എനിക്ക് ഏതു സാഹചര്യത്തിലും ഫിലിം മേക്കിങ് കഴിയും
മാധ്യമം വാർഷികപ്പതിപ്പിൽ സംവിധായകൻ ശ്യാമപ്രസാദുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ മൂന്നാം ഭാഗം. തന്റെ ജീവിതം, പഠനം, നാടകം, ദൂരദർശൻ ജീവിതം, സിനിമ എന്നിവയെക്കുറിച്ച് ശ്യാമപ്രസാദ് സംസാരിക്കുന്നു. ഇൗ അഭിമുഖത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ലക്കം (1388) പ്രസിദ്ധീകരിച്ചിരുന്നു.
താങ്കളുടെ പല ചലച്ചിത്രങ്ങളും ഏതെങ്കിലുമൊക്കെ പ്രഖ്യാത രചനകളെ അടിസ്ഥാനമാക്കിയാണ്. ഈ തിരഞ്ഞെടുപ്പുകൾ എന്തുകൊണ്ടാണ്?
ഞാനൊരു നാടക വിദ്യാർഥിയായതിന്റെ ബാക്കിപത്രമാണത്. ഒരു സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ അതിന് പറ്റിയ ഒരു ടെക്സ്റ്റ് എഴുതി ഉണ്ടാക്കാം എന്നല്ല ആദ്യം ആലോചിക്കുന്നത്. ഒരു നാടകം അവതരിപ്പിക്കണമെന്ന് പറയുമ്പോൾ ഷേക്സ്പിയറുടെയോ ഭാസന്റെയോ സി.ജെ. തോമസിെന്റയോ ഒരു കൃതി എടുക്കുമ്പോലെയാണ് ഇവിടെയും നടക്കുന്നത്. ഒരു കൃതിയെ വ്യാഖ്യാനിക്കാൻ കിട്ടുന്ന അവസരമാണിത്. അതൊരു പ്രധാന ഘടകമാണ്. മറ്റൊന്ന് സിനിമക്കുവേണ്ടി എഴുതുന്ന രചനകളിൽ പൊതുവെ ഞാൻ വലിയ മൂല്യം കാണുന്നില്ല. നിരവധി അപവാദങ്ങൾ ഉണ്ടാവാം.
പക്ഷേ, സിനിമക്കുവേണ്ടി ഉണ്ടാക്കുന്ന അധികം രചനകളും തട്ടിക്കൂട്ടാണ്. വെറും നിർമിതിയാണ്. സിനിമ നിരവധി നിബന്ധനകൾക്കുള്ളിൽ നിന്നുകൊണ്ട് നിർമിക്കുന്ന ഒന്നാണ്. ബജറ്റ്, ഭാഷ, സമയം, അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങൾ സിനിമയിൽ പ്രധാനമാണ്. ഇത്തരം നിരവധി നിബന്ധനകളാൽ സ്വാധീനിക്കപ്പെടുന്ന ഒന്നാണ് ഒരു ചലച്ചിത്രസൃഷ്ടി. എന്നാൽ, ഒരു എഴുത്തുകാരന് അത്തരം പ്രശ്നമില്ല. അയാളും അയാൾ കണ്ട, അനുഭവിച്ച ജീവിതവും തമ്മിലുള്ള നേരിട്ട ഒരു ബന്ധമാണ് അവിടെയുള്ളത്. എഴുത്തുകാരിയുടെ കഴിവിന്റെ പരിമിതിയും സാധ്യതയും മാത്രമേ അവിടെയുള്ളൂ. ഏത് എഴുത്തുകാരന്റെയും പ്രശ്നം അതു മാത്രമാണ്. അതുകൊണ്ട് എഴുത്ത് എന്നത് ജൈവവും നിർമലവുമായ ഒരു സൃഷ്ടികർമമാണ്.
അതുകൊണ്ടുതന്നെ സാഹിത്യരചനക്ക് ഞാൻ വലിയ മൂല്യം കാണുന്നുണ്ട്. എന്റെ സൃഷ്ടിക്ക് അത്തരമൊരു ശക്തമായ ആധാരം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സിനിമക്കുവേണ്ടി എഴുതുന്ന തിരക്കഥകൾ പൊതുവെ അങ്ങനെയല്ല. നിരവധി കലർപ്പുകൾ അതിനകത്ത് വന്നുചേരുക എന്നത് അനിവാര്യമാണ്. ഇതിന് അപവാദങ്ങൾ ചൂണ്ടിക്കാണിക്കാം. കൊടിയേറ്റം, തമ്പ് തുടങ്ങിയവയൊക്കെ സിനിമക്കുവേണ്ടി എഴുതിയതാണ്. Pure cinema ആണ് അവയൊക്കെ. എന്നെ ആകർഷിച്ച, സ്വാധീനിച്ച ഒരു കൃതിയിൽനിന്നാണ് സിനിമ കണ്ടെത്തുന്നത്. ‘ഹീരക് ദീപ്തി’ വായിച്ചപ്പോൾ അത് സിനിമയാക്കണെമന്ന് തോന്നി. അങ്ങനെയാണ് ‘ഒരേ കടൽ’ ഉണ്ടാവുന്നത്.
ഞാൻ കോളജിൽ പഠിക്കുമ്പോൾതന്നെ ബംഗാളി സാഹിത്യ കൃതികൾ വായിക്കുമായിരുന്നു. കാരണം വിവർത്തനങ്ങളിലൂടെ വായിക്കാൻ കിട്ടിയതിലധികവും ബംഗാളി സാഹിത്യമാണ്. പല ബംഗാളി കൃതികളുടെയും ഘടന സിനിമക്ക് ഉപയുക്തമായിരുന്നു. സുനിൽ ഗംഗോപാധ്യായ, ആശാപൂർണ ദേവി തുടങ്ങിയവരുടെ കൃതികൾ പലതും. സ്വതന്ത്രമായി തിരക്കഥ ഉണ്ടാക്കിയത് കുറച്ച് സിനിമകളേയുള്ളൂ. ‘ഋതു’, ‘ഇംഗ്ലീഷ്’, ‘ഇവിടെ’, ‘ഹേ ജൂഡ്’ തുടങ്ങിയവ.
‘ഋതു’ താങ്കളുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവാെണന്ന് പറയാം. പുതിയ ലോകം പുതിയ ജീവിതാനുഭവങ്ങൾ ഒക്കെയാണല്ലോ അവതരിപ്പിച്ചത്. ആ സിനിമയുടെ നിർമാണ പശ്ചാത്തലം എന്തായിരുന്നു?
രണ്ടായിരത്തിന്റെ തുടക്കകാലത്ത് തിരുവനന്തപുരത്ത് ടെക്നോപാർക്ക് സജീവമായിത്തീർന്നു. ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന ധാരാളംപേർ എന്റെ സുഹൃത്തുക്കളായി ഉണ്ടായിരുന്നു. പരിസരവാസികൾ ഉണ്ടായിരുന്നു. അവരുടെ ജീവിതം ഞാൻ അടുത്തുനിന്ന് മനസ്സിലാക്കി. അവരുടെ പ്രണയം, സൗഹൃദം, ആഘോഷങ്ങൾ എല്ലാം കാണാൻ തുടങ്ങി. ഇതൊന്നും നമ്മുടെ സിനിമകളിൽ പ്രതിഫലിച്ചിട്ടില്ലല്ലോ എന്ന് തോന്നി. ജോഷ്വാ നൂട്ടൺ എന്ന എഴുത്തുകാരനോട് ഞാൻ ഈ ആശയം പറഞ്ഞു. അതിൽ വർക്ക് ചെയ്തു തുടങ്ങി. ഒരു വർഷംകൊണ്ട് തിരക്കഥ പൂർത്തിയാക്കി 2009ൽ സിനിമ നിർമിച്ചു.
താങ്കളുടെ ചില സിനിമകളുടെ തിരക്കഥകൾ മറ്റ് എഴുത്തുകാരാണ് തയാറാക്കിയിരിക്കുന്നത്. അതിൽ സംവിധായകന്റെ ഇൻവോൾവ്മെന്റ് എത്രമാത്രം ഉണ്ട്?
ഒരു സിനിമയിൽ ധാരാളം കലാകാരന്മാരുമായി കൊളാബറേറ്റ് ചെയ്യേണ്ടിവരും. പക്ഷേ, അവസാനത്തെ തീരുമാനമെടുക്കുന്നത് സംവിധായകനാണ്. ഒരു കാമറാമാൻ കാമറകൊണ്ട് ചെയ്യുന്നത്, എഴുത്തുകാരൻ ഭാഷകൊണ്ട് എഴുതി തയാറാക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഓരോ തിരക്കഥയിലും എന്റെ ക്രിയാത്മക സാന്നിധ്യം ഉടനീളമുണ്ട്. എഴുത്തുകാരൻ എഴുതിത്തന്ന തിരക്കഥയും അവസാനം രൂപപ്പെടുന്ന സിനിമയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടാവും. പ്യൂപ്പ ചിത്രശലഭമാകുന്നതുപോലെയാണ്. ചിത്രശലഭമായി കഴിഞ്ഞാൽ പ്യൂപ്പക്ക് പ്രസക്തിയില്ലല്ലോ അതുപോലെയാണ്. ചിത്രശലഭമാകുന്ന ആ പ്രോസസാണ് പ്രധാനം.
ക്ലോസപ്പുകൾക്ക് പ്രാധാന്യം നൽകുന്ന രീതിയാണ് താങ്കൾ സ്വീകരിച്ചുകാണുന്നത്? ഈ ഒരു സമീപനത്തിലൂടെ ലക്ഷ്യമിടുന്നത് എന്താണ്?
ബോധപൂർവം സൃഷ്ടിക്കുന്ന ആഖ്യാനഘടനകളല്ല എന്റേത്. അഭിരുചി നയിക്കുന്ന വഴികളിലൂടെ ഞാൻ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. എന്നെ സ്വാധീനിച്ച നിരവധി സംവിധായകരുണ്ട്. അവരുടെയൊക്കെ സിനിമ കണ്ട് ഉണ്ടായ ഒരു സെൻസിബിലിറ്റി ആവാം ഇത്. എനിക്കിഷ്ടപ്പെട്ട സംവിധായകരിൽ പ്രധാനിയാണ് ക്രിസ്റ്റോഫ് കീസ്ലോവിസ്കി. അദ്ദേഹത്തിന്റെ സിനിമാറ്റിക് എക്സ്പ്രഷൻസാണ് അബോധത്തിൽ എന്റെ മോഡൽ. ആ സിനിമകൾ എനിക്ക് തന്ന ചിന്തയുടെയും അനുഭവത്തിന്റെയും തലങ്ങളുണ്ട്. അത് ദൃശ്യത്തിലൂടെയും സംഗീതത്തിലൂടെയും പാത്രകൽപനകളിലൂടെയും പുനഃസൃഷ്ടിക്കാനാണ് ഞാൻ അറിയാതെ തന്നെ ശ്രമിക്കുന്നത്. ധാരാളം പാശ്ചാത്യ സിനിമകൾ ഞാൻ കാണാറുണ്ട്.
ഹോളിവുഡ്, യൂറോപ്യനുമെല്ലാം. അതിൽനിന്ന് കിട്ടുന്ന ദൃശ്യസംസ്കാരം സ്വാധീനിച്ചിരിക്കാം. എനിക്ക് കാണാൻ ഏറെ ഇഷ്ടപ്പെട്ട സിനിമകൾ വുഡി അലന്റേതാണ്. പക്ഷേ, ആ ശൈലി എന്റെ ചിത്രങ്ങളെ വലുതായി സ്വാധീനിച്ചിട്ടില്ല. അത് അത്ര വൈയക്തികമായ ഒരു ശൈലിയാണ്. ആ ഫിലിം മേക്കറുടെ വ്യക്തിപരമായ ജീവിതത്തിൽനിന്ന് ഉണ്ടായ സിനിമകളാണത്. അർബൻ അമേരിക്കൻ ലോകത്തിന്റെ പ്രതിഫലനമാണ് വുഡി അലന്റെ സിനിമകൾ. പക്ഷേ, കീസ്ലോവിസ്കിയുടെ ആവിഷ്കാരങ്ങൾ കുറേക്കൂടി യൂനിവേഴ്സലാണ്.
ഒന്നുരണ്ട് ചിത്രങ്ങളിൽ സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ടല്ലോ?
ദൂരദർശനിൽ ചേർന്ന ശേഷമാണ് സംഗീതത്തിലേക്ക് തിരിച്ചു വന്നത്. അവിടെ ചെയ്യുന്ന ചില േപ്രാഗ്രാമുകൾക്ക് പശ്ചാത്തലം കൊടുക്കാൻ സംഗീതം വേണ്ടിവന്നു. അപ്പോൾ വെസ്റ്റേൺ സംഗീതം പരതാൻ തുടങ്ങി. അതിന്റെ ഭാഗമായി ധാരാളം ക്ലാസിക്കൽ സംഗീതം കേട്ടു. ഹാർമണി അടിസ്ഥാനമാക്കിയ പാശ്ചാത്യ സംഗീതം. ദൃശ്യവിന്യാസത്തിന് ഹാർമണി നന്നായി സപ്പോർട്ട് ചെയ്യും. വെസ്റ്റേൺ ക്ലാസിക്കിലെ മാസ്റ്റേഴ്സിന്റെ കൃതികൾ കേൾക്കാൻ തുടങ്ങി. അതിലെ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. ഓരോ കാലത്തെയും സംഗീതരീതികൾ എന്തായിരുന്നു എന്ന് കണ്ടെത്താൻ ആഗ്രഹിച്ച എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പഠിക്കാൻ തുടങ്ങിയാൽ ആഴത്തിലേക്ക് പോകും.
നൂറുകണക്കിന് കാസറ്റുകൾ ശേഖരിച്ചു. ഇന്ത്യൻ സംഗീതവും പാശ്ചാത്യ സംഗീതവും തമ്മിലുള്ള വ്യത്യാസങ്ങളും സമാനതകളും മനസ്സിലാക്കി. ജീവിതവുമായും ഭാവനയുമായും എങ്ങനെ സംഗീതത്തെ ബന്ധിപ്പിക്കാമെന്ന് ആലോചിച്ചു. അങ്ങനെയൊക്കെ പഠിക്കാൻ തുടങ്ങി. ദൂരദർശനിൽ പ്രോഗ്രാം ചെയ്യുമ്പോൾ പശ്ചാത്തല സംഗീതം വേണം. അത് കമ്പോസ് ചെയ്യിക്കാനുള്ള പണം ഓഫിസിൽനിന്ന് തരില്ല. അപ്പോൾ അനുയോജ്യമായ സംഗീതം കണ്ടെത്താൻ തുടങ്ങി. മറ്റു പലർക്കും വേണ്ടിയും സംഗീതം കണ്ടെത്തിക്കൊടുത്തു. അങ്ങനെ ഞാൻ സംഗീതത്തെ ആഴത്തിൽ അറിഞ്ഞു.
ഞാൻ രണ്ട് സിനിമകൾക്കാണ് സംഗീതം നൽകിയത്. ‘ഒരു ഞായറാഴ്ച’, ‘കാസിമിന്റെ കടൽ’ എന്നീ സിനിമകൾക്ക് സംഗീതം കൊടുത്തു. എന്റെ സിനിമകൾക്ക് സംഗീതം ചെയ്തവരിലൂടെ ഞാൻ കാര്യങ്ങൾ പഠിക്കുന്നുണ്ടായിരുന്നു. പശ്ചാത്തല സംഗീതം എവിടെ ചേർക്കണം, എവിടെ അവസാനിപ്പിക്കണം, ഏതുതരത്തിലുള്ള വാദ്യോപകരണങ്ങൾ ഉപയോഗിക്കണം, ഏതു സംസ്കാരത്തിലുള്ള സംഗീതമാണ് വേണ്ടത്... ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. ഇതിനിടയിൽ ഞാൻ പിയാനോ പഠിക്കാൻ ശ്രമിച്ചു. കോവിഡ് കാലത്ത് ഡിജിറ്റൽ മ്യൂസിക് കമ്പോസിങ് ഓൺലൈനായി പഠിക്കാൻ തുടങ്ങി. സംശയമുള്ളപ്പോൾ സുഹൃത്തുക്കളായ സംഗീതസംവിധായകരെ വിളിക്കും അങ്ങനെ ഞാൻ പഠിച്ചെടുത്തതാണ് അതിന്റെ ഗ്രാമർ, സാങ്കേതികത തുടങ്ങിയ കാര്യങ്ങൾ. അങ്ങനെയാണ് ഞാൻ ‘ഞായറാഴ്ച’യിൽ കമ്പോസ് ചെയ്തുനോക്കാം എന്ന് തീരുമാനിച്ചത്. പിന്നീടാണ് ‘കാസിമിന്റെ കടലി’ന് ചെയ്തത്.
പതിനഞ്ചോളം ചിത്രങ്ങൾ സംവിധാനംചെയ്തു. സിനിമയെ കുറിച്ച് കൃത്യമായ ധാരണ പുലർത്തുന്ന ഒരാളാണ് താങ്കൾ. സ്വന്തം കൈയൊപ്പ് പതിഞ്ഞ സിനിമകൾ ഇനിയും ചെയ്തിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ?
ഇല്ല, അങ്ങനെ തോന്നിയിട്ടില്ല. ഓരോ സിനിമയിലും കൈയൊപ്പുണ്ട്. ഓരോ സിനിമയും ഓരോ തരത്തിലുള്ള സന്തോഷങ്ങളാണ് തരുന്നത്. എല്ലാം തികഞ്ഞ ഒരു സൃഷ്ടി എന്നെങ്കിലും ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല. ഒരു എഴുത്തുകാരന്റെ മുന്നിൽ അയാളുടെ പ്രമേയവും അയാളും മാത്രമേയുള്ളൂ. എന്നാൽ, സിനിമ അങ്ങനെയല്ല. ഒരുപാട് ആളുകൾ പങ്കെടുക്കുന്ന പ്രക്രിയയാണ്. നമ്മുടെ മനസ്സിലെ ആശയം കാമറാമാനിലൂടെ, എഡിറ്ററിലൂടെ പുറത്ത് എത്തിക്കുകയാണ് ചെയ്യുന്നത്.
അതിനിടയിൽ ചില ചോർച്ചകൾ വരും. സ്വന്തം ആശയം സാക്ഷാത്കരിക്കുന്നതിൽ കുറവു വരാം. ഞാൻ എഴുതിവെച്ച ഒരു സംഭാഷണം അതേ ധ്വനിയോടെ അവതരിപ്പിക്കുന്നതിൽ നടന് ഒരു വലിയ പങ്കുണ്ട്. ഇങ്ങനെ പലരിലൂടെ പൂർത്തിയാകുന്നതാണ് സിനിമ എന്നതുകൊണ്ട് പൂർണത എന്നത് സിനിമയിൽ സാധ്യമല്ല. മനസ്സിൽ ആപ്തവാക്യംപോലെ കൊണ്ടുനടക്കുന്ന ഒരു കാര്യമുണ്ട്, തർക്കോവ്സ്കി പറഞ്ഞതാണത്. അതികഠിനമായ കാറ്റും മഴയുമുള്ള, കുറ്റാകൂരിരുട്ടുള്ള ഒരു രാത്രി, നിറയെ കൂർത്ത പാറക്കഷണങ്ങൾ പാകിയ ഒരു വഴിയിലൂടെ ഒരാൾ ഒരു മെഴുകുതിരി നാളം അണയാതെ അകലേക്ക് കൊണ്ടുപോകുന്നതുപോലെയാണ് സിനിമാ നിർമാണം. ഈ യാത്രയിൽ എന്തും സംഭവിക്കാം.
ആ ദീപം കെടാതെ അവസാനംവരെ എത്തിക്കുക എന്നതാണ് പ്രധാനം. ആ ദീപം നഷ്ടപ്പെടരുത്. ‘അഗ്നിസാക്ഷി’യിൽ ഒരുപാട് ഒത്തുതീർപ്പുകൾ വേണ്ടിവന്നു. അതുപോലെ ‘ഒരേ കടൽ’ തുടങ്ങി പലതിലും അത്തരം സാഹചര്യങ്ങൾ വേണ്ടിവന്നു. ദീപം കെടാതെ എനിക്ക് എത്തിക്കാൻ കഴിഞ്ഞോ എന്നതാണ് പ്രധാനം. പെർഫെക്ഷൻ എന്നത് വെറും അസംബന്ധമായ കാര്യമാണ്.
ദൂരദർശനിൽനിന്നാണ് സിനിമയിലേക്ക് വന്നത്. ദൂരദർശന്റെ തൊഴിൽസംസ്കാരം സിനിമയെ എങ്ങനെ ബാധിച്ചു?
അതൊരു ഗുണമായാണ് ആദ്യം തോന്നിയത്. പരിമിതമായ ബജറ്റിൽനിന്നുകൊണ്ട്, എല്ലാവരെയും കൂട്ടിയോജിപ്പിച്ച് എനിക്ക് സിനിമ ചെയ്യാൻ കഴിഞ്ഞു. കോടമ്പാക്കം സിനിമ നിർമാണ സംസ്കാരത്തിൽനിന്ന് വരുന്നവർക്ക് ഈ രീതി ഉൾക്കൊള്ളാൻ കഴിയില്ല. അവർക്ക് പതിവ് സമ്പ്രദായങ്ങൾതന്നെ വേണം. എനിക്ക് ഏതു സാഹചര്യത്തിലും ഫിലിം മേക്കിങ് കഴിയും. ദൂരദർശൻ തൊഴിൽ അനുഭവം ഒരു പരിമിതിയായല്ല, ഒരു ഗുണമായാണ് എനിക്ക് അനുഭവപ്പെട്ടത്. പിന്നെ ഇതിന്റെ നിർമാണരീതിയെല്ലാം ഒന്നാണ്. സിനിമ വലിയ സ്ക്രീനിൽ കാണിക്കുന്നു എന്നേയുള്ളൂ. ആത്യന്തികമായി രണ്ടും ഒന്നാണ് ആവശ്യപ്പെടുന്നത്.
ദൂരദർശൻ വിട്ടശേഷം സീരിയലുകൾ ചെയ്തു. ഉയർന്ന ദൃശ്യസംസ്കാരവും കലാബോധവുമുള്ള ഒരാൾക്ക് എങ്ങനെ സീരിയലുകൾ ചെയ്യാൻ കഴിഞ്ഞു?
അന്നത്തെ സീരിയൽ സംസ്കാരം ഇന്നത്തെ പോലെ അധമമായിട്ടില്ല. ഒരു ദയനീയ അവസ്ഥയിൽ എത്തിയില്ല. 13 എപ്പിസോഡ് സീരിയലുകൾ ഏറക്കുറെ മാന്യമായിട്ടുള്ളതായിരുന്നു. ഇപ്പോഴത്തെ പോലെ സോപ്പ് എന്ന തരത്തിലുള്ളത് ഉണ്ടായിട്ടില്ല. കലാപരമായ ഒരു മേന്മയും ഇല്ലാത്തതാണ്. അന്ന് ചില സാഹിത്യകാരന്മാരുടെ കൃതികൾ ആവിഷ്കരിച്ചിരുന്നു. എന്റെ ചെറു ചിത്രങ്ങളുടെ തുടർച്ചയായേ അതിനെ കണ്ടിട്ടുള്ളൂ. ‘ശമനതാളം’, ‘മണൽ നഗരം’, ‘മരണം ദുർബലം’ തുടങ്ങിയവയാണ് ചെയ്തത്.
ദീർഘകാലത്തെ കലാ പ്രവർത്തനങ്ങൾ താങ്കളുടെ ആന്തരിക ജീവിതത്തെ എങ്ങനെയാണ് ബാധിച്ചത്?
ആന്തരികമായ പരിണാമം ഉണ്ടായി എന്നത് ശരിയാണ്. അത് പുേരാഗമനാത്മകമാണോ എന്നറിയില്ല. ഒരു കഥയിൽനിന്ന് മറ്റൊരു കഥയിലേക്ക് എത്തുമ്പോൾ മെറ്റാരു ജീവിതമാണ് കാണുന്നത്. സമൂഹത്തിന്റെ മാറ്റവും നമ്മളെ ബാധിക്കും. നമ്മളെ പിന്നോട്ട് നയിക്കുന്ന ഹതാശയനാക്കുന്ന കാര്യങ്ങളാണ് പുറത്തുനടക്കുന്നത്. സാംസ്കാരിക രംഗത്തും രാഷ്ട്രീയരംഗത്തും അങ്ങനെയാണ് സംഭവിക്കുന്നത്. ഇവിടെ നടക്കുന്ന അസംബന്ധങ്ങൾ പലപ്പോഴും സഹിക്കാൻ കഴിയുന്നതല്ല.
അമ്മയുടെയും സഹയാത്രികയുടെയും മരണം താങ്കളുടെ വ്യക്തിജീവിതത്തെ ആഴത്തിൽ ബാധിച്ചിട്ടുണ്ടാവാം. അതിനെ അതിജീവിച്ചത് എങ്ങനെയാണ്?
അമ്മയുടെ മരണസമയത്ത് ഞാൻ ഒരു യുവാവായിരുന്നു. അമ്മയിൽനിന്ന് കുറെയൊക്കെ അകന്നു ജീവിക്കുന്ന കാലമായിരുന്നു. അമ്മയെ കാണുന്നതുതന്നെ കുറവാണ്. അമ്മയുമായി ആർദ്രമായ ബന്ധം ഉണ്ടായിരുന്നു. അമ്മയുടെ മരണം എന്നെ ബാധിച്ചു എന്നത് ശരിയാണ്. ഭാര്യയുടെ മരണവുമായി താരതമ്യപ്പെടുത്തുമ്പോൾ അത് തീരെ ചെറുതാണ്. എപ്പോഴും ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരാൾ പെെട്ടന്ന് ഇല്ലാതായി. അത് വലിയ പ്രതിസന്ധിതന്നെയായിരുന്നു. അത് ഒരു ഇരുണ്ട അവസ്ഥയിലേക്കാണ് എന്നെ കൊണ്ടുപോയത്. ഇതാണ് യാഥാർഥ്യെമന്ന് മനസ്സിലാക്കണം. വർത്തമാന കാലമേ നമ്മുടെ മുന്നിലുള്ളൂ. അത് ആഹ്ലാദത്തോടെ ജീവിക്കുക. അത് മാത്രമേ ചെയ്യാനുള്ളൂ.
അച്ഛൻ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തിന്റെ സ്വാധീനം താങ്കളുടെ കലാജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?
അച്ഛന്റെ വ്യക്തിത്വം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആദർശനിഷ്ഠയുള്ള ജീവിതം, സ്വാർഥ താൽപര്യങ്ങളില്ലാത്ത പ്രവർത്തനം. അതൊക്കെ എന്നെ സ്വാധീനിച്ചു. പലരും എന്നോട് ചോദിച്ചിട്ടുണ്ട്, താങ്കൾ എന്തുകൊണ്ട് രാഷ്ട്രീയം തിരഞ്ഞെടുത്തില്ല എന്ന്. എന്റെ വഴി തിരഞ്ഞെടുക്കേണ്ട സമയത്ത്, എന്റെ മുന്നിലുള്ള ജീവിതം അച്ഛന്റേതാണ്. വളരെ ബുദ്ധിമുട്ടുള്ള, അലച്ചിൽ സഹിക്കേണ്ട, ത്യാഗങ്ങൾ അനുഭവിക്കേണ്ട ജീവിതമാണ് രാഷ്ട്രീയ പ്രവർത്തകന്റേതെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് കുട്ടിയായിരിക്കുമ്പോൾ ആ വഴിയെ പറ്റി ആലോചിക്കാൻ കഴിയുമായിരുന്നില്ല. പിന്നെ മുതിർന്നപ്പോൾ രാഷ്ട്രീയത്തിലെ അസംബന്ധങ്ങൾ മനസ്സിലായി.
ഒ. രാജഗോപാലിന്റെ മകൻ എന്നത് പൊതുവിടത്തിൽ എനിക്ക് സ്വീകാര്യത കിട്ടിയിട്ടുണ്ട്, അതുപോലെ വിമർശനവും. ‘അഗ്നിസാക്ഷി’ ചെയ്തപ്പോൾ ഒ. രാജഗോപാലിന്റെ മകന്റെ പടം എന്ന നിലയിലുള്ള വിമർശനം ഉണ്ടായി. മറ്റ് പടങ്ങൾക്ക് എന്തായാലും ഉണ്ടായില്ല.
ദീർഘകാലത്തെ കലാജീവിതത്തിന്റെ അടിസ്ഥാനത്തിൽ ശ്യാമപ്രസാദ് ശ്യാമപ്രസാദിനെ എങ്ങനെ അടയാളപ്പെടുത്തുന്നു?
എന്റെ ജീവിതം സന്തോഷകരമായി ജീവിക്കാൻ ശ്രമിക്കുന്നു, കലാപരമായി, വ്യക്തിജീവിതമായാലും ജീവിതത്തിലെ പ്രധാനെപ്പട്ട ഒന്നാണ് എന്റെ സൃഷ്ടികൾ. സിനിമകൾ നിർമിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. അതിനുള്ളിൽ പ്രതിസന്ധികളുണ്ട്. എന്നാലും സിനിമ ചെയ്തുകൊണ്ടിരിക്കുന്നു. സംഗീതം കേൾക്കുന്നു. സംഗീത ആൽബം ചെയ്യുന്നു. അങ്ങനെ സന്തോഷത്തോടെ മുന്നോട്ടുപോകുന്നു.