എഴുത്തുകാരുടെ ഇടം ഒട്ടും ഭദ്രമല്ല
മലയാളത്തിന്റെ കാവ്യലോകത്ത് വേറിട്ടവഴികളിലൂടെ, നിലപാടുകളിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകുന്ന കവി കുരീപ്പുഴ ശ്രീകുമാർ 70ാം വയസ്സിലേക്ക് നീങ്ങുകയാണ്. കവി തന്റെ കാവ്യവഴികളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും എഴുത്തിനെക്കുറിച്ചും കവികൂടിയായ ബാലഗോപാലൻ കാഞ്ഞങ്ങാടിനോട് സംസാരിക്കുന്നു.മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാറിന്റെ ഇതുവരെയുള്ള കാവ്യയാത്രയത്രയും തന്റെ ഉറച്ച നിലപാടുകളുടെയും സ്വയം ബോധ്യങ്ങളുടെയും അടയാളപ്പെടുത്തലുകളാണ്. കീഴാള...
Your Subscription Supports Independent Journalism
View Plansമലയാളത്തിന്റെ കാവ്യലോകത്ത് വേറിട്ടവഴികളിലൂടെ, നിലപാടുകളിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകുന്ന കവി കുരീപ്പുഴ ശ്രീകുമാർ 70ാം വയസ്സിലേക്ക് നീങ്ങുകയാണ്. കവി തന്റെ കാവ്യവഴികളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും എഴുത്തിനെക്കുറിച്ചും കവികൂടിയായ ബാലഗോപാലൻ കാഞ്ഞങ്ങാടിനോട് സംസാരിക്കുന്നു.
മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാറിന്റെ ഇതുവരെയുള്ള കാവ്യയാത്രയത്രയും തന്റെ ഉറച്ച നിലപാടുകളുടെയും സ്വയം ബോധ്യങ്ങളുടെയും അടയാളപ്പെടുത്തലുകളാണ്. കീഴാള ജനതയുടെയും അരികുവത്കരിക്കപ്പെട്ട നിസ്വജന സമൂഹത്തിന്റെയും വേദനയും ഉൾത്തുടിപ്പുകളും ഇത്രമേൽ ആഴത്തിൽ കുറിച്ച മലയാളത്തിലെ അപൂർവം കവികളിലൊരാളാണ് കുരീപ്പുഴ ശ്രീകുമാർ. കവിതകൊണ്ട് മുറിവേറ്റ ഒരാൾ. ‘കീഴാളനും’ ‘ജസ്സി’യും ‘ഇഷ്ടമുടിക്കായലും’ ‘ഫാത്തിമ തുരുത്തു’മെല്ലാം മലയാള കവിതയെ അടയാളപ്പെടുത്തിയ കവിതയുടെ തെളിച്ചത്തോറ്റങ്ങളാണ്. കുരീപ്പുഴ ശ്രീകുമാറുമായി യുവകവി ബാലഗോപാലൻ കാഞ്ഞങ്ങാട് നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ചുവടെ:
താങ്കളുടെ ബാല്യകാലവും അന്ന് നിലനിന്നിരുന്ന സാമൂഹിക അവസ്ഥയും താങ്കളുടെ എഴുത്തിനെ എങ്ങനെ രൂപപ്പെടുത്തി? എഴുത്തില്‍ ആരെങ്കിലും പ്രത്യേകിച്ച് സ്വാധീനിച്ചിട്ടുണ്ടോ?
ഇടപ്പള്ളി രാഘവന് പിള്ളയെ സംസ്കരിച്ചത് ഞാന്‍ പഠിച്ച സ്കൂളിനടുത്തുള്ള ശ്മശാനത്തിലാണ്. ആ ഇടം കുട്ടന് നായര്‍ എന്ന ശ്മശാനപാലകന്‍ ചൂണ്ടിക്കാട്ടിത്തന്നപ്പോള് ഒരു മിന്നല്‍പ്പിണര്‍ മനസ്സിലൂടെ കടന്നുപോയിരുന്നു. അഷ്ടമുടിക്കായലോരം, കരടിപ്പാട്ട് അടക്കമുള്ള നാട്ടുകവിതകളാല് സമൃദ്ധമാണ്. മീന്‍പിടിത്തക്കാരുടെ താളവും കയര്‍ തൊഴിലാളികളുടെ വേദനകളും എല്ലാം ഒരു കാവ്യമേഖല ഒരുക്കിത്തന്നിട്ടുണ്ട്. മാറുമറയ്ക്കാന്‍ വേണ്ടി രക്തസാക്ഷിത്വം വരിച്ച നാടാണ് ഇത്. മുമ്പേ പോയ കവികളെല്ലാവരും ആ കുട്ടിക്ക് ഓരോ ചെറിപ്പഴം നീട്ടിയിട്ടുണ്ട്.
വിദ്യാഭ്യാസ കാലവും താങ്കളെ സ്വാധീനിച്ച സാമൂഹിക, രാഷ്ട്രീയ അനുഭവങ്ങളും ഓർമയില്‍ തെളിയുന്നുണ്ടോ?
ആറാം ക്ലാസില്‍ െവച്ചാണ് ആദ്യകവിത തോന്നിയത്. അത് കുയിലെടുത്തു. ചിലപ്പോഴൊക്കെ കുയിലമ്മ അതിപ്പോഴും ചൊല്ലിക്കേള്പ്പിക്കാറുണ്ട്. എട്ടാം ക്ലാസിലെ വത്സല ടീച്ചറും ഭാനുസാറും വിവിധ താളങ്ങളുടെ കിളിവാതില്‍ തുറന്നുതന്നു. ഞാന്‍ തെന്നിയും തെറിച്ചും ആ വഴിയൊക്കെ സഞ്ചരിച്ചു. കമ്യൂണിസ്റ്റ് കുടുംബം. അവിടെ െവച്ച് പരിചയപ്പെട്ട ദേശീയബോധത്തിന്റെ കണ്ണികളായ നേതാജിയും ഭഗത് സിങ്ങും. പിന്നെ അരാഷ്ട്രീയതയുടെ രാഷ്ട്രീയക്കൊടി. ബുദ്ധന് തന്ന വിസ്മയം. പിന്നെ ഹൃദയപക്ഷകൗതുകം. കീഴാളപക്ഷത്തിന്റെ സ്നേഹപാനീയം. അങ്ങനെയൊരു സമാന്തര സാംസ്കാരിക പാത. അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിച്ചതും ഇന്ദിര ഗാന്ധിയെ അനുകൂലിക്കുന്ന സ്ഥാനാര്‍ഥിക്കെതിരെ ആദ്യവോട്ട് ചെയ്തതും ഓർമയിലെ രക്തലിപികള്‍. അങ്ങനെയങ്ങനെ.
താങ്കള്‍ എഴുതിത്തുടങ്ങിയ കാലഘട്ടത്തില്‍നിന്നും ആധുനിക കാലത്തെ കവിതകളെ സമീപിക്കുമ്പോള്‍ തോന്നിയിട്ടുള്ള പ്രകടമായ മാറ്റങ്ങള്‍ കാലത്തെയും കവിതകളെയും മുന്‍നിര്‍ത്തി പറയാമോ?
നഗ്നസ്വഭാവമുള്ള കവിതകള്‍ ധാരാളമായി ഉണ്ടായത് ഇക്കാലത്താണ്. ഞാനവയെ ആവേശത്തോടെ നിരീക്ഷിക്കാറുണ്ട്.
‘അമ്മ മലയാളം’ മലയാള ഭാഷയെ അവതരിപ്പിച്ച കവിതയാണ്. മാതൃഭാഷ നേരിടുന്ന വെല്ലുവിളികളെ തീവ്രമായി അവതരിപ്പിക്കുന്നതില്‍ വിജയിച്ച കവിത. എം.ടിയും ഒ.എന്‍.വിയും സുഗതകുമാരിയും പോലുള്ള ഒരുപാട് എഴുത്തുകാര്‍ മലയാള ഭാഷയെപ്പറ്റി എഴുതിയിട്ടും എന്തുകൊണ്ടാവാം മലയാള ഭാഷ ഇന്നും പടിക്കുപുറത്തു നില്‍ക്കുന്നത്?
കവിതകൊണ്ട് ചികിത്സിക്കാവുന്ന ഒരു രോഗമല്ലത്. കവികള്‍ അമ്മ മലയാള സ്നേഹം കുറിച്ചെന്നേയുള്ളൂ. സമൂഹത്തിന്റെ മിഥ്യാധാരണകള്‍ പ്രധാന കാരണമാണ്. അവക്ക് രാഷ്ട്രീയകവചംകൂടി കിട്ടുമ്പോള്‍ അമ്മ മലയാളം മരണശയ്യയിലാവും. ഇപ്പോള്‍ ആ അവസ്ഥയിലാണ്. ‘നളിനി’യും ‘രമണനും’ വിദൂര ഭാഷകളില്‍ പോയി കഞ്ഞിയും കറിയും െവച്ച് കഴിയും.
കേരളത്തിലെ കാമ്പസുകള്‍ ഏറ്റെടുത്ത കവിതയാണ് ‘ജെസ്സി’. അത്തരമൊരു കവിത എഴുതുമ്പോള്‍ ആ കവിതക്കുള്ള സാധ്യതകളെപ്പറ്റി മനസ്സിലുണ്ടായിരുന്നോ?
ഒരു കവിതയുടെ സാധ്യത കുടികൊള്ളുന്നത് അതിന്റെ രചനയുടെ പൂർണതയിലാണ്. മനസ്സിലുള്ളത് മുഴുവന്‍ അക്ഷരപ്പെടുത്താന്‍ കഴിയണം. ‘ജെസ്സി’ ആ രീതിയില്‍ അപൂർണതയുള്ള കവിതയാണ്. ആ അപൂര്ണതയായിരിക്കാം കേരളത്തിലെ കലാലയ വിദ്യാര്‍ഥികളുടെ സ്വകാര്യതയിലേക്ക് ‘ജെസ്സി’ക്ക് കടന്നുചെല്ലാന്‍ കാരണമായത്. അവരത് സ്വന്തം ജീവിതംകൊണ്ട് പൂർണമാക്കാന് ശ്രമിച്ചു. കവി അപ്രസക്തനാവുകയും ‘ജെസ്സി’ക്ക് കവിയെക്കാള്‍ സാധ്യതയുണ്ടാവുകയും ചെയ്തു.
‘ഇഷ്ടമുടിക്കായല്‍’, ‘അസഹ്യന്‍’, ‘ഫാത്തിമ തുരുത്ത്’ തുടങ്ങിയ കവിതകള്‍ പാരിസ്ഥിതിക പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ള ഒന്നാണല്ലോ? ഒരുപക്ഷേ സച്ചിദാനന്ദന്റെ 'വിലങ്ങനി’ല്‍, ഏഴിമല, ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം തുടങ്ങിയവയോട് ചേര്‍ത്ത് വെക്കാവുന്ന ഒന്ന്. പരിസ്ഥിതി പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ള ഒരുപാട് എഴുത്തുകള്‍ മലയാള സാഹിത്യത്തില്‍ വന്നിട്ടും കൈയേറ്റങ്ങളും പാരിസ്ഥിതിക ദുരന്തങ്ങളും ഏറിവരുകയാണ്. എന്തുകൊണ്ടായിരിക്കാം മലയാളത്തിലെ എഴുത്തുകള്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെടുന്നത്?
എഴുത്തുകാര്‍ക്ക്, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പറയാനേ കഴിയൂ. അവര്‍ പൊന്നാര്യന്‍ കൊയ്യുകയാണ്. അധികാരം കൊയ്തിട്ടില്ല. എങ്കിലും ചില വിജയങ്ങള്‍ ചരിത്രത്തിലുണ്ട്. സൈലന്റ് വാലിയും അതിരപ്പിള്ളിയും തട്ടേക്കാടും സംരക്ഷിക്കാന്‍ കഴിഞ്ഞതും അശാസ്ത്രീയമായ മാലിന്യസംസ്കരണം പലയിടത്തും ഒഴിവാക്കാന്‍ കഴിഞ്ഞതും ഈ ചെറുവിജയങ്ങളില്പെടും. പാത്രക്കടവിലും അതിരപ്പിള്ളിയിലും നിരവധി കുന്നുസംരക്ഷണ സമരങ്ങളിലും എനിക്കും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിലതൊക്കെ വിജയിച്ചിട്ടുമുണ്ട്. മരുതിമല, ശിവാംകുന്ന്, ആയിരവില്ലിപ്പാറ തുടങ്ങിയവ ഇന്നും നിലനില്ക്കുന്നതില് കവിതയുടെ തീരെ ചെറിയ ഒരു പങ്കുമുണ്ട്.
റോസിയെപ്പറ്റി എഴുതിയ കവിതയും ഒരുപാട് ചിന്തകള്‍ ശേഷിപ്പിക്കുന്നവയാണ്. ജാതിയുടെ ഇരയായി രക്തസാക്ഷിയായ ഒരു ചലച്ചിത്രപ്രവര്‍ത്തക. പക്ഷേ, ഇന്നത്തെ ചലച്ചിത്രമേഖലയില്‍ ഉള്ളവര്‍ പേരിനൊപ്പം ജാതി കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്നു. ഈ വൈരുധ്യത്തെ എങ്ങനെ നോക്കിക്കാണുന്നു?
പേരിനോടൊപ്പം ജാതിവാല് ചേര്‍ക്കുന്നത് അപമാനകരമാണ്. അത് നമ്മുടെ നവോത്ഥാന പരിശ്രമങ്ങളെ അവഹേളിക്കലാണ്. റോസിയുടെ പിന്മുറക്കാരായി കര്‍ഷകത്തൊഴിലാളി സമൂഹത്തില്‍നിന്നും മറ്റൊരാള്‍ ഉണ്ടായില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. അവിടെ ഒരു കൊടുംനടുക്കം ഉണ്ടാകേണ്ടതുണ്ട്.
‘യക്ഷിയുടെ ചൂരിദാര്‍’, ‘നരകത്തിലേക്കൊരു ടിക്കറ്റ്’ തുടങ്ങിയവ താങ്കളുടെ പ്രസിദ്ധങ്ങളായ നഗ്നകവിതകളാണ്. സാധാരണ ഹൈക്കു കവിതകളില്‍നിന്നും നഗ്നകവിതകള്‍ എങ്ങനെ വ്യത്യസ്തപ്പെടുന്നു.
ഹൈക്കു കവിതകള്‍ക്ക് കൃത്യമായ നിയമങ്ങളുണ്ട്. നഗ്നകവിതക്ക് ആ നിയന്ത്രണങ്ങളില്ല. ഏതു വിഷയവും നഗ്നകവിതക്ക് ഇണങ്ങും. സൈദ്ധാന്തികഭാരം തീരെ ഉണ്ടാവില്ല. സങ്കടങ്ങളില്‍നിന്നും പുറപ്പെടുന്നതാണ് നഗ്നകവിത. കുഞ്ചന്‍ നമ്പ്യാരോളം വൈപുല്യമോ കുഞ്ഞുണ്ണിയോളം ഹ്രസ്വതയോ ഈ രചനാരീതി സ്വീകരിക്കുന്നില്ല. രാഷ്ട്രീയകാര്യങ്ങള്മാത്രം വിഷയമാക്കുന്ന തെലുഗുവിലെ ദിഗംബര കവിതയില്‍നിന്നും മലയാളത്തിലെ നഗ്നകവിത അതിന്റെ വിഷയവൈവിധ്യംകൊണ്ടുതന്നെ വ്യത്യാസപ്പെട്ടിരിക്കുന്നു.
മഹാഭാരതം –വ്യാസന്റെ സസ്യശാല – വ്യാസ ഭാരതത്തെ അടിസ്ഥാനപ്പെടുത്തി; എന്നാല്‍ അതില്‍നിന്നൊക്കെ വ്യത്യസ്തമായി കഥാപാത്രങ്ങളെ സ്വതന്ത്രമായി രൂപപ്പെടുത്തിയ കൃതിയാണ്. ഇത്തരമൊരു കൃതി എഴുതാന്‍ പ്രേരിപ്പിച്ച ചോദന എന്താണ്?
‘മഹാഭാരതം’ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വിവര്‍ത്തനം പലവട്ടം വായിച്ചു നോട്ട് തയാറാക്കിയിട്ടുണ്ട്. സൂക്ഷ്മതയില്നിന്നും സ്ഥൂലതയിലേക്ക് പോകുന്നതിനു പകരം സൂക്ഷ്മത്തിലേക്ക് യാത്രചെയ്യാന്‍ പ്രേരിപ്പിച്ചത് ഗാന്ധാരിയാണ്.
‘‘അമ്മ
നൂറ്റൊന്നു മക്കള്‍
പത്നി
ഭര്‍ത്താവ് രാജ്യാധികാരി
കണ്ണഴിക്കേണ്ടായിരുന്നെന്നു തോന്നുന്നു
കണ്ണില്‍ നിറച്ചും ശവങ്ങള്.’’
ഈ ബിന്ദുവത്കരണമാണ് ആദ്യം സംഭവിച്ചത്. പതിനെട്ടു വര്‍ഷമാണ് ‘വ്യാസന്റെ സസ്യശാല’ക്കു വേണ്ടി ദഹിച്ചത്.
എഴുതിയതുകൊണ്ടുമാത്രം… അതിക്രമങ്ങള്‍ ഏല്‍ക്കേണ്ടിവന്ന ഒരാളാണല്ലോ താങ്കള്‍? അവനവന്റെ ഇടം ഭദ്രമാക്കിയാണ് ഇന്ന് പലരും എഴുതുന്നത്. സമൂഹത്തിന്റെ യഥാർഥ പ്രശ്നങ്ങളല്ല ഇത്തരം എഴുത്തിലൂടെ വെളിച്ചത്ത് വരുന്നത്. എഴുത്തും സമൂഹവും തമ്മിലുള്ള വർധിച്ചുവരുന്ന ഈ അന്തരത്തെ എങ്ങനെ നോക്കിക്കാണുന്നു?
എഴുത്തുകാരുടെ ഇടം ഒട്ടും ഭദ്രമല്ല. പ്രണയത്തെ കുറിച്ചുമാത്രം എഴുതിയാല്‍പോലും ഒരാളുടെ നില ഭദ്രമാകുന്നില്ല. ആ എഴുത്ത് മതാതീതം ആണെങ്കില്‍ ആക്രമിക്കപ്പെടും. ഒരു മാസത്തിലധികം വീടിന് രാപ്പകല്‍ പൊലീസ് കാവലുണ്ടായിരുന്നു. കവിത ചൊല്ലിയ ഇടങ്ങളിലെല്ലാം പൊലീസും ഹൃദയപക്ഷ യുവത്വവും സംരക്ഷണ കവചം ഒരുക്കിയിരുന്നു. ചില കൂറ്റന്കവികള് പോലും ചാനല്‍ ചര്‍ച്ചകളില്‍ എന്നെ തള്ളിപ്പറഞ്ഞിരുന്നു. ഹിന്ദുമത തീവ്രവാദികള്‍ എന്റെ കോലം കത്തിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി കൊടുത്തു.
ഞങ്ങളുടെ കവലയില്‍ എന്നെ പാകിസ്താനിലേക്ക് നാടുകടത്തണം എന്ന് പോസ്റ്റര്‍ എഴുതി ഒട്ടിച്ചു. സൈബറിടത്തില്‍ തെറിയുടെ പൂരപ്രബന്ധം ആയിരുന്നു. ഞാനതൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല. ആര്‍ഷഭാരത സംസ്കാരത്തിന്റെ ചുരുക്കെഴുത്ത് ആഭാസം എന്നാണെന്ന് ആ കമന്റുകള്‍ വിളിച്ചു പറയുന്നുണ്ട്. വരും തലമുറക്ക് കാണാന്‍ അതങ്ങനെതന്നെ കിടക്കട്ടെ (പിന്നീട് നടന്ന ഞങ്ങളുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആ ആക്രമണകാരികള്‍ ദയനീയമായി പരാജയപ്പെട്ടു). അപ്പോഴും ആക്രമണത്തിന് കാരണമായി ഞാനുയര്‍ത്തിയ വടയമ്പാടിയിലെ സമരവും ആര്‍ട്ടിസ്റ്റ് അശാന്തന്റെ മൃതദേഹത്തിന് നേരിട്ട അപമാനവും ആളിത്തന്നെ നിലകൊണ്ടു. നരേന്ദ്ര ധാബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരെ ഓര്‍ത്തുകൊണ്ട് അടുത്ത ഇരയാവാന്‍ ഞാന്‍ തയാറാണെന്ന് മാത്രമേ ഇപ്പോഴും പറയാനുള്ളൂ.
എന്നും പ്രതിപക്ഷ ശബ്ദമാണല്ലോ സാഹിത്യത്തിനു വേണ്ടത്. വൈലോപ്പിള്ളിയൊക്കെ ഇത് വ്യക്തമായി പറഞ്ഞുവെച്ചിട്ടുണ്ട്. അധികാരത്തെ തിരുത്തുന്ന ധർമമാണല്ലോ സാഹിത്യ ധർമം. പക്ഷേ, ആധുനിക കാലത്ത് സാഹിത്യം അതിന്റെ ധാർമികമായ ഉത്തരവാദിത്തം നിർവഹിക്കുന്നതില്‍ പരാജയപ്പെടുന്നതായി തോന്നിയിട്ടുണ്ടോ?
പൊരുതുന്ന കവികളുടെ ഒരു പ്രവാഹംതന്നെ ലോകകാവ്യ രംഗത്തുണ്ട്. ശ്രീലങ്കന്‍ തമിഴ് കവികള്‍, ഫലസ്തീന് -സിറിയന്‍ കവികള്‍, ലാറ്റിന്‍ അമേരിക്കന്‍ കവികള്‍, ആഫ്രിക്കന്‍ കവികള്‍... ഇങ്ങനെയൊരു വലിയ ദൃശ്യം നിലവിലുണ്ട്. കേരളത്തിലെ യുവകവിതയും വിയോജിപ്പുകളുടെ വഴിയിലാണ്. സതീശന് മോറായിയുടെയും സ്റ്റാലിനയുടെയും മറ്റും കവിതകള്‍ നോക്കൂ. അതിശക്തമായ വിയോജിപ്പുകളാണ് അതിലുള്ളത്. നൂറു നഗ്നകവിതകളുടെ ഒരു പുസ്തകം തന്നെ മലയാളത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. വ്യവസ്ഥിതിയുടെ ദുശ്ശീലങ്ങളെ അന്ധമായി അനുകൂലിക്കുന്ന ഒരു കവിതപോലും അതിലില്ല.
പ്രത്യക്ഷ സമരങ്ങളില്‍പോലും കവികള്‍ പങ്കെടുക്കുന്നുണ്ട്. ഞാന്‍ പങ്കെടുത്ത സമരങ്ങള്മാത്രം പറഞ്ഞാല്‍ അടിയന്തരാവസ്ഥക്കെതിരെ നടത്തിയ സമരം, മുത്തങ്ങ നില്പുസമരം, ചെങ്ങറ, മേപ്പാടി, അരിപ്പ ഭൂസമരങ്ങള്‍, വാളയാര്‍ കുട്ടികള്‍ക്ക് നീതി ലഭിക്കാനായുള്ള സമരം, അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു നടത്തിയ സമരം, അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ നടത്തിയ സമരം, അന്ധവിശ്വാസ നിർമാർജന ബില്ലിനുവേണ്ടി നടത്തിയ സമരം, സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനുവേണ്ടി നടത്തിയ സമരം, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുവേണ്ടി നടത്തിയ സമരം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി നടത്തിയ സമരം, ദേശീയപാത വികസനത്തിലെ ജനജീവിത വിരുദ്ധത പരിഹരിക്കാനുള്ള സമരങ്ങള്‍, ദേശീയ വിദ്യാഭ്യാസ നയത്തിലെ അയുക്തികൾക്കെതിരെയുള്ള സമരം, മാതൃഭാഷക്കുവേണ്ടിയുള്ള സമരം, മതമില്ലാത്ത ജീവനെന്ന പാഠം സംരക്ഷിക്കാനുള്ള സമരം, ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് പെന്ഷന് കിട്ടാനുള്ള സമരം, കേന്ദ്ര സാഹിത്യ അക്കാദമിക്കെതിരെ അവഗണിക്കപ്പെട്ട കവികളോടൊപ്പം നിന്നു നടത്തിയ സമരം, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിനെതിരെ ഗ്രോ വാസു നടത്തിയ സമരം, സ്ത്രീധന സമ്പ്രദായത്തിനും സ്ത്രീപീഡനത്തിനും എതിരെയുള്ള സമരങ്ങള്‍, കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ നടത്തിയ സമരം... അങ്ങനെ എത്രയോ സമരങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. എഴുതുന്നതു മാത്രമല്ല കവിത. എഴുതാത്ത ജീവിതവും കവിതയാണ്.
ഇടതുപക്ഷ ആശയങ്ങളോട് പൊതുവെ അനുഭാവമുള്ള ആളാണല്ലോ താങ്കള്‍? എന്നാല്‍, ഇടതുപക്ഷ സാഹിത്യവും ഇടതുപക്ഷ രാഷ്ട്രീയവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കാമോ?
അധികാരത്തിലെത്തിയ ഇടതുപക്ഷ രാഷ്ട്രീയത്തിന് പല സന്ധികളും ചെയ്യേണ്ടിവന്നിട്ടുണ്ട്. എഴുത്തില്‍ സന്ധികളില്ല. വിരുദ്ധ ആശയങ്ങളുമായി കൂട്ടിക്കൊടുപ്പ് നടത്തുന്ന പിമ്പു വാക്കുകളായ പക്ഷേ, എങ്കിലും, എന്നാലും ഇവ കവിതയില്‍ സുലഭമല്ല.
നവോത്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന വലിയ മൂല്യങ്ങളെയൊക്കെ ചവിട്ടിമെതിച്ച് കേരളത്തിലും ഇന്ത്യയിലും ജാതിമതവംശീയ ശക്തികള്‍ അനുദിനം ശക്തിപ്രാപിക്കുകയാണല്ലോ? ഇത്തരമൊരു സന്ദര്‍ഭത്തില്‍ ജാതി-മത രഹിതനായി നിലനില്ക്കുക, നിലകൊള്ളുക എന്നത് പ്രയാസമുള്ള ഒന്നാണ്. അത്തരമൊരു അവസ്ഥയില്‍ താങ്കള്‍ നേരിടുന്ന അനുഭവം പറയാമോ?
അത്തരം ബുദ്ധിമുട്ടുകളെയൊന്നും ഞാന്‍ പരിഗണിച്ചിട്ടില്ല. പൊതുയോഗങ്ങളില്‍ ഈശ്വര പ്രാര്‍ഥനക്ക് ഇപ്പോഴും ഞാന്‍ എഴുന്നേല്ക്കാറില്ല. ചന്ദനക്കുറി ധരിച്ചും ഈശ്വരനെ ധ്യാനിച്ചും ചെരിപ്പിടാതെയും ഇന്നേവരെ ഉദ്ഘാടനവിളക്ക് ഞാന്‍ കത്തിച്ചിട്ടില്ല. അത്തരം പൊതുയോഗങ്ങളില്‍ പ്രാര്‍ഥിക്കരുതെന്ന് ആരോടും പറഞ്ഞിട്ടുമില്ല. അതൊക്കെ അവരുടെ സ്വാതന്ത്ര്യം. എന്റെ സ്വാതന്ത്ര്യം പണയപ്പെടുത്താന്‍ തയാറുമല്ല.
സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് സ്ത്രീ മുന്നേറ്റം കാണാനാവും ഒരുപാട് സ്ത്രീകള്‍ കാവ്യരംഗത്തേക്കും കടന്നുവന്നിട്ടുണ്ട്. ഒരുകാലത്ത് പുരുഷ എഴുത്താളരെ മാത്രം സ്വീകരിച്ച മലയാള സാഹിത്യം ഈ കടന്നുവരവിനെ എങ്ങനെയാണ് നോക്കിക്കണ്ടത് എന്നു പറയാമോ?
എഴുത്തച്ഛന് മാത്രമുള്ള ഭാഷയാണ് അമ്മമലയാളം. എഴുത്തമ്മയില്ല. എന്നാലിന്ന് സ്ഥിതിമാറി. സ്ത്രീകളുടെ മഹാപ്രവാഹം മലയാള കവിതയില്‍ ഉണ്ടായി. അതിനവരെ സഹായിച്ചത് വിദ്യയുടെ ഇന്ത്യന്‍ ദേവതയായ സരസ്വതിയല്ല. സയന്‍സാണ്. മൊബൈല്‍ ഫോണും ഇന്റര്‍ നെറ്റുമൊക്കെ ആധുനിക സയന്‍സിന്റെ സംഭാവനയാണ്. വീട്ടിലിരുന്ന് എഴുതാന്‍ കഴിയാത്ത കവിതകള്‍ ബസിലിരുന്ന് മൊബൈലിലെ ലിപിയിടത്തില് ചൂണ്ടുവിരല്‍കൊണ്ട് മംഗ്ലീഷില്‍ എഴുതിയാണ് ഈ മുന്നേറ്റം സാധിച്ചത്. ഭാവിയില്‍ മലയാള കവിതയുടെ പതാക വഹിക്കുന്നതു സ്ത്രീകളായിരിക്കും.
കവിതക്ക് വൃത്തവും താളവുമൊക്കെ വേണോ എന്നത് ഇക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. മികച്ച വായനയുള്ള ഒരാള്‍ക്ക് ഒരു ഗദ്യകവിത രൂപപ്പെടുത്താന്‍ വലിയ പ്രയാസം അനുഭവപ്പെടുമെന്ന് തോന്നുന്നില്ല. അങ്ങനെ വരുമ്പോള്‍ പ്രതിഭയില്ലാത്ത ഏതൊരാള്‍ക്കും കവിയാകാം. വൃത്തവും അലങ്കാരവും അറിഞ്ഞ് അതിനെ നിരാകരിക്കുമ്പോഴാണല്ലോ അത് സാഹിത്യത്തിലെ ഒരു വിപ്ലവ പ്രവര്‍ത്തനമാകുക. താങ്കള്‍ക്ക് എന്ത് തോന്നുന്നു?
അറിയുന്നതും നിരസിക്കുന്നതും നല്ലതാണ്. ഛന്ദസ്സ് ഇല്ലാതെയുള്ള എഴുത്ത് അത്ര എളുപ്പമല്ല. നഗ്നകവിതപോലും അനായാസമായി എഴുതാന്‍ കഴിയില്ല. അങ്ങനെ എഴുതാന്‍ കഴിഞ്ഞത് പഴയകാലത്ത് ശ്ലോകങ്ങളാണ്. താളമുക്തമായ കവിതയല്ല.
സാംസ്കാരിക രംഗത്ത് അക്കാദമികള്‍ക്ക് വലിയ കര്‍ത്തവ്യം നിര്‍വഹിക്കാനുണ്ട്. സാഹിത്യത്തിന് അതിന്റെ ഗുണം ലഭിക്കണമെങ്കില്‍ അക്കാദമികളുടെ സഞ്ചാരവഴി സത്യസന്ധവും സുതാര്യവും ജനാധിപത്യപരവുമായിരിക്കണം. പല കോണുകളില്‍നിന്നും അക്കാദമികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ താങ്കള്‍ എങ്ങനെയാണ് ഈ പ്രശ്നത്തെ നോക്കിക്കാണുന്നത്?
കവിതയടക്കമുള്ള സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ സാഹിത്യ അക്കാദമിക്ക് പങ്ക് ഒന്നുമില്ല. അക്കാദമിയൊന്നും ഇല്ലാത്ത കാലത്താണ് ചങ്ങമ്പുഴക്കവിത കേരളത്തില്‍ കൊടുങ്കാറ്റു വിതച്ചത്. അക്കാദമി ക്യാമ്പുകളില്‍നിന്നു ചില പ്രണയവിവാഹങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന നല്ലകാര്യം മറക്കുന്നില്ല. ക്യാമ്പില്‍ െവച്ച് ഇഷ്ടകവികളെ കണ്ടതും മറക്കുന്നില്ല. ക്യാമ്പ് ഇല്ലായിരുന്നെങ്കിലും ഞാന്‍ അവരെ കാണുമായിരുന്നു. ശംഖഘോഷ്, അരുണ്‍ കമല്‍, അമൃതാപ്രീതം, ഗദ്ദര്‍, വരവരറാവു, സുബോധ് സര്‍ക്കാര്‍, ശിവറെഡ്ഡി, വൈലോപ്പിള്ളി തുടങ്ങിയവരെ അവരുടെ ജീവിതസ്ഥലത്തു പോയി ഞാന്‍ കണ്ടിട്ടുണ്ട്. ടാഗോറിന്റെയും ദസ്തയേവ്സ്കിയുടെയും വീട്ടില്‍ പോയിട്ടുണ്ട്. ഇതൊന്നും അക്കാദമി സഹായിച്ചിട്ടല്ല.
‘കീഴാളന്’ (‘മാധ്യമ’ത്തില്‍ പ്രസിദ്ധീകരിച്ചത്) ജനങ്ങളിലെത്തിയത് ആ പുസ്തകത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതുകൊണ്ടല്ല. ‘പെണങ്ങുണ്ണി’ (‘മാധ്യമ’ത്തില്‍ പ്രസിദ്ധീകരിച്ചത്) സ്വീകരിക്കപ്പെട്ടത് അതിനു കിട്ടിയ പത്മനാഭസ്വാമി സമ്മാനം നിരസിച്ചതുകൊണ്ടുമല്ല. അവാര്‍ഡുകള്‍ ഒരു കൃതിക്കും തണലോ വെയിലോ ആകുന്നില്ല.
കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒരു കാലത്തെ മലയാള സാഹിത്യത്തെയും രൂപപ്പെടുത്തുന്നതില്‍ വലിയ തോതിലുള്ള പങ്ക് നിർവഹിച്ചിട്ടുണ്ടല്ലോ? അത്തരം പ്രവര്‍ത്തനങ്ങളെ പറ്റി താങ്കള്‍ക്ക് പറയാനുള്ളത് എന്താണ്?
സാഹിത്യത്തിനു മാത്രമല്ല സിനിമ, ചിത്രകല, ശിൽപകല, പാട്ട്, വായന... തുടങ്ങിയവയെയും നക്സലൈറ്റ് ആശയങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. ഒരു കാൽപനിക സവിശേഷതയായിപ്പോലും ആ ആശയം പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ‘ആവര്‍ത്തനം’, ‘തോക്കിന്റെ വഴി’, ‘ചെര്‍ഗീസ്’ എന്നീ കവിതകളും ‘നക്സലൈറ്റ്’, ‘മാവോയിസ്റ്റ്’ എന്നീ നഗ്നകവിതകളും എഴുതാന്‍ അവരുടെ പ്രവര്‍ത്തനം സഹായിച്ചിട്ടുണ്ട്. അവരുമായി നേരിട്ടൊരു ബന്ധവും എനിക്കില്ലായിരുന്നു.
രാഷ്ട്രീയപരമായി ചിന്തിച്ചാല്‍ 1992ലെ ബാബരി മസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മതേതര മുഖത്തിനേറ്റ പ്രഹരംതന്നെയാണ്. അത്തരമൊരു സന്ദര്‍ഭത്തിലൂടെ കടന്നുപോയിട്ടും ഈ രാഷ്ട്രം തകര്‍ന്നുപോകാതെ നിലനിര്‍ത്തുന്നതില്‍ എഴുത്തുകാരും സാഹിത്യകൃതികളും വഹിച്ച പങ്ക് നിസ്തുലമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഉയര്‍ന്നുവന്ന പ്രതിരോധത്തിന്റെ സാഹിത്യംപോലെ എത്തിയില്ലെങ്കിലും പുതിയ ഇന്ത്യന്‍/ മലയാള സാഹിത്യത്തില്‍ താങ്കള്‍ക്ക് പ്രതീക്ഷയുണ്ടോ?
ബാബരി പള്ളി ഒരു ചരിത്രസ്മാരകമായിട്ടെങ്കിലും സംരക്ഷിക്കണം എന്നാണ് ഇപ്പോഴും ആരാധനയില്‍ താൽപര്യമില്ലാത്ത എന്റെ അഭിപ്രായം. അന്ന് കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ചു. പലയിടത്തും ഞാന്‍ അതുസംബന്ധിച്ചു കിട്ടിയ ഒരു വിഡിയോ പ്രദര്‍ശിപ്പിക്കുകയും ‘ദുശ്ശീലം’ എന്ന നഗ്നകവിത പിറക്കുകയുംചെയ്തു. ബാബരിപ്പള്ളി പൊളിച്ചിടത്തുനിന്നാണ് ഹിന്ദു തീവ്രവാദികളുടെ ആധിപത്യം ആരംഭിക്കുന്നത്. അവിടെ ക്ഷേത്രം സ്ഥാപിക്കാന്‍ സെക്കുലര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ മുന്‍ കൈയെടുത്തു. അതേസമയം, അബൂദബിയിലെ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനംചെയ്തു. അബൂദബിയിലെ ഭരണാധികാരി കാണിച്ച മതസഹിഷ്ണുത ഇന്ത്യന്‍ ഭരണാധികാരിക്കില്ല. അവര്‍ ഒരു പകയും െവച്ച് പുലര്‍ത്തിയില്ല.
അതേസമയം, ഇന്ത്യയിലാകട്ടെ അക്ബറെന്നും സീതയെന്നും വളര്ത്തുപേരുള്ള മൃഗങ്ങളെ പോലും സംഘ് പരിവാര്‍ വെറുതെ വിടുന്നില്ല. അത്രക്ക് ഇടുങ്ങിയതും പരിഹാസ്യവുമാണ് ഇന്ത്യന്‍ മതബോധം. മുങ്ങിമരിക്കാന്‍ തുടങ്ങിയ കേരളത്തിന് യു.എ.ഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായത്തെപ്പോലും തടഞ്ഞവരാണ് ഇന്ത്യന്‍ ഭരണകൂടം എന്നത് അവര്‍ കാര്യമാക്കിയതേയില്ല. ബാബരിപ്പള്ളി പൊളിച്ചതില്‍ അന്നത്തെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിനും പങ്കുണ്ട്. ഉദ്ദേശ്യകാര്യസിദ്ധിക്ക് ഉപകാര സ്മരണ എന്ന രീതിയില്‍ അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന് മരണാനന്തരം ഭാരതരത്ന പ്രഖ്യാപിച്ചതിലൂടെ ബി.ജെ.പി നന്ദി പ്രകടിപ്പിക്കുകയുംചെയ്തു. അബൂദബി ഭരണാധികാരിയുടെ ഉദാരത ആദരവ് അര്‍ഹിക്കുന്നതാണ്. യുവകവിത ഇത്തരം കാര്യങ്ങളില്‍ ബോധപ്രകാശം ഉള്‍ക്കൊണ്ടതാണ്.
ലോകഗതിയെ തന്നെ സ്വാധീനിക്കുന്ന തരത്തിലുള്ള ഉജ്ജ്വല കൃതികള്‍ പാശ്ചാത്യ ഭാഷകളില്‍ ഉണ്ടാകുമ്പോള്‍ അത്തരമൊന്ന് ഇന്ത്യന്‍ ഭാഷകളില്‍ ഉണ്ടായിവരുന്നുണ്ടോ എന്നത് സംശയമാണ്. എന്തുകൊണ്ടാകാം ലോകസാഹിത്യത്തില്‍ ഉണ്ടാകുന്നതുപോലുള്ള കൃതികള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ രൂപപ്പെടാതെ പോകുന്നത്?
ഒരു വിലയിരുത്തലിന്റെ കാലം ആയിട്ടില്ല. നൊേബല്‍ സമ്മാനം കിട്ടിയ പല സാഹിത്യ കൃതികളും കാലം ചവറ്റുകൂട്ടയില്‍ എറിഞ്ഞുകഴിഞ്ഞു. ഇന്ന് കൊണ്ടാടപ്പെടുന്ന പല വിദൂര ഭാഷാകൃതികളും കാലത്തിന്റെ കുത്തൊഴുക്കില്‍ ഇല്ലാതായേക്കാം. കുഞ്ചന്‍ നമ്പ്യാരെയും ചങ്ങമ്പുഴയെയും ആശാനെയും മാധവിക്കുട്ടിയെയും ബഷീറിനെയും ഒക്കെ ലോകം കൂടുതല്‍ ശ്രദ്ധിക്കുന്ന കാലം വരും.
ജ്ഞാനപീഠ പുരസ്കൃതമായ പല ഇന്ത്യന്‍ കവിതകളെക്കാളും സ്വീകാര്യത സത്യന് കോമല്ലൂരിന്റെ ‘‘താരകപ്പെണ്ണാളേ...’’ എന്ന പാട്ടുകവിതക്കുണ്ട്. സര്‍വകലാശാലകള്‍ അടക്കമുള്ള അക്കാദമിക തലത്തിലാണ് വിവര്‍ത്തന സാധ്യത ഇപ്പോള്‍ ഉള്ളത്. അങ്ങനെയുള്ള സന്ദര്‍ഭം കിട്ടുമ്പോള്‍ മലയാളത്തിലെ ശ്രദ്ധേയ കവിതകള്‍ പരിഭാഷപ്പെടുത്തുവാനുള്ള വിശാലമനസ്സ് അക്കാദമികതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണ്ടാകണം. ഇപ്പോള്‍ കാര്യങ്ങള്‍ കുറെക്കൂടി ജനകീയമായിട്ടുണ്ട്.
വിദ്യാര്‍ഥിയായ രതീഷ് കൃഷ്ണയുടെ കവിതകള്‍ ബംഗാളി അടക്കമുള്ള ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടുകഴിഞ്ഞു. അനീസ ഇഖ്ബാലിന്റെയും മറ്റും കവിതകൾ തമിഴില്‍ വന്നുകഴിഞ്ഞു. പ്രാന്തപ്രദേശത്തു കഴിയുന്ന എന്റെ കവിതപോലും അക്കാദമിക കാരുണ്യമില്ലാതെ തമിഴിലും ഇംഗ്ലീഷിലുമൊക്കെ പുസ്തകമായി വന്നിട്ടുണ്ട്. കേരളം പശ്ചിമഘട്ടങ്ങളെയും കടലിനെയും കടന്നു വളരുക തന്നെചെയ്യും.
വരുന്ന ഒരു അമ്പത് വര്‍ഷത്തെ ലോകഗതിയെയും ഇന്ത്യയെയും സങ്കൽപിക്കാന് ആകുന്നുണ്ടോ?
യുദ്ധങ്ങളുണ്ടാകും. ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകും. സമാധാന പ്രവര്‍ത്തനങ്ങളും ശാസ്ത്രാവബോധവും യുക്തിചിന്തയും ലോകരക്ഷക്കായി സജീവമാകും.
മലയാള കവിതയില്‍ ദീര്‍ഘമായൊരു കാവ്യസപര്യയാണല്ലോ താങ്കളുടേത്? മലയാള കാവ്യഭൂമികയില്‍ സുദീര്‍ഘമായ എഴുത്തുകാലം പിന്നിടുമ്പോള്‍ എന്തുതോന്നുന്നു?
പത്തൊമ്പതാം വയസ്സില്‍ പിറന്ന ‘വീണവില്‍പ്പനക്കാരന്‍’ മുതല്‍ അടുത്തകാലത്തു പിറന്ന ‘ഫാത്തിമാതുരുത്ത്’ വരെയാണല്ലോ കൈമുതല്‍. ഇടപ്പള്ളിയുടെ ‘ഭരണഘടന’ പറയുന്നത് ‘‘എനിക്കുമുണ്ടേതോ ചിലതെല്ലാം ഊഴിപ്പരപ്പിനോടൊന്നു പറഞ്ഞു പോകുവാന്‍’’ എന്നാണല്ലോ. ചിലതെല്ലാം പറഞ്ഞു. അധികവും പറഞ്ഞില്ല. തൃപ്തിയേക്കാള്‍ കൂടുതല്‍ അതൃപ്തിയുടെ ഉറുമ്പുകളാണ് മനസ്സില്‍ ഇഴയുന്നത്.
പതിമൂന്നു വര്‍ഷമായി ഫേസ്ബുക്കില്‍ ഞാന്‍ ഇന്ന് വായിച്ച കവിതയെന്ന പംക്തി ചെയ്യുന്നുണ്ട്. പുതിയ രചനകളെ പിന്തുടര്ന്നു നിരീക്ഷിക്കാന്‍ കഴിയുന്നതില്‍ ആഹ്ലാദിക്കുന്നു. ഞായറാഴ്ചകളില്‍ മണ്മറഞ്ഞ കവികളെ അനുസ്മരിക്കുന്നു. തിങ്കളാഴ്ചകളില്‍ ഇന്ത്യന്‍ ഭാഷകളിലും അയല്ഭാഷകളിലുമുള്ള കവിതകള്‍ വായിക്കുന്നു. രാവിലെ അഞ്ചുമണിക്കാണ് കവിതകള്‍ പോസ്റ്റ് ചെയ്യുന്നത്. നൂറുകണക്കിനു വായനക്കാര്‍ എന്നും വന്നു വായിക്കുന്നുണ്ട്. ഈ ശ്രമം തുടരാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നു.