Begin typing your search above and press return to search.
proflie-avatar
Login

‘രാമക്ഷേത്രത്തിനായുള്ള ആ വാദങ്ങൾക്ക്​ ആർക്കിയോളജി പിന്തുണയില്ല’

‘രാമക്ഷേത്രത്തിനായുള്ള ആ   വാദങ്ങൾക്ക്​ ആർക്കിയോളജി   പിന്തുണയില്ല’
cancel

ബാബരി മസ്​ജിദ് തകർക്കുന്നതിനു മുമ്പും പിമ്പും സംഘ്​പരിവാർ വാദിച്ചത്​ മുമ്പ്​ അവിടെ ക്ഷേത്രം നിലനിന്നതിന്​ ആർക്കിയോളജിക്കൽ തെളിവുകൾ ഉണ്ടെന്നാണ്​. ആ വാദങ്ങളെ ഖണ്ഡിക്കുകയാണ്​ ചരിത്രകാരനായ പ്രഫസർ സയ്യിദ് അലി നദീം റസാവി. അദ്ദേഹം ഹിന്ദുത്വവാദികളുടെ അവകാശവാദങ്ങളെ ഒ​ന്നൊന്നായി ഇൗ സംഭാഷണത്തിൽ പരിശോധിക്കുന്നു.അലീഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റിയിൽ ചരിത്രം, മിഡീവൽ ആർക്കിയോളജി പ്രഫസറാണ് സയ്യിദ് അലി നദീം റസാവി. ലണ്ടൻ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ്​ ആഫ്രിക്കൻ സ്റ്റഡീസ് ഫെലോ, 2008ൽ പാരിസിലെ മെയ്സൺ ഡി സയൻസസിലെ ഹോം വിസിറ്റിങ് ഫെലോ, 2013 മുതൽ ലണ്ടൻ ഷിയാഹ് ഇൻസ്റ്റിറ്റ്യൂട്ട് വിസിറ്റിങ് ഫെലോ എന്നിവയുമാണ്. 2017-2020ൽ...

Your Subscription Supports Independent Journalism

View Plans

ബാബരി മസ്​ജിദ് തകർക്കുന്നതിനു മുമ്പും പിമ്പും സംഘ്​പരിവാർ വാദിച്ചത്​ മുമ്പ്​ അവിടെ ക്ഷേത്രം നിലനിന്നതിന്​ ആർക്കിയോളജിക്കൽ തെളിവുകൾ ഉണ്ടെന്നാണ്​. ആ വാദങ്ങളെ ഖണ്ഡിക്കുകയാണ്​ ചരിത്രകാരനായ പ്രഫസർ സയ്യിദ് അലി നദീം റസാവി. അദ്ദേഹം ഹിന്ദുത്വവാദികളുടെ അവകാശവാദങ്ങളെ ഒ​ന്നൊന്നായി ഇൗ സംഭാഷണത്തിൽ പരിശോധിക്കുന്നു.

അലീഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റിയിൽ ചരിത്രം, മിഡീവൽ ആർക്കിയോളജി പ്രഫസറാണ് സയ്യിദ് അലി നദീം റസാവി. ലണ്ടൻ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ്​ ആഫ്രിക്കൻ സ്റ്റഡീസ് ഫെലോ, 2008ൽ പാരിസിലെ മെയ്സൺ ഡി സയൻസസിലെ ഹോം വിസിറ്റിങ് ഫെലോ, 2013 മുതൽ ലണ്ടൻ ഷിയാഹ് ഇൻസ്റ്റിറ്റ്യൂട്ട് വിസിറ്റിങ് ഫെലോ എന്നിവയുമാണ്.

2017-2020ൽ ​​സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ഹിസ്റ്ററി ചെയർമാനും കോഓഡിനേറ്ററുമായിരുന്നു. അലീഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റി മൂസ ദക്രി (യൂനിവേഴ്സിറ്റി) മ്യൂസിയം മുൻ കോഓഡി​നേറ്ററായും പ്രവർത്തിച്ചു. നിലവിൽ അലീഗഢ് സൊ​സൈറ്റി ഓഫ് ഹിസ്റ്ററി ആൻഡ് ആർക്കിയോളജി, അലീഗഢ് ഹിസ്റ്റോറിയൻസ് സൊസൈറ്റി ട്രഷറർ, ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് സെക്രട്ടറി പദവികൾ വഹിച്ചുവരുന്നു. പലവുരു ബാബരി മസ്ജിദ് സ്ഥലം സന്ദർശനം നടത്തിയ പ്രഫ. റസാവി ഏറ്റവുമൊടുവിൽ 2003ൽ ഖനനം നടക്കുമ്പോൾ അലഹബാദ് ഹൈകോടതിയുടെ നിർദേശപ്രകാരം നിരീക്ഷകനായാണ്​ എത്തിയത്.

മുഗൾ ഇന്ത്യയിലെ വരേണ്യ മധ്യവർഗമെന്ന വിഷയത്തിൽ അലീഗഢ് വാഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം മധ്യകാല ഇന്ത്യ, വിശിഷ്യാ മുഗൾ കാലഘട്ടത്തെക്കുറിച്ചാണ് കൂടുതൽ ഗവേഷണം നടത്തിയിട്ടുള്ളത്. Fatehpur Sikri Revisited (Oxford, 2013), History Through Archaeology (2019) എന്നിവ കൃതികൾ. ആദ്യ കൃതിയുടെ രണ്ടാം പതിപ്പ് ഉടൻ പുറത്തിറങ്ങും. Religious Movements and Institutions in Medieval India (Oxford, 2009), Religion in Indian History (Chennai, 2007) എന്നീ പുസ്തകങ്ങളിൽ ​ചില അധ്യായങ്ങൾ അദ്ദേഹത്തിന്റേതാണ്. ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് നടത്തിയ പുരാവസ്തു ഖനനത്തിൽ മുമ്പ് നിലനിന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഘത്തിൽ താനുമുണ്ടായിരുന്നുവെന്ന കെ.കെ. മുഹമ്മദിന്റെ അവകാശവാദം ഖണ്ഡിക്കുകയാണ് പ്രഫ. റസാവി ഇവിടെ.

1976-77ൽ ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് താൻകൂടി അംഗമായ സംഘം നടത്തിയ ഖനനത്തിൽ അവിടെ ക്ഷേത്രാവശിഷ്ടം കണ്ടെത്തിയെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഉത്തരേന്ത്യൻ മേധാവി കെ.കെ. മുഹമ്മദ് അവകാശപ്പെടുന്നുണ്ട്. മുതിർന്ന പുരാവസ്തു ഗവേഷകൻ ബി.ബി. ലാലിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. പുരാവസ്തു തെളിവുകൾവെച്ച് അവിടെ തീർച്ചയായും ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്ന് ഇവർ ഖണ്ഡിതമായി പറയുന്നുണ്ട്. മുഹമ്മദ് ഉൾപ്പെ​ട്ട സംഘത്തിന്റെ വെളിപ്പെടുത്തലിനോട് എങ്ങനെ പ്രതികരിക്കുന്നു?

രണ്ട് അവകാശവാദങ്ങളാണ് ഇവിടെ പരിശോധന ആവശ്യമുള്ളത്. 1. 1976-77ൽ അയോധ്യയിലെ ഭൂമിയിൽ ഖനനം നടത്തിയ ​ബി.ബി. ലാലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കെ.കെ. മുഹമ്മദിന്റെ സാന്നിധ്യം. 2. മസ്ജിദ് നിലനിന്ന സ്‍ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ബി.ബി. ലാൽ ഖണ്ഡിതമായി സ്ഥിരീകരിച്ചെന്നത്.

ബി.ബി. ലാൽ അയോധ്യയിൽ മൂന്നു സീസണുകളിൽ അഥവാ, 1969-70; 1976-77, 1979-80 വർഷങ്ങളിൽ ഗവേഷണം നടത്തിയിട്ടുണ്ട്. ഖനനത്തിന്റെ സമ്പൂർണ റി​പ്പോർട്ട് പുറത്തുവിടണമെന്ന് പലവുരു സമ്മർദമുയർന്നിട്ടും ഇടക്കാല റിപ്പോർട്ട് മാത്രമാണ് അദ്ദേഹം പുറത്തുവിട്ടത്. സമ്പൂർണ റിപ്പോർട്ട് ഒരിക്കലും പുറത്തുവന്നിട്ടില്ല. എന്നാൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാർഷിക റിപ്പോർട്ടുകളിൽ (ASIR/IAR) ഓരോ സീസണിലെയും ഹ്രസ്വ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ.എസ്.ഐ ​ലൈബ്രറിയിലും മറ്റിടങ്ങളിലും ഇവ ലഭ്യമാണ്. IAR 1969-70ൽ 40-41 പേജുകൾ; IAR 1976-77ൽ 52-53 പേജുകൾ; IAR 1979-80ൽ 76-77 പേജുകൾ എന്നിങ്ങനെ. ഇവ ഡൗൺലോഡ് ചെയ്യുകയോ വെറു​തെ കയറി വായിക്കുകയോ ആവാം.

ഇവയിലൊന്നും അവിടെ ഒരു ക്ഷേത്രം നിലനിന്നുവെന്നതിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് പരാമർശമില്ല. എന്നല്ല, ഒരു സൂചനപോലും നൽകുന്നില്ല. രണ്ടാമത്തേത്, ഈ ഖനനങ്ങൾ നടത്തിയ സംഘത്തിൽ കെ.കെ. മുഹമ്മദ് ഉൾപ്പെട്ടതായി അവയിലൊന്നും പരാമർശമില്ല. എൽ.കെ. അദ്വാനി നയിച്ച രഥയാത്ര വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും 1990 മുതൽ 1992 വരെ അതിന്റെ ഭാഗമായി കലാപങ്ങളും കാലുഷ്യങ്ങളും ബാബരി മസ്ജിദ് തകർക്കുന്നിടത്തെത്തിയതിനു പിറകെയാണ് ബി.ബി. ലാൽ ആർ.എസ്.എസ് ജിഹ്വയിൽ ഒരു ലേഖനമെഴുതുന്നത്. മസ്ജിദിനോടു ചേർന്ന സ്ഥലത്ത് ക്ഷേത്രത്തിന്റെ തൂണുകളുടെ അടിത്തറ കണ്ടെത്തിയെന്നായിരുന്നു അതിലെ വാദം! 1970 മുതൽ 1991 വരെ അദ്ദേഹം ഈ ‘കണ്ടെത്തലി’​നെ കുറിച്ച് പറഞ്ഞിട്ടേയില്ല.

അയോധ്യ രാഷ്ട്രീയ പ്രസ്ഥാനമായി രൂപമെടുക്കുമ്പോഴാണ് അദ്ദേഹത്തിന് ഓർമ തിരികെ വരുന്നത്. അത്തരം സുപ്രധാനമായൊരു കണ്ടെത്തൽ എന്തുകൊണ്ടാണ് എ.എസ്.ഐ ജേണലുകളിലോ മറ്റു പ്രസിദ്ധീകരണങ്ങളിലോ ലഭ്യമല്ലാത്തത്? എന്തുകൊണ്ടാണ് അബദ്ധജൽപനങ്ങളും വാദങ്ങളും എഴുന്നള്ളിക്കുന്നതിന് പേരുകേട്ട ആർ.എസ്.എസ് ജിഹ്വയിൽ അങ്ങനെയൊന്ന് എഴുതിവിട്ടത്?

എന്നുവെച്ചാൽ, ബി.ബി. ലാൽ ഖനനങ്ങൾക്ക് പതിറ്റാണ്ടുകൾ കഴിഞ്ഞ് അവിടെ ക്ഷേത്രാവശിഷ്ടങ്ങളോ മറ്റു വല്ല നിർമിതിയോ കണ്ടെത്തിയെന്ന് പറയുന്നത് യാഥാർഥ്യത്തെ അപഹസിക്കലും ശുദ്ധനുണയുമാണ്. കെ.കെ. മുഹമ്മദ് സംഘത്തിലുണ്ടായിരുന്നുവെന്നതും സമാനമായി ഭാവനാസൃഷ്ടിയാണെന്നു മാത്രമല്ല, അക്ഷരാർഥത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള അവകാശവാദവുമാണ്. ഒരുനാൾ പെട്ടെന്ന് 2019ലാണ് താനും 1976-77ലെ ആ സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് കെ.കെ. മുഹമ്മദിന് ഓർമ മുളക്കുന്നത്.

ആ വർഷം അദ്ദേഹം ചരിത്രവിഭാഗത്തിലുണ്ടായിരുന്നു (ചരിത്ര വിഭാഗം ചെയർമാൻ എന്ന നിലക്ക് 2019ൽ ഞാൻതന്നെ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്). ഒരു ദിവസംപോലും ഇതിനായി അവധിയെടുത്തതിനും അവിടെ തെളിവില്ല! 2019 ഒക്ടോബറിൽ ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിൽ താനും ആ സംഘത്തിലുണ്ടായിരുന്നുവെന്നും ക്ഷേത്രാവശിഷ്ടം ദർശിച്ച ‘ഏക മുസ്‍ലിം പ്രതിനിധി’ താനായിരുന്നുവെന്നും അദ്ദേഹം അവകാ​ശപ്പെടുന്നുണ്ട്. ‘ടൈംസ് ഓഫ് ഇന്ത്യ’ തന്നെ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഔദ്യോഗിക രേഖകൾ വെച്ച് ഇത് ഞാൻ അന്ന് ഖണ്ഡിച്ചിരുന്നു. അലീഗഢ് രേഖകൾ ഇത് സ്ഥിരീകരിക്കുന്നില്ലെന്നും എ.എസ്.ഐ റിപ്പോർട്ടുകൾ അദ്ദേഹത്തെ അംഗമായി എണ്ണുന്നില്ലെന്നും ഞാൻ വ്യക്തമാക്കി. അപ്പോഴേക്ക് രംഗത്തെത്തിയ ബി.ബി. ലാൽ അതുവരെയും അംഗമായി കൂട്ടാത്ത കെ.കെ. മുഹമ്മദ് തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് ‘ലണ്ടനിൽനിന്നയച്ച ഇ-മെയിൽ’ വഴി ഓർമപ്പെടുത്തുന്നു.

2019 ഒക്ടോബർ 14ന് പുറത്തിറങ്ങിയ ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ മറ്റ് മൂന്നു പേരുടെ പ്രസ്താവനകൾകൂടി നൽകുന്നുണ്ട്. ഇതിൽ രണ്ടുപേരും പറയുന്നു, മുഹമ്മദ് ആ സംഘത്തിൽ ഇല്ലായിരുന്നു. ഗ്വാളിയോർ മുനിസിപ്പൽ മ്യൂസിയം ഡയറക്ടറായി 2007ൽ വിരമിച്ച രമാകാന്ത് ചതുർവേദി ഉ​ണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഡൽഹി സ്കൂൾ ഓഫ് ആർക്കിയോളജി വിദ്യാർഥിയെന്നാണ് പരിചയപ്പെടുത്തുന്നത്.

ഭോപാൽ ആർക്കിയോളജി സൂപ്രണ്ട് ആയി വിരമിച്ച അശോക് പാണ്ഡെ വ്യക്തമാക്കിയത് മുഹമ്മദും സ്കൂൾ ഓഫ് ആർക്കിയോളജിയിലെ മറ്റ് 10 വിദ്യാർഥികളും രണ്ടു മാസ പരിശീലനത്തിന്റെ ഭാഗമായിട്ട് അവിടെയെത്തിയെന്നാണ്. 2005ൽ ​എ.എസ്.ഐയിൽനിന്ന് ​വിരമിച്ച ഒരു ഫോട്ടോഗ്രാഫർ അദ്ദേഹത്തെ സംഘത്തിലെ ‘ഏക മുസ്‍ലിം അംഗ’മായി പറയുന്നുണ്ട്. ഇത്രയും വിവരങ്ങൾ ‘ടൈംസ് ഓഫ് ഇന്ത്യ’ നൽകിയതിനു പിന്നാലെ താൻ അവിടെ ‘ട്രെയ്നി വിദ്യാർഥി’ ആയി എത്തിയെന്ന് കെ.കെ. മുഹമ്മദ് തിരുത്തി.

‘ബി.ബി. ലാൽ സംഘാംഗ’മാകുന്നതും വിദ്യാർഥിയെന്ന നിലക്ക് ആകസ്മികമായി അവിടെ എത്തുന്നതും തീർത്തും രണ്ടാണ്. അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നുവെന്ന് പരിചയപ്പെടുത്തുന്ന ഈ ഘട്ടത്തിൽ ശരിക്കും അദ്ദേഹം അലീഗഢിലായിരുന്നു. 2019 ഒക്ടോബറിൽ ഞാൻ പരിശോധിച്ച ഫയൽ അത് കൃത്യമായി പറയുന്നുണ്ട്. എന്നുവെച്ചാൽ, 1976-77ൽ അയോധ്യയിൽ ഖനനം നടത്തിയ ബി.ബി. ലാലിനൊപ്പമുള്ള സംഘത്തിൽ ഉണ്ടെന്ന വാദം ശുദ്ധ അസംബന്ധം. ചില രാഷ്ട്രീയ നേട്ടങ്ങൾക്കായി അത് ഇപ്പോൾ എഴുന്നള്ളിക്കപ്പെടുന്നുവെന്ന് മാത്രം. ഇല്ലാത്ത ഒരു ഗതകാലം പണിപ്പെട്ട് പടച്ചെടുത്തതിന് അർഹമായ കൂലി കിട്ടിക്കാണുമെന്ന് മാത്രം പ്രത്യാശിക്കാം.

 

മസ്ജിദ് അധികൃതർ പൂർണാർഥത്തിൽ മസ്ജിദ് നിലനിന്ന സ്ഥലം വിട്ടുകൊടുത്ത് ​അവിടെ ക്ഷേത്രം ഉയരട്ടെയെന്ന് വെച്ചിരുന്നെങ്കിൽ വിവാദം ഉണ്ടാകുമായിരുന്നില്ലെന്ന് കെ.കെ. മുഹമ്മദ് വാദിക്കുന്നുണ്ട്. ഇർഫാൻ ഹബീബിനെ പോലുള്ള ഇടത് ചരിത്രകാരന്മാർ മുസ്‍ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അതിൽ വീണുപോയ മുസ്‍ലിംകൾ മസ്ജിദ് ഹിന്ദുക്കൾക്ക് വിട്ടുനൽകില്ലെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ എത്തുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഇതിന് ഇർഫാൻ ഹബീബിന് ചരിത്രം മാപ്പുനൽകില്ലെന്നു കൂടി അദ്ദേഹം പറഞ്ഞുവെക്കുന്നു. ചരിത്രകാരന്മാരുടെ മേൽ ഭാരവും ബാധ്യതയും കെട്ടിവെക്കുന്നതിൽ അർഥമുണ്ടോ?

മുസ്‍ലിംകൾ നിരുപാധികം വിട്ടുനൽകിയാൽ പ്രശ്നം അവിടെ തീരുമായിരുന്നുവെന്നത് ലളിതമായി പറഞ്ഞാൽ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഇതേ നിലപാട് അദ്ദേഹത്തിന് സ്വീകരിക്കുന്നതിൽ തെറ്റില്ല. മറ്റുള്ളവർക്കുമാകാം. ഒരു ചരിത്രവിദ്യാർഥിയെന്ന നിലക്ക് ഇത് സംഭവിച്ചില്ലായിരുന്നെങ്കിൽ എന്തൊക്കെ സംഭവിക്കും എന്നത് ഇപ്പോൾ എനിക്ക് അനുമാനിക്കാനാകില്ല. കോടതി പരിഗണിച്ച വിഷയം ഇത് ആരുടെ ഭൂമിയാണ് എന്നതായിരുന്നു എന്നാണ് എന്റെ പക്ഷം. അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നോ ഇല്ലയോ എന്നതിന് സുപ്രീംകോടതി പോലും തെളിവിന്റെ ഒരു കണിക മുന്നോട്ടു​വെക്കുന്നില്ല. ഭൂരിപക്ഷ സമുദായ വിശ്വാസത്തെ മുൻനിർത്തി തീരുമാനമെടുക്കുകയായിരുന്നു.

കെ.കെ. മുഹമ്മദും സൂചിപ്പിച്ചത് ഭൂരിപക്ഷ സമ്മർദത്തിന് ദുർബലരായ ന്യൂനപക്ഷം നിന്നുകൊടുക്കണം എന്നായിരിക്കണം. കൃത്യമായ തെളിവുകളൊന്നും സമർപ്പിക്കപ്പെട്ടില്ല. രണ്ടാമതായി, സ്വാതന്ത്ര്യകാലഘട്ടത്തിൽ ആരാധനാലയത്തിന്റെ സ്വഭാവം നിലനിർത്തപ്പെടണമെന്നാണ് പാർലമെന്റ് നിയമം, ഭരണഘടനയുടെയും. പ്രഫ. ഇർഫാൻ ഹബീബിന്റെ മാതാപിതാക്കൾ വിവാഹിതരാകുന്നതിന് മുമ്പുതന്നെ ഈ തർക്കം കോടതിയുടെ പരിഗണനയിലുള്ളതാണ്. ഒരു പൈതൃക നിർമിതിയുമായി ബന്ധപ്പെട്ട് അത് ശക്തി ഉപയോഗിച്ച് പൊളിച്ചുനീക്കണമെന്ന് പറയുന്നവരും (1992ൽ അത് അവർ പൂർത്തിയാക്കുകതന്നെ ചെയ്തു) ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മറ്റുള്ളവരും തമ്മിലെ വ്യവഹാരം ഹൈകോടതിയിൽ പുരോഗമിക്കുകയായിരുന്നു.

മുതിർന്ന ചരിത്രകാര​നെന്ന നിലക്ക് അദ്ദേഹത്തോട് അഭിപ്രായമാരാഞ്ഞപ്പോൾ അത് നൽകിയതാണ്. ശക്തി ഉപയോഗിച്ച് പൊളിച്ചുനീക്കിയ ആ നിർമിതി ഒരു കാലഘട്ടത്തെ പ്രതിനിധാനംചെയ്യുന്നതാണ്. അത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. അത് നിലനിൽക്കണമെന്ന് ഭരണഘടന ഉറപ്പുനൽകണമെന്നാണ്. സ്വന്തം താൽപര്യങ്ങൾക്കായി വസ്തുതകളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നവരെ ചരിത്രം മറക്കാനും മാപ്പുനൽകാനുമിടയില്ല. ചരിത്രകാരന്മാർ കണ്ടെടുത്ത തെളിവുകളൊന്നും കോടതി എതിർത്തിട്ടില്ല. എന്നല്ല, സുപ്രീംകോടതി വിധി വായിച്ചാൽ, ഇർഫാൻ ഹബീബിനെപ്പോലുള്ള ചരിത്രകാരന്മാർ വ്യക്തമാക്കിയതത്രയും സാധൂകരിക്കുകയാണ് ചെയ്യുന്നത്. മസ്ജിദും രാജ്യത്തെ സൗഹാർദവും തകർത്തവർ നടത്തിയ ഹിംസയെ അത് എടുത്തുപറയുന്നുമുണ്ട്.

ബാബരി മസ്ജിദ് സ്ഥലത്തെ ഖനനത്തിൽ നിങ്ങളും പങ്കാളിയായതാണ്. പ്രഫ. മണ്ഡലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തലുകൾ എന്തൊക്കെയാണ്? ക്ഷേത്രാവശിഷ്ടം കണ്ടെത്തിയെന്ന കെ.കെ. മുഹമ്മദിന്റെ വെളിപ്പെടുത്തൽ എങ്ങനെയാണ് കാണുന്നത്? ആവശ്യമായ പുരാവസ്തു ശാസ്ത്ര നിയമങ്ങൾ പാലിച്ചായിരുന്നോ ഖനനവും കണ്ടെത്തലും. തെളിവുശേഖരണത്തിനുൾപ്പെടെ ചട്ടങ്ങൾ ശരിയായി സ്വീകരിക്കപ്പെട്ടായിരുന്നോ അന്വേഷണം. മുഹമ്മദിന്റെ വാദം തെളിയിക്കുന്ന തെളിവുകൾ വല്ലതും?

അയോധ്യയിൽ മസ്ജിദ് നിന്ന സ്ഥലത്ത് 2003ൽ കോടതി ഉത്തരവുപ്രകാരം നടന്ന ഖനനങ്ങളെ കുറിച്ചാണെങ്കിൽപോലും ഒരു ഖനനത്തിലും ഞാൻ പങ്കാളിയായിരുന്നില്ല. അലീഗഢിൽ ബിരുദാനന്തര കോഴ്സ് എന്ന നിലക്ക് മധ്യകാല പുരാവസ്തു ശാ​സ്ത്രമാണ് എന്റെ അധ്യാപന മേഖല. ഖനനങ്ങളിൽ ഹൈകോടതി നിയമിച്ച ‘നിരീക്ഷകരി’ൽ ഒരാളായി പല​പ്പോഴും ഞാനുമുണ്ടായിരുന്നു. അന്തരീക്ഷം കലുഷിതമാക്കി നിറഞ്ഞുനിൽക്കുന്ന വിവാദങ്ങൾ, തെറ്റിദ്ധാരണകൾ എന്നിവയുടെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ താൽപര്യങ്ങളുടെയും പശ്ചാത്തലത്തിൽ, കൃത്യമായ നിരീക്ഷണത്തിനും ജനങ്ങളിൽ വിശ്വാസ്യത നിലനിർത്താനും ഒരുപറ്റം നിരീക്ഷകരെ വെക്കാ​ൻ കോടതി തീരുമാനമെടുത്തു. ഈ നിരീക്ഷകർക്ക് പുറമെ രണ്ട് മജിസ്ട്രേറ്റുമാരുടെ സാന്നിധ്യവുമുണ്ടായി.

തർക്കങ്ങളോ ക്രമക്കേടു​കളോ തോന്നിയാൽ ബന്ധപ്പെട്ട കക്ഷികൾക്കും നിരീക്ഷകർക്കും മറ്റും അവക്ക് മുമ്പാകെ അപ്പീൽ നൽകാമെന്നതാണ് ഇതിന്റെ സൗകര്യം. അങ്ങനെ, അതത് ദിവസം നടപടികൾ പൂർത്തിയാക്കുമ്പോൾ കണ്ടെത്തിയ പുരാവസ്തുക്കൾ രേഖപ്പെടുത്തുകയും ലിസ്റ്റ് ചെയ്യുകയും ചെയ്യും. ഒന്നും കാണാതെ പോയില്ലെന്ന് നിരീക്ഷകർ ഉറപ്പാക്കും. അത്തരം ഒരു നിരീക്ഷകനെന്ന നിലക്ക് എനിക്ക് പറയാനാകും, 2003ൽ അയോധ്യയിൽ എ.​എസ്.ഐ നടത്തിയ ഇത്തരം ഖനനങ്ങൾ പ്രഫഷനലിസത്തിന്റെ അഭാവം നിഴലിക്കുന്നതാണെന്നു മാത്രമല്ല, കണ്ടെത്തലുകളെ വളച്ചൊടിക്കാൻ എ.എസ്.ഐയുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ കാണാവുന്നതുമാണ്.

ചിലത് മാത്രം ഞാനിവിടെ പരാമർശിക്കാം: ഞാനവിടെയുള്ളപ്പോൾ മസ്ജിദ് നിന്ന സ്ഥലത്തായി താഴെ അസ്ഥികൂടമുള്ള മുസ്‍ലിം ശ്മശാനം കണ്ടെത്തി. മുസ്‍ലിം ശ്മശാനമായിരുന്നതിനാൽ ഖിബ്‍ല അഭിമുഖീകരിച്ച് കിടത്തിയ മൃതദേഹമാണെന്ന ഞങ്ങളുടെ എതിർപ്പ് അവഗണിച്ച്, താഴികക്കുടങ്ങൾ നിലംപതിച്ചപ്പോൾ അടിയിൽപെട്ട ഒരു കർസേവകന്റെയാണെന്നായിരുന്നു എ.എസ്.ഐ രേഖപ്പെടുത്തിയത്! ഞങ്ങളുടെ എതിർപ്പുകൾ അവഗണിക്കപ്പെട്ടു. 2. ഓരോ ദിവസവും കിടങ്ങു കീറുമ്പോൾ (മുമ്പ് മസ്ജിദ് നിന്ന സ്ഥലത്ത് അടിയിൽ) വളർത്തുമൃഗങ്ങളുടെ അസ്ഥികൂടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ വ്യാപകമായി കണ്ടെത്തി.

മാംസം കഴിക്കുന്ന ആളുകൾ വസിച്ച സ്ഥലമെന്ന് തെളിയിക്കാൻപോന്നതായിരുന്നു കണ്ടെത്തൽ. എന്നാൽ, ഇവ രേഖപ്പെടുത്താതെ തിടുക്കപ്പെട്ട് ദൂരെ കളഞ്ഞു. 3. ഖനനത്തിനിടെ മസ്ജിദിനടിയിൽ നിരവധി നിലകൾ (വിവിധ കാലഘട്ടങ്ങളെയും രീതികളെയും കുറിക്കുന്ന വ്യത്യസ്ത പാളികൾ) കണ്ടെത്തി. ഇഷ്ടികയിൽ തീർത്ത ഈ പാളികൾ എ.എസ്.ഐ സംഘം ബോധപൂർവം മാറ്റി. കൃത്യമായ ഇടവേളകളിൽ ‘സ്തൂപ അടിത്തറകൾ’ കണ്ടെത്തിയെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. ഇതിങ്ങനെ നീക്കംചെയ്യുകയും ഭാവനയിലുള്ള ക്ഷേത്രത്തിന്റെ ‘ചതുര അടിത്തറകൾ’ എന്ന് വരുത്തുകയും ചെയ്യുന്ന ഈ ആസൂത്രിത നടപടികൾക്കെതിരെ നിരീക്ഷകർ പ്രതിഷേധം അറിയിക്കുന്നത് തുടർന്നു.

4. പടിഞ്ഞാറെ അറ്റത്ത് പടിഞ്ഞാറ്, വടക്ക്, തെക്ക് ഭാഗങ്ങളിലായി സാധാരണ ചുവരുകളുള്ള ഒരു നിർമിതി കണ്ടു. സുൽത്താനേറ്റ് കാലഘട്ടത്തിന്റെ പതിവ് കാഴ്ചയായിരുന്ന ഒരു ‘ഖനാതി’ മസ്ജിദ് (മുകൾ തട്ടില്ലാ​തെ ഖിബ്‍ല ദിശകൾ കാണിക്കുന്ന സാധാരണ ചുവരുകൾ മാത്രമുള്ള മസ്ജിദ്) ആണിതെന്ന് വ്യക്തം. എതിർപ്പുകൾ അവഗണിച്ച്, ഇതും രേഖപ്പെടുത്താതെ വിട്ടു. മാത്രവുമല്ല, തിടുക്കപ്പെട്ട് ഇത് മായ്ച്ചുകളയുകയും ചെയ്തു. അതിനും താഴെ ഒരു ചൈത്യനിർമിതി കണ്ടെത്തി. ബുദ്ധ ഭൂതകാലം തെളിയിക്കുന്നതായിരുന്നു ഇത്. എന്നിട്ടും റിപ്പോർട്ട് (തീർപ്പ് നൽകിയത് ഇതായിരുന്നു) ഒരു സ്തൂപമുള്ള ക്ഷേത്രത്തെക്കുറിച്ചാണ് സംസാരിച്ചത്! ‘ക്ഷേത്ര തെളിവുകൾ’ കണ്ടെത്തിയെന്ന് കെ.കെ. മുഹമ്മദ് പറഞ്ഞതുകൊണ്ടാണ് ഇതത്രയും ഇവിടെ രേഖപ്പെടുത്തുന്നത്.

കെ.കെ. മുഹമ്മദിനെ പോലുള്ളവരുടെ വാദങ്ങൾ സുപ്രീം കോടതിപോലും അംഗീകരിക്കുന്നില്ല. കോടതികൾക്ക് മുമ്പാകെ എ.എസ്.ഐ സമർപ്പിച്ച റിപ്പോർട്ട് ഈ വാദങ്ങളത്രയും നിഷേധിക്കുന്നവയാണ്. ഈ എ.എസ്.ഐ റിപ്പോർട്ട് പക്ഷേ, ഒരിക്കലും പൊതുജനസമക്ഷം എത്തിയില്ല. അതിന്റെ ഒരു പകർപ്പ് എന്റെ വശമുണ്ട്. മാത്രവുമല്ല, ഒരു ക്ഷേത്രം നിലനിന്നതായി റിപ്പോർട്ടിലെ നേരിയ പരാമർശംപോലും കോടതി തള്ളുകയായിരുന്നു. കള്ളം പറയുകയാണ് കെ.കെ. മുഹമ്മദ്. ജനങ്ങളുടെ വികാരംവെച്ച് കളിക്കുകയാണ് അയാൾ.

ചുരുക്കിപ്പറഞ്ഞാൽ, ഖനനത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, രേഖപ്പെടുത്തൽ സത്യസന്ധമായി നടത്തിയതുമില്ല. പുരാവസ്തു ഗവേഷകരായ സുപ്രിയ വർമയും ജയ മേനോനും ഇതുസംബന്ധിച്ച് ‘ഇ.പി.ഡബ്ല്യൂ’വിലും ‘വയറി’ലുമടക്കം പരമ്പരയായി പ്രസിദ്ധീകരിച്ച ​പ്രബന്ധങ്ങൾ വായിക്കണമെന്ന് താൽപര്യമുള്ളവരോട് അപേക്ഷിക്കുകയാണ്.

 

ശിലാലിഖിത വിദഗ്ധനെന്ന നിലക്ക് ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി മു​ൻ പ്രഫസർ ടി.പി. വർമ ശിലാലിഖിതങ്ങൾ പരിശോധിച്ച് ഒരു ക്ഷേത്രമെന്ന സൂചന നൽകുന്നുവെന്ന് അഭിപ്രായ​പ്പെട്ടിരുന്നു. പ്രഫ. വർമയുടെ കണ്ടെത്തലുകളെക്കുറിച്ച് എന്തു പറയുന്നു?

ഖനനം തുടങ്ങുന്നതിന് കുറച്ചു വർഷങ്ങൾക്ക് മുമ്പ് ലഖ്നോ മ്യൂസിയത്തിൽനിന്ന് അയോധ്യയിലെ ഒരു ശിലാലേഖ കാണാതായി. ഖനനം പൂർത്തിയായപ്പോൾ രാമക്ഷേത്രത്തിന്റെ ‘തെളിവായി’ ലിഖിതമുള്ള ഒരു ശില ‘‘കണ്ടെത്തിയതായി’’ അവർ നമ്മോട് പറഞ്ഞു. സംസ്കൃത ശിലാലിഖിതങ്ങൾ, പുരാവൃത്തങ്ങൾ എന്നിവയിൽ വിദഗ്ധനായ പ്രഫ. പുഷ്പ പ്രസാദ് സമർപ്പിച്ച ഒരു പ്രബന്ധം ഇവിടെ പ്രസക്തമാണ്. 2003 ഡിസംബറിൽ ആ വർഷത്തെ ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ അവതരിപ്പിച്ചതായിരുന്നു പ്രബന്ധം.

‘‘അയോധ്യയിൽ അടുത്തായി കണ്ടെത്തിയ മൂന്ന് പുരാവൃത്തങ്ങൾ’’ എന്നാണ് തലക്കെട്ട്. ടി.പി. വർമ ഭാഗികമായി വായിച്ച ശിലാലിഖിതം യഥാർഥത്തിൽ രണ്ട് വ്യത്യസ്ത ശിലാലിഖിതങ്ങൾ തെറ്റിദ്ധാരണ പരത്താൻ ഒന്നിപ്പിച്ചത് (അദ്ദേഹത്തിന് രണ്ടായിട്ട് നൽകിയതുമാണ്) ആണ്. രണ്ട് കാലഘട്ടങ്ങളിലെ രണ്ട് പുരാവൃത്തങ്ങൾ ഒന്നായി ചേർത്ത് ഒരു ക്ഷേത്രത്തിന്റെ തെളിവായി അവതരിപ്പിക്കുക വഴി പൊതുജനത്തോട് കാണിച്ചത് എത്ര വലിയ ചതിയാണെന്ന് നിങ്ങൾ മനസ്സിലാക്കണം.

അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന വിശ്വാസത്തിന് തെളിവുണ്ടോ? ബാബരി മസ്ജിദ് സ്ഥലം സന്ദർശിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്ത ആളെന്ന നിലക്ക് ഈ വാദത്തോട് യോജിക്കുന്നുണ്ടോ?

രാമായണത്തിലെ ശ്രീരാമനെയും ആധുനിക അയോധ്യയെയും ബന്ധിപ്പിക്കുന്ന തെളിവുകളുടെ കണിക പോലുമില്ല. പുരാതനകാല​ത്ത് ഈ സ്ഥലം ബുദ്ധരുടെ കേന്ദ്രമായ സാകേത് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അതിന് നമുക്ക് തെളിവുകളുണ്ട്. അഫ്ഗാനിസ്താൻ മുതൽ ഇന്തോനേഷ്യ വരെ അദ്ദേഹവുമായി ചേർത്തുപറയുന്ന ഇടങ്ങൾ അനവധിയുണ്ട്. ഇതിൽ ഏതാണ് യഥാർഥത്തിലുള്ളതെന്ന ചോദ്യത്തിന് ഒരാൾക്കും ഉത്തരം പറയാനാകില്ല.

അക്ബർ ഭരണകാലത്താണ് രാമഭഗവാനെന്ന ​ഐതിഹ്യം കൂടുതൽ പ്രാമാണ്യം നേടിത്തുടങ്ങിയ​തെന്നാണ് കരുതുന്നത്. അയോധ്യയിലെ ക്ഷേത്രങ്ങളിലേറെയും അവധിലെ നവാബുമാരുടെ കാല​ത്തുള്ളതാണ്. ഈ നഗരത്തിന് പക്ഷേ, ബുദ്ധനുമായി ബന്ധമുണ്ട്. ഇസ്‍ലാമിൽ രണ്ട് പ്രവാചകന്മാരുമായും ഇത് ബന്ധപ്പെട്ടുനിൽക്കുന്നു. അയോധ്യയിൽ ഇപ്പോഴും അവരുടെ കല്ലറകൾ ആദരിക്കപ്പെട്ടുപോരുന്നുണ്ട്.

സിന്ധു നദീതട ഖനനങ്ങൾക്ക് നേതൃത്വം നൽകിയ സർ മോർട്ടിമർ വീലർക്കൊപ്പം പ്രവർത്തിച്ച് പ്രശസ്തിയാർജിച്ച ബി.ബി. ലാലിനെപ്പോലുള്ള ചിരപ്രതിഷ്ഠരായ പുരാവസ്തു ഗവേഷകർ എങ്ങനെയാണ് യുക്തിയിലധിഷ്ഠിതമായ വ്യവസ്ഥകളും നടപടിക്രമങ്ങളും ബലികഴിച്ചിട്ടുണ്ടാകുക? പ്രത്യക്ഷമായി മതേതരമെന്നതിൽനിന്ന് പരസ്യമായ ഹിന്ദുഭൂരിപക്ഷ ഭരണമെന്നതിലേക്ക് പരിവർത്തനത്തിന് നിർബന്ധിതരാകുന്ന പണ്ഡിതരുടെ വിശാലമായ ധാർമിക നിലപാടും പ്രഫഷനൽ ബാധ്യതയും സംബന്ധിച്ച് താങ്കളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കാമോ?

വിഖ്യാതനായ പുരാവസ്തു പണ്ഡിതനായിരുന്നു ബി.ബി. ലാൽ. ഭൂരിപക്ഷ ജനകീയതയുടെ അൾത്താരയിൽ അതദ്ദേഹം ബലികഴിച്ചു. എൽ.കെ. അദ്വാനി നയിച്ച രഥയാത്രയുടെ വിജയത്തിന് പിന്നാലെ അതിദ്രുതം ഹിന്ദുത്വ ഭ്രാന്ത് പടർന്നുകയറിയപ്പോൾ താവളം മറന്ന ലാൽ തന്റെ പ്രഫഷനൽ നേട്ടങ്ങൾ പിന്തുണക്കാത്ത വാദങ്ങൾ ഉയർത്താൻ തുടങ്ങി. കൂടുതലൊന്നും ഞാൻ പറയുന്നില്ല.

 

അയോധ്യയിലെ ഖനനങ്ങളെക്കുറിച്ച് പലരുമറിയാത്ത വസ്തുതകൾ അടുത്തറിഞ്ഞ ജയ മേനോൻ, സുപ്രിയ വർമ എന്നീ പുരാവസ്തു ഗവേഷകർ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്, എ.എസ്.ഐ സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ചും ഖനനം സംബന്ധിച്ച അന്തിമ റിപ്പോർട്ടിനെക്കുറിച്ചും തങ്ങൾ ഉപക്ഷേപം ഉന്നയിച്ചിരുന്നുവെന്ന്. പല അർഥത്തിൽ, എ.എസ്.ഐ പ്രവർത്തനം തകർക്കപ്പെട്ട മസ്ജിദിനടിയിൽ ക്ഷേത്രാവശിഷ്ടം കണ്ടെത്തുകയെന്ന നേരത്തേ നിശ്ചയിച്ച ധാരണയോടെയാണ് പ്രവർത്തിച്ചത്. സംഭവസ്ഥലത്തുണ്ടാകുകയും എ.എസ്.ഐക്ക് വിരുദ്ധാഭിപ്രായം പങ്കുവെക്കുകയും ചെയ്ത രണ്ട് പുരാവസ്തു ഗവേഷകരെയും കുറിച്ച് എന്താണ് പറയാനുള്ളത്?

ഖനനങ്ങൾക്കിടയിൽ നടന്നതെന്തെന്ന് ഞാൻ നേരത്തേ പറഞ്ഞു. ​ഇരുവരുടെയും എഴുത്തിനെക്കുറിച്ചും പറഞ്ഞു. നമ്മുടെ പൈതൃകം സംരക്ഷിക്കാനായി ഔദ്യോഗികമായി ചുമതലയുള്ള ഒരു സമിതി അയോധ്യയിൽ എന്തു ചെയ്തുകൂട്ടിയെന്ന് ഇരുവരും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. എ.എസ്.ഐ ഏറ്റെടുത്ത ദൗത്യം ഗൗരവത്തോടെ ഏറ്റെടുത്ത് സ്ഥലത്ത് ഖനനം നടത്തുക മാത്രമായിരുന്നു പുരാവസ്തു ഗവേഷകർ.

ബി.ബി. ലാലിനെപ്പോലെ ബി.ആർ. മണിയും ഇത്രകാലം വരെയും ഏറെ ആദരിക്കപ്പെട്ട പുരാവസ്തു ഗവേഷകനാണ്. ഭരണകൂട സമ്മർദത്തിന് അദ്ദേഹവും കീഴ്പ്പെട്ടുവെന്ന് മാത്രമല്ല, തനിക്കൊപ്പം എ.​എസ്.ഐയുടെ ഖ്യാതിയും അദ്ദേഹം കളങ്കിതമാക്കി. മറ്റിടങ്ങളിൽ ഇവർ നടത്തിയ ഗവേഷണങ്ങൾ അയോധ്യയിൽനിന്ന് തീർത്തും വൈരുധ്യം പേറുന്നതാണ്. അതുകൊണ്ടുതന്നെയാകണം, 2003ലെ അയോധ്യ ഖനനങ്ങളിൽ ഒരാളുടെ പേരും വഹിക്കാത്തതായത്.

(മൊഴിമാറ്റം: കെ.പി. മൻസൂർ അലി)

News Summary - weekly interview