‘ബഹുസ്വരത ഇല്ലെങ്കിൽ ഇന്ത്യ ഇല്ല’
കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണി ശങ്കർ അയ്യർ ഇന്ത്യയുടെ ഭാവിയെക്കുറിച്ചും ഇൻഡ്യ മുന്നണിയുടെ സാധ്യതകളെക്കുറിച്ചും മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീമുമായി സംസാരിക്കുന്നു. ബാബരി മസ്ജിദ് തകർക്കൽ, കോൺഗ്രസിന്റെ പരാജയങ്ങൾ, തിരിച്ചുവരവിന് സാധ്യത, കോൺഗ്രസിലെ നേതൃപ്രശ്നം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇൗ സംഭാഷണത്തിൽ കടന്നുവരുന്നു.രാജ്യത്ത് അന്യംനിന്നുപോകുന്ന രാഷ്ട്രീയജനുസ്സുകളിലാണ് മുതിർന്ന കോൺഗ്രസ് നേതാവായ മണിശങ്കർ അയ്യരുടെ ഇടം. അവിഭക്ത ഇന്ത്യയിൽ ലാഹോറിലായിരുന്നു ജനനം. ഡൂൺ സ്കൂളിലെയും ഡൽഹി സെന്റ്...
Your Subscription Supports Independent Journalism
View Plansകോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണി ശങ്കർ അയ്യർ ഇന്ത്യയുടെ ഭാവിയെക്കുറിച്ചും ഇൻഡ്യ മുന്നണിയുടെ സാധ്യതകളെക്കുറിച്ചും മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീമുമായി സംസാരിക്കുന്നു. ബാബരി മസ്ജിദ് തകർക്കൽ, കോൺഗ്രസിന്റെ പരാജയങ്ങൾ, തിരിച്ചുവരവിന് സാധ്യത, കോൺഗ്രസിലെ നേതൃപ്രശ്നം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇൗ സംഭാഷണത്തിൽ കടന്നുവരുന്നു.
രാജ്യത്ത് അന്യംനിന്നുപോകുന്ന രാഷ്ട്രീയജനുസ്സുകളിലാണ് മുതിർന്ന കോൺഗ്രസ് നേതാവായ മണിശങ്കർ അയ്യരുടെ ഇടം. അവിഭക്ത ഇന്ത്യയിൽ ലാഹോറിലായിരുന്നു ജനനം. ഡൂൺ സ്കൂളിലെയും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെയും ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിലെയും പഠനശേഷം ഇന്ത്യൻ ഫോറിൻ സർവിസിൽ വിദേശമന്ത്രാലയത്തിലായിരുന്നു കരിയറിന്റെ തുടക്കം. ഏഴു വർഷത്തെ സർവിസിനുശേഷം ഐ.എഫ്.എസ് വിട്ട് പുതിയ ലാവണം കണ്ടത് രാഷ്ട്രീയത്തിൽ. ദീർഘകാലം പാർലമെന്റ് അംഗമായി.
2004ൽ യു.പി.എ അധികാരത്തിൽ വന്നപ്പോൾ സാമ്പത്തികശാസ്ത്ര ബിരുദധാരികൂടിയായ അയ്യർക്ക് ഇത്തിരി കനമുള്ള സാമ്പത്തിക വകുപ്പ് നൽകണമെന്നായിരുന്നു ആ രംഗത്തെ വിദഗ്ധൻകൂടിയായ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ആഗ്രഹം. എന്നാൽ, മണി മനസ്സാ പഞ്ചായത്തിരാജും കൊണ്ടുനടപ്പാണെന്ന് പറഞ്ഞ് സോണിയ ഗാന്ധി തിരുത്തി. അങ്ങനെ ഗ്രാമവികസന വകുപ്പിൽനിന്ന് പഞ്ചായത്തിരാജ് എന്നൊരു പുതിയ വകുപ്പുകൂടി ഉണ്ടാക്കി. ‘മാക്സിമം ഡെമോക്രസി’ എന്ന തന്റെ സഹപാഠികൂടിയായിരുന്ന രാജീവ് ഗാന്ധിയുടെ ആഗ്രഹം നെഞ്ചേറ്റി അയ്യർ രാജ്യത്തെ ആദ്യ പഞ്ചായത്തിരാജ് മന്ത്രിയായി.
കേംബ്രിഡ്ജിൽ പഠിക്കുന്ന കാലത്ത് മാർക്സിസ്റ്റ് സൊസൈറ്റിയിൽ അംഗമായിരുന്ന അയ്യർ സോഷ്യലിസ്റ്റ് എന്നാണ് സ്വയം നൽകുന്ന വിശേഷണം. ജവഹർലാൽ നെഹ്റുവായിരുന്നു റോൾ മോഡൽ. അങ്ങനെ കോൺഗ്രസിൽ അടിയുറച്ചുനിന്നു എന്നും. പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരൻ കൃതഹസ്തനായ എഴുത്തുകാരൻകൂടിയാകുന്ന ഭാഗ്യയോഗവും മണിശങ്കർ അയ്യർക്കു സ്വന്തം. തന്റെയും കോൺഗ്രസിന്റെയും ചരിത്രം പറയുന്ന പുസ്തകപരമ്പരയിലെ മൂന്നാം കൃതിയുടെ പണിപ്പുരയിലാണ് അദ്ദേഹം.
‘മണിവാക്ക്’ (Mani Talk) എന്നാണ് സ്വന്തം കോളത്തിനു നൽകിയ പേരെങ്കിലും നിലപാടുകളിലും വാക്കുകളിലും കൃത്യതയും മൂർച്ചയുമാണ് മണിയുടെ സവിശേഷത. ഇന്ത്യ-അമേരിക്ക ആണവ കരാറിൽ, ഇറാനിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്ന വിഷയത്തിൽ തുടങ്ങി നരേന്ദ്ര മോദിയെ വിമർശിക്കുന്നതിൽവരെ ഈ തീക്ഷ്ണത ചിലപ്പോഴൊക്കെ പാർട്ടിക്കും വിനയായിട്ടുണ്ട്. എങ്കിലും, അവിടെയൊന്നും നേരിൽ നേർക്കുനേർ എന്ന സമീപനത്തിൽ ഒരു മാറ്റവും അയ്യർ വരുത്തിയിട്ടില്ല. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എന്നനിലയിൽ പാർട്ടിയും രാജ്യവും നേരിടുന്ന പ്രശ്നങ്ങളിൽ സംസാരിക്കാനിരിക്കുമ്പോൾ അയ്യർ പറഞ്ഞു: ‘‘എന്നെ സീനിയർ ലീഡർ എന്നു വിളിക്കരുത്.
ഞാൻ പാർട്ടിയുടെ ഒരു സാധാരണ അംഗമാണ്. എനിക്ക് സംഘടനാപരമായ ചുമതലകളില്ല. കമ്മിറ്റികളിലൊന്നും ഞാൻ അംഗമല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്നെ നിയോഗിക്കാറില്ല. ഞാൻ വായതുറക്കുന്നത് പാർട്ടിനേതൃത്വത്തിന് ഇഷ്ടമല്ല. അതുകൊണ്ട് സീനിയർ ലീഡർ എന്ന് എന്നെ വിശേഷിപ്പിക്കുന്നത് തീർത്തും തെറ്റാണ്. പാർട്ടിക്ക് വിധേയപ്പെട്ടു ഒതുങ്ങിനീങ്ങുന്ന ഒരു നാലണ അംഗത്വത്തിലുള്ള സാധാരണ പ്രവർത്തകനാണ് ഞാൻ.’’
കോൺഗ്രസ് പാർട്ടിയോടുള്ള വിധേയത്വവും സംഘടനനിയന്ത്രണങ്ങളിലുള്ള അമർഷവും ഒരുപോലെ ആ വാക്കുകളിലുണ്ടായിരുന്നു. രാമക്ഷേത്രം വീണ്ടും വിവാദത്തിലേക്കു കടക്കുമ്പോൾ, പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച വർത്തമാനങ്ങൾ തുടങ്ങുന്ന ഘട്ടത്തിൽ പാർട്ടിയുടെ, മുന്നണിയുടെ നിലയും നിലപാടും വിശദീകരിക്കുകയാണ് ‘മാധ്യമ’വുമായുള്ള ഈ അഭിമുഖത്തിലൂടെ അദ്ദേഹം.
രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വലിയ ക്ഷീണമാണ് സംഭവിച്ചത്. ബി.ജെ.പി കൂടുതൽ കരുത്തുനേടുകയും ചെയ്തു. മതനിരപേക്ഷതക്കുവേണ്ടി ദീർഘകാലമായി പൊരുതിവന്നയാളെന്ന നിലയിൽ പുതിയ സാഹചര്യങ്ങളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
-രണ്ടു വിഷയങ്ങൾ ഉന്നയിച്ചതിൽ ഒന്ന് മൗലികമാണ്. മറ്റു സംഭവവികാസങ്ങൾ താൽക്കാലിക പ്രതിഭാസങ്ങളായി കണ്ടാൽ മതി. രാജ്യത്തിന് പ്രത്യേകമായ ഒരു മതമില്ലെന്ന് നമ്മുടെ ഭരണഘടന പറയുന്നു. 1951ൽ രാഷ്ട്രപതിയായിരുന്ന രാജേന്ദ്രപ്രസാദിന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കണമെന്നുണ്ടായിരുന്നു. എന്നാൽ, ജവഹർലാൽ നെഹ്റുവും കാബിനറ്റും ആ ആഗ്രഹം നിരസിച്ചു. മന്ത്രിസഭയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു.
എന്നാൽ, ഇന്ത്യയുടെ രാഷ്ട്രത്തലവൻ ഒരു മതചടങ്ങിൽ പങ്കെടുത്തുകൂടെന്ന് കാബിനറ്റ് ആവർത്തിച്ചു വ്യക്തമാക്കി. രാജേന്ദ്രപ്രസാദ് വ്യക്തിയെന്ന നിലയിൽ പരിപാടിയിൽ സംബന്ധിച്ചു. അദ്ദേഹത്തിന് രാഷ്ട്രപതിയുടെ സുരക്ഷയും പ്രോട്ടോക്കോളുമൊന്നും അനുവദിച്ചില്ല. അന്നത്തെ ബോംബെ പ്രോവിൻസിനായിരുന്നു സുരക്ഷ മേൽനോട്ടം. പ്രോട്ടോക്കോൾ ചുമതല പ്രാദേശിക ഭരണകൂടത്തിനും.
എന്നാൽ, ഇപ്പോൾ കാണുന്നതെന്താണ്? പ്രധാനമന്ത്രിതന്നെ പ്രാണപ്രതിഷ്ഠ നിർവഹിക്കുന്നു. ഹിന്ദു ഹൃദയ സമ്രാട്ട് അഥവാ, ഹിന്ദുക്കളുടെ ചക്രവർത്തിയാണ് താനെന്ന് അദ്ദേഹം സ്വയം അഭിമാനം കൊള്ളുന്നു. ഹിന്ദുക്കളുടെയല്ല, ഇന്ത്യൻ ഹൃദയങ്ങളുടെ ചക്രവർത്തിയാകാനാണ് അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്. പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുന്നതിനെ നാലു ശങ്കരാചാര്യമാരും എതിർത്തതിൽ സന്തോഷമുണ്ട്. ക്ഷേത്രത്തിന്റെ പണി കഴിഞ്ഞിട്ടില്ല, അതുവരെ കാത്തുനിൽക്കൂ എന്നാണ് അവർ പറയുന്നത്. രാമനവമിവരെ കാത്തിരിക്കൂ, വിശേഷിച്ചും രാംലല്ല എന്ന കുഞ്ഞുരാമനാണല്ലോ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ.
ഒരു സ്വകാര്യ ഹിന്ദു മതചടങ്ങിന് രാഷ്ട്രസംവിധാനത്തെ ഉപയോഗപ്പെടുത്തുന്ന പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ദുരുപയോഗം മാത്രമല്ല ഇവിടെ നടക്കുന്നത്. പ്രധാനമന്ത്രി ഒരു പ്രത്യേകമതത്തിന്റെ ആളായി അടയാളപ്പെടുകയാണ്. നരേന്ദ്ര മോദിക്ക് അത് പ്രശ്നമല്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമാകണം എന്നാണല്ലോ അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ, നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് ഹിന്ദുരാഷ്ട്രമല്ല, മതനിരപേക്ഷ രാജ്യമാണ്. അങ്ങനെ നമ്മുടെ ജനാധിപത്യത്തിന്റെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും സ്വഭാവസവിശേഷതകൾ സംബന്ധിച്ച സർക്കാർ മനോഭാവത്തിൽതന്നെ വമ്പിച്ച മാറ്റം വരികയാണ്.
ഭരണഘടന പ്രഖ്യാപിച്ച മതനിരപേക്ഷ, ബഹുസ്വരസമൂഹമായി നാം തുടർന്നും നിലനിൽക്കുമോ അതോ, രാജ്യത്തിന് ഒരേയൊരു മതം എന്ന നിലപാടിൽ ഹിന്ദു ഭൂരിപക്ഷാധിപത്യത്തിലേക്ക് നമ്മൾ വഴങ്ങുകയാണോ എന്നതാണ് ചോദ്യം. രണ്ടാമത്തേതാണ് സംഭവിക്കുന്നതെങ്കിൽ വരുന്ന തെരഞ്ഞെടുപ്പ് പ്രധാനം മാത്രമല്ല, ചരിത്രപരം കൂടിയായിരിക്കും. മോദിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറും. മതനിരപേക്ഷ, ബഹുസ്വര ജനാധിപത്യ ഇന്ത്യ ഇല്ലാതാവും. രാഷ്ട്രത്തിന് ഔദ്യോഗികമതമില്ലാത്ത, പൗരന്മാരെല്ലാം അവകാശങ്ങളിൽ തുല്യരാവണമെന്ന് നിഷ്കർഷയുള്ള ഇന്ത്യ അതോടെ അസ്തമിക്കും.
അതുകൊണ്ട് വരുംതെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായിനിന്നു നന്നേ ചുരുങ്ങിയത് ബി.ജെ.പിയെ മൂന്നിൽ രണ്ടു തൊടീക്കാതിരിക്കാൻ നന്നായി പൊരുതണം. അതിലും മികച്ച രീതിയിൽ അവരെ പരാജയപ്പെടുത്താൻതന്നെ പോരാടണം.
ഇതിനെതിരായ ചെറുത്തുനിൽപ് എങ്ങനെ സാധ്യമാവും എന്നാണ് കരുതുന്നത്?
കോൺഗ്രസിന് സ്വന്തമായി ഈ പറഞ്ഞ ലക്ഷ്യം നേടിയെടുക്കാനാവില്ല. എന്നാൽ, ഒരു കാര്യമോർക്കണം. 2014ൽ രാജ്യത്തിന്റെ മൂന്നിലൊന്ന് ബി.ജെ.പിക്ക് വോട്ടുചെയ്തു. 2019ൽ ഇത് അഞ്ചിൽ രണ്ടായി ചുരുങ്ങി. അതിനാൽ പ്രതിപക്ഷം ഒറ്റക്കെട്ടായാൽ കണക്കനുസരിച്ച് അവർക്ക് സാധ്യതയുണ്ട്. സീറ്റുവിഭജനം പൂർത്തിയായിക്കഴിഞ്ഞാൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന മോദിയുടെ ശ്രമങ്ങളെ ന്യൂട്രലൈസ് ചെയ്യാൻ പര്യാപ്തമായ ഉള്ളടക്കത്തോടെയുള്ള പൊതുമിനിമം പരിപാടിക്ക് രൂപം നൽകണം. ഇതെല്ലാം അപ്പടി നടപ്പായാൽ മോദിക്ക് മൂന്നാമതൊരു ഊഴം കിട്ടുമെന്നു ഞാൻ കരുതുന്നില്ല.
സ്വതന്ത്രവും നീതിപൂർവകവുമായ ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് സംശയമുണ്ടോ? ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട വിവാദങ്ങൾ പിന്നെയും സജീവമാകുന്നുണ്ടല്ലോ?
വോട്ടുയന്ത്രം ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയൊക്കെയുണ്ട്. എന്നാൽ, അതുകൊണ്ട് മത്സരം ജയിക്കാനാവുമോ? കർണാടകയിൽ എങ്ങനെ കോൺഗ്രസ് വിജയിച്ചു? വോട്ടുയന്ത്രത്തെ അധിക്ഷേപിച്ച് രക്ഷപ്പെട്ടുകളയുന്നത് എളുപ്പമാണെന്നു തോന്നുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ നടപ്പാക്കിയ മുൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശിയുമായി ഞാൻ സംസാരിച്ചിരുന്നു. വോട്ടുകളെല്ലാം കൃത്യമായി രേഖപ്പെടുത്തുന്ന വിവിപാറ്റ് സംവിധാനമുള്ള ഇ.വി.എമ്മിൽ വിട്ടുവീഴ്ച അരുതെന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞതാണ്.
സംശയദൂരീകരണത്തിന് അതിൽതന്നെ അവസരങ്ങളുണ്ട്. അതിനാൽ, സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള സാഹചര്യംതന്നെയാണുള്ളത് എന്നാണ് എന്റെ വിശ്വാസം. എന്നാൽ, സ്വതന്ത്രവും നീതിപൂർവകവുമല്ലാത്ത മറ്റൊന്നുണ്ട്. ബി.ജെ.പിക്കു പരമാവധി നേട്ടം കൊയ്യാവുന്ന വിധത്തിൽ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് ഒട്ടും സുതാര്യതയില്ലാത്ത ഒരു സിസ്റ്റംതന്നെ ഭരണകൂടം കണ്ടുപിടിച്ചിരിക്കുന്നു എന്നതാണത്. പാർട്ടിക്കു സംഭാവന നൽകുന്നവർക്ക് അനുഗുണമായി പ്രത്യുപകാരം ചെയ്യുക സ്വാഭാവികമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മൾ അതിനെയൊക്കെ നേരിട്ടേ മതിയാകൂ.
ഹിന്ദുത്വ അജണ്ടക്കു മുന്നിൽ പലപ്പോഴും കോൺഗ്രസ് പകച്ചുപോകുന്നതുപോലെ തോന്നുന്നു. രാമക്ഷേത്ര വിഷയത്തിലടക്കം ഇത് പ്രകടമാവുന്നുണ്ട്?
കോൺഗ്രസ് ഒരു പാർട്ടിയല്ല, ഒരു മൂവ്മെന്റ് ആണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്നാണ് അതിന്റെ പേര്. ഇന്ത്യയിലെ ദേശീയവാദികൾ വർഷംതോറും ഡിസംബറിൽ വാർഷികയോഗം (കോൺഗ്രസ്) ചേരാറുണ്ടായിരുന്നു. അങ്ങനെ വന്നുചേർന്ന പേരാണത്. ഭാരതീയ ജനത പാർട്ടിപോലെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പാർട്ടിയല്ല. ഞങ്ങളുടേത് ഒരു മൂവ്മെന്റാണ്. ഇതിൽ പലതരം അഭിപ്രായക്കാർക്കും ഇടമുണ്ട്. ഞങ്ങൾ കോൺഗ്രസുകാർക്കിടയിൽ വലതു തീവ്രവാദികളും ഹിന്ദു കോർ വിഭാഗവും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഉദാഹരണങ്ങളായി ബാല ഗംഗാധര തിലക്, മദൻമോഹൻ മാളവ്യ, ലാല ലജ്പത്റായ് അങ്ങനെ നിരവധി പേരുകൾ കാണാം.
മറുഭാഗത്ത് പാർട്ടിയിൽ വ്യത്യസ്ത മതവിഭാഗങ്ങളായ ഹിന്ദുക്കളെയും മുസ്ലിംകളെയും ഒന്നിപ്പിച്ചു മുന്നോട്ടുകൊണ്ടുപോയ മഹാത്മ ഗാന്ധിയുണ്ട്. സ്വാതന്ത്ര്യസമരത്തിനുവേണ്ടി അദ്ദേഹം നടത്തിയ എല്ലാ പരിപാടികളും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അടിത്തറയിലായിരുന്നു. ശാസ്ത്രത്തെ ക്ഷേത്രമായി കണ്ട ജവഹർലാൽ നെഹ്റുവുണ്ട്. ഈ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് കണ്ണോടിച്ച ഒരാൾ, സ്വാംശീകരിക്കാനും സഹവർത്തിക്കാനും ഉൾക്കൊള്ളാനുമുള്ള ഇന്ത്യയുടെ കഴിവിനെ കണ്ടെത്തിയയാൾ. മതനിരപേക്ഷത നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനതത്ത്വമാണെന്ന് അദ്ദേഹം പറഞ്ഞുവെച്ചു.
ഇന്ത്യ റിപ്പബ്ലിക് നിലകൊള്ളുന്നതുതന്നെ നാനാത്വത്തിൽ ഏകത്വം എന്ന മൗലികതത്ത്വത്തിലാണ്. ഏകത്വത്തിന് നാനാത്വം വളരെ പ്രധാനമാണ്. നിങ്ങൾ ശക്തിയുപയോഗിച്ച് ഒറ്റവാർപ്പിലൂടെ (Uniformity) ജനതയെ ഒന്നിപ്പിക്കാൻ ശ്രമിച്ചാൽ ഐക്യം അപ്രത്യക്ഷമാകും. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിൽ വിട്ടുവീഴ്ചക്കുവേണ്ടി വാദിക്കുന്ന പ്രവർത്തകരുണ്ട് എന്നതിൽ അത്ഭുതത്തിനു വകയില്ല.
രാമക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് പ്രാതിനിധ്യമുണ്ടായാൽ എന്താണ് പ്രശ്നം എന്നാണ് അവരുടെ ചോദ്യം. എന്നാൽ, ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടി നേതൃത്വം തീരുമാനമെടുത്തിരിക്കുന്നു. അതുവഴി ജവഹർലാൽ നെഹ്റുവിന്റെ മഹിതപാരമ്പര്യം കോൺഗ്രസ് കാത്തുസൂക്ഷിച്ചിരിക്കുന്നു. നേതൃത്വത്തിന്റെ ഈ തീരുമാനത്തിൽ ഞാനേറെ സന്തുഷ്ടനാണ്.
മണിശങ്കർ അയ്യരെ പോലുള്ളവർ കോൺഗ്രസിനെ മതനിരപേക്ഷതയിൽ അടിയുറപ്പിച്ചു നിർത്താൻ ഏറെ പ്രയത്നിച്ചുവരുന്നുണ്ട്. കോൺഗ്രസിന്റെ ഇന്നത്തെ പ്രകടനത്തിൽ സന്തുഷ്ടനാണോ?
മുമ്പൊരിക്കൽ പാർലമെന്റിലെ പ്രസംഗത്തിൽ രാജീവ്ഗാന്ധി പറഞ്ഞു, ഒരു മതനിരപേക്ഷ ഇന്ത്യക്കു മാത്രമേ അതിജീവിക്കാൻ കഴിയൂ എന്ന്. രണ്ടാമത്തെ വാചകം ഇതായിരുന്നു: വല്ല കാരണവശാലും ഇന്ത്യ മതനിരപേക്ഷമാകുന്നില്ലെങ്കിൽ അതിന് നിലനിൽക്കാനുള്ള അർഹതയില്ല. ഇന്ത്യൻ പ്രധാനമന്ത്രിയായ ഒരാൾ രാമക്ഷേത്ര ഉദ്ഘാടനത്തിൽ സംബന്ധിക്കുമ്പോൾ പ്രധാനമന്ത്രി എന്ന തന്റെ പൊതുപദവിയെ ഹിന്ദു എന്ന വ്യക്തിപരമായ സ്വകാര്യപദവിയുമായി സമീകരിക്കുകയാണ് അദ്ദേഹം.
അത് തെറ്റാണ്. അത് മതനിരപേക്ഷതയല്ല. ഹിന്ദുരാഷ്ട്രം, ഹിന്ദു ഹൃദയസമ്രാട്ട് എന്നിവയൊന്നും മതനിരപേക്ഷമൂല്യങ്ങളുമായി ഒത്തുപോകുന്നതല്ല. ഈ ചടങ്ങിൽനിന്നു വിട്ടുനിൽക്കുക മാത്രമല്ല ഇൻഡ്യ മുന്നണിക്ക് ചെയ്യാനുള്ളത്. അടുത്ത പൊതുതെരഞ്ഞെടുപ്പിനുശേഷം മതനിരപേക്ഷവും ബഹുസ്വരവും സഹിഷ്ണുതാപൂർണവുമായ ജനാധിപത്യക്രമം ചിട്ടപ്പെടുത്താൻ അവർ തയാറാകുകയും വേണം.
കോൺഗ്രസിന്റെ ഭാവിയെക്കുറിച്ച് എന്താണ് അഭിപ്രായം? രാഹുൽ ഗാന്ധിയുടെ, ഗാന്ധികുടുംബത്തിന്റെ ആധിപത്യത്തെക്കുറിച്ച ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല?
രാഹുൽ ഗാന്ധിയല്ല കോൺഗ്രസ് പ്രസിഡന്റ്; മല്ലികാർജുൻ ഖാർഗെയാണ്. തെരഞ്ഞെടുപ്പിൽ ശശി തരൂരുമായി മത്സരിച്ചു ജയിച്ചാണ് അദ്ദേഹം പ്രസിഡന്റായത്. മുമ്പു സോണിയ ഗാന്ധിയോട് മത്സരിച്ച ജിതേന്ദ്ര പ്രസാദിന് ലഭിച്ചത് 94 വോട്ടുകളാണ്. എന്നാൽ, കഴിഞ്ഞ തവണ ശശി തരൂരിന് 1072 വോട്ടുകൾ കിട്ടി. സ്വതന്ത്രമായ തെരഞ്ഞെടുപ്പാണ് അധ്യക്ഷസ്ഥാനത്തേക്ക് നടന്നത്. എണ്ണായിരത്തോളം വോട്ട് നേടിയ ഖാർഗെയുടേത് വ്യക്തമായ വിജയമായിരുന്നു. അദ്ദേഹം തികഞ്ഞ ജനാധിപത്യവാദിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. മത്സരിച്ചു തോറ്റ ശശി തരൂരിനെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ എടുക്കാൻ അദ്ദേഹം തയാറായി. അപ്പോൾ എങ്ങനെ അതിജീവിക്കാം എന്നു കോൺഗ്രസിന് അറിയാം.
കോൺഗ്രസിന്റെ എല്ലാ കുഴപ്പങ്ങൾക്കും കാരണം രാഹുൽ ഗാന്ധിയാണ് എന്നു ഞാൻ സമ്മതിക്കില്ല. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും ഒത്തുപിടിച്ചിട്ടും 2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഗവൺമെന്റിന്റെ പ്രകടനം തീർത്തും മോശമായിരുന്നതായിരുന്നു കാരണം. 2019ൽ അതിൽനിന്നു കരകയറാനുള്ള ശ്രമങ്ങളൊന്നും പര്യാപ്തമായില്ല.
52 സീറ്റുകളേ അപ്പോഴും നേടാനായുള്ളൂ. ഇതിലൊന്നും വ്യക്തികൾക്ക് ഒന്നും ചെയ്യാനില്ല. അതിന്റെ ഉത്തരവാദിത്തം പാർട്ടിയെന്ന സ്ഥാപനത്തിനാണ്. പാർട്ടിയുടെ നയങ്ങൾക്കാണ്. അതിലേറെ പ്രതിയോഗികളുടെ ഹിന്ദുരാഷ്ട്രമെന്ന ആളെ കൂട്ടാവുന്ന ഐഡിയോളജിക്കാണ്. രാഷ്ട്രീയ ചതുരംഗപ്പലകയിൽ വിജയിക്കണമെങ്കിൽ അതിനു തക്ക ഉപായങ്ങൾ വേണം.
കോൺഗ്രസിലെ ഐക്യത്തിന് ഗാന്ധികുടുംബം പ്രധാനമാണ്. അവർ പൂർണമായും മാറിനിന്നാൽ കോൺഗ്രസ് പാർട്ടി പൂർണമായും ശിഥിലമാകും എന്നു ഞാൻ കരുതുന്നു. അതിനാൽ അവർക്കു ഒരു സമവായത്തിലെത്തേണ്ടിയിരുന്നു. ഗാന്ധികുടുംബം നേതൃനിരയിലുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് പ്രവർത്തകരുടെ പിന്തുണയുള്ള സ്വാഭാവികനേതൃത്വത്തെ കണ്ടെത്തുകയായിരുന്നു അതിനുള്ള പരിഹാരം.
നെഹ്റു കുടുംബത്തിന് ഇത്തരമൊരു മാന്ത്രികകരുത്ത് എങ്ങനെ കൈവരുന്നു?
ഇന്ത്യയുടെ ഐക്യത്തിന് അത്യന്താപേക്ഷിതമായതാണ് കോൺഗ്രസിന്റെ തത്ത്വശാസ്ത്രം. എന്നാൽ, അത് പ്രയോഗക്ഷമമാകണമെങ്കിൽ കാലോചിതമായ മാറ്റങ്ങളും ബദൽവഴികളും തേടണം. രാജ്യത്തിന്റെ തെക്കും വടക്കും തമ്മിൽ, വടക്കുകിഴക്കും ഇതര ഭാഗങ്ങളും തമ്മിൽ അസ്വസ്ഥത നിലനിന്നാൽ ഇന്ത്യ എന്ന ഭാരതത്തിന്റെ ഭാവി അവതാളത്തിലാകും. അതൊഴിവാകാൻ ഏതു വിധേനയും കോൺഗ്രസ് നിലനിന്നേ മതിയാകൂ. ഇന്ന് ഞങ്ങൾ വളരെ താഴ്മയുള്ള റോളാണ് ദേശീയരാഷ്ട്രീയത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഭൂരിപക്ഷം സീറ്റുകൾ ഞങ്ങൾ ചോദിക്കുന്നില്ല. 255 സീറ്റുകളിലേക്ക് പരിമിതപ്പെടാൻ ഞങ്ങൾ പരുവപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
സീറ്റു വിഭജനത്തിൽ ഏതറ്റംവരെ വിട്ടുവീഴ്ചക്കും തയാറാണ്. അതിജീവനത്തിന് ഏറെ അനിവാര്യമാണല്ലോ ഒത്തുപോക്ക്. അതുകൊണ്ട് കോൺഗ്രസ് ഇല്ലാതാകും എന്നു പ്രതീക്ഷിച്ചവർ നിരാശരാകേണ്ടി വരും. രണ്ടു തെരഞ്ഞെടുപ്പിലെ തുടർച്ചയായ പരാജയത്തിന്റെ ആഘാതങ്ങൾക്കു ശേഷവും കോൺഗ്രസ് പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് കാണുന്നുണ്ടല്ലോ.
ബി.ജെ.പിയുടെ അപ്രതിഹതമായ മുന്നേറ്റത്തിന് തടയിടാൻ ഞങ്ങൾക്കു കഴിയും. ഞങ്ങൾ ജയിക്കുമോ എന്നതല്ല. ബി.ജെ.പിയുടെ മൂന്നിൽ രണ്ടു ഭൂരിപക്ഷം തടയുകയാണ് ഞങ്ങളുടെ പ്രഥമലക്ഷ്യം. രണ്ടാമത്തെ ലക്ഷ്യം ഭൂരിപക്ഷം കുറക്കുകയാണ്. മൂന്നാമത്തേത് പരാജയപ്പെടുത്തുകയും. ഇതിൽ ഏതു നേടിയാലും വിജയമാണ്.
ഇൻഡ്യ സഖ്യത്തിന് ഇത് ചെയ്യാൻ കഴിയുമെന്നുതന്നെയാണോ?
ഇൻഡ്യ സഖ്യത്തിന് തീർച്ചയായും അതു സാധ്യമാണ്. കണക്കുകൾ അതു തെളിയിച്ചതാണ്. ഒരു പൊതുപരിപാടിയും മുദ്രാവാക്യവും പ്രത്യേക വിഷയങ്ങളിലുള്ള ഊന്നലുമായി വ്യവസ്ഥാപിതമായി നീങ്ങിയാൽ സഖ്യത്തിന് മികച്ച മുന്നേറ്റം നടത്താൻ കഴിയും.
ബാബരി മസ്ജിദ്-രാമജന്മഭൂമി വിഷയത്തിൽ കോൺഗ്രസിന് ഉറച്ച നിലപാടെടുക്കാനാവുന്നില്ല എന്നൊരു ധാരണ ഇന്ത്യൻ മുസ്ലിംകൾക്കിടയിലുണ്ട്. 1949ൽ പള്ളിയിൽ വിഗ്രഹം പ്രതിഷ്ഠിച്ചത്, പള്ളിയുടെ പൂട്ട് ക്ഷേത്രപൂജക്കായി തുറന്നുകൊടുത്തത്, ശിലാന്യാസത്തിന് അനുമതി നൽകിയത്, ഒടുവിൽ കർസേവകരുടെ പള്ളി പൊളിക്ക് ഒത്താശചെയ്തത് എല്ലാം കോൺഗ്രസ് ഭരണത്തിലായിരുന്നു?
ക്ഷേത്രത്തിന്റെ പൂട്ടു പൊളിച്ചതിൽ രാജീവ് ഗാന്ധിക്ക് പങ്കൊന്നുമില്ല. ജില്ല സെഷൻസ് ജഡ്ജിയുടെ ഉത്തരവിൻ പ്രകാരമാണ് പൂട്ടുകൾ നീക്കം ചെയ്യപ്പെട്ടത്. മൂന്നു സാക്ഷ്യമൊഴികൾ കേട്ട ശേഷമായിരുന്നു ജഡ്ജിയുടെ വിധി. ഒന്ന്, ക്രമസമാധാനപാലനത്തിന് പൂട്ടുകൾ അനിവാര്യമല്ലെന്ന പൊലീസിന്റെ സാക്ഷ്യം. ജില്ല മജിസ്ട്രേറ്റിന്റെ വാദവും അതുതന്നെയായിരുന്നു. കോടതി ഉത്തരവിലല്ല, സർക്കാർ ഉത്തരവിലാണ് പൂട്ടുകൾ പൊളിച്ചത് എന്നുകൂടി അദ്ദേഹം പറഞ്ഞു. ഇതു മുന്നിൽവെച്ച് പൂട്ടു പൊളിക്കാൻ കോടതി ഉത്തരവിടേണ്ട താമസം, നൂറുകണക്കിന് ആളുകൾ ബാബരി മസ്ജിദിന് അകത്തേക്ക് കടന്നുകയറി. അതൊരു ആസൂത്രിതനീക്കമായിരുന്നു എന്നു വ്യക്തം.
ബാബരി മസ്ജിദ് ധ്വംസനത്തെതുടർന്ന് ബി.ജെ.പി ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലെയും ഭരണകൂടങ്ങളെ പിരിച്ചുവിടാൻ കോൺഗ്രസ് തീരുമാനിച്ചു. എന്നാൽ, ഞാൻ ഇപ്പോഴും പറയുക ഡിസംബർ ആറിന് യു.പിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടിയിരുന്നു എന്നാണ്. കല്യാൺസിങ് ഗവൺമെന്റ് ദുരന്തം തടയാൻ തയാറല്ലായിരുന്നു. മസ്ജിദ് ധ്വംസനം തടയാൻ സാധ്യമായത്രയും ചെയ്യുമെന്ന് ഇന്ത്യയിലെ മുസ്ലിം സമുദായത്തെയും ഇന്ത്യയെ മുഴുക്കെയും അംഗീകരിപ്പിക്കാൻ ഇത്തരമൊരു നീക്കത്തിലൂടെ കോൺഗ്രസിന് കഴിഞ്ഞേനെ. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ സമ്പൂർണ അകർമണ്യത കോൺഗ്രസിന് നഷ്ടം വരുത്തിവെച്ചു.
നാലു ബി.ജെ.പി ഗവൺമെന്റുകളെ പിന്നീടു പിരിച്ചുവിട്ടെങ്കിലും അതിൽനിന്ന് കരകയറാൻ കോൺഗ്രസിനായില്ല. അദ്വാനി തന്നെ ആത്മകഥയിൽ പറഞ്ഞത്, ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമാണ് അതെന്നാണ്. ഗുണ്ടകൾ നിയന്ത്രണം കൈയടക്കുകയായിരുന്നു എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. അതു മുൻകൂട്ടി കാണാൻ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനോ നരസിംഹ റാവു സർക്കാറിനോ കഴിഞ്ഞില്ല. കല്യാൺ സിങ് ഗവൺമെന്റിന് എല്ലാം അറിയാമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം അതിനു വില നൽകേണ്ടിയും വന്നു. 1992 ഡിസംബർ ആറിന് കല്യാണിന്റെ പൊളിറ്റിക്കൽ കരിയറിന് അന്ത്യമായി.
പ്രശ്നങ്ങൾക്ക് ലളിതമായ ഉത്തരങ്ങൾ തേടുകയല്ല വേണ്ടത്. അതിന് ഞാൻ എതിരാണ്. ഏതെങ്കിലും വ്യക്തികളെ പഴിചാരിയതുകൊണ്ടും കാര്യമായില്ല. ആ സമയത്ത് മുസ്ലിം സമുദായവും വളരെയധികം പ്രോ ആക്ടിവ് ആയിരുന്നല്ലോ. അവർക്കും അത് തടയാൻ കഴിഞ്ഞില്ല. ഒരൊറ്റ മുസ്ലിംപോലും പള്ളി സംരക്ഷിക്കാൻ മുൻകൈയെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? അപ്പോൾ വ്യക്തികളെ തെരഞ്ഞുപിടിച്ച് അധിക്ഷേപിച്ചതുകൊണ്ടായില്ല. സംഭവം കഴിഞ്ഞ് മൂന്നു മാസത്തിനകം സമർപ്പിച്ച ജസ്റ്റിസ് ലിബർഹാൻ കമീഷൻ റിപ്പോർട്ടിൽ വിവിധ ഗവൺമെന്റുകളുടെ തുടർച്ചയായ പരാജയം പറയുന്നുണ്ട്. കോൺഗ്രസ് ഗവൺമെന്റ് മാത്രമല്ല, വി.പി. സിങ്, ചന്ദ്രശേഖർ, ദേവഗൗഡ, ഗുജ്റാൽ സർക്കാറുകളെല്ലാം അതിൽപെടും.
രാജ്യത്തെ ഹിന്ദുവത്കരണം തടയാൻ ഇക്കൂട്ടത്തിൽ ആര് എന്തുചെയ്തു? അതുകൊണ്ട് കഴിഞ്ഞ കാലത്തെ അരുതായ്മകൾ ചികഞ്ഞ് അതിന്റെ ഉത്തരവാദികളെ പരതി നടക്കുന്നത് നിരർഥകമാണെന്നും ഭാവിയെക്കുറിച്ച ചിന്തയാണ് പ്രധാനമെന്നും ഞാൻ കരുതുന്നു. ഹിന്ദുത്വവത്കരണത്തിലേക്ക് ദിശ മാറിപ്പോകുന്ന നമ്മുടെ രാഷ്ട്രീയത്തെ മതനിരപേക്ഷതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ എന്തുചെയ്യണമെന്ന കാര്യമാണ് ആലോചിക്കേണ്ടത്.
ബി.ജെ.പിയുടെ സ്വാധീനത്തിൽ ഇന്ത്യയുടെ തെക്കും വടക്കും തമ്മിലെ വ്യത്യാസം പ്രകടമാണ്. ഉത്തരേന്ത്യയിലെ ഹിന്ദി ബെൽറ്റിൽ കോൺഗ്രസിന് ഇനിയും എന്തു സാധ്യതയാണുള്ളത്?
വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമൊക്കെയുള്ള ബി.ജെ.പി വിരുദ്ധ രാഷ്ട്രീയശക്തികളുടെ കൂട്ടായ്മയാണ് ഇൻഡ്യ സഖ്യം. അവരെ ഒരുമിപ്പിച്ചുനിർത്തി മുന്നോട്ടുകൊണ്ടുപോകണം. അതിന് പഴയ ദുർവാശി കൈവെടിയണം. രാജ്യത്തിന്റെ സ്വാഭാവികനേതൃത്വം ഞങ്ങളുടെ കൈയിലായിരിക്കും എന്ന ധാരണ തിരുത്തണം. അത് ഞങ്ങൾ, കോൺഗ്രസ് ചെയ്തുകഴിഞ്ഞു. മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള താഴ്മയും വിനയവുമാണ് സന്ദർഭത്തിന്റെ ആവശ്യം.
അത് ഞങ്ങൾ പ്രകടിപ്പിച്ചുകഴിഞ്ഞു. സഖ്യത്തെ ചൊല്ലി, അതിന്റെ നേതൃത്വത്തെയും പ്രധാനമന്ത്രിപദത്തെയും ചൊല്ലി പഴയപടി കോൺഗ്രസ് വാശി പിടിച്ചുവെന്നു കരുതുക. എങ്കിൽ താങ്കളുന്നയിച്ച വിമർശനം പ്രസക്തമായേനെ. എന്നാൽ, അഞ്ചുകൊല്ലം മുമ്പ് ചിന്തിക്കാനാവാത്ത വിശാലതയാണ് ഇപ്പോൾ കോൺഗ്രസ് കാണിക്കുന്നത്. സാഹചര്യത്തിന്റെ സന്ദിഗ്ധത പാർട്ടി മനസ്സിലാക്കിയിരിക്കുന്നു. അതിനെ അഭിനന്ദിക്കുകയാണ്, അപലപിക്കുകയല്ല വേണ്ടത്.
ഇന്ത്യയുടെ ഭാവിയെക്കുറിച്ച് താങ്കൾക്ക് ശുഭപ്രതീക്ഷയാണുള്ളത്?
ഇന്ത്യയുടെ ഭാവി സംബന്ധിച്ച് ഞാൻ ശുഭപ്രതീക്ഷയിലൊന്നുമല്ല. എന്നാൽ, ബി.ജെ.പിയുടെ ദുർഭൂതത്തെ പിടിച്ചുകെട്ടാൻ കോൺഗ്രസിന് വേണ്ടതു ചെയ്യാനാവും എന്നതിൽ ശുഭാപ്തിയുണ്ട്. മൃഗീയ ഭൂരിപക്ഷം ഇല്ലാതാക്കുക, ഭൂരിപക്ഷം കുറക്കുക, പരാജയപ്പെടുത്തുക – നേരത്തേ പറഞ്ഞ ഈ മൂന്നിന ലക്ഷ്യത്തോടെ മുന്നേറാൻ കോൺഗ്രസിന് കഴിയും.