‘നായർ സമൂഹത്തിൽനിന്നല്ല ഇവിടെ സ്ത്രീ കേന്ദ്രീകൃത ഇസ്ലാം രൂപപ്പെട്ടത്’
അടുത്തിടെ പുറത്തിറങ്ങിയ ‘മാട്രിലീനിയൽ, മാട്രിയാർക്കൽ, മാട്രിഫോക്കൽ ഇസ്ലാം: ദ വേൾഡ് ഓഫ് വുമൺ സെൻട്രിക് ഇസ്ലാം’ എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ ഗവേഷകനും എഴുത്തുകാരനുമായ ഡോ. അബ്ബാസ് പനക്കൽ തന്റെ നിഗമനങ്ങൾ അവതരിപ്പിക്കുന്നു.മുഖ്യധാരാ ഇസ്ലാമിക ചരിത്രത്തിൽ അജ്ഞാതമാക്കപ്പെട്ട ഒരു ചരിത്രത്തിന്റെ കണ്ടെടുക്കലാണ് ‘മാട്രിലീനിയൽ, മാട്രിയാർക്കൽ, മാട്രിഫോക്കൽ ഇസ്ലാം: ദ വേൾഡ് ഓഫ് വുമൺ സെൻട്രിക് ഇസ്ലാം’ എന്ന പുസ്തകം. അങ്ങേയറ്റം സ്ത്രീ കേന്ദ്രിതവും...
Your Subscription Supports Independent Journalism
View Plansഅടുത്തിടെ പുറത്തിറങ്ങിയ ‘മാട്രിലീനിയൽ, മാട്രിയാർക്കൽ, മാട്രിഫോക്കൽ ഇസ്ലാം: ദ വേൾഡ് ഓഫ് വുമൺ സെൻട്രിക് ഇസ്ലാം’ എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ ഗവേഷകനും എഴുത്തുകാരനുമായ ഡോ. അബ്ബാസ് പനക്കൽ തന്റെ നിഗമനങ്ങൾ അവതരിപ്പിക്കുന്നു.
മുഖ്യധാരാ ഇസ്ലാമിക ചരിത്രത്തിൽ അജ്ഞാതമാക്കപ്പെട്ട ഒരു ചരിത്രത്തിന്റെ കണ്ടെടുക്കലാണ് ‘മാട്രിലീനിയൽ, മാട്രിയാർക്കൽ, മാട്രിഫോക്കൽ ഇസ്ലാം: ദ വേൾഡ് ഓഫ് വുമൺ സെൻട്രിക് ഇസ്ലാം’ എന്ന പുസ്തകം. അങ്ങേയറ്റം സ്ത്രീ കേന്ദ്രിതവും വൈവിധ്യപൂർണവുമായ ഇസ്ലാമിനെയാണ് വിഖ്യാതരായ ഒരു സംഘം ചരിത്രകാരൻമാർ ഈ കൃതിയിൽ അനാവരണം ചെയ്യുന്നത്. ബ്രിട്ടനിലെ സെന്റ് ആൻഡ്രൂസ് യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ഹിസ്റ്ററിയിലെ ചരിത്രകാരനും യു.കെയിലെ സർറേ യൂനിവേഴ്സിറ്റി ഓഫ് റിലീജിയസ് ലൈഫ് ആൻഡ് ബിലീഫ് സെന്ററിന്റെ ഉപദേശക സമിതിയംഗവുമായ ഡോ. അബ്ബാസ് പനക്കൽ, കൈറോ സർവകലാശാലയിലെ ഡോ. നാസർ ആരിഫ് എന്നിവരുടെ മുൻകൈയിലാണ് കൃതി രചിക്കപ്പെട്ടിരിക്കുന്നത്. പുസ്തകത്തെയും വിപ്ലവകരമായ ഉള്ളടക്കത്തെയും കുറിച്ച് ഡോ. അബ്ബാസ് പനക്കൽ സംസാരിക്കുന്നു.
പത്തോളം രാജ്യങ്ങളിൽ നിലനിന്ന സ്ത്രീകേന്ദ്രിത ഇസ്ലാമിക വ്യവസ്ഥയെ പ്രതിപാദിക്കുന്ന ചരിത്രകൃതിയാണിത്. അതിന്റെ എഡിറ്ററും ലേഖകനുമെന്ന നിലക്ക് എങ്ങനെയാണ് ഇത്തരമൊരു അന്വേഷണത്തിലേക്ക് എത്തിയത്?
ഒരിക്കൽ ആസ്ട്രേലിയയിൽനിന്നുള്ള ഒരു ഗവേഷകനുമായി കോഴിക്കോട്ടെ കുറ്റിച്ചിറയിലൂടെ നടക്കവെ അവിടത്തെ സ്ത്രീകൾ അനുഭവിക്കുന്ന ആനുകൂല്യങ്ങളെയും തീരദേശങ്ങളിലെ മാതൃപക്ഷ ഇസ്ലാമിനെക്കുറിച്ചും പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് അവിശ്വസനീയമായി തോന്നി. ഇതേ സമീപനംതന്നെയായിരുന്നു ബ്രിട്ടീഷുകാരുടേതും. അവർക്ക് അത് ഇസ്ലാം ആയി ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അറേബ്യൻ പുരുഷവ്യവസ്ഥയാണ് ഇസ്ലാം എന്ന തെറ്റിദ്ധാരണയിൽനിന്നാണ് ഇതുപോലുള്ള നിഗമനങ്ങളിൽ അവർ എത്തിച്ചേർന്നത്. ‘ഇന്റഗ്രേഷൻ- ഇൻഡിജനൈസേഷൻ’ എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഞാൻ ഇത്തരമൊരു ഗവേഷണത്തിന്റെ ഭാഗമാകുന്നത്.
പ്രഫ. നാസർ ആരിഫിന്റെ വലിയ പ്രോജക്ടാണിത്. അതിൽ ഏഴു പുസ്തകങ്ങൾ ചെയ്യുന്നുണ്ട്. എന്റെ പിഎച്ച്.ഡി ഗവേഷണത്തിൽ മലബാറിലെ ഇത്തരം കുടുംബ പശ്ചാത്തലങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇതേ വിഷയത്തിൽ റിയോ ഡി ജനീറോയിൽ നടന്ന ഒരു അക്കാദമിക സമ്മേളനത്തിൽ ഞാൻ ഒരു പ്രബന്ധം അവതരിപ്പിച്ചിട്ടുമുണ്ട്. ‘ഇന്റർനാഷനൽ കൺസോർട്യം ഓഫ് ലോ ആൻഡ് റിലീജ്യൻ’ ആയിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ഇക്കാരണത്താലാണ് എന്നെ ഈ പ്രോജക്ടിന്റെ ഭാഗമാക്കിയത്.
പുസ്തകത്തിലെ ഇന്റഗ്രേഷൻ, ഇൻഡിജനൈസേഷൻ ഇസ്ലാം എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?
കടന്നുചെല്ലുന്ന സമൂഹത്തിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വാസ്തുവിദ്യയെയും ഭക്ഷണ-വസ്ത്ര രീതികളെയുമൊക്കെ ഉൾക്കൊണ്ടാണ് ഇസ്ലാം ആദ്യകാലത്ത് പ്രചരിച്ചത്. അതതു സമൂഹങ്ങളിൽ ഇസ്ലാമിന് കൂടുതൽ സ്വീകാര്യത ലഭിക്കാൻ ഇതു കാരണമായി. അത് തദ്ദേശീയവും വിഭിന്ന സംസ്കാരങ്ങളുമായി ഇഴുകിച്ചേർന്നതുമായിരുന്നു. ഈ ചരിത്രം കൂടുതൽ ആളുകളിൽ എത്തിക്കാനുള്ള പഠനങ്ങളാണ് മേൽപറഞ്ഞ പ്രോജക്ടിന്റെ ഭാഗമായി നടക്കുന്നത്. നേരേത്ത ഇസ്ലാമിക നിയമങ്ങളിലും വാസ്തുവിദ്യയിലുമൊക്കെ ചിലയിടങ്ങളിൽ ഇത്തരം വ്യക്തിഗത പഠനങ്ങൾ നടന്നിട്ടുണ്ട്. അവ സമാഹരിക്കുക, പല നാടുകളിലും രാജ്യങ്ങളിലും നിലനിന്ന ഇത്തരം മാതൃകകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഇന്റഗ്രേഷൻ-ഇൻഡിജനൈസേഷൻ’ എന്ന പഠനം ആരംഭിക്കുന്നത്.
ഹാർവാഡ്, ഓക്സ്ഫഡ്, ക്യോട്ടോ, ആസ്ട്രേലിയൻ നാഷനൽ യൂനിവേഴ്സിറ്റി തുടങ്ങിയവ ഇത്തരം പ്രവണതകളെക്കുറിച്ച് പഠിച്ച ആളുകളെ ഒന്നിച്ചുചേർത്ത് സൗത്ത് ഏഷ്യയിലെയും സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും ചൈനയിലെയും ബാൽക്കണിലെയും ആഫ്രിക്കയിലെയും ഇസ്ലാമിനെ പഠിക്കാൻ തീരുമാനമെടുത്തു. ഈ പ്രദേശങ്ങളിലൊക്കെ ഇന്റിജനൈസ്ഡ്, ഇന്റഗ്രേറ്റഡ് ഇസ്ലാം കാലങ്ങളോളം നിലനിന്നിരുന്നുവെന്നും അവക്ക് ആ സമൂഹങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നുവെന്നും വ്യക്തമാക്കുന്ന പഠനങ്ങൾ സമാഹരിച്ച് പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്ന പദ്ധതിയാണിത്.
ഇത്തരത്തിൽ പഠനം നടത്തി ഒരു അധ്യായം രചിച്ചത് മൈക്കിൾ ഫീനർ എന്ന പണ്ഡിതനാണ്. ഹാർവാഡിലെ അലി ഹസാനി ഇന്ത്യൻ ഇസ്ലാമിനെക്കുറിച്ചുള്ള പഠനത്തിൽ ഇവിടത്തെ നാടൻപാട്ടുകൾ, പരമ്പരാഗത മിത്തുകൾ എന്നിവയൊക്കെ മതകാര്യങ്ങളിൽ എത്രത്തോളം ഉപയോഗപ്പെടുത്തിയിരുന്നു എന്ന പഠനം നടത്തിയിട്ടുണ്ട്. ഈ പ്രോജക്ടിന്റെ ഭാഗമായാണ് സ്ത്രീ കേന്ദ്രിത ഇസ്ലാം എങ്ങനെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിലനിന്നിരുന്നതെന്നും പിന്നീട് എങ്ങനെയാണ് അത് ഇല്ലാതായതെന്നുമുള്ള ഞങ്ങളുടെ പഠനം വരുന്നത്.
ഇന്ന് കാണപ്പെടുന്ന ഏകശിലാത്മക ഇസ്ലാമിൽനിന്ന് വ്യത്യസ്തമായി വൈവിധ്യപൂർണവും തദ്ദേശീയ സംസ്കാരവുമായി ഇഴുകിച്ചേർന്നതുമായ ഇസ്ലാമിക സമൂഹങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിന്നിരുന്നുവെന്ന് പുസ്തകത്തിലൂടെ കടന്നുപോവുമ്പേൾ മനസ്സിലാക്കാനാവുന്നു. കേരളത്തിന്റെ തീരമേഖലയിലടക്കം അതു സംഭവിച്ചിരുന്നു. ഇവയുടെ ചരിത്രം ഒന്ന് ചുരുക്കിപ്പറയാമോ?
ഇൻഡിജനൈസ്ഡ് അഥവാ തദ്ദേശീയ ഇസ്ലാം എന്നത് ലോകത്ത് എല്ലായിടത്തും നിലനിന്നിരുന്നു. ഒാരോ രാജ്യത്തിനും സമൂഹത്തിനും അവരുടെ പ്രാദേശികതകൾ പിന്തുടരാനുള്ള എല്ലാ അവകാശങ്ങളുമുണ്ടായിരുന്നു -ദൈവത്തിന്റെ ഏകത്വം എന്ന പ്രാഥമിക ഇസ്ലാമിക വിശ്വാസത്തിന് എതിരാകാത്തിടത്തോളം. ഇതാണ് ഇസ്ലാമിനെ ലോകത്തോളം വളർത്തിയതും എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ വൈവിധ്യപ്പെടുത്തിയതും.
മദ്ഹബുകൾ (മതാനുഷ്ഠാന സരണികൾ) രൂപപ്പെടുന്നതിനു മുമ്പുതന്നെ ദക്ഷിണേന്ത്യൻ തീരമേഖലയിലേക്കടക്കം പ്രചരിച്ചിരുന്നു. ഹിജ്റ 21ൽ തന്നെ ഒരു സംഘം ആളുകൾ ഇവിടെ വന്നുവെന്നും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊക്കെ പള്ളികൾ സ്ഥാപിക്കുകയും അവിടങ്ങളിൽ ജഡ്ജിമാരെയും തുറമുഖ മേധാവികളെയുമൊക്കെ നിശ്ചയിക്കുകയും ചെയ്തിരുന്നു എന്നതിലേക്കടക്കം ഇതുമായി ബന്ധപ്പെട്ട രേഖകൾ വിരൽചൂണ്ടുന്നുണ്ട്. കാറ്റിന്റെ ഗതിയനുസരിച്ചായിരുന്നു അന്നവർ സമുദ്രയാത്രകൾ ചെയ്തിരുന്നത്. പിന്നീട് മൺസൂൺ അനുകൂലമാവുന്ന സമയത്ത് മാസങ്ങൾ പിന്നിടുമ്പോഴായിരുന്നു മടക്കയാത്ര.
അതുകൊണ്ട് എത്തിച്ചേരുന്നയിടങ്ങളിൽ അവരുടേതായ മേഖല (എൻക്ലേവ്സ്) രൂപപ്പെടുകയും അത് പിന്നീട് തദ്ദേശീയ സമൂഹമായി പരിവർത്തിപ്പിക്കപ്പെടുകയുമുണ്ടായി. അതുകൊണ്ടാണ് മാടായിയിൽ ഹിജ്റ അഞ്ച് എന്ന് അടയാളപ്പെടുത്തിയ ലിഖിതങ്ങൾ കാണുന്നത്. അക്കാലത്ത് അറേബ്യയിൽനിന്ന് യാത്ര ചെയ്തിരുന്നവർ അതതു സമൂഹങ്ങളിൽ നിലനിന്ന സംസ്കാരങ്ങളെ സ്വാംശീകരിക്കുകയും ഇസ്ലാമിനെ തദ്ദേശവത്കരിക്കുകയും ചെയ്തിരുന്നു. അന്നാട്ടുകാർക്ക് അന്യതാബോധം തോന്നാത്ത രീതിയിൽ അവരുമായി ഇടപഴകി ഈ മതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാക്കാൻ അവർക്കു സാധിച്ചിരുന്നു.
സ്ത്രീ കേന്ദ്രിതമായ ഒരു വ്യവസ്ഥയിൽ ശക്തമായ ഇസ്ലാമിക സമൂഹങ്ങൾ ഇവിടെ നിലനിന്നതായി ഈ ചരിത്ര പരിശോധനയിൽ മനസ്സിലാക്കാനാവുന്നു. അധികാരത്തിൽനിന്ന് അവർ പുറന്തള്ളപ്പെട്ടിരുന്നില്ലെന്നു മാത്രമല്ല, സജീവമായ കുടുംബ വ്യവസ്ഥ, കച്ചവട-യാത്രാ സംഘങ്ങളെ സ്വീകരിക്കുന്ന അന്തർദേശീയ മാനമുള്ള തുറമുഖങ്ങൾ, കുടുംബത്തിനകത്തും പുറത്തും സ്ത്രീയുടെ സക്രിയമായ സാന്നിധ്യം, സ്ത്രീയെ പരിഗണിക്കുന്ന ശക്തമായ അനന്തരാവകാശ സംവിധാനം തുടങ്ങി ഒത്തിരി സവിശേഷതകൾ കാണാനാവുന്നു... എങ്ങനെയാണ് ഇവ ഇത്തരത്തിൽ സ്ത്രീ കേന്ദ്രിതമായി മാറിയത്?
ഇസ്ലാം പ്രചരിച്ചെത്തിയ ചിലയിടങ്ങളിൽ സ്ത്രീ കേന്ദ്രിത സമൂഹങ്ങൾ നിലനിന്നിരുന്നു. അതുമായി താദാത്മ്യപ്പെട്ട സംസ്കാരമുള്ള ഇസ്ലാം കടന്നുവന്നപ്പോൾ ഇവിടെയുണ്ടായിരുന്ന സമൂഹങ്ങൾക്ക് സ്ത്രീ കേന്ദ്രിത വ്യവസ്ഥയെ മാറ്റേണ്ടതുണ്ടായിരുന്നില്ല. ആ സമൂഹത്തെ മാറ്റേണ്ട ആവശ്യം ഇസ്ലാമിക പ്രചാരകർക്കുമുണ്ടായിരുന്നില്ല. ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാന പാഠങ്ങൾ പ്രചരിപ്പിച്ച അവർ അതിനു തടസ്സമാവാത്ത ഒന്നിനെയും മാറ്റാൻ ശ്രമിച്ചില്ല. അതുകൊണ്ട് തന്നെ അത്തരമൊരു ഇസ്ലാമിനെ സ്വീകരിക്കുന്നതിൽ തദ്ദേശീയ സമൂഹങ്ങൾക്കും പ്രയാസമില്ലായിരുന്നു.
നേരത്തേയുണ്ടായിരുന്ന ഒരു ധാരണ ഇത്തരത്തിലുള്ള മാതൃപക്ഷ/ സ്ത്രീ കേന്ദ്രിത ഇസ്ലാം ഇന്ത്യൻ മഹാസമുദ്ര സമൂഹത്തിൽ മാത്രമാണെന്നായിരുന്നു. എന്നാൽ, ഇത്തരം തെറ്റിദ്ധാരണകൾ കൊളോണിയൽ ചരിത്രത്തിന്റെ സ്വാധീനംകൊണ്ട് വന്നുഭവിച്ചതാണ്. അത് ആവർത്തിക്കുകയാണ് പിന്നീട് പലരും ചെയ്തത്. ഇസ്ലാമിക ചരിത്രത്തിൽ ‘മദ്ഹബുകൾ’ അഥവാ മതാനുഷ്ഠാന സരണികൾ രൂപപ്പെടുന്നതിനു മുമ്പ് ഇവിടെ ഇത്തരത്തിലുള്ള വ്യവസ്ഥിതി നിലനിന്നിരുന്നുവെന്നതാണ് വസ്തുത. ഇത് പ്രധാനമായും ശാഫിഈ സരണി പിന്തുടരുന്നവരിലാണെന്ന ധാരണയും തെറ്റാണ്.
ആഫ്രിക്കയിലെ ഘാനയിൽ ഈ രീതി പിന്തുടരുന്നത് മാലികി സരണിയിലുള്ളവരാണ്. പ്രാദേശിക രീതികൾ മതത്തിന്റെ പ്രാഥമിക ചിന്തകൾക്ക് എതിരല്ലെങ്കിൽ അതതു സമൂഹങ്ങളിലെ സംസ്കാരങ്ങളും രീതികളും ഉൾക്കൊള്ളാമെന്നതാണ് ഈ ചരിത്രങ്ങൾ നൽകുന്ന പാഠം. അത്തരത്തിലുള്ള സമൂഹങ്ങളിലാണ് ഇസ്ലാമിന് കൂടുതൽ വളർച്ച കൈവരിക്കാൻ സാധിച്ചതും കൂടുതൽ ജനകീയമായതും.
മലബാർ ഭാഗങ്ങളിൽ കാണപ്പെടുന്ന മരുമക്കത്തായ വ്യവസ്ഥ ഹൈന്ദവ നായർ കുടുംബങ്ങളിൽ തുടങ്ങിയെന്നും മതംമാറ്റത്തോടെ മുസ്ലിം കുടുംബങ്ങളിലേക്കു കൂടി കൈമാറ്റം ചെയ്യപ്പെട്ടു എന്നുമുള്ള വായനയാണ് ഇവിടെ പ്രബലമായിട്ടുള്ളത്. ഇതെത്രത്തോളം ശരിയാണ്? ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ഇസ്ലാമിലൂടെ ചിരപരിചിതമായ ഇന്റഗ്രേറ്റഡ് വ്യവസ്ഥ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെന്നപോലെ മലബാർ തീരങ്ങളിലേക്കും ശൈഖ് ഉബൈദുല്ല പ്രബോധനത്തിനെത്തിയ ലക്ഷദ്വീപിലേക്കും വ്യാപിച്ചു എന്നാണ് താങ്കളുടെ ചരിത്ര വിശകലനത്തിൽനിന്ന് മനസ്സിലാക്കാനാവുന്നത്. അതുവരെ ദക്ഷിണേന്ത്യ അറിയാത്ത പുതിയ ആശയമായിരുന്നോ മാതൃകേന്ദ്രിതമായ വ്യവസ്ഥ? അതല്ല, നേരത്തേ ഇവിടെ ഉണ്ടായിരുന്നതിലേക്ക് പുറത്തുനിന്ന് വന്നതുകൂടി ചേരുകയായിരുന്നോ?
നായർ സമൂഹത്തിൽനിന്നാണ് സ്ത്രീ കേന്ദ്രിത ഇസ്ലാം രൂപപ്പെട്ടത് എന്നത് പൂർണമായും ശരിയല്ല. ഇവിടെ ആദിവാസികൾക്കിടയിലും സ്ത്രീ കേന്ദ്രിത ഗോത്ര വർഗങ്ങളുണ്ടായിരുന്നു. ഖിസ്സ ചക്രവർത്തി പെരുമാൾ എന്ന പേരിൽ പ്രസിദ്ധമായ ബ്രിട്ടീഷ് ലൈബ്രറിയിലെ മാനുസ്ക്രിപ്റ്റ് പ്രകാരം ഇവിടെ ഇസ്ലാമിക പാരമ്പര്യം ഹിജ്റ ഇരുപത്തി ഒന്നിൽതന്നെ ദൃശ്യമാണ്. അതിൽ പറയുന്ന പള്ളികൾ പണിത പ്രധാന തുറമുഖങ്ങളിലെല്ലാം സ്ത്രീ കേന്ദ്രിത ഇസ്ലാം പിന്തുടരുന്നതായി കാണാം. അതിലെ ഒരു പള്ളി കോറമാന്റൽ തുറമുഖത്താണ്. അവിടെയും മുസ്ലിംകൾ സ്ത്രീകേന്ദ്രിത കുടുംബ വ്യവസ്ഥിതി പിന്തുടരുന്നു. ലക്ഷദ്വീപിലും ഇതാണ് നിലനിൽക്കുന്നത്.
ക്രി.വ. 662ൽ ഇസ്ലാമിക പ്രചാരണത്തിന് ശൈഖ് ഉബൈദുല്ലാ ബിൻ മുഹമ്മദ് മദീനയിൽനിന്ന് മലബാറിനോട് ചേർന്ന ലക്ഷദ്വീപിൽ എത്തിയപ്പോൾ ആ സമൂഹത്തിലെ കുടുംബ വ്യവസ്ഥിതി പൂർണമായും പിന്തുടരുകയായിരുന്നു. ദ്വീപിലെ ഇസ്ലാമിന്റെ ചരിത്രം തീർത്തും സ്ത്രീകേന്ദ്രിതമാണ്. അവിടത്തെ കുടുംബ വ്യവസ്ഥിതി പൂർണമായും മാതൃദായകമാണ്. ഇന്നും അവിടെ ഖാദിമാരെ നിശ്ചയിക്കുന്നത് മാതൃപാരമ്പര്യത്തിൽനിന്നാണ്. പിന്നീട് ദ്വീപിന്റെ ചരിത്രം എഴുതിയപ്പോൾ അവിടെയുള്ള സ്ത്രീ കേന്ദ്രിത ഇസ്ലാം കേരളത്തിൽനിന്ന് പോയതാണ് എന്ന രീതിയിലുള്ള ആഖ്യാനങ്ങൾ വന്നു. എന്നാൽ, ഈ പഠനത്തിലൂടെ അത് തിരുത്തപ്പെടുകയാണ്.
ഇന്തോനേഷ്യ, മലേഷ്യ, ചൈന, കൊറിയ, ജപ്പാൻ, മൊസാംബിക്, ഘാന തുടങ്ങിയ രാജ്യങ്ങളിലെ ആദ്യകാല ഇസ്ലാമിക ചരിത്രം ആധുനിക ലോകത്തിന് അന്യമാണ്. ആ അർഥത്തിൽ അമൂല്യമായ ഒരു പരിശ്രമമായി ഈ പുസ്തകം അനുഭവപ്പെടുന്നു. ഈ രാജ്യങ്ങളിലെ മാതൃപാരമ്പര്യത്തിലൂന്നിയ ഇസ്ലാമിക സംസ്കാരത്തെക്കുറിച്ച് ചുരുക്കി പറയാമോ?
ഇന്തോനേഷ്യയിലും മലേഷ്യയിലും ഫിലിപ്പീൻസിലും ഒക്കെ ഒരു വിഭാഗം മുസ്ലിംകൾ മാതൃവംശ പാരമ്പര്യം പിന്തുടർന്ന് പോരുന്നു. ചൈനയിൽ സ്ത്രീകൾക്കു മാത്രമായുള്ള മസ്ജിദുകളുടെ വലിയ പാരമ്പര്യംതന്നെ പറയാനുണ്ട്. കൊറിയയിലും ജപ്പാനിലും പുതിയ രീതിയിലുള്ള സ്ത്രീ കേന്ദ്രിത ഇസ്ലാം ശക്തിപ്രാപിക്കുന്നു. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലും പഴയ ഇസ്ലാമിക് സ്പെയിനിലും ഇത് നിലനിന്നിരുന്നു. ആഫ്രിക്കയിൽനിന്ന് കൊളംബസിനു മുമ്പ് സ്ത്രീപക്ഷ ഇസ്ലാം അമേരിക്കയിൽ എത്തിയതിന്റെ ചരിത്രമാണ് പാരിസിൽനിന്നുള്ള സമീറ സഈദി എഴുതിയത്. ഇത് വർഷങ്ങൾക്കു മുമ്പ് അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ ഉപദേശകനായിരുന്ന ഡോ. റോബർട്ട് ക്രൈൻ അവകാശപ്പെട്ടിട്ടുണ്ട്. തന്റെ കുടുംബം ഇത്തരത്തിലുള്ള ഒരു വംശമായ ചെറോകീ വിഭാഗത്തിൽനിന്നാണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ബ്രിട്ടീഷുകാരുടെ ആഗമനം ഈ സംസ്കാരത്തെ എങ്ങനെയാണ് ബാധിച്ചത്? ഇതിനെ നാമാവശേഷമാക്കുന്നതിൽ കൊളോണിയൽ ശക്തിയുടെ ബോധപൂർവമായ ഇടപെടലുകൾ ഉണ്ടായതായി മനസ്സിലാക്കാനാവുന്നു..?
മാതൃപാരമ്പര്യങ്ങളെ ‘അനിസ്ലാമികം’ എന്ന് മുദ്രകുത്തി അവയെ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ നിയമം പാസാക്കി. ലക്ഷദ്വീപുകളിലെ നിയമവും മലബാറിലെ നിയമവും ഒരേ കൊളോണിയൽ അധികാരപരിധിയിൽ ആയിരുന്നിട്ടും മലബാർ പ്രദേശത്തെപ്പോലെ പുതിയ നിയമങ്ങൾ ലക്ഷദ്വീപിനെ ബാധിച്ചില്ല. പ്രാദേശിക പാരമ്പര്യത്തിനെതിരായ ഈ കൊളോണിയൽ ആക്രമണം മലബാറിലെ മാതൃപക്ഷ ഇസ്ലാമിനെ വിഴുങ്ങിയപ്പോൾ, അറക്കൽ അധികാരികൾ അവരുടെ ഭരണത്തിൻ കീഴിലുള്ള ദ്വീപുകളിൽ പിന്തുടരുന്ന വഖഫ് മാതൃകയാണ് സ്വീകരിച്ചത്.
1910ലെ മലബാർ പാർട്ടീഷൻ ബിൽ, 1918ലെ പിന്തുടർച്ചാവകാശ നിയമം,1939ലെ മാപ്പിള മരുമക്കത്തായ നിയമം എന്നിവയുടെ തുടർച്ചയായ ഇടപെടലുകൾ വന്നിട്ടും സ്ത്രീ കേന്ദ്രിതമായ ഇസ്ലാമിക സംസ്കാരത്തെ വേരോടെ പിഴുതെറിയാൻ കൊളോണിയൽ ഗവൺമെന്റിന് അത്ര ബുദ്ധിമുട്ടായിരുന്നു. അറക്കൽ ഭരണ കുടുംബം ഇത്തരത്തിലുള്ള നിയമനിർമാണത്തിന് എതിരായിരുന്നു. അവർ കൂട്ടുകുടുംബ വീടുകളുടെ തകർച്ച തടയാനും സ്വന്തം കുടുംബത്തിന്റെ ഉന്നതമായ മാതൃപരമ്പര നിലനിർത്താനും ഏക മാർഗമായി വഖഫ് അൽ ഔലാദ് സ്വീകരിച്ചു. ഇതനുസരിച്ച് മാതൃപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്തു അവർ സ്ത്രീപക്ഷ ഇസ്ലാമിനെ സംരക്ഷിച്ചു.
മലബാറിലെ സെറ്റിൽമെന്റ് ഓഫിസറും ബ്രിട്ടീഷ് ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ചാൾസ് അലക്സാണ്ടർ ഇന്നസ് (1874-1959) തന്റെ റിപ്പോർട്ടിൽ വടക്കേ മലബാറിൽ മാപ്പിളമാർ ഖുർആൻ പാരമ്പര്യത്തിനു എതിരായ മരുമക്കത്തായം പിന്തുടരുന്നു എന്ന് എഴുതി. അതുകൊണ്ട് ആംഗ്ലോ-മുഹമ്മദൻ നിയമം നടപ്പാക്കി, മുസ്ലിം സ്ത്രീകളുടെ സ്വത്ത് സ്വന്തമാക്കാനുള്ള സ്വാതന്ത്ര്യം വെട്ടിക്കുറച്ച് പരമ്പരാഗത വ്യവസ്ഥയെ മാറ്റാൻ നടപടികൾ സ്വീകരിച്ചു. ഈ നിയമ ചട്ടക്കൂട്, അറബ് സംസ്കാരം ഇസ്ലാമിന്റെ സത്തയാണെന്ന തെറ്റായതും പുരുഷാധിപത്യപരവുമായ അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ, ഇസ്ലാമിക നിയമം സ്ത്രീകൾക്ക് ആചാരപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും അനുവദിക്കുന്നുവെന്ന വസ്തുത അവഗണിക്കുകയും ചെയ്തു.
19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പരിഷ്കരണവുമായെത്തിയ സലഫി-വഹാബി ആശയങ്ങൾ സ്ത്രീകേന്ദ്രിതമായ ഈ വ്യവസ്ഥക്ക് കാര്യമായ പരിക്കേൽപിച്ചതായി താങ്കളുടെ ലേഖനത്തിൽനിന്ന് വായിച്ചെടുക്കാം. യഥാർഥത്തിൽ ഈ ‘പരിഷ്കരണ’വാദമല്ലേ ആധുനിക കാലത്തും മുസ്ലിംകളെ സ്ത്രീ വിരുദ്ധതയിലേക്ക് വീണ്ടും തള്ളിയിട്ടത്?
കൊളോണിയൽ പ്രത്യയശാസ്ത്രത്തിന്റെയും അറബ് കേന്ദ്രീകൃത സലഫി മത ‘പരിഷ്കരണ’ പ്രസ്ഥാനത്തിന്റെയും സംയോജിത ശക്തിയുടെ ഫലമായി നൂറ്റാണ്ടുകൾ പഴക്കമുള്ള മാതൃവംശീയ പാരമ്പര്യങ്ങൾ മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ നടന്നു. ഈ സ്വയം പ്രഖ്യാപിത ‘പരിഷ്കരണവാദികൾ’ നിലവിലുണ്ടായിരുന്ന പ്രാദേശിക മുസ്ലിം മാതൃപക്ഷസമ്പ്രദായത്തെ അംഗീകരിക്കാൻ തയാറായില്ല. സലഫി ചിന്തയാൽ സ്വാധീനിക്കപ്പെട്ട മത പുരോഹിതർ മാതൃപാരമ്പര്യം ‘അനിസ്ലാമികം’ ആണെന്ന് അവകാശപ്പെട്ടു. കൂടാതെ, സ്വത്തിന്റെ അനന്തരാവകാശം പുരുഷവംശത്തിലൂടെ കടന്നുപോകണമെന്ന് വ്യക്തമാക്കുന്ന ഒരു ബിൽ -1963ലെ മാപ്പിള മരുമക്കത്തായ (ഭേദഗതി) നിയമം പാസാക്കാൻ സഹായിച്ചു. സ്ത്രീ കേന്ദ്രീകൃത ഇസ്ലാമിന്റെ സാംസ്കാരിക നേട്ടങ്ങളും മേഖലയിലെ അതിന്റെ സംയോജിത സമ്പ്രദായങ്ങളും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നു.
യഥാർഥ ‘പരിഷ്കരണത്തിനു’ പകരം, ഈ നിയമനിർമാണങ്ങൾ സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ നഷ്ടപ്പെടുത്തുന്ന പുരുഷാധിപത്യത്തെ മുസ്ലിംകൾക്കും ബാധകമാക്കി. പ്രത്യേകിച്ച് കുടുംബ സ്വത്തുക്കൾ സ്ത്രീകൾക്ക് സ്വായത്തമാക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. സൗദിയുടെ ഒരു അപ്രമാദിത്വ കാലത്ത് സൗദി ഒരു ‘അറബൈസ്ഡ്’ ഇസ്ലാമിനെ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തി. അവിടന്ന് പുറപ്പെടുവിക്കുന്ന ഫത്വകളും അവരുടെ ഡ്രസ് കോഡും ആർകിടെക്ചറും ഒക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടു; ഒപ്പം അവിടത്തെ ആചാരങ്ങളും.
അവിടം മുതൽ കൂടിയാണ് പിന്നീട് പല സമൂഹങ്ങളിലെയും സ്ത്രീകേന്ദ്രിത ഇസ്ലാം പ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയത്. ഇതൊന്നും ഇസ്ലാമികമല്ല എന്ന് ബോധ്യപ്പെടുത്തി മാറ്റിക്കാനുള്ള ശ്രമങ്ങൾ നടന്നു. ഇന്തോനേഷ്യയിലെ മിനംഗബാവോ പ്രദേശങ്ങളിൽനിന്ന് സൗദിയിൽവന്ന് പഠിച്ചുപോയ പണ്ഡിതൻമാർ അവിടെ വർഷങ്ങളായി തുടരുന്ന സ്ത്രീകേന്ദ്രിത ഇസ്ലാമിനെതിരെ സായുധ പോരാട്ടം നടത്തി. ഇതിനെ പാതിരിയുദ്ധം എന്നാണു വിളിക്കുന്നത്. സൗദിയിൽനിന്ന് പഠിച്ചുവന്നവർ അവിടത്തെ സ്ത്രീപക്ഷ ഇസ്ലാമിനെ അനിസ്ലാമികമായിക്കണ്ടു.
പരമ്പരാഗത വ്യാഖ്യാനങ്ങളിലൂടെ കേവലം അറബ് പുരുഷന്റെ മതമായിട്ടാണ് ആധുനിക ലോകത്ത് ഇസ്ലാം പ്രചരിക്കുന്നത്..?
ഇസ്ലാമിലേറ്റവും പ്രാധാന്യം നീതിക്കാണ്. അതത് സമൂഹങ്ങളിലെ നീതിക്കാണ് അത് പ്രാധാന്യം കൽപിച്ചിരുന്നത്. അതുകൊണ്ട് അതിന് പുരുഷകേന്ദ്രിതമെന്നോ സ്ത്രീകേന്ദ്രിതമെന്നോ ഉള്ള പരികൽപനകൾ ഉണ്ടായിരുന്നില്ല. അവരുടെ പ്രാദേശികമായ ആചാരങ്ങളെ സ്വാംശീകരിച്ച് വളരുകയായിരുന്നു. എന്നാൽ, പിന്നീട് അറേബ്യ എന്നത് വിട്ട് സൗദി അറേബ്യ രൂപപ്പെടുകയും അവർ അവരുടേതായ ഇസ്ലാമിനെ ലോകത്ത് മൊത്തം പ്രചരിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഒട്ടോമൻ രാജാക്കൻമാരുമായുള്ള രാഷ്ട്രീയ തർക്കത്തിന്റെ ഭാഗമായി പുതിയ സംഘടനകളെ ഉണ്ടാക്കി ലോകം മുഴുവൻ ഇത് സ്പോൺസർ ചെയ്തു.
വിവിധ പ്രദേശത്ത് നിന്നുള്ളവർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി അവരുടെ രീതിയിലുള്ള ഫത്വകളും നിയമവുമൊക്കെ പഠിപ്പിച്ചു. അങ്ങനെ പഠിച്ച് പുറത്തിറങ്ങിയവർ വൈവിധ്യപൂർണമായ പ്രാദേശിക ഇസ്ലാമിനെ തള്ളിപ്പറയാൻ തുടങ്ങി. നമ്മുടെ നാട്ടിലുള്ള ഇസ്ലാം ഇതല്ലല്ലോയെന്നും അത് തെറ്റാണല്ലോ എന്നും ചിന്തിച്ചു. അത്തരം ധാരണയുടെ പുറത്ത് അന്നാടുകളിലെ പ്രാദേശികമായ ഇസ്ലാമിനെതിരിൽ പല രീതിയിലുള്ള ‘യുദ്ധപ്രഖ്യാപനം’ നടത്തുകയും ചെയ്തു.
ഇസ്ലാമിക നിയമത്തിന്റെ വ്യാഖ്യാനങ്ങൾ എങ്ങനെ പലപ്പോഴും പുരുഷകേന്ദ്രിതമായി എന്നതും ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പിൽക്കാലത്ത് രൂപപ്പെട്ട ഇസ്ലാമിക കർമശാസ്ത്രങ്ങൾ പല കാരണങ്ങളാൽ പുരുഷന്റെ കേന്ദ്ര പങ്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ, മുസ്ലിം സമൂഹം പൊതുവെ പുരുഷനെ കുടുംബത്തിന്റെ നേതാവും സംരക്ഷകനുമായി കണക്കാക്കുന്നു. കുടുംബത്തിലെ രക്ഷാകർതൃത്വം പുരുഷനെ ഏൽപിച്ചിരിക്കുന്നു. ഔദ്യോഗിക നടപടിക്രമങ്ങൾ പരിപാലിക്കുന്ന ഒരു പുരുഷനാണ് വിവാഹ കർമം നടത്തുന്നത്. ഈ ആശയങ്ങളും വിധിന്യായങ്ങളും സ്ത്രീകളുടെ പങ്കിനെയും ചലനാത്മകതയെയും ചുറ്റിപ്പറ്റി ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചു.
ഇസ്ലാമിക അനുഷ്ഠാന ശാസ്ത്രത്തിലെ സ്ത്രീകളെയും ലിംഗഭേദത്തെയും കുറിച്ചുള്ള സമകാലിക പഠനങ്ങൾ നിലവിലുള്ളതും ചരിത്രപരവുമായ ഇസ്ലാം സത്തയിൽതന്നെ പുരുഷാധിപത്യപരമാണെന്നും ചരിത്രത്തിലുടനീളം മുസ്ലിം സമൂഹങ്ങൾ സ്ത്രീകളെ അടിച്ചമർത്തുകയും പുരുഷന്മാരുടെ പങ്ക് ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്ന നിലപാടിനെ പരിപോഷിപ്പിച്ചു.
എന്നാൽ, ഇതിന്റെ നിയമസാധുതയുടെ ഉറവിടമെന്ന് പറയപ്പെടുന്നത് പരമ്പരാഗതമായ ഗോത്ര ആചാരങ്ങളുടെയും അറബ് പാരമ്പര്യങ്ങളുടെയും ഇടയിലാണ്. സമകാലിക മുസ്ലിംകളുടെ ആറിലൊന്നിനെ പോലും പ്രതിനിധാനം ചെയ്യുന്നില്ലെങ്കിലും അറബികൾ സാധാരണയായി ഇസ്ലാമിന്റെ ഉറവിടമായും സ്ഥിരമായ പ്രതിനിധികളായും പരിഗണിക്കപ്പെടുന്നു. എന്തുകൊണ്ടാണ് ഇസ്ലാമിക നിയമശാസ്ത്രത്തിന് സ്ത്രീകളെക്കുറിച്ചുള്ള അറബ് ധാരണകൾ മാറ്റാൻ കഴിയാത്തതെന്നും എന്തുകൊണ്ടാണ് അവരുടെ ഇസ്ലാമിൽ അതിനുമുമ്പുള്ള പല രീതികളും നിലനിൽക്കുന്നതെന്നുമൊക്കെയുള്ള അന്വേഷണവും ഈ പുസ്തകത്തിലൂടെ ഉയർത്തിക്കൊണ്ടുവരാനായിട്ടുണ്ട്.
നേരത്തേ ചൂണ്ടിക്കാട്ടിയതുപോലെ, കുടുംബപരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിവിധ ഇസ്ലാമിക വ്യവസ്ഥകളുടെ പരമോന്നത മൂല്യം നീതിയുമായി ബന്ധപ്പെട്ടാണ്. അതിന് തെളിവായി ഖുർആനിൽ നിരവധി വാക്യങ്ങൾ ഉണ്ട്. കുടുംബത്തിനകത്തെ തീരുമാനമെടുക്കൽ പ്രക്രിയയെ നിയന്ത്രിക്കുന്ന അടിസ്ഥാന മൂല്യം, അതിലെ ഒരു അംഗം മറ്റുള്ളവരിൽ ആധിപത്യം സ്ഥാപിക്കുന്നില്ലെന്നും കുടുംബം സ്വേച്ഛാധിപതികളെയോ അടിമകളെയോ നിർമിക്കുന്ന ഒരു സ്ഥാപനമായി മാറുന്നില്ലെന്നും ഉറപ്പാക്കുന്നു. അവകാശങ്ങളുടെയും കടമകളുടെയും സന്തുലിതാവസ്ഥയിലും ഈ മൂല്യത്തിന്റെ വ്യക്തമായ പ്രകടനമുണ്ട്.
ഉദാഹരണത്തിന്, അനന്തരാവകാശ പ്രശ്നം. വിവാഹിതയായ സ്ത്രീക്ക് കുടുംബത്തിനുള്ളിൽ സാമ്പത്തിക ബാധ്യതകളില്ലാത്തതിനാൽ പുരുഷന്റെ വിഹിതത്തിന്റെ പകുതി സ്ത്രീക്ക് അനുവദിക്കുന്നു. എന്നാൽ, സാമ്പത്തിക ഉത്തരവാദിത്തം പുരുഷന്മാർക്കാണ്. ഒരു സാമൂഹിക-സാമ്പത്തിക വീക്ഷണകോണിൽനിന്ന് ഈ വിഷയത്തെ നോക്കുകയാണെങ്കിൽ ഈ സമ്പ്രദായമനുസരിച്ച് സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ പ്രയോജനം ലഭിക്കുന്നു. ഇസ്ലാമിക ചരിത്രത്തിലെ എൻഡോവ്മെന്റുകൾ അങ്ങനെ പരിഷ്കൃത സ്ത്രീകൾക്ക് പ്രത്യേകിച്ചും ഫലപ്രദമാകുന്ന ഒരു മേഖലയായി മാറിയെന്നുള്ള അന്വേഷണത്തിൽ മിക്ക എൻഡോവ്മെന്റുകളും സ്ത്രീകൾ അവരുടെ സ്വന്തം പണത്തിൽനിന്നാണ് സ്ഥാപിച്ചതെന്ന് ഞങ്ങൾ കണ്ടെത്തി.
മുസ്ലിം ലോകം പ്രത്യേകിച്ച് അതിൽ സ്ത്രീവിരുദ്ധത ആരോപിച്ചുകൊണ്ട്, കടുത്ത തോതിൽ ആക്രമണത്തിനിരയാവുന്ന കാലത്ത് ഇത്തരമൊരു കൃതി വൈജ്ഞാനികലോകത്തിനു സമർപ്പിക്കുമ്പോൾ താങ്കളും സഹപ്രവർത്തകരും എന്താണ് പ്രതീക്ഷിക്കുന്നത്?
ഇസ്ലാം ഏതു സമൂഹത്തിനും പാരമ്പര്യത്തിനും സംസ്കാരത്തിനും ഉൾക്കൊള്ളാവുന്നതാണ്. അനുഷ്ഠാനസരണികളുടെ രൂപപ്പെടലുകൾക്കു മുമ്പുതന്നെ ഇത്തരത്തിലുള്ള ഇന്റഗ്രേറ്റഡ് വ്യവസ്ഥിതികൾ നിലനിന്നിരുന്നു. അതത് സമൂഹങ്ങൾ അത് പൂർണമായും ഉൾക്കൊണ്ടു ജീവിച്ചു. അക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ദൗത്യമാണ് ഞങ്ങൾ ഇതിലൂടെ നിർവഹിക്കുന്നത്.