മോദിയുടെ പതനം വിദൂരമല്ല
രാജ്യാന്തരതലത്തിൽ തന്നെ ശ്രേദ്ധയനായ ചിന്തകനും എഴുത്തുകാരനും സാമ്പത്തിക വിദഗ്ധനുമാണ് ഡോ. പരകാല പ്രഭാകർ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ജീവിതപങ്കാളികൂടിയായ അദ്ദേഹം പൊതു തെരഞ്ഞെടുപ്പോടെ ഉരുത്തിരിഞ്ഞുവന്ന ജനാധിപത്യ-മതേതര രാഷ്ട്രീയ മുന്നേറ്റത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിക്കുന്നു. അതോടൊപ്പം രൂപവത്കരണത്തിന്റെ ശതാബ്ദിയിലേക്ക് കടക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സവിശേഷമായി തന്നെ വിലയിരുത്തുന്നു.
ഡോ. പരകാല പ്രഭാകറുമായുള്ള ഇൗ സംഭാഷണത്തിന്റെ ഊന്നൽ, 2024ലെ പൊതു തെരഞ്ഞെടുപ്പോടെ ഉരുത്തിരിഞ്ഞുവന്ന ഫാഷിസത്തിനെതിരായുള്ള ജനാധിപത്യ-മതേതര രാഷ്ട്രീയ മുന്നേറ്റത്തിന്റെ സാധ്യതകൾക്കപ്പുറം ഇന്ത്യൻ ഇടതുപക്ഷത്തിന്റെ പരാജയത്തെക്കുറിച്ചും ദൗർബല്യങ്ങളെ സംബന്ധിച്ചുമാണ്. 2024 കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന്റെ അറുപതാം വാർഷികവും 2025 ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണത്തിന്റെ ശതാബ്ദിയുമാണ്. ഇടതു രാഷ്ട്രീയം പ്രധാന വിഷയമായി പ്രതിപാദിക്കുന്ന ഒരഭിമുഖം ആദ്യാനുഭവമാണെന്നാണ് ഡോ. പ്രഭാകർ തന്നെ പറഞ്ഞത്.
നടനും സാംസ്കാരിക പ്രവർത്തകനുമായ രാജേഷ് അഴിക്കോടനോടൊപ്പം ഒരു വൈകുന്നേരമാണ് ഞാൻ തൃത്താല വൈദ്യമഠത്തിൽ ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്ന ഡോ. പ്രഭാകറിന്റെ അടുത്ത് എത്തുന്നത്. അദ്ദേഹം ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കേരളത്തിലെ ഡോ. പ്രഭാകറിന്റെ പ്രഭാഷണയാത്രകളുടെ മുഖ്യ ആസൂത്രകനും സുഹൃത്തുമായ സുധീർ ദേവദാസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഡോ. പ്രഭാകർ പൊതുവിൽ അറിയപ്പെടുന്നത് മുൻ പ്രധാനമന്ത്രിയും പണ്ഡിതനുമായിരുന്ന നരസിംഹ റാവുവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ അടുത്ത അനുയായിയും സഹായിയുമായിരുന്നു എന്ന നിലയിലാണ്. ജെ.എൻ.യു പഠനകാലത്ത് എൻ.എസ്.യുവിൽ സജീവമായിരുന്ന ഡോ. പ്രഭാകർ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഇതിനകം പ്രശസ്തിയാർജിച്ച അദ്ദേഹത്തിന്റെ പുസ്തകം, ‘ആരൂഢം വളഞ്ഞ നവ ഇന്ത്യ’ (The Crooked Timber of Modern India [2023]) മോദിസർക്കാറിനെതിരായ കടുത്ത വിമർശനമാണ്. ഡോ. പ്രഭാകർ, 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇരുനൂറ്റി അമ്പത് സീറ്റുകൾക്കപ്പുറം എത്തില്ലെന്ന് അസന്ദിഗ്ധമായി പ്രവചിച്ച ചുരുക്കം രാഷ്ട്രീയ നിരീക്ഷകരിൽ ഒരാളായിരുന്നു. യോഗേന്ദ്ര യാദവ് മാത്രമാണ് ഇക്കാര്യത്തിൽ ഡോ. പ്രഭാകറിനോടൊപ്പം വിജയിച്ചതായി നമ്മൾ കണ്ട മറ്റൊരു രാഷ്ട്രീയ നിരീക്ഷകൻ.
ഡോ. പ്രഭാകറിന് സമ്പന്നമായ, എന്നാൽ അധികം ചർച്ച ചെയ്യപ്പെടാത്ത, ഒരു രാഷ്ട്രീയ പാരമ്പര്യംകൂടി അവകാശപ്പെടാനുണ്ട്. അത് അദ്ദേഹത്തിന്റെ അച്ഛനും അമ്മക്കുമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പശ്ചാത്തലമാണ്. 1948ൽ കൽക്കത്ത തീസിസിനെ തുടർന്ന് സി.പി.ഐ നിരോധിക്കപ്പെട്ടപ്പോൾ ആന്ധ്രയിൽ പാർട്ടിയുടെ മുന്നണിപ്പോരാളികളായിരുന്ന അച്ഛനും അമ്മയും ഒളിവിൽ പോയി. അച്ഛനെതിരെ ഒളിവിൽ കഴിഞ്ഞ കാലമത്രയും ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവ് നിലവിലുണ്ടായിരുന്നു. തെലങ്കാന സമരം തുടരുന്ന കാലഘട്ടംകൂടിയായിരുന്നു അത്. പക്ഷേ, രണ്ടുപേരും കൽക്കത്ത തീസിസിനോട് കടുത്ത വിയോജിപ്പുള്ളവരായിരുന്നു.
1952ൽ പാർട്ടി നിരോധനം നെഹ്റു സർക്കാർ നീക്കിയപ്പോൾ മാത്രമാണ് ഇവർ ഒളിവിൽനിന്ന് പുറത്തേക്കുവന്നത്. എന്നാൽ, പാർട്ടിയോടുള്ള ആശയപരമായ വിയോജിപ്പ് തുടർന്നതിനാൽ 1953ൽ ഇവർ രണ്ടുപേരും സി.പി.ഐ ഉപേക്ഷിച്ചു കോൺഗ്രസിൽ ചേർന്നു പ്രവർത്തിച്ചു. ഡോ. പ്രഭാകറിന്റെ അച്ഛൻ പരകാല ശേഷാവതാരം ആന്ധ്രയിൽ വെങ്കൽ റാവു, ചെന്നറെഡ്ഡി, ടി. അഞ്ജയ്യ എന്നീ കോൺഗ്രസ് മുഖ്യമന്ത്രിമാർ നയിച്ച മന്ത്രിസഭകളിൽ അംഗവും അമ്മ പരകാല കലികമ്പ എം.എൽ.എയുമായിരുന്നു. ഇടതു രാഷ്ട്രീയത്തോടും ചരിത്രത്തോടുമുള്ള ഡോ. പ്രഭാകറിന്റെ താൽപര്യം അച്ഛനും അമ്മക്കുമുണ്ടായിരുന്ന ഇടത് പാരമ്പര്യം കൊണ്ടുകൂടിയാകണം.
രണ്ട് മണിക്കൂർ നീണ്ടുനിന്ന സംഭാഷണത്തിൽ ഡോ. പ്രഭാകർ കണിശമായി പറഞ്ഞ ഒരു കാര്യം മൂന്നാം മോദി സർക്കാർ അഞ്ചുവർഷം തികക്കില്ലെന്നും രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് പോകുമെന്നുമാണ്. ചോദ്യങ്ങൾക്ക് കാര്യകാരണസഹിതം ഡോ. പ്രഭാകർ നൽകിയ മറുപടികളിലേക്ക്:
2023 സെപ്റ്റംബർ മുതലിങ്ങോട്ട് താങ്കൾ പലതവണ കേരളം സന്ദർശിക്കുകയും അനേകം സംവാദങ്ങളിൽ, പ്രത്യേകിച്ച് കോളജ് വിദ്യാർഥികളോട് ഏർപ്പെടുകയുംചെയ്തു. കേരളത്തിലെ യുവതലമുറ ഇന്ത്യയിലെ ഇതര ഭാഗങ്ങളിലെ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ എങ്ങനെ രാഷ്ട്രീയ പ്രശ്നങ്ങളോട് പ്രതികരിക്കുന്നു?
യുവതലമുറയെ കുറിച്ചുള്ള ഒരു സാമാന്യധാരണ, അവർ സ്വന്തം ഭാവിയെ സംബന്ധിച്ചുമാത്രം ചിന്തിക്കുന്നവരും പൊതുപ്രശ്നങ്ങളോട് മുഖംതിരിഞ്ഞു നിൽക്കുന്നവരുമെന്നാണ്. ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല. അവർക്ക് അങ്ങനെയൊരു നിഷേധാത്മക സമീപനം, രാജ്യകാര്യങ്ങളിലുൾെപ്പടെ, ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്നാൽ, കേരളത്തിലെ വിദ്യാർഥികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായ ഒരു അനുകൂല ഘടകമുണ്ട്. അത് നിലപാടുകൾ പ്രഖ്യാപിക്കാൻ അവർക്ക് ലഭിക്കുന്ന പ്ലാറ്റ് ഫോമുകളാണ്. കാമ്പസുകളിൽ ലഭിക്കുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം അവരെ പ്രബുദ്ധരാക്കുന്നു.
എന്നാൽ, ഇത്തരം രാഷ്ട്രീയവേദികൾ മറ്റ് സംസ്ഥാനങ്ങളിൽ ഒരുപോലെ ലഭ്യമല്ല. പക്ഷേ, പൊതുവിൽ സമ്പന്ന വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽപോലും വലിയതോതിൽ പൊതുപ്രശ്നങ്ങളോട് നിഷേധാത്മക സമീപനമില്ലെന്നതാണ് എന്റെ അനുഭവം. കഴിഞ്ഞ ഒരു വർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഞാൻ നൂറിലധികം കാമ്പസുകൾ സന്ദർശിച്ചിട്ടുണ്ട്. അവിടങ്ങളിലൊക്കെ ഞാൻ എല്ലാ മര്യാദയും പാലിച്ചുകൊണ്ട് രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിച്ചിട്ടുമുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന രാഷ്ട്രീയപ്രശ്നങ്ങളോട് യുവതലമുറയുടെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വലിയ ഒരളവോളം ഇത് പ്രതിഫലിച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. പൊള്ളയായ ഒന്നിലും അവരെ വീഴ്ത്താൻ ഭരണകൂടത്തിന് പൂർണമായും കഴിഞ്ഞിട്ടില്ല. തൊഴിലില്ലായ്മയും അനിയന്ത്രിതമായ വിലവർധനയും ദാരിദ്ര്യവും എല്ലാം അവരുടെ മനസ്സിനെ അലട്ടുന്നുണ്ട്.
കേന്ദ്ര ഭരണകൂടം നടത്തിയ വർഗീയ വിഭജന ശ്രമങ്ങളും ഒരു പരിധിക്കപ്പുറം വിജയിച്ചില്ല. പക്ഷേ, ചെറിയ തോതിലായിട്ടാണെങ്കിലും മതഭ്രാന്ത് യുവ തലമുറക്കിടയിൽ അടിച്ചേൽപിക്കുന്നതിൽ വർഗീയശക്തികൾ വിജയിക്കുന്നുണ്ട്. കേരളത്തിനുപുറത്ത് പല സംസ്ഥാനങ്ങളിലും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ക്രിസ്ത്യൻ, മുസ്ലിം രാജ്യങ്ങൾ ഉണ്ടല്ലോ, പിന്നെ എന്തുകൊണ്ട് ഇന്ത്യ ഹിന്ദുരാജ്യമായിക്കൂടാ എന്നതുപോലുള്ള ചോദ്യങ്ങൾ വിദ്യാർഥികളിൽനിന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും നമ്മൾ അസ്വസ്ഥരാകുന്നു. ഇത് ഒരേസമയം വർഗീയ ശക്തികളുടെ വിജയവും മതേതര പാർട്ടികളുടെ പരാജയവുമാണ്. എങ്കിലും നല്ലൊരുപങ്ക് വിദ്യാർഥികൾ വർഗീയശക്തികളുടെ സ്വാധീനവലയത്തിനു പുറത്താണ്. കേരളത്തിലെ സ്ഥിതിയാകട്ടെ ഇതിൽനിന്നെല്ലാം വളരെ വ്യത്യസ്തമാണ്. അവർക്ക് ഇവിടെ അവരുടെ രാഷ്ട്രീയ വിശ്വാസത്തിന് അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുള്ളതുകൊണ്ടാണത്.
പക്ഷേ, കേരളം ഇത്തവണ ബി.ജെ.പിക്ക് ഒരു ലോക്സഭ അംഗത്തെ നൽകി. കൂടാതെ പതിനൊന്നു നിയമസഭാ മണ്ഡലങ്ങളിൽ അവർ ഒന്നാമതും എട്ടു മണ്ഡലങ്ങളിൽ രണ്ടാമതും വന്നു. ബി.ജെ.പിയുടെ വോട്ട് വിഹിതം ഇരുപത് ശതമാനത്തിന് അടുത്തെത്തി. അതും ഇടതു കോട്ടകളിൽ വിള്ളൽ സൃഷ്ടിച്ചുകൊണ്ട്. ഭാവി കേരളത്തിന് ഇത് എന്ത് മുന്നറിയിപ്പാണ് നൽകുന്നത്?
കേരളം വ്യത്യസ്തമാണ് എന്ന് പറയുമ്പോഴും അടുത്തകാലത്തുണ്ടായ മാറ്റങ്ങൾ അടിസ്ഥാനപ്പെടുത്തി വർഗീയ ഭീഷണിയിൽനിന്ന് കേരളം സുരക്ഷിതമല്ലെന്ന് ഞാൻ പലപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്. വടക്കുനിന്ന് വീശുന്ന വർഗീയ വിഷക്കാറ്റിൽനിന്ന് കേരളത്തെ സംരക്ഷിക്കാൻ പശ്ചിമഘട്ട മലനിരകൾക്ക് സാധിക്കില്ലെന്ന് കേരളത്തിലെ പല കാമ്പസുകളിലും ഞാൻ സമീപകാലത്തുതന്നെ പ്രസംഗിച്ചിട്ടുണ്ട്. കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ വിജയം മതേതര വിശ്വാസികളായ മലയാളികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം വലിയതോതിലുള്ള അലംഭാവത്തിലായിരുന്നു. രാഷ്ട്രീയ പാർട്ടികൾ കേവലം തെരഞ്ഞെടുപ്പ് ജയിക്കാനുള്ള മെഷീനുകൾ മാത്രമായി ചുരുങ്ങി. രണ്ട് തെരഞ്ഞെടുപ്പുകൾക്കിടയിലെ സ്വപ്നാടനം (sleepwalk) നടത്തുന്നവർ. അതിൽ കൂടുതൽ ഒന്നുമല്ലാത്ത അവസ്ഥ. ഇന്ത്യൻ ഭരണവിധാനം (polity) വ്യവസ്ഥിതമായ (settled) അവസ്ഥയിൽ എത്തിക്കഴിഞ്ഞു. അധികാരമത്സരം മധ്യസ്ഥാനത്തിന് കുറച്ച് വലത്തുള്ളവരും കുറച്ച് ഇടത്തുള്ളവരും തമ്മിലാണ്. ഇതിനിടയിലാണ് തീവ്ര വലതുപക്ഷമായ സംഘ്പരിവാർ മുന്നേറ്റം.
അതേസമയം, സ്വാതന്ത്ര്യത്തിനു ശേഷമുള്ള കുറെ ദശാബ്ദങ്ങൾ പരിശോധിക്കൂ. ബി.ജെ.പി അല്ലെങ്കിൽ പഴയ ജനസംഘവുമായി രാഷ്ട്രീയബാന്ധവം സ്ഥാപിക്കാത്ത ഒരു കക്ഷിയും ഇടത്തും വലത്തുമില്ല. പഴയകാല സംഘടനാ കോൺഗ്രസ്, സോഷ്യലിസ്റ്റുകൾ എല്ലാം. 1968ൽ സി.പി.ഐ പോലും ഉത്തർപ്രദേശിൽ ജനസംഘം ഉൾപ്പെട്ട സംയുക്ത വിധായത് ദളുമായി സഹകരിച്ചു. അടിയന്തരാവസ്ഥ കാലംതൊട്ട് വർഷങ്ങളോളം സി.പി.എമ്മിന്റെ ആർ.എസ്.എസ് ചങ്ങാത്തം മറക്കാറായിട്ടില്ല.
ടി.എം.സി, ഡി.എം.കെ, തെലുഗുദേശം പാർട്ടി, ബിജു ജനതാദൾ! ഏത് പാർട്ടിയാണ് ആർ.എസ്.എസ് ബന്ധം നേരിട്ടോ വളഞ്ഞ വഴിക്കോ സ്ഥാപിക്കാത്തത്? ഇക്കാര്യത്തിൽ എല്ലാവരും ഒന്നാംപ്രതി തന്നെ. ആർ.എസ്.എസിന്റെയും കോൺഗ്രസിന്റെയും പ്രത്യയശാസ്ത്രങ്ങൾ ഒരിക്കലും യോജിക്കാൻ പറ്റാത്ത വിരുദ്ധ പ്രത്യയശാസ്ത്രങ്ങളാണ്. പക്ഷേ, ആർ.എസ്.എസ് പ്രതിനിധാനംചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ രാഷ്ട്രീയമായും സാമൂഹികമായും ഫലപ്രദമായി ചെറുക്കുന്നതിൽ കോൺഗ്രസ് എല്ലാ കാലത്തും പരാജയമായിരുന്നു. കമ്യൂണിസ്റ്റുകളും ഇക്കാര്യത്തിൽ കുറ്റക്കാരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരു ഘട്ടമെത്തിയപ്പോൾ ബി.ജെ.പി അവരും സെക്കുലറാണെന്ന് അവകാശപ്പെടാൻ തുടങ്ങി. അവർ യഥാർഥവും മറ്റുള്ളവർ കപടവും എന്നായി അവരുടെ വാദം! എന്നാൽ, ഇന്ന് അധികമാരും ഞങ്ങൾ സെക്കുലറാണെന്ന് ഉറപ്പിച്ചു പറയാൻ മിനക്കെടുന്നില്ല. പകരം ഞങ്ങളാണ് യഥാർഥ ഹിന്ദുക്കൾ എന്ന് പറയുന്നതിലേക്ക് കാര്യങ്ങളെത്തി. ഇവിടെയാണ് ആർ.എസ്.എസ് കൊണ്ടുനടന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആഖ്യാനസംബന്ധിയായ അല്ലെങ്കിൽ നരേറ്റീവിന്റെ വിജയം.
ഈ അടുത്തകാലത്തുണ്ടായ കേരളത്തിലെ സി.പി.എം നേതാവിന്റെ ഒരു പരസ്യ ആഹ്വാനത്തെ കുറിച്ച് ഞാൻ അറിഞ്ഞു. ഹിന്ദുക്കളായ കമ്യൂണിസ്റ്റുകളാരും ക്ഷേത്രസംബന്ധിയായ കാര്യങ്ങളിൽനിന്ന് മാറിനിൽക്കരുത് എന്നതാണത്രേ അത്! എന്തുകൊണ്ടാണ് മതവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്ന് തറപ്പിച്ചുപറയാൻ കമ്യൂണിസ്റ്റ് നേതാക്കൾപോലും അറക്കുന്നത്? ഇക്കാര്യത്തിൽ ജവഹർലാൽ നെഹ്റുവിനെ പോലുള്ള ഒരു യഥാർഥ ദേശീയ നേതാവിനെ കോൺഗ്രസുകാർ മാത്രമല്ല കമ്യൂണിസ്റ്റുകാരും മാതൃകയാക്കണം.
ആർ.എസ്.എസ് ആത്യന്തികമായി ലക്ഷ്യമിടുന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഹിന്ദുത്വവത്കരണമാണ്. നമ്മുടെ ഭരണവിധാനം (polity) തന്നെ വർധിതമായ തോതിൽ ഹിന്ദുവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യം നാം തിരിച്ചറിയണം. തെരഞ്ഞെടുപ്പ് ഫലങ്ങൾ രാഷ്ട്രീയ കാമ്പയിനുകളുടെ മാത്രം വിജയമാണെന്ന് തെറ്റിദ്ധരിക്കരുത്. മറിച്ച് അത് സാമൂഹിക-രാഷ്ട്രീയ മനോഭാവങ്ങളുടെ പ്രതിഫലനങ്ങൾകൂടിയാണ്. ആർ.എസ്.എസ് അറിഞ്ഞുകളിച്ചതിന്റെ നേട്ടങ്ങളാണ് ഇന്നവർ കൊയ്യുന്നത്. ഇത്തവണ കേരളത്തിൽ അവർക്ക് ഇരുപത് ശതമാനം വോട്ട് എന്നതിൽനിന്ന് ഇനിയും ആറോ ഏഴോ ശതമാനം വർധനയുണ്ടാക്കാൻ അധികം സമയം വേണ്ട. അവർക്ക് അതിനുള്ള ക്ഷമയും അധ്വാനശേഷിയുമുണ്ട്. എം.എൽ.എയും എം.പിയും ഒക്കെ ആകാനുള്ള ആക്രാന്തം അവരുടെ കേഡർമാർക്കില്ല. ഇതെല്ലാം മുഖ്യധാരാ മതേതര പാർട്ടികൾ കാണണം.
അറുപതുകളിലെയും എഴുപതുകളിലെയും കേരളത്തെ ഓർത്തെടുത്തുനോക്കൂ. എല്ലാത്തിന്റെയും അടിസ്ഥാന പ്രേരണ മതേതര കൂട്ടായ്മയുടേതായിരുന്നു. വായനശാലകളിലെ ചർച്ചകൾ, ക്ലബുകൾ, പൊതു യോഗങ്ങൾ, ആഘോഷങ്ങൾ എല്ലാത്തിനും ഒരു മതേതര സ്വഭാവമുണ്ടായിരുന്നു. എന്നാൽ, ഇന്ന് മതപരമായ ചടങ്ങുകൾക്കും ആത്മീയ പ്രസംഗങ്ങൾക്കുമെല്ലാം എങ്ങനെ എല്ലാത്തിനും മീതെ പ്രാധാന്യം ലഭിച്ചു? ഇതൊക്കെ കൊണ്ടാണ് കേരളം വർഗീയ ഭീഷണികളിൽനിന്നും സുരക്ഷിതമല്ല എന്ന് ഞാൻ ആദ്യമേ പറഞ്ഞത്. ഉത്തരം കണ്ടെത്തേണ്ടുന്ന ഒരുപാട് ചോദ്യങ്ങൾ നമ്മുടെ മുന്നിലുണ്ട്.
ലോക്സഭ തെരെഞ്ഞടുപ്പ് പരാജയം ഇടതുപക്ഷത്തെ പൊതുവായും കേരളത്തിൽ സി.പി.എമ്മിനെ പ്രത്യേകിച്ചും വലിയ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചിരിക്കയാണ്. കേരളത്തിൽ നിലനിൽക്കുന്ന പൊതുധാരണ ബി.ജെ.പി വിരുദ്ധ വികാരത്തേക്കാൾ പിണറായി സർക്കാറിന്റെ ഇടതുവിരുദ്ധ സമീപനങ്ങളോടുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് ഇടത് അനുകൂലികളുടെ, വികാരമാണ് തിരിച്ചടികൾക്ക് കാരണമായതെന്നാണ്. താങ്കൾക്ക് എന്ത് തോന്നുന്നു?
ഈ ചോദ്യത്തിന് ഞാൻ ഉത്തരം പറയുക കേരളത്തിൽ മാത്രം ഒതുങ്ങിനിന്നുകൊണ്ടല്ല. നോക്കൂ, ബംഗാളിൽ ഇടതുപക്ഷത്തിന് എന്ത് സംഭവിച്ചു? സമാനമായത് കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഞാൻ ഭയക്കുന്നു. ഇവിടെ പ്രശ്നം കേരളംപോലുള്ള ഒരു സംസ്ഥാനത്ത് ഇടതുപക്ഷം തോറ്റു എന്നുള്ളതോ കോൺഗ്രസ് ജയിച്ചു എന്നുള്ളതോ അല്ല. അത് കാലാകാലങ്ങളായി മാറിയും മറിഞ്ഞും സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. പക്ഷേ, ബംഗാളിൽ സംഭവിച്ചതുപോലെ ഇവിടെ ഇപ്പോൾ ഇടത്കോട്ടകളിൽ വലിയതോതിൽ വിള്ളൽ വരുത്തി ബി.ജെ.പി മുന്നേറിയിരിക്കുന്നു. ഒരു സീറ്റ് ബി.ജെ.പി നേടിയതാകട്ടെ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലും. പിണറായി വിജയന്റെ തെറ്റായ നയസമീപനങ്ങൾക്കും ഭരണത്തിലെ ധൂർത്തിനും കുടുംബത്തിനുനേരെ പോലുമുള്ള അഴിമതി ആരോപണങ്ങൾക്കെല്ലാം അപ്പുറം ഗുരുതരമായ രാഷ്ട്രീയ പ്രശ്നങ്ങളുമുണ്ട് എന്നാണ് എന്റെ അഭിപ്രായം.
തീവ്ര ഹിന്ദുത്വവാദത്തിലും ഭരണവിരുദ്ധതയിലും അധിഷ്ഠിതമായ പ്രചാരണമാണ് കേരളത്തിൽ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് രണ്ടും ചേർന്നാൽ അത് സി.പി.എമ്മിന് എതിരെയുള്ള ശക്തമായ ആയുധമാണ്. എന്തുകൊണ്ട് കാഡർമാർ കൂട്ടമായി ബി.ജെ.പിക്ക് വോട്ട് ചെയ്തു? ഇത് ബംഗാളിന്റെ തനിയാവർത്തനമാണ്. എവിടെയാണ് കാഡർമാർക്ക് പ്രത്യയശാസ്ത്രം സംബന്ധിച്ച തിരിച്ചറിവുകൾ ഉള്ളത്? ഗൗരവത്തിലുള്ള സ്റ്റഡി ക്ലാസുകൾ വല്ലതും നടക്കുന്നുണ്ടോ? ഈ വർഷം മാർച്ച് മാസത്തിൽ ഞാൻ കോഴിക്കോട് സർവകലാശാലയിൽ ഇ.എം.എസ് ചെയറിന്റെ യോഗത്തിൽ പ്രസംഗിച്ചിരുന്നു. പ്രസംഗം ഞാൻ ഉപസംഹരിച്ചത് നമ്മുടെ നാട് തൊഴിലില്ലായ്മകൊണ്ടും വിലക്കയറ്റംകൊണ്ടും വർഗീയശക്തികളുടെ അഴിഞ്ഞാട്ടംകൊണ്ടും പൊറുതിമുട്ടി നിൽക്കുന്ന ഈ സന്ദർഭത്തിലല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇടതുപക്ഷത്തിന്റെ സമയം എന്ന് ചോദിച്ചുകൊണ്ടായിരുന്നു.
ഇന്ത്യ മൊത്തമായി എടുത്തുനോക്കൂ. ഇതുതന്നെയല്ലേ ഇടതിന്റെ സമയം? ലെനിൻ റഷ്യൻ വിപ്ലവത്തിനുമുമ്പ് ഇതേ ചോദ്യം ഉയർത്തിയിരുന്നു. യഥാസമയം വിപ്ലവം വിജയിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യയിലെ സ്ഥിതി എന്താണ്? ഒരുവിധ കഠിനാധ്വാനമോ ആശയപ്രചാരണമോ ഒന്നുമില്ല. ഇന്ത്യൻ സാഹചര്യത്തെ കുറിച്ചുള്ള ശരിയായ തിരിച്ചറിവോ അതിനുപറ്റുന്ന നേതാക്കളോ ഇല്ല. കേരളത്തിൽ ഞാൻ പങ്കെടുത്ത ഇടത് മുൻകൈയിൽ നടന്ന മീറ്റിങ്ങുകളിൽ എല്ലാം അമ്പത്തിയഞ്ച് വയസ്സിനുതാഴെ പ്രായമുള്ള ആൾക്കാർ കുറവായിരുന്നു.
സി.പി.എമ്മിൽ ഇപ്പോഴും പ്രത്യയശാസ്ത്രപരമായും നേതൃപരമായും ഏറ്റവും കഴിവുറ്റ ‘ചെറുപ്പക്കാരൻ’ സീതാറാം െയച്ചൂരിയാണ്! ഇദ്ദേഹം ജെ.എൻ.യുവിൽ, ഇപ്പോൾ അറുപത്തിയഞ്ചു കഴിഞ്ഞ എന്റെ സീനിയർ ആയിരുന്നു! അപ്പോൾ ഇതൊക്കെയാണ് സി.പി.എമ്മും ഇടതുപക്ഷവും നേരിടുന്ന പൊതുവായ പ്രശ്നങ്ങൾ. മുന്നോട്ടുപോകാൻ വ്യക്തമായ ദിശാബോധം അവർക്ക് കൂടിയേ കഴിയൂ. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായുമുള്ള നവീകരണത്തിന് ഇടതുപക്ഷം തയാറാകണം. അല്ലെങ്കിൽ പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷം കാലഹരണപ്പെട്ടതാകും. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എവിടെയും ഇടത് അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നവും മറ്റൊന്നല്ല.
2025 ആർ.എസ്.എസിന്റെയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെയും രൂപവത്കരണത്തിന്റെ ശതാബ്ദി കുറിക്കുന്നു. ആർ.എസ്.എസ് ബി.ജെ.പിയിലൂടെ പത്ത് വർഷമായി ഇന്ത്യ ഭരിക്കുന്നു. എന്നാൽ, ആദ്യ ലോക്സഭയിൽ മുഖ്യ പ്രതിപക്ഷമായിരുന്ന സി.പി.ഐക്ക് ഇന്ന് ദേശീയ പാർട്ടി പദവിപോലും നഷ്ടമായി. താങ്കൾ എങ്ങനെ പ്രതികരിക്കുന്നു?
ഇന്ത്യയിലെ കോൺഗ്രസ് ഇതര മതേതര പാർട്ടികൾ ആരംഭകാലം തൊട്ട് ചെയ്ത ഒരു തെറ്റ് അന്ധമായി കോൺഗ്രസിനെ എതിർത്തു എന്നുള്ളതാണ്. കമ്യൂണിസ്റ്റുകളും തുടക്കംമുതൽ ഇതുതന്നെ ചെയ്തുപോന്നു. അടിമുടി കോൺഗ്രസ് വിരുദ്ധ പ്രസ്ഥാനമായി, പ്രാചീന ഇന്ത്യൻ സംസ്കൃതിയുമായി ബന്ധപ്പെട്ട ഗൃഹാതുരത്വത്തിന്റെ വീർപ്പുമുട്ടലുകളോടെ പിറന്നുവീണ ഫാഷിസത്തിന്റെ ഇന്ത്യൻ പ്രതിരൂപമായ ആർ.എസ്.എസിന്റെ ഭീഷണിയെ എല്ലാവരും കുറച്ചുകണ്ടു.
കോൺഗ്രസ് ഇല്ലാതായാൽ ആ വിടവ് ആര് നികത്തുമെന്ന് ഇവരാരും കണ്ടതേയില്ല. കമ്യൂണിസ്റ്റുകളും ഇക്കാര്യത്തിൽ കുറ്റക്കാരാണെങ്കിലും പി.സി. ജോഷിയും എസ്.എ. ഡാങ്കെയും വ്യത്യസ്തമായി ചിന്തിച്ചു. പക്ഷേ, ’48ലെ കൽക്കത്ത തീസിസോടെ ജോഷി പൂർണമായും ഒറ്റപ്പെട്ടു. എഴുപതുകളിൽ കോൺഗ്രസുമായി സി.പി.ഐ സഹകരിച്ചെങ്കിലും അടിയന്തരാവസ്ഥക്കാലം കഴിഞ്ഞതോടെ സി.പി.ഐയും കോൺഗ്രസിനെതിരെ തിരിഞ്ഞു. പക്ഷേ, ഇതിന്റെയെല്ലാം ആകത്തുക ആർ.എസ്.എസ് ഇന്ത്യൻ മണ്ണിൽ വേരോട്ടമുണ്ടാക്കി എന്നതും അതാരും വേണ്ടത്ര ഗൗരവത്തിൽ പരിഗണിച്ചില്ല എന്നതുമാണ്. ഈ പറഞ്ഞതിനർഥം കോൺഗ്രസ് വിമർശനത്തിന് അതീതമാണെന്നല്ല.
1980കളുടെ അവസാനംവരെ ഇന്ത്യയിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും സാമാന്യം നല്ല സ്വാധീനം ഉണ്ടായിരുന്നു. എന്നാൽ, അവരുടെ കോൺഗ്രസ് വിരുദ്ധ പ്രചാരണങ്ങളുടെയെല്ലാം നേട്ടങ്ങൾ കൊയ്തത് ഒന്നുകിൽ ബി.ജെ.പി അല്ലെങ്കിൽ പ്രാദേശിക പാർട്ടികൾ. എന്റെ സ്വന്തം സംസ്ഥാനമായ ആന്ധ്രയുടെ ഉദാഹരണംവെച്ചുതന്നെ പറയാം. അവിടെ കോൺഗ്രസിനോടുള്ള എതിർപ്പുയർത്തിയതെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നെങ്കിലും വിളകൊയ്തത് എൻ.ടി. രാമറാവു ആയിരുന്നു. ഒടുവിൽ സുന്ദരയ്യയെയും നീലം രാജശേഖര റെഡ്ഡിയെയുംപോലുള്ള വലിയ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് നേതാക്കൾക്ക്, സീറ്റിനായി എൻ.ടി.ആറിനെ അങ്ങോട്ട് സമീപിേക്കണ്ടിവന്നു. എന്നാൽ, അർഹിക്കുന്ന അംഗീകാരമോ പരിഗണനയോ അവർക്ക് ലഭിച്ചതുമില്ല. ക്രമേണ ഇടതിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രസക്തി തന്നെ ഇല്ലാതായി.
എന്റെ അച്ഛനും അമ്മയും ’48ലെ കൽക്കത്ത കോൺഗ്രസിന്റെ തീരുമാനപ്രകാരം ഒളിവിൽ പോയവരായിരുന്നു. 1947ൽ ആയിരുന്നു അവരുടെ വിവാഹം. 1951 വരെ ഇരുവരും ഒളിവിൽ കഴിഞ്ഞു. ഒളിവിലെ നടുക്കുന്ന ഓർമകൾ അമ്മ എനിക്ക് വിവരിച്ചുതന്നിട്ടുണ്ട്. നെഹ്റു സർക്കാറിനെ സായുധ അട്ടിമറിയിലൂടെ പുറത്താക്കാനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനത്തെ ലാഘവത്തോടെ സർക്കാർ സമീപിക്കില്ലല്ലോ. അതിഭീകരമായി തന്നെ സർക്കാർ സായുധ വിപ്ലവത്തെ നേരിട്ടു.
അനേകം കമ്യൂണിസ്റ്റുകൾ കൊല്ലപ്പെട്ടു. കൂടുതലും കഷ്ടപ്പാടുകൾ അനുഭവിച്ചത് പാവപ്പെട്ടവരായിരുന്നു. നേതാക്കളിലധികവും കാടുകളിലെ ഒളിവുകേന്ദ്രങ്ങളിൽ സുരക്ഷിതരായിരുന്നു. അതേസമയം കമ്യൂണിസ്റ്റുകൾ തിരിച്ചു ജന്മിമാരോട് ചെയ്ത ക്രൂരതകളും ചെറുതായിരുന്നില്ല. ജന്മിമാരുടെ വീടുകൾ ആക്രമിച്ച കമ്യൂണിസ്റ്റുകൾ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ വെച്ച് ജന്മിയുടെ കാലുകൾ വെട്ടിമാറ്റിയ സംഭവങ്ങൾപോലുമുണ്ടായി. ജന്മിമാരുടെ വീട്ടിലെ സ്ത്രീകളെ കാളകൾക്കു പകരം കലപ്പയിൽ പൂട്ടി നിലമുഴുകുമെന്ന് ഒരു കമ്യൂണിസ്റ്റ് നേതാവ് പ്രസംഗിച്ചത് വ്യാപകമായ (കു)പ്രചാരം അക്കാലത്തു നേടി. ഇതെല്ലാം കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ വലിയതോതിൽ വെറുപ്പുളവാക്കി. ഒരു വ്യവസ്ഥിതിയുടെ ഭാഗമായി നിലനിന്ന ജന്മിത്തം അവസാനിപ്പിക്കേണ്ടതുതന്നെ.
പക്ഷേ, വെറുപ്പിന്റെ രാഷ്ട്രീയം ഒരു പരിധി വിട്ടാൽ ആ രാഷ്ട്രീയത്തോടുതന്നെ വെറുപ്പ് തോന്നുക സ്വാഭാവികം. എന്റെ അച്ഛന്റെയും അമ്മയുടെയും കാര്യത്തിൽ ഇതുതന്നെ സംഭവിച്ചു. ആർക്കെതിരായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ സായുധസമരം എന്ന് അവരും അവരെ പോലെ ചിന്തിച്ച മറ്റു പല കമ്യൂണിസ്റ്റുകാരും സ്വയം ചോദിച്ചു. പുരോഗമന വാദിയായിരുന്ന നെഹ്റുവിനും അദ്ദേഹം നയിച്ച ദേശീയ സർക്കാറിനുമെതിരെ! 1952ൽ അവർ രണ്ടുപേരും കമ്യൂണിസ്റ്റ് പാർട്ടിയോട് വിടപറഞ്ഞു. പക്ഷേ, അവർ ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടിയെ ഒറ്റിയില്ല.
എന്റെ മാതാപിതാക്കൾ മാത്രമല്ല അവരുടെ അടുത്ത ബന്ധുക്കളിൽ ചിലരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്നു. അതിൽ ഒരാൾ സി.പി.ഐ മുഖപത്രമായ ‘വിശാലാന്ധ്ര’യുടെ എഡിറ്ററായിരുന്നു. 1970കളിൽ ഒരുതവണ അദ്ദേഹം വീട്ടിൽ വന്നപ്പോൾ അച്ഛനോട് പറഞ്ഞത് ഇന്ത്യയിൽ ഗാന്ധി തന്നെയായിരുന്നു ശരി എന്നായിരുന്നു! അപ്പോൾ ഇതുതന്നെയായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രശ്നവും.
താരിഖ് അലി മലയാളിയായ കെ. ദാമോദരനുമായി നടത്തിയ അഭിമുഖത്തിൽ ഹോചിമിൻ, ഗാന്ധിജിയെ പ്രകീർത്തിച്ച കാര്യം പറഞ്ഞത് ഓർമയില്ലേ? ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ദാമോദരന്റെ ചോദ്യത്തിന് ഹോചിമിൻ പറഞ്ഞത് ‘‘നിങ്ങൾക്ക് അവിടെ ഒരു ഗാന്ധിയുണ്ട്, ഇവിടെ ഞാനാണ് ഗാന്ധി’’ എന്നായിരുന്നു! ഇന്ത്യൻ സാഹചര്യം വേണ്ടവിധത്തിൽ മനസ്സിലാക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വം പൂർണമായി പരാജയെപ്പട്ടു. ഗാന്ധിജിയെ മാത്രമല്ല വലിയൊരളവിൽ മാർക്സിസ്റ്റ് അനുഭാവിയായിരുന്ന നെഹ്റുവിനെയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ തന്നെയും ശരിയാംവിധം വിലയിരുത്തുന്നതിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം സമ്പൂർണ പരാജയമായിരുന്നു.
ഇതൊക്കെയാണെങ്കിലും ഇടതുപക്ഷത്തിന് സാമൂഹികവും സാമ്പത്തികവുമായ അസമത്വം നിലനിൽക്കുന്ന ഇന്ത്യയെ പോലുള്ള ഒരു സമൂഹത്തിൽ ഒരു ഇടമുണ്ടെന്നുതന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ലെനിനിസത്തിന്റെയും മാവോയിസത്തിന്റെയും തടവുകാരാകാതെ ഇന്ത്യൻ പാത മനസ്സിലാകുന്ന ഒരു ഇടതുപക്ഷം നമുക്കാവശ്യമാണ്. ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങളായ ‘ജനാധിപത്യ കേന്ദ്രീകരണം’, ‘തൊഴിലാളിവർഗ സർവാധിപത്യം’ ഇതിനൊന്നും വർത്തമാനകാലത്ത് ഒരു പ്രസക്തിയുമില്ല. അതേസമയം, വർഗീയ ഫാഷിസത്തിനും നവ ലിബറലിസത്തിനുമെതിരെ ജനാധിപത്യ ചേരിയോടൊപ്പം നിന്ന് പോരാടാൻ ശക്തമായ ഒരു ഇടതുപക്ഷം നമുക്ക് ആവശ്യമുണ്ട്. അത്തരമൊരു മുന്നേറ്റമുണ്ടാക്കാനുള്ള അനുകൂല സാഹചര്യവും ഇന്നത്തെ ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ മുന്നിലുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന്റെ അറുപതാം വർഷം കുറിക്കുന്നു 2024. കോൺഗ്രസിനോടുള്ള സമീപനത്തെ ചൊല്ലിയും അവിഭക്ത പാർട്ടിക്കകത്ത് ഒരു വിഭാഗത്തിനുണ്ടായ മാവോയിസ്റ്റ് ചായ്വുമായിരുന്നല്ലോ പിളർപ്പിൽ കലാശിച്ചത്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ കോൺഗ്രസിനോട് ദേശീയതലത്തിലോ സംസ്ഥാന തലത്തിലോ കമ്യൂണിസ്റ്റുകൾ ശത്രുത െവച്ച് പുലർത്തുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ?
ഒരു കഴമ്പുമില്ല. ഇന്നത്തെ ഇന്ത്യയിൽ രാഷ്ട്രീയമായി പ്രസക്തിയുള്ള ഒരേ ഒരു കാര്യം ഹിന്ദുത്വത്തിനും നവ ലിബറലിസത്തിനുമെതിരെ വിശാല ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുക എന്നത് മാത്രമാണ്. കോൺഗ്രസില്ലാതെ ഇത് സാധ്യമല്ലെന്ന് 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരിക്കൽകൂടി തെളിയിച്ചു. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർക്കാൻ പറഞ്ഞ രാഷ്ട്രീയ കാരണങ്ങളും ആ രാഷ്ട്രീയവും ഇന്ന് തീർത്തും അസാധുവായിരിക്കുന്നു. സി.പി.എം ഇത്തരം കാര്യങ്ങളിൽ സ്വീകരിച്ച വരട്ടു തത്ത്വവാദവും സെക്ടേറിയൻ നിലപാടുകളും തീരുമാനങ്ങളും ഒന്നും അവരെ ഇനി ഇന്ത്യൻ രാഷ്ട്രീയത്തിൽ മുന്നോട്ടുനയിക്കാൻ പര്യാപ്തമല്ല. നമ്മുടെ റിപ്പബ്ലിക് ഇന്നും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. അത് മുഖ്യമായും വർഗീയ ഫാഷിസത്തിൽനിന്നാണ്. ആർ.എസ്.എസ് ഉയർത്തുന്ന ഈ ഭീഷണിയെ ഇനിയും വിലകുറച്ചു കണ്ടാൽ അതിനു വലിയ വില കൊടുക്കേണ്ടിവരും.
ഒരു നിർണായക ഘട്ടത്തിൽ ചന്ദ്രബാബു നായിഡുവോ നിതീഷ് കുമാറോ ഒന്നുമല്ല ഫാഷിസത്തിന്റെ ഹിറ്റ്ലിസ്റ്റിൽ ആദ്യം ഇടംപിടിക്കുക. അത് കമ്യൂണിസ്റ്റുകാരാണ്. അതാണ് ഇതുവരെയുള്ള അനുഭവം. അനീതിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ലോകത്തിന് മാതൃകയാണ്. കോളനിവിരുദ്ധ സമരത്തിലാണ് അത് ആദ്യം തെളിയിക്കപ്പെട്ടത്. ഇന്നത്തെ ലോകത്ത് തീവ്ര വലതുപക്ഷത്തിന് എതിരായുള്ള സമരത്തിലും നമുക്ക് മാതൃക കാണിക്കാം. അതിനുള്ള അവസരം നിസ്സാര കാര്യങ്ങൾ പറഞ്ഞു ഇടതുപക്ഷം കളഞ്ഞുകുളിക്കരുത്.
താങ്കളുടെ വീക്ഷണത്തിൽ, സി.പി.ഐ എഴുപതുകളിൽ നടപ്പിലാക്കിയതുപോലെ കോൺഗ്രസുമായി ദേശീയതലത്തിൽ 'ഐക്യവും സമരവും' എന്ന നയം വീണ്ടും സ്വീകരിക്കുന്നതാണോ ഉചിതം?
സി.പി.ഐ കോൺഗ്രസിനോട് ഐക്യം സ്ഥാപിച്ചിരുന്ന കാലത്ത് അതുകൊണ്ട് നേട്ടം സി.പി.ഐക്ക് മാത്രമായിരുന്നു എന്ന് പറയുന്നത് തെറ്റാണ്. കോൺഗ്രസും ഒരുപാട് മാറി. അച്യുതമേനോൻ ഭരണകാലത്ത് കേരളത്തിൽ മാത്രമല്ല ആന്ധ്രയിലും കർണാടകത്തിലും ഭൂപരിഷ്കരണം നടപ്പാക്കി. പക്ഷേ, അത് കേരളം കണ്ട രീതിയിൽ ആയിരുന്നില്ല. ബാങ്ക് ദേശസാത്കരണം, പ്രിവി പഴ്സ് നിർത്തലാക്കൽ, വിദേശ നയത്തിലെ സോവിയറ്റ് ചേരിയിൽ നിലയുറപ്പിച്ച പോസിറ്റിവ് ന്യൂട്രലിസം (positive neutralism) അങ്ങനെ എല്ലാത്തിലും ഇടത് സ്വാധീനം വേണ്ടുവോളമുണ്ട്. 1969ൽ കോൺഗ്രസ് പിളർന്നപ്പോൾ അതിനകത്തെ പിന്തിരിപ്പൻ വിഭാഗമാണ് പുറത്തുപോയത്. അതേ വർഷം നിലവിൽ വന്ന കോൺഗ്രസ് - സി.പി.ഐ ഐക്യം, ആ കാരണം കൊണ്ടുതന്നെ രണ്ട് പാർട്ടികൾക്കും രാജ്യത്തിനും ഗുണംചെയ്തുവെന്നാണ് എന്റെ അഭിപ്രായം. സി.പി.ഐയുടെ ‘ഐക്യവും സമരവു’മെന്ന അവരുടെ പഴയ നയത്തിന് ഇന്ന് മുമ്പത്തേക്കാൾ പ്രസക്തിയുണ്ട് എന്നുതന്നെ ഞാൻ വിചാരിക്കുന്നു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ സി.പി.ഐ സ്ഥാനാർഥിയെ നിർത്തുന്നത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ രാഷ്ട്രീയമായി എത്രത്തോളം വിവേകപരമായിരിക്കും?
ഇക്കാര്യത്തിൽ സി.പി.ഐ ആദ്യം കെണ്ടത്തേണ്ടത് പ്രിയങ്കക്ക് എതിരായി മത്സരിച്ചിട്ട് അവർ എന്തു നേടുമെന്നതാണ്. ഒന്നും നേടില്ല എന്ന് മാത്രമല്ല ദേശീയമായി നോക്കുമ്പോൾ ആ തീരുമാനം പരിഹാസ്യമാണുതാനും. കാരണം, പ്രിയങ്കയുടെ പാർലമെന്റിനകത്തും പുറത്തുമുള്ള സാന്നിധ്യം ബി.ജെ.പിക്ക് എതിരായ സമരം ശക്തിപ്പെടുത്തും. അപ്പോൾ അതിനെ ദുർബലപ്പെടുത്തുന്ന നീക്കം സി.പി.ഐ എടുത്താൽ അത് ബുദ്ധിപൂർവമാണെന്ന് എങ്ങനെ പറയാൻ കഴിയും?
സി.പി.എമ്മിന്റെ കേരളത്തിലെ കോൺഗ്രസ് വിരുദ്ധ സമീപനത്തിന് അനുസൃതമായി പ്രിയങ്കയെ വയനാട്ടിൽ എതിർക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടാൽ ആ നിർബന്ധത്തിന് സി.പി.ഐ വഴങ്ങാതിരിക്കുകയാണ് ബുദ്ധി. സി.പി.ഐയെ സംബന്ധിച്ചിടത്തോളം കോൺഗ്രസുമായുള്ള അവരുടെ പഴയ നയമായ ‘ഐക്യവും സമരവും’ വീണ്ടെടുക്കുന്നതാണ് നല്ലതെന്ന് പറഞ്ഞുവല്ലോ. അതിനുള്ള ഏറ്റവും നല്ല അവസരമാണ് വയനാട്ടിൽ പ്രിയങ്കയെ എതിർക്കാതിരിക്കുക എന്നത്.
രാഹുൽ ഗാന്ധി പാർലമെന്റിൽ ഇത്തവണ നടത്തിയ ആദ്യ പ്രസംഗത്തെ കുറിച്ച് എന്താണഭിപ്രായം? ബി.ജെ.പിക്ക് എതിരായ സമരത്തിന് ഇത് ഒരു ദിശാബോധം നൽകുന്നുണ്ടോ?
തീർച്ചയായും. ശരിയായ ദിശയിലുള്ള പ്രസംഗമായിരുന്നു രാഹുൽ നടത്തിയത്. അതിൽ ആടിയുലയുന്ന ഒരു മനസ്സല്ല മറിച്ച്, ഫാഷിസത്തോട് പൊരുതാനുറച്ച നിശ്ചയദാർഢ്യമാണ് ഞാൻ കണ്ടത്. ഹിന്ദുത്വ വാദത്തിനും നവ ലിബറലിസത്തിനും എതിരായ ശക്തമായ മുന്നറിയിപ്പായിരുന്നു ആ പ്രസംഗം. എല്ലാ അർഥത്തിലും സ്വാഗതാർഹമായ ചുവടുവെപ്പ്.
അവസാനമായി, മോദിസർക്കാറിന്റെയും പതിനെട്ടാം ലോക്സഭയുടെയും ഭാവിയെക്കുറിച്ച് എന്തു തോന്നുന്നു?
ഇത് രണ്ടും, ഞാൻ തറപ്പിച്ചുപറയുന്നു, കാലാവധി പൂർത്തിയാക്കില്ല. ഇടക്കാല തെരഞ്ഞെടുപ്പ് അനിവാര്യമായി വരും. ഇടക്കാലം എന്ന് പറയുമ്പോൾ പകുതിക്ക് എന്ന് അർഥമാക്കേണ്ടതില്ല. അതിനും മുമ്പേ സംഭവിക്കാം. ഒന്നാമതായി ബി.ജെ.പിയുടെ സഖ്യകക്ഷികൾക്കാർക്കും പല വിഷയങ്ങളിലും പരസ്പര യോജിപ്പില്ല. അധികാരത്തിന് മാത്രമായുള്ള താൽക്കാലിക ഐക്യം മാത്രമാണത്. പെട്ടെന്ന് തകരുന്നതും സാന്ദർഭികവും മാത്രവുമായ കൂടിച്ചേരലാണത്. ഉദാഹരണത്തിന്, നിതീഷ് കുമാറിന് ജാതി സെൻസസ് പ്രധാനമാണ്. ബി.ജെ.പിക്ക് വേണ്ട. ബിഹാർ ആവശ്യപ്പെടുന്ന പ്രത്യേക പാക്കേജിൽ ബി.ജെ.പിക്ക് താൽപര്യമില്ല. അതുപോലെ സി.എ.എ, എൻ.ആർ.സി എന്നിവയിൽ ബി.ജെ.പിക്ക് മാത്രമാണ് താൽപര്യം. ചിലപ്പോൾ മഹാരാഷ്ട്രയിൽ ശിവസേന വിമതവിഭാഗത്തിനും.
ചന്ദ്രബാബു നായിഡു ആന്ധ്രയിൽ മുസ്ലിംകൾക്ക് നാല് ശതമാനം സംവരണം നടപ്പാക്കാമെന്നു വാഗ്ദാനംചെയ്തിട്ടുണ്ട്. ഇത് ബി.ജെ.പി അംഗീകരിക്കില്ല. അതുപോലെ ആന്ധ്രക്കുള്ള പ്രത്യേക പദവി എന്ന നായിഡുവിന്റെ ആവശ്യത്തിനോട് ബി.ജെ.പി മുമ്പേ മുഖംതിരിഞ്ഞുനിൽക്കുന്നു. മാത്രമല്ല, ജെ.ഡി.യുവും ടി.ഡി.പിയും മറുകണ്ടം ചാടി നല്ല ശീലമുള്ളവരാണ്. അവർ ജയവും തോൽവിയും ഒരുപോലെ അറിഞ്ഞവരാണ്.
പക്ഷേ, മോദി ഇതുവരെ പരാജയം രുചിച്ചിട്ടില്ല, ഗാന്ധിനഗർ തൊട്ട് ഡൽഹി വരെ. ഒരു മുന്നണിയെ നയിക്കാനുള്ള പ്രാവീണ്യമൊന്നും മോദിക്കില്ല. ആരെയും അനുസരിച്ചും പതിവില്ല. പാർട്ടി അധ്യക്ഷന്മാർപോലും പാവകളായിരിക്കണമെന്ന് നിർബന്ധമുള്ളയാൾ. നാട്യങ്ങളൊന്നും ഇനി നടക്കില്ല. നോട്ട് നിരോധനംപോലുള്ള സർജിക്കൽ സ്ട്രൈക്ക് ഒന്നും സാധ്യമാകില്ല. നായിഡുവും നിതീഷും മെയ്വഴക്കമുള്ള രാഷ്ട്രീയക്കാരാണ്. അത്തരമൊരു സാഹചര്യത്തിൽ അറ്റകൈക്ക് മോദിക്ക് പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ശിപാർശ ചെയ്യുകയേ പോംവഴി ഉണ്ടാവുകയുള്ളൂ.
=========