കമ്യൂണിസം കാപിറ്റലിസ്റ്റുകളെ മനുഷ്യത്വമുള്ളവരാക്കി
കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ടയാളാണ് വിഖ്യാത പോളിഷ് ചലച്ചിത്രസംവിധായകൻ ക്രിസ്റ്റോഫ് സനൂസി. കാൽനൂറ്റാണ്ടിനുശേഷം ഒരിക്കൽക്കൂടി അദ്ദേഹം െഎ.എഫ്.എഫ്.കെക്ക് വന്നു. തന്റെ സിനിമയെയും നിലപാടുകളെയും കുറിച്ചു സംസാരിക്കുകയാണ് സനൂസി ഇൗ അഭിമുഖത്തിൽ.‘‘എന്റെ പുസ്തകങ്ങളിലെ ആശയങ്ങൾ ആർക്കും എടുക്കാം. അതിൽ മാറ്റം വരുത്താനും സിനിമയാക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ട്. ഒരു പ്രതിഫലവും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു പകർപ്പവകാശവും എനിക്കുവേണ്ട. ഞാൻ ഈ ആശയങ്ങളെല്ലാം ജീവിതത്തിൽനിന്ന് എടുത്തതാണ്. അത് ജീവിതത്തിന് തന്നെ തിരികെ നൽകുന്നു’’ –താൻ എഴുതിയ ‘Films I will never make’, ‘It's Time to Die’...
Your Subscription Supports Independent Journalism
View Plansകമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ടയാളാണ് വിഖ്യാത പോളിഷ് ചലച്ചിത്രസംവിധായകൻ ക്രിസ്റ്റോഫ് സനൂസി. കാൽനൂറ്റാണ്ടിനുശേഷം ഒരിക്കൽക്കൂടി അദ്ദേഹം െഎ.എഫ്.എഫ്.കെക്ക് വന്നു. തന്റെ സിനിമയെയും നിലപാടുകളെയും കുറിച്ചു സംസാരിക്കുകയാണ് സനൂസി ഇൗ അഭിമുഖത്തിൽ.
‘‘എന്റെ പുസ്തകങ്ങളിലെ ആശയങ്ങൾ ആർക്കും എടുക്കാം. അതിൽ മാറ്റം വരുത്താനും സിനിമയാക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ട്. ഒരു പ്രതിഫലവും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു പകർപ്പവകാശവും എനിക്കുവേണ്ട. ഞാൻ ഈ ആശയങ്ങളെല്ലാം ജീവിതത്തിൽനിന്ന് എടുത്തതാണ്. അത് ജീവിതത്തിന് തന്നെ തിരികെ നൽകുന്നു’’ –താൻ എഴുതിയ ‘Films I will never make’, ‘It's Time to Die’ എന്നീ പുസ്തകങ്ങൾ എടുത്തുകാട്ടി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി പറഞ്ഞു.
ആദർശങ്ങൾ ജീവിതത്തിൽ സ്വയം നടപ്പാക്കിയതിന് ശേഷമേ അതിനെക്കുറിച്ച് സംസാരിക്കാവൂ എന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരാൾക്കുമാത്രം പറയാൻ കഴിയുന്ന വാക്കുകൾ. സനൂസിയുടെ സിനിമകളും രാഷ്ട്രീയ നിലപാടുകളും മലയാളികൾക്ക് അന്യമല്ല. സിനിമകളെ ഇഷ്ടപ്പെട്ടും നിലപാടുകളോട് കലഹിച്ചും എന്നും മലയാളികൾ സനൂസിയെ കണ്ടു, കേട്ടു. ജീവിതത്തിന്റെ ദാർശനിക സൗന്ദര്യം മനോഹരമായ ഫ്രെയിമുകളിൽ സന്നിവേശിപ്പിച്ച് സനൂസിയൊരുക്കിയ എക്കാലത്തും പ്രസക്തിയുള്ള ഉള്ളടക്കങ്ങളുള്ള സിനിമകൾ ദൃശ്യസംവാദമാണ് പ്രേക്ഷകരുമായി നടത്തുന്നത്. രണ്ടാം ലോകയുദ്ധത്തിന്റെ അനുഭവങ്ങൾ നിറഞ്ഞ കുട്ടിക്കാലവും സ്വയം ആർജിച്ചെടുത്ത ദാർശനിക പശ്ചാത്തലം പിൻബലമേകിയ യൗവനവും സനൂസിയിലെ ചലച്ചിത്രകാരനെ പഠനകാലത്തേ പരുവപ്പെടുത്തിയെടുത്തിരുന്നു.
പോളണ്ടിലെ യൂനിവേഴ്സിറ്റി കാമ്പസുകളിലും ഫിലിം ക്ലബുകളിലും കൈയടി നേടിയ 11ഓളം അമച്വർ സിനിമകളിൽനിന്ന് ലോക സിനിമയുടെതന്നെ മുൻനിരയിലേക്കുള്ള സനൂസിയുടെ പ്രയാണം വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു. ഫിസിക്സ്, ഫിലോസഫി പഠനങ്ങൾക്കുശേഷം സിനിമയാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ സനൂസി 1966ലാണ് വുച്ചിലെ യൂനിവേഴ്സിറ്റി ഓഫ് ഫിലിം, ടെലിവിഷൻ ആൻഡ് തിയറ്ററിൽനിന്ന് ബിരുദം നേടുന്നത്.
1969ൽതന്നെ ‘ദി സ്ട്രക്ചർ ഓഫ് ക്രിസ്റ്റൽസ്’ എന്ന സിനിമയിലൂടെ സനൂസി തന്റെ വരവറിയിച്ചു. പിന്നീട് വന്ന ‘ഫാമിലി ലൈഫ്’ (1970), ‘ബിഹൈൻഡ് ദ വോൾ’ (1971), ‘ഇല്യൂമിനേഷൻ’ (1972), ‘എ വുമൺസ് ഡിസിഷൻ’ (1975), ‘കമോഫ്ലാഷ്’ (1977), ‘സ്പൈറൽ’ (1978), ‘ദ കോൺട്രാക്ട്’ (1980), ‘കോൺസ്റ്റന്റ് ഫാക്ടർ’ (1980) തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടതോടെ 1980കളുടെ മധ്യത്തിൽതന്നെ പോളിഷ് ചലച്ചിത്ര ചരിത്രത്തിൽ ക്രിസ്റ്റോഫ് കേസ്ലോവിസ്കി, അന്ദ്ജെ വയ്ദ എന്നിവർക്കൊപ്പം സനൂസിയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. ബർഗ്മാനോടൊപ്പം ചേർന്ന് 1980കളുടെ ഒടുവിൽ യൂറോപ്യൻ ഫിലിം അക്കാദമിയുടെ സഹ സ്ഥാപകനാകാനും സനൂസിക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ഇറങ്ങിയ ‘ദി പെർഫക്ട് നമ്പർ’ അടക്കം 70ലധികം സിനിമകളും ടി.വി പരിപാടികളും സംവിധാനംചെയ്തിട്ടുള്ള സനൂസി 59ഓളം തിരക്കഥകളും രചിച്ചിട്ടുണ്ട്.
ഇതിന് പുറമേ നാടകങ്ങളും ഓപറകളും സംവിധാനംചെയ്തിട്ടുണ്ട്. ‘എ ഇയർ ഓഫ് ദി ക്വയറ്റ് സൺ’ 1984ലെ വെനീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്കാരം നേടി. 1980ലെ കാൻ ഫെസ്റ്റിവലിൽ ‘കോൺസ്റ്റന്റ് ഫാക്ടർ’ ജൂറി പുരസ്കാരവും സ്വന്തമാക്കി. ഗോൾഡൻ ലെപ്പേർഡ് പുരസ്കാരം (1974- ലൊകാർണോ മേള- ‘ഇല്യൂമിനേഷൻ’), സ്പെഷൽ ജൂറി പുരസ്കാരം (1982 -വെനീസ് മേള- ‘ഇംപരറ്റീവ്’), ഗ്രാൻഡ് പ്രിക്സ് പുരസ്കാരം (1992 -ടോക്യോ മേള - ‘ദ സൈലന്റ് ടച്ച്’), സ്പെഷൽ ജൂറി പുരസ്കാരം (1996 -ടോക്യോ മേള -‘അറ്റ് ഫുൾ ഗാലപ്പ്’), ന്യൂയോർക് ഫിലിം ക്രിട്ടിക്സ് സ്പെഷൽ അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും സനൂസിയെ തേടിയെത്തി.
യൂറോപ്യൻ ഫെഡറേഷൻ ഓഫ് ഓഡിയോ വിഷ്വൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. യൂറോപ്യൻ ഫിലിം അക്കാദമി ബോർഡ്, പോളിഷ് അക്കാദമി ഓഫ് സയൻസ് തുടങ്ങിയവയിലും അംഗമായിരുന്നു. 1998ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മുഖ്യാതിഥി ആയിരുന്നു സനൂസി. അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളെ മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ള ഓപൺ ഫോറത്തിൽ വെച്ച് നിശിതമായി വിമർശിച്ചതും ഇരുവരും തമ്മിലുള്ള സംവാദവും അന്ന് ഏറെ വിവാദമായിരുന്നു. ഇപ്പോൾ കാൽനൂറ്റാണ്ടിനുശേഷം 28ാം ഐ.എഫ്.എഫ്.കെയിൽ ‘ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ ഏറ്റുവാങ്ങാനെത്തിയ 84കാരനായ സനൂസി ‘മാധ്യമ’വുമായി സംസാരിക്കുന്നു.
ചലച്ചിത്രകാരൻ, തത്ത്വചിന്തകൻ, ഭൗതികശാസ്ത്രജ്ഞൻ, എഴുത്തുകാരൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എവിടെയാണ് സ്വയം അടയാളപ്പെടുത്തുന്നത്?
ഇതെല്ലാമാണ് അല്ലെങ്കിൽ ഇതിൽ ഒന്നുമല്ല എന്ന വിലയിരുത്തലാണ് സ്വയം ഉള്ളത്. എല്ലാം എനിക്ക് ഒരുപോലെ തന്നെയാണ്. ഇത്തരം നിരവധി വേഷങ്ങൾ അണിയാൻ കഴിഞ്ഞത് ജീവിതത്തെ ധന്യമാക്കിയെന്ന് പറയാം. ജീവിതത്തെ വ്യത്യസ്ത വീക്ഷണകോണുകളിലൂടെ കാണാൻ ഇതെല്ലാം എന്നെ സഹായിച്ചിട്ടുണ്ട്. ആശ്ചര്യപ്പെടുത്തുന്ന കാഴ്ചപ്പാടുകൾ ഇനിയുമിനിയും കണ്ടെത്താൻ സഹായിക്കുന്നുമുണ്ട്.
ഫിസിക്സ് പഠിച്ചു, ഫിലോസഫി, ഫിലിം... ഇവ എങ്ങനെയാണ് താങ്കളുടെ ജീവിതത്തെ രൂപപ്പെടുത്തിയെടുത്തത്?
ഞാൻ ഇന്നും ഫിസിക്സുമായി ഗാഢപ്രണയത്തിലാണ്. പക്ഷേ, ഫിസിക്സ് ഒരിക്കലും എനിക്ക് ആ സ്നേഹം തിരികെ തന്നില്ല (ചിരിക്കുന്നു). ഞാനൊരു ശരാശരി വിദ്യാർഥി ആണെന്നും അതിനപ്പുറത്തേക്ക് വളരാൻ ഒരു സാധ്യതയുമില്ലെന്നും തിരിച്ചറിഞ്ഞതിനാലാണ് നാല് വർഷംകൊണ്ട് ഫിസിക്സിനോട് വിടപറയുന്നത്. ഫിലോസഫി ജീവിതത്തിലെ ഒരു പരിവർത്തന മാർഗമായിരുന്നു. തീർച്ചയായും, അത് ഫലപ്രദവുമായിരുന്നു. കമ്യൂണിസ്റ്റ് രാജ്യത്തിലാണ് ക്രാകൗവിലെ ജാഗ്യലോനിയൻ യൂനിവേഴ്സിറ്റിയിൽ ഞാൻ ഫിലോസഫി പഠിച്ചത്. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴിലായിട്ടും, 1956ലെ പ്രക്ഷോഭങ്ങൾക്കുശേഷവും വിമോചന സമരകാലത്തിനുശേഷംപോലും, ഫിലോസഫിയിൽ ഞങ്ങൾക്ക് മാർക്സിസ്റ്റ് സ്വാധീനമില്ലാത്ത ഒരു പാഠ്യപദ്ധതി ഉണ്ടായിരുന്നു. വളരെ പ്രചോദിപ്പിച്ചെങ്കിലും ഇതല്ല എന്റെ മാർഗമെന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു.
അതിനിടയിൽ ഞാൻ സിനിമകളെടുക്കുകയും ചില ഫെസ്റ്റിവലുകളിൽ സമ്മാനിതനാകുകയും ചെയ്തിരുന്നു. അങ്ങനെയാണ് പൊളൻസ്കിയൊക്കെ പഠിച്ച വുച്ചിലെ ഫിലിം അക്കാദമിയിൽ ചേരുന്നത്. മൂന്ന് വർഷം കഴിഞ്ഞ് അവിടെനിന്ന് പുറത്താക്കി. അത് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു അനുഭവമായിരുന്നു. കാരണം, കരിയർ എത്രത്തോളം ദുർബലമാണെന്നും തീരുമാനങ്ങൾ എത്രത്തോളം അസ്ഥിരമാണെന്നും തിരിച്ചറിയാൻ അത് സഹായിച്ചു. തുടക്കത്തിൽ നല്ല ഭാവിയുള്ള വിദ്യാർഥിയായി കണക്കാക്കപ്പെട്ട ഞാൻ, മൂന്ന് വർഷം കഴിഞ്ഞപ്പോൾ അങ്ങനെയല്ലാതായി മാറി. എങ്കിലും അക്കാദമി എനിക്ക് പുനഃപ്രവേശനം നൽകുകയും ഞാൻ ബിരുദം നേടുകയുമായിരുന്നു. അന്നുമുതൽ ഞാൻ തിരിച്ചറിഞ്ഞൊരു കാര്യമുണ്ട്. എത്രയൊക്കെ അംഗീകാരങ്ങൾ നേടിയാലും ഒരു വിമർശകനാൽ ഞാൻ തളർത്തപ്പെട്ടേക്കാം. നമ്മുടെ സ്ഥാനമാനങ്ങളും നേട്ടങ്ങളും ശാശ്വതവുമല്ല.
ദാർശനികപരമായ ചോദ്യങ്ങളും അസ്തിത്വപരമായ ചോദ്യങ്ങളും ഉന്നയിക്കുന്ന സിനിമകളുടെ സ്രഷ്ടാവാണ്. സിനിമ നിർമിക്കുന്നതിനോ ചലച്ചിത്രാനുഭവങ്ങൾ ആർജിക്കുന്നതിനോ ഫിലോസഫി അനിവാര്യമാണോ?
അതെ. കാരണം നമ്മൾ വ്യക്തിപരമായി കടന്നുപോയിട്ടില്ലാത്ത ഒരു അനുഭവമാണ് ആഖ്യാനകല നമുക്ക് സമ്മാനിക്കുന്നത്. മുൻ തലമുറകളിൽനിന്നുള്ള അനുഭവങ്ങൾ ശേഖരിച്ച് അത് ശ്രദ്ധേയവും വിശാലവുമാക്കാൻ ഇന്നുള്ള ജീവജാലങ്ങളിൽ മനുഷ്യന് മാത്രമേ കഴിയൂ. എനിക്ക് എട്ട് നായകൾ ഉണ്ട്. അവർക്കൊന്നും അവരുടെ മുൻ തലമുറയുടെ കഥകൾ അറിയില്ലല്ലോ. മൃഗങ്ങൾക്ക് അവരുടെ അപ്പൂപ്പൻമാരുടെയോ അമ്മൂമ്മമാരുടെയോ കഥകൾ പറയാൻ കഴിയില്ല. അത് മനുഷ്യർക്കേ സാധിക്കുകയുള്ളൂ. എനിക്ക് എന്റെ മുത്തച്ഛന്റെ കഥ മാത്രമല്ല, അദ്ദേഹത്തിനും മുമ്പുള്ള ജൂലിയസ് സീസറിന്റെയും മോസസിന്റെയും ഞാൻ ജനിക്കുന്നതിന് മുമ്പ് ജീവിച്ചിരുന്ന മറ്റനേകം മഹത്തായ മനുഷ്യരുടെയും ജീവിതം അറിയാം. ആഖ്യാനകല ജീവിതത്തെ കുറിച്ചുള്ള അനുഭവങ്ങളും അതിൽനിന്നുള്ള പ്രതിഫലനങ്ങളും ചേർത്തുവെക്കലാണ്.
അതുകൊണ്ട് തന്നെ വിലപ്പെട്ടതുമാണ്. നോവലിലും നാടകത്തിലും ഇന്നിന്റെ ആഖ്യാനകലയായ സിനിമയിലും ടി.വി ഷോയിലുമെല്ലാം ഇത് ബാധകമാണ്. അതിൽ ദാർശനികപരവും അസ്തിത്വപരവുമായ ചോദ്യങ്ങൾ തീർച്ചയായും ഉണ്ടാകണം. അവലോകനങ്ങളും നിരൂപണങ്ങളുമെല്ലാം സ്ക്രീനിൽ കാണുന്നതിനെ, പൊതുവായി എല്ലാവരും കാണുന്നതിനെ, മാത്രമേ അപഗ്രഥിക്കുന്നുള്ളൂ. ആ കാഴ്ച ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് പറയാതെ പറയുന്നത് അതിലടങ്ങിയ ഫിലോസഫിയാണ്.
സിനിമയുടെ മാത്രമല്ല ഏത് കലാരൂപം എടുത്താലും, ആസ്വദിച്ച് കഴിഞ്ഞ ശേഷം പ്രേക്ഷകന്റെ അല്ലെങ്കിൽ ആസ്വാദകന്റെ ഉള്ളിലെ മനുഷ്യത്വത്തെ ഏതെങ്കിലും തരത്തിൽ ഉയർത്താൻ സാധിച്ചുവെങ്കിലേ, അത് വിജയിച്ചു എന്ന് പറയാൻ കഴിയൂ. അതിന് സഹായിക്കുന്നത് ആ കലയിൽ ഉൾക്കൊണ്ടിരിക്കുന്ന ഫിലോസഫിയാണ്.
അതിൽ രാഷ്ട്രീയവും കടന്നുവരാറില്ലേ?
അങ്ങനെ സംഭവിക്കുന്നത് നീതീകരിക്കാനാകില്ല. അതിന് പരിശ്രമിക്കുന്നത് ക്രിയാത്മകതയോടുള്ള ദ്രോഹമാണ്. രാഷ്ട്രീയപക്ഷം ചേർന്നുള്ള സിനിമകൾ യാഥാർഥ്യങ്ങളെ മറച്ചുപിടിച്ചിട്ടേയുള്ളൂ. കലയെ കലയായി മാത്രം വേണം സമീപിക്കാൻ. ക്ലാസിക് സാഹിത്യ രചനകൾ നോക്കൂ. ആ എഴുത്തുകളിലൊന്നും രാഷ്ട്രീയം കാണാൻ കഴിയില്ല. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ആദർശങ്ങളെ വളച്ചൊടിക്കുന്നത് തെറ്റാണ്. മൂല്യങ്ങളുടെ ഒരു അളവുകോലും അംഗീകരിക്കാൻ നിങ്ങൾ തയാറല്ലെങ്കിൽ, അതിന്റെ അനന്തരഫലങ്ങൾ സ്വീകരിക്കാനും തയാറായേ മതിയാകൂ.
ഒരു സിനിമ സൃഷ്ടിക്കുമ്പോൾ അത് പ്രേക്ഷകനിൽ എന്ത് സ്വാധീനം ചെലുത്തണമെന്നാണ് താങ്കൾ ആഗ്രഹിക്കുന്നത്?
എന്റെ സിനിമാ ജീവിതത്തിന്റെ ഒരു ഘട്ടം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അനായാസം സിനിമകൾ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സുരക്ഷിത സാഹചര്യത്തിൽനിന്നുകൊണ്ട് സിനിമയെടുക്കാൻ കഴിയുന്ന ഇന്ത്യയിൽ, ഇപ്പോൾ ചില വെല്ലുവിളികൾ ഉണ്ടെങ്കിൽപോലും, ആ അവസ്ഥ പൂർണമായും മനസ്സിലാകണമെന്നില്ല. ജീവിതം ഒരു വെല്ലുവിളി ആണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോൾ, അതായത് ഒരാളുടെ പിഴവ് കൊണ്ടോ അതുമൂലമുണ്ടായ സാഹചര്യംകൊണ്ടോ ജീവിതം കൈവിട്ടുപോയേക്കാം എന്നത് മനസ്സിലായപ്പോൾ, സിനിമ സൃഷ്ടിക്കാൻ എനിക്ക് പ്രചോദനമായത് പ്രേക്ഷകർക്ക് അൽപം പ്രതീക്ഷയും ചില മുന്നറിയിപ്പുകളും നൽകണമെന്ന ചിന്തയാണ്.
കാരണം, മറ്റുള്ളവർ ചെയ്ത ചില പിഴവുകളെ കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകുകയും ആ പിഴവുകൾ ഒഴിവാക്കണമെന്ന സന്ദേശം നൽകുകയും വേണമായിരുന്നു. അതാണ് സിനിമകളിലൂടെ ഞാൻ ചെയ്തത്.
എങ്ങനെയാണ് കമ്യൂണിസ്റ്റ് ഭരണകാലത്തെ സെൻസർഷിപ്പിനെ അതിജീവിച്ചത്?
കമ്യൂണിസം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയാതെയുള്ള ഇടപെടലുകൾ ആയിരുന്നു സെൻസർമാരുടേത്. കണ്ണുമടച്ചുള്ള മുറിച്ചുമാറ്റലുകളാണ് അവർ ആവശ്യപ്പെട്ടിരുന്നത്. തുടക്കത്തിൽ പലപ്പോഴും അത് വലിയ വെല്ലുവിളിയാണ് നൽകിയത്. പലതും മാറ്റി ചിത്രീകരിക്കാനൊന്നും കഴിയുമായിരുന്നില്ല. ഒരു രംഗം അല്ലെങ്കിൽ സംഭാഷണം മുറിച്ചുമാറ്റപ്പെട്ടാലും സിനിമയുടെ മൊത്തം ആശയത്തെ അത് ബാധിക്കാത്ത രീതിയിലുള്ള ട്രീറ്റ്മെന്റ് സ്വീകരിച്ചാണ് പിന്നീട് ഈ വെല്ലുവിളികളെ മറികടന്നത്. ചിലപ്പോഴൊക്കെ സൗഹൃദംകൊണ്ട് സിനിമയുടെ ഉള്ളടക്കത്തെ ബാധിക്കാത്ത ഫ്രെയിമുകൾ മാത്രം മനഃപൂർവം മുറിച്ചുമാറ്റിയ സെൻസർമാരുമുണ്ട്.
പിന്നീട് ചോദിക്കാനിരുന്നതാണ്. കമ്യൂണിസം പരാമർശിക്കപ്പെട്ടതുകൊണ്ട് ചോദിക്കട്ടെ. പിഴവുകൾ നിറഞ്ഞ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ഉള്ള ഉത്തരം ഒരിക്കലും മുതലാളിത്തം അല്ല, മറിച്ച് സോഷ്യലിസത്തിന്റെ മെച്ചപ്പെട്ട ഒരു വ്യവസ്ഥയാണെന്ന പാഠമാണോ പോളണ്ട് ലോകത്തിന് നൽകുന്നത്?
പോളണ്ടിനെ സംബന്ധിച്ച് കമ്യൂണിസം ഒരു പഴങ്കഥയാണ്. ആ സംവിധാനത്തിൽനിന്ന് 1989ൽ ഞങ്ങൾ മോചിതരായതാണ്. നോക്കൂ, അതിനുശേഷം കാലമെത്ര കഴിഞ്ഞു? ആർക്കും അതിനെ കുറിച്ചു ഗൃഹാതുര സ്മരണകളില്ല. ആ കാലം തിരികെ വരണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ഒരു പാർട്ടിയും ആ ആശയങ്ങൾ പിന്തുടരാൻ തയാറാകുന്നില്ല. പോളണ്ടിൽ ഇടതു രാഷ്ട്രീയം ഉണ്ട്. പക്ഷേ, കമ്യൂണിസ്റ്റ് പാർട്ടി ഇല്ല. കമ്യൂണിസ്റ്റ് ഭരണകൂടം പോളണ്ടിന് നൽകിയ വാഗ്ദാനങ്ങൾ മഹത്തരമായിരുന്നു. പക്ഷേ, അവ വാഗ്ദാനങ്ങളായി മാത്രം അവശേഷിച്ചു. പല തലങ്ങളിലും പരാജയപ്പെട്ടതുകൊണ്ടാണ് പോളണ്ടിൽ കമ്യൂണിസം തുടച്ചുനീക്കപ്പെട്ടത്. സാമൂഹികനീതി ഉണ്ടായിരുന്നില്ല. അത് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു, നടപ്പാക്കപ്പെട്ടില്ല.
അന്നത്തെ ഭരണസംവിധാനത്തിൻ കീഴിൽ ഉദ്യോഗസ്ഥരായിരുന്നു ജേതാക്കൾ. ആ സംവിധാനംകൊണ്ട് ആകെ ഗുണമുണ്ടായത് ബ്യൂറോക്രസിക്കാണ്. തൊഴിലാളികൾക്കല്ല. പല മേഖലകളിലും ഏകപക്ഷീയമായിരുന്നതുകൊണ്ടാണ് കമ്യൂണിസം പോളണ്ടിൽ അപ്രത്യക്ഷമായത്, അപ്രസക്തമായത്. യാഥാർഥ്യത്തിൽനിന്ന് വളരെ അകലെയായിരുന്നു അവരുടെ കാഴ്ചപ്പാടുകൾ.
പല രാജ്യങ്ങളിലെയും വികസനത്തെ പിന്നോട്ടടിച്ചത് കമ്യൂണിസമാണ്. ക്യൂബയും ഉത്തര കൊറിയയുമൊക്കെ പല പാഠങ്ങളും ലോകത്തിന് നൽകിയിട്ടുണ്ട്. പോളണ്ടിൽ കമ്യൂണിസത്തിന്റെ ചരിത്രപരമായ ഏക പ്രാധാന്യവും സ്വാധീനവും കമ്യൂണിസ്റ്റുകൾ കാപിറ്റലിസ്റ്റുകളെ കൂടുതൽ മനുഷ്യത്വമുള്ളവരാക്കി മാറ്റിയെന്നത് മാത്രമാണ്.
പോളണ്ടിലെ കമ്യൂണിസ്റ്റ് വാഴ്ചയുടെ പതനം കേരളത്തിൽ സജീവ ചർച്ചാവിഷയമായിരുന്നു. താങ്കളുടെ പല കമ്യൂണിസ്റ്റ് വിരുദ്ധ പ്രസ്താവനകളും ഇവിടെ നിശിതമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കമ്യൂണിസ്റ്റ് സർക്കാറാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുന്നത്. ഈ തീരുമാനത്തിന് പലയിടങ്ങളിൽനിന്നും എതിർപ്പുകളുമുയർന്നു. ഇതിനെയൊക്കെ എങ്ങനെ വിലയിരുത്തുന്നു?
നോക്കൂ... ഞാൻ അനുഭവിച്ച, എന്റെ രാജ്യത്തെ ജനങ്ങൾ അനുഭവിച്ച കമ്യൂണിസത്തെയാണ് ഞാൻ വിമർശിച്ചത്. കമ്യൂണിസത്തിന് ‘ഇര’യായ ഒരു രാജ്യത്തിരുന്നാണ് ഞാൻ സംസാരിച്ചത്. മറ്റൊരു സാഹചര്യത്തിലിരുന്ന് അതിനെ എതിർക്കാൻ എളുപ്പമാണ്. ദീർഘകാലം ഭരിച്ച കമ്യൂണിസ്റ്റ് സർക്കാറിനെ തുടച്ചുമാറ്റിയതിന്റെ ഉദാഹരണങ്ങൾ ഇന്ത്യയിലുമില്ലേ?
ചലച്ചിത്ര മേഖലയിലെ ആജീവനാന്ത മികവിന് ഒരാളെ ആദരിക്കുമ്പോൾ അയാൾ സിനിമക്ക് നൽകിയ സംഭാവനകൾ അല്ലേ പരിഗണിക്കേണ്ടത്? അയാളുടെ രാഷ്ട്രീയ നിലപാടുകളെ അല്ലല്ലോ. അത്തരം രാഷ്ട്രീയ വിയോജിപ്പുകൾ ഒക്കെ മാറ്റിവെച്ച് ഞാൻ ഈ അംഗീകാരത്തിന് അർഹനാണെന്ന് പ്രഖ്യാപിച്ചത് കേരളത്തിലേത് സഹിഷ്ണുതയുള്ള ഒരു സർക്കാർ ആണെന്നതിന്റെ തെളിവാണ്. ഈ സർക്കാർ കലാകാരന്റെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നുണ്ട്. അതിനെ ഞാൻ ബഹുമാനിക്കുന്നു.
1998ലെ ഐ.എഫ്.എഫ്.കെയിൽ മുഖ്യാതിഥിയായി വന്നപ്പോൾ മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ള ഓപൺ ഫോറത്തിൽ വെച്ച് താങ്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളെ നിശിതമായി വിമർശിച്ചിരുന്നു. കാൽനൂറ്റാണ്ടിന് ശേഷം വീണ്ടുമൊരു ഐ.എഫ്.എഫ്.കെ കാലം. അന്നത്തെ സംഭവങ്ങളെ എങ്ങനെ ഓർക്കുന്നു?
വളരെ നിർഭാഗ്യകരവും അസ്വസ്ഥപ്പെടുത്തുന്നതുമായിരുന്നു അന്നത്തെ സംവാദം. വസ്തുതകളോട് ഞങ്ങൾ രണ്ടാളും വിയോജിച്ചതിനാലാണ് അത് നിർഭാഗ്യകരമായ സംവാദമായത്. വസ്തുതകൾ രണ്ട് പക്ഷങ്ങളും അംഗീകരിക്കണമായിരുന്നു. അതുണ്ടാകാഞ്ഞതിനാലാണ് ആ സംവാദം എന്നെയും അദ്ദേഹത്തെയും (പി.ജി) അസ്വസ്ഥപ്പെടുത്തിയത്.
സ്റ്റാലിനിസ്റ്റ് ഭരണസംവിധാനത്തെ തൊഴിലാളികളുടെ തന്നെ ഒരു മുന്നേറ്റം (ലെ വെലേസയുടെ സോളിഡാരിറ്റി മൂവ്മെന്റ്) മാറ്റിയ ഒരു രാജ്യത്തിന്റെ സാഹചര്യവും അനുഭവങ്ങളുമാണ് ഞാൻ വിശദീകരിച്ചത്. അത് അദ്ദേഹം മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ ചെയ്തില്ല. എന്റെ അനുഭവങ്ങൾ മനസ്സിലാക്കാൻ അദ്ദേഹം ശ്രമിച്ചില്ല. അതുകൊണ്ടാണ് മാർക്സിസത്തെ കുറിച്ചുള്ള പഠനക്ലാസ് ഒരു കേരള മാർക്സിസ്റ്റിൽനിന്ന് വേണ്ട എന്ന് എനിക്ക് പറയേണ്ടിവന്നത്. ചരിത്രം നമ്മോട് പറയും ഞങ്ങളിൽ ആരായിരുന്നു ശരി എന്ന്.
മാർക്സിസം ജനാധിപത്യരീതിയിൽ ഭരണത്തിൽ വരുമ്പോഴും ജനങ്ങളിൽ അടിച്ചേൽപ്പിക്കുമ്പോഴുമുള്ള വ്യത്യാസം അനുഭവപ്പെടാത്തതിനാലാണ് എന്റെ നിലപാടുകളെ കേരളത്തിലെ കമ്യൂണിസ്റ്റുകൾ വിമർശിക്കുന്നത്. ഞങ്ങളുടെ കാര്യമെടുത്താൽ, കമ്യൂണിസ്റ്റ് ഭരണമെന്നത് ജനങ്ങളുടെ തീരുമാനമായിരുന്നില്ല. സോവിയറ്റ് സേന അടിച്ചേൽപ്പിച്ച ഒന്നായിരുന്നു. അതിന്റെ ഫലമാണ് അവിടെ കണ്ടത്. മാർക്സിയൻ ആദർശങ്ങളെ എതിർക്കുമ്പോൾതന്നെ, പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ മനുഷ്യ സമൂഹത്തിന് അത് നൽകിയ സംഭാവനകളെ ഞാൻ നിഷേധിക്കുന്നില്ല.
ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കിടയിൽ വിവിധ രാജ്യങ്ങളിൽ ഉയർന്നുവന്ന തൊഴിലാളി മുന്നേറ്റങ്ങൾക്ക് മാർക്സിസം പ്രചോദനമായെന്ന വസ്തുത ഞാൻ കാണാതിരിക്കുന്നില്ല. ഈ ആശയത്തെ പിന്തുണക്കാതിരിക്കുമ്പോൾതന്നെ, പൂർണാധികാരത്തിൽ ഇല്ലാതിരിക്കുമ്പോഴും പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും അത് ഉയർത്തുന്ന ചില മൂല്യങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് ആവില്ല.
ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, സിനിമാപ്രേമികൾ വളരെ ഗൗരവത്തോടെയാണ് പോളണ്ടിലെ സിനിമകളെ വീക്ഷിക്കുന്നതും വിലയിരുത്തുന്നതും. ഇന്ത്യൻ സിനിമകളെ കുറിച്ച് പോളണ്ടിൽ അത്തരം ഗൗരവമായ വിലയിരുത്തലുണ്ടോ?
30ലേറെ തവണ ഞാൻ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ഓരോ വരവിലും എന്റെ സിനിമകളെ കുറിച്ച് മാത്രമല്ല, പോളിഷ് സിനിമകളിൽ വരുന്ന മാറ്റത്തെ കുറിച്ചുമൊക്കെ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്നത് എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. അതിൽതന്നെ കേരളത്തിലെ പ്രേക്ഷകരാണ് മുന്നിൽ നിൽക്കുന്നത്.
ഇവിടെ തന്നെ ‘ഇൻ കോൺവർസേഷൻ’, ‘മാസ്റ്റർ ക്ലാസ്’ സെഷനുകളിൽ എന്റെ സിനിമകളെയും പോളിഷ് സിനിമകളെയും കുറിച്ചുള്ള ചിലരുടെ വിലയിരുത്തലുകൾ എന്നെ അത്ഭുതപ്പെടുത്തി. എന്റെ ദീർഘകാല ഛായാഗ്രാഹകന്മാരായിരുന്ന എഡ്വേഡ് ക്ലോസിൻസ്കിയും സ്ലവോമിർ ഇഡ്സിയാകും മാറിമാറി കാമറ ചെയ്യുമ്പോൾ എന്റെ സിനിമകളിലുണ്ടാകുന്ന ദൃശ്യപരമായ മാറ്റങ്ങളെ കുറിച്ചുവരെ പലരും സംസാരിച്ചു. എന്റെ എല്ലാ സിനിമകൾക്കും സംഗീതം നൽകിയിട്ടുള്ള കമ്പോസർ വോയ്ചെക് കിലാർ ഒക്കെ ഇവിടെയുള്ളവർക്ക് സുപരിചിതമാണ്.
ഇന്ത്യയിലെ ഫിലിം സൊസൈറ്റികളുടെ മുന്നേറ്റമാണ് ലോക സിനിമകൾക്ക് ഇത്രയും സ്വീകാര്യത നൽകിയത്. എല്ലാ സംസ്ഥാനങ്ങളിലെയും കാമ്പസുകളിൽ ലോക സിനിമകൾ പ്രദർശിപ്പിക്കപ്പെടുന്നു, ചർച്ച ചെയ്യപ്പെടുന്നു. പോളണ്ടിൽ ഇന്ത്യൻ സിനിമയെ കുറിച്ച് ഇത്തരം ഗൗരവമായ വിലയിരുത്തലുകൾ ഇല്ലെന്നുതന്നെ പറയാം.
പോളണ്ടിലെ നവതരംഗ സിനിമകളെ കുറിച്ച് പറയാമോ? കമ്യൂണിസ്റ്റ് യുഗത്തിനുശേഷം പോളിഷ് സിനിമയുടെ പ്രതാപം മങ്ങിയെന്ന വാദത്തോട് എങ്ങനെ പ്രതികരിക്കുന്നു?
ആ വാദം പൂർണമായും തെറ്റാണ്. അന്ദ്ജെ വയ്ദയുടെയൊക്കെ മികച്ച സിനിമകൾ അതിനുശേഷമാണ് വന്നത്. കഴിഞ്ഞ 25 വർഷത്തെ കാര്യമെടുത്താൽ നിരവധി മികച്ച സിനിമകൾ പോളണ്ടിൽനിന്ന് ഉണ്ടായിട്ടുണ്ട്. പവേൽ പൗളികോവിസ്കി സംവിധാനംചെയ്ത ‘ഇഡ’ 2015ലെ മികച്ച വിദേശഭാഷ സിനിമക്കുള്ള ഓസ്കർ നേടിയിരുന്നു. ഈ ബഹുമതി നേടുന്ന ആദ്യ പോളിഷ് ചിത്രമാണിത്. അതേസമയം, കഴിഞ്ഞ നാഷനൽ കൺസർവേറ്റിവ് പാർട്ടിയുടെ സർക്കാർ പിന്തുണയോടെ ഇറങ്ങിയ പല ദേശസ്നേഹ സിനിമകളും കാര്യമായ ചലനം ഉണ്ടാക്കിയില്ല. സിനിമയെ പ്രചാരണ ആയുധമാക്കി ഉപയോഗിക്കുന്നത് വിജയിക്കില്ല എന്നതിന്റെ ഉദാഹരണമാണ് എട്ടുവർഷത്തെ പ്രക്ഷുബ്ധ ഭരണത്തിനുശേഷമുള്ള ആ സർക്കാറിന്റെ പതനം. അടുത്തിടെ പല ചരിത്ര സിനിമകളും ഇറങ്ങിയെങ്കിലും ഒന്നും മികച്ചതായി തോന്നിയില്ല.
താങ്കളുടെ ‘ഔവർ ഗോസ്‍സ് ബ്രദർ’ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ (അന്ന് കരോൾ ജോസഫ് വൊറ്റേവ) നോവലിന്റെ ചലച്ചിത്രരൂപമാണ്. തിരക്കഥാകൃത്തുക്കളിലൊരാളും അദ്ദേഹമായിരുന്നു. അദ്ദേഹവുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കാമോ?
ബിഷപ് ആയിരിക്കുമ്പോൾതന്നെ അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്. മറ്റുള്ളവരെ കേൾക്കാനും അവരോട് മര്യാദയായി പെരുമാറാനും ഞാൻ പഠിച്ചത് അദ്ദേഹത്തിൽനിന്നാണ്. സഹജീവികളുടെ ക്ഷേമത്തിൽ അദ്ദേഹം കാണിച്ചിരുന്ന താൽപര്യം ഞാൻ മറ്റൊരാളിലും കണ്ടിട്ടില്ല. ഒരു സുഹൃത്തിന്റെ വീട്ടിലിരുന്ന് പരീക്ഷക്കായി തയാറെടുക്കുന്നതിനിടെയാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഒരുദിവസം സുഹൃത്തിന്റെ മാതാപിതാക്കൾ വന്ന് പറഞ്ഞു –‘‘ഇന്ന് അത്താഴത്തിന് ഒരു യുവ ബിഷപ് അതിഥിയായുണ്ട്’’. അത് അദ്ദേഹമായിരുന്നു. എന്നെക്കാൾ അൽപം മാത്രം മുതിർന്നയാൾ. ആദ്യ കാഴ്ചയിൽതന്നെ അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ ആശ്ചര്യപ്പെടുത്തി.
ഞാൻ പറയുന്നതെല്ലാം അദ്ദേഹം വളരെ താൽപര്യത്തോടെ കേട്ടു. അന്ന് ഒന്നുമായിട്ടില്ലാത്ത എന്നോട് ചോദ്യങ്ങൾ ചോദിച്ചു. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു –‘‘ഇതാണ് മനുഷ്യരെല്ലാം പഠിക്കേണ്ടത്. എല്ലാവരെയും കേൾക്കുക. അവർ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കുക. അവർക്ക് വിഷമതകളുണ്ടെങ്കിൽ സഹായിക്കുക.’’ അദ്ദേഹം മാർപാപ്പ ആയപ്പോൾ ഓഡിയോ വിഷ്വൽ കൾചർ ഉപദേഷ്ടാവായിരുന്നു ഞാൻ. ‘ഫ്രം എ ഫാർ കൺട്രി –പോപ് ജോൺ പോൾ II’ എന്ന സിനിമ സാക്ഷാത്കരിക്കാനും എനിക്ക് കഴിഞ്ഞു.
ക്രിസ്റ്റോഫ് കേസ്ലോവിസ്കിയുമായുള്ള താങ്കളുടെ സൗഹൃദവും പ്രശസ്തമാണ്. അദ്ദേഹത്തിന്റെ ‘കാമറ ബഫ്’ എന്ന സിനിമയിൽ മുഖ്യ കഥാപാത്രവുമായിരുന്നു?
വളരെ വൈകി അംഗീകരിക്കപ്പെട്ട ഒരു ചലച്ചിത്രപ്രവർത്തകനാണ് കേസ്ലോവിസ്കി. ഒന്നാംനിര സംവിധായകനായി അംഗീകരിക്കപ്പെടാതെ വർഷങ്ങളോളം ഏകാന്തവാസം നയിച്ചിരുന്ന കേസ്ലോവിസ്കിയെ എനിക്ക് അറിയാം. പല ഫെസ്റ്റിവലുകളിലും അദ്ദേഹത്തിന്റെ സിനിമ നിരസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സിനിമകൾ അയക്കരുതെന്ന് നിർമാതാവ് എന്ന നിലയിൽ എന്നെ പല ഫെസ്റ്റിവൽ അധികൃതരും അറിയിച്ചിട്ടുണ്ട്. പക്ഷേ, അവരെല്ലാം അദ്ദേഹത്തെ ഒരിക്കൽ അംഗീകരിക്കുന്ന കാലം വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അക്കാലത്തൊക്കെ ഞാൻ കേസ്ലോവിസ്കിയെക്കാൾ പ്രശസ്തനാണ്. പക്ഷേ, അത് മാറിമറയാൻ അധികകാലം വേണ്ടിവന്നില്ല. തികച്ചും യാദൃച്ഛികമായിട്ടായിരുന്നു അത്.
കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിലെ ഒരു സിനിമ ലഭിക്കാതെ പോയതുകൊണ്ട് അവർ കേസ്ലോവിസ്കിയുടെ ‘എ ഷോർട്ട് ഫിലിം എബൗട്ട് കില്ലിങ്’ ഉൾപ്പെടുത്തുകയായിരുന്നു. പക്ഷേ, അത് അവാർഡ് നേടിയത് എല്ലാവരെയും വിസ്മയിപ്പിച്ചു. ആ അംഗീകാരത്തിന്റെ പേരിലുള്ള പുകഴ്ത്തലുകൾ പക്ഷേ, അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. നല്ലൊരു സൈക്കോളജിസ്റ്റ് ആയിരുന്നതുകൊണ്ട് അത്തരം കെട്ടുകാഴ്ചകളെല്ലാം വേഗം തിരിച്ചറിഞ്ഞിരുന്നു.
എല്ലാവരും സിനിമ ദൃശ്യകലയാണെന്ന് പറയുമ്പോൾ താങ്കൾ അതിനെ എഴുത്തിന്റെ കലയാണെന്നാണ് വിശേഷിപ്പിക്കുന്നത്. അതെന്തുകൊണ്ടാണ്?
സിനിമ സാഹിത്യത്തിൽനിന്ന് പിറവിയെടുത്ത കലയാണെന്ന് നിസ്സംശയം പറയാം. ഞാൻ നിരവധി സാഹിത്യരചനകൾ സിനിമയാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾക്ക് ഉള്ളത്ര പ്രാധാന്യം സിനിമയിൽ അക്ഷരങ്ങൾക്കുമുണ്ട്. അതായത്, സിനിമ ഇമേജുകളുടെ കല മാത്രമല്ല. അത് അക്ഷരങ്ങളുടെയും സാഹിത്യത്തിന്റെയും കലകൂടിയാണ്. ദൃശ്യ-ശ്രാവ്യ കലയായ സിനിമയോ ടി.വി പരിപാടികളോ എടുത്തുനോക്കൂ. 70 ശതമാനം സമയവും അതിലെ കഥാപാത്രങ്ങൾ സംസാരിക്കുകയായിരിക്കും.
ആ ഡയലോഗുകൾ ഒക്കെ എഴുതപ്പെടുന്നവയാണ്. എഴുത്താണ് അതിന്റെയൊക്കെ അടിസ്ഥാനം. മനോഹരമായി എഴുതപ്പെട്ട ഒരു സൃഷ്ടിയെ ദൃശ്യവത്കരിക്കുകയാണ് സിനിമ ചെയ്യുന്നത്. എഴുത്ത് മനോഹരമല്ലെങ്കിൽ അത് സിനിമയെയും ബാധിക്കും.
സിനിമയിലൂടെ നിരവധി ദാർശനിക കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മതം, ദൈവം എന്നിവയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്താണ്?
ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ച് ചോദിച്ചാൽ ദൈവമുണ്ടോ എന്ന് അറിയില്ല എന്നായിരിക്കും എന്റെ ഉത്തരം. എന്നാൽ, ആ രീതിയിലുള്ള എന്തോ ഒന്ന്, ആരോ ഒന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതെനിക്ക് തെളിയിക്കാനാവില്ല. ഒരു മതവും പൂർണമല്ല. എന്നാൽ, എല്ലാ മതങ്ങളിലും ദൈവികതയുടെ ഒരു സ്പർശമുണ്ടെന്ന് തോന്നാറുണ്ട്. എല്ലാ മതങ്ങളും ഒരു പരിധിവരെ അവരുടെ ആദർശങ്ങൾ മലിനപ്പെടുത്താറുണ്ട്.
മനുഷ്യരാകട്ടെ, പവിത്രത കളങ്കപ്പെടുത്താൻ കഴിയുന്നവരുമാണ്. കാലാന്തരത്തിൽ ചില മതങ്ങൾ മൃതിയടയും. മതങ്ങളിൽ ദൈവികത ഉള്ള കാലത്തോളം അവ അതിജീവിക്കുമെന്നാണ് ഞാൻ കരുതുന്നത്.
അടുത്തതായി താങ്കളുടെ ക്രിയാത്മക/ദാർശനിക ലബോറട്ടറിയിൽനിന്ന് എന്താണ് ലോകത്തിന് പ്രതീക്ഷിക്കാൻ കഴിയുക?
ജീവിതാദർശങ്ങളും ദാർശനികതയുമൊക്കെ സ്വയം നടപ്പാക്കിയതിനു ശേഷമേ അതിനെ കുറിച്ച് സംസാരിക്കാവൂ എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് വളരെ സമയമെടുത്ത് ആലോചിച്ചാണ് പുതിയ പ്രോജക്ടുകൾക്ക് രൂപം നൽകുന്നത്. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കഥ പറച്ചിൽ. നാടകീയ രീതിയിൽ പറയാനായി കഥകൾ ശേഖരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതീവ രസകരങ്ങളായ സംഭവങ്ങളും നാടകീയതയും ഉദ്വേഗങ്ങളുമുള്ള കഥ തിരഞ്ഞെടുക്കണം. ഒരു കെട്ടിടത്തിൽനിന്ന് ഒരാൾ ചാടാൻ ഉറച്ചു തീരുമാനിച്ചാൽ അതിൽ കഥയില്ല.
അയാൾ ചാടുകതന്നെ ചെയ്യും. എന്നാൽ, ചാടണോ വേണ്ടയോ എന്ന ആശയക്കുഴപ്പമുള്ളത് കഥയാണ്. മാറുന്ന കാലത്തെ ചുറ്റിപ്പറ്റി ആയിരിക്കും എന്റെ അടുത്ത സിനിമ. മനസ്സിലുള്ള പ്രമേയം കാലത്തെ കുറിച്ചുള്ളതാണ്. കാലത്തെക്കുറിച്ചുള്ള ബോധ്യം മാറിക്കൊണ്ടിരിക്കുന്നു. ഭാവി ഇതിനകംതന്നെ അറിഞ്ഞുകഴിഞ്ഞതായി ഫിസിക്സ് പറയുന്നു. കാലവും ജീവിതവും ഉൾക്കൊള്ളുന്ന നിഗൂഢതയുടെ അംശങ്ങൾ പേറുന്ന പ്രമേയമാണ് മനസ്സിലുള്ളത്.