Begin typing your search above and press return to search.
proflie-avatar
Login

ആഷറിനൊപ്പം ഒരു വിവർത്തക

ആഷറിനൊപ്പം   ഒരു വിവർത്തക
cancel

വൈക്കം മുഹമ്മദ്​ ബഷീറി​ന്റെ മൂന്ന്​ നോവലുകൾ ഇംഗ്ലീഷിലേക്ക്​ ഡോ. റൊണാൾഡ് ഇ. ആഷറിനൊപ്പം മൊഴിമാറ്റിയ എഴുത്തുകാരിയാണ്​ അച്ചാമ്മ കോയിൽപറമ്പിൽ ചന്ദ്രശേഖരൻ. ത​ന്റെ ബഷീറിയൻ അനുഭവങ്ങളും മൊഴിമാറ്റ രീതികളെയും കുറിച്ച്​ സംസാരിക്കുകയാണ്​ അവർ ഇൗ അഭിമുഖത്തിൽ.1980ലാണ് ‘Me Grandad 'Ad an Elephant: Three Stories of Muslim Life in South India’ എന്ന പുസ്തകം എഡിൻബറ യൂനിവേഴ്സിറ്റി പ്രസിദ്ധീകരിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്!’, ‘ബാല്യകാലസഖി’, ‘പാത്തുമ്മായുടെ ആട്’ എന്നീ മൂന്ന് നോവലുകളുടെ വിവർത്തനമായിരുന്നു അത്. ഈ പുസ്തകത്തിനൊപ്പം ഡോ. റൊണാൾഡ് ഇ. ആഷർ എന്ന പേരാണ് ബഷീർ വായനക്കാരുടെ മനസ്സിലെത്തുക. എന്നാൽ, ആർ.ഇ. ആഷർ...

Your Subscription Supports Independent Journalism

View Plans
വൈക്കം മുഹമ്മദ്​ ബഷീറി​ന്റെ മൂന്ന്​ നോവലുകൾ ഇംഗ്ലീഷിലേക്ക്​ ഡോ. റൊണാൾഡ് ഇ. ആഷറിനൊപ്പം മൊഴിമാറ്റിയ എഴുത്തുകാരിയാണ്​ അച്ചാമ്മ കോയിൽപറമ്പിൽ ചന്ദ്രശേഖരൻ. ത​ന്റെ ബഷീറിയൻ അനുഭവങ്ങളും മൊഴിമാറ്റ രീതികളെയും കുറിച്ച്​ സംസാരിക്കുകയാണ്​ അവർ ഇൗ അഭിമുഖത്തിൽ.

1980ലാണ് ‘Me Grandad 'Ad an Elephant: Three Stories of Muslim Life in South India’ എന്ന പുസ്തകം എഡിൻബറ യൂനിവേഴ്സിറ്റി പ്രസിദ്ധീകരിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്!’, ‘ബാല്യകാലസഖി’, ‘പാത്തുമ്മായുടെ ആട്’ എന്നീ മൂന്ന് നോവലുകളുടെ വിവർത്തനമായിരുന്നു അത്. ഈ പുസ്തകത്തിനൊപ്പം ഡോ. റൊണാൾഡ് ഇ. ആഷർ എന്ന പേരാണ് ബഷീർ വായനക്കാരുടെ മനസ്സിലെത്തുക. എന്നാൽ, ആർ.ഇ. ആഷർ എന്ന പേരിനൊപ്പം അച്ചാമ്മ കോയിൽപറമ്പിൽ ചന്ദ്രശേഖരൻ എന്ന പേർകൂടി പുസ്തകത്തിൽ ഉണ്ടെന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയി. ബഹുഭാഷാ പണ്ഡിതനായ ആഷർ ബഷീർ കൃതികൾ വിവർത്തനം ചെയ്യുമ്പോൾ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ‘മലയാള ഭാഷാ സാഹിത്യ പഠനങ്ങൾ’ എന്ന തന്റെ പുസ്തകത്തിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ബഷീറിന്റെ ഭാഷയും തലയോലപ്പറമ്പിന്റെ സാംസ്കാരിക ജീവിതവും ഇംഗ്ലീഷിലേക്ക് അടയാളപ്പെടുത്തിവെക്കാൻ ആഷറിന് സഹായകമായത് അച്ചാമ്മ കോയിൽപറമ്പിൽ ചന്ദ്രശേഖരൻ എന്ന അർത്തുങ്കൽകാരിയുടെ സൗഹൃദമാണ്. അതുകൊണ്ടുതന്നെ വിവർത്തനത്തിന് നന്ദിയോ കടപ്പാടോ അറിയിക്കുകയല്ല ആഷർ ചെയ്തത്. മറിച്ച് തങ്ങൾ രണ്ടുപേരും ചേർന്നാണ് ഈ വിവർത്തനം നിർവഹിച്ചതെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ബഷീർ പരിഭാഷകൾക്കുശേഷം നിരവധി പരിഭാഷകൾ നിർവഹിച്ചുവെങ്കിലും കേരളത്തിന്റെ സാഹിത്യധാരയിൽ എന്തുകൊണ്ടോ അച്ചാമ്മ കോയിൽപറമ്പിൽ എന്ന പേര് രേഖപ്പെടുത്താതെ പോയി.

അമേരിക്കയിൽ നിരവധി മേഖലകളിൽ സജീവമായ പങ്കാളിത്തം നിലനിർത്തിയ ഒരു സാംസ്കാരിക പ്രവർത്തക കൂടിയായിരുന്നു അച്ചാമ്മ കോയിൽപറമ്പിൽ. ഇന്ത്യൻ അമേരിക്കൻ ഫോറത്തിന്റെയും ഏഷ്യൻ അമേരിക്കൻ ഫോറത്തിന്റെയും പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കാലിഫോർണിയയിൽ മകനോടൊപ്പം വിശ്രമജീവിതം നയിക്കുന്നു അച്ചാമ്മ കോയിൽപറമ്പിൽ. വൈക്കം മുഹമ്മദ് ബഷീർ എന്ന വലിയ എഴുത്തുകാരനെ വിവർത്തനത്തിലൂടെ വിദേശികൾക്ക് പരിചയ​െപ്പടുത്താനുള്ള ഉദ്യമത്തിൽ തനിക്ക് കൂടി പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞല്ലോ എന്ന ചാരിതാർഥ്യം അവർ സൂക്ഷിക്കുന്നു.

 

റൊ​ണാ​ൾ​ഡ് റെ​യ്ഗ​നൊ​പ്പം,ഭ​ർ​ത്താ​വ് ച​ന്ദ്ര​ശേ​ഖ​ര​നൊ​പ്പം അ​ച്ചാ​മ്മ കോ​യി​ൽ​പ​റ​മ്പി​ൽ

റൊ​ണാ​ൾ​ഡ് റെ​യ്ഗ​നൊ​പ്പം,ഭ​ർ​ത്താ​വ് ച​ന്ദ്ര​ശേ​ഖ​ര​നൊ​പ്പം അ​ച്ചാ​മ്മ കോ​യി​ൽ​പ​റ​മ്പി​ൽ

തലയോലപ്പറമ്പിൽ ബഷീർ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ‘ബാല്യകാലസഖി’യുടെ 75ാം വാർഷിക പരിപാടികൾ ഉദ്ഘാടനംചെയ്യാൻ നാലു വർഷം മുമ്പ് 2019 ജനുവരി 26ന് അവർ എത്തിയിരുന്നു. ബഷീർ സാംസ്കാരിക സമിതി സ്ഥാപകനായ പി.ജി. ഷാജിമോന്റെ ശ്രമഫലമായാണ് അവർ ബഷീറിന്റെ ജന്മദേശത്തെത്തിയത്. ഇപ്പോൾ 91 വയസ്സുള്ള അച്ചാമ്മ കോയിൽപറമ്പിൽ ചന്ദ്രശേഖരൻ നാലു വർഷങ്ങൾക്കുശേഷമാണ് വീണ്ടും നാട്ടിലെത്തുന്നത്. റൊണാൾഡ് എഡ്വേഡ് ആഷറിനെക്കുറിച്ചും ബഷീർ കൃതികളുടെ വിവർത്തനങ്ങളെക്കുറിച്ചും മറ്റ് വിവർത്തന ശ്രമങ്ങളെക്കുറിച്ചും അർത്തുങ്കലിലെ സ്വന്തം വീട്ടിൽ ​െവച്ച് വിശദമായി സംസാരിക്കുകയുണ്ടായി.

എങ്ങനെയായിരുന്നു ആഷറിനെ പരിചയപ്പെട്ടതും വിവർത്തനത്തിൽ പങ്കാളിയായതും?

1962ലാണ് ഞാൻ യു.എസിൽ എത്തുന്നത്. 1966ൽ ഇലനോയിയിലെ ബാരറ്റ് കോളജ് ഓഫ് ദ സേക്രഡ് ഹാർട്ടിൽനിന്ന് (Barat College of the Sacred Heart in Lake Forest Illinois) ബി.എ പാസായശേഷം ബിരുദാനന്തര പഠനത്തിനായി യൂനിവേഴ്സിറ്റി ഓഫ് ഇലനോയിയിൽ ചേർന്നു. പിറ്റേ വർഷം അവിടെ​െവച്ച് സൗത്ത് ഏഷ്യൻ സമ്മർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പ്രോഗ്രാം ആരംഭിച്ചു. ഈ സമ്മർ ഇൻസ്റ്റിറ്റ്യൂട്ടിൽ മറ്റു ഭാഷകളും ഫിലോസഫിയും പഠിക്കാനുള്ള അവസരം ഉണ്ടായിരുന്നു. തമിഴ് പഠിപ്പിക്കുന്നതിനായി യൂനിവേഴ്സിറ്റിയിൽനിന്ന് ഡോ. റോൺ ആഷർ അവിടെ വന്നു. പ്രോഗ്രാം ഡയറക്ടറും എന്റെ പ്രഫസറും ആയിരുന്ന ഡോ. ബ്രാങ്ക് കാച്റു എന്നെ ആഷറിനു പരിചയപ്പെടുത്തി.

ഒരു നീണ്ട സംഭാഷണത്തിനിടയിൽ ആഷർ പറഞ്ഞു, യുനെസ്കോയുടെ റെപ്രസ​േന്ററ്റിവ് വർക്സിൽ ഇന്ത്യൻ ട്രാൻസ് ലേഷൻ സീരീസിൽ മലയാളം ഉൾപ്പെടുത്താനായി ഒരു ഗ്രാന്റ് കിട്ടിയിട്ടുണ്ടെന്നും അതിനായി ബഷീറിന്റെ കഥകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റാൻ ശ്രമിച്ചിട്ട് സാധിച്ചില്ലെന്നും. അടുത്ത ചോദ്യം ആ വെല്ലുവിളി ഏറ്റെടുക്കാൻ ഞാൻ തയാറാണോ എന്നായിരുന്നു. വർഷങ്ങൾക്കു മുമ്പ് നാട്ടിലായിരുന്നപ്പോൾ ഞാൻ ബഷീർ കൃതികൾ വായിച്ചിരുന്നു. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ എന്ന നോവലിന്റെ ഭാഷയുടെ പ്രത്യേകത ഞാൻ ഓർത്തു. ഏതായാലും മലയാളമല്ലേ എന്നുള്ള ധൈര്യത്തോടുകൂടി ആ വെല്ലുവിളി ഏറ്റെടുത്തു.

കെ.ആ​ർ. നാ​രാ​യ​ണ​നൊ​പ്പം

കെ.ആ​ർ. നാ​രാ​യ​ണ​നൊ​പ്പം

തിരിച്ചുപോയി മൊഴിമാറ്റത്തിനുള്ള യുനെസ്കോയുടെ കോൺട്രാക്ട് ഞങ്ങളുടെ പേരിൽ എഴുതുകയുംചെയ്തു. പിറ്റേ വർഷം സൗത്ത് ഏഷ്യൻ സമ്മർ ഇൻസ്റ്റിറ്റ്യൂട്ട് പ്രോഗ്രാം നടത്തിയത് മിഷിഗൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലായിരുന്നു. അവിടെ തമിഴും മലയാളവും പഠിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നേറ്റിവ് സ്പീക്കർ ആയി മലയാളം പഠിപ്പിക്കാനുള്ള ചുമതല എനിക്കായിരുന്നു. സമ്മർ സ്കൂൾ കഴിഞ്ഞാൽ ആഷർ എഡിൻബറയിലേക്ക് പോകും. ഞാൻ ഇലനോയിയിലേക്കും. ട്രാൻസ് ലേഷൻ സമ്മർ സ്കൂളിനു മുമ്പ് തീർക്കേണ്ടത് അത്യാവശ്യമായിരുന്നു എന്ന് ഞങ്ങൾക്കറിയാമായിരുന്നു.

അതുകൊണ്ട് ഞാൻ ലെസൺ പ്ലാനിങ്ങിനും ക്ലാസിനും വേണ്ടി എടുത്ത സമയം ഒഴിച്ച്, കിട്ടിയ സമയം മുഴുവനും ട്രാൻസ് ലേഷനു വേണ്ടി ഞങ്ങൾ ചെലവഴിച്ചു. തിരഞ്ഞെടുത്ത മൂന്ന് നോവലുകളും ‘ബാല്യകാല സഖി’, ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്!’, ‘പാത്തുമ്മായുടെ ആട്’ എന്നിവ ഞങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ട്രാൻസ് ലേറ്റ് ചെയ്തു. ഇങ്ങനെയാണ് ഞാൻ ബഷീറിന്റെ കൃതികളുമായും മൊഴിമാറ്റവുമായും ചേർന്ന് പ്രവർത്തിച്ചത്. നാലു വർഷം മുമ്പ് ‘ബാല്യകാല സഖി’യുടെ വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങൾ ഉദ്ഘാടനംചെയ്യാനുള്ള അമൂല്യ അവസരം എനിക്ക് ലഭിച്ചതിനു കാരണവും ഈ ബന്ധംതന്നെയാണ്.

ആഷറിന്റെ പേരിനൊപ്പം പ്രാധാന്യം അച്ചാമ്മ കോയിൽപറമ്പിലിന് എങ്ങനെ ലഭിക്കാതെ പോയി? അതൊരു പ്രവാസി ആയതുകൊണ്ടുമാത്രം സംഭവിച്ചതാണോ?

ഈ യാഥാർഥ്യം ഉൾക്കൊള്ളാൻ ഇവിടത്തെ പ്രമുഖ സാഹിത്യകാരന്മാർക്ക് ആർക്കുംതന്നെ കഴിഞ്ഞില്ല എന്നതിൽ എനിക്ക് പ്രയാസമുണ്ട്. എനിക്ക് ചെറിയ പങ്കുണ്ടെന്നുപോലും പറയുവാൻ അവർ ധൈര്യപ്പെട്ടില്ല. ആഷറിന്റെ പേരിന്റെ കൂടെ എന്റെ പേരും ഉണ്ടല്ലോ എന്നോർത്തുപോലും ഒരു നല്ലവാക്ക് പറയാൻ ആരുമുണ്ടായില്ല. ഒരു പ്രവാസിയായതുകൊണ്ടു മാത്രം അങ്ങനെ സംഭവിക്കണോ? പ്രവാസികളായ എഴുത്തുകാരും വിവർത്തകരും എത്രയോ ഉണ്ട്.

 

ജോ​ർ​ജ് ബു​ഷി​നൊ​പ്പം

ജോ​ർ​ജ് ബു​ഷി​നൊ​പ്പം

ബഷീർ കൃതികൾ മൊഴിമാറ്റിയതിന്റെ ചരിത്രം രേഖപ്പെടുത്തണമെന്നും പുസ്തകമാക്കണമെന്നും നിർബന്ധമുണ്ടായിരുന്ന രണ്ടുപേരുണ്ടായിരുന്നു. ഒന്ന് ഡോ. പോൾ മണലിൽ. എല്ലാ പ്രോത്സാഹനവും പോൾ മണലിൽനിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെയാൾ അഡ്വക്കറ്റും എന്റെ കസിനുമായ ജേക്കബ് അറക്കൽ. പിന്നീടുണ്ടായ എന്റെ എല്ലാ വിവർത്തനങ്ങൾക്കും ആവശ്യമായ പുസ്തകങ്ങളും കഥകളും ശേഖരിച്ച് തന്നത് ജേക്കബ് അറക്കൽ ആയിരുന്നു. ചരിത്രം ആളുകൾ ഇഷ്ടംപോലെ വളച്ചൊടിക്കാതെ യാഥാർഥ്യത്തിൽ നിലകൊള്ളണമെന്നായിരുന്നു അവരുടെ വാദം.

വിവർത്തനത്തിനുശേഷം ബഷീറിനെ കണ്ടിരുന്നോ?

1983ൽ ആഷറും ബഷീറും കൂടി ഒരു പ്രസ് കോൺഫറൻസ് നടത്തി. ഞാനും ചേരേണ്ട ഒരു പ്രസ് മീറ്റ് ആയിരുന്നു അത്. പക്ഷേ, എന്റെ നാല് വയസ്സുള്ള മകനെയും കൂട്ടിക്കൊണ്ട് കോഴിക്കോടു വരെ പോകാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ഭാഗ്യത്തിന് ആഷർ ഈ യാഥാർഥ്യങ്ങൾ എല്ലാം ആ പ്രസ് കോൺഫറൻസിൽ പറഞ്ഞു. പി. വേണുഗോപാൽ ‘ഇന്ത്യൻ എക്സ്പ്രസി’ൽ ‘Asher and His Language of Love’ എന്ന തലക്കെട്ടിൽ അത് പ്രസിദ്ധീകരിച്ചു.

 

മ​ൻ​മോ​ഹ​ൻ​ സിങ്ങി​നൊ​പ്പം അ​ച്ചാ​മ്മ കോ​യി​ൽ പ​റ​മ്പി​ലും ഭ​ർ​ത്താ​വ് ച​ന്ദ്ര​ശേ​ഖ​ര​നും

മ​ൻ​മോ​ഹ​ൻ​ സിങ്ങി​നൊ​പ്പം അ​ച്ചാ​മ്മ കോ​യി​ൽ പ​റ​മ്പി​ലും ഭ​ർ​ത്താ​വ് ച​ന്ദ്ര​ശേ​ഖ​ര​നും

പിന്നീട് എപ്പോഴെങ്കിലും ബഷീറിനെ നേരിട്ട് കാണാൻ സാധിച്ചിരുന്നോ?

ഇല്ല. അന്നത്തെ എന്റെ സാഹചര്യത്തിൽ എനിക്കത് സാധിച്ചില്ല. ബഷീറിന്റെ മരണശേഷം പലതവണ ബേപ്പൂരിൽ വൈലാലിൽ വീട്ടിൽ പോയിട്ടുണ്ട്. ഫാബി ബഷീർ ഒരിക്കൽ എന്നോട് പറയുകയുണ്ടായി. എങ്ങനെയാണ് ആഷറിന് വിവർത്തനം സാധിച്ചതെന്ന് താൻ ബഷീറിനോട് ചോദിച്ചപ്പോൾ ഉത്തരമായി പറഞ്ഞത് ആലപ്പുഴക്കാരിയായ ഒരു സ്മാർട്ട് ഗേൾ ഉണ്ട്, അവളാണ് ഇത് ചെയ്യാൻ സഹായിച്ചതെന്നാണ്.

മൊഴി മാറ്റിയ ഈ മൂന്ന് നോവലുകൾ, അവയുടെ സവിശേഷതകൾ അച്ചാമ്മ കോയിൽപറമ്പിൽ എങ്ങനെയാണ് വിലയിരുത്തുന്നത്?

മൊഴി മാറ്റിയ ഈ മൂന്ന് നോവലുകൾക്കും അതിന്റേതായ പ്രത്യേകതകൾ ഉണ്ടായിരുന്നു. ‘ബാല്യകാലസഖി’ എന്ന നോവലിൽ കുടുംബം പോറ്റുന്ന ഗൃഹനാഥൻ മരിച്ചാൽ ആ കുടുംബത്തിന് ഉണ്ടാകുന്ന ക്ലേശങ്ങൾ, സ്ത്രീധനം കൊടുക്കാൻ കഴിയാത്തതിനാൽ കല്യാണം കഴിക്കാത്ത പെൺകുട്ടികൾ, കിട്ടുന്ന സ്ത്രീധനം ധൂർത്തടിച്ച് കൂടുതൽ പണത്തിനായി ഭാര്യമാരെ പീഡിപ്പിക്കുന്ന പുരുഷന്മാർ, എഴുതാനും വായിക്കാനും അറിയാത്ത പണക്കാരെ കബളിപ്പിച്ച് അവരുടെ പണമെല്ലാം തട്ടിയെടുക്കുന്നവർ, ഏൽപിച്ച ചുമതല നിറവേറ്റാതിരുന്ന മകനെ വീട്ടിൽനിന്നും ഇറക്കിവിട്ട അച്ഛൻ എന്നിങ്ങനെ അന്നത്തെ കാലത്തെ എല്ലാ സമുദായങ്ങളുടെയും അവസ്ഥ ഈ കഥയിൽ കാണാം. പലവിധത്തിലും ദയനീയമായ മജീദിന്റെയും സുഹറയുടെയും പ്രണയകഥ ഹൃദയത്തെ സ്പർശിച്ചു. കഥകൾ എഴുതി സമുദായത്തിലെ ദുരാചാരങ്ങൾ ചൂണ്ടിക്കാണിച്ച് അതിന്റെ പ്രതിവിധി കണ്ടെത്താനാണ് ബഷീർ ശ്രമിച്ചത്.

 

രാ​ജീ​വ് ഗാ​ന്ധി​ക്കൊ​പ്പം

രാ​ജീ​വ് ഗാ​ന്ധി​ക്കൊ​പ്പം

‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്!’ എന്ന നോവലിൽ പല ഉദാഹരണങ്ങളുമുണ്ട്. സമുദായങ്ങൾക്ക് ചെയ്യാവുന്ന നല്ല മാറ്റങ്ങൾ ബഷീർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസം, സ്ത്രീധനം വാങ്ങാതെയുള്ള വിവാഹം, ഓരോ വീട്ടിലും കക്കൂസ് ഉണ്ടാകേണ്ട ആവശ്യം, ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്നിങ്ങനെ. കുഞ്ഞുപാത്തുമ്മ ഭാഗ്യമുള്ളവൾ ആയിരുന്നു. കല്യാണം കഴിക്കാൻ പോകുന്ന പുരുഷനെ കല്യാണത്തിനു മുമ്പ് കണ്ടു പരിചയപ്പെടണമെന്നത് അവളുടെ ആഗ്രഹമായിരുന്നു. അത് സഫലമായി.

നിസാർ അഹമ്മദ് സ്ത്രീധനം ചോദിച്ചില്ല. ഒരു കുരുവിയെ രക്ഷിക്കാൻ പാടുപെട്ട ഒരു പെൺകുട്ടി നല്ലവളായിരിക്കുമെന്ന് നിസാർ തീരുമാനിച്ചു. നിസാറിന് അതുമാത്രം മതിയായിരുന്നു. പഠിക്കാൻ അവസരം കിട്ടി. സാരി ഉടുക്കാം. മുടിയിൽ പൂ വെക്കാം. എല്ലാം ശുഭമായിത്തീർന്നു. ഉമ്മാക്ക് മാത്രം സങ്കടം. കൊമ്പനാന കുഴിയാനയായി പോയെന്ന്. കഴിഞ്ഞ തലമുറകളുടെ വലുപ്പം പറഞ്ഞ് പ്രാധാന്യം കൽപിക്കുന്നത് അർഥശൂന്യമാണെന്ന് ബഷീർ ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കിത്തന്നു.

 

‘പാത്തുമ്മായുടെ ആടി’ന്റെ വിവർത്തനത്തെക്കുറിച്ച് രസകരമായ ഓർമകൾ എന്തെങ്കിലും പങ്കുവെക്കാനുണ്ടോ?

‘പാത്തുമ്മായുടെ ആട്’ വിവർത്തനംചെയ്തതിന്റെ രസം വേറൊന്നായിരുന്നു. ഒരു കൂട്ടുകുടുംബം നടത്തിക്കൊണ്ടു പോകുന്നതിന്റെ പ്രയാസങ്ങളും രസങ്ങളും മൂത്തമകനിലൂടെ പങ്കുവെക്കപ്പെടുന്നു. അധികാരവും ചുമതലകളും ആ കഥയിലുണ്ട്. ആ വീട്ടിലുള്ള എല്ലാ കുട്ടികളുടെയും വഴക്കുകൾക്കും സങ്കടങ്ങൾക്കും പരിഹാരം കാണേണ്ടതും സഹോദരികൾക്ക് കാതിൽ പൂവും വീട്ടുപാത്രങ്ങളും എല്ലാം വാങ്ങി കൊടുക്കേണ്ട ജോലിയും ഇക്കാക്കക്കാണ്. ഉമ്മക്കും അനുജന്മാർക്കും പണം വേണം. വീട് പണിയാൻ വരെ. എല്ലാവർക്കും ഒരു കണ്ടീഷനുണ്ട്.

ആരും അറിയരുതെന്ന്. കല്യാണം കഴിഞ്ഞ രണ്ടുമൂന്നു മക്കളുള്ള അനുജന്മാരാണ് ഈ കൂട്ടുകുടുംബത്തിൽ. പക്ഷേ, വീട്ടുചെലവിനായി അവർ കൊടുക്കുന്ന പണം തുച്ഛമാണ്. കിട്ടുന്ന വരുമാനംകൊണ്ട് ഒരു കുടുംബം നടത്തിക്കൊണ്ടുപോകാൻ ഉമ്മാക്കു മാത്രമേ കഴിയൂ. വീട്ടിലെ പുരുഷന്മാർ പുറത്തുപോയിട്ട് തിരിച്ചുവരുമ്പോൾ അവർക്ക് ഭക്ഷണം വേണം. അതെങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അവർ അന്വേഷിക്കുന്നില്ല. ഇതിന്റെയെല്ലാം ഫലമായിട്ടാണ് വീട്ടിലെ സ്ത്രീകൾക്ക് കപ്പപ്പുട്ടും കട്ടൻകാപ്പിയുമായി ദിവസങ്ങൾ തള്ളിനീക്കേണ്ടിവരുന്നത്. ഈ സ്ത്രീകൾ എല്ലാംകൂടി പാത്തുമ്മായുടെ ആടിന്റെ പാലെടുക്കുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ.

സങ്കടവും ചിരിയും വരും. അബ്ദുൽ ഖാദറിന്റെ അംഗവൈകല്യം അവൻ ചൂഷണംചെയ്തിരുന്ന വിധങ്ങളും ഇക്കാക്കയെക്കൊണ്ട് അവന്റെ പുസ്തകം ചുമപ്പിക്കുന്നത് മാറ്റിയെടുക്കുന്നതും അവൻ നെയ്യും പഞ്ചസാരയും കട്ട് തിന്നപ്പോൾ ഇക്കാക്ക അടി വാങ്ങിയതും എല്ലാം വളരെ രസകരമായി വിവർത്തനം ചെയ്യാനും സാധിച്ചു. അതുപോലെതന്നെ ഉള്ളാടത്തിപ്പാറു, പണ്ടപ്പരപ്പ് പരാതീനങ്ങൾ തുടങ്ങിയ ബഷീറിന്റെ നിരവധി പ്രയോഗങ്ങൾ എങ്ങനെ വിവർത്തനം ചെയ്യണമെന്നതും രസകരമായിരുന്നു. പകരംവെക്കാൻ ഇംഗ്ലീഷിൽ മറ്റു വാക്കുകൾ ഇല്ലല്ലോ. അതിന്റെ ആശയങ്ങൾ ആഷറുമായി പങ്കുവെച്ചപ്പോൾ ‘stupid twit‘ എന്ന് ആഷർ ഉള്ളാടത്തിപ്പാറുവിനെ വിവർത്തനംചെയ്തു. പണ്ടപ്പരപ്പ് പരാതീനങ്ങളെ ‘dependants’ എന്നൊതുക്കാനേ കഴിഞ്ഞുള്ളൂ. ഇംഗ്ലീഷ് ഭാഷയുടെ പരിമിതി പലപ്പോഴും മനസ്സിലാക്കുന്നതായിരുന്നു ‘പാത്തുമ്മായുടെ ആടി’ന്റെ വിവർത്തനം.

 

‘Me Grandad 'Ad an Elephant!’ എന്ന ശീർഷകം സ്വീകരിച്ചതിനെക്കുറിച്ച്?

It came from Asher. I take no claim for that. അങ്ങനെ ഇംഗ്ലീഷ് പറയുമെന്നുപോലും എനിക്കറിയില്ലായിരുന്നു. ആഷർ പറഞ്ഞു, നമുക്ക് ഇങ്ങനെ കൊടുക്കാമെന്ന്. പഠിച്ചിട്ടില്ലാത്തവരുടെ ഭാഷയാണതെന്ന്. So we will keep that. It will go with the title. രണ്ട് ഭാഷയിലുമുള്ള ആൾക്കാർ ട്രാൻസ് ലേഷനിൽ വേണമെന്നതാണ് എന്റെ അഭിപ്രായം.

ബഷീറുമായി ബന്ധപ്പെട്ട ചിത്രങ്ങളിൽ ഒന്നിലും അച്ചാമ്മ കോയിൽപറമ്പിൽ എന്ന ബഷീർ വിവർത്തക ഇല്ലാതെപോയത് എന്താവാം?

അതെന്റെ കുറ്റമല്ല. ബഷീറിനെക്കുറിച്ചുള്ള ഏത് മീറ്റിങ് നടക്കുന്നുവെന്നറിഞ്ഞാലും ഞാൻ ഇന്ത്യയിലുണ്ടെങ്കിൽ പങ്കെടുക്കാൻ പോയിട്ടുണ്ട്; പലപ്പോഴും. പക്ഷേ അവിടെ ആരും ഒരുവിധത്തിലും എന്നെ തിരിച്ചറിഞ്ഞില്ല. ഞാൻ പറഞ്ഞതുമില്ല.

ബഷീർ കൃതികൾ അല്ലാതെയുള്ള മറ്റ് വിവർത്തനങ്ങളെക്കുറിച്ച് പറയാമോ?

ഞാൻ യു.എസ് ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്സിൽനിന്നു റിട്ടയർ ചെയ്തശേഷം മലയാള സാഹിത്യം മൊഴിമാറ്റംചെയ്യാൻ തീരുമാനിച്ചതിന്‍റെ പ്രധാന കാരണം ബഷീർ കൃതികൾ മൊഴിമാറ്റംചെയ്തതിലുണ്ടായ കൃതാർഥത തന്നെയായിരുന്നു. വേറെയും രണ്ട് കാരണങ്ങൾകൂടിയുണ്ടായിരുന്നു. 1982ൽ വാഷിങ്ടണിൽ നടത്തിയ സെക്കൻഡ് വേൾഡ് മലയാളം കോൺഫറൻസിൽ ‘വിമൻസ് കോൺട്രിബ്യൂഷൻ ഇൻ മലയാളം ലിറ്ററേച്ചർ’ എന്ന വിഷയത്തെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ചു.

അതിനുവേണ്ടി വളരെയേറെ പുസ്തകങ്ങൾ വായിച്ചു. സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ് അത്രയും പുസ്തകങ്ങൾ തുടരെ വായിക്കുന്നത്. ഈ അവസരത്തിലായിരുന്നു മലയാള ഭാഷയുടെ ഭംഗിയും വിഷയങ്ങളുടെ വൈവിധ്യവും എന്നെ അത്ഭുതപ്പെടുത്തിയത്. ഇത് മറ്റുള്ളവർകൂടി അറിയണമല്ലോ എന്ന് ഞാനോർത്തു. മൊഴിമാറ്റത്തിലൂടെ മാത്രമല്ലേ അത് സാധിക്കൂ?

രണ്ടാമത്തെ കാരണം ഞാൻ ബിരുദാനന്തര പഠനത്തിന് ആദ്യ സെമസ്റ്ററിൽ ‘ഗ്രീക് ട്രാജഡീസ്’ എന്നൊരു വിഷയമെടുത്തു. എനിക്ക് ഗ്രീക് സാഹിത്യത്തെക്കുറിച്ചോ ഗ്രീക് സംസ്കാരത്തെ കുറിച്ചോ ഒരറിവുമില്ലായിരുന്നു. ഈ വിഷയത്തിനായി നടത്തിയ ഗവേഷണവും വായനയും എനിക്ക് ഒരു പുതിയ ലോകം തുറന്നുതന്നു. ഒരു ജനതയുടെ സാഹിത്യത്തിൽനിന്നും അവരുടെ ജീവിതരീതികളെയും സംസ്കാര സമ്പത്തിനെയും കുറിച്ച് പലകാര്യങ്ങൾ പഠിക്കാമെന്ന് ഞാൻ മനസ്സിലാക്കി. മലയാള സാഹിത്യം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയാൽ ലോകത്തെവിടെയുമുള്ള ഇംഗ്ലീഷ് വായനക്കാർക്ക് നമ്മുടെ കൊച്ചു കേരളത്തിലെ ജീവിതരീതികൾ കുറെയെല്ലാം മനസ്സിലാക്കാമല്ലോ.

വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾക്ക് അത് ഉപകാരമായിട്ടേ വരുകയുള്ളൂ. ഈ കാരണങ്ങൾ​െവച്ചാണ് സ്ത്രീകളെ കുറിച്ചുള്ള 25 ചെറുകഥകൾ ഞാൻ മൊഴിമാറ്റിയത്. ‘ഡോട്ടേഴ്സ് ഓഫ് കേരള’ എന്ന പേരിൽ അത് പ്രസിദ്ധീകരിക്കുകയുണ്ടായി. ശശി തരൂർ, ഡോ. എം.പി. പിള്ള മുതലായ ഇന്ത്യൻ റൈറ്റേഴ്സ് വളരെ നല്ല അഭിപ്രായങ്ങൾ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അമേരിക്കയിലെ പ്രഫസേഴ്സ് എന്നെ വളരെയധികം അനുമോദിച്ചു.

 

ഡോ. റൊണാൾഡ് ഇ. ആഷർ

ഡോ. റൊണാൾഡ് ഇ. ആഷർ

ഇതുവരെ ഒന്നും വായിക്കാൻ കിട്ടാതിരുന്ന ഒരു ഭാഷയിൽനിന്നും മൊഴിമാറ്റം കിട്ടിയതിൽ അവർക്ക് വളരെ സന്തോഷമായിരുന്നു. ‘‘ഫ്രം ദിസ് ലിറ്റ്ൽ നോൺ ലാംഗ്വേജ്’’ (From this little known language) എന്നാണ് അവർ അഭിപ്രായപ്പെട്ടത്. നമ്മുടെ സാഹിത്യം വലുതാണ് എന്ന് നമ്മൾ മലയാളികൾ പറഞ്ഞാൽ ഇതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. അതിനു ഗുണമുണ്ടാകണമെങ്കിൽ ബാക്കി ലോകത്തുള്ള ആളുകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ നമ്മൾ അത് മാറ്റിയെടുക്കണം. അവിടെയാണ് ട്രാൻസ് ലേഷന്റെ പ്രസക്തി.

ആരുടെയൊക്കെ കഥകളായിരുന്നു ‘ഡോട്ടേഴ്സ് ഓഫ് കേരള’യിൽ ഉൾപ്പെടുത്തിയത്?

അഷിതയുടെ ‘അമ്മ എന്നോട് പറഞ്ഞ നുണകൾ’, കാരൂരിന്റെ ‘മരപ്പാവകൾ’, ‘ചെകുത്താന്റെ കുപ്പായം’, മാധവിക്കുട്ടിയുടെ ‘ചന്ദനച്ചിത’, എൻ.എസ്. മാധവന്റെ ‘വൻമരങ്ങൾ വീഴുമ്പോൾ’, ലളിതാംബിക അന്തർജനത്തിന്റെ ‘മനുഷ്യപുത്രി’, കെ.എൽ. മോഹനവർമയുടെ ‘റോസ് ​േമരി’, മൊയ്തു വാണിമേൽ എഴുതിയ ‘നേർച്ചക്കോട്ടൻ’, ഗീതാ ഹിരണ്യന്റെ ‘ഒറ്റ സ്നാപ്പിൽ ഒതുക്കാനാവില്ല ജന്മസത്യം’, കെ. സരസ്വതിയമ്മയുടെ ‘പെൺബുദ്ധി’ തുടങ്ങി 25 എഴുത്തുകാരെയാണ് വിവർത്തനംചെയ്തത്.

ഈ പുസ്തകം ഇപ്പോൾ ലഭ്യമാണോ?

യു.എസിൽ ലഭ്യമാണ്. ഈ പുസ്തകം ഇന്ത്യയിൽ പബ്ലിഷ് ചെയ്യാൻ ഞാൻ വളരെ ശ്രമിച്ചു. അവസാനം 75,000 രൂപ കൊടുത്ത് ആയിരം കോപ്പി ഇവിടെ ഇറക്കാനായി ഒരു പബ്ലിഷറെ കിട്ടി. 500 കോപ്പി പ്രിന്റ് ചെയ്ത് പ്രകാശനം നടത്തി. പിറ്റേദിവസം എന്റെ ദൗർഭാഗ്യമാവാം ആ പബ്ലിഷർ മരിച്ചു. അയാളുടെ കടക്കാർ വന്ന് അയാൾക്കുണ്ടായിരുന്ന പുസ്തകങ്ങൾ എല്ലാം കൊണ്ടുപോയി. ‘ഡോട്ടേഴ്സ് ഓഫ് കേരള’യും. ഇനി മൊഴിമാറ്റങ്ങൾക്കായി കൈയിൽനിന്നു കാശ് മുടക്കണ്ട എന്ന് ഞാൻ തീരുമാനിച്ചു.

വിവർത്തന ശ്രമങ്ങൾ പിന്നീട് ഉണ്ടായതേയില്ലേ?

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും വിവർത്തനത്തിൽ താൽപര്യം നഷ്ടമാവാതിരുന്നതിനാൽ ഞാൻ രണ്ടുമൂന്നു പുസ്തകങ്ങൾകൂടി തർജമ ചെയ്തു. കേശവദേവിന്റെ ‘ഓടയിൽനിന്ന്’, കാക്കനാടന്റെ ‘ഒറോത’, തകഴിയുടെ ‘ഏണിപ്പടികൾ’ എന്നിവ തർജമ ചെയ്തെങ്കിലും പ്രസിദ്ധീകരിച്ചില്ല. ‘റോസ’ എന്നായിരുന്നു ‘ഒറോത’യുടെ ട്രാൻസ് ലേഷന് പേര് നൽകിയത്. പബ്ലിഷ് ചെയ്യാൻ വല്ലാത്ത പ്രശ്നങ്ങളാണ്. അമേരിക്കയിൽ ഒരുദിവസം 3000 പുസ്തകങ്ങളാണ് പബ്ലിഷ് ചെയ്യുന്നത്. അതിനിടയിൽ നമ്മുടെ മലയാളത്തിൽനിന്ന് ട്രാൻസ് ലേഷൻ കൊണ്ടുച്ചെന്നാൽ They don't care. പബ്ലിഷ് ചെയ്യാൻ അവർക്ക് താൽപര്യം ഉണ്ടാവില്ല. I didn't want to go through that.

 

വൈക്കം മുഹമ്മദ്​ ബഷീറിനൊപ്പം ആഷർ

വൈക്കം മുഹമ്മദ്​ ബഷീറിനൊപ്പം ആഷർ

ആഷറിന്റെ മരണം രണ്ടു ദിവസങ്ങൾക്കു ശേഷമാണ് ഇവിടെ എല്ലാവരും അറിഞ്ഞത് എന്നത് ഏറെ സങ്കടകരമായ കാര്യമായിരുന്നു. ചേച്ചി എങ്ങനെയാണ് ആഷറിന്റെ മരണം അറിഞ്ഞത്?

തലയോലപ്പറമ്പിൽനിന്നും പി.ജി. ഷാജിമോനാണ് എന്നെ ആഷറിന്റെ മരണം അറിയിക്കുന്നത്. മരിക്കുന്നതിന് നാലു വർഷങ്ങൾക്കു മുമ്പു വരെ സ്ഥിരമായി കത്തുകൾ അയച്ചിരുന്നു. സ്വന്തം കൈപ്പടയിൽ അഞ്ചും ആറും പേജുകളുള്ള കത്തുകൾ ആയിരുന്നു. നിരവധി മെയിലുകളും ഉണ്ടായിരുന്നു. അച്ചാമ്മ ഇല്ലായിരുന്നെങ്കിൽ ഈ വിവർത്തനം നടക്കില്ലായിരുന്നു എന്ന് ആഷർ പറയുമായിരുന്നു. കുടുംബത്തെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. പിന്നീട് ഞാൻ വിളിക്കുകയും മെയിൽ അയക്കുകയും ചെയ്തിട്ടും ഒന്നിനും മറുപടി ലഭിച്ചില്ല. സ്വീഡനിലേക്കുള്ള യാത്രാമധ്യേ കാണാൻ ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ മെയിൽ അയച്ചിരുന്നെങ്കിലും പ്രതികരണം ഒന്നും ലഭിച്ചില്ല. I don't think he wanted people to see him like that. I was sure he didn't want to meet me in that stage.

 

വി​വ​ർ​ത്ത​ന കാ​ല​ത്ത്  ആ​ഷറി​നൊ​പ്പം

വി​വ​ർ​ത്ത​ന കാ​ല​ത്ത് ആ​ഷറി​നൊ​പ്പം

വിവർത്തനത്തിന്റെ ഭാഗമായി മനസ്സിൽ നിൽക്കുന്ന ഒരോർമ അല്ലെങ്കിൽ അനുഭവം പങ്കുവെക്കാമോ?

ഞാൻ ‘ഡോട്ടേഴ്സ് ഓഫ് കേരള’യുടെ ഒരു കോപ്പി അന്നത്തെ പ്രൈം മിനിസ്റ്റർ ആയിരുന്ന മൻമോഹൻ സിങ്ങിന് കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു, ‘‘If you want us to have a better understanding about Kerala culture through literature you have to translate. There is no other way.’’ അദ്ദേഹത്തിന്റെ വാക്കുകൾ എന്നും എന്റെ ഓർമയിലുണ്ട്. മൻമോഹൻ സിങ് പറഞ്ഞതുപോലെ നമ്മുടെ സുന്ദരമായ ഭാഷയിലൂടെ നമ്മുടെ സംസ്കാരം മറ്റുള്ളവർ മനസ്സിലാക്കാനായി കൂടുതൽ പുസ്തകങ്ങൾ മൊഴിമാറ്റം ചെയ്യാൻ ആളുകൾ മുന്നോട്ടുവരട്ടെ.

News Summary - weekly interview