Begin typing your search above and press return to search.
proflie-avatar
Login

മലയാളികൾ കൂടുതലായി ഖയാൽ കേൾക്കേണ്ടതുണ്ട്

മലയാളികൾ കൂടുതലായി   ഖയാൽ കേൾക്കേണ്ടതുണ്ട്
cancel

കേരളത്തിൽ പതിനെട്ട്​ വർഷമായി വായ്പാട്ടും സാരംഗിയും പഠിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതജ്​ഞൻ ഫയ്യാസ് ഖാൻ ത​ന്റെ സംഗീതവഴികളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും തുറന്നു സംസാരിക്കുന്നു. മലയാളിയുടെ സംഗീതബോധത്തെക്കുറിച്ച്​ ചില നിരീക്ഷണങ്ങളും അദ്ദേഹം നടത്തുന്നു.സാരംഗി മലയാളിക്ക് അത്ര പരിചിതമായ സംഗീതോപകരണമല്ല. എന്നാൽ, കഴിഞ്ഞ പതിനെട്ട് വർഷമായി കേരളത്തിൽ വായ്പാട്ടും സാരംഗിയും പഠിപ്പിക്കുന്ന ഫയ്യാസ്​ ഖാനെ ഹിന്ദുസ്താനി സംഗീതാസ്വാദകർക്ക് സുപരിചിതമാണ്. സിനിമാസംഗീതത്തെ കൂടുതലായി ഇഷ്ടപ്പെടുന്നവർ ‘പെരുമഴക്കാലം’ എന്ന സിനിമയിൽ ‘‘രാക്കിളിതൻ’’ എന്ന പാട്ടിലെ പിയാ...പിയാ... പിയാ കൊ മിലൻ കി ആസ്‌ രെ എന്നഭാഗം...

Your Subscription Supports Independent Journalism

View Plans
കേരളത്തിൽ പതിനെട്ട്​ വർഷമായി വായ്പാട്ടും സാരംഗിയും പഠിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതജ്​ഞൻ ഫയ്യാസ് ഖാൻ ത​ന്റെ സംഗീതവഴികളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും തുറന്നു സംസാരിക്കുന്നു. മലയാളിയുടെ സംഗീതബോധത്തെക്കുറിച്ച്​ ചില നിരീക്ഷണങ്ങളും അദ്ദേഹം നടത്തുന്നു.

സാരംഗി മലയാളിക്ക് അത്ര പരിചിതമായ സംഗീതോപകരണമല്ല. എന്നാൽ, കഴിഞ്ഞ പതിനെട്ട് വർഷമായി കേരളത്തിൽ വായ്പാട്ടും സാരംഗിയും പഠിപ്പിക്കുന്ന ഫയ്യാസ്​ ഖാനെ ഹിന്ദുസ്താനി സംഗീതാസ്വാദകർക്ക് സുപരിചിതമാണ്. സിനിമാസംഗീതത്തെ കൂടുതലായി ഇഷ്ടപ്പെടുന്നവർ ‘പെരുമഴക്കാലം’ എന്ന സിനിമയിൽ ‘‘രാക്കിളിതൻ’’ എന്ന പാട്ടിലെ പിയാ...പിയാ... പിയാ കൊ മിലൻ കി ആസ്‌ രെ എന്നഭാഗം പാടിയത് ഫയ്യാസ്​ഖാൻ ആണെന്ന് അറിഞ്ഞിരിക്കില്ല.

ദക്ഷിണേന്ത്യയിലെ ഹിന്ദുസ്താനി സംഗീതത്തിന്റെ കേന്ദ്രമായ ധാർവാഡിൽനിന്നുള്ള ഉസ്‌താദ്‌ ഫയ്യാസ്​ഖാൻ, സാരംഗിയിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പണ്ഡിറ്റ് രാംനാരായന്റെ ശിഷ്യനാണ്. ആറു തലമുറയായി സംഗീതത്തെ ഉപാസിക്കുന്ന ഫയ്യാസ് ഖാന്റെ കുടുംബം ഗ്വാളിയോറിൽനിന്ന് വന്നവരാണ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഉസ്താദ് ശൈഖ് അബ്ദുല്ല ഖാൻ മൈസൂരു രാജാവിന്റെയും ഹൈദരാബാദ് നവാബിന്റെയും കൊട്ടാരത്തിലെ സാരംഗിവാദകനായിരുന്നു. ഫയ്യാസ് ഖാന്റെ പിതാവ് ഉസ്താദ് അബ്ദുൽ ഖാദിർ ഖാൻ ഓൾ ഇന്ത്യ റേഡിയോയിൽ സാരംഗിവാദകനും സ്റ്റാഫ്‌ ആർട്ടിസ്റ്റും മാതാവ് സാരംഗിവാദകയും വായ്പാട്ടുകാരിയുമായിരുന്നു.

ഫയ്യാസ്​ ഖാനോടൊപ്പം സിത്താർ വാദകൻ പണ്ഡിറ്റ് കൃഷ്ണകുമാർ, കെ.പി. ഹരികുമാർ എന്നിവർ ചേർന്ന് എറണാകുളത്ത് ഭാരതീയ സംഗീത വിദ്യാലയം എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്. 18 വർഷം പിന്നിട്ട ആ സ്ഥാപനത്തിലൂടെ കേരളത്തിൽ ഹിന്ദുസ്താനി സംഗീതത്തിന് വേരോട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അതിലൂടെ പുറത്തുവന്ന മലയാളികളും അല്ലാത്തവരുമായ ശിഷ്യർ രാജ്യത്തി​ന്റെ പലഭാഗത്തും സംഗീതരംഗത്ത് തിളങ്ങിനിൽക്കുന്നു. ഉസ്താദ് ഫയ്യാസ് ഖാൻ തന്റെ സംഗീതജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു.

ഉന്നതമായ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് താങ്കൾ വരുന്നത്. താങ്കളുടെ പിതാവും പിതാമഹന്മാരും വലിയ സംഗീതകാരന്മാരായിരുന്നു. എങ്ങനെയായിരുന്നു താങ്കളുടെ കുട്ടിക്കാലം?

ഞാൻ ജനിക്കുമ്പോൾതന്നെ വീട്ടിൽ വലിയ സംഗീതജ്ഞരുണ്ടായിരുന്നു. എ​ന്റെ പപ്പയും അമ്മാവനും. എന്റെ ഉമ്മ പോലും പാടുകയും സാരംഗി വായിക്കുകയും ചെയ്തിരുന്നു. സംഗീതം എ​ന്റെ ഡി.എൻ.എയിൽ ഉണ്ടായിരുന്നു. മൂന്നോ നാലോ വയസ്സുള്ളപ്പോൾ ഞാൻ തബല വായിക്കാൻ തുടങ്ങി. എന്റെ സഹോദരൻ തബല പഠിക്കുന്നുണ്ടായിരുന്നു. അവനെ പഠിപ്പിക്കുന്ന ഗുരുജിയിൽനിന്ന് ഞാനും തബല പഠിച്ചു.

ഞാൻ സംഗീതം പഠിക്കുന്നതിൽ എ​ന്റെ പപ്പ (ഉസ്താദ് അബ്ദുൽ ഖാദിർ ഖാൻ) തീരെ താൽപര്യം കാണിച്ചിരുന്നില്ല. ഞാൻ പഠിച്ച് ഒരു ജോലി നേടുന്നതാണ് അദ്ദേഹത്തിന് താൽപര്യം. പക്ഷേ, സംഗീതത്തോടുള്ള പാഷൻ എന്നെ മറ്റെവിടെയും പോകാൻ അനുവദിച്ചില്ല. ചെറിയ പ്രായത്തിൽതന്നെ വലിയ സംഗീതജ്ഞർക്ക് തബലയിൽ അകമ്പടിക്കാരനായി. എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോൾ പപ്പ മരിച്ചു. അപ്പോൾ തോന്നി സാരംഗി തുടർന്ന് പഠിക്കണമെന്ന്. പപ്പ സാരംഗിയിലും വായ്‌പാട്ടിലും ആദ്യപാഠങ്ങൾ പഠിപ്പിച്ചുതന്നിരുന്നു. പപ്പ ധാർവാഡ് ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റ് ആയിരുന്നു. അതിനുമുമ്പ് അദ്ദേഹം ഹൈദരാബാദ്‌ നൈസാമിന്റെ കൊട്ടാരം ഗായകനായിരുന്നു. എന്റെ മുത്തച്ഛൻ ഗ്വാളിയോർ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു. പിന്നീട് അദ്ദേഹം മൈസൂരു രാജാവ് കൃഷ്ണരാജ് വോഡയാറുടെ കൊട്ടാരത്തിലെത്തി.

പപ്പയുടെ മരണശേഷം പഠനം എങ്ങനെയായിരുന്നു?

പപ്പയുടെ മരണശേഷം അദ്ദേഹത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ സാരംഗി നന്നായി പരിശീലിക്കാൻ തുടങ്ങി. എനിക്ക് ആകാശവാണി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടി. അതുപോലെ തന്നെ ദൂരദർശനിലും. അതിനുശേഷം ഞാൻ മുംബൈയിലേക്ക് പോയി. ഒരു വലിയ സംഗീതജ്ഞനിൽനിന്ന് സാരംഗി പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ പണ്ഡിറ്റ് രാംനാരായനിലേക്ക് എത്തി. അക്കാലത്താണ് ബാബരി മസ്‌ജിദ്‌ തകർക്കപ്പെടലും തുടർന്നുള്ള വർഗീയ സംഘർഷങ്ങളും ഉണ്ടാകുന്നത്. അപ്പോൾ മുംബൈ എനിക്ക് യോജിച്ച സ്ഥലമല്ലെന്ന് തോന്നി. എന്റെ നാടായ ധാർവാഡിലെ ജനങ്ങൾ സമാധാനം ഇഷ്ടപ്പെടുന്നവരായിരുന്നു.

അങ്ങനെയൊരു സ്ഥലത്തുനിന്ന് വന്ന എന്നെ മുംബൈയിലെ അക്രമങ്ങളും കൊലപാതകങ്ങളും ഭയപ്പെടുത്തി. നാട്ടിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലതെന്ന് തോന്നി. ധാർവാഡിൽ തിരിച്ചെത്തി കുറച്ചുകാലം അവിടെ നിന്നു. അത് കഴിഞ്ഞ് ബംഗളൂരുവിലേക്ക് പോയി. ഈ കാലത്തിനിടയിൽ എന്റെ ജീവിതത്തിൽ പല സംഭവങ്ങളും നടന്നു. പത്തുവരെ കന്നട മീഡിയത്തിൽ പഠിച്ചിരുന്ന എന്റെ പഠനം നിലച്ചു. ഞാൻ വിദ്യാഭ്യാസം നിർത്തി സംഗീതത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി.

ബാബരി മസ്‌ജിദിന്റെ തകർക്കൽ എങ്ങനെയാണ് താങ്കളുടെ സംഗീതപഠനത്തെ ബാധിച്ചത്?

അന്ന് ഞാൻ പണ്ഡിറ്റ് രാംനാരായ​ന്റെ അടുത്തുനിന്ന് സാരംഗി പഠിക്കാൻ വന്നതായിരുന്നു. വളരെ അസ്വസ്ഥകരമായ ദിവസങ്ങളായിരുന്നു അത്. ഞങ്ങൾ മൂന്നുപേർ -ഞാൻ, ജാവേദ്, കൗസർ അലി -ദത്താത്രേയ ലോഡ്ജിൽ താമസിക്കുകയായിരുന്നു. കലാപം തുടങ്ങിയപ്പോൾ ഞങ്ങൾ മുറിയിൽ അടച്ചിട്ട് ഇരുന്നു. മുറിവിട്ട് പുറത്തിറങ്ങുന്നത് അപകടകരമായിരുന്നു. രണ്ടാഴ്ചയോളം അതിനുള്ളിൽതന്നെ കഴിഞ്ഞു. അതിനു ശേഷം ലോഡ്ജിന്റെ ഉടമ വന്നു. നിങ്ങൾ വിഷമിക്കേണ്ട പുറത്തുപോകാം എന്നു പറഞ്ഞു. പട്ടാളം ഇറങ്ങിയിരുന്നു. എങ്ങനെയോ കുറച്ചുദിവസങ്ങൾ അവിടെ കഴിച്ചുകൂട്ടി. എന്തും എപ്പോഴും സംഭവിക്കുമെന്ന നിലയായിരുന്നു. ഞാൻ വല്ലാതെ പേടിച്ചിരുന്നു.

ഗുരുവിനോട് നാട്ടിലേക്ക് മടങ്ങാനുള്ള അനുവാദം ചോദിച്ചു. കുറച്ചുകഴിഞ്ഞ് തിരിച്ചു വരാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. ഞാൻ ധാർവാഡിലെത്തി ഒരു വർഷം അവിടെ കഴിഞ്ഞു. എന്റെ മനസ്സിന് സമാധാനമില്ലായിരുന്നു. കൺമുന്നിൽ കണ്ട അക്രമങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു. അതിനുശേഷം ഞാൻ കോലാപ്പൂരിലെ ഒരു മ്യൂസിക് അക്കാദമിയിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്തു. ഞാൻ ധാർവാഡിലേക്ക് തിരിച്ചുവന്നു. എന്റെ കുടുംബം വിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നു. 95ൽ വിവാഹം കഴിഞ്ഞു. അതിനുശേഷം ബംഗളൂരുവിലേക്ക് പോയി.

 

ഉസ്താദ് ഫയ്യാസ്​ ഖാൻ സംഗീത പരിപാടിയിൽ

ഉസ്താദ് ഫയ്യാസ്​ ഖാൻ സംഗീത പരിപാടിയിൽ

താങ്കളുടെ ഗുരു പണ്ഡിറ്റ് രാം നാരായൻ സാരംഗിയിലെ വലിയ ലെജൻഡ് ആണ്‌. അദ്ദേഹത്തിന്റെ കൂടെയുള്ള അനുഭവം..?

അക്കാലം എങ്ങനെ വിവരിക്കാൻ പറ്റും? അതെന്റെ ജീവിതത്തിലെ സുവർണ ദിനങ്ങളായിരുന്നു. അക്കാലത്ത് അദ്ദേഹം വളരെ തിരക്കുള്ള സംഗീതജ്ഞനായിരുന്നു. കുറച്ചു മാത്രമേ പഠിപ്പിക്കൂ. കൂടുതൽ സമയം പ്രാക്ടിസ് ചെയ്യണം. അതാണ് പ്രധാനം. അധികം രാഗങ്ങളൊന്നും പഠിപ്പിച്ചിരുന്നില്ല. രാഗങ്ങൾ ജീവിതകാലം മുഴുവൻ പഠിക്കാനുള്ളതുണ്ട്. കൂടുതൽ സാങ്കേതികമായ കാര്യങ്ങളാണ് പഠിപ്പിച്ചത്. കൈവിരലുകൾ എങ്ങനെ ഉപയോഗിക്കാം എന്നും മറ്റും.

വലിയ ഗായകരായ ഉസ്താദ് അബ്ദുൽ കരീംഖാൻ, ഉസ്താദ് ബഡേ ഗുലാം അലിഖാൻ, ഉസ്താദ് അമീർ ഖാൻ എന്നിവർ അവരുടെ സംഗീതജീവിതം ആരംഭിച്ചത് സാരംഗിവാദകരായിട്ടാണ്. പിന്നീട് അവർ വായ്‌പാട്ടിലേക്ക് മാറി. സാരംഗിപഠനം താങ്കളുടെ വായ്പാട്ടിന് എത്രത്തോളം സഹായകരമായിട്ടുണ്ട്..?

വളരെയധികം. ഇപ്പോൾ നല്ല സാരംഗി വായനക്കാർ വളരെ കുറവാണ്. എന്തുകൊണ്ടാണ് അവരുടെ എണ്ണം കുറഞ്ഞിരിക്കുന്നത് എന്നത് മറ്റൊരു കാര്യമാണ്. പഴയകാലത്ത് എല്ലാ വലിയ ഗായകർക്കും അവരുടേതായ സാരംഗി, തബല വാദകർ ഉണ്ടായിരുന്നു. ഉസ്താദുമാരും പണ്ഡിറ്റുമാരും അവരുടെ മക്കളെ പഠിപ്പിച്ചിരുന്നത് ഹാർമോണിയമായിരുന്നില്ല സാരംഗിയും തബലയുമായിരുന്നു. സാരംഗി വായ്‌പാട്ടുമായി വളരെ അടുത്ത് നിൽക്കുന്നു. യാഥാർഥത്തിൽ വായ്പാട്ടിനേക്കാൾ കൂടുതൽ മെലോഡിയസ് ആയിരുന്നു. വായ്പാട്ടു പഠിപ്പിക്കുമ്പോൾ സാരംഗി വാദകർ അവരുടെ കൂടെ ഇരിക്കാറുണ്ടായിരുന്നു. സാരംഗിയിൽ അവർ ഗായകി അംഗ് കാണിച്ചുകൊടുക്കും. അതു വായ്പാട്ടുകാരന് വലിയ അനുഗ്രഹമായിരുന്നു. അബ്ദുൽ കരീംഖാൻ, ബഡേ ഗുലാം അലിഖാൻ എന്നിവർ ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ സാരംഗിയിൽനിന്ന് വായ്പാട്ടിലേക്ക് മാറിയവരാണ്. അതുപോലെ അമീർ ഖാന്റെ പിതാവ് നല്ലൊരു സാരംഗിവാദകനായിരുന്നു.

ഹാർമോണിയത്തിന്റെ വരവ് സാരംഗിയുടെ സാധ്യതകളെ എങ്ങനെയാണ് ബാധിച്ചത്?

സാരംഗി പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഉപകരണമായതുകൊണ്ട് ആളുകൾ തബല, സിതാർ, വായ്‌പാട്ട് എന്നിവ പഠിക്കാനാണ് താൽപര്യം കാണിച്ചത്. അതുകൊണ്ട് ക്രമേണ ക്രമേണ നല്ല സാരംഗിവാദകരുടെ എണ്ണം കുറഞ്ഞുവന്നു. ആ സമയം ഹാർമോണിയം വായനക്കാർ കൂടിവന്നു. സാരംഗിവാദകർക്ക് അവസരം കിട്ടാത്തതിന് മറ്റൊരു കാരണംകൂടിയുണ്ട്. അവർക്ക് നല്ല പ്രതിഫലം കൊടുക്കണമായിരുന്നു. ചില ഹാർമോണിയം വായനക്കാർ വലിയ പാട്ടുകാരെ സമീപിച്ചു ഇങ്ങനെ പറയും, “ഉസ്‌താദ്‌ജി/ പണ്ഡിറ്റ്ജി, എനിക്ക് ചാൻസ് തരണം. പ്രതിഫലം എന്തായാലും പ്രശ്‌നമില്ല.” എന്നാൽ, സാരംഗിവാദകർ ഇങ്ങനെ ചെയ്യാറില്ല.

സാരംഗി ഇല്ലാതെ വായ്‌പാട്ട് അപൂർണമായിരിക്കുമെന്ന് കിശോരി അമോങ്കർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്...

അത് സത്യമാണ്. സാരംഗി ഉണ്ടെങ്കിൽ ആ കച്ചേരി നന്നായിരിക്കും. പഴയകാലത്ത് ഞാൻ കണ്ടിട്ടുണ്ട്, വലിയ ഗായകർക്ക് സാരംഗിയാണ് വേണ്ടത് ഹാർമോണിയം അല്ല. ബഡേ ഗുലാം അലിഖാൻ, കുമാർ ഗന്ധർവ, ഗംഗുബായി ഹംഗൽ, ഭിംസെൻ ജോഷി എന്നിങ്ങനെയുള്ള വലിയ ഗായകർ സാരംഗിയാണ് കച്ചേരികളിൽ ഉപയോഗിച്ചിരുന്നത്. തങ്ങളുടെ കച്ചേരികളുടെ പൂർണതയും ഭംഗിയും ഹാർമോണിയത്തിൽ കിട്ടില്ല എന്ന് അവർക്ക് അറിയാമായിരുന്നു.

പല ഹിന്ദുസ്താനി സംഗീതജ്ഞരും പറയുന്നത് സംഗീതത്തിന്റെ ലക്ഷ്യം മോക്ഷമാണ് എന്നാണ്. പക്ഷേ, ഹിന്ദുസ്താനി സംഗീതത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, മുഗൾ കൊട്ടാരങ്ങളിൽ സംഗീതം വിനോദത്തിന് വേണ്ടിയായിരുന്നു ഉപയോഗിച്ചത്. പിന്നെ എങ്ങനെയാണ് സംഗീതം മോക്ഷത്തിന് വേണ്ടിയാണെന്ന് പറയാൻ സാധിക്കുക..?

തീർച്ചയായിട്ടും സംഗീതം മോക്ഷത്തിനുവേണ്ടിയാണ്. എന്നാൽ, സംഗീതകാരന്റെ കുടുംബത്തിന് ജീവിക്കണം. മോക്ഷം മാത്രമാണെങ്കിൽ അതെങ്ങനെ സാധ്യമാവും? അതുകൊണ്ട് അവർ കൊട്ടാരങ്ങളിൽ പോയി രാജാക്കന്മാരെ ആനന്ദിപ്പിക്കും. അത് അവർക്ക് ഉപജീവനമാർഗം മാത്രമാണ്. തവായഫുകളുടെ വീടുകളിലും അവർ ജോലിചെയ്തിരുന്നത് ഇതിനു വേണ്ടിയാണ്. എന്റെ പിതാവ്, നിസാമിന്റെ കൊട്ടാരം ഗായകനായിരുന്നു. അന്ന് മറ്റൊരു ജോലിയില്ല. അവർക്ക് എങ്ങനെയെങ്കിലും ജീവിച്ചേ പറ്റൂ. രാജാക്കന്മാരെയോ തവായഫുകളെയോ ആനന്ദിപ്പിക്കാനല്ല അവർക്ക് ജീവിക്കാനാണ് സംഗീതത്തെ അവർ ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് അവരെ ആനന്ദിപ്പിക്കുന്നതിൽ തെറ്റില്ല.

 

പണ്ഡിറ്റ് രാം നാരായൻ

പണ്ഡിറ്റ് രാം നാരായൻ

ദക്ഷിണേന്ത്യയിലെ ഹിന്ദുസ്താനി സംഗീതത്തിന്റെ കേന്ദ്രമായ ധാർവാഡിൽനിന്നാണ് താങ്കൾ വരുന്നത്. വലിയ സംഗീതജ്ഞൻമാരായ സവായി ഗന്ധർവ, മല്ലികാർജുൻ മൻസൂർ, കുമാർ ഗന്ധർവ, ഗംഗുബായി ഹംഗൽ, ഭിംസെൻ ജോഷി എന്നിങ്ങനെയുള്ള മഹാരഥന്മാർ അവിടെ നിന്നുള്ളവരാണ്. ധാർവാഡ് എങ്ങനെയാണ് താങ്കളുടെ സംഗീതജീവിതത്തെ സ്വാധീനിച്ചത്?

വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. എനിക്ക് ആദ്യമായി പറയാനുള്ളത് ഞങ്ങൾ യഥാർഥത്തിൽ ധാർവാഡിൽ നിന്നുള്ളവരല്ല. എ​ന്റെ മുതുമുത്തച്ഛൻ ഉത്തർപ്രദേശിലെ കിരാനയിൽനിന്നാണ്. അതൊരു ചെറിയ ഗ്രാമമാണ്. ജീവിക്കാൻവേണ്ടി അദ്ദേഹം ഗ്വാളിയോറിൽ പോയി. അവിടെ കൊട്ടാരം ഗായകനായിരുന്നു. പിന്നീട് മൈസൂരുവിലും. എ​ന്റെ പപ്പ ഹൈദരാബാദ്‌ നൈസാമി​ന്റെ കൊട്ടാരത്തിൽ ഗായകനായിരുന്നു. സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജാക്കന്മാരുടെ ഭരണം പോയി. ഞങ്ങൾ ധാർവാഡിലേക്ക് വന്നു. പപ്പക്ക് അവിടെ ആകാശവാണിയിൽ ജോലി കിട്ടി. സ്റ്റാഫ്‌ ആർട്ടിസ്റ്റ് ആയിട്ട്. അത് 1949ലായിരുന്നു. ഞാൻ ജനിച്ചത് ധാർവാഡിലാണ്.

ഘരാന സമ്പ്രദായത്തിലാണോ പഠിച്ചത്?

അതെ, ഘരാനയിൽനിന്നാണ്. പഴയകാലത്ത് റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് ഒന്നുമില്ല. അതുകൊണ്ട് എല്ലാവരും അവരുടെ ഘരാനയിൽനിന്നാണ് പഠിക്കുന്നത്. ഇപ്പൊ എല്ലാം വന്നു. അതുകൊണ്ട് ഒരു ഘരാനയിൽ ഒതുങ്ങിനിൽക്കാതെ എല്ലാ ഘരാനയിൽനിന്നും പഠിച്ചുതുടങ്ങി. ഇപ്പോൾ ആൾക്കാർ ഒരു ഘരാനയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. എല്ലാ ഘരാനയിൽനിന്നും നല്ലത് സ്വീകരിക്കുന്നുണ്ട്. ഉദാഹരണമായി ഭിംസെൻ ജോഷി കിരാന ഘരാന സമ്പ്രദായത്തിലാണ് പഠിച്ചതെങ്കിലും അദ്ദേഹം ഇന്ദോർ ഘരാന, പാട്യാല ഘരാന, രാംപുർ ഘരാന എന്നിവിടങ്ങളിൽനിന്നും പാഠങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അത് ശുഭസൂചനയാണ്. അത് സംഗീതത്തെ കൂടുതൽ മനോഹരമാക്കുന്നു.

താങ്കൾ ഇന്ത്യയിലും വിദേശത്തും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള സംഗീത ആസ്വാദകർ തമ്മിലുള്ള വ്യത്യാസം എന്താണ്?

ഇന്ത്യയിൽ പരിശീലനം കിട്ടിയ കേൾവിക്കാരുണ്ട്. കുട്ടിക്കാലം മുതൽതന്നെ നല്ല സംഗീത പരിപാടികൾ കേൾക്കാൻ അവസരം ലഭിച്ചവർ. അവർക്ക് രാഗവും താളവുമൊക്കെ അറിയാം. എന്നാൽ, വിദേശികൾക്ക് അത്രത്തോളം കേൾവിശീലമില്ല. പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് വിലായത്‌ ഖാൻ, അലി അക്ബർ ഖാൻ, സാകിർ ഹുസൈൻ എന്നിവർ അതിനു മാറ്റംവരുത്തിയിട്ടുണ്ട്. അവരുടെ പരിപാടികളിലൂടെ വിദേശികൾക്ക് സംഗീത വിദ്യാഭ്യാസം കിട്ടിയിട്ടുണ്ട്. ഇപ്പോൾ അവർ നല്ല കേൾവിക്കാരാണ്. നല്ല അച്ചടക്കമുള്ള കേൾവിക്കാർ. ഇടക്കുവെച്ച് അവർ ‘ഹരേ വാ’ എന്നൊന്നും പറയില്ല. എന്നാൽ, പരിപാടി കഴിഞ്ഞാൽ നിർത്താതെ കൈയടിക്കും.

ജുഗൽബന്ദി ചെയ്യാറുണ്ടോ? എന്താണ് അതിനെപ്പറ്റി അഭിപ്രായം?

യഥാർഥത്തിൽ എനിക്ക് ജുഗൽബന്ദിയോട് താൽപര്യമില്ല. അത് ആസ്വാദകരെ ആനന്ദിപ്പിക്കുന്നു എന്നത് ശരിതന്നെ. പക്ഷേ, നമ്മൾ രാഗഘടനയെ കണക്കിലെടുക്കുകയാണെങ്കിൽ അതിനോട് നീതിപുലർത്താൻ പറ്റില്ല. വ്യത്യസ്ത ഗുരുവിന്റെ ശിഷ്യർ ജുഗൽബന്ദി ചെയ്യുമ്പോൾ അതൊരു ഗുസ്തിമത്സരം പോലെയാവും. സംഗീത പരിപാടിയാവില്ല. എനിക്ക് അതിനോട് യോജിപ്പില്ല.

താങ്കൾ സ്ഥിരമായി കേൾക്കാറുള്ളത് ആരൊക്കെയാണ്?

ഉസ്താദ് അമീർ ഖാൻ, ഉസ്താദ് ബഡേ ഗുലാം അലിഖാൻ, അബ്ദുൽ കരീംഖാൻ, ഗുലാം മുസ്തഫ ഖാൻ. സിതാറിൽ നിഖിൽ ബാനർജി, വിലായത് ഖാൻ, റൈസ് ഖാൻ, ഉസ്താദ് അബ്ദുൽ ഹാലിം ജാഫർഖാൻ, ഷെഹനായിയിൽ ഉസ്താദ് ബിസ്മില്ലാ ഖാൻ. സാരംഗിയിൽ എന്റെ ഗുരുജി പണ്ഡിറ്റ് രാംനാരായൻ, പിന്നെ ഉസ്താദ് സുൽത്താൻ ഖാൻ.

മലയാളിയുടെ സംഗീതബോധത്തെ കുറിച്ച് അഭിപ്രായമെന്താണ്?

മലയാളികളിൽ ഞാൻ കണ്ടത് അവർ കൂടുതലായി സിനിമാ പാട്ടുകളെ ഇഷ്ടപ്പെടുന്നു എന്നതാണ്. അതൊരിക്കലും മോശമായ കാര്യമല്ല. മലയാളികൾക്ക് ഗസലുകളും ഇഷ്ടമാണ്. പക്ഷേ, ഖയാൽ സംഗീതം ഇവിടെ വളർത്തിയെടുക്കേണ്ടതുണ്ട്. നല്ല കേൾവിക്കാരുണ്ട്. നല്ല കഴിവുള്ളവരും ഉണ്ട്. മലയാളികൾ കൂടുതലായി ഖയാൽ സംഗീതം കേൾക്കേണ്ടതുണ്ട്.

 

ഉസ്താദ് ഫയ്യാസ്​ ഖാൻ പണ്ഡിറ്റ് രാം നാരായനൊപ്പം

ഉസ്താദ് ഫയ്യാസ്​ ഖാൻ പണ്ഡിറ്റ് രാം നാരായനൊപ്പം

കുടുംബം?

ഭാര്യ പർവീൺ ബീഗം ഒരു കാറപകടത്തിൽ മരിച്ചു. അത് ഓർക്കുമ്പോൾ വലിയ വേദനയാണ്. ഭാര്യയുടെ ഓർമയിൽ പർവീൺ ബീഗം മ്യൂസിക് ആൻഡ് എജുക്കേഷൻ ട്രസ്റ്റ് എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങിയിട്ടുണ്ട്. എന്റെ രണ്ടു മക്കളും സംഗീതകാരന്മാരാണ്. മൂത്തമകൻ സർഫ്രാസ് ഖാൻ സാരംഗിവാദകനാണ്. രണ്ടാമത്തെ ആൾ ഫറാസ് ഖാൻ സരോദ് വാദകനാണ്. ഞങ്ങൾ മൂന്നുപേരും ഒന്നിച്ചു വായിക്കാറുണ്ട്. അത് നല്ല സന്തോഷമുള്ള കാര്യമാണ്.

News Summary - weekly interview