‘കടുത്ത മതബോധത്തിലൂന്നിയ ഒരു രാജ്യമാണ് നമ്മുടേത്’
രാജ്യത്തെ ജാതിവിരുദ്ധ മുന്നേറ്റങ്ങളുടെ അവസ്ഥ എന്താണ്? ഒ.ബി.സി വിഭാഗങ്ങൾ ഹിന്ദുത്വയോട് ഒത്തുപോകുകയാണോ ചെയ്യുന്നത്? മണ്ഡലിന് യഥാർഥ എതിർപ്പ് ആരിൽനിന്നായിരുന്നു? ആധുനികീകരണ വഴിയെ സഞ്ചരിക്കുന്ന ഹിന്ദുക്കൾക്ക് ചില ഘട്ടങ്ങളിൽ ഹിന്ദുമതത്തെക്കാൾ ഹിന്ദുത്വയാണ് മികച്ചതെന്നുവരെ തോന്നുന്നുണ്ടോ? -രാഷ്ട്രീയ നിരീക്ഷകനും ചിന്തകനുമായ സൂര്യകാന്ത് വാഗ്മോർ ജാതി, ഹിന്ദുത്വ, സംവരണം തുടങ്ങിയ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് സമകാലിക ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നു.ഐ.ഐ.ടി ബോംബെയിൽ സാമൂഹിക ശാസ്ത്ര, മാനവിക...
Your Subscription Supports Independent Journalism
View Plansരാജ്യത്തെ ജാതിവിരുദ്ധ മുന്നേറ്റങ്ങളുടെ അവസ്ഥ എന്താണ്? ഒ.ബി.സി വിഭാഗങ്ങൾ ഹിന്ദുത്വയോട് ഒത്തുപോകുകയാണോ ചെയ്യുന്നത്? മണ്ഡലിന് യഥാർഥ എതിർപ്പ് ആരിൽനിന്നായിരുന്നു? ആധുനികീകരണ വഴിയെ സഞ്ചരിക്കുന്ന ഹിന്ദുക്കൾക്ക് ചില ഘട്ടങ്ങളിൽ ഹിന്ദുമതത്തെക്കാൾ ഹിന്ദുത്വയാണ് മികച്ചതെന്നുവരെ തോന്നുന്നുണ്ടോ? -രാഷ്ട്രീയ നിരീക്ഷകനും ചിന്തകനുമായ സൂര്യകാന്ത് വാഗ്മോർ ജാതി, ഹിന്ദുത്വ, സംവരണം തുടങ്ങിയ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് സമകാലിക ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നു.
ഐ.ഐ.ടി ബോംബെയിൽ സാമൂഹിക ശാസ്ത്ര, മാനവിക വിഭാഗത്തിൽ പ്രഫസറാണ് സൂര്യകാന്ത് വാഗ്മോർ. എഡിൻബറ യൂനിവേഴ്സിറ്റിയിൽനിന്ന് കോമൺവെൽത്ത് സ്കോളറായി 2011ൽ സോഷ്യോളജിയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഇന്ത്യയിലെ ജനാധിപത്യം, പൗരപഠനം എന്നിവയെപ്പറ്റി ഗവേഷണം നടത്തുന്നു. ‘Civility against Caste’ (Sage 2013) എന്ന കൃതിയുടെ കർത്താവും ‘Civility in Crisis’ (Routledge 2020) സഹപത്രാധിപരുമാണ്. ‘Caste and Cities’ എന്ന കൃതിക്ക് ന്യൂ ഇന്ത്യ ഫൗണ്ടേഷൻ ഫെലോഷിപ് (2022) ലഭിച്ചിട്ടുണ്ട്. ‘Civil Sphere in India’ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന കൃതിയാണ്.
മുമ്പ് മുംബൈ ‘ടിസി’ൽ (TISS) പ്രഫസറും സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ആൻഡ് ഗവേണൻസ് ചെയർപേഴ്സനുമായിരുന്നു. ഫുഡാൻ യൂനിവേഴ്സിറ്റി, ഹൈദരാബാദ് യൂനിവേഴ്സിറ്റി, സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി, ഗോണ്ടിങ്ജെൻ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിങ് ഫാക്കൽറ്റിയുമായി. ‘ഇന്ത്യൻ എക്സ്പ്രസ്’ പോലുള്ള പത്രങ്ങളിൽ കോളം ചെയ്യുന്നു.
ഇന്ത്യൻ രാഷ്ട്രീയ സംവിധാനങ്ങളിൽ മേൽജാതി സമഗ്രാധിപത്യം, മണ്ഡൽ കമീഷൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ സൃഷ്ടിച്ച അടിയൊഴുക്കുകൾ തുടങ്ങി വിവിധ വിഷയങ്ങൾ സംസാരിക്കുകയാണ് അദ്ദേഹം ഇൗ സംഭാഷണത്തിൽ.
നിയമസഭകളിലും പാർലമെന്റിലും സാമാജികരിലെ സവർണ ജാതിക്കാരുടെ എണ്ണം കുറയുകയും കീഴാള ജാതിക്കാർ വർധിച്ചുവരുകയുമാണല്ലോ. 1990കളിൽ ഒ.ബി.സി എം.പിമാരുടെ എണ്ണം 11 ശതമാനത്തിൽനിന്ന് 22 ശതമാനമായി ഇരട്ടിച്ചപ്പോൾ സവർണജാതിക്കാരായ പാർലമെന്റേറിയന്മാർ 1984ൽ 47 ശതമാനമായിരുന്നത് 90കളിൽ 40 ശതമാനത്തിൽ താഴേക്ക് കുറഞ്ഞല്ലോ. ഭരണകൂടങ്ങളിലും നിയമസഭകളിലും രാഷ്ട്രീയ അധികാര സമവാക്യങ്ങളിൽ ഇത് ഗതിമാറ്റത്തിനിടയാക്കിയിട്ടുണ്ട്. ജനാധിപത്യ രാഷ്ട്രീയത്തിന്റെ സ്വഭാവംപോലും മാറ്റുന്നതാണിത്. യഥാർഥത്തിൽ, സവർണ ജാതിക്കാർ ഏറെ നിർണായക സ്വാധീനമുള്ളവരാണ്. എണ്ണത്തിൽ അവർ കുറയുകയും മറ്റു ജാതിക്കാർ വർധിക്കുകയും ചെയ്താലും സ്ഥാപനപരമായ അധികാരശ്രേണികളിലും ഇടങ്ങളിലും സവർണ ജാതിക്കാർക്കുതന്നെയാണ് ആധിപത്യമിപ്പോഴും. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?
മണ്ഡലിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും ഇതര പിന്നാക്ക ജാതികളുടെ രാഷ്ട്രീയവത്കരണവും ഉത്തരേന്ത്യയിൽ വിശുദ്ധ ജാതികളുടെ ആധിപത്യത്തെയാണ് വെല്ലുവിളിച്ചത്. സവർണ ജാതിക്കാരുടെ കക്ഷിയായിരുന്ന കോൺഗ്രസ് ശിഥിലമാക്കപ്പെടുകയും മണ്ഡൽ കക്ഷികളായ ജെ.ഡി.യു, ആർ.ജെ.ഡി, എസ്.പി എന്നിവയടക്കം കൂടുതൽ ഒ.ബി.സി സംഘടനകൾ കരുത്താർജിക്കുകയുംചെയ്തു. ഉത്തരേന്ത്യയിൽ ഒ.ബി.സികളും സവർണജാതികളും തമ്മിലെ വൈരം പക്ഷേ, താൽക്കാലികമായിരുന്നു.
ഒ.ബി.സികളുടെ പരിമിതമായ സാമ്പത്തിക, രാഷ്ട്രീയ ചാലകത അവരെ ഹിന്ദുത്വയിലേക്ക് അടുപ്പിച്ചു. ഒ.ബി.സികളുമായി ബന്ധപ്പെടുത്തി ഉയർന്നുകേട്ട ക്ഷത്രിയത്വ സംവാദങ്ങൾ അവർക്ക് പദവിയും സ്ഥാനവും നൽകുന്നതുമായി. ബ്രാഹ്മണിസത്തിന്റെ പ്രലോഭനം കൂടിയായപ്പോൾ ഹിന്ദുത്വയിലേക്ക് ഒ.ബി.സി വിഭാഗങ്ങളുടെ ആകർഷണം എളുപ്പമായി.
ആര്യസമാജ്, ആർ.എസ്.എസ് തുടങ്ങി കോളനിവാഴ്ച കാലത്തും ശേഷവുമുണ്ടായ നിരവധി പ്രസ്ഥാനങ്ങൾ ഹിന്ദു ഐക്യവും ഒപ്പം ‘അശുദ്ധ’ ജാതികൾക്കിടയിലെ ഭൗതിക ചാലകതയും വളർത്തിയെടുക്കാൻ കാര്യമായി നിക്ഷേപമിറക്കിയത് അവരെ കൂടി ഹിന്ദു സാമൂഹികക്രമത്തിൽ ഉൾച്ചേർക്കാൻ സഹായിച്ചു. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ മണ്ഡൽവത്കരണം സംഭവിച്ചപ്പോഴും ഒ.ബി.സികൾ പൊതുവെ രാഷ്ട്രീയമായി ചിതറിക്കിടന്ന ജാതികൾ തന്നെയായി തുടർന്നു. സവിശേഷമായി രാഷ്ട്രീയവത്കൃത പൊതുധാര അവർക്കിടയിലില്ല.
ദക്ഷിണേന്ത്യയിൽ കാണുംപോലെ ബ്രാഹ്മണേതര പ്രത്യയശാസ്ത്ര ചായ്വുകളും അവിടെ അദൃശ്യം. അഥവാ, അവിടെ നിലനിൽക്കുന്നത് അതത് ജാതികൾക്കായുള്ള കക്ഷികളോ കുടുംബ കേന്ദ്രീകൃത പാർട്ടികളോ ആണ് –എസ്.പി ഉദാഹരണം. ഇതര ജാതികളുമായും മുസ്ലിംകളുമായും മറ്റും പ്രായോഗിക രാഷ്ട്രീയ സഖ്യവും പിന്തുണയും അവ ഉണ്ടാക്കുന്നുവെന്ന് മാത്രം.
മറുവശത്ത്, കാഡറുകളെ വളർത്തിയെടുത്തുള്ള ആർ.എസ്.എസ് രീതി അതിലും ബി.ജെ.പിയിലും വൻതോതിൽ ഒ.ബി.സി സാന്നിധ്യം സാധ്യമാക്കിയിട്ടുണ്ട്. നിലവിലെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പ്രധാനമന്ത്രി മോദിപോലും ഹിന്ദൂയിസത്തിലെ ജനാധിപത്യവത്കരണത്തെ അടയാളപ്പെടുത്താൻ പോന്നതാണ്. ഒരു പൊതുജന വിശ്വാസധാരയായി ഹിന്ദുമതത്തെ അത് ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
വൈരുധ്യാത്മകമാണ് ഈ ജനാധിപത്യവത്കരണം -ഒ.ബി.സികൾക്ക് രാഷ്ട്രീയ ശക്തിയുണ്ടാകാമെങ്കിലും അവരുടെ താൽപര്യങ്ങൾ ഹിന്ദുത്വ മുന്നോട്ടുവെക്കുന്ന സമർപ്പണ മൂല്യങ്ങളുമായി പ്രത്യയശാസ്ത്രപരമായി ലയിച്ചുചേരേണ്ടിവരുന്നു. അതോടെ, അധികാര തലപ്പത്ത് വിശുദ്ധ ജാതികൾതന്നെ വേണമെന്നില്ലാതെ വരുന്നു. അങ്ങനെ, ഒ.ബി.സികൾക്കും ഹിന്ദുത്വയുടെ മൗലികമായ അഭിലാഷങ്ങൾ നേടിയെടുക്കാൻ കഴിയുന്നു.
മണ്ഡൽ സാമൂഹികനീതി രാഷ്ട്രീയം 30 വർഷം പിന്നിടുമ്പോൾ അത് പതിയെ ശിഥിലമാകുകയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പി വൻശക്തിയായി വളരുകയും ചെയ്യുന്നതാണ് കാഴ്ച. പിന്നാക്ക ജാതി രാഷ്ട്രീയമാണ് 1990കളിൽ ഹിന്ദുത്വയുടെ അതിവേഗ വളർച്ചയെ തീർച്ചയായും തടയിട്ടുനിർത്തിയിരുന്നത്. അയോധ്യ പ്രസ്ഥാനത്തോടെ മുഖ്യധാരയിലെത്തിയ മതാത്മക രാഷ്ട്രീയത്തിന്റെ ഇടത്തിലേക്ക് കസേര നീട്ടി ഇരിപ്പുറപ്പിച്ചതായിരുന്നു മണ്ഡൽ രാഷ്ട്രീയം.സാമൂഹികനീതി രാഷ്ട്രീയം സ്വന്തം അജണ്ടയാക്കിയെടുത്ത ഹിന്ദുത്വ തീവ്ര വലതുപക്ഷം വിശാലാർഥത്തിലുള്ള സ്വത്വ രാഷ്ട്രീയത്തിന് രൂപം നൽകി മണ്ഡലിനെ അപ്രസക്തമാക്കി. സാമൂഹികമായി പിന്നാക്കമായ വലിയ ഒരു വിഭാഗത്തിന് പതിയെ അത് കാലം കഴിഞ്ഞതാണെന്ന് വരുകകൂടി ചെയ്തതോടെ ഒ.ബി.സി വോട്ടുകൾ ബി.ജെ.പിയിലേക്ക് ഒഴുക്ക് തുടങ്ങി. മണ്ഡൽ മുന്നോട്ടുവെച്ച പിന്നാക്ക ജാതി സാമൂഹിക നീതി നയം ഏറ്റെടുത്ത് ബി.ജെ.പി വളർച്ചയെ പിടിച്ചുനിർത്താത്തത് കോൺഗ്രസിന്റെ വലിയ നയപരമായ വീഴ്ചയല്ലേ?
മണ്ഡൽ മുന്നോട്ടുവെച്ച സാമൂഹികനീതി പ്രസ്ഥാനം ആർജിച്ച നേട്ടങ്ങൾ വഴിയിലായിട്ടുണ്ടാകാം. എന്നാൽ, മണ്ഡലിന് യഥാർഥ എതിർപ്പ് കോൺഗ്രസിൽനിന്നായിരുന്നു. ഹിന്ദുത്വയുടേതോ, ബി.ജെ.പിയുടേതോ ആയിരുന്നില്ല. അഥവാ, മണ്ഡൽ/സാമൂഹിക നീതിയും ഹിന്ദുത്വയും തമ്മിൽ അത്ര കടുത്ത ശത്രുതയൊന്നുമില്ല. സംവരണത്തിനെതിെര ആർ.എസ്.എസിൽ ശബ്ദങ്ങളുണ്ട്. അതുപക്ഷേ, പൊതുവായ ശുദ്ധജാതി വികാരത്തിന്റെ പുറത്തുള്ളതാണ്, ആർ.എസ്.എസിന്റെ ഔദ്യോഗിക നിലപാടല്ല. മണ്ഡൽ പ്രസ്ഥാനം ബിഹാറിലും യു.പിയിലും കോൺഗ്രസിനെ നിശ്ശൂന്യമാക്കിയെങ്കിൽ മണ്ഡൽ പ്രസ്ഥാന, ജാതി സെൻസസ് വക്താക്കൾ പറയുംപോലെ മണ്ഡലും മന്ദിറും അത്രമേൽ ശത്രുത നിലനിൽക്കുന്നില്ല.
മണ്ഡൽ പ്രസ്ഥാനം ഒരിക്കലും ജാതി വിരുദ്ധമായിരുന്നില്ല. അത് സംവരണമാവശ്യപ്പെടുന്നത് മാത്രമായിരുന്നു. കോൺഗ്രസിന്റെ മണ്ണൊലിച്ചുപോയതോടെ ബി.ജെ.പി വിശാലമായ ഹിന്ദു സമാജിനു ചുറ്റും ആളെ ചേർക്കുകയും മുസ്ലിംകളെ അപരവത്കരിക്കുകയും ചെയ്തു. നവ ലിബറൽ ഇന്ത്യയിൽ ഒ.ബി.സികൾ ആർജിച്ച സാമ്പത്തിക ചാലകതയും ഒപ്പം ശൂദ്രവിഭാഗങ്ങളിൽ ഒരു നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന മുസ്ലിം വിരുദ്ധ പൊതുവികാരവും ചേർന്നപ്പോൾ ബി.ജെ.പി വിജയം എളുപ്പത്തിലായി.
കോൺഗ്രസിന് ഗാന്ധിയുടെയും ഗാന്ധിയൻ രാഷ്ട്രീയത്തിന്റെയും പൈതൃകം അവകാശപ്പെടാമെങ്കിലും ഗാന്ധിജിയുടെ കടുത്ത മതബോധം ആർ.എസ്.എസിനും ബി.ജെ.പിക്കും വളംനൽകുന്നതായി എന്നുകൂടി വേണം പറയാൻ. കോൺഗ്രസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഒ.ബി.സി പക്ഷ വേഷഭൂഷകളണിഞ്ഞാണ് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ, ഈ നയത്തിന് മത, ജാതി ബോധങ്ങൾക്കപ്പുറത്ത് ആഴത്തിലുള്ള രാഷ്ട്രീയ പ്രതിബദ്ധതയൊന്നുമില്ല. മറുവശത്ത്, ബി.ജെ.പിയാകട്ടെ, ഹിന്ദുത്വ രാഷ്ട്രീയത്തിലും സാർവലൗകിക ക്ഷേമത്തിലും വേരുറച്ചുനിൽക്കുന്നു. ധ്രുവീകരണ രാഷ്ട്രീയംകൂടി ചേരുമ്പോൾ താഴെയും മുകളിലും നിന്ന് പിന്തുണ ഒരുപോലെ നേടിയെടുക്കൽ അവർക്ക് എളുപ്പം.
ചരിത്രപരമായി, എല്ലാവരെയും പുൽകുന്ന ഒരു മധ്യപക്ഷ കക്ഷിയായാണ് കോൺഗ്രസ് സ്ഥാപിക്കപ്പെട്ടത്. എന്നാൽ, ജാതിയധിഷ്ഠിത (മണ്ഡലിനുശേഷം), മതപരമായ (അയോധ്യാനന്തരം) പിളർപ്പുകൾ കരുത്താർജിക്കുകയും ജനപ്രിയമാകുകയും ചെയ്തതോടെ എല്ലാവരുടെയും കക്ഷിയെന്നത് നിലനിർത്തൽ ദുഷ്കരമാകുക സ്വാഭാവികം. ഇവിടെ ഉയർന്ന ജാതിക്കാരും പിന്നാക്കക്കാരും തമ്മിലെ വലിയ സംഘർഷംതന്നെ രൂപപ്പെട്ടു. സ്വാഭാവികമായും ഉത്തരേന്ത്യയിൽ, വിശിഷ്യാ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ കോയ്മ എവിടെയുമില്ലാതായി.അനുബന്ധമായി, മറ്റു സംസ്ഥാനങ്ങളിലും പാർട്ടിയുടെ രാഷ്ട്രീയ നേട്ടങ്ങളിൽ കാര്യമായ വിള്ളൽ തീർക്കാൻ ഇതിനായി. വൈവിധ്യത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തിനു പകരം സ്വത്വ രാഷ്ട്രീയത്തിലൂന്നിയ സംവാദങ്ങൾ സജീവസാന്നിധ്യമായ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഈ മഹാ പരിവർത്തനത്തിൽ കോൺഗ്രസിന് ഒരിക്കലും തിരിച്ചുവരവ് സാധ്യമായില്ല. സ്വത്വരാഷ്ട്രീയത്തെ വെല്ലുന്ന ഒരു നയം പ്രഖ്യാപിക്കാതെ കോൺഗ്രസിന് തെരഞ്ഞെടുപ്പുകളിൽ തിരിച്ചുവരവ് സാധ്യമാണെന്ന് കരുതുന്നുണ്ടോ?
മണ്ഡൽ പ്രസ്ഥാനങ്ങൾ ഉയർത്തിയ മണ്ഡൽ സമ്മർദങ്ങൾക്കു മുന്നിലാണ് കോൺഗ്രസ് മുട്ടുകുത്തിയത്. അല്ലായിരുന്നുവെങ്കിൽ ഉത്തരേന്ത്യയിൽ അതിന്റെ മധ്യനിലപാട് സവർണജാതികളുടെ പിന്തുണ ഉറപ്പാക്കേണ്ടതായിരുന്നു. കോൺഗ്രസ് ഘടനയിൽ പിന്നാക്ക ജാതിക്കാരും പാർശ്വവത്കൃത സമൂഹങ്ങളും വളരെ കുറച്ചുമാത്രമാണ് നേട്ടമുണ്ടാക്കിയത്. അതുവരെയും ബഹുസ്വരതയുടെ അടിത്തറകളായി മനസ്സിലാക്കപ്പെട്ടതെല്ലാം ദുർബലമായിരുന്നു.
ബി.ജെ.പി ഉദയത്തോടെ അതിവേഗത്തിൽ അവ ക്ഷയിച്ചുപോകുകയും ചെയ്തു. കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രശ്നം അതൊരു കാഡർ പ്രസ്ഥാനമല്ലെന്നതുകൂടിയാണ്. ആർ.എസ്.എസ് കാഡറുകൾ ബി.ജെ.പിയോട് പുലർത്തുന്ന പ്രതിബദ്ധതയും അഭിനിവേശവും മറ്റൊരു പാർട്ടിക്കും അവകാശപ്പെടുത്താനാകാത്തതാണ്. ഭരണവിരുദ്ധതയും മറ്റു ചെറു ഘടകങ്ങളും ചിലപ്പോൾ കോൺഗ്രസിന് താൽക്കാലിക നേട്ടം നൽകിയേക്കാം. എന്നാൽ, പ്രത്യയശാസ്ത്രപരമായ വ്യക്തതയും ദേശീയത വാചാടോപങ്ങളും കാരണം ഓരോ തെരഞ്ഞെടുപ്പിലും ബി.ജെ.പി അതിന്റെ അടിത്തറ കൂടുതൽ ഭദ്രമാക്കുകയാണ്.
കർണാടക കോൺഗ്രസ് നേട്ടമുണ്ടാക്കിയത് സിദ്ധരാമയ്യയും മറ്റു നേതാക്കളും മുന്നോട്ടുവെച്ച അഹിന്ദ പ്രസ്ഥാനം വഴിയാണ്. കർണാടകയിൽ കോൺഗ്രസിനെ സഹായിച്ച്, ഒരർഥത്തിൽ അഹിന്ദക്ക് ജാതിവിരുദ്ധ പ്രത്യയശാസ്ത്രപരമായ അടിത്തറ കൂടിയുണ്ടായിരുന്നു. യു.പിയിൽ ബി.എസ്.പിയെ കൂട്ടുപിടിക്കാനാകുന്നില്ലെങ്കിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാനാകില്ല. സമാനമായി, മഹാരാഷ്ട്രയിൽ വി.ബി.എയും എം.ഐ.എമ്മും കോൺഗ്രസിന്റെ സാധ്യതകൾക്ക് മുന്നിൽ വിലങ്ങുതടിയാകാനുള്ള സാധ്യതകളുമേറെ. ബി.ജെ.പിക്ക് പൗരസമൂഹത്തിൽ എണ്ണമറ്റ എതിരാളികളുണ്ട്.
അവയെല്ലാം പക്ഷേ, ചിതറിക്കിടക്കുന്ന വിഭാഗങ്ങളാണ്. പലപ്പോഴും പരസ്പരം പോർമുഖത്ത് നിൽക്കുന്നവരും. കോൺഗ്രസിന് കാഡർ പിന്തുണയോ സമർപ്പണ മൂല്യങ്ങളോ (സേവ) ആദർശകൃത്യതയോ അവകാശപ്പെടാനില്ലാത്തതിനാൽ സഖ്യങ്ങളിലാണ് അതിന് അവലംബം. ഇവയത്രയും ബി.ജെ.പിയെ കൂടുതൽ തത്ത്വദീക്ഷയുള്ളതായി എഴുന്നുനിർത്തുന്നു. മറ്റു കക്ഷികളെ കുടുംബവാഴ്ചയിലധിഷ്ഠിതമായ സ്വത്വങ്ങളും. കോൺഗ്രസ് ഒരു ‘ബഹുജൻ’ പാർട്ടിയാകാൻ തീരുമാനിക്കുന്നുവെങ്കിൽ ബഹുജനപ്രിയ ബിംബങ്ങൾ, സംസ്കാരം, അടിത്തട്ടിൽനിന്ന് ആളെ ചേർക്കൽ എന്നിങ്ങനെയെല്ലാം നടപ്പാക്കണം. അത്രയും സാധ്യമാകുമെന്ന് ഞാൻ കരുതുന്നില്ല.
ഹിന്ദുത്വ ദേശീയതയോടുള്ള പ്രതികരണം എങ്ങനെയെന്ന് നിർവചിക്കലല്ലേ കോൺഗ്രസിന് സുപ്രധാന വിഷയം? വർഗീയ ആശയങ്ങൾ, രാഷ്ട്രീയം, നയങ്ങൾ എന്നിവക്കെതിരെ സമരമുഖം തീർക്കൽ കോൺഗ്രസിന് അനിവാര്യതയാണെന്ന് പൊതുവെ സമ്മതിക്കുമ്പോഴും ഭൂരിപക്ഷ ദേശീയതക്ക് മുന്നിൽ സമരസപ്പെടലും അതേസമയം, അതിനെതിരെ മുന്നിൽനിന്ന് സമരം നയിക്കലും ഒരേ സമയത്ത് നടത്തേണ്ടിവരുന്ന സാഹചര്യമുണ്ട്. ഈ വിരുദ്ധ സമ്മർദങ്ങളും ദ്വിധ്രുവ സമീപനങ്ങളും കൂടിയല്ലേ 2014ലെ വൻവീഴ്ചക്കുശേഷം പാർട്ടിയെ വേട്ടയാടുന്ന പ്രതിസന്ധിക്ക് കാരണം? 2014നു ശേഷം ഇത്തരം വലിയ വിഷയങ്ങൾ കൈകാര്യംചെയ്യുന്നതിൽ കോൺഗ്രസ് ഏറെ ജാഗ്രത പുലർത്തുന്നുണ്ട്. ഹിന്ദുവിരുദ്ധമെന്ന് മുദ്ര വീണ് ജനകീയ പിന്തുണ പിന്നെയും നഷ്ടമാകുന്നതിനെ പാർട്ടി ഭയക്കുന്നു. അതുകൊണ്ടുതന്നെ, നേതാക്കളിലേറെയും പരസ്യമായി ഭൂരിപക്ഷ വാദത്തിനെതിരെ തുറന്നടിക്കാൻ വിസമ്മതിക്കുന്നു. നിങ്ങൾ എന്തു പറയുന്നു?
കടുത്ത മതബോധത്തിലൂന്നിയ ഒരു രാജ്യമാണ് നമ്മുടേത്. പാവപ്പെട്ടവരും അതിസമ്പന്നരും ഒരുപോലെ കടുത്ത മതവിശ്വാസികൾ. അതുകൊണ്ടുതന്നെ മതേതരമെന്ന് അവകാശപ്പെടുമ്പോഴും അതിന് മതപരവും ചിലപ്പോൾ വർഗീയവുമായ വേരുകളുണ്ട്. നെഹ്റുവോ ഗാന്ധിയോ ഒരിക്കലും ഹിന്ദു-മുസ്ലിം മതമൗലിക വാദികളെ പിണക്കാൻ താൽപര്യം കാണിച്ചവരല്ല. അതിനുശേഷവും ഇവ്വിഷയകമായ മാറ്റം നേരിയതായിരുന്നു. കമൽനാഥ് ബാബ ബാഗേശ്വറിനു മുന്നിൽ മുട്ടുകുത്തിനിൽക്കുന്നതും ബി.ജെ.പിക്കെതിരെ മധ്യപ്രദേശിൽ കോൺഗ്രസ് പ്രചാരണ ആയുധമായി ഹിന്ദുത്വ വരുന്നതും അതുകൊണ്ടുതന്നെ അത്ഭുതപ്പെടുത്തുന്നതല്ല. സമാനമായി, ബി.ജെ.പിയുടെ വേരുകൾ ചെന്നുതൊടുന്നത് ആര്യസമാജിലും ആർ.എസ്.എസിലുമാണ്, ചെറുതായി കോൺഗ്രസിലും.
നമ്മുടെ ഭരണഘടനയും ഈ വിരോധാഭാസം പേറുന്നുണ്ട്. അത് ഗോവധം നിരോധിക്കുന്നുണ്ട് (48ാം വകുപ്പ്). ഒപ്പം സാമൂഹിക നീതി വകുപ്പുകളും (340ാം വകുപ്പ്), ശാസ്ത്രീയബോധവും നമ്മുടെ മൗലിക ബാധ്യതകളിൽ (51 എ വകുപ്പ്) പെട്ടതാണ്. വൈരുധ്യമെന്ന് തോന്നാം ഇവ. എന്നാൽ, സങ്കീർണമായ ഈ അധികാര പ്രക്രിയകൾ കൂടി ചേർന്നുള്ളതാണ് നമ്മുടെ ജനാധിപത്യം. കോൺഗ്രസിനു മേൽ ബി.ജെ.പി കോയ്മ നേടിയത് ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയവുമായാണ്. കാലാതീതമായ ഏറ്റവും മഹത്തായ മതമായി ഹിന്ദുവിശ്വാസത്തെ അവതരിപ്പിച്ചും ഒപ്പം ജാതിക്കതീതമായി ഹിന്ദു ഐക്യം സാധ്യമാക്കുന്ന ദേശീയ മതമായി അതിനെ മുന്നിൽനിർത്തിയും ജാതിക്കപ്പുറത്തെ ഹിന്ദു പൗരത്വമെന്ന ശക്തമായ വികാരമാണ് ബി.ജെ.പി ഉണർത്തുന്നത്.
അത് ജാതി വിരുദ്ധമല്ല. എന്നാൽ, ‘ഹിംസാത്മകമായി’ അത് ഹിന്ദു ആഭിമുഖ്യമുള്ളതും മുസ്ലിം വിരുദ്ധവുമാണ്. കോൺഗ്രസും അതിന്റെ ബുദ്ധിജീവികളും ഉപയോഗിക്കുന്ന ഏക രാഷ്ട്രീയം ബി.ജെ.പിക്കെതിരെ ഒ.ബി.സികളെ അണിനിരത്തൽ മാത്രമാണ്. അതാകട്ടെ, ഉത്തരേന്ത്യയിൽ പ്രായോഗികമായി ദുഷ്കരമായതും. കാരണം, ബി.ജെ.പി അതിന്റെ പാർട്ടി ഘടനയിൽ ശൂദ്ര ജാതിക്കാരെയും ഇതിനകം ഉൾച്ചേർത്തുകഴിഞ്ഞതാണ്. ജാതി സെൻസസിനുള്ള ആവശ്യം ചിലപ്പോൾ താൽക്കാലികമായ ധ്രുവീകരണം നൽകിയേക്കാം. പക്ഷേ, ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുന്നതാകില്ല. ഒ.ബി.സി പ്രാതിനിധ്യ രാഷ്ട്രീയത്തിനൊപ്പം കൂടുതൽ അർഥവത്തായ അംഗീകാരത്തിന്റെയും സമർപ്പണത്തിന്റെയും സാർവലൗകിക സംവാദങ്ങൾകൂടി ഉണ്ടാകേണ്ടതുണ്ട്.
ഹിന്ദുമതത്തെ ഹിന്ദുത്വയുമായി ഒന്നിപ്പിക്കൽ ഭരണകക്ഷിക്ക് കാര്യമായ ഗുണം ചെയ്തിട്ടുണ്ട്. ഈ മിശ്രണം തുറന്നുകാട്ടുകയും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് ജനത്തെ ബോധ്യപ്പെടുത്തുകയും ചെയ്യൽ അതിപ്രധാനമാണ്. ഹിന്ദുത്വക്കെതിരെ ചോദ്യമുയരുമ്പോഴൊക്കെയും ഹിന്ദുമതം ആക്രമിക്കപ്പെടുന്നുവെന്ന വികാരമുണർത്തലും ഇതിന്റെ തുടർച്ചയാണ്. ഹിന്ദുമതം ഒരിക്കലും ആക്രമിക്കപ്പെടുന്നില്ലെന്ന് സാധാരണ ഹിന്ദുവിനെ ബോധ്യപ്പെടുത്താനാകണം.ഹിന്ദുത്വയെന്നത് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. ഹിന്ദുമതം ഒരു വിശ്വാസധാരയുമാണ്. ഒരു മതമെന്ന നിലക്ക് രാഷ്ട്രീയമായി ആളെക്കൂട്ടൽ പ്രയാസകരമാകും. പ്രബുദ്ധരും ഹിന്ദുത്വ രാഷ്ട്രീയം മനസ്സിലാകുന്നവരുമായ വിഭാഗത്തിന് ഈ ഭിന്നത അർഥമുള്ളതാണ്. സാധാരണക്കാരിലെ ഈ ആശയക്കുഴപ്പമാണ് ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ട് ഉപയോഗപ്പെടുത്തുന്നത്. ഹിന്ദുമതവും ഹിന്ദുത്വയും തമ്മിലെ അകലം സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്താനും തിരുത്താനും എന്താകും സാധ്യമായ ഏറ്റവും നല്ല മാർഗം? അത് അസാധ്യമായ ലക്ഷ്യമാണോ?
ലളിതമല്ല കാര്യങ്ങൾ. ആധുനികീകരണ വഴിയെ സഞ്ചരിക്കുന്ന ഹിന്ദുക്കൾക്ക് ചില ഘട്ടങ്ങളിൽ ഹിന്ദുത്വയും ഹിന്ദുമതവും ഒന്നിച്ചൊന്നായി പോകുന്നതായിരിക്കും. എന്നല്ല, ചിലപ്പോൾ ഹിന്ദുമതത്തെക്കാൾ ഹിന്ദുത്വയാണ് മികച്ചതെന്നുവരെ തോന്നാം. ജാതിക്കും വർണാശ്രമ ധർമത്തിനുമെതിരെ ഭാഗവത് ഉയർത്തിയ എതിർപ്പുകൾ പുരി ശങ്കരാചാര്യ രൂക്ഷ ഭാഷയിലാണ് വിമർശിച്ചത്. ഇന്ത്യക്ക് ബ്രാഹ്മണർ നൽകിയ സംഭാവനകളാണിതെന്നും ഇത് അനുകരിക്കാൻ പടിഞ്ഞാറിനെയും പ്രേരിപ്പിക്കണമെന്നുമായിരുന്നു വാക്കുകൾ.
ശങ്കരാചാര്യരും ആർ.എസ്.എസ് സർസംഘ് ചാലകും തമ്മിലെ ഈ ആശയസംഘട്ടനം ഹിന്ദുത്വയും ഹിന്ദുദർശനവും തമ്മിലെ വ്യത്യാസം വ്യക്തമാക്കാൻ പോന്നതാണ്. കോളനി അനന്തര ചരിത്ര പണ്ഡിതനായ ആശിഷ് നന്ദി ചിന്തിച്ചപോലല്ലെന്നുമാത്രം. ഹിന്ദുദർശനത്തിന്റെ കരങ്ങളാൽ ഹിന്ദുത്വ അന്ത്യം കുറിക്കട്ടെയെന്നായിരുന്നു അദ്ദേഹം സ്വപ്നം കണ്ടത്. ഇവിടെ പക്ഷേ, നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്നു മാത്രമല്ല, അതിവേഗത്തിലുമാണത്.
ഹിന്ദുവിന്റെ ഹൃദയത്തിലെ ശീലങ്ങളെ നിർമിക്കുന്നത് ജാതിതന്നെയാണ്. പൊതുസമൂഹ മതത്തിന്റെ അടിത്തറ രൂപം നൽകുന്നതിലും അത് പ്രധാനമാണ്. ജാതിക്കതീതനായ ഒരു ആധുനിക, സ്വതന്ത്ര വ്യക്തിയെന്നത് മിക്കവാറും അസാധ്യമായതാണ്. മതാതീതവും ജാതിശ്രേണീ മുക്തവുമായ സമത്വബോധത്തിലൂന്നിയ വിശാലമായ പൗരസമൂഹവും ഐക്യവും ഹിന്ദുദർശനത്തിൽ ശാപമായാണ് അനുഭവപ്പെടുക.
ഗാന്ധിയൻ ദർശനവും മറ്റു പരിഷ്കരണ പ്രസ്ഥാനങ്ങളുംപോലെ ഒരു പരിഷ്കരണ പ്രസ്ഥാനമായി വേണേൽ ഹിന്ദുത്വയെ കാണാം. പൊതു, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അത് മതത്തെ മുന്നിൽനിർത്തുന്നു. ദേശീയ മതമെന്നനിലക്ക് ഹിന്ദുമതത്തെ ഹിന്ദുത്വ നിർമിച്ചെടുക്കുമ്പോൾതന്നെ അതിനെ പുനഃസംരചിക്കുകയും ആചാരങ്ങളെ പുനർനിർമിക്കുകയും ചെയ്യുകയാണ്. അശുദ്ധ ജാതികളെ ചേർത്തുപിടിക്കുന്നതിനൊപ്പം മുസ്ലിം വിരുദ്ധതയിലൂട്ടിയ (ജാതിബോധമല്ല) ഹിന്ദുവികാരം ഉണർത്തുകയുംചെയ്യുന്നു.
ചരിത്രം മാറ്റിമാറിച്ചും പാഠ്യക്രമങ്ങൾതന്നെ പുതുത് നിർമിച്ചെടുത്തും ആർ.എസ്.എസ് പ്രത്യയശാസ്ത്ര സംവിധാനം എങ്ങനെയാണ് പരസ്യമായും രഹസ്യമായും കോൺഗ്രസ് ദർശനങ്ങളെ തുടച്ചുനീക്കുന്നതും ഇന്ത്യയെ ഹിന്ദുത്വവത്കരിക്കുന്നതും? എന്തൊക്കെയാണ് അതിനായി അവർ സ്വീകരിച്ചുവരുന്ന മാർഗങ്ങൾ?
ഇതേക്കുറിച്ച് വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ല. വിദ്യാഭ്യാസ രംഗത്ത് ഏറെ വലുതാണ് വിഷയം. കോൺഗ്രസ് കാലത്ത് കരിക്കുലവും ചരിത്ര സിലബസും ജനങ്ങളിൽ ശാസ്ത്രബോധം വളർത്തുന്നതും പുരോഗമനപരമായ പൊതുസംസ്കാരം വളർത്തുന്നതുമായിരുന്നോ? ആയിരുന്നില്ലെന്നാകും പൊതുവെ ഉത്തരം. വിദ്യാഭ്യാസം ഒരു സാമൂഹിക നന്മയായി കാണുന്നതിന് പകരം ചരക്കായാണ് ദർശിക്കപ്പെട്ടത്. സാമ്പത്തിക, സാമൂഹിക തലങ്ങളിൽ ചാലകത ഉറപ്പാക്കലാണ് വിദ്യാഭ്യാസത്തിന്റെ പ്രയോജനം. ഒരു മാനുഷിക സമൂഹ നിർമിതിയല്ല. കുട്ടികൾ ‘സംസ്കാരം’ വീട്ടിൽനിന്ന് പഠിക്കുന്നു.
ആ സംസ്കാരം അവരുടെ ആചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും ആഴത്തിൽ വേരുപടർത്തിനിൽക്കുന്നു. ലോകത്തുടനീളമെന്നപോലെ ഇന്ത്യയിലും വിദ്യാഭ്യാസം സമൂഹത്തെ പരിഷ്കരിക്കുന്നില്ല. പ്രധാനമായും അത് നിർവഹിക്കുന്നത് സാമൂഹിക പ്രസ്ഥാനങ്ങളും പൊതുസമൂഹ സംസ്കാരവുമാണ്. ഉയർന്ന വിദ്യാഭ്യാസമുള്ളവർപോലും രാമായണവും മഹാഭാരതവും പുരാണേതിഹാസ ഗ്രന്ഥങ്ങളല്ലെന്ന് വാദിക്കുന്നവരുള്ള ഒരു സന്ധിയിലാണ് നാം. ഈ കുടുംബ, രാഷ്ട്രീയ സംസ്കാരങ്ങളെ ആർ.എസ്.എസും ഹിന്ദുത്വയും പ്രയോജനപ്പെടുത്തുന്നു. യുക്തിയെക്കാൾ ആചാരങ്ങൾക്കും സഹാനുഭൂതിയെക്കാൾ മതഭ്രാന്തിനും പ്രാധാന്യം നൽകുന്ന ‘സംസ്കാര സമ്പന്നരായ’ ഹിന്ദു പൗരന്മാരെ വാർത്തെടുക്കാനാവും വിധം മതവും വിദ്യാഭ്യാസവും കൂട്ടിക്കുഴച്ച് ഇന്ത്യയിൽ വിദ്യാഭ്യാസത്തിന്റെ സ്വഭാവവും അർഥവും അവർ നിർവചിക്കുന്നു.
1970കൾ വരെ വർണാശ്രമത്തിന്റെ കടുത്ത വക്താക്കളായിരുന്നല്ലോ ആർ.എസ്.എസും ബി.ജെ.പിയും. പിൽക്കാലത്ത് പക്ഷേ, ഈ സമീപനത്തിൽ മാറ്റംവന്നു. നിലപാട് മാറ്റത്തിന് ആർ.എസ്.എസിനെയും ബി.ജെ.പിയെയും നിർബന്ധിച്ച അടിയന്തര വിഷയങ്ങൾ എന്തൊക്കെയാകും?
ഗാന്ധിപോലും വർണാശ്രമത്തെ പിന്തുണച്ചയാളാണ്. അംബേദ്കറെയും മറ്റും കണ്ടശേഷമാണ് അദ്ദേഹം നിലപാട് മാറ്റുന്നത്. പക്ഷേ, ഇത്തരം മാറ്റങ്ങൾക്ക് പരിമിതികളുണ്ട്. ആർ.എസ്.എസും ബി.ജെ.പിയും വളർച്ചയുടെ വഴിയിൽ ഗമിച്ചത് ഇതുപോലെ മാറ്റം സ്വീകരിച്ചതോടെയാണ്. ആദിവാസികൾക്കും ജാതിഭ്രഷ്ടർക്കുമിടയിൽപോലും പിന്തുണയാർജിക്കാൻ അവരുടെ കാഡറുകൾ പ്രവർത്തിച്ചുവരുന്നു. എസ്.പി, ആർ.ജെ.ഡി പോലുള്ള പ്രാദേശിക ജാതി പാർട്ടികളുടെ വളർച്ച തടയാൻ യാദവർക്കിടയിലും ഹിന്ദുത്വയെ അവർ വ്യവസ്ഥാപിതമായി പ്രിയപ്പെട്ടതാക്കിക്കഴിഞ്ഞു.
ശൂദ്രവിഭാഗങ്ങൾ അനുഭവിച്ച മതപരവും സാമൂഹികവുമായ അരികുവത്കരണം പതിയെ ഹിന്ദുത്വ രാഷ്ട്രീയം തിരിച്ചുനൽകുകയാണ്. ചരിത്രപരമായി, ജാതി-വർണ വിഷയങ്ങളിൽ ആർ.എസ്.എസിന് രണ്ടുതരം ആശയങ്ങളുണ്ട്. സവർക്കറെ പോലുള്ള ചില മൗലികവാദികൾ ഹിന്ദുക്കൾ ജാതിക്കതീതമായി ഒറ്റവർഗമാകുമെന്നും അവർക്കിടയിൽ പരസ്പര വിവാഹം വരെ നടക്കുമെന്നും സ്വപ്നംകണ്ടു. ശൂദ്രരെ ഹിന്ദു സംവിധാനത്തിന്റെ ഭാഗമാക്കാൻ ആർ.എസ്.എസും ബി.ജെ.പിയും എത്രമേൽ പണിയെടുത്തെന്ന് വിമർശകർ കാണുന്നില്ല. പാർട്ടിയിലും സംഘടന സംവിധാനത്തിലും നിരവധി ഒ.ബി.സികളാണ് ഏറെ ഉയരങ്ങളിലെത്തിയത്. ജാതി പക്ഷേ, കാലം കഴിഞ്ഞതൊന്നുമല്ല.
ബി.ജെ.പിക്കും ആർ.എസ്.എസിനും പക്ഷേ, അതിനുമപ്പുറത്തെ ഒരുവഴിയുണ്ട്. ജാതി ഭിന്നതക്കപ്പുറത്ത് ഹിന്ദു ഐക്യത്തെ മുന്നിൽ നിർത്തുംവിധം അതിന്റെ നിലപാട് നിരന്തരമായ രൂപഭേദം ആർജിച്ചിട്ടുണ്ട്. നിത്യജീവിതത്തിലും രാഷ്ട്രീയത്തിലും മുസ്ലിംകൾ നേരിടുന്ന നിരന്തരമായ അപരവത്കരണം ഹിന്ദുക്കൾക്കിടയിൽ ജാതിക്കതീതമായ രാഷ്ട്രീയ ഐക്യം വളർത്താൻ ഇരുകക്ഷികൾക്കും തുണയായിട്ടുമുണ്ട്.