‘വർഷങ്ങൾ കഴിയുമ്പോൾ സിനിമക്കും അതുതന്നെ സംഭവിക്കും’
മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് എന്നീ മൂന്ന് ദേശീയ അവാർഡുകൾ ‘ആട്ടം’ എന്ന സിനിമ നേടി. ആ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ആനന്ദ് ഏകർഷി സംസാരിക്കുന്നു –തന്റെ ജീവിതം, സിനിമാവഴികൾ, തിയറ്റർ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങൾ ഇൗ സംഭാഷണത്തിന് വിഷയമാകുന്നു.പതിമൂന്നു പേരടങ്ങുന്ന ഒരു നാടകസംഘം. ഓരോരുത്തരും ഓരോ ജോലിചെയ്യുന്നവർ. നാടകം ഇവരെ ഒരു കുടുംബമാക്കി മാറ്റിയിരിക്കുന്നു. കളിച്ചും ചിരിച്ചും നാടകവും ജീവിതവും മുന്നോട്ടുകൊണ്ടുപോകുന്ന ഇവർക്കിടയിൽ ഒരു ‘ക്രൈം’ നടക്കുന്നു. കുറ്റവാളി ആര് എന്ന ചോദ്യത്തിലൂടെ സിനിമ ഉദ്വേഗജനകമായി നീങ്ങുകയാണ്. കഥാന്ത്യത്തിൽ നമ്മുടെ കൈകാലുകൾ...
Your Subscription Supports Independent Journalism
View Plansമികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് എന്നീ മൂന്ന് ദേശീയ അവാർഡുകൾ ‘ആട്ടം’ എന്ന സിനിമ നേടി. ആ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ആനന്ദ് ഏകർഷി സംസാരിക്കുന്നു –തന്റെ ജീവിതം, സിനിമാവഴികൾ, തിയറ്റർ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങൾ ഇൗ സംഭാഷണത്തിന് വിഷയമാകുന്നു.
പതിമൂന്നു പേരടങ്ങുന്ന ഒരു നാടകസംഘം. ഓരോരുത്തരും ഓരോ ജോലിചെയ്യുന്നവർ. നാടകം ഇവരെ ഒരു കുടുംബമാക്കി മാറ്റിയിരിക്കുന്നു. കളിച്ചും ചിരിച്ചും നാടകവും ജീവിതവും മുന്നോട്ടുകൊണ്ടുപോകുന്ന ഇവർക്കിടയിൽ ഒരു ‘ക്രൈം’ നടക്കുന്നു. കുറ്റവാളി ആര് എന്ന ചോദ്യത്തിലൂടെ സിനിമ ഉദ്വേഗജനകമായി നീങ്ങുകയാണ്. കഥാന്ത്യത്തിൽ നമ്മുടെ കൈകാലുകൾ വരിഞ്ഞുകെട്ടി നെഞ്ചിൽ ഒരു വലിയ കല്ലുകൂടി എടുത്തുവെച്ചാണ് സിനിമ അവസാനിക്കുന്നത്. അതങ്ങനെയാണ്. കാരണം ഇത് ആനന്ദ് ഏകർഷി പറയുന്ന കഥയാണ്, ആ കഥയിൽ എവിടെയെങ്കിലും നമ്മളുണ്ടാകും, ഉറപ്പ്.
‘ആട്ടം’ ദേശീയ അവാർഡിന്റെ നെറുകയിൽ നിൽക്കുകയാണ്. മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് എന്നീ മൂന്ന് ദേശീയ അവാർഡുകളുമായി ‘ആട്ടം’ ആടിത്തിമിർക്കുമ്പോൾ അതിനെല്ലാം കാരണക്കാരനായി സംവിധായകനും തിരക്കഥാകൃത്തുമായ ആനന്ദ് ഏകർഷി നമുക്കിടയിലുണ്ട്. നാടകവും സിനിമയും എങ്ങനെ സംയോജിക്കുമെന്നതിന്റെ ഉത്തരംകൂടി ആനന്ദ് ഈ സിനിമയിലൂടെ പറഞ്ഞുതരുന്നു. ചെറുപ്പം മുതൽ നാടകങ്ങൾക്കൊപ്പം സഞ്ചരിച്ച, നാടകത്തിനും സിനിമക്കും പുതിയ മാനങ്ങളുണ്ടെന്ന് തെളിയിച്ച ആനന്ദ് ഏകർഷി സംസാരിക്കുന്നു.
നാടകംതന്നെയാണ് ‘ആട്ടം’. പേരുപോലെതന്നെ തുടക്കം മുതൽ ഒടുക്കംവരെ ആ നാടകീയത സിനിമയിൽ കാണാം. മനഃപ്പൂർവമായിരുന്നോ ഇത്തരത്തിൽ അധികം ആരും ഉപയോഗിക്കാൻ ധൈര്യപ്പെടാത്ത ഈ ശൈലി?
ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം നാടകക്കാരാണ്. ‘ആട്ടം’ തുടങ്ങുന്നതുതന്നെ ഒരു നാടകത്തിലൂടെയാണ്. പിന്നെ ആ നാടകം കാണിക്കുന്നതിന് ഒരു പ്രസക്തിയുണ്ട്. കാരണം, ആ നാടകക്കാർക്കിടയിൽ നടക്കുന്ന ഒരു ക്രൈം ഡ്രാമയാണ് ഈ സിനിമ. ഈ നാടകക്കാർക്കിടയിലേക്കാണ് യൂറോപ്യൻ ട്രിപ്പ് എന്ന ഓഫറുമായി ഹരി എന്ന കഥാപാത്രം എത്തുന്നത്. അതുകൊണ്ടുതന്നെ ആ നാടകം കാണിക്കുക എന്നും യൂറാപ്യൻ ട്രിപ്പിനൊക്കെ പോകാൻ പറ്റിയ, അർഹതയുള്ള, നല്ല കാഴ്ചാനുഭവമുള്ള നാടകമാണ് ഇതെന്ന് പ്രേക്ഷകർക്ക് തോന്നുകയും വേണം. അല്ലാതെ കാണിക്കാത്ത ഒരു നാടകത്തെക്കുറിച്ച് ഒരാൾ പറയുന്നതിൽ ഒരു അർഥവുമില്ല. ഇതാണ് അതിലെ നാടക എലമെന്റ്സ്.
പിന്നീട് അതിനുശേഷമുള്ള സിനിമയിലെ രംഗങ്ങളെല്ലാം തന്നെ ഒരു പ്ലേ പോലെ തോന്നാനുള്ള പ്രധാന കാരണം അത് ഒരു ലൊക്കേഷനിൽ നടക്കുന്നു എന്നതുകൊണ്ടാണ്. ലോക സിനിമയിലെ ഏത് ചേംബർ ഡ്രാമ എടുത്താലും അതിനൊരു പ്ലേയുടെ സ്വഭാവമുണ്ടാകും. കാരണം, അതിന്റെ ബാക്ഗ്രൗണ്ട് ലൊക്കേഷൻ മാറുന്നില്ല എന്നതുതന്നെ. അതുകൊണ്ടുതന്നെ കാഴ്ചക്കാർക്ക് സബ്കോൺഷ്യസ്, അൺകോൺഷ്യസ് മൈൻഡിലുള്ള തിയറ്റർ എന്ന അനുഭവം ലഭിക്കും. അത് അതിന്റെ ഭംഗിയാണ്, സൗന്ദര്യമാണ്. അത് വളരെ തീവ്രതയുള്ളതായിരിക്കും.
നാടകം കാണുമ്പോഴുണ്ടാകുന്ന ഒരനുഭൂതി അങ്ങനെ സിനിമക്ക് വരും. കാരണം, നമ്മൾ ഒരേ സ്ഥലത്താണ്, നമ്മൾ മാറുന്നില്ല. നമ്മുടെ ഭാവനയും സ്ഥലകാലങ്ങളുമൊന്നും മാറുന്നില്ല. ഒരു നാടകം കാണുമ്പോൾ അങ്ങനെയാണല്ലോ. ഈ എലെമന്റ് ആട്ടത്തിന് വളരെ അഡ്വാന്റേജ് ആയിട്ടുമുണ്ട്. നാളെ ആര് ചേംബർ ഡ്രാമ ചെയ്താലും അങ്ങനെയായിരിക്കും. അല്ലെങ്കിൽപിന്നെ വളരെ സിനിമാറ്റിക് ആയി അത് ഷൂട്ട് ചെയ്യണം. എന്നാൽ വളരെ ബോധപൂർവംതന്നെയാണ് ഞങ്ങൾ ഈയൊരു ശൈലി സ്വീകരിച്ചത്. കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ ഈ സിനിമയിലെ ഒരാളായി മാറണം എന്നതായിരുന്നു ഉദ്ദേശ്യം.
ഒരു പതിനാലാമത് കഥാപാത്രമായി അയാൾ മറ്റ് കഥാപാത്രങ്ങളുമായി തർക്കിക്കുകയും യോജിക്കുകയും വിയോജിക്കുകയും സംഘർഷങ്ങളിലേർപ്പെടുകയും ചെയ്യണം. എന്നാൽ മാത്രമേ ഈ സിനിമ വിജയിക്കൂ. അതുകൊണ്ട് അതിന്റെ ഫിലിം മേക്കിങ് വളരെ ഇൻവിസിബ്ൾ ആയിരിക്കണം എന്നുള്ളത് വളരെ നിർബന്ധമായിരുന്നു. അങ്ങനെതന്നെയാണ് ഈ സിനിമ രൂപകൽപന ചെയ്തതും.
നാടക ബാക്ഗ്രൗണ്ടിലുള്ളവരാണ് സിനിമയിൽ അഭിനയിച്ച എല്ലാവരും. നാടകം സിനിമയെ സ്വാധീനിക്കുന്നു എന്ന് പറയാൻ കഴിയുമോ?
നാടകം എന്നുപറയുന്നത് സിനിമയുടെ ഒരു ഫോം ആണ്. നാടകം സിനിമയിൽ ഉണ്ടോ എന്നുചോദിച്ചാൽ ഉണ്ട്. അതിന്റെ ‘അഭിനയം’ എന്നതിൽ ആണല്ലോ തിയറ്റർ ഇരിക്കുന്നത്. ഇങ്ങനെ ചില മേഖലകളിൽ നാടകവും സിനിമയും ചേർന്നുനിൽക്കുന്നുണ്ടെങ്കിലും യഥാർഥത്തിൽ ഇവ രണ്ടും സ്വതന്ത്രമായ ആർട് ഫോമുകളാണ്. അങ്ങനെയൊരു തീവ്രമായ ബന്ധമൊന്നും പൂർണമായും പറയാൻ കഴിയില്ല. ‘ആട്ട’ത്തെക്കുറിച്ചാണ് ചോദിക്കുന്നതെങ്കിൽ തിയറ്ററിന്റെ സ്വാധീനം വളരെ നല്ല രീതിയിൽതന്നെ വന്നിട്ടുണ്ട്.
ഞാനൊരു തിയറ്റർ ആക്ടർ ആയിരുന്നു വർഷങ്ങളോളം. ഈ സിനിമ ഒരു ക്രൈം ഡ്രാമയാണ് പറയുന്നത്. അതിന്റെ ബാക് ഗ്രൗണ്ട്, കഥാപാത്രങ്ങൾ എല്ലാം തിയറ്റർ ആക്ടേഴ്സ് ആണ്. ആ സിനിമക്കുതന്നെ ഒരു തിയറ്റർ ബാക്ഗ്രൗണ്ടുണ്ട്. അതുകൊണ്ടുതന്നെ നാടകാനുഭവങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്, എനിക്ക് പരിചയമുള്ള മേഖലയാണത്. എന്നെ ഏറ്റവും കൂടുതൽ സഹായിച്ചതും നാടക പ്രവർത്തനങ്ങൾ തന്നെയാണ്. ഈ സിനിമ 35 ദിവസം റിഹേഴ്സൽ ചെയ്തിരുന്നു.
അതുകഴിഞ്ഞ് കാമറവെച്ചുള്ള ഏഴ് റിഹേഴ്സലും ചെയ്ത് കഴിഞ്ഞാണ് ഷൂട്ടിലേക്ക് പോകുന്നത്. ഈ 35 ദിവസവും റിഹേഴ്സൽ ചെയ്യാൻ അരാണ് തയാറാവുക? തിയറ്ററിന്റെ ഒരു ഡിസിപ്ലിനിലൂടെ മാത്രമേ അത് നടക്കൂ. യാതൊരു പരാതിയും പ്രശ്നങ്ങളുമില്ലാതെ എല്ലാവരും റിഹേഴ്സലിന് വന്നതിൽ തിയറ്ററിന്റെ ഡിസിപ്ലിൻ വല്ലാതെ സഹായിച്ചിട്ടുണ്ട്. അവിടെയാണ് തിയറ്ററിന്റെ പ്രാധാന്യം വരുന്നത്. ഇത് ഒരു സാധാരണ ആളെക്കൊണ്ട് സാധിക്കുന്ന കാര്യമല്ല. ഒരു അഭിനയ മോഹിക്ക് അത് പെെട്ടന്നു വന്ന് ചെയ്യാൻ പറ്റില്ല. സിനിമാക്കാർക്ക് പ്രത്യേകിച്ചും. നാടകത്തിന്റെ ബാക്ഗ്രൗണ്ടിൽനിന്ന് വന്നവരായതുകൊണ്ടുതന്നെയാണ് ‘ആട്ടം’ സിനിമക്ക് ഇത്രയധികം വിജയിക്കാൻ കഴിഞ്ഞതും. ഈ സിനിമയിൽ എനിക്ക് ഇവരെയല്ലാതെ വേറെ ആരെക്കുറിച്ചും ചിന്തിക്കാനേ പറ്റില്ല.
ഒരു സ്ത്രീപക്ഷ സിനിമയാണ് ആട്ടം. ആട്ടത്തിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഒരു ഞെട്ടലോടെ മാത്രമേ പല സീനുകളും കാണാൻ സാധിക്കൂ. ഒരുപാട് ചോദ്യങ്ങളും ബാക്കിയായിരിക്കും. ഇത് ഇന്നത്തെ സമൂഹത്തിൽ വിവിധരീതിയിൽ പ്രതിഫലിക്കുന്നതുതന്നെയല്ലേ..?
സത്യസന്ധമായി ഉത്തരം പറയാനാണ് കഴിവതും ഞാൻ ആഗ്രഹിക്കുന്നത്. ഈ സിനിമ ചെയ്യുമ്പോൾ നമ്മൾ വളരെ ഹോണസ്റ്റ് ആയിട്ടുള്ള ഒരു സിനിമ ചെയ്യുക എന്നതല്ലാതെ, എനിക്ക് സമൂഹത്തോട് കുറേ ഉപദേശിക്കാനോ പറയാനോ ഒന്നുമില്ല. അങ്ങനെ പറയാൻ ഞാനാരാണ്? അങ്ങനെ പറയാനായി സിനിമ എന്ന മാധ്യമം എന്താണ്? ഇത് സമൂഹത്തെ നന്നാക്കാനുള്ള മീഡിയം ഒന്നുമല്ല. നമുക്ക് കലകൊണ്ട്, കലാരൂപംകൊണ്ട് ചെയ്യാൻ പറ്റുന്നത് ‘റിഫ്ലക്ട്’ ചെയ്യിപ്പിക്കാം എന്നതാണ്.
നിങ്ങൾ ഈ വഴിയിലൂടെ കൂടി ഒന്ന് ചിന്തിക്കൂ, അല്ലെങ്കിൽ നിങ്ങൾ നിങ്ങളെ കാണുന്നുണ്ടോ ഇതിൽ? നിങ്ങളുടെ തോന്നൽ എന്താണ്. സിനിമയും പ്രേക്ഷകരും അങ്ങോട്ടുമിങ്ങോട്ടും റിഫ്ലക്ട് ചെയ്യിപ്പിക്കുന്ന ഒരു ഇടമാണിത്. പ്രേക്ഷകനും സിനിമയും സമ-തലത്തിൽ ആണ് നിൽക്കേണ്ടത്. സിനിമയിൽ മാത്രമല്ല എല്ലാ കലാരൂപവും അങ്ങനെയാവണം. അല്ലാതെ കല മുകളിൽനിന്നുകൊണ്ട് താഴേക്ക് ഒഴുകുന്ന, ഉപദേശിക്കുന്ന ഒരു രംഗമല്ല വേണ്ടത്. ഒരേതലത്തിൽനിന്നുകൊണ്ട്, നാടകാന്ത്യം കവിത്വം എന്നൊക്കെ പറയുന്നതുപോലെ, ഒരു പോയന്റിൽ കലയും പ്രേക്ഷകനും ഒരുമിച്ച് ഉയരുന്ന ഒരു കവിത്വത്തിലേക്ക് ഉയരാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ.
ഒരാൾ ഒരാളെ ഉപദേശിക്കുന്നത് ആർക്കും ഇഷ്ടമില്ലാത്ത പരിപാടിയാണ്. ഇന്ന രാഷ്ട്രീയം സംസാരിക്കണം, ‘ആട്ടം’ ഒരു സ്ത്രീപക്ഷ സിനിമയായിരിക്കണം, അങ്ങനെ അല്ലാതായിരിക്കണം, അങ്ങനെയൊന്നും ഞാൻ ആലോചിച്ചിട്ടില്ല. ഈ കഥക്കകത്തുനിൽക്കണം എന്ന് എനിക്ക് നിർബന്ധമാണ്. ‘ഫോർത്ത് വോൾ ബ്രേക്കിങ്’ എന്നൊരു സംഭവമുണ്ട് സിനിമയിൽ. നമ്മൾ കലക്കകത്തു നിന്നുകൊണ്ട് രാഷ്ട്രീയ, സാമൂഹികമായ, കണ്ടമ്പറിയായ കാര്യങ്ങളിലേക്ക് നിരന്തരം ചൂണ്ടുന്ന ഒരു പ്രവൃത്തി. അതിനോട് എനിക്ക് യോജിപ്പില്ല. അത് ഒരു റിഫ്ലക്ടിവ് സ്‍ പേസിൽ സംഭവിക്കേണ്ട കാര്യമാണ്.
ഒരു മുത്തശ്ശി ആമയുടെയും മുയലിന്റെയും കഥ പറയുന്നു. ഈ കഥ പറയുന്നതിനിടക്കെല്ലാം മുത്തശ്ശി സാരോപദേശം പറഞ്ഞുകൊണ്ടിരുന്നാൽ കഥ കുട്ടി കേൾക്കില്ല. കുട്ടി കഥയുടെ ലോകത്തുനിന്ന് പുറത്തേക്ക് വരും. മുത്തശ്ശിയുടെ ഉദ്ദേശ്യം കുട്ടിക്ക് മനസ്സിലാവും. അതൊരു ബോറൻ രീതിയാണ്. കഥ മനോഹരമായി പറയുകയും കഥയുടെ അവസാനത്തിൽ, അല്ലെങ്കിൽ കഥ വീണ്ടും വീണ്ടും കേൾക്കുമ്പോൾ കുട്ടി കഥക്കപ്പുറത്തേക്ക് എന്തോ ഒരു മൂല്യം അതിലുണ്ട്, ഒരു സാരമുണ്ട് എന്ന് മനസ്സിലാക്കുന്നു. അത് കുട്ടി സ്വയം രൂപപ്പെടുത്തേണ്ട ഒരു കാര്യമാണ്. അല്ലാതെ സാരം ആദ്യം അല്ലെങ്കിൽ ഇടക്കിടക്ക് പറയുന്ന രീതിയോട് എനിക്ക് ഒട്ടും യോജിക്കാൻ പറ്റില്ല. അതുകൊണ്ട്, പലതരം വായനകൾ ഈ സിനിമക്കുണ്ടാവും.
അത് പ്രേക്ഷകന്റെ ഇഷ്ടമാണ്. ഞാനീ ത്രെഡ് ആലോചിക്കുമ്പോൾ വളരെ എൻഗേജിങ് ആയ, ഹോണസ്റ്റ് ആയ ഒരു സിനിമ, ഒഫ്കോഴ്സ്, ഇതിന്റെ ക്രൈം എന്നു പറയുന്നത് സെക്ഷ്വൽ അസോൾട്ട് ആവുമ്പോൾതന്നെ അത് എപ്പോഴും റെലവന്റ് ആയ, യൂനിവേഴ്സലായ കാര്യമായി മാറിക്കഴിഞ്ഞു. ഇനി അത് ഞാൻ പ്രത്യേകം പറയേണ്ട കാര്യംപോലുമില്ല. വളരെ നിർഭാഗ്യകരമാണ് അത് റെലവന്റ് ആണ് എന്ന് പറയുന്നതുതന്നെ. അത് റെലവന്റ് അല്ലാത്ത ഒരുകാലം വരട്ടെ.
ഈ സിനിമക്ക് ഇനിയൊരു പ്രസക്തിയില്ല എന്ന് പറയുന്ന ഒരു കാലം വരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് ഇങ്ങനെയൊരു ക്രൈം. ഇപ്പോൾ കൊൽക്കത്തയിൽ നടക്കുന്ന സംഭവം, എങ്ങനെയാണ് നമുക്കതിന് സാധിക്കുന്നത്! മനുഷ്യത്വത്തിന്റെ ഏതെങ്കിലുമൊരു കണിക ബാക്കിയുള്ളൊരാൾക്ക് എങ്ങനെയാണത് ഉൾക്കൊള്ളാൻ കഴിയുക! എങ്ങനെയാണ് അതേക്കുറിച്ചുള്ള എഴുത്തുകൾ വായിച്ചുതീർക്കാൻ കഴിയുന്നത്..! അത്തരം റിയൽ ആയ കാര്യങ്ങളിൽ ഒരു മാറ്റംവരുത്താനോ ഒന്നും കേപ്പബ്ൾ അല്ല എന്റെ ഈ സിനിമ. അത്ര ശക്തിയൊന്നും സിനിമക്കില്ല. വ്യക്തികളിൽ ഒരു ചിന്തയുണ്ടാക്കാൻ കഴിഞ്ഞേക്കാം. അതുമാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.
ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്ന ഒരു സാഹചര്യം സമൂഹത്തിലുണ്ട്. അതുതന്നെയല്ലേ ഈ സിനിമ പറയാതെ പറയുന്നതും?
രണ്ട് ക്രൈം ആണ് ഈ സിനിമ പറയുന്നത്. ഒന്ന്, സെക്ഷ്വൽ അസോൾട്ട് എന്ന ക്രൈം. അത് എല്ലാവർക്കുമറിയാവുന്നതുമാണ്. അതിനെത്തുടർന്നുള്ള ചോദ്യമാണ് സിനിമ, ആരാണിത് ചെയ്തത് എന്ന്. അതാണ് ഈ സിനിമയുടെ സസ്‍പെൻസ് സ്ട്രക്ചർ. രണ്ടാമതുള്ള കുറ്റകൃത്യം, ‘ഓഡിറ്റിങ് ഓഫ് എ ക്രൈം’ എന്നതാണ്. വിക്ടിമിനെ ഓഡിറ്റ് ചെയ്യുക. സെക്ഷ്വൽ ഹരാസ്മെന്റ് നേരിട്ട വിക്ടിം തന്നെ ചോദ്യംചെയ്യപ്പെടുന്നു. അവൾ വിശ്വസിക്കപ്പെടുന്നുണ്ടോ? വിശ്വസിക്കപ്പെടുന്നില്ലേ... തുടങ്ങിയ ചോദ്യങ്ങൾ അവിടെ ഉയരുന്നു.
ഈ ക്രൈം ഈ സിനിമയിൽ പറയാതെ പറയുന്ന ഒരു ഏരിയ ആണ്. അവസാനം ഒരു നാടകത്തിലൂടെ അവൾ അത് പറയുമ്പോഴാണ് രണ്ടാമത്തെ കുറ്റകൃത്യത്തിനെക്കുറിച്ചാണ് അവൾ സംസാരിച്ചിരുന്നതെന്ന് പ്രേക്ഷകർക്ക് മനസ്സിലാകുക.
ആരാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് സിനിമയിൽ എന്തുകൊണ്ട് പറഞ്ഞില്ല എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. അതു പറഞ്ഞുകഴിഞ്ഞാൽ രണ്ടാമത്തെ കുറ്റകൃത്യം ഒരിക്കലും ചർച്ചചെയ്യപ്പെടില്ല. രണ്ടാമത്തെ കുറ്റകൃത്യത്തിന്റെ പ്രാധാന്യവും അവിടെ നഷ്ടമാകും. കുറ്റവാളി എന്നൊരാളെ ലഭിച്ചുകഴിഞ്ഞാൽ മറ്റു കാര്യങ്ങളെല്ലാം ഇല്ലാതാകും, എല്ലാം അയാളിൽ മാത്രം ഒതുക്കുകയുംചെയ്യും. അതുകൊണ്ട് മാത്രമാണ് കുറ്റവാളിയെ പറയാതെ സിനിമ അവസാനിപ്പിച്ചതും.
‘ആട്ടം’ സിനിമയുടെ എഡിറ്റിങ്ങിനെപ്പറ്റി താങ്കൾ പ്രത്യേകം എടുത്തുപറയുന്നത് കണ്ടിരുന്നു..?
മികച്ച സിനിമ എന്ന ദേശീയ അവാർഡിനൊപ്പം, അല്ലെങ്കിൽ ഒരുപടി മുകളിലാണ് ഇതിന്റെ എഡിറ്റിങ്ങിന് കിട്ടിയ അവാർഡ്. സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോയിരുന്നു. എഡിറ്റിങ്ങിനെക്കുറിച്ച് ആരും ഒന്നും പരാമർശിക്കുന്നില്ലല്ലോ എന്നു വിചാരിച്ചിരുന്നു മുമ്പ്. ദേശീയ അവാർഡ് കിട്ടുന്നതുവരെ ഭയങ്കര വിഷമമായിരുന്നു. സാധാരണ പ്രേക്ഷകരെ ഉദ്ദേശിച്ചല്ല, സിനിമയിൽ തന്നെയുള്ള ടെക്നീഷ്യൻമാരെക്കുറിച്ച്, വിദഗ്ധരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അവർക്ക് ഇതിന്റെ സാങ്കേതിക വശങ്ങൾ അറിയാമല്ലോ... അവർ എന്തുകൊണ്ട് എഡിറ്റിങ്ങിനെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നതായിരുന്നു എന്റെ ആലോചന.
‘ആട്ട’ത്തിന്റെ എഡിറ്റിങ് ഒരു സാധാരണക്കാരന് പെെട്ടന്ന് മനസ്സിലാകണമെന്നില്ല. മഹേഷ് ഭുവനേന്ദിന്റെ ഒരു മാസ്റ്റർഫുൾ വർക്കാണ്, ‘ആട്ട’വും അതിന്റെ എഡിറ്റിങ്ങും. ആർട്ടിസ്റ്റുകളെ സാധാരണ പറയാറില്ലേ, ഇവർ അഭിനയിക്കുന്നതുപോലെ തോന്നുന്നില്ലല്ലോ എന്ന്. അതുപോലെതന്നെയാണ് ഇതിലെ എഡിറ്റിങ്ങും. ഇവിടെ എഡിറ്റ് ഇൻവിസിബ്ൾ ആണ്. അത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.
കാരണം ആദ്യത്തെ സീൻ മുതൽ അവസാന സീനിൽവരെ പത്തിലധികം പേർ ഒരിടത്തുനിന്ന് അഭിനയിക്കുന്നു. എല്ലാ അഭിനേതാക്കളും നിൽക്കുന്ന സ്ഥലം ക്ലോസ്ഡ് സ്പേസ് ആണ്. അതിന്റെ ആംഗിൾസ്, ഐ മൂവ്മെന്റ് തുടങ്ങിയവ കവർ ചെയ്യുക, പ്രേക്ഷകന് തലവേദന തോന്നാതിരിക്കുക, കഥാഗതിയിൽനിന്ന് പുറത്തുപോകാതെ തുന്നിച്ചേർക്കുക എന്നുള്ളതെല്ലാം വളരെ പ്രയാസകരമായ കാര്യമാണ്. അത് ജൂറി മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ വളരെ ബ്രില്യന്റായ ജൂറി എന്നു മാത്രമേ പറയാനാകൂ.
‘ആട്ടം’ ഉണ്ടാകാനുള്ള കാരണക്കാരിൽ ഒരാൾ വിനയ് ഫോർട്ട് ആണെന്ന് പറഞ്ഞുകേട്ടിരുന്നു..?
തീർച്ചയായും, വിനയ് ഫോർട്ടാണ് സിനിമയെക്കുറിച്ച് പറഞ്ഞതുതന്നെ. ഞങ്ങൾ എല്ലാവരും നാടക കലാകാരൻമാരായിരുന്നു. സിനിമയുടെ ഭാഗമായവർ, ഷാജോൺ ചേട്ടനും (കലാഭവൻ ഷാജോൺ) സറീനും (സറീൻ ഷിഹാബ്) ഒഴിച്ച് എല്ലാവരും 20 വർഷത്തോളമായി അറിയാവുന്ന സുഹൃത്തുക്കളാണ്. വിനയ് ഉൾപ്പെടെ ഞങ്ങൾ എല്ലാവരും ‘ലോകധർമി’ നാടകസംഘത്തിലെ തിയറ്റർ ആക്ടേർസ് ആയിരുന്നു.
‘‘എനിക്ക് ഇവരെയെല്ലാവരെയും സിനിമയിൽ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട്. നിനക്ക് ഇവരെവെച്ച് ഒരു സിനിമയെടുക്കാൻ പറ്റുമോ’’ എന്ന് ഒരു യാത്ര പോകുമ്പോൾ വിനയ് എന്നോട് ചോദിക്കുകയായിരുന്നു. ഒന്നോ രണ്ടോ പേർ ഒഴിച്ച് ബാക്കിയെല്ലാവരും തന്നെ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവരാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും. അവരിൽ പലരുടെയും ശരിക്കുള്ള ജോലികൾതന്നെ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. ആ ജോലികളൊന്നും മോശമല്ല, എന്നാൽ സാമ്പത്തികമായി ലഭിക്കുന്ന വരുമാനം വളരെ കുറവാണ്. അവിടെ തത്ത്വങ്ങളും മറ്റും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
പിന്നെ ഇവരെല്ലാവരും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ളവരാണ്. ‘‘ഇവരെ എനിക്ക് സാമ്പത്തികമായി അത്രത്തോളം സഹായിക്കാൻ സാധിക്കില്ല, മറിച്ച് ഇവരെ സിനിമയിലേക്ക് കൊണ്ടുവന്നാൽ അവർക്ക് അഭിനയിക്കാൻ അവസരം ഒരുക്കിയാൽ നന്നാകും’’ എന്നും വിനയ് പറഞ്ഞു. ലോകത്താരും അങ്ങനെയൊന്നും പറയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഞാൻ ആ സമയത്ത് മറ്റൊരു സിനിമ എഴുതുകയായിരുന്നു. അപ്പോൾ വിനയിനെയോ മറ്റാരെയെങ്കിലുമോ ഞാൻ ആലോചിച്ചിട്ടുപോലുമില്ലായിരുന്നു. ഞാനെന്തുകൊണ്ട് ഇത് ആലോചിച്ചില്ല എന്നതിൽ ഒരു കുറ്റബോധവും നാണക്കേടും എന്നോടുതന്നെ തോന്നി. ആ കുറ്റബോധത്തിൽനിന്നാണ് മറ്റ് എഴുത്തുകളെല്ലാം നിർത്തി ‘ആട്ട’ത്തിന്റെ എഴുത്ത് ഉണ്ടാകുന്നത്. വിനയും ഗിരീഷ് മേനോൻ എന്ന സുഹൃത്തുമാണ് നമുക്കെന്തെങ്കിലും ചെയ്യാം, നമ്മുടെ കൂട്ടത്തിൽനിന്നും എന്തെങ്കിലും വരട്ടേ എന്നു പറയുന്നത്. ആദ്യം നാടകം ചെയ്യാം, ഷോർട്ട് ഫിലിം ചെയ്യാം എന്നെല്ലാമായിരുന്നു ആലോചന. എന്നാൽ, പിന്നീട് അതൊരു സിനിമയായി.
ആനന്ദ് ഏകർഷിയുടെ നാടകജീവിതത്തെക്കുറിച്ച്...?
നാലാം ക്ലാസുവരെ പഠിച്ചത് ആന്ധ്രപ്രദേശിലായിരുന്നു. അഞ്ചാം ക്ലാസിൽ കൊച്ചിയിലെത്തി രാജഗിരി സ്കൂളിൽ ചേർന്നു. മലയാളം എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. എനിക്ക് പത്തുവയസ്സുള്ളപ്പോഴാണ് മലയാളം എഴുതാൻ പഠിക്കുന്നത്. ഭാഗ്യവശാൽ രാജഗിരിയിൽ അന്ന് മികച്ച അധ്യാപകരായിരുന്നു ഉണ്ടായിരുന്നത്. പ്രത്യേകിച്ച് മലയാളം വിഭാഗം. ഭാഷയോടും സാഹിത്യത്തോടും ‘പ്രേമ’വും ‘പ്രണയ’വും തോന്നുന്ന രീതിയിൽ പഠിപ്പിക്കുന്ന അധ്യാപകരായിരുന്നു അവർ.
വിനായകൻ സാർ, ജിതേഷ് സാർ, സ്മിത ടീച്ചർ അങ്ങനെ പോകും നിര... രാജഗിരിയിൽ നാടകം യുവജനോത്സവങ്ങളിലെ പ്രധാനപ്പെട്ട ഇനമായിരുന്നു. യുവജനോത്സവങ്ങളിൽ ഒന്നാംസമ്മാനം കിട്ടുക എന്നത് വളരെ വലിയ കാര്യവും. അത്രയും മനോഹരമായ നാടകങ്ങളായിരുന്നു അവിടെ. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. യഥാർഥത്തിൽ, നാടകത്തിൽ അഭിനയിക്കുന്ന ഒരു കുട്ടിയോട് പ്രണയം ഉണ്ടായിരുന്നു. ഈ പെൺകുട്ടിയുമായി സംസാരിക്കണമെങ്കിൽ നാടകത്തിൽ കയറിക്കൂടാതെ രക്ഷയില്ല എന്നു മനസ്സിലാക്കിയാണ് അവിടെയെത്തുന്നത്. അല്ലാതെ നാടകത്തോടുള്ള താൽപര്യംകൊണ്ടായിരുന്നില്ല. പക്ഷേ ഏഴാംക്ലാസ് മുതൽ നാടകം സീരിയസായി കാണാൻ തുടങ്ങി. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിൽ മൂന്നുവർഷം തുടർച്ചയായി യുവജനോത്സവത്തിൽ ബെസ്റ്റ് ആക്ടർ ആയി ഞാൻ.
ഈ സിനിമയിൽതന്നെ അഭിനയിച്ച സുധീർ ബാബു എന്ന നടനുണ്ട്. അദ്ദേഹം എന്നെ രാജഗിരിയിൽ നാടകം പഠിപ്പിച്ച അധ്യാപകനായിരുന്നു. അദ്ദേഹം ചെയ്ത നാടകത്തിലൂടെ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ബെസ്റ്റ് ആക്ടർ അവാർഡ് എനിക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിലൂടെയാണ് സ്കൂളിൽ പഠിക്കുമ്പോൾ ‘ലോകധർമി’ നാടക സംഘത്തിലേക്ക് ഞാനെത്തുന്നതും. പിന്നീട് അതെല്ലാം തിരിഞ്ഞുവന്ന് അദ്ദേഹത്തെ ഞാൻ ഡയറക്ട് ചെയ്യുന്ന സിനിമയുണ്ടാകുന്നിടത്തെത്തി.
പ്രഫസർ ചന്ദ്രഹാസന്റെ കീഴിലായിരുന്നു ലോകധർമി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലായിരുന്നു അന്ന്. ‘കർണഭാരം’, ‘ഉബ്രോയ്’ തുടങ്ങിയ നാടകങ്ങളിൽ അഭിനയിക്കുന്നത് അവിടെനിന്നാണ്. സിനിമയിൽ കാണുന്ന എല്ലാവരും ‘കർണഭാരം’ എന്ന നാടകത്തിലുണ്ടായിരുന്നു. ഡൽഹി, ഹൈദരാബാദ്, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ നാടകത്തിന്റെ ഭാഗമായി എല്ലാവർഷവും കുറേ യാത്രകളുണ്ടാകും. പത്തുപതിനഞ്ച് തവണ ‘കർണഭാരം’ എന്ന നാടകം കളിച്ചിരുന്നു. വർഷങ്ങളോളമുള്ള അടുപ്പമാണ് നാടകവും നാടകസംഘവുമായി ഉണ്ടായിരുന്നത്.
തിയറ്ററിൽനിന്ന് സിനിമയിലേക്ക് നടന്ന വഴികളെക്കുറിച്ച്...
രാജഗിരിയിൽ സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കും. സാധാരണ നാടക ക്യാമ്പുകളാണ് സംഘടിപ്പിക്കുക. പ്ലസ്ടു കഴിഞ്ഞപ്പോൾ മൂന്നുദിവസത്തെ ഒരു സിനിമ ക്യാമ്പ് നടത്തിയിരുന്നു. ക്യാമ്പ് നയിക്കാനായി വന്നത് പ്രഫുൽ ഗോപിനാഥ് എന്ന ഫിലിം മേക്കറായിരുന്നു. അന്ന് അദ്ദേഹം കോർപറേറ്റ് ഫിലിംസ്, ആഡ് ഫിലിംസ് ഒക്കെ ചെയ്യുന്ന ഒരാളായിരുന്നു. ആ ക്യാമ്പിന്റെ അവസാനം മൂന്നു കുട്ടികളെ തെരഞ്ഞെടുക്കുകയും അവരെക്കൊണ്ട് ഷോർട്ട് ഫിലിം ചെയ്യിപ്പിക്കുകയും ചെയ്യുന്ന സംവിധാനമുണ്ടായിരുന്നു. ആ മൂന്നുപേരിൽ ഒരാളായി എന്നെ തിരഞ്ഞെടുത്തു, സ്കൂളിൽ ഒരു ഷോർട്ട് ഫിലിമും ചെയ്തു.
2004 കാലഘട്ടത്തിലായിരുന്നു ഇത്. കുട്ടികളുടെ ആ ഷോർട്ട് ഫിലിം ചെയ്തതോടെ ഫിലിം മേക്കിങ്ങിനോട് വളരെ വലിയ താൽപര്യം തോന്നിത്തുടങ്ങി. അങ്ങനെ ക്യാമ്പെടുക്കാൻ വന്ന പ്രഫുൽ ഗോപിനാഥിനൊപ്പം കൂടി, അദ്ദേഹത്തിന്റെ അസിസ്റ്റന്റായി വർക്ക് ചെയ്തു. ഇന്ന് എന്റെ സഹോദരൻ, മെന്റർ എല്ലാം അദ്ദേഹമാണ്. ഏതു സിനിമ കാണണം, എങ്ങനെ കാണണം, എങ്ങനെ സിനിമയെടുക്കണം, ഫിലിം ഫെസ്റ്റിവലിന് പോയി നല്ല സിനിമകൾ കാണുക എന്നെല്ലാം പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. വളരെ പ്രായമുള്ള ആളുകളായിരുന്നു എന്റെ സുഹൃത്തുക്കളെല്ലാം. സിനിമ എന്നത് ഒരു ആർട്ട് ഫോമാണെന്ന് എങ്ങനെയോ മനസ്സിൽ ഉറച്ചുപോയിരുന്നു.
സാമ്പത്തിക വശംകൂടി പരിഗണിക്കണമെന്നുണ്ടല്ലോ, അതിന്റെ ബുദ്ധിമുട്ട് ഇപ്പോൾ അനുഭവിക്കുന്നുണ്ട്. അദ്ദേഹം എന്നെക്കൊണ്ട് സ്ക്രിപ്റ്റുകൾ എഴുതിപ്പിച്ചിരുന്നു. കൂടാതെ ഒരുപാട് യാത്രകൾ അദ്ദേഹത്തോടൊപ്പം നടത്തി, കന്യാകുമാരി മുതൽ കശ്മീർ വരെ 110 ദിവസത്തെ റോഡ് ട്രിപ്പും, അതും 19ാം വയസ്സിൽ, ഇന്ത്യ മുഴുവൻ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. മലയാളത്തിൽ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല. ഹിന്ദിയിൽ ‘തമാശ’ എന്ന ചിത്രത്തിൽ ഇംതിയാസ് അലിക്കൊപ്പം അസിസ്റ്റന്റായി വർക്ക് ചെയ്തിരുന്നു. പിന്നീട് മ്യൂസിക് വിഡിയോസ് ചെയ്തു. പിന്നെ ‘ആട്ടം’ സംഭവിച്ചു. എഴുതി മാറ്റിവെച്ചിരുന്നു എന്നു പറഞ്ഞ കഥ ഇപ്പോൾ വെബ്സീരീസായി ഡെവലപ് ചെയ്യുന്നുണ്ട്. വേറെ സിനിമയുടെ എഴുത്തും പുരോഗമിച്ചുവരുന്നു.
നാടകത്തിന് ഇന്ന് സമൂഹത്തിൽ എത്രത്തോളം സ്വാധീനം ചെലുത്താൻ പറ്റുന്നുണ്ട്? സമൂഹത്തിൽ നാടകത്തിന്റെ സ്വീകാര്യത, പ്രസക്തി കുറയുന്നതായി തോന്നിയിട്ടുേണ്ടാ?
വളരെ ദീർഘമായി ഉത്തരം പറയേണ്ട ചോദ്യമാണിത്. ഹ്രസ്വമായ ഒരുത്തരം നൽകാൻ സാധിക്കാത്ത ചോദ്യം. കാലം ഒരുപാട് മാറി. സിനിമ എന്നത് മാത്രമാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്. അതിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. ‘ആട്ടം’ ഒരു സിനിമയായതുകൊണ്ട് മാത്രമാണ് ആഘോഷിക്കപ്പെടുന്നത്. ഇതിലും മികച്ച കലാപ്രവർത്തനം മികച്ച കലാകാരൻമാർ അവരവരുടെ മേഖലകളിൽ ചെയ്യുന്നുണ്ട്. പക്ഷേ, അവർക്ക് ആർക്കും തന്നെ പ്രശസ്തിയോ അംഗീകാരമോ പണമോ ലഭിക്കുന്നില്ല. സമൂഹത്തിന്റെ ഭാഗമായ എല്ലാവരുംതന്നെ അതിന് ഉത്തരവാദികളാണ്. അതിനുവേണ്ട പിന്തുണ ലഭിക്കാതെ വരുമ്പോൾ ആ വർക്ക് ഓഫ് ആർട്ട് ജീർണിച്ച് ജീർണിച്ച് പോകും.
അതിന്റെ അവസാന കണ്ണികളിലൊന്നാണ് ഈ നാടകവും. ഇന്ന് ഒരു നാടകം ചെയ്താൽ ആരാണ് കാണാൻ പോകുക? പോയാൽ തന്നെ എത്രപേർ കാണും? ടിക്കറ്റ് വെച്ച് നടത്തിയാൽ അത്രപോലും ആളുകളുണ്ടാകില്ല. മറിച്ച് സിനിമയാണെങ്കിൽ അങ്ങോട്ട് കാശുകൊടുത്ത് പോയി കാണും. രണ്ടാഴ്ച മുമ്പ് സൂരജ് എന്ന ഒരു ആർട്ടിസ്റ്റിന്റെ കൂടിയാട്ടം പെർഫോമൻസ് കാണാൻ പോയി. അത്ഭുതപ്പെട്ടുപോയി. എന്തൊരു പെർഫോമൻസാണ്... എന്തൊരു ഇംപാക്ടാണ്. നേരിട്ടു കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയെ അടിമുടി മറിച്ചുകളയാൻ പ്രാഗല്ഭ്യമുള്ള ആർട്ട് ഫോമാണ് കൂടിയാട്ടം. കൂടിയാട്ടത്തിന്റെ കാര്യം ഇങ്ങനെയാണെങ്കിൽ മറ്റുള്ള കലകളുടെ കാര്യം പറയേണ്ട ആവശ്യമില്ലല്ലോ. മികച്ച അഭിനേതാവാണ് കൂടിയാട്ടം അവതരിപ്പിച്ച വ്യക്തി. അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കാൻ വളരെ ആഗ്രഹിച്ചാണ് ചെന്നത്. അങ്ങോട്ടു ചെല്ലുമ്പോൾ മിഴാവ് കൊട്ടിയ രണ്ട് കലാകാരൻമാർ കൂടിയുണ്ടായിരുന്നു, അത്ഭുതമായിരുന്നു അവരും.
ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ ‘ആട്ടം’ സിനിമ കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് അവർ എന്റെ അടുത്തേക്ക് വരികയായിരുന്നു. അതാണ് സിനിമയുടെ ദോഷവും ഭാഗ്യവും. അർഹിക്കുന്നതിൽ കൂടുതലുള്ള അനാവശ്യമായ അറ്റൻഷൻ സിനിമക്ക് കിട്ടുന്നു. സിനിമക്ക് കിട്ടുന്നതുകൊണ്ടല്ല, മറ്റ് ആർട്ട് ഫോമുകൾക്ക് അത് കിട്ടുന്നില്ല എന്നതാണ് പ്രശ്നം. മറ്റു ആർട്ട് ഫോമുകളെല്ലാംതന്നെ ഇല്ലാതായികൊണ്ടിരിക്കുകയും ചെയ്യുന്നു.
വർഷങ്ങൾ കഴിയുമ്പോൾ സിനിമക്കും ഇതുതന്നെ സംഭവിക്കും. കൂടിയാട്ടംപോലെ, കഥകളിപോലെ, നാടകംപോലെ ലൈവായിട്ടുള്ളൊരു കലയുടെ ശക്തിയും സ്വാധീനവും സിനിമക്ക് ഉണ്ടെന്ന് തോന്നുന്നില്ല. എന്റെ അനുഭവത്തിൽ അതാണ് സത്യം. തിയറ്റർ കണ്ടുകൊണ്ടിരിക്കുമ്പോൾ, ലൈവ് പെർഫോമൻസ് കണ്ടുകൊണ്ടിരിക്കുമ്പോൾ കിട്ടുന്ന ഇമ്മീഡിയറ്റ് ഡയറക്ട് ഇംപാക്ട് അതിഗംഭീരമാണ്. സിനിമ അങ്ങനെയല്ല.
സർക്കാറിന്റെ മേൽനോട്ടത്തിൽ ‘ഒാപറ’ ഹൗസുകൾപോലുള്ള സംവിധാനങ്ങൾ ഉണ്ടാവുകയും നാടക കലാകാരന്മാരെ പരിഗണിക്കുകയുംചെയ്താൽ ഈ അവസ്ഥക്ക് ഒരു മാറ്റമുണ്ടാകില്ലേ?
തീർച്ചയായും. സിനിമ ഇതര കലാരൂപങ്ങൾക്കാണ് ഏറ്റവും വലിയ പിന്തുണ ലഭിക്കേണ്ടത്. ഒരു സഹായം എന്ന രീതിയിലല്ല അതിനെ കാണേണ്ടത്, സെലിബ്രേറ്റ് ചെയ്യപ്പെടണം. മാധ്യമങ്ങൾക്കുതന്നെ അതിൽ നിരവധി കാര്യങ്ങൾ ചെയ്യാനാകും. സിനിമക്കാരുടെ ഇന്റർവ്യൂവും വാർത്തകളും കമന്റുകളും എന്ത് നടന്നാലും നടന്നില്ലെങ്കിലും കൊടുക്കുന്നതിന് പകരം മറ്റേതെങ്കിലും ഒരു ആർട്ട് ഫോമുമായി ബന്ധപ്പെട്ടവർക്ക് പ്രാധാന്യം നൽകി കൊടുക്കണം. അതിനെ ആഘോഷിക്കണം എന്നു തീരുമാനിച്ചാൽ പതുക്കെ പതുക്കെ സമൂഹം മാറിവരും. അല്ലാതെ ഫണ്ട് ചെയ്യുക, സഹായിക്കുക എന്നു പറഞ്ഞാൽ അത് ഒരിക്കലും ആഘോഷിക്കില്ല. ആഘോഷിക്കുമ്പോഴാണ് അത് വളരുക.
‘ആട്ടം’ ഒച്ചപ്പാടുകളൊന്നുമുണ്ടാക്കാതെ വന്ന് ദേശീയ പുരസ്കാരം നേടി തലയുയർത്തി നിന്ന സിനിമ. പക്ഷേ, സംസ്ഥാന അവാർഡ് പ്രഖ്യാപനങ്ങളിൽ ഈ പേര് കണ്ടില്ല..?
2022 ഡിസംബറിലാണ് ‘ആട്ടം’ സെൻസർ ചെയ്യുന്നത്. 2024 ജനുവരിയിൽ റിലീസ് ചെയ്യുകയുംചെയ്തു. 2023ലെ, കഴിഞ്ഞവർഷത്തെ സംസ്ഥാന അവാർഡിനാണ് ആട്ടം അയച്ചത്. ഫിലിം ഫെസ്റ്റിവലിന് അയച്ച സമയത്തുതന്നെയാണ് സംസ്ഥാന പുരസ്കാരത്തിന് അയക്കുന്നതും. റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു.
നമുക്ക് അവാർഡ് കിട്ടുമ്പോൾ ജൂറി മികച്ചതും കിട്ടാത്തപ്പോൾ ജൂറി മോശവും എന്ന അഭിപ്രായം പറയാൻ പാടില്ലല്ലോ. എന്താണ് സംസ്ഥാന അവാർഡിൽ സംഭവിച്ചതെന്ന് നമുക്കറിയില്ല. അവാർഡ് കിട്ടാത്തതിൽ സങ്കടമുണ്ടായിരുന്നു. സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിനു മുമ്പ് ഒരുപാട് മാധ്യമങ്ങളും മറ്റും വിളിച്ച് ‘ആട്ട’ത്തിന് അവാർഡുണ്ടെന്ന് പറഞ്ഞിരുന്നു. അഞ്ചോളം വിഭാഗങ്ങളിൽ അവാർഡിന് ‘ആട്ടം’ പരിഗണിക്കപ്പെട്ടു എന്നാണ് പറഞ്ഞിരുന്നത്. ഞാൻ അറിഞ്ഞതും അതുതന്നെ. എന്നാൽ പ്രഖ്യാപിച്ചപ്പോൾ ആട്ടത്തിന് അവാർഡ് ഒന്നും ഉണ്ടായില്ല.
പിന്നെ അത് കൂടുതൽ ചികഞ്ഞ് പോകേണ്ട ഉത്തരവാദിത്തം എനിക്കില്ല. എന്നെക്കാൾ കൂടുതൽ വിഷമമുണ്ടായത് കൂടെയുണ്ടായിരുന്ന അഭിനേതാക്കൾക്കും മറ്റുള്ളവർക്കുമായിരുന്നു. സംസ്ഥാന അവാർഡിൽ നേട്ടം എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ സിനിമക്ക് കൂടുതൽ പബ്ലിസിറ്റി കിട്ടുമായിരുന്നു, മാത്രമല്ല തിയറ്ററിലും കൂടുതൽ റെസ്പോൺസ് കിട്ടുമായിരുന്നു. ഇതെല്ലാം ആഗ്രഹമുണ്ടായിരുന്നു.
‘‘നാഷനൽ അവാർഡിനുപോലും റീജനൽ ജൂറി ‘ആട്ടം’ അയച്ചിരുന്നില്ല. ഐ.എഫ്.എഫ്.ഐയുടെ ഓപണിങ് സിനിമ ആയിരുന്നു ‘ആട്ടം’. നാഷനൽ ജൂറി ആട്ടത്തെ തിരിച്ചുവിളിക്കുകയായിരുന്നു, എന്നിട്ടാണ് അവാർഡിന് പരിഗണിച്ചതെ’’ന്ന് വാർത്തകളിൽ വായിച്ചിരുന്നു. അതെന്താ അങ്ങനെയെല്ലാം സംഭവിച്ചതെന്ന് അത്ഭുതമായിരുന്നു. സംസ്ഥാന അവാർഡ് ലഭിക്കാത്തതിൽ അൽപം പോലും വിഷമമില്ല. എന്നാൽ, നാഷനൽ അവാർഡ് മൂന്നെണ്ണം ലഭിച്ചപ്പോൾ നമ്മുടെ ഇൻഡസ്ട്രിക്കകത്ത് കുറച്ചുകൂടി സെലിബ്രേറ്റ് ചെയ്തിരുന്നെങ്കിൽ എന്ന് വിനയ് ആഗ്രഹിച്ചിരുന്നു. ഇത്രയും കാലമായി സിനിമയിൽ നിൽക്കുന്ന ഒരാളെന്ന നിലയിൽ വിനയ് ആ ആഘോഷത്തിന്റെ ഭാഗമാകേണ്ടിയിരുന്നു.
എന്താണ് ‘ഏകർഷി’? പേരിനു പിന്നിൽ എന്തെങ്കിലും കഥകളുണ്ടോ?
2013ലാണ് ഔദ്യോഗികമായി പേരു മാറ്റുന്നത്. അതിനുമുമ്പ് സെബാസ്റ്റ്യൻ കെ. എബ്രഹാം എന്നായിരുന്നു പേര്. ആനന്ദ് എന്നത് വീട്ടിൽ വിളിക്കുന്ന പേരായിരുന്നു. 2013 കാലഘട്ടത്തിൽ ഒരുപാട് യാത്രകൾ ചെയ്തിരുന്നു, ചിന്തകൾ മാറിയിരുന്നു, നിലപാടുകൾ വന്നിരുന്നു, ആത്മീയ ചിന്തകൾ മാറിയിരുന്നു. പല ചിന്തകളായിരുന്നു അന്നെല്ലാം. അങ്ങനെ തോന്നിയപ്പോൾ ആനന്ദ് എന്ന പേരാണ് എന്നോടുതന്നെ ചേർന്നുനിൽക്കുന്നത് എന്നു തോന്നി. ആ പേര് ഔദ്യോഗികമാക്കണമെന്നും ആഗ്രഹിച്ചു.
അതിന്റെ കൂടെ ഒരു വാല് വേണമെന്നും തോന്നി. അപ്പോൾ എന്റെ ഒരു സാർ ‘ഏകർഷി’ എന്ന ഒരു വാക്കുണ്ടെന്ന് പറയുകയായിരുന്നു. ഒരു ഉപനിഷത്ത് വാക്കാണ് അത്. ‘സൂര്യനെപ്പോലെ ഒറ്റക്ക് സഞ്ചരിക്കുന്നവൻ’ എന്ന അർഥം ആ വാക്കിനുണ്ടായിരുന്നു. അത് എനിക്ക് കൂടുതൽ ചേരുമെന്ന് തോന്നി. ഒറ്റക്ക് സഞ്ചരിക്കണം എന്നതാണ് എന്റെ ആഗ്രഹം. എല്ലാത്തിന്റെയും കൂടെ നിൽക്കുമ്പോഴും ഒന്നിനോടും ചേരാതെ നിൽക്കുന്ന ഒരാളാകണം എന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. അങ്ങനെയാണ് ആ പേര് തെരഞ്ഞെടുക്കുന്നത്.
കൊച്ചിയിലാണ് ഇപ്പോൾ. അച്ഛനും അമ്മയുമുണ്ട് കൂടെ. അച്ഛൻ കെ.എം. എബ്രഹാം, അമ്മ സൗമ്യ എബ്രഹാം. ഒരു ചേട്ടനുണ്ടായിരുന്നു മാത്യൂസ്. പുഴയിൽ മുങ്ങിമരിക്കുകയായിരുന്നു. ചേട്ടൻ മരിച്ച് മൂന്നുവർഷം കഴിഞ്ഞപ്പോൾ അമ്മ ഒരു പ്ലേ സ്കൂൾ ആരംഭിച്ചു. 13 വർഷമായി അമ്മ ഇപ്പോഴും നടത്തിവരുന്നു. അമ്മ എന്റെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തികൂടിയാണ്.