‘ഹിന്ദുഭീതി’യെന്ന അസത്യം പ്രചരിപ്പിക്കാനാണ് മോദി സംഘത്തിന്റെ ശ്രമം’
അടുത്തിടെ ജിൻഡാൽ സർവകലാശാലയിൽ നടത്തിയ ഇസ്രായേൽ, ഫലസ്തീൻ പ്രഭാഷണത്തെ തുടർന്ന് ഹിന്ദുത്വവാദികൾ അക്കാദമിക വിദഗ്ധനും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ അചിൻ വിനായകിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ആ പശ്ചാത്തലത്തിൽ അദ്ദേഹം സയണിസം, ഹിന്ദുത്വ, ബി.ജെ.പിയുടെ നയങ്ങൾ, രാജ്യത്തിന്റെ അവസ്ഥ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.പ്രമുഖ അക്കാദമിക വിദഗ്ധനും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ അചിൻ വിനായക് ആഗോള രാഷ്ട്രീയം, രാജ്യാന്തര ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പണ്ഡിതനാണ്. ഇംഗ്ലണ്ടിലെ...
Your Subscription Supports Independent Journalism
View Plansഅടുത്തിടെ ജിൻഡാൽ സർവകലാശാലയിൽ നടത്തിയ ഇസ്രായേൽ, ഫലസ്തീൻ പ്രഭാഷണത്തെ തുടർന്ന് ഹിന്ദുത്വവാദികൾ അക്കാദമിക വിദഗ്ധനും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ അചിൻ വിനായകിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ആ പശ്ചാത്തലത്തിൽ അദ്ദേഹം സയണിസം, ഹിന്ദുത്വ, ബി.ജെ.പിയുടെ നയങ്ങൾ, രാജ്യത്തിന്റെ അവസ്ഥ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.
പ്രമുഖ അക്കാദമിക വിദഗ്ധനും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ അചിൻ വിനായക് ആഗോള രാഷ്ട്രീയം, രാജ്യാന്തര ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പണ്ഡിതനാണ്. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ യൂനിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ബിരുദം നേടിയശേഷം ബ്രിട്ടനിലെ വെള്ളക്കാരല്ലാത്ത കുടിയേറ്റ സമൂഹങ്ങൾക്കിടയിൽ രാഷ്ട്രീയ അവബോധമുണർത്താൻ ലക്ഷ്യമിട്ടുള്ള ‘Free University of Black Studies’ന്റെ ഭാഗമായി പ്രവർത്തിച്ചു. ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ അസിസ്റ്റന്റ് എഡിറ്ററായി 1978ൽ കരിയർ തുടങ്ങിയ അദ്ദേഹം 1990 വരെ അവിടെ തുടർന്നു. 1996ൽ അക്കാദമിക ലോകത്ത് തിരിച്ചെത്തിയ അദ്ദേഹം ജാമിഅ മില്ലിയ്യയിൽ വിസിറ്റിങ് പ്രഫസറായി.
2002ൽ ഡൽഹി യൂനിവേഴ്സിറ്റിയിൽ രാഷ്ട്രമീമാംസയിൽ വിസിറ്റിങ് പ്രഫസറായ അദ്ദേഹം വകുപ്പ് മേധാവിയായി വിരമിച്ചു. ഇവിടെ സാമൂഹികശാസ്ത്ര വകുപ്പ് ഡീനുമായിരുന്നു. ആഗോളതലത്തിലെ അസമത്വങ്ങൾക്കെതിരെ ശബ്ദിക്കുന്ന നെതർലൻഡ്സിലെ ആംസ്റ്റർഡാം ആസ്ഥാനമായുള്ള ട്രാൻസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (Transnational Institute -TNI) 1988 മുതൽ ഫെലോ ആയും 77 വയസ്സുകാരനായ അദ്ദേഹം പ്രവർത്തിക്കുന്നു. ജിൻഡാൽ ഗ്ലോബൽ യൂനിവേഴ്സിറ്റിയിൽ അടുത്തിടെ അദ്ദേഹം നടത്തിയ വിവാദ പ്രഭാഷണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശനയം, ഹിന്ദുത്വ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
ഫലസ്തീൻ വിഷയത്തെക്കുറിച്ചുള്ള സംസാരത്തിൽ സയണിസത്തെ ഹിന്ദുത്വ ദേശീയതയുമായി തുലനം ചെയ്തത് വിവാദമായിരുന്നല്ലോ. നിങ്ങൾ പ്രഭാഷണം നടത്തിയ യൂനിവേഴ്സിറ്റി നിങ്ങൾ മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അക്കാദമിക സ്വാതന്ത്ര്യം ശ്വാസംമുട്ടിക്കപ്പെടുന്നത് ഇന്ത്യയിൽ പുതുമയുള്ളതൊന്നുമല്ല. അക്കാദമിക വിദഗ്ധരും ചിന്തകരുമാണ് ഇരകളാകുന്നത്. ഒപ്പം തീവ്ര നിലപാടുള്ളവർ അരിശപ്പെട്ട് രംഗത്തിറങ്ങുന്നതും പുതുമയുള്ളതല്ല, എന്തുപറയുന്നു?
സയണിസം, ഹിന്ദുത്വ എന്നിവ രണ്ടും തമ്മിലെ സാമ്യങ്ങളും വൈരുധ്യങ്ങളും സംബന്ധിച്ച് ഞാൻ എഴുതിയിട്ടുമുണ്ട്. 10 വർഷത്തിനിടെ സ്വകാര്യ, പൊതുമേഖലാ യൂനിവേഴ്സിറ്റികളിലൊക്കെയും ഹിന്ദുത്വ ആഭിമുഖ്യം പുലർത്തുകയും അതിനുവേണ്ടി സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി സന്ദേശങ്ങൾ പങ്കുവെക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യൽ തുടരുന്ന ഒരുപറ്റം വിദ്യാർഥികൾ സജീവമാണ്. സമാനമായി പ്രത്യയശാസ്ത്രപരമായ ചായ്വുകളുള്ള അധ്യാപകരുടെ ഒരു വിഭാഗവുമുണ്ട്. ഒപ്പം, ഭരണകൂട താൽപര്യങ്ങളും ആധികളും സംരക്ഷിച്ചുനിർത്തുന്നവരായി മുതിർന്ന ഉദ്യോഗസ്ഥരും ഇവിടങ്ങളിൽ കാണാം. അനൗദ്യോഗികമായ ഈ ത്രികക്ഷി കൂട്ടുകെട്ട് ബി.ജെ.പി/ സംഘികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്.
അതുവഴി സംഭവിക്കുന്നത് പക്ഷേ, നിലവിലെ ഭരണകൂടത്തിനെതിരെയാകുന്ന ഏതു വിമർശനത്തോടും അഭിപ്രായസ്വാതന്ത്ര്യത്തോടും ആദരവും ഇടവും ചുരുങ്ങിവരലാണ്. ഇസ്രായേൽ-ഫലസ്തീൻ പോലുള്ള വിദേശനയ വിഷയങ്ങളിൽ പോലും ഇതെല്ലാം സംഭവിക്കുന്നു. വിവിധ യൂനിവേഴ്സിറ്റികളിലും കോളജുകളിലും സംസാരിക്കാൻ ക്ഷണം ലഭിച്ച എനിക്കും മറ്റുള്ളവർക്കും കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലിരിക്കുന്ന കക്ഷിക്ക് അനുസരിച്ച് ഇത്തരം വിഷയങ്ങളിൽ സംസാരിക്കാനുള്ള അനുമതിപോലും നിഷേധിക്കപ്പെടുന്നു. സർക്കാർ സമിതികളിൽനിന്നോ ഔദ്യോഗിക അപ്രീതി ഭയക്കുന്ന അക്കാദമിക മേധാവികളിൽനിന്നോ ആകാം ഈ എതിർപ്പ്.
വിശാലമായ ഒരു പദ്ധതിയിലേക്കാണ് ഇവയത്രയും വിരൽചൂണ്ടുന്നത്. നേരിട്ടോ സാമൂഹിക സംഘടനകൾ, കാഡർ പ്രവർത്തകർ, അനുഭാവികൾ എന്നിവർ വഴിയോ യൂനിവേഴ്സിറ്റികൾക്കും കോളജുകൾക്കും സന്ദേശം നൽകാനാണ് ലക്ഷ്യമിടുന്നത്. വിശിഷ്യാ സാമൂഹിക ശാസ്ത്രത്തിൽ എന്തു പഠിപ്പിക്കപ്പെടുന്നുവെന്നതിൽ നിയന്ത്രണമാണ് അവരുടെ താൽപര്യം. പൊതുവേദികളിൽ പ്രചരിപ്പിക്കപ്പെടുന്നത് തങ്ങളുടെയും സംഘ്പരിവാറിന്റെയും ആശയങ്ങൾക്കും നിലപാടുകൾക്കും എതിരാകുന്നില്ലെന്നും ഉറപ്പുവരുത്തണം. എന്നെപ്പോലുള്ള വ്യക്തികൾക്ക് അവിടെ പ്രാധാന്യമില്ല. യൂനിവേഴ്സിറ്റികളുടെയും കോളജുകളുടെയും നിയന്ത്രണമാണ് മുഖ്യം.
ബി.ജെ.പിയുടെ വിദേശനയത്തിലെ പ്രധാന വിഷയങ്ങൾ ഇസ്രായേലിന്റേതിനു സമാനമായാണോ രൂപപ്പെടുത്തുന്നത്. ചൈനക്കെതിരായ ബദൽശക്തിയായി ഇന്ത്യയെ ആശ്രയിക്കുകയെന്ന യു.എസ് അനിവാര്യത അവസരമാക്കുകയാണോ?
ബി.ജെ.പിയും സംഘ്പരിവാറും തങ്ങളുടെ ആഭ്യന്തര നയങ്ങൾ -വിദേശനയങ്ങൾ അത്രത്തോളമില്ല- ഇസ്രായേൽ എന്തുചെയ്യുന്നു അതുപോലെയാക്കാനാണ് ശ്രമിക്കുന്നത്. അതിനു വേണ്ടുവോളം തെളിവുകളുണ്ട്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പരിശീലനത്തിനായി ഇസ്രായേലിലേക്ക് അയക്കപ്പെടുന്നു. ആൾക്കൂട്ട നിയന്ത്രണം, അതിർത്തി വിഷയം കൈകാര്യം ചെയ്യൽ, ‘ഭീകരവിരുദ്ധ പോരാട്ടം’ -ഭീകരമുദ്ര ചാർത്തപ്പെടുന്നവർക്കെതിരായ ഔദ്യോഗിക ഭീകരത മറച്ചുവെക്കാനുള്ള സംജ്ഞ- എന്നിവയിൽ പരിശീലനത്തിനായാണ് ഇവരെ അയക്കുന്നത്. ഫലസ്തീനികളെ പുറംതള്ളാനും അവരുടെ വീടുകൾ തകർക്കാനും നിരന്തരം ബുൾഡോസറുകൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് ഇസ്രായേലാണെന്നത് വിസ്മരിച്ചുപോകരുത്.
ഇവിടെ നടന്നുകൊണ്ടിരിക്കുന്നതിന് അവരാണ് മാതൃകയെന്നർഥം. കശ്മീർ താഴ്വരയിൽ ഹിന്ദു പണ്ഡിറ്റുമാരെ വീണ്ടും കുടിയിരുത്തുന്നതിൽ വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റങ്ങൾ മാതൃകയായെന്ന് 2019 നവംബറിൽ ന്യൂയോർക് സിറ്റിയിലെ ഇന്ത്യൻ കോൺസുൽ ജനറൽ എസ്. ചക്രവർത്തി നടത്തിയ പ്രഖ്യാപനം ഒരു രഹസ്യം പുറംലോകത്തെ അറിയിക്കുന്നതായിരുന്നു. അതോടൊപ്പം, കോൺഗ്രസിനും പിന്നീട് ബി.ജെ.പിക്കും കീഴിലെ ഇന്ത്യ ഇസ്രായേലിൽനിന്ന് ആയുധങ്ങളും എല്ലാതരം പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നത് വൻതോതിൽ വർധിച്ചുവന്നിട്ടുണ്ട്. വിദേശനയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവരെ മാതൃകയാക്കുംപോലെയല്ല ഇത്. മോദി സർക്കാറിന്റെ വിദേശനയ സ്വഭാവത്തെ സ്വാധീനിച്ച ഇസ്രായേൽ രീതികൾ രണ്ടുണ്ടെന്ന് പറയാനാകും. ഒന്ന്, പൗരത്വ ഭേദഗതി നിയമം (സി.എ.എ). ലോകത്തെല്ലായിടത്തുമുള്ള ജൂതരെ ‘തിരിച്ചെത്തിക്കാനുള്ള അവകാശ’മെന്ന നയമാണ് ഇസ്രായേലിന്റേത്.
അത്രത്തോളം ഇന്ത്യ കടന്നു പ്രവർത്തിച്ചില്ലെന്നു മാത്രം. എന്നാൽ, ഹിന്ദുക്കൾക്കും തദ്ദേശീയമായി പരിഗണിക്കപ്പെട്ട മതങ്ങൾക്കും ‘യോഗ്യരായ അയൽപക്കത്തേക്ക് തിരിച്ചുവരവ് അവകാശ’മായി സി.എ.എ പരിഗണിക്കാം. പാർസികൾക്കും ക്രിസ്ത്യാനികൾക്കും സമാനമായി പൗരത്വം വേഗത്തിലാക്കാനുള്ള നിയമം ലളിതമായി പറഞ്ഞാൽ ഒരു മറയാണ്. കാരണം, അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഇന്ത്യയിലേക്ക് തിടുക്കം കൂട്ടി വരാൻ കാത്തുനിൽക്കുന്ന ഈ സമുദായക്കാർ എത്ര പേരുണ്ടെന്നത് ഊഹിക്കാവുന്നതേയുള്ളൂ. സി.എ.എ ഹിന്ദു അനുകൂലമെന്നതിലേറെ മുസ്ലിം വിരുദ്ധമെന്നതിന് മറ്റൊരു തെളിവാണ് ജാഫ്നയിലെ തമിഴർക്ക് ഈ ആനുകൂല്യം ഇല്ലെന്നത്. പൗരത്വ വിഷയത്തിലെ മതപരമായ വിവേചനം പങ്കുവെക്കുന്ന ഈ രണ്ട് നയങ്ങൾക്കും പൊതുവായുള്ളത് ജൂതരും ഹിന്ദുക്കളും കാലങ്ങളായി ഇരകളാണെന്ന മിത്താണ്. ഒപ്പം, ഈ രണ്ടു രാജ്യങ്ങളും അവരുടെ ‘സ്വാഭാവിക മാതൃരാജ്യം’ ആണെന്നതും. അനുകരണം നടന്ന മറ്റൊരു മേഖല, യു.എസിൽ ഒരു ഹിന്ദുത്വ രാഷ്ട്രീയ ലോബി സൃഷ്ടിച്ചെടുക്കാനുള്ള നീക്കമാണ്.
യു.എസ് സർക്കാറിന്റെ ഇന്ത്യയോടുള്ള സമീപനവും നിലപാടും സ്വാധീനിക്കലാണ് ലക്ഷ്യം. Political Action Committee for Israel പോലെ രൂപം നൽകിയ ഇന്ത്യൻ സംഘടനകൾ പക്ഷേ, നിലവിൽ തീരെ ദുർബലമാണ്. അതിനെ യു.എസ് പ്രസിഡന്റുമാർക്കിടയിലും കോൺഗ്രസിലും സ്വാധീനശക്തിയാക്കാനുള്ള മാർഗങ്ങൾ ഇസ്രായേൽ സംഘടനയിൽനിന്ന് പഠിച്ചെടുക്കുന്ന തിരക്കിലാണിപ്പോൾ. ഇസ്രായേൽ പശ്ചിമേഷ്യയിൽ ശക്തരാണ്. പാകിസ്താൻ, ചൈന എന്നിവയിൽനിന്ന് ശത്രുത നേരിടുന്ന ഇന്ത്യയാകട്ടെ നിലവിൽ ദക്ഷിണേഷ്യയിൽ അത്രത്തോളമില്ല. എന്നുമാത്രമല്ല, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, മ്യാൻമർ എന്നിങ്ങനെ അയൽക്കാർക്കിടയിൽ ചൈനക്കാണ് കൂടുതൽ സ്വാധീനം. ചൈനയെ പിടിക്കാനുള്ള ശ്രമത്തിൽ ഇന്ത്യക്ക് സവിശേഷ ഇടമുണ്ടെന്ന് യു.എസ് കാണുന്നു. സമാനമായി, തെക്കുകിഴക്കൻ, പൂർവേഷ്യൻ രാജ്യങ്ങളിൽ പലതിനെയും യു.എസ് കൂടെക്കൂട്ടുന്നു.
സ്വന്തം മേഖലയിൽ ഇസ്രായേൽ നേടിയെടുത്ത ഇടം പക്ഷേ, ഇന്ത്യക്കില്ല. അതിനാൽ തന്നെ നയപരവും സൈനികവുമായി അതേ പിന്തുണയും ലഭിക്കില്ല. യു.എസ് ഇന്ത്യയെ വിമർശിക്കാതിരിക്കുകയുമില്ല. പലപ്പോഴായി ഇസ്രായേൽ ചെയ്യുംപോലെ യു.എസിനെ വെല്ലുവിളിച്ചുനിൽക്കാനും ഇന്ത്യക്കാകില്ല. തങ്ങൾക്കും സയണിസത്തിനുമെതിരായ എതിർപ്പും വിമർശനവും സെമിറ്റിക് വിരുദ്ധതയുടെ കുപ്പായമണിയിക്കാമെന്ന സൗകര്യവും ഇവിടെയില്ല. ഹിന്ദുത്വ ശക്തികൾ പ്രചരിപ്പിക്കുന്ന ‘ഹിന്ദുഭീതി’ ഇസ്രായേലിന്റെ വിഷയത്തിൽ നടക്കുംപോലെ ജനം ഏറ്റെടുക്കുന്നില്ലെന്നതും വേറെ കാര്യം. എന്നിട്ടും ‘ഹിന്ദുഭീതി’യെന്ന അസത്യമായ ചർച്ച പരമാവധി പ്രചരിപ്പിക്കാനാണ് മോദി ഗവൺമെന്റിന്റെയും സംഘ്പരിവാറിന്റെയും ശ്രമം.
സർക്കാർ ഫണ്ടിങ്ങിൽ നടക്കുന്ന സ്ഥാപനങ്ങളിലെ അക്കാദമിക വിദഗ്ധർ അടുത്തിടെയായി സർക്കാർ നയങ്ങൾക്കെതിരെ വിരലനക്കാൻ വിസമ്മതിക്കുന്നവരായി മാറിയിട്ടുണ്ട്. തങ്ങളുടെ ഭാവി പദ്ധതികൾക്കും സർക്കാർ സഹായം വേണമെന്നതാകും അവരുടെ വിഷയം. വിസ നിഷേധിച്ച് സാമൂഹിക ശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന വിദേശ അക്കാദമിക്കുകളെ വരെ ഭയപ്പെടുത്തുകയാണ്. അക്കാദമിക സ്വാതന്ത്ര്യം നിലനിർത്താൻ ജനം ഫണ്ടുചെയ്ത മാധ്യമങ്ങൾ എന്ന പോലെ ജനം പണം നൽകിയുള്ള അക്കാദമിക സ്ഥാപനങ്ങളും ആലോചിക്കാവുന്നതാണോ?
ജനം സഹായിച്ചുള്ള അക്കാദമിക സ്ഥാപനങ്ങൾകൊണ്ട് താങ്കൾ ഉദ്ദേശിച്ചതെന്താണ്? സർക്കാർ സ്കൂളുകൾ, കോളജുകൾ, യൂനിവേഴ്സിറ്റികൾ എന്നിവയെല്ലാം ജനം നികുതിയടച്ച പണം കൊണ്ട് നടക്കുന്നവയാണ്. ഏറ്റവും മികച്ച പൊതു സ്കൂൾ സംവിധാനം പ്രദേശത്തെ എല്ലാ കുട്ടികളും ഒരേ വിദ്യാഭ്യാസം നേടുന്ന നാട്ടിലെ പൊതു സ്കൂൾ സംവിധാനമായിരിക്കും. ഓരോ വിദ്യാർഥിക്കും തുല്യമായി പണം വിനിയോഗിക്കപ്പെടും വിധം കുട്ടികളുടെ എണ്ണം നോക്കിയാണ് വിദ്യാലയങ്ങൾക്ക് പണം നൽകേണ്ടത്. അധ്യാപകരുടെ ശമ്പളം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി എല്ലാ തലത്തിലും ഫണ്ടിങ് ഉണ്ടാകണം. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ ഇതുപോലുള്ള പൊതു സ്കൂൾ സംവിധാനമാണുള്ളത്. 90 ശതമാനം കുട്ടികളും ഇവിടെ പഠിക്കുന്നവരാകും. ഇന്ത്യയിൽ പക്ഷേ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്ന വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം 69 ശതമാനം മാത്രമാണ്. ആപേക്ഷികമായി ഫണ്ടിങ് കുറവാണെന്നതാണ് പ്രശ്നം. ജി.ഡി.പിയുടെ 2.9 ശതമാനം വിദ്യാഭ്യാസത്തിന് അനുവദിക്കുന്ന രാജ്യം ഈ വിഷയത്തിൽ 198 രാജ്യങ്ങളിൽ 155ാമതാണ്.
നിങ്ങൾ എഴുതിയിരുന്നു: ‘‘ആർ.എസ്.എസ്-ബി.ജെ.പി അധികാരത്തിന്റെ അഭൂതപൂർവമായ വളർച്ചമൂലം കണ്ടത് കോൺഗ്രസ് പൈതൃകത്തിന്റെ നേർവിപരീതമാണ്. പൊതുജനത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിലെ മോശം റെക്കോഡും നവ ലിബറലിസത്തോടുള്ള ആഭിമുഖ്യവും ബി.ജെ.പിയല്ലാത്ത മറ്റു പ്രതിപക്ഷ കക്ഷികൾക്ക് കടന്നുവരവ് പ്രയാസകരമാക്കി. കോൺഗ്രസ് നവലിബറൽ നയങ്ങൾ നടപ്പാക്കിയിരുന്നില്ലെങ്കിൽ ബി.ജെ.പി രാജ്യം ഭരിക്കുന്ന രാഷ്ട്രീയ ശക്തിയായി ഉയർന്നുവരില്ലെന്നാണോ? മണ്ഡൽ റിപ്പോർട്ട്, രാമജന്മഭൂമി പ്രസ്ഥാനം തുടങ്ങിയവയും ബി.ജെ.പി വളർച്ചക്ക് കരുത്തായിട്ടില്ലേ?
ചരിത്രപരമായി, സ്വതന്ത്ര ഇന്ത്യ രണ്ടുതരം സാമൂഹിക-രാഷ്ട്രീയ വാഴ്ചക്കാണ് സാക്ഷിയായത്. പഴയകാലത്ത് കോൺഗ്രസിന്റെയും പുതുതായി ബി.ജെ.പിയുടെയും ഹിന്ദുത്വയുടെയും. ‘Nationalist Dangers, Secular Failings’ എന്ന 2020ലെ പുസ്തകത്തിൽ ഇതേക്കുറിച്ച് വിശദമായി ഞാൻ എഴുതിയിട്ടുണ്ട്. Hegemony അഥവാ, അധികാരമെന്നാൽ ഒരു ദേശീയ-ജനപ്രിയ ഹിതം വിജയകരമായി രൂപപ്പെടുത്തിയെടുക്കലാണ്. ദേശീയതയെയും അതിന്റെ സാംസ്കാരിക-രാഷ്ട്രീയ ഉള്ളടക്കത്തെയും കുറിച്ച് സ്വന്തം നിർമിതികൾ വ്യാപകവും സ്ഥിരവുമായ ആദരവും അംഗീകാരവും ഉറപ്പാക്കലാണ് ഇവിടെ സാധ്യമാക്കിയെടുക്കുന്നത്. കോളനിവിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു കോൺഗ്രസ്. അതിന്റെ പേരിലുള്ള ജനപ്രിയത അതിനുണ്ട്. ഒരു ജനാധിപത്യ ഭരണത്തെ സ്വയം മൂല്യനിർണയം നടത്തപ്പെടാനുള്ളതാണ്.
അപ്പോഴും, എല്ലാവരുടെയും സമൃദ്ധിയും സാമ്പത്തിക-സാമൂഹിക തുല്യതയും മുന്നോട്ടുവെക്കുന്ന ഒരു പ്രസ്ഥാനം ഇല്ലാതിരുന്നാൽ ഈ ഭരണം സ്വാഭാവികമായും ഏകാധിപത്യ വാഴ്ചയിലേക്ക് വഴുതിപ്പോകാൻ സാധ്യതയേറെ. ഈ വികസന വാഗ്ദാനം കൈമോശം വന്നതാണ് കോൺഗ്രസിന്റെ ചരിത്രപരമായ തളർച്ചയിലേക്കും അധികാര നഷ്ടത്തിലേക്കും നയിച്ചത്. ഒരുപറ്റം പ്രാദേശിക കക്ഷികൾ രംഗത്തെത്തിയ 1960കളിൽ അനിശ്ചിതത്വം വാണ ഒരു ഇടവേളയുണ്ടായിരുന്നു. ഒരു ശക്തിയും സ്ഥിരതയും പൂർണ അധികാരവും നേടാൻ പോന്നതായിരുന്നില്ല. നീണ്ട 30 വർഷത്തെ ഇടവേളക്കു ശേഷം ബി.ജെ.പി രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി. കോൺഗ്രസിൽ പിളർപ്പുകളുടെ കാലമായിരുന്നു ഇത്. അടിയന്തരാവസ്ഥയും രണ്ട് പ്രധാനമന്ത്രിമാരുടെ കൊലപാതകവും ആയിടെ കണ്ടു. ബി.ജെ.പി ഇതര, കോൺഗ്രസ് ഇതര കക്ഷികൾ നേതൃത്വം നൽകുന്ന മൂന്ന് മന്ത്രിസഭകളുമുണ്ടായി. ഒന്നുപോലും പക്ഷേ, കാലാവധി പൂർത്തിയാക്കിയുമില്ല.
തളർച്ചയുടെ ഈ നീണ്ട ഇടവേളയും വിടവ് നികത്തുന്നതിൽ ഇടതുൾപ്പെടെ മറ്റു പ്രാദേശിക കക്ഷികളുടെ പരാജയവുമാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. നവലിബറൽ ഘടകമാണ് കോൺഗ്രസിന് ബദലായി ബി.ജെ.പിയെ വളർത്തിയത് എന്ന വാദം തെറ്റാണ്. 1990കളിൽ നവലിബറൽ സാമ്പത്തിക ഉദാരീകരണത്തിന്റെ വഴിയെ കോൺഗ്രസ് തിരിഞ്ഞത് ജനക്ഷേമവും സമൃദ്ധിയും വ്യാപകമാക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാൽ, വരുമാനം, സമ്പത്ത്, അധികാരം എന്നിവയുടെ വിതരണത്തിലെ അസമത്വം കൂടുതൽ വർധിക്കാനും അതുവഴി നിലവിലെ ജനാധിപത്യ ഘടനകൾ തകർക്കാനുമാണ് അത് സഹായകമായത്. തങ്ങളുടെ സാമ്പത്തിക നയങ്ങളിൽ ബി.ജെ.പിയും ഈ നവലിബറൽ രീതിതന്നെയാണ് പിന്തുടർന്നത്. ഹിന്ദുത്വശക്തികൾ അനുഭവിക്കുന്ന വിപുലമായ അധികാര ലോകത്ത് സമ്പദ്വ്യവസ്ഥയിലെ പിന്നാക്കമാണ് ദുർബല ഘടകം.
മറ്റേതിനെക്കാളും രാമജന്മഭൂമി പ്രസ്ഥാനമാണ് -പലതലങ്ങളിലായി വർഷങ്ങളോളം നിലനിന്ന ഈ കാമ്പയിൻപോലെ ദേശീയ പ്രസ്ഥാന കാലത്തുപോലും ഒന്ന് കൂടുതൽ കാലം നിലനിന്നിട്ടില്ല- ബി.ജെ.പിക്ക് ദേശീയതലത്തിൽ പ്രാമാണ്യം നൽകിയത്. അതിനായി സംഘ്പരിവാർ അണികളെയും സംഘടനകളെയും നട്ടുവളർത്തിയത് സാംസ്കാരിക-രാഷ്ട്രീയ വാഴ്ച ഉറപ്പാക്കുന്നതായി. സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ടാകുമ്പോൾ, നവലിബറൽ ഉദാരീകരണ കാലത്ത് കുത്തകമുതലാളിത്തം മുന്നോട്ടുവെക്കുന്ന ഈ മാറ്റം പഴയ കെയ്നീഷ്യൻ സമീപനത്തിൽനിന്നുള്ള മാറിനടത്തമാണ്. ഈ വലതുപക്ഷ സാമ്പത്തിക മാറ്റം പക്ഷേ, സാധ്യമാകാൻ രാഷ്ട്രീയത്തിലും പ്രത്യയശാസ്ത്രതലത്തിലും ഒരു വലതുപക്ഷ പരിവർത്തനം ആവശ്യം. നാം ഇന്ന് പുലരുന്ന ലോകം എണ്ണമറ്റ ദേശീയ രാഷ്ട്രങ്ങളുടേതായതിനാൽ ഈ രാഷ്ട്രീയ-പ്രത്യയശാസ്ത്ര മാറ്റങ്ങൾ അതത് ദേശങ്ങൾക്കും രാജ്യങ്ങൾക്കും ആനുപാതികമാകും. ഓരോ രാജ്യത്തും അവ വ്യത്യസ്തമായിരിക്കുമെന്ന് സാരം.
2014ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് 31 ശതമാനം വോട്ടുകൾ. 2019ൽ 37.36 ശതമാനവും. എന്നുവെച്ചാൽ, രാജ്യത്തെ വോട്ടർമാരിൽ വലിയ പങ്കും ബി.ജെ.പിയെ പിന്തുണക്കുന്നില്ല. ഇത്രയും വ്യത്യാസങ്ങൾക്കിടെയും എന്തുകൊണ്ടാകും അവർ തെരഞ്ഞെടുപ്പുകൾ ജയിക്കുന്നത്?
‘ആദ്യം ഭൂരിപക്ഷം പിടിക്കുന്നവന് ജയം’ (The First Past the Post) എന്ന തെരഞ്ഞെടുപ്പ് രീതി ജനാധിപത്യ നാണക്കേടാണ്. ആനുപാതിക പ്രാതിനിധ്യത്തിന്റെ മറ്റു മികച്ച രീതികളെക്കാൾ മോശവും. ജനകീയ വോട്ടുകളുടെ അനുപാതത്തെക്കാൾ കൂടുതൽ നിയമനിർമാണ സഭകളിൽ പ്രാതിനിധ്യം നൽകും നമ്മുടെ രീതി. അതുകൊണ്ടുതന്നെ ലോക്സഭയിൽ ഒരു കക്ഷിയും ഇതുവരെ 50 ശതമാനം വോട്ട് നേടാതെ വലിയ മാർജിനിൽ ഭൂരിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്. മുമ്പ് കോൺഗ്രസ് ലോക്സഭയിൽ ഭൂരിപക്ഷം നേടിയപ്പോഴും 42 ശതമാനം മുതൽ 49 ശതമാനം വരെയേ അവർക്ക് വോട്ടുവിഹിതം ലഭിച്ചുള്ളൂ. ഇതിനെക്കാൾ കുറഞ്ഞ വോട്ടുവിഹിതമായിട്ടും ബി.ജെ.പിക്ക് കൂടുതൽ സീറ്റ് ലഭിക്കുന്നത് ഉത്തര-മധ്യ ഇന്ത്യയിലും ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിലും പാർട്ടി നിലനിർത്തുന്ന മേൽക്കൈകൊണ്ടാണ്.
പ്രതിപക്ഷ കക്ഷികളും ‘ആദ്യം ഭൂരിപക്ഷം പിടിക്കുന്നവന് ജയം’ രീതിയെ എതിർക്കാത്തത് ദേശീയ തെരഞ്ഞെടുപ്പുപോലെ സംസ്ഥാന സഭകളിലേക്കും ഇത് ആവശ്യമാണെന്നതിനാലാണ്. അവിടെ അധികാരത്തിലെത്താൻ ഇതില്ലെങ്കിൽ തടസ്സമാകുമെന്നതാണ് അവരുടെ ആധി. ഈ രീതിക്ക് മാറ്റം വരുത്താൻ പക്ഷേ, ഭരണഘടനാ ഭേദഗതി വേണ്ടിവരും. അതിന് പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷവും വേണം. നിലവിലുള്ളതിന് പകരം ആനുപാതിക പ്രാതിനിധ്യമായിരുന്നെങ്കിൽ ബി.ജെ.പി നയങ്ങൾ നടപ്പാക്കാനുള്ള അധികാരത്തിന് തടസ്സമാകുമായിരുന്നു. ബി.ജെ.പി ആഗ്രഹിക്കുന്നത് ഫെഡറൽ സംവിധാനം ദുർബലപ്പെടുത്തി കൂടുതൽ കേന്ദ്രീകരിച്ച അധികാരഘടനയാണ്. മുമ്പ് വാജ്പേയ് സർക്കാർ തെരഞ്ഞെടുപ്പുകൾ കൂടുതൽ പ്രസിഡൻഷ്യൽ രീതിയിലാക്കുന്നത് പരിഗണിക്കാനായി ഒരു സമിതിയെ വെച്ചിരുന്നു.
മോദിയിലെത്തുമ്പോൾ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആണ് അവരുടെ ലക്ഷ്യം. ഇതിനു പുറമെ, ആർ.എസ്.എസിന്റെയും മറ്റു സമിതികളുടെയും സഹായത്തോടെ അടിസ്ഥാനതലത്തിൽ ആളെക്കൂട്ടുന്ന സമാനതകളില്ലാത്ത ഒരു സംവിധാനം ബി.ജെ.പി വളർത്തിയെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷനിൽ അതിന്റെ സ്വാധീനം, ചില മണ്ഡലങ്ങളിൽ ഇ.വി.എം വോട്ടെണ്ണൽ സംവിധാനത്തിൽ സംശയിക്കപ്പെടുന്ന കൃത്രിമത്വങ്ങൾ തുടങ്ങിയവ വോട്ടെടുപ്പ് കാലത്ത് അതിന് മേൽക്കൈ നൽകുന്നതാണ്. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും മറ്റു സംവിധാനങ്ങളിൽ (വിശിഷ്യാ, ജുഡീഷ്യറി) അത് സുഷിരം വീഴ്ത്തുമെങ്കിലും. കാരണം, തെരഞ്ഞെടുപ്പ് ജയം ദേശീയവും അന്തർദേശീയവുമായി അതിന് പൊതുസ്വീകാര്യത നൽകുന്നതാകും.
ബി.ജെ.പിയുടെ തുടർച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങളും അനുബന്ധമായി അത് നടപ്പാക്കിവരുന്ന വ്യവസ്ഥാപിതമായ മാറ്റങ്ങളും പരിഗണിച്ചാൽ നാം ഒരു ഹിന്ദു മതരാഷ്ട്രമാകുന്നതിൽനിന്ന് എത്ര അകലെയാണ്?
തീർച്ചയായും നാമൊരു ഹിന്ദു മതരാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിലാണ്. നാം ഇപ്പോഴേ അങ്ങനെ ആയിക്കഴിഞ്ഞെന്ന് പറയുന്നവരുമുണ്ട്. എന്നാൽ, ഉപഭൂഖണ്ഡത്തിന്റെ വലുപ്പവും രാജ്യത്തിന്റെ വൈവിധ്യവും പരിഗണിച്ചാൽ, നാം ഇതുവരെയും അങ്ങനെ ആയിട്ടില്ല. എന്നാൽ, ഒരു ഹിന്ദുരാജ്യവും മതമേലധ്യക്ഷന്മാർ ഭരണം നിർവഹിക്കുന്ന ഹിന്ദു മതരാഷ്ട്രവും തമ്മിലെ വ്യത്യാസവും അറിയണം. ഒരു മത മേധാവിയായ ആദിത്യനാഥ് രാഷ്ട്രീയ മേധാവിയാകുന്നത് മതേതര തത്ത്വങ്ങൾക്കെതിരാണെങ്കിലും ഹിന്ദുത്വശക്തികൾ ഒരു മതമേലധ്യക്ഷൻ ഇവിടെ ഭരണമേറ്റെടുക്കണമെന്ന് പറയുന്നവരല്ല. ഇറാൻ എന്നത് ഒരു മുസ്ലിം മതരാഷ്ട്രമാണ്. എന്നാൽ, സൗദി അറേബ്യ, പാകിസ്താൻ, മലേഷ്യ എന്നിവയൊന്നും മതരാഷ്ട്രങ്ങളല്ല.
ഇടക്കിടെ തെരഞ്ഞെടുപ്പ് നടക്കുകയും ജനാധിപത്യമാണെന്ന് കരുതപ്പെടുകയും ചെയ്യുന്ന പാകിസ്താനും മലേഷ്യയുമടക്കം രാജ്യങ്ങളിൽ പൗരന്മാരുടെ സ്വാതന്ത്ര്യങ്ങളിലെ വ്യത്യാസം ശ്രദ്ധിക്കണം. ജനാധിപത്യപരമായി ഇന്ത്യയിൽ സംഭവിച്ചുകഴിഞ്ഞ അപചയത്തിന്റെ ആഴം ഭീകരവും ഞെട്ടിപ്പിക്കുന്നതുമാണ്. ബി.ജെ.പിയും സംഘ്പരിവാറും വീണ്ടും അധികാരമേറിയാൽ സ്ഥിതി കൂടുതൽ ഭീഷണമാകും. ‘ഇലക്ടറൽ ഏകാധിപത്യം’, ‘വംശീയാധിപത്യം’ പോലുള്ള സംജ്ഞകളോ അതിലും മോശമായവയോ ആണ് നിലവിലെ ഇന്ത്യൻ സാഹചര്യം വിശദീകരിക്കാവുന്ന പദങ്ങളെന്നതിൽ അത്ഭുതം തോന്നേണ്ടതില്ല.
സ്വന്തം താൽപര്യങ്ങൾക്ക് പാകമായി സിലബസ് മാറ്റി വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ബി.ജെ.പി നടത്തിയ ഇടപെടലുകൾ വിശദീകരിക്കാമോ?
2014 മുതൽ ഹിന്ദുത്വ പ്രത്യയശാസ്ത്ര പാഠങ്ങളും സ്വാധീനവും വിദ്യാഭ്യാസ സംവിധാനം വഴി വ്യാപകമാക്കാൻ മോദി സർക്കാർ ശ്രമിച്ചിട്ടുണ്ട്. ത്രിതീയതല വിദ്യാഭ്യാസ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയെന്ന പൊതുവായ നവലിബറൽ നയം നിലവിലുള്ളതാണ്. ഈ നീക്കത്തിന്റെ ഭാഗമായി സ്വന്തം കോഴ്സുകൾക്ക് രൂപംനൽകാൻ കോളജുകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും സ്വയംഭരണവും ലഭിക്കുന്നുണ്ട്. കേന്ദ്ര യൂനിവേഴ്സിറ്റികൾ (വിശിഷ്യാ, ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി), ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ യൂനിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ ഹിന്ദുത്വ ചിന്തക്കെതിരെ വിമർശനാത്മകമായി പ്രതികരിക്കാൻ സാധ്യതയുള്ള സാമൂഹിക ശാസ്ത്ര, ചരിത്ര വകുപ്പുകളിൽ ഗണ്യമായ മാറ്റങ്ങൾ നടപ്പിൽവരുത്തിക്കഴിഞ്ഞു.
മുകൾത്തട്ടിൽനിന്നാണ് ഇവിടങ്ങളിൽ കൊണ്ടുവരുന്നത്. ആദ്യം ഭരണതലപ്പത്ത് സ്വന്തം ആളുകളെ വെക്കൽ, അധ്യാപക നിയമനത്തിൽ തങ്ങൾക്ക് പറ്റുന്നവരെ നിയമിക്കൽ, കോഴ്സുകളും കരിക്കുലവും മാറ്റൽ, കാമ്പസിലെ രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിലെ ജനാധിപത്യ സ്വഭാവം മാറ്റിയെടുക്കൽ... എന്നിങ്ങനെ. യൂനിവേഴ്സിറ്റികളെ നിരീക്ഷിക്കാനുള്ള ചുമതല ബി.ജെ.പി സർക്കാർ ആർ.എസ്.എസിന് നൽകിയിരിക്കുകയാണ്. തങ്ങൾക്കിണങ്ങാത്ത പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവ അവർ തിരിച്ചറിയും. പിന്നീട് അവ യൂനിവേഴ്സിറ്റി സിലബസിൽനിന്നും വായന പട്ടികയിൽനിന്നും എടുത്തുമാറ്റും. പ്രസാധകർ മാത്രമല്ല, പണ്ഡിതരും അവരിറക്കുന്ന ഗവേഷണവും എഴുത്തുമെല്ലാം ഭാവിയിൽ ഉണ്ടാകാവുന്ന വിവാദങ്ങളെക്കുറിച്ച ആശങ്കയുള്ളവരാണ്. ഇത് തങ്ങളുടെ കരിയറിനെ ബാധിക്കുമോയെന്നാണ് അവർക്ക് പേടി.
വിദ്യാഭ്യാസം സ്കൂൾതലത്തിൽ തുടക്കമാകുന്നതാണ്. പൊതു, സ്വകാര്യ മേഖലകളിലെ മിക്ക വിദ്യാലയങ്ങളും പിന്തുടരുന്നത് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) സിലബസും ഫൈനൽ ബോർഡ് പരീക്ഷകളുമാണ്. 12ാം ക്ലാസ് വരെ സി.ബി.എസ്.ഇ അധ്യാപന കോഴ്സുകളും ടെക്സ്റ്റ് ബുക്കുകളും മാതൃകയാക്കുന്ന നാഷനൽ കൗൺസിൽ ഫോർ എജുക്കേഷൻ റിസർച് ആൻഡ് ട്രെയിനിങ്ങിനെയും (എൻ.സി.ഇ.ആർ.ടി). അത്ഭുതപ്പെടേണ്ടതില്ല, ആധുനികവും പൗരാണികവുമായ ഇന്ത്യൻ ചരിത്രം, രാഷ്ട്രീയം എന്നിവയിലെ ഹിന്ദുത്വവായനയും പക്ഷവും പ്രകടമാക്കുംവിധം പാഠപുസ്തകങ്ങളുടെ പുനർരചന കാര്യമായി നടന്നുകഴിഞ്ഞു.
2021ൽ പുതിയ നയവും രംഗത്തുവന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ, ഫണ്ടിങ് സഹകരണത്തോടെ സെക്കൻഡറി തലത്തിൽ 1000 ‘സൈനിക സ്കൂളുകൾ’ സ്ഥാപിതമാകാൻ പോകുന്നു. നിലവിൽ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള 33 വിദ്യാലയങ്ങൾക്ക് പുറമെയാണിത്. ദേശീയ പ്രതിരോധ അക്കാദമി പരീക്ഷ പാസാക്കാൻ മക്കളെ പരിശീലിപ്പിക്കലാണ് ഇവിടെ ലക്ഷ്യം. ക്രമേണ ഇന്ത്യൻ സായുധ സേനകളിൽ അവർക്ക് ഓഫിസർമാരായി വരാം. 2022 മേയ്- 2023 ഡിസംബർ മാസങ്ങൾക്കിടെ വ്യത്യസ്ത ഫീസ് ഘടനകളുമായി 40 സ്വകാര്യ വിദ്യാലയങ്ങൾ ഇതുപ്രകാരം ധാരണപത്രം ഒപ്പിട്ടുകഴിഞ്ഞു. ഇവയിൽ 60 ശതമാനവും നടത്തുക ആർ.എസ്.എസ്, ബി.ജെ.പി രാഷ്ട്രീയ നേതാക്കളോട് അനുഭാവമുള്ള സംഘടനകൾ, ഹിന്ദുമത സമിതികൾ, മറ്റ് ഹിന്ദുത്വ സംവിധാനങ്ങൾ എന്നിവയാണ്. സൈനികനിരയിലെ ഓഫിസർമാരെ മാറ്റിയെടുക്കാനുള്ള ദൃഢപ്രതിജ്ഞയാണ് ഇവിടെ പ്രകടമാകുന്നത്.
ന്യൂനപക്ഷ ജനസംഖ്യ ഏറെയുള്ള രാജ്യത്ത് മുസ്ലിംകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരെ ഹിന്ദുത്വ ദേശീയത പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് എന്തുപറയുന്നു?
മുസ്ലിംകൾക്കെതിരെ ഹിന്ദുത്വ നയം ‘നിങ്ങൾ സ്വന്തം ഇടം തിരിച്ചറിഞ്ഞ്’ അംഗീകരിക്കുക എന്നതാണ്. എന്നുവെച്ചാൽ രണ്ടാംകിട പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞ് വിധേയപ്പെടുക എന്നർഥം. ഒരു സമുദായമെന്നനിലക്ക് അവരെ കൂടുതൽ അരികുവത്കരിക്കാനാണ് നീക്കം. ഇസ്ലാമിലേക്കുള്ള മതപരിവർത്തനം ഹിന്ദുത്വ ഇഷ്ടപ്പെടുന്നില്ല. എന്നാൽ, ഹിന്ദു വിഭാഗങ്ങൾക്കിടയിലേക്കാകുമ്പോൾ തീർച്ചയായും നന്ന്. മുസ്ലിം കുടുംബങ്ങൾക്ക് കൂടുതൽ കുട്ടികൾ അരുത്. മുസ്ലിം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിൽ വിവാഹമരുത്. മറിച്ചാണെങ്കിൽ സമ്മതം. ചേരികളിൽ കഴിയുന്ന മുസ്ലിംകൾ ബി.ജെ.പിയെ പിന്തുണക്കുകയും ഫണ്ട് നൽകുകയും ചെയ്യുന്നുവെങ്കിൽ മതവിശ്വാസവുമായി മുന്നോട്ടുപോകാം. ഗുജറാത്തിൽ നിലവിൽ അങ്ങനെയാണ് നടപ്പാക്കപ്പെടുന്നത്.
അത് രാജ്യത്ത് മാതൃകയാക്കലാണ് ലക്ഷ്യം. സർക്കാർ സർവിസുകൾ, പൊലീസ്, സായുധ സേന (വിശിഷ്യാ, ഉയർന്ന തലങ്ങളിൽ) എന്നിവിടങ്ങളിൽ മുസ്ലിംകൾക്ക് അവസരങ്ങൾ നിലവിലുള്ളതിലും കുറവാകും. സി.എ.എ പ്രയോഗത്തിലാകുന്നതോടെ പൗരത്വം നിഷേധിക്കപ്പെടുന്ന മുസ്ലിംകൾ വർധിക്കും. തടവറകളിൽ പാർപ്പിക്കുന്ന അവരെ നാടുകടത്താനാകാത്തതിനാൽ (പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയുമായി നാടുകടത്തൽ കരാറുകളില്ല) മറ്റു പദ്ധതികൾക്കായി പ്രയോജനപ്പെടുത്തും.