ബി.ജെ.പിയെ തോൽപിച്ചത് പ്രശ്നാധിഷ്ഠിത രാഷ്ട്രീയം
ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയയും നിലപാടുകളിലെ കൃത്യതകൊണ്ട് വേറിട്ട വ്യക്തിത്വവുമാണ് ഇഖ്റ ഹസൻ ചൗധരി. 70 ശതമാനവും ഹിന്ദുക്കളുള്ള പടിഞ്ഞാറൻ യു.പി മണ്ഡലമായ കൈരാനയിൽനിന്ന് ഭൂരിപക്ഷം ഹിന്ദുക്കളുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിലൊന്ന് അവർ നടത്തിയത്. തന്റെ നിലപാടുകളെയും ജീവിതവഴികളെയും കുറിച്ച് അവർ ‘മാധ്യമം’ ഡൽഹി ബ്യൂറോ ചീഫ് ഹസനുൽ ബന്നയുമായി സംസാരിക്കുന്നു.
2013 ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ അരങ്ങേറിയ മുസഫർനഗർ കലാപം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നില്ല. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടിയെ അധികാരത്തിൽനിന്ന് പുറന്തള്ളി സമാജ്വാദി പാർട്ടി ഉത്തർപ്രദേശിൽ അധികാരമേറ്റതുതൊട്ട് യു.പിയിലൂടെ രാജ്യംപിടിക്കാൻ ഹിന്ദുത്വ ശക്തികൾ തുടങ്ങിവെച്ച മുസ്ലിം വിദ്വേഷ രാഷ്ട്രീയത്തിന്റെയും വർഗീയ സംഘർഷങ്ങളുടെയും ആളിക്കത്തലായിരുന്നു അത്. അര ലക്ഷത്തോളം മനുഷ്യരുടെ കൂട്ട പലായനത്തിലും 62 പേരുടെ കൊലപാതകത്തിലും കലാശിച്ച കലാപത്തിലൂടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഹിന്ദുത്വ ലബോറട്ടറിയായി പടിഞ്ഞാറൻ യു.പിയും മുസഫർനഗറും മാറി.
പലായനം ചെയ്ത് അഭയാർഥി ക്യാമ്പുകളിൽ എത്തിപ്പെട്ടവരിൽ 100 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പഴയ മുസഫർനഗർ ജില്ലയും അത് വിഭജിച്ചുണ്ടാക്കിയ ശാംലി എന്ന പുതിയ ജില്ലയുംകൂടി അടങ്ങുന്ന മേഖലയിൽ ഒരു പതിറ്റാണ്ട് മുമ്പുണ്ടായ കലാപത്തിന്റെ ശേഷിപ്പുകളായി പലായനം ചെയ്ത മുസ്ലിംകളുടെ ഒഴിഞ്ഞുകിടക്കുന്ന ഭവനങ്ങളും പള്ളികളും ഈദ്ഗാഹുകളും ഇന്നും കാണാം.
ഒരു പതിറ്റാണ്ടുമുമ്പ് ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തെ അധികാരത്തിലേക്ക് വഴിനടത്തിയ വിദ്വേഷത്തിന്റെ ഈ പരീക്ഷണശാലയിൽനിന്നാണ് ഇനിയും ശമിക്കാത്ത ഹിന്ദു-മുസ്ലിം ഭിന്നിപ്പിന്റെ വേലിക്കെട്ടുകൾ തകർത്ത് ഒരു മുസ്ലിം ചെറുപ്പക്കാരി ഇന്ത്യൻ പാർലമെന്റിലേക്ക് ജയിച്ചുകയറിയത്. കലാപംകൊണ്ടുണ്ടാക്കിയ ഹിന്ദു-മുസ്ലിം ശത്രുതയും പോരാഞ്ഞ് കലാപാനന്തരം മുസ്ലിംകളെ ഭയന്ന് ഹിന്ദുക്കൾ കൂട്ടത്തോടെ പലായനം ചെയ്യുന്നുവെന്ന വ്യാജ പ്രചാരണംകൂടി സൃഷ്ടിച്ച കൈരാനയിൽനിന്നാണ് ഇഖ്റ ഹസൻ ചൗധരി അട്ടിമറി ജയം നേടി ചരിത്രം കുറിച്ചത്.
70 ശതമാനവും ഹിന്ദുക്കളുള്ള പടിഞ്ഞാറൻ യു.പി മണ്ഡലമായ കൈരാനയിൽനിന്ന് ഭൂരിപക്ഷം ഹിന്ദുക്കളുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിലൊന്ന് ഇഖ്റ സൃഷ്ടിച്ചത്. ബി.ജെ.പിയുടെ ഹിന്ദു ഗുജ്ജർ നേതാവും സിറ്റിങ് എം.പിയുമായ പ്രദീപ് കുമാറിനെയാണ് ഈ യുവ നേതാവ് ഗോദയിൽ വീഴ്ത്തിയത്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന കൈരാനയിൽ ഇഖ്റ നടത്തിയ പ്രചാരണത്തിന്റെ അനുരണനങ്ങളാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തന്നെ ഗതി നിർണയിക്കുംവിധം യു.പിയിലെ ബി.ജെ.പിക്കെതിരായ കാറ്റിന് തുടക്കമിട്ടത്.
വിദേശ പഠനത്തിനായി ഇംഗ്ലണ്ടിൽ പോയി ഒരുമാസത്തെ അവധിക്ക് തിരികെ നാട്ടിലെത്തിയപ്പോൾ, ഉമ്മയെയും സഹോദരനെയും യു.പിയിലെ യോഗി സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ പോകുന്നതറിഞ്ഞ് പഠനം പാതിവഴിയിൽ നിർത്തി മുഴുസമയ രാഷ്ട്രീയത്തിലേക്ക് എടുത്തെറിയപ്പെട്ട വിദ്യാർഥിയാണ് ഇഖ്റ. ഒടുവിൽ തിരിച്ചുപോക്കും പിഎച്ച്.ഡിയും വേണ്ടെന്നുവെച്ച ഇഖ്റ എന്ന വിദ്യാർഥിയിൽനിന്നും ദേശീയശ്രദ്ധ പിടിച്ചുപറ്റിയ ഇഖ്റ ഹസൻ ചൗധരി എന്ന യുവ രാഷ്ട്രീയ നേതാവിലേക്കുള്ള തന്റെ പരിവർത്തനം പുതിയ പാർലമെന്റ് മന്ദിരത്തിന് അകത്തിരുന്ന് ‘മാധ്യമം’ വാർഷികപ്പതിപ്പിനായി പങ്കുവെക്കുകയാണിവിടെ.
ബി.ജെ.പി വർഗീയ ധ്രുവീകരണ രാഷ്ട്രീയം വിജയകരമായി പരീക്ഷിച്ച കൈരാനപോലൊരു ലോക്സഭാ മണ്ഡലത്തിൽനിന്ന് ഇഖ്റ ഹസനെ പോലെ ഒരു മുസ്ലിം ചെറുപ്പക്കാരിക്ക് ജയിക്കാനായത് എങ്ങനെയാണ്. ബി.ജെ.പി രാഷ്ട്രീയത്തിലെ ഒരു അതികായനെ പോലും മലർത്തിയടിക്കാൻ കഴിയുന്ന തരത്തിൽ ഒരു ബഹുസ്വര സമൂഹത്തിൽ ഇഖ്റ ആഴത്തിലുള്ള ബന്ധമുണ്ടാക്കിയതെങ്ങനെയാണ്?
പടിഞ്ഞാറൻ യു.പിയിലെ പഴയ മുസഫർനഗർ ജില്ലയിൽനിന്നാണ് ഞാൻ വരുന്നത്. എന്റെ മണ്ഡലമായ കൈരാന ഇപ്പോൾ ശാംലി ജില്ലയിലാണ്. 2013ലെ വർഗീയ കലാപം മേഖലയിലെ മുസ്ലിംകൾക്കും ഹിന്ദുക്കൾക്കുമിടയിൽ വലിയ ശത്രുതയുണ്ടാക്കി. തന്നിമിത്തം 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിലേറ്റുന്നതിൽ മുസഫർനഗർ കലാപം പ്രധാന പങ്കുവഹിച്ചു.
ഞാൻ ജീവിക്കുന്ന പ്രദേശത്തും ഹിന്ദുക്കളും മുസ്ലിംകളും അകന്നു. അവിടന്നിങ്ങോട്ട് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിലെ ശത്രുത പരിഹരിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞങ്ങൾ. 2014ഓടെ പടിഞ്ഞാറൻ യു.പിയുടെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വന്നു. രാഷ്ട്രീയത്തിന്റെ മതേതര സ്വഭാവം തകർക്കപ്പെട്ടു. ഹിന്ദു-മുസ്ലിം ഭിന്നിപ്പ് ഞങ്ങളുടെ പ്രദേശത്തെയും ബാധിച്ചു. ഈ തെരഞ്ഞെടുപ്പിൽ ആ അകലം ഇല്ലാതാക്കാനാണ് ഞങ്ങൾ നോക്കിയത്. ആ നിലക്ക് എന്റെ വിജയം ഇതിൽ വളരെ നിർണായകമായി. ഞാൻ പ്രതിനിധാനംചെയ്യുന്ന മണ്ഡലത്തിൽ കേവലം 30 ശതമാനം മാത്രമാണ് മുസ്ലിംകൾ.
എന്റെ മണ്ഡലത്തിൽ ബഹുഭൂരിഭാഗവും ജാട്ടുകളും ഗുജ്ജറുകളും ദലിതുകളും സൈനികളും അടങ്ങുന്ന ഇതര മതസമുദായക്കാരായിരുന്നു. അവരെല്ലാവരും ഇത്തവണ എനിക്ക് വോട്ടുചെയ്തു. സത്യത്തിൽ മുസ്ലിംകൾക്കും അമുസ്ലിംകൾക്കുമിടയിലെ അകലം ഇല്ലാതാക്കുന്നതിലായിരുന്നു എന്റെ പ്രഥമ പരിഗണന. വിജയം രണ്ടാമത്തെ നേട്ടമായിരുന്നു. അതിനാൽ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിലെ അകൽച്ച മാറ്റിയതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും മികച്ച നേട്ടമെന്ന് ഞാൻ കരുതുന്നു. അതാണ് ഞാൻ നെഞ്ചിലേറ്റുന്നതും. സമൂഹത്തിന്റെ മതേതര ചട്ടക്കൂട് നന്നേ ചുരുങ്ങിയത് എന്റെ മണ്ഡലത്തിലെങ്കിലും പുനർനിർമിക്കാനാണ് ഞാൻ നോക്കിയത്.
ഹിന്ദു-മുസ്ലിം അകൽച്ച മാറ്റുന്നതിനായിരുന്നു തെരഞ്ഞെടുപ്പിലെ മുൻഗണനയെന്ന് പറഞ്ഞു. അതിനായി ആവിഷ്കരിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ എന്തൊക്കെയായിരുന്നു?
മുസ്ലിംകൾക്ക് മാത്രമായി ഏകപക്ഷീയമായ ഒരു കാമ്പയിൻ ഞാൻ നയിച്ചില്ല. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള കാമ്പയിനായിരുന്നു എന്റേത്. മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയിൽ ഒരു സമുദായത്തെ മാത്രം പ്രതിനിധാനംചെയ്യുകയല്ല എന്റെ ഉത്തരവാദിത്തം. മറിച്ച് ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്റെ മണ്ഡലത്തിൽ ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും ശബ്ദമാകണം. അതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്. എല്ലാ സമുദായങ്ങളുടെയും വോട്ട് നേടിയ മതേതര രാഷ്ട്രീയക്കാരനായിരുന്നു പിതാവ് മുനവർ ഹസൻ. മതവിഷയങ്ങളിലേക്ക് ചർച്ച കൊണ്ടുപോകുന്നതിനോട് ഞാൻ യോജിക്കുന്നില്ല.
മതരാഷ്ട്രീയം സമൂഹത്തെ നശിപ്പിക്കുകയേയുള്ളൂ. എല്ലാ വ്യക്തികളെയും ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതും സമുദായം തിരിച്ചല്ല. പ്രാദേശിക വിഷയങ്ങൾ സമുദായഭേദമന്യേ എല്ലാവരെയും ബാധിക്കുന്നതാണ്. അത് ചർച്ചചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. മണ്ഡലത്തിലെ ജനങ്ങളിൽ അനുരണനങ്ങളുണ്ടാക്കിയതും അതാണ്. അതുകൊണ്ടാണ് അവരെനിക്ക് വോട്ടു ചെയ്തത്. അതേവഴി കാത്തുസൂക്ഷിക്കുകയാണ് ഇനി എന്റെ മേലുള്ള ഉത്തരവാദിത്തം. എം.പി എന്ന നിലയിൽ എന്റെ കാലയളവ് ഓർക്കപ്പെടുന്ന തരത്തിൽ മണ്ഡലത്തിന് വേണ്ടി വല്ലതും ചെയ്യണം.
ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങൾ ഉന്നയിക്കുകയാണ് ഹിന്ദു-മുസ്ലിം ഭിന്നത കുറക്കാനുള്ള ഉപായമെന്നാണ് താങ്കൾ ഇപ്പോഴും ചിന്തിക്കുന്നത്. എന്നാലും ബി.ജെ.പി ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്. ഏറ്റവുമൊടുവിൽ വന്ന വഖഫ് ബില്ലും അതിനുദാഹരണമാണ്. ബി.ജെ.പിയുടെ ഈ ധ്രുവീകരണ രാഷ്ട്രീയത്തെ ഇനിയും ഈ രീതിയിൽ മറികടക്കാനാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
ഈ രീതിയിൽ ബി.ജെ.പിയെ മറികടക്കാനാകുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ അതിജയിക്കാൻ കഴിയുമെന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകിയത്. പ്രാദേശിക വികസന പ്രശ്നങ്ങളാണ് എല്ലാവരെയും ഒന്നിപ്പിക്കുന്നത്. ജനകീയ പ്രശ്നങ്ങളിൽ എല്ലാവരെയും ഒരു മേശക്ക് ചുറ്റുമിരുത്താൻ കഴിഞ്ഞാൽപിന്നെ മതരാഷ്ട്രീയത്തിന് പ്രസക്തിയില്ലാതാകും. ഈ തെരഞ്ഞെടുപ്പിൽ അതാണ് ഞങ്ങൾ ചെയ്തതും. അതിലൂടെ യു.പിയിൽതന്നെ നിരവധി സീറ്റുകളിൽ ഞങ്ങൾ ജയിച്ചു. ഈ മാതൃക പിന്തുടരുകയാണെങ്കിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം മറികടക്കാൻ നമുക്കാകും. കർഷകസമരം അത്തരത്തിലൊരു പ്രസ്ഥാനമായിരുന്നു.
ഹിന്ദുക്കളെയും മുസ്ലിംകളെയും ഒരുമിച്ചുകൊണ്ടുവരുന്നതിൽ വലിയ പങ്ക് കർഷക സമരം വഹിച്ചു. മോദിസർക്കാർ കൊണ്ടുവന്ന മൂന്ന് കരിനിയമങ്ങൾക്കെതിരായ ആ സമരം ഒരുവർഷം നീണ്ടുനിന്നു. ഞാൻ ഒരു കാർഷിക കുടുംബ പശ്ചാത്തലത്തിൽനിന്ന് വരുന്നയാളാണ്. കരിമ്പാണ് ഞങ്ങളുടെ മേഖലയിലെ പ്രധാന കൃഷി. മുസ്ലിംകളും ജാട്ടുകളും ഗുജ്ജറുകളും രാജ്പുത്തുകളുമടക്കം എല്ലാ സമുദായക്കാരായ കർഷകരും ആ സമരത്തിലുണ്ടായിരുന്നു. പടിഞ്ഞാറൻ യു.പിയിലെ എന്റെ മേഖലയിലെ ജനങ്ങളെ ഒന്നിപ്പിച്ച ഒരു വിഷയമാണ് കർഷക സമരം. വിവിധ സമുദായങ്ങൾക്കിടയിലെ ഭിന്നിപ്പ് ഇല്ലാതാക്കിയതിന്റെ ക്രെഡിറ്റ് കർഷകരുടെ യോജിച്ചുള്ള ആ ചെറുത്തുനിൽപിന് നാം നൽകണം. അതുകൊണ്ടാണ് കർഷകർക്കുവേണ്ടി എപ്പോഴും ഞാൻ എഴുന്നേറ്റുനിൽക്കുന്നത്.
കർഷകസമരം, മുസഫർനഗർ കലാപം ഹിന്ദു-മുസ്ലിം വിഭാഗങ്ങൾക്കിടയിലുണ്ടാക്കിയ മുറിവുണക്കിയെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?
അതെ. തീർച്ചയായും അവർ ഇരു സമുദായങ്ങളെയും ഒരുമിപ്പിച്ചു. 2013ലെ മുസഫർനഗർ കലാപം നേരിട്ട് അനുഭവിച്ചവരാണ് ഞങ്ങൾ. നമ്മളൊരുമിച്ചുനിന്ന് ഒരേ നിലപാട് എടുത്താലേ സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ കഴിയൂ എന്ന് കർഷകർക്ക് സ്വയം ബോധ്യപ്പെട്ടു. സമരത്തിനുമുന്നിൽ മുട്ടുകുത്തിയ സർക്കാറിന് മൂന്ന് കരിനിയമങ്ങൾ പിൻവലിക്കേണ്ടിവന്നു. ഐക്യമാണ് ഇന്നത്തെ ആവശ്യം. കർഷകസമരം ആ അർഥത്തിൽ എല്ലാ ജനങ്ങളെയും ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്നു. അത് വളരെ പ്രധാനമാണ്.
ഇഖ്റ ഹസൻ ചൗധരി മുസ്ലിം ഗുജ്ജർ സമുദായത്തിൽനിന്നുള്ളയാളാണ്. പടിഞ്ഞാറൻ യു.പിയിൽ ഹിന്ദു ഗുജ്ജർ വിഭാഗങ്ങളുമുണ്ട്. ഹിന്ദു-മുസ്ലിം ഗുജ്ജറുകൾക്കും ഹിന്ദു-മുസ്ലിം ജാട്ടുകൾക്കുമിടയിൽ രൂപപ്പെട്ട ഭിന്നിപ്പിന് ശമനമുണ്ടോ? സമാനരീതിയിൽ ഹിന്ദുക്കളിലും മുസ്ലിംകളിലും, ഒരു പോലുള്ള മറ്റു ജാതികളിലും ഇരുസമുദായങ്ങൾ തമ്മിൽ ഏകോപനമുണ്ടോ?
ഉത്തരേന്ത്യയിൽ പൊതുവിലും പടിഞ്ഞാറൻ ഉത്തർപ്രദേശിൽ വിശേഷിച്ചും ഒരേ ജാതി സമുദായക്കാർ ഹിന്ദുക്കളും മുസ്ലിംകളുമായി ജീവിക്കുന്ന നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. അവരെ ഒരുമിച്ചുനിർത്താനുള്ള ശ്രമം ഞങ്ങൾ നടത്തി. രണ്ട് വ്യത്യസ്ത സമുദായങ്ങളെ ഒന്നിപ്പിക്കണമെങ്കിൽ ഇരുകൂട്ടർക്കുമുള്ള പൊതുവായ വിഷയങ്ങൾ ഉയർത്തിക്കാണിക്കണം.
പ്രശ്നാധിഷ്ഠിത രാഷ്ട്രീയമാണ് ഈ കാലഘട്ടത്തിന്റെ തേട്ടം. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തെ എതിരിടാനുള്ള ഒരേഒരു തന്ത്രം അത് മാത്രമാണ്. അതാണ് ഞാനും ചെയ്യാൻ ശ്രമിച്ചത്. കൈരാന ലോക്സഭാ മണ്ഡലത്തിൽ ഞാൻ നടത്തിയ എന്റെ പൊതു പ്രഭാഷണങ്ങളിലൊന്നും മതപരമായ വിഷയങ്ങൾ ഉന്നയിച്ചില്ല. എന്റെ മണ്ഡലത്തിന്റെയും അവിടത്തെ ജനങ്ങളുടെയും പ്രശ്നങ്ങൾ മാത്രമായിരുന്നു എന്റെ തെരഞ്ഞെടുപ്പ് അജണ്ട. കൈരാനയിൽനിന്നുള്ള എന്റെ ഈ സ്വന്തം അനുഭവത്തിൽനിന്ന് കൂടിയാണ് പ്രശ്നാധിഷ്ഠിത രാഷ്ട്രീയം കൊണ്ടുമാത്രമേ ബി.ജെ.പിയെ നേരിടാനാകൂ എന്ന് ഞാൻ പറയുന്നത്. അതാണ് ഇന്ത്യൻ രാഷ്ട്രീയത്തിന് പ്രധാനവും.
ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിൽനിന്ന് ലണ്ടനിൽ പോയി പഠിച്ച് തിരികെ ഇന്ത്യയിൽ വന്ന് കർഷകർക്ക് മേധാവിത്വമുള്ള ഒരു മേഖലയിൽ മണ്ണിലിറങ്ങി പണിയെടുത്ത് ജനകീയ നേതാവായി മാറിയിരിക്കുകയാണ് ഇഖ്റ. പടിഞ്ഞാറൻ രാജ്യത്തെ ജീവിതത്തിൽനിന്ന് നേടിയ പാഠങ്ങൾ എന്തൊക്കെയാണ്? ഇന്ത്യയുടെയും പടിഞ്ഞാറിന്റെയും ജനാധിപത്യത്തെ താരതമ്യം ചെയ്തിട്ടുണ്ടോ?
ഡൽഹി ലേഡി ശ്രീറാം കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദമെടുത്ത് ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദം നേടിയായിരുന്നു അന്താരാഷ്ട്ര നിയമത്തിലും രാഷ്ട്രീയത്തിലും ഉന്നതപഠനത്തിന് ലണ്ടനിലെ സോഹാസ് യൂനിവേഴ്സിറ്റിയിലേക്ക് പോയത്. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും അതിനായി ശബ്ദമുയർത്താനും ഇംഗ്ലണ്ട് പോലൊരു രാജ്യത്ത് കൂടുതൽ സ്വാതന്ത്ര്യമുണ്ട്. ജനങ്ങൾക്ക് അത്തരമൊരു ഇടം നൽകുന്നുണ്ട്. ഭരണകൂടം ജനങ്ങളെ കേൾക്കുന്നുമുണ്ട്. ഇവിടത്തെ സർക്കാർ അതിന് കടിഞ്ഞാണിടുകയാണ്. അതിലേറ്റവും പ്രധാനമായി തോന്നിയത് സമരവേദികളിലെ പൊലീസിന്റെ ബാഹുല്യമാണ്. ഇന്ത്യയിൽ നിങ്ങൾ ഒരു സമരത്തിനിറങ്ങുകയാണെങ്കിൽ ലാത്തിയുമായി പൊലീസ് നേരിടും.
ഇത് തെറ്റാണെന്നാണ് ഞാൻ കരുതുന്നത്. ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന നിലയിൽ നമ്മുടെ അഭിപ്രായം ഉച്ചത്തിൽ പറയാനുള്ള ഇടം നമുക്ക് കിട്ടണം. അത് പ്രക്ഷോഭത്തിന്റെ രൂപത്തിലോ മറ്റേതെങ്കിലും രൂപത്തിലോ ആകാം. നമുക്ക് അതിനുള്ള അവകാശമുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളിൽ അത്രയും പരുക്കൻ പ്രതികരണങ്ങളുമായി സർക്കാർ സമരക്കാരെ നേരിടില്ല. പ്രക്ഷോഭത്തിനിറങ്ങിയ ജനങ്ങളെ അവർ കേൾക്കും. ഇതാണ് പടിഞ്ഞാറും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം. നമ്മുടേത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണ് എന്ന് നാം പറയുന്നുണ്ട്. ആ അർഥത്തിൽ ജനാധിപത്യ സമൂഹത്തിന്റെ മൂല്യങ്ങൾ നാമുയർത്തിപ്പിടിക്കണം.
മോദി സർക്കാറിന്റെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദേശ രാജ്യത്ത് നടന്ന സമരത്തിൽ ഇഖ്റ പങ്കാളിയായിരുന്നു. സി.എ.എയെ കുറിച്ചുള്ള പഴയ നിലപാടിൽ തന്നെയാണോ?
ഞാനൊരു വിദ്യാർഥിയായിരിക്കെയാണ് മതാടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്ന പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയത്. ആ സമയത്ത് ഞാൻ ലണ്ടനിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷന് മുന്നിൽ ഞാനടക്കമുള്ള വിദ്യാർഥികൾ സി.എ.എ വിരുദ്ധ സമരവുമായി അണിനിരന്നു. ഇന്ത്യയിലും ധാരാളം വിദ്യാർഥികൾ സമരരംഗത്തിറങ്ങി. ഈ നിയമത്തിന്റെ പ്രകൃതവും പ്രത്യേക സമുദായത്തോട് അഥവാ മുസ്ലിംകളോട് ഈ നിയമം കാണിക്കുന്ന വിവേചനവും മനസ്സിലാക്കിയാണ് വിദ്യാർഥിയായിരിക്കെ താൻ സി.എ.എ വിരുദ്ധ സമരത്തിനിറങ്ങുന്നത്.
പൗരത്വ ഭേദഗതി നിയമം ഒറ്റക്ക് എടുത്താൽ പ്രശ്നമായി നമുക്ക് തോന്നുകയില്ല. എന്നാൽ, ദേശീയ പൗരത്വ പട്ടിക (നാഷനൽ രജിസ്റ്റർ ഓഫ് സിറ്റിസൻസ് -എൻ.ആർ.സി)യുമായി ചേർത്തുവെക്കുമ്പോൾ ഈ നിയമത്തിന്റെ പ്രശ്നം നമുക്ക് മനസ്സിലാകും. അത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് എതിരാണ്. അതുകൊണ്ടാണ് താനടക്കമുള്ള വിദ്യാർഥികൾ ഇതിനെ എതിർത്തത്. ഇത് ന്യൂനപക്ഷങ്ങൾക്കെതിരാണ്. ഈ സമരത്തിനിറങ്ങിയ മുസ്ലിംകളല്ലാത്ത മതേതര മനസ്സ് വെച്ചുപുലർത്തുന്ന മറ്റു സമുദായങ്ങളോട് നന്ദി പറയാതിരിക്കാനാവില്ല. രാജ്യത്തിലും രാജ്യത്തിന്റെ ഭരണഘടനയിലും വിശ്വസിക്കുന്നവരാണ് അവർ. അവരെല്ലാവരും സി.എ.എ വിരുദ്ധ സമരത്തെ പിന്തുണച്ചതുകൊണ്ടാണ് സർക്കാറിന് ഒരടി പിന്നോട്ട് വെക്കേണ്ടിവന്നത്. ഭാവിയിലും സി.എ.എയുടെ തുടർച്ചയെന്നോണം എൻ.ആർ.സിയുമായി വരുകയാണെങ്കിൽ തീർച്ചയായും താനടക്കമുള്ളവർ സമരരംഗത്തുണ്ടാകും.
ലണ്ടനിലെ പഠനം പൂർത്തിയാക്കി വന്ന ഇഖ്റ അക്കാദമിക തലത്തിലേക്കോ ഗവേഷണ മേഖലകളിലേക്കോ തിരിയാതെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിത്തട്ടിലേക്കിറങ്ങിയത് എങ്ങനെയാണ്?
ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഞാൻ എന്റെ രാജ്യത്ത് തന്നെയായിരുന്നു. ഇവിടത്തെ ജനങ്ങളുടെ വിഷയങ്ങളായിരുന്നു എന്റെയും താൽപര്യ വിഷയങ്ങൾ. പ്രദേശത്തെ ജാതിസമവാക്യങ്ങളിൽ വരുന്ന മാറ്റങ്ങളെപോലും ഞാൻ സൂക്ഷ്മമായി പിന്തുടരുന്നുണ്ടായിരുന്നു. രാഷ്ട്രീയ കുടുംബമായതിനാൽ ഈ വിഷയങ്ങളിൽനിന്നും ഏറെ അകന്നുനിൽക്കുന്ന സ്വഭാവക്കാരിയായിരുന്നില്ല. കുടുംബത്തിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. 2014 മുതൽ ആഴ്ചകളും മാസങ്ങളും നീണ്ട ഗൃഹസമ്പർക്ക പരിപാടികൾക്ക് ഞാനിറങ്ങുമായിരുന്നു. ആ നിലക്ക് സ്വന്തം മണ്ണുമായി സമ്പർക്കത്തിലായിരുന്നു.
എങ്കിലും പ്രകൃതംകൊണ്ട് ഒരു നാണംകുണുങ്ങിയായിരുന്നു ഞാൻ. ഒരു നേതാവിന്റെ പ്രതിച്ഛായയിലേക്ക് ഉയരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഇപ്പോഴും എന്നിൽ ആ നാണം കുണുങ്ങിയുണ്ട്. ഞാൻ പ്രസംഗിക്കുന്ന ശൈലിയും സാധാരണ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗരീതിയിലല്ല. അത് വളരെ ലളിതമാണ്. ജനങ്ങൾക്ക് മനസ്സിലാകണമെന്ന നിലക്കുള്ള വർത്തമാനമാണത്.
യുക്തിയും വസ്തുതയുമാണ് എന്റെ സംസാരത്തിൽ പ്രധാനമാകണമെന്ന് എനിക്ക് തോന്നുന്നത്. തട്ടുതകർപ്പൻ പ്രസംഗങ്ങൾ നടത്താൻ എനിക്ക് കഴിയില്ല. വൈകാരിക വിക്ഷോഭങ്ങളുണ്ടാക്കാനുമാവില്ല. യുക്തിസഹമായതും എന്റെ ഹൃദയത്തെ സ്പർശിച്ചതുമായ പ്രസംഗങ്ങളേ എനിക്ക് നടത്താനാകൂ. അതാണ് ജനങ്ങളിൽ അനുരണനങ്ങൾ ഉണ്ടാക്കിയതെന്ന് ഞാൻ കരുതുന്നു. നാടകീയമായ പ്രസംഗം എങ്ങനെ നടത്തുമെന്നായിരുന്നു മുഴുസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ എന്റെ ശങ്ക.
എപ്പോഴാണ് ലണ്ടനിൽനിന്ന് തിരിച്ചുവന്ന് മുഴുസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്? ഇത്തരമൊരു മാറ്റത്തിലേക്ക് സ്വന്തത്തെ പരിവർത്തിപ്പിച്ചതെങ്ങനെയാണ്?
ഒരു മാറ്റത്തിന് സാഹചര്യങ്ങൾ എന്നെ നിർബന്ധിച്ചു എന്ന് പറയുന്നതാകും ശരി. സ്വന്തം സാഹചര്യങ്ങൾ എന്നെ രാഷ്ട്രീയം പഠിപ്പിച്ചില്ലായിരുന്നുവെങ്കിൽ ഇത്രയും ചെറുപ്പത്തിൽ ഒരു മുഴുസമയ രാഷ്ട്രീയ ജീവിതത്തിലേക്ക് ഞാനെത്തിപ്പെടില്ലായിരുന്നു. 2021ൽ ലണ്ടനിൽനിന്ന് ഒരു മാസത്തെ അവധിക്ക് വന്നതായിരുന്നു ഞാൻ. ഒരു മാസം കഴിഞ്ഞ് തിരികെ പോയി ലണ്ടനിൽ പിഎച്ച്.ഡി ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു വരവ്. മാസ്റ്റേഴ്സ് പൂർത്തിയാക്കി പുതിയ കോഴ്സിലും ചേർന്നിരുന്നു. അത് തുടങ്ങുന്നതിനുമുമ്പ് ഒരു മാസത്തെ അവധിക്കാലം കൈരാനയിൽ കഴിച്ചുകൂട്ടാമെന്ന് കരുതി.
ഈ സമയത്താണ് ബി.ജെ.പി രാഷ്ട്രീയ എതിരാളികളായ ഉമ്മ തബസ്സും ഹസനെയും സഹോദരൻ നാഹിദ് ഹസനെയും കള്ളക്കേസിൽ കുടുക്കുന്നത്. രണ്ടുതവണ കൈരാന മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധാനംചെയ്ത നേതാവാണ് തബസ്സും ഹസൻ. സഹോദരൻ നാഹിദ് ഹസൻ കൈരാനയിലെ സിറ്റിങ് എം.എൽ.എയാണ്. പിതാവ് മുനവർ ഹസൻ എനിക്ക് 12 വയസ്സുള്ളപ്പോൾ മരിച്ചുപോയതാണ്. മുനവർ ഹസന്റെ പാതയിലൂടെയാണ് ഉമ്മ തബസ്സും യു.പി രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ശരിക്കും പിതാവ് കൈരാനക്കുവേണ്ടി നടത്തിയ അധ്വാന പരിശ്രമങ്ങളുടെ ഗുണഫലംകൂടിയാണ് എനിക്ക് ലഭിക്കുന്നത്. ഉമ്മയെയും സഹോദരനെയും ബി.ജെ.പി സർക്കാർ കേസിൽ കുടുക്കിയതോടെ അവർ വീട്ടിൽനിന്ന് മാറി.
അതോടെ വീട്ടിൽ ഞാൻ മാത്രമായി. അതോടെ ലണ്ടനിലേക്കുള്ള തിരിച്ചുപോക്കും പിഎച്ച്.ഡി സ്വപ്നവുമെല്ലാം ഇതുമൂലം 2021ൽ പാതിവഴിയിൽ ഉപേക്ഷിച്ചു. 2022ലായിരുന്നു ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിന് കൃത്യം ഒരു മാസം മുമ്പ് സഹോദരനെ അറസ്റ്റ്ചെയ്തു. ജയിലിൽനിന്നാണ് നാഹിദ് ഹസൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. മണ്ഡലത്തിലെ സാഹചര്യങ്ങൾ അനുകൂലമാണെന്ന് കണ്ടതോടെയാണ് നാഹിദിനെ ജയിലിലടക്കുന്നത്. ആദ്യമായി ഒരു തെരഞ്ഞെടുപ്പ് കാമ്പയിൻ നയിക്കേണ്ടിവന്നത് അന്നാണ്. ശരിക്കും ഒരു തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ ഞാൻ നിർബന്ധിതമാകുകയായിരുന്നു.
സഹോദരൻ ജയിലിലിരിക്കേ പുറത്ത് കൈരാന നിയമസഭ മണ്ഡലത്തിലിറങ്ങി ഞാൻ കാമ്പയിൻ നയിച്ചു. പൂർണ സജ്ജയായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അന്നാണ്. കാമ്പയിൻ നയിച്ച എനിക്ക് പ്രസംഗങ്ങൾ നടത്തേണ്ടിവന്നു. പരമ്പരാഗതമായുള്ള രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങൾ താനെങ്ങനെ നടത്തുമെന്നായിരുന്നു എന്റെ ശങ്ക. എനിക്കതിന് കഴിയുമായിരുന്നില്ല. ഒടുവിൽ ഒരുപായം ഞാൻ കണ്ടെത്തി. ആദ്യം പ്രസംഗിക്കേണ്ട വിഷയങ്ങൾ കടലാസിലേക്ക് പകർത്തി.
അവ എന്റെ സ്വന്തം ഭാഷയിലും ശൈലിയിലും ജനങ്ങളുമായി പങ്കുവെച്ചു. വളരെ അടിസ്ഥാനപരവും ലളിതവുമായ സംസാരങ്ങളാണ് എന്റേത്. എനിക്ക് തോന്നുന്നതെന്തോ അത് ഹൃദയങ്ങളുമായി പങ്കുവെച്ചു. ആ സംസാരം ജനങ്ങൾക്കിടയിൽ അനുരണനങ്ങൾ ഉണ്ടാക്കി. ദൈവാനുഗ്രഹത്താൽ യോഗി ജയിലിലടച്ച സഹോദരൻ നാഹിദ് 2022ൽ കൈരാനയിൽനിന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചു. ആ വിജയം എന്നിലുണ്ടാക്കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. ധാരാളം അനുഭവങ്ങളും ആ തെരഞ്ഞെടുപ്പ് തന്നു.
എപ്പോഴാണ് സമാജ് വാദി പാർട്ടി ലോക്സഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെടുന്നത്? ജയിലിലടക്കപ്പെട്ട സഹോദരന് നേടിക്കൊടുത്ത വിജയമാണോ ലോക്സഭയിലേക്ക് സഹോദരിക്ക് ടിക്കറ്റ് നൽകാൻ അഖിലേഷ് യാദവിനെ പ്രേരിപ്പിച്ചത്?
യു.പിയിൽനിന്ന് ജയിച്ചുവന്ന മറ്റു യുവ എം.പിമാരെ അപേക്ഷിച്ച് 2021 മുതൽ മുഴുസമയ രാഷ്ട്രീയവുമായി ഞാൻ കൈരാനയിലുണ്ട്. ജനങ്ങളെ നേരിൽക്കണ്ട് അവരുടെ വിഷയങ്ങളിൽ ഇടെപടുന്നുണ്ട്. ഒരു സുപ്രഭാതത്തിൽ ടിക്കറ്റ് കിട്ടി ജയിച്ച് അത്ഭുതം സൃഷ്ടിച്ചതല്ല. കൈരാന നിയമസഭ മണ്ഡലത്തിൽനിന്ന് ജയിലിലിരിക്കേ ജയിച്ച് ഒരു വർഷം കഴിഞ്ഞാണ് സഹോദരൻ മോചിതനാകുന്നത്. അത്രയും സമയം ഒരു എം.എൽ.എ എന്ന നിലക്കുള്ള നാഹിദിന്റെ എല്ലാ ജോലികളും ഒരു പ്രോക്സിയായി ഞാൻ ചെയ്തു.
ജനങ്ങളുമായും അവരുടെ പ്രശ്നങ്ങളുമായും എനിക്കിടപെടേണ്ടിവന്നു. സഹോദരനെ ജയിലിലടച്ചപ്പോൾ നിയമം പഠിച്ചത് ഏറെ സഹായകമായി. കീഴ് കോടതിയിലും ഹൈകോടതിയിലും സുപ്രീംകോടതിയിലുമുള്ള കേസുകളെല്ലാം ഞാൻ നോക്കിനടത്തി അവനെ കഴിവതും വേഗം പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു അത്. സഹോദരന്റെ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളും ഒരുമിച്ച് നോക്കേണ്ടിവന്നു. ആ സമയത്താണ് സമാജ്വാദി പാർട്ടി എന്നോട് കൈരാന ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ആവശ്യപ്പെടുന്നത്.
കൈരാന ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള നിർദേശം അഖിലേഷ് മുന്നോട്ടുവെച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ അത് സ്വീകരിച്ചോ?
ബി.ജെ.പിയുമായി എല്ലാ നിലക്കും ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന തനിക്ക് എന്തുകൊണ്ട് അവരുമായി തുറന്ന ഒരു പോരാട്ടം നടത്തിക്കൂടാ എന്ന് കൈരാന ലോക്സഭാ മണ്ഡലം അഖിലേഷ് വെച്ചുനീട്ടിയപ്പോൾ ഞാൻ ആലോചിച്ചു. ഞാൻ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് വരാനിടയാക്കിയ സാഹചര്യമിതാണ്. പിതാവ് മുനവർ ഹസനും പിതാമഹൻ അക്തർ ഹസനും ലോക്സഭയിൽ പ്രതിനിധാനംചെയ്ത മണ്ഡലമാണ് കൈരാന. തുറന്നടിക്കുന്ന പ്രകൃതക്കാരനായ രാഷ്ട്രീയ നേതാവായിരുന്നു പിതാവ് മുനവർ ഹസൻ. ഒരിക്കൽ കർഷകരുടെ വിഷയമുന്നയിക്കാൻ കരിമ്പുമായി മുനവർ ഹസൻ പാർലമെന്റിലെത്തിയത് എന്റെ മനസ്സിലുണ്ട്.
കർഷകരുടെ വിഷയമുന്നയിക്കാൻ കരിമ്പും ചുമലിലേറ്റി വന്ന മുനവർ ഹസനെ കൈരാനക്കാർക്ക് മറക്കാനാവില്ല. തോളിൽ കരിമ്പേന്തി മുനവർ ഹസൻ അന്ന് നേരെ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. മരിച്ച് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും കൈരാനയുടെ മനസ്സിൽ അദ്ദേഹമുണ്ട്. അവർക്ക് അദ്ദേഹം നൽകിയത് എന്താണോ അതാണ് ഞങ്ങൾക്കുള്ള സ്നേഹവും അംഗീകാരവുമായി കൈരാനക്കാർ തിരിച്ചുനൽകുന്നത്.
അദ്ദേഹം ഉഴുതുമറിച്ചിട്ട ഭൂമിയിലാണ് എന്റെ രാഷ്ട്രീയം. അദ്ദേഹം ജനങ്ങളിലിറങ്ങി പണിയെടുത്തതിന്റെ ഫലംകൂടിയാണ് ഒരു പതിറ്റാണ്ടിനുശേഷം അദ്ദേഹത്തിന് പകരം കൈരാനയെ പാർലമെന്റിൽ പ്രതിനിധാനംചെയ്യാനുള്ള അവസരം എനിക്ക് നൽകിയത്. മണ്ഡലത്തിൽ രാഷ്ട്രീയ പ്രവർത്തനവുമായി ഇറങ്ങുമ്പോൾ പിതാവിനോട് ചേർന്ന് നടക്കുകയാണെന്ന് എനിക്ക് തോന്നിപ്പോകും.
ബി.ജെ.പി ഇപ്പോഴും തുടരുന്ന മന്ദിർ - മസ്ജിദ് രാഷ്ട്രീയത്തിനിടയിൽ സമാജ് വാദി പാർട്ടി ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് സാധ്യതകളുണ്ടോ?
ലോഹ്യയിലൂടെ സോഷ്യലിസ്റ്റ് രാഷ്ട്രീയം നന്നായി പഠിച്ച ഉത്തർപ്രദേശിൽ ആ സങ്കൽപം ബി.ജെ.പിക്ക് ഉൾക്കൊള്ളാനാവില്ല. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ബി.ജെ.പി കൊണ്ടുവന്ന മാറ്റങ്ങൾ നാം കാണണം. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്കരിച്ചുകൊണ്ടിരിക്കുന്നു. സർക്കാർ സ്ഥാപനങ്ങളും സംരംഭങ്ങളും സ്വകാര്യ മുതലാളിമാർക്ക് വിറ്റുകൊണ്ടിരിക്കുന്നു. സോഷ്യലിസ്റ്റ് സങ്കൽപങ്ങൾ രാജ്യത്തുനിന്ന് ഇല്ലാതാക്കുന്ന കർമപരിപാടികളിലാണ് ബി.ജെ.പി. ഇപ്പോഴും രാജ്യത്തെ 60-70 ജനങ്ങളും കർഷക മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്.
സോഷ്യലിസ്റ്റ് സങ്കൽപമുണ്ടായിരുന്ന ഒരു രാജ്യത്തെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോവുകയാണ് ബി.ജെ.പി. രാജ്യത്ത് പാവപ്പെട്ടവനും സമ്പന്നനും തമ്മിലുള്ള വിടവ് ഏറിവരുകയാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം സ്ഥിരമായി വർധനയിലാണ്. ഇത്രയധികം ദരിദ്രരും ഗ്രാമീണ കർഷകരുമുള്ള ഒരു രാജ്യത്ത് സോഷ്യലിസത്തിന്റെ പ്രസക്തി ഇല്ലാതാകില്ല.
ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ മണ്ണ് ചോർന്നുപോയെന്നും ഒരു തിരിച്ചുവരവിന് സാധ്യമല്ലാത്തവിധം അവരുടെ സംഘടനാ സംവിധാനം ദുർബലമായെന്നും തോന്നുന്നുണ്ടോ?
തീർച്ചയായും അങ്ങനെ സംഭവിച്ചുവെന്നാണ് ഞാൻ കരുതുന്നത്. 400 കടക്കുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ബി.ജെ.പി അങ്ങനെ പറഞ്ഞിരുന്നത്. അത്തരമൊരു പ്രതീക്ഷയിൽനിന്ന് സ്വന്തം നിലക്ക് ഭൂരിപക്ഷമുണ്ടാക്കാൻപോലും കഴിയാത്ത വിധത്തിൽ അവരുടെ ജനപിന്തുണ ഇടിഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയ അന്തരീക്ഷം മാറിയിരിക്കുന്നു. അതിൽനിന്ന് കുറെക്കൂടി മെച്ചമുണ്ടാക്കാൻ മനസ്സുവെച്ചാൽ കഴിയും. മാറിയ അന്തരീക്ഷത്തെ കുറെക്കൂടി ഫലപ്രദമായി വിനിയോഗിക്കാനായാൽ മാറ്റം 360 ഡിഗ്രിയിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന് വേണ്ടുവോളം ഊർജം നൽകിയിട്ടുണ്ട്.
ബി.ജെ.പിക്കുമേൽ പ്രതിപക്ഷത്തിന് ജയിക്കാനാവില്ലെന്ന ജനങ്ങളുടെ തോന്നൽ ഈ ഫലം മാറ്റി. എല്ലാവരും ഒരുമിച്ചുനിന്നാൽ ബി.ജെ.പിയെ അധികാരത്തിൽനിന്നും പുറന്തള്ളാമെന്ന് തെരഞ്ഞെടുപ്പ് പഠിപ്പിച്ചു. അത്തരമൊരു മാറ്റമാണ് നമുക്കാവശ്യം. അതിനുള്ള പ്രതീക്ഷയാണ് നമ്മിലുണ്ടാകേണ്ടത്. ബി.ജെ.പിയെ അധികാരത്തിൽനിന്നിറക്കാൻ ഒരു ചുവട് നാം മുന്നോട്ടുവെച്ചിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പോടെ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറന്തള്ളും.
ഉത്തർപ്രദേശിൽ രാഷ്ട്രീയ അന്തരീക്ഷം മാറിയെന്ന് താങ്കൾ പറഞ്ഞു. അടുത്ത യു.പി നിയമസഭ തെരഞ്ഞെടുപ്പ് വരെ ഇത്തരമൊരു അന്തരീക്ഷം നിലനിർത്താനാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
യു.പിയിൽ ബി.ജെ.പിയെ ഭരണത്തിൽനിന്നിറക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് കാരണവുമുണ്ട്. എന്റെ പാർട്ടിപോലും പൂർണസജ്ജമായിട്ടല്ല ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലോക്സഭയിൽ 20-25 സീറ്റുകളേ യു.പിയിൽ ലഭിക്കൂ എന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്. എന്നാൽ, 37 സീറ്റുകൾ എസ്.പിക്ക് ലഭിച്ചു. ഈ ഊർജമാണ് സമാജ്വാദി പാർട്ടിയെയും അതിന്റെ പ്രവർത്തകരെയും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നയിക്കുന്നത്. അവർക്കാവശ്യമുള്ള ഊർജം ലോക്സഭാ തെരഞ്ഞെടുപ്പ് നൽകിക്കഴിഞ്ഞു. 2027ൽ ഉത്തർപ്രദേശിൽ ബി.ജെ.പി സർക്കാറിനെ താഴെയിറക്കുമെന്ന് എന്റെ ഹൃദയത്തിൽനിന്നാണ് ഞാൻ പറയുന്നത്.
മറ്റു എസ്.പി നേതാക്കളെ പോലെ ഇഖ്റയും ജയം പ്രതീക്ഷിച്ചത് 25 സീറ്റുകളിലായിരുന്നോ?
അതെ. എന്റെയും കണക്കുകൂട്ടൽ അങ്ങനെയായിരുന്നു. ഫലം വന്നപ്പോൾ സന്തോഷം മാത്രമല്ല, അത്ഭുതവും തോന്നി. ജനങ്ങളുടെ മൂഡ് എന്താണെന്ന് ഫലം പുറത്തുവന്നപ്പോഴാണ് ശരിക്കുമറിഞ്ഞത്.
യു.പിയിൽ അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും ചേർന്നുണ്ടാക്കിയ സഖ്യം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതായിരുന്നു. എന്നിട്ടുമെങ്ങനെയാണ് ഇത്തവണ ആ സഖ്യം വിജയം കണ്ടത്? ലോക്സഭാ തെരഞ്ഞെടുപ്പോടെ അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും തമ്മിൽ രൂപപ്പെടുത്തിയ രസതന്ത്രം അടുത്ത തെരഞ്ഞെടുപ്പുവരെ നീണ്ടുനിൽക്കുമോ?
അഖിലേഷും രാഹുലും തമ്മിൽ രൂപപ്പെട്ട ഈ രസതന്ത്രം പാർലമെന്റിലും പ്രതിപക്ഷ നീക്കങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ബി.ജെ.പി നേതാവ് പരസ്യമായി രാഹുൽ ഗാന്ധിയുടെ ജാതി ചോദിച്ചപ്പോൾ അതിൽ മുറിവേറ്റ് പ്രതികരിച്ച അഖിലേഷിനെ ലോക്സഭ കണ്ടു. 2017ൽനിന്നും 2024ലെത്തുമ്പോൾ കോൺഗ്രസും ഒരുപാടു മാറിയിട്ടുണ്ട്. ബി.ജെ.പിക്ക് ബദലായി കോൺഗ്രസിനെയും മോദിക്ക് ബദലായി രാഹുലിനെയും ജനം കണ്ടുതുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇതിൽ വലിയ പങ്കുവഹിച്ചു.
പുതുക്കിപ്പണിത ഒരു രാഹുലിനെയും കോൺഗ്രസിനെയുമാണ് അവരിപ്പോൾ കാണുന്നത്. അവർക്കുമുന്നിൽ ഇപ്പോഴുള്ളത് വ്യത്യസ്തമായ ഒരു കോൺഗ്രസാണ്. ഈ കോൺഗ്രസും സമാജ്വാദി പാർട്ടിയും ചേർന്നുള്ള സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും യു.പിയിൽ ഇളക്കമുണ്ടാക്കുകയും ബി.ജെ.പിയെ പരാജയപ്പെടുത്തുകയും ചെയ്യും.