ഋതുമാറ്റങ്ങളുടെ 15 വത്സരങ്ങൾ
മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന അഭിനേതാവാണ് ആസിഫ് അലി. ‘കിഷ്കിന്ധാകാണ്ഡ’മടക്കം പല വേഷങ്ങളിലും മലയാള പ്രേക്ഷകരെ പലവിധത്തിൽ പിടിച്ചുകുലുക്കിയിരുന്നു. തന്റെ സിനിമാ സങ്കൽപങ്ങളെയും വഴികളെയും കുറിച്ച് ആസിഫ് അലി സംസാരിക്കുന്നു.അയലത്തെ പയ്യനിൽനിന്ന് ഒട്ടും പരിചയമില്ലാത്ത, അടിമുടി ദുരൂഹതകൾ നിറഞ്ഞ കഥാപാത്രങ്ങളും അസ്സൽ കുടിയനുമൊക്കെയായി ആസിഫ് അലിയുടെ പകർന്നാട്ടങ്ങൾ ഇപ്പോൾ മലയാളി...
Your Subscription Supports Independent Journalism
View Plansമലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന അഭിനേതാവാണ് ആസിഫ് അലി. ‘കിഷ്കിന്ധാകാണ്ഡ’മടക്കം പല വേഷങ്ങളിലും മലയാള പ്രേക്ഷകരെ പലവിധത്തിൽ പിടിച്ചുകുലുക്കിയിരുന്നു. തന്റെ സിനിമാ സങ്കൽപങ്ങളെയും വഴികളെയും കുറിച്ച് ആസിഫ് അലി സംസാരിക്കുന്നു.
അയലത്തെ പയ്യനിൽനിന്ന് ഒട്ടും പരിചയമില്ലാത്ത, അടിമുടി ദുരൂഹതകൾ നിറഞ്ഞ കഥാപാത്രങ്ങളും അസ്സൽ കുടിയനുമൊക്കെയായി ആസിഫ് അലിയുടെ പകർന്നാട്ടങ്ങൾ ഇപ്പോൾ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ‘ഋതു’വിലെ മീശമുളക്കാത്ത കൗമാരക്കാരനിൽനിന്ന് ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ മനസ്സിൽ നന്മ നിറഞ്ഞ നാട്ടിൻപുറത്തുകാരൻ കർഷകനായും ‘ഉയരെ’യിലെ ടോക്സിക് കാമുകനായുമൊക്കെ നമ്മുടെ ചിരപരിചിത കാഴ്ചവട്ടത്ത് ചുറ്റിപ്പറ്റി നിന്ന അസിഫ് അലി ‘അഡിയോ അമീഗോ’യിലെ അസ്സൽ കുടിയനായി അഭിനയശേഷിയുടെ എല്ലാ ലെവലുകളും ക്രോസ് ചെയ്ത് ‘കിഷ്കിന്ധാകാണ്ഡ’ത്തിലെത്തുേമ്പാൾ പ്രേക്ഷകരെ അടിമുടി ഞെട്ടിക്കുന്നു.
‘‘എന്റെ ബോസെ, ഈ പ്രശ്നങ്ങളൊക്കെയുണ്ടല്ലോ, നമ്മുടെ മൈൻഡ് സെറ്റിന്റേതാണ്. നമ്മുടെ ലൈഫിൽ എന്ത് പ്രശ്നങ്ങളുണ്ടെങ്കിലുമുണ്ടല്ലോ കാറ്റ് കല്ലേലടിക്കണപോലെ ദേ ദിങ്ങനെ നിക്കണം...’’ ‘അഡിയോ അമീഗോ’യിലെ പ്രിൻസ് പോൾ കുര്യൻ (ആസിഫ് അലി), പ്രിയനോട് (സുരാജ് വെഞ്ഞാറമൂട്) പറയുന്ന ഈ ഡയലോഗ് നമ്മെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കുടിയൻ കഥാപാത്രമായി മോഹൻലാൽ ചിരപ്രതിഷ്ഠ നടത്തിയ സാഗർ കോട്ടപ്പുറത്തിന്റെ ‘‘ചോയ്ച്ച് ചോയ്ച്ച് പോകാ’’മെന്ന ഡയലോഗിന് ശേഷം മലയാളി പ്രേക്ഷകൻ ഇനി ഓർത്ത് ചിരിക്കാൻ പോകുന്നത് ഈ ഡയലോഗായിരിക്കും.
സാഗർ കോട്ടപ്പുറത്തിന്റെ നിഴൽ വീഴാതെ, എന്നാൽ അതുപോലൊരു കുടിയൻ കഥാപാത്രത്തെ കൈകാര്യംചെയ്യുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു എന്ന് ആസിഫ് അലി പറയുന്നു. സിനിമയിൽ 15 വർഷം പൂർത്തിയാക്കുന്ന വേളയിൽ തന്റെ സിനിമാ യാത്രകളെയും വീട് എന്ന സങ്കൽപത്തെയും കുറിച്ച് ആസിഫ് അലി മനസ്സ് തുറക്കുന്നു.
‘ഋതു’വിലേക്ക് ശ്യാമപ്രസാദാണ് കൊണ്ടുവരുന്നത്. എന്നാൽ അദ്ദേഹത്തോടൊപ്പം പിന്നീടൊരു സിനിമ സംഭവിക്കാതിരുന്നത് എന്തുകൊണ്ടാണ്?
അത് ശരിക്കും ശ്യാം സാറിനോട് തന്നെ ചോദിക്കണം. പിന്നെ ശ്യാം സാറിന്റെ ഒരു ആറ്റിറ്റ്യൂഡും അങ്ങനെയാണ്. അദ്ദേഹം അങ്ങനെ നമ്മുടെ ഒരു ഗോഡ്ഫാദറായിട്ടൊന്നും നിൽക്കുന്നയാളല്ല. ആ സിനിമക്കുവേണ്ടി എന്നെ സെലക്ട് ചെയ്തു. ആ സിനിമ ചെയ്തു. കഴിഞ്ഞു. അതിനു ശേഷം, ‘കുറ്റവും ശിക്ഷയും’ എന്ന സിനിമ കണ്ടാണ് ആദ്യമായിട്ട് എന്നെ വിളിച്ച് നന്നായി അഭിനയിച്ചു എന്ന് പറയുന്നത്. അതിന് ഏകദേശം ഒരു പന്ത്രണ്ട്, പതിമൂന്ന് വർഷത്തോളം സമയമെടുത്തു. അതിന് ഞാൻ വളരെ എക്സൈറ്റ്മെന്റിൽ മറുപടി പറയുകയും ചെയ്തു, ‘‘സാറ് ആദ്യമായിട്ടാണ് എന്നെ വിളിച്ചുപറയുന്നത്.’’
സാർ പറഞ്ഞു, ‘‘ഞാൻ നിന്റെ സിനിമകൾ കാണാറുണ്ട്. നിന്നെ ശ്രദ്ധിക്കാറുണ്ട്. പക്ഷേ വിളിക്കണമെന്ന് തോന്നിയത് ഇപ്പോഴാണ്.’’ അതിനു ശേഷം അദ്ദേഹമൊത്തുള്ള ഒരു സിനിമയുടെ സംസാരം ഇങ്ങനെ നടക്കുന്നുണ്ട്. പക്ഷേ, ശ്യാം സാർ തന്നെ പറയണം അത് എപ്പോഴാണ് എന്ന്.
രമേശ് നാരായണൻ വിവാദത്തിൽ മലയാളികൾ ആസിഫ് അലിയോടൊപ്പമായിരുന്നല്ലോ?
മലയാളികളുടെ ഒരു പ്രത്യേകതയാണ് അത്. മലയാളികൾ ഒറ്റക്കെട്ടായി നിൽക്കുന്നു. ആളുകളുടെ ഒരു പ്രത്യേകതയാണ്. സ്നേഹം കാണിക്കുകയാണെങ്കിൽ ഒരുപാട് സ്നേഹിക്കും. വെറുപ്പാണെങ്കിൽ അങ്ങേയറ്റം വെറുക്കും എന്നത്. ആ പറഞ്ഞ വിഷയത്തിൽ എനിക്കറിയില്ല, ആളുകൾക്ക് എന്തോ ഒരു ഇഷ്ടം എന്നോട് തോന്നി. അല്ലെങ്കിൽ ഇത്രയും നാൾ എന്നോടുണ്ടായിരുന്ന ഒരിഷ്ടം അതിൽ അവർ പ്രകടിപ്പിച്ചു. അതിൽ കൂടുതൽ ഞാനതിനെ അഡ്രസ് ചെയ്യുന്നില്ല.
പിന്നെ അതിൽ ഞാൻ അന്നും പറഞ്ഞു. അതൊരിക്കലും ഒരാളും മനപ്പൂർവം ചെയ്യുന്നതല്ല. നമ്മുടെ സാഹചര്യങ്ങൾകൊണ്ടാണ് എപ്പോഴും നമുക്കെന്തെങ്കിലും അബദ്ധങ്ങൾ പറ്റുന്നത്. ഒരിക്കലും അദ്ദേഹംപോലും മനപ്പൂർവം വിചാരിച്ച് ചെയ്തതല്ല. തെറ്റുകൾ പറ്റുക എന്നത് മനുഷ്യസഹജമാണ്. പക്ഷേ അത്രയും പിന്തുണയുണ്ടായപ്പോൾ ഭയങ്കര ധൈര്യം കിട്ടി. ഇത്രയും ആളുകൾ എന്നെ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഇത്രയും ആളുകൾ ഇഷ്ടപ്പെടുന്നുണ്ടെന്നും അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി.
റീൽസിൽ അഡിക്ടായ പ്രേക്ഷകരെ തൃപ്തിപ്പെടുത്തൽ ഇനി വെല്ലുവിളിയല്ലേ?
ആ വെല്ലുവിളി വരുേമ്പാഴാണ് നമുക്ക് നല്ല സിനിമകൾ ചെയ്യണമെന്ന് തോന്നുന്നത്. നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഏറ്റവും ബെസ്റ്റ് കൊടുക്കണമെന്ന പ്രചോദനമുണ്ടാകുന്നത്. തിയറ്ററിലേക്ക് ആളുകളെ കൊണ്ടുവരികയെന്നത് വളരെ വെല്ലുവിളിയുള്ള ഒരു കാര്യമാണ്.
ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ 35 ദിവസം അല്ലെങ്കിൽ 45 ദിവസത്തിനുള്ളിൽ ഒ.ടി.ടിയിൽ വരുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ അത് തിയറ്ററിൽ തന്നെ കാണണം എന്നുള്ള രീതിയിൽ അല്ലെങ്കിൽ അത്രയും അപ്പീലിങ്ങായിട്ടുള്ള ഒരു സിനിമയാണ് നമ്മൾ ചെയ്തതെന്ന് പ്രേക്ഷകന്റെ അടുത്തേക്ക് എത്തിയാൽ മാത്രമേ അവർ തിയറ്ററിലേക്ക് വരുകയുള്ളൂ.
സിനിമയെ കുറിച്ച് പഠിക്കുന്നുണ്ടോ?
പിന്നെ, ഉറപ്പായിട്ടും. 15 വർഷമായി ഞാൻ സിനിമയിൽ. ഇത്രയും കാലം ഇൻഡസ്ട്രിയിൽ തന്നെ നിൽക്കുകയും ഇത്രയും മികച്ച ആളുകളുടെ കൂടെ വർക്ക് ചെയ്യുകയുമൊക്കെ ചെയ്യുേമ്പാൾ ഞാൻ തന്നെ അറിയാതെ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്. ഒരുപാട് മാറ്റങ്ങളുണ്ടാവുന്നുണ്ട്. എന്റെ ദൈനംദിന ജീവിതത്തിൽ, സ്വഭാവത്തിൽ ഉണ്ടാവുന്ന അല്ലെങ്കിൽ പ്രായത്തിലുണ്ടാവുന്ന എല്ലാം എന്റെ സിനിമകളുടെ സെലക്ഷനിലും അഭിനയത്തിലുമൊക്കെ പ്രതിഫലിക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ ഒക്കെ ഒരുപാട് ഹോം വർക്ക് നടക്കുന്നുണ്ട്.
ലോകോത്തര സിനിമകൾ കാണുകയും വായിക്കുകയും ചെയ്യാറുണ്ടോ?
വായിക്കുന്ന ഒരാളല്ല. സിനിമകൾ കാണുന്നയാളാണ്. വളരെ ചെറുപ്പം മുതൽതന്നെ സിനിമകൾ എല്ലാം കാണുന്നയാളാണ്. പക്ഷേ ഇപ്പോൾ തിയറ്ററിൽ പോയി സിനിമ കാണാൻ സമയം കിട്ടുന്നില്ല എന്നുള്ളൊരു സങ്കടം എനിക്കുണ്ട്. സമയത്തിന് ഓടിയെത്താൻ പറ്റുന്നില്ല. പ്രത്യേകിച്ച് ഷൂട്ട് ഉള്ള സമയമാണെങ്കിൽ. കുട്ടികളാണെങ്കിൽ ആദിലിന് പത്ത് വയസ്സായി, ഹയക്ക് ഏഴ് വയസ്സായി. അപ്പോൾ വീട്ടിൽ കൊടുക്കേണ്ട സമയത്തിന്റെ തോത് കൂടി. കുട്ടികളോടൊപ്പം സ്പെൻഡ് ചെയ്യേണ്ട സമയം വർധിച്ചു. തിയറ്ററിൽ പോയി കാണാൻ സമയം കിട്ടുന്നില്ല. പക്ഷേ സിനിമകളെല്ലാം കാണും. ഞാനെല്ലാ ദിവസവും ഒരു സിനിമ കണ്ടിട്ട് കിടക്കുന്നയാളാണ്.
പക്വതയുള്ള കഥാപാത്രങ്ങൾ വേണം എന്ന് തോന്നിത്തുടങ്ങിയിട്ടുണ്ടോ?
അങ്ങനെ ഒരു കാറ്റഗറിയിൽകൂടി പോകാൻ പാടില്ല എന്ന് കരുതുന്നയാളാണ് ഞാൻ. പക്വതയുള്ള കഥാപാത്രങ്ങൾ മാത്രം ചെയ്യുന്നയാളാവാൻ പാടില്ല. കോമഡി സിനിമകൾ ചെയ്യണം. ‘കിളി പോയി’ എന്ന സിനിമ ചെയ്യുന്ന കാലത്ത് അതൊരു കഞ്ചാവ് പടമായിട്ടാണ് പല ആളുകളിലേക്കും എത്തിയത്. ഇന്ത്യയിലെ ആദ്യത്തെ ‘സ്റ്റോണർ’ കാറ്റഗറിയിൽപെട്ട സിനിമ എന്ന പ്രത്യേകത അതിനുണ്ടായിരുന്നു. ദൈവം സഹായിച്ച്, നമുക്ക് സിനിമകൾ തിരഞ്ഞെടുക്കാനുള്ള ഫ്രീഡം ഉണ്ട്. പല രീതിയിലുള്ള സിനിമകൾ ചെയ്യണം എന്നുള്ളതാണ് എന്റെ ആഗ്രഹം.
പരീക്ഷണങ്ങൾ ഒരുപാട് ചെയ്യാറുണ്ട്. പലസമയത്തും അത് വിജയിക്കാറില്ല. അപൂർവമായിട്ട് അത് വിജയിക്കാറുണ്ട്. ഇനിയങ്ങോട്ടും പക്വതയുള്ള കഥാപാത്രങ്ങൾ മാത്രമായിരിക്കണമെന്നില്ല. ‘ഹണീബി’ പോലുള്ള ‘കിളിപോയി’ പോലുള്ള സിനിമകളും ആക്ഷൻ സിനിമകളും കമേഴ്സ്യൽ സിനിമകളും ‘ആവേശം’പോലുള്ള സിനിമകളും ഒക്കെ ചെയ്യണമെന്ന ആഗ്രഹമുണ്ട്.
‘ലെവൽ ക്രോസ്’ തിയറ്ററിൽ വേണ്ടത്ര വിജയമായോ?
ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ ദൈനംദിന ജീവിതത്തിൽ ആളുകൾ തിരക്കൊക്കെ മാറ്റിവെച്ച് തിയറ്ററിലേക്ക് പോകുന്നതും സിനിമ കാണുന്നതും വിനോദത്തിന് വേണ്ടിയാണ്. എന്നാൽ ‘ലെവൽ ക്രോസ്’ തിയറ്ററിൽ എല്ലാവർക്കും ഇരുന്ന് ആസ്വദിക്കാൻ പറ്റുന്ന സിനിമയാണോ എന്ന് എനിക്കറിയില്ല. പക്ഷേ സിനിമയെ ഇഷ്ടപ്പെടുന്നവർ, പ്രത്യേകിച്ച് ആ സിനിമയിലെ സൂക്ഷ്മ ഘടകങ്ങളും സംവിധായകന്റെ മികവും ഒരു സിനിമാറ്റോഗ്രാഫറുടെ കഴിവുമൊക്കെ ശ്രദ്ധിക്കാൻ പറ്റുന്ന ഒരു ഓഡിയൻസിന് മാത്രമേ ആ സിനിമ ആസ്വദിക്കാൻ പറ്റൂ.
പ്രത്യേകിച്ചും നമ്മുടെ ഫോണിൽ റീൽസിലും യൂട്യൂബിലും ഒക്കെ അഡിക്ടായി നിൽക്കുന്ന സമയത്ത്. ശ്രദ്ധയൊന്ന് മാറാൻ സമയം കിട്ടിക്കഴിഞ്ഞാൽ ഒരു കാര്യം നമുക്ക് ആസ്വദിക്കാൻ പറ്റാത്ത ഒരു സ്വഭാവമുണ്ട് നമുക്കെല്ലാവർക്കും. അത്തരത്തിലുള്ളവർക്ക് ഒട്ടും ആസ്വദിക്കാൻ പറ്റാത്ത സിനിമയായിരിക്കാം ‘ലെവൽ ക്രോസ്’.
ആവേശം?..
‘ആവേശം’ കണ്ടപ്പോൾ ഫഹദിനോട് എനിക്ക് ഒരുപാട് അസൂയ തോന്നി. ഞാൻ ചെയ്യാത്ത നല്ല സിനിമകൾ ചെയ്ത എല്ലാവരോടും എനിക്ക് അസൂയ ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ള അസൂയയാണ് വീണ്ടും നന്നായി പണിയെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ‘പ്രേമം’ ചെയ്തപ്പോൾ നിവിനോട് അസൂയയുണ്ടായിരുന്നു എനിക്ക്.
‘നീലാകാശം’ ചെയ്തപ്പോൾ അല്ലെങ്കിൽ ‘ബാംഗ്ലൂർ ഡേയ്സ്’ ചെയ്തപ്പോൾ ദുൽഖറിനോട് അസൂയ തോന്നി. സ്വാഭാവികമാണ്. അത് ഇല്ലെങ്കിൽ ചിലപ്പോൾ നമുക്ക് അത്തരത്തിലുള്ള സിനിമകൾ അന്വേഷിച്ച് പോകാനോ ആളുകളോട് സമീപിക്കാനോ ഉള്ള മടി വരും. ഒട്ടും ഉപദ്രവകരമായ ഒരു അസൂയ അല്ല അത്. എന്റെ ഗുണത്തിന് വേണ്ടി ഞാനുണ്ടാക്കിയെടുത്ത ഒരു ശീലമാണ്.
‘അഡിയോസ് അമിഗോസി’ലെ കുടിയൻ?
ഇതുവരെ ചെയ്തതിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ കഥാപാത്രമായിരുന്നു ‘അഡിയോസ് അമിഗോസി’ലേത്. ഒരു സീനിലോ രണ്ട് സീനിലോ കുടിയനായിട്ട് അഭിനയിക്കുന്നത് പോലെയല്ല, ഒരു സിനിമയിലുടനീളം കുടിയനായിട്ട് അഭിനയിക്കുന്നത്. ഒന്നര വർഷം മുമ്പ് കേട്ട കഥയാണ്. അതിനു വേണ്ടി ഒരുപാട് തയാറെടുപ്പ് നടത്തിയിട്ടുണ്ട്. ആ സിനിമ ഭയങ്കരമായൊരു തിയറ്റർ വിജയമായില്ലെങ്കിൽപോലും ആളുകൾ ആ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചു.
മലയാള സിനിമ കണ്ട ഏറ്റവും വലിയ കുടിയൻ സാഗർ കോട്ടപ്പുറമാണ്. ആര് അത്തരത്തിലൊരു കഥാപാത്രം ചെയ്താലും ലാൽ സാറ് ചെയ്തു െവച്ചിരിക്കുന്നതിന്റെ ഒരു ഷാഡോ വരാൻ സാധ്യതയുണ്ട്. അതായിരുന്നു എന്റെ ഏറ്റവും വലിയ വെല്ലുവിളി. സാഗർ കോട്ടപ്പുറത്തിന്റെ ഷാഡോ വരാതിരിക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു.
പ്രൊഡ്യൂസർ എന്ന നിലയിൽ...
ഞാൻ രണ്ട് സിനിമകളാണ് നിർമിച്ചിട്ടുള്ളത്. ‘കോഹിന്നൂറും’ ‘കവി ഉദ്ദേശിച്ചതും’. രണ്ടും പൈസ കിട്ടിയ സിനിമകളാണ്. പക്ഷേ ഞാൻ പ്രൊഡക്ഷൻകൊണ്ട് ആഗ്രഹിച്ചത് എനിക്കെപ്പോഴും ഒരു നടനെന്ന രീതിയിൽതന്നെ സിനിമയിൽ നിൽക്കണമെന്നുള്ളതും നടനെന്ന നിലയിൽ വളരണമെന്നുള്ളതുമാണ്. അതിന് എന്നെ സഹായിച്ചതാണ് പ്രൊഡക്ഷൻ.
ശരിക്കും ഞാൻ പ്രൊഡ്യൂസറായപ്പോൾ ഞാനെന്ന നടനെ ആ എക്സ്പീരിയൻസ് വളരെയധികം സ്വാധീനിച്ചു. പ്രത്യേകിച്ച് എടുത്തുപറയുകയാണെങ്കിൽ ഡിസിപ്ലിൻ. ഒരു നടൻ ലൊക്കേഷനിൽ എത്ര ഡിസിപ്ലിനായി പെരുമാറണമെന്നത് ഞാൻ പ്രൊഡ്യൂസ് ചെയ്തപ്പോഴാണ് മനസ്സിലായത്. ഒരു ആക്ടർ ലൊക്കേഷനിൽ കൃത്യസമയത്ത് വരാതിരിക്കുേമ്പാഴുണ്ടാകുന്ന പ്രശ്നങ്ങളും അയാളുടെ പെരുമാറ്റംകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും മനസ്സിലാക്കുന്നത് പ്രൊഡ്യൂസ് ചെയ്തപ്പോഴാണ്.
സംവിധായകനാകുമോ?
ഉറപ്പായിട്ടും. സംവിധാനംചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അത് എന്നായിരിക്കും എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് മാത്രം. സിനിമയുടെ എല്ലാ മേഖലയിലും പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. അത് നടനെന്ന നിലയിൽ എന്നെ കുറെക്കൂടി പുനർ നിർവചിക്കാൻ സഹായിക്കും.
എല്ലാ സിനിമകളും വിജയിക്കാറില്ലല്ലോ, ഭാഗ്യത്തിൽ വിശ്വാസമുണ്ടോ?
സിനിമയിൽ ഒരു മാജിക് ഉണ്ട്. സിനിമയിൽ നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞ്, റിലീസാവുന്നതിന്റെ തലേന്ന് രാത്രിയിൽ സംഭവിക്കുന്ന ഒരു മാജിക് ഉണ്ട്. ആ മാജിക്കിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. ഭാഗ്യത്തിൽ വിശ്വസിക്കരുത് എന്ന് ഒരുപാട് ആളുകൾ പറയും. പക്ഷേ, ഞാനതിൽ വിശ്വസിക്കുന്നയാളാണ്. കൃത്യസമയത്ത് കൃത്യസ്ഥലത്ത് എത്താൻ കഴിയുന്നതിനെയാണ് ഭാഗ്യമെന്ന് പറയുന്നത്. അത്തരത്തിൽ ഞാൻ ഒരുപാട് എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്.
ഷൂട്ടിങ് സമയത്ത് ഒരുപാട് സംശയങ്ങളുണ്ടായിരുന്ന സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കഴിയുേമ്പാൾ അത് ഭയങ്കരമായിട്ട് ആസ്വദിക്കുകയും സൂപ്പർഹിറ്റാവുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. വളരെ കോൺഫിഡൻസിൽ ചെയ്ത സിനിമ, ഇത് വിജയിക്കും എന്ന് തന്നെ വിശ്വസിച്ചിരുന്ന സിനിമ പൊട്ടിപ്പൊളിഞ്ഞു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.
പരാജയങ്ങളിൽ തളർന്നിട്ടുണ്ടോ?
ഉറപ്പായിട്ടും. നമ്മുടെ ഒരു സിനിമ എന്ന് പറയുന്നത് നമ്മുടെ ലൈഫിലെ അത്രയും സമയവും ദിവസങ്ങളും കൊടുത്ത് അത്രയും ആഗ്രഹത്തോടെ നമ്മൾ ചെയ്യുന്നതാണ്. ഒരു കുഞ്ഞുണ്ടാകുന്നത് പോലെതന്നെയാണ് അത്. പരാജയപ്പെട്ടാൽ വലിയ വേദനയാവും. അതിനി കാമിയോ റോളിൽ വന്നതായാലും! എന്റെ മോശമാവുന്ന സമയത്ത്, അല്ലെങ്കിൽ ഒരു മോശം റിവ്യൂ വരുന്ന സമയത്ത് അത് എന്നെ ഭയങ്കരമായിട്ട് ബാധിക്കാറുണ്ട്. അതിനെ അതിജീവിക്കാൻ വളരെയധികം പ്രയത്നിക്കേണ്ടിവരാറുണ്ട്.
റിവ്യൂ ബോംബിങ്ങിനെ കുറിച്ച്?
സിനിമ കണ്ടിട്ട് അഭിപ്രായം പറയാൻ ആൾക്കാർക്ക് സ്വാതന്ത്ര്യമുണ്ട്. തീർച്ചയായിട്ടും ടിക്കറ്റെടുത്ത് സിനിമ കാണുന്ന പ്രേക്ഷകർക്ക്! ഭക്ഷണം കഴിച്ചിട്ട് അത് കൊള്ളൂല്ലാന്ന് പറയാനുള്ള ഫ്രീഡംപോലെ തന്നെയാണ് സിനിമ കണ്ടിട്ട് അത് നല്ലതാണോ മോശമാണോ എന്ന് പറയാനുള്ള അവകാശം. പക്ഷേ, ദുരുദ്ദേശ്യത്തോടെ ഒരു സിനിമയെ കുറ്റം പറയുേമ്പാഴാണ് അത് പ്രശ്നമാകുന്നത്. റിവ്യൂവിന്റെ ഏറ്റവും വലിയ പ്രശ്നമെന്ന് പറയുന്നത്, എനിക്ക് ഇഷ്ടപ്പെടുന്ന സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെടണമെന്ന് നിർബന്ധമില്ല.
കാരണം, നമ്മൾ സിനിമ കാണാൻ പോകുന്ന മൂഡ്, ആസ്വദിക്കുന്ന രീതി, സിനിമയുടെ ടേസ്റ്റ് അതെല്ലാം ഓരോ വ്യക്തികളിലും ഭിന്നമാണ്. എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് നിങ്ങളാരും ഈ സിനിമ കാണരുത് എന്ന റിവ്യൂവിങ്ങിനോടാണ് അഭിപ്രായവ്യത്യാസം. പല ആളുകളും തുറന്ന് സമ്മതിച്ചിട്ടുണ്ട്. ക്ലിക്കിലാണ്, ഒരു ക്ലിക്ക് ബൈറ്റിലാണ് വരുമാനമെന്നത്. എല്ലാവരും ബിസിനസ് ഓപർച്യൂണിറ്റിയാണ് നോക്കുന്നത്.
റിവ്യൂവ്സ് വൈകാരികമായി ബാധിക്കും?..
ആക്ടേഴ്സ് പലരും റിവ്യൂവർമാരോട് മോശമായിട്ട് സംസാരിച്ചു എന്ന് പറയുന്നില്ലേ? പരിഗണിക്കേണ്ട കാര്യമെന്താണെന്ന് പറഞ്ഞാൽ, ഇത്തരം നെഗറ്റിവ് റിവ്യൂകൾ അവരെ മാനസികമായിട്ടും മറ്റുമൊക്കെ വലിയ പ്രശ്നത്തിലാക്കുന്നുണ്ട്. പ്രതികരിച്ചുപോകും! ആ സമയത്ത് ഒരു നല്ല സുഹൃത്തുണ്ടെങ്കിൽ നീ വിളിക്കരുത്, അവരോട് സംസാരിക്കരുത് എന്ന് പറയും. അല്ലെങ്കിൽ വിളിച്ചുപോകും. ഞാൻ പലപ്പോഴും റിവ്യൂവർമാരെ വിളിക്കാത്തത് നല്ല സുഹൃത്തുക്കളുള്ളതുകൊണ്ടാണ്.
രാഷ്ട്രീയമുണ്ടോ?
കക്ഷിരാഷ്ട്രീയമില്ല. രാഷ്ട്രീയക്കാരായ സുഹൃത്തുക്കളുണ്ട് എനിക്ക്. ഷാഫി പറമ്പിൽ വളരെ അടുത്ത സുഹൃത്താണ്. ഹൈബി ഈഡൻ അടുത്ത സുഹൃത്താണ്. അങ്ങനെ ഒരുപാടൊരുപാട് സുഹൃത്തുക്കൾ രാഷ്ട്രീയക്കാരായി എനിക്കുണ്ട്. ഏത് രാഷ്ട്രീയമാണെങ്കിലും സുഹൃത്തുക്കൾ ഇലക്ഷൻ കാമ്പയിന് വിളിക്കുേമ്പാഴൊക്കെ പോയിട്ടുണ്ട്. ഇനിയും പോകും.
ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രം?
അങ്ങനെ എടുത്തുപറയാൻ ഒരു നിശ്ചിത കഥാപാത്രമൊന്നും മനസ്സിലില്ല. എന്നാൽ, ലാൽ സാറും മമ്മുക്കയുമൊക്കെ ചെയ്തത് പോലുള്ള, അല്ലെങ്കിൽ പൃഥ്വി അല്ലെങ്കിൽ ചാക്കോച്ചൻ അല്ലെങ്കിൽ ജയേട്ടൻ ചെയ്തതുപോലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ പോലുള്ള സിനിമകൾ, അത് ഒരു ടീമിന്റെ റിസൽട്ടാണ്. അത്തരത്തിലൊരു ടീം വരുകയും എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചെടുക്കുകയുംചെയ്യാൻ കഴിയും എന്ന് കോൺഫിഡൻസുള്ള എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ ഞാൻ റെഡിയാണ്.
മറ്റു ഭാഷകളിൽ പോകാൻ താൽപര്യമില്ലേ? പുതിയ േപ്രാജക്ടുകൾ?
അത് ഭയങ്കരമായൊരു ചോദ്യമാണ്. വേറെ ഏതൊരു ഇൻഡസ്ട്രിയെക്കാളും നല്ല സിനിമകൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് തീർച്ചയായിട്ടും മലയാളത്തിൽ തന്നെയാണ്. പിന്നെ ഞാനെന്ന് പറയുന്ന ഒരാളുടെ സ്റ്റാർഡം വലുതാക്കാം, അല്ലെങ്കിൽ എന്റെ ഒരു ബിസിനസ് വലുതാക്കാം എന്നൊക്കെയുള്ള ഒരു പ്രചോദനം ഉൾക്കൊണ്ട് ഞാൻ മറ്റ് ഭാഷകളിേലക്ക് പോകുന്നത് ശരിക്കും ആവശ്യമുള്ള ഒരു കാര്യമാണ്. പക്ഷേ ഞാൻ ഇതുവരെ കേട്ട അന്യഭാഷാ സ്ക്രിപ്റ്റുകളെക്കാൾ ഒരുപാട് മികച്ച സ്ക്രിപ്റ്റുകൾ എനിക്ക് മലയാളത്തിൽനിന്ന് കിട്ടുന്നുണ്ട്.
അതുകൊണ്ട് ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പിന്നെ ഒരു ധൈര്യമില്ലായ്മ കൂടിയുണ്ട്. വളരെ ഈസിയായിട്ട് കൈകാര്യം ചെയ്യുന്ന എന്റെ മാതൃഭാഷ വിട്ട് മറ്റൊരു ഭാഷയിൽ പോകുേമ്പാൾ അത് എനിക്ക് എത്രത്തോളം കംഫർട്ടബിളായിരിക്കും എന്നൊരു പേടിയുമുണ്ട്. റിലീസിന് വരുന്നത് ‘രേഖാചിത്ര’മാണ്. ‘ദി പ്രീസ്റ്റി’ന് ശേഷം ജോഫിൻ സംവിധാനംചെയ്യുന്നത്. ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും കൂടിയാണ് അത് നിർമിക്കുന്നത്. അതിനുശേഷം ‘ആഭ്യന്തര കുറ്റവാളി’ എന്ന സിനിമയാണ്. സേതുനാഥ് എന്ന പുതുമുഖ സംവിധായകൻ. ദുബൈയിൽ തമർ എന്ന സംവിധായകന്റെ സിനിമയുെട ഷൂട്ടാണ് ഇപ്പോൾ നടക്കുന്നത്.
സെലക്ടിവായോ?
പണ്ടും സെലക്ടിവായിരുന്നു. പക്ഷേ, പല സമയത്തും നോ പറയാനുള്ള പേടിയുണ്ടായിരുന്നു. സീനിയേഴ്സായ നിർമാതാക്കളുടെയും സംവിധായകരുടെയും അടുത്ത് നോ പറയാനുള്ള പേടിയുണ്ടായിരുന്നു. പക്ഷേ, ഇന്നത് അതൊരു വലിയ കുറ്റമല്ല, നോ പറയുന്നതുകൊണ്ട് നമുക്കുണ്ടാവുന്ന പിണക്കം ഒരു താൽക്കാലിക പിണക്കമാണ്.
അത് അവരുടെയും നമ്മുടെയും നല്ലതിന് വേണ്ടിയിട്ടാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരുപാട് നോ പറയുന്നുണ്ട്. യെസിനേക്കാൾ നോ ആണ് കൂടുതൽ. ഞാനൊരു സ്ക്രിപ്റ്റ് എഴുതുേമ്പാൾ അത് ഏറ്റവും നല്ല സ്ക്രിപ്റ്റായിട്ടാണ് എനിക്ക് തോന്നുക. പക്ഷേ സ്ഥിരമായി സ്ക്രിപ്റ്റ് കേൾക്കുന്ന ഒരാളുടെ അടുത്തുപോയി പറയുേമ്പാൾ ഇന്നയിന്ന പ്രശ്നങ്ങളുണ്ടെന്ന് അയാൾ ഈസിയായിട്ട് മനസ്സിലാക്കും. അപ്പോൾ നോ പറയാൻ പറ്റും.