Begin typing your search above and press return to search.
proflie-avatar
Login

‘സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലാഘവത്തോടെ തന്നെ ആളുകള്‍ എന്‍റെ പുസ്തകം വാങ്ങി വായിക്കണം’

‘സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന   ലാഘവത്തോടെ തന്നെ ആളുകള്‍   എന്‍റെ പുസ്തകം വാങ്ങി വായിക്കണം’
cancel

മലയാള പുസ്​തക വിൽപനയിലും എഴുത്തിലും പുതിയ ട്രെൻഡ്​ സൃഷ്​ടിച്ചിരിക്കുകയാണ്​ അഖിൽ പി. ധർമജനും അദ്ദേഹത്തി​ന്റെ ‘റാം കെയർ ഒാഫ്​ ആനന്ദി’ എന്ന പുസ്​തകവും. തന്റെ എഴുത്തി​നെക്കുറിച്ചും താൻതന്നെ ​െട്രൻഡാകുന്ന അവസ്​ഥകളെക്കുറിച്ചും സംസാരിക്കുകയാണ്​ ഇൗ അഭിമുഖത്തിൽ അദ്ദേഹം.രണ്ടു പതിറ്റാണ്ടിനിടെ, കുറഞ്ഞ സമയത്തിനുള്ളിൽ മലയാളത്തിൽ ഏറ്റവും അധികം കോപ്പികള്‍ വിറ്റഴിഞ്ഞ നോവലാണ് ‘റാം കെയർ ഒാഫ്​ ആനന്ദി’. ഇതെഴുതുമ്പോള്‍ രണ്ടു ലക്ഷം കോപ്പികളിലേക്ക് അതിന്‍റെ വിൽപന ഉയര്‍ന്നിരിക്കുന്നു. ‘റാം കെയർ ഒാഫ് ആനന്ദി’യുടെ രചയിതാവായ അഖില്‍ പി. ധർമജനാക​െട്ട ഇന്ന് പുതുതലമുറ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായും...

Your Subscription Supports Independent Journalism

View Plans
മലയാള പുസ്​തക വിൽപനയിലും എഴുത്തിലും പുതിയ ട്രെൻഡ്​ സൃഷ്​ടിച്ചിരിക്കുകയാണ്​ അഖിൽ പി. ധർമജനും അദ്ദേഹത്തി​ന്റെ ‘റാം കെയർ ഒാഫ്​ ആനന്ദി’ എന്ന പുസ്​തകവും. തന്റെ എഴുത്തി​നെക്കുറിച്ചും താൻതന്നെ ​െട്രൻഡാകുന്ന അവസ്​ഥകളെക്കുറിച്ചും സംസാരിക്കുകയാണ്​ ഇൗ അഭിമുഖത്തിൽ അദ്ദേഹം.

രണ്ടു പതിറ്റാണ്ടിനിടെ, കുറഞ്ഞ സമയത്തിനുള്ളിൽ മലയാളത്തിൽ ഏറ്റവും അധികം കോപ്പികള്‍ വിറ്റഴിഞ്ഞ നോവലാണ് ‘റാം കെയർ ഒാഫ്​ ആനന്ദി’. ഇതെഴുതുമ്പോള്‍ രണ്ടു ലക്ഷം കോപ്പികളിലേക്ക് അതിന്‍റെ വിൽപന ഉയര്‍ന്നിരിക്കുന്നു. ‘റാം കെയർ ഒാഫ് ആനന്ദി’യുടെ രചയിതാവായ അഖില്‍ പി. ധർമജനാക​െട്ട ഇന്ന് പുതുതലമുറ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായും മാറി. വായന മരിക്കുന്നു എന്ന് പറയുമ്പോഴും ഇത്തരം ചില വിജയങ്ങള്‍ ചില കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏത് വായിക്കണം, ഏതാണ് സാഹിത്യം എന്നൊക്കെ വായനക്കാര്‍ തീരുമാനിക്കുന്നിടത്താണ് ‘റാം കെയർ ഒാഫ്​ ആനന്ദി’യുടെ വിജയം.

കടുത്ത സാഹിത്യ പ്രേമികളാണെങ്കില്‍ എന്‍റെ പുസ്തകം ചിലപ്പോള്‍ നിങ്ങളെ നിരാശപ്പെടുത്തിയേക്കാമെന്ന് അഖില്‍ തന്നെ പുസ്തകത്തിന്‍റെ ആമുഖത്തില്‍ പറയുന്നുണ്ട്. വലിയൊരു സാഹിത്യരചനയാണ് തന്‍റേതെന്ന് തിരക്കഥാകൃത്ത് കൂടിയായ ഈ ചെറുപ്പക്കാരന്‍ അവകാശപ്പെടുന്നുമില്ല. കഴിഞ്ഞ വര്‍ഷം വലിയ കലക്ഷന്‍ നേടിയ ‘2018’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ അഖില്‍ പി. ധര്‍മജന്‍ സംസാരിക്കുന്നു.

ഒരു കഥപറച്ചിലുകാരന്‍ തന്നിലുണ്ടെന്ന് അഖില്‍ മനസ്സിലാക്കുന്നത് എപ്പോഴാണ്? എഴുത്തിലേക്ക് വരുന്നത് എങ്ങനെയാണ്?

കുട്ടിക്കാലം തൊട്ട് തന്നെ ഞാന്‍ കൂട്ടുകാരോട് കഥ പറയാറുണ്ടായിരുന്നു. എല്‍.പി സ്കൂള്‍കാലം തൊട്ടുതന്നെ ഇങ്ങനെ ഒരു ശീലമുണ്ടായിരുന്നു. കഥ പറയുമ്പോള്‍ ഒരുപാട് കൂട്ടുകാര്‍ അത് കേള്‍ക്കാന്‍ ചുറ്റും കൂടുമായിരുന്നു. ചിലപ്പോള്‍ ഒരാളോട് കഥ പറയാന്‍ തുടങ്ങുന്ന സമയത്ത് അയാള്‍ പോയി മറ്റു ക്ലാസിലെ കുട്ടികളെ വിളിച്ചു കൊണ്ടുവരും. ഇങ്ങനെ ഒരേ കഥ ഒരുപാട് തവണ പറഞ്ഞപ്പോള്‍ എനിക്ക് തന്നെ പറഞ്ഞു മടുത്തു. അങ്ങനെ ആ കഥകള്‍ റഫ് നോട്ടുപുസ്തകത്തിന്‍റെ ബാക്കില്‍ എഴുതി തുടങ്ങി. അന്നൊന്നും ഒരു പുസ്തകംപോലും വായിച്ച് പരിചയമില്ല. ചെറിയ കഥകള്‍ നമുക്ക് പാഠപുസ്തകത്തില്‍ പഠിക്കാന്‍ ഉണ്ടാവുമല്ലോ. ആ അനുഭവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്ഷരങ്ങള്‍ അത്യാവശ്യം കൂട്ടിയെഴുതാനും പാഠപുസ്തകങ്ങള്‍ വായിച്ച് സ്വന്തമായിട്ട് മനസ്സിലാക്കാനും തുടങ്ങിയ ഒരു സമയത്താണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നത്.

ആരെങ്കിലും കഥ ചോദിച്ചു വരികയാണെങ്കില്‍ പുസ്തകം കൊടുക്കും. അങ്ങനെ പലരും കൈമാറിക്കൈമാറി വായിച്ച് കുറെ ദിവസങ്ങള്‍ക്കു ശേഷമായിരിക്കും പുസ്തകം എനിക്ക് തിരിച്ചുകിട്ടുന്നത്. അപ്പോഴേക്കും സ്കൂളില്‍ എന്‍റെ കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികളൊക്കെ അത് വായിച്ചിട്ടുണ്ടാവും. അങ്ങനെയാണ് ഞാന്‍ എഴുത്തിലേക്ക് വരുന്നത്. അന്നും ഒരു എഴുത്തുകാരനാണ് അല്ലെങ്കില്‍ ഒരു എഴുത്തുകാരനാവുമെന്ന് വിചാരിച്ചിരുന്നില്ല. ഞാന്‍ കഥ പറയുന്നത് കേള്‍ക്കാന്‍ എല്ലാവരും ഇരിക്കുന്നത് കണ്ട് ആ ഒരു താല്‍പര്യം ഉണ്ടാവുകയായിരുന്നു.

എഴുത്തില്‍ ആരും സ്വാധീനിച്ചിട്ടില്ല എന്ന് അഖില്‍ പറയാറുണ്ട്. എന്തുകൊണ്ടാണ്?

എഴുതി തുടങ്ങിയത് ഏത് രീതിയിലാണെന്ന് പറഞ്ഞല്ലോ. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു വായനശാലയില്‍ മെംബര്‍ഷിപ് എടുക്കുന്നത്. ആലപ്പുഴ പാതിരപ്പള്ളി വായനശാലയില്‍. അതുവരെ എനിക്ക് അറിയില്ല എങ്ങനെയാണ് ഒരു നോവല്‍ എഴുതേണ്ടത്, ഒരു കഥ എഴുതേണ്ടത് എന്ന്. ഈ കഥ പറച്ചില്‍ രീതിയില്‍ തന്നെയാണ് ഞാന്‍ എഴുതി പോയിട്ടുള്ളത്. യു.പി സ്കൂള്‍ തലത്തിലേക്ക് വന്നപ്പോഴേക്കും എനിക്ക് കുറച്ചുകൂടി താൽപര്യമായി എഴുതാന്‍.

അപ്പോള്‍ കുറച്ചുകൂടി നന്നായി എഴുതാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ചില കഥകള്‍ നമ്മള്‍ പറഞ്ഞുവരുന്നതു പോലെ ആയിരിക്കില്ല എഴുതിവരുമ്പോള്‍. നേരിട്ട് പറയുമ്പോഴുണ്ടാകുന്ന അതേ ആകാംക്ഷയും അതേ ചേരുവകളും വായിക്കുന്ന ഒരാളുടെ മുഖത്തും വരണമെന്ന നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ട് എഴുതി എഴുതി ഒരു എഴുത്തുകാരനായി, കഥപറച്ചിലുകാരനായി. എഴുതുന്നതുമായി ഒരുപാട് വ്യത്യാസങ്ങള്‍ പല രചനകളിലും ഞാന്‍ കണ്ടുതുടങ്ങി. അപ്പോള്‍ എനിക്ക് മനസ്സിലായി എന്‍റെ എഴുത്തുരീതി, മറ്റൊരാളുടെ എഴുത്തുരീതി വേറെ എന്ന്. എഴുത്തില്‍ ആരും സ്വാധീനിച്ചിട്ടില്ല എന്ന് പറയുന്നത് അതുകൊണ്ടാണ്.

ആദ്യ പുസ്തകമായ ‘ഓജോ ബോര്‍ഡ്’ ഇറങ്ങിയതിന്‍റെ ഓര്‍മകള്‍ എന്തെല്ലാമാണ്? അന്ന് പ്രസാധകരില്ലാതെ സ്വന്തമായി അച്ചടിച്ചു വിറ്റതിന്‍റെ അനുഭവങ്ങള്‍?

അത് വലിയ വിഷമകരമായ ഒരവസ്ഥയായിരുന്നുവെങ്കിലും ഇപ്പോള്‍ ആലോചിക്കുമ്പോള്‍, അന്ന് എങ്ങനെ ഇതൊക്കെ ചെയ്തു എന്നത് എനിക്ക് തന്നെ അത്ഭുതമാണ്. എന്‍റെ കുടുംബത്തില്‍ ആര്‍ക്കും വായനശീലം പോലുമില്ല. കുടുംബത്തില്‍ ആരും എഴുത്തുകാരായി ഇല്ല. സിനിമക്കാരില്ല. അപ്പോള്‍ ഒരു ഉപദേശം തരാന്‍പോലും ആരും ഇല്ലാതിരുന്ന സമയത്ത് ഞാന്‍ എങ്ങനെ ഇതൊക്കെ ചെറിയ പ്രായത്തിൽ ചെയ്തു എന്നത് എനിക്ക് അത്ഭുതമാണ്. അന്ന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു - ഇന്നും ആത്മവിശ്വാസമുണ്ട് – എങ്ങനെയെങ്കിലും ഒരു പുസ്തകമെങ്കിലും എനിക്ക് പബ്ലിഷ് ചെയ്യണം എന്ന വാശി ഉണ്ടായിരുന്നു. എതിര് പറയാനും എഴുതരുതെന്ന് പറയാനും ഒരുപാട് പേരുണ്ടായിരുന്നു. എഴുത്ത് നിര്‍ത്തിക്കാനും ഞാന്‍ എഴുതിവെച്ചിട്ടുള്ള കൈയെഴുത്ത് പ്രതി ഇല്ലാതാക്കാനുമൊക്കെ കുറേ ആള്‍ക്കാരുണ്ടായിരുന്നു. കുടുംബത്തിലെ പലര്‍ക്കും എഴുത്തു തന്നെ ഇഷ്ടമല്ലായിരുന്നു.

അങ്ങനെ ഒരുപാട് രചനകള്‍ നശിച്ചുപോയിട്ടുണ്ട്. നോവലുകള്‍ എഴുതിവെച്ചത് പോയിട്ടുണ്ട്. അതൊക്കെ കഴിഞ്ഞാണ് ഞാന്‍ ‘ഓജോ ബോര്‍ഡ്’ എഴുതുന്നത്. ആ സമയത്ത് ആദ്യമേ ബുക്കില്‍ എഴുതുന്ന രീതി ഞാന്‍ മാറ്റി. കമ്പ്യൂട്ടറില്‍ എഴുതിത്തുടങ്ങി. ആദ്യം ഭയങ്കര പാടായിരുന്നു എഴുതാന്‍, പുസ്തകത്തില്‍ പേന പിടിച്ച് എഴുതുന്നതില്‍നിന്ന് ടൈപ്പിങ്ങിലേക്ക് വന്നപ്പോള്‍. പിന്നെപ്പിന്നെ അത് ശീലമായി തുടങ്ങി. അങ്ങനെയാണ് ‘ഓജോ ബോര്‍ഡ്’ എഴുതുന്നത്. ‘ഓജോ ബോര്‍ഡ്’ എഴുതി കഴിഞ്ഞപ്പോള്‍ എല്ലാ പ്രസാധകരെയും സമീപിച്ചിട്ടുണ്ടായിരുന്നു. ഞാനൊരു എഴുത്തുകാരനാവും അല്ലെങ്കില്‍ ഞാന്‍ എഴുതുന്നതൊക്കെ മറ്റുള്ളവര്‍ക്ക് വായിക്കാനും നല്ലരീതിയില്‍ ആസ്വദിക്കാനും പറ്റുമെന്ന് കുട്ടിക്കാലം തൊട്ടേ എനിക്ക് തോന്നിയിരുന്നു. പുസ്തകം എല്ലാവരും റിജക്ട് ചെയ്തപ്പോള്‍ വലിയ വിഷമമായി. ഒന്നോ രണ്ടോ പേരാണെങ്കില്‍ കുഴപ്പമില്ല. വലുതും ചെറുതുമായ എല്ലാ പ്രസാധകര്‍ക്കും നോവലിന്‍റെ പ്രതി അയച്ചിട്ടുണ്ടായിരുന്നു. അവരില്‍ പലരും പ്രസിദ്ധീകരിക്കാന്‍ പറ്റില്ല, പ്രസിദ്ധീകരണ യോഗ്യതയില്ലാത്തത് ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അത് അവിടെ ഉപേക്ഷിച്ചു.

എനിക്ക് പണ്ട് തോന്നിയ അതേ കാര്യം ഓര്‍മയിലെത്തി. എന്‍റെ എഴുത്തുശൈലി വേറെരീതിയാണ്. അതിനുള്ളില്‍ ഒരുപാട് സാഹിത്യമൊന്നുമില്ല. അതുകൊണ്ട് തന്നെ മറ്റുള്ള പുസ്തകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസാധകര്‍ക്ക് അത് പബ്ലിഷ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. ഇത് ആള്‍ക്കാരാരും ഏറ്റെടുക്കാന്‍ സാധ്യതയില്ല, പ്രസിദ്ധീകരിച്ചു കഴിഞ്ഞാലും ആരും പുസ്തകം വാങ്ങി വായിക്കില്ല. അവര്‍ക്ക് നഷ്ടമായിരിക്കും. ഞാനാ പ്രതീക്ഷ ഉപേക്ഷിച്ചു. കുറച്ച് കാലം കഴിഞ്ഞ് ഞാന്‍ ആ ഫേസ്ബുക്ക് അക്കൗണ്ട് എടുത്തു. അതില്‍ ഒരുപാട് പേര്‍ സ്റ്റാറ്റസ് മലയാളത്തിലെഴുതുന്നത് കണ്ടപ്പോള്‍ ഞാനീ കഥ ഫേസ്ബുക്കില്‍ ഇട്ടാലോ എന്ന് ആലോചിച്ചു. എഴുതിവെച്ചത് 37 അധ്യായങ്ങളായി തിരിച്ചു. ആദ്യത്തെ അധ്യായം പോസ്റ്റ് ചെയ്തുനോക്കി. ആരും വായിച്ചില്ല. രണ്ടാം അധ്യായവും മൂന്നാം അധ്യായവും ഇട്ടു. നാലും അഞ്ചും ആറും ഇട്ടു. അപ്പോഴേക്കും എനിക്ക് മടുത്തു. കാരണം ഒരാള്‍പോലും വായിക്കുന്നില്ല. ഈ സമയത്തൊക്കെ കോളജിലെ കൂട്ടുകാര്‍ എന്നെ കളിയാക്കുമായിരുന്നു.

ഞാന്‍ പോളിടെക്നിക്കിലാണ് പഠിച്ചത്. എന്താണ് നീ ഫേസ്ബുക്കില്‍ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചിട്ട്. അപ്പോള്‍ അതും വിഷമമായി. അങ്ങനെ കഥ എന്നൊരു ഫേസ്ബുക്ക് പേജ് തുടങ്ങി. അതിന്‍റകത്ത് ഇതുപോലെ പോസ്റ്റ് ചെയ്ത് തുടങ്ങി. അപ്പോഴും ആദ്യമൊന്നും ആരും വായിച്ചില്ല. ആറ് ചാപ്റ്ററൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു ഒരു ചാപ്റ്റര്‍കൂടി ഇടാം. ഇനിയും ഒരാള്‍ പോലും വായിക്കാന്‍ ഇല്ലെങ്കില്‍ ഇത് ഇവിടെ നിര്‍ത്താമെന്ന്. ഏഴാമത്തെ ചാപ്റ്റര്‍ പോസ്റ്റ്ചെയ്തപ്പോള്‍ ഒരു വ്യക്തി അതിന് കമന്‍റ് ചെയ്തു –ഇത് കൊള്ളാലോ എന്ന്. എന്‍റെ കോളജിന് അടുത്തുള്ള വേറൊരു കോളജില്‍ പഠിക്കുന്ന പയ്യനായിരുന്നു അത്. അവന്‍ അവന്‍റെ ക്ലാസില്‍ എല്ലാവരോടും കഥയെക്കുറിച്ച് പറഞ്ഞു. അവന്‍റെ ക്ലാസിലെ കുറച്ചുപേര് വായിച്ചു. അവര്‍ അവരുടെ ഫ്രൻഡ്സിനോട് പറഞ്ഞു. അങ്ങനെ ഏഴാമത്തെ ചാപ്റ്റര്‍ കഴിഞ്ഞു എട്ടാമത്തെ ചാപ്റ്റര്‍ ഇടുമ്പോള്‍ കുറച്ച് പേരുണ്ടായി വായനക്കാരായി. ഒമ്പതാമത്തെ ചാപ്റ്റര്‍ ഇട്ടപ്പോഴേക്കും പിന്നെയും കൂടി. പിന്നെ 10, 11, 12 അങ്ങോട്ടേക്ക് പോകുന്തോറും ആള്‍ക്കാര് കൂടാന്‍ തുടങ്ങി. അങ്ങനെ കൂടിക്കൂടി 37ാമത്തെ ചാപ്റ്റര്‍ എഴുതി അവസാനിപ്പിക്കുമ്പോള്‍ അതിന് 15,000ത്തിനു മുകളില്‍ വായനക്കാര്‍ ഉണ്ടായി. മാത്രമല്ല, എഴുത്തുകാരന്‍ എന്ന നിലയില്‍ ചെറിയ രീതിയില്‍ അറിയപ്പെട്ടുതുടങ്ങി.

ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ അടുത്ത കോളജിലെ കുട്ടികളൊക്കെ വന്ന് എന്നെ പരിചയപ്പെടാന്‍ തുടങ്ങി. ഇതുകണ്ട് കോളജിലെ എന്നെ കളിയാക്കിയിട്ടുള്ളര്‍ക്കെല്ലാം അത്ഭുതമായി. അവരും വായിച്ചുതുടങ്ങി. വായനക്കാരെ കിട്ടിയപ്പോള്‍ ഞാന്‍ വീണ്ടും നോവല്‍ കേരളത്തിലെ വിവിധ പ്രസാധകര്‍ക്ക് അയച്ചുനോക്കി. ഫേസ്ബുക്കിലെ കമന്‍റുകളും വെച്ചിരുന്നു. എന്നിട്ടും അവരത് റിജക്ട് ചെയ്തു. അതിനുശേഷമാണ് സ്വന്തമായി അച്ചടിക്കാം എന്നതിലേക്ക് വരുന്നത്. ഇതിനെല്ലാം കോണ്‍ഫിഡന്‍സ് തന്നത് കുറച്ച് വായനക്കാരാണ്. ഫേസ്ബുക്കില്‍ 37 ചാപ്റ്ററുകള്‍ എഴുതി നിര്‍ത്തുമ്പോഴും പിറ്റേ ദിവസം കഥകള്‍ കാത്തിരുന്ന കുറെ ആള്‍ക്കാരുണ്ടായിരുന്നു, അവരാണ് കോണ്‍ഫിഡന്‍സും അച്ചടിക്കാനുള്ള ഫണ്ടും തന്നത്. അവരൊക്കെ ആരാണെന്നുപോലും അറിയില്ല. പലരെയും ഇപ്പോഴും ഞാന്‍ കണ്ടിട്ടില്ല.

ഞാന്‍ ആ സമയത്ത് പഠിക്കുകയാണ്. പബ്ലിഷ് ചെയ്യാന്‍ പണമില്ല. അതുകൊണ്ടുതന്നെ അവരൊക്കെ ജോലി ചെയ്യുന്നതില്‍ ഒരു വിഹിതം തന്നു. നൂറു രൂപ തന്നവരുണ്ട്, അമ്പത് രൂപ തന്നവരുണ്ട്. അതൊക്കെ ഞാന്‍ അറിയാതെ നടന്നതാണ്. ഞാന്‍ നേരത്തേ പറഞ്ഞ ആദ്യത്തെ വായനക്കാരന്‍, അയാളിലൂടെ എന്‍റെ അക്കൗണ്ട് നമ്പര്‍ സംഘടിപ്പിച്ച് അതിന്‍റെയകത്ത് ഇട്ടുതരുകയായിരുന്നു. പിന്നെ ബാക്കി പൈസ എന്‍റെ അമ്മയും തന്നു. അങ്ങനെ അമ്മയുടെ വളയൊക്കെ കൊണ്ടുപോയി പണയംവെച്ചാണ് ആദ്യ പുസ്തകം പുറത്തിറക്കുന്നത്. അച്ചടിച്ച് കിട്ടിയപ്പോഴും ആദ്യമൊന്നും കടക്കാരാരും എടുത്തില്ല. എടുക്കണമെങ്കില്‍ വലിയ കമീഷന്‍ ചോദിച്ചു. പക്ഷേ, അത്രയും കൊടുക്കാന്‍ ആ സമയത്ത് പറ്റില്ലായിരുന്നു. അവസാനം ഞാന്‍തന്നെ വില്‍ക്കാന്‍ തീരുമാനിച്ചു. ഒരു ബാഗിന്‍റകത്ത് പുസ്തകങ്ങളെല്ലാം അടുക്കി. ആലപ്പുഴ ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും കൊണ്ടുപോയി വില്‍ക്കാന്‍ തുടങ്ങി. പലരും വാങ്ങാന്‍ കൂട്ടാക്കിയില്ല. ഇതെന്‍റെ പുസ്തകമാണ് എന്ന് പറഞ്ഞിട്ട് കുറച്ച് ഡിസ്കൗണ്ട് ഒക്കെ കൊടുത്തപ്പോള്‍ ചിലര്‍ വാങ്ങാന്‍ മനസ്സുകാണിച്ചു.

അങ്ങനെ പതിയെ പതിയെ ആള്‍ക്കാരിലേക്ക് എത്താന്‍ തുടങ്ങി. കേരളത്തിലെ 14 ജില്ലകളിലും ഞാന്‍ പുസ്തകം കൊണ്ടുനടന്ന് വിറ്റിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനുകളിലും വിറ്റിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ഞാന്‍ ഇന്ന സ്ഥലത്ത് ഇന്ന് വില്‍പനക്ക് വരുന്നുണ്ടെന്ന് പറയുമ്പോള്‍ കുറെ ആള്‍ക്കാര് അതു വാങ്ങാന്‍ വരും. അങ്ങനെയുള്ള ഒരു വിതരണരീതിയാണ് ആദ്യമായി ഉണ്ടായിരുന്നത്. പുസ്തകം വായിച്ചവര്‍ ഫേസ്ബുക്കില്‍ റിവ്യൂ ഇട്ട് തുടങ്ങിയപ്പോള്‍ കുറെ ആള്‍ക്കാര്‍ ഇങ്ങോട്ട് മെസേജ് അയച്ച് പുസ്തകം ആവശ്യപ്പെട്ടു തുടങ്ങി. അവര്‍ക്ക് ഞാന്‍ കൊറിയര്‍ ചെയ്തുകൊടുത്തു. അങ്ങനെ പല എഡിഷനുകളായി പുസ്തകം മുന്നോട്ട് പോയി. അതിന് ശേഷമാണ് ഫ്ലിപ്കാര്‍ട്ടിലും ആമസോണിലുമൊക്കെ വിൽപന തുടങ്ങുന്നത്. ആമസോണില്‍ എന്‍റെ പുസ്തകം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടി. അതോടുകൂടി ആത്മവിശ്വാസം കൂടി. ആദ്യത്തെ പുസ്തകം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ വന്നപ്പോഴാണ് രണ്ടാമത്തെ പുസ്തകവും സ്വന്തമായി ഞാന്‍ പബ്ലിഷ് ചെയ്യുന്നത്. മൂന്നാമത്തേത് ചെയ്യുന്ന സമയത്ത്, എന്നെ റിജക്ട് ചെയ്ത എല്ലാ പ്രസാധകരും വിളിച്ചിട്ടുണ്ടായിരുന്നു, അടുത്ത പുസ്തകം ഞങ്ങള്‍ ചെയ്തോളാമെന്നു പറഞ്ഞിട്ട്. അങ്ങനെയാണ് മൂന്നാമത്തെ പുസ്തകം ഞാന്‍ ഡി.സി ബുക്സിന് കൊടുക്കുന്നത്.

യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളാണല്ലോ. എഴുത്തിന് എത്രത്തോളം സഹായകമായിട്ടുണ്ട് യാത്രകള്‍?

യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. ഫ്രീ ടൈം കിട്ടുമ്പോഴൊക്കെ യാത്രചെയ്തുകൊണ്ടിരിക്കും. വിദേശ രാജ്യത്തേക്ക് പോകണം എന്നൊന്നുമില്ല. എന്‍റെ രാജ്യത്തുള്ള ഒരുപാട് സ്ഥലങ്ങള്‍ കാണണമെന്നുണ്ട്. എന്‍റെ രാജ്യത്തിലുപരി എന്‍റെ സംസ്ഥാനത്ത് തന്നെ. കേരളത്തില്‍ ഒരുപാട് സ്ഥലങ്ങളുണ്ട് കാണാന്‍. ഇനിയും പോയി തീര്‍ന്നിട്ടില്ല. പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്ന സ്ഥലങ്ങളാണ് ഏറെ ഇഷ്ടം. പ്രാചീന മനുഷ്യനിർമിതികളാണ് എനിക്കിഷ്ടം. ചിലപ്പോള്‍ ഒരു വെള്ളച്ചാട്ടമോ മലനിരകളോ അല്ലെങ്കില്‍ ഒരു പുല്‍മേടോ അങ്ങനെ എന്തെങ്കിലും ഒക്കെയായിരിക്കും എന്നെ ആകര്‍ഷിക്കുന്നത്. അതുകൊണ്ട് അങ്ങനെയുള്ള ശാന്തതയും സമാധാനവും ഒക്കെയുള്ള സ്ഥലങ്ങള്‍ തേടിയാണ് ഞാന്‍ പോകാറുള്ളത്. കുറച്ചുകൂടി ഇഷ്ടം കുറച്ചു തണുപ്പും കുറച്ച് പച്ചപ്പും ഒക്കെയുള്ള സ്ഥലങ്ങളാണ്.

ഇപ്പോള്‍ അങ്ങനെയുള്ള സ്ഥലങ്ങളില്‍ പോയി കൊണ്ടിരിക്കുകയാണ്. എഴുത്ത് നടക്കുന്ന സമയങ്ങളില്‍ മാത്രം യാത്രയില്ലാതാവും. അതായത് എഴുത്തിനുശേഷം തുറന്നുവിട്ടത് പോലെയാണ് യാത്രകള്‍ നടത്തുന്നത്. അത് ഒരിക്കലും ഹൈഫൈ യാത്രകള്‍ ആയിരിക്കില്ല. ഒരു ലോക്കല്‍ ട്രെയിനില്‍ കയറിപ്പോകുകയോ ചിലപ്പോള്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ലോറിക്ക് ലിഫ്റ്റ് അടിച്ചു പോവുകയോ ഒക്കെ ചെയ്യാറുണ്ട്. യാത്രയിലാണ് എനിക്ക് ഒരുപാട് കഥാപാത്രങ്ങളെ കിട്ടുന്നത്. കുറെ മനുഷ്യരെ കിട്ടുന്നത്. കുറെ കഥാസന്ദര്‍ഭങ്ങള്‍ കിട്ടുന്നത്. ചിലപ്പോള്‍ ചില നർമങ്ങള്‍ കിട്ടുന്നത്. ചില ത്രെഡുകള്‍ കിട്ടുന്നത്.

ചില കൂട്ടുകാര്‍ പറയും പിശുക്കനാണെന്ന്. പക്ഷേ, പിശുക്കല്ല. ഞാന്‍ അങ്ങനെ ജനിച്ച് വളര്‍ന്ന ആളായതുകൊണ്ട് തന്നെ എനിക്ക് എപ്പോഴും സാധാരണ യാത്രകളാണ് ഇഷ്ടം. കൂടുതലും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. അത് ചിലപ്പോള്‍ ബുക്ക് ചെയ്തതൊന്നും ആയിരിക്കില്ല. ആളുകളെക്കൊണ്ട് കുത്തിനിറഞ്ഞ സെക്കന്‍ഡ് ക്ലാസ് ജനറല്‍ കമ്പാർട്മെന്‍റുകളില്‍, ചിലപ്പോള്‍ ഡോറിന്‍റെ സൈഡിൽ സ്റ്റെപ്പില്‍ ഇരുന്നും ഒക്കെയായിരിക്കും പോകുന്നത്.

അഖില്‍ എഴുതുമ്പോള്‍ ആരെയാണ് സംബോധന ചെയ്യുന്നത്? അഥവാ ആരാണ് അഖിലിന്‍റെ വായനക്കാര്‍...

എന്‍റെ എഴുത്ത് ശൈലി ഇഷ്ടപ്പെടുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ ഉണ്ടല്ലോ. അവരാണ് എഴുതുമ്പോള്‍ എന്‍റെ മനസ്സിലുള്ളത്. അവരൊരിക്കലും കടുത്ത സാഹിത്യപ്രേമികള്‍ മാത്രമായിരിക്കില്ല. അവര്‍ക്ക് ചിലപ്പോള്‍ വലിയ സാഹിത്യകൃതിയും ഇഷ്ടമായിരിക്കും ലൈറ്റ് റീഡിങ്ങും ഇഷ്ടമായിരിക്കും. അതുകൊണ്ടുതന്നെ ഞാന്‍ അങ്ങനെയുള്ള ആള്‍ക്കാരെ മുന്‍നിര്‍ത്തിയാണ് എഴുതുന്നത്. എന്‍റെ മൂന്നാമത്തെ പുസ്തകത്തിന്‍റെ ആമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്- കടുത്ത സാഹിത്യപ്രേമികള്‍ ആണെങ്കില്‍ എന്‍റെ പുസ്തകം ചിലപ്പോള്‍ നിങ്ങളെ നിരാശപ്പെടുത്തിയേക്കാം എന്ന്. കാരണം, ഞാനും അങ്ങനെയുള്ള ഒരു വ്യക്തിയാണ്. ചില നല്ല പുസ്തകങ്ങള്‍, വലിയ സാഹിത്യപ്രധാനമായിട്ടുള്ള പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ എനിക്ക് ആസ്വദിക്കാന്‍ കഴിയാതിരിക്കാറുണ്ട്. ചിലത് മനസ്സിലാകാതെ വരാറുണ്ട്. അപ്പോള്‍ ഇനിയും വായനക്കാരന്‍ എന്ന നിലയില്‍ ഒരുപാട് ഇമ്പ്രൂവ് ചെയ്യാനുണ്ട് ഞാന്‍. മുന്നോട്ടു പോകാനുണ്ടെന്ന് എനിക്ക് നന്നായി അറിയാം. അതിന് എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കയാണ്.

പുതുതായി പുസ്തകം വായിച്ചുതുടങ്ങുന്നവരേയോ അല്ലെങ്കില്‍ ഒരുപാട് വായനശീലങ്ങള്‍ ഇല്ലാത്ത ആള്‍ക്കാരെയോ ആണ് എഴുതുമ്പോള്‍ മുന്നില്‍ കാണുന്നത്. അതല്ലാതെ വലിയ സാഹിത്യം എഴുതാന്‍ ആവശ്യപ്പെട്ടാല്‍ എനിക്ക് സത്യമായിട്ടും അറിയില്ല. എന്‍റെ പുസ്തകത്തെ ചില വലിയ കൃതികളുമായിട്ടൊക്കെ താരതമ്യപ്പെടുത്തുന്നത് കാണാം. ഈ ജന്മം മുഴുവന്‍ എടുത്താലും ചിലപ്പോള്‍ അതുപോലുള്ളത് എനിക്ക് എഴുതാന്‍ പറ്റില്ലായിരിക്കും. പക്ഷേ, അങ്ങനെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. അതൊക്കെ ഒരു ക്ലാസിക്കല്‍ രചനകളാണ്. പുതിയ വായനക്കാരനെ സ്വാഗതം ചെയ്യുന്നതാണ് എന്‍റെ എഴുത്ത്. നമ്മള്‍ ഒരു സ്ഥലത്ത് പോകുമ്പോള്‍ സ്വാഗതം ചെയ്യാനായി ഒരു വെല്‍ക്കം ഡ്രിങ്ക്സ് കൊടുക്കാറില്ലേ. അങ്ങനെ മാത്രമേ എന്‍റെ പുസ്തകത്തെ കാണാവൂ എന്നാണ് ഞാന്‍ പറയുന്നത്. അതായത് വായനാ ലോകത്തേക്കുള്ളൊരു ആദ്യത്തെ ചവിട്ടുപടി.

അഖിലിന്‍റെ മൂന്നാമത്തെ പുസ്തകമായ ‘റാം കെയർ ഒാഫ്​ ആനന്ദി’യെ വിശേഷിപ്പിക്കുന്നത് ഒരു സിനിമാറ്റിക് നോവല്‍ എന്നാണ്. സിനിമയുടെ പോലെ അത്രയും വിഷ്വല്‍സ് മനസ്സില്‍ കണ്ട് എഴുതേണ്ടതാണ് സാഹിത്യം എന്ന് വിശ്വസിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. ഞാന്‍ അങ്ങനെ പറയുന്നുമില്ല. പക്ഷേ, എന്‍റെ ശൈലി അങ്ങനെ ആയതുകൊണ്ടാണ് ഞാനത് പറഞ്ഞത്. എന്‍റെയുള്ളില്‍ ഒരു സംവിധായകനും തിരക്കഥാകൃത്തും ഉള്ളതുകൊണ്ടാണ് ഞാന്‍ സിനിമാറ്റിക് എഴുത്ത് സ്വീകരിച്ചത്. കുറച്ചുകൂടി വിഷ്വല്‍സ് മനസ്സില്‍ കാണണം. അങ്ങനെ എഴുതണമെന്ന് നിര്‍ബന്ധമുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ ഞാന്‍ എഴുതുന്ന സമയത്ത് ഇതെല്ലാം എന്‍റെ മനസ്സിലുള്ള വിഷ്വല്‍സാണ്. ഇതേ വിഷ്വല്‍സ് തന്നെ വായിക്കുന്നവര്‍ക്കും കിട്ടണം എന്ന നിര്‍ബന്ധമുള്ളതുകൊണ്ട് എല്ലാ ചേരുവകളും അതിനകത്ത് ഉണ്ടാവും.

ചിലപ്പോള്‍ ഒരു സ്ഥലത്തെ ഡീറ്റെയില്‍ചെയ്യും. ഒരാള്‍ ഇട്ടിരിക്കുന്ന വസ്ത്രത്തെപ്പറ്റി പറയും. അയാളുടെ ചുറ്റുപാടുകള്‍ പറയും, ചിലപ്പോള്‍ അയാളുടെ ശൈലികള്‍ പറയും. അങ്ങനെ ഡീറ്റെയില്‍ ചെയ്ത് എഴുതുമ്പോഴേക്കും വായിക്കുന്ന ആള്‍ക്കാര്‍ക്ക് അത് കൂടുതലായി കണക്ട് ചെയ്യാന്‍ കഴിയുമെന്ന് തോന്നിയിട്ടുണ്ട്. ഒരിക്കലും ഇതിന്റെയകത്ത് സാഹിത്യമുണ്ടെന്ന് പൂർണമായിട്ടും എനിക്ക് പറയാന്‍ പറ്റില്ല. സാഹിത്യ മേഖലയില്‍ ഒരു പുസ്തകമായി ഇറങ്ങിയതുകൊണ്ടാണ്, അങ്ങനെയൊരു സാഹിത്യ പുസ്തകവുമായിട്ട് വിമര്‍ശിക്കപ്പെടുന്നത്. ഒരു സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലാഘവത്തോടെ തന്നെ ആളുകള്‍ എന്‍റെ പുസ്തകം വാങ്ങി വായിക്കണമെന്നാണ് എന്‍റെ ആഗ്രഹം.

കഥ പറച്ചിലിനേക്കാള്‍ ഉപരി ക്രാഫ്റ്റിന് പ്രാധാന്യം നല്‍കേണ്ടതാണ് സാഹിത്യമെന്ന് വിലയിരുത്താറുണ്ട്. തുടര്‍ന്നുള്ള രചനകളില്‍ ക്രാഫ്റ്റിന് പ്രാധാന്യം നല്‍കുമോ?

ഞാന്‍ ഇപ്പോള്‍ എഴുതുന്ന രീതി മാറ്റിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ എന്‍റെ എഴുത്തുതന്നെ നിന്നുപോകും. എങ്കിലും, ഞാനെന്‍റെ എഴുത്തുകള്‍ പരമാവധി മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ചില ആള്‍ക്കാര്‍ വായിച്ച് പറയുന്ന നല്ല ഉപദേശങ്ങള്‍ ഞാന്‍ സ്വീകരിക്കാറുണ്ട്. വിമര്‍ശനങ്ങളും സ്വീകരിക്കാറുണ്ട്. അതെല്ലാം മുന്നോട്ടുള്ള എഴുത്ത് ജീവിതത്തില്‍ ഉപകാരപ്പെടുകയും ചെയ്യാറുണ്ട്, ചെയ്തിട്ടുമുണ്ട്. ഇനി അങ്ങോട്ട് ചെയ്യുമെന്നും വിശ്വസിക്കുന്നു. എത്രകാലം എഴുതുമെന്ന് എനിക്കറിയില്ല. എഴുതാന്‍ കഴിയുന്ന കാലത്തോളം ഞാന്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കും.

 

‘2018’ എന്ന ഹിറ്റ് സിനിമക്കുവേണ്ടി തിരക്കഥ എഴുതി. ഇപ്പോള്‍ ‘റാം കെയർ ഒാഫ്​ ആനന്ദി’യും സിനിമയാകുന്നു. പുതിയ പ്രോജക്ടുകള്‍ മുന്നിലുണ്ടോ? തിരക്കഥാകൃത്തെന്ന നിലയില്‍ വെല്ലുവിളികള്‍ എന്തൊക്കെയാണ്?

പുതുതായി ഒരു ഹൊറര്‍ മൂവിക്കുള്ള എഴുത്ത് നടന്നുകൊണ്ടിരിക്കുന്നു. തിരക്കഥാകൃത്ത് എന്ന നിലയിലുള്ള വെല്ലുവിളികള്‍ –നോവല്‍ എഴുതാനും തിരക്കഥ എഴുതാനും ഇഷ്ടമാണ്. തിരക്കഥ എഴുതുമ്പോള്‍ കുറച്ചുകൂടി ഡീറ്റെയിലിങ് വരേണ്ടിവരും; തിരക്കഥ ഷൂട്ടിങ് ലെവലിലേക്ക് പോകുന്നതുകൊണ്ട്. രണ്ടാമത്തെ കാര്യം തിരക്കഥ നമ്മള്‍ എഴുതിവെച്ചാലും ബാക്കി പകുതി ജോലിചെയ്യുന്നത്, പകുതി എന്നല്ല അതിനേക്കാള്‍ കൂടുതല്‍ ചെയ്യുന്നത് സംവിധായകനും കാമറാമാനുമാണ്. നമ്മള്‍ എഴുതിവെച്ചത് കൃത്യമായി ദൃശ്യവത്കരിക്കുകയും അതിനുള്ള നിർദേശങ്ങള്‍ എല്ലാം നല്‍കി അത് ഡയറക്ട് സഫലമാക്കുകയും ചെയ്യുന്നത് സംവിധായകനാണല്ലോ. അപ്പോള്‍ ഇവര്‍ രണ്ടുപേരും നമ്മളെ പോലെതന്നെ തുല്യമായി ജോലി ചെയ്യുന്നുണ്ട്.

പുസ്തകമാകുമ്പോള്‍, സംവിധായകനും കാമറാമാനും ചെയ്യുന്നത് നമ്മള്‍തന്നെ അക്ഷരങ്ങളിലൂടെ കൊടുക്കണം. വായിച്ചിട്ട് ഏതു വിഷ്വല്‍ മനസ്സില്‍ കാണണമെന്ന് തീരുമാനിക്കുന്നത് വായനക്കാരാണ്. അതില്‍ ആരുടെ മുഖങ്ങള്‍ വരണം, അത് ഏത് സ്ഥലത്ത് കഥ നടക്കണം എന്നൊക്കെ അവര്‍ തന്നെയാണ് തീരുമാനിക്കുന്നത്. ആ ഒരു തോന്നല്‍ ഉണ്ടാവാന്‍ വേണ്ടിയിട്ടുള്ള ഒരു സ്പാര്‍ക് നമ്മള്‍ കൊടുക്കുന്നു. അത് കുറച്ച് വിഷമകരമായിട്ടുള്ള ഒരു പരിപാടിയാണ്. അപ്പോള്‍ നോവല്‍ എഴുതുന്ന സമയത്ത് നമ്മള്‍ ഇരട്ടി പണി ചെയ്യേണ്ടിവരും.

മനസ്സില്‍ തട്ടുന്ന കുറെ കഥാപാത്രങ്ങളുണ്ട് ‘റാം കെയർ ഒാഫ്​ ആനന്ദി’യില്‍. ഈ കഥാപാത്രങ്ങളെ കണ്ടെത്തിയതിന്‍റെ അനുഭവം?

ചെന്നൈയില്‍ കഥ എഴുതാന്‍ പോയതാണെങ്കിലും കഥാപാത്രങ്ങളെ കണ്ടെത്തുകയായിരുന്നില്ല. ഇതിലെ ശ്രീറാം എന്ന കഥാപാത്രത്തെ പോലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഞാനും പഠിച്ചത്. എനിക്ക് ഫീസ് അടക്കാനും ​േപ്രാജക്ടുകള്‍ ചെയ്യാനും കുറെ പണം വേണ്ടിവന്നു. അപ്പോള്‍ നോവല്‍ എഴുത്തൊക്കെ മാറ്റിവെച്ച് അവിടെ പല ജോലികള്‍ക്കും പോയിത്തുടങ്ങി. ആ സമയത്താണ് ഈ കഥാപാത്രങ്ങളെല്ലാം എന്‍റെ ജീവിതത്തിലേക്ക് വന്നത്.

പിന്നീട് ഒരു ഘട്ടത്തില്‍ ഞാനിവിടെ വന്നത് എന്തിനാണെന്ന് ചിന്തിച്ചു. അപ്പോഴാണ് എന്‍റെ കൂടെയുള്ള പലരും നല്ല കഥാപാത്രങ്ങളാണല്ലോ എന്ന് ചിന്തിച്ചത്. അവരുടെ കൂടെ, ഞാന്‍ മുമ്പ് യാത്രയിലൊക്കെ കണ്ടിട്ടുള്ളവരും എന്‍റെ പരിചയക്കാരും മനസ്സിലെത്തി. എല്ലാവരെയും ഉള്‍പ്പെടുത്തിയതാണ് ഓരോ കഥാപാത്രവും. ഒരാളുടെ തനിപ്പകര്‍പ്പായിട്ടുള്ള കഥാപാത്രങ്ങള്‍ എവിടെയുമില്ല. ചിലപ്പോളൊരു ഇന്‍സ്പെയര്‍ ആയിട്ടുള്ള കഥാപാത്രം ഉണ്ടാവും. ചിലതൊക്കെ മൊത്തം ഫിക്ഷനായിരിക്കും.

 

ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ആരൊക്കെയാണ്? ഇഷ്ടപ്പെട്ട പുസ്തകം?

ഇതൊരു കുഴക്കുന്ന ചോദ്യമാണ്. ഉത്തരം പറയാന്‍ കുറെയേറെ സമയം വേണം. ചിലത് വിട്ടുപോയെന്നുമിരിക്കും. അതുകൊണ്ട് ഈ ചോദ്യത്തില്‍നിന്ന് ദയവായി ഒഴിവാക്കണം.

‘റാം കെയർ ഒാഫ്​ ആനന്ദി’ ഇന്ത്യയില്‍തന്നെ ബെസ്റ്റ് സെല്ലറാണ്. ഈ നോവല്‍ വായിച്ച് മലയാളത്തിലെ എഴുത്തുകാരില്‍ ആരെങ്കിലും വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തോ?

നോവല്‍ വായിച്ചിട്ട് മലയാളത്തിലെ ഒരു എഴുത്തുകാരനും വിളിച്ചിട്ടില്ല. എഴുത്തുകാരായ എന്‍റെ കുറച്ച് സുഹൃത്തുക്കളുണ്ട്. ഞാന്‍ എഴുത്തുകാരനാവുന്നതിനു മുന്നേ അവരെ അറിയുന്നതാണ്. അവരല്ലാതെ ആരും വിളിച്ചതായി ഓര്‍ക്കുന്നില്ല. കാഷ്വലായ സംസാരങ്ങള്‍ ഉണ്ടാവാറുണ്ട്. പുസ്തകം വായിച്ച് അതിനെ വിമര്‍ശിക്കാനോ എന്തെങ്കിലും ഗൈഡന്‍സ് തരാനോ നല്ല വാക്ക് പറയാനോ ആരും ഇതുവരെ വിളിച്ചിട്ടില്ല.

പുസ്തകത്തിന്‍റെ പ്രചാരണത്തിന് സോഷ്യല്‍ മീഡിയ എത്രത്തോളം സഹായകമായി?

പുസ്തകത്തിന്‍റെ കവറുകളും റിവ്യൂകളും ഷെയര്‍ ചെയ്തിട്ടുള്ളതല്ലാതെ ഒരിക്കലും വലിയ പ്രമോഷന്‍ ഉണ്ടായിട്ടില്ല. ഒന്നാമത്തെ കാര്യം എത്ര പ്രമോഷന്‍ ചെയ്താലും ആള്‍ക്കാരിലേക്ക് എത്തി അവരത് സ്വീകരിച്ച് പ്രതികരിച്ചാല്‍ മാത്രമേ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവൂ. അവരത് ഏറ്റെടുത്തു എന്ന് പറയാനേ പറ്റൂ. പിന്നീട് ഒരു ഘട്ടത്തില്‍ വായനക്കാർതന്നെ പുസ്തകം ഏറ്റെടുത്തു. അവര് നല്ല റീല്‍സ് ചെയ്തുതുടങ്ങി. നല്ല റിവ്യൂസ് ചെയ്തുതുടങ്ങി, നല്ല ഫോട്ടോസ് എടുത്തു തുടങ്ങി, ഇതിലെ കഥാപാത്രങ്ങളെ അവരുടെ സങ്കൽപത്തില്‍ വരക്കാന്‍ തുടങ്ങി. കഥയിലെ രീതികള്‍ ചിത്രീകരിക്കാന്‍ തുടങ്ങി. ഇതോടെ, സോഷ്യല്‍ മീഡിയകൊണ്ട് വലിയൊരു മാറ്റം പുസ്തകത്തിനുണ്ടായി. വിൽപന വര്‍ധിച്ചു. സോഷ്യല്‍ മീഡിയ എന്‍റെ പുസ്തകത്തിന്‍റെ ഭാവിതന്നെ മാറ്റിമറിച്ചുവെന്ന് പറയാം. ഇപ്പോള്‍ അത് രണ്ടു ലക്ഷം കോപ്പിയില്‍ എത്തിനില്‍ക്കുന്നു. അങ്ങനെ ഒരു സന്തോഷമാണ് സോഷ്യല്‍ മീഡിയ എനിക്കു തന്നത്.

News Summary - weekly interview