Begin typing your search above and press return to search.
proflie-avatar
Login

‘‘ശാ​സ്ത്രലോ​കം കു​റെ​ക്കൂ​ടി സു​താ​ര്യ​മാ​യി കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ക്ക​ണം’’

‘‘ശാ​സ്ത്രലോ​കം കു​റെ​ക്കൂ​ടി   സു​താ​ര്യ​മാ​യി കാ​ര്യ​ങ്ങ​ള്‍  സം​സാ​രി​ക്ക​ണം’’
cancel

വയനാട്​ ദുരന്തത്തി​ന്റെയും കാലാവസ്​ഥാ വ്യതിയാനത്തി​ന്റെയും പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനും ദുരന്തനിവാരണ അതോറിറ്റി മുൻ അംഗവും ഭൗമശാസ്​ത്രജ്​ഞയുമായ ഡോ. കെ.ജി. താരയുമായി നടത്തിയ സംഭാഷണം.കാലാവസ്ഥാ വ്യതിയാനം കേരളത്തെയാകെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ദുരിതം കേരളത്തിന് മീതെ പെയ്തിറങ്ങുന്ന കാഴ്ചയാണ് കുറെ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഈ അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളെ എങ്ങനെയാണ് നേരിടേണ്ടതെന്നും പ്രതിരോധിക്കേണ്ടതെന്നുമുള്ള ഗൗരവതരമായ ചര്‍ച്ചയിലേക്ക് കേരളം കടന്നുപോകേണ്ടതുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി...

Your Subscription Supports Independent Journalism

View Plans
വയനാട്​ ദുരന്തത്തി​ന്റെയും കാലാവസ്​ഥാ വ്യതിയാനത്തി​ന്റെയും പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനും ദുരന്തനിവാരണ അതോറിറ്റി മുൻ അംഗവും ഭൗമശാസ്​ത്രജ്​ഞയുമായ ഡോ. കെ.ജി. താരയുമായി നടത്തിയ സംഭാഷണം.

കാലാവസ്ഥാ വ്യതിയാനം കേരളത്തെയാകെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ദുരിതം കേരളത്തിന് മീതെ പെയ്തിറങ്ങുന്ന കാഴ്ചയാണ് കുറെ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഈ അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളെ എങ്ങനെയാണ് നേരിടേണ്ടതെന്നും പ്രതിരോധിക്കേണ്ടതെന്നുമുള്ള ഗൗരവതരമായ ചര്‍ച്ചയിലേക്ക് കേരളം കടന്നുപോകേണ്ടതുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പുതുമയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് ഡോ. കെ.ജി. താര.

കേരളത്തില്‍ ദുരന്തനിവാരണ അതോറിറ്റി രൂപവത്കരിച്ചപ്പോള്‍ അതില്‍ അംഗവും ദുരന്തനിവാരണ സെന്ററിന് 16 വര്‍ഷത്തോളം നേതൃത്വം നല്‍കുകയുംചെയ്ത വ്യക്തിയാണ് ഡോ. കെ.ജി. താര. ദുരന്തനിവാരണ രംഗത്ത് അന്താരാഷ്ട്രതലത്തില്‍തന്നെ അറിയപ്പെടുന്ന ഡോ. കെ.ജി. താരയുമായി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ നടത്തിയ സംഭാഷണത്തി​ന്റെ പ്രസക്ത ഭാഗങ്ങളാണ്​ ചുവടെ.

വി.ഡി. സതീശന്‍: 195 രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ഐ.പി.സി.സി റിപ്പോര്‍ട്ടും അതിന്മേല്‍ നാസ നടത്തിയ അനാലിസിസും കേരള നിയമസഭയില്‍ 2021ല്‍ അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നിരുന്നു. എന്തിനാണ് ഇത് കേരളം ചര്‍ച്ചചെയ്യുന്നതെന്ന് പറഞ്ഞ് നിരവധിപേരാണ് ഞങ്ങളെ പരിഹസിച്ചത്. കേരളം അപകടകരമായ നിലയിലാണെന്നാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മേഘവിസ്‌ഫോടനം, ചക്രവാതച്ചുഴി, കള്ളക്കടല്‍ ഇത്തരത്തില്‍ കേട്ടിട്ടുപോലുമില്ലാത്ത നിരവധി പ്രതിഭാസങ്ങളാണ് ഇപ്പോള്‍ നമ്മള്‍ കണ്ടതും അനുഭവിച്ചതും. ഏഴു വര്‍ഷമായി അസാധാരണ മഴയും ഉഷ്ണതരംഗവുമാണ് കേരളത്തിലുണ്ടാകുന്നത്. മഴയുടെ കാലവും താളവുമെല്ലാം തിരിച്ചുവരാത്തവിധം നഷ്ടപ്പെട്ടിരിക്കുന്നു. വസന്തത്തിന്റെയും ശിശിരത്തിന്റെയും കണക്കൊക്കെ തെറ്റി. കേരളം ശരിക്കും ഒരു ദുരന്തസാധ്യതയുള്ള പ്രദേശമായി മാറിയിരിക്കുകയാണോ?

ഡോ. കെ.ജി. താര: തീര്‍ച്ചയായും മാറി. കാലാവസ്ഥാ മാറ്റത്തെ കുറിച്ച് ഐ.പി.സി.സി റിപ്പോര്‍ട്ടില്‍ വളരെ കൃത്യമായി പറയുന്നുണ്ട്. രണ്ടായിരത്തോടെ കേരളം മള്‍ട്ടി ഹസാര്‍ഡ് പ്രോണ്‍ സ്‌റ്റേറ്റ് ആയി മാറുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍, ഇത്രത്തോളം ഭീതിജനകമായ ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയോ ബോധ്യമോ നയരൂപവത്കരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍പോലും ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടയില്‍പോലും ഇത്തരമൊരു കാര്യമുണ്ടായിരുന്നില്ല.

കാലാവസ്ഥാ വ്യതിയാനം വികസനത്തിനുള്ള ഒരു ഘടകമായി ഇതുവരെ നമ്മള്‍ കണക്കിലെടുത്തിട്ടില്ല. അത്തരം സ്ഥാപനങ്ങളുണ്ടെങ്കിലും അതിനെ വേണ്ടവിധം പ്രയോജനപ്പെടുത്താനും നമ്മള്‍ ഇപ്പോഴും തയാറായിട്ടില്ല. ഇത്രയും വള്‍നറബിള്‍ ആയൊരു സ്ഥലം ഇന്ത്യയില്‍തന്നെ ഉണ്ടെന്നു തോന്നുന്നില്ല. മലയോരമേഖല പാരിസ്ഥിതികമായി ദുര്‍ബലവും കടലോരം രൂക്ഷമായ അവസ്ഥയിലും അതിനിടയില്‍ സ്ലോപ്പുമുള്ളൊരു പ്രദേശവുമാണ് കേരളം.

കിഴക്കുനിന്നും പടിഞ്ഞാറേക്ക് ഒഴുകുന്ന നദികള്‍ക്കു കുറുകെയുള്ളതാണ് നമ്മുടെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും. ആറുവരി പാതകളും കെ -റെയില്‍ വന്നിരുന്നെങ്കില്‍ അതും നദികള്‍ക്ക് കുറുകെയാണ്. റോഡുകളും റെയില്‍പാതകളും വെള്ളം താഴ്ന്നുപോകുന്ന സ്ഥലങ്ങളല്ല. കാലാവസ്ഥ താളംതെറ്റിയ ഈ സാഹചര്യത്തില്‍ ഇനിയും മഴ പെയ്താല്‍ കിഴക്ക് ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയുണ്ടാകും. വികസനം ആര്‍ക്കുവേണ്ടി, എന്തിനു വേണ്ടി എന്നൊരു ചോദ്യമുണ്ടാകേണ്ടതുണ്ട്. എല്ലാ വികസനവും കഴിഞ്ഞ് ആളുകള്‍ മണ്ണിനടിയില്‍ ആയാല്‍ ആര്‍ക്കുവേണ്ടിയാണ് ഈ വികസനം? ആരാണ് അവശേഷിക്കുന്നത്? എല്ലാ സ്ഥലങ്ങളും മള്‍ട്ടി ഹസാഡ് പ്രോണ്‍ ഏരിയകളാണ്.

വി.ഡി. സതീശന്‍: എല്ലാ നയരൂപവത്കരണങ്ങളും പ്രത്യേകിച്ച് വികസന നയങ്ങള്‍ രൂപവത്കരിക്കുമ്പോള്‍ പ്രധാനപ്പെട്ട ഘടകമായി കാലാവസ്ഥാവ്യതിയാനത്തെ പരിഗണിക്കേണ്ടതല്ലേ?

കെ.ജി താര: അത് ഇപ്പോഴും നമ്മള്‍ കണക്കാക്കുന്നില്ല. എനിക്ക് തോന്നുന്നത് ഒരു സോഷ്യല്‍ ഓഡിറ്റിങ് വേണം. കോട്ടയത്തും തിരുവനന്തപുരത്തും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. ഇതിനു പുറമെ ദുരന്തനിവാരണ അതോറിറ്റിയുമുണ്ട്. 2005 മുതൽക്കെ ഇതൊക്കെ അപ്രതീക്ഷിത സംഭവങ്ങളായതുകൊണ്ടും അലര്‍ട്ട് കിട്ടാത്തതുകൊണ്ടും ഒന്നും ചെയ്യേണ്ടതില്ലെന്ന മനോഭാവമാണ്.

ഇനിയെങ്കിലും ദുരന്ത ലഘൂകരണ മാര്‍ഗങ്ങളിലേക്ക് നമ്മള്‍ മാറണം. എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി എന്നൊരു സംവിധാനം പിരിച്ചു വിടണമെന്ന് അടുത്തിടെ ഹൈകോടതിക്കുതന്നെ പറയേണ്ടി വന്നു. റെഡ് സോണായി മാര്‍ക്ക് ചെയ്ത സ്ഥലത്താണ് അവര്‍ ക്വാറികള്‍ക്ക് അനുമതി നല്‍കിയത്. ഇത്തരം സംവിധാനങ്ങള്‍ എന്താണ് ചെയ്യുന്നതെന്നത് സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തണം. ഇത്തരം സംവിധാനങ്ങള്‍ക്ക് എന്താണ് ചെയ്യാനാകുന്നതെന്നും പരിശോധിക്കപ്പെടണം.

വി.ഡി. സതീശന്‍: അതുതന്നെയാണ് എന്റെയും ചോദ്യം. കവളപ്പാറക്കും പുത്തുമലക്കും പിന്നാലെയാണ് ഇപ്പോള്‍ മുണ്ടക്കൈയിലും മണ്ണിടിച്ചിലുണ്ടായത്. നമ്മളെല്ലാവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. എന്നാല്‍, ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നമുക്ക് എന്തുചെയ്യാനാകും? നമ്മുടെയൊക്കെ ചെറുപ്പത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റും സൈക്ലോണും ഉണ്ടാകുന്നതിനെ തുടര്‍ന്ന് ഒഡിഷ, ബംഗാള്‍, ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ കേരളത്തിലെത്തി ഭിക്ഷയാചിച്ച് ജീവിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു.

എന്നാല്‍, ഇപ്പോള്‍ അങ്ങനെയൊന്നില്ല. 78ലെ സൈക്ലോണില്‍ ഒഡിഷയില്‍ ഒന്നര ലക്ഷം പേര്‍ മരിച്ചെന്നാണ് കണക്ക്. എന്നാല്‍, അടുത്തകാലത്ത് അതിനേക്കാള്‍ ശക്തിയില്‍ സൈക്ലോണ്‍ ഉണ്ടായിട്ടും മരിച്ചത് രണ്ടു പേര്‍ മാത്രമാണ്. അതിനർഥം വളരെ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനമായ ഒഡിഷ പോലും വാണിങ് സിസ്റ്റം ശക്തമായ രീതിയില്‍ വികസിപ്പിച്ചെടുത്തു എന്നതാണ്.അതിലൂടെ എത്ര പേരെ രക്ഷപ്പെടുത്തി.

പ്രകൃതി​െയ തടുത്തുനിര്‍ത്താന്‍ സാധിക്കില്ലെങ്കിലും ദുരന്തങ്ങളില്‍നിന്നും മനുഷ്യരെ രക്ഷിക്കാനുള്ള സംവിധാനങ്ങളാണ് വേണ്ടത്. തീവ്രമഴ പ്രവചിക്കാനുള്ള സംവിധാനങ്ങളും സ്ഥാപനങ്ങളും നമുക്കുണ്ട്. ഇതെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള വാണിങ് സിസ്റ്റം ഉണ്ടാക്കേണ്ടത് ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയല്ലേ? വാണിങ് സിസ്റ്റവും മിറ്റിഗേഷന്‍ സ്‌കീമും നമ്മള്‍ക്ക് ഇപ്പോള്‍ നിലവിലുണ്ടോ?

കെ.ജി. താര: മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംബന്ധിച്ച വാണിങ് സിസ്റ്റം ഇന്ത്യയില്‍തന്നെ നിലവിലില്ല. അതിനുള്ള സാധ്യത പ്രദേശങ്ങളില്‍നിന്ന് തന്നെ കണ്ടെത്താനാകും. ഉരുള്‍പൊട്ടല്‍ സാധ്യത കണ്ടെത്താനുള്ള നോഡല്‍ ഏജന്‍സിയായ ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ 2026ഓടെ വാണിങ് സിസ്റ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. മലയില്‍ സെന്‍സറുകള്‍ സ്ഥാപിച്ച് പാറയുടെ സുഷിരങ്ങളില്‍ കിനിഞ്ഞിറങ്ങുന്ന വെള്ളത്തിന്റെ സമ്മർദം കണ്ടെത്താം. പക്ഷേ, ആ മർദവ്യത്യാസമുണ്ടാകുന്നത് ഒന്നോ രണ്ടോ സെക്കൻഡുകള്‍ക്ക് മുമ്പാകാം.

സെന്‍സറുകള്‍ അലര്‍ട്ട് തന്നാലും അത് ലഭിക്കുന്നത് ജില്ലാ ഭരണകൂടത്തിനോ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനോ ആയിരിക്കാം. തീരുമാനം എടുക്കേണ്ട ആളിലേക്ക് ആ വിവരങ്ങള്‍ എത്തണം. ഈ സാഹചര്യം പരിഗണിക്കുമ്പോള്‍ ഉരുള്‍പൊട്ടലിനെ സംബന്ധിച്ച വാണിങ് സിസ്റ്റം സ്ഥാപിക്കല്‍ ബുദ്ധിമുട്ടാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകള്‍ കണ്ടെത്തി ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. 2016ലെ ദുരന്തനിവാരണ പ്ലാന്‍ ആണ് ഇപ്പോഴും നമ്മുടെ സംസ്ഥാനത്തുള്ളത്.

വി.ഡി. സതീശന്‍: അത് ഞാന്‍ ചോദിക്കാനിരുന്നതാണ്. എട്ട് വര്‍ഷത്തിനു മുമ്പുള്ള ഒരു ദുരന്തനിവാരണ പ്ലാനുമായാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. എട്ടു വര്‍ഷംകൊണ്ട് ലോകത്ത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലുണ്ടായ മാറ്റങ്ങള്‍ നമ്മുടെ സംവിധാനങ്ങള്‍ അറിഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ എത്ര ഔട്ട് ഡേറ്റഡാണെന്നത് നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. ഈ ദുരന്തമുണ്ടായപ്പോഴാണ് ഞങ്ങളും ഇക്കാര്യം അറിയുന്നത്. വയനാട്ടിലേക്ക് പുറപ്പെടുന്നതിനിടെ വെബ്‌സൈറ്റില്‍ കയറി നമ്മുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ എന്തൊക്കെയാണെന്ന് നോക്കിയപ്പോഴാണ് അത് എട്ട് വര്‍ഷം മുമ്പുള്ളതാണെന്ന് മനസ്സിലായത്. 2018ലെ മഹാദുരന്തം ഉണ്ടായിട്ടും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ പുതുക്കിയിട്ടില്ല.

ഡോ. കെ.ജി. താര: 2019ല്‍ ചില ജില്ലകള്‍ ഇത് പുതുക്കിയിട്ടുണ്ട്. ഓരോ കൊല്ലവും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ആക്ടില്‍ പറയുന്നത്. വയനാട് ജില്ല കലക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ 2019ലെ അപ്‌ഡേഷനുണ്ട്. പ​േക്ഷ, എന്തെങ്കിലും ദുരന്തം ഉണ്ടായാല്‍മാത്രം ഇനി അപ്‌ഡേറ്റ് ചെയ്താല്‍ മതിയെന്നാണ് അതില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ 2020ലും മണ്ണിടിച്ചില്‍ ദുരന്തം ഉണ്ടായതാണല്ലോ. എന്നിട്ടും പ്ലാന്‍ അപ്‌ഡേറ്റ് ചെയ്തില്ല. 2021ലും ദുരന്തങ്ങളുണ്ടായി. പ്ലാന്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള സംവിധാനംപോലും നമുക്കില്ല.

 

വി.ഡി. സതീശന്‍: ഏറ്റവും അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ നമുക്ക് ഇപ്പോള്‍ മാപ്പ് ചെയ്യാന്‍ പറ്റില്ലേ?

കെ.ജി. താര: ശാസ്ത്രലോകം കുറെക്കൂടി സുതാര്യമായി കാര്യങ്ങള്‍ സംസാരിക്കണം. നിലവില്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അത് മാറ്റിയാല്‍ നന്നായേനെ. സംസാരിക്കാന്‍ പാടില്ലാത്തതുകൊണ്ട് പല മീറ്റിങ്ങുകളിലും പൂര്‍ണ നിശ്ശബ്ദതയാണ്. മന്ത്രിമാര്‍ എന്ത് പറഞ്ഞാലും അതിനെ എതിര്‍ത്തു പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണ്.

നമ്മുടെ ഭൂപടങ്ങളൊന്നും പ്രാദേശിക അടിസ്ഥാനത്തില്‍ ഒരു പ്ലാനിങ് നടത്താന്‍ യോജിച്ചതല്ല. 500 മീറ്റര്‍ സ്ഥലത്തെ ഒരു സെന്റി മീറ്ററിലേക്ക് ചുരുക്കുന്ന തരത്തിലാണ് ഭൂപടങ്ങള്‍ നിർമിച്ചിരിക്കുന്നത്. അതായത് 1: 50000. മുണ്ടക്കൈയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഈ മാപ്പ് ഉപയോഗിച്ച് പ്രാദേശിക അടിസ്ഥാനത്തില്‍ ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. മുണ്ടക്കൈയില്‍ പെയ്യുന്ന മഴ മാനന്തവാടിയില്‍ പെയ്യുന്നുണ്ടാകില്ല. അപ്പോള്‍ പ്രാദേശിക അടിസ്ഥാനത്തില്‍, കുറെക്കൂടി സൂക്ഷ്മമായി മാപ്പ് തയാറാക്കണം. സര്‍ക്കാര്‍ അടിയന്തരമായി എല്ലാ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെയും യോഗം വിളിച്ചുകൂട്ടി വയനാട് പുനര്‍നിർമാണത്തിനുള്ള പ്ലാനുമായി എത്താന്‍ ആവശ്യപ്പെടണം.

മണ്ണ് സംരക്ഷണ വകുപ്പിന്റെ റോള്‍ വളരെ പ്രധാനമാണ്. എല്ലാ മണ്ണിടിച്ചിലുകളിലും ഉള്‍ക്കാടുകളിലാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്. ഉള്‍ക്കാടുകളില്‍ എന്തുകൊണ്ട് ഉരുള്‍പൊട്ടലുണ്ടാകുന്നു. അവിടെ കാടിന്റെ സ്വാഭാവികത നഷ്ടപ്പെട്ടിരിക്കുന്നു. സ്വാഭാവിക വനാവരണത്തെ എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്നത് ആലോചിക്കണം. സോഷ്യല്‍ ഫോറസ്ട്രിക്ക് ഇതില്‍ പ്രധാന റോളുണ്ട്. നടുന്നത് യൂക്കാലിപ്റ്റസും കാറ്റാടിമരവുമാണെങ്കില്‍ അത് ദോഷമുണ്ടാക്കും. പെ​െട്ടന്ന് വളരുന്നതുകൊണ്ടാണ് ഈ മരങ്ങള്‍ പലപ്പോഴും നടുന്നത്.

വി.ഡി. സതീശന്‍: കാടിന്റെ സ്വാഭാവികത നഷ്ടപ്പെട്ട് വനാവരണം ഇല്ലാതായി അത് അവിടത്തെ മണ്ണിനെ ബാധിച്ചിട്ടുണ്ടാകും. ഇതേക്കുറിച്ച് അന്വേഷിച്ച് പോകുമ്പോള്‍ പരിചിതമല്ലാത്ത ചില വാക്കുകള്‍ കേട്ടു. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍, കമ്പ്യൂട്ടര്‍ മോഡലിങ്, എ.ഐ സഹായത്തോടെയുള്ള ഡേറ്റാ അനാലിസിസ്, റിയല്‍ ടൈം ഫീല്‍ഡ്. ഇതൊക്കെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്കുകളാണ്. ശാസ്ത്രീയ അറിവുകള്‍ നിലനില്‍ക്കുമ്പോള്‍തന്നെ പ്രാചീനമായ അറിവുകളുമുണ്ട്.

മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിന്റെ തലേദിവസം വാര്‍ത്താ ചാനലുകള്‍ പുഴയുടെ അരികില്‍ നില്‍ക്കുന്ന പ്രായമായ ഒരാളുടെ ഇന്റര്‍വ്യൂ സംപ്രേഷണംചെയ്തിരുന്നു. വെള്ളത്തില്‍ ചളി കലര്‍ന്നിട്ടിട്ടുണ്ടെന്നും മുകളില്‍ ഉരുള്‍പൊട്ടിയിട്ടുണ്ടെന്നും അടിയന്തരമായി ആളുകളെ മാറ്റിയില്ലെങ്കില്‍ അപകടമുണ്ടാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത് പ്രാചീനമായ അറിവ് (indigenous knowledge) ആണ്. ഇത്തരം പ്രാചീനമായ അറിവുകളും ശാസ്ത്രീയമായ അറിവുകളും സമന്വയിപ്പിച്ചുള്ള സിസ്റ്റമല്ലേ നമുക്കു വേണ്ടത്?

കെ.ജി. താര: അങ്ങനെയാണ് വേണ്ടത്. നാട്ടറിവുകളെ നാം പൂര്‍ണമായും വിസ്മരിക്കുന്നുണ്ട്. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. നാട്ടറിവുകളും സാങ്കേതിക അറിവുകളും തമ്മില്‍ സമന്വയിപ്പിക്കുക തന്നെ വേണം. തെളിനീര്‍ ഉറവയായി ഒഴുകിവരുന്ന വെള്ളത്തില്‍ പെ​െട്ടന്ന് ചളി കലരുന്നത് മണ്ണിടിച്ചിലിന്റെ ഒരു സൂചനയാണ്. ചെങ്കുത്തായ മല​െഞ്ചരിവില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സാധാരണക്കാരന് അറിയാം. ഇത്തരം സ്ഥലങ്ങളില്‍ മണ്ണ് മാത്രം സഞ്ചരിക്കുന്നുണ്ടാകും. അറിയുക പോലുമില്ല. അതിനെയാണ് സോയില്‍ ക്രീപ്പിങ് എന്ന് പറയുന്നത്. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഇവിടെ ചരിഞ്ഞ് നില്‍ക്കുകയാണെങ്കില്‍ അത് സോയില്‍ ക്രീപ്പിന്റെ ലക്ഷണമാണ്.

വി.ഡി. സതീശന്‍. 20 ഡിഗ്രി ചരിവ് എന്ന് പറയുന്നത് എന്താണ്?

കെ.ജി. താര: ഒരു മലക്ക് തിരശ്ചീനമായി ഒരു പ്രതലം സങ്കല്‍പിച്ച് അവിടന്നുള്ള ആങ്കിള്‍ എത്രയെന്നത് കണ്ടെത്തിയാണ് ചരിവ് കണ്ടെത്തുന്നത്. 16 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള എല്ലാ പ്രദേശങ്ങളിലും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ട്. വെള്ളമാണ് ഇതിന്റെ ഒരു ഘടകം. മഴമാപിനി ​െവച്ചാല്‍ ഉരുള്‍പൊട്ടല്‍ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുമെന്ന് എല്ലാവരും ഇപ്പോള്‍ പറയുന്നത് ശരിയല്ല. മഴയുടെ അളവ് മാത്രമല്ല ഉരുള്‍പൊട്ടലുണ്ടാക്കുന്നത്. വയനാട് ദുരന്തത്തില്‍ വലിയ പാറക്കല്ലുകളാണ് താഴേക്കു വന്നത്. മഴകൊണ്ട് ഇത് താഴെ വരാന്‍ ബുദ്ധിമുട്ടാണ്. കട്ട് ചെയ്തതുപോലുള്ള പാറക്കല്ലുകളാണ് താഴേക്കു വന്നത്. അവിടെ വിള്ളലുകള്‍ (fracture zone) ഉണ്ടെങ്കില്‍ മാത്രമേ അത് സംഭവിക്കൂ.

വിള്ളലിനൊപ്പം മഴകൂടി പെയ്തു. വിള്ളലുകളുള്ള പാറകള്‍ കണ്ടെത്തണം. ഭൂമിയുടെ അടിയില്‍ നിന്നുള്ള സമ്മർദം കാരണമാണ് വിള്ളലുകളുണ്ടാകുന്നത്. ടെക്‌ടോണിക് ആക്ടിവിറ്റിയെന്നാണ് ഈ പ്രതിഭാസത്തിന് പറയുന്നത്. അങ്ങനെയുള്ള സ്ഥലത്ത് അധിക മഴ പെയ്യുകയാണെങ്കില്‍ പാറ ഉള്‍പ്പെടെയുള്ളവ താഴേക്കു വരും. അപ്പോള്‍ മഴമാപിനികള്‍ മാത്രം ആധാരമാക്കിയുള്ള പ്രവചനങ്ങള്‍ ആശാസ്യമല്ല. അപ്പോള്‍ ശാസ്ത്ര സ്ഥാപനങ്ങളെയെല്ലാം വിളിച്ചുകൂട്ടി ഓരോരുത്തരോടും അവരവരുടേതായ പ്ലാന്‍ ഉണ്ടാക്കാന്‍ പറയണം. പരാമീറ്റേഴ്‌സും പ്രധാനമാണ്.

സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്ത സാധ്യതകള്‍ കണക്കിലെടുക്കുന്നത് 1: 50000 സ്‌കെയിലിലാണ്. ഇത് പ്രാദേശികമായി ഉപയോഗിക്കാനാകില്ല. ഒരു വിഹഗവീക്ഷണം മാത്രമേ കിട്ടൂ. ദുരന്തനിവാരണത്തിലെ എല്ലാ മാപ്പുകളും ഒരു സ്‌കെയില്‍ ഉപയോഗിച്ചുള്ളതല്ല. ശരിക്ക് നടന്നുതന്നെ 1: 2000, അല്ലെങ്കില്‍ 1:4000 സ്‌കെയിലിലെങ്കിലും മാപ്പുകള്‍ തയാറാക്കണം. കെഡസ്ട്രല്‍ മാപ്പ് എന്നാണ് അതിന് പറയുന്നത്. മാപ്പിന്റെ സങ്കല്‍പംതന്നെ മാറ്റണം. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് (സെസ്) തയാറാക്കുന്ന മാപ്പുകളില്‍ നാലോ അഞ്ചോ പരാമീറ്റേഴ്‌സ് മാത്രമാണ് എടുത്തിരിക്കുന്നത്.

അതേസമയം, നോഡല്‍ ഏജന്‍സിയായ ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ 14 പരാമീറ്ററുകളാണ് ഉപയോഗിക്കുന്നത്. അത് കുറച്ചുകൂടി വിശദമായ പഠനമാണ്. പരാമീറ്റേഴ്‌സില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് ഈ രണ്ട് മാപ്പുകളും തമ്മില്‍ സമന്വയിപ്പിക്കാന്‍ സാധിക്കാത്തത്. യോഗം വിളിച്ചുകൂട്ടി എത്ര പരാമീറ്ററുകള്‍ എടുക്കാമെന്നാണ് ആദ്യം തീരുമാനിക്കേണ്ടത്. മാപ്പിങ് പരാമീറ്റേഴ്‌സ് സ്റ്റാന്‍ഡഡൈസ് ചെയ്യണം. ആദ്യം ഇത് വയനാട്ടില്‍ തുടങ്ങട്ടേ. പിന്നീട് ഇത് എല്ലായിടത്തും ചെയ്യേണ്ടിവരും.

വി.ഡി. സതീശന്‍: ദുരന്തമേഖലകളില്‍ ഇനിയും വീട് ​വെക്കുകയെന്നത് സാധ്യമല്ല. അവര്‍ക്കും അങ്ങോട്ടു പോകാന്‍ താല്‍പര്യമില്ല. അതുകൊണ്ടുതന്നെ മറ്റു സ്ഥലങ്ങളിലാകും വീടുകൾ നിർമിച്ച് നല്‍കുക. അത്തരത്തില്‍ വീടുകള്‍ നിർമിക്കുമ്പോള്‍, പ്രത്യേകിച്ചും, വയനാടുപോലുള്ള സ്ഥലങ്ങളില്‍ പ്രളയകാലത്ത് നിർമിച്ചതുപോലുള്ള വീടുകളല്ല നിർമിക്കേണ്ടത്.

കുറേക്കൂടി ശ്രദ്ധയോടെ, ഇനിയും ഒരു ദുരന്തമുണ്ടായാല്‍പോലും മറികടക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വീടുകളാണ് നിർമിക്കേണ്ടത്. വീടുകള്‍ മാത്രമല്ല, വലിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കെട്ടിട നിർമാണ ചട്ടങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടേ? വികസന നയം രൂപവത്കരിക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം ഒരു ഘടകമാകണമെന്ന് നമ്മള്‍ നേരത്തേ പറഞ്ഞതാണ്. അതില്‍ ഏറ്റവും പ്രധാനം കണ്‍സ്ട്രക്ഷന്‍ പോളിസിയാണ്. കണ്‍സ്ട്രക്ഷന്‍ പോളിസിയില്‍ മാറ്റം വരുത്തണമെങ്കില്‍ കെട്ടിട നിർമാണ ചട്ടങ്ങളില്‍ മാറ്റമുണ്ടാകണം.

ഡോ. കെ.ജി. താര: 2018ലെ വെള്ളപ്പൊക്കത്തിനുശേഷം വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള കെട്ടിട നിർമാണ രീതികളെ കുറിച്ചാണ് റീ ബില്‍ഡ് കേരളയില്‍ പറയുന്നത്. തൂണുകളില്‍ വീടു ​െവച്ചാല്‍ ഭൂകമ്പം വന്നാല്‍ ആദ്യം തകരുന്നത് ഇത്തരം വീടുകളായിരിക്കും. അപ്പോള്‍ ഒന്നില്‍ കൂടുതല്‍ ദുരന്തങ്ങളെ പ്രതിരോധിക്കുന്ന രീതിയിലുള്ള കെട്ടിട നിർമാണ ചട്ടങ്ങള്‍ വേണം. അത് ഇന്ത്യയില്‍ തന്നെയില്ല. പക്ഷേ, അത്തരം കെട്ടിട നിർമാണ ചട്ടങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കുന്നതിന് ഒരു തടസ്സവുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വൈദഗ്ധ്യമുള്ള നമ്മുടെതന്നെ എന്‍ജിനീയര്‍മാരുടെ സഹായത്തോടെ അതുണ്ടാക്കണം.

വി.ഡി. സതീശന്‍: വ്യത്യസ്തമായ ദുരന്തസാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി എല്ലാ കെട്ടിട നിർമാണങ്ങള്‍ക്കും പ്രത്യേകമായ പോളിസി വേണം...

കെ.ജി. താര: 1999-2000ത്തിലെ നാഷനല്‍ ബില്‍ഡിങ് കോഡില്‍ ഉരുള്‍പൊട്ടലിനെ സംബന്ധിച്ച കെട്ടിട നിർമാണ ചട്ടങ്ങളുണ്ട്. എന്ത് ഡിസൈനും മെറ്റീരിയലും വേണമെന്ന് അതില്‍ പറയുന്നുണ്ട്. അതും അപ്‌ഡേറ്റ് ചെയ്യേണ്ട സമയമായി. നദിയുടെ രണ്ടുവശത്തുമുള്ള അര കിലോ മീറ്റര്‍ ദൂരത്തിലുള്ള ഫ്ലെഡ് പ്ലെയിനിലുള്ള കെട്ടിടങ്ങള്‍ ഒഴിവാക്കണം. 2018ലെ പ്രളയത്തിനുശേഷമെങ്കിലും അത് ചെയ്യേണ്ടതായിരുന്നു.

വി.ഡി. സതീശന്‍: ഏറ്റവും കൂടുതല്‍ പ്രളയം ഉണ്ടാകുന്ന പെരിയാര്‍, പമ്പ പോലുള്ള നദികളുടെ കരയില്‍പോലും കൃത്യമായ ഫ്ലെഡ് മാപ്പിങ് നടത്തിയിട്ടില്ല. 2018നു ശേഷം ഞാന്‍ സ്വകാര്യമായി സുഹൃത്തുക്കളായ വിദഗ്ധരെ ഉപയോഗിച്ച് ഒരു ഫ്ലെഡ് മാപ്പിങ് നടത്തിയിട്ടുണ്ട്. ഭൂതത്താന്‍കെട്ടും ഇടമലയാറും തുറന്നാല്‍ എവിടെയൊക്കെ വെള്ളം പൊങ്ങുമെന്ന് മാപ്പ് ചെയ്തിട്ടുണ്ട്. ഷോളയാര്‍ തുറന്നാല്‍ ചാലക്കുടി പുഴയില്‍നിന്നും എന്റെ നിയോജക മണ്ഡലത്തി​ലെ ഏതൊക്കെ ഭാഗങ്ങളില്‍ വെള്ളം കയറുമെന്ന് വിദഗ്ധരായ സുഹൃത്തുക്കള്‍ കണ്ടെത്തി തന്നിട്ടുണ്ട്.

 

അതിന്റെ ഗുണം കിട്ടിയത് 2019ലെ പ്രളയകാലത്താണ്. അന്ന് വെളുപ്പാന്‍കാലത്ത് അഞ്ചുമണിക്ക് ഒരുപാട് ആളുകളെ മാറ്റാന്‍ സാധിച്ചു. ഷോളയാര്‍ തുറന്നാല്‍ എത്ര മണിക്ക് ചാലക്കുടി പുഴയില്‍ വെള്ളം എത്തുമെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചു. അത് ആദ്യ അനുഭവമായിരുന്നു. ശാസ്ത്രീയമായി അന്ന് ചെയ്തതിന്റെ ഗുണമാണ് കിട്ടിയത്.

വയനാട്ടിലും വിലങ്ങാടും ഉണ്ടായ ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, നിയമത്തിലൊന്നും ദേശീയ ദുരന്തമെന്ന വാക്കില്ല. യഥാർഥത്തിൽ അതിന്റെ കണ്‍വെന്‍ഷന്‍ എന്താണ്?

കെ.ജി. താര: നിയമത്തില്‍ ദേശീയ ദുരന്തമെന്നോ പ്രാദേശിക ദുരന്തമെന്നോയുള്ള വേര്‍തിരിവില്ല. ദുരന്തനിവാരണ പ്ലാനുകള്‍ എങ്ങനെ തയാറാക്കണമെന്നത് സംബന്ധിച്ച് 2007ല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ഗൈഡ് ലൈന്‍ ഇറക്കിയിട്ടുണ്ട്. അതനുസരിച്ച്, ഒരു ദുരന്തവും ഇല്ലാത്ത അവസ്ഥയെ L0യെന്നും പ്രാദേശികമായി കൈകാര്യംചെയ്യാവുന്ന ദുരന്തങ്ങളെ L1 എന്നും തരംതിരിച്ചിട്ടുണ്ട്. L2 എന്നത് ജില്ല ഭരണ കൂടം ഇടപെടേണ്ടതും L3 സംസ്ഥാനം ഇടപെടേണ്ടതുമാണ്.

L4 എന്നത് ഏറ്റവും വ്യാപ്തിയുള്ള ദുരന്തമാണ്. L3 മുതല്‍ L4 വരെ വ്യാപ്തിയുള്ള ദുരന്തമാണ് വയനാട്ടിലുണ്ടായത്. യഥാർഥത്തില്‍ L4 എന്നു കണ്‍ക്ലൂസിവായി തന്നെ പറയാം. അതനുസരിച്ചുള്ള പ്രത്യേക പാക്കേജാണ് കേന്ദ്രസര്‍ക്കാറിനോട് ചോദിക്കേണ്ടത്. ദുരന്തമുണ്ടായതിന്റെ പിറ്റേ ദിവസംതന്നെ കേന്ദ്ര സര്‍ക്കാര്‍ സ്‌പെഷല്‍ പാക്കേജ് പ്രഖ്യാപിക്കേണ്ടതായിരുന്നു. നാലു ദിവസം മുമ്പ് ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ഒരു സംവിധാനവും ഇന്ത്യയിലില്ല.

വി.ഡി. സതീശന്‍: കേന്ദ്രസര്‍ക്കാര്‍ പറയുന്ന കാര്യങ്ങളോടൊന്നും നമുക്ക് യോജിക്കാനാകില്ല. അനധികൃത കുടിയേറ്റമാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് അവര്‍ പറയുന്നത്. എസ്റ്റേറ്റ് തൊഴിലാളികള്‍ അവിടെ താമസിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പശ്ചിമഘട്ട മേഖലകളില്‍ ജനങ്ങള്‍ കാലങ്ങളായി താമസിക്കുന്നുണ്ട്. അവരെ ഇറക്കിവിടാനാകില്ല. ആവാസവ്യവസ്ഥയെ നിലനിര്‍ത്താന്‍ സഹായിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അവരെയൊക്കെ പ്രകൃതിയുടെ ശത്രുക്കളായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ല.

എനിക്ക് തോന്നുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ സ്ഥാപനങ്ങളുടെ യോഗം വിളിച്ച് വാണിങ് സിസ്റ്റത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്നും ദുരന്തത്തിന്റെ ആഘാതം എങ്ങനെ കുറക്കാമെന്നും കാലാവസ്ഥാ വ്യതിയാനത്തെ പ്രധാന ഘടകമാക്കി നയരൂപവത്കരണം നടത്താനും തീരുമാനിക്കണം. വനാവരണത്തിനും വനത്തിന്റെ സ്വാഭാവികതക്കും വന്നിരിക്കുന്ന മാറ്റങ്ങളും കാണണം. ക്വാറികള്‍ പശ്ചിമഘട്ടത്തെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കണം.

എന്‍വയണ്‍മെന്റല്‍ ഓഡിറ്റിങ്ങും സോഷ്യല്‍ ഓഡിറ്റിങ്ങും നടത്തി ഇന്ന് ലോകത്ത് ലഭ്യമായ എല്ലാ ശാസ്ത്രീയ സംവിധാനങ്ങളുടെ സാധ്യതകളും പരിശോധിക്കണം. ഒരുപാട് ദുരന്തസാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടാകണം. ദുരിതാശ്വാസം മാത്രമല്ല ദുരന്ത ലഘൂകരണവും ദുരന്തത്തെ കുറിച്ചുള്ള അറിവും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്.

കെ.ജി. താര: ദുരന്തനിവാരണ രംഗത്ത് ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ കൊണ്ടുവരണം. വയനാട് ദുരന്തത്തിൽപെട്ടവരുടെ കൃഷി ഉള്‍പ്പെടെയുള്ള തൊഴിലുകളും സംരക്ഷിക്കപ്പെടണം. വീണ്ടും താമസിക്കാനല്ലാതെ തന്നെ ദുരന്തമേഖലയെ വീണ്ടെടുക്കാനുള്ള ഒരു ശ്രമവും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം.

വി.ഡി. സതീശന്‍: ഈ നിർദേശങ്ങള്‍കൂടി ഞങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയിൽപെടുത്തും.

News Summary - weekly interview