കഥയുടെ, എഴുത്തിെൻറ, ജീവിതത്തിെൻറ വഴികൾ; സക്കറിയ സംസാരിക്കുന്നു
കഥാകൃത്ത്, നോവലിസ്റ്റ്, വിവർത്തകൻ, മാധ്യമപ്രവർത്തകൻ, വാഗ്മി എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ സാംസ്കാരികരംഗങ്ങളിൽ സജീവ സാന്നിധ്യവും നിലപാടുകളിലെ പരുക്കൻ കാർക്കശ്യംമൂലം വിവാദങ്ങളുടെ സഹയാത്രികനുമായ സക്കറിയ സംസാരിക്കുന്നു. കഥയുടെ, എഴുത്തിെൻറ, ജീവിതത്തിെൻറ വഴികളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. മാധ്യമം വാർഷികപ്പതിപ്പ് 2019 പ്രസിദ്ധീകരിച്ചത്.
അരനൂറ്റാണ്ടിലേറെക്കാലമായി താങ്കൾ എഴുതുന്നുണ്ട്. എന്തിനുവേണ്ടി എഴുതുന്നു എന്ന ചോദ്യം എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ?
എന്തിന് എഴുതുന്നു എന്ന സംശയം ഒരിക്കലും എനിക്കുണ്ടായിട്ടില്ല. എന്നെ എഴുത്തിലേക്ക് നയിച്ചത് വായനയാണ്. വായനയുെട സ്വാഭാവിക പരിണാമമാണ് എെൻറ എഴുത്ത്. ഞാൻ ചെറുപ്പത്തിൽതന്നെ ഒരു പുസ്തകപുഴുവായിരുന്നു. എെൻറ വീട്ടിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം ഞാൻ വായിച്ചുതീർത്തിരുന്നു. മാത്രമല്ല, എെൻറ നാട്ടിൻപുറത്തെ ഗ്രാമീണവായനശാലയിൽ പോയി ധാരാളം പുസ്തകങ്ങൾ വായിക്കാറുണ്ടായിരുന്നു. ചെറുപ്പത്തിൽതന്നെ ഉണ്ടായിരുന്ന വായനയുടെ തുടർച്ചയാണ് എെൻറ എഴുത്ത്. ഞാൻ പതിനെട്ടാം വയസ്സിലാണ് ആദ്യത്തെ കഥ എഴുതുന്നത്. അത് പ്രസിദ്ധീകരിക്കപ്പെട്ടു. അപ്പോഴാണ് അതുവരെ വായിച്ച എഴുത്തുകാരെക്കുറിച്ച് ഞാൻ ഒാർത്തത്. അവരെപ്പോലെ ഞാനും ഒരു എഴുത്തുകാരനാണല്ലേ എന്ന് തോന്നി. അത് കൂടുതൽ എഴുതാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെ എഴുത്ത് എന്ന പ്രക്രിയയിലേക്ക് ഞാൻ എത്തി.
എഴുത്തുകൊണ്ട് എന്താണ് പ്രയോജനം എന്ന് ആലോചിച്ചിട്ടുണ്ടോ? വ്യക്തിപരമായ അതിജീവനമാണോ സാമൂഹിക പ്രതികരണമാണോ എഴുത്തിന് അടിസ്ഥാനം?
എഴുതുേമ്പാൾ ഞാൻ അങ്ങനെയൊന്നും ആലോചിക്കാറില്ല. എഴുത്തു തുടങ്ങി ആദ്യ രണ്ടുമൂന്നു വർഷത്തിനിടയിൽതന്നെ ഏഴെട്ടു കഥകൾ എഴുതി. അത് എന്തിന് എഴുതുന്നു എന്ന് ആലോചിച്ചിട്ട് എഴുതിയതൊന്നുമല്ല. മനസ്സിലുണ്ടായിരുന്ന കഥകൾ പകർത്തുക മാത്രമാണ് ഞാൻ ചെയ്തത്. അന്ന് കഥകൾ പ്രസിദ്ധീകരിക്കാൻ ആളുണ്ടായത് ഭാഗ്യമായി. അത് എനിക്ക് ധൈര്യം തന്നു. എങ്ങനെയാണ് കഥ പറയേണ്ടത്, എന്തു സമീപനമാണ് സ്വീകരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഞാൻ ആലോചിച്ചിരുന്നത്. എന്നെ വളരെ ആകർഷിച്ച എഴുത്തുകാരനാണ് ഹെമിങ്വേ.
ബഷീർ, കേശവദേവ്, പൊെറ്റക്കാട്ട്, പൊൻകുന്നം വർക്കി, തകഴി, മാധവിക്കുട്ടി, കാരൂർ തുടങ്ങിയവരിൽനിന്ന് കിട്ടിയ മലയാളം മാത്രമേ എെൻറ കൈവശമുള്ളൂ. ഭാഷയിൽ പാണ്ഡിത്യം ഇല്ല
അദ്ദേഹത്തെപോലുള്ളവർ എങ്ങനെ എഴുതി, അതിെൻറ രീതികൾ എങ്ങനെയായിരുന്നു എന്നാണ് ഞാൻ അന്ന് ചിന്തിച്ചിരുന്നത്. എന്താണ് എഴുത്തു നിർവഹിക്കുന്നത്? എഴുത്തുകൊണ്ട് എന്തു പ്രേയാജനം എെന്നാക്കെ ചിന്തിക്കുന്നത് രാഷ്ട്രീയാവബോധം നേടിയശേഷമാണ്. ഞാൻ പതിനാറാം വയസ്സിലാണ് മൈസൂരിലേക്ക് പോയത്. പിന്നീട് ബംഗളൂരുവിലേക്കു പോയി. അപ്പോഴൊന്നും രാഷ്ട്രീയം എെൻറ ജീവിതത്തിെൻറ ഭാഗമായിരുന്നില്ല. അടിയന്തരാവസ്ഥക്കുശേഷമാണ് ഞാൻ രാഷ്ട്രീയം എന്തെന്ന് ചിന്തിച്ചുതുടങ്ങിയത്. ജനാധിപത്യത്തിെൻറ പേരിൽ എന്താണ് ഇവിെട നടക്കുന്നത്, ജനാധിപത്യത്തിെൻറ കീഴിൽ പൗരനും സമൂഹവും നേരിടുന്ന പ്രതിസന്ധികൾ എന്താണെന്ന് മനസ്സിലാക്കുന്നത് അപ്പോഴാണ്. രാഷ്ട്രീയ ബോധം വന്നതിനുശേഷം എഴുതുേമ്പാൾ കഥയായാലും ലേഖനമായാലും മലയാളി എന്ന നിലയിൽ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് സൂക്ഷ്മമായി ആലോചിക്കാറുണ്ട്.
കഥ എഴുതുേമ്പാൾ വായനക്കാരെക്കുറിച്ച് ആലോചിക്കാറുണ്ടോ?
കഥ എഴുതുേമ്പാൾ മുന്നിലുള്ളത് വായനക്കാരാണ്. എഴുതുന്നത് കമ്യൂണിക്കേറ്റ് ചെയ്യണമെന്ന ബോധം എപ്പോഴുമുണ്ട്. പക്ഷേ, വായനക്കാരുടെ ഇഷ്ടമെന്തെന്ന് ചിന്തിക്കാറില്ല. എഴുതിത്തുടങ്ങിയാൽ പിന്നെ കഥയുടെ ആഖ്യാനെത്തയും കഥാപാത്രത്തെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തിെൻറ സ്വഭാവത്തെക്കുറിച്ചും മാത്രമേ ആലോചിക്കാറുള്ളൂ. എഴുത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികളുടെ പരിഹാരത്തിനാണ് ശ്രമിക്കുന്നത്. കഥാശിൽപം എങ്ങനെ രൂപപ്പെടുത്താം, ഭാഷ എങ്ങനെ നവീകരിക്കാം തുടങ്ങിയ കാര്യങ്ങൾ ആലോചിക്കും. ഭാഷയുമായുള്ള യുദ്ധം ഏത് എഴുത്തിലുമുണ്ട്. അടിസ്ഥാന മലയാളം കാര്യമായി പഠിച്ച ആളല്ല ഞാൻ. കാവ്യങ്ങളൊന്നും വായിച്ചിട്ടില്ല. വായനയിൽ കൂടി നേടിയെടുത്ത മലയാളം മാത്രമേ എനിക്ക് അറിയാവൂ. ബഷീർ, കേശവദേവ്, പൊെറ്റക്കാട്ട്, പൊൻകുന്നം വർക്കി, തകഴി, മാധവിക്കുട്ടി, കാരൂർ തുടങ്ങിയവരിൽനിന്ന് കിട്ടിയ മലയാളം മാത്രമേ എെൻറ കൈവശമുള്ളൂ. ഭാഷയിൽ പാണ്ഡിത്യം ഇല്ല. എഴുത്തിനിടയിൽ വാക്കുകൾക്കുവേണ്ടി വലിയ സമരം നടത്തേണ്ടിവരും. എഴുതിത്തുടങ്ങിയാൽ ഇത്തരം കാര്യങ്ങളാണ് എെൻറ മുന്നിലെ പ്രശ്നങ്ങൾ.
താങ്കളുടെ കഥകളും വായനക്കാരും തമ്മിൽ സംവേദനം നടക്കുന്നതായി തോന്നിയിട്ടുണ്ടോ?
പണ്ടൊന്നും വായനക്കാരുടെ അഭിപ്രായങ്ങൾ പെെട്ടന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല. ഒരു കഥ എഴുതി ആറുമാസമോ ഒരുവർഷമോ കഴിഞ്ഞേ അഭിപ്രായം അറിയാൻ കഴിയൂ. ഇന്ന് അങ്ങനെയല്ല. സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ വേഗം വരും. ഞങ്ങൾ എഴുതിത്തുടങ്ങുന്ന കാലത്ത് നിരൂപകർ സൃഷ്ടിക്കുന്ന പ്രതികരണത്തിെൻറ ലോകം ഉണ്ടായിരുന്നു. നിരൂപകർ ചെറുകഥകളെക്കുറിച്ച് എഴുതുേമ്പാൾ, എെൻറ പേര് പരാമർശിക്കുേമ്പാൾ മനസ്സിലാവും, കഥ വായിക്കപ്പെടുന്നുണ്ടെന്ന്. അന്ന് കൂട്ടുകാർ നടത്തിയ വിലയിരുത്തലുകളും പ്രധാനപ്പെട്ടതാണ്.
കഥ ഇനിയും നന്നാക്കണോ എന്ന് സ്വയം ചോദിക്കാറുണ്ടോ?
കഥകൾ സ്വയം നന്നാക്കാതെ പറ്റില്ല. എഴുത്തുകാരനാകാൻ പുറപ്പെട്ട സ്ഥിതിക്ക് സ്വയം പുതുക്കിക്കൊണ്ടേയിരിക്കണം. അയാൾ എഴുതുന്നതൊന്നും നേരത്തേ എഴുതിയതുപോലെ ആകരുത്. ഒാരോ കഥയും തികച്ചും വ്യത്യസ്തമാകണമെന്ന ബോധം ഉണ്ടാവണം. ഭാഷയുടെ കാര്യത്തിൽ നിഷ്കർഷതയുണ്ടാവണം. പണ്ടെഴുതിയ വാക്കുകളോ ആശയങ്ങളോ കടന്നുവരാതെ നോക്കണം. പലപ്പോഴും അത്തരം അനുഭവങ്ങൾ ഉണ്ടാവും. അതിന് കീഴ്വഴങ്ങിയാൽ സ്വയം അനുകരിക്കുന്നവരായിത്തീരും. സ്വയം അനുകരിച്ചുതുടങ്ങിയാൽ എഴുത്തിെൻറ ഒഴുക്കും അർഥവും നഷ്ടപ്പെടും.
കഥ നന്നാക്കുക എന്നത് ഒരു മെക്കാനിക്കൽ പ്രോസസാണ്. വാക്കുകൾ മാറുക, ക്രാഫ്റ്റ് പുതുക്കുക തുടങ്ങിയ കാര്യങ്ങൾ. എന്നാൽ, അതിനെക്കാൾ പ്രധാനം എഴുത്തുകാരൻ അടിസ്ഥാനപരമായി മാറണം. ലോക വിജ്ഞാനം, രാഷ്ട്രീയ ബോധം, സാമൂഹിക ചിന്ത, നീതി, ജനാധിപത്യം, ചരിത്രം, മതേതരനിലപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ സ്വയം നവീകരിക്കണം. ഇതൊക്കെ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കണം. എെൻറ എഴുത്ത് നന്നാവണമെങ്കിൽ എെൻറ ഉള്ളിലെ സംസ്കാരം മെച്ചപ്പെടുത്തണം. സ്വയം പുതുക്കലാണ് എഴുത്ത് പുതുക്കലിനെക്കാൾ ആദ്യം വേണ്ടത്.
താങ്കളുടെ ഇൗ ആശയത്തിലൂന്നിനിന്നുകൊണ്ട് സ്വയം പുതുക്കലുകൾ നടത്തിയത് എങ്ങനെയാണ്?
'തീവണ്ടിക്കൊള്ള' എന്ന എെൻറ കഥ നോക്കുക. അതിൽ കൃത്യമായൊരു രാഷ്്ട്രീയമുണ്ട്. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പറ്റിയുള്ള പ്രതികരണങ്ങൾ അതിലുണ്ട്. അടിയന്തരാവസ്ഥക്കുശേഷം ഞാനെഴുതിയ പല കഥകളിലും രാഷ്ട്രീയം പ്രതിഫലിച്ചിട്ടുണ്ട്. കേരളത്തിൽ ജനിച്ച ഒരാൾ ഇവിടെത്ത ജാതിമത അനുഭവങ്ങൾ മനസ്സിലാക്കണം. രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തിരിച്ചറിയണം. എനിക്ക് ഭാഗ്യവശാൽ അരവിന്ദൻ, ജോൺ എബ്രഹാം തുടങ്ങിയ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരിൽനിന്ന് ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു. ഞാൻ എന്നെതന്നെ നിരന്തരം തിരുത്തി. അത് സ്വാഭാവികമായും കഥ എഴുതുേമ്പാൾ പ്രതിഫലിച്ചു. ഞാൻ മതത്തിെൻറ ഉള്ളിൽനിൽക്കുന്ന ഒരാളല്ല. ലോകത്തിൽ ധാരാളം നിർഭാഗ്യകരമായ കാര്യങ്ങൾ മതം ചെയ്തിട്ടുണ്ട്. അതെല്ലാം മനസ്സിലാക്കിയാൽ എഴുത്തിൽ അത്തരം കാര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാൻ കഴിയും. മതചിഹ്നങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നൊക്കെ മനസ്സിലാക്കണം. സ്വയം സെൻസറിങ് എപ്പോഴും മനസ്സിലുണ്ടാവണം.
വായനയുടെ വലിയ സംസ്കാരത്തിലൂടെയാണ് എഴുത്തുകാരനായി മാറിയത് എന്ന് പറഞ്ഞല്ലോ. എഴുത്തിെൻറ ഉള്ളടക്കത്തെ അത് എങ്ങനെയാണ് സ്വാധീനിച്ചത്?
രണ്ടുതരം എഴുത്തുണ്ടല്ലോ. ഫിക്ഷനും നോൺ ഫിക്ഷനും. ചരിത്രം, തത്ത്വശാസ്ത്രം തുടങ്ങിയവ മനസ്സിലാക്കാൻ നോൺ ഫിക്ഷൻ സഹായിക്കും. ഇതൊക്കെ വായിക്കുേമ്പാൾ ലോകത്തെക്കുറിച്ചുള്ള പുതിയ അറിവുകൾ ലഭിക്കും. അത്തരം കാര്യങ്ങൾ എല്ലാ കഥയിലും വരണമെന്നില്ല. പക്ഷേ, എഴുതുേമ്പാൾ അത് പശ്ചാത്തലമായി നിൽക്കും. നമ്മെ മതിമറപ്പിച്ചിട്ടുള്ള എഴുത്തുകാരും അവരുടെ ക്രാഫ്റ്റ്, കഥ പറച്ചിൽ രീതി തുടങ്ങിയവയെല്ലാം മനസ്സിൽ തങ്ങിനിൽക്കും. അത് എഴുതുേമ്പാൾ അബോധമായി സ്വാധീനിക്കും. ഞാൻ വായിച്ച എല്ലാ നല്ല എഴുത്തുകാരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അത് എഴുത്തുകാരെ അനുകരിക്കാനുള്ള ശ്രമമല്ല. വായിച്ചതിെൻറ സംസ്കാരം ഉള്ളിൽനിൽക്കും. ഉദാഹരണത്തിന് ഹെമിങ്വേ, നിർമലമായി ചുരുങ്ങിയ വാക്കുകളിൽ കഥപറഞ്ഞ എഴുത്തുകാരനാണ്. ആ ശൈലി എെൻറ മനസ്സിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇങ്ങനെ വരുേമ്പാൾ ആശയങ്ങളോ വിഷയങ്ങളോ മനസ്സിൽ കയറിക്കൂടാൻ സാധ്യതയില്ലേ?
ഒരു പ്ലോട്ടിനെക്കുറിച്ച് ആലോചിക്കുേമ്പാൾ, അത് വേറെ എവിടെയെങ്കിലും ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. അനുകരണമാണോ എന്ന് പരിശോധിക്കണം. നമ്മുടെ ആവിഷ്കരണം മറ്റൊന്നുപോലെയല്ല എന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ നാം സാഹിത്യ മോഷ്ടാവാകും.
കാക്കനാടൻ, മുകുന്ദൻ, വിജയൻ തുടങ്ങിയവർ താങ്കളുടെ സമകാലികരായിരുന്നല്ലോ. അവരുടെ രചനകൾ സ്വാധീനിച്ചിട്ടുണ്ടോ?
വിജയൻ എെൻറ ഒരു കഥയിലെ കഥാപാത്രം തന്നെയാണ്. മുകുന്ദെൻറയും പത്മരാജെൻറയും കഥകൾ എെൻറ കഥകളിൽ കടന്നുവരുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വി.കെ.എൻ ഒരത്ഭുത പ്രതിഭാസമാണ്. ഞാൻ വി.കെ.എന്നെ അനുകരിക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ, അത് പരിപൂർണ പരാജയമായിരുന്നു. അടുത്തത് മാധവിക്കുട്ടിയാണ്. മാധവിക്കുട്ടിയുടെ എഴുത്ത് സ്പൊണ്ടേനിയസായിരുന്നു. ഹൃദയത്തിൽനിന്ന് ഒഴുകിവന്ന രചനകളാണത്. സെൻറിമെൻറലിസമില്ലാതെ ലോലമായ വികാരങ്ങളെ ആവിഷ്കരിച്ചു. ബഷീറും നൈർമല്യത്തിൽ മാന്ത്രികനായിരുന്നു. ഇവരൊക്കെയാണ് എന്നെ ആകർഷിച്ചതും ഞാൻ മാതൃകയാക്കിയതും. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ ഞാൻ എത്രയോ തവണ വായിച്ചിട്ടുണ്ട്. ആ കൃതികളൊക്കെ മനസ്സിൽ വലിയ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. ഒരു വമ്പിച്ച കാൻവാസിൽ ഇരുളും വെളിച്ചവും സംഘട്ടനങ്ങളും പ്രണയവും യുദ്ധവുമെല്ലാം ചേർത്ത് ഒരു അസാധാരണ ലോകം സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഞാൻ സി.വിയിൽനിന്നാണ് മനസ്സിലാക്കിയത്. യാത്രാവിവരണങ്ങളിലൂടെ പൊെറ്റക്കാട്ട് എന്നെ സ്വാധീനിച്ചു. കഥയും നോവലുമൊന്നുമല്ലാത്ത ഒരു സാഹിത്യരൂപത്തെ, കഥയോടും േനാവലിനോടും തുല്യമോ അതിലും മികച്ചതോ ആക്കി മാറ്റാൻ കഴിയുമെന്ന് പൊെറ്റക്കാട്ടിൽനിന്നും നാം പഠിക്കുന്നു. ഇവരെല്ലാം മലയാളത്തിെൻറ മാസ്റ്റേഴ്സായിരുന്നു. അവരുടെയൊക്കെ ചുവടുപിടിച്ച് മുന്നോട്ടുപോകാനാണ് ഞാൻ ആഗ്രഹിച്ചത്.
കഥകൾ വൈകാരികമായും ധൈഷണികമായും എഴുതാം. അത്തരം അനുഭവങ്ങൾ മലയാളത്തിലുണ്ട്. താങ്കൾ സ്വീകരിക്കുന്ന വഴിയേതാണ്?
കഥയായാലും നോവലായാലും വായിക്കാൻ വേണ്ടി നിർമിക്കുന്ന സൃഷ്ടിയാണ്. ഒരു ശിൽപി കല്ലിൽ ശിൽപം കൊത്തിയെടുക്കുന്നതുപോലെയാണ് കഥയുണ്ടാക്കുന്നത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ നമ്മൾ ഒരു ഉൽപന്നമാണ് ഉണ്ടാക്കുന്നത്. അപ്പോൾ അതിന് അതിേൻറതായ യുക്തി ഒക്കെ ഉണ്ടാവണം. മാത്രമല്ല, ചുറ്റും നടക്കുന്ന എഴുത്തിനെപ്പറ്റിയുള്ള ബോധം പിന്നിലുണ്ടായിരിക്കണം. വികാരങ്ങളെ എങ്ങനെ ഉപയോഗിക്കണം, ധൈഷണികത എങ്ങനെ വിനിയോഗിക്കണമെന്നൊക്കെ ആലോചിക്കണം. എന്നെ സംബന്ധിച്ചിടത്തോളം അതിവൈകാരികത മലയാളത്തിെൻറ ഒരു പ്രശ്നമാണ്. മലയാളത്തിലെ എഴുത്തിെൻറയും പത്രപ്രവർത്തനത്തിെൻറയും പ്രധാന പ്രശ്നമാണിത്. അതിവൈകാരികത വന്നുചേരുേമ്പാൾ പറയുന്നതെല്ലാം കളവായി മാറും. അതിനുള്ളിൽ ഒരു നുണയുണ്ട്. വൈകാരികതയെ നിറംപിടിപ്പിച്ച വാക്കുകൾകൊണ്ട് വിവരിക്കേണ്ട ആവശ്യമേയില്ല. മലയാളത്തിൽ ഉയർന്നുവന്ന പൈങ്കിളി സാഹിത്യത്തിൽ അതിവൈകാരികത ഉണ്ടായിരുന്നു. ഇത് ലക്ഷക്കണക്കിന് വായനക്കാരെ മലയാളത്തിൽ സൃഷ്ടിച്ചു. ആ കുറുക്ക് വഴി നാം സ്വീകരിക്കാൻ പാടില്ല. വാസ്തവിക ബോധത്തോടെ, സത്യബോധത്തോടെ ഒരു കഥാപാത്രത്തെ നിർമിക്കാൻ കഴിയണം.
ധൈഷണിക ആശയങ്ങൾ അവതരിപ്പിക്കാനായി ഞാൻ കഥ എഴുതാറില്ല. ചിലപ്പോഴൊക്കെ ചെയ്തിട്ടുണ്ട്. ദൈനംദിന സംഭവങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഒരു കഥയാണ് ഞാനിഷ്ടപ്പെടുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം അതിവൈകാരികത മലയാളത്തിെൻറ ഒരു പ്രശ്നമാണ്. മലയാളത്തിലെ എഴുത്തിെൻറയും പത്രപ്രവർത്തനത്തിെൻറയും പ്രധാന പ്രശ്നമാണിത്. അതിവൈകാരികത വന്നുചേരുേമ്പാൾ പറയുന്നതെല്ലാം കളവായി മാറും
ഭാഷെയക്കുറിച്ച് വലിയ ജാഗ്രതയുള്ള എഴുത്തുകാരനാണല്ലോ. എഴുത്തിനിടയിൽ ഭാഷക്ക് പരിമിതികൾ തോന്നിയ സന്ദർഭങ്ങളുണ്ടോ?
പിച്ചവെച്ചു നടക്കുന്ന ഭാഷയാണ് നമ്മുടേത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾക്കൊക്കെ എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളത്തിൽ ധാരാളം പരിമിതികളുണ്ട്. അതുകൊണ്ട് സംസ്കൃതത്തിൽനിന്ന് വാക്കുകൾ കടമെടുക്കുന്നു. അത്തരം പദങ്ങൾ കഴിയുന്നത്ര ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ബഷീറിനെപോലെ ഏറ്റവും ലളിതമായി കഥ പറയുകയാണ് ചെയ്യേണ്ടത്. പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് ലളിതമായ വാക്കുകൾ ഉപയോഗിക്കണം. മലയാളത്തിെൻറ ലാളിത്യത്തെ ഏറ്റവും നന്നായി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. ബഷീർ അതാണ് ചെയ്തത്.
'ഖസാക്കിെൻറ ഇതിഹാസ'ത്തിലെ ഭാഷ അത്ര ലളിതമൊന്നുമല്ല. എന്നിട്ടും മലയാള വായനക്കാർ ആ കൃതിയെ ആവേശത്തോടെയാണ് സ്വീകരിച്ചത്. അപ്പോൾ ഭാഷയുടെ ലാളിത്യം ഒരു പ്രശ്നമല്ലല്ലോ..?
മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന സാഹിത്യശൈലിയായ കാൽപനികതയാണ് 'ഖസാക്കി'ലൂടെ വിജയൻ ആവിഷ്കരിച്ചത്. അതിൽ രാഷ്ട്രീയ കാൽപനികതയുണ്ട്. കമ്യൂണിസത്തിൽനിന്നും ഇടതുപക്ഷത്തിൽനിന്നും പിരിഞ്ഞുപോകുേമ്പാഴുണ്ടാകുന്ന ഏകാന്തത സൃഷ്ടിക്കുന്ന കാൽപനികത. സംസ്കൃത പദങ്ങൾ നിറഞ്ഞ, വൻ പ്രഭുമാളികപോലെ പടുത്തുയർത്തുന്ന എഴുത്തും മലയാളത്തിൽ നല്ല പ്രചാരമുണ്ട്. അതാണ് നമ്മുടെ പാരമ്പര്യം. അത് യഥാർഥത്തിൽ കാവ്യപാരമ്പര്യമാണ്. വിജയൻ ഉപയോഗപ്പെടുത്തിയത് ആ പാരമ്പര്യമാണ്. 'രമണന്' ശേഷം, മലയാളത്തിലുണ്ടായ ഏറ്റവും വലിയ റൊമാൻറിക് കൃതി 'ഖസാക്കിെൻറ ഇതിഹാസ'മാണ്. പക്ഷേ, ചങ്ങമ്പുഴ പച്ച മലയാളത്തിലാണ് 'രമണൻ' എഴുതിയത്. അന്യതാബോധവും അസ്തിത്വ ദുഃഖവും രാഷ്ട്രീയ ഗൃഹാതുരത്വവും ഉപരിപ്ലവ ആത്മീയവും കൂടിച്ചേർന്ന ഒരു പുതിയ അനുഭൂതിയാണ് 'ഖസാക്കിെൻറ ഇതിഹാസം' ഉണ്ടാക്കിയത്. അതുവരെ മലയാളം കണ്ടിട്ടില്ലാത്ത ഭാഷയും അനുഭവവുമാണ് വിജയൻ ആവിഷ്കരിച്ചത്.
താങ്കളുടെ മിക്കവാറും കഥകളിലെല്ലാം നർമത്തിെൻറ ധാരകൾ കാണാം കഴിയും. ഇൗ തിരഞ്ഞെടുപ്പ് ബോധപൂർവമാേണാ?
എെൻറ അപ്പൻ നർമത്തിെൻറ ആരാധകനായിരുന്നു. മലയാളത്തിലെ ആദ്യത്തെ നർമമാസിക എന്നു കരുതുന്ന സി. മാധവൻപിള്ളയുടെ 'വിജയഭാനു' മുതലുള്ള മാസികകൾ വീട്ടിലുണ്ടായിരുന്നു. 'സരസൻ', 'രസികൻ', 'നർമം' തുടങ്ങിയവയൊെക്ക ഉണ്ടായിരുന്നു. 'വിജയഭാനു'വിെൻറ ബൈൻറുചെയ്ത കോപ്പികളാണ് െചറുപ്പത്തിൽ ഞാൻ വായിച്ചത്. അതുപോലെ പി.കെ. രാജരാജവർമയുടെ കൃതികൾ. ഇ.വി. കൃഷ്ണപിള്ളയുടെ ഏതാണ്ട് എല്ലാ കൃതികളും വീട്ടിലുണ്ടായിരുന്നു. മനോരമ ആഴ്ചപ്പതിപ്പിൽ അദ്ദേഹം 'നേത്രരോഗി' എന്ന പേരിൽ ഒരു കോളം എഴുതിയിരുന്നു. ഇതെല്ലാം വായിച്ച് നർമം മനസ്സിൽ ചേക്കേറി. എങ്ങനെയാണ് ആളുകൾ ചിരിക്കുന്നത്, ചിരിപ്പിക്കുന്ന കാര്യങ്ങൾ എങ്ങനെ പറയാം എന്നൊക്കെ ആലോചിച്ചിരുന്നു. ഹാസ്യം ജീനിയസ്സിെൻറ ഭാഗമാണ്. കുഞ്ചൻനമ്പ്യാർ തെളിയിച്ചത് അതാണ്. ജീവിതത്തിെൻറ അവിഭാജ്യഘടകമാണ് നർമം.
താങ്കളുടെ കഥകളിൽ കൗതുകത്തോടെ നോക്കിനിൽക്കുന്ന ഒരു കുട്ടിയെ കാണാം. അല്ലെങ്കിൽ ജീവിതത്തിലേക്ക് എത്തിനോക്കുന്ന ഒരാൾ. ഇതൊക്കെ കഥാതന്ത്രത്തിെൻറ ഭാഗമായി സൃഷ്ടിക്കുന്നതാണോ?
ഞാൻ കഥ എഴുതിത്തുടങ്ങുന്ന കാലത്ത് കാര്യങ്ങൾ നിഷ്കളങ്കമായി നോക്കിക്കാണാനുള്ള കൗതുകം ഉണ്ടായിരുന്നു. അങ്ങനെ കഥയുടെ ഉള്ളിലേക്ക് കടക്കാനായി ഞാൻ കുട്ടിയെ ഉപയോഗിച്ചു. കഥയിൽ ഞാൻ ഉപയോഗിക്കുന്ന നരേറ്റർ നിഷ്കളങ്കനായിരുന്നാലും കഥ ഒരു പ്രത്യേക രീതിയിൽ പറയാൻ എളുപ്പമുണ്ട്. 'എെൻറ കളിപ്പാട്ടങ്ങൾ' തുടങ്ങിയ കഥകളിലൊക്കെ ഇത്തരം കഥാപാത്രങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കഥ എഴുതാൻ തുടങ്ങുേമ്പാൾ ആരാണ് ഇൗ കഥ പറയുന്നതെന്ന ഒരു ചോദ്യം വരും. അതിെൻറ ഉത്തരമാണ് ഇൗ കഥപറയുന്ന കഥാപാത്രങ്ങൾ.
കഥ എഴുതിത്തുടങ്ങികഴിയുേമ്പാൾ കഥാപാത്രങ്ങൾ കൈയിൽനിന്ന് വഴുതിപ്പോകാറുണ്ടോ? അത്തരമൊരു നിയന്ത്രണം പാലിക്കാറുണ്ടോ?
കഥ ചിലപ്പോൾ നമ്മളെ അപരിചിതമായ വഴികളിലേക്ക് വലിച്ചുകൊണ്ടുപോകും. കഥ എഴുതിവരുേമ്പാൾ പുതിയ വാക്കുകൾ തെളിഞ്ഞുവരും. 'ഭാസ്കരപട്ടേലരും' 'എെൻറ ജീവിത'വും യഥാർഥ ജീവിതത്തിൽനിന്നെടുത്തതാണ്. ആ നോവൽ എഴുതിവന്നപ്പോൾ പുതിയ പുതിയ സാധ്യതകളുണ്ടായി.
സ്വന്തം ദേശം കഥകളിൽ കടന്നുവരാറുണ്ടല്ലോ?
ആദ്യം എഴുതിയ കഥകളിലൊക്കെ എെൻറ ഗ്രാമമുണ്ടായിരുന്നു. ആ കഥകളിലൊക്കെ എെൻറ വീടിരുന്ന പറമ്പിൽ സംഭവിച്ച കാര്യങ്ങളാണ് ഞാൻ എഴുതിയത്. അന്ന് എെൻറ കൈയിലുള്ള മെറ്റീരിയൽ അതായിരുന്നു. പിന്നീട് യാത്രയും വായനയും വികസിച്ചു. എപ്പോഴും ഉരുളികുന്നിെൻറ കഥ മാത്രം പറയാൻ കഴിയില്ലല്ലോ. ഇതിഹാസം എന്നത് നാം ഉണ്ടാക്കിയെടുക്കുന്നതാണ്. തകഴി പാവെപ്പട്ടവരുടെയും സാധാരണക്കാരുടെയും ജീവിതകഥകൾ പറഞ്ഞ് ഇതിഹാസം സൃഷ്ടിച്ചു. തസ്രാക്കിലെ സാധാരണക്കാരുടെ ജീവിതത്തെ വമ്പിച്ച പ്രതിഭാസമാക്കി വിജയൻ മാറ്റി. ഞാൻ അത്തരം ഇതിഹാസങ്ങൾ സൃഷ്ടിച്ചില്ല.
കഥകളിൽനിന്ന് വലിയ നോവലിലേക്ക് പോകാൻ താൽപര്യം കാണിക്കാറില്ലല്ലോ...
വാസ്തവത്തിൽ അത് എെൻറ കുറവാണ്. എനിക്ക് കിട്ടിയ കഴിവിനെ അധ്വാനപൂർവം ഉപയോഗിക്കാൻ കഴിയാതെപോയതുകൊണ്ടാണ് വലിയ നോവലുകൾ രചിക്കാൻ കഴിയാതെപോയത്. വായനയിലും കൂട്ടുകൂടലിലും യാത്രയിലുമാണ് ഞാൻ ഏറെ സമയം ചെലവഴിച്ചത്. വിജയനും മുകുന്ദനുമൊക്കെ വലിയ തിരക്കുകൾക്കിടയിൽ നോവലുകൾ എഴുതി. എനിക്കതിന് കഴിഞ്ഞില്ല.
ഇേപ്പാൾ തിരിഞ്ഞുനോക്കുേമ്പാൾ സ്വന്തം എഴുത്തിെൻറ മികച്ച മൂല്യം എന്താണ്?
ഞാൻ സാഹിത്യ സംസ്കാരം ശക്തമല്ലാത്ത ഉരുളികുന്നംപോലുള്ള ഗ്രാമത്തിലാണ് ജനിച്ചത്. അതിെൻറ ഉള്ളിൽനിന്ന് വായനയിലൂടെയാണ് ഞാൻ പുറത്തുകടന്നത്. സത്യത്തിൽ ഞാനൊരു കർഷകനായി തീരേണ്ടയാളാണ്. എഴുത്തും വായനയുമാണ് ലോകത്തിെൻറ വിശാലതയിലേക്ക് എന്നെ നയിച്ചത്. അതൊരു ചെറിയ കാര്യമല്ല.
എഴുത്ത് എന്നെ കൊണ്ടുപോയത് വായിക്കുന്ന മലയാളിയുടെ അവബോധത്തിലേക്കാണ്. ഒരു വമ്പിച്ച വളർച്ച എനിക്ക് കിട്ടി. കേരളം എഴുത്തുകാരെ വളർത്തുന്ന ഇടമാണ്. മലയാളികൾ എഴുത്തുകാർ മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്കും ചിന്തകൾക്കും വില കൽപിക്കുന്നവരാണ്. മലയാളികൾ നൽകുന്ന സ്നേഹവും ആദരവും അസാധാരണമാണ്. എെൻറ ജീവിതത്തെ ധനികമാക്കുന്ന ഒരു കാര്യമിതാണ്. ഇത് എെൻറ എഴുത്തിെൻറ മികച്ച മൂല്യമാണ്.
ഞാൻ നിരവധി രാജ്യങ്ങളിൽ യാത്ര ചെയ്തു. ഇന്നും ചെയ്തുകൊണ്ടിരിക്കുന്നു. അവിടങ്ങളിലെല്ലാം എന്നെ കൊണ്ടുപോയതും കൊണ്ടുപോകുന്നതും വായനക്കാരാണ്. എന്നെ ഇഷ്ടപ്പെടുന്ന എന്നോടു സംവദിക്കുന്നവരാണ് വായനക്കാർ. അവരിലൂടെയാണ് ഞാൻ ലോകമൊട്ടാകെ സഞ്ചരിച്ചത്. കേരളത്തിൽ നടക്കുന്ന മോശം കാര്യങ്ങൾ ചൂണ്ടിക്കാട്ടുേമ്പാൾ വിശ്വാസ്യതയുണ്ടാവുന്നത് എെൻറ എഴുത്തിെൻറ പിൻബലത്തിലാണ്. ഇതിൽ കൂടുതലൊന്നും ആഗ്രഹിക്കുന്നില്ല. ആഗ്രഹിക്കാനും പാടില്ല.
l