‘‘ഞാൻ പറയുന്ന ഹിന്ദുമതം നാസ്തികതയെയും ചാർവാക ദർശനത്തെയും ഉൾക്കൊള്ളുന്നതാണ്’’
തമിഴ് എഴുത്തുകാരൻ ജയമോഹനുമായി നടത്തിയ സംഭാഷണത്തിന്റെ കഴിഞ്ഞ ലക്കം തുടർച്ച. ജയമോഹൻ തന്‍റെ നിലപാടുകൾ വ്യക്തമാക്കുന്നു. തത്ത്വചിന്ത, ഹിന്ദുത്വം, നൂറു സിംഹാസനങ്ങൾ, മതം, നാസ്തികത എന്നിങ്ങനെ വിവിധ വിഷയങ്ങളിലൂടെ സംഭാഷണം മുന്നോട്ടുനീങ്ങുന്നു.അടുത്ത കുടുംബാംഗങ്ങളുടെ ആത്മഹത്യ, ചെറുപ്പത്തിലെ സ്വന്തം ആത്മഹത്യശ്രമം എന്നിവയെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. പിൽക്കാലത്തുണ്ടായ ഈ തീവ്രമായ എഴുത്തിന് പ്രേരണയെന്താണ്? ഫിലോസഫിക്കൽ ക്വസ്റ്റ്യൻസാണ് തീവ്രമായ എഴുത്തിലേക്ക് എത്തിക്കുന്നത്. വളരെ കുറച്ച് എഴുതുന്നവർക്ക് അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉണ്ടാകില്ല. ഇന്ന് മലയാളത്തിൽ എഴുതുന്ന...
Your Subscription Supports Independent Journalism
View Plansതമിഴ് എഴുത്തുകാരൻ ജയമോഹനുമായി നടത്തിയ സംഭാഷണത്തിന്റെ കഴിഞ്ഞ ലക്കം തുടർച്ച. ജയമോഹൻ തന്‍റെ നിലപാടുകൾ വ്യക്തമാക്കുന്നു. തത്ത്വചിന്ത, ഹിന്ദുത്വം, നൂറു സിംഹാസനങ്ങൾ, മതം, നാസ്തികത എന്നിങ്ങനെ വിവിധ വിഷയങ്ങളിലൂടെ സംഭാഷണം മുന്നോട്ടുനീങ്ങുന്നു.
അടുത്ത കുടുംബാംഗങ്ങളുടെ ആത്മഹത്യ, ചെറുപ്പത്തിലെ സ്വന്തം ആത്മഹത്യശ്രമം എന്നിവയെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. പിൽക്കാലത്തുണ്ടായ ഈ തീവ്രമായ എഴുത്തിന് പ്രേരണയെന്താണ്?
ഫിലോസഫിക്കൽ ക്വസ്റ്റ്യൻസാണ് തീവ്രമായ എഴുത്തിലേക്ക് എത്തിക്കുന്നത്. വളരെ കുറച്ച് എഴുതുന്നവർക്ക് അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉണ്ടാകില്ല. ഇന്ന് മലയാളത്തിൽ എഴുതുന്ന പല എഴുത്തുകാരെക്കുറിച്ചും എനിക്കുള്ള പരാതി ഇതാണ്. അവരെയൊന്നും ഞാൻ അത്ര ശ്രദ്ധിച്ച് പഠിക്കാതിരിക്കുന്നതിനും കാരണം അതാണ്. പോപ്പുലർ ഐഡിയകൾ മാത്രമേ അവരുടെ കൈയിലുള്ളൂ. അത് പുറത്തും വായിക്കാൻ പറ്റും. അവർക്ക് മാത്രമായ ജീവിതാന്വേഷണങ്ങൾ, ഫിലോസഫിക്കൽ ക്വസ്റ്റ്, റെസ്റ്റ്ലെസ്നെസ് എന്നിവ ഇല്ല. ചില ഫലിതങ്ങളും ചില രീതികളും മാത്രമുണ്ട്. ഫിലോസഫിക്കൽ ക്വസ്റ്റ് ഉണ്ടെങ്കിൽ അതായിരിക്കും നിങ്ങൾ ആവർത്തിച്ച് എഴുതുക.
ടോൾസ്റ്റോയി ഇത്രയധികം വോള്യം എഴുതിയിട്ടുണ്ടെങ്കിലും ബേസിക് ക്വസ്റ്റ്യൻ ഒന്നാണ്. ക്രൈം, സിൻ. മനുഷ്യനും മനഃസാക്ഷിയും തമ്മിലുള്ള ക്ലാഷ്. എവിടെയാണ് ക്രൈം ഒരു സിൻ ആകുന്നത് എന്നൊക്കെയാണ് അദ്ദേഹം ചോദിക്കുന്നത്. ഇങ്ങനെയൊരു ചോദ്യമുള്ളയാൾക്ക് എത്രയെഴുതിയാലും തീരില്ല. വേറെ വേറെ ആംഗിളുകളിൽ ചോദ്യം എഴുതിക്കൊണ്ടേയിരിക്കും. ഇങ്ങനെയൊരു ചോദ്യമില്ലാത്തയാൾ രണ്ടു കഥയെഴുതും. അവന്‍റെ പണി തീരും. ഈ ചോദ്യങ്ങൾ വരുന്നത് ജീവിതാനുഭവങ്ങളിൽനിന്നാണ്. മരണത്തെ വിടുക. ഒരു അപമാനം.
വല്ലാത്ത ഒരു അപമാനം ഉണ്ടായിക്കഴിഞ്ഞാൽ നിങ്ങൾക്ക് വരുന്നത് അടിസ്ഥാനപരമായ ചോദ്യമാണ്. അടുത്തൊരാൾ വഞ്ചിച്ചാൽ മാനവികതയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചോദ്യം വരും. അത് എഴുതിത്തീരുമോ, സംസാരിച്ചു തീരുമോ? അതുതന്നെയാണ് എഴുത്തിന്‍റെ അടിസ്ഥാനം. മരണം എന്ന് പറയുമ്പോൾ മരണത്തെ എഴുതുകയല്ല. മരണമുണ്ടാക്കുന്ന ചോദ്യത്തിന് ഉത്തരം അന്വേഷിക്കുകയാണ്. ചിലർക്ക് ആ ചോദ്യം വരില്ല. ചിലർക്ക് വരും. എനിക്ക് ആ പ്രായത്തിലേ മരണങ്ങൾ വഴി അങ്ങനെയൊരു ഫിലോസഫിക്കൽ ക്വസ്റ്റ് ഉണ്ട്. ഇതുവരേക്കും കൊണ്ടെത്തിക്കുന്നതും അതുതന്നെയാണ്.
ഈ കാലത്ത് തന്നെയല്ലേ നാടുവിടുന്നത്. ഫിലോസഫിക്കൽ ക്വസ്റ്റ് എഴുത്തിൽ മാത്രമല്ല, ഭൗതികമായ ജീവിതത്തിലും മാറ്റങ്ങളിലേക്ക് തള്ളിവിടുകയായിരുന്നോ?
ഫിലോസഫിക്കൽ ക്വസ്റ്റിൽ നമുക്ക് ആദ്യം തോന്നുന്നത് ചങ്കിലേക്ക് പിടിക്കുന്ന ഈ അന്തരീക്ഷത്തിൽനിന്ന് പുറത്തേക്ക് പോകണമെന്നാണ്. ശ്വാസംമുട്ടുമ്പോൾ കതകുതുറന്ന് പുറത്തിറങ്ങുന്നതുപോലെയാണ്. അങ്ങനെയാണ് നിങ്ങൾ കുടുംബത്തിൽനിന്നും നാട്ടിൽനിന്നും പുറത്തേക്കു പോകുന്നത്. അങ്ങനെയാണ് ഞാനും രക്ഷപ്പെട്ടത്. ഇവിടെ എല്ലാവർക്കും ഒരു ടെംപ്ലേറ്റ് ഉണ്ട്. സന്യസിച്ച് പോകുക, നാടോടിയായി ജീവിക്കുക.
ബഷീർ അങ്ങനെയായിരുന്നു. എന്‍റെ ആദർശത്തിലുള്ള തമിഴ് എഴുത്തുകാരെല്ലാം അങ്ങനെയായിരുന്നു. ഞാൻ ഭിക്ഷയെടുത്തിട്ടുണ്ട്, സന്യസിച്ചിട്ടുണ്ട്. പിന്നെ, ഞാൻ മടങ്ങിവന്നു. ഞാനൊരു വിവേകാനന്ദൻ ഒക്കെ ആകാൻ ആഗ്രഹിച്ചയാളാണ്. മടങ്ങിവരുമ്പോഴും യോഗസാധന, അധ്യാത്മിക യാത്രകൾ എന്നിവയിൽ വലിയ താൽപര്യമുണ്ടായിരുന്നു. ഇപ്പോഴും താൽപര്യമുണ്ട്. പക്ഷേ, നിത്യചൈതന്യയതിയാണ് ആദ്യം എന്നോട് പറഞ്ഞത്: ‘‘അതെ, നിങ്ങൾക്കൊരു ഫിലോസഫിക്കൽ ക്വസ്റ്റ് ഉണ്ട്, പക്ഷേ, നിങ്ങളുടെ മാധ്യമം യോഗയോ ധ്യാനമോ അല്ല. സാഹിത്യമാണ്.’’ ഭാവന എന്നത് ഒരു ഉപാസനയാണ്.
നിത്യചൈതന്യയതിയുമായുള്ള ബന്ധം ഏതുതരത്തിലായിരുന്നു?
നമ്മൾ മറ്റൊരാളെ ഫോളോ ചെയ്യുകയല്ല ചെയ്യുന്നത്. നിത്യയെ കാണാൻ പോകുമ്പോൾ ഒരു സബ്മിസിവ് ഭാവത്തിലല്ല പോയത്. ഒരു ഉദാസീനഭാവമായിരുന്നു. കാരണം, പല സ്വാമിമാരെയും ഞാൻ കണ്ടിട്ടുണ്ട്. റിലീജിയസ് റിച്വലിസത്തോട് എനിക്ക് വല്ലാത്ത നീരസവുമുണ്ട്. ഏതു റിച്വലായാലും, ഹിന്ദു ആയാലും ഇസ്ലാം ആയാലും. ആചാരവാദം എന്നാണ് ഞാൻ പറയുക. അവരൊക്കെ സ്റ്റാറ്റിക് ആയ ആൾക്കാരാണ്. അവർ നിന്നുപോയിരിക്കുന്നു. തറി ഓടുന്നതുപോലെ നൂറുകൊല്ലം ഓടി അവർ മരിച്ചുപോകും. അവരോട് എനിക്ക് താൽപര്യമില്ല.
അങ്ങനെ ഞാൻ കണ്ട പല ആത്മീയാചാര്യൻമാരും ഇങ്ങനെ ആചാരവാദം പറയുന്നവരായിരുന്നു. അങ്ങനെയാണ് നിത്യയുടെ മുന്നിലേക്കും പോകുന്നത്. അത്ര വിശ്വാസത്തോടെ പോയതൊന്നുമല്ല. പക്ഷേ, പിന്നീട് ഞാൻ അദ്ദേഹത്തെ എന്‍റെ ഗുരു ആയി സ്വീകരിച്ചു. എന്നോട് അദ്ദേഹം സംസാരിച്ചത് മുഴുവൻ സാഹിത്യമാണ്. എന്‍റെ അടിസ്ഥാനപരമായ ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളും അദ്ദേഹത്തെ കണ്ടശേഷമാണ് മാറിയത്. ഞാനാരാണ്? സാഹിത്യം എഴുതുന്നുണ്ടെങ്കിലും വെറുമൊരു സാഹിത്യകാരൻ അല്ല എന്നാണ് അന്ന് ഞാൻ കരുതിയിരുന്നത്. ഞാൻ അതിനപ്പുറമാണ്. തത്ത്വചിന്ത, ആധ്യാത്മികതയിലെല്ലാം താൽപര്യമുണ്ട്. കൂടുതൽ വലിയ ആന്തരികയാത്രകൾ എനിക്കുണ്ടെന്നും അറിയാമായിരുന്നു.
പക്ഷേ, അതിനൊന്നും സാഹിത്യം പറ്റില്ല എന്നായിരുന്നു എന്‍റെ തോന്നൽ. പക്ഷേ, എല്ലാതരം ആന്തരിക യാത്രകൾക്കും സാഹിത്യത്തിൽ സ്ഥാനമുണ്ടെന്ന് നിത്യയാണ് പറഞ്ഞത്. ഈ തരത്തിലുള്ള മോഡേണിസ്റ്റിക് റൈറ്റിങ്ങിൽ അതിന് കഴിയില്ല. പക്ഷേ, താങ്കൾ ഒരു ക്ലാസിക് റൈറ്ററാണ്. വ്യാസന് അത്രയും ദൂരം പോകാമെങ്കിൽ താങ്കൾക്കും കഴിയും. സാഹിത്യം തന്നെ ഉപാസനയായി എടുത്തുകൊള്ളുക എന്നും അദ്ദേഹം ഉപദേശിച്ചു.
പിന്നെ അദ്ദേഹത്തിന്‍റെ ചിന്താരീതി. കുറേകാലത്തിനു ശേഷം ഞാൻ അേദ്ദഹത്തോട് ചോദിച്ചു: ‘‘ഗുരു, ഇവിടെ എന്താണ് പഠിപ്പിക്കുന്നത്?’’ ‘‘ഞാനൊന്നും പഠിപ്പിക്കുന്നില്ല. ആൾക്കാരെ എനിക്കൊപ്പം തുടരാൻ അനുവദിക്കുന്നു’’ –എന്നായിരുന്നു നിത്യയുടെ മറുപടി. അതാണ് നല്ല അധ്യാപനം. ഗുരു പ്രത്യേകിച്ചൊരു ക്ലാസ് എടുക്കുന്നില്ല. അദ്ദേഹം നടക്കുന്നു, ഇരിക്കുന്നു, ചിരിക്കുന്നു, പുതിയ കാര്യം പെട്ടെന്ന് ഓർക്കുന്നു, ആൾക്കാരോട് സംസാരിക്കുമ്പോൾ ഫലിതം പറയുന്നു, തോട്ടക്കാരനോട് സംസാരിക്കുന്നു. എല്ലാം നമ്മൾ നിരീക്ഷിക്കുകയാണ്. ഇതെല്ലാം കാണുമ്പോൾ ഉണ്ടാകുന്ന ഒരു സമ്പൂർണ കാഴ്ചയാണ് നമ്മെ പഠിപ്പിക്കുന്നത്. കുതിരക്കൊപ്പം ഓടുകയാണ് ഓടാൻ പഠിക്കാനുള്ള മികച്ച വഴി. നിങ്ങൾക്ക് നിങ്ങളുടെ പരമാവധി വേഗതയിൽ പായാം.
ആചാരവാദത്തോട് വിയോജിപ്പുണ്ടെന്ന് പറഞ്ഞു. പക്ഷേ, താനൊരു സാംസ്കാരിക ഹിന്ദുവാണെന്നും താങ്കൾ പറഞ്ഞിട്ടുണ്ട്?
ഞാൻ ആവർത്തിച്ചു പറയുന്നു. ഹിന്ദുമതം എന്നത് വിശ്വാസം അല്ല. ഇസ്ലാമിലോ ക്രിസ്തീയതയിലോ വിശ്വാസം വളരെ നിർബന്ധമാണ്. ഹിന്ദുമതത്തിൽ ആ വിശ്വാസം ഇല്ല. അതിന്‍റെ കോർ വേദാന്തമാണ്. അതാണ് നാരായണഗുരുവും നടരാജഗുരുവും നിത്യയുമൊക്കെ പറഞ്ഞത്. അവരൊന്നും ഒരുതരത്തിലും വിശ്വാസികളല്ല. അവരൊക്കെ ഏതെങ്കിലും ക്ഷേത്രത്തിൽ പോയിട്ടുേണ്ടാ. എന്തെങ്കിലും ചടങ്ങുകൾ ചെയ്തിട്ടുണ്ടോ. നടരാജഗുരുവൊക്കെ പ്യുയർ ഇന്റലക്ച്വൽ ആയിരുന്നു. വിശ്വാസമല്ല, തത്ത്വചിന്താപരമായ ഒരു സമീപനമാണ്. ഫിലോസഫിക്കൽ ക്വസ്റ്റ്. അതാണ് എനിക്കുള്ളത്, അല്ലാതെ വിശ്വാസമല്ല.
ആ അദ്വൈത തത്ത്വചിന്തയാണ് ആന്തരിക യാത്രകൾക്ക് എന്നെ പ്രാപ്തനാക്കുന്നത്. I am not a disciple of anything. I am not a follower of anything. ഇന്നത്തെ മതവിശ്വാസത്തിന്‍റെ രീതികളെ മറ്റൊരാൾ പിന്തുടരുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. അതും ഒരുവഴിയാണ്. പക്ഷേ, ഒരു എഴുത്തുകാരന് അങ്ങനെ ഉണ്ടാകാൻ പാടില്ലെന്ന് ഞാൻ കരുതുന്നു. ഏതു മതമായാലും. മതമെന്നത് ഉത്തരങ്ങളുടെ ഒരു സെറ്റ് ആണ്. ആ ഉത്തരങ്ങളെ അംഗീകരിക്കുന്നെങ്കിൽ നേരത്തേ മതങ്ങളാൽ പറയപ്പെട്ട കാര്യങ്ങൾ നിങ്ങൾ പിന്നെയും എഴുതുകയാണ്. വസ്തുതകളുടെ റീനരേഷൻ മാത്രമാകും അത്തരം എഴുത്ത്. അതൊരു തമാശയാണ്. അങ്ങനെയിപ്പോൾ എഴുതുന്നതെന്തിന്?
കൗമാരകാലത്ത് മതാധിഷ്ഠിത പ്രസ്ഥാനങ്ങളുമായി അടുത്ത് പ്രവർത്തിച്ചിരുന്നുവല്ലോ?
ചെറുപ്പകാലം എന്നത് അങ്ങനെയാണല്ലോ. എഴുത്തുകാർക്ക് അങ്ങനെ ഉണ്ടാകും. ഒരു ആവേശത്തിൽ പലതിലും കയറിപ്പോകും. ഹൈന്ദവ പ്രസ്ഥാനങ്ങൾക്കുള്ളിൽ അങ്ങനെ പോയിട്ടുണ്ട്. മാർക്സിയൻ പ്രസ്ഥാനങ്ങളിലും പോയിട്ടുണ്ട്. ട്രേഡ് യൂനിയനുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതൊക്കെ ലിമിറ്റഡായിരുന്നു. ഐഡിയോളജിക്കലായി അതിനെയൊന്നും സ്വീകരിക്കാൻ കഴിയില്ല.
കന്യാകുമാരി ജില്ലയിലെ സവിശേഷകരമായ സാമൂഹിക, സാമുദായിക പശ്ചാത്തലമാണോ ഹൈന്ദവ സംഘടനകളോട് അക്കാലത്ത് അടുപ്പിച്ചത്. ആ മാർഗമാണ് ശരിയെന്ന് കരുതി തന്നെയാണോ പ്രവർത്തിച്ചിരുന്നത്?
അങ്ങനെയല്ല. അതിലൊക്കെ താൽപര്യപ്പെടുന്നത് 18ാം വയസ്സിലാണ്. കന്യാകുമാരി ജില്ലയിൽ ഏറ്റവും ശക്തമായ മതം എന്നത് സി.എസ്.ഐ ക്രിസ്ത്യനാണ്. ക്രിസ്ത്യാനികളിൽ തന്നെ സി.എസ്.ഐക്കാർക്കും കത്തോലിക്കർക്കും വലിയ വ്യത്യാസമുണ്ട്. കത്തോലിക്കർ കൂടുതൽ സഹിഷ്ണുതയുള്ള, വിശാല മനഃസ്ഥിതി ഉള്ളവരാണ്. സി.എസ്.ഐ അങ്ങനെയല്ല. ഇന്നും അങ്ങനെയല്ല. പെന്തകോസ്റ്റ് പോലെ. പല സ്ഥലങ്ങളിലും അവരുടെ ടൈറണി ഉണ്ടായിരുന്നു. അവർ വളരെ ശക്തരാണ്, സമ്പന്നരാണ്, സംഘടിതരാണ്. അപ്പോൾ ഒരു ചെറുപ്പക്കാരന് അതിനെ എതിർത്തുനിൽക്കണം, അങ്ങനെ തോൽക്കാൻ പാടില്ലെന്നേ തോന്നൂ. അടിയെങ്കിൽ അടി. ഞാനൊരിക്കലും അടിക്കാൻ മടിയുള്ള ആളല്ല.
എന്‍റെ കാരക്ടർ അങ്ങനെയാണ്. കഠാരയൊക്കെ വെച്ചുകൊണ്ട് അലഞ്ഞ ആളാണ് ഞാൻ. ഒരു െകാലപാതകമൊക്കെ ഇൗസിയായി ചെയ്യാൻ സാധ്യതയുണ്ടായിരുന്നു. ചുരുങ്ങിയത് പത്തുതവണയെങ്കിലും കൊലപാതകത്തിന്‍റെ അടുത്തുവരെ പോയിട്ടുണ്ട്. ചെയ്തിട്ടില്ല. ഭയങ്കര വയലൻസിന്‍റെ കാലമായിരുന്നു അത്. അന്യമതസ്ഥർ ചർച്ച് നിൽക്കുന്ന ഭാഗത്ത് സഞ്ചരിക്കാൻ പാടില്ല എന്ന വ്യവസ്ഥ ഇവിടെ ഉണ്ടായിരുന്നു. ചെക്പോസ്റ്റ് പോലെ ആളുകൾ കാവൽ നിൽക്കുമായിരുന്നു.
അപ്പോൾ അതിനെ നേരിടണം. ഒരുതരം ധാർഷ്ട്യം. ഒടുവിൽ നമുക്ക് മനസ്സിലാകുന്നു, ഈ ധാർഷ്ട്യം വഴി നമ്മൾ മറ്റൊരു തരത്തിൽ പോകുകയാണ്. ഗാന്ധിജി പറഞ്ഞതുേപാലെ, നിങ്ങൾ എന്തിനെ എതിർക്കുന്നുവോ അതുതന്നെ നിങ്ങൾ ആയിത്തീരും. അങ്ങനെ നമ്മളും മറ്റൊരു സി.എസ്.ഐയും പെന്തകോസ്തും ആയിത്തീരുമ്പോൾ മനസ്സിലാകും, ഇതല്ല നമ്മൾ.
ഇപ്പോൾ ഇവിടെ സംഭവിച്ചിരിക്കുന്നത് അതാണ്. കന്യാകുമാരി ജില്ലയിൽ ഇപ്പോഴുള്ളത് ക്രിസ്ത്യൻ പെന്തകോസ്തും ഹിന്ദു പെന്തകോസ്തുമാണ്. രണ്ടും ഒന്നുതന്നെ. അവർ തമ്മിൽ എന്താണ് വ്യത്യാസം. ഇസ്ലാമിൽ വഹാബിസമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വഹാബിസം ഒരു ഫണ്ടമെന്‍റലിസമാണ്. ബി.ജെ.പിക്കാർ ഒരു ഹിന്ദു വഹാബിയാണ്. മുമ്പ് ഞാൻ ഒരു ലേഖനം എഴുതിയത് വലിയ വിവാദമായിരുന്നു. ‘ഹിന്ദു താലിബാനിസം’ എന്നാണ് അതിൽ പറഞ്ഞത്. താലിബാനെ എതിർത്തുകൊണ്ട് നിങ്ങൾതന്നെ താലിബാൻ ആയിത്തീരുക എന്നത് ഒരു നോൺസെൻസ് ആണ്.
ആ മനോഭാവം ഉണ്ടായിരുന്ന സമയത്ത് എഴുതിയത് പിന്നീട് വായിച്ചുനോക്കിയിട്ടുണ്ടോ?
ആ സമയത്ത് അധികം എഴുത്തില്ല. അപ്പോൾ പ്രവർത്തനം ആണല്ലോ. എഴുത്തിൽ വിശ്വാസമില്ല. അടിച്ചുജയിക്കുക എന്നതാണല്ലോ അന്നത്തെ മനോഭാവം.
ആ മനോഭാവത്തിലെ നിരർഥകത പിന്നീടെപ്പോഴാണ് തിരിച്ചറിഞ്ഞത്?
വളരെ വേഗംതന്നെ. രണ്ടോ മൂന്നോ വർഷം കൊണ്ടുതന്നെ നോൺസെൻസ് ആണെന്ന് അറിഞ്ഞു.
സംഘ്പരിവാറിന് ഉള്ളിലുള്ള വളരെ സജീവ പ്രവർത്തകനായിരുന്നോ അന്ന്?
അകത്തുള്ള ഒഫീഷ്യൽ പ്രവർത്തകനായിരുന്നില്ല. പക്ഷേ, വളരെ ക്ലോസായിരുന്നു. ഇന്നത്തെ സംഘ പ്രവർത്തനവും അന്നത്തേതും വ്യത്യസ്തമാണ്. അന്നത്തെ സംഘപ്രവർത്തകർ മൈനോറിറ്റിയാണ്. വളരെ അരക്ഷിതരാണ്, പണമില്ല, അധികാരമില്ല, പൊലീസിന്‍റെ ശല്യം, മറ്റു മതക്കാരുടെ ഭീഷണി. ഒരുതരം നക്സൽ പ്രവർത്തനംപോലെയായിരുന്നു. ഇന്ന് അങ്ങനെയല്ല. പവർ ഉള്ള ഒരു പാർട്ടിയുടെ ഭാഗമാണ്. അന്ന് ഉണ്ടായിരുന്ന പ്രവർത്തകരിൽ വളരെ ചുരുക്കം പേരെ ഇന്നുള്ളൂ. ഇന്നുള്ളവരിൽ നല്ലശതമാനവും പവർ വന്നതിനുശേഷം വന്നവരാണ്. ഇവർക്ക് മുന്നിൽ പഴയ ആളുകൾക്ക് പിടിച്ചുനിൽക്കാൻ പറ്റില്ല. അന്നുണ്ടായിരുന്ന മുഖങ്ങളെല്ലാം എവിടെയോ പോയി. വെള്ളം കോരാൻ ഒരാൾ, കൊയ്ത്തു നടത്താൻ വേറൊരാൾ.
സാംസ്കാരിക ഹിന്ദുവാണ് താനെന്ന് താങ്കൾ പറയുന്നു. ഈ കാലത്ത് ഒരു സാംസ്കാരിക ഹിന്ദുവിന്‍റെ റോൾ എന്താണ്?
ഞാൻ പറയുന്ന ഹിന്ദുമതം എന്നത് നാസ്തികതയെയും ചാർവാക ദർശനത്തെയും ഉൾക്കൊള്ളുന്ന ഒന്നാണ്. ഹിന്ദു ട്രഡീഷൻ ഓഫ് വിസ്ഡം അഥവാ ഹിന്ദു ജ്ഞാന മറവ് എന്നാണ് ഞാൻ പറയുക. അത് ഒരുപാട് മതങ്ങളുടെ സമാഹാരമാണ്.
മൊത്തമായി ഈ ഹിന്ദു ട്രഡീഷൻ വേണ്ട എന്നുവെച്ചാൽ എന്താണ് സംഭവിക്കുക. മൂവായിരം വർഷത്തെ മൊത്തം ഇന്റലക്ച്വൽ, ആർട്ടിസ്റ്റിക് ട്രഡീഷൻ നിങ്ങൾക്ക് അന്യമാകും. ഇവിടത്തെ ക്ഷേത്രങ്ങൾ മഹത്തായ ആർട്ട് ഗാലറികളാണ്. ഇന്ത്യ മുഴുവൻ ഇതിനായി തെണ്ടിത്തിരിഞ്ഞിട്ടുണ്ട് ഞാൻ. അത് നഷ്ടപ്പെടും. സാഹിത്യത്തിന്‍റെ അതിമഹത്തായ ശേഖരം ഇല്ലാതാകും. ക്ലാസിക്കുകൾ ഇല്ലാതാകും. ശൈവ തിരുമുറൈകളും വൈഷ്ണവ തിരുമുറൈകളും ഇല്ലാതായാൽ പിന്നെ തമിഴ് വെച്ച് എന്തുചെയ്യാനാകും. അതിനേക്കാളും സൂക്ഷ്മതലത്തിലുള്ളതാണ് ഐകണോഗ്രഫി. സ്പിരിച്വൽ മെഡിറ്റേഷന്‍റെ ഉപാധികളാണ് ഐകണോഗ്രഫി.
നടരാജന്‍റെ എടുത്ത കാൽ ഒരു മെഡിറ്റേറ്റിവ് പേഴ്സന് ഉണ്ടാക്കുന്ന അനുഭവം വളരെ വലുതാണ്. അങ്ങനെ ആദിരൂപകങ്ങൾ ഇല്ലാതാകും. ഇവിടെയുള്ള ശിലായുഗത്തോട് എന്നെ ബന്ധിപ്പിക്കുന്നത് ഹിന്ദുമതമാണ്. എടുത്ത കാലിൽ നൃത്തമാടുന്ന നടരാജന്‍റെ ചിത്രം ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മഹാപാരമ്പര്യത്തോട് എന്നെ ബന്ധിക്കുന്നതും ഈ വിശ്വാസമാണ്. ഇതില്ലെങ്കിൽ ഞാൻ ആരുമല്ല. എനിക്ക് എഴുതാൻ ഒന്നുമില്ല. ചിന്തിക്കാൻ ഒന്നുമില്ല. ധ്യാനിക്കാനുമില്ല. ഈ വിശാലമായ ബൗദ്ധിക, ആധ്യാത്മിക, ആത്മീയ ഘടന എനിക്ക് വേണം. പക്ഷേ, അതിലുള്ള മതഭ്രാന്തിനെ എനിക്ക് വേണ്ട. അതിലെ പവർ പൊളിറ്റിക്സ് എനിക്ക് വേണ്ട. ഇതു രണ്ടിനെയും വേർതിരിച്ചു നോക്കണമെന്ന് തന്നെയാണ് ഞാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഹിന്ദു ജ്ഞാന പാരമ്പര്യത്തെ വിട്ടു ഒരു ജീവിതമില്ല. അതിനെ ഒഴിവാക്കിയാൽ യൂറോപ്പിനെ നേരിടാൻ നിങ്ങളുടെ കൈയിൽ ഒന്നുമില്ല.
അപ്പോൾ നിങ്ങൾ വെറും കൺസ്യൂമർ മാത്രം. കൊക്കകോളയുടെയും ഗൂഗിളിന്‍റെയും ഫേസ്ബുക്കിന്‍റെയും കൺസ്യൂമർ മാത്രം. ചെറുത്തുനിൽക്കണമെങ്കിൽ, ‘ഞാൻ’ എന്ന് പറയണമെങ്കിൽ തന്നെ നിങ്ങൾക്ക് ഈ പാരമ്പര്യത്തിന്‍റെ പിൻബലം വേണം. വെറുമൊരു കൺസ്യൂമർ അല്ല ഞാൻ. ഇതുവിട്ടു കളഞ്ഞ രാഷ്ട്രങ്ങളുടെ കഥ പലർക്കും അറിയില്ല. കൊറിയയുടെ കാര്യം നോക്കുക. ജപ്പാനെ നോക്കുക. പ്രാചീന പാരമ്പര്യത്തെ മുഴുവൻ ഒഴിവാക്കിയ രാജ്യമാണ് ജപ്പാൻ.
ജപ്പാനിലെ സെൻ, ബുദ്ധിസ്റ്റ്, ഷിന്റോ പാരമ്പര്യമൊന്നും അവിടെയുള്ളവർക്ക് ഇന്ന് അറിയില്ല. അെതാരു ടൂറിസ്റ്റ് അട്രാക്ഷൻ മാത്രമാണ് ഇപ്പോൾ. അവിടെയുള്ളവർക്ക് ഇതിലൊന്നും താൽപര്യമില്ല. ജപ്പാനിലുള്ളവരെല്ലാം വരണ്ട, കൺസ്യൂമറുകൾ മാത്രമാണ്. രാജ്യം എന്നനിലയിൽ തങ്ങളുടെ മഹത്തായ പാരമ്പര്യത്തെ വിട്ടുകളഞ്ഞ് പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ജപ്പാൻ. കൊറിയയും തായ്വാനും അങ്ങനെതന്നെ. ഇങ്ങനെ നിങ്ങൾ ബുദ്ധിസത്തെ വിട്ടുകളയുമ്പോൾ കൺസ്യൂമറിസത്തിനൊപ്പം ക്രൈസ്തവത കൂടി കടന്നെത്തുന്നു. ഇന്ന് ജപ്പാനും കൊറിയയും ക്രിസ്ത്യൻ രാഷ്ട്രങ്ങളാണ്. കൺസ്യൂമറിസത്തോട് സിങ്ക് ആകുന്ന ഒരുഫേക് ക്രിസ്ത്യാനിറ്റിയുണ്ട്. അത് വന്നുചേരും. യഥാർഥ ക്രിസ്ത്യാനിറ്റി അല്ല അത്.
ഇതേ കാര്യംതന്നെയാണ് ഓർഹാൻ പാമുക് തുർക്കിയെ കുറിച്ചും പറയുന്നത്. ഇസ്ലാമിന്റെ മൗലികവാദം എനിക്കു വേണ്ട എന്ന് അദ്ദേഹം പറയുമ്പോഴും ഇസ്ലാമിന്റെ ജ്ഞാന പാരമ്പര്യവും ചരിത്രവുമില്ലെങ്കിൽ എനിക്കെന്താണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. സൂഫിസം ഇല്ലെങ്കിൽ എനിക്ക് എങ്ങനെ ബഷീറിന് അടുത്ത് പോകാൻ കഴിയും. ഇടക്കിടെ ഞാൻ അജ്മീറിൽ പോകാറുണ്ട്. ഖ്വാജയുടെ ഒരു ഭക്തനാണ് ഞാൻ. എനിക്കൊരു കണക്ടിവിറ്റിയുണ്ട്. എന്‍റെ കുടുംബം മൊത്തം അവിടെ പോകാറുണ്ട്. ഖ്വാജയെ കുറിച്ച് മകൻ ഒരു നോവൽതന്നെ എഴുതിയിട്ടുണ്ട്. താൻസെൻ വന്ന് തലവെച്ച സ്ഥലമാണത്. അക്ബർ ചക്രവർത്തി വന്നത് എനിക്ക് വലിയ കാര്യമല്ല, പക്ഷേ, താൻസെൻ അവിടെ വന്നിരിക്കുന്നു.
ബഷീർ അവിടെ പോയിരിക്കുന്നു. ബഷീറുമായുള്ള എന്‍റെ കണക്ടിവിറ്റി അതുവഴിയാണ് വരുന്നത്. സൂഫിസം ഇല്ലാതായി കഴിഞ്ഞാൽ ബഷീർ ഇല്ല. സൂഫിസത്തിനും ഇടം കൊടുക്കുന്നതാണ് വേദാന്തം. നിത്യചൈതന്യയതിക്ക് നിസ്കരിക്കാൻ ഒരു മടിയുമില്ല. ഇത്തരമൊരു മതമാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതില്ലാതായി കഴിഞ്ഞാൽ, നിങ്ങൾ വെറും കൺസ്യൂമർ, ആധുനിക മുതലാളിത്തത്തിന്‍റെ വെറും ജോലിക്കാരൻ. ഇവിടത്തെ സ്യൂഡോ മാർക്സിസ്റ്റുകൾക്കോ വൃത്തികെട്ട രാഷ്ട്രീയക്കാർക്കോ ഞാൻ പറയുന്നത് മനസ്സിലാകില്ല. അതുകൊണ്ടാണ് ഞാൻ ആവർത്തിച്ച് അടുത്ത തലമുറയോട് സംസാരിക്കുന്നത്.
നിങ്ങളിത് വിട്ടുകളഞ്ഞാൽ മധുരയിലെ അഘോര വീരഭദ്രന്‍റെ ശിൽപം മനസ്സിലാകില്ല, കമ്പരാമായണത്തിലെ പത്തു പാട്ട് മനസ്സിലാകില്ല, നമ്മാഴ്വാറെ മനസ്സിലാകില്ല, ഭാരതിയെയോ എഴുത്തച്ഛനെയോ മനസ്സിലാകില്ല, ബഷീറിനെയോ പുതുമൈ പിത്തനെയോ മനസ്സിലാകില്ല. ഇതൊന്നും ഇല്ലെങ്കിൽ പിന്നെ നിങ്ങളാരാണ്. അതുകൊണ്ടാണ് പറയുന്നത്, പാരമ്പര്യം എന്നത് നിലനിൽക്കണം.
മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും കെട്ടുപാടുകൾ ഒഴിവാക്കിയ രാജ്യങ്ങളെ കുറിച്ച് അങ്ങ് പറഞ്ഞു. പക്ഷേ, മതത്തെ രാഷ്ട്രത്തിന്‍റെ അധികാരധാരയിലേക്കും നയങ്ങളിലേക്കും ആനയിച്ച രാജ്യങ്ങൾക്കുണ്ടായ അപചയത്തെ കുറിച്ചും മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ശ്രീലങ്കയുടെയും മറ്റും പശ്ചാത്തലത്തിൽ?
മതത്തിന്‍റെ സ്പിരിച്വൽ കോർ ജനങ്ങൾ മനസ്സിലാക്കുന്നതിനെ കുറിച്ചാണ് ഞാൻ പറയുന്നത്. അതിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് നശീകരണമാണ്. അത് പാടില്ല. ശ്രീലങ്ക മാത്രമല്ല, ഒരുപാട് ഉദാഹരണങ്ങളുണ്ട്. ആ ട്രാക്കിൽ അതിവേഗം നീങ്ങുന്ന മറ്റൊരു പ്രധാന രാജ്യം മലേഷ്യയാണ്. മലേഷ്യയിൽ എന്തുസംഭവിക്കുമെന്ന് പറയാനാകില്ല. വളരെ ലിബറലായ രാജ്യമായിരുന്നു മലേഷ്യ.
തന്‍റെ ഭരണം മോശമായപ്പോൾ, സാമ്പത്തിക നില തകർന്നപ്പോൾ മഹാതിർ മുഹമ്മദ് ക്രമേണ മതത്തെ കൂട്ടുപിടിക്കുകയായിരുന്നു. പകുതി മലയാളിയാണ് മഹാതിർ. മലബാറിലും അയാൾക്ക് വേരുകളുണ്ട്. അദ്ദേഹം മത സംഘടനകളെയും ഫണ്ടമെന്‍റലിസ്റ്റ് സംഘങ്ങളെയും കൂട്ടുപിടിച്ചിരിക്കുകയാണിപ്പോൾ. ഇങ്ങനെ പോയാൽ മലേഷ്യയുടെ ഭാവി എന്താകുമെന്ന് പറയാനാകില്ല. പല രാഷ്ട്രങ്ങളും അങ്ങനെയുണ്ട്.
ഒരേസമയം യുക്തിവാദിയും ഹിന്ദുവുമായി തുടരാനാകുമോ?
യുക്തിവാദമെന്നത് നിങ്ങളുടെ റാഷനാലിറ്റിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നതാണ്. പക്ഷേ, സ്പിരിച്വലിസം എന്നത് റാഷനാലിറ്റിയിൽ വിശ്വസിക്കുന്നില്ല. റാഷനാലിറ്റി എന്നത് വളരെ ലോജിക്കലായ കാര്യങ്ങളിൽ മാത്രം വിശ്വസിക്കുകയെന്നതാണ്. ലോജിക്കൽ അല്ലാത്ത കാര്യങ്ങളിലും വിശ്വസിക്കുന്നവനാണ് എഴുത്തുകാരൻ. ബഷീർ എന്ന സൂഫി എഴുത്തുകാരനെ മനസ്സിലാക്കാൻ യുക്തിവാദംകൊണ്ടു കഴിയുമോ. കഴിയില്ല. അതിലൊരു സ്പിരിച്വൽ എലമെന്‍റുണ്ട്. ഫെയ്ത്ത് ആണോ എന്ന് ചോദിച്ചാൽ, അല്ല. യുക്തിവാദിക്ക് സ്പിരിച്വൽ ആകാൻ കഴിയില്ല. ലോജിക്കൽ അല്ലാത്ത ഒരുപാട് സെൻസിറ്റിവിറ്റികളിൽ വിശ്വസിക്കുന്നയാളാണ് ഞാൻ.
എന്താണ് ജയമോഹൻ വായിക്കുന്നത്?
മലയാളത്തിലും തമിഴിലും ഇറങ്ങുന്ന ഏതാെണ്ടല്ലാം വായിക്കും. ഞാനൊരു ക്രിട്ടിക് കൂടിയാണല്ലോ. അതിനാൽ എല്ലാം വായിക്കും. എന്‍റെ തലമുറയിലെ എഴുത്തുകാരിൽ എന്‍റെ അത്രയും വായിച്ചവർ ഉണ്ടാകില്ല. ഞാൻ കാണുന്നുണ്ടല്ലോ. 50-55 വയസ്സ് എഴുത്തുകാരെയൊക്കെ എനിക്കറിയാമല്ലോ. പലരും ഒരാളെയും വായിച്ചിട്ടുണ്ടാകില്ല. എന്‍റെ തലമുറയിലെ ഒരു എഴുത്തുകാരനോട് പാറപ്പുറത്തിന്‍റെ എത്ര നോവൽ വായിച്ചിട്ടുണ്ട് എന്ന് ചോദിച്ചു. അദ്ദേഹം ഒന്നും വായിച്ചിട്ടില്ല. പാറപ്പുറത്ത് ഒക്കെ സിനിമ എഴുത്തുകാരനല്ലേയെന്നാണ് അദ്ദേഹത്തിന്‍റെ ഒഴികഴിവ്. അങ്ങനെയെല്ലന്ന് ഞാൻ പറഞ്ഞു. പരാജയങ്ങളെ കുറിച്ച് എഴുതിയ ആളാണ് പാറപ്പുറത്ത്. വലിയ എഴുത്തുകാരനല്ല, പക്ഷേ, ഒരിക്കലും ഒഴിവാക്കാനാകുന്ന ആളുമല്ല.
അദ്ദേഹത്തിന്‍റെ ‘പണിതീരാത്ത വീട്’ സിനിമയായി പലരും കണ്ടിട്ടുണ്ടാകും. പക്ഷേ, ആ നോവൽ പ്രധാനപ്പെട്ട വർക്കാണ്. നായകന് മുന്നിൽ ചെറുപ്പകാലത്ത് ഒരു പെൺകുട്ടി അഭയം തേടി എത്തുകയാണ്. അയാൾ അവളെ വിട്ടിട്ടുപോകുന്നു. പിൽക്കാലത്ത് അയാൾ അവളെ വീണ്ടും കാണുമ്പോൾ അവർ മറ്റൊരാളാണ്. തീരെ ചെറിയ ആളായിപ്പോയതായി അയാൾക്ക് തോന്നുന്നു. അതാണ് ജീവിതം. അങ്ങനെ എളുപ്പത്തിൽ ഹീറോയാകാനൊന്നും പറ്റില്ല. ജീവിതത്തെക്കുറിച്ച് ബോധമുണ്ടാക്കുന്ന, മൈക്രോ നരേറ്റിവ് ശൈലിയിലുള്ള നല്ല നോവൽ. ഈ തലമുറയിലെ എത്ര എഴുത്തുകാർ ഇത് വായിച്ചിട്ടുണ്ടാകും. അവർ വായിക്കുന്നുമില്ല, മറ്റുള്ളവരെ കേൾക്കുന്നുമില്ല.
വെസ്റ്റിൽ എന്താണ് പുതിയ പ്രവണത, അത് പഠിച്ച് അതുപോലൊരു സാധനം കാച്ചുക അതാണ് മലയാളത്തിലെ എഴുത്തുകാരുടെ രീതി. എന്‍റെ എഴുത്ത് പടിഞ്ഞാറിനെ നോക്കിയുള്ള എഴുത്തല്ല. എന്‍റെ എഴുത്ത് അവിടേക്ക് പോയാൽ അവർ Spellbound ആകുന്ന എഴുത്താണ്. നിങ്ങൾ വന്നിരിക്കുന്ന ഈ ദിവസം അമേരിക്കയിലെ ഏറ്റവും ലീഡിങ് ആയ പ്രസാധകർ എന്‍റെ ഒരു നോവൽ പ്രസിദ്ധീകരിക്കാൻ കോൺട്രാക്ട് സൈൻ ചെയ്യുന്ന ദിവസമാണ്. നൊേബൽ പ്രൈസ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രസാധകരാണ്. അതിലെ എഡിറ്റർ എനിക്ക് എഴുതിയ നോട്ടിൽ ഇങ്ങനെ പറയുന്നു: ‘‘നിങ്ങളുടെ നോവലിന്‍റെ ഏഴു അധ്യായങ്ങൾ ഞാൻ വായിച്ചു. I am convinced that, Iam reading one of the masters of our time’’. ‘വെള്ളൈയാനൈ’ എന്ന നോവലാണ് വരുന്നത്. ‘അറംകഥകളു’ടെയും അമേരിക്കൻ പബ്ലിക്കേഷൻ വരുന്നുണ്ട്. അതായത്, ഒരു ശരാശരി എഴുത്തുകാരനാണ് ലോകത്തിലെ ട്രെൻഡ്, അതുവെച്ച് ഒരു പിടി പിടിക്കാം എന്ന് കരുതുന്നത്. നിങ്ങൾ ഇരിങ്ങാലക്കുടയിലെ ഗ്രാമത്തിലിരുന്ന് എഴുതുന്നത് സത്യസന്ധമായ ആർടിസ്റ്റിക് വർക് ആണെങ്കിൽ അത് ഏതു സായിപ്പിനും മനസ്സിലാകും.
എന്താണ് എഴുത്തിന്‍റെ രീതി. എവിടെ ഇരുന്നാണ് എഴുതുന്നത്? എപ്പോഴാണ് എഴുതുന്നത്?
ഇവിടെ (നാഗർകോവിലിന് അടുത്ത് പാർവതിപുരത്തെ വീടിന്‍റെ രണ്ടാംനിലയിലെ എഴുത്തുമുറി) ഇരുന്നാണ് എഴുതുന്നത്. എഴുത്തുകാരോട് എപ്പോഴും ഞാൻ പറയാറുണ്ട്; ലോകത്തിലെ വലിയ എഴുത്തുകാരെല്ലാം എന്നും എഴുതുന്നവരാണ്. എല്ലാ ദിവസവും എഴുതുക. ദിവസവും കാലത്ത് എണീറ്റ ഉടൻ എഴുതുക എന്നതാണ് എന്‍റെ രീതി. ആറുമണിക്ക് ഉണരും. പത്തുമണിവരെയെങ്കിലും എഴുതും.
ഇന്നത്തെ കാലത്ത് ദിവസവും എഴുതാൻ എഴുത്തുകാർക്ക് ജീവിത ചുറ്റുപാടുണ്ടോ എന്നത് സംശയമാണ്. ഇന്ത്യ എന്നത് എഴുത്തുകാർക്ക് എതിരായ രാജ്യമാണ്. ഇവിടെ കുടുംബം നോക്കണം, ജോലിക്ക് പോകണം. ഇടക്ക് സാഹിത്യം എഴുതുക എന്ന് പറഞ്ഞാൽ തപസ്സുപോലെ സാധ്യമല്ല. പക്ഷേ, അങ്ങനെ എഴുതാൻ കഴിഞ്ഞാൽ നന്ന്. രാവിലെ ഉണരുന്നത് എവിടെയാണെങ്കിലും ഞാൻ എഴുതും. മരുഭൂമിയിൽവെച്ചും ആർട്ടിക് സർക്കിളിന് ഉള്ളിൽവെച്ചും രാവിലെ എഴുതിയിട്ടുണ്ട്.
സിനിമക്കുള്ള എഴുത്തും സ്വന്തം എഴുത്തും എങ്ങനെ ബാലൻസ് ചെയ്യുന്നു?
സിനിമക്കുവേണ്ടി എഴുതുന്നത് അത്ര വലിയ പണിയില്ല. പക്ഷേ, സംവിധാനവും ചെയ്തുകൊണ്ട് എഴുതുകയെന്നാൽ ശ്രമകരമാണ്. സിനിമക്ക് വേണ്ട ഒരു സാങ്കേതിക സഹായം നൽകുകയാണ് നമ്മൾ ചെയ്യുന്നത്. സ്റ്റോറി ടെക്നിക് എന്നൊരു സംഭവമുണ്ട്. അത് നൽകുന്നു. അതിന് പ്രതിഫലം വാങ്ങുന്നു. അത്രമാത്രം. അതിനപ്പുറം എനിക്ക് സിനിമയോട് വൈകാരികമായ ഇൻവോൾവ്മെന്റ് ഇല്ല. എനിക്ക് പണം നൽകുന്ന ഒരു ഏരിയ മാത്രമാണത്.
ക്രിയേറ്റിവ് റൈറ്റിങ് എന്നത് വേറെയാണ്. അത് ഒരു ഐഡിയയിൽനിന്ന് തുടങ്ങുന്നതാണ്. വേഗ് ആയ ഒരു ഫീലിങ്ങിൽനിന്നാണ് അത് തുടങ്ങുക. എഴുതിയെഴുതി അതിൽ വ്യക്തത വന്നുകൊണ്ടേയിരിക്കും. എഴുതുമ്പോൾ നോവൽ ആണോ, ചെറുകഥയാണോ എന്നുപോലും പറയാൻ കഴിയില്ല. നേരെ ടൈപ്പ് ചെയ്യുകയാണ് ചെയ്യുക.
ഒരു ആശയം എഴുതിവരുമ്പോൾ എവിടെയെങ്കിലും വെച്ച് തടസ്സപ്പെട്ടാൽ, മാറ്റിയെഴുതി നന്നാക്കാൻ നോക്കാതെ മുഴുവൻ ഡിലീറ്റ് ചെയ്യുകയാണെന്ന് പറഞ്ഞിരുന്നു. അധ്വാന നഷ്ടമല്ലേ അത്?
അതെന്ത് ചെയ്യാൻ പറ്റും. അത് നന്നാക്കാൻ കഴിയില്ല. അത് എമർജ് ആയില്ല അത്രതെന്ന. ഫ്ലൈറ്റ് ടേക്ക് ഓഫ് ആയാലാണ് ആകാശത്ത് പറക്കുക. അല്ലാതെ നിലത്ത് നിന്ന് ഓടുകയാണെങ്കിൽ അതിൽ എന്തോ മെക്കാനിക്കൽ എറർ ഉണ്ട്. അതിനെ വിട്ടേക്കുക.
‘നൂറു സിംഹാസനങ്ങൾ’ പിന്നീട് മാറ്റിയെഴുതിയത് അല്ലേ?
അതേ. അത് ചിലപ്പോൾ തിരിച്ചുവരും. അതൊരു തെറ്റായ തുടക്കമായിരുന്നു. അപ്പോഴത് വർക്കായില്ല. പിന്നീട് കാര്യം പറയാൻ ഞാൻ മറ്റൊരു ശൈലി കണ്ടെടുത്തു. അത്രേയുള്ളൂ.
‘നൂറു സിംഹാസനങ്ങളി’ലെ കഥാപാത്രത്തെ എന്തിനാണ് ഇപ്പോഴും ഇരുട്ടത്ത് നിർത്തിയിരിക്കുന്നത്?
അത് അദ്ദേഹത്തിന്‍റെ ചോയ്സ് ആണ്. അദ്ദേഹം റിട്ടയർ ആയി. മോഡറേറ്റ് റിട്ടയേഡ് ഐ.എ.എസ് ജീവിതം നയിക്കുന്നു. പഴയ കാര്യങ്ങളൊന്നും പറയാൻ അദ്ദേഹത്തിന് താൽപര്യമില്ല. അദ്ദേഹവുമായി നല്ല ബന്ധം സൂക്ഷിക്കുന്നു. ഇൗ ദിവസത്തെ വിശേഷങ്ങൾപോലും അദ്ദേഹത്തെ ഞാൻ അറിയിച്ചിട്ടുണ്ട്്. എന്‍റെ സഹോദരനെപ്പോലെയാണ്. എന്‍റെ ജീവിതത്തിലെ പല പ്രധാന പ്രശ്നങ്ങളിലും സഹായിച്ച ആളാണ്.
തമിഴ് വിക്കിപീഡിയ സംരംഭം എങ്ങനെയാണ് ഉടലെടുത്തത്?
വിക്കിപീഡിയ എന്നത് ഞാൻ ഒരുപാട് ഉപയോഗിക്കുന്ന എൻസൈക്ലോപീഡിയ ആണ്. ഇത്രയും ഈസിയായ ഒരു എൻസൈക്ലോപീഡിയ വേറെയില്ല. പ്രൈമറി ഡേറ്റക്ക് ഇപ്പോഴും വിശ്വസിക്കാവുന്ന ഒന്നാണ് ഇംഗ്ലീഷ് വിക്കിപീഡിയ. അതിനെ തുടർന്നാണ് തമിഴ് വിക്കിപീഡിയയും മലയാളം വിക്കിപീഡിയയും ഒക്കെ തുടങ്ങുന്നത്. മലയാളം വിക്കിപീഡിയ ഇന്ന് വളരെ വീക്ക് ആണ്. ഇന്ത്യൻ ഭാഷകളിൽ ഏറ്റവും മോശം. ഒരു ഡേറ്റയും അവിടെ ഉണ്ടാകില്ല. തമിഴിൽ തുടങ്ങിയപ്പോൾ എനിക്ക് വലിയ താൽപര്യമുണ്ടായിരുന്നു. അതിൽ ഒരുപാട് കാര്യങ്ങൾ ഞാൻ എഴുതിയിരുന്നു. അതിലെ ഒരു പ്രശ്നം, ആർക്കുവേണമെങ്കിലും വന്ന് എഡിറ്റ് ചെയ്യാമെന്നതാണ്. രണ്ടുതരം എഡിറ്റിങ് ഭ്രാന്തുണ്ട്. നമ്മുടെ ആളെ കുറിച്ചാണെങ്കിൽ മാറ്റിക്കളയാം. ആവശ്യമില്ലാത്ത കാര്യങ്ങൾ എഴുതിച്ചേർക്കാം.
പിന്നൊന്ന് ചില ഭാഷാഭ്രാന്തൻമാർ അകത്തേക്ക് കയറി. പേര് മുഴുവൻ മാറ്റി. എന്‍റെ പേര് ജയമോഹൻ എന്നാണ്. അവർ ചെയമോഹൻ എന്ന് മാറ്റി. എഴുത്തുകാരുടെ പേര് മാറ്റുക, ഡേറ്റ മാറ്റുക. ഇടക്ക് ഞാനൊരു സാഹിത്യ സെമിനാർ നടത്തി. അതിൽ പങ്കെടുക്കുന്ന സാഹിത്യകാരൻമാരുടെ വിവരങ്ങൾ വിക്കിപീഡിയയിൽ ഇട്ടു. അമേരിക്കയിൽ ജോലിചെയ്യുന്ന ഒരു ഡോക്ടർ അതെല്ലാം ഡിലീറ്റ് ചെയ്തു. അവരൊന്നും ആരെന്ന് തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ന്യായം. അവരൊക്കെ ലിറ്റിൽ മാഗസിനുകളിൽ എഴുതുന്നവരാണെന്നും അഞ്ചും ആറും പുസ്തകങ്ങൾ ഇറക്കിയവരാണെന്നും ഞാൻ പറഞ്ഞിട്ടും അയാൾക്ക് ബോധ്യപ്പെട്ടില്ല. എനിക്കറിയില്ലല്ലോ എന്നാണ് അദ്ദേഹത്തിന്‍റെ വാദം.
നിങ്ങൾക്ക് അറിയാത്തത് നിങ്ങളുടെ പ്രശ്നമാണ്. സിനിമയിൽ ഒരു റോളിൽ അഭിനയിച്ച ആൾക്ക് വിക്കിപീഡിയയിൽ എൻട്രി ഉണ്ട്. രണ്ടു നോവൽ എഴുതിയ ആൾക്ക് ഇല്ല. ഏതു സാഹിത്യകാരന്‍റെ എൻട്രി പോസ്റ്റ് ചെയ്താലും കുറേ പേർ വന്ന് ‘അനോണിമസ് പേഴ്സൺ’ എന്ന് പറഞ്ഞ് ഡിലീറ്റ് ചെയ്തു കളയും. ഈ മണ്ടൻമാരോട് പോരടിച്ചിട്ട് കാര്യമില്ലെന്ന് ക്രമേണ മനസ്സിലായി. അങ്ങനെയാണ് ‘തമിഴ് വിക്കി’ എന്ന പേരിൽ ഞങ്ങളൊന്ന് തുടങ്ങുന്നത്. ഇന്ന് തമിഴിലെ ഏറ്റവും ആധികാരികമായ ഓൺലൈൻ എൻസൈക്ലോപീഡിയ നമ്മുടേതാണ്. എല്ലാ അക്കാദമിക്കുകളും ആശ്രയിക്കുന്നത് അതിനെയാണ്. തമിഴ് അറിയാമെങ്കിൽ തമിഴിൽ വൈക്കം മുഹമ്മദ് ബഷീർ എന്ന് അടിച്ചുനോക്കുക. മലയാളത്തിൽ ചിന്തിക്കാൻ കഴിയാത്ത വലുപ്പത്തിൽ, പ്രിന്‍റിൽ 50ഓളം പേജ് വരുന്ന എൻട്രി അതിലുണ്ട്.
ചെറുതും വലുതുമായ എല്ലാ എഴുത്തുകാരുടെയും വിവരങ്ങളുണ്ട്. അതിന് എനിക്കൊരു ടീമുണ്ട്. 30ഓളം കോൺട്രിബ്യൂട്ടേഴ്സ് ഞങ്ങൾക്കുണ്ട്. ഡോ. എ.കെ. പെരുമാൾ മേധാവിയായ എഡിറ്റോറിയൽ ബോർഡുണ്ട്. തമിഴ് വിക്കിയിൽ നിങ്ങൾക്ക് നേരിട്ട് എഡിറ്റ് ചെയ്യാൻ കഴിയില്ല. തിരുത്തലുകൾ ഉെണ്ടങ്കിൽ നിങ്ങൾക്ക് മെയിൽ ചെയ്യാം. പരിശോധിച്ചശേഷം ശരിയാണെങ്കിൽ തിരുത്തും. ഇതിൽ തെറ്റുണ്ടെങ്കിൽ തിരുത്തില്ല എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല.
പക്ഷേ, ഇതുവരെ ഒരാളും ഒരു തെറ്റും പറഞ്ഞിട്ടില്ല. ആദ്യം ഞങ്ങളെ പരിഹസിച്ച പലരും അവരുടെ പ്രൊഫൈലായും റെസ്യൂമെ ആയും ഉപയോഗിക്കുന്നത് ഇതാണ്. അത്രയും ആധികാരികമാണ് അത്. വിക്കിപീഡിയയിലെ എൻട്രി നിങ്ങൾക്ക് അങ്ങനെ ഉപയോഗിക്കാനാകില്ല. കാരണം, അതിന് എഡിറ്റർ ഇല്ല. പക്ഷേ, സാഹിത്യ അക്കാദമി അവാർഡ് നേടിയവരും ഡോ. പെരുമാളിനെപ്പോലെ മഹാൻമാരും അടങ്ങിയതാണ് ഇതിലെ എഡിറ്റോറിയൽ സംവിധാനം. ഇങ്ങനെയൊരു സംവിധാനം മറ്റൊരു ഭാഷയിലുമില്ല.
എല്ലാവർക്കും എഡിറ്റ് ചെയ്യാമെന്ന വിക്കിപീഡിയയുടെ അടിസ്ഥാന ആശയത്തിന് എതിരല്ലേ ഇത്?
അവർ മുന്നോട്ടുവെക്കുന്ന ആശയം പടിഞ്ഞാറൻ സംസ്കാരത്തിൽ ശരിയാണ്. ഒരു ബ്ലൻഡർ വിളിച്ചു പറയാൻ പാടില്ലെന്ന് അവിടെ ഒരു ധാരണയുണ്ട്. ഇവിടെ അങ്ങനെയല്ല. നമുക്ക് അങ്ങനെയൊരു ബൗദ്ധിക സംസ്കാരമില്ല. ഇവിടെ ഇഷ്ടമില്ലാത്ത ഒരാളുടെ എൻട്രി വന്നാൽ അതിൽ പോയി ചീത്ത പറയും. പാശ്ചാത്യൻ അങ്ങനെ ചെയ്യില്ല. ഡൊമൈൻ നിലനിർത്തുന്നതിനുള്ള ഫണ്ട് ഞങ്ങൾ സുഹൃത്തുക്കൾ സമാഹരിക്കുന്നതാണ്. കോൺട്രിബ്യൂട്ട് ചെയ്യുന്നവരുടേത് സൗജന്യ സേവനവും.