‘‘ഒരു ദലിതനായ സംസ്കൃത അധ്യാപകൻ എഴുതുന്നു എന്നതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിക്കുന്നത്’’
ഹിന്ദുത്വവാദികളുടെ ശക്തമായ എതിർപ്പ് നേരിടുന്ന എഴുത്തുകാരനും ചിന്തകനും സംസ്കൃത അധ്യാപകനുമാണ് ഡോ. ടി.എസ്. ശ്യാംകുമാർ. രാമായണ വിശകലന കോളത്തിന്റെ പേരിലും ഹിന്ദുത്വവാദികൾ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. തന്റെ നിലപാടുകളും ജീവിതവഴികളും സംസാരിക്കുകയാണ് അദ്ദേഹം ചരിത്രകാരൻകൂടിയായ വിനിൽ പോളിനോട്.ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള വീയ്യപുരം എന്ന അപ്പര്‍കുട്ടനാടന്‍ ഗ്രാമമാണ് ടി.എസ്. ശ്യാംകുമാറിന്റെ സ്വദേശം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയില്‍നിന്ന് സംസ്കൃത സാഹിത്യത്തില്‍ ബിരുദവും...
Your Subscription Supports Independent Journalism
View Plansഹിന്ദുത്വവാദികളുടെ ശക്തമായ എതിർപ്പ് നേരിടുന്ന എഴുത്തുകാരനും ചിന്തകനും സംസ്കൃത അധ്യാപകനുമാണ് ഡോ. ടി.എസ്. ശ്യാംകുമാർ. രാമായണ വിശകലന കോളത്തിന്റെ പേരിലും ഹിന്ദുത്വവാദികൾ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. തന്റെ നിലപാടുകളും ജീവിതവഴികളും സംസാരിക്കുകയാണ് അദ്ദേഹം ചരിത്രകാരൻകൂടിയായ വിനിൽ പോളിനോട്.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള വീയ്യപുരം എന്ന അപ്പര്‍കുട്ടനാടന്‍ ഗ്രാമമാണ് ടി.എസ്. ശ്യാംകുമാറിന്റെ സ്വദേശം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയില്‍നിന്ന് സംസ്കൃത സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫില്‍ ബിരുദവും ഗവേഷണ ബിരുദവും കരസ്ഥമാക്കി.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് കൗണ്‍സലിങ് സൈക്കോളജിയില്‍ പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. ‘കേരളീയ തന്ത്രഗ്രന്ഥങ്ങളിലെ പ്രായശ്ചിത്ത സങ്കൽപം –വിമര്‍ശനാത്മക അപഗ്രഥനം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കാലടി സംസ്കൃത സർവകലാശാലയില്‍ പിഎച്ച്.ഡി ഗവേഷണം പൂര്‍ത്തിയാക്കിയത്. കേരള സര്‍ക്കാറിന്റെ ധനസഹായത്തോടെ പോണ്ടിച്ചേരി ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോ. എസ്.എ.എസ്. ശർമയുടെ മേല്‍നോട്ടത്തില്‍ ‘പാഞ്ചരാത്രാഗമങ്ങളിലെ പ്രായശ്ചിത്ത സങ്കൽപ’ത്തെ സംബന്ധിച്ച് പഠനത്തിലേര്പ്പെട്ടിട്ടുണ്ട്.
അംബേദ്കര്‍ നാഷനല്‍ ഫെലോഷിപ് (2012), അംബേദ്കര്‍ സേവാശ്രീ നാഷനല്‍ അവാര്‍ഡ് (2013), ബഹ്െെറന്‍-പ്രതിഭ പുരസ്കാരം (2013), കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്നും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഇ.വി. രാമന് നമ്പൂതിരി എന്‍ഡോവ്മെന്റ് (2015), വി.കെ. നാരായണഭട്ടതിരി എന്‍ഡോവ്മെന്റ് (2016), കെ.വി. ശർമ എന്‍ഡോവ്മെന്റ് (2017) എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷന്റെ (ഡല്‍ഹി) രാജീവ്ഗാന്ധി നാഷനല്‍ ഫെലോഷിപ്പും (2017) ലഭിച്ചു.
ഹിന്ദുത്വവാദികളുടെ എതിർപ്പ് പലവിധത്തിൽ നേരിടുന്നുണ്ട് അദ്ദേഹം. ബ്രാഹ്മണ്യ വിമർശനവും പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും അംബേദ്കറ്റൈ്- കീഴാള വായനകളാണ് ഡോ. ടി.എസ്. ശ്യാംകുമാറിനെതിരെ നീങ്ങാൻ ഹിന്ദുത്വവാദികളെ പ്രേരിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ അദ്ദേഹത്തിന് നേരെ അത്തരമൊരു ആക്രമണം സോഷ്യൽ മീഡിയയിലടക്കം നടന്നുകൊണ്ടിരിക്കുകയാണ്. ആ പശ്ചാത്തലത്തിൽ ഡോ.ടി.എസ്. ശ്യാംകുമാർ ചരിത്രകാരനായ ഡോ. വിനിൽ പോളിനോട് നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ:
വേദ, ഇതിഹാസ, പുരാണങ്ങളും ധർമശാസ്ത്രങ്ങളും തുടങ്ങി നിരവധിയായ ഹൈന്ദവ മതഗ്രന്ഥങ്ങളെയും സംസ്കൃത ഭാഷയെയും അക്കാദമികതലത്തിൽ മനസ്സിലാക്കാനുള്ള താങ്കളുടെ ശ്രമത്തിന്റെ പശ്ചാത്തലം എന്തായിരുന്നു?
വളരെ ചെറുപ്പത്തിൽതന്നെ പുരാണങ്ങൾ പഠിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. എന്റെ ഗ്രാമത്തിൽതന്നെയുള്ള മണികണ്ഠൻ പിള്ളയുടെ ‘ശിഷ്യനായാണ്’ ഭാഗവതം, രാമായണം, മഹാഭാരതം ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ അഭ്യസിക്കാൻ ആരംഭിച്ചത്. ഈ പഠനം ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ്. പിന്നീട് എന്റെ പുരാണപഠനങ്ങളിലെ താൽപര്യം കണ്ടാണ് അമ്മയുടെ ഒരു ബന്ധുവായ ദാമോദര പാർക്ക് എന്നെ തന്ത്രവിദ്യ, ജ്യോതിഷം തുടങ്ങിയവകൂടി അഭ്യസിപ്പിക്കാൻ ഗുരുക്കന്മാരെ ഏർപ്പാടാക്കിയത്.
ഈ പഠനം വേദേതിഹാസ പുരാണ പാരമ്പര്യങ്ങളെയും അതിന്റെ ഗ്രന്ഥസമുച്ചയങ്ങളെയും സൂക്ഷ്മമായി മനസ്സിലാക്കാൻ സഹായിച്ചു. ഔദ്യോഗികമായി സംസ്കൃതപഠനം ആരംഭിക്കുന്നത് സ്കൂൾവിദ്യാഭ്യാസ കാലത്താണ്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്നാണ് ഞാൻ സംസ്കൃത സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിലും പിഎച്ച്.ഡിയും നേടിയത്. കാലടിയിലെ ഗവേഷണ കാലമാണ് സംസ്കൃതത്തെ സംബന്ധിച്ചുള്ള ആഴമേറിയ വിമർശന വായനകൾക്ക് കരുത്തേകിയത്. എന്റെ ഗവേഷണ മാർഗദർശിയായ പ്രഫ. ഡോ. സംഗമേശൻ മാഷിന്റെ കൂടെയുള്ള ഗവേഷണകാലം വേദ- സ്മൃതി-പുരാണ ഗ്രന്ഥസമുച്ചയങ്ങളെ സംബന്ധിച്ച വിമർശന വായനകളെ കൂടുതൽ വിശാലമാക്കുകയുംചെയ്തു.
ചെറുപ്പകാലത്ത് തുടങ്ങിയ പഠനം പിന്നീട് അക്കാദമിക ഗവേഷണത്തിൽ വലിയ കരുത്തായി മാറുകയാണുണ്ടായത്. ഗ്രന്ഥപഠനവും അതിന്റെ പ്രായോഗിക പരിശീലനങ്ങളും ഇവിടെ ‘ഹൈന്ദവം’ എന്ന് വിശേഷിപ്പിച്ച പാഠരൂപങ്ങളെ വിമർശനാത്മകമായി വിലയിരുത്താൻ സഹായിച്ചു. ഇവയെ ഹൈന്ദവ ഗ്രന്ഥസംഹിതകൾ എന്ന് വിശേഷിപ്പിക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. കാരണം, സംസ്കൃതത്തിന്റെ പൊതു പാരമ്പര്യത്തിലാണ് ഈ ഗ്രന്ഥങ്ങൾ രചിക്കപ്പെടുന്നത്. ഇതെല്ലാം രചിക്കപ്പെടുന്ന ഘട്ടത്തിൽ ഹൈന്ദവം എന്ന് വിളിക്കാവുന്ന പൊതുവായതും ഏകാത്മകവുമായ ഒരു രൂപം അതിനുണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം.
മലയാളികളെ സംബന്ധിച്ച് ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ള നിരവധി പണ്ഡിതർ ഹൈന്ദവ സംഹിതകളെ വ്യത്യസ്ത രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. മലയാള സാഹിത്യകൃതികൾ പരിശോധിച്ചാൽ പി.കെ. ബാലകൃഷ്ണനും എം.ടിയും തുടങ്ങി നിരവധി എഴുത്തുകാർ മറ്റൊരു ലോകത്തെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദുത്വ കൃതികളെ മുൻനിർത്തി ലോകബോധ്യത്തെ ഭാവനപ്പെടുത്തിയെടുക്കാനുള്ള മലയാളികളുടെ രചനാപദ്ധതികളെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്?
‘‘ഹിന്ദുക്കൾ സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലായോ’’ എന്ന് നാരായണ ഗുരു ചോദിക്കുന്നുണ്ട്. ഇത് സ്മൃതി പാരമ്പര്യത്തോടുള്ള ഗുരുവിന്റെ കൃത്യമായ വിമർശനമാണ്. 1925ൽ സി.വി. കുഞ്ഞുരാമനുമായുള്ള സംഭാഷണത്തിൽ ‘‘ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ’’ എന്നും ഗുരു പറയുന്നുണ്ട്. ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് ആലപ്പുഴയിൽ നടന്ന യോഗത്തിൽ സഹോദരൻ അയ്യപ്പൻ പ്രസംഗിക്കുന്നുണ്ട്. അദ്ദേഹം അന്നവിടെ പറയുന്നത്, ഗുരുവിന് വേണമെങ്കിൽ വൈദികസംഹിതകളെ കൂട്ടുപിടിച്ച് വ്യാഖ്യാനങ്ങൾ നടത്താമായിരുന്നു. ഗുരു അത് ചെയ്തില്ല. അത് ഗുരുവിന് വേദങ്ങൾ അറിയാൻ പാടില്ലാത്തതുകൊണ്ടായിരുന്നില്ല. മറിച്ച് ആ മാർഗം ഗുരു പിന്തുടർന്നില്ല.
‘‘ഗീത ഉപദേശിച്ച കൃഷ്ണൻ പിന്നീട് ദുഃഖിച്ചിരിക്കാം’’ എന്നും ഗുരു പറയുന്നുണ്ട്. ഇതെല്ലാം പിൽക്കാലത്ത് ഹൈന്ദവമെന്ന് മുദ്ര ചാർത്തപ്പെട്ട ഗ്രന്ഥപാരമ്പര്യങ്ങളോടുള്ള ഗുരുവിന്റെ ആഴമേറിയ വിമർശനമായിരുന്നു. കേരളത്തിൽ ഹിന്ദുത്വ ബ്രാഹ്മണ്യ വിമർശനത്തിന്റെ ആദ്യപഥികരിലൊരാളായിരുന്നു സാക്ഷാൽ സഹോദരൻ അയ്യപ്പൻ. ഗാന്ധിയോട് ‘‘നിങ്ങളുടെ കൃഷ്ണൻ ഒരു പരമ്പര കൊലയാളി അല്ലായിരുന്നോ’’ എന്ന് സഹോദരൻ ചോദിക്കുന്നുണ്ട്. എസ്.എൻ.ഡി.പിയുടെ മീറ്റിങ്ങിൽ വന്ന് മദൻമോഹൻ മാളവ്യ രാമനാമം ജപിക്കാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരന്റെ നേതൃത്വത്തിൽ രാവണാ കീ ജയ് വിളിച്ചു. ജാതിവ്യവസ്ഥയെ സമാപ്തീകരിക്കാൻ വേണ്ടത് ‘Liquidate Hinduism’ ആണെന്ന് സഹോദരൻ ഉറച്ച് പറഞ്ഞു. പണ്ഡിറ്റ് കറുപ്പന്റെ വിമർശന പാരമ്പര്യവും ഇതിൽ പ്രധാനമാണ്. സംസ്കൃത അധ്യാപകൻകൂടിയായിരുന്ന കറുപ്പൻ മാസ്റ്റർ ‘ജാതിക്കുമ്മി’യും ‘ബാലാകലേശ’വും മറ്റും എഴുതി ജാതിബ്രാഹ്മണ്യത്തെ വെല്ലുവിളിച്ചു.
പോത്തേരി കുഞ്ഞമ്പുവിന്റെ ‘അധ്യാത്മ രാമായണ നിരൂപണം’ എന്ന ഗ്രന്ഥം സമൂഹത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചതായി സി.വി. കുഞ്ഞുരാമൻ പറയുന്നുണ്ട്. ഇങ്ങനെ എത്രയോ മഹത്തുക്കൾ. ഇവർ തുറന്നിട്ട വഴിയിലൂടെയാണ് പിന്നീട് കേരളത്തിന് മുന്നേറാൻ കഴിഞ്ഞത്. ഈ മുന്നേറ്റത്തെ തടയുന്ന സവർണവത്കരണമാണ് കേരളത്തെ പിടിമുറുക്കിക്കൊണ്ടിരിക്കുന്നത്. ‘മഹാഭാരത’ത്തെയും ‘രാമായണ’ത്തെയും കേവലം ലാവണ്യപരമായി മാത്രം സമീപിക്കുന്ന രീതി ബ്രാഹ്മണ്യ ലോകവീക്ഷണത്തിന്റെ തുടർഫലമാണ്. എന്നാൽ, ഇത്തരം വീക്ഷണഗതികളെ നിശിതമായി വിമർശിച്ച അതുല്യനായ പണ്ഡിത ധൈഷണികനാണ് പി.കെ. ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ‘ജാതിവ്യവസ്ഥയും കേരളചരിത്ര’വും ടിപ്പു സുൽത്താനെ സംബന്ധിച്ച പഠനവും ഇതിന്റെ നിദർശനമാണ്. മലയാളിക്ക് പുതിയൊരു ലോകബോധം നൽകിയവരാണ് നാരായണ ഗുരുവും സഹോദരനും കറുപ്പൻ മാഷും പോത്തേരി കുഞ്ഞമ്പുവും തുടങ്ങിയ മഹാമനീഷികൾ. ഈ ചിന്താധാരയുടെ ഊർജമാണ് നമുക്കിന്നാവശ്യം.
ത്രൈവർണികന്മാർക്ക് വേണ്ടി എഴുതപ്പെട്ടതാണ് സംസ്കൃത സാഹിത്യമെന്നും മനുഷ്യരെ തുല്യരായി കാണുന്ന ഒരു വരിപോലും സംസ്കൃത സാഹിത്യത്തിൽ ഇല്ല എന്നും താങ്കളുടെ ചില പ്രഭാഷണങ്ങളിൽനിന്നും കേൾക്കാൻ സാധിച്ചു. സാഹോദര്യമെന്ന വാക്കില്ലാത്ത ഈ വ്യവഹാരത്തിനെ പിന്തുണക്കുന്നവർ വസുധൈവ കുടുംബകം എന്നൊക്കെ പറയുന്നുണ്ട്. കഴിഞ്ഞ വർഷം നടന്ന ജി20 ഉച്ചകോടിയുടെ പ്രമേയമായ ‘വസുധൈവ കുടുംബകം’ ആഗോള സുസ്ഥിര വികസനത്തിനുള്ള മാർഗരേഖയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കൊണ്ട് പറയിക്കുകയുണ്ടായി. ഇത് ഒരു രാഷ്ട്രീയ സങ്കൽപമായി പ്രയോഗിക്കുന്നത് എങ്ങനെയാണ്?
‘പഞ്ചതന്ത്ര’ത്തിൽ ആടിന്റെയും കുറുക്കന്റെയും കഥ പറയുമ്പോഴാണ് ‘വസുധൈവ കുടുംബകം’ എന്ന ആശയം അവതരിപ്പിക്കുന്നത്. കുറുക്കൻ ആടുകളോട് പറയുന്നതാണിത്. ആടുകൾ തന്റെ അടുത്തേക്ക് വരാൻ മടിക്കേണ്ടതില്ലെന്നും നമ്മൾ ഒരു കുടുംബമല്ലേയെന്നുമാണ് കുറുക്കൻ ചോദിക്കുന്നത്. കുറുക്കന്റെ ഉപദേശത്തിന്റെ അർഥം വ്യക്തമാണല്ലോ. ആടുകളെ വശത്താക്കുകയാണ് ലക്ഷ്യം.
ശേഷം ചിന്ത്യം ശുഭം. ഇതുപോലെയാണ് പുതിയ കാലത്തും ചില വിശുദ്ധങ്ങളെന്ന് ആരോപിക്കുന്ന വാക്യങ്ങളെ ചിലർ ഉപകരണമാക്കുന്നത്. ഹിന്ദുമതത്തിലെ ഗ്രന്ഥങ്ങളെ പരിശോധിക്കാൻ സമത്വത്തെയും സാഹോദര്യത്തെയും ഒരു മാനദണ്ഡമാക്കുന്നു എന്ന് ഡോ. ബി.ആർ. അംബേദ്കർ പറയുന്നുണ്ട്. അംബേദ്കറുടെ ഈ ധൈഷണിക വഴിയും രീതിശാസ്ത്രവും പിന്തുടർന്നുകൊണ്ട് സംസ്കൃത സാഹിത്യസമുച്ചയത്തെ പരിശോധിച്ചാണ് ‘‘മനുഷ്യരെ തുല്യരായി കാണുന്ന ഒരു വരിപോലും സംസ്കൃത സാഹിത്യത്തിൽ ഇല്ല’’ എന്ന നിഗമനം ഞാൻ അവതരിപ്പിക്കുന്നത്. ഇത് കേവലമായ വിമർശനമല്ല; സുദീർഘമായ സംസ്കൃത പഠനവും അംബേദ്കർ ചിന്തകളുമാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് എന്നെ നയിച്ചത്.
ഡോ. ബി.ആർ. അംബേദ്കറുടെ ദർശനങ്ങളും ചരിത്ര രാഷ്ട്രീയ വീക്ഷണങ്ങളുമെല്ലാം എങ്ങനെയാണ് താങ്കളുടെ ഗവേഷണ മേഖലയിൽ പ്രസക്തമാകുന്നത്? അംബേദ്കർ ആശയങ്ങളിൽനിന്ന് സംസ്കൃത ഗവേഷണ മേഖലയിൽ താങ്കൾക്ക് എന്ത് ഊർജമാണ് ലഭിച്ചത്?
കേരളീയ തന്ത്രഗ്രന്ഥങ്ങളിലെ പ്രായശ്ചിത്ത വിധികളായിരുന്നു എന്റെ ഡോക്ടറൽ പ്രബന്ധത്തിന്റെ വിഷയം. പ്രായശ്ചിത്ത വിധികൾ കേവലം അനുഷ്ഠാനങ്ങളല്ലെന്നും അവയെ നിർണയിച്ചത് ഇന്ത്യൻ ജാതി ബ്രാഹ്മണ്യ ക്രമങ്ങളായിരുന്നു എന്നും തിരിച്ചറിയാൻ അംബേദ്കർ ചിന്തകൾ പ്രാപ്തമാക്കി.
ചുരുക്കത്തിൽ സംസ്കൃത സാഹിത്യ പാരമ്പര്യത്തെ സമീപിക്കുമ്പോഴെല്ലാം അംബേദ്കർ വായനകൾ എന്റെ രീതിശാസ്ത്രത്തെ നിർണയിച്ചുകൊണ്ടേയിരുന്നു. അതെന്നെ തന്നെ നിരന്തരം പുതുക്കുന്നതിനും സഹായിച്ചു. ഹിന്ദുമതത്തെ വിലയിരുത്താൻ ഞാൻ സമത്വത്തെ ഒരു മാനദണ്ഡമാക്കുന്നു എന്ന ഡോ. അംബേദ്കറുടെ സുചിന്തിതവും പ്രകാശപൂർണവുമായ വിമർശനജ്ഞാനം എന്റെ സംസ്കൃത ഗവേഷണത്തെ പുതിയ തുറസ്സുകളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.
സംസ്കൃത സാഹിത്യ പാരമ്പര്യം ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക രാഷ്ട്രീയത്തെ നിർണയിക്കുന്നുണ്ട് എന്ന് ചില സാമൂഹിക ശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ടല്ലോ. ജനജീവിതത്തിന്റെ മൂല്യവിചാരങ്ങളെ പരുവപ്പെടുത്തിയെടുക്കുന്നതിലും സാമൂഹികബോധത്തെ നിർണയിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന ഈ സാഹിത്യ പാരമ്പര്യത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന കൃതിയാണല്ലോ താങ്കളുടെ ‘ആരുടെ രാമൻ’ എന്ന ഗ്രന്ഥം. ആരുടെ രാമൻ എന്ന ചോദ്യത്തിന് താങ്കൾ നൽകുന്ന ഉത്തരം എന്താണ്?
രാമൻ ഒരു പ്രതീകമാണ്. ‘‘ആരുടെ രാമൻ?’’ എന്ന ചോദ്യം ഇന്ത്യൻ സമൂഹത്തോടാണ്. രാമനെ അപമാനിച്ചു എന്ന പേരിലാണല്ലോ ഹിന്ദുത്വർ എന്നെ വേട്ടയാടുന്നത്. ബ്രാഹ്മണ്യ സംസ്കാരം എന്റെയും എന്റെ ജനതയുടെയും അല്ല എന്നുള്ള തുറന്ന പ്രഖ്യാപനമാണ് ആരുടെ രാമൻ എന്ന ചോദ്യം. ഹിന്ദുമതത്തിന്റെ പുറവഴിയെ അനാഥരെപ്പോലെ സഞ്ചരിച്ച ഒരു ജനതക്ക് പ്രത്യക്ഷരക്ഷ നൽകിയത് പൊയ്കയിൽ അപ്പച്ചനാണ്. പൊയ്കയുടെ പാരമ്പര്യത്തിൽ എവിടെയാണ് രാമൻ? രാമാദികളുടെ കാലത്തായിരുന്നുവെങ്കിൽ തനിക്ക് ശംബൂകന്റെ ഗതിയാകുമായിരുന്നു എന്നാണ് നാരായണ ഗുരു പറഞ്ഞത്.
ഗുരുവും അപ്പച്ചനും അടങ്ങുന്ന സ്വതന്ത്ര സമുദായങ്ങൾക്ക് രാമ പാരമ്പര്യവുമായല്ല ബന്ധം. ‘‘പാവയോയിവൾ’’ എന്ന് ചോദിച്ച് ആശാന്റെ സീത രാമനെ ഉപേക്ഷിക്കുകയാണ്. വെറുപ്പില്ലാതെ കരുണയിലും സാഹോദര്യത്തിലും നിലീനമായ ഉപേക്ഷ. എല്ലാവരുടേതുമാണ് എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അവർണ ജനതയെ അടിച്ചേൽപിക്കുന്ന ബ്രാഹ്മണമതവും അതിന്റെ പാരമ്പര്യവും ദലിത മനുഷ്യരുടേതല്ല എന്ന പ്രഖ്യാപനമാണ് ആരുടെ രാമൻ എന്ന ചോദ്യം. ‘‘ഏതൊരു യുക്തിചിന്തയെയും നിഷേധിക്കുന്ന ധാർമികതയുടെ ഏതൊരു ഭാഗവും നിഷേധിക്കുന്ന വേദങ്ങളും ശാസ്ത്രങ്ങളും ഡൈനാമിറ്റ് െവച്ച് തകർക്കണമെന്ന്’’ ‘ജാതിനിർമൂലന’ത്തിൽ അംബേദ്കർ എഴുതുന്നുണ്ട്. ജാതിനിർമൂലനം എന്നതുകൊണ്ട് അംബേദ്കർ അർഥമാക്കുന്നത് ബ്രാഹ്മണ്യ നിർമൂലനമാണ്. അതിന് പ്രേരിപ്പിക്കുന്ന ചോദ്യമാണ് ആരുടെ രാമൻ?
രാമായണ മാസത്തിനോടനുബന്ധമായി ‘മാധ്യമം’ പത്രത്തിൽ താങ്കൾ എഴുതുന്ന ‘രാമായണ സ്വരങ്ങൾ’ എന്ന പംക്തിക്കെതിരായി തീവ്ര ഹിന്ദുത്വവാദികൾ ഇപ്പോൾ സൈബർ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ വർഷവും താങ്കൾതന്നെ ഈ പംക്തി കൈകാര്യം ചെയ്തതാണ്. അതേപോലെ നിരവധി രാമായണങ്ങളുണ്ടെന്നും നമുക്കേവർക്കും അറിവുള്ളതാണ്. ഇവിടെ ഹിന്ദുത്വവാദികളെ ചൊടിപ്പിച്ച വിഷയം എന്തായിരുന്നു?
ഒരു ദലിതനായ സംസ്കൃത അധ്യാപകൻ എഴുതുന്നു എന്നതാണ് ഹിന്ദുത്വശക്തികളെ ഇത്രമേൽ പ്രകോപിപ്പിക്കുന്നത്. ഒരു ദലിതന് രാമായണത്തെ വിമർശിച്ച് എഴുതാൻ എന്താണവകാശം എന്നാണ് അവർ വിചാരിക്കുന്നത്. ഇതാണ് ഹിന്ദുത്വരുടെ പ്രകോപനത്തിന് ആധാരം. ഹിന്ദുക്കളെ അപമാനിക്കാൻ മുസ്ലിം പത്രം ബോധപൂർവം എന്നെക്കൊണ്ട് എഴുതിക്കുന്നു എന്നാണല്ലോ ആരോപണം. ഇവിടെ ദലിത് വൈജ്ഞാനികതയുടെ കർത്തൃത്വത്തെയാണ് സവർണ ഹിന്ദുത്വർ റദ്ദ് ചെയ്യാൻ ശ്രമിക്കുന്നത്.
ദലിതർ അച്ചടക്കമുള്ള, വിധേയരായ ശിശുക്കളായിരിക്കണം എന്ന് ഹിന്ദുത്വർ കരുതുന്നു. അവർ ചോദ്യം ഉന്നയിക്കുന്ന പൗരരാകാൻ പാടില്ല എന്നവർ വിചാരിക്കുന്നു. എന്റെ ആത്മപ്രചോദനത്താലാണ് ഞാൻ എഴുതുന്നതെന്ന് അംഗീകരിക്കാൻ സവർണവൃന്ദങ്ങൾക്ക് കഴിയുന്നില്ല. നമ്മുടെ എഴുത്തിന്റെ കർത്തൃത്വത്തെ തന്നെ അവർ നിരാകരിക്കുന്നു. മറ്റുള്ളവരുടെ ഉപകരണമായി മാത്രമേ ഒരു ദലിതന് എഴുതാൻ കഴിയൂ എന്ന മുൻവിധിയാണ് ഇതിനാധാരം. നിരവധി അന്തർദേശീയ, ദേശീയ ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ.
കേരളത്തിൽതന്നെ ‘കേരള കൗമുദി’യിലും ‘സുപ്രഭാത’ത്തിലും നിരവധി എഡിറ്റോറിയൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. എസ്.എൻ.ഡി.പി യുടെ മുഖപത്രമായ ‘യോഗനാദ’ത്തിലും ‘പച്ചക്കുതിര’യിലും മറ്റ് ഓൺലൈൻ മീഡിയകളിലും എത്രയോ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, നമ്മുടെ വൈജ്ഞാനിക പ്രവൃത്തികളെ അംഗീകരിക്കാതെ പുറന്തള്ളുക എന്ന ലക്ഷ്യമാണ് ചാപ്പയടിക്കലുകളിൽ കാണുന്നത്. തന്നെയുമല്ല, ‘രാമായണ സ്വരങ്ങൾ’ എന്ന പംക്തിയെ പറ്റി എന്തുകൊണ്ടിപ്പോൾ വിവാദമുണ്ടായി? കഴിഞ്ഞ വർഷവും ‘രാമായണ സ്വരങ്ങൾ’ എഴുതിയത് ഞാൻതന്നെയാണ്.
‘ആരുടെ രാമൻ’ എന്ന വിമർശനഗ്രന്ഥം 2019ൽ പ്രസിദ്ധീകരിച്ചത് ഡി.സി ബുക്സ് ആണ്. അന്നൊന്നുമില്ലാത്ത ആക്രമണം ഇന്ന് എന്റെ മേൽ അഴിച്ചുവിടുന്നതിനു പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. സംസ്കൃത ഗ്രന്ഥപാഠങ്ങൾതന്നെ ഉദ്ധരിച്ച് ഹിന്ദുത്വരുടെ വാദമുഖങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് ഞാൻ അവരുടെ കണ്ണിലെ കരടാകാൻ കാരണം. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തെ തുടർന്നുണ്ടായ കേരളത്തിലെ സംവാദങ്ങളിലും സമാനമായ ആക്രമണങ്ങളാണ് എനിക്കുനേരെ ഉണ്ടായത്.
കർക്കടക മാസത്തെ രാമായണ മാസമാക്കി എല്ലാവരെയും അംഗീകരിപ്പിക്കാനുള്ള ശ്രമം വിജയിച്ചു എന്ന് ഹിന്ദുത്വർക്ക് തോന്നിയ ഘട്ടത്തിലാണ് ‘രാമായണ സ്വരങ്ങൾ’ പുറത്തുവരുന്നത്. മൂലപാഠങ്ങൾ വായിച്ച് ചരിത്രപരമായി അവതരിപ്പിക്കുന്ന രീതിയാണ് ഈ പംക്തിയിൽ സ്വീകരിച്ചത്. ഇത് ഹിന്ദുത്വരുടെ വാദമുഖങ്ങളുടെ പൊള്ളത്തരം ജനങ്ങൾക്ക് ബോധ്യപ്പെടാൻ ഇടവരുത്തി എന്നതാണ് അവരെ ചൊടിപ്പിക്കുന്നത്.
എന്നെ നിശ്ശബ്ദനാക്കുകയാണ് അവരുടെ ലക്ഷ്യം. എന്റെ ജനങ്ങൾ എത്രയോ പേരാണ് ദിവസവും ജാതിപീഡനങ്ങളേറ്റ് കൊല ചെയ്യപ്പെടുന്നത്. എന്റെ മനുഷ്യർ ദുരിതക്കയങ്ങളിലാണ്ട് ദിവസവും കൊല ചെയ്യപ്പെടുമ്പോൾ ലോകത്തോട് സത്യം വിളിച്ചുപറയുക എന്നത് രാജ്യത്തോടും എന്റെ ജനതയോടുമുള്ള ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ഡോ. ബി.ആർ. അംബേദ്കറും ഗുരുവും ഇതാണ് എന്നെ പഠിപ്പിച്ചത്.
കേരളത്തിൽ കർക്കടക മാസം രാമായണമാസമായി ആചരിക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കർക്കടകവും രാമായണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എന്തുകൊണ്ട് രാമ ജന്മനാട് എന്ന് വിശ്വസിക്കുന്ന പ്രദേശങ്ങളിൽപോലും രാമായണ മാസാചരണം ഇല്ല? കേരളത്തിൽ എങ്ങനെയാണ് ഇത് ഇത്രകണ്ടു സജീവമായത്?
കർക്കടകവും രാമായണവും തമ്മിൽ പ്രത്യേകിച്ച് ഒരു ബന്ധവുമില്ല. കർക്കടകംതോറും രാമായണ പാരായണം കേരളത്തിൽ പ്രാചീന-മധ്യകാലങ്ങളിൽ ആചരിച്ചിരുന്നുമില്ല. കേരളീയ ക്ഷേത്രശിലാ ശാസനങ്ങളിലും ക്ഷേത്രഗ്രന്ഥവരികളിലും ഇങ്ങനെയൊരു ആചരണം നടന്നിരുന്നതിന്റെ ഒരു തെളിവുമില്ല. അതേസമയം, മഹാഭാരത പട്ടത്താനം നടന്നിരുന്നതിന്റെ തെളിവുകളുണ്ട്. പട്ടത്താനം നടത്താനായി മഹാഭാരത പട്ടർ എന്ന സ്ഥാനം നൽകി ഒരാളെ നിയോഗിക്കുകയും അയാൾക്ക് ക്ഷേത്രത്തിൽനിന്ന് കൃത്യമായി വരുമാനം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
എന്നാൽ, രാമായണ മാസാചരണം കേരളത്തിലെ പ്രാചീന-മധ്യകാലങ്ങളിൽ നടന്നിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധംവരെ ഇത്തരമൊന്ന് കേരളത്തിൽ ക്ഷേത്രകേന്ദ്രിതമായി നടന്നതിന്റെ തെളിവുകളില്ല. ചരിത്രപരമായി വേരുകളില്ലാത്ത ഒന്നാണിതെന്ന് സാരം.
പട്ടിക ജാതിക്കാരും പിന്നാക്ക ജാതിക്കാരുമായുള്ള നിരവധി ഭാഗവത/സപ്താഹാചാര്യന്മാരെ മധ്യ കേരളത്തിൽ കാണാൻ കഴിയുന്നുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടയിലാണ് ഇത്തരമൊരു മാറ്റം ക്ഷേത്രങ്ങളിൽ കാണാൻ കഴിയുന്നത്. ഇതിന്റെ ആത്മീയതയും രാഷ്ട്രീയവും എന്താണ്?
ഡോ. ബി.ആർ. അംബേദ്കർ സൂചിപ്പിച്ച സംസ്കൃതവത്കരണമാണ് ഇതിന് കാരണം. അടിത്തട്ട് സമൂഹങ്ങളെ ബ്രാഹ്മണ്യവത്കരിച്ചുകൊണ്ട് ഇന്ത്യയെ ഒരു ജാതിരാഷ്ട്രമാക്കി നിലനിർത്തുകയാണ് ഇതിന്റെ ലക്ഷ്യം. അതിന് പിന്നാക്ക വിഭാഗങ്ങളെതന്നെ ബ്രാഹ്മണ്യത്തിന്റെ സ്തുതിപാഠകരാക്കി മാറ്റുന്നു. അവരിലൂടെ ബ്രാഹ്മണ്യം നടപ്പിൽ വരുത്തുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ഒരു വിഭാഗം യുക്തിവാദികളാകട്ടെ താങ്കളുടെ രാമായണം/എഴുത്ത് വിഷയത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നവരാണ്. എന്തിനാണ് ഹിന്ദുമതത്തെ നവീകരിക്കുന്നത് എന്ന അവരുടെ ചോദ്യത്തെ താങ്കൾ എങ്ങനെ കാണുന്നു?
ഹിന്ദുമതത്തെയല്ല, സമൂഹത്തെ നവീകരിക്കുക എന്ന ഭരണഘടനാപരമായ ഏറ്റവും എളിയ കടമ നിർവഹിക്കുക മാത്രമാണ് ചെയ്യുന്നത്. ബ്രാഹ്മണ്യത്തിന്റെ അസമത്വ ശ്രേണീകരണ യുക്തികളിൽനിന്ന് മനുഷ്യർക്ക് മോചനം ലഭിക്കണമെങ്കിൽ അതിന്റെ ഗ്രന്ഥപാഠങ്ങൾ വിമർശനവിചാരം ചെയ്യപ്പെടണം. അത്തരം വിമർശന വഴികളുടെ രൂപപ്പെടൽ പുതിയ സമൂഹസൃഷ്ടിക്ക് കാരണമാകും. സമത്വവും സാഹോദര്യവുമുള്ള ലോകത്തിന്റെ നിർമാണത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെയും നാരായണ ഗുരുവിന്റെയും പാത പിന്തുടരുക മാത്രമാണ് ഞാൻ ചെയ്യുന്നത്.
സൈബർ ആക്രമണങ്ങൾ ശ്രദ്ധിക്കാറുണ്ടോ, അവരുടെ വാദങ്ങളിൽ എന്തെങ്കിലും വിമർശനം എന്ന പേരിൽ സ്വീകരിക്കാൻ സാധിക്കുമോ?
സൈബർ സ്പേസിലെ ആക്രമണങ്ങൾ കായിക ആക്രമണങ്ങൾതന്നെയാണ്. ‘മാധ്യമ’ത്തിൽ എഴുതിയതാണ് ചിലരുടെ പ്രശ്നം. മറ്റു ചിലർ പറഞ്ഞത് രാമായണ മാസത്തിൽ രാമായണ വിമർശനം വേണ്ടിയിരുന്നില്ല എന്നാണ്. റമദാൻ മാസത്തിൽ ഖുർആൻ വിമർശനം അനുവദിക്കുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്. ഇന്ത്യയിൽ എല്ലാ ദിവസവും മുസ്ലിംകൾ ഭീകരമായി അടിച്ചമർത്തപ്പെടുമ്പോഴാണ് ഈ ചോദ്യങ്ങൾ ഉയർത്തുന്നത്. ഡൽഹിയിൽ നിസ്കരിച്ചുകൊണ്ടിരുന്ന ആളുടെ മുതുകിൽ ചവിട്ടിയത് ഇന്ത്യ മുഴുവൻ കണ്ടതാണ്. ഇന്ന് ഒരു മുസ്ലിം പേര് തന്നെ പ്രശ്നഭരിതമാണ്.
എല്ലാ ദിവസവും അപമാനിക്കപ്പെടുന്ന ജനതയെയാണ് റമദാൻ മാസത്തിൽ ‘ഖുർആൻ’ വിമർശനംചെയ്യുമോ എന്ന് ചോദിക്കുന്നത്. ‘മാധ്യമം’ ദിനപത്രം രാമായണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന ആഹ്വാനംതന്നെ ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യയിൽ എല്ലാവർക്കും രാമായണം വായിക്കാനും വിശകലനം ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. കർക്കടക മാസത്തെ രാമായണ മാസം എന്ന് ചില ലിബറൽ പുരോഗമനക്കാർ വിശേഷിപ്പിച്ചു കണ്ടു. അറിഞ്ഞോ അറിയാതെയോ ഇവർ ഹിന്ദുത്വത്തിന്റെ കുഴിയിൽ വീഴുകയാണ്. കർക്കടക മാസത്തെ എല്ലാവരെയുംകൊണ്ട് രാമായണ മാസമാക്കി അംഗീകരിപ്പിക്കുക എന്ന ഹിന്ദുത്വലക്ഷ്യത്തെ ചിലർ ബോധപൂർവമോ അല്ലാതെയോ പിന്തുണക്കുകയാണ് ചെയ്യുന്നത്.
കരുണാവാൻ നബി മുത്തുരത്നമോ എന്ന എന്റെ 2023ൽ ‘ട്രൂ കോപ്പി തിങ്കി’ൽ പ്രസിദ്ധീകരിച്ച ലേഖനമാണ് ചിലർ ഇപ്പോൾ വിവാദമാക്കുന്നത്. ‘‘പലമതസാരവുമേകം’’ എന്ന ഗുരുവിന്റെ ഉപദേശസാരമാണ് ‘അനുകമ്പാദശക’ത്തിലെ ഈ വരികളുടെ ഉള്ളടക്കം. വിശ്വാസത്തിന്റെ പേരിൽ മനുഷ്യർ അപരവത്കരിക്കപ്പെടാൻ പാടില്ല എന്നതായിരുന്നു ഗുരുവിന്റെ ആശയസാരം. ഇവിടെ ഗുരു ദൈവഭാവനയെ സ്നേഹമായും സാഹോദര്യമായും സ്ഥാനപ്പെടുത്തി. കരുണയുടെ മൂർത്തിയായി നബിയെ കണ്ട ഗുരുവിൽ തിളങ്ങിയത് അപരവത്കരണത്തിനെതിരായ ആശയധാരയായിരുന്നു.
വ്യത്യസ്ത വിശ്വാസങ്ങളുടെ സാരസർവസ്വം പരമമായ അനുകമ്പയാണെന്ന് ഗുരു കണ്ടു. സ്നേഹത്തിന്റെ ആവശ്യകതയുടെ സന്ദർഭത്തിൽ ക്രിസ്തു സ്നേഹത്തിനും സാഹോദര്യത്തിന്റെ അനിവാര്യ സന്ദർഭത്തിൽ മുഹമ്മദ് നബി സാഹോദര്യത്തിനും മൂല്യം കൽപിച്ചു എന്നും, സ്നേഹമില്ലാതെ സാഹോദര്യമോ, സാഹോദര്യമില്ലാതെ സ്നേഹമോ നിലനിൽക്കുന്നില്ലെന്നും ഗുരു അഗാധമായി തിരിച്ചറിഞ്ഞിരുന്നു. വ്യത്യസ്ത വിശ്വാസങ്ങളുടെ പേരിൽ മനുഷ്യർ പീഡിപ്പിക്കപ്പെടുന്ന കാലത്ത് ഗുരുവിന്റെ ഈ ആശയങ്ങൾക്ക് വർധിച്ച പ്രസക്തിയുണ്ട്.
ക്രിസ്തുവിനെ പോലെ ക്ഷമിക്കാൻ സഹോദരൻ അയ്യപ്പനെ ഉപദേശിച്ച ഗുരുവിന് ഒന്നും അന്യമായിരുന്നില്ല. ഭീതിദമായ അന്യവത്കരണത്തിന്റെ സമകാലിക സാഹചര്യത്തിൽ ഗുരുവിന്റെ ‘അനുകമ്പാദശകം’ എല്ലാ അപരവത്കരണങ്ങൾക്കെതിരായും നിലകൊള്ളുന്നു. ഇക്കാര്യം മനസ്സിലാക്കാത്ത ഹിന്ദുത്വ നാസ്തികരാണ് എനിക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നത്.