സൂക്ഷ്മ രാഷ്ട്രീയമാണ് സാഹിത്യത്തിന്റെ വഴി
മാധ്യമം ആഴ്ചപ്പതിപ്പിൽ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവൽ തുടങ്ങുന്ന പശ്ചാത്തലത്തിൽ നോവലിനെപ്പറ്റിയും തന്റെ എഴുത്തുനിലപാടുകളെക്കുറിച്ചും നിരൂപകയും എഴുത്തുകാരിയുമായ രശ്മി പിയുമായി സംസാരിക്കുന്നു.സമകാല മലയാള സാഹിത്യത്തിൽ ഇ. സന്തോഷ് കുമാർ എന്ന പേരിന് വളരെയധികം ആഴമുണ്ട്. കഥാകൃത്തായും നോവലിസ്റ്റായും ഗദ്യകൃത്തായും നിറഞ്ഞുനിൽക്കെ, ഒരു ഇടവേളക്കു ശേഷം ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവൽ ആരംഭിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹവുമായി നടത്തിയ ഒരു സംഭാഷണമാണിത്. ...
Your Subscription Supports Independent Journalism
View Plansമാധ്യമം ആഴ്ചപ്പതിപ്പിൽ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവൽ തുടങ്ങുന്ന പശ്ചാത്തലത്തിൽ നോവലിനെപ്പറ്റിയും തന്റെ എഴുത്തുനിലപാടുകളെക്കുറിച്ചും നിരൂപകയും എഴുത്തുകാരിയുമായ രശ്മി പിയുമായി സംസാരിക്കുന്നു.
സമകാല മലയാള സാഹിത്യത്തിൽ ഇ. സന്തോഷ് കുമാർ എന്ന പേരിന് വളരെയധികം ആഴമുണ്ട്. കഥാകൃത്തായും നോവലിസ്റ്റായും ഗദ്യകൃത്തായും നിറഞ്ഞുനിൽക്കെ, ഒരു ഇടവേളക്കു ശേഷം ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവൽ ആരംഭിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹവുമായി നടത്തിയ ഒരു സംഭാഷണമാണിത്. ഇ. സന്തോഷ് കുമാറിന്റെ എഴുത്തുലോകത്തിലേക്കും അദ്ദേഹത്തിനു മാത്രം സാധ്യമാകുന്ന എഴുത്തിന്റെ രസതന്ത്രത്തിലേക്കും കഥാപാത്രങ്ങളുടെ പരിസരം, ഗാംഭീര്യം എന്നിവയിലേക്കും വെളിച്ചം വീശുക എന്ന ഉദ്ദേശ്യത്തെ മുൻനിർത്തിയുള്ള ഈ സംഭാഷണത്തിൽ അദ്ദേഹം തന്റെ സാമൂഹിക, രാഷ്ട്രീയ കാഴ്ചപ്പാടുകൾകൂടി വിലയിരുത്തുന്നുണ്ട്.
‘ജ്ഞാനഭാര’ത്തിനുശേഷം പുതിയൊരു നോവല്‍ വരുകയാണല്ലോ –‘തപോമയിയുടെ അച്ഛന്’. അതിന്റെ പ്രമേയം, പരിസരം അതൊക്കെയൊന്ന് വ്യക്തമാക്കാമോ?
ഈ നോവലിലും മറ്റെല്ലാ രചനകളിലുമെന്നതുപോലെ മനുഷ്യബന്ധങ്ങളുടെ കഥ പറയാനാണ് ശ്രമിച്ചിട്ടുള്ളത്. തപോമയിയുടെ അച്ഛന്, അഥവാ ഗോപാല്‍ ബറുവ കിഴക്കന്‍ ബംഗാളില്‍നിന്നുള്ള അഭയാർഥിയാണ്. ബുദ്ധിസ്റ്റുകളാണ് ബംഗാളി ബറുവകള്. അദ്ദേഹം ദുരൂഹമായ ചിഹ്നഭാഷകളില് താൽപര്യമുള്ള ഒരാളാണ്. അതുപോലെത്തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലും ചില ദുരൂഹതകളുണ്ട്. അപ്പോള്‍ ഈ നിഗൂഢഭാഷയുടെ പശ്ചാത്തലത്തില്‍ ആ ജീവിതത്തെ വിശദീകരിക്കാനാണ് ശ്രമം.
അതോടൊപ്പം സമകാലിക ലോകത്തിലെ ഏറ്റവും ദരിദ്രരും നിസ്സഹായരുമായ റോഹിങ്ക്യന്‍ അഭയാർഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തപോമയിയുണ്ട്. ക്യാമ്പിനും പുറത്തുമുള്ള മറ്റു കഥാപാത്രങ്ങളുണ്ട്. ഒപ്പംതന്നെ, സൈന്ധവനാഗരികതയിലെ തെളിഞ്ഞുകിട്ടാത്ത ലിപികളെക്കുറിച്ചു പഠിച്ചിരുന്ന ഒരു വലിയ ഗവേഷകന്റെ കഥയുമായി ഇവരുടെ ജീവിതങ്ങള്‍ ബന്ധപ്പെട്ടുനിൽക്കുന്നു. നാലഞ്ചു വര്‍ഷം മുമ്പുള്ള ഡൽഹിയാണ് കഥയുടെ പരിസരം. അതേസമയം, കൊല്‍ക്കത്തയും അതിര്‍ത്തിഗ്രാമങ്ങളും സുന്ദര്ബന്സിലെ ദ്വീപുകളടക്കമുള്ള പലപല പ്രദേശങ്ങളിലേക്കും കഥയുടെ ഉള്‍പ്പിരിവുകളുണ്ട്.
‘നാരകങ്ങളുടെ ഉപമ’ എന്ന കഥയില്‍ ചരിത്രാന്വേഷിയായ ഒരു കഥാപാത്രത്തെ കാണാം. സ്വപ്നങ്ങള്‍ക്കുപോലും മുറിവേല്ക്കാത്ത വിധത്തില്‍, മണ്ണറകള്ക്ക് പോറല്‍പോലും ഏൽപിക്കാത്ത വിധത്തില്‍ തലമുറകളുടെ രഹസ്യം അന്വേഷിക്കുന്ന കഥാപാത്രം. ‘തപോമയിയുടെ അച്ഛന്’ എന്ന പുതിയ നോവലിലും അങ്ങനെയൊരു ചരിത്രാന്വേഷിയെ അല്ലെങ്കില്‍ കൈപ്പിടിയില്‍ നിന്ന് മറഞ്ഞുപോയ എന്തിനെയോ അന്വേഷിക്കുന്ന ഒരു കഥാപാത്രം ഉണ്ടെന്നു കരുതുന്നു?‘വാക്കുകള്‍’ എന്ന നോവലില്‍ ഭാഷ കൈമോശം വരാതിരിക്കാന്‍ അവനവനോട് തന്നെ സംസാരിക്കുന്ന ഒരു കഥാപാത്രവുമുണ്ട്. അതുപോലെ ‘തപോമയിയുടെ അച്ഛനില്‍’ താന്‍ പരിചയിച്ച ഒരു ലിപി കൈമോശം വരാതിരിക്കാനും തന്റെ വേദനകള്‍ മറ്റൊരാളോടും പറയാനില്ലാത്തതിനാല്‍ തനിക്കുതന്നെ വായിക്കാന്‍വേണ്ടി തന്റെ വേദനകളെ എഴുതിവെക്കുന്ന ഒരു കഥാപാത്രത്തിന്റെ സൂചന നല്കുകയുണ്ടായി. ഭാഷ നഷ്ടപ്പെടുന്ന മനുഷ്യരുടെ വേദന എങ്ങനെ പരിവര്‍ത്തനം ചെയ്താലാണ് പൂര്‍ത്തിയാവുക?
‘നാരകങ്ങളുടെ ഉപമ’ എഴുതുന്നതിനുമുമ്പേ എന്നെ ആകര്‍ഷിച്ചിട്ടുള്ള ഒരു പ്രമേയമാണ് വായിക്കപ്പെടാതെ നിലനിൽക്കുന്ന ഈ ലിപിസഞ്ചയം. ഇവിടെ പക്ഷേ, ദുരൂഹമായതിനെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രങ്ങളുണ്ടെങ്കിലും ഒടുവിലൊടുവില്‍ മറ്റാരും വായിക്കാതിരിക്കുന്നതിനുവേണ്ടി ചിത്രഭാഷയെ ഉപയോഗിക്കുന്ന മനുഷ്യനെയാണ് കാണുക. പരിസരങ്ങള്‍ക്കു സമാനതകളുണ്ടെങ്കിലും ലക്ഷ്യങ്ങളില്‍ ഭിന്നരാണ് രണ്ടിലെയും കഥാപാത്രങ്ങള്‍.
മനുഷ്യരുടെ കാര്യം വിചിത്രമാണ്. ചിലപ്പോള്‍ ഏറ്റവും അടുത്ത ആളുകളോടുപോലും പറയാനാവാത്ത വിധത്തിലുള്ള ചില സങ്കടങ്ങള്‍ അവര്‍ ഉള്ളിലൊതുക്കുന്നുണ്ടാവും. ‘തപോമയിയുടെ അച്ഛന്’ ജീവിതത്തില്‍ അത്തരം ചില ജീവിതസന്ദര്‍ഭങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. പഴയ നാഗരികതയിലെ മനുഷ്യര്‍ അവരുടെ ഫലകങ്ങളിലും മുദ്രകളിലും എഴുതിവെച്ചിട്ടുള്ളത് നിഗൂഢമായ ഭാഷയല്ല. നമുക്ക് അതു വായിക്കാനുള്ള ശേഷി കൈവന്നിട്ടില്ലെന്നേയുള്ളൂ.
ഭാഷയെക്കുറിച്ചുള്ള സന്ദേഹത്തെക്കുറിച്ച് രശ്മി സൂചിപ്പിച്ചതു ശരിയാണ്. കഥ പറഞ്ഞ് ഒരാളെ ബോധ്യപ്പെടുത്താനാവുമോ എന്ന ഒരു സംശയം എപ്പോഴുമുണ്ടായിരുന്നു. വിനിമയം ചെയ്യപ്പെടുന്നുണ്ടോ എന്ന ആശങ്ക രചനകളില്‍ പലരീതിയില്‍ വരുന്നുണ്ടെന്ന് എനിക്കറിയാം. ‘മൂന്ന് അന്ധന്മാര് ആനയെ വിവരിക്കുന്നു’ തുടങ്ങിയ കഥകളുടെ കേന്ദ്രപ്രമേയം അതാണ്. എഴുത്തുകാരുടെ വെല്ലുവിളി അതാണെന്നു തോന്നുന്നു. സ്വന്തം ഭാഷ നഷ്ടപ്പെടുന്നതിലൂടെ ഒരാളുടെ ആത്മപ്രകാശനത്തിനുള്ള വാതിലുകള്‍ അടയുന്നു. അയാള്‍ ഒരു ബ്ലാക് ഹോളായി മാറുകയാണ്. തിരിച്ചൊന്നും കിട്ടുന്നില്ല. ഒരു ജനതയുടെ കാര്യത്തില്‍ അതു കുറെക്കൂടി കഠിനമാവുന്നു. ഓര്‍ക്കുന്നുണ്ടോ, ‘സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം’ എന്ന കഥ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത് അത്തരമൊരു ആശയത്തോടെയാണല്ലോ.
അതില്‍ സൂചിപ്പിക്കുന്ന ഭാഷ നഷ്ടപ്പെടുന്നവരുടെ കഥ ‘Life, A User’s Manual’ എന്ന ഷോര്‍ഷെ പെരക്കിന്റെ നോവലില്നിന്നുള്ളതാണ്. കൂട്ടത്തില്‍ പറയട്ടെ, ക്രാഫ്റ്റില്‍ ഉജ്ജ്വലമായ പരീക്ഷണങ്ങള്‍ നടത്തുമ്പോഴും ജീവിതത്തെ നിരാകരിക്കാത്ത വലിയൊരു കൃതിയാണത്. കോളനിവത്കരണം നടന്നതോടുകൂടി തെക്കേ അമേരിക്കയില്‍ വിനിമയഭാഷകളായി സ്പാനിഷും പോർചുഗീസും മാത്രമേ അവശേഷിച്ചുള്ളൂ. ഇന്ത്യയില്‍ അത്രത്തോളം പോയില്ല. ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍ മറവിരോഗം വന്ന് ഭാഷ നഷ്ടപ്പെടുന്ന മാക്കൊണ്ടയിലെ മനുഷ്യരെ നോക്കുക. അവര്‍ക്കു പിന്നീട് എല്ലാ വസ്തുക്കളെയും പുനര്‍നാമകരണം ചെയ്യേണ്ടിവന്നു. ഇത് കോളനിവത്കരണത്തെക്കുറിച്ചുള്ള സൗന്ദര്യാത്മകമായ സൂചനയാണ്. മാർകേസ് തന്നെ ഫലിതരൂപത്തില്‍ അതു നിഷേധിക്കുമായിരുന്നുവെന്നുണ്ടെങ്കിലും.
മനുഷ്യജീവിതത്തില്‍ നിറയുന്ന അന്ധകാരത്തെ കുറിച്ചാണ് 'അന്ധകാരനഴി' ചര്‍ച്ചചെയ്യുന്നത്. അതില്‍ കാലത്തിന്റെ അന്ധതയെക്കുറിച്ച് പറയുന്ന ചിഹ്നങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. അതായത് വൃക്ഷം, മൃഗങ്ങള്‍ ഇവയെല്ലാം ചിഹ്നങ്ങളായി മാറുന്നതായി കാണാം. ‘തപോമയിയുടെ അച്ഛന്’ എന്ന നോവലിലും ചിഹ്നങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കിയാണോ താങ്കള്‍ ആഖ്യാനം ചെയ്തിരിക്കുന്നത്?
‘അന്ധകാരനഴി’ പ്രത്യക്ഷത്തില്‍ത്തന്നെ ഒരു രാഷ്ട്രീയ രചനയായിരുന്നു. മറ്റു കൃതികള്‍ അങ്ങനെയല്ലെന്നല്ല. ഒരർഥത്തില്‍ എല്ലാ രചനകളിലും രാഷ്ട്രീയമുണ്ടല്ലോ. ‘അന്ധകാരനഴി’യിലെ കഥാപാത്രങ്ങള്‍, അല്ലെങ്കില്‍ സസ്യമൃഗാദികള്‍ ഇവയെല്ലാം ഉപമകളാണെന്നോ ചിഹ്നങ്ങളാണെന്നോ ഉള്ളരീതിയില്‍ ആലോചിച്ചിട്ടില്ല. അങ്ങനെയും വായിക്കാനാവും എന്നുണ്ടാവാം. ‘തപോമയി’യില്‍ അതല്ല, ഈ ചിഹ്നഭാഷതന്നെയാണ് അതിന്റെ കാതല്‍. അത്തരം മൂന്നോ നാലോ വാക്യങ്ങള്‍ മാത്രമേ നോവലില്‍ ആ ഗുപ്തഭാഷയില്‍ നേര്‍ക്കുനേര്‍ എഴുതുന്നുള്ളൂ എന്നുണ്ടെങ്കിലും കഥയുടെ സഞ്ചാരം അത്തരമൊരു ലിപിസഞ്ചയവുമായി ചേര്‍ന്നുകൊണ്ടുതന്നെയാണ്. ഇങ്ങനെ പറയുന്ന മൂന്നുനാലു വാക്യങ്ങള്‍ക്ക് പ്രമേയവുമായി ഏറ്റവും നിര്‍ണായകമായ ബന്ധമുണ്ട്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രചാരത്തിലിരുന്ന ഒരു നിഗൂഢ ഭാഷ പഠിക്കാനും വിവരങ്ങള്‍ ശേഖരിക്കാനുമായി താങ്കള്‍ നടത്തിയ ശ്രമങ്ങള്‍ എന്തൊക്കെയായിരുന്നു?
അങ്ങനെ പഠിച്ചിട്ടില്ലല്ലോ. അതൊന്നും സാധിക്കുന്ന കാര്യമല്ല. ചില കാര്യങ്ങള്‍ അറിയാന്‍ ശ്രമിച്ചിട്ടേയുള്ളൂ. സൈന്ധവലിപികള്‍ മഹാപണ്ഡിതര്പോലും നിർധാരണം ചെയ്തിട്ടില്ല. ഞാന്‍ അത്തരം വലിയ ഗവേഷകര്‍ രചിച്ച പുസ്തകങ്ങളില്‍ ചിലതെല്ലാം വായിച്ചിട്ടുണ്ടെന്നു പറയാം. അസ്കോ പര്‍പോള, ഐരാവതം മഹാദേവന് തുടങ്ങിയവരുടെ ലേഖനങ്ങള്‍ ഉദാഹരണം. പലരീതിയില്‍ ആളുകള്‍ ഈ ലിപികളുടെ കുരുക്കഴിക്കാന്‍ പണിപ്പെട്ടുകൊണ്ടിരിക്കുന്നു.
ശാസ്ത്രീയസമീപനങ്ങളുണ്ട്, ഭാവനാത്മകമായവയുണ്ട്. തൃശൂര്‍ ഗവ. കോളജില്‍ ചരിത്രാധ്യാപകനായിരുന്ന ഡോ. കോവൂര്‍ രാഘവന് ഇതുമായി ബന്ധപ്പെട്ടെഴുതിയ രണ്ടു പുസ്തകങ്ങള്‍ എനിക്കു തന്നിരുന്നു. കൂടാതെ, ഗൂഢസന്ദേശങ്ങളെപ്പറ്റി ബി.ബി.സിയില്‍ പ്രവര്‍ത്തിച്ചിരുന്ന സൈമണ്‍ സിങ്ങിന്റെ പുസ്തകം ഈ നോവലെഴുതുമ്പോള്‍ വായിച്ചിട്ടുണ്ട്. ഈ നോവലില്‍ ഉപയോഗിക്കുന്ന ഗൂഢഭാഷ തയാറാക്കിത്തന്ന, ഇനിയും നേരിട്ടു കണ്ടിട്ടില്ലാത്ത ഒരു ഗോവക്കാരന് സുഹൃത്തിനെ സ്നേഹത്തോടെ ഓര്‍ക്കുന്നു. അയാള്‍ ഒരു അതിഥിതാരമാണ്, നോവലില്‍.
എഴുത്തിനുവേണ്ടിയല്ലെങ്കിലും എ.എല്‍. ബാഷാമിന്റെയും റോമില ഥാപ്പറുടെയും ഇര്ഫാന് ഹബീബ്, ഗ്രിഗറി പാസെല് തുടങ്ങിയ ചരിത്രകാരന്മാരുടെ സൈന്ധവ നാഗരികതയെക്കുറിച്ചുള്ള ചില പുസ്തകങ്ങളും ലേഖനങ്ങളും, പിന്നെ നമ്മളെല്ലാവരും പൊതുവെ വായിച്ചിട്ടുള്ള യുവല്‍ നോവ ഹരാരിയുടെയും ടോണി ജോസഫിന്റെയുമൊക്കെ വര്‍ക്കുകള്‍, ഹാരപ്പയെക്കുറിച്ച് നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു വെബ്സൈറ്റ് ഇങ്ങനെ പലതും നോക്കിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രാചീനമായ നാഗരികതകളുടെ ചില സൈറ്റുകള്‍ പോയിക്കണ്ടിട്ടുണ്ട്. അഭയാർഥികളെക്കുറിച്ചുള്ള ചില പുസ്തകങ്ങള്‍, ഡോക്യുമെന്ററികളും സിനിമകളും... ജർമനിയിലെ അഭയാർഥി ക്യാമ്പില്‍ പോയതിനെക്കുറിച്ച് ഞാന്‍ ‘മാതൃഭൂമി’ വാരികയില്‍ എഴുതിയിരുന്നു.
ഇതൊക്കെ എന്റെ അമച്വര്‍ ആയ കൗതുകങ്ങള്‍ എന്നേ പറയാനാവൂ. സത്യത്തില്‍ ഇതൊന്നും വിവരിക്കാനുള്ള ഇടമല്ല നോവല്‍. സൂചനകളേ ഉണ്ടാവൂ. എഴുത്തിലെ ഏറ്റവും വലിയ വെല്ലുവിളി ആവുന്നത്ര കാര്യങ്ങള്‍ മനസ്സിലുണ്ടാവുകയും കൃതിയില്‍ അവയൊന്നും അധികമായി വരാതിരിക്കുകയും വേണം എന്നുള്ളതാണ്. കാരണം, നോവല്‍ അക്കാദമിക് പ്രബന്ധമല്ല. നോവലെഴുതുന്ന ഒരാള്‍ സ്വയം ഒരു പണ്ഡിതനായിത്തീരാതിരിക്കാന് നല്ലവണ്ണം മനസ്സിരുത്തേണ്ടതുണ്ട്. അതു പറയുമ്പോള്‍ ആളുകള്‍ ഉമ്പര്‍ട്ടോ എക്കോ എന്നു പറയും. അങ്ങനെയല്ല, അദ്ദേഹം കൈകാര്യംചെയ്യുന്നത് മറ്റൊരു വിഷയമാണ്.
ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ഈ നോവല്‍ അത്തരം ചില കാര്യങ്ങളുടെ പരിസരങ്ങളില്‍ നിൽക്കുന്നു എന്നേയുള്ളൂ. അതിന്റെ കേന്ദ്രപ്രമേയം മനുഷ്യജീവിതം മാത്രമാണ്. അതെഴുതുന്ന ആള് ആ പരിസരങ്ങളുമായി കുറച്ചു പരിചയപ്പെട്ടു എന്നു വേണമെങ്കില്‍ പറയാമെന്നു മാത്രം.
ഒരുപാട് കഥകള്‍ എഴുതുകയും കഥക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടുകയും ചെയ്തതിനുശേഷമാണ് അന്ധകാരനഴി പോലുള്ള വലിയൊരു നോവലിന്റെ പിറവി. കഥാകൃത്തില്നിന്ന് നോവലിസ്റ്റിലേക്കുള്ള ഒരു ചുവടുവെപ്പ് ഉണ്ടാകുമ്പോള്‍ എന്താണ് എഴുത്തിന്റെ ക്രാഫ്റ്റില്‍ നടക്കുന്ന നവീകരണം?
അതിനുമുമ്പേ ‘അമ്യൂസ്മെന്റ് പാര്‍ക്ക്’, ‘വാക്കുകള്‍’ എന്നീ രണ്ടു ലഘുനോവലുകള്‍ ഞാന്‍ എഴുതിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് പുതിയ ചുവടുവെപ്പ് എന്നു പറഞ്ഞുകൂടാ. എന്നാലും, കഥയും നോവലും ഭിന്നരീതിയിലുള്ള പരിചരണം ആവശ്യപ്പെടുന്നു. കഥയില്‍ ആഖ്യാനത്തിന് ശ്വാസമെടുക്കാനുള്ള ഒരു സ്പേസുണ്ടാവില്ല. അത്യാസന്നനിലയില്‍ നിന്നുകൊണ്ടുള്ള ഒരെഴുത്താണത്. ഒരു വാക്കോ വാക്യമോ കഥയെ അട്ടിമറിച്ചേക്കും. നോവലിലും അത്തരം സന്ദര്‍ഭങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും.
പക്ഷേ, ആ സന്ദര്ഭങ്ങള്ക്കുവേണ്ടിയുള്ള കുറച്ചു ധൃതി കുറഞ്ഞ യാത്രകള്കൂടിയുണ്ട് നോവലില്‍. നോവലെഴുതാന്‍ ഒരു ഒളിമ്പിക് ടീം ആവശ്യമുണ്ടെന്നു കാര്‍ലോസ് ഫ്യുവന്ദസ് പറഞ്ഞിട്ടുണ്ട്. ഒരു ശിൽപിയും തൊഴിലാളിയും കളിക്കാരനും സ്ഥലക്കച്ചവടക്കാരനും ദല്ലാളും സംഗീതജ്ഞനും പേറെടുക്കുന്നവളും കുറ്റവാളിയും; അങ്ങനെ ഒരു നൂറുകണക്കിനാളുകള്‍ ഒരു നോവലിസ്റ്റില്‍ സമ്മേളിക്കുന്നു. രണ്ടും രണ്ടു തൊഴിലുകളാണ്. രണ്ടും വളരെ പ്രയാസമേറിയ തൊഴിലുകളുമാണ്.
പൊതുവെ സാഹിത്യസൃഷ്ടികളില്‍ കണ്ടുവരുന്ന പ്രണയം, പക, ചതി, വിദ്വേഷം എന്നീ ഘടകങ്ങള്‍ക്ക് വിരുദ്ധമായി താങ്കളുടെ എഴുത്തുകളില്‍, മാനുഷിക ബന്ധങ്ങളും, മനുഷ്യന്റെ വേദനയും ഒറ്റപ്പെടലും വിഷയമാകുന്നതായി കണ്ടിട്ടുണ്ട്. ‘ചിദംബര രഹസ്യ’ത്തിലെ ലീനയും മായയും ‘മറ്റൊരു വേനലി’ലെ സീതയും ‘മുസോളിയ’ത്തിലെ ജെന്നിയും പ്രതിനിധാനംചെയ്യുന്നത് സമകാലാവസ്ഥയില്‍ ജീവിക്കുന്ന സ്ത്രീകളുടെ ഇടര്‍ച്ചകളെയാണ്. എന്തുകൊണ്ടാണ് അങ്ങനെയൊരു പൊതുസ്വഭാവം എല്ലാ എഴുത്തുകളിലും കടന്നുവരുന്നത്? അത് മനഃപൂര്‍വം തന്നെ വരുത്തുന്നതാണോ?
ഒരാള്‍ ജീവിതത്തില്‍ ഒരു കൃതിയേ രചിക്കുന്നുള്ളൂ, പല കൃതികളായി രൂപഭാവ മാറ്റങ്ങളോടെ അവതരിപ്പിക്കുകയാണ് എന്നു പറയാറില്ലേ? കുറച്ചൊക്കെ ശരിയുണ്ട് അതില്‍. സൂക്ഷിച്ചുനോക്കിയാല്‍ ഒരന്തര്ധാരപോലെ സദൃശമായ പ്രമേയങ്ങള്‍ ഒരാളുടെ എല്ലാ രചനകളിലും കാണാന്‍ സാധിക്കുമായിരിക്കും. ഒരാളെ ഒരു വിഷയത്തിലേക്ക് ഉന്മുഖനാക്കുന്നത് അത് അയാളെ വേദനിപ്പിക്കുമ്പോഴാണെന്നു തോന്നുന്നു. ദുഃഖകരമല്ലാത്ത വിഷയങ്ങള്‍ക്ക് കുറേ കഴിയുമ്പോള്‍ സാന്ദ്രത കുറഞ്ഞുപോകും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. മുമ്പു നാം ആഘോഷിച്ചു വായിച്ചിട്ടുള്ള പല കൃതികള്‍ക്കും ഇപ്പോള്‍ ആ വിധി വന്നുചേര്‍ന്നിട്ടുണ്ട്. നമ്മുടെ രചനകളിലും നിലനിൽക്കാന് സാധ്യതയുള്ളത് വിഷാദത്തിന്റെ നീരൊഴുക്കുള്ള കഥകളായിരിക്കും.
ഒറ്റപ്പെടലാണ് ഏറ്റവും ദുർവഹമായ അവസ്ഥ എന്നു തോന്നുന്നു. അതു മരണതുല്യമാണ്. മരണത്തിലേക്കു പോയ ഒരു കഥാപാത്രം, മെല്ക്വിയാദസാണെന്ന് ഓര്‍ക്കുന്നു, പരലോകത്തെ ഏകാന്തത സഹിക്കാനാവാതെ തിരിച്ചുവരുന്ന ഒരു സന്ദര്‍ഭം ‘ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡി’ലുണ്ട്.
സൂചികൊണ്ട് കിണര്‍ കുഴിക്കുന്നതുപോലെ അധ്വാനം നിറഞ്ഞ പണിയാണ് നോവല്‍ എഴുത്തെന്ന് പാമുക് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തൊക്കെയാണ് എഴുത്തിന്റെ പ്രയാസങ്ങള്‍?
നമ്മുടെ കാലത്തെ പ്രധാനപ്പെട്ട എഴുത്തുകാരെല്ലാം എഴുത്തിന്റെ കലയെക്കുറിച്ചുള്ള, അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള നല്ല പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പാമുക് Naive and the Sentimental Novelist, യോസ Letters to a Young Novelist, കുന്ദേര Art of the NovelഉംTestaments Betrayed ഉം ഒക്കെ ഉദാഹരണങ്ങളാണ്. ഇതോടൊപ്പം കാല്വിനോയുടെ ക്ലാസിക്കുകളെക്കുറിച്ചുള്ള കൃതിയും മാർകേസിന്റെ അഭിമുഖവും കാര്‍വറുടെ ലേഖനവുമൊക്കെ ചേര്‍ക്കാമെന്നു തോന്നുന്നു. കഴിഞ്ഞ വര്‍ഷം വന്ന മുറകാമിയുടെ Novelist as a Vocation അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തെയാണ് ആസ്പദമാക്കുന്നത്.
മലയാളത്തില്‍ ഈ വിഷയത്തില്‍ പി.കെ. ബാലകൃഷ്ണന്റെ ‘സിദ്ധിയും സാധനയും’ എന്ന മികച്ച പുസ്തകമുണ്ട്. ഇവരെല്ലാം പൊതുവേ പറയുന്ന ഒരാശയം എഴുത്തിലെ സാധനയാണ്. വിശേഷിച്ചും നോവല്‍പോലുള്ള ഒരു ബൃഹദ് ആഖ്യാനത്തില്‍ പണിയെടുക്കുമ്പോഴുള്ള അധ്വാനം. സിദ്ധികൊണ്ടുമാത്രം സാധിക്കാവുന്ന കലയല്ല നോവല്‍. നിരന്തരമായ എഴുത്ത്, എഡിറ്റിങ്, പലപ്പോഴും എഴുതിയ പലതും ഉപേക്ഷിക്കുന്നതുപോലും നോവലെഴുത്തിന്റെ ഭാഗമാണ്. അടഞ്ഞമുറിയില്‍ ഏകാന്തതയില്‍ ചെയ്യുന്ന ഒരു ധ്യാനം പോലെ ശ്രമകരമായൊരു ജോലി എന്നനിലയിലാണ് ഇതിനെ കാണേണ്ടത് എന്നുതോന്നുന്നു. എഴുത്തിന്റെ സിദ്ധി വേണ്ട എന്നതല്ല. അതില്ലാതെയുള്ള അധ്വാനം പലപ്പോഴും നോവല്‍ എന്ന പേരിലുള്ള അനാവശ്യഭാരങ്ങള്‍ സൃഷ്ടിക്കുന്നു.
ഒരു മധ്യവര്‍ഗ കുടുംബത്തിന്റെ ചുറ്റളവില്‍ നിന്നുകൊണ്ട് കലഹിക്കേണ്ടി വരുന്ന സ്ത്രീ-പുരുഷന്മാരെ സൂക്ഷ്മമായി വരച്ചെടുക്കുന്ന താങ്കള്‍ അതേസമയം അധികാരത്തിന്റെ അദൃശ്യ പാളികളെ പ്രതിരോധിക്കുന്ന രംഗങ്ങളെ മിഴിവോടെ സന്നിവേശിപ്പിക്കുന്നുമുണ്ട്. ‘അന്ധനായ’ ഉടയോനും ശാരീരിക വെല്ലുവിളികളെ ശക്തമായി നേരിടുന്നവരും ആനയെ വിവരിക്കുന്ന കണ്ണ് കാണാത്തവരും ഉയരം കുറഞ്ഞവരും പുലികളി നടത്തുന്നവരും വേദജ്ഞാനിയായ ദലിത് പണ്ഡിതനും തെരുവുഗുണ്ടകളും പച്ചകുത്തുന്നവരും, ഭൂഗര്ഭങ്ങളില് ചരിത്രം അന്വേഷിക്കുന്നവരും പരുന്തും കുരങ്ങനും എല്ലാം ചേര്‍ന്ന ജൈവവ്യവസ്ഥയുടെ സന്തുലിതാവസ്ഥ എങ്ങനെയാണ് ക്രമനിബദ്ധമായി അവതരിപ്പിക്കുന്നത്?
ക്രമനിബദ്ധമായി അവതരിപ്പിക്കുന്നുണ്ടോ? അങ്ങനെ ആലോചിച്ചിട്ടില്ല. എഴുതാന്‍ തോന്നുന്ന ഒരു പ്രമേയത്തില്‍ പണിയെടുക്കുന്നു എന്നേയുള്ളൂ. പല കാലങ്ങളിലും പല ദേശങ്ങളിലുമുള്ള അനുഭവങ്ങള്‍, ബന്ധപ്പെടുന്ന മനുഷ്യര്‍, പുസ്തകങ്ങള്‍, സിനിമകള്‍, യാത്രകള്‍, ജയങ്ങള്‍, തോല്‍വികള്‍, ഭയം, അധികാരം, ശകാരം, അപകര്‍ഷബോധം: ഇങ്ങനെ ഹ്രസ്വമായ ജീവിതത്തില്‍ കടന്നുപോകുന്ന, അറിയാതെ സംഭരിക്കുന്ന, ശേഖരിക്കുന്ന പലതിന്റേയും ആകത്തുകയല്ലേ നമ്മളെല്ലാവരും? ഓരോരുത്തരും അതു പ്രകാശിപ്പിക്കാന്‍ വിവിധങ്ങളായ മാധ്യമങ്ങളെ ഉപയോഗിക്കുന്നു. എഴുത്തില്‍ പണിയെടുക്കുന്നതുകൊണ്ട് എന്റെ കഥകളില്‍ അവ വരുന്നു. അങ്ങനെ പൂർവബോധ്യങ്ങളുടെ അടിസ്ഥാനത്തിലാവില്ല പലപ്പോഴും എഴുത്ത്.
‘സങ്കടമോചനത്തിനു ഒരു കൈപ്പുസ്തകം’, ‘വിശുദ്ധന്റെ ചോര’, ‘മീനുകള്‍’, ‘പാശുപതം’ എന്നിങ്ങനെയുള്ള കഥകളിലെ ലോകം ‘പാവകളുടെ വീടി’ല്‍ എത്തുമ്പോള്‍ സാര്‍വജനീനവും പുതിയ ലോകക്രമത്തെ പിന്തുടരുന്നതുമായ പരിസരം സംജാതമാവുകയാണ്. അധികാരം, സ്വത്വബോധം, അപരത്വം എന്നിങ്ങനെയുള്ള ഘടകങ്ങളെ സര്‍ഗാത്മകമായി വിന്യസിപ്പിക്കുമ്പോള്‍ രാഷ്ട്രീയ കൃത്യത താങ്കളെ അലട്ടാറുണ്ടോ?
‘ജ്ഞാനഭാരം’ എന്ന നോവല്‍ രാഷ്ട്രീയകൃത്യത എന്ന സങ്കൽപത്തെക്കുറിച്ചുള്ള ആലോചനയായിരുന്നു. അത്തരമൊരു രാഷ്ട്രീയകൃത്യത സാധ്യമല്ല, ജീവിതത്തില്‍. പലരെയും സന്തോഷിപ്പിക്കാന്‍ ആളുകള്‍ കൃത്യത നടിക്കുന്നുവെന്നേയുള്ളൂ. രാഷ്ട്രീയശരികളുടെ ഒരു വലിയ ലോകം സോഷ്യല്‍ മീഡിയയാണ്. അവിടെ ഒരു വിഷയത്തിന്റെ ആയുസ്സ് രണ്ടോ മൂന്നോ ദിവസമായിരിക്കും. ഏറ്റവും വിദ്വേഷവിഷം ചീറ്റുന്ന ഇടങ്ങളാണവ.
എല്ലാ വിഷയത്തിലും കൃത്യമായി ഇടപെട്ട്, ഒപ്പിട്ട്, സകല സൈബര്‍ പ്രചാരകരെയും സന്തോഷിപ്പിച്ച് ‘രാഷ്ട്രീയശരികളുടെ കുഞ്ഞിരാമനായി’ ജീവിച്ചാല്‍പ്പോലും രണ്ടുദിവസം കഴിഞ്ഞ് വേറൊരു വിഷയത്തില്‍ ഇടപെടേണ്ടിവരും. അതിനുള്ള പേശീബലമുള്ളവര് എഴുത്തുകാരില്‍ എത്രപേര്‍ കാണും? വിശേഷിച്ച് സാമ്പത്തിക, രാഷ്ട്രീയ, അധികാര താൽപര്യങ്ങളൊന്നും ഇല്ലെങ്കില്‍ സ്വന്തം എഴുത്തില്‍ ശ്രദ്ധിച്ചു മുന്നോട്ടുപോവുക എന്നു മാത്രമേ ശരിയായിത്തോന്നുന്നുള്ളൂ. അല്ലെങ്കില്‍ അതിനുള്ള ശേഷിയേ ഉള്ളൂ.
ഒരു മുപ്പതുകൊല്ലം മുമ്പുള്ള തൃശൂരിലുള്ള ഒരു സാഹിത്യ മീറ്റിങ് ഓർമ വരുന്നു. ഞാനന്ന് ഒരു കാണിയായിട്ടു പങ്കെടുത്തതാണ്. തൃശൂരിലുള്ള എഴുത്തുകാരെല്ലാമുണ്ട്. സാറ ടീച്ചര്‍, വൈശാഖന് മാഷ്, സിവിക് ചന്ദ്രന്, അഷ്ടമൂര്‍ത്തി, അശോകന് ചരുവില്‍, എന്‍. രാജന്, കെ. രഘുനാഥന്, ഗീതാഹിരണ്യന്‍... പൊതുവേ വേദിയില്‍ കാണാത്ത ഒരാളാണെങ്കിലും അന്നു മേതില്‍ രാധാകൃഷ്ണനുമുണ്ടായിരുന്നു. അദ്ദേഹം സംസാരിച്ചില്ല. മീറ്റിങ് കഴിഞ്ഞ ഉടനെ ഒരു ആക്ടിവിസ്റ്റ് മൈക്കു വാങ്ങി ഇങ്ങനെ പ്രസ്താവിച്ചു: ‘‘കാര്യമൊക്കെ ശരി, നാളെ വൈകീട്ട് അഞ്ചു മണിക്ക് മുനിസിപ്പല്‍ ഓഫിസിനു മുന്നില്‍ ഒരു പ്രകടനമുണ്ട്. എഴുത്തുകാര്‍ അവിടെ വന്ന് തങ്ങളുടെ യഥാർഥ പ്രതിബദ്ധത തെളിയിക്കട്ടെ.’’
നർമദയോ ഗാട്ടോ പോലുള്ള ഒരു പ്രധാനപ്പെട്ട വിഷയമാണെന്നു തോന്നുന്നു. അതായത് ഇതുവരെ എഴുതിയതൊക്കെ ആവിയാകുന്നു. എഴുത്തിന്റെ യഥാർഥ മൂല്യം ഉരച്ചുനോക്കപ്പെടുന്നത് മുനിസിപ്പല്‍ ഓഫിസിനു മുന്നിലെ പ്രകടനത്തിലാകുന്നു. ഇവരാരെങ്കിലും പോയോ എന്നറിയില്ല. പോയാലും പോയില്ലെങ്കിലും അവരുടെ എഴുത്തിനെ അതു ബാധിക്കില്ലെന്നാണ് എന്റെ വിശ്വാസം. അതേസമയം, നിങ്ങള്‍ എഴുതിയ രചനയല്ല, വിളിക്കുന്ന മുദ്രാവാക്യമാണ് പ്രധാനം എന്നാണ് രാഷ്ട്രീയ ശരിക്കാരന് അവകാശപ്പെടുന്നത്. തിരിച്ച് ആക്ടിവിസ്റ്റിനോട് നിങ്ങളുടെ ആക്ടിവിസം കൃത്യമാവണമെങ്കില്‍ കഥയോ കവിതയോ വായിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലല്ലോ. മിക്കവാറും അവരതു വായിക്കുന്നുമുണ്ടാവില്ല.
സൂക്ഷ്മ രാഷ്ട്രീയമാണ് സാഹിത്യത്തിന്റെ വഴി. അല്ലാതെ ആഴ്ചയില്‍ രണ്ടുതവണവീതം ഉണ്ടാവുന്ന കക്ഷിരാഷ്ട്രീയ പ്രശ്നങ്ങള്‍ക്കു മറുപടി പറയുകയല്ല. അതേസമയം ജീവിതം രാഷ്ട്രീയസാഹചര്യങ്ങള്‍ കൊണ്ടുതന്നെയാണ് മാറുന്നത്. അതിനാൽ നാമറിയാതെത്തന്നെ നമ്മുടെ ജീവിതത്തില്‍ ചില പരിഷ്കരണങ്ങള്‍ നടക്കുന്നുണ്ടാവും. അത്തരം സ്വാഭാവിക പരിണതിയെ സ്വീകരിക്കുകയാണ് കരണീയം. രാഷ്ട്രീയശരികളുടെ ലോകത്തില്‍ അഭിനയത്തിന്റെ ആധിക്യം കാണും. ജീവിതത്തില്‍ ചിലപ്പോഴെങ്കിലും അതു വേണ്ടിവരുമായിരിക്കും. പക്ഷേ, എഴുത്തിലെങ്കിലും പരമാവധി അതൊഴിവാക്കുന്നതാണ് സത്യസന്ധത.
നിശ്ശബ്ദതയുടെ വാദ്യവൃന്ദം തീര്‍ക്കാന്‍ മനഃപൂര്വമല്ലെങ്കില്കൂടി ഒരു ശ്രമം അബോധപൂര്‍വം താങ്കളിലെ എഴുത്തുകാരന് നടത്തുന്നുണ്ട്. ‘പരുന്ത്’ എന്ന കഥയിലും മറ്റും അത്തരമൊരു നിശ്ശബ്ദത നിശ്ചലമാക്കുന്ന കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഇ. സന്തോഷ് കുമാറിന്റെ കഥാപാത്രങ്ങളെ നാം തൊട്ടറിയുന്നത് ഹൃദയത്തിന്റെ മിടിപ്പും ശ്വാസത്തിന്റെ ഗന്ധവുംകൊണ്ടാണ്. എന്നാല്‍, ഈ സാഹചര്യത്തെ ചാറ്റ്ജിപിടി കാലത്തെ കഥയെഴുത്തിന്റെ പശ്ചാത്തലവുമായി ചേര്‍ത്ത് വായിക്കുന്നത് എങ്ങനെയാണ്?
ചാറ്റ്ജിപിടിയെക്കുറിച്ച് അങ്ങനെ വലിയ അറിവുകളില്ല. ചെറിയ പരിചയങ്ങള്‍ മാത്രം. ഇക്കാലമത്രയും സംഭരിച്ച അറിവുകളുടെയോ അനുഭവങ്ങളുടെയോ പശ്ചാത്തലത്തില്‍ അതൊരു മിശ്രരൂപത്തിലുള്ള കലാവസ്തു നിർമിച്ചേക്കാം എന്നുതോന്നുന്നു. പുതിയൊരു സൃഷ്ടിനടത്തുമോ? ഇതുവരെ എഴുതപ്പെടാത്ത രീതിയിലുള്ള ഒരു നല്ലകഥ, കവിത, സംഗീതം? അങ്ങനെയുണ്ടെങ്കില്‍ ഭൂമിയില്‍ മനുഷ്യന്റെ കാലം അവസാനിക്കാറായി എന്നർഥം.
സ്ത്രീക്കും പുരുഷനുമിടയിലെ വ്യവഹാരങ്ങള്‍ പല കാരണങ്ങളാല്‍ അസ്വസ്ഥജനകമാകുന്നതിന്റെ രംഗം ‘കുന്നുകള്‍ നക്ഷത്രങ്ങള്‍’, ‘പ്രകാശദൂരങ്ങള്‍’ തുടങ്ങിയ കഥകളില്‍ കാണാനാകും. ഒരു സ്ത്രീ ചിന്തിക്കുന്നതുപോലെ, അവള് പ്രവര്‍ത്തിക്കുന്നതുപോലെ താങ്കളുടെ സ്ത്രീ കഥാപാത്രങ്ങള്‍ അങ്ങേയറ്റം സ്വാഭാവികതയോടെ പെരുമാറാറുണ്ട്. ഈ രസതന്ത്രം എങ്ങനെയാണ് സാധ്യമാവുന്നത്?
ഉണ്ടോ? ഒരു സ്ത്രീവായനക്കാരിയില്നിന്നും അതു കേള്‍ക്കുന്നത് വലിയ അഭിനന്ദനമായിട്ടുവേണം എടുക്കാന്‍. വളരെ നന്ദി. ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ അവരുമായി ബന്ധപ്പെടുന്ന എല്ലാവരെയും പല രീതിയിലുള്ള കഥാപാത്രങ്ങളായി സങ്കൽപിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. പില്ക്കാലത്ത് അവരൊക്കെ കൃതികളില്‍ വന്നുകൊള്ളണം എന്നില്ല. മാത്രമല്ല, സ്ത്രീ-പുരുഷന്മാരുടെ വീക്ഷണങ്ങളില്‍ അത്രമാത്രം വലിയ വ്യത്യാസങ്ങളുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ സാമൂഹികമായി ആർജിച്ചെടുത്ത, അല്ലെങ്കില്‍ അടിച്ചേൽപിക്കപ്പെട്ട ചില കാരണങ്ങള്‍കൊണ്ടാവാം അവയെല്ലാം.
നോവലുകളായ ‘അന്ധകാരനഴി’യിലും ‘ജ്ഞാനഭാര’ത്തിലും ചരിത്രത്തിന്റെ പലവിധത്തിലുള്ള സാധ്യതകളും ചരിത്രം എഴുതാതെ പോയ പുറങ്ങളും എഴുതിച്ചേര്‍ക്കാന്‍ ഇ. സന്തോഷ് കുമാര്‍ ശ്രമിച്ചിട്ടുണ്ട്. അതേസമയം ‘വാക്കുകള്‍’, ‘അമ്യൂസ്മെന്റ് പാര്‍ക്ക്’ എന്നീ കൃതികളിലൊക്കെ മനുഷ്യരുടെ ആധിയും നിസ്സഹായതയാര്‍ന്ന ജീവിതവുമാണ് പ്രതിപാദിക്കുന്നത്. ‘തങ്കച്ചന് മഞ്ഞക്കാരനാ’കട്ടെ രാഷ്ട്രീയ അഭിസംബോധനയാണ്. ഇതില്‍നിന്നും വ്യത്യസ്തമാണോ പുതിയ നോവല്‍?
കഥകളിലും നോവലിലുമൊക്കെ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളും പ്രതിസന്ധികളുമാണ് പ്രമേയമാക്കാന്‍ ശ്രമിക്കുന്നത്. വിപ്ലവമായാലും കലാപ്രവര്ത്തനമായാലും രാഷ്ട്രീയമായാലും അവിടെയെല്ലാം ആവര്‍ത്തിക്കുന്നത് മനുഷ്യര്‍ക്കിടയിലുള്ള വിനിമയങ്ങളിലെ പ്രതിസന്ധികളാണ്. അവയുടെ അനുരണനങ്ങളാണ് രാഷ്ട്രീയവും. അധികാരം സൂക്ഷ്മമായ അർഥത്തില്‍ എവിടെയും പ്രവര്‍ത്തിക്കുന്നു. പുതിയ രചനയിലും അതുണ്ടാവും. പാപവും പാപബോധവും നിസ്സഹായതയും നിസ്സാരതയുമൊക്കെ അനുഭവിക്കുന്നവരിലല്ലേ കഥയുണ്ടാവുന്നത്?
കഥകളുടെ ഒരു ചരിത്രം പരിശോധിച്ചാല്‍ ഓരോ കാലഘട്ടത്തിലും തൊട്ട് മുന്നേയുള്ള എഴുത്തുകാരുടെ ശൈലിയും ശിൽപകലയും പിന്നീട് വരുന്ന എഴുത്തുകാരില്‍ സ്വാധീനം ചെലുത്തുന്നതായി കാണാം. താങ്കളുടെ എഴുത്തുജീവിതത്തില്‍ അത്തരത്തിലുള്ള പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ടോ? ‘ഹിഗ്വിറ്റ’ എന്ന കഥ സൃഷ്ടിച്ച ഭാവുകത്വ വിച്ഛേദം ഇ. സന്തോഷ് കുമാറിലെ കഥാകൃത്തിനെ എപ്പോഴെങ്കിലും സ്വാധീനിച്ചിരുന്നോ?
തൊണ്ണൂറുകളില്‍ കഥയിലുണ്ടായ ചില കുതിപ്പുകള്‍ തീര്‍ച്ചയായും കഥയെഴുതാനും അതില്‍ നിൽക്കാനും എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. അതുവരെ കവിതയായിരുന്നു എഴുതിയിരുന്നത്. വലിയ കാവ്യപാരമ്പര്യവും പാണ്ഡിത്യവുമൊക്കെ ആവശ്യപ്പെടുന്ന ഒന്നായിട്ടാണ് ആളുകള്‍ അന്നു കവിതയെ കണ്ടിരുന്നത് എന്നു തോന്നുന്നു. ആശാനെയും എഴുത്തച്ഛനെയുമൊക്കെ കമ്പോടുകമ്പു വായിക്കണമെങ്കില്‍ വലിയ സംസ്കൃതവിജ്ഞാനമൊക്കെ ആവശ്യമുണ്ട്. അതൊന്നും ഇല്ലാത്ത, സമ്പാദിക്കാന്‍ സാധിക്കാത്ത ഒരാള്‍ കവിതയില്‍ നിൽക്കുന്നതു പാടാണെന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് മാറിയത്.
‘ഹിഗ്വിറ്റ’ തീര്‍ച്ചയായും അക്കാലത്ത് ഒരു വെളിപാടായിരുന്നു. നാട്ടിന്‍പുറത്തെ ഒരു പന്തുകളിയില്നിന്നും വലിയൊരു രാഷ്ട്രീയ പ്രശ്നത്തെ സൂക്ഷ്മമായി അഭിമുഖീകരിക്കാന്‍ ആ കഥക്കു സാധിച്ചു. അതിനോടു യോജിച്ചുകൊണ്ടും വിയോജിച്ചുകൊണ്ടും വന്ന പഠനങ്ങള്‍ നമ്മുടെ കഥാനിരൂപണത്തിലെ വലിയ ചുവടുവെപ്പുകള്തന്നെയാണ്. പേനയെടുക്കുന്നവരെല്ലാം രാഷ്ട്രീയ ശരികളെപ്പറ്റി ഭയക്കാന്‍ തുടങ്ങി എന്നതു വേറെകാര്യം.
എങ്കിലും ഭാവുകത്വവിച്ഛേദം എന്നു പറയാമോ എന്നറിഞ്ഞുകൂടാ. ആധുനികതയിലൊക്കെ സംഭവിച്ചതുപോലുള്ള പ്രകടമായൊരു മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നു സംശയമാണ്. അവിടെയും സാഹിത്യത്തിലെ അട്ടിമറി എന്നതൊക്കെ പലപ്പോഴും അതിശയോക്തിയോടടുത്തുനിൽക്കും. എപ്പോഴും ഒരു നൈരന്തര്യം സാഹിത്യത്തിലുണ്ടാവും എന്നതാണ് സത്യം. ഹിഗ്വിറ്റ മാത്രമല്ല, പല തലമുറകളില്‍നിന്നുള്ള പലപല അഭിരുചികള്‍ ഗുണപരമായി സമ്മേളിച്ച ഒരു സായാഹ്ന വിപണി പോലെയായിരുന്നു അക്കാലത്തെ കഥാരംഗം. (വിപണി എന്നത് നല്ല അർഥത്തിലാണ് പറഞ്ഞത്.
നിരന്തരം പരിഹസിക്കപ്പെട്ട് മനുഷ്യജീവിതത്തില്‍ അവശ്യം വേണ്ടുന്ന സ്ഥാപനങ്ങളായ ചന്തകളെയും കച്ചവടത്തെയുമൊക്കെ ആളുകള്‍ തെറ്റായ രീതിയിലാണ് കേരളത്തില്‍ കാണുക.). അനേകം കോപ്പുകള്‍ അവിടെ വാങ്ങാന്‍ കിട്ടുമായിരുന്നു. തെരുവ് സജീവമാവുമ്പോള്‍ ആള്‍ത്തിരക്കേറും, അനുബന്ധ കലാപ്രകടനങ്ങളുണ്ടാവും. അതുകൊണ്ട് അക്കാലത്ത് എഴുതിത്തുടങ്ങിയവരെല്ലാം അനേകം പാരമ്പര്യങ്ങളെ പിന്‍പറ്റി എന്നുപറയാം. ഒരു എഴുത്തുകാരന് അല്ലെങ്കില്‍ എഴുത്തുകാരി ഒരാളല്ല, പലരാണ്. അവരുടെ കൂടെ എഴുതിത്തുടങ്ങുകയും തുടരുകയും ചെയ്തു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
‘അന്ധകാരനഴി’ പോലൊരു ബൃഹദ് നോവല്‍ വേണ്ടത്ര വായിക്കപ്പെടാതെ പോയി എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഇത്തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു പോയപ്പോഴും ചില വായനക്കാര്‍ ഈ ചോദ്യം ചോദിക്കുകയുണ്ടായി എന്നോര്‍ക്കുന്നു. അവരോടു പറഞ്ഞതുതന്നെ പറയട്ടെ: ‘അന്ധകാരനഴി’ വായിക്കപ്പെട്ടിട്ടുണ്ട് എന്നാണ് എന്റെ എളിയ വിശ്വാസം. വിൽപനയുടെ കാര്യത്തിലും ഭേദപ്പെട്ട രീതിയില്‍ അന്ധകാരനഴി വിജയിച്ചിട്ടുണ്ട്. ‘വേണ്ടത്ര’ എന്നുപറയുന്നത് താരതമ്യമാണ്. താരതമ്യം ചെയ്യുമ്പോഴേ – അതും കൂടുതല്‍ പ്രചാരം നേടിയ കൃതികളോടു താരതമ്യം ചെയ്യുമ്പോള്‍ മാത്രം – പ്രശ്നമുണ്ടാകുന്നുള്ളൂ. മുറകാമി തന്റെ മാരത്തണ്‍ ഓട്ടത്തെക്കുറിച്ചുള്ള പുസ്തകത്തില്‍ പറഞ്ഞതുപോലെ ഓടുക എന്നതാണ്, നിര്‍ത്താതെ ഓടിക്കൊണ്ടേയിരിക്കുക എന്നതാണ് വലിയ കാര്യം.
അങ്ങനെയാകുമ്പോള്‍ മത്സരം അവനവനോടാണ്, പുറത്തുള്ളവരോടല്ല. ഈ ചോദ്യം മുന്നില്‍ കണ്ടുകൊണ്ടല്ലെങ്കിലും ഇതിനുള്ള ഉത്തരം ഞാന്‍ നാലഞ്ചു വര്‍ഷം മുമ്പു പറഞ്ഞിട്ടുണ്ട്. ഒരു കഥയില്‍. ‘‘തന്നേക്കാള്‍ മുന്നേ മൂത്തു കായ്ച്ച മരങ്ങള്‍ അതിനെ പേടിപ്പിക്കുകയോ പ്രലോഭിപ്പിക്കുകയോ ഉണ്ടായില്ല. അത് അക്ഷോഭ്യമായി തന്റെ സമയത്തിലൂടെ വളര്‍ന്നു. പൂവിട്ടു. ഭൂമിക്കടിയിലെ ഭൂതകാലത്തില്‍ വേരുകളാഴ്ത്തി, ഇപ്പോള്‍ അതു ഭാവിയിലേക്കു പടര്‍ന്നു പന്തലിച്ചിരിക്കുന്നു.’’ (നാരകങ്ങളുടെ ഉപമ).
‘അന്ധകാരനഴി’യുടെ കാര്യത്തില്‍ വായനയില്‍ പോരായ്മകളുണ്ടെങ്കില്‍ ഇനിയും അതിനു സമയമുണ്ടല്ലോ. ആവശ്യം തോന്നുന്നുണ്ടെങ്കില്‍ ആളുകള്‍ വായിച്ചുകൊള്ളും. ഞാനെന്തിന് എനിക്കുവേണ്ടി മുദ്രാവാക്യം മുഴക്കണം? സ്വന്തം ശേഷിയും പരിമിതിയും കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുള്ള ഒരെഴുത്തുകാരന് എന്നനിലക്ക് ഞാനിപ്പോള്‍ എന്റേതായ ഒരു വേഗതയില്‍ മുന്നോട്ടുപോവുകയാണ്. നെഗറ്റിവായ ഇടങ്ങളെ ആവുന്നതും ഒഴിവാക്കുന്നു. അത്തരം ഇടങ്ങളോട് വിപ്രതിപത്തി ഉണ്ടായിട്ടല്ല, അവയൊന്നും എന്റെ എഴുത്തിനെ ഒരുവിധത്തിലും സഹായിക്കുകയില്ല എന്ന ബോധ്യം.
മറവിക്കെതിരെയും അധികാരത്തിനെതിരെയും രതി ഉപയോഗിച്ചു പ്രതിരോധം ചമച്ച മിലന് കുന്ദേരയും രാഷ്ട്രീയമായ വലിയ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച മരിയോ വര്‍ഗാസ് യോസയും പ്രിയപ്പെട്ടവരല്ലേ? എങ്കിലും ഒരുപക്ഷേ, മലയാളത്തിലെ എഴുത്തുകാരില്‍ ഗബ്രിയേല്‍ മാർകേസിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞ/ വായിച്ച സര്‍ഗാത്മക എഴുത്തുകാരനെന്ന നിലക്ക് പ്രകടമായി അങ്ങനെ ഒരു സ്വാധീനം താങ്കളുടെ കൃതികളില്‍ കാണാന്‍ പറ്റുന്നില്ല. എന്നിരിക്കേ അദ്ദേഹത്തിന്റെ മാജിക്കല്‍ റിയലിസത്തിന്റെ ഘടകം സ്വന്തം എഴുത്തിലേക്കും സന്നിവേശിപ്പിക്കണം എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
മാർകേസിനെയും കുന്ദേരയെയുമൊക്കെ നന്നായി വായിക്കുകയും പുസ്തകങ്ങളെഴുതുകയുമൊക്കെ ചെയ്ത എത്രയോപേര്‍ നമ്മുടെയിടയിലുണ്ട്. ഞാനും ആ രചനകള്‍ മിക്കവാറും എല്ലാം വായിച്ചിട്ടുണ്ട്. യോസയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ പത്തു പന്ത്രണ്ടു പുസ്തകങ്ങളേ ഞാന്‍ വായിച്ചിട്ടുള്ളൂ. യോസയുടെ ‘Aunt Julia’ പോലുള്ള രചനകളല്ല, കൃത്യമായി രാഷ്ട്രീയാധികാരത്തെപ്പറ്റി പറയുന്ന നോവലുകളാണ് എനിക്കിഷ്ടം. ‘The real life of Alejandro Mayta’ ‘അന്ധകാരനഴി’ എഴുതാനുള്ള പ്രചോദനമായിരുന്നു എന്നോര്‍ക്കുന്നു. അനുകരണമെന്നോ സ്വാധീനമെന്നോ ഒന്നുമല്ല പറയുന്നത്. നമ്മുടെ നാട്ടിലും ബംഗാളിലുമൊക്കെ സംഭവിച്ചതുപോലുള്ള ഒരു പൊലീസ് സ്റ്റേഷന് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആ നോവല്‍ വികസിക്കുന്നത്. ആ കൗതുകമാവാം.
മറ്റൊന്ന്, യോസയുടെ നോവലിന്റെ ഘടന – The feast of the Goatലും The Way tം Paradiseലുമൊക്കെ കാണുന്നതു പോലെ –ഒന്നിടവിട്ടുള്ള അധ്യായങ്ങളില്‍ ഭിന്നമായ കഥ പറയുന്ന രീതി, കുറേ ഭാഗത്തെങ്കിലും അന്ധകാരനഴിയില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതൊരു സ്വാതന്ത്ര്യമാണ്. രണ്ടു വ്യത്യസ്ത നദികള്‍ ഒഴുകി ഒരേ സമുദ്രത്തില്‍ ചേരുന്നതുപോലുള്ള സാക്ഷാല്‍ക്കാരമുണ്ട് ആ രീതിയില്‍. പക്ഷേ, അതെല്ലാം അനുകരിക്കാനുള്ള ശ്രമമൊന്നുമല്ല, ആ ഘടനയോടുള്ള ആദരവാണ്.
മാജിക്കല്‍ റിയലിസം ഇപ്പോള്‍ ലാറ്റിനമേരിക്കയില്നിന്നുതന്നെ പോയിക്കഴിഞ്ഞു. ലോകത്ത് പലേടത്തും അതിന്റെ നിഴലുകള്‍പോലെ സാഹിത്യമുണ്ടായിട്ടുണ്ട്. ഇകാ കുര്‍ണിവാന്‍ എന്ന ഇന്തോനേഷ്യന്‍ എഴുത്തുകാരന്റെ ‘Beauty si Wound’ എന്ന പുസ്തകത്തെക്കുറിച്ച് 2015ലോ മറ്റോ ഞാനൊരു കുറിപ്പെഴുതിയിരുന്നു. വായനയില്‍ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ വലിയൊരു നിഴലാണ് അതെന്നു തോന്നും. അത്ര അടുപ്പമുള്ള നരേഷനാണ്. നോക്കിയാല്‍ മലയാളത്തിലും അതിനുള്ള ശ്രമങ്ങള്‍ കാണുമായിരിക്കും.
അതൊരു തെറ്റൊന്നുമല്ല. സ്വാധീനങ്ങളല്ലേ? പക്ഷേ ഒന്നുണ്ട്, ഇരുപതാം നൂറ്റാണ്ടിലെത്തന്നെ കുലപർവതങ്ങള്പോലെയുള്ള വലിയ എഴുത്തുകാരാണ് ഇവരെല്ലാം. അവരെ അനുകരിക്കാന്‍ പോലുമുള്ള കരുത്ത് സംഭരിക്കുകപോലും എളുപ്പമല്ല. ആ എഴുത്തിന്റെ രാഷ്ട്രീയം, ചരിത്രം, ഭൂമിശാസ്ത്രം എല്ലാം വേറെയാണ്. നാം അവ വായിക്കുന്നു, ആസ്വദിക്കുന്നു. നമ്മുടെ ജീവിതം വേറെയാണ്, സാഹിത്യവും വേറെയായിരിക്കും.
അഭയാര്‍ഥികളുടെ പലായനമാണ് ഇന്ന് ലോകം ഏറെ ചര്‍ച്ച ചെയ്യുന്നതും ഉറ്റു നോക്കുന്നതുമായ വിഷയം. ജനിച്ച മണ്ണില്‍ നിന്ന് പുറത്താക്കപ്പെടുക എന്നത് ഏത് തരത്തില്‍ നോക്കിയാലും അനീതിയാണ്. അതൊരു രാഷ്ട്രീയ അനിവാര്യതയായി തീരുമ്പോള്‍ പരാജയപ്പെടുന്നത് മാനവികതകൂടിയാണ് എന്നതാണ് വിരോധാഭാസം. ഈ ചുറ്റുപാടില്‍ ‘തപോമയിയുടെ അച്ഛനി’ലൂടെ മുന്നോട്ടുവെക്കുന്ന വീക്ഷണം എന്താവും?
പുതിയ പഠനങ്ങളനുസരിച്ച് എല്ലാവരും അഭയാർഥികളാണ്. കുടിയേറ്റം നടത്തിയ കാലത്തെ സംബന്ധിച്ചു വ്യത്യാസങ്ങളുണ്ടെന്നേയുള്ളൂ. ചിലര്‍ ഏതാനും വര്‍ഷം മുമ്പ്, മറ്റു ചിലര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നു എന്നതേയുള്ളൂ. ആരാണ് സ്വദേശി അല്ലെങ്കില്‍ കുടിയേറ്റക്കാരന് എന്നു പറയാനാവാത്ത വിധം നമ്മുടെ ജീനുകളെല്ലാം കൂടിക്കലര്‍ന്നിരിക്കുന്നു. ഭൂതകാലത്തില്‍ അഭിരമിച്ചുകൊണ്ടിരിക്കുന്ന മതങ്ങളും രാഷ്ട്രീയനേതൃത്വവും അവരുടെ അധികാരത്തിനുവേണ്ടി നടത്തുന്ന കുത്സിതപ്രയോഗങ്ങളിലെ ഉപോൽപന്നങ്ങളാണ് അഭയമന്വേഷിച്ചുവരുന്ന മനുഷ്യര്‍.
പതിനായിരക്കണക്കിനു വരുന്ന വര്‍ഷങ്ങള്‍കൊണ്ട് പതിയേ രൂപപ്പെട്ട മാനവിക സംസ്കാരത്തെ പത്തുമൂവായിരം കൊല്ലത്തെ ചരിത്രം മാത്രമുള്ള മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഹൈജാക്ക് ചെയ്യുന്നു. എന്റെ അഭിപ്രായത്തില്‍ ഈ മതങ്ങള്‍ക്കൊന്നും ഇതില്‍നിന്നു കൈകഴുകി മാറിനിൽക്കാനാവില്ല. ലോകത്തിലെ നന്മകള് സ്വന്തം ആസ്തിയായി അവര്‍ ഏറ്റെടുക്കുന്നുണ്ടെങ്കില്‍ തിന്മയും അവര്‍ പങ്കിട്ടേ മതിയാവൂ. ആലോചിച്ചുനോക്കൂ, ബുദ്ധമതത്തില്നിന്നുപോലും അഷിന്‍ വിരാതുവിനെപ്പോലെയുള്ള ഭീകരസന്ന്യാസികളുണ്ടാവുന്നു. ജെ.വി.പി പോലെയും 969പോലെയുമുള്ള അതിഭീകരപ്രസ്ഥാനങ്ങളുണ്ടാവുന്നു!
തപോമയിയുടെ അച്ഛന് വലിയൊരു അഭയാർഥിപ്രവാഹത്തിന്റെ ഭാഗമാണ്. അരനൂറ്റാണ്ടു കാലമായി അയാള്‍ പുതിയ മണ്ണില്‍ ജീവിതം തുടരുന്നു. അതോടൊപ്പം പുതിയ കാലത്തെ അഭയാർഥികളുണ്ട്. ലോകത്തിലെത്തന്നെ ഏറ്റവും ദരിദ്രരായ അഭയാർഥികള്‍. അതേസമയം, ഒരു നോവല്‍ ബോധപൂർവം ഒരു വീക്ഷണം മുന്നോട്ടുവെക്കുന്നു എന്നു പറയുക വയ്യ. നാം കാണുകയാണ്. വിധിക്കുകയല്ല.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളുകളാണ് ഇപ്പോള്‍ അധികവും. അതായത് റീല്‍സിന്റെ ഒരു കാലഘട്ടം എന്നുവേണമെങ്കില്‍ പറയാം. എഴുത്തുകാരും ദിനംപ്രതി രൂപപ്പെട്ടുവരുന്നുണ്ട്. എഴുത്തുകാരെ തട്ടി നടക്കാന്‍ വയ്യ സോഷ്യല്‍ മീഡിയയില്‍ എന്നൊരു പറച്ചില്തന്നെയുണ്ട് . തങ്ങളുടെ സൃഷ്ടികളെ ഏതു രീതിയിലും ആളുകളിലേക്ക് എത്തിക്കാന്‍ ശുഷ്കാന്തി കാണിക്കുന്ന ഒരുവിഭാഗം ആളുകളുണ്ട്. ഇല്ല എന്ന് പറയാന്‍ പറ്റില്ല, അങ്ങനെ നോക്കുമ്പോള്‍ വായനയിലേക്ക് കടക്കുന്ന ഒരാള്‍ക്ക് ഒരു ആശങ്ക ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഏതു തിരഞ്ഞെടുക്കും എന്നുള്ളത്. കാമ്പുള്ളത് വായിക്കണോ പ്രശസ്തിയുള്ളത് വായിക്കണോ എന്നൊക്കെയുള്ള ചിന്തകള്‍ അവരില്‍ ഉണ്ടായിരിക്കും. എന്താണ് അവരോട് പറയാനുള്ളത്?
ആരാണ് സ്വന്തം രചനകള്‍ വായിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നത്? അങ്ങനെയല്ലെന്നു നടിക്കാമെന്നേയുള്ളൂ, സത്യമാവില്ല. ഓരോരോ രീതികളില്‍ സ്വയം പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരല്ലേ എല്ലാവരും? സോഷ്യല്‍ മീഡിയയിലെ ബഹളങ്ങളൊക്കെ അതിന്റെ ഭാഗമാണ്. ഭിന്നസ്വഭാവക്കാരായ മനുഷ്യര്‍ ഭിന്നരീതിയില്‍ അവിടേയും പെരുമാറുന്നു എന്നേയുള്ളൂ. അതവരുടെ സ്വാതന്ത്ര്യം. നമുക്കു വേണമെങ്കില്‍ എടുക്കുക, അല്ലെങ്കില്‍ അവഗണിക്കുക, അതേയുള്ളൂ. പ്രദര്‍ശനപരത പ്രകടിപ്പിക്കുന്നവരും മെഗലോമാനിയക്കാരുമെല്ലാം കൂടുതല്‍ അനുകമ്പ അര്‍ഹിക്കുന്നുണ്ട്.
ആത്യന്തികമായി നോക്കിയാല്‍ നല്ല മനുഷ്യരാണ് അവരെല്ലാം. അര്‍ഹിക്കുന്ന ഇടങ്ങള്‍ ചിലപ്പോഴെങ്കിലും അവര്‍ക്കു കിട്ടിയിട്ടില്ല. ഒരുപക്ഷേ, അവരേക്കാള്‍ മികവില്ലാത്തവര്‍ മുകളിലെത്തിയിട്ടുണ്ടാവും. അതുകൊണ്ട് ഏതെല്ലാമോ തിരസ്കാരങ്ങളും നിരാശതകളും അപകര്ഷതാബോധവുമൊക്കെയാണ് അത്തരം പെരുമാറ്റങ്ങളുടെ പിന്നില്‍. വേദികളും പദവികളും പ്രശസ്തികളുമൊക്കെ കിട്ടിയിട്ടുള്ളവരും അവ കിട്ടാതെവരുന്ന സാഹചര്യങ്ങളില്‍ അങ്ങനെത്തന്നെ പെരുമാറുമായിരുന്നു എന്നാണ് എന്റെ ഊഹം.
വായനക്കാര്‍ എഴുത്തുകാരേക്കാള്‍ ബുദ്ധിയുള്ളവരാകുമ്പോഴാണ് സാഹിത്യരംഗത്തും മികവുണ്ടാവുന്നത്. അത്തരം കുറച്ചുപേര്‍ എക്കാലവും കാണും. അവര്‍ ഈ ബഹളത്തിലും വിവേകം പുലര്‍ത്തും. മുന്നോട്ടുള്ള പോക്കില്‍ അവരുടെ തെരഞ്ഞെടുപ്പാണ് പ്രധാനം.
ലിറ്റററി മേളകളിലൊക്കെ ചര്‍ച്ചചെയ്യുന്നത് പുസ്തകങ്ങളുടെ ഗുണമേന്മ നോക്കിയല്ലെന്നും ആഘോഷിക്കപ്പെടുന്നതിന്റെ അളവ് നോക്കിയാണെന്നും തോന്നാറുണ്ട്. ഇതിനെ എങ്ങനെയാണ് താങ്കള്‍ വിലയിരുത്തുന്നത്?
അവിടെയും വിപണിയുടെ സ്വാഭാവികമായ ഇടപെടലുകളുണ്ടാവും. വിപണി സാമ്പത്തികബലത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്നു. അതു നിഷേധിച്ചിട്ടു കാര്യമില്ല. ഈ കൂട്ടായ്മകള്‍ മിക്കവാറും കാര്‍ണിവലുകളാണ്. അത് ഇവിടെ മാത്രമല്ല, ഇന്ത്യയിലെ മറ്റു മേളകളിലും ഫ്രാങ്ഫര്‍ട്ട് പോലുള്ള വിദേശമേളകളിലുമൊന്നും സ്ഥിതി ഭിന്നമല്ല. സാഹിത്യബാഹ്യമായ ഉത്സവങ്ങള്ക്കുതന്നെയാണ് അവയിലും കൂടുതല്‍ സമയം അനുവദിക്കപ്പെടുന്നത്. അതേസമയം സാഹിത്യോത്സവങ്ങള്‍, ചലച്ചിത്രമേളകള്‍, ബിനാലെ പോലുള്ള കലാപ്രദര്‍ശനങ്ങള്‍, ഇവയൊക്കെ സൃഷ്ടിക്കുന്ന ഒരന്തരീക്ഷം കലയില്‍ താൽപര്യമുണ്ടാക്കാന് സഹായിക്കും എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഗൗരവമുള്ള ചര്‍ച്ചകളും മികച്ച സദസ്സുകളെ ആകര്‍ഷിക്കുന്നുണ്ട്.
കേരളത്തില്‍ നടക്കുന്ന ഉത്സവങ്ങളെല്ലാം ജനപങ്കാളിത്തത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ത്തന്നെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. ഒരു മേളയും വിവാദങ്ങളില്‍നിന്നും മുക്തമാവുകയില്ല. എന്നിരുന്നാലും പ്രാദേശികമായി കൂടുതല്‍ മേളകളുണ്ടാവുന്നു, കൂടുതല്‍ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ സംഭവിക്കുന്നു. ഒക്കെയും കലക്കു പ്രാധാന്യം ഉണ്ടാക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കും എന്നൊരു ഗുണവശമില്ലേ? അതിനെപ്പറ്റിയുള്ള സംവാദങ്ങള്‍ – വിവാദങ്ങള്‍ പോലും – ഗുണപരമാണ്. ജനാധിപത്യപരമാണ്. വിശേഷിച്ചും സാഹിത്യമൊക്കെ ഒരു അക്കാദമിക് വ്യവഹാരമായി ചുരുങ്ങിവരുന്ന ലോകസാഹചര്യത്തില്‍.
കൃത്യമായ രാഷ്ട്രീയ അഭിപ്രായം പറയാത്ത എഴുത്തുകാര്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരാകുന്നതായി കണ്ടിട്ടുണ്ട്. അതേസമയം, അഭിപ്രായം പറയുന്നവരെ ആക്ഷേപിക്കുകയും അതിനും രണ്ടുപക്ഷം പിടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. സമൂഹത്തില്‍ നടക്കുന്ന അരക്ഷിതാവസ്ഥകള്ക്കെതിരെ, അരാജകത്വങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു എഴുത്തുകാരന് ബാധ്യസ്ഥനാണ് എന്ന് തോന്നുന്നുണ്ടോ?
അത് അയാളുടെ ചോയ്സാണ്. സമൂഹത്തിലെ അരക്ഷിതാവസ്ഥകള്ക്കെതിരെ പ്രതികരിക്കാന്‍ ഒരു ശാസ്ത്രജ്ഞന് ബാധ്യസ്ഥനല്ലേ? ഒരു കായികതാരം? പുരോഹിതന്, വിദ്യാർഥി, ഗവേഷകന്, ചരിത്രകാരന്? അത്ര ബാധ്യതയേ അയാള്‍ക്കുമുള്ളൂ. അവര്ക്കൊക്കെയുള്ളത്ര പ്രാധാന്യമേ എഴുത്തുകാരനും കൊടുക്കേണ്ടതുള്ളൂ.
ശബ്ദമില്ലാത്ത കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കാനും കാഴ്ചയില്ലാത്തവര്‍ക്ക് ഉൾക്കാഴ്ച പകരാനും പരാജയപ്പെട്ടവര്‍ക്ക് സ്വപ്നങ്ങള്‍ നല്‍കാനുമാണ് ഇ. സന്തോഷ് കുമാര്‍ എന്ന എഴുത്തുകാരന് ശ്രമിച്ചിട്ടുള്ളത്. താങ്കളെ സംബന്ധിച്ചിടത്തോളം സംവാദത്തിന്റെ തുറസ്സില്‍ എപ്പോഴും ഉണ്ടാവേണ്ടത് മുഖ്യധാര വേലികെട്ടി പുറത്താക്കിയവരാണ്. ‘മുട്ടയോളം വലുപ്പമുള്ള ധാന്യമണികളും’ ‘ചാവുകളി’യും ഉറപ്പിക്കുന്നത് അത്തരം മനുഷ്യരെയാണ്. ‘തപോമയിയുടെ അച്ഛനും’ അത്തരത്തിലുള്ളവരുടെ ജീവചരിത്രമാണെന്നത് പ്രതീക്ഷിക്കാമോ?
‘തപോമയിയുടെ അച്ഛന്’ എന്ന നോവലിലും ഒരു കഥ പറയാന്‍ ശ്രമിക്കുന്നുണ്ട്. ഒരു രചനയും ബോധപൂർവമുള്ള നിർമിതിയല്ല. ‘ഇന്ന’ ആശയങ്ങള്‍ പ്രക്ഷേപിക്കുന്ന ഒരു കഥാപാത്രം ഈ കഥയില്‍ വരണം എന്ന് ആലോചിക്കാറില്ല. ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അത്തരം പലരെയും നമ്മള് കണ്ടുമുട്ടുമല്ലോ. അവരുടെ ജീവിതം പറയുമ്പോള്‍ ആശയങ്ങളും കൂടെ വരുമായിരിക്കും.
‘തപോമയി’ എന്ന കഥാപാത്രത്തിന്റെ പേര്, പശ്ചാത്തലം?
‘തപോമയി’ ബറുവ കൊല്‍ക്കത്തയില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു. നന്നായി ജോലിചെയ്യുന്ന, സൗമ്യനായ ഒരാള്‍. ആ പേരിന്റെ ഭംഗിയാണ് ആദ്യത്തെ ആകര്‍ഷണം. ഇപ്പോഴും അയാള്‍ അവിടെയുണ്ട്. ഞാന്‍ അവിടെയുള്ള സമയത്താണ് അയാളുടെ അച്ഛന് മരിച്ചത്. അതുവരെയുള്ള കാലത്ത് കുറച്ചു വൈകിയാണ് ‘തപോമയി’ പലപ്പോഴും ഓഫിസിലെത്തുക.
അക്കാര്യം തിരക്കിയപ്പോഴാണ് അമ്മ മരിച്ചുപോയെന്നും താനൊറ്റക്ക് അച്ഛനെ ശുശ്രൂഷിച്ച ശേഷമാണ് വരുന്നതെന്നും പറയുന്നത്. തപോമയിയുടെ അച്ഛന് മരിച്ച് കുറച്ചുദിവസം കഴിഞ്ഞുള്ള ചടങ്ങുകള്‍ക്കായി കോളജ് സ്ട്രീറ്റിനടുത്തുള്ള മഹാബോധിവിഹാരത്തില് ഞാന്‍ പോയിരുന്നു. അതു മാത്രമേയുള്ളൂ. മറ്റെല്ലാം വേറെയാണ്, വേറെ കഥകള്‍, കഥാപാത്രങ്ങള്‍. നഗരംപോലും മാറിയിട്ടുണ്ട്.
–എന്നാലും തപോമയിയെ നോവലിലേക്കെടുക്കുകയാണെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. അതൊരു ബഹുമതിയാണെന്ന് അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.