ചെറിയ പുല്ല് പറിച്ചാൽ തന്നെ ഇളകുന്ന മണ്ണിനെക്കുറിച്ച് നമുക്ക് പഠിച്ചു തുടങ്ങാം
രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ വന്യജീവി ഫോേട്ടാഗ്രാഫർകൂടിയായ എൻ.എ. നസീർ തന്റെ കാടകങ്ങളിലേക്കുള്ള യാത്രയെയും ജീവിതവഴികളെയും കുറിച്ച് സംസാരിക്കുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി എഴുത്തുകാരനുമായ എൻ.എ. നസീറുമായി സംസാരിക്കുേമ്പാൾ കാടിന്റെ സൗമ്യത അടുത്തറിയാം. പിന്നെ, ഒപ്പം നടന്നതുപോലെ കാടനുഭവങ്ങളിൽ കണ്ണിയാകാം. അതങ്ങനെ അറിഞ്ഞ് അറിഞ്ഞ് നടക്കുമ്പോൾ, ആയോധനകലകൾ പകർന്നുനൽകിയ കരുത്ത്...
Your Subscription Supports Independent Journalism
View Plansരാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ വന്യജീവി ഫോേട്ടാഗ്രാഫർകൂടിയായ എൻ.എ. നസീർ തന്റെ കാടകങ്ങളിലേക്കുള്ള യാത്രയെയും ജീവിതവഴികളെയും കുറിച്ച് സംസാരിക്കുന്നു.
ഇന്ത്യയിലെ അറിയപ്പെടുന്ന വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി എഴുത്തുകാരനുമായ എൻ.എ. നസീറുമായി സംസാരിക്കുേമ്പാൾ കാടിന്റെ സൗമ്യത അടുത്തറിയാം. പിന്നെ, ഒപ്പം നടന്നതുപോലെ കാടനുഭവങ്ങളിൽ കണ്ണിയാകാം. അതങ്ങനെ അറിഞ്ഞ് അറിഞ്ഞ് നടക്കുമ്പോൾ, ആയോധനകലകൾ പകർന്നുനൽകിയ കരുത്ത് പറയാതെ അറിയും.
ആയോധനകലകളിൽ 48 വർഷത്തെ പരിശീലന പരിചയമുണ്ട് നസീറിന് (കരാട്ടേ, കുബ്ഡോ, പല ആയുധങ്ങളുടെ പരിശീലനം) തായ്ച്ചി, ചീകോങ്, മറ്റനേകം ഹീലിങ് രീതികൾ). ലഹരികളിൽനിന്നും മറ്റും കുട്ടികളെ മാറ്റിനിർത്താൻ ആയോധനകലകൾ പഠിപ്പിക്കുന്നു. ഗ്രാൻഡ് മാസ്റ്റർ ഹാൻഷി: ഡോ. എസ്. രത്തിനത്തിന്റെ പ്രധാന ശിഷ്യന്മാരിൽ ഒരാളാണ് നസീർ. ആയോധനകല പഠിക്കാൻ വരുന്നവർക്കു മുന്നിൽ നസീറിന് ഗുരുവിന്റെ വേഷമാണ്.
അതേസമയം, ആറ്, ഏഴ്, എട്ട്, പ്ലസ് വൺ ക്ലാസുകളിലും കാലിക്കറ്റ് യൂനിവേഴ്സിറ്റി, എം.ജി യൂനിവേഴ്സിറ്റിയിലുമൊക്കെ നസീർ എഴുതിയ പല ലേഖനങ്ങളും പഠനവിഷയങ്ങളാണ്. എല്ലാം തികഞ്ഞവരെന്ന മനുഷ്യന്റെ അഹന്തക്കു നേരെ നോക്കി നസീർ ചോദ്യശരങ്ങൾ എയ്യുകയാണ്. നസീറിന്റെ ചോദ്യങ്ങൾ നമ്മെ കൊടുംകാട്ടിൽ ഒറ്റപ്പെട്ടുപോയ അവസ്ഥയിലെത്തിക്കുന്നു. ഇവിടെ, കാടനുഭവങ്ങളെ കുറിച്ച്, ജീവിതവഴികളെ കുറിച്ച് എല്ലാം നസീർ മനസ്സ് തുറക്കുന്നു.
നാളിതുവരെ കേൾക്കാത്ത നാദം കേൾപ്പിച്ച കാടിനെക്കുറിച്ച് ഏറെ എഴുതിയിട്ടുണ്ട്. എന്നെന്നും ഓർമയിൽ നിൽക്കുന്ന ശബ്ദത്തെ കുറിച്ച് പറയാമോ?
ചൂളകാക്കയുടെ (Malabar Whistling Thrush) മനോഹരമായ സംഗീതധാര. എന്റെ ആദ്യത്തെ കാനനയാത്രയിൽ ഞാൻ ശ്രദ്ധിച്ചതും എന്റെ കേൾവിയുടെ ഓർമകളിലേക്ക് കാട് ചേർത്തുെവച്ചതും ഈ പക്ഷിയുടെ ശബ്ദമായിരിക്കാം. ഏതെങ്കിലും ഒരു വന്യജീവിയെ തേടി മഴക്കാടിന്റെ ഏകാന്തതയിൽ കാത്തിരിക്കുമ്പോൾ എവിടെനിന്നെന്നറിയാതെ ഒരു ചൂളംവിളി ഏറെ മാധുര്യത്തോടെയും ശ്രുതിയോടെയും ഒഴുകിവരും. നമ്മളതിൽ ആഴ്ന്നുപോകും... എന്റെ കാനന അനുഭവ കുറിപ്പുകളിലൊക്കെ കടന്നുവരുന്ന ഒരു പക്ഷിയാണ് ചൂളകാക്ക. അതിനാൽ, ഏറെപ്രിയപ്പെട്ടതാണ്...
മഴക്കാലയാത്ര കാട്ടിൽ മാത്രമല്ല, പുറത്തും ദുഷ്കരമാണ്. അതെങ്ങനെയാണ് സാധ്യമാകുന്നത്?
മഴക്കാലവും മഞ്ഞുകാലവും വന്യജീവികളുടെ അരികിലെത്താൻ സഹായിക്കുന്ന ഋതുക്കളാണ്. അടിക്കാട് നനവാർന്ന് കിടക്കും. ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളും കുതിർന്നിട്ടുണ്ടാവും. അതിൽ നമ്മുടെ പാദങ്ങൾ എടുത്തുവെക്കുമ്പോൾ വന്യജീവികളുടെ ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള ശബ്ദങ്ങളൊന്നും ഉയരില്ല. നമ്മുടെ ഗന്ധവും അധികം പടരില്ല.
പലതരം വർണ കൂണുകളുടെ ചിത്രങ്ങൾ, കാട്ടിലെ മറ്റു ചെറുജീവനുകൾ എന്നിവ, മൈക്രോ ലെൻസിലൂടെയുള്ള ജീവസ്സുറ്റ പടങ്ങൾ... എല്ലാറ്റിനും മഴക്കാലമാണ് അനുയോജ്യം. കഠിനമഴയാണെങ്കിൽ കാമറ ബാഗിനുള്ളിൽ ഭദ്രമാക്കിവെച്ചു. പിന്നെ, മഴയെ സ്വീകരിച്ച് കാട്ടിലൂടെ നടന്നുപോകുമ്പോഴുള്ള അനുഭവം പറയാൻ വാക്കുകളില്ല.
ആദ്യമായി കാടുകയറിയത് പഠിക്കുന്ന കാലത്ത് കൂട്ടുകാരൻ ജോഷിക്കൊപ്പമാണെന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ എൻ.എ. നസീറിനെ രൂപപ്പെടുത്തുന്നതിൽ ആ യാത്രക്ക് വലിയ സ്ഥാനമുണ്ടാകുമല്ലോ?
തീർച്ചയായും. ഷോളയാർ പോലുള്ള ഇരുണ്ട പെരുംകാട്ടിലൂടെ ആദ്യമായി ബസിലൂടെയുള്ള ആ യാത്ര ഇന്നും ഓർമയിലുണ്ട്. ചാലക്കുടിയിൽനിന്നും അഞ്ചരക്കോ മറ്റോ പുറപ്പെടുന്ന ‘ബി.ബി.ടി’ എന്ന ബസിലായിരുന്നു യാത്ര. അന്ന് ആ റോഡിൽ വാഹനങ്ങൾ അപൂർവമാണ്. അതിരപ്പിള്ളിയിലൊന്നും സന്ദർശകരൊന്നും വരാറില്ല.
കാട് പല ഭാഗത്തും മേലാപ്പിലും ഇരുവശങ്ങളിൽനിന്നും കൂടി ചേർന്ന് ഒരു ഗുഹപോലെയായിരുന്നു. റോഡിൽ വീണുകിടക്കുന്ന മരങ്ങൾ വെട്ടിമാറ്റിയും മറ്റും ബസ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത് അത്ഭുതത്തോടെയാണ് കണ്ടത്. റോഡിൽ നിറയെ ആനപ്പിണ്ടങ്ങൾ. കരിങ്കുരങ്ങിനേയും സിംഹവാലൻ കുരങ്ങിനേയും മലമുഴക്കി വേഴാമ്പലുകളേയും മറ്റും ആദ്യമായി കണ്ടത് ആ യാത്രയിലായിരുന്നു. ജോഷിയുടെ പിതാവിന് അന്ന് മുടീസിലും വാൽപ്പാറയിലും വാച്ച് റിപ്പയറിങ് ഷോപ്പ് ഉണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ ഞങ്ങൾ അവിടെ ചെലവഴിച്ചു. അതൊരു മനോഹരമായ കാലമായിരുന്നു.
ഈ കാടു തേടിയുള്ള യാത്രക്ക് ഉമ്മിച്ചി വലിയ പിന്തുണയാണ് നൽകിയത്. കുടുംബം നോക്കേണ്ട മകനെ പിന്തുണച്ചതിന് ഏറെ പഴികേട്ടിട്ടുണ്ടാവുമല്ലോ? അത്തരം ഓർമകൾ?
ഉമ്മിച്ചി അധ്യാപികയായിരുന്നു (സി.എച്ച്. ബീവി). മുനമ്പം-പള്ളിപ്പുറം ഗവ. സ്കൂളിലായിരുന്നു. ബാപ്പിച്ചിക്ക് (എൻ.പി. അബ്ദുൽ കരീം) ബോംബെയിലായിരുന്നു ജോലി. കപ്പൽ അടുപ്പിക്കുന്ന ടെഗ്ഗിന്റെ ഓപറേറ്ററായിരുന്നു. പിന്നീട് നാട്ടിലേക്ക് പോന്നു. ഉമ്മിച്ചി അധ്യാപകരുടെ ഏത് പരിപാടികൾക്കും സജീവമായിരുന്നു. വർഷാവർഷം അധ്യാപകർ ചേർന്ന് വിനോദയാത്ര പോകുമ്പോൾ ഉമ്മിച്ചി മക്കളായ ഞങ്ങളേയും ഒപ്പംകൂട്ടി. എന്നെ കുറിച്ച് ഏറെ പരിഭവങ്ങൾ ഉമ്മക്കുണ്ടായിരുന്നു. ഞാൻ പഠിക്കാൻ അത്ര കേമനൊന്നുമല്ല.
പക്ഷേ, പുസ്തകവായന ഭ്രാന്തായിരുന്നു, ഞങ്ങൾ മൂന്ന് മക്കൾക്കും. അത് ഉമ്മിച്ചിയിൽനിന്നും ലഭിച്ചതാണ്. ജീവിതത്തിൽ ഒരിക്കലും മദ്യം, പുകവലി, മറ്റ് ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിച്ചിട്ടില്ല. അവയോട് താൽപര്യവും തോന്നിയിട്ടില്ല. അതെല്ലാം ചെറുപ്രായത്തിലെ ഉമ്മിച്ചിയുടെ ഉപദേശങ്ങളിൽനിന്നും ലഭിച്ച പ്രകാശമാണ്. അതുകൊണ്ട് ഞാൻ ആ വഴിക്ക് മോശമാകില്ലെന്ന് അവർക്ക് തോന്നിക്കാണും. അതൊക്കെയായിരിക്കാം എന്നെ ‘കാട് കടത്തിയതിൽ’ അവർക്ക് വിഷമമൊന്നും തോന്നാതിരുന്നതും. മറ്റുള്ളവർ ഇത്തരം കാര്യങ്ങൾ പറയുന്നതിൽ അവർ ചെവികൊടുക്കാറില്ല.
കാട്, ഫോട്ടോഗ്രഫി, ആയോധന കല, വായന, എഴുത്ത്, ചിത്രരചന ഇങ്ങനെ പലതായി പകുത്ത ജീവിതത്തിൽ കോട്ടയം പുഷ്പനാഥ് ആരായിരുന്നു? ആ ബന്ധത്തെ കുറിച്ച്?
അതൊരു കാലം. കോട്ടയം പുഷ്പനാഥ് എന്നെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ എഴുത്തുകാരനാണ്. അതോടൊപ്പം മുട്ടത്ത് വർക്കി, കാനം ഇ.ജെ എന്നിവരും ചേർന്നു. ഞങ്ങളുടെ കൗമാരകാലത്താണ് കോട്ടയം പുഷ്പനാഥിന്റെ കൃതികളെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന് കത്തുകൾ എഴുതുമായിരുന്നു. മറുപടിയും ഉടനെ വരും. പോേസ്റ്റാഫീസിനു മുന്നിൽ ഞാൻ, ജലീൽ എം.കെ, സാബു, ലത്തീഫ് പള്ളത്ത്, ബെയിസിൽ, സഗീർ ഒ.ബി, നാസർകോയ, വിനോദ് എന്നീ കൂട്ടുകാരുമായി പുഷ്പനാഥ് പബ്ലിക്കേഷനിൽനിന്നും പുസ്തകം വരുന്നതും കാത്ത് നിൽക്കും.
കോട്ടയം പുഷ്പനാഥിന്റെ വായനയിലൂടെ മറ്റു രാജ്യങ്ങൾ, അവിടത്തെ ഭൂപ്രകൃതി, ചരിത്രപഥങ്ങൾ, കലകൾ, സംഗീതം, എഴുത്തുകാർ എന്നിവയൊക്കെ പിന്നീടെന്നിലെ യാത്രികനെയും അന്വേഷിയെയും എഴുത്തുകാരനെയും രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.
പി.ജെ. സെബാസ്റ്റ്യൻ മാഷ് ചെലുത്തിയ സ്വാധീനം അറിയാം. നേച്ചർ ക്ലബായ ‘വനസീമ’ പിറന്നതുൾപ്പെടെ... അതേ കുറിച്ച് വിശദീകരിക്കാമോ?
പി.ജെ. സെബാസ്റ്റ്യൻ സാർ എന്ന അധ്യാപകനായിരുന്നു എന്നെ കാടിന്റെ കാണാപഥങ്ങളിലേക്ക് പറഞ്ഞുവിട്ടത്. പരിസ്ഥിതി സംരക്ഷണത്തിന്റെ അവബോധം എന്നിൽ നിറച്ചതും അദ്ദേഹമാണ്. ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത് തേക്കടി തടാകത്തിലൂടെയുള്ള ഒരു ബോട്ട് യാത്രക്കിടെയാണ്. അന്ന് ഞാൻ ബോട്ടിൽനിന്നും കരയിലേക്ക് ചൂണ്ടി നടന്നുപോയ വഴികളെ കുറിച്ച് പറഞ്ഞപ്പോൾ മാഷിനത് വിശ്വസിക്കാനായില്ല.
‘‘ശരിയാണ് സാറേ, അവൻ കാട്ടിലൂടെയൊക്കെ നടന്നിട്ടുണ്ട്...’’ ഉമ്മിച്ചി സാറിനോട് പറഞ്ഞു. ‘‘നിനക്ക് മീശ കൂടി മുളച്ചിട്ടില്ലല്ലോ’’ എന്ന് മാഷപ്പോൾ പറഞ്ഞു. അങ്ങനെയാണ് ചെറായിയിലുള്ള സെബാസ്റ്റ്യൻ സാറിന്റെ വീട്ടിലെത്തുന്നത്. ചെറിയൊരു ഓടിട്ട വീട്. മുറ്റത്തൊരു കാട്ടുചെമ്പകം. ഭാര്യ ആനി ടീച്ചർ. രണ്ട് മക്കളും. ‘‘എടോ... താൻ തോറോയെ വായിച്ചിട്ടുണ്ടോ? അതായത് ‘വാൾഡൻ’...’’
ഞാൻ ആദ്യമായിട്ട് കേൾക്കുന്ന പേരായിരുന്നു അത്. ഡേവിഡ് ഹെൻറി തോറോ. മഹാത്മാഗാന്ധിയെ വരെ സ്വധീനിച്ച എഴുത്തുകാരൻ. ‘വാൾഡൻ’ എന്ന കൃതി അമേരിക്കൻ സാഹിത്യത്തിലെ ക്ലാസിക് കൃതിയാണ്. കോൺകോഡിലെ വനത്തിനകത്തെ ‘വാൾഡൻ’ എന്ന തടാകക്കരയിൽ ചെറിയൊരു ഒറ്റമുറി വീട്ടിൽ രണ്ട് വർഷം തടാകത്തെയും കാടിനെയും ഉൾക്കൊണ്ട് ജീവിച്ച തത്ത്വചിന്തകൻ, കവി, എഴുത്തുകാരൻ.
എടോ... ‘ആരണ്യക്’ എന്ന ബംഗാളി നോവൽ വായിച്ചിട്ടുണ്ടോ? അതിലെ യുഗള പ്രസാദനെ അറിയുമോ? അടുത്ത ചോദ്യം. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ‘കവിയുടെ കാൽപാടുകൾ’ വായിച്ചിട്ടുണ്ടോ? അങ്ങനെ മാഷ് എനിക്ക് മുന്നിൽ വായനയുടെയും മാറ്റത്തിന്റെയും പുതിയൊരു ലോകം തുറന്നിട്ടു. ഞങ്ങൾ ഒത്തിരി വനയാത്രകൾ നടത്തി. പാതിരാവിൽ ചെറായി കടപ്പുറത്ത് പോയി കിടന്ന് കടലിനക്കരെയുള്ള ഭൂഖണ്ഡങ്ങളെ കുറിച്ചും കടലിലേക്കൊഴുകി എത്തുന്ന നദികളെ കുറിച്ചും സംസാരിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ അന്ന് കേമമായിരുന്നു. ആ ക്ലാസുകളിലൊക്കെ ഞങ്ങൾ സജീവമായി. അങ്ങനെയാണ് സെബാസ്റ്റ്യൻ സാറിന്റെ വീട്ടിൽ ഞങ്ങൾ പള്ളിപ്പുറത്തുകാർ ഏതാനുംപേർ ചേർന്ന് ‘വനസീമ’ എന്ന പേരിൽ നേച്ചർ ക്ലബ് രൂപവത്കരിക്കുന്നത്. സെബാസ്റ്റ്യൻ മാഷ് പ്രസിഡന്റ്, ഞാൻ സെക്രട്ടറി, ചെറായി എസ്.എം.എച്ച്.എസിലെ മോഹൻ സാർ ഖജാൻജിയുമായി. ബാക്കി കൂട്ടുകാർ അംഗങ്ങളായി.
പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ വൈൽഡ് ലൈഫ് അസിസ്റ്റന്റായ അപ്പുക്കുട്ടൻ സാർ ഞങ്ങൾക്ക് മാർഗദർശിയായി. എല്ലാ പൗർണമി രാവുകളിലും ഞങ്ങൾ ഏതെങ്കിലും കാട്ടുപുഴയോരത്ത് തമ്പടിച്ചു. പാറപ്പുറത്ത് കിടന്നുറങ്ങി. പ്രാദേശികമായി കിട്ടുന്ന ആഹാരം പാകംചെയ്തു കഴിച്ചു. പുഴവെള്ളം കുടിച്ചു. പുഴയിൽ കുളിച്ചു. പക്ഷികളെയും മരങ്ങളെയും തിരിച്ചറിയുന്ന പാഠങ്ങളിലേക്ക് സെബാസ്റ്റ്യൻ മാഷ് കൂട്ടിക്കൊണ്ടുപോയി. നോട്ടുപുസ്തകങ്ങളിൽ അനുഭവങ്ങൾ കുറിച്ചുവെച്ചു. വന്യജീവി സെൻസസുകളിൽ പങ്കാളിയായി.
നേച്ചർ ക്യാമ്പുകൾ നടത്തി. വൃക്ഷത്തൈകൾ നട്ടു. വിതരണംചെയ്തു. കഞ്ചാവ് കൃഷിത്തോട്ടം നശിപ്പിക്കുവാനൊക്കെ ഞങ്ങളും വനം വകുപ്പിനൊപ്പംകൂടി. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ കാതലായ ഭാഗത്തെ മുക്കിക്കളയുന്ന കാരപ്പാറ പദ്ധതിക്കെതിരെ കേന്ദ്ര സർക്കാറിന് പഠന റിപ്പോർട്ട് അയച്ചു. അന്ന് കേന്ദ്രത്തിൽ രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി.
മന്ത്രാലയത്തിൽനിന്നും പ്രതീക്ഷ ഉളവാക്കുന്ന മറുപടി വനസീമക്ക് ലഭിച്ചു. ഞങ്ങളിത് ആഘോഷിച്ചത് പറമ്പിക്കുളം തെല്ലിക്കൽ കരടി ബംഗ്ലാവിലാണ്. അതിന്നും മറന്നിട്ടില്ല. കാടിന്റെ ഹൃദയഭാഗത്താണ് ആ പഴയ ബംഗ്ലാവ്. വന്യജീവികളുടെ പറുദീസയായിരുന്നു അന്നവിടം. കാരപ്പാറ പുഴ കുറച്ചപ്പുറം മാറി ഒഴുകുന്നു.
ഞങ്ങൾ നിലാവിൽ ആ പഴയ കെട്ടിടത്തിന്റെ കല്ലൊതുക്കുകളിൽ നിശ്ശബ്ദരായി ഇരുന്നു. ഞങ്ങൾക്ക് മുന്നിലെ വയലിൽ (ചെറിയ ചതുപ്പുകളെ ഇവിടെ വയൽ എന്നാണ് പറയുന്നത്) ആനക്കൂട്ടവും മാനുകളും ഒക്കെയുണ്ട്. ആനക്കൊമ്പുകളിൽ നിലാവ് വീണു തിളങ്ങുന്ന കാഴ്ച... കാതരയായ ഒരു മാൻപേടയുടെ ശബ്ദം... ഏതോ രാക്കിളി വിളിക്കുന്നു... ഇതായിരുന്നു ഞങ്ങളുടെ ആഘോഷം. ഇന്നും മനസ്സിൽ പച്ചപിടിച്ച് കിടക്കുന്ന ആഘോഷ കാലം.
1987ൽ ‘സേവ് വെസ്റ്റേൺ ഘാട്ട്സ്’, എ. മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട സംരക്ഷണ യാത്ര. ആ യാത്രയുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച്?
1987ൽ മോഹൻകുമാർ മാഷിന്റെ നേതൃത്വത്തിൽ നടത്തിയ പശ്ചിമഘട്ട പദയാത്രയാണ് എന്നെ അടിമുടി മാറ്റിമറിച്ചത്. വനസീമ നേച്ചർ ക്ലബിന്റെ കീഴിൽ എന്നെയും ടി.ജെ. സലിയെയും ആ യാത്രയിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്തു. ഒടുവിൽ സലിക്ക് വരാനായില്ല. കന്യാകുമാരി മുതൽ മൂന്നുമാസം നടന്ന് പശ്ചിമഘട്ടത്തിന്റെ അതിരായ നവാപൂർ വരെയാണ് ആ യാത്ര. എനിക്ക് 20 ദിവസമാണ് സംഘാടകർ അനുവദിച്ചത്.
സെബാസ്റ്റ്യൻ സാർ വണ്ടിക്കൂലി തന്ന് കന്യാകുമാരിയിലേക്ക് ബസ് കയറ്റിവിട്ടു. കവിതയും പാട്ടും തെരുവ് നാടകങ്ങളും, സംഭാഷണങ്ങളുമായി ഞങ്ങൾ തോൾസഞ്ചികളും തൂക്കി നടന്നുതുടങ്ങി. യാത്രയിൽ ഒന്നു രണ്ട് പക്ഷികളെ ഞാൻ തിരിച്ചറിഞ്ഞപ്പോൾ പിന്നെ പക്ഷികളെ കണ്ടാൽ മോഹൻകുമാർ മാഷ് എന്നെ അന്വേഷിച്ചുതുടങ്ങി. അങ്ങനെയാണ് പിൻകാലങ്ങളിൽ പക്ഷികളുടെ പേരുകൾ പഠിക്കുവാൻ ഞാൻ നിർബന്ധിതനായത്.
20 ദിവസം പിന്നിട്ടപ്പോൾ മോഹൻകുമാർ മാഷ് എന്നെ ആ യാത്രയിൽ പൂർണമായും പങ്കെടുക്കുവാൻ പറഞ്ഞു. പ്രശസ്ത ഫോട്ടോഗ്രാഫറായ റസാഖ് കോട്ടക്കലിനെയും ഡോക്യുമെന്ററി നിർമാതാവായ ശരത്ചന്ദ്രനെയും സാരംഗ് ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി, പ്രകൃതിജീവനവും സഞ്ചാരവും ജീവിതമാക്കിയ മുഹമ്മദാലി, കേരളത്തിന്റെ പരിസ്ഥിതിസംരക്ഷണത്തിന് തുറന്ന ലോകം നൽകിയ പ്രഫ. ജോൺ സി. ജേക്കബ്, സയന്റിസ്റ്റായ ഡോ. ശങ്കറിനെയും പോലുള്ള പല പ്രഗല്ഭരെയും ആ യാത്രയിലാണ് അറിയുന്നത്. എല്ലാം എന്റെ കാഴ്ചപ്പാടുകൾക്ക് വെള്ളവും വളവുമായി.
ആ യാത്ര കഴിഞ്ഞശേഷം കാവിമുണ്ടും ‘സേവ് വെസ്റ്റേൺ ഘാട്ട്സ്’ എന്നെഴുതിയ കാക്കി തോൾസഞ്ചിയും തൂക്കിയായിരുന്നു പിന്നീടുള്ള എന്റെ സഞ്ചാരങ്ങളൊക്കെ. പള്ളിപ്പുറത്തുനിന്നും പറവൂർക്കും (എട്ട് കിലോമീറ്റർ) ആലുവാക്കും (22 കിലോമീറ്റർ) വൈപ്പിനി ലേക്കും (23 കിലോമീറ്റർ) ഒക്കെ നടന്നായി യാത്ര. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും സെബാസ്റ്റ്യൻ മാഷും ഒപ്പം കൂടും. ഇപ്പോഴും ആ നടത്തം തുടരുന്നു.
മോഹൻകുമാർ മാഷുമായി അന്നുതുടങ്ങിയ ബന്ധമാണ്. ഇപ്പോഴും ആ സ്നേഹത്തിന് കുറവൊന്നുമില്ല. എത്രയോ അറിവും ജീവിതാനുഭവങ്ങളുമുള്ളൊരു പ്രകാശമാണദ്ദേഹം. വാക്കും പ്രവൃത്തിയും ഒരുമിച്ചു ജീവിച്ചുകാണിച്ച വേറെ ഏത് പരിസ്ഥിതി സംരക്ഷകരാണ് അദ്ദേഹത്തെ പോലെ കേരളത്തിലുള്ളത്? നവ പരിസ്ഥിതി പ്രവർത്തകർക്ക് അത് എളുപ്പത്തിൽ പിടികിട്ടില്ല.
പൂക്കളോടും ചെടികളോടും മൃഗങ്ങളോടും സംസാരിക്കാൻ കഴിയുമെന്ന് പറഞ്ഞുതന്നത് ഗുരു നിത്യചൈതന്യ യതിയാണെന്ന് എഴുതിയിട്ടുണ്ടല്ലോ? അത്തരം അനുഭവങ്ങളുണ്ടോ?
’82 കാലഘട്ടത്തിലാണ് ഗുരു നിത്യയുമായി അടുക്കുന്നത്. അതിന് മുമ്പ് അദ്ദേഹത്തിന്റെ പുസ്തകങ്ങളൊക്കെ വായിക്കാറുണ്ട്. കത്തുകൾ എഴുതാറുണ്ട്. അതിന് ഗുരു മറുപടിയും തരാറുണ്ടായിരുന്നു. അന്നൊക്കെ ഞാൻ ചെറിയ രീതിയിൽ രേഖാചിത്രങ്ങളൊക്കെ വരക്കുമായിരുന്നു. ഗുരു അതിന് വേണ്ട പ്രോത്സാഹനവും തന്നു. അക്കാലത്ത് ഊട്ടിയിലെ ഫേൺഹിൽ ആശ്രമത്തിൽ സംഗീതോത്സവം നടക്കുന്നു. ഞാൻ അങ്ങോട്ട് വന്നോട്ടെ എന്ന് ഗുരുവിനോട് ചോദിച്ച് കത്തെഴുതി.
ഒരു ഇൻലൻഡിൽ നല്ലൊരു ചിത്രം വരച്ച് ഗുരു അതിനടിയിൽ എഴുതി, ‘‘നസീറേ... വന്നോളൂ.’’ ആ ഒരു മാസം ഫേൺ ഹിൽ ആശ്രമത്തിൽ! ഗുരുവിനൊപ്പം രാവിലെ നടക്കുവാൻ പോകുമ്പോഴാണ് ഓരോ കാര്യങ്ങൾ പറയുന്നത്. വഴിയരികിലെ ചെറുപൂക്കളെ തലോടി ‘‘ഫേൺ ഹില്ലിലെ നിത്യൻ ഇതുവഴി വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ പുഷ്പിച്ചതാണ് ഇവ...’’ എന്നു മെല്ലെ മന്ത്രിക്കും.
പിന്നെ പൂക്കളോട് സംസാരിക്കും. ‘‘ദാ... നീ കേൾക്കൂ ഇനി ഒരു കൂട്ടരുണ്ട്, അവർ എനിക്കായി പാടുന്നവർ...’’ കുറച്ചു ദൂരം നടന്നിട്ട് ഗുരു നിശ്ശബ്ദനായി കാതോർക്കും. വലതുവശത്തെ ചെടികൾക്കപ്പുറമുള്ള ചെറിയൊരു നീർച്ചാലിൽനിന്നും തവളകളുടെ ശബ്ദം. ‘‘നമ്മൾ പ്രകൃതിയിലേക്ക് പഞ്ചേന്ദ്രിയങ്ങൾ ഒന്ന് തുറന്നുെവച്ചാൽ മതി. അപ്പോൾ ധ്യാനം സംഭവിക്കും. അതാണ് യഥാർഥ ധ്യാനം.’’
മൃദുവായി ഗുരു എന്റെ കൈയിൽ സ്പർശിച്ചിട്ട് മന്ത്രിച്ചു. ‘‘ഇവരൊക്കെ നമ്മോട് സംസാരിക്കുന്നുണ്ട്. അതിന് അവരെ നാം അടുത്തറിയണം.’’ ഗുരു നിത്യ വലിയ സഞ്ചാരിയായിരുന്നല്ലോ. അദ്ദേഹം അമേരിക്കയിലെ ഡേവിഡ് ഹെൻറി തോറോയുടെ വാൾഡൻ തടാകക്കരയിൽ പോയതിനെ കുറിച്ച് എഴുതിയിട്ടുണ്ട്.
‘‘നീ ഒരിക്കൽ അവിടെ പോകണം. ആ തടാകത്തിന്റെ ആഴത്തിൽ കിടക്കുന്ന കല്ലുകൾവരെ നമ്മൾക്ക് വ്യക്തമായി കാണാം... അത്ര നിർമലമാണ് ആ ജലം. ഞാൻ തോറോയുടെ കുടിലിരുന്ന സ്ഥലത്ത് ഇരുന്ന് ‘വാൾഡൻ’ രണ്ട് മൂന്ന് പേജുകൾ വായിച്ചു...’’ എന്റെ കാനനസഞ്ചാരങ്ങളിൽ വനത്തിലെ ജീവനുകളുമായി ഇടപഴകുമ്പോൾ ഉരുത്തിരിഞ്ഞു വരുന്ന ചില സന്ദേശങ്ങളുണ്ട്. അതവരുടെ ഭാഷയാണ്. അതനുഭവിച്ചാണ് അറിയേണ്ടത്.
അതിന് ആഴങ്ങളിലേക്ക് പോകേണ്ടിയിരിക്കുന്നു. നാം ചിലതെല്ലാം അടുത്തറിയാനുണ്ട്. ഗുരു നിത്യയെപോലെ ഗുരുതുല്യനായ ഡോ. ഫാദർ കെ.എം. ജോർജ് അച്ചനും പൂക്കളിലെ ധ്യാനത്തെ കുറിച്ച് വെളിച്ചം നൽകിയ ഒരാളാണ്. അച്ചനും ഒരു ധ്യാനഗുരുവും ലോകസഞ്ചാരിയും ആർട്ടിസ്റ്റും അനേകം കൃതികളുടെ കർത്താവുമാണ്. ഒരു വൃക്ഷത്തിന്റെ കൂമ്പിലകളിലൂടെ, ചില്ലകളിലൂടെ, തായ് തടിയിലൂടെ, വേരുകളിലൂടെ ആഴ്ന്നിറങ്ങി നമ്മൾക്ക് ഭൂമിയുടെ ഉർവരതയെ അനുഭവിക്കാനാകും.
കാട്ടിൽ ദുഷ്ടമനസ്സോടെ മനുഷ്യർ ചെന്നാൽ മൃഗങ്ങൾക്ക് അത് തിരിച്ചറിയാൻ കഴിയുമെന്ന് നസീറിനെപ്പോലെ എ. മോഹൻ കുമാറും പറഞ്ഞുകേട്ടിട്ടുണ്ട്. അത്തരം അനുഭവത്തെ കുറിച്ച്?
അത്തരം ധാരാളം അനുഭവങ്ങളെ കുറിച്ച് ഏറെ എഴുതി. ഒറ്റ ഒരു ഉദാഹരണം പറയാം. നമ്മൾ വീട്ടിൽ ആട്, എരുമ, പശു എന്നിവയിൽ ഏതെങ്കിലും വീട്ടുമൃഗങ്ങളെ വളർത്തുകയാണെങ്കിൽ അവയെ ഏതെങ്കിലും അറവുകാരന് വിൽക്കുകയാണെങ്കിൽ, അയാൾ ആ മൃഗത്തെ കൊണ്ടുപോകുവാൻ നമ്മുടെ പറമ്പിൽ കാൽ കുത്തുന്ന സമയം മൃഗങ്ങൾ തിരിച്ചറിയും. അവ അയാളെ അവയുടെ ശരീരത്തിൽ തൊടുവാൻപോലും അനുവദിക്കില്ല. മരണവെപ്രാളമായിരിക്കും കാണിക്കുക. ഇനി മറ്റൊരു ഉദാഹരണം ഏത് ആളിനെയും കടിക്കുന്ന പട്ടി. പട്ടിയെ പിടികൂടുന്നവരെ കണ്ടാൽ ഓടിരക്ഷപ്പെടും.
നമ്മൾ വളർത്തുന്ന ജീവികൾക്ക് ഇത്തരം കഴിവുകൾ ഉണ്ടെങ്കിൽ കാട്ടിലെ ജീവജാലങ്ങളുടെ കഴിവുകളെ കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. മാനസാന്തരപ്പെട്ട വനംവകുപ്പ് വാച്ചറായ ഒരു നായാട്ടുകാരന്റെ കൂടെ കാട് കയറിയപ്പോൾ ഒരു കാട്ടുപോത്ത് ആക്രമിക്കാൻ വന്നിട്ടുണ്ട്.
എന്റെ അരികിലുള്ള വേട്ടക്കാരന്റെ നേരെയാണ് കാട്ടുപോത്ത് പാഞ്ഞെത്തിയത് അയാൾ ജീവനുംകൊണ്ട് പാഞ്ഞു, പിറകെ കാട്ടുപോത്തും. വന്യജീവികളെ ഉപദ്രവിച്ച് പടംപിടിക്കാൻ എത്തുന്ന ഫോട്ടോഗ്രാഫർമാരെയും കാടിനും അതിലെ ജീവജാലങ്ങൾക്കും തിരിച്ചറിയുവാനാകും. ശാസ്ത്രീയമായി ഇത്തരം കാര്യങ്ങളെ കുറിച്ച് ധാരാളം പഠനങ്ങൾ നിലവിലുണ്ട്.
കാടിനെ സ്നേഹിച്ച മനുഷ്യൻ എന്ന നിലയിൽ ക്രൂരതയെ മൃഗീയതയെന്നും വന്യതയെന്നുമൊക്കെ വിശേഷിപ്പിക്കുന്നതിനെതിരെ രോഷംകൊണ്ട് കണ്ടിട്ടുണ്ട്. ഇത്തരം വിശേഷണങ്ങൾ കൊണ്ടുനടക്കുന്ന മാധ്യമങ്ങളുൾപ്പെടെയുള്ള പൊതുസമൂഹത്തെ എങ്ങനെ വിലയിരുത്തുന്നു?
കാടിനോട് ബന്ധപ്പെട്ട ഇത്തരം വാർത്തകൾ വല്ലാതെ പൊലിപ്പിച്ചു കാണിക്കുകയാണ് മാധ്യമങ്ങളിൽ പലതും. കാടും നാടും കൂടിക്കുഴഞ്ഞു കിടക്കുന്ന ഇടങ്ങളാണ് കേരളത്തിലെ മലയോര പ്രദേശങ്ങൾ. ‘വന്യജീവികൾ നാട്ടിലിറങ്ങി’ എന്ന വാർത്ത വരുമ്പോൾ മറ്റൊരു ചോദ്യം ഉയരും, ‘‘ആര്? ആരുടെ നാട്ടിലിറങ്ങി?’’ ഇത് ഏറെ സങ്കീർണമായൊരു വിഷയംതന്നെയാണ്.
ഇക്കാര്യം വല്ലാതെ വളച്ചുകെട്ടാതിരിക്കലാണ് ആദ്യം വേണ്ടത്. ചില വന്യജീവികളെ കുറിച്ച് മാധ്യമങ്ങളിൽ പറയുന്നതു കേട്ടാൽ ഈ ജീവികളൊന്നും ഈ ഭൂമിയിൽ പാടില്ല മനുഷ്യർ മാത്രം മതി എന്ന തരത്തിലാണ്. വന്യജീവികൾ കാട്ടിൽ പെരുകുന്നതാണ് നമ്മൾക്ക് ഭീകരവാർത്ത. മനുഷ്യൻ പെറ്റുപെരുകി ഭൂമിക്കും അന്യഗ്രഹങ്ങൾക്ക് വരെ ഭീഷണി ആയിക്കൊണ്ടിരിക്കുന്നതിനെ കുറിച്ച് നമ്മൾക്കൊന്നും പറയാനില്ലേ? അതിനുവേണ്ട പദ്ധതികൾ ഏതെങ്കിലും ഉണ്ടോ?
ഈ ഭൂമി കുപ്പത്തൊട്ടിയാക്കിക്കൊണ്ടിരിക്കുന്ന ഏക ജീവി വന്യജീവികളാണോ? കാലാവസ്ഥയെ തകിടംമറിച്ചത് വന്യജീവികളാണോ? കടലിലെയും കാട്ടിലെയും ഏത് ജീവിയാണ് അതിന്റെ തന്നെ കുലത്തിലുള്ള ജീവികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത്? നമ്മുടെ യുദ്ധങ്ങൾ, അതിർത്തി തർക്ക പ്രശ്നങ്ങൾ, രാഷ്ട്രീയം, ജാതി, മതം ഇത്തരത്തിലുള്ള കൊലകൾ ഏത് വന്യജീവിയാണ് ചെയ്യുന്നത്?
ഇതൊക്കെ വിവരം, തിരിച്ചറിവ്, വിദ്യാഭ്യാസം, സംസ്കാരം, ബുദ്ധി, ബോധം എന്നിവയൊക്കെ ഉണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യരായ നമ്മളല്ലേ ചെയ്തുകൂട്ടുന്നത്?
പിന്നെ എന്ത് മൃഗീയത, വന്യത!
നമ്മുടെ സ്കൂൾതലംതൊട്ട് പരിസ്ഥിതിസംരക്ഷണത്തെ കുറിച്ച് നല്ല അറിവ് കുട്ടികൾക്ക് പകരേണ്ടിയിരിക്കുന്നു. ഇപ്പോൾ ഉപകാരപ്രദമല്ലാത്ത എന്തൊക്കെയാണ് പഠിക്കുന്നത്. അതൊക്കെ പിറകെ വരട്ടെ. ഇത് നമ്മൾക്ക് ഭൂമിയിൽ നിലനിൽപ്പിന്റെ പ്രശ്നപരിഹാരമാണ്.
കാട് തന്ന ചിത്രങ്ങളിൽ ഏറ്റവും പ്രിയം ഏതിനോടാണ്? കാരണം സാധാരണ മനുഷ്യന് കാട് ആനയും പുലിയും കടുവയും ഉൾപ്പെടുന്ന മൃഗങ്ങളുടേത് മാത്രമാണ്. എന്നാൽ, അങ്ങേക്കത് ചിത്രശലഭത്തിന്റേതുകൂടിയാണല്ലോ?
കാട്ടിലെ ഏത് ജീവനു നേരെയാണോ കാമറ തിരിക്കുന്നത്, അതായിരിക്കും എനിക്ക് ഏറ്റവും അമൂല്യമായ ചിത്രം. അത് എടുത്തു കഴിഞ്ഞാൽ അടുത്തത്. എടുത്തു കഴിഞ്ഞ ചിത്രങ്ങളിൽ എല്ലാം ഏറ്റവും പ്രിയമാർന്നത് തന്നെ. അത് കടുവയുടെ ചിത്രമായാലും ഒരു പുഴുവിന്റെ ചിത്രമായാലും.
മഴക്കാട്ടിലെ ഗുരു കുമാരനും കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച്?
മഴക്കാടിന്റെ നിഗൂഢതകളെ കുറിച്ച് എന്റെ ബോധത്തിൽ പ്രകാശം വീഴ്ത്തിയത് കുമാരനാണ്. കുമാരനൊപ്പമുള്ള സഞ്ചാരങ്ങളൊക്കെ ഓരോ പഠനങ്ങളായിരുന്നു. ഷോളയാർ കാടിന്റെ ഇരുളടഞ്ഞ ഇടങ്ങളിലൊക്കെ എന്നേയുംകൂട്ടി ചെന്നു... എന്തൊക്കെയോ പ്രത്യേകതകൾ നിറഞ്ഞ ഒരു മനുഷ്യൻ.
ഏതാണ്ട് ടാർസനെ പോലെയുള്ള പ്രവൃത്തികളാണ് മൂപ്പരുടേത്. ഏത് മലയിലും വരയാടിനെ പോലെ കയറിച്ചെല്ലും, ഏത് വലിയ മരവും കാണും, എത്ര ഉയരത്തിൽനിന്നും നിലയില്ലാ കയത്തിലേക്ക് എടുത്ത് ചാടും, ഏത് കാട്ടുവള്ളിയിലും തൂങ്ങിയാടി സഞ്ചരിക്കും... കാട്ടുമരുന്നുകൾ അറിയാം... തേൻ എടുക്കൽ, ചൂണ്ടയിട്ട് മീൻ പിടിക്കൽ, മുളംകുമ്പത്തിൽ ആഹാരങ്ങൾ തയാറാക്കൽ... ഞാൻ അടിച്ചിൽ തൊട്ടി മുതുവാകുടിയിൽ ചെന്നാൽ കുമാരന്റെ പുരയിലാണ് താമസം. സാധാരണ രീതിയിൽ മുതുവാന്മാർ പുറമെയുള്ളവരെ സ്വന്തം പുരയിൽ താമസിപ്പിക്കാറില്ല. അത്തരം ആളുകൾക്കായി ചാവടി പുരയുണ്ട്.
നിലാവിലും മഞ്ഞിലും മഴയിലും ഞാൻ കുമാരനൊപ്പം ആ കാനനത്തിൽ സഞ്ചരിച്ചു. ഗുഹയിലും പാറപ്പുറത്തും ഏറുമാടങ്ങളിലും മഹാവൃക്ഷത്തിന്റെ വേരുകൾക്കിടയിലും ഞങ്ങൾ അന്തിയുറങ്ങി. ഇന്ന് കുമാരനില്ല. ഞാൻ പിന്നീട് ഒരിക്കൽ മാത്രമേ അങ്ങോട്ട് പോയിട്ടുള്ളൂ.
അന്ന് പൊട്ടിപ്പൊളിഞ്ഞ ആ കുടിലിൽ അന്തിയുറങ്ങാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. പിന്നീട് അങ്ങോട്ട് പോകുവാൻ കഴിഞ്ഞില്ല. കുമാരന് മക്കളുണ്ടായിരുന്നില്ല. കുമാരന്റെ ഭാര്യയെ ആ ഇടക്ക് മലക്കപ്പാറയിൽ െവച്ച് കണ്ടിരുന്നു. ഒന്നും മിണ്ടാനില്ലായിരുന്നു. മലകളെയും മഹാവൃക്ഷങ്ങളെയും പുഴകളെയും ആരണ്യകങ്ങളെയും തൊഴുതുനിൽക്കുന്ന കുമാരനിപ്പോഴും മനസ്സിൽ നിറഞ്ഞുകിടക്കുകയാണ്.
ഏറെ ചർച്ചചെയ്യപ്പെട്ട ‘കാടിനെ ചെന്ന് തൊടുേമ്പാൾ’ എന്ന പുസ്തകം കവി പി. കുഞ്ഞിരാമൻ നായർക്കും എ. അയ്യപ്പനുമാണല്ലോ സമർപ്പിച്ചത്. ആ പ്രേരണക്ക് പിന്നിലെന്താണ്?
ആ രണ്ടു പേരോടുമുള്ള ആരാധനതന്നെ കാരണം. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥയായ ‘കവിയുടെ കാൽപാടുകൾ’ എത്ര ആവർത്തി വായിച്ചു എന്നറിയില്ല. പലർക്കും വാങ്ങി സമ്മാനിച്ച പുസ്തകമാണത്. എന്തൊരു വർണന! എന്തൊരു ആത്മഗതം! എന്തൊരു ഭാഷ! കവി എ. അയ്യപ്പനെയും അതുപോലെ കാണുന്നു. അയ്യപ്പന്റെ എല്ലാ കൃതികളും എന്റെ പുസ്തകശേഖരത്തിലുണ്ട്. രണ്ടു പേരുടെയും സത്യസന്ധമായ ഏറ്റുപറച്ചിലുകൾ.
മനുഷ്യരെ ഭയക്കുകയും കാടിനെയും മൃഗങ്ങളെയും സ്നേഹിച്ചതിനെ കുറിച്ചും ഏറെ പറഞ്ഞല്ലോ? ഇതിനിടയിലും സ്വാധീനിച്ച മനുഷ്യർ ഏറെയുണ്ടെന്നറിയാം. അവരെ കുറിച്ച്?
തെങ്ങുകയറുന്ന ജോണിന്റെ കൂസലില്ലായ്മ മുതൽ ഒത്തിരി പേരെന്നെ സ്വാധീനിച്ചിട്ടുണ്ട്. ഗുരു നിത്യ ചൈതന്യ യതി, ഫാദർ ഡോ. കെ.എം. ജോർജ്, ഫാദർ ബോബി ജോസ് കട്ടിക്കാട്, എ. മോഹൻകുമാർ, എന്റെ ആയോധന ഗുരുക്കന്മാരായ ഹാൻഷി ഡോ. എസ്. രത്തിനം, ദായ് സൻസയി മോസ്സ് തിലക്, എന്റെ ഏത് സംശയങ്ങൾക്കും ഉത്തരം നൽകുന്ന കൊച്ചിയിലെ ജെർളി മാഷ്, എന്റെ ഗുരുനാഥന്മാരായ സിപ്പി പള്ളിപ്പുറം സർ, റാഫേൽ സർ, പി.ജെ. സെബാസ്റ്റ്യൻ സർ, ആരോഗ്യകാര്യങ്ങളിലേക്കും യേശുദാസിന്റെ ഗാനങ്ങളിലേക്കും ഫുട്ബാളിലേക്കും ബാല്യകാലത്ത് എന്നെ അടുപ്പിച്ച ഈനാസി ചേട്ടൻ (പനക്കൽ ഇഗ്നേഷ്യസ്), 1996 മിസ്റ്റർ കേരളയായ നാട്ടുകാരൻ മൈക്കിൾ റോക്കി, ചെറായിയിലെ ദേവരാജൻ സർ, മഹാ വൈദ്യരായ ഉണ്ണി വൈദ്യർ, മാർക്ക് ദാവിദാർ, വനം വകുപ്പിലെ ഉദ്യോഗസ്ഥരായിരുന്ന പി.എൻ. ഉണ്ണികൃഷ്ണൻ (IFS), DFO പി. ധനേഷ് കുമാർ, വൈൽഡ് ലൈഫ് അസിസ്റ്റന്റായി വിരമിച്ച തോമസ് നെൽസൺ, അപ്പുക്കുട്ടൻ, വാച്ചർ കണ്ണൻ, കുമാരൻ അങ്ങനെ എല്ലാ മേഖലകളിൽനിന്നും ചിലരൊക്കെ എന്റെ ജീവിതവുമായി ഇഴചേർന്നുനിൽക്കുന്നുണ്ട്. പേരുകൾ പറയുവാൻ ഇനിയും... എന്റെ കുടുംബത്തിൽനിന്നുതന്നെ ഒത്തിരി പേർ ഇതാ: വായനയെയും എഴുത്തുകാരുമായി സൗഹൃദം പങ്കുവെക്കുകയും ഹിന്ദുസ്താനി സംഗീതത്തെയും സൈഗാളിനെയും ഇഷ്ടപ്പെട്ട ഫോട്ടോഗ്രാഫറും സഞ്ചാരിയുമായ എന്റെ വല്ല്യാമ (സി.എച്ച്. ഇബ്രാഹിം), മണ്ണിനെയും കൃഷിയെയും മുകേഷിന്റെയും മുഹമ്മദ് റഫിയുടെയും ഗാനങ്ങളെ സ്നേഹിച്ച കൊച്ചുമാമ്മ (സി.എച്ച്. ബാബ), വായനയെയും വരയെയും തലത് മഹ്മൂദിന്റെ ഗാനങ്ങളെയും സ്നേഹിച്ച എൻജിനീയറായ കുഞ്ഞാമ (സി.എച്ച്. ബഷീർ), റഫിയുടെയും കിഷോറിന്റെയും ശബ്ദങ്ങളിൽ മനോഹരമായി പാടുകയും ഇംഗ്ലീഷ് ഗാനങ്ങളോടും ആധുനിക ഫാഷനുകളോടും ക്രിക്കറ്റ് കളിയോടും ഏറേ ഇഴുകിച്ചേർന്ന തലശ്ശേരിയിൽനിന്നും എത്തിയ മൂത്തുമ്മായുടെ മകൻ അശുറൂക്കാക്ക (എൻ.കെ. അഷറഫ് ഹസൻ), നൃത്തവും ഗാനങ്ങളും ഏറെ ഇഷ്ടപ്പെട്ട ഉമ്മിച്ചയുടെ അനിയത്തി കുഞ്ഞിനയും ഭർത്താവ് വായനയിലും പൊതുപ്രവർത്തനങ്ങളിലും സജീവമായിരുന്ന അലി എളാപ്പയും (പ്രഫസർ റുഖിയാ ബീഗം & അഡ്വ. എൻ.എ. അലി നോർത്ത് പറവൂർ) പ്രേംനസീറിനെയും മലയാള ഗാനങ്ങളെയും ഇഷ്ടപ്പെട്ട ജന്റിൽമാൻ ലുക്കിൽ നടക്കുന്ന ബാപ്പിച്ചിയുടെ അനുജനായ ചെറിയ എളാപ്പ (എൻ.പി. അലി), ആരോടും പരിഭവമില്ലാതെ ഇരുകരങ്ങളും അറിയാതെ സഹായം നൽകുകയും മുഹമ്മദ് റഫിയെയും തലത് മഹ്മൂദിനേയും കേട്ടിരുന്ന വല്യ മൂത്താപ്പ (എൻ.പി. കുഞ്ഞുമുഹമ്മദ്), ചങ്കൂറ്റവും കൂസലില്ലായ്മയും ഗായകൻ മഹേന്ദ്ര കപൂറിന്റെ ഛായയുമുള്ള ചെറിയ മൂത്താപ്പ (എൻ.പി. അബ്ദു), മലയാള സിനിമയെയും ഗാനങ്ങളെയും പക്ഷിമൃഗാദികളെയും സ്നേഹിച്ച വല്ല്യളാപ്പ (എൻ.പി. അതൃമാൻ, ഇന്നും എന്റെ ഓരോ എഴുത്തിനും കാഴ്ചക്കും കാത്തിരിക്കുന്ന കുഞ്ഞളാപ്പ (എൻ.പി. അബ്ദുൽ സലാം) ... അങ്ങനെ നീളുന്നു...
കാടിനെക്കുറിച്ച് പറഞ്ഞാലും എഴുതിയാലും തീരില്ലെന്ന് അങ്ങയുടെ വാക്കുകൾ ഇതിനകം തെളിയിച്ചു കഴിഞ്ഞു. ഈ എഴുത്തുകൾക്കുള്ള പ്രചോദനം ഓരോ കാടുകയറൽ തന്നെയാണോ?
നിലവിൽ 11 പുസ്തകങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ പുസ്തകം ‘വന്യതയുടെ ഇന്ദ്രജാലം’ ഡി.സി ബുക്സ് പുറത്തിറക്കി. ഓരോ കാടുകയറ്റങ്ങളും എനിക്ക് ഒത്തിരി അനുഭവങ്ങൾ നൽകിയിട്ടുണ്ട്. ആ ഓർമകളൊന്നുംതന്നെ മാഞ്ഞുപോകില്ല. അതൊക്കെയാണ് കാടെഴുത്തിന്റെ പ്രചോദനം.
അനുകരിക്കാൻ അസാധ്യമായ വഴിയിലൂടെയാണ് സഞ്ചാരം. അങ്ങയെപ്പോലെ കാടിനെ അകമഴിഞ്ഞ് സ്നേഹിച്ച് യാത്ര നടത്തുന്നവർ കേരളത്തിൽ വേറെയുണ്ടോ?
ഉണ്ടായിരിക്കാം. അറിയില്ല. പക്ഷേ ഞാൻ നേരത്തേ പറഞ്ഞല്ലോ, കാമറയില്ലാതെയാണ് ഞാൻ 25 വർഷത്തോളം കാടിനെ തേടി ചെന്നത്. ഒരു കാമറയും ലെൻസും ഉണ്ടെന്ന് കരുതിയല്ല കാട്ടിലേക്ക് ചെന്നത്. അതിനുശേഷം കാമറയൊക്കെ കൈവശം വന്നപ്പോഴും കാമറയില്ലാത്ത സഞ്ചാരങ്ങൾ നിരന്തരം ഉണ്ടായിട്ടുണ്ട്. ആ ലോകം ഇപ്പോഴും എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു, എന്നെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു, അതിന് കാമറയൊന്നും വേണ്ട എന്നെ കാടിന് തിരിച്ചറിയാം എന്നൊരു അഹങ്കാരവും ഉണ്ടെന്ന് കൂട്ടിക്കൊള്ളൂ (ചിരിക്കുന്നു).
ഓരോ മഴക്കാലവും മലയാളിക്ക് ഭീതിയുടെ കാലമാണിന്ന്. പശ്ചിമഘട്ടമുൾപ്പെടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓരോ നിമിഷവും ബോധ്യപ്പെടുകയാണ്. ജനങ്ങളോടല്ല മാറി മാറി വരുന്ന ഭരണകൂടത്തിനോട് എന്താണ് പറയാനുള്ളത്?
പ്രകൃതിസംരക്ഷണത്തെ കുറിച്ച് കൃത്യമായ വിവരം മാറിമാറി വരുന്ന സർക്കാറുകൾക്ക് വേണം. ‘നോ’ എന്ന് പറയണ്ട സ്ഥലത്ത് ‘നോ’ എന്ന് തന്നെ ആദ്യം പറയണം. അവിടെ രാഷ്ട്രീയം, മതം എന്നിവ അകറ്റിനിർത്തണം. വോട്ട് ബാങ്ക് ആയി മാത്രം ആ വിഷയത്തെ കാണരുത്. നമ്മൾക്ക് വികസനം വേണം.
പക്ഷേ, അറബിക്കടലിലേക്ക് ചരിഞ്ഞ് കിടക്കുന്ന ഈ കൊച്ചു കേരളത്തിന്റെ ഭൂപ്രകൃതിയെ സമഗ്രമായി പഠിച്ചിട്ടായിരിക്കണം. അല്ലെങ്കിൽ ഇനിയും ഭീതി കാലങ്ങൾ വന്നുകൊണ്ടേയിരിക്കും. കാടും മലയും കുന്നും മണ്ണും പുഴയും ഇനിയും തൊടുമ്പോൾ സൂക്ഷിക്കുക. കൈ പൊള്ളും.
പുതിയ തലമുറയെങ്കിലും പ്രകൃതിസ്നേഹത്തിന്റെ പ്രാധാന്യം അറിയാൻ പ്രൈമറിതലത്തിൽ സ്വീകരിക്കേണ്ട പഠനരീതി നിർദേശിക്കാമോ?
അവർക്ക് കഥകൾ, കാട്, പുഴ, കിളികൾ, പൂമ്പാറ്റകളൊക്കെ വലിയ പ്രിയമാണ്. കഥ പറച്ചിലിലൂടെ അവരെ ഇവയോടൊക്കെ അടുപ്പിക്കാം. അവരുടെ ഭാഷയിൽ. ക്ലാസ് മുറികളിൽനിന്നും ഉദ്യാനങ്ങളിലേക്കും വൃക്ഷ ചോട്ടിലേക്കുമൊക്കെ കൂട്ടിക്കൊണ്ടു പോകണം.
അങ്ങനെ നമ്മൾക്കിടയിൽ ഒരു ജോൺ സി മാഷും ശോഭീന്ദ്രൻ മാഷും ഉണ്ടായിരുന്നു. പഠിപ്പിക്കുന്ന അധ്യാപകർക്കും അത്തരത്തിലുള്ള ചിന്തകൾ വേണം. നമ്മുടെ ചുറ്റുപാടുകളിൽ നിറഞ്ഞുനിൽക്കുന്ന ഹരിതത്തെ കുറിച്ച് നല്ല കാഴ്ചപ്പാടുകളും പഠനരീതികളും അവരിൽ ആദ്യമേ ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു ചെറിയ പുല്ല് പറിച്ചാൽ തന്നെ ഇളകുന്ന മണ്ണിനെ കുറിച്ച് നമുക്ക് പഠിച്ചു തുടങ്ങാം.
പതിറ്റാണ്ടുകളായി പ്രകൃതിയെ തൊട്ടറിഞ്ഞ് ജീവിക്കുന്ന ഒരാൾ എന്ന നിലയിൽ കേരളത്തിലെ സർക്കാറുകൾ ഏതെങ്കിലും നിലയിൽ സഹായം തേടിയിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?
ഒരിക്കലുമില്ല. വനം വകുപ്പിലെ ചില നല്ല ഉദ്യോഗസ്ഥർക്കൊപ്പം വനം തിരിച്ചുപിടിക്കാനും വനം കൊള്ളക്കാരെ പിടിക്കാനും കഞ്ചാവ് തോട്ടം നശിപ്പിക്കാനുമൊക്കെ പോയിട്ടുണ്ട്. കൂടാതെ, ചില വന്യജീവികളുടെ ചിത്രങ്ങൾ അവർ ആവശ്യപ്പെട്ടിട്ട് എടുത്ത് കൊടുത്തിട്ടുമുണ്ട്. ഒരുവിധ പ്രതിഫലവും ആഗ്രഹിക്കാതെ കേരളത്തിലെ വനമേഖലയിലെ വന്യജീവികളുടെ ചിത്രങ്ങളും, അവയെ കുറിച്ച് സമഗ്രമായ പുസ്തകങ്ങളും കാമറയിൽ പകർത്തിയൊക്കെ കൊടുക്കാമെന്ന് മാറിമാറി വന്ന ഇരു സർക്കാർ ഭരിക്കുമ്പോൾ വനം വകുപ്പിനോട് പ്രൊജക്ടായിട്ട് കൊടുത്തിരുന്നു.
അതിനായി പലവട്ടം വനം വകുപ്പിന്റെ ഓഫിസിൽ മീറ്റിങ്ങിനായും വിളിച്ചിരുന്നു. രാഷ്ട്രീയക്കാരല്ല അതിൽ കുറുകെ നിന്നത് ചില ഉദ്യോഗസ്ഥരായിരുന്നു. സൗജന്യമല്ലേ, ചിലപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് കാണുമായിരിക്കും. ഇപ്പോൾ വനം വകുപ്പിൽ തന്നെ മികച്ച ഫോട്ടോഗ്രാഫർമാരില്ലേ. പിന്നെ നമ്മളൊക്കെ...
കാടനുഭവങ്ങൾക്കിടയിലും ചേർത്തുനിർത്തണമെന്ന് തോന്നിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കാണുമല്ലോ... അവരെക്കുറിച്ച് പറയാമോ?
വനം വകുപ്പിലെ കുറേ നല്ലവരായ ഉദ്യോഗസ്ഥർ അന്നും ഇന്നും മനസ്സിൽ നിറയുന്നുണ്ട്. അവരൊക്കെ ജീവിതം കൊടുത്ത് നേടിയതാണ് ഇന്ന് അവശേഷിക്കുന്ന പല കാടുകളും. ഭാര്യയുടെ കെട്ടുതാലിവരെ അതിനായി ഉപയോഗിച്ച ഉദ്യോഗസ്ഥരെ വരെ എനിക്കറിയാം. തേക്കടി (പെരിയാർ കടുവ സങ്കേതം) ഒരുകാലത്ത് കൊമ്പനാനകളെ കാണാത്ത വനഭൂമിയായിരുന്നു. തമിഴ്നാട്ടിൽനിന്നും കയറുന്ന ആനവേട്ടക്കാരുടെ സാമ്രാജ്യമായിരുന്നു അവിടം.
യുദ്ധസമാനമായ ഏറ്റുമുട്ടലുകളോടെ അവരെയെല്ലാം ഒതുക്കിയ കുറേ വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ട്. ഇന്ന് പെരിയാർ കടുവ സങ്കേതത്തിൽ കൊമ്പനാനകൾ സാധാരണ കാഴ്ചയായി മറിയത് ഈ ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമംകൊണ്ടാണ്. എന്റെ ഏറ്റവും പുതിയ പുസ്തകമായ ‘വന്യതയുടെ ഇന്ദ്രജാലം’ സമർപ്പിച്ചേക്കുന്നത് വന ഉദ്യോഗസ്ഥരായിരുന്ന പി.എൻ. ഉണ്ണികൃഷ്ണൻ ഐ.എഫ്.എസ്, ജയിംസ് സക്കറിയാസ്, തോമസ് നെൽസൺ, മോഹൻ അലമ്പത്ത്, സി.എ. അബ്ദുൽ ബഷീർ, ജോൺ അഗസ്റ്റിൻ നിർമൽ, എഴുകോൺ സുരേന്ദ്രൻ, എസ്. ശിവദാസ്, വി.കെ. ഫ്രാൻസിസ് എന്നിവർക്കാണ്. ഇന്ന് ഇവരെല്ലാം റിട്ടയേഡായിക്കഴിഞ്ഞു. എന്റെ കാനനജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയവരാണിത്.
ഈയിടെ ഐ.എഫ്.എസ് കിട്ടിയ പി. ധനേഷ് കുമാർ എന്ന ഉജ്ജ്വലനായ വന ഉദ്യോഗസ്ഥനെ അറിയാമല്ലോ. ഇൗയിടെ വനംവകുപ്പിന് മുഴുക്കെ നാണക്കേടുണ്ടാക്കിയ മുട്ടിൽ മരംമുറി കേസ് ഓർമിക്കുമല്ലോ. അതിനു പിന്നാലെ പി. ധനേഷ് കുമാറും സംഘവുമായിരുന്നു. പിന്നീട് അദ്ദേഹത്തെ മാറ്റിയതൊക്കെ നമ്മൾക്കറിയാം. വയനാട്ടിൽ ആയിരക്കണക്കിന് ഏക്കർ വനഭൂമി തിരിച്ചു പിടിച്ചു. ചാലക്കുടി കേന്ദ്രമായി ഇതര സംസ്ഥാനങ്ങളിൽ ചെന്ന് ആനയെയും കടുവകളെയും കൊെന്നാടുക്കിയ വേട്ടക്കാരെ പിടികൂടി ജയിലിലടച്ചു.
ചന്ദനക്കടത്ത് മാഫിയയെ പല സംസ്ഥാനങ്ങളിൽനിന്നുമായി പിടികൂടി, അട്ടപ്പാടിയിലെ കഞ്ചാവ് തോട്ടങ്ങൾ നശിപ്പിച്ചു. അതിന്റെ പിന്നിലുള്ളവരെ പിടികൂടുകയുമൊക്കെ ചെയ്തത് ധനേഷ് കുമാറിന്റെ ചെറു ചരിത്രം. ധനേഷ് കുമാർ സാറിന് വധഭീഷണിയും മറ്റുമുണ്ടായപ്പോൾ ഞങ്ങളുടെ കരാട്ടേ സഘം അദ്ദേഹത്തിനൊപ്പം നിന്നു. എന്നെ വന്യജീവി ഫോട്ടോഗ്രഫിയിലേക്ക് ആഴത്തിലേക്ക് കൊണ്ടുപോയത് അക്കാലത്ത് പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ വൈൽഡ് ലൈഫ് അസിസ്റ്റന്റായിരുന്ന പി.ജെ. തോമസ് നെൽസൺ സാറായിരുന്നു.
പി.എൻ. ഉണ്ണികൃഷ്ണൻ ഐ.എഫ്.എസ്, 80-86 കാലഘട്ടത്തിൽ പറമ്പിക്കുളത്തും സൈലന്റ് വാലിയിലും അദ്ദേഹം വർക്ക് ചെയ്യുമ്പോൾ ഞങ്ങളെ പോലുള്ളവരും പരിസ്ഥിതിപ്രവർത്തകരുമൊക്കെ അങ്ങോട്ട് ചെന്നു ചേരുകയായിരുന്നു. വനം വകുപ്പിലെ ജയിംസ് സക്കറിയാസ് സാറിന്റെ വരവോടെയാണ് പത്രപ്രവർത്തകരും ഫോട്ടോഗ്രാഫർമാരും കാടിനോടൊപ്പം ചേർന്നത്.
ഇന്നത്തെ തലമുറയിലെ പ്രമോദ് കൃഷ്ണ ഐ.എഫ്.എസ്, തൃശൂർ കൺസർവേറ്ററായിരുന്ന അനൂപ് കെ.ആർ ഐ.എഫ്.എസ്, ഡി.എഫ്.ഒമാരായ മനു സത്യൻ, ലക്ഷ്മി ആർ, റേഞ്ച് ഓഫിസർ സമീർ ഇവരൊക്കെ വനംവകുപ്പിലെ അഭിമാനങ്ങൾ തന്നെയാണ്. വനസംരക്ഷണം ഫോട്ടോഷൂട്ടാണെന്ന് കരുതി ഭ്രമിച്ചു നടക്കുന്ന ഉദ്യോഗസ്ഥർ വേറെ... ചില നല്ല വനംവകുപ്പ് ജോലിക്കാരും വാച്ചർമാരുമൊക്കെ ഇനിയുമുണ്ട്.
പതിറ്റാണ്ടുകളുടെ കാടനുഭവമായി... സ്വന്തം ജീവിതയാത്രയെ എങ്ങനെ വിലയിരുത്തുന്നു?
നിരാശയില്ല, പ്രതീക്ഷയാണുള്ളത്. ഹരിത പ്രതീക്ഷ. എഴുത്തുകളിലൂടെയും നേച്ചർ ക്യാമ്പുകളിലൂടെയും സ്കൂൾ, കോളജുകൾ, ക്ലബുകൾ എന്നിവിടങ്ങളിലെ പ്രഭാഷണങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പുതുതലമുറയെ ഓർമപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. അതിൽ പലരും വളരെ പ്രാധാന്യത്തോടെ അത് ഉൾക്കൊള്ളുന്നുണ്ട്. ഇതുവരെയുള്ള ജീവിതത്തിൽ അതൊരു സന്തോഷകരമായ കാര്യമാണ്. ജീവിതം അങ്ങനെ പോകും.
എല്ലാം ഇഷ്ടപ്പെട്ട രീതിയിൽതന്നെ. നിരാശക്കൊന്നും സ്ഥാനമില്ല. വിജയത്തിനേ സ്ഥാനമുള്ളൂ. അതെന്റെ ആയോധനകലകൾ ചൊല്ലിത്തന്നതാണ്. ഭയപ്പെടുന്നവരും നിരാശപ്പെടുന്നവരും ജീവിതം മുഴുക്കെ അതിൽനിന്നും മോചിതരാവാതെ കുടുങ്ങിക്കിടക്കും. നമ്മൾക്ക് അത്തരം ചിന്തകളൊന്നുമില്ല. ഒരു ഇല കാണുമ്പോൾ ആനന്ദാവസ്ഥയിലാണ്.
ഫോട്ടോഗ്രഫി, യാത്ര, ആയോധന കല, എഴുത്ത് ഇവയിൽ ഏതാണ് ഏറ്റവും പ്രിയപ്പെട്ടത്? എന്തുകൊണ്ട്?
ഇതൊരു കുഴക്കുന്ന ചോദ്യമാണ്. എങ്കിലും പറയാം. യാത്ര, ആയോധനകല എന്നിവക്കാണ് പ്രഥമസ്ഥാനം. അതുപോലെ എഴുത്തും. ഫോട്ടോഗ്രഫി അതിലേക്കുള്ള ഒരു ടൂൾ മാത്രമാണെനിക്ക്. ഫോട്ടോഗ്രഫിയോടുള്ള ഭ്രമംകൊണ്ടല്ല കാട് കയറി പോയത്. കാടിനോടുള്ള പ്രണയം ഒന്നുകൊണ്ടു മാത്രമാണത് സംഭവിച്ചത്. കാടകം താണ്ടിയതിനു എത്രയോ കഴിഞ്ഞാണ് കാമറയൊക്കെ ഒപ്പം വരുന്നത്.