Begin typing your search above and press return to search.
proflie-avatar
Login

ഭാഷയുടെ കോളനിവത്കരണം സിനിമയുടെയും വിഷയമാണ്​

ഭാഷയുടെ കോളനിവത്കരണം   സിനിമയുടെയും വിഷയമാണ്​
cancel

രാജ്യാന്തരതലത്തിൽതന്നെ പലനിലക്ക്​ ശ്രദ്ധേയമായ ‘അണ്ടർഗ്രൗണ്ട് ഓറഞ്ച്’ എന്ന അർജന്റീനിയൻ സിനിമയുടെ സംവിധായകൻ മൈക്കൽ ടെയ്‌ലർ ജാക്‌സൺ സംസാരിക്കുന്നു -അർജന്റീനിയൻ അവസ്ഥകളെപ്പറ്റി, ത​ന്റെ സിനിമയെപ്പറ്റി, സിനിമയുടെ രാഷ്​ട്രീയത്തെപ്പറ്റി.മൈക്കൽ ടെയ്‌ലർ ജാക്‌സൺ ഒരു എഴുത്തുകാരനും സംവിധായകനും വിഷ്വൽ ആർട്ടിസ്റ്റുമാണ്. കാലിഫോർണിയയിലെ മോണ്ടെറിയിൽ ജനിച്ച ജാക്സണ് ഒമ്പതുമാസം പ്രായമുള്ളപ്പോൾ പിതാവ് അന്തരിച്ചു. ഒരു പുരുഷ റോൾമോഡൽ ഇല്ലാതെ വളര്‍ന്ന ജാക്സണില്‍ ഇതൊരു സ്വത്വ പ്രതിസന്ധി സൃഷ്ടിച്ചു. ഭിന്നലിംഗ ഏകഭാര്യത്വത്തിലും അദ്ദേഹം പരാജയപ്പെട്ടു, ഈ സാഹചര്യത്തിലാണ് യുവാവായ അദ്ദേഹം മറ്റൊരു...

Your Subscription Supports Independent Journalism

View Plans
രാജ്യാന്തരതലത്തിൽതന്നെ പലനിലക്ക്​ ശ്രദ്ധേയമായ ‘അണ്ടർഗ്രൗണ്ട് ഓറഞ്ച്’ എന്ന അർജന്റീനിയൻ സിനിമയുടെ സംവിധായകൻ മൈക്കൽ ടെയ്‌ലർ ജാക്‌സൺ സംസാരിക്കുന്നു -അർജന്റീനിയൻ അവസ്ഥകളെപ്പറ്റി, ത​ന്റെ സിനിമയെപ്പറ്റി, സിനിമയുടെ രാഷ്​ട്രീയത്തെപ്പറ്റി.

മൈക്കൽ ടെയ്‌ലർ ജാക്‌സൺ ഒരു എഴുത്തുകാരനും സംവിധായകനും വിഷ്വൽ ആർട്ടിസ്റ്റുമാണ്. കാലിഫോർണിയയിലെ മോണ്ടെറിയിൽ ജനിച്ച ജാക്സണ് ഒമ്പതുമാസം പ്രായമുള്ളപ്പോൾ പിതാവ് അന്തരിച്ചു. ഒരു പുരുഷ റോൾമോഡൽ ഇല്ലാതെ വളര്‍ന്ന ജാക്സണില്‍ ഇതൊരു സ്വത്വ പ്രതിസന്ധി സൃഷ്ടിച്ചു. ഭിന്നലിംഗ ഏകഭാര്യത്വത്തിലും അദ്ദേഹം പരാജയപ്പെട്ടു, ഈ സാഹചര്യത്തിലാണ് യുവാവായ അദ്ദേഹം മറ്റൊരു ഭാഷയിലും സംസ്‌കാരത്തിലും സമാനഹൃദയരുടെ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ അർജന്റീനയിലെത്തിയത്.

​േബ്വനസ് എയ്റിസിലെ ആർട്ട് സ്‌കൂളിൽ പഠിച്ചതിനുശേഷം ന്യൂയോര്‍ക്കിലെ ഫെയർസ്റ്റൈൻ ഗ്രാ​േജ്വറ്റ് സ്‌കൂൾ ഓഫ് സിനിമയിൽനിന്ന് ചലച്ചിത്രസംവിധാനം പഠിച്ചു. പഠനകാലത്ത് അദ്ദേഹത്തിന്റെ ഹ്രസ്വചിത്രങ്ങൾ സിനിക്വെസ്റ്റ്, സരസോട്ട, സോനോമ മുതലായ മേളകളിൽ പ്രദര്‍ശിപ്പിക്കുകയും ബഹുമതികൾ കരസ്ഥമാക്കുകയുംചെയ്തു. 2019ൽ, സൺഡാൻസ് ഡെവലപ്‌മെന്റ് ലാബിലെ ഫൈനലിസ്റ്റായിരുന്നു മൈക്കൽ. 2020ൽ യൂനിവേഴ്‌സൽ മ്യൂസിക്കിനായി രണ്ട് സംഗീത വിഡിയോകൾ സംവിധാനംചെയ്തു. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ സിനിമയാണ് ‘അണ്ടർഗ്രൗണ്ട് ഓറഞ്ച്’ (2004). ഈ സിനിമ ഇത്തവണത്തെ ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ആത്മകഥാപരമായ ഈ സിനിമ കടൽക്കൊള്ളക്കാരനായ ഹിപ്പോലൈറ്റ് ബൗച്ചാർഡിന്റെ ശവകുടീരം തേടി േബ്വനസ് എയ്റിസിൽ എത്തിയ അമേരിക്കൻ യുവാവിനെ കുറിച്ചാണ്. അയാളുടെ ബാഗ് മോഷ്ടിക്കപ്പെട്ടതിനാൽ പണമോ പാസ്‌പോർട്ടോ ഇല്ലാത്ത അയാൾ താമസിക്കാൻ ഇടമില്ലാതെ ശ്മശാനത്തിൽ ഉറങ്ങുന്നു. ഉണരുമ്പോൾ, അയാള്‍ക്ക് ചുറ്റും വർണാഭമായ അരാജകവാദികളുടെ ഒരു കൂട്ടം. ഒരു ഹെൻറി കിസിഞ്ജറുടെ പ്രാദേശിക കുറ്റകൃത്യങ്ങളെ അപലപിക്കുന്ന ഒരു നാടകം വികസിപ്പിക്കുന്നതില്‍ വ്യാപൃതരായ ഈ സംഘം ദീര്‍ഘ സംഭാഷണങ്ങള്‍ക്കുശേഷം അമേരിക്കന്‍ യുവാവിനെ നാടകത്തിലെ നായകനായി അഭിനയിക്കാൻ കൂടെക്കൂട്ടുന്നു.

ക്വിയർ, പൊളിറ്റിക്കൽ, കോമഡി, ഡ്രാമ, ഫാന്റസി, ത്രില്ലർ എന്നിവയുടെ മിശ്രിതമായ ഈ സിനിമ വ്യക്തിപരമായിരിക്കവെ തന്നെ നിയോ കൊളോണിയലിസം, ഓപറേഷൻ കോണ്ടർ, അർജന്റീനയിലെ സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ പര്യവേക്ഷണംചെയ്യുന്നു. അമ്പത് വർഷങ്ങൾക്കു മുമ്പ് സ്വന്തം രാഷ്ട്രം തകർത്ത ഒരു രാജ്യത്തിലേക്ക് സുഹൃത്തുക്കളെ ഉണ്ടാക്കാനും അവരെ സംയോജിപ്പിക്കാനുമുള്ള ഒരു വിദേശിയുടെ അന്വേഷണത്തെക്കുറിച്ചാണ് സിനിമ.

കിസിഞ്ജറിന്റെ കുറ്റകൃത്യങ്ങൾ സിനിമയിലെ ഒരു പ്രധാന വിഷയമാണ്. കംബോഡിയയിൽ ബോംബാക്രമണം, 1973ലെ ചിലിയൻ അട്ടിമറിയിലെ പങ്കാളിത്തം, ‘വൃത്തികെട്ട യുദ്ധ’ത്തിൽ അർജന്റീനയുടെ സൈനിക ഭരണകൂടത്തിനുള്ള പിന്തുണ, കിഴക്കൻ തിമൂർ അധിനിവേശത്തിൽ ഇന്തോനേഷ്യക്കുള്ള പിന്തുണ, ബംഗ്ലാദേശ് വിമോചന യുദ്ധ സമയത്ത് പാകിസ്താനുള്ള പിന്തുണ, ബംഗ്ലാദേശ് വംശഹത്യ എന്നിവയുൾപ്പെടെ വിവാദപരമായ അമേരിക്കൻ നയങ്ങളുമായി കിസിഞ്ജറിന് ബന്ധമുണ്ട്. ഇടതുപക്ഷ ഗറിലകളെയും മറ്റ് വിമതരെയും അടിച്ചമര്‍ത്തുന്നതിന് കിസിഞ്ജർ അര്‍ജന്റീനയിലെ സൈനിക ഭരണകൂടത്തിന് പച്ചക്കൊടി കാട്ടി. ഇതിന്റെ ഫലമായി വധിക്കുന്നതിനു മുമ്പ് ആയിരക്കണക്കിന് ആളുകളെ നാനൂറിലധികം രഹസ്യ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ പാർപ്പിച്ചിരുന്നു. ധാരാളം വിമതര്‍ അപ്രത്യക്ഷരായി.

“എന്തുകൊണ്ടാണ് അർജന്റീനയിലെ ആളുകൾ അമേരിക്കന്‍ പൗരന്മാരെ യാങ്കികൾ എന്ന് വിളിക്കുന്നത്? വർധിച്ചുവരുന്ന പരസ്പരബന്ധിതമായ ലോകം കണക്കിലെടുക്കുമ്പോൾ, നമുക്ക് എങ്ങനെ നമ്മുടെ ദേശീയതയെ നന്നായി മനസ്സിലാക്കാനും മറ്റ് സംസ്കാരങ്ങൾ നമ്മെ വീക്ഷിക്കുന്ന രീതിയിൽ നർമം കണ്ടെത്താനും കഴിയും? രാത്രിയിൽ എന്നെ ഉണർത്തുന്ന ചില ചോദ്യങ്ങളാണ് എന്റെ ആദ്യ ഫീച്ചർ ഫിലിമിൽ ഞാൻ പര്യവേക്ഷണം ചെയ്യുന്നത്’’ എന്ന് സംവിധായകന്‍. സംവിധായകനുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

‘അ​ണ്ട​ർ​ഗ്രൗ​ണ്ട് ഓ​റ​ഞ്ച്’ -ഒരു രംഗം

 

താങ്കളുടെ സിനിമയുടെ പേര്, ‘അണ്ടർഗ്രൗണ്ട് ഓറഞ്ച്’, വിവിധ അണ്ടർഗ്രൗണ്ട് സിനിമാ പ്രസ്ഥാനങ്ങളെ, പ്രത്യേകിച്ച് അമേരിക്കൻ അണ്ടർഗ്രൗണ്ട് സിനിമകളെ ഓർമിപ്പിച്ചു. താങ്കൾക്ക് ഈ പ്രസ്ഥാനം പ്രചോദകമായിട്ടുണ്ടോ? രണ്ടാമതായി, ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ, 1930 മുതൽ അര്‍ജന്റീനയിൽ അവാങ്-ഗാർഡ് സിനിമ നിലവിലുണ്ടെന്ന് എനിക്ക് മനസ്സിലായി. അര്‍ജന്റീനയിൽ ഈ രംഗത്ത്‌ സർഗാത്മകതയുടെ രണ്ട് വലിയ കുതിപ്പുകൾ ഉണ്ടായിരുന്നു –ഒന്ന് 1970കളിൽ (1960കളിലും 1980കളിലും അര്‍ജന്റീനയുടെ ചരിത്രത്തിലെ രക്തരൂഷിതമായ സൈനിക സ്വേച്ഛാധിപത്യ കാലത്ത്), രണ്ടാമത്തേത് 2000കളുടെ പകുതി മുതൽ തുടരുന്നത് (സാമൂഹിക പ്രക്ഷോഭം ഉണ്ടായ മറ്റൊരു കാലഘട്ടം). താങ്കളുടെ മറുപടി അറിയാൻ താൽപര്യമുണ്ട്?

താങ്കൾ പറഞ്ഞത് വളരെ ശരിയാണ്: എന്റെ സിനിമയുടെ തലക്കെട്ടിന് അണ്ടർഗ്രൗണ്ട് സിനിമയുമായി ബന്ധമില്ലെങ്കിലും ഇത് ഒരു അണ്ടർഗ്രൗണ്ട് വിപ്ലവ പ്രസ്ഥാനത്തിൽനിന്നാണ് എടുത്തത്. M 19 എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം തീവ്രവാദികൾ അവരുടെ തലമുടിക്ക് ‘അണ്ടർഗ്രൗണ്ട് ഓറഞ്ച്’ എന്നു പേരുള്ള ചായം തേക്കാറുണ്ടായിരുന്നു. മൂന്നാം സിനിമ, പിനോ സോളനാസിന്റെ അര്‍ജന്റീനിയൻ സിനിമകൾ, ‘ദി ബാറ്റിൽ ഓഫ് അൽജിയേഴ്‌സ്’ പോലുള്ള സിനിമകളിൽനിന്ന് ഞാൻ പ്രചോദനം ഉൾക്കൊണ്ടിരുന്നു എന്ന അർഥത്തിലും താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. അമേരിക്കയിലെയും യൂറോപ്പിലെയും ക്യൂർകോർ, ഡൗൺടൗൺ 81 സിനിമ എന്നീ പ്രസ്ഥാനങ്ങളില്‍നിന്നു മാത്രമല്ല, ഗൊദാര്‍ദിന്റെ ‘ലാ ചിനോയിസ്’, ‘പിയറെ ലെ ഫൂ’ എന്നീ സിനിമകളിൽനിന്നും എനിക്ക് പ്രചോദനം ലഭിച്ചു.

ഈ സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായ ഗോഡ്ഫ്രെ റെഗിയോ ‘കൊയാനിസ്‌കാറ്റ്‌സി’ പോലുള്ള അങ്ങേയറ്റം പരീക്ഷണാത്മകമായ സിനിമകളുടെ സംവിധായകനാണ് എന്നത് ശ്രദ്ധേയമാണ്. ഇതിനെക്കുറിച്ച് കൂടുതൽ പറയാമോ?

ചെറുപ്പത്തില്‍ ഞാൻ ‘കൊയാനിസ്‌കാറ്റ്‌സി’ കാണുകയും ഈ സിനിമയുമായി പ്രണയത്തിലാവുകയുംചെയ്‌തിരുന്നു. അത് കണ്ടതിനുശേഷം, ഗോഡ്ഫ്രെയുടെ അടുത്ത സിനിമയില്‍ പ്രവര്‍ത്തിക്കാൻ കഴിയുമോ എന്ന് അന്വേഷിച്ച് ഞാൻ അദ്ദേഹത്തിന്റെ ഐ.ആർ.ഇ എന്ന കമ്പനിയുമായി ബന്ധപ്പെട്ടു. ഈ സമയത്ത് എനിക്ക് 20 വയസ്സായിരുന്നു. ഗോഡ്ഫ്രെ എനിക്ക് മറുപടി നൽകി, തുടര്‍ന്ന് ഞങ്ങൾ ഒരു വിദൂര മെന്റർഷിപ് രീതിയിലുള്ള ബന്ധം ആരംഭിച്ചു. 2023ൽ, എന്റെ സിനിമ പോസ്റ്റ്പ്രൊഡക്ഷനിലായിരിക്കുമ്പോൾ, ഈ സിനിമ കണ്ട് അഭിപ്രായം പറയാൻ അപേക്ഷിച്ചുകൊണ്ട്‌ ഞാൻ ഗോഡ്ഫ്രെക്ക് ഇ-മെയിൽ അയച്ചു.

ആറു വര്‍ഷക്കാലം ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടുണ്ടായിരുന്നില്ല. എന്നിട്ടും, അദ്ദേഹം സിനിമ കാണാമെന്ന് പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് അദ്ദേഹം എന്നോട് പറയുകയുണ്ടായി: ഫ്രാൻസിസ് ഫോർഡ് കൊപ്പോളയും ജോർജ് ലൂക്കാസും തന്റെ ആദ്യകാല സിനിമകളുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർമാരാവാൻ തയാറായതുകൊണ്ടാണ് ആ സിനിമകള്‍ പുറംലോകം കണ്ടത്. അതുപോലെ ഗോഡ്ഫ്രെക്ക് ‘അണ്ടർഗ്രൗണ്ട് ഓറഞ്ച്’ ഇഷ്ടപ്പെട്ടു എന്ന് മറുപടി കിട്ടിയതിനുശേഷം എന്റെ ആഗ്രഹമനുസരിച്ച് അദ്ദേഹം സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാവാൻ സമ്മതിച്ചു. ഇതാദ്യമായാണ് അദ്ദേഹം ഒരു ഫീച്ചര്‍ സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാവുന്നത് എന്ന കാര്യം എന്നെ വല്ലാതെ സ്പർശിച്ചു.

‘അ​ണ്ട​ർ​ഗ്രൗ​ണ്ട് ഓ​റ​ഞ്ച്’ -രംഗങ്ങൾ

 

താങ്കള്‍ ക്വിയര്‍ ഫിലിം ഫെസ്റ്റിവലുകളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കേവലം സ്വത്വപ്രശ്നം എന്നതിന് അപ്പുറത്തേക്ക് പോകുന്ന സിനിമ എന്നിൽ താൽപര്യം ഉണര്‍ത്തി. രൂപത്തിലും സമീപനത്തിലും കേന്ദ്ര ആശയങ്ങളിലും ഇത് വളരെ റാഡിക്കല്‍ ആണ്. താങ്കള്‍ സിനിമയെ ‘ഴോണർ-ഫ്ലൂയിഡ്’ എന്ന് ലേബൽ ചെയ്തു. ഇക്കാര്യം വിശദമാക്കാമോ?

താങ്കളുടെ അഭിപ്രായത്തിന് നന്ദി. എന്നെ സംബന്ധിച്ചിടത്തോളം, ‘ക്വിയർ’ എന്നാല്‍ കേവലം ഒരു ലൈംഗിക തിരഞ്ഞെടുപ്പ് എന്നതിലുപരി ഒരു വ്യക്തിയുടെ സ്വന്തം പരിധികൾ മറികടക്കാനും, ലിംഗാവിഷ്കാരം അല്ലെങ്കിൽ റൊമാന്റിക് റിലേഷൻഷിപ്പിനെ സംബന്ധിക്കുന്ന പരമ്പരാഗത സങ്കൽപങ്ങൾക്ക് വിരുദ്ധമായി പോകാനും, ഇതിലൂടെ അസുഖകരമായ പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാനുമുള്ള വ്യക്തിയുടെ സന്നദ്ധതയെ പ്രതിഫലിപ്പിക്കുന്നു. എന്റെ സിനിമക്കായി ഞാൻ ഒരു മാനിഫെസ്റ്റോ എഴുതി (അത് https://bajonaranja.com/manifiesto-യില്‍ ലഭ്യമാണ്). ‘ഴോണർ ഫ്ലൂയിഡ്’ എന്ന പദത്തെ ക്വിയർ, പൊളിറ്റിക്കൽ, കോമഡി, ഡ്രാമ, ഫാന്റസി, ത്രില്ലർ എന്നിവയുടെ മിശ്രിതമായി വിശേഷിപ്പിക്കാം. ‘ജെൻഡര്‍’, ‘ഴോണര്‍’ എന്നിവ അവിടെ രസകരമായ ബന്ധങ്ങൾ പങ്കിടുന്നു. സ്പാനിഷ് ഭാഷയിൽ, ഇവ രണ്ടിനും ‘Genero’ എന്ന ഒറ്റ വാക്ക് മാത്രമേയുള്ളൂ.

താങ്കൾ ഈ സിനിമയെ ‘ഴോണർ ഫ്ലൂയിഡ്’ ഫിലിം എന്നാണ് വിളിക്കുന്നതെങ്കിലും, സിനിമയില്‍ വ്യത്യസ്ത ഴോണറുകളുടെ നിരവധി പരാമര്‍ശങ്ങളുണ്ട്?

ശരിയാണ്. പല വിഭാഗങ്ങളിലൂടെയാണ് സിനിമ ഒഴുകുന്നത്. മാത്രമല്ല ലൈംഗികത, ലിംഗ ഭാവങ്ങൾ, ഒരേ സമയം ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ ലൈംഗികബന്ധം പുലർത്തൽ (Polyamory) മുതലായ പ്രണയത്തിന്റെ പുതിയ രൂപങ്ങൾ എന്നിവയിലൂടെയും ഒഴുകുന്നു.

‘അണ്ടർഗ്രൗണ്ട് ഓറഞ്ച്’ ആത്മകഥാപരമാണ്. താങ്കൾ പ്രധാന കഥാപാത്രമായി അഭിനയിക്കുകയും ചെയ്യുന്നു. കാലിഫോർണിയയിൽനിന്ന് താങ്കൾ ​േബ്വനസ് എയ്റിസിലെത്തി സിനിമ സംവിധാനംചെയ്യുന്നു. ഇതിനെക്കുറിച്ച് അറിയാൻ താൽപര്യമുണ്ട്?

വാസ്‌തവത്തിൽ, ഞാൻ ആദ്യമായി േബ്വനസ് എയ്റിസിൽ വന്നത് ചെറുപ്പക്കാരനായ, നിഷ്കളങ്കനായ ഒരു വിനോദസഞ്ചാരിയായിട്ടായിരുന്നു. 1818ൽ കാലിഫോർണിയ കീഴടക്കിയ ഫ്രഞ്ച്-അര്‍ജന്റീനിയൻ കടൽക്കൊള്ളക്കാരനായ ഹിപ്പോലൈറ്റ് ബൗച്ചാർഡിനെക്കുറിച്ച് കുട്ടിക്കാലത്ത് ഞാൻ വായിക്കുമായിരുന്നു. കാലിഫോർണിയയിലെ അര്‍ജന്റീനിയൻ വംശജരുമായും ഞാൻ കൂട്ടുകൂടുമായിരുന്നു. ഞാൻ കോളജിൽ സ്പാനിഷും ഇറ്റാലിയനും പഠിച്ചു, േബ്വനസ് എയ്റിസിൽ ഈ രണ്ട് സംസ്കാരങ്ങളുടെയും സംയോജനം കാണാം. എനിക്ക് ഒമ്പതുമാസം പ്രായമുള്ളപ്പോൾ എന്റെ അച്ഛൻ മരിച്ചു, എനിക്ക് സഹോദരങ്ങളൊന്നുമില്ല, അതിനാൽ ലോകത്തെ കുറിച്ച് ജിജ്ഞാസയുള്ള ഒരേയൊരു കുട്ടി എന്ന നിലയിൽ, എന്റെ ദേശീയ സ്വത്വത്തോട് എനിക്ക് അടുപ്പം കുറഞ്ഞതായി തോന്നി എന്നു പറയാം. ഇതിനാല്‍ കൂടുതൽ സ്വാതന്ത്ര്യത്തോടെ പുതിയ മേഖലകള്‍ തേടാൻ എനിക്കായി.

േബ്വനസ് എയ്റിസിലെത്തി രണ്ടാം ദിവസം, ഒരു ടാക്സി ഡ്രൈവർ ഞാൻ എവിടെനിന്നാണ് വരുന്നതെന്ന് എന്നോട് ചോദിച്ചു. ‘‘ഞാൻ അമേരിക്കക്കാരനാണ്’’ എന്ന് ഉത്തരം പറഞ്ഞപ്പോള്‍ അയാൾ പറഞ്ഞു: “ഞാനും.’’ അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല, പക്ഷേ അർജന്റീന അമേരിക്കയെ ഒരു രാജ്യമായിട്ടല്ല, ഒരു ഭൂഖണ്ഡമായാണ് കണക്കാക്കുന്നതെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. ഇംഗ്ലീഷിൽ നവ കൊളോണിയലിസത്തെ പ്രതിഫലിപ്പിക്കാതെ നമ്മുടെ ദേശീയതയെ വിവരിക്കാൻ നമുക്കൊരു വാക്കില്ല. അർജന്റീനക്കാർ ഞങ്ങളെ ‘യാങ്കികള്‍’ എന്ന് വിളിക്കുന്നു. സ്പാനിഷ് ഭാഷയിൽ അമേരിക്കയുടെ (United States) ദേശീയ സ്വത്വത്തെ സൂചിപ്പിക്കാൻ എസ്റ്റഡൗണിഡെൻസ് (Estadounidense) എന്ന വാക്കുണ്ട്. ഞങ്ങൾക്ക് ഇംഗ്ലീഷിൽ ഇതുപോലെ ഒരു പദമില്ല.

ഒരു ഇറ്റാലിയൻ ഒരു ഫ്രഞ്ചുകാരനോട് അയാൾ എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിക്കുന്നതായി സങ്കൽപിക്കുക. അപ്പോള്‍ ‘‘ഞാൻ യൂറോപ്യനാണ്’’ എന്ന് ഫ്രഞ്ച് വ്യക്തി മറുപടി നല്‍കും. ഫ്രഞ്ചുകാര്‍ക്ക് വിദേശകാര്യങ്ങൾ കൈകാര്യംചെയ്യാൻ ഫ്രഞ്ച് എംബസിക്ക് പകരം യൂറോപ്യൻ എംബസി ഉള്ളതുപോലെ. എന്നാൽ വിദേശത്തുള്ള യു.എസ് പൗരന്മാർക്കും ഇതുതന്നെയാണ് സംഭവിക്കുന്നത്‌, ഞങ്ങൾ ‘അമേരിക്കൻ എംബസി’യിലേക്കാണ് പോകുന്നത്.

 

ഇത് ചില അർജന്റീനിയൻ ആള്‍ക്കാര്‍ക്ക് അവരെ അവഹേളിക്കുന്നതായി തോന്നുന്നു. എന്റെ സിനിമ ഇതുപോലുള്ള വ്യക്തിപരമായ സംഭവങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഇതിലൂടെ എന്റെ അമേരിക്കന്‍ ദേശീയ സ്വത്വം പര്യവേക്ഷണംചെയ്യുന്നു. വിദേശത്തേക്ക് പോകുന്ന മിക്ക ആളുകളും അവരുടെ ദേശീയ സ്വത്വത്തെ കുറിച്ച് അധികം ചിന്തിക്കുന്നില്ലെന്ന് ഞാൻ കരുതുന്നു. അപ്പോഴാണ് അവരുടെ വേഷങ്ങളും ഭാഷയും വ്യക്തിത്വങ്ങളും അവർ എത്തിപ്പെടുന്ന രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി എത്രമാത്രം അനന്യമാണെന്ന് അവർ മനസ്സിലാക്കുന്നത്.

സിനിമയെടുക്കുമ്പോൾ പരദേശി എന്ന താങ്കളുടെ അവസ്ഥയെക്കുറിച്ച് എന്താണ് ചിന്തിച്ചത്? സിനിമയിൽ, താങ്കളുമായും താങ്കളുടെ വൈരുധ്യമുള്ള അവസ്ഥകളുമായും താങ്കൾ സംഭാഷണത്തിലാണ്. താങ്കൾ ആദ്യം സിനിമയിൽ അഭിനയിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എനിക്ക് അത് പ്രത്യേകിച്ച് രസകരമായി തോന്നുന്നു?

ഇതിനു മുമ്പ് ഞാൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, അതിനാൽ തിരക്കഥ എഴുതുമ്പോൾ ഞാൻ എന്നെ ഒരു അഭിനേതാവായി കണക്കാക്കിയിരുന്നില്ല. കോവിഡിന്റെ സമയത്ത് ബ്വേനസ് എയ്റിസിലെ വിമാനത്താവളങ്ങൾ അടച്ചതിനാൽ അമേരിക്കയില്‍നിന്ന് അഭിനേതാക്കളെ കൊണ്ടുവരാൻ ഒരു മാർഗവുമില്ലായിരുന്നു. അതുകൊണ്ട് അർജന്റീനയിൽനിന്നും ഉറുഗ്വായിയിൽനിന്നും അമേരിക്കന്‍ അഭിനേതാക്കളെ കണ്ടെത്താനായി ഞാൻ ശ്രമിച്ചു, പക്ഷേ എനിക്കിഷ്ടപ്പെട്ട അഭിനേതാക്കളെ കണ്ടെത്താനായില്ല.

ഓഡിഷൻ സമയത്ത്, ഞാൻ യാങ്കി കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ വായിക്കുമായിരുന്നു. അപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആ വേഷം ചെയ്യാന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് ഞാന്‍ അഭിനയിക്കുന്നത്. അർജന്റീനയുമായി പ്രണയത്തിലായ സംവേദനശീലവും ജിജ്ഞാസയുമുള്ള ഒരു അമേരിക്കന്‍ പൗരൻ എന്നനിലയിൽ, അവരുടെ സംസ്‌കാരത്തെയും ഭാഷയെയും ബഹുമാനിക്കാൻ ഞാൻ ആഗ്രഹിച്ചു. അതേസമയം, അതിനെയും എന്നെയും കഴിയുന്നത്ര ചോദ്യംചെയ്യുക എന്നതും എന്റെ ലക്ഷ്യമായിരുന്നു.

അഭിമുഖത്തിൽ താങ്കള്‍ ഭാഷയുടെ കോളനിവത്കരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു?

മുകളിലെ ഒരു ഉത്തരത്തിൽ സൂചിപ്പിച്ചതുപോലെ, എന്റെ സിനിമയിൽ എന്നപോലെ ഇംഗ്ലീഷാണ് ഇപ്പോൾ ലോകത്തിലെ പ്രബലമായ ഭാഷ. ഇത് എന്തുകൊണ്ട്? ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിലേക്ക് നാം പോകുമ്പോൾ എല്ലായിടത്തും ഇംഗ്ലീഷ് പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ട്? തീർച്ചയായും ബ്രിട്ടീഷുകാരും കടൽക്കൊള്ളക്കാരായിരുന്നു, എന്നാൽ ഇപ്പോൾ അമേരിക്ക അവരുടെ സിനിമകൾ, ടി.വി ഷോകൾ, സംഗീതം, ഫാസ്റ്റ് ഫുഡ്, കായികം, ഭാഷ എന്നിവ പ്രചരിപ്പിക്കുന്ന അവരുടെ അന്തർദേശീയ കോർപറേഷനുകൾക്കൊപ്പം ഈ പങ്ക് വഹിക്കുന്നു. എനിക്ക് അമേരിക്കയെ ഇഷ്ടമാണ്, എന്നാൽ മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ സമൂഹത്തിലേക്ക് അമേരിക്കൻ ഉപഭോക്തൃത്വത്തിന്റെ അധിനിവേശം അനുവദിക്കണമോ വേണ്ടയോ എന്നതിൽ വലിയ തിരഞ്ഞെടുപ്പുണ്ടാകണമെന്ന് ഞാൻ വിശ്വസിക്കുന്നു. മുതലാളിത്ത ലക്ഷ്യങ്ങൾക്കായി –ഉൽപാദനക്ഷമത, കാര്യക്ഷമത– പലപ്പോഴും സ്വന്തം ഭാഷയും സംസ്കാരവും മാറ്റപ്പെടുന്നു.

താങ്കളുടെ സിനിമ എന്നെ ഹന്ന ആരെൻഡിന്റെ ‘തിന്മയുടെ നിന്ദ്യത’ എന്ന ആശയത്തെക്കുറിച്ച് ഓർമിപ്പിച്ചു. സാധാരണ മനുഷ്യർ അറിയാതെ തിന്മകൾ ചെയ്യാമെന്ന ചിന്തയാണിത്. നാസി ‘ഫൈനല്‍ സൊലൂഷന്റെ’ ശിൽപിയായ അഡോൾഫ് ഐച്ച്മാന്റെ 1961ൽ നടന്ന വിചാരണയിൽ പങ്കെടുത്തതിന് ശേഷമാണ് ആരെൻഡ് ‘ഐക്മാൻ ഇൻ ജറൂസലം’ എന്ന തന്റെ പുസ്തകത്തിൽ ഈ പദം അവതരിപ്പിച്ചത്. താങ്കൾ അമേരിക്കയിലും അർജന്റീനയിലും താമസിച്ചിരുന്നതിനാൽ താങ്കളുടെ കാഴ്ചപ്പാടുകൾ അറിയാൻ ആഗ്രഹിക്കുന്നു?

താങ്കള്‍ ഇക്കാര്യം പരാമര്‍ശിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ആരെൻഡിന്റെ ‘ഐയ്ഷ്മാൻ ഇൻ ജറൂസലം’ എന്ന പുസ്തകവും (ഇതെന്നെ വളരെയധികം സ്വാധീനിക്കുകയുണ്ടായി) എന്റെ സിനിമയില്‍ ചേര്‍ത്തിരിക്കുന്ന ‘ഹെൻറി കിസിഞ്ജർ വിചാരണ’യും ഞാൻ വായിക്കുകയുണ്ടായി. വംശഹത്യ, രാഷ്ട്രീയ അധികാരം, ഫാഷിസം, അർജന്റീന എന്നിവയുമായുള്ള അവരുടെ ബന്ധത്തിൽ കിസിഞ്ജറിനും എയ്‌ഷ്‌മാനും വളരെയധികം സാമ്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കി.

കിസിഞ്ജറിന് ഒരു വിചാരണയും നേരിടേണ്ടിവന്നില്ല. മൊസാദിന്റെ പിടിയിലായ എയ്ഷ്മാനെ ഇസ്രായേല്‍ സൈന്യം അര്‍ജന്റീനയിൽനിന്ന് നിയമവിരുദ്ധമായി ഇസ്രായേലിലേക്ക് അയക്കുകയും വിചാരണയെ തുടര്‍ന്ന് തൂക്കിക്കൊല്ലുകയുംചെയ്തു. അർജന്റീനയിൽ വധശിക്ഷയില്ല, പക്ഷേ എന്റെ സിനിമയിൽ അവതരിപ്പിക്കുന്ന ‘ബാജോ നരഞ്ജ’ എന്ന സംഘം നിയമത്തെ അവരുടെ കൈകളിൽ എടുക്കുന്നവരാണ്. ‘നിയമപരമായ കുറ്റകൃത്യങ്ങൾ’ എന്ന ആശയം എന്റെ സിനിമയിലും എയ്‌ഷ്‌മാന്റെയും കിസിഞ്ജറിന്റെയും രാഷ്ട്രീയ ഉത്തരവാദിത്തങ്ങളുടെ ചരിത്രത്തിലും പ്രധാനമാണ്. ‘അണ്ടർഗ്രൗണ്ട് ഓറഞ്ച്’ നിയമവ്യവസ്ഥക്ക് പുറത്ത് നിലനിൽക്കുന്ന ‘താൽക്കാലിക സ്വയംഭരണ മേഖലകൾ’ എന്ന് വിളിക്കപ്പെടുന്ന പ്രദേശങ്ങൾ പര്യവേക്ഷണംചെയ്യുന്നു.

യാങ്കിക്ക് പാസ്‌പോർട്ടും നിയമപരമായ എല്ലാ രേഖകളും നഷ്‌ടപ്പെട്ടു, അതിനാൽ അയാൾ സാങ്കേതികമായി നിയമവിരുദ്ധനാണ്, പക്ഷേ ഇത് സംഭവിച്ചത് സ്വന്തം തെറ്റ് കൊണ്ടല്ല. സ്വന്തം സര്‍ക്കാറുകളുടെ നിയമപരമായ ഉത്തരവുകൾ പാലിച്ചുകൊണ്ടാണ് കിസിഞ്ജറോ എയ്ഷ്മാനോ കൂട്ട വംശഹത്യകൾ അംഗീകരിക്കുകയും നടപ്പാക്കുകയുംചെയ്തത്. ഇത് വിരോധാഭാസമാണ്. എന്നാൽ ആ നിയമങ്ങൾ എങ്ങനെയാണ് എഴുതിയിരിക്കുന്നത്, എപ്പോൾ, എന്തുകൊ​െണ്ടന്ന് ആരെൻഡ് അന്വേഷിച്ചു, ഇത് അവരെ എന്റെ കാഴ്ചപ്പാടിൽ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തത്ത്വചിന്തകരിലൊരാളാക്കുന്നു. നമ്മുടെ ആഗോള നിയമസംവിധാനം ഇത്തരം ചോദ്യങ്ങൾ പരിഗണിക്കുന്നില്ല. അതാണ് ലോകത്ത് ഇത്രയധികം അനീതികൾ ഉണ്ടാകാനുള്ള കാരണങ്ങളിലൊന്ന് എന്നാണ് എനിക്ക് തോന്നുന്നത്.

കടൽക്കൊള്ളക്കാരനായ ഹിപ്പോലൈറ്റ് ബൗച്ചാർഡിന്റെ കുഴിമാടം തേടിയാണ് സിനിമയിലെ താനകളുടെ കഥാപാത്രം വരുന്നത്. ഇതിന്റെ ചരിത്ര പശ്ചാത്തലം എന്താണ്?

ബൗച്ചാർഡിന് ആകർഷകവും നിഗൂഢവുമായ ഒരു ചരിത്രമുണ്ട്. കൈറോ കീഴടക്കിയപ്പോൾ നെപ്പോളിയന്റെ നാവികസേനയിൽ അദ്ദേഹം ഉണ്ടായിരുന്നു. അർജന്റീനയിൽ, സാൻ മാർട്ടിൻ അദ്ദേഹത്തെ സ്പെയിന്‍കാരോട് യുദ്ധംചെയ്യാൻ വാടകക്കെടുക്കുകയും 1818ൽ കാലിഫോർണിയ കീഴടക്കാൻ ‘ലാ അർജന്റീന’ എന്ന ഒരു സഹയാന കപ്പൽ നൽകുകയുംചെയ്തു. അമേരിക്കയിൽ ഞങ്ങൾ അയാളെ ഒരു കടൽക്കൊള്ളക്കാരനായി കണക്കാക്കുന്നു.

എന്നാൽ ചരിത്രപുസ്തകങ്ങൾ അനുസരിച്ച് കടൽക്കൊള്ളക്കാർ പലപ്പോഴും വളരെ തുറന്ന മനസ്സുള്ളവരായിരുന്നു, കടലിൽ മരണം സംഭവിച്ചാൽ അവരുടെ സ്വത്ത് സംരക്ഷിക്കാൻ പുരുഷന്മാരെ പരസ്പരം വിവാഹം കഴിക്കാൻ അവർ അനുവദിച്ചു. കടൽക്കൊള്ളക്കാർ ബാങ്കുകളെ വെറുത്തു, അവരുടെ നിധികൾ മണ്ണിനടിയിൽ കുഴിച്ചിട്ടു. ഭൂരിഭാഗവും ദേശവിരുദ്ധരായിരുന്നു, അവർ ഒരു രാജ്യത്തിനുംവേണ്ടി പ്രവർത്തിച്ചില്ല, ചിലർ അരാജകവാദികളായി കണക്കാക്കപ്പെട്ടു. എന്നാൽ എന്റെ സിനിമ എല്ലാത്തരം ചോരന്മാരെയും അവതരിപ്പിക്കുന്നു: പോക്കറ്റടിക്കാർ മുതൽ യു.എസ് ഗവൺമെന്റ്, ക്വിയര്‍ ആര്‍ട്ട് കലക്ടിവ്, ഒരു ബാങ്കിൽനിന്ന് മോഷ്ടിക്കുന്ന ബാജോ നരഞ്ജ വരെ.

‘അ​ണ്ട​ർ​ഗ്രൗ​ണ്ട് ഓ​റ​ഞ്ച്’

 

സിനിമയിലെ പല ഘടകങ്ങളും വളരെ അന്തർദേശീയമായി അനുഭവപ്പെടുന്നു. അതേസമയം അത് വളരെ അർജന്റീനിയൻ ആണ്. താങ്കളെ പ്രചോദിപ്പിച്ച ഏതെങ്കിലും അർജന്റീനിയൻ കലാകാരന്മാരോ ചിന്തകരോ ഉണ്ടോ?

താങ്കൾ പറഞ്ഞത് വളരെ ശരിയാണ്: സിനിമ വളരെ അർജന്റീനിയൻ ആണ്, അതേസമയം അന്തർദേശീയവുമാണ്. പൂർണ കൃത്യതയോടെ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്യാൻ അസാധ്യമായ വളരെയധികം തനതായ പദപ്രയോഗങ്ങളുള്ള അർജന്റീനിയൻ ഭാഷയായ Lunfardo ആണ് എനിക്ക് പ്രചോദനമായത്. കൂടാതെ, ലുക്രേസിയ മാർട്ടൽ, ബെഞ്ചമിൻ നൈഷ്താറ്റ് തുടങ്ങിയ അർജന്റീനിയൻ സംവിധായകരിൽനിന്ന് എനിക്ക് പ്രചോദനം ലഭിച്ചു.

‘പാരിസ് ടെക്സസ്’ എന്ന സിനിമയെ അമേരിക്കന്‍ സിനിമയായി കണക്കാക്കുന്നതുപോലെ ഒരു പരിധിവരെ അർജന്റീനിയൻ സിനിമയായി കണക്കാക്കാവുന്ന ബ്വേനസ് എയ്റിസിൽ ചിത്രീകരിച്ച വോങ് കർ വായിയുടെ ‘ഹാപ്പി ടുഗദർ’ എന്ന സിനിമയും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. പ്രധാനമായും അർജന്റീനിയൻ സിനിമകൾ കണ്ടാണ് ഞാൻ എന്റെ പ്രധാന അഭിനേതാക്കളെ കണ്ടെത്തിയത്. അനാഹി ബെർനേരിയുടെ ‘അലനിസ്’ എന്റെ പ്രിയപ്പെട്ട അർജന്റീനിയൻ സിനിമകളിലൊന്നാണ്. ‘അലനിസി’ല്‍ എന്റെ സിനിമയില്‍ അഭിനയിച്ച സോഫിയ ഗാല കാസ്റ്റിഗ്ലിയോൺ ഒരു അമ്മയായ വേശ്യയുടെ വേഷം അഭിനയിച്ചു.

News Summary - weekly interview