Begin typing your search above and press return to search.
proflie-avatar
Login

ക്യൂറേറ്റർമാർ കമ്പോളത്തിന്റെ ഇടനിലക്കാരല്ല; അതല്ല അവരുടെ തൊഴിൽ

ക്യൂറേറ്റർമാർ കമ്പോളത്തിന്റെ  ഇടനിലക്കാരല്ല; അതല്ല അവരുടെ തൊഴിൽ
cancel

കേരളത്തിൽ ലളിതകല അക്കാദമിയുടെ ധനസഹായത്തോടെയുള്ളതടക്കം ക്യൂററ്റോറിയൽ പ്രാക്ടിസ് ചെയ്യാത്തവരെ വെച്ചാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചുവരുന്നത്. അത്​ പാളിച്ചകൾ സൃഷ്​ടിക്കുന്നുണ്ടോ? എന്താണ്​ ​പ്രതിവിധി? ലണ്ടനിൽനിന്ന് ക്യൂറേറ്റർഷിപ്പിൽ ബിരുദാനന്തര ബിരുദമുള്ള, കലാവിമർശകനും എഴുത്തുകാരനുമായ ജോണി എം.എല്ലുമായി ചിത്രകാരനായ തോലിൽ സുരേഷ്​ സംസാരിക്കുന്നു.ഇന്ത്യയിൽ നടക്കുന്ന മിക്ക കലാപ്രദർശനങ്ങളും ക്യൂറെറ്റോറിയൽ പ്രാക്ടിസ് ചെയ്യാത്തവരാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ടും കാണിയും കലാവസ്തുവും തമ്മിൽ ധ്യാനാത്മകമായ ഒരു ബന്ധം ഉടലെടുക്കുന്നുണ്ട്. അതുപോലെ പ്രദർശനങ്ങളിലെ...

Your Subscription Supports Independent Journalism

View Plans

കേരളത്തിൽ ലളിതകല അക്കാദമിയുടെ ധനസഹായത്തോടെയുള്ളതടക്കം ക്യൂററ്റോറിയൽ പ്രാക്ടിസ് ചെയ്യാത്തവരെ വെച്ചാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചുവരുന്നത്. അത്​ പാളിച്ചകൾ സൃഷ്​ടിക്കുന്നുണ്ടോ? എന്താണ്​ ​പ്രതിവിധി? ലണ്ടനിൽനിന്ന് ക്യൂറേറ്റർഷിപ്പിൽ ബിരുദാനന്തര ബിരുദമുള്ള, കലാവിമർശകനും എഴുത്തുകാരനുമായ ജോണി എം.എല്ലുമായി ചിത്രകാരനായ തോലിൽ സുരേഷ്​ സംസാരിക്കുന്നു.

ഇന്ത്യയിൽ നടക്കുന്ന മിക്ക കലാപ്രദർശനങ്ങളും ക്യൂറെറ്റോറിയൽ പ്രാക്ടിസ് ചെയ്യാത്തവരാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ടും കാണിയും കലാവസ്തുവും തമ്മിൽ ധ്യാനാത്മകമായ ഒരു ബന്ധം ഉടലെടുക്കുന്നുണ്ട്. അതുപോലെ പ്രദർശനങ്ങളിലെ കലാസൃഷ്ടികൾ വിൽക്കപ്പെടുകയും ചർച്ചകളാവുകയും ചെയ്യുന്നുണ്ട്. അപ്പോൾ ക്യൂറേറ്റർമാർ എന്നാൽ കമ്പോളത്തിലെ ഇടനിലക്കാർ തന്നെയല്ലേ? ബിനാലെകൾപോലുള്ള വലിയ കലാപ്രദർശനങ്ങൾ ക്യൂറേറ്റ് ചെയ്തിട്ടുള്ള താങ്കൾ ഇത്തരം പ്രദർശനങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ക്യൂറേറ്റർമാർ എന്നാൽ കമ്പോളത്തിന്റെ ഇടനിലക്കാർ എന്നല്ല. നിർഭാഗ്യവശാൽ അങ്ങനെയൊരു അർഥം ഉണ്ടായിവന്നു എന്നത് സത്യമാണ്. സമകാലിക കലാചരിത്രത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ ഇതിനു കാരണം കേരളത്തിലെയോ ഇന്ത്യയിലെയോ ക്യൂറേറ്റർമാർ അല്ല എന്നും പാശ്ചാത്യ കലാ കമ്പോളത്തിലെ ചില മാറ്റങ്ങളാണ് അങ്ങനെയൊരു പ്രതിച്ഛായ ക്യൂറേറ്റർമാർക്ക് നൽകിയതെന്നും കാണാം. സാമ്പ്രദായിക മ്യൂസിയങ്ങളിൽ ക്യൂറേറ്റർമാർ ചെയ്യുന്ന കൺസർവേഷൻ/ പ്രിസർവേഷൻ/ എജുക്കേഷൻ എന്നിവയല്ല ഗാലറികളിലെ ക്യൂറേറ്റർമാർ ചെയ്യുന്നത്. ആശയങ്ങൾ സൃഷ്ടിക്കുക, അവയുമായി ബന്ധപ്പെട്ട ബഹുസ്വരമായ ചർച്ചകൾക്ക് തുടക്കമോ തുടർച്ചയോ ഉണ്ടാക്കുക, ബദൽ ഇടങ്ങൾ അന്വേഷിക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് സമകാലിക ക്യൂറേറ്റർമാർ ചെയ്യുന്നത്.

ഹാൻസ് ഉൾറിക് ഒബ്രിസ്റ്റിനെ പോലുള്ള ക്യൂറേറ്റർമാർ തൊണ്ണൂറുകളിലും മറ്റും സ്വന്തം വീട്ടിലെ സ്വീകരണമുറിയും അടുക്കളയും ഒക്കെയാണ് ക്യൂററ്റോറിയൽ പ്രാക്ടിസിനായി ഉപയോഗിച്ചിരുന്നത്. ഞാൻ ക്യൂറെറ്റോറിയൽ പ്രാക്ടിസ് തുടങ്ങുന്നത്, ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത കലാകാരന്മാരെ ഇംഗ്ലീഷ് സംസാരിപ്പിക്കുന്ന ഒരു ​േപ്രാജക്ട് ചെയ്തുകൊണ്ടാണ്.

സ്വന്തം കലാവസ്തുക്കളെ സ്ലൈഡ് ഷോയിലൂടെ പ്രദർശിപ്പിച്ചുകൊണ്ട്, സമകാലികരായ കലാകാരന്മാരുടെ മുന്നിൽ ഇംഗ്ലീഷിൽ അതിനെ വിവരിക്കുക എന്നത് ഒരു പ്രോജക്ട് ആയി ഞാൻ ചെയ്തു. പല കലാകാരന്മാരും കരച്ചിലിന്റെ വക്കത്തോളം എത്തിയിരുന്നു. ഗാലറിയിലെ ചുവരുകൾക്ക് പകരം ഓഫിസിലെ ഫയൽ ബോക്സുകളെ ഗാലറികളായി മാറ്റിക്കൊണ്ടുള്ള പ്രദർശനം, ചിത്രം വരക്കുകയും എന്നാൽ വിട്ടുപോകാത്തതിനാൽ പട്ടിണിയിലാകേണ്ടിവരുന്ന കലാകാരന്മാരുടെ അവസ്ഥയെ പ്രകടിപ്പിക്കാൻ ഗാലറിയുടെ മധ്യത്തിൽ പെയിന്റിങ്ങുകൾ അടുക്കിവെച്ച് ഒരു ക്യൂബ് സൃഷ്ടിച്ചശേഷം ഗാലറിയുടെ ഉള്ളിൽ നിറയെ നാഫ്‌താ ഗുളികകൾ (പാറ്റാ ഗുളികകൾ) വിതറി കാഴ്ചക്കാരെ അതിനുള്ളിലേക്ക് കടത്തിവിടുക... ഇതൊക്കെ എന്റെ ആദ്യകാല ക്യൂററ്റോറിയൽ ഇടപെടലുകളായിരുന്നു. അവിടെ തികച്ചും മാർക്കറ്റ് ക്രിട്ടിക് ആണ് ചെയ്തിരുന്നത്.

അന്താരാഷ്ട്ര കലാരംഗത്ത് കമ്പോളം പിടിമുറുക്കുന്ന തൊണ്ണൂറുകളുടെ പകുതിക്കുശേഷം ക്യൂറേറ്റർമാരുടെ ഇടപെടലുകൾ വളരെ ശക്തമാവുകയും അവർക്ക് പ്രദർശന സ്രഷ്ടാക്കൾ എന്ന പദവി കൈവരുകയുംചെയ്തു. ഈ സന്ദർഭത്തിലാണ് അമേരിക്കൻ എഴുത്തുകാരനും കലാകാരനുമായ പാബ്ലോ ഹെൽ ഗുവേര കലാരംഗത്തെ ഒരു പിരമിഡായി സങ്കൽപിക്കുകയും അതിൽ ഗാലറിസ്റ്റുകൾക്കും ഡീലർമാർക്കും മുകളിൽ, ശേഖകർക്കും മ്യൂസിയം ഡയറക്ടേഴ്സിനും താഴെ ഒരു മധ്യഭാഗത്തായി ക്യൂറേറ്റർമാരെ പ്രതിഷ്ഠിക്കുകയും ചെയ്തത്. ക്യൂറേറ്റർമാർക്ക് വലിയ ശക്തിയുണ്ടായിരുന്ന കാലമാണ് തൊണ്ണൂറുകളിൽ തുടങ്ങി 2008 വരെ കണ്ടത്.

ഇന്ത്യയിൽ ക്യൂറേറ്റർമാരുടെ ഇടം കമ്പോളത്തിന്റെ തകർച്ചക്കു ശേഷം പിടിച്ചെടുത്തത് ഗാലറിസ്റ്റുകളും കലാകാരന്മാരും ആയിരുന്നു. ക്യൂറേറ്റർമാർക്ക് ചെയ്യാവുന്നത് നമുക്കും ചെയ്യാവുന്നതേയുള്ളൂ എന്നൊരു വിചിത്രവാദം ഇതിന്റെ പിന്നിലുണ്ടായി. ആശയനിർമിതി എന്നത് കലാവസ്തുവിനെ അവതരിപ്പിക്കുന്നതിലുള്ള നവീനത എന്ന് വന്നു. ഒരു എക്സിബിഷൻ ഡിസൈനർ ഉണ്ടെങ്കിൽ ഏതൊരു ഗാലറിസ്റ്റിനും ക്യൂറേറ്റർ ആകാമെന്ന് വന്നു.

ക്യൂറേറ്റർമാരുടെ ജോലി മികച്ച ഒരു കാറ്റലോഗ് ലേഖനം എഴുതിക്കൊടുക്കുക, അല്ലെങ്കിൽ ഒരു വാൾ ടെക്സ്റ്റ് എഴുതിക്കൊടുക്കുക എന്നതായി –ഇക്കാലത്ത് വലിയ എഴുത്തുകാർ ചെറിയ എഴുത്തുകാർക്ക് ബ്ലർബ് എഴുതിക്കൊടുക്കുന്നതുപോലെ. ഇത് ക്യൂറേറ്റർമാരുടെ മൂല്യത്തകർച്ചക്കു കാരണമായി. മറ്റൊന്ന് ഇന്ത്യൻ കലാരംഗത്ത് ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും മുന്നോട്ടുവെച്ച കൊച്ചി മുസിരിസ് ബിനാലെയുടെ ക്യൂററ്റോറിയൽ സമീപനമായിരുന്നു.

ആർട്ടിസ്റ്റ് ആസ് ക്യൂറേറ്റർ അല്ലെങ്കിൽ ആർട്ടിസ്റ്റ് ക്യൂറേറ്റർ എന്നൊരു ആശയം അവർ മുന്നോട്ടുവെച്ചു. മാളുകൾ വരുമ്പോൾ ചെറുകിട വ്യാപാരികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതുപോലുള്ള ഒരു അവസ്ഥ അപ്പോൾ ഉണ്ടായി. ജിതീഷ് കല്ലാട്ട്, സുദർശൻ ഷെട്ടി, അനിതാ ദുബെ, സുബുഹി റാവു തുടങ്ങിയ പ്രാക്ടിസിങ് ആർട്ടിസ്റ്റുമാരെ ക്യൂറേറ്റർമാരായി ക്ഷണിക്കുകയും ക്യൂറേറ്റർമാരെ കോ ലാറ്ററൽ പരിപാടികൾ നടത്തുന്ന ചെണ്ടകൊട്ടുകാരാക്കി മാറ്റുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.

ധനമൂലധനത്തിന്റെയും ഭരണകൂടത്തിന്റെയും മുഖ്യധാരാ വിനോദവ്യവസായത്തിന്റെയും ലോബികളുടെയും പിന്തുണ നേടിയെടുത്തുകൊണ്ട് ഇന്ത്യൻ കലാരംഗത്ത് വലിയ കുതിപ്പ് ഉണ്ടാക്കുന്നു എന്ന പ്രതീക്ഷ കൊച്ചി മുസിരിസ് ബിനാലെ ഉയർത്തിയെങ്കിലും, ചരിത്രപരമായി നോക്കിയാൽ അത് കലയിലെയും കമ്പോളത്തിലെയും ബഹുസ്വരതയെ തകർക്കുകയും ഒരേ തരത്തിലുള്ള, ഒരേതരം സൗന്ദര്യശാസ്ത്ര ഇഷ്ടങ്ങളെ മുഖ്യധാരയാക്കുന്ന സമീപനങ്ങൾക്ക് ആക്കംകൊടുക്കുകയും ചെയ്തു. ജനാധിപത്യപരമായ ബഹുത്വത്തെ ഇത്തരത്തിൽ സോഷ്യൽ-കൾച്ചറൽ കാപിറ്റൽ കൈയാളുന്ന കലാകാരന്മാർ നിരപ്പാക്കി ഹോമോജിനിറ്റി സൃഷ്ടിച്ചു.

യഥാർഥത്തിൽ ഇത്തരത്തിലുള്ള ക്യൂറേറ്റർമാർ കമ്പോളത്തിന്റെ ദല്ലാളുകളായി എന്ന വാദത്തിൽ കഴമ്പില്ല. മറിച്ച്, അവർതന്നെ കമ്പോളമായി മാറി എന്നതാണ് സത്യം. ഇത് ഞാൻ പറയുമ്പോൾ ആരുടെയും നേർക്ക് വിരൽ ചൂണ്ടണമെന്ന ആഗ്രഹം എനിക്കില്ല. എന്റെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്. ക്യൂറേറ്റർമാരും കമ്പോളവും ഒരേ രുചിയും രസനയും സൃഷ്ടിക്കുമ്പോൾ ഇങ്ങനെ പറയാതെ നിവൃത്തിയില്ല.

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് ആർട്ട് ഫെയറുകൾ – ഇന്ത്യ ആർട്ട് ഫെയർ, ഡൽഹി, മുംബൈ ആർട്ട് ഫെയർ, മുംബൈ –നോക്കിയാൽ മാത്രം മതി, കമ്പോളം, മുഖ്യധാരാ ആർട്ട്, മുഖ്യധാരാ ക്യൂറേറ്റർമാർ എന്നിവർ ഒരേ ഭാഷ സംസാരിക്കുന്നത് കാണാൻ. കേരളത്തിൽ പക്ഷേ ബിനാലെയെയും ലോകമേ തറവാടിനെയും തുടർന്ന് ആർട്ടിസ്റ്റ് എന്നാൽ ക്യൂറേറ്റർ കൂടിയാണ് എന്ന തെറ്റിദ്ധാരണ പരക്കുകയും, കല സംഘാടനം ചെയ്തുകൊണ്ട് കുറെ അധികം കലാകാരന്മാർ ക്യൂറേറ്റർമാരായി മാറുകയുംചെയ്തു. ഇവരുടെ ആധികാരികതയെ ചോദ്യംചെയ്‌താൽ വ്യക്ത്യാധിക്ഷേപം മാത്രമാകും ഫലം. കേരള ലളിതകല അക്കാദമിയും ഏതാണ്ട് ഈ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നത് ദുഃഖകരമാണ്. എന്നാൽ, കേരളത്തിലെ ചെറുകിട ക്യൂറേറ്റർമാർ പാവങ്ങളാണ്. അവരെ കമ്പോളത്തിന്റെ ദല്ലാളുകൾ എന്ന് വിളിക്കുന്നതിൽപരം വലിയ കഷ്ടം വേറെയില്ല.

 

തൊണ്ണൂറുകളുടെ മധ്യത്തിൽ താങ്കളും മൃണാൾ കുൽക്കർണിയുമാണ് ഡൽഹിയിൽ ക്യൂററ്റോറിയൽ പ്രവർത്തനങ്ങൾക്ക് സ്വതന്ത്രമായ തുടക്കം കുറിച്ചതെന്ന് പറയുകയുണ്ടായി. എന്നാൽ, അതിനും മുമ്പ് എൺപതുകളുടെ മധ്യത്തിൽ ഗീതാ കപൂർ 'സെവൻ യങ് സ്കൾപ്ടേഴ്സ്’ എന്ന പേരിലും ‘പ്രതിലോമ ദൃശ്യ സംസ്കാരത്തിനെതിരെ’ ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്കൾപ്ടേഴ്സ് ഒരു പ്രദർശനം സംഘടിപ്പിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടായിരുന്നു അത്തരത്തിലുള്ള പ്രദർശനങ്ങളെ ക്യൂറേറ്റഡ് പ്രദർശനം എന്നു വിളിക്കാത്തത്?

ബറോഡയിൽ ഞാൻ ഐച്ഛികമായി എടുത്തത് കലാചരിത്രമായിരുന്നു. മൃണാൾ കുൽക്കർണി അഞ്ചു വർഷം കലാചരിത്രം പഠിച്ചശേഷം, ബിരുദാനന്തര ബിരുദത്തിനായി തിരഞ്ഞെടുത്തത് കലാവിമർശനവും. ഈ രണ്ടു വിഷയങ്ങളും ഒരുപോലെ പഠിക്കാനുള്ള ഒരു താൽപര്യം എന്നിൽ ഉണ്ടാക്കി. കേരളത്തിൽ കലാവിമർശനപരവും സാഹിത്യവിമർശനപരവുമായ ലേഖനങ്ങൾ ചെറുകിട പ്രസിദ്ധീകരണങ്ങളിൽ എഴുതിയ ഒരു അനുഭവംകൂടി എനിക്കുണ്ടായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ഉണ്ടായിരുന്നതും മലയാള സാഹിത്യത്തിനോട് പണ്ടേ താൽപര്യം ഉണ്ടായിരുന്നതും വിമർശന പഠനങ്ങളെ സഹായിച്ചു.

അത്തരമൊരു പശ്ചാത്തലം ഉണ്ടായിരുന്നതിനാൽ, ചരിത്രം പഠിക്കുമ്പോഴും കലാവിമർശനത്തിലായിരുന്നു ഞാൻ ശ്രദ്ധ ചെലുത്തിയത്. കൂടാതെ, എൺപതുകളുടെ ഒടുവിൽ യുവാവസ്ഥയെ പ്രാപിച്ചതുകൊണ്ടാകണം അക്കാലത്തും കേരളത്തിൽ മാറാതെ നിന്നിരുന്ന അരാജക-റാഡിക്കൽ പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയ സാംസ്‌കാരിക ഉപബോധം സൃഷ്ടിച്ച അസംതൃപ്തിയും ഉണ്ടായിരുന്നു. അതിനാൽ കലയെ വിമർശനത്തിനുള്ള ഒരു ടൂൾ, ചരിത്രവിശകലനത്തിനുള്ള ഒരു ഉപാധി എന്ന നിലയിലാണ് തുടക്കം മുതലേ സമീപിച്ചത്.

യഥാർഥത്തിൽ ക്യൂററ്റോറിയൽ പ്രാക്ടിസ് എന്ന ഒരു പേപ്പർ പഠിക്കാനുണ്ടായിരുന്നത് കലാവിമർശനം ഐച്ഛികമായി എടുത്തവർക്കായിരുന്നു. എനിക്ക് ആ പേപ്പർ പഠിക്കാനുണ്ടായിരുന്നില്ല. പക്ഷേ, ആ കോഴ്സിൽ ഉണ്ടായിരുന്നവരേക്കാൾ താൽപര്യം എനിക്കുണ്ടായിരുന്നതിനാൽ ഒരു പ്രാക്ടിസ് എന്നനിലയിൽ ഞാൻ തുടക്കം മുതൽക്കേ കലാകാരന്മാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു രീതി വളർത്തിയെടുത്തു. ഒരുപക്ഷേ സ്വന്തം ക്ലാസിൽ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഞാൻ ഓരോ സ്റ്റുഡിയോയിലാണ് ചെലവിട്ടത്. അതിലൂടെ കലാകാരന്മാരുടെ വർക്കിങ് സ്റ്റൈൽ, ചിന്താരീതി ഒക്കെ അടുത്തറിയാൻ കഴിഞ്ഞു. രണ്ടാം വർഷാവസാനം നടന്ന ക്യൂററ്റോറിയൽ ഡിസ്േപ്ലയിൽ എല്ലാ പ്രോജക്ടിലും അനൗദ്യോഗികമായി പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞു.

പൊതുവെ ബറോഡയിൽ പഠിക്കുന്നവരൊക്കെ അവിടെത്തന്നെ ഗവേഷണത്തിന് രജിസ്റ്റർ ചെയ്യുകയോ അധ്യാപകരാവുകയോ മറ്റെന്തെങ്കിലും ജോലിചെയ്തുകൊണ്ട് പഠനം തുടരുകയോ ഒക്കെയാണ് ചെയ്യുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ബറോഡയിൽ തുടരാൻ താൽപര്യമുണ്ടായിരുന്നില്ല. കലാവിമർശകനും ക്യൂറേറ്ററുമാകണം എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് ഡൽഹി തന്നെ തിരഞ്ഞെടുത്തത്. അവിടെ ഗീതാ കപൂർ ആയിരുന്നു കലാവിമർശനത്തിന്റെയും ചരിത്രത്തിന്റെയും അവസാന വാക്ക്. വലിയ അധികാരശക്തിയാണ് അവർക്കുണ്ടായിരുന്നത്.

ഡൽഹിയിൽ ചെന്നയുടൻതന്നെ അവരെ ചെന്ന് കണ്ടു. എന്നാൽ, ഞാൻ എഴുതുന്നതും ചെയ്യുന്നതുമായ കാര്യങ്ങളെല്ലാം പ്രസിദ്ധീകരണത്തിന് മുമ്പ് അവരെ കാണിച്ച് ക്ലിയറൻസ് വാങ്ങണമെന്ന് അവർ പറഞ്ഞു; ഒരു ബറോഡ സ്‌കൂൾ അല്ലെങ്കിൽ ഒരു ഗീതാ കപൂർ സ്‌കൂൾ ഓഫ് ആർട്ട് ഹിസ്റ്ററി അല്ലെങ്കിൽ ക്രിട്ടിസിസം ഉണ്ടാക്കണം എന്നൊരു തോന്നൽ അവർക്കുണ്ടായിരുന്നു. പക്ഷേ, അതിനു ഞാൻ വഴങ്ങിയില്ല. ആ സമയത്ത് ക്യൂറേഷൻ എന്ന വാക്ക് തന്നെ ഇന്ത്യയിൽ ഉപയോഗിച്ചു തുടങ്ങിയിരുന്നില്ല. കലാവിമർശനം സ്ഥിരമായി ചെയ്യുന്ന കുറെ ആളുകളുണ്ടായിരുന്നു. അവരായിരുന്നു കാറ്റലോഗുകൾ എഴുതിയിരുന്നത്. കാറ്റലോഗുകൾതന്നെ കഷ്ടിയായിരുന്നു.

ഗീതാ കപൂർ ചെയ്ത പ്ലേസ് ഫോർ പീപ്പിൾ, സെവൻ യങ് സ്കൾപ്ടേഴ്സ് എന്നീ പ്രദർശനങ്ങൾക്ക് ക്യൂറേഷൻ എന്ന പദവി അവർ വെച്ചിരുന്നില്ല. പക്ഷേ, അവർ ചെയ്തത് ക്യൂറേഷൻതന്നെ ആയിരുന്നു. പുതിയ നൂറ്റാണ്ടിൽ മാത്രമാണ് ക്യൂറേറ്റർമാർ എന്ന തസ്തികകൂടി വേണം എന്ന് ഇന്ത്യയിലെ ഗാലറികൾ മനസ്സിലാക്കുന്നത്. ക്യൂററ്റോറിയൽ ​േപ്രാജക്ടുകളുമായി നടന്ന എന്നെ പല ഗാലറിസ്റ്റുകളും പിന്തിരിപ്പിച്ചിരുന്നു. എന്നാൽ, രണ്ടായിരത്തി അഞ്ചോടെ ക്യൂറേറ്റർമാർ സജീവമായി. ഡൽഹിയിൽ അക്കാലത്ത് നടന്ന പല പ്രധാന പ്രദർശനങ്ങളുടെയും ക്യൂറേഷൻ നിർവഹിച്ചത് ഞാനാണ്. എന്ന് മാത്രമല്ല, ധാരാളം കലാകാരന്മാരെ പുതുതായി അവതരിപ്പിക്കാനും കഴിഞ്ഞു. അവരൊക്കെ ഇന്ന് വളരെ പേരു കേട്ട മുഖ്യധാരാ കലാകാരന്മാരാണ്.

 

ഗീത കപൂർ, ഹാൻസ് ഉൾറിക് ഒബ്രിസ്റ്റ്,ബോസ് കൃഷ്ണമാചാരി,പാബ്ലോ ഹെൽ ഗുവേര

ഗീത കപൂർ, ഹാൻസ് ഉൾറിക് ഒബ്രിസ്റ്റ്,ബോസ് കൃഷ്ണമാചാരി,പാബ്ലോ ഹെൽ ഗുവേര

കലാപ്രദർശനങ്ങളിൽ ഒരു ക്യൂറേറ്റർ ചെയ്യേണ്ടതായ കാര്യങ്ങളും അവരുടെ ഉത്തരവാദിത്തങ്ങളുമു​െണ്ടന്നാണ് താങ്കൾ പറയുന്നത്? അങ്ങനെയാണങ്കിൽ കൊച്ചിൻ ബിനാലെ പോലെയുള്ള പ്രദർശനങ്ങൾ ക്യൂറേറ്റ് ചെയ്തത് ക്യൂററ്റോറിയൽ കോഴ്സുകൾ കഴിഞ്ഞവരാ​െണന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? മാത്രമല്ല, കൊച്ചിൻ ബിനാലെ വലിയ വിജയവുമായിരുന്നില്ലേ?

ക്യൂറേഷൻ എന്നത് മെക്കാനിക്കലായ ഒരു പ്രവർത്തനമല്ല. അതിൽ സങ്കീർണമായ പല ഇടപെടലുകളുമുണ്ട്. ചെറിയ േപ്രാജക്ടുകൾ ആകുമ്പോൾ ഒരു ക്യൂറേറ്റർക്ക് ഏതാണ്ട് എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും. ഞാൻ ലണ്ടനിൽ ക്യൂറേറ്റർ വിദ്യാർഥിയായിരുന്ന കാലത്ത് ഒരു ഷോറൂം ഗാലറിയിൽ ഇന്റേൺഷിപ് ചെയ്തിട്ടുണ്ട്. തെരുവിലേക്ക് തള്ളിനിൽക്കുന്ന ഒരു ചെറിയ മുറി ആയിരുന്നു അത്. മൂന്ന് വശവും ഗ്ലാസ് ചുവരുകളാണ്. അവിടെ ഒരു സമയം ഒരു കലാകാരനെയോ കലാകാരിയെയോ േപ്രാജക്ട് ചെയ്യാൻ ക്ഷണിക്കും. അത് നടത്തിയിരുന്നത് കമിതാക്കൾ ആണെന്ന് തോന്നിച്ചിരുന്ന ഒരു യുവാവും യുവതിയും ആയിരുന്നു. അവർ സ്വയം പരീക്ഷണകല ചെയ്യുന്നവരും ക്യൂറേറ്റ് ചെയ്യുന്നവരും ആയിരുന്നു.

എനിക്ക് അവിടെ ചെയ്യാൻ ലഭിച്ചത്, ക്ഷണക്കത്തുകൾ സ്റ്റാമ്പൊട്ടിച്ച് തപാൽ ഓഫിസിൽ കൊണ്ടുപോയി നിക്ഷേപിക്കുക എന്നതായിരുന്നു. ആദ്യം അൽപം വിഷമം തോന്നിയെങ്കിലും, ഒരു ഇൻഡി-പ്രോജക്ട് ചെയ്യുമ്പോൾ അതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടിവരും എന്നുള്ളതിന്റെ പാഠമായിരുന്നു പഠിച്ചത്. മറ്റൊരു സന്ദർഭത്തിൽ ഒരു പ്രോജക്ടിനായി 18 വിദ്യാർഥികൾ ചേർന്ന് ഒരു ടൗൺഹാൾ വൃത്തിയാക്കി. ആ ടീമിലും ഞാനുണ്ടായിരുന്നു. നമ്മുടെ ഒരു ക്ലാസ് വർക്ക് അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് അത് ചെയ്തത്. ഇന്ത്യയിൽ തിരിച്ചെത്തിയശേഷം ഞാൻ ധാരാളം വർക്കുകൾ നേരിട്ട് ഫിസിക്കലായി കൈകാര്യം ചെയ്തിട്ടുണ്ട്.

മുംബൈയിലെ ഒരു ഗാലറിയിൽ ഒരു ചുമരിൽ നിറം മാറ്റണമെന്ന് പൊടുന്നനെ എനിക്ക് തോന്നുകയും, ലഭ്യമായ തൊഴിലാളി അത് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് കാണുകയും ചെയ്തപ്പോൾ ഞാൻ ആ ചുമരിൽ സ്വയം ചായമടിച്ചു. ആ ഗാലറിസ്റ്റ് എന്നോട് ചോദിച്ചത്, ഇതും ക്യൂറേഷനിൽ പഠിപ്പിക്കുമോ എന്നാണ്. ഞാൻ പറഞ്ഞു, ക്യൂറേഷൻ എന്ന് പറഞ്ഞാൽ കലയെ കൈകാര്യംചെയ്യുക എന്നതാണ്. അതിൽ ഇതുപോലുള്ള പണികളും ഒരുപക്ഷേ ചെയ്യേണ്ടി വന്നെന്നിരിക്കും. ലണ്ടനിലെ വിദ്യാഭ്യാസം എനിക്ക് നൽകിയ ഒരു കോൺഫിഡൻസാണ് അത്.

ക്യൂറേഷൻ പഠിച്ചവർ മാത്രമേ ക്യൂറേറ്റ് ചെയ്യാവൂ എന്നൊരു വാദം ഞാൻ അംഗീകരിക്കില്ല. എന്നാൽ, ക്യൂറേഷൻ എന്നത് കേവലം സംഘാടനം മാത്രമല്ല എന്ന തിരിച്ചറിവും അതിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ഒപ്പം കലാചരിത്രത്തിലും സിദ്ധാന്തങ്ങളിലും നല്ല അറിവുമുള്ള ആളുകൾ ക്യൂറേറ്റ് ചെയ്യുന്നതാകും നല്ലത് എന്ന് ഞാൻ കരുതുന്നുണ്ട്. ബിനാലെ പോലുള്ള വലിയ പ്രോജക്ടുകൾ ഒരു ക്യൂറേറ്ററുടെ പേരിലാണ് ഓരോ എഡിഷനും നടക്കുന്നതെങ്കിലും ഞാൻ നേരത്തേ പറഞ്ഞതുപോലെ ഇൻഡി-ക്യൂറേഷനിൽ ചെയ്യുന്നതുപോലെ എല്ലാം ഒരാൾതന്നെ ചെയ്യണമെന്ന് നിർബന്ധം പിടിക്കാൻ കഴിയുകയില്ല.

കൃത്യമായി, പ്രഫഷനലുകളടങ്ങുന്ന ഒരു ടീമിനെ ഓരോ കാര്യങ്ങൾ ചെയ്യുന്നതിനായി ഡെലിഗേറ്റ് ചെയ്യുക എന്നത് അപ്പോൾ പ്രധാനമായി വരുന്നു. ക്യൂററ്റോറിയൽ വിഷൻ എന്താണ് എന്ന് ടീമിന് മനസ്സിലാവുകയും, ക്യൂറേറ്റർ നൽകുന്ന ചുമതലകൾ ശരിയായി നിർവഹിക്കുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്ന അനുഭവപരിചയം ക്യൂറേഷനിൽ ഒരാൾക്കുള്ള താൽപര്യത്തെ വർധിപ്പിക്കാം. ബിനാലെയിൽ പി.ആർ വർക്ക് ചെയ്തിട്ടുണ്ടെന്നോ ഫോട്ടോഗ്രഫി ചെയ്തിട്ടുണ്ടെന്നോ, ​െഗസ്റ്റ് കോഓഡിനേഷൻ നടത്തിയിട്ടുണ്ടെന്നോ, സെമിനാർ കോഓഡിനേഷൻ ചെയ്തിട്ടുണ്ടെന്നോ ഉള്ള കാരണത്താൽ ക്യൂറേറ്റർ ആണെന്ന് പറഞ്ഞുനടക്കാൻ കഴിയില്ല.

എന്നാൽ, ഇപ്പോൾ പലരും ബിനാലെയിൽ ബാക്ക് ഓഫിസ് വർക്ക് ചെയ്തിട്ടുണ്ട് എന്ന് പറയുന്നതുതന്നെ ഒരു സർട്ടിഫിക്കേഷനായി കൊണ്ടുനടക്കുന്നുണ്ട്. ഞാനോർക്കുന്നു, ഇക്കഴിഞ്ഞ ബിനാലെ സന്ദർശിക്കവേ, ബോസ് കൃഷ്ണമാചാരി എന്നെ ഒരു യുവ എക്സിക്യൂട്ടിവിനെ പരിചയപ്പെടുത്തി. ആ യുവതി, ബിനാലെയുടെ മീഡിയ കോഓഡിനേഷൻ ചെയ്യുന്ന ആളാണെന്ന് പറഞ്ഞു. എന്നെ വലിയ ഒരു കലാവിമർശകനെന്നും ബോസ് അവൾക്ക് പരിചയപ്പെടുത്തി. അൽപം കഴിഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞു, ബിനാലെ കണ്ടതിനുശേഷം എന്തെങ്കിലും അഭിപ്രായം സോഷ്യൽമീഡിയയിൽ എഴുതണം. ഞാൻ പുഞ്ചിരിച്ചു. ആരോട്, എന്താണ്, എങ്ങനെയാണ് പറയേണ്ടത് എന്ന മിനിമം ധാരണപോലും ഇല്ലാത്ത പലരും വലിയ പ്രോജക്ടുകളിൽ പങ്കെടുക്കുന്നുണ്ട്. പക്ഷേ, ഇതൊക്കെ മൊത്തം പരിപാടികളുടെ ഭാഗമായി കണ്ട് പുഞ്ചിരിച്ചുതള്ളുക എന്ന് മാത്രമേ പറയാൻ കഴിയൂ.

ക്യൂറേറ്റ്ചെയ്യപ്പെടുന്ന കലാപ്രദർശനങ്ങൾ കാണാൻ വരുന്നവർ ആരൊക്കെയാണെന്ന് ക്യൂറേറ്റർക്ക് അറിവുണ്ടായിരിക്കണമെന്നത് ഏത് പേസ്​പെക്ടിവിലാണ് താങ്കൾ പറയുന്നത്?

സുരേഷ് ഒരു ചിത്രകാരനാണ്. ഞാൻ ഒരു എഴുത്തുകാരനും. സുരേഷ് ചിത്രം വരക്കുമ്പോഴോ, ഞാൻ എഴുതുമ്പോഴോ അത് ആരാണ് കാണുക, വായിക്കുക എന്നതിനെക്കുറിച്ച് വലിയൊരു ധാരണ നമുക്ക് ഉണ്ടാവുകയില്ല. എന്നാൽ, നമ്മൾ പ്രഫഷനൽ ചിത്രകാരനും എഴുത്തുകാരനുമൊക്കെ ആകുമ്പോൾ ഈ ഓഡിയൻസ് ആരാണെന്നതിനെക്കുറിച്ച് ഒരു അമൂർത്തമായ ധാരണ ഉണ്ടാകും.

അവരുടെ ലിംഗം, പ്രായം, സാമ്പത്തിക-സാമൂഹിക നില, അറിവ്, പരിചയം എന്നതൊന്നും അവിടെ വരുന്നില്ല, പക്ഷേ നമുക്കറിയാം ഇതാരൊക്കെയോ കാണും. ഇത് ഞാൻ പറഞ്ഞതല്ല, പ്രശസ്തനായ നോവലിസ്റ്റ് ഹാരുകി മുറാകാമി തന്റെ ‘നോവലിസ്റ്റ് ആസ് വൊക്കേഷൻ’ എന്ന പുസ്തകത്തിൽ പറഞ്ഞതാണ്. വായിച്ചപ്പോൾ അത് എന്റെ അഭിപ്രായവും കൂടിയാണെന്ന് തോന്നിയതുകൊണ്ടാണ് ഇവിടെ പറഞ്ഞത്. നമ്മൾ എത്രതന്നെ നിഷേധിച്ചാലും അമൂർത്തമായ ഒരു ഓഡിയൻസിനെ നമ്മൾ ഏതെങ്കിലും ഒരു ഘട്ടത്തിൽ മുൻകൂട്ടി കാണുന്നുണ്ട്.

ഒരു ചിത്രകാരനെയോ എഴുത്തുകാരനെയോ പോലെയല്ല ക്യൂറേറ്റർ. അയാൾ അല്ലെങ്കിൽ അവൾ ഒരു നടനെപ്പോലെയാണ്. തന്റെ അഭിനയം ആരിലാണ്, എങ്ങനെയാണ് ചെന്ന് കൊള്ളേണ്ടത്, അവരിൽനിന്ന് എന്ത് പ്രതികരണമാണ് ലഭിക്കേണ്ടത് എന്ന് ഏകദേശമായ ഒരു ധാരണ, അഭിനയിക്കുന്ന വേളയിൽതന്നെ നടന് കാണും. പക്ഷേ, താൻ പ്രതീക്ഷിച്ചത് തന്നെ കാണികളിൽനിന്ന് ലഭിക്കുമോ എന്ന് ഉറപ്പിക്കാനും കഴിയില്ല. ഒരു ക്യൂറേറ്ററെ സംബന്ധിച്ചിടത്തോളം, അയാൾ ഒരു ആശയം രൂപവത്കരിച്ച്, അതിനെ പ്രാവർത്തികമാക്കുന്ന സമയത്തുടനീളം ടാർഗറ്റ് ഓഡിയൻസ് എന്ന ഒരു വിഷയം മനസ്സിൽ ഉണ്ടാകും.

പക്ഷേ, അതൊരു ഏകശിലാത്മകമായ ഓഡിയൻസ് അല്ല. നൂറു പേരെങ്കിൽ അവർ നൂറു വ്യത്യസ്ത വീക്ഷണകോണുകളിലാകും കാണുക. എങ്കിലും അനുഭവപരിചയത്തിലൂടെ, ഈ നൂറുപേരുടെ വിവിധ കാറ്റഗറികൾ രൂപവത്കരിക്കാൻ ക്യൂറേറ്റർക്ക് കഴിവുണ്ടാകും. അത് തന്റെ കാറ്റലോഗ് ലേഖനം മുതൽ, വാൾ ടെക്സ്റ്റ്, ലേബലിങ്, പബ്ലിസിറ്റി മെറ്റീരിയൽ തുടങ്ങി ക്യൂററ്റോറിയൽ വാക്ക് അങ്ങനെ ഓരോന്ന് രൂപവത്കരിക്കുന്നതിലും ഈ കാറ്റഗറികളെക്കുറിച്ചുള്ള ഒരു ധാരണ ഉണ്ടാകണം. ക്യൂറേറ്റർ ഒരു പ്രദർശനത്തെ സൃഷ്ടിക്കുക മാത്രമല്ല ചെയ്യുന്നത്, അയാൾ സമഗ്രമായ ഒരു അനുഭവത്തെയും, വിവിധങ്ങളായ വീക്ഷണങ്ങളെയും കൂടി മുൻകൂട്ടിക്കാണുകയാണ്. എങ്കിലും ക്യൂററ്റോറിയൽ പ്രാക്ടിസും മറ്റെല്ലാ സർഗാത്മക പരിപാടികളെയുംപോലെ ഒരു അൺചാർട്ടേഡ് യാത്രയാണ്. അതിന്റേതായ ഉത്കണ്ഠകളും ആനന്ദങ്ങളും ഭീതികളുമൊക്കെ ഒപ്പം യാത്രചെയ്യും.

സെർപ​ൈന്റൻ ഗാലറിയിൽ നടന്ന പ്രശസ്ത ജാപ്പനീസ് കലാകാരനായ തകാഷി മുറകാമിയുടെ ചിത്രങ്ങളെ ക്യൂററ്റോറിയൽ പഠനത്തിന്റെ ഭാഗമായി ഗാലറിയിൽ വരുന്ന കാണികൾക്ക് ‘വ്യാഖ്യാനിച്ച് കൊടുത്തതായി’ താങ്കൾ എഴുതിയിട്ടുണ്ട്. കലാസൃഷ്ടികൾ വിവരിച്ചുകൊടുക്കേണ്ട ആവശ്യമുണ്ടോ?

തകാഷി മുറകാമിയുടെ സൃഷ്ടികൾ നേരിട്ട് കാണാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. ഗോൾഡ്‌ സ്മിത് സ് കോളജിൽനിന്നുള്ള ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് ലണ്ടനിലെ ഹൈഡ് പാർക്കിന്റെ നടുവിൽ സ്ഥിതിചെയ്യുന്ന serpentine ഗാലറിയിൽ ഞാൻ തകാഷി മുറകാമിയുടെ പെയിന്റിങ്ങുകളെയും ശിൽപങ്ങളെയും കുറിച്ചു കാണികൾക്കായി വിശദീകരണങ്ങൾ നൽകിയത്. ഒരുപക്ഷേ ആ പ്രദർശനത്തിന്റെ ക്യൂറേറ്റർ ആയിരുന്നു ആ ഓഡിയൻസിനെ അഭിമുഖീകരിച്ചിരുന്നതെങ്കിൽ അയാൾ അവയെ വിവരിക്കുന്നത് മറ്റൊരുതരത്തിൽ ആയിരിക്കുമായിരുന്നു.

ഈ ഒരു പ്രോഗ്രാമിന്റെ ഭാഗമായി ഞാൻ പലവട്ടം ഗാലറിയിൽ പോവുകയും മുറകാമിയെക്കുറിച്ചു ലഭ്യമായ വിവരങ്ങളൊക്കെ ശേഖരിച്ചു പഠിക്കുകയും ചെയ്തിരുന്നു. വളരെ മൾട്ടികൾച്ചറലായ ഒരു ഓഡിയൻസിനെയാണ് ഞാൻ അഭിമുഖീകരിച്ചത്. നമ്മളെപ്പോലെ സാധാരണ മനുഷ്യരാണ് അവരും. നമ്മൾ കരുതും വിദേശികൾക്ക് എല്ലാം അറിയാമെന്ന്. ആ ഗ്രൂപ്പിൽ വന്ന ആളുകളിൽ ഏറെപ്പേരും മുറകാമി എന്ന പേര് തന്നെ ആദ്യമായി കേൾക്കുകയായിരുന്നു. അപ്പോൾ അവർക്ക് വർക്കുകൾ വിശദീകരിച്ചുകൊടുക്കുക എന്നത് ഒരു ആവശ്യമായി വരുന്നു. ലണ്ടനിലെ പ്രധാനപ്പെട്ട ഗാലറിയായ സെർപ്പ​ൈന്റനിൽ വ്യത്യസ്തമായ രാജ്യങ്ങളിൽനിന്നുള്ളവരാണ് വരുന്നത്. അവർ അതിനായി പണം മുടക്കുന്നുണ്ട്. അപ്പോൾ അവർ അത് കാണുന്നതിനും മനസ്സിലാക്കുന്നതിനും ശ്രമിക്കും. ക്യൂറേറ്ററിയൽ ‘വാക്കു’കൾ (walk) പ്രധാനമാകുന്നത് അത്തരം സാഹചര്യങ്ങളിലാണ്.

കലയെ പലപ്പോഴും വിശദീകരിക്കേണ്ടതുണ്ട്. പത്രപ്രവർത്തനത്തിന്റെ പാഠങ്ങളിൽ പ്രധാനമാണ്, എന്നും ഒരു പുതിയ വായനക്കാരനെ പ്രതീക്ഷിക്കുക എന്നത്. അതിനാൽ എല്ലാവർക്കും അറിയാം എന്ന് നമ്മൾ കരുതുമെങ്കിലും അറിയാത്ത അനേകം പേർ ഗാലറികളിലെത്തും. അവർക്കായി വർക്കുകൾ വിശദീകരിച്ചുകൊടുക്കേണ്ടത് ആവശ്യമാണ്. നമ്മുടെ രാജ്യത്ത് ആ ഒരു സംസ്കാരം ഇനിയും വളർന്നിട്ടില്ല. കാശു കൊടുത്ത് ഗാലറിയിലോ മ്യൂസിയത്തിലോ പോകുന്നവർ ഇല്ല എന്നുതന്നെ പറയാം.

ഈ അടുത്തിടെ ദർബാർ ഹാളിൽ നടന്ന ഒരു പ്രദർശനത്തിന്റെ ഉദ്‌ഘാടന ചടങ്ങിന്റെ ഫോട്ടോഗ്രാഫുകൾ ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടു. കഷ്ടിച്ച് ഒരു ഇരുപത്തിയഞ്ചു പേർ. അവരാകട്ടെ കലാരംഗത്തുള്ളവർതന്നെ. ഞാൻ പലപ്പോഴും തമാശയായി പറയുന്നത് ഇതാണ്: കലാകാരന്മാർക്ക് വേണ്ടി കലാകാരന്മാർ നടത്തുന്ന പ്രദർശനങ്ങളാണ് കേരളത്തിൽ. പൊതുജനം കലക്കായി കാത്തുനിൽക്കുന്നത് വളരെ കുറവ്. ബിനാലെക്ക് ആളുകൾ ലുലു മാളിൽ പോകുന്ന ഉത്സാഹത്തോടെ പോകും, പക്ഷേ, മറ്റു ഗാലറികളിലേക്ക് കയറിച്ചെല്ലുന്ന അവസ്ഥ ഇനിയും ഉണ്ടായിട്ടില്ല.

 

ജോണി എം.എൽ

ജോണി എം.എൽ

ഗാലറിയുടെയും മ്യൂസിയങ്ങളുടെയും സന്ദർഭങ്ങളിൽനിന്ന് പുറത്തിറങ്ങി പൊതുമണ്ഡലങ്ങളിൽ ഇടപെടാനുള്ള ശേഷി ക്യൂററ്റോറിയൽ ജ്ഞാന-പ്രവർത്തന ശാഖക്ക് ഏതു തരത്തിലാണ് കൈവരുന്നത്?

കേരളത്തിൽ പൊതുമണ്ഡല കല അഥവാ പബ്ലിക് ആർട്ട് എന്നത് ഇപ്പോഴും സിറ്റി ബ്യൂട്ടിഫിക്കേഷൻ എന്ന ആശയത്തിൽ മാത്രം നിൽക്കുകയാണ്. എന്നാൽ, കേരളത്തിലെ മുതിർന്ന കലാകാരന്മാരിൽ പലരും, കാനായി കുഞ്ഞിരാമൻ ഉൾപ്പെടെ പൊതുമണ്ഡലത്തിൽ കലയെ അവതരിപ്പിക്കുകയും വളരെ ശക്തമായ പ്രതികരണങ്ങൾ നേടുകയും ചെയ്തവരാണ്. ഇന്ന്, നഗരസൗന്ദര്യവത്കരണം എന്ന നിലയിൽ ചുവരുകളിൽ പലതരം ചിത്രങ്ങൾ വരക്കുന്നു.

സീരിയസായ പബ്ലിക് ആർട്ട് കേരളത്തിലില്ല എന്നുതന്നെ പറയാം. ഇവിടെയാണ് പുതിയ ക്യൂറേറ്റർമാരുടെ പ്രസക്തി ഉണ്ടാകേണ്ടത്. ഗാലറികളിൽനിന്ന് പുറത്തിറങ്ങി ഇൻഡി-പ്രോജക്ടുകൾ ചെയ്യാനുള്ള ശേഷി ഈ ക്യൂറേറ്റർമാർക്ക് ഉണ്ടാകണം. കേരള സർക്കാറിന് പബ്ലിക് ആർട്ടിനെ പ്രോത്സാഹിപ്പിക്കാൻ ഫണ്ട് ഉണ്ടെങ്കിൽ അതിപ്പോൾ കൈകാര്യംചെയ്യുന്നത് വളരെ കുറച്ചു വ്യക്തികൾ മാത്രമാണ്. കാര്യമായ ക്യൂററ്റോറിയൽ ഇടപെടൽ കേരളത്തിൽ പബ്ലിക് ആർട്ട് രംഗത്ത് ഉണ്ടായിട്ടില്ല. ട്രെസ്‌പാസേഴ്സ് എന്നൊരു ഗ്രൂപ്പ് വളരെ ശക്തമായ പബ്ലിക് ആർട്ട് ചെയ്യുന്നുണ്ട്.

പക്ഷേ അവർക്ക് പബ്ലിക് ഫണ്ടിങ് ലഭിക്കുന്നില്ല. ബോസ് കൃഷ്ണമാചാരി ചെയ്യുന്ന പബ്ലിക് ആർട്ട് എല്ലാംതന്നെ ഒരു വിഭാഗം കലാകാരന്മാരെ അക്കൊമഡേറ്റ് ചെയ്യാനുള്ള പദ്ധതികളാണ്. ബിനാലെയിൽ അദ്ദേഹം കാണിക്കുന്ന വിഷൻ ഈ പരിപാടികളിൽ കൊണ്ടുവന്നിട്ടില്ല. മറ്റൊരു ഡോക്ടർ കലാകാരൻ തിരുവനന്തപുരത്ത് ചുവർ പ്രോജക്ടുകൾ നടത്തുന്നുണ്ട്. അവയിലൊന്നുംതന്നെ ക്യൂറേറ്റർമാരുടെ ഇടപെടലോ ഒന്നുംതന്നെയില്ല. മഴക്കാലത്ത് മഴയെക്കുറിച്ച്, വേനൽക്കാലത്ത് വേനലിനെക്കുറിച്ച്, മാനവീയം കാലത്ത് മാനവീയത്തെക്കുറിച്ച്, ശാസ്ത്രകാലത്ത് ശാസ്ത്രത്തെക്കുറിച്ച് എന്നിങ്ങനെ ഒരുതരം പരസ്യകലാ രീതിയാണ് ഇപ്പോൾ പബ്ലിക് ആർട്ട് എന്ന പേരിൽ നടക്കുന്നത്.

കേരള ലളിതകല അക്കാദമി കുറേക്കൂടി ജനാധിപത്യസ്വഭാവം കാട്ടിയാൽ യുവ ക്യൂറേറ്റർമാർക്ക് ഒരു ഇൻവിറ്റേഷൻ കാർഡിലെ പേര് എന്ന നിലയിൽനിന്ന് മാറി വളരെയധികം ഇടപെടലുകൾ കേരളത്തിലെ പൊതുമണ്ഡലത്തിലെ കലാരംഗത്ത് നടത്താൻ കഴിയും. പക്ഷേ, ബോസിനെയും എന്നെയുംപോലുള്ള അനുഭവസമ്പന്നരായ ക്യൂറേറ്റർമാരെ ഉൾപ്പെടുത്തി ക്യൂററ്റോറിയൽ ശിബിരങ്ങൾ നടത്താൻ പോലും കേരള ലളിതകല അക്കാദമിക്ക് ഇതുവരെ കഴിഞ്ഞില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

News Summary - weekly interview