‘അങ്ങനെയെങ്കിൽ നിങ്ങളെന്നെ ഡിസ്മിസ് ചെയ്യൂ’
തമിഴ് എഴുത്തുകാരൻ ജയമോഹന്‍റെ സഞ്ചാരം എന്നും വിവാദങ്ങൾക്കൊപ്പമായിരുന്നു. അദ്ദേഹത്തിന്‍റെ പല നിലപാടുകളോടും തുറന്ന എതിർപ്പ് മലയാളി ബുദ്ധിജീവികൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ തുറന്നുപറച്ചിലുകൾ വലിയ വിവാദമായി. ഇവിടെ ജയമോഹൻ തന്‍റെ നിലപാടുകൾ വ്യക്തമാക്കുന്നു. നിലവിലെ വിവാദത്തിന്റെ തൊട്ടുമുമ്പാണ് അഭിമുഖം നടന്നതെങ്കിലും മലയാള എഴുത്തുകാരെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും തന്‍റെ കാഴ്ചപ്പാടുകൾ മറച്ചുവെക്കുന്നില്ല.കാഴ്ചയിലും പെരുമാറ്റത്തിലുമുള്ള സൗമ്യത ജയമോഹന്‍റെ വാക്കുകളിൽ പ്രതീക്ഷിക്കരുത്....
Your Subscription Supports Independent Journalism
View Plansതമിഴ് എഴുത്തുകാരൻ ജയമോഹന്‍റെ സഞ്ചാരം എന്നും വിവാദങ്ങൾക്കൊപ്പമായിരുന്നു. അദ്ദേഹത്തിന്‍റെ പല നിലപാടുകളോടും തുറന്ന എതിർപ്പ് മലയാളി ബുദ്ധിജീവികൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ തുറന്നുപറച്ചിലുകൾ വലിയ വിവാദമായി. ഇവിടെ ജയമോഹൻ തന്‍റെ നിലപാടുകൾ വ്യക്തമാക്കുന്നു. നിലവിലെ വിവാദത്തിന്റെ തൊട്ടുമുമ്പാണ് അഭിമുഖം നടന്നതെങ്കിലും മലയാള എഴുത്തുകാരെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും തന്‍റെ കാഴ്ചപ്പാടുകൾ മറച്ചുവെക്കുന്നില്ല.
കാഴ്ചയിലും പെരുമാറ്റത്തിലുമുള്ള സൗമ്യത ജയമോഹന്‍റെ വാക്കുകളിൽ പ്രതീക്ഷിക്കരുത്. അഭിപ്രായം പറയാനുള്ളതാണെന്നും പറയുന്നത് കടുപ്പത്തിൽതന്നെ വേണമെന്നുമാണ് അദ്ദേഹത്തിന്‍റെ നിഷ്ഠ. അതെവിടെ കൊള്ളുെമന്നോ ആർക്ക് വേദനിക്കുെമന്നോ ഒന്നും ജയമോഹൻ നോക്കാറില്ല. തനിക്ക് ശരിയെന്ന് തോന്നുന്നത് എവിടെ വെച്ചും പറയും. ‘‘നിങ്ങൾ ഒരുപാട് മലയാളികൾ ഇവിടെ ഉണ്ടെന്ന് കരുതി നിങ്ങെള കുറിച്ചുള്ള വിമർശനം പറയാതെ പോകുന്ന ആളല്ല ജയമോഹനെന്ന് ’’ അദ്ദേഹം കേരളത്തിലെ ഒരു സാഹിത്യവേദിയിൽ വന്നു പറയുമ്പോൾ പ്രകടമാകുന്നത് നിലപാടുകളിലെ സ്ഥൈര്യമാണ്, ആത്മവിശ്വാസമാണ്. വിമർശനത്തിന്‍റെ മൂർച്ച കൂടുമ്പോൾ ചില താൽക്കാലിക ബുദ്ധിമുട്ടുകളും അദ്ദേഹത്തിന് ഉണ്ടാകാറുണ്ട്.
കരുണാനിധിയുടെ സാഹിത്യജീവിതത്തെ കുറിച്ചുള്ള വിമർശനത്തിന് മാസങ്ങളുടെ ഒളിവുജീവിതം വരിക്കേണ്ടിവന്നപ്പോഴും മലയാളത്തിലെ സംസ്കൃത സ്വാധീനത്തെ കുറിച്ച് രൂക്ഷമായ ഭാഷയിൽ പറഞ്ഞതിന് തീവ്രവലതുപക്ഷക്കാരുടെ ഭീഷണി നേരിട്ടേപ്പാഴും ഒടുവിൽ ഒരു മുഖ്യധാര സിനിമയെ കുറിച്ചുള്ള വിമർശനം മലയാളിയുടെ പൊതുസ്വഭാവത്തെ കുറിച്ചുള്ള അധിക്ഷേപമായിക്കണ്ട് സമൂഹമാധ്യമങ്ങളും സാംസ്കാരിക നായകരും ഇളകിയപ്പോഴും ജയമോഹൻ കുലുങ്ങിയില്ല. നിലപാടുകൾ ഉള്ളവർക്കേ ശത്രുക്കളുണ്ടാകൂ. ജയമോഹന് ഇതുരണ്ടും നന്നായുണ്ട്. അതിൽ അദ്ദേഹത്തിന് പ്രശ്നവുമില്ല. ജയമോഹൻ സംസാരിക്കുകയാണ്, സാഹിത്യത്തെ കുറിച്ച്, അനുഭവങ്ങളെ കുറിച്ച്, നിലപാടുകളെ കുറിച്ച്...
താങ്കൾ ധാരാളം ആത്മകഥാംശമുള്ള കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ഫിക്ഷനിലാകട്ടെ കൂടുതലും ഫസ്റ്റ് പേഴ്സനിലാണ് എഴുത്ത്. അതിൽ സ്വാനുഭവങ്ങളാണെന്ന് തോന്നിക്കുന്ന സാഹചര്യങ്ങളും പശ്ചാത്തല വിവരണങ്ങളും ധാരാളമായുണ്ടുതാനും. മുമ്പ് വൈക്കം മുഹമ്മദ് ബഷീറിന്‍റെ രചനാസേങ്കതത്തെയും ശൈലിയെയും കുറിച്ച് എൻ.എസ്. മാധവൻ വിമർശനാത്മകമായി എഴുതിയതുപോലെ കാലം കഴിയുേമ്പാൾ യഥാർഥ ജയമോഹൻ ആരാണ്, എഴുത്തിലെ കഥാപാത്രങ്ങൾ ആരാണ്, ഫിക്ഷൻ ഏതാണ്, അനുഭവം ഏതാണ് എന്ന് വേർതിരിക്കാനാകാത്ത ഒരു അവസ്ഥക്ക് സാധ്യതയുണ്ടോ?
എഴുത്ത് എന്നത് യഥാർഥത്തിൽ വ്യക്തിത്വത്തിന്‍റെ ഒരു എക്സ്പ്രഷൻ മാത്രമാണ്. എൻ.എസ്. മാധവൻ പറയുന്നത് ആധുനികതയുടെ അഭിപ്രായമാണ്. ആധുനികതയിലാണ് എഴുത്തുകാരന്‍റെ വ്യക്തിത്വം എന്നതിന് വലിയ പ്രാധാന്യം വരുന്നത്. ക്ലാസിക്കൽ ലിറ്ററേച്ചറിലോ പോസ്റ്റ് മോഡേൺ ലിറ്ററേച്ചറിലോ ഇന്നുള്ള ട്രാൻസ് മോഡേൺ ലിറ്ററേച്ചറിലോ അങ്ങനെയല്ല. അതിലൊന്നും ആരാണ് എഴുത്തുകാരൻ എന്നത് വിഷയമല്ല. എഴുത്തുകാരന്‍റെ വ്യക്തിത്വം പ്രധാനമാണ്, അവൻ ആരാണെന്ന് കണ്ടുപിടിക്കണം എന്നതൊക്കെ ആധുനികതയുടെ കാലത്തിലല്ലാതെ വലിയ പ്രാധാന്യമുള്ള കാര്യമല്ല. ബഷീർ ആരായാൽ എനിക്കെന്ത്... 200 വർഷം മുമ്പായിരുന്നെങ്കിൽ ബഷീറിനെ നിങ്ങൾക്ക് കണ്ടുപിടിക്കാനാകുമായിരുന്നോ? തുഞ്ചത്തെഴുത്തച്ഛൻ ആരാണെന്ന് കണ്ടുപിടിക്കാനാകുമോ, കമ്പൻ ആരാണെന്ന് കണ്ടുപിടിക്കാനാകുമോ? കമ്പനെ കുറിച്ച് ഒരു ഡേറ്റയും ഇല്ല. 20ഓളം കൃതികൾ മാത്രമാണ് ആകെയുള്ളത്. പക്ഷേ, തമിഴിലെ ഏറ്റവും വലിയ മഹാകവിയാണ് അദ്ദേഹം.
അപ്പോൾ എഴുത്തിലൂടെ പ്രകാശനം ചെയ്യപ്പെടുന്ന വ്യക്തിത്വം മാത്രമാണ് പ്രധാനം. ആ ബഷീർ ആണ് എന്‍റെ ബഷീർ. അല്ലാതെ ശരിക്കുള്ള ബഷീറിനെ നിങ്ങൾ എങ്ങനെ കണ്ടുപിടിക്കും. ഓർമകളിലൂടെയൊക്കെ വരുന്ന ബഷീർ ഒാരോ ബഷീറാണ്. ബഷീറിനെക്കുറിച്ച് എം.ടിയും എൻ.പി. മുഹമ്മദും എം.എൻ. കാരശ്ശേരിയും എഴുതിയിട്ടുണ്ട്. അത് ഓരോന്നും ഓരോ ബഷീറാണ്. ഫാബി ബഷീർ എഴുതിയതാകട്ടെ മറ്റൊരു ബഷീർ. ഇനിയിപ്പോൾ എൻ.എസ്. മാധവൻ ആരെന്ന് എങ്ങനെ കണ്ടുപിടിക്കാനാകും. എൻ.എസ്. മാധവന്‍റെ ഭാര്യ എഴുതിയാൽ ഒരു എൻ.എസ്. മാധവൻ ആയിരിക്കും. അദ്ദേഹം സ്വയം എഴുതിയാൽ വേറൊരു മാധവൻ. എഴുത്തുകാരന്‍റെ ഗവേഷണ ഡിവൈസ് എന്നത് അവന്‍റെ ജീവിതമാണ്. ലിറ്ററേച്ചറിന് എവിടെയെങ്കിലും എംപിറിസിസ്റ്റ് വാല്യു ഉണ്ടോ. ഒരു സാഹിത്യകാരൻ എഴുതുന്നത് പ്രൂവ് ചെയ്യാൻ സാധിക്കുമോ?
All happy families are alike; each unhappy family is unhappy in its own way എന്ന് ടോൾസ്റ്റോയ് എഴുതിയത് തെളിയിക്കാനാകുമോ? നിങ്ങൾ എത്ര ഹാപ്പി ഫാമിലികളെ കണ്ടു എന്ന് ടോൾസ്റ്റോയിയോട് ആരെങ്കിലും ചോദിക്കുമോ? എവിടെയാണ് ഡേറ്റ എന്ന് ചോദിക്കാനാകുമോ? അത് ടോൾസ്റ്റോയിയുടെ ഒരുപ്രകാശനം ആണ്. അതാണ് സാഹിത്യം. anti empirical statement ആണ് ലിറ്ററേച്ചറിന്‍റേത്. തെളിയിക്കാനും നിരാകരിക്കാനും കഴിയാത്ത സ്റ്റേറ്റ്മെന്റ് ഉണ്ടെങ്കിൽ അതാണ് സാഹിത്യം. ഈ സ്റ്റേറ്റ്മെന്റിലേക്ക് എത്താനുള്ള സാഹിത്യകാരന്‍റെ വഴി എന്നത് അവന്‍റെ ജീവിതമാണ്. അതുകൊണ്ടാണ് എഴുത്തുകാരൻ എപ്പോഴും തന്‍റെ ജീവിതത്തെ മുന്നോട്ടുവെക്കുന്നത്.
ശരിക്കുള്ള സാഹിത്യം അവനവന്‍റെ ജീവിതത്തെ മുന്നോട്ടുവെക്കുന്നതാണ്. അതുകൊണ്ടാണ് ‘ഞാൻ’ എന്നത് എല്ലാ എഴുത്തുകാരനും പ്രധാനപ്പെട്ടതാകുന്നത്. ഞാൻ എന്ന വാക്ക് എഴുതാതിരിക്കുന്ന സാഹിത്യകാരനിലും ‘ഞാനു’ണ്ട്. ഒരു ആത്മകഥാംശവുമില്ലാതെ എഴുതിയ തകഴിയിലും അത് കണ്ടുപിടിക്കാനാകും. ടോൾസ്റ്റോയിയുടെ ‘വാർ ആൻഡ് പീസി’ൽ ഒരിടത്തും അദ്ദേഹത്തിന്‍റെ ആത്മകഥാംശമില്ല. പക്ഷേ, റോസ്റ്റോവ്, പിയറി, പ്രിൻസ് എന്നീ മൂന്നു കഥാപാത്രങ്ങളും യഥാർഥത്തിൽ ടോൾസ്റ്റോയി തന്നെയാണെന്നാണ് ഗവേഷകർ പറയുന്നത്. ടോൾസ്റ്റോയിയുടെ മൂന്നു മുഖങ്ങളാണ്.
സ്വന്തം ജീവിതംകൊണ്ടാണ് ഒരാൾ സത്യത്തിലേക്ക് എത്തിപ്പെടുന്നത്. എല്ലാ നല്ല സാഹിത്യകൃതിയും ആത്മകഥാംശം ഉള്ളതാണ്. ‘ഞാൻ’ എന്നത് ‘അവൻ’ എന്നാക്കിയാൽ ആത്മകഥാംശം ഇല്ലാതാകില്ല. എന്നാൽ, ആത്മകഥയാണോ എന്ന് ചോദിച്ചാൽ, അങ്ങനെ ആത്മകഥ കൃത്യമായി എഴുതിയാൽ അവൻ ക്രോണിക്ലർ ആണ്. എഴുത്തുകാരനല്ല. എഴുത്തുകാരൻ ആത്മകഥയെ മാറ്റി റീ നരേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. നിങ്ങൾ ചെറിയൊരു കമ്പിയെടുത്ത് പൂട്ടുതുറക്കുന്നത് പോലെയാണത്. അതിനെ വളച്ചും ചുരുട്ടിയുമൊക്കെ ആകൃതി വ്യത്യാസപ്പെടുത്തിയാകും നിങ്ങൾ പൂട്ടു തുറക്കുക. അതുപോലെ ആത്മകഥയെ പലതരത്തിൽ റീനരേറ്റ് ചെയ്തും റീക്രിയേറ്റ് ചെയ്തുമാണ് സാഹിത്യം ഉണ്ടാക്കുക. അതായത് ആത്മകഥാംശവും ഉണ്ടായിരിക്കും, അതേസമയം ആത്മകഥ ആയിരിക്കുകയുമില്ല. ലോകമെങ്ങും അങ്ങനെതന്നെയാണ്. കൃത്യമായി ആത്മകഥ എഴുതിയ ഒരെഴുത്തുകാരനും ഉണ്ടാകില്ല. കൃത്യമായി ആത്മകഥ ഇല്ലാതെ എഴുതിയ നല്ലൊരു എഴുത്തുകാരനും കാണില്ല.
താങ്കളുടെ എഴുത്തിലെ പ്രത്യേക രീതിയാണ് ഈ ചോദ്യത്തിന് കാരണം. സ്വന്തം ജീവിതത്തിന്‍റെ പലഭാഗങ്ങളും വിശദമായി ആത്മകഥാപരമായ കുറിപ്പുകളായി എഴുതുന്നു, അതേസമയം, മിക്ക കഥകളുടെയും പരിസരത്ത് താങ്കൾ ഉണ്ടെന്ന തോന്നലും ഉണ്ടാകുന്നു. അറംകഥകളിലൊക്കെ ഇത് പ്രകടമാണ്. തിരുവനന്തപുരത്തെ കേത്തൽ സാഹിബിനെ കുറിച്ചുള്ള കഥയിലെ അതിലെ പ്രധാന കഥാപാത്രം കന്യാകുമാരിയിൽനിന്ന് വന്ന, യൂനിവേഴ്സിറ്റി കോളജിൽ പഠിച്ച, ചാലയിൽ ജോലിചെയ്ത ആളാണ്. താങ്കളുടെ പശ്ചാത്തലം അത്ര സൂക്ഷ്മമായി അറിയാത്ത ഒരു വായനക്കാരന് അത് ചിലപ്പോൾ താങ്കൾതന്നെയാകാം എന്ന് തോന്നാം. അപ്പോഴാണ് താങ്കളുടെ എഴുത്തിൽ ഫിക്ഷൻ എവിടെ, യാഥാർഥ്യം എവിടെ എന്ന സംശയം വരുന്നത്..?
സാഹിത്യവായനക്കാരന് അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടാകില്ല. ഒരു കൃതിക്കുള്ളിലെ ‘ഞാൻ’ എന്നത് ആ കഥക്ക് ഉള്ളിലെ ഡേറ്റകൊണ്ട് തീരുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ്. അല്ലാതെ കൃതിക്ക് പുറത്തുനിന്നുള്ള ഒരു ഞാൻ അല്ല. ‘ഞാൻ’ എന്നത് ഒരു ആഖ്യാന ഉപാധിയാണ്. ഞാൻ എന്ന നിലയിൽ സബ്ജക്ടിവ് ആയി കഥ പറയുമ്പോൾ കഥക്ക് ഒരു യൂനിറ്റി താനേ വരും. ഒരു വിശ്വസനീയത വരും.
രൂപപരമായി വളരെ ഭദ്രമായിരിക്കും. കഥാകൃത്തിന്‍റെ ഭാഷയിൽ പറഞ്ഞാൽ, കഥാപാത്രത്തിന്‍റെ മനസ്സിന്‍റെ ഉള്ളിലേക്ക് പോകാൻ ബുദ്ധിമുട്ടുണ്ടാകും. ആരാണ് അവന്‍റെ മനസ്സിനുള്ളിലേക്ക് പോയത്. ‘ഞാൻ’ ആകുമ്പോൾ ആ മനസ്സിനുള്ളിലേക്ക് അനായാസം പോകാം. ഉദാഹരണത്തിന് ഈ പറഞ്ഞ കേത്തൽ സാഹിബിന്‍റെ കഥയിൽ, ആ കഥ പറയുന്ന ആൾ, അദ്ദേഹത്തിന്‍റെ വെപ്രാളങ്ങളും വിശപ്പിന്‍റെ ആർത്തിയും മറ്റു കാര്യങ്ങളും പറയുന്നുണ്ട്.
അത് ‘ഞാൻ’ എന്ന് പറയുമ്പോഴേ പറയാൻ പറ്റൂ. ‘അവൻ’ എന്ന് പറയുമ്പോൾ എഴുത്തുകാരനാകും പറയുക. മനസ്സിനുള്ളിലേക്ക് പോകണമെങ്കിൽ ‘ഞാൻ’ വേണം. മറ്റൊന്ന്, പ്രധാന കഥാപാത്രത്തെ പുറത്തുനിന്ന്, അകന്നുനിന്ന് നോക്കാൻ ഈ ‘ഞാൻ’ ആവശ്യമാണ്. വായനക്കാരൻ ഈ ‘ഞാനി’നോട് ഐഡന്‍റിഫൈ ചെയ്തുകഴിഞ്ഞാൽ, പിന്നെ കേത്തൽ സാഹിബിനെ വ്യക്തമായി കാണാനാകും. അവന്‍റെ കണ്ണ് ഈ ‘ഞാനി’ലായിരിക്കും ഉണ്ടാകുക. അതായത്, ഒരു കഥയിലെ ‘ഞാൻ’ എന്നത് അതിനുള്ളിൽതന്നെ ഡിഫൈൻ ചെയ്തതാണ്.
പുറത്തുനിന്ന് ഒരു ഡെഫിനിഷൻ അതിേലക്ക് ഇടേണ്ടതില്ല. അത് ആരാണെന്ന ചോദ്യം കഥയിൽതന്നെ ഉണ്ടാകും. കന്യാകുമാരി ജില്ലയിൽനിന്ന് യൂനിവേഴ്സിറ്റി കോളജിൽ പഠിക്കാൻ പോയി, തമിഴിൽ പിഎച്ച്.ഡി നേടി, ജോലി ലഭിക്കുന്ന ഒരാൾ. അത്രയും മതിയല്ലോ. അത് ജയമോഹനല്ല. ജയമോഹൻ യൂനിവേഴ്സിറ്റി കോളജിൽ പഠിച്ചിട്ടുമില്ല, തമിഴിൽ പിഎച്ച്.ഡി ചെയ്തിട്ടുമില്ല.
എഴുത്തുകാരന്‍റെ കഴിവെന്നത് ആരുടെ ‘ഞാനി’ലേക്കും സ്വയം സന്നിവേശിക്കാൻ കഴിയുകയെന്നതാണ്. വേണമെങ്കിൽ നാളെ നിങ്ങളുടെ ജീവിതകഥ എനിക്ക് എഴുതാൻ പറ്റും. നിങ്ങൾ വായിച്ചിട്ട് നിങ്ങളെഴുതിയാൽ അത്രയും കൃത്യമായി വരില്ല എന്ന് പറയും. ‘നൂറു സിംഹാസനങ്ങൾ’ വായിച്ചശേഷം അതിലെ നായകൻ എന്നോട് പറഞ്ഞത്, ‘‘എനിക്ക് ഇങ്ങനെ എന്‍റെ ബയോഗ്രഫി എഴുതാൻ പറ്റില്ല’’ എന്നാണ്. എനിെക്കാരു ആത്മകഥ എഴുതണമെന്നുണ്ടായിരുന്നുവെന്നും ഇതുവായിച്ചശേഷം ഇനി ഒരിക്കലും എഴുതാൻ പാടില്ലെന്ന് തീരുമാനിച്ചതായും, ഇതാണ് എഴുത്ത് എന്നും അദ്ദേഹം പറഞ്ഞു.
അപ്പോൾ മൗലികതക്ക് എഴുത്തിൽ എവിടെയാണ് ഇടം?
മൗലികത എന്നത് ദർശനത്തിലെ മൗലികതയാണ്. അല്ലാതെ ഡേറ്റ മൗലികത എന്നൊരു സംഭവം ഇല്ല. അതിന് നിങ്ങൾ ക്രോണിക്കിളിലേക്ക് പോകണം. ജേണലിസത്തിലേക്ക് പോകണം. പക്ഷേ, അത് ഫിക്ഷൻ അല്ല. ഫിക്ഷനിലെ മൗലികത അതിന്‍റെ ദർശനത്തിലും സൗന്ദര്യാത്മകതയിലുമാണ്. അവിടെ ഡേറ്റ ചെക്കിങ് ഇല്ല. കാസർകോട് എൻഡോസൾഫാൻ പ്രശ്നമുണ്ട്. അവിടെ പോയി ഒരു ലേഖനം എഴുതുമ്പോൾ ഡേറ്റ കൃത്യമായിരിക്കണം. എന്നാൽ, അവിടെ ജീവിക്കുന്ന ഒരു എഴുത്തുകാരൻ കഥ എഴുതുമ്പോൾ അത്തരം ചോദ്യങ്ങൾ ഉണ്ടാകില്ല. കൃതിയുടെ ദർശനത്തിലും വൈകാരികതയിലും സൗന്ദര്യാത്മകതയിലും മൗലികത ഉണ്ടായാൽ മതി. അങ്ങനെയാണ് സാഹിത്യം എഴുതുന്നത്.
താങ്കൾ സാഹിത്യം എഴുതുന്നതിന് പുറെമ, ഒരുപാട് പ്രസംഗിക്കുന്നുണ്ട്, അഭിമുഖങ്ങൾ നൽകുന്നുണ്ട്, ദൈനംദിന ബ്ലോഗ് എഴുതുന്നുണ്ട്. ഒരു എഴുത്തുകാരൻ ഇങ്ങനെ അമിതമായി എക്സ്പോസ്ഡ് ആകേണ്ടതുണ്ടോ?
എന്താണ് എഴുത്തുകാരന്‍റെ പണി. ഒരു എഴുത്തുകാരൻ തനിക്ക് ചെയ്യാനുള്ളത് ഇത്രമാത്രം ആണ് എന്ന് ധരിച്ചുകഴിഞ്ഞാൽ അത് അത്രയേയുള്ളൂ. അത് ആധുനിക എഴുത്തുകാരുടെ രീതിയാണ്. അയാൾക്ക് പറയാനൊന്നുമില്ല. സമൂഹത്തോട് ഒരു കടപ്പാടുമില്ല. അപ്പോൾ അയാൾ സ്വന്തം ജീവിതത്തിലെ ചെറിയ ഏകാന്തതയും അർഥശൂന്യതയുമൊക്കെ ആവർത്തിച്ച് എഴുതിക്കൊണ്ടിരിക്കും. ക്ലാസിക്കൽ എഴുത്തുകാർ അങ്ങനെയായിരുന്നില്ല. വോള്യം വെച്ചുനോക്കിയാൽ, ഇന്ത്യയിൽ ഏറ്റവുമധികം എഴുതിയ എഴുത്തുകാരൻ ഞാനായിരിക്കും.
പക്ഷേ, ഇപ്പോഴും ഞാൻ ബൽസാക് എഴുതിയ അത്രയും എഴുതിയിട്ടില്ല. ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ തോമസ് മേനാ ഒക്കെ അത്രയധികം എഴുതിയവരാണ്. മഹാൻമാരായ ക്ലാസിക്കൽ എഴുത്തുകാരെല്ലാം ഒരു ലൈബ്രറിയുടെ വലിപ്പത്തിൽ എഴുതിയവരാണ്. അവരുടേത് സാഹിത്യം സൃഷ്ടിക്കുക എന്ന മിഷൻ മാത്രമായിരുന്നില്ല. അവരൊെക്ക സമൂഹത്തോട് നിരന്തരം സംവദിച്ചുകൊണ്ടിരുന്നവരാണ്. സമൂഹത്തെ മാറ്റാൻ ശ്രമിച്ചവരാണ്.
ആധുനികതയുടെ കാലത്ത്, അതായത് 1940 മുതൽ 80 വരെയുള്ള 40 വർഷക്കാലത്ത് മാത്രമാണ് സാഹിത്യകാരന് അവനവനോട് മാത്രമേ കടപ്പാടുള്ളൂ, അവനവന്‍റെ വ്യക്തിത്വം മാത്രം മുന്നോട്ടുവെച്ചാൽ മതിയെന്ന നില ഉണ്ടായിരുന്നത്. അവർക്ക് മറ്റൊരു ഉത്തരവാദിത്തവും ഇല്ല എന്നതായിരുന്നു അന്നത്തെ ചിന്ത. അതൊരു ഡൈവേർഷനാണ്. സാഹിത്യത്തിന്‍റെ മെയിൻ സ്ട്രീം അല്ല. അത് കടന്നുപോയിട്ട് 50 വർഷം ആകുന്നു. ആധുനികത ഔട്ട് ആയതിനുശേഷം എഴുതാൻ വന്നയാളാണ് ഞാൻ. എന്‍റെ ആദർശം എന്നത് ഒരു മോഡേണിസ്റ്റ് റൈറ്ററുടേതുമല്ല. എന്‍റേത് ക്ലാസിക്കൽ ശൈലിയാണ്.
ഞാൻ എന്നോട് പറയുന്നത്, നീ സ്വയം ബൽസാകിനോടും ടോൾസ്റ്റോയിയോടും കംപയർ ചെയ്യൂ എന്നാണ്. മറ്റൊരാളോടും കംപയർ ചെയ്യുന്നത് എനിക്കിഷ്ടമല്ല. അതെന്നെ ഇൻസൾട്ട് ചെയ്യുന്നതാണ്. ഏതു മോഡേണിസ്റ്റ് റൈറ്ററോടും എന്നെ കംപയർ ചെയ്യുന്നത് ഇൻസൾട്ടാണ്. ബഷീറിനോടല്ലാതെ വേറെ ആരോട് എന്നെ കംപയർ ചെയ്താലും ഇൻസൾട്ട് ചെയ്യുകയാണ്. കാരണം, ഞാൻ ബഷീറിന് തുല്യമോ അതിനപ്പുറമോ ഉള്ള എഴുത്തുകാരനാണ്. അതെനിക്ക് നന്നായി അറിയാം.
അപ്പോൾ, എഴുത്തുകാരന്‍റെ പണി എഴുത്തു മാത്രമല്ല. സ്വാതന്ത്ര്യസമരകാലത്തെ എഴുത്തുകാർ എഴുത്തിൽ മാത്രം ഒതുങ്ങിനിന്നവരാണോ? കന്നട എഴുത്തുകാരനായ ശിവരാമ കാറന്ത് നോവലുകളും ചെറുകഥകളും നാടകങ്ങളും എഴുതിയിട്ടുണ്ട്. ഇതിന് പുറമെ, രണ്ട് എൻസൈേക്ലാപീഡിയകൾ സ്വയം തയാറാക്കി. യക്ഷഗാനത്തെ പുനരുജ്ജീവിപ്പിക്കുകയും അതിനെകുറിച്ചുള്ള ഹ്യൂജ് ഡോക്യുമെന്‍ററൽ ടെക്സ്റ്റ് ഉണ്ടാക്കുകയും ചെയ്തു. കർണാടക ശിൽപശാസ്ത്രത്തെ കുറിച്ച് ഏറ്റവും നല്ല രചനകൾ നടത്തിയിട്ടുള്ളത് അദ്ദേഹമാണ്. കന്നടയിലേക്ക് ഇന്ത്യൻ നിയമങ്ങളും സയൻസ് എൻസൈക്ലോപീഡിയയും തർജമ ചെയ്തു. എല്ലാത്തിനുമപ്പുറം അദ്ദേഹം ഒരു നർത്തകനാണ്, ഒറിഗാമി എന്ന പേപ്പർ ആർട്ടിലെ വിദഗ്ധനാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കി. വിധവ പുനർവിവാഹ പ്രസ്ഥാനം തുടങ്ങി. ‘ഭ്രാന്തന്‍റെ പത്തു മുഖങ്ങൾ’ എന്നാണ് അദ്ദേഹത്തിന്‍റെ ആത്മകഥയുടെ പേര്. അതാണ് എഴുത്തുകാരൻ. അതാണ് എനിക്കും വേണ്ടത്. അല്ലാതെ ഇവിടെയുള്ളപോലെ ചെറിയ നോവലൊക്കെ എഴുതി, ഒന്നോ രണ്ടോ പുസ്തകങ്ങളൊക്കെ പ്രസിദ്ധീകരിച്ച്, രണ്ട് അവാർഡൊക്കെ വാങ്ങിയിട്ട്, വാർധക്യത്തിൽ ചത്തുപോകുന്ന എഴുത്തുകാരനല്ല ഞാൻ. എന്‍റെ മിഷൻ എന്നത് തമിഴ് സമുദായത്തോട് സംസാരിക്കുക എന്നതാണ്. എല്ലാതരത്തിലും അവരോട് സംവദിക്കുകയും അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യും. ഞാനൊരു യുദ്ധത്തിലാണ്. യുദ്ധത്തിൽ ഒരാൾ ഇത്ര യുദ്ധം ചെയ്താൽ മതിയെന്ന് വിചാരിക്കില്ല. ഞാനെന്തൊക്കെയാണ് ചെയ്യുന്നത്. സാഹിത്യം എഴുതുന്നുണ്ട്.
150ലേറെ നിരൂപണ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇന്ത്യൻ തത്ത്വചിന്തയെക്കുറിച്ച് 20ലേറെ പുസ്തകങ്ങൾ. പൊളിറ്റിക്സ് പറയുന്ന പുസ്തകങ്ങൾ 30ലേറെ. മൊത്തം തമിഴിൽ 350 ടൈറ്റിലുകൾ എന്‍റേതായുണ്ട്. എന്‍റെ രചനകൾ പ്രസിദ്ധീകരിക്കാൻ സ്വന്തമായി ഒരു പ്രസിദ്ധീകരണാലയം നടത്തുന്നു. വിഷ്ണുപുരം ലിറ്റററി സർക്കിൾ എന്നൊരു സ്ഥാപനം ഉണ്ടാക്കി. ഇവിടെയും യു.കെയിലും അമേരിക്കയിലുമൊക്കെ അതിന് ശാഖകളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ സ്ഥാപനങ്ങളിലൊന്നാണ് അത്. ഒരു കൊല്ലത്തിൽ മൂന്നു മേജർ അവാർഡുകൾ നൽകുന്നു.
തമിഴിലെ ഏറ്റവും വലിയ അവാർഡ് ഞങ്ങൾ കൊടുക്കുന്നതാണ്. നിത്യ ചൈതന്യയതിയുടെ പേരിൽ കൊല്ലംതോറും സെമിനാർ നടത്തുന്നു. അമേരിക്കയിലും നടത്തുന്നു. ഇതിനൊക്കെ പുറമെ, ഗുരു നിത്യയുടെ പേരിൽ ‘നിത്യവനം’ എന്ന പേരിൽ ഒരു സ്ഥാപനം ഞാൻ തുടങ്ങിയിട്ടുണ്ട്; 20 ഏക്കറിൽ. അവിടെ ഓരോ ആഴ്ചയും ചിത്രകല, സാഹിത്യം, തത്ത്വചിന്ത തുടങ്ങി വിവിധ ശാഖകളിൽ ശിൽപശാലകൾ നടത്തുന്നു. ഇതിനകം നൂറിലധികം ക്ലാസുകൾ നടന്നുകഴിഞ്ഞിരിക്കുന്നു. ഇത് എഴുത്തുകാരൻ ചെയ്യുന്നതാണ്. അയാൾക്ക് ചുറ്റുമുള്ളവർ കൂടി ചെയ്യുന്നതാണ്. ഇങ്ങനെയായിരുന്നു ക്ലാസിക്കൽ എഴുത്തുകാർ. അല്ലാതെ ആനയുടെ അടുത്തു പോയി എല്ലാ ആട്ടിൻ കുട്ടിയും ‘നീ ഇത്ര വലുതായിരിക്കുന്നതെന്ത്’ എന്ന് ചോദിക്കേണ്ടതില്ല. ആന വലുതാണ്.
ആ നിലയിൽ പുതിയ എഴുത്തുകാർക്ക് താങ്കൾ ഒരു മാതൃകയാണോ?
ഉറപ്പായും. പുതിയ എഴുത്തുകാർക്ക് നല്ലൊരു മാതൃക തന്നെയാണ് ഞാൻ. അങ്ങനെ ആയിരിക്കണം.
ഒരേസമയം പല മേഖലകളിൽ ഇടപെടുന്നത് എഴുതി തുടങ്ങുന്നവരുടെ ഫോക്കസ് നഷ്ടപ്പെടുത്തില്ലേ? താങ്കൾ എഴുത്തുകാരൻ എന്ന നിലയിൽ ഒരു സ്ഥാനം നേടിയ ശേഷമാണ് ഇത്തരം കാര്യങ്ങളിലേക്ക് കടന്നത്. എല്ലാ കാര്യത്തിലും അങ്ങയെ മാതൃകയാക്കാമെന്ന് എങ്ങനെ പറയാനാകും?
അതങ്ങനെയല്ല. മാതൃകയെന്നത് ഏത് അടിസ്ഥാനത്തിൽ? ഒന്ന്, ഒരു എഴുത്തുകാരന് ഒരിക്കലും ഉണ്ടാകരുതാത്തതാണ് ഇൻഫീരിയോറിറ്റി കോംപ്ലക്സ്. സബ്മിസിവ് ആയ സ്വഭാവം. ഇപ്പോൾ ഞാനൊരു മുഖ്യമന്ത്രിയെ കാണുകയാണെങ്കിൽ ഞാൻ പോയി അദ്ദേഹത്തെ ഗ്രീറ്റ് ചെയ്യില്ല. ഒരു മിനിസ്റ്ററുടെ മുന്നിലും ഞാൻ നിൽക്കില്ല. ഒരിടത്തും സബ്മിസിവ് ആയിരിക്കില്ല. എനിക്കറിയാം, ഞാനൊരു epoch maker ആണ്. എന്‍റെ തലമുറയിലെ ഏറ്റവും വലിയ പേഴ്സനാലിറ്റി ഞാനാണ്. ഇന്ന് തമിഴ്നാട്ടിൽ ജീവിച്ചിരിക്കുന്നവരിൽ 200-300 കൊല്ലം കഴിഞ്ഞാലും ചരിത്രത്തിൽ ബാക്കിയാകുന്ന രണ്ടോ മൂന്നോ പേരിൽ ഒരാളാണ് ഞാൻ. അങ്ങനെയുള്ള ഞാൻ ഒരു രാഷ്ട്രീയക്കാരന്‍റെ മുന്നിൽ പോയി നിൽക്കില്ല. അതുകൊണ്ടാണ് പത്മശ്രീ വേണ്ടെന്ന് വെച്ചത്.
ഇന്ത്യ ഗവൺമെന്‍റ് പത്മശ്രീ ഓഫർ ചെയ്തു. ഞാൻ വേണ്ട എന്ന് പറഞ്ഞു. ഒരു രാഷ്ട്രീയക്കാരന്‍റെ കൈയിൽനിന്ന് അതെനിക്ക് വാങ്ങാൻ കഴിയില്ല. അയാെളാരു ചെറിയ ആളാണ്. പത്തു കൊല്ലം കഴിഞ്ഞാൽ ഈ രാഷ്ട്രീയക്കാരനെ ആര് ഓർക്കാൻ പോകുന്നു. സാഹിത്യ അക്കാദമി അവാർഡിലും താൽപര്യമില്ല. അങ്ങനെയൊരു സ്ഥാപനത്തെ ഞാൻ അംഗീകരിക്കുന്നില്ല. അതിലും വലിയ ആളാണ് ഞാൻ. ഈ ഒരു അഹംഭാവം ഓരോ ചെറുപ്പക്കാരനും ഉണ്ടാകണം. ഇത് ഞാൻ പഠിച്ചത് പി.കെ. ബാലകൃഷ്ണനിൽനിന്നാണ്.
ഒരിക്കൽ ഞാൻ ബഷീറിനെ കാണാൻ പോയി. എന്‍റെ ഒരു ഐഡിയൽ ഫിഗറാണ് അദ്ദേഹം. തകഴിക്ക് ജ്ഞാനപീഠം കിട്ടിയതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ഞാൻ അദ്ദേഹേത്താട് ചോദിച്ചു. ‘‘നല്ല കാര്യമാണ്, നല്ല എഴുത്തുകാരനാണ്. അദ്ദേഹത്തിന് എന്‍റെ അനുഗ്രഹം ഉണ്ട്’’ – ബഷീർ പറഞ്ഞു. താങ്കൾക്ക് കിട്ടിയില്ലല്ലോ എന്ന് ഞാൻ തിരിച്ചുചോദിച്ചു. ‘‘അതുകൊണ്ടാണോ ബഷീർ?’’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
ഇന്ന് തകഴിയെ ആരെങ്കിലും വായിക്കുന്നുണ്ടോ. പത്തു കഥകളും ഒരു നോവലും ഒഴിച്ച് തകഴിയുടെ ഒരു കൃതിയും പ്രാധാന്യമുള്ളതല്ല. എല്ലാം കാലയവനികക്കുള്ളിലേക്ക് പോകും. ബഷീർ പക്ഷേ, അപ്പോഴും ഉണ്ടാകും. അതു ബഷീറിനും അറിയാം. അതാണ് എന്‍റെ മാതൃക. പി .കെ. ബാലകൃഷ്ണനും സുന്ദര രാമസ്വാമിയും എനിക്ക് മാതൃകയാണെങ്കിൽ ഞാൻ മറ്റൊരാൾക്ക് മാതൃക. എന്നെപ്പോലെ ചിന്തിക്കണം എന്ന് ഞാൻ പറയുന്നില്ല. പക്ഷേ, എഴുത്തുകാരന്‍റെ കർത്തവ്യം എന്നൊന്നുണ്ട്, പേഴ്സനാലിറ്റി എന്നൊന്നുണ്ട്, അവന്‍റെ റോൾ പ്ലേയിങ് എന്നൊന്നുണ്ട്.
അത് കണ്ടുപഠിക്കണം. ചെറിയ ചെറിയ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. എഴുത്തുകാരന് മാത്രമുള്ള ഒരു അഹംഭാവമുണ്ട്. അത് കാത്തുസൂക്ഷിക്കുക. ഈ അഹംഭാവത്തെ ഇവിടെയുള്ള ഒരുപാട് പേർ അംഗീകരിക്കില്ല. തമിഴ്നാട്ടിലെ പത്തു കോടി മനുഷ്യരിൽ എന്നെ അറിയാവുന്ന എത്രപേരുണ്ടാകും. പത്തുലക്ഷം ഉണ്ടെങ്കിൽ ഭാഗ്യം. അതുകൊണ്ട് ബാക്കിയുള്ള എല്ലാവരും എന്നെ ബഹുമാനിക്കണം എന്ന് പറയാനാകുമോ. ആ പത്തു ലക്ഷം മതിയെനിക്ക്. സുന്ദര രാമസ്വാമി പറയുന്നതുപോലെ കാലത്തിന്‍റെ ശിശുവാണ് താനെന്ന ബോധമാണ് എഴുത്തുകാരന് വേണ്ടത്. അത് സുന്ദരരാമസ്വാമിക്ക് ഉണ്ടായിരുന്നു. പുതുമൈപിത്തന് ഉണ്ടായിരുന്നു. ജയമോഹനും ഉണ്ട്. ഇതാണ് നിങ്ങൾ ജയമോഹനിൽനിന്ന് പഠിക്കേണ്ടത്.
എഴുതിത്തുടങ്ങുമ്പോഴേ ഈ മനോഭാവം തന്നെയായിരുന്നോ?
1990ൽ, എന്‍റെ 28ാം വയസ്സിലാണ് ആദ്യത്തെ നോവൽ പ്രസിദ്ധീകരിക്കുന്നത് –‘റബർ’. അന്നൊരു വേദിയിൽ ഞാൻ പ്രസംഗിച്ചത് ഇന്നും തമിഴിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിങ്ങനെയായിരുന്നു. ‘‘ഞാൻ ലോകത്തിലെ ക്ലാസിക് നോവലുകൾ വായിച്ചുവന്നയാളാണ്. ആ ധാരണ വെച്ചുനോക്കിയാൽ തമിഴിലെ ഒരുനോവലും ഗ്രേറ്റ് നോവലിന്‍റെ പട്ടികയിൽ വരില്ല. എല്ലാം ചെറുകിട നോവലെറ്റുകൾ മാത്രം. ഒന്നും നോവലല്ല. വരുന്ന അഞ്ചാറ് കൊല്ലത്തിനിടയിൽ ഞാനൊരു ക്ലാസിക് നോവൽ എഴുതും. അതായിരിക്കും തമിഴിലെ ആദ്യ മഹാ നോവൽ.’’ അങ്ങനെ ഒരു അന്തസ്സോടെ തന്നെയാണ് ഞാൻ പറഞ്ഞത്. ഞാൻ തുടർന്നു. ‘‘നിങ്ങൾ ഇപ്പോൾ ഒരു അവാർഡ് എനിക്ക് തന്നിട്ടുണ്ട്. അഖിലൻ മെമ്മോറിയൽ അവാർഡ്.
പക്ഷേ, ഈ അഖിലൻ എന്ന എഴുത്തുകാരനോട് എനിക്ക് അത്ര ബഹുമാനമില്ല. അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തോട് എനിക്ക് വലിയ ആദരവുണ്ട്. അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. പക്ഷേ, സൗന്ദര്യശാസ്ത്രപരമായി അദ്ദേഹത്തിന്‍റെ എഴുത്ത് ദുർബലമാണ്. ഞാനെഴുതാൻ പോകുന്ന നോവലാകും തമിഴിലെ ആദ്യ മികച്ച നോവൽ.’’ എന്‍റെ ഈ പ്രസംഗം വലിയ കോലാഹലമായി. ‘‘ഇതാരാ ഒരുത്തൻ കയറിവന്ന് പറയുന്നത്? പുതിയ പയ്യൻ.’’
ഈ തമാശയൊക്കെ പോട്ടെ. ഞാനാരാണെന്ന് എനിക്ക് അന്നേയറിയാം. ഏഴുകൊല്ലം കഴിഞ്ഞ് ഞാൻ ‘വിഷ്ണുപുരം’ നോവൽ പ്രസിദ്ധീകരിച്ചു. അതിറങ്ങിയപ്പോൾ അശോകമിത്രൻ എഴുതി, ‘നൂറുകൊല്ലത്തെ തമിഴ് സാഹിത്യചരിത്രത്തിലെ ഏറ്റവും മഹത്തായ കൃതി’. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ അമേരിക്കൻ പബ്ലിഷിങ് ഗ്രൂപ്പുകളിലൊന്ന് വിഷ്ണുപുരം ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കാൻ പോകുകയാണ്. കഴിഞ്ഞ 20 വർഷത്തിനിടെ ലോകത്ത് പ്രസിദ്ധീകരിച്ച ഏറ്റവും മഹത്തായ നോവലുകളിലൊന്നായി അതു മാറുന്നത് നിങ്ങൾ കാണും. അതെനിക്കറിയാം. എഴുതുന്നതിന് മുമ്പേയറിയാം. ഈയൊരു ആത്മവിശ്വാസം വേണമെന്നാണ് ഞാൻ പുതിയ എഴുത്തുകാരോട് പറയുന്നത്. അവനവനെ അറിയണം. അവനവൻ എത്രയുണ്ടെന്ന് അറിഞ്ഞിരിക്കണം. അങ്ങനെ അറിഞ്ഞില്ലെങ്കിൽ എഴുതാൻ പാടില്ല. വേറെയെന്തെങ്കിലും പണിക്ക് പോണം.
സുന്ദര രാമസ്വാമി, പി.കെ. ബാലകൃഷ്ണൻ, എം. ഗോവിന്ദൻ ഇവരോടൊക്കെ എങ്ങനെയാണ് അടുപ്പമുണ്ടായത്?
ഏതു മഹാനായ എഴുത്തുകാരനെയും നമുക്ക് സമീപിക്കാം. നമ്മളൊരു മികച്ച വിദ്യാർഥി ആയിരിക്കണം എന്നുമാത്രം. അവരെല്ലാം നല്ല അധ്യാപകരാണ്. നല്ല വിദ്യാർഥികളെ അവർ കാത്തിരിക്കുകയാണ്. എനിക്ക് ബഹുമാനമുള്ള എല്ലാവരെയും ചെന്ന് കാണാനുള്ള ഒരു രീതി ചെറുപ്പത്തിലേ ഉണ്ടായിരുന്നു. ശിവരാമ കാറന്തിനെ ചെന്ന് കണ്ടിട്ടുണ്ട്. രണ്ടു തവണ ബഷീറിനെ കണ്ടു. അധീൻ ബന്ദോപാധ്യായയെ കാണാൻ അദ്ദേഹത്തിന്‍റെ ഒരു പുസ്തകം വായിച്ച് അര മണിക്കൂറിനുള്ളിൽ ബംഗാളിലേക്ക് പുറപ്പെട്ടു. അതും ബസിൽ. കേളുചരൺ മഹാപത്രയെ കാണാൻ ഒഡിഷയിലേക്ക് പോയി.
ഒരു പന്നിക്കൂട്ടമാണ് താങ്കളിലെ എഴുത്തുകാരനെ പുറത്തുെകാണ്ടുവന്നതെന്ന് കേട്ടിട്ടുണ്ട്?
‘ജെ.ജെ ചില കുറിപ്പുകളു’ടെ വിവർത്തനത്തിനായി ആറ്റൂർ രവിവർമ സുന്ദര രാമസ്വാമിയുടെ നാഗർകോവിലിലെ വീട്ടിൽ വന്നു താമസിക്കുകയായിരുന്നു. തമിഴും മലയാളവും അറിയാവുന്നതുകൊണ്ട് ടെക്സ്റ്റ് ഒന്ന് നോക്കണമെന്ന് സുന്ദര രാമസ്വാമി എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ ഞാനും ആറ്റൂരിനൊപ്പം കൂടി. ആറ്റൂരുമായി അന്നെനിക്ക് അത്ര അഗാധമായ ബന്ധമില്ല. ഒരുദിവസം ഒരു റേസർ വാങ്ങണമെന്ന് ആറ്റൂർ പറഞ്ഞു. അങ്ങനെ അദ്ദേഹത്തെ ഞാൻ കടയിലേക്ക് വിളിച്ചുകൊണ്ടുപോയി. നടന്നുപോകുന്നതിനിടെ ആറ്റൂരിനോട് ഒരുനിമിഷം നിൽക്കാൻ ഞാൻ ആവശ്യപ്പെട്ടു. എന്താണെന്ന് അദ്ദേഹം ചോദിച്ചു.
ഒരു പന്നിക്കൂട്ടം റോഡ് ക്രോസ് ചെയ്യാൻ പോകുകയാണെന്ന് ഞാൻ പറഞ്ഞു. അതെങ്ങനെ അറിയാമെന്നായി അദ്ദേഹം. ഒരു പന്നിയുടെ തല വശത്ത് കാണുന്നുണ്ട്. അത് ഒരു പന്നി മാത്രമല്ലേ എന്ന് ആറ്റൂരിന് സംശയം. അല്ല, അതൊരു ആൺ പന്നിയാണ്, ഒരുകൂട്ടം അതിനൊപ്പം ഉണ്ടാകുമെന്ന് എന്‍റെ മറുപടി. ആ പന്നി മുകളിലേക്ക് വന്ന് പരിസരം നിരീക്ഷിച്ചശേഷം കൂട്ടം കടന്നുപോയി.
അതിന്‍റെ വാൽ ചുരുട്ടി വെച്ചിരുന്നു. അതാണ് ആൽഫ മെയിൽ. അത് കുറച്ച് ഫ്രീ ആയിരിക്കും. കൂട്ടത്തിനിടയിൽ വളരെ സ്വാതന്ത്ര്യത്തോടെയാകും അത് പെരുമാറുക. ഇത് കഴിഞ്ഞപ്പോൾ താൻ എഴുതുമോ എന്ന് ആറ്റൂർ ചോദിച്ചു. എഴുതാറുണ്ടെങ്കിലും ഇല്ല എന്ന് മറുപടി പറഞ്ഞു. താൻ എഴുതണം, തനിക്ക് എഴുതാൻ കഴിയുമെന്ന് ആറ്റൂർ ഉപദേശിച്ചു. താൻ വലിയ എഴുത്തുകാരനാകുമെന്നും അദ്ദേഹം പറഞ്ഞു.
‘റബർ’ എഴുതുന്നത് ഇതിന് ശേഷമാണോ?
അതെ. ഈ പറഞ്ഞ സംഭവം ’85ലൊക്കെയാണ്. ‘റബർ’ എഴുതുന്നത് ’90ൽ.
പഠനകാലത്തൊക്കെ എഴുതിയിരുന്നല്ലോ?
എഴുതിയിരുന്നു. അതൊക്കെ ൈററ്റിങ്ങിന്‍റെ ക്രാഫ്റ്റ് വെച്ചിട്ടുള്ള കളിയായിരുന്നു. അന്നൊന്നും സിൻസിയർ ആയ ജീവിതാനുഭവങ്ങൾ ഇല്ലല്ലോ. അതൊക്കെ പൊറോട്ടയും ബീഫും കഴിക്കാനുള്ള എഴുത്തായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എഴുതിത്തുടങ്ങിയതാണ്. മാഗസിനിൽ അയച്ചുകൊടുക്കും. 15-20 രൂപ കിട്ടും. ഒരാഴ്ച നന്നായി ഹോട്ടലിൽനിന്ന് കഴിക്കാനുള്ള കാശായി. പിന്നെ, ഒരുപാട് ചുറ്റിയലയുന്ന ആളായിരുന്നു ഞാൻ. കാട്ടിലൊക്കെ പോകും. കോളജിൽ പഠിക്കുമ്പോൾ കൂട്ടുകാരുടെ പേരിലൊക്കെ കഥകൾ അയക്കും.
ആ കാലത്ത് എല്ലാ വീക്കിലിയിലും എന്‍റെ കഥകൾ വന്നിരുന്നു. ചിലപ്പോൾ ഒരാഴ്ചതന്നെ അഞ്ചും ആറും കഥകൾ ഉണ്ടാകും. അതിൽ ചില കഥകൾ ഇപ്പോൾ ആൾക്കാർ കണ്ടെടുത്ത് അയക്കുന്നുണ്ട്. ചിലേപ്പാൾ പത്തോളം കഥകൾ മാത്രമായിരിക്കും നല്ലത്. എങ്കിലും മോശമല്ലെന്നാണ് തോന്നുന്നത്. നല്ല എഴുത്തുകാരൻ ജന്മനാ എഴുത്തുകാരനായിരിക്കും. പ്രാക്ടിസിങ് എന്ന് പറയുന്നത് ക്രാഫ്റ്റിലെ പ്രാക്ടിസിങ് മാത്രമാണ്. ഭാഷാപരമായ ഒരു ശ്രദ്ധ എപ്പോഴുമുണ്ടാകണം.
എളുപ്പത്തിൽ പ്രശസ്തി കിട്ടുന്ന സോഷ്യൽ മീഡിയക്ക് പിന്നാലെയാണല്ലോ പുതിയ എഴുത്തുകാർ?
രണ്ടുതരം എഴുത്തുകാരുണ്ട്. ഫെയിമിന് വേണ്ടി പോകുന്നവർ. അവർക്ക് വേണ്ടത് അവർക്ക് കിട്ടും. ബൈക്കിൽ വീലിങ് ചെയ്താൽ തന്നെ നിങ്ങൾക്ക് ഒരുലക്ഷം ഫോളോവേഴ്സ് ഉണ്ടാകും. യൂട്യൂബിൽ എന്തുവിളിച്ചുപറഞ്ഞാലും ഒരുലക്ഷം പേരെ കിട്ടും. എഴുത്തുകാരന്‍റെ മിഷൻ അതല്ല. ഞാൻ തമിഴിലെ ഏറ്റവും പോപ്പുലറായ സിനിമകൾ എഴുതുന്നയാളാണ്. എന്ന് കരുതി എല്ലാ സിനിമ സ്റ്റേജിലും പോയി നിൽക്കാറില്ല. എനിക്ക് എന്‍റെ വായനക്കാരോട് സംവദിക്കുകയാണ് വേണ്ടത്.
അവരുടെ ചിന്തകളെ സ്വാധീനിക്കാനും അടുത്ത തലമുറയിലെ മികച്ച ചിന്തകരോട് കമ്യൂണിക്കേറ്റ് ചെയ്യുകയുമാണ് വേണ്ടത്. അതാണ് എന്‍റെ ഉദ്ദേശ്യം. അല്ലാതെ പോപുലാരിറ്റി അല്ല. ഇന്ന് എഴുതാൻ വരുന്നവരിൽ ചിലരുടെ ലക്ഷ്യം അങ്ങനെയല്ല. അവർക്ക് എങ്ങനെയെങ്കിലും വേഗം പ്രശസ്തനാകണം. അവന്‍റെ വഴി സാഹിത്യമല്ല. ഒന്നുരണ്ട് കഥകെളാക്കെ എഴുതിനോക്കും. വേഗം അവൻ മനസ്സിലാക്കും, ഇതിനേക്കാൾ നല്ലത് ഫേസ്ബുക്കിൽ പോയി ചാമ്പിയാൽ മതിയെന്ന്. പബ്ലിസിറ്റിയൊന്നും ആവശ്യമില്ലാത്ത ഒരുവനുണ്ടാകും. അവന് മലയാള സമൂഹത്തോടും അടുത്ത തലമുറയോടും എെന്തങ്കിലും സംസാരിക്കാനുണ്ടാകും. അവന്‍റെ ചിന്തകൾ മുന്നോട്ടുവെക്കണം എന്ന ധാരണയുണ്ടാകും. അങ്ങനെയുള്ളവർ വന്നുകൊണ്ടേയിരിക്കും. അവന്‍റെ വഴി വേറെയാണ്.
മലയാളം എഴുത്തുകാരെ കുറിച്ച് പുച്ഛത്തോടെയാണ് താങ്കൾ സംസാരിക്കുന്നതെന്ന ആക്ഷേപം കേരളത്തിലുണ്ട്. എന്തുകൊണ്ടാണ് മലയാളി എഴുത്തുകാരെ മതിപ്പോടെ കാണാത്തത്?
എനിക്ക് ബഹുമാനമുള്ള ഒരുപാട് മലയാളം എഴുത്തുകാരുണ്ട്. കൽപറ്റ നാരായണൻ ഞാൻ ആരാധിക്കുന്ന എഴുത്തുകാരനാണ്. ടി.പി. രാജീവൻ, സുഭാഷ് ചന്ദ്രൻ, ആർ. ഉണ്ണി അങ്ങനെ ഇഷ്ടപ്പെടുന്ന എഴുത്തുകാരുണ്ട്. പക്ഷേ, നല്ലൊരുഭാഗം എഴുത്തുകാരും കേരളത്തിലെ പൊതു രാഷ്ട്രീയ ആശയങ്ങളെ എഴുത്തിൽ കൊണ്ടുവരുന്നവരാണ്. കെ.ആർ. മീരയുടെ രചനകൾ ശ്രദ്ധിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അവരെ ഒരു ലിറ്റററി ഫിഗർ ആയി കണക്കാക്കുന്നത് എന്ന് എനിക്കറിയില്ല. ജനറൽ പൊളിറ്റിക്കൽ ഐഡിയകൾ ആണ് അവർ പറയുന്നത്.
അതെന്തിന് ഞാൻ വായിക്കണം. Come on, Tell me your Truth എന്നാണ് ഞാൻ പറയുന്നത്. എന്തിനാണ് രാഷ്ട്രീയക്കാരന്‍റെ ശരികളെ കുറിച്ച് അവർ പറയുന്നത്. അല്ലാതെ, മലയാളം എഴുത്തുകാരെ ഞാനെന്തിനാണ് പുച്ഛിക്കുന്നത്. എന്‍റെ ആദർശ ഗുരുക്കൻമാരെല്ലാം മലയാളി എഴുത്തുകാരാണ്. ഗോവിന്ദന്‍റെ ട്രഡീഷനിൽ വരുന്നയാളല്ലേ ഞാൻ. ഇന്ത്യയിലെ ഏറ്റവും വലിയ കവിയാണ് പി. രാമൻ. അങ്ങനെ മഹാൻമാരായ കവികൾ മലയാളത്തിലുണ്ട്. എഴുതിയിരുന്ന കാലത്ത് മഹത്തായ രചനകൾ നടത്തിയിരുന്നയാളാണ് പി.പി. രാമചന്ദ്രൻ. ഇപ്പോൾ അദ്ദേഹം എഴുതുന്നില്ല. അങ്ങനെയുള്ള ആൾക്കാരുണ്ട്.
അതു കഴിഞ്ഞ്, ഈ സിംപിൾ രാഷ്ട്രീയമൊക്കെ ഞാൻ അംഗീകരിക്കണമെന്ന് പറഞ്ഞാൽ എനിക്ക് കഴിയില്ല, എനിക്ക് താൽപര്യമില്ല. ഞാൻ ഉദ്ദേശിക്കുന്ന സാഹിത്യം അതല്ല. ഇവിടെയും അങ്ങനെയാണ്. ഇവിടെയും എളുപ്പത്തിൽ ഒരാളെ അംഗീകരിക്കുന്നയാളല്ല ഞാൻ. എന്‍റെ മാനദണ്ഡം എപ്പോഴും വളരെ ഷാർപ്പാണ്. പ്രായമായ എഴുത്തുകാർക്ക് ഒരു മനോരോഗമുണ്ട്. പുതിയ യുവ എഴുത്തുകാരെ അവർ പൊക്കിപ്പിടിക്കും. യുവ എഴുത്തുകാർ തിരിച്ചും. ഞാൻ അഞ്ച് എഴുത്തുകാരുടെ പേര് പറഞ്ഞാൽ, ആ അഞ്ചു പേരും എന്‍റെ പേരും പറയും.
ഞാൻ പറയുക അങ്ങനെയല്ല. നിങ്ങൾ എല്ലാവരും ചേർന്ന് എന്നെ ഡിസ്മിസ് ചെയ്യാൻ ശ്രമിക്കൂ. നിങ്ങൾക്ക് എന്നെ ഡിസ്മിസ് ചെയ്യാൻ കഴിഞ്ഞാൽ ഞാൻ അത്രയേയുള്ളൂ. ഞാൻ മലയാളികളെ പുച്ഛിക്കുന്നുണ്ടെങ്കിൽ നിങ്ങളെല്ലാം ചേർന്ന് എന്നെ പുച്ഛിച്ചോളൂ. അങ്ങനെ എന്‍റെ എഴുത്ത് വിലയില്ലാത്തത് ആകുകയാണെങ്കിൽ ആയിക്കോട്ടെ. എന്‍റെ മിഷൻ സാഹിത്യകാരനായി ഇവിടെ നിൽക്കുകയല്ല. സൊസൈറ്റിയോട് ധാർമികമായും സൗന്ദര്യശാസ്ത്രപരമായും സംസാരിക്കുകയെന്നതാണ് എന്‍റെ ലക്ഷ്യം.
അതു മാത്രമേ ഞാൻ ചെയ്യൂ. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന്‍റെ ആശയങ്ങളെ സാഹിത്യത്തിലേക്ക് കുത്തിത്തിരുകി, ചവിട്ടിപ്പിടിച്ച് വെക്കുന്നവരോട് എനിക്ക് ഒരു താൽപര്യവുമില്ല. അതുപോലെ പരീക്ഷണ രചനകളോടും എനിക്ക് മതിപ്പില്ല. പുതിയൊരു ഘടനയോ രൂപമോ പരീക്ഷിച്ച കൃതിയാണെങ്കിൽ പത്തു കൊല്ലം കഴിയുമ്പോൾ അത് പഴയതാകും. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽനിന്ന് എന്താണ് പറയാൻ പോകുന്നത്. അതു മാത്രമാണ് ഞാൻ ചോദിക്കുന്നത്. ജയമോഹൻ പുച്ഛിക്കുന്നുവെന്ന് നിങ്ങൾ പറഞ്ഞല്ലോ. അങ്ങനെയെങ്കിൽ നല്ലൊരു കൃതി നിങ്ങൾ റെക്കമെൻഡ് ചെയ്യൂ. വരൂ, എന്നെ കൺവിൻസ് ചെയ്യിക്കൂ.
മലയാളത്തിലെ എഴുത്തുകാർക്ക് അവനവനെ കുറിച്ച് സംസാരിക്കാൻ മാത്രമേ താൽപര്യമുള്ളൂ എന്ന് പറഞ്ഞത് അനുഭവത്തിന്‍റെ വെളിച്ചത്തിലാണോ?
പൊതുവെ എഴുത്തുകാർക്ക് അങ്ങനെയൊരു മനോരോഗമുണ്ട്. അവർ മറ്റുള്ളവരെ കേൾക്കില്ല. അവർക്ക് സ്വയം പ്രമോട്ട് ചെയ്യാൻ മാത്രമാണ് താൽപര്യം. കേരളത്തിൽ മൂന്നു മേജർ സാഹിത്യോത്സവങ്ങളുണ്ട്. എവിടെയെങ്കിലും മറ്റൊരാളുടെ സംസാരം കേൾക്കാൻ ഒരു എഴുത്തുകാരൻ ഇരിക്കുന്നത് കണ്ടിട്ടുണ്ടോ. ഞാൻ പോകുമ്പോൾ കൽപറ്റ നാരായണന്‍റെ പ്രസംഗമാണെങ്കിൽ ഒരിക്കലും മിസ് ചെയ്യില്ല. പക്ഷേ, എന്‍റെ ഓഡിയൻസിൽ ഇതുവരെയും ഞാനൊരു എഴുത്തുകാരനെയും കണ്ടിട്ടില്ല.