‘തെരഞ്ഞെടുപ്പ് വിജയിക്കാൻ ബി.ജെ.പി എന്തും ചെയ്യും’
ആക്ടിവിസ്റ്റും ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെൽതുംബ്ഡെ അടുത്തു വരാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നീക്കങ്ങൾ എന്താവുെമന്ന് വിശകലനം ചെയ്യുന്നു. ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു നേതാവ്, ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് പോലുള്ള അപകടകരമായ മുദ്രാവാക്യങ്ങൾ രാജ്യത്തെ എങ്ങോട്ടു നയിക്കും?ഇന്ത്യയിലെ പൗരാവകാശ പ്രസ്ഥാനത്തിന് വളരെയേറെ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളിലൊരാളാണ് ഡോ. ആനന്ദ് തെൽതുംബ്ഡെ. തന്റെ ഔദ്യോഗിക മേഖലകളായ ടെക്നോളജി, മാനേജ്മെന്റ് വിഷയങ്ങളിൽ വിചക്ഷണനും...
Your Subscription Supports Independent Journalism
View Plansആക്ടിവിസ്റ്റും ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെൽതുംബ്ഡെ അടുത്തു വരാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നീക്കങ്ങൾ എന്താവുെമന്ന് വിശകലനം ചെയ്യുന്നു. ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു നേതാവ്, ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് പോലുള്ള അപകടകരമായ മുദ്രാവാക്യങ്ങൾ രാജ്യത്തെ എങ്ങോട്ടു നയിക്കും?
ഇന്ത്യയിലെ പൗരാവകാശ പ്രസ്ഥാനത്തിന് വളരെയേറെ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളിലൊരാളാണ് ഡോ. ആനന്ദ് തെൽതുംബ്ഡെ. തന്റെ ഔദ്യോഗിക മേഖലകളായ ടെക്നോളജി, മാനേജ്മെന്റ് വിഷയങ്ങളിൽ വിചക്ഷണനും സജീവസാന്നിധ്യവുമായ അദ്ദേഹം നാലു പതിറ്റാണ്ടായി ഉയർന്ന മാനേജ്മെന്റ് പദവികൾ വഹിക്കുന്നു. അക്കാദമിഷ്യൻ, എഴുത്തുകാരൻ, കോളമിസ്റ്റ്, ബുദ്ധിജീവി എന്നിങ്ങനെ വിവിധ മേഖലകളിലും സജീവം.
ജനാധിപത്യ അവകാശ സംരക്ഷണ സമിതി (സി.ഡി.പി.ആർ) ജനറൽ സെക്രട്ടറി, വിവരാവകാശ ദേശീയ ഫോറം പ്രസീഡിയം അംഗം പദവികൾ വഹിക്കുന്ന അദ്ദേഹം വർത്തമാന വിഷയങ്ങളിൽ തുടർച്ചയായി എഴുതുന്നു. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലാകുംവരെ ‘ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി’യിൽ സ്ഥിരം കോളമിസ്റ്റായിരുന്നു. 2024 തെരഞ്ഞെടുപ്പിലെ ബി.ജെ.പി തന്ത്രങ്ങളും നയങ്ങളുമാണ് അദ്ദേഹം ഇൗ സംഭാഷണത്തിൽ വിലയിരുത്തുന്നത്.
ബി.ജെ.പി സർക്കാറിന്റെ ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന തന്ത്രപരമായ നീക്കത്തെ കുറിച്ച് വിശദീകരിക്കാമോ? ഭരണഘടനയുടെ ഫെഡറൽ ഘടന തന്നെ അട്ടിമറിക്കാനും രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിക്കുന്നതിൽ ജനാധിപത്യത്തിന്റെ സാധ്യതകളെ ഉന്മൂലനം ചെയ്യാനുമുള്ള നിഗൂഢമായ നീക്കമല്ലേ ഇത്?
അതേ, തീർച്ചയായും ഭരണഘടനയുടെ ഫെഡറൽ ഘടനയെ തകർക്കാനുള്ള തന്ത്രപരമായ നീക്കമാണിത്. അതിനപ്പുറത്ത്, ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര അജണ്ടയിലേക്കുള്ള നീക്കംകൂടിയായി ഇത് മനസ്സിലാക്കണം. അത് മുന്നോട്ടുവെക്കുന്ന ഏകത്വം (ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു നേതാവ്...) രാജ്യത്ത് ഓരോ തലത്തിലും നടപ്പാക്കി രാജ്യത്തിന്റെ ആത്മാവായി വിശേഷിപ്പിക്കാവുന്ന നാനാത്വം എല്ലാതലങ്ങളിലും മായ്ച്ചുകളയലാണ് ലക്ഷ്യം.
ജനാധിപത്യത്തിനും ഭരണഘടനക്കുമെതിരെ പരസ്യമായി സംസാരിക്കുന്നത് ചേർന്നതല്ലെന്ന് കരുതുന്നുണ്ടാകാമെങ്കിലും അവ രണ്ടിനോടും അശേഷം ഇഷ്ടം അതിനില്ല. ഭരണഘടന സ്വീകരിക്കപ്പെടുന്ന ഘട്ടത്തിൽ, ‘‘മനുസ്മൃതി അനുശാസിക്കുംപ്രകാരം പൗരാണിക ഭാരതീയ ഭരണഘടനാനിയമങ്ങൾ, സ്ഥാപനങ്ങൾ, സംജ്ഞകൾ, ഭാഷാരീതി എന്നിവ പ്രകാരമായില്ലെന്ന്’’ നിശിതവിമർശനം ഉയർന്നതാണെന്ന് മനസ്സിലാക്കണം.
ഭരണഘടന ഫെഡറൽ ഘടനയാണ് മുന്നോട്ടുവെക്കുന്നതെങ്കിലും കേന്ദ്രഭരണത്തിന് സ്വാഭാവികമായ മേൽക്കൈ അനുവദിക്കുന്നുണ്ട്. സംസ്ഥാനങ്ങളെ വരുതിയിൽ നിർത്താവുന്ന അധികാരങ്ങൾ അതിന് അത് വകവെച്ചുനൽകുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ സഹജമായ സാമ്പത്തിക അസമത്വം ഈ ഉത്തരവാദിത്തങ്ങളെ പ്രതിലോമകരമായി ബാധിക്കാൻ പോന്നതാണ്. വിഭവസമാഹരണ ശേഷി കേന്ദ്രത്തിൽ നിക്ഷിപ്തമാകുകയും എന്നാൽ, സാമൂഹിക-സാമ്പത്തിക ഉത്തരവാദിത്തങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറുകയും ചെയ്തിരിക്കുന്നു. തങ്ങളുടേതായ വരുമാന ഉൽപാദനശേഷികൾ നിലവിലുള്ളതിനപ്പുറത്തേക്ക് വ്യാപിപ്പിക്കാൻ സംസ്ഥാനങ്ങളെ ഇത് നിർബന്ധിതരാകുന്നു.
അതിന്, കേന്ദ്രം സമാഹരിച്ച വിഭവങ്ങളുടെ വിഹിതത്തെ കുറിച്ച് തീരുമാനിക്കാനും കൈമാറാനും ഓരോ അഞ്ചു വർഷത്തിലും ധനകാര്യ കമീഷനുകൾ നിയമിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ഈ സംവിധാനത്തിൽ ഗുരുതരമായ വീഴ്ചകൾ നിലനിൽക്കുന്നു. ഈ കമീഷനുകളെ വെക്കുന്നത് കേന്ദ്രമാകുകയും അവയുടെ പ്രവർത്തനമേഖലയും പരിധിയും അവർതന്നെ നിശ്ചയിക്കുകയും ചെയ്യുമ്പോൾ അവ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ സ്വതന്ത്രമാകുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. എന്നു മാത്രമല്ല, സമാഹരിക്കപ്പെടുന്ന വിഭവങ്ങളിൽ വലിയപങ്കും ധനകാര്യ കമീഷന്റെ പരിധിക്ക് പുറത്തായാണ് സൂക്ഷിക്കപ്പെടുന്നത്. വിവേചനം നടത്താനും ഉപയോഗിക്കുന്നതിൽ കേന്ദ്ര നിയന്ത്രണം പാലിക്കാനും ഇടം നിലനിർത്തുക സ്വാഭാവികം.
വിശിഷ്യാ, മോദിസർക്കാർ ആസൂത്രണ കമീഷനും ദേശീയ വികസന കൗൺസിലും പിരിച്ചുവിടുക കൂടി ചെയ്ത സാഹചര്യത്തിൽ. ‘ഇരട്ട എൻജിൻ സർക്കാർ’ എന്ന വാചാടോപം യഥാർഥത്തിൽ ഈ നാണംകെട്ട വിവേചനത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നതാണ്. വർഷങ്ങളായി സെസുകൾ, സർചാർജുകൾ എന്നിവയെ അമിതമായി അവലംബിക്കുന്ന പ്രവണതയുണ്ട്. ഇവയാകട്ടെ, ധനകാര്യ കമീഷനുകളുടെ വരുമാന പങ്കാളിത്ത പരിധിയിൽ വരാത്തവയും. മോദിഭരണത്തിൽ ഇത് മൊത്തം വരവിന്റെ 15 ശതമാനത്തോളം വരുന്നതുമാണ്.
വിഭവകൈമാറ്റം ഈ സ്ഥിതിയിൽ നിൽക്കെ, മോദിസർക്കാർ ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കുക കൂടി ചെയ്തത് കൂനിന്മേൽ കുരുവായാണ് ഭവിച്ചത്. ജി.എസ്.ടി പരിധിക്കു പുറത്തായി നിശ്ചയിച്ച മദ്യത്തിന്റെ വിൽപന നികുതി, ഇന്ധനത്തിനു മേലുള്ള എക്സൈസ് തീരുവ എന്നിവ ഒഴിച്ചാൽ സംസ്ഥാന സർക്കാറുകൾക്ക് സ്വന്തമായി വിഭവസമാഹരണം അക്ഷരാർഥത്തിൽ സാധ്യമല്ലെന്നതായി സ്ഥിതി. തങ്ങളുടെ പകുതിയോളം വിഭവങ്ങൾക്കും കേന്ദ്രം കനിയണമെന്നതാണ് സംസ്ഥാനങ്ങളുടെ അവസ്ഥ. സ്വന്തം വരുമാനത്തിന്റെ മൂന്നിൽ രണ്ടിനു മേലും തങ്ങൾക്ക് നിയന്ത്രണമില്ലാതായി മാറുകയും ചെയ്തു. ജി.എസ്.ടി രൂപകൽപനയും നടപ്പാക്കലും രാജ്യത്തിന്റെ സാമ്പത്തിക ഫെഡറലിസത്തെ ഗുരുതരമായി അപകടത്തിലാക്കിയിട്ടുണ്ട്.
അതിനു പിറകെ, ഓരോ അഞ്ചു വർഷത്തിനിടയിൽ ഒന്നിച്ചുമാത്രം തെരഞ്ഞെടുപ്പ് പദ്ധതിയിടുന്ന ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ (ONOE) രാഷ്ട്രീയ ഫെഡറലിസംകൂടി തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. രസകരമായ വസ്തുത, വിഷയം തീരുമാനിക്കാനായി എതിർപ്പില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ അധ്യക്ഷൻ രാംനാഥ് കോവിന്ദ് മുമ്പ് ഇന്ത്യൻ പ്രസിഡന്റ് പദവിയിലിരിക്കെ 2018 ജനുവരിയിൽ പാർലമെന്റിൽ നടത്തിയ പ്രഭാഷണത്തിൽ ഈ പരിഷ്കാരം പ്രഖ്യാപിച്ചിരുന്നു. ഈ സമിതി മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ എന്താകുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. അവിടെ എല്ലാ സംസ്ഥാന ഭരണസംവിധാനങ്ങളും വ്യർഥമായ ഔപചാരികത മാത്രമായി പരിമിതപ്പെടുന്നതായി മാറും.
ഇനി ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ എന്നതിലേക്കു വന്നാൽ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ 1959ൽ ഒന്നിച്ചുതന്നെയാണ് നടന്നിരുന്നത്. അത് തടസ്സപ്പെടുന്നത് കേരളത്തിൽ ജനം തെരഞ്ഞെടുത്ത പ്രഥമ സർക്കാറിനെ 356ാം വകുപ്പ് പ്രയോഗിച്ച് മറിച്ചിടുന്നതോടെയാണ്. ഭരണഘടന ചട്ടക്കൂട് പ്രകാരം ഈ ചക്രം പുനഃസ്ഥാപിക്കുക പിന്നീട് സാധ്യമാകുമായിരുന്നില്ല.
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിന്റേതായി പറയുന്ന ആനുകൂല്യങ്ങൾ സന്ദിഗ്ധമാണ്. സർക്കാറുകളുടെ കേന്ദ്രീകരണവും ശ്രദ്ധയും മെച്ചപ്പെടുമെന്ന ആരോപണമാണ് അതിലൊന്ന്. പ്രധാനമന്ത്രിയും കേന്ദ്രസഭയിലെ മന്ത്രിമാരും തെരഞ്ഞെടുപ്പുകൾക്കായി ഓടിനടക്കേണ്ടിവരുന്നത് അവരുടെ ഉത്തരവാദിത്ത നിർവഹണത്തെ ബാധിക്കുന്നുവെന്നതാണ് പ്രശ്നം. എന്നാൽ, പാർലമെന്റിലെ ഭരണനിർവഹണ വിഭാഗം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇറങ്ങരുതെന്ന് ഭരണഘടനാ ഭേദഗതി വരുത്തിയാൽ തീരുന്നതേയുള്ളൂ ഈ പ്രശ്നം. ഭരണകക്ഷി ചെലുത്താവുന്ന അമിതസ്വാധീനം നിയന്ത്രിക്കാൻ കൂടി ഇത് സഹായകമാകും. തെരഞ്ഞെടുപ്പ് പട്ടികകൾക്കായുള്ള ചെലവ് ചുരുക്കൽ, സർക്കാർ-സുരക്ഷാ സംവിധാനങ്ങൾ, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവയുടെ തുടർച്ചയായ ഇടപഴകൽ ഒഴിവാക്കൽ എന്നിവയാണ് ആരോപിക്കപ്പെടുന്ന മറ്റൊരു ഗുണം.
പരമാവധി സ്വതന്ത്രമായി നിൽക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ, നിതി ആയോഗ് എന്നിവ ചെലവ് പകുതിയായി ചുരുക്കാമെന്ന് അവകാശപ്പെട്ട സ്ഥിതിക്ക് ഇത് ശരിയെന്നു സമ്മതിക്കാം. എന്നാൽ സൗജന്യ പ്രഖ്യാപനങ്ങൾ, ‘കുതിരക്കച്ചവടം’ എന്നിവ ഒഴിവാക്കാമെന്നതടക്കം മറ്റു അവകാശവാദങ്ങൾ അടിസ്ഥാനരഹിതം.
അതേസമയം, എതിരായ വാദങ്ങൾ നിരത്തുമ്പോൾ ഭരണഘടനയുടെ 83 (2), 172, 356 വകുപ്പുകൾ അനുശാസിക്കുന്ന തത്ത്വങ്ങളിൽ ഗുരുതരമായ വിട്ടുവീഴ്ചകൾ അനുവദിക്കുന്നതാണ് ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’. ജസ്റ്റിസ് ബി.എസ്. ചൗഹാൻ അധ്യക്ഷനായ നിയമ കമീഷൻ നേേര ചൊവ്വേ വ്യക്തമാക്കിയതാണ്, നിലവിലെ ഭരണഘടന ചട്ടക്കൂട് പ്രകാരം ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് സാധ്യമല്ലെന്ന്. അപ്പോൾ പിന്നെ, ഈ ചട്ടക്കൂട് വികലമാക്കാനും 1951ലെ ജനപ്രാതിനിധ്യ നിയമവും ലോക്സഭ- നിയമസഭ നടപടിക്രമ നിയമങ്ങളും പൊളിച്ചെഴുതാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
ജനാധിപത്യംതന്നെ ബലികഴിക്കലാകും അതോടെ സംഭവിക്കുക. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ, ജീവനക്കാർ, മറ്റു വിഭവങ്ങൾ എന്നിവയുടെ ലഭ്യതയും സുരക്ഷയുമടക്കം വിഭവവിന്യാസത്തിന്റെ പ്രശ്നങ്ങൾ വേറെ. ഇത്ര ബൃഹത്തായ ദൗത്യം കൈകാര്യംചെയ്യൽ തെരഞ്ഞെടുപ്പ് കമീഷന് വലിയ പ്രയാസങ്ങളാകും സൃഷ്ടിക്കുക.
ഈ നീക്കത്തിന് മറ്റൊരു വശംകൂടിയുണ്ട്. 2015ൽ ഐ.ഡി.എഫ്.സി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനം പറയുന്നത് ഓരോ സംസ്ഥാനത്തെയും ഭരണകക്ഷി ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു ജയിക്കാനുള്ള സാധ്യത 77 ശതമാനമാണ്. അത് ഓരോ സംസ്ഥാനത്തിന്റെയും വേറിട്ട ആവശ്യങ്ങളെയും ചോദനകളെയും ദുർബലപ്പെടുത്തുന്നതായി മാറിയേക്കും. വിദിതമാക്കിയാൽ, ഫെഡറലിസത്തിന്റെ തത്ത്വങ്ങളുടെ കടക്കൽ കത്തിവെക്കലല്ലേ അത്.
‘ഉയർന്ന ജാതി’ക്കാരെ മാത്രമെന്ന നിലപാട് മാറി അടുത്തിടെയായി ഒ.ബി.സി, ദലിത് വോട്ടുകളുമായും ഉറ്റചങ്ങാത്തം പുലർത്തുന്നുണ്ട് ബി.ജെ.പി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഹിന്ദി ഹൃദയഭൂമികളിൽ ആധിപത്യമുള്ള ഒ.ബി.സി/ ദലിത് വോട്ടുകൾ പിടിക്കാൻ അവർ സ്വീകരിക്കുന്ന സവിശേഷ രീതികൾ എന്തൊക്കെയാണ്. പിന്നാക്ക സമുദായങ്ങൾക്ക് സാമൂഹിക നീതിയെന്ന പ്രതിപക്ഷ പ്രചാരണത്തെ മറികടക്കാൻ ബി.ജെ.പി എങ്ങനെയാണ് പദ്ധതിയിടുന്നത്?
മാതൃസംഘടനയായ ആർ.എസ്.എസിൽനിന്നാണ് ബി.ജെ.പിക്ക് അതിന്റെ ബ്രാഹ്മണ-ബനിയ പീഠം അനന്തരമായി ലഭിക്കുന്നത്. ആർ.എസ്.എസ് പ്രധാനമായും ബ്രാഹ്മണ-ബനിയ അല്ലെങ്കിൽ ബ്രാഹ്മണ സംഘടനയായിരുന്നു ഗോൾവാൾക്കറുടെ മരണംവരെ. ഗോൾവാൾക്കർക്കു ശേഷം സർസംഘ്ചാലകായ ബാലസാഹെബ് ദേവറസ് ഇത് ഹ്രസ്വദൃഷ്ടിയാണെന്ന് മനസ്സിലാക്കി ‘താഴ്ന്ന’ ജാതിക്കാർക്കും വർഗങ്ങൾക്കും കൂടി ആകർഷകമാക്കി അതിനെ മാറ്റിയെടുക്കാൻ നയങ്ങൾക്ക് രൂപംനൽകി.
അതുവരെയും ഭ്രഷ്ട് കൽപിച്ച് മാറ്റിനിർത്തിയ ഗാന്ധി, അംബേദ്കറടക്കം ഹീറോകളെ അത് നിഗൂഢമായി തങ്ങളുടെ വലയത്തിലേക്ക് ഉൾച്ചേർത്തു. ദലിതുകളെയും താഴ്ന്ന ജാതിക്കാരെയും പിടിക്കാൻ സൗഹാർദവേദി എന്ന് അർഥം വരുന്ന സമരസതമഞ്ച് പോലുള്ള പ്രത്യേകോദ്ദേശ്യ പ്രചാരണങ്ങൾക്കും തുടക്കംകുറിച്ചു.
ഗോത്രവർഗങ്ങൾക്കിടയിൽ നേരത്തേതന്നെ അവർ പ്രവർത്തിച്ചുതുടങ്ങിയിരുന്നു. സാമൂഹിക അടിച്ചമർത്തൽ തടയുകയെന്ന കാഴ്ചപ്പാട് (അവരെ വനവാസി എന്നുതന്നെ പിന്നെയും വിളി തുടർന്നു) ആയിരുന്നില്ല വിഷയം. മറിച്ച്, കോളനിവാഴ്ചക്കാലം മുതൽ ഇവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന ക്രിസ്ത്യൻ മിഷനറിമാരെ തടയലായിരുന്നു.
ഒ.ബി.സികൾക്കിടയിലെ നീക്കങ്ങൾ വേരുറക്കാൻ പക്ഷേ, വി.പി. സിങ് കൊണ്ടുവന്ന മണ്ഡൽ നീക്കത്തിനു ബദലായി അവതരിപ്പിച്ച രാമക്ഷേത്ര പ്രസ്ഥാനംതന്നെ വേണ്ടിവന്നു. ഇത് പിടിവിട്ടുപോയാൽ തിരിച്ചടിക്കാൻ സാധ്യതയുള്ള ഒരു ശരിയായ ആക്രമണം തന്നെയായിരുന്നു. ഇന്നെന്നപോലെ അന്നും അതിനോട് ആശയവിനിമയം നടത്താൻ പ്രതിപക്ഷം പരാജയമായി. അങ്ങനെ, ഒ.ബി.സി വിഭാഗങ്ങളെ ഹിന്ദുവലയത്തിലുറപ്പിച്ചു നിർത്താൻ (അതോ ബ്രാഹ്മണവത്കരിക്കാനോ) ബി.ജെ.പിക്കായി.
പൗരാണിക വർണാശ്രമത്തിൽ ശൂദ്രർ എന്ന പേരിൽ, വഴക്കമുള്ള ഒരു സ്വത്വമാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വിഭാഗമായ ഒ.ബി.സികൾ. അവർക്ക് പ്രവർത്തനക്ഷമമായ ഒരു അസ്തിത്വം പകർന്നുനൽകാനായാൽ -സാമൂഹികമായി അത് അനിവാര്യവുമാണ്– അതിപ്രധാനമായ ഒരു ഘടകമായി അത് നിലയുറപ്പിക്കും. ഒ.ബി.സി എന്നതിൽ സാമൂഹികമായി പിന്നിൽ നിർത്താൻപോന്ന ഒരു ‘പിന്നാക്ക’മുണ്ട്. അതുകൊണ്ടുകൂടിയാണ് മണ്ഡൽ വിരുദ്ധ പ്രക്ഷോഭങ്ങളിൽ സംവരണാനുകൂലികളായ ദലിത് വിദ്യാർഥികളെ അടിച്ചമർത്താൻ അവർ ഉന്നത ജാതിക്കാർക്കൊപ്പം അണിനിരന്നത്.
ബി.ജെ.പിയുടെ ഹിന്ദു സ്വത്വം അങ്ങനെ ബ്രാഹ്മൺ-ബനിയ കൂട്ടുകെട്ടിൽ അതിവേഗം സ്വീകരിക്കപ്പെട്ടു. സാമൂഹികമായി അർഹതയുള്ളവരാണെന്ന അവരുടെ ബോധ്യങ്ങൾക്ക് മാനസിക പിന്തുണയും അവിടെ ഉറപ്പിക്കപ്പെട്ടു. ചുറ്റുവട്ടത്തുള്ള ദലിതുകൾക്ക് മേലെയാണെന്ന ധാരണ കാർഷിക കുടിയാന്മാരുടെ വലിയ വിഭാഗങ്ങളെ ഇതിന്റെ ഭാഗമാക്കാൻ സഹായിച്ചു. രാമക്ഷേത്രത്തിനു ബി.ജെ.പി വളർച്ച അതിന്റെ ഒ.ബി.സി നയത്തിന്റെ വിജയംകൂടിയാണ്.
ബി.ജെ.പി അനുവർത്തിച്ചുപോരുന്ന യഥാർഥ ജാതിനയം മറ്റു രാഷ്ട്രീയ കക്ഷികൾ അവഗണിച്ചുപോരുന്ന പൊതുവായ ജാതി/സമുദായ ഗണങ്ങളെ (പട്ടികജാതി, ഒ.ബി.സി, മുസ്ലിംകൾ എന്നിങ്ങനെ) തിരിച്ചറിഞ്ഞ് അവക്ക് വെള്ളവും വളവും നൽകുകയെന്നതാണ്. മറ്റു കക്ഷികളാകട്ടെ, ഏറ്റവും വലിയ ഭൂരിപക്ഷമായി നിൽക്കുന്ന വിഭാഗങ്ങളെ പ്രീണിപ്പിച്ച് അവയിൽ ഒരു ഭാഗത്തെയെങ്കിലും കൂടെ നിർത്തുകയെന്നതായിരുന്നു സ്വീകരിച്ചുപോന്നത്. വിജയത്തിലേക്ക് വഴിതുറക്കാൻ ഇതു മതിയെന്നായിരുന്നു അവരുടെ സമീപനം. ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള ദലിത് വിഭാഗത്തിനാകും ഒരിടത്ത് സ്വാധീനം.
ഇവർ ഉയർന്ന രാഷ്ട്രീയബോധമുള്ള അംബേദ്കറൈറ്റുകളാകാം. ഇവിടെ ബി.ജെ.പി പക്ഷേ, അവരെ മാറ്റിനിർത്തി മാറ്റിനിർത്തപ്പെട്ട മറ്റു ദലിത് വിഭാഗങ്ങളെ ഒന്നായി കൂടെ നിർത്താൻ ശ്രമിക്കും. അംബേദ്കറൈറ്റുകളോളം വരുന്നതാകും അവരുടെ പ്രാതിനിധ്യം. ഈ വിഭാഗം കാര്യക്ഷമമായി ഉൾച്ചേർക്കപ്പെടും. ഇന്ത്യയിൽ ഓരോ ജാതിയിലും സമുദായത്തിലും ഇത്തരം കൂട്ടായ്മമകളുണ്ട്. ബി.ജെ.പി എല്ലാ വിഭാഗങ്ങളിലും ഇതേ നയംതന്നെ സ്വീകരിക്കും. ഒ.ബി.സികളുടെ വിഷയത്തിൽ വലിയ പ്രാതിനിധ്യമുള്ള കർഷക ജാതികളെ ശാക്തീകരിക്കാൻ കോൺഗ്രസ് ശ്രമിച്ചപ്പോൾ ബി.ജെ.പി ഇത്രയും കാലം അവഗണിക്കപ്പെട്ടുപോന്ന അവരിലെ താഴ്ന്ന വിഭാഗങ്ങളിലേക്ക് നോട്ടമെറിഞ്ഞു.
ഇത് തീർച്ചയായും ലാഭകരമായി. 1996ൽ വോട്ടുവിഹിതം 19 ശതമാനമായിരുന്ന പാർട്ടിക്ക് 2019ൽ 44 ശതമാനമായി ഉയർന്നു. ബ്രാഹ്മണ-ബനിയ വിഭാഗം ബി.ജെ.പിക്കു കീഴിൽ അടിയുറച്ചുനിന്നപ്പോൾ പാർട്ടിക്ക് വിജയം നൽകുന്നവർ ഒ.ബി.സികളായി. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിലെ ദേശീയ വോട്ടുവിഹിതം (37.6 ശതമാനം) 2009ലേതിന്റെ (18.6 ശതമാനം) ഇരട്ടിയായിരുന്നു. ഒ.ബി.സികൾക്കിടയിൽ –ആദിവാസികൾ, ദലിതുകൾ എന്നിവരിലും– പാർട്ടി നടത്തിയ കടന്നുകയറ്റമായിരുന്നു ഈ വളർച്ച സാധ്യമാക്കിയത്. ഒപ്പം ഉന്നത ജാതിക്കാരെ നിലനിർത്തുന്നതിലും അത് വിജയിച്ചു.
2024ലെ തെരഞ്ഞെടുപ്പ് ഫലം തീർച്ചയായും ഒ.ബി.സികളെ അവരുടെ മേൽത്തട്ടുജാതിക്കാരുടെ പാർട്ടിയായ ബി.ജെ.പിയിൽനിന്ന് അകറ്റിനിർത്തുന്നതിൽ എത്രത്തോളം വിജയിക്കുന്നോ അതിനെ ആശ്രയിച്ചിരിക്കും. ബ്രാഹ്മണ-ബനിയകൾക്കും ഒ.ബി.സികൾക്കുമിടയിൽ അധികാര-സമ്പദ് സമവാക്യങ്ങളിലെ അന്തരം തുറന്നുകാട്ടുന്ന ജാതി സർവേ ഒരു ഉപകരണമാകുമെങ്കിലും അത് യാന്ത്രികമായി സംഭവിക്കുന്നതാകില്ല.
തങ്ങൾ കെണിയിൽ കുരുക്കപ്പെട്ടതാണെന്നും ബി.ജെ.പി പിടിയിൽനിന്ന് സ്വയം പുറത്തുചാടാതെ തരമില്ലെന്നും ഒ.ബി.സികൾ തിരിച്ചറിയാൻ കൃത്യമായി ആസൂത്രണംചെയ്ത നയവും ആശയവിനിമയവും അനുബന്ധമായി ഉണ്ടാകണം. എന്നാൽ, ബി.ജെ.പിയെ നിശ്ശൂന്യമാക്കുന്ന ബ്രഹ്മാസ്ത്രമായി ജാതി സെൻസസും സംവരണവും ലഭിച്ചെന്ന സായുജ്യവുമായി കഴിഞ്ഞുകൂടുകയാണ് പ്രതിപക്ഷം.
കാൻഷി റാമിന്റെ ഒരു മുദ്രാവാക്യം രാഹുൽ ഗാന്ധി കടമെടുത്തിട്ടുണ്ട് –ജിസ്കി ജിത്നി സംഖ്യാഭാരി, ഉസ്കി ഉഠാനി ഭാഗിധാരി (ഓരോ സമുദായത്തിനും ജനസംഖ്യയെത്രയാണോ അത്രക്ക് പ്രാതിനിധ്യം). അനായാസം ഇത് തങ്ങളുടേതാക്കി ബി.ജെ.പി ഇതിന് പ്രതിരോധം ഒരുക്കിക്കഴിഞ്ഞു. അഥവാ, ബി.ജെ.പിയുടെ 303 എം.പിമാരിൽ 85 ശതമാനവും 1358 എം.എൽ.എമാരിൽ 365 പേരും 27 കേന്ദ്രമന്ത്രിമാരും ഒ.ബി.സിക്കാരാണ്. ഉപവിഭാഗങ്ങളനുസരിച്ചുള്ള തരംതിരിവുകൾക്കുപോലും ബി.ജെ.പിക്കുള്ള രാഷ്ട്രീയശക്തി തിരിച്ചറിയുന്നതിൽ പ്രതിപക്ഷം പരാജയമായി. എല്ലാറ്റിലുമുപരി, ഒ.ബി.സികളും ദലിതുകളും അനുരൂപസ്വഭാവം പേറുന്ന ഏകകങ്ങളല്ല.
കൂട്ടത്തിൽ നീതി നിഷേധിക്കപ്പെടുന്നവർ അപരരോട് കടുത്ത വൈരം നിലനിർത്തുന്നവരാണ്. അധികാരത്തിന്റെ താക്കോലാകുമെന്ന് കരുതുന്ന യു.പിയിൽ ബി.ജെ.പി ഒ.ബി.സികൾക്കിടയിൽ പ്രവർത്തിക്കാനും കാവിയിലേക്ക് കൂടുതൽ അടുത്തുനിർത്താനും അതേ വിഭാഗക്കാരായ 20,000 പേർക്ക് ചുമതല നൽകിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇത് ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ പ്രതിപക്ഷം എന്തെങ്കിലും നടപടി സ്വീകരിച്ചതായി എനിക്കറിയില്ല.
സി.എ.എ പോലുള്ള നിയമങ്ങൾ കൊണ്ടുവരുകയും സമാനമായ മുസ്ലിം വിരുദ്ധ നടപടികൾ കടുപ്പിക്കുകയും ചെയ്യുമ്പോഴും ഈ സമുദായത്തെ പ്രീണിപ്പിക്കാൻ ബി.ജെ.പി മറ്റു വഴികളിലൂടെ ശ്രമിക്കുന്നുണ്ട്. ഇത് വിരോധാഭാസമല്ലേ? മുസ്ലിംകൾ തങ്ങൾക്ക് വോട്ടുചെയ്യണമെന്ന് ബി.ജെ.പി സത്യസന്ധമായി ആഗ്രഹിക്കുന്നുണ്ടോ?
ബി.ജെ.പിയുടെ മുസ്ലിം വിദ്വേഷം ദ്വിമുഖമാണ് –നയപരവും സാംസ്കാരികവും. രണ്ടാമത്തെ തലത്തിൽ, മുസ്ലിംകളെ (ക്രിസ്ത്യാനികളെയും) അവർ വെറുക്കുന്നത് ഏറെ പേരും ദലിതരും ശൂദ്ര ജാതിക്കാരും മതം മാറിയാണ് എന്നതു മുൻനിർത്തിയാണ്. അത് തുറന്നു പ്രഖ്യാപിക്കാനുള്ള വൈമുഖ്യം ഹിന്ദുത്വയുടെ ബലൂൺ അവിടെ പൊട്ടിപ്പോകുമെന്നതിനാലാണ്. നയപരമായി അവരുടെ വെറുപ്പാകട്ടെ, ‘അപരർ’ എന്നത് മുൻനിർത്തിയും. ഹിന്ദു വോട്ടർമാരെ ഏകീകരിച്ച് രാഷ്ട്രീയ അധികാരമുറപ്പിക്കലാണ് അവിടെ വിഷയം.
അവരെ സ്നേഹിച്ച് അധികാരമുറപ്പിക്കൽ സാധ്യമാകുമെങ്കിൽ അതും ചെയ്യാൻ അവർക്ക് വിമ്മിട്ടമുണ്ടാകില്ല. ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ മാറ്റലാണ് പരമമായി അവരുടെ ലക്ഷ്യം. അവരുടെ ഈ ഹിന്ദുരാഷ്ട്രം എന്താണ് അർഥമാക്കുന്നത്. എല്ലാ ഹിന്ദുക്കളും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവ തുല്യമായി അനുഭവിക്കുമെന്ന് അത് അർഥമാക്കുന്നില്ല. ഹിന്ദു കുത്തക മുതലാളിമാരും ജന്മിമാരും അവരെ ചൂഷണം ചെയ്യില്ലെന്നോ ഹിന്ദു ഉദ്യോഗസ്ഥ വൃന്ദം അടിച്ചമർത്തില്ലെന്നോ ഹിന്ദു പൊലീസുകാരൻ അപമാനിക്കില്ലെന്നോ ഇല്ല. ബ്രാഹ്മണിസ പ്രമാണങ്ങൾ പാലിച്ച് സമൂഹം പുതുക്രമം സ്വീകരിക്കുമെന്ന് മാത്രമാണ് അതിനർഥം. ഉന്നതജാതിക്കാരിൽ തെരഞ്ഞെടുക്കപ്പെട്ട ചിലർ സാമൂഹിക ക്രമത്തിൽ തലപ്പത്ത് വരും. അധികാരികൾ കൽപിച്ചുനൽകിയ ഉത്തരവാദിത്തങ്ങൾ നടപ്പാക്കാൻ ബാധ്യതയുള്ള അടിയാളരായി മറ്റുള്ളവരുമുണ്ടാകും.
പൂർവഗാമികൾ ദലിതുകൾക്കുമേൽ നടത്തിയ മനുഷ്യത്വരഹിതമായ അടിച്ചമർത്തലിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരസ്യ മാപ്പുപറച്ചിലും ജാതിയുടെ തിന്മകൾക്കെതിരായ പ്രസ്താവനകളും തന്റെ വിനീതവിധേയരെ ആവേശം കൊള്ളിച്ചിട്ടുണ്ടാകും. എന്നാൽ, ജനങ്ങൾ സമന്മാരല്ലാതെയാണ് സൃഷ്ടിക്കപ്പെട്ടതെന്നും അഭിജാതരായ വർഗങ്ങൾക്ക് വിധേയപ്പെടുന്ന താഴ്ന്ന ജാതിക്കാരെ സാമൂഹിക ക്രമം തേടുന്നുവെന്നുമുള്ള ബ്രാഹ്മണിസ തത്ത്വങ്ങൾക്കെതിരെ അദ്ദേഹം മിണ്ടില്ല. ഇന്ത്യയിൽ മുസ്ലിം ഭരണത്തിന്റെ ആഗമനത്തിന് മുമ്പ് നിലനിന്നുവെന്ന് അത് വിശ്വസിക്കുന്ന ഈ മാതൃക തിരികെകൊണ്ടുവരലാണ് ബി.ജെ.പി ലക്ഷ്യം.
ബി.ജെ.പി മുസ്ലിംകൾക്കെതിരെ സംസാരിക്കുക മാത്രമല്ല, അവസരം വന്നപ്പോഴൊക്കെയും അവരെ പീഡനത്തിനിരയാക്കുന്നതും പതിവുകാഴ്ചയാണ്. ഗോ നിയമങ്ങൾ നടപ്പാക്കുകയും അവർക്കെതിരെ ആൾക്കൂട്ടക്കൊല സംഘങ്ങളെ അഴിച്ചുവിടുകയും ചെയ്തതും നാം കണ്ടു. ഭീകരരായി മുദ്രകുത്തി കൂട്ടമായി ജയിലിലടച്ചു. പൗരത്വത്തിന് മാനദണ്ഡമായി മതത്തെ നിർലജ്ജം ഉപയോഗിക്കുന്ന പൗരത്വ (ഭേദഗതി) നിയമം അഥവാ സി.എ.എ 2019ൽ അവർ കൊണ്ടുവന്നു. മുസ്ലിംകളുടെ മതം സ്വീകാര്യമല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാനാണ് അതിന്റെ ശ്രമം. ബി.ജെ.പി ഇവിടെ ഇരട്ട നയമാണ് സ്വീകരിച്ചത്: ഒരുവശത്ത്, ഹിന്ദുക്കൾക്കിടയിൽ മുസ്ലിം മുക്തമാകാൻ തീരുമാനമെടുത്തവരെന്നു വരുത്തി. മറുവശത്ത്, മുസ്ലിംകളിലെ അവശവിഭാഗങ്ങളെ പ്രീണിപ്പിക്കാൻ ഒ.ബി.സി കാർഡുമിറക്കി.
മുസ്ലിം വനിതകളോടും പസ്മാന്ദ (അധഃസ്ഥിത) മുസ്ലിംകളോടുമുള്ള ബി.ജെ.പി പ്രീണനങ്ങൾ ഏവർക്കും പരിചിതമാണ്. ഹിന്ദി ബെൽറ്റിലെ താഴ്ന്ന ജാതി മുസ്ലിംകളാണ് പസ്മാന്ദകൾ. മുസ്ലിം വോട്ടുബാങ്കിൽ 85 ശതമാനവും അവരാണ്. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിൽ കാര്യമായി സീറ്റുകൾ പിടിക്കാൻ ബി.ജെ.പിക്ക് തുണയായത് അവരായിരുന്നു. കടുത്ത ഹിന്ദുത്വവക്താവ് കൂടിയായ യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകം കൂടിയാണിത്. 2024ലെ തെരഞ്ഞെടുപ്പിലും സമാന നീക്കങ്ങളൊന്നും ബി.ജെ.പി വേണ്ടെന്നുവെക്കില്ല.
മോദിമിത്ര് (മോദിയുടെ ചങ്ങാതി) എന്ന പേരിൽ പസ്മാന്ദകൾക്കായി ബി.ജെ.പിയുടെ സാമ്പത്തിക സന്ദേശം പരിചയപ്പെടുത്തുന്ന പദ്ധതി ഇതിനകം തുടക്കമായിക്കഴിഞ്ഞു. കാൽലക്ഷം മുസ്ലിം സമുദായ നേതാക്കളെയാണ് ബി.ജെ.പി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ ജനക്ഷേമ പദ്ധതികൾ പരിചയപ്പെടുത്തലാണ് അവരുടെ ദൗത്യം. 543 അംഗ പാർലമെന്റിൽ 30 ശതമാനമോ കൂടുതലോ മുസ്ലിം വോട്ടർമാരുള്ള 63 സീറ്റുകളിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഗോത്രസമുദായങ്ങളെ ഉന്മൂലനം ചെയ്യുന്ന, ഗോത്രവർഗക്കാരെ ഛിന്നഭിന്നമാക്കുന്ന നയങ്ങളുള്ള കോർപറേറ്റുകൾ, വൻകിട വ്യവസായികൾ എന്നിവരുമായുള്ള ചങ്ങാത്തത്തിനിടെയും പിന്തുണ നൽകുന്ന വിപുലമായ ആദിവാസി വോട്ടുബാങ്ക് രൂപപ്പെടുത്തിയെടുക്കാനുള്ള നയങ്ങൾ കാപട്യം നിറഞ്ഞതാണ്. വൈരുധ്യം പ്രകടമായ ഈ നയങ്ങളുമായി ഗോത്രവർഗ വോട്ടുബാങ്കിൽ കടന്നുകയറാൻ ബി.ജെ.പിക്കാകുമോ?
വൈരുധ്യങ്ങളെ സമർഥമായി കൈകാര്യംചെയ്യുന്നതിലാണ് ബി.ജെ.പിയുടെ വിജയം. മുസ്ലിംകൾക്കെതിരെ അത്യപകടകരമായ പ്രചാരണം കൊഴുപ്പിക്കുന്നതിനിടെയും അവരിലെ ഒരു വിഭാഗമായ പസ്മാന്ദ മുസ്ലിംകളെ പ്രീണിപ്പിക്കാൻ അവർക്ക് കഴിയുന്നു. തെരഞ്ഞെടുപ്പ് ജയിക്കാൻ ജാതി കളിക്കുന്നുവെന്ന് മറ്റു കക്ഷികൾക്കു നേരെ ബി.ജെ.പി ആരോപണമുന്നയിക്കുന്നു. ഒ.ബി.സികളിലെ താഴ്ന്ന ജാതികളെയും ദലിതുകളെയും പ്രീണിപ്പിച്ച് ഉപജാതി വരെ നോക്കി അത് ജാതി നിലപാട് എടുക്കുകയും ചെയ്യുന്നു. ആദിവാസികൾ അഗണ്യരായി കഴിഞ്ഞവരായിരുന്നു. ബി.ജെ.പിയുടെ മാതൃസംഘടനയായ ആർ.എസ്.എസ് 1940കളിൽതന്നെ അവരിലേക്ക് ഇറങ്ങിച്ചെന്നു.
നിശ്ശബ്ദമായി അവർക്കിടയിൽ പ്രവർത്തിച്ച് ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ വിഫലമാക്കി. പ്രകൃതിശക്തികളെ ആരാധിക്കുന്നവരാണ് ആദിവാസികളെങ്കിലും അവരെയും ഹിന്ദുവത്കരിക്കുന്നതിൽ ആർ.എസ്.എസ് വിജയംകണ്ടു. ഇത് തന്ത്രത്തിലെ ഒരു ചരട് മാത്രം. ഇതിന്റെ മറുവശം മറ്റൊന്നാണ്. ആദിവാസി ഭൂമികളായ കുന്നുകളും കാടുകളും ലക്ഷക്കണക്കിന് കോടികൾ വിലവരുന്ന പ്രകൃതിവിഭവങ്ങൾ അകത്ത് പേറുന്നവയാണ്. ആഗോള മൂലധന ശക്തികൾ അത്യാർത്തിയോടെ ഇതിലേക്ക് കണ്ണുംനീട്ടിയിരിപ്പാണ്. മറ്റേതു രാഷ്ട്രീയ കക്ഷിയെ പോലെ ഇത് അവഗണിക്കുന്നത് ബി.ജെ.പിക്കും അപകടം ചെയ്യുമെന്നുറപ്പ്. ആദിവാസികളുടെ ഈ ഇടങ്ങൾ അവർക്കും ഒഴിപ്പിച്ചെടുക്കണം. നക്സൽ ഭീഷണിക്ക് തടയിടുകയെന്ന പേരിലാണ് ബി.ജെ.പി ഇത് നിർവഹിക്കുന്നത്.
വ്യാജ പേരിൽ വർഷങ്ങളായി ആദിവാസികൾ കുരുതി ചെയ്യപ്പെടുകയാണ്. മുമ്പ്, കോൺഗ്രസ് തങ്ങളുടെ ഭരണകാലത്ത് അത് ചെയ്തിരുന്നു. കൂടുതൽ നന്നായി സേവനം ചെയ്യുമെന്ന വാഗ്ദാനവുമായി കോൺഗ്രസിനെ മറിച്ചിട്ട ബി.ജെ.പി നിഷ്കരുണം അതേ നയം തുടരുന്നു. മുൻചൊന്നപോലെ, ഭിന്ന മുഖങ്ങളെ ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിൽ ബി.ജെ.പി മിടുക്കരാണ്. കുടിയൊഴിപ്പിക്കലിനെതിരായ ഗോത്രവർഗ ചെറുത്തുനിൽപും നക്സൽവാദവും ഒരേ താളത്തിൽ കൊണ്ടുപോകുന്ന രീതി നേരത്തേ കോൺഗ്രസ് രൂപംനൽകി വളർത്തിയെടുത്തതാണ്. അത് പക്ഷേ, കൂടുതൽ മിടുക്കോടെയാണ് ബി.ജെ.പി കൈകാര്യം ചെയ്യുന്നതിപ്പോൾ.
തെരഞ്ഞെടുപ്പിന് കോർപറേറ്റ് ഫണ്ടിങ് സൗകര്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജനപ്രാതിനിധ്യ നിയമം, കമ്പനി നിയമം, ആദായ നികുതി നിയമംപോലുള്ള നിയമങ്ങൾ ബി.ജെ.പി സർക്കാർ ഭേദഗതി ചെയ്തിട്ടുണ്ട്. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ഫണ്ടിങ്ങിന്റെ സ്വഭാവവും സ്രോതസ്സും എന്തൊക്കെയാകും?
വ്യക്തികൾ, പങ്കാളിത്ത സ്ഥാപനങ്ങൾ, വിദേശ കോർപറേഷനുകളടക്കം കമ്പനികൾ എന്നിവ ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ കക്ഷികൾക്ക് നൽകുന്ന ദാനങ്ങൾ സൗകര്യപ്പെടുത്താനായി എല്ലാ നിയമങ്ങളും ബി.ജെ.പി സർക്കാർ ഭേദഗതി ചെയ്തിട്ടുണ്ട്. 2021-22 വരെ ഏഴ് ദേശീയ കക്ഷികൾ, 24 പ്രാദേശിക കക്ഷികൾ എന്നിവ മൊത്തം ഇലക്ടറൽ ബോണ്ട് വഴി 9188.35 കോടിയുടെ ദാനമാണ് സ്വീകരിച്ചത്. അതിൽ ബി.ജെ.പിക്ക് 5272 കോടിയും കോൺഗ്രസിന് 952 കോടിയും ലഭിച്ചപ്പോൾ ബാക്കി തുക മറ്റെല്ലാവരും ചേർന്ന് പങ്കിട്ടെടുത്തു.
എന്നുവെച്ചാൽ, മൊത്തം സംഖ്യയുടെ 57 ശതമാനവും ബി.ജെ.പി അക്കൗണ്ടിലാണ് വന്നത്. രാഷ്ട്രീയ കക്ഷികളിൽ കോർപറേറ്റുകളുടെ വിശ്വാസത്തിന്റെ സൂചകം കൂടിയാണിത്. ഈ ബോണ്ടുകളുടെ ഭരണഘടനാപരതയെ കുറിച്ച് വലിയ വിവാദം ഉയർന്നിരുന്നു. ഇവക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഒരുപിടി പരാതികൾ അഞ്ചു വർഷങ്ങൾക്കു ശേഷം അടുത്തിടെ വാദംകേട്ടിരുന്നു. വിധി ഇനിയും ഉണ്ടായിട്ടില്ല. വിധി എന്തുതന്നെയായാലും, രാജ്യത്ത് ഇലക്ടറൽ ജനാധിപത്യത്തിനുമേൽ ആഘാതത്തിനാണ് ഇവിടെ അനുമതിയായത്.
രാഷ്ട്രീയ കക്ഷികൾക്കായി, വിശിഷ്യാ ഭരണകക്ഷിക്ക് ഒഴുകുന്ന ഫണ്ടുകളുടെ സ്രോതസ്സുകൾ ഈ തെരഞ്ഞെടുപ്പ് ബോണ്ടുകളിലൊതുങ്ങുന്നില്ല. പാർട്ടികൾ നടത്തുന്ന ചെലവിന് 2014നു ശേഷം കാര്യമായ വർധന അനുവദിച്ചിട്ടില്ല. എന്നാൽ, ചെലവ് നിരീക്ഷിക്കാൻ ചുമതലയുള്ള തെരഞ്ഞെടുപ്പ് കമീഷൻ ഇത് നോക്കാൻ സ്ഥാപനപരമായ നടപടി സ്വീകരിക്കുന്നില്ല. ലോക്സഭ മണ്ഡലങ്ങളിൽ (സംസ്ഥാനങ്ങൾക്കനുസരിച്ച്) 54-70 ലക്ഷം മുതൽ 70-95 ലക്ഷം വരെയും നിയമസഭകളിൽ 20-28 ലക്ഷം മുതൽ 28-40 ലക്ഷം വരെയുമാണ് ഒരു സ്ഥാനാർഥിക്ക് അനുവദിച്ചിട്ടുള്ളത്. യഥാർഥത്തിൽ ചെലവഴിക്കപ്പെടുന്ന തുകയാകട്ടെ, ഇതിന്റെ എത്രയോ മടങ്ങാണ്. ഭൂഖണ്ഡത്തിൽ ഏറ്റവും ചെലവുള്ള തെരഞ്ഞെടുപ്പായി ഇന്ത്യയിലേത് മാറിക്കഴിഞ്ഞുവെന്നതാണ് വസ്തുത.
ഉദാഹരണത്തിന്, 2019ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കക്ഷികൾ, സ്ഥാനാർഥികൾ, നിയന്ത്രണ സമിതികൾ എന്നിവയുടെ മൊത്തം ചെലവ് 860 കോടി ഡോളറാണെന്ന് സെന്റർ ഫോർ മീഡിയ സ്റ്റഡീസ് കണക്ക് പറയുന്നു. 2016ലെ അമേരിക്കൻ പ്രസിഡന്റ്, കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ ഇത് 650 കോടി ഡോളറായിരുന്നുവെന്ന് അമേരിക്കൻ ലാഭേതര സംഘടന ‘ഓപൺ സീക്രട്ട്സ്’ റിപ്പോർട്ട് വ്യക്തമാക്കുന്നു. ബി.ജെ.പി ചെലവഴിച്ചത് 27,000 കോടിയാണ്. അഥവാ, മൊത്തം തുകയുടെ ഏകദേശം പകുതി. സി.എം.എസ് അധ്യക്ഷൻ എൻ. ഭാസ്കര റാവുവിന്റെ കണക്കുകൾ പ്രകാരം 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ഇത് ലക്ഷം കോടി കടക്കും. രാഷ്ട്രീയ കക്ഷികൾക്ക് കോർപറേറ്റ് സംഭാവനകൾ പൊതുജന ദൃഷ്ടിക്കപ്പുറത്താക്കി മോദിസർക്കാർ നടപ്പാക്കിയ ഇലക്ടറൽ ബോണ്ട് അഴിമതി പ്രളയത്തിന്റെ വാതിൽ തുറന്നിടലായിരുന്നു.
അധികാരത്തിലിരിക്കുന്ന കക്ഷിയും കോർപറേഷനുകളും തമ്മിൽ ആദാനപ്രദാനങ്ങൾ എന്നുമുള്ളതാണ്. വികസനമെന്ന പേരിൽ ബി.ജെ.പി പുലർത്തുന്ന കോർപറേറ്റ് പക്ഷപാതങ്ങൾ, ഇത്തരം സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന ദാനങ്ങളുമായി പാരസ്പര്യമുള്ളതാണ്. ഔദ്യോഗിക രൂപം നൽകിയ കൈക്കൂലിയിൽനിന്ന് ഏറെ വേറിട്ടതൊന്നുമല്ല ഇത്. ബിസിനസ് സ്റ്റാൻഡേഡിലെ വരികൾ ഇങ്ങനെ: ‘‘കുത്തനെ ഉയരുന്ന തെരഞ്ഞെടുപ്പ് ചെലവുകളാണ് എല്ലാ അഴിമതികളുടെയും മാതാവ്.’’