ കഴിയണമെങ്കിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെങ്കിൽ സമ്പത്തിന്റെ പുനർവിതരണം കേരളത്തിൽ നടക്കണം. ചില രാഷ്ട്രീയ പാർട്ടികളിലും മതസ്ഥാപനങ്ങളിലും ആവശ്യമില്ലാതെ സമ്പത്ത് കൂടിക്കിടക്കുന്നു. അതിൽ ഒരുഭാഗം എടുത്ത് സമൂഹത്തിലെ ദുർബലരായിട്ടുള്ള ആളുകളുടെ വികസനത്തിന് വിതരണം ചെയ്യണം.
വികസനം സാർവത്രികമാക്കി മാറ്റാൻ കഴിയണം. വികസനത്തിന്റെ അടിത്തറ വിപുലീകരിക്കണം. ഇപ്പോഴത്തേത് ധനപരമായ പ്രതിസന്ധിയാണ്. കേരളത്തിൽ വികസനപരമായ പ്രതിസന്ധി ഉണ്ടാകാതെ ധനപരമായ പ്രതിസന്ധി ഉണ്ടാകുന്നു. ഇതിനു മറുപടിയായി പലപ്പോഴും ചെയ്യുന്നത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ വിമർശിക്കലാണ്. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെ പുനർനിർവചിക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. അതിലേറെതന്നെ ഇവിടെ ആഭ്യന്തരമായി വിഭവസമാഹരണം നടത്തണം. വികസന അടിത്തറ വിപുലീകരിക്കാന് കഴിയണം.
ഇന്നത്തെ ലോകത്തിൽ തൊഴിലില്ലായ്മ പരിഹരിക്കണമെങ്കിൽ ധനപരമായ രംഗത്ത് സമൂലമായ മാറ്റങ്ങൾ കൊണ്ടുവരണം. എന്നാൽ, കേരളത്തിൽ നടക്കുന്നത് സമ്പത്തിന്റെ കേന്ദ്രീകരണമാണ്. എല്ലാവർക്കും അവസരം കിട്ടുന്ന വികസനം എന്നു പറയുന്നതിൽ അർഥമില്ല. അവസരം നിഷേധിക്കപ്പെട്ടവർക്കാണ് വികസനം വേണ്ടത്. അദാനിക്കും അംബാനിക്കും വികസനം ഉറപ്പുവരുത്താൻ സർക്കാറിന്റെ ആവശ്യമില്ല. അവർ തന്നെ സർക്കാറാണ്. സർക്കാറിനെ നിയന്ത്രിക്കുന്ന ശക്തികളാണ് അവർ. എല്ലാവർക്കും വേണ്ടിയുള്ള വികസനം കൊണ്ടുവരും എന്ന് പറയുന്നതിനർഥം ആർക്കും വേണ്ടിയുള്ള വികസനം കൊണ്ടുവരില്ല എന്നാണ്. വികസനം ആവശ്യമുള്ളവർക്കുവേണ്ടിയാണ് അത് നടപ്പാക്കേണ്ടത്.
തത്ത്വചിന്തകനായ ജോൺ റോൾസിന്റെ (1921-2002) രാഷ്ട്രീയ തത്ത്വചിന്തയുടെയും ധാർമികതയുടെയും 1971ലെ ഒരു കൃതിയാണ് ‘എ തിയറി ഓഫ് ജസ്റ്റിസ്’. അതിൽ വികസനത്തെ നോക്കിക്കാണേണ്ടത് സമൂഹത്തിൽ ഏറ്റവും ദുർബലരായ മനുഷ്യർക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് റോൾസ് എഴുതി. സമ്പന്നവിഭാഗത്തിലേക്ക് നോക്കിയല്ല വികസനത്തെ വിലയിരുത്തേണ്ടത്. കോവിഡ് വന്നപ്പോൾ ഏറെ സമ്പന്നരുണ്ടായി. ആഗോളതലത്തിൽ 24 മാസം കോവിഡ് നിലനിന്നപ്പോൾ 573 ശതകോടീശ്വരന്മാരുണ്ടായി. കൂടുതൽ പേർ പാപ്പരീകരിക്കപ്പെട്ട് ദരിദ്രരുമായി. പലവിധ കച്ചവടത്തിലൂടെ സമ്പന്നർക്ക് കോവിഡ് കാലത്ത് വലിയ ലാഭമുണ്ടായി. അതൊക്കെ നിയന്ത്രിക്കേണ്ടത് സാധാരണക്കാരല്ല. ഏത് കാലഘട്ടത്തിലും ഏത് അവസ്ഥയിലും സമ്പന്നർ സ്വന്തം താൽപര്യം സംരക്ഷിക്കും.
തൊഴിലാളി സൗഹൃദ നയം വേണ്ടേ?
കമ്പോള സൗഹൃദ സമീപനം, മൂലധന നിക്ഷേപ സൗഹൃദ നയം ഇതൊക്കെയാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. എന്നാൽ, തൊഴിലാളി സൗഹൃദ നയത്തെക്കുറിച്ച് സർക്കാറുകൾ ആലോചിക്കുന്നില്ല. നിക്ഷേപകർക്കും സംരംഭകർക്കും എന്തു പ്രശ്നം ഉണ്ടായാലും പരിഹരിക്കാൻ കഴിയുന്നു. അവരെ വിദേശരാജ്യങ്ങളിൽനിന്നടക്കം ക്ഷണിച്ചുകൊണ്ടുവരുകയാണ്. ഉദാഹരണമായി ലോക കേരളസഭയിലേക്ക് നോക്കുക. ഓരോ വർഷവും നടക്കുന്ന ലോക മുതലാളിത്ത സമ്മേളനംപോലെയാണിത്.
ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം സമ്പന്നരുടെ ഫോറമാണ്. അതുപോലെയാണ് ലോക കേരളസഭ. അതിൽ പങ്കെടുത്തവരുടെ വിശദവിവരങ്ങൾ നോക്കുക. ഗൾഫിൽ അടിമപ്പണി ചെയ്യുന്നവരില്ല, അടുക്കളയിൽ പണിയെടുക്കുന്ന സ്ത്രീകൾ ഇല്ല. അവർക്കുവേണ്ടിയല്ല ലോക കേരളസഭ നടത്തിയത്. പകരം മുതലാളിമാർക്കാണ്. സംസ്ഥാനത്ത് ഈ മുതലാളിമാർ ഉണ്ടാക്കുന്ന മാളുകളിൽ സമരങ്ങളില്ല.
നിയമം വഴിമാറും ശക്തൻ വരുമ്പോൾ എന്നാണ് അവരുടെ മുദ്രാവാക്യം. സമ്പത്താണ് അവരുടെ ശക്തി. നിയമവാഴ്ചയെ കുറിച്ച് ചിന്തിക്കുമ്പോൾ സമ്പന്നരും പാവങ്ങളുമുള്ള ഒരു സമൂഹത്തിൽ ചിലർ നിയമവ്യവസ്ഥക്ക് വിധേയരാകുന്നു. ചിലർ നിയമത്തിന് അതീതരാകുന്നു. മറ്റു ചിലർ നിയമമില്ലാതെ നിയന്ത്രിക്കപ്പെടുന്നു. മൂന്നു തരത്തിലാണ് അത് പ്രയോഗിക്കപ്പെടുന്നത്. ഷാറൂഖ്ഖാന്റെ മകന്റെ കേസിൽ ഇക്കാര്യം വ്യക്തമാണ്. ഷാറൂഖ്ഖാൻ ശക്തനാണ്, സമ്പന്നനാണ്. മകന്റെ പേരിൽ കേസെടുത്ത ഉദ്യോഗസ്ഥനാണ് ശിക്ഷിക്കപ്പെട്ടത്. ശക്തനെ നോക്കിയാണ് ഇവിടെ നിയമം പ്രവർത്തിക്കുന്നത്. നിയമം ശക്തനുള്ളതാണ്. സമ്പത്താണ് ശക്തി. സംഖ്യാബലം ശക്തിയല്ല.
സംഖ്യാബലം എന്നത് ഒരു മായയാണ്. ലോകത്തെ നിയന്ത്രിക്കുന്നത് അഞ്ച് ശതമാനം വരുന്ന സമ്പന്നരാണ്. ഏതു സർക്കാറും അവരുടെയൊക്കെ നിയന്ത്രണത്തിലാണ്. നീതി അവർക്കുള്ളതല്ല. നീതിനിഷേധത്തെക്കുറിച്ച് ഇവിടെ സംസാരിക്കുന്നത് പാർശ്വവത്കരിക്കപ്പെടുന്നവരാണ്. അവർക്കാണ് നീതി നിഷേധിക്കുന്നത്.
കേരള മോഡലും വികസന പ്രതിസന്ധിയും
കേരള മോഡൽ ഒരു വ്യക്തിയും ഒരു രാഷ്ട്രീയ പാർട്ടിയും നിർമിച്ചതല്ല. അത് സാമൂഹികമായി ആവിഷ്കരിച്ചുവന്നതാണ്. ആ മോഡൽ ഇന്നും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട, പുറന്തള്ളപ്പെട്ട വിഭാഗങ്ങളെ പുറന്തള്ളിയും മാറ്റിനിർത്തിയുമാണ് മുന്നോട്ടുപോയത്. കേരളത്തിന്റെ വികസന അനുഭവം സമൂഹത്തിലെ ദുർബലരായ വിഭാഗങ്ങളെ പുറന്തള്ളുകയായിരുന്നു. വികസന പ്രവർത്തനത്തിൽനിന്ന് പുറന്തള്ളുകയും ക്ഷേമപരിപാടികളിൽ ഉൾപ്പെടുത്തുകയുംചെയ്തു.
അവർക്കുവേണ്ടി ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ സർക്കാർ പരിപാടി തയാറാക്കും. കേരളത്തിന്റെ പ്രത്യേകതയാണിത്. ദുർബല വിഭാഗങ്ങളിലെ കുടുംബങ്ങൾക്ക് ക്ഷേമപരിപാടിയുടെ പല സഹായങ്ങൾ നൽകുന്നുണ്ട്. അതിനാൽ, നമ്മൾ സാമ്പ്രദായികമായി പറഞ്ഞുവന്ന ദാരിദ്ര്യം അപ്രത്യക്ഷമായി. ഇൻകം പോവർട്ടി, ഭക്ഷ്യദാരിദ്ര്യം കേരളത്തിൽനിന്ന് പരിപൂർണമായി നിർമാർജനം ചെയ്തു. പക്ഷേ, ഭക്ഷ്യദാരിദ്ര്യം അല്ല പ്രധാനമായിട്ടുള്ളത്. വിജ്ഞാനദാരിദ്ര്യമാണ് ഇന്നുള്ളത്.
സമ്പന്നരിൽനിന്ന് കൂടുതൽ നികുതി സമാഹരിച്ചുകൊണ്ട് പൊതുവായിട്ടുള്ള വികസനത്തിനും പ്രത്യേകിച്ച് സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിനും പിന്തള്ളപ്പെട്ട സമൂഹത്തിനും ഉപയോഗിക്കുന്നതിനുള്ള നയങ്ങൾ ആവിഷ്കരിക്കണം. ഉദാഹരണമായി തോട്ടം മേഖലയിൽനിന്നുതന്നെ വിഭവസമാഹരണം നടത്താവുന്നതാണ്. വിദേശ തോട്ടങ്ങൾ ഏറ്റെടുത്ത് വിതരണംചെയ്ത, ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് ലോബി വളരെ ശക്തമാണ്. റിയൽ എസ്റ്റേറ്റ് വ്യവസായമാണ് കേരളത്തിൽ നടക്കുന്നത്. കോടികളാണ് അവിടെ കൈകാര്യം ചെയ്യുന്നത്.
1980കളിലും 1990കളുടെ ആദ്യവും ഉണ്ടായിരുന്ന വികസന പ്രതിസന്ധി ഇന്ന് കേരളത്തിലില്ല. അതേസമയം, സാമ്പത്തിക വളർച്ച കാണുന്നില്ല. സംസ്ഥാനത്ത് 1970കളിലാണ് ഭൂപരിഷ്കരണം നടപ്പാക്കിയത്. ഭൂപരിഷ്കരണം നടപ്പാക്കിയ എല്ലാ സമൂഹങ്ങളിലും സാമ്പത്തിക രംഗത്ത് വലിയ വളർച്ചയുണ്ടായി. കേരളത്തിലാകട്ടെ ഭൂപരിഷ്കരണം നടപ്പാക്കിയിട്ട് വളർച്ചയുണ്ടായില്ല. അതിന്റെ കാരണം ഭൂപരിഷ്കരണം നടപ്പാക്കിയപ്പോൾ ഉൽപാദന ബന്ധങ്ങളെ ഇവിടെ പരിഗണിച്ചില്ല. ആരാണ് ഇവിടത്തെ വിഭവങ്ങൾ നിയന്ത്രിക്കുന്നത്. ആരാണ് വിഭവങ്ങൾ കൈയടക്കിവെച്ചിരിക്കുന്നത്. ഈ കൈയടക്കിവെച്ചിരിക്കുന്നവർ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടോ?
ഭൂപരിഷ്കരണം ഇവിടത്തെ സമ്പന്നവിഭാഗങ്ങൾക്ക് വിജയമായിരുന്നു. ദരിദ്രരുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം അതൊരു പരാജയമായിരുന്നു. സമൂഹത്തിന്റെ നിയന്ത്രണം ഫ്യൂഡൽ മേലാളരിൽനിന്ന് രാഷ്ട്രീയ മേലാളരിലേക്ക് എത്തിയപ്പോൾ ഭൂമിയുടെ ഉടമസ്ഥതയിൽ വലിയ മാറ്റമുണ്ടായില്ല. ശക്തന്മാർക്ക് എപ്പോഴും ആവശ്യം ഭരണസ്ഥിരതയും ഭരണ തുടർച്ചയുമാണ്. കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ മോഡൽ എടുത്തുനോക്കിയാൽ അത് മനസ്സിലാകും.
അവരെപ്പോഴും സ്ഥിരതയും തുടർച്ചയുമാണ് നിലനിർത്താൻ ആഗ്രഹിക്കുന്നത്. അതേസമയം, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങൾക്ക് അനിശ്ചിതത്വവും മാറ്റവുമാണ് ആവശ്യം. ഇത് വികസനത്തിന്റെ കാര്യത്തിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങളാണ്. ഭരണവർഗത്തെ സംബന്ധിച്ചിടത്തോളം മാറ്റമല്ല ഇംപ്രൂവ്മെന്റ് (ഭേദപ്പെടൽ) ആണ് അവർ കൊണ്ടുവരുന്നത്. വികസനം ഇംപ്രൂവ്മെന്റ് അല്ല. വികസനം മാറ്റമാണ്.
ഉദാഹരണമായി ഒരേ ശമ്പളം വാങ്ങുന്ന രണ്ടു സർക്കാർ ഉദ്യോഗസ്ഥരെ നോക്കാം. ഒരാൾ ധനവാനും മറ്റേയാൾ ദരിദ്രനുമാണ്. ധനവാനായ ഒരു ഉദ്യോഗസ്ഥന് പൈതൃകമായി കുടുംബസ്വത്ത് ഉണ്ടാകും. അയാൾക്ക് വീട് വെക്കണമെങ്കിൽ ഭൂമി വാങ്ങേണ്ട ആവശ്യമില്ല. ദരിദ്രരായ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം വീടു വെക്കണമെങ്കിൽ ഭൂമി വാങ്ങണം. അസന്തുലിതാവസ്ഥയും അസമത്വവും കേരളത്തിൽ കൂടിവരുകയാണ്. അത് ശാശ്വതീകരിക്കപ്പെടുകയാണ്. ഉൽപാദനബന്ധങ്ങൾ കേരളത്തിൽ ചർച്ചാവിഷയമാകുന്നില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക വളർച്ച മുരടിച്ചുപോയി. 1980കളിലും 90കളിലും സംഭവിച്ചത് ഇതാണ്.
1970കളുടെ മധ്യം മുതൽ 80കളുടെ ആരംഭം വരെ ധാരാളം മലയാളികൾ ഗൾഫിലേക്ക് യാത്രയായി. മലബാർ പ്രദേശത്തുള്ള പാവപ്പെട്ടവരായിരുന്നു നല്ലൊരു വിഭാഗം. അവർ കേരളത്തിലേക്ക് എത്തിച്ച പണം ഭൂമിയിലാണ് നിക്ഷേപം നടത്തിയത്. അതുപോലെ നിർമാണമേഖലയിലും അവർ നിക്ഷേപം നടത്തി. നല്ല വീട് വെക്കാനാണ് അവർ പരിശ്രമിച്ചത്. പാവപ്പെട്ടവരുടെ സ്വപ്നമായിരുന്നു നല്ല വീട്. അത് മനുഷ്യന്റെ മൗലികമായ ചില ആഗ്രഹമായിരുന്നു.
അന്നത്തെ സംസ്ഥാന സാമ്പത്തിക വരുമാനത്തിന്റെ (സാമ്പത്തിക ശാസ്ത്രത്തിൽ രണ്ടായി തരം തിരിക്കാം- ആഭ്യന്തര ഉൽപാദനം, സാമ്പത്തിക വരുമാനം) 30 ശതമാനം ഗൾഫിൽനിന്നായിരുന്നു. ഈ വരുന്ന പണം സംസ്ഥാനത്ത് ഉൽപാദനരംഗത്ത് നിക്ഷേപിക്കുന്നതിന് സർക്കാർ നയം ഉണ്ടാക്കിയില്ല. ഗൾഫിൽനിന്ന് ആളുകൾ വളരെ കഷ്ടപ്പെട്ട് കുറെ പണം അയക്കുന്നു. ആ പണം ഉപയോഗിച്ച് ഇവിടെ ഉൽപാദനം നടത്താനുള്ള നയം സർക്കാർ രൂപവത്കരിച്ചില്ല. ഏതായാലും ഗൾഫ് പണത്തിലാണ് കേരളത്തിൽ സാമ്പത്തിക വളർച്ച ഉണ്ടാകാൻ തുടങ്ങിയത്.
മടങ്ങിവരുന്ന ബാലവേല
പഴയ കാലത്തെ പല കാര്യങ്ങളും കേരളത്തിൽ തിരിച്ചുവരുകയാണ്. ആദിവാസി മേഖലകളിൽ അടിമപ്പണിയും ബാലവേലയും തിരിച്ചുവരുകയാണ്. നിലമ്പൂരിലെ തോട്ടങ്ങളിൽ ബാലവേല നിലനിൽക്കുന്നുണ്ട്. ആദിവാസികൾക്കിടയിൽ അടിമപ്പണി നിലനിൽക്കുന്നു. അട്ടപ്പാടിയിലും വയനാട്ടിലുമൊക്കെ ആദിവാസി കുട്ടികൾ പഠനം നിർത്തി ബാലവേല ചെയ്യുന്ന അവസ്ഥയുണ്ട്. തീരപ്രദേശങ്ങളിൽ മത്സ്യെത്താഴിലാളികളുടെ മക്കൾ പഠനം ഉപേക്ഷിക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് വിതുര, കുറ്റിച്ചൽ മേഖലകളിൽ ആദിവാസി പെൺകുട്ടികൾ ആത്മഹത്യ ചെയ്തിരുന്നു. അവിടെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും വിപണനം കൂടിവരുന്നു.
ഇത് ഗൗരവമായ വിശകലനത്തിന് വിധേയമാക്കേണ്ട കാര്യങ്ങളാണ്. ടൂറിസം പദ്ധതി ആദിവാസികൾക്ക് വിരുദ്ധമായി വരുന്നു എന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത് മൂന്ന് മേഖലകളിലാണ് -വിദ്യാഭ്യാസം, ഉൽപാദനം, സംസ്കരണ-വിതരണം. ആദിവാസികൾക്ക് സംസ്കരണത്തിന്റെയും വിതരണത്തിന്റെയും ഭാഗമാകാൻ കഴിയുന്നില്ല. അവർക്ക് ലഭിക്കുന്നത് വെറും തൊഴിലവസരങ്ങൾ മാത്രമാണ്. ഇതൊക്കെ മനസ്സിലാക്കാൻ വിശദമായ പഠനം ആവശ്യമാണ്. അത് ഏതെങ്കിലും ഒരു ഏജൻസി പഠിച്ചാൽ പോരാ. സർക്കാർ ഏജൻസികൾ പഠിച്ചാൽ റിപ്പോർട്ടുകൾ സർക്കാറിന് അനുകൂലമായിരിക്കും.
പൊലീസുകാർക്കും ചില ഉദ്യോഗസ്ഥർക്കും പോയി ആദിവാസി മേഖലകളിൽ ശാക്തീകരണം നടത്താൻ കഴിയില്ല. അതിനുള്ള കഴിവും വൈദഗ്ധ്യവുമുള്ള ആളുകളെ വെച്ച് ആദിവാസിമേഖലകളെ സംബന്ധിച്ച് പഠനം നടത്തണം. ഇതുവരെയുള്ള നേട്ടങ്ങളെ തമസ്കരിക്കാൻ നടത്തുന്ന അന്വേഷണമല്ല അത്. നമുക്ക് മുന്നോട്ടു പോകണമെങ്കിൽ പുതിയതരത്തിൽ ചിന്തിക്കണം. പുതിയ തരത്തിൽ ചിന്തിക്കണമെങ്കിൽ അവരും ഇതിൽ പങ്കാളികളാകണം.
പാർശ്വവത്കരണവും പുറന്തള്ളപ്പെടലും പ്രധാന പ്രശ്നമാണ്. രണ്ടു പുതിയ വർഗങ്ങളാണ് കേരളത്തിൽ ഉണ്ടായത്. അണ്ടർ ക്ലാസ് -ചേരികളിലും കോളനികളിലും പുറമ്പോക്കിലും ജീവിക്കുന്ന മനുഷ്യർ. അവർ ഇവിടെ ധാരാളമുണ്ട്. അവരുടെ ജീവൽപ്രശ്നങ്ങൾക്ക് പരിഹാരമില്ല. ഈ അണ്ടർ ക്ലാസ് പ്രത്യേക ജാതിയിലോ മതത്തിലോ പെടുന്നവരല്ല. മറ്റൊരു വിഭാഗം ഭരണാധികാരികളുടെ കൂടെ നിന്ന് അവർക്ക് അനുകൂലമായി അഭിപ്രായം പറയുന്ന ആശ്രിതവർഗം ഉണ്ട്. അവർ ഭരണാധികാരികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.
പുറന്തള്ളപ്പെട്ട വിഭാഗങ്ങളിൽനിന്നും അത്തരം വ്യക്തികൾ ഉയർന്നുവന്നിട്ടുണ്ട്. അവരിലൂടെയാണ് പലപ്പോഴും മർദിതർക്ക് പ്രതികൂലമായ നയങ്ങൾ നടപ്പാക്കപ്പെടുന്നത്. ചേരിയിലും കോളനികളിലും പുറമ്പോക്കിലും വസിക്കുന്നവരായ ഈ അണ്ടർ ക്ലാസിന് രാഷ്ട്രീയമായ ശക്തിയില്ല. ആശ്രിതവർഗമാകട്ടെ മർദകരിൽനിന്ന് ഉയർന്നുവന്ന് ഭരണാധികാരികളെ പ്രശംസിക്കുന്നവരാണ്. മർദിതവ്യവസ്ഥയുടെ പ്രധാന ഗുണഭോക്താക്കൾ അവരാണ്.
കെ.എസ്.ആർ.ടി.സിയും എയ്ഡഡ് മേഖലയും
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ലെന്ന് സർക്കാർ പറയുമ്പോഴും എയ്ഡഡ് മേഖലക്ക് ഇഷ്ടംപോലെ ശമ്പളം കൊടുക്കുന്നുണ്ട്. അവിടെ ഭരണഘടന അനുസൃതമായിട്ടുള്ള നിയമങ്ങളല്ല നടക്കുന്നത്. എയ്ഡഡ് മേഖലക്ക് ഇങ്ങനെ പണം എടുത്തുകൊടുക്കുന്നത് സ്വകാര്യവത്കരണമാണ്. ദീർഘകാലമായി കേരളത്തിൽ സ്വകാര്യവത്കരണം നടക്കുന്നു. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കാശില്ലെന്ന് പറയുമ്പോൾതന്നെ എയ്ഡഡ് മേഖലക്ക് ശമ്പളം കൊടുക്കാൻ സർക്കാറിന് കുഴപ്പമില്ല. അതേസമയം, പബ്ലിക് യൂട്ടിലിറ്റി സർവിസ് ആയിട്ടുള്ള സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. നയപരമായ തീരുമാനമെടുക്കേണ്ടവർ കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരല്ല. അവിടെ ജോലിചെയ്യുന്ന കണ്ടക്ടർമാരോ ഡ്രൈവർമാരോ സാങ്കേതിക ജോലിക്കാരോ അല്ല.
ബോർഡുകളും കോർപറേഷനുകളും സ്ഥാപിക്കുമ്പോൾ ലക്ഷ്യമുണ്ടായിരുന്നു. അവർക്ക് പൊതു മാർക്കറ്റിൽ പോയി പണമെടുക്കാം. സർക്കാർ വകുപ്പുകൾക്ക് അത് കഴിയില്ല. വിദ്യാഭ്യാസ വകുപ്പിനോ മറ്റോ പോയിട്ട് കടമെടുക്കാൻ പറ്റില്ല. കോർപറേഷനും ബോർഡുകൾക്കും അത് കഴിയും.
പക്ഷേ, ബോർഡുകളുടെയും കോർപറേഷനുകളുടെയും സംഘാടനം വ്യത്യസ്ത രീതിയിലും വ്യത്യസ്ത നയങ്ങൾക്കും അനുസരിച്ച് ആയിരിക്കണം. അതേസമയം, ബോർഡുകളെയും കോർപറേഷനുകളെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം. മാർക്കറ്റിൽ നിലനിൽക്കുന്ന ഇക്വേഷൻ അനുസരിച്ച് അവർ പ്രവർത്തിക്കണം. അങ്ങനെ വരുമ്പോൾ അവർതന്നെ വിഭവം കണ്ടെത്തും. ഇവിടെ സർക്കാർ പ്രത്യക്ഷമായും പരോക്ഷമായും അവരെ ഞെരിക്കുകയാണ്. ധാരാളം സംഘടനകളും സർക്കാർ നയങ്ങളും അതിനെ സഹായിക്കുന്നു.
കെ.എസ്.ആർ.ടി.സിക്ക് ബസ് ചാർജ് തീരുമാനിക്കാനുള്ള അധികാരം വിട്ടുകൊടുക്കണം. പ്രൈവറ്റ് ബസുകൾക്കുള്ള സ്വാതന്ത്ര്യം കെ.എസ്.ആർ.ടി.സിക്കും നൽകണം. സമൂഹത്തിലെ ദുർബലരായ വിഭാഗങ്ങൾക്ക് സൗജന്യം അനുവദിക്കുന്നതിന് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ ആ തുക നൽകണം. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ ഇവരെയൊക്കെ സംരക്ഷിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. അത് കെ.എസ്.ആർ.ടി.സിയുടെ ഉത്തരവാദിത്തമാകരുത്. നേരത്തേതന്നെ കെ.എസ്.ആർ.ടി.സിക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകണമായിരുന്നു. സാധാരണ ഒരു സർക്കാർ വകുപ്പ് പോലെയല്ല കെ.എസ്.ആർ.ടി.സി പ്രവർത്തിക്കേണ്ടത്.
എയ്ഡഡ് മേഖലയുടെ സ്വകാര്യവത്കരണത്തെ പാർട്ടിഭേദമന്യേ എല്ലാവരും പിന്തുണക്കുന്നു. അതിൽ വൻശക്തികൾ ഇടപെടുന്നു. അതിൽ വലിയ താൽപര്യങ്ങളുണ്ട്. എയ്ഡഡ് മേഖലയിൽ അധ്യാപക-അനധ്യാപക നിയമനങ്ങൾ കോടിക്കണക്കിന് രൂപ കോഴ വാങ്ങുന്നു. പാർട്ടിഭേദമന്യേ സാമൂഹിക സാമ്പത്തിക താൽപര്യത്തെ പിന്തുണക്കുന്നുണ്ട്. സർക്കാർ എയ്ഡഡ് മേഖലയെ സംരക്ഷിക്കുകയും കെ.എസ്.ആർ.ടി.സി പോലെയുള്ള വിഭാഗത്തെ അവഗണിക്കുകയും ചെയ്യുന്നു. കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾ അശക്തരാണ്. രണ്ടു തരത്തിലുള്ള നയസമീപനം ഇവിടെ കാണാം. ഏതു സർക്കാർ വന്നാലും ഇതൊക്കെതന്നെയാണ് ചെയ്യുന്നത്. എയ്ഡഡ് മേഖലയെ സംബന്ധിച്ചിടത്തോളം ഏതു മുന്നണി സർക്കാർ അധികാരത്തിൽ വന്നാലും അവർക്ക് തടസ്സങ്ങൾ ഉണ്ടാകില്ല. സർക്കാർ മാറുന്നത് അവർക്ക് ഒരു പ്രശ്നമല്ല. അവരുടെ താൽപര്യം അനുസരിച്ചാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
ശക്തന്മാർക്ക് മാറ്റം ആവശ്യമില്ല
അരികുവത്കരിക്കപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും പുറന്തള്ളപ്പെടുന്നവർക്കും ആവശ്യം മാറ്റമാണ്. ഭരണത്തിൽ ഇരിക്കുന്ന ശക്തന്മാർക്ക് മാറ്റം ആവശ്യമില്ല. കേരളത്തിൽ ഇംപ്രൂവ്മെന്റ് ഉണ്ടായിട്ടുണ്ട്. കേരളത്തിൽ അനുവർത്തിച്ചുവന്നിട്ടുള്ള വികസന മാതൃകകൾ (ഡെവലപ്മെന്റ് മോഡൽ) ചർച്ചാവിഷയമാക്കണം. രണ്ടുമൂന്നു കാര്യങ്ങൾ അതിൽ പ്രധാനപ്പെട്ടതാണ്. ആ മോഡൽ ഏതെങ്കിലും ബ്ലൂ പ്രിന്റിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയതല്ല.
രണ്ടാം പഞ്ചവത്സര പദ്ധതിയിൽ നടപ്പാക്കിയ മാതൃകയല്ല. ബ്ലൂ പ്രിന്റ് സ്വഭാവത്തിലല്ല കേരളമാതൃക ആവിർഭവിച്ചതും വളർന്നുവന്നതും. ദാർശനിക സ്വഭാവമുള്ള ചില വ്യക്തികൾ, സാമൂഹികപ്രസ്ഥാനങ്ങൾ അവരൊക്കെ മനുഷ്യസ്വാതന്ത്ര്യത്തിനും വിമോചനത്തിനും കൊടുത്ത പ്രാധാന്യം. ശ്രീനാരായണ ഗുരു അടിസ്ഥാനപരമായി അടിച്ചമർത്തപ്പെട്ടവരോട് പറഞ്ഞത് വിദ്യ നേടണം എന്നാണ്. അവരെ സംബന്ധിച്ചിടത്തോളം ഗുരു നടത്തിയത് മോചനത്തിന്റെ വഴിതുറക്കൽ ആയിരുന്നു. അയ്യൻകാളി പ്രാധാന്യം കൊടുത്തതും വിദ്യക്കുതന്നെ. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സമരമാണ്. ഇത്തരം വ്യക്തികളും പ്രസ്ഥാനങ്ങളും അന്ന് സാമൂഹികമേഖലക്ക് വലിയ പ്രാധാന്യം നൽകി. എസ്.എൻ.ഡി.പിയും വിവിധ ക്രിസ്ത്യൻ സംഘടനകളും വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി.
അതേസമയം, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളും അധികാരത്തെ ചോദ്യം ചെയ്യുന്നവരല്ല. അധികാരത്തെ ആഗ്രഹിക്കുന്നവരാണ്. അവർക്ക് അധികാരത്തിൽ പ്രാമുഖ്യം കിട്ടുന്നില്ല. പ്രാതിനിധ്യവും പങ്കാളിത്തവും മാത്രമാണ് കിട്ടുന്നത്. അതാണ് അവരും ആഗ്രഹിക്കുന്നത്. അടിച്ചമർത്തപ്പെട്ടവരുടെ പ്രത്യേകതയാണത്. അധികാരസ്ഥാനങ്ങളെ അവർ ഒരിക്കലും ചോദ്യംചെയ്യുന്നില്ല. ഇന്ത്യയിൽ അത് സംഭവിച്ചിട്ടില്ല, കേരളത്തിൽ പ്രത്യേകിച്ചും സംഭവിച്ചിട്ടില്ല. അധികാരികൾ അധികാരം ഉപയോഗിക്കുന്നത് അടിച്ചമർത്താനാണ്. അതിനാൽ അടിച്ചമർത്തപ്പെട്ടവരും പങ്കാളിത്തത്തിനും പ്രാതിനിധ്യത്തിനുംവേണ്ടി അധികാരം ആഗ്രഹിക്കുന്നു. പവർ വർഷിപ്പിങ് സൊസൈറ്റിയാണ് നമ്മുടേത് (അധികാരത്തെ ആരാധിക്കുന്ന സമൂഹം). അതിനെ ആരും എതിർക്കുന്നില്ല. അടിച്ചമർത്തപ്പെട്ടവരിൽനിന്ന് അധികാരത്തെ എതിർക്കുന്നവരാണ് ശരിയായ രാഷ്ട്രീയം ഉയർത്തുന്നത്.
ഉദാഹരണമായി ആദിവാസികൾക്ക് ധാരാളം പരിരക്ഷകളുണ്ട്. ഇന്ത്യൻ ഭരണഘടന ഏറ്റവുമധികം പരിരക്ഷ നൽകിയിരിക്കുന്ന സാമൂഹിക വിഭാഗം ആദിവാസികളാണ്. രണ്ട് ഷെഡ്യൂളുകളിലെ 20ലേറെ വകുപ്പുകൾ പ്രത്യക്ഷമായും പരോക്ഷമായും അവർക്കു വേണ്ടിയുള്ളതാണ്. എന്നാൽ, അവർക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ല. ഉദാഹരണമായി ഒഡിഷ സംസ്ഥാനമെടുക്കുക. അവിടെ ധാരാളമായി ധാതുസമ്പത്തുണ്ട്. അത് പോസ്കോയും വേദാന്തയും കൈയടക്കുകയാണ്. ധാതുസമ്പത്ത് പോസ്കോ കമ്പനിക്ക് കൊടുക്കണമോ അതല്ല വേദാന്തക്ക് കൊടുക്കണമോ എന്ന് തീരുമാനിക്കാനുള്ള അധികാരമാണ് അവർക്ക് കിട്ടുന്നത്. അതാണ് ആദിവാസികൾക്ക് അധികാരത്തിലുള്ള പങ്കാളിത്തം. ആദിവാസികളുടെ ഗ്രാമപഞ്ചായത്തിൽ ഖനനത്തിനെതിരായി തീരുമാനമെടുക്കാം. അതിനപ്പുറം പോകാൻ കഴിയുന്നില്ല.
ഭരണഘടനയിൽ രണ്ട് ഷെഡ്യൂളുകളും 20ലേറെ വകുപ്പുകളും പാർശ്വവത്കൃത സമൂഹത്തിന്റെ പരിരക്ഷക്കായുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്ത 244ാം വകുപ്പാണ്. അതിൽ ആദിവാസി സ്വയംഭരണമാണ് പറയുന്നത്. അതിനുവേണ്ടി പാർലമെന്റ് ‘പെസ’ നിയമം (ആദിവാസി ഗ്രാമപഞ്ചായത്ത് നിയമം) പാസാക്കി. 244 വകുപ്പ് നിർദേശക തത്ത്വങ്ങളാണ്. കോടതിക്ക് ഇടപെടാൻ കഴിയില്ല. ഫണ്ടമെന്റൽ അവകാശത്തിൽ കോടതിക്ക് ഇടപെടാൻ പറ്റും. ഇങ്ങനെ തമസ്കരിക്കപ്പെടുന്ന, പാർശ്വവത്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ കാര്യങ്ങൾ വരുമ്പോൾ നിയമപരമായി എൻഫോഴ്സ് ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട്. 244ാം വകുപ്പും നിർദേശക തത്ത്വമാണ്. അഞ്ചാം പട്ടിക സംബന്ധിച്ച് സംസ്ഥാന നിയമസഭ നിയമമുണ്ടാക്കുമ്പോൾ ആ നിയമം ആദിവാസികൾക്ക് പ്രതികൂലമായി വരുന്നുവെങ്കിൽ ആദിവാസിമേഖല നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം അതത് സംസ്ഥാനങ്ങളിലെ ഗവർണർക്കുണ്ട്.
ലാറ്റിൻ അമേരിക്കയിലെ പുതിയ കാറ്റ്
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പുതിയൊരു കാറ്റ് വീശുന്നുണ്ട്. ആ രാജ്യങ്ങൾ മുന്നോട്ടുപോകുന്നത് നമ്മൾ പഠിക്കേണ്ടതാണ്. ചിലിയിൽ അധികാരത്തിൽ വന്നിട്ടുള്ള യുവ പ്രസിഡന്റ് ഗബ്രിയേൽ ബോറികിന്റെ സർക്കാർ സാമ്പത്തിക ജാഗ്രതയോടെ സാമൂഹിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നുണ്ട്. കൊളംബിയയിലെ ഗുസ്താവോ ഫ്രാൻസിസ്കോ പെട്രോ ഉറെഗോ (Gustavo Francisco Petro Urrego) സാമ്പത്തിക നയത്തിൽ പൊളിച്ചെഴുത്ത് നടത്തുകയാണ്. ഊർജം, അസമത്വം, പരിസ്ഥിതി എന്നീ മൂന്ന് വിഷയങ്ങളിലാണ് അവർ ഇടപെടൽ നടത്തിയത്. സാമ്പത്തിക അസമത്വങ്ങൾ കുറക്കുന്നതിനുവേണ്ടിയാണ് അവിടെ നയം ആവിഷ്കരിക്കുന്നത്.
സമൂഹത്തിലെ സാമ്പത്തികമായ അന്തരം പെെട്ടന്ന് ഇല്ലാതാക്കാൻ പറ്റില്ല. പക്ഷേ കുറക്കാൻ കഴിയും. റഷ്യ-യുക്രെയ്ൻ യുദ്ധം പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചു. ഈ രാജ്യങ്ങൾക്കൊക്കെ എണ്ണക്ക് റഷ്യയെ ആശ്രയിക്കേണ്ടതുണ്ട്. പുനരുപയോഗ ഊർജം (renewable energy) വികസിപ്പിക്കുക ലോകത്ത് നടക്കുന്ന ബദലാണ്. സൂര്യപ്രകാശത്തിൽനിന്നും കാറ്റിൽനിന്നുമുള്ള വൈദ്യുതി ഉൽപാദനം -ഇങ്ങനെയുള്ള എനർജി സോഴ്സുകളിലേക്ക് രാജ്യം തിരിയേണ്ടതുണ്ട്. അതിലേക്ക് തിരിഞ്ഞാൽ മറ്റ് രാജ്യങ്ങളുടെ ആശ്രിതത്വം കുറയും.
പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും കടബാധ്യതയുണ്ട്. മൗലികമായ ചില മാറ്റങ്ങളിൽ ഊന്നിയാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ മുന്നോട്ടുവന്നിരിക്കുന്നത്. സമ്പത്ത് പുനർവിതരണം ചെയ്യുമെന്നാണ് അവർ പറയുന്നത്. സൂര്യനിൽനിന്നും കാറ്റിൽനിന്നുമുള്ള വൈദ്യുതി ഉൽപാദനം പ്രോത്സാഹിപ്പിക്കും, ദാരിദ്ര്യം കുറക്കും എന്നൊക്കെയാണ് അവർ പറയുന്നത്. സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ ഊന്നിയാണ് പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും മുന്നോട്ടുപോകുന്നത്. അവർ ഇടത്തോട്ട് മാറിക്കൊണ്ടിരിക്കുകയാണ്.
അത് പ്രത്യയശാസ്ത്രപരമായിട്ടല്ല സംഭവിക്കുന്നത്. പ്രത്യയശാസ്ത്രങ്ങൾ ആശയങ്ങളെ നശിപ്പിക്കുന്ന കാലഘട്ടമാണിത്. സമൂഹം ചിന്തിക്കുന്നില്ല. ഒരു ഗ്രൂപ്പല്ല ചിന്തിക്കുന്നത്. വ്യക്തികളാണ് ചിന്തിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയും ചിന്തിക്കുന്നില്ല. രാഷ്ട്രീയ പാർട്ടികളിലുള്ള വ്യക്തികളാണ് ചിന്തിക്കുന്നത്. ഒരു മതവും ചിന്തിക്കുന്നില്ല. അതിലുള്ള വ്യക്തികളാണ് ചിന്തിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യം ഇവിടെ ആവശ്യമാണ്. വ്യക്തിക്ക് സർഗാത്മകമായി വളരാൻ കഴിയുന്ന വ്യവസ്ഥയുണ്ടാകണം. അതിൽനിന്ന് പുതിയ സംരംഭങ്ങൾ ഉണ്ടാകണം. പുതിയ തൊഴിലാളികളെയല്ല ഉണ്ടാക്കേണ്ടത്. തൊഴിലാളികളെ ഉണ്ടാക്കിയതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്.
സംസ്ഥാനത്തെ സർക്കാറിന്റെ ചെലവുകളും സർക്കാറിന്റെ നിലവിലുള്ള വരുമാന സ്രോതസ്സുകളും പുതിയ വരുമാനസ്രോതസ്സുകളും പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി രണ്ടു മൂന്ന് സാമ്പത്തിക ഏജൻസികളെ ഏൽപിക്കണം. സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയാൽ പോരാ. നിലവിലുള്ള ഓഡിറ്റ് സംവിധാനങ്ങൾക്ക് ഉപരിയായി പുതിയൊരു സംവിധാനം വേണം. അത് അക്കാദമിക് ഏജൻസി ആയിരിക്കണം. അവർ സർക്കാറിന്റെ ചെലവ് ഉൾപ്പെടെ പരിശോധിക്കണം.
ഏതെല്ലാം വകുപ്പുകൾ നിർത്തലാക്കാമെന്ന് ആലോചിക്കേണ്ടതുണ്ട്. ഏതെല്ലാം വകുപ്പുകളെ ഏകോപിപ്പിക്കാം, മന്ത്രിമാരുടെ വകുപ്പുകൾ എങ്ങനെ ക്രമീകരിക്കണം എന്ന് ആലോചിക്കണം. പല വകുപ്പുകളും സെക്രേട്ടറിയറ്റിൽനിന്നും ജില്ലതലങ്ങളിലേക്ക് മാറ്റേണ്ടതുണ്ട്. ലേബർ ഡിപ്പാർട്മെന്റ് പാലക്കാട് സ്ഥാപിച്ചാലും ഇപ്പോൾ പ്രവർത്തിപ്പിക്കാം. നോർക്കയുടെ ഓഫിസ് മലപ്പുറത്ത് പ്രവർത്തിക്കട്ടെ എന്ന് തീരുമാനിക്കാം. ഇത്തരത്തിലൊരു വികേന്ദ്രീകരണം നടപ്പാക്കേണ്ടതുണ്ട്. ജില്ലതലങ്ങളിലേക്ക് വികേന്ദ്രീകരണം നടക്കണം.
പല സർക്കാർ സ്ഥാപനങ്ങളെയും കമേഴ്സ്യലായി നടത്താനുള്ള സംവിധാനം ഒരുക്കണം. ഈ സാധ്യതകൾ പരിശോധിക്കുമ്പോൾ ഇപ്പോഴുള്ള വരുമാനസ്രോതസ്സുകളെയും ഭാവിയിൽ ഉണ്ടാക്കാവുന്ന വരുമാന സ്രോതസ്സുകളെയും കുറിച്ച് പഠിച്ച് വിതരണം നടത്താനുള്ള സ്വതന്ത്ര ഏജൻസികൾ ഉണ്ടാക്കണം. സർക്കാർ വകുപ്പുകളല്ല സ്വതന്ത്ര ഏജൻസികളാണ് ഇത്തരം വിലയിരുത്തലുകൾ നടത്തേണ്ടത്. ദേശീയവും വിദേശീയവുമായ ഏജൻസികളെ ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്താം. സ്ഥാപിത താൽപര്യമില്ലാത്തവരെയായിരിക്കണം പഠനത്തിന് തിരഞ്ഞെടുക്കേണ്ടത്. സർക്കാറിനെതിരായിട്ടല്ല വിലയിരുത്തലുകളും ഉണ്ടാകേണ്ടത്. സ്വതന്ത്രപഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. വികസനകാര്യങ്ങളെയും സാമ്പത്തിക കാര്യങ്ങളെയും ധനപരമായ കാര്യങ്ങളെയും കുറിച്ച് വ്യത്യസ്തമായ പരിപ്രേക്ഷ്യം വളർത്തിയെടുക്കേണ്ടതുണ്ട്.