എഴുത്തുകുത്ത്
‘ചന്ത’ ‘അക്കരപ്പച്ച’യായി
ആഴ്ചപ്പതിപ്പ് (ലക്കം: 1363) ശ്രീകുമാരൻ തമ്പിയുടെ ‘സംഗീതയാത്ര’യിൽ ‘അക്കരപ്പച്ച’ എന്ന സിനിമയെപ്പറ്റി എഴുതിയത് ആവേശപൂർവം വായിച്ചു. ആ സിനിമ പാറപ്പുറത്തിന്റെ ‘ചന്ത’ എന്ന നോവലിന്റെ സിനിമ ആവിഷ്‍കാരമാണ്. അതേസമയം, ‘അക്കരപ്പച്ച’ എന്ന സുപ്രസിദ്ധ നോവൽ മുട്ടത്ത് വർക്കിയുടേതുമാണ്. ഈ നോവൽ വായിച്ച് എന്റെ ബാല്യകാലത്ത് ഞാനേറെ ദുഃഖിച്ചിരുന്നു. ‘ചന്ത’ എന്ന പേരിൽ പിന്നീട് ഒരു സിനിമ ബാബു ആന്റണി നായകനായി വന്നിരുന്നു. അത് പാറപ്പുറത്തിന്റെ നോവലുമായിരുന്നില്ല.
കൈനിക്കരയുടെ മകൻ കർമചന്ദ്രൻ നിർമിച്ച ‘തോറ്റില്ല’ എന്ന സിനിമയുടെ കഥ തകഴിയുടേതായാണ് അക്കാലത്തെ പത്രങ്ങളിൽ വന്ന വാർത്തകൾ. ചില സിനിമകളുടെ പേരിൽ തകഴിയുടെ കഥ എന്നുണ്ടാകുമെങ്കിലും ‘അച്ഛനും മകനും’ എന്ന സിനിമയുടെ ടൈറ്റിൽ കാർഡിൽ കഥ –തകഴി എന്ന് എഴുതിയിരുന്നു. പക്ഷേ, ഇതിന്റെ നിരൂപണത്തിൽ (1955) സിനിക്ക് എഴുതിയത് ‘ആരുടേതാണിക്കഥ എന്നറിയുന്നില്ല’ എന്നാണ്. പ്രേം നവാസിനെ നായകനാക്കിയ ‘തോറ്റില്ല’ എന്ന ചിത്രം വൻ പരാജയമായി. ഈ ചിത്രത്തിലെ ഒറ്റ ഗാനംപോലും ഇന്ന് ലഭ്യവുമല്ല. പ്രസിദ്ധങ്ങളായ നോവലുകളുടെ പേരെടുത്ത് മറ്റുള്ളവരുടെ കഥ സിനിമയായതിന്റെ ഉദാഹരണമാണ് ‘അക്കരപ്പച്ച’. ബഷീറിന്റെ ‘ബാല്യകാല സഖി’യെ ഓർമിപ്പിക്കുന്ന ‘സ്വർഗദൂതൻ’ തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ? തമ്പിയുടെ കോളം വായിക്കാൻ ആറ്റുനോറ്റ് കാത്തിരിക്കുന്നു.
(റഷീദ് പി.സി പാലം, നരിക്കുനി)
'മേരിവിജയം' നല്ലൊരു കഥയാണോ?
ഇന്നത്തെപ്പോലെ പുസ്തകങ്ങൾ ധാരാളമായി വിറ്റുപോകാതിരുന്ന കാലത്ത് ചില പ്രസാധകർ പുസ്തകത്തിലെ പേജുകൾ മാറ്റി പകരം അശ്ലീലസാഹിത്യത്തിലെ ചൂടേറിയ വിവരണങ്ങള്‍ തിരുകിവെച്ച് വിൽപന കൂട്ടിയിരുന്നതായി കേട്ടിട്ടുണ്ട്. കൈകൊണ്ട് അച്ചുകൾ നിരത്തി പ്രിന്റ് ചെയ്തിരുന്ന കാലമായിരുന്നല്ലോ അത്. അത്തരത്തിലുള്ള ഒരു പ്രമേയമാണ് പി.കെ. സുധി തന്‍റെ 'മേരിവിജയം' കഥയിലൂടെ അനുവാചകസമക്ഷം സമര്‍പ്പിച്ചിരിക്കുന്നത് (ലക്കം: 1365). ഇന്ന് അത്തരം തറവേലകളൊന്നും വിലപ്പോവില്ല.
കപ്യാരായ സാധു കുഞ്ഞപ്പി യേശുവിന്‍റെ അമ്മയെക്കുറിച്ച് രചിച്ച ‘മേരിവിജയം’ എന്ന കാവ്യപുസ്തകത്തിൽ പ്രിന്‍റിങ് തൊഴിലാളിയായ രത്നാകരൻ ഒരു പ്രഭുപത്നിയെ അവളുടെ തോട്ടത്തിലെ വള്ളിക്കുടിലില്‍ വെച്ച് ഒരാൾ രഹസ്യമായി പ്രാപിക്കുന്നതിന്‍റെ വിശദമായ വർണനകള്‍ വിവരിക്കുന്ന പുസ്തകത്തിലെ പേജുകൾ ഉൾപ്പെടുത്തുന്നു. എങ്ങനെയോ ഇക്കാര്യം കണ്ടെത്തിയ മൈക്കിളച്ചന്‍ എന്ന പള്ളിവികാരി കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ കപ്യാരെ ശകാരിച്ചതില്‍ മനംനൊന്ത് അയാളുടെ ഭാര്യ പുസ്തകങ്ങളെല്ലാം കൂട്ടിയിട്ട് കത്തിച്ച് ചാരമാക്കി കഴിഞ്ഞപ്പോഴാണ് അതിനു മുകളിൽ കെട്ടിത്തൂങ്ങി നിൽക്കുന്ന ഭർത്താവിനെ കാണുന്നത്.
അന്ന് കുട്ടിയായിരുന്ന കഥാനായകൻ വളർന്ന് വലുതായി ജോലിയെല്ലാം കിട്ടി മിടുക്കനായപ്പോൾ അപ്പന്‍ തൂങ്ങിമരിച്ചതിന്‍റെ പൊരുള്‍ തേടി ഇറങ്ങവേ കണ്ടെത്തുന്ന കാര്യങ്ങളാണ് കഥയിലെ പ്രതിപാദ്യവിഷയം. രത്നാകരൻ എന്ന പ്രിന്റിങ് തൊഴിലാളിയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരന്‍ എന്നു മനസ്സിലാക്കിയ കഥാനായകന്‍ അയാളുടെ ക്ഷമാപണം ചെവികൊള്ളാതെ തിരിച്ചു പോരുന്നു. പ്രമേയത്തില്‍ പുതുമയുണ്ടെങ്കിലും നല്ലൊരു കഥയെന്ന് പറയാന്‍ മാത്രം ഇതിൽ ഒന്നുമില്ലെന്നാണ് എന്റെ അഭിപ്രായം. നരകത്തിന്‍റെ നടുവില്‍ സ്വര്‍ഗഗേഹം പണിയുന്നവരായിരിക്കണം കവികളും കഥയെഴുത്തുകാരും.
(സണ്ണി ജോസഫ്, മാള)
വെളിച്ചം വരുകതന്നെ ചെയ്യും
നാട് നിർണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഭാവി ഭാരതത്തിന്റെ ഭരണചക്രം ആരുടെ കൈകൊണ്ടാണ് തിരിക്കപ്പെടുക എന്ന പ്രയാസം നിറഞ്ഞൊരു ചോദ്യത്തെ മുൻനിർത്തിയുള്ള വിശകലനങ്ങൾ അടങ്ങിയ പ്രത്യേക പതിപ്പ് (ലക്കം: 1365) വേറിട്ടൊരു വായനാനുഭവം സമ്മാനിച്ചുവെന്ന് പറയാതെ വയ്യ.
അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അഭിശപ്ത നാളുകളിലൂടെ നാട് കടന്നുപോകുമ്പോഴും സമർപ്പണത്തിനപ്പുറം സ്വാർഥതയാണ് പല നേതാക്കന്മാരെയും ഭരിക്കുന്നത് എന്നത് ഭാവിയിൽ കരിനിഴൽ വീഴ്ത്തുന്ന ഒരു നഗ്ന യാഥാർഥ്യമാണ്. തങ്ങളുടെ സമ്മതിദാന അവകാശം പൊതുജനം ഫലപ്രദമായി വിനിയോഗിക്കുമ്പോഴും പ്രലോഭനത്തിന്റെയും ഭീഷണിയുടെയും വഴികളിലൂടെ ജനവിധികൾ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനത്തിൽ ഭയം ഭരിക്കുന്ന മനസ്സുമായാണ് ഓരോ മതേതരവാദിയും നാളുകൾ തള്ളിനീക്കിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യ എന്ന മഹനീയ സങ്കൽപത്തെ മുച്ചൂടും ഫാഷിസം വിഴുങ്ങിക്കഴിഞ്ഞ ഒരുകാലത്ത് നടക്കുന്ന ജനവിധി എന്നനിലയിൽ ഓരോ സമാധാന വാദിയുടെയും നിലനിൽപ് നിർണയിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയുടെ പൊൻകിരണങ്ങൾ ഉദിച്ചുയരട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം. എല്ലാ കാലവും വെളിച്ചത്തെ തടുത്തുനിർത്താൻ ആർക്കും കഴിയില്ലല്ലോ, ഇരുൾമുറ്റിയ ഇന്നുകൾ വകഞ്ഞുമാറ്റി പ്രകാശം കടന്നുവരുക തന്നെ ചെയ്യും.
(ഇസ്മായിൽ പതിയാരക്കര, ബഹ്‌റൈൻ)
മിസ്മേരിയും മിസ്സിയമ്മയും
‘മിസ് മേരി’ എന്ന മലയാള സിനിമയിൽ പാട്ടുകളെഴുതിയത് ശ്രീകുമാരൻ തമ്പി. 50 വർഷത്തിനുശേഷം ആ ഗാനങ്ങളെ വിശകലനംചെയ്യുന്നതും തമ്പിസാർ തന്നെ. പക്ഷേ, 70 വർഷം മുമ്പ് തമിഴിലിറങ്ങിയ ‘മിസ്സിയമ്മ’യിലെ ഗാനങ്ങളോട് കിടപിടിക്കുന്നതായില്ല തമ്പിയുടെ ഗാനങ്ങൾ. പ്രത്യേകിച്ചും പി. സുശീലയും എ.എം. രാജയും പാടിയ ‘‘വാരായെ വെണ്ണിലാവേ...’’ എന്ന പ്രശസ്ത ഗാനത്തിന് സബ്സ്റ്റിറ്റ്യൂട്ടല്ല ‘‘പൊന്നമ്പിളിയുടെ പൂമുഖവാതിൽ...’’ എന്ന ഗാനം. ‘മക്കൈക്കള്ളൻ’, ‘ആസാദ്’ (ഹിന്ദി) ചിത്രങ്ങളിലെ ഗാനത്തിന്റെ ട്യൂണിലാണ് ‘‘വാരായെ വെണ്ണിലാവേ’’ എന്ന ഗാനം. എ.വി. മുഹമ്മദ് പാടിയ മാപ്പിളപ്പാട്ട് ‘പകലൽ നിശാനി ആലം’ തുടങ്ങിയ ഗാനങ്ങളും ഹിന്ദി ട്യൂണിലാണ്. ‘‘കിത് നേഹസീബേ മോസം’’ എന്ന ഗാനത്തിന്റെ പകർപ്പാണ് ‘‘വാരായെ’’ എന്ന തമിഴ് ഗാനം. പക്ഷേ, തമ്പിയുടെ രചനക്കും സംഗീതകാരന്റെ ട്യൂണിനും മൗലികതയുണ്ട്. ട്യൂൺ കോപ്പിയല്ല.
(റഷീദ് കാരപ്പക്കുഴി, നരിക്കുനി)
കവിതയിലെ ആത്മങ്ങളും അരികുകളും
ആഴ്ചപ്പതിപ്പിൽ വന്ന കെ.കെ. ശിവദാസിന്റെ രണ്ട് കവിതകൾ (ലക്കം: 1365) വായിച്ചു. രണ്ടു കവിതകളിലും ആത്മവും അരികുകളും ഉണ്ട്. മുതുകിൽ കൊളുത്തിയ ആണിക്കൊളുത്തിൽ തൂങ്ങിയാടി ഉറച്ചവനാണ് കവി. കവിളിൽത്തറച്ച ശൂലത്തെ അയാൾ മറന്നിട്ടുമില്ല. മറക്കാനാവാത്ത അനുഭവങ്ങളിൽ ആത്മത്തെ വായിക്കാം. കേട്ട അപവാദങ്ങളിൽ അരികുകളിലായ ഒരുവനെ കാണുകയുംചെയ്യാം. ‘പറവക്കാവടി’ ഒരു മികച്ച കവിതയാണ്. ലാസ്റ്റ് നമ്പറാകട്ടെ ലോട്ടറിയെടുത്തു നടക്കുന്ന ഒരു ഭാഗ്യാന്വേഷിയുടെ അറിവും അലച്ചിലും ആവിഷ്കരിക്കുന്ന കവിതയാണ്. ഓരോ മാതൃഭാഷയും ചരിത്രത്തോടൊത്തുള്ള ഭാഷയാണെന്നു പറഞ്ഞ സ്പിവാക്കിന്റെ വാക്യം ഇവിടെ ഓർക്കാം. ഓരോ വ്യക്തിയുടെ ഭാഷയും ചരിത്രത്തെ വഹിക്കുന്ന ഭാഷകൂടിയാണ്. അതിൽ ആത്മവും അപരവുമുണ്ട്. അയാൾ തള്ളിനീക്കപ്പെട്ട അരികുമുണ്ട്. രണ്ടു മികച്ച കവിതകൾ വായിച്ച അനുഭവമാണ് ഉണ്ടായത്.
ആടുജീവിതത്തെ എന്തിന് ബലിയാടാക്കി?
ബെന്യാമിന്റെ ‘ആടുജീവിതം’ വായിച്ചു. ബ്ലെസിയുടെ ‘ആടുജീവിതം’ കണ്ടില്ല. എന്നാൽ, കണ്ടതിനൊക്കുമേ കാണാതിരിക്കിലും എന്ന തലത്തിലേക്ക് കൊണ്ടെത്തിച്ച ഡോ. സിബു മോടയിൽ, ആൽവിൻ അലക്സാണ്ടർ എന്നിവർ ചേർന്നെഴുതിയ ‘ബലിയാടു ജീവിതം അപരങ്ങളുടെ കാഴ്ചപ്പെരുക്കം’ എന്ന സിനിമാ അവലോകനം ഹൃദ്യമായി. ലക്ഷക്കണക്കിന് വായനക്കാരെ ഒറ്റശ്വാസത്തിൽ പിടിച്ചിരുത്തി വായിപ്പിച്ച ബെന്യാമിന്റെ ‘ആടുജീവിത’ത്തിന്റെ പല ഭാഗത്തും ബ്ലെസി കത്രിക പ്രയോഗിച്ചുവെന്ന് ഒറ്റനോട്ടത്തിൽതന്നെ പ്രസ്തുത അവലോകനത്തിൽനിന്നും മനസ്സിലാക്കാം. ബ്ലെസിയുടെ സിനിമയിൽ ഇത്രകണ്ട് കത്രിക പ്രയോഗം പ്രതീക്ഷിച്ചില്ലെങ്കിലും അത് തന്നെ സംഭവിച്ചു എന്ന തിരിച്ചറിവാണ് ഈ ലേഖനം പ്രദാനംചെയ്യുന്നത്.
എന്നാൽ, നോവലിൽ ഇല്ലാത്തത് പലതും സിനിമയിൽ കൂട്ടിച്ചേർത്തതിനെ അനുവാചകർ എങ്ങനെ സ്വീകരിക്കുമെന്ന് പറയാൻ പറ്റില്ലെങ്കിലും കൂട്ടിച്ചേർക്കലിൽ ലേഖകർ പ്രത്യേകിച്ച് അപാകതയൊന്നും കാണുന്നതായി മനസ്സിലാക്കാൻ കഴിയുന്നില്ല. മേൽ പരാമർശിക്കപ്പെട്ട ലേഖകരുടെ കൂട്ടുകെട്ടിൽ ഉണ്ടായ മറ്റു സിനിമാ അവലോകനങ്ങളുടെ ശൈലി തന്നെയാണ് ‘ആടുജീവിത’ത്തിന്റെ വിലയിരുത്തലിലും കാണപ്പെടുന്നത്; അതായത് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നവരെ മാത്രം പരിചയപ്പെടുത്തിക്കൊണ്ട് കഥാഗതി പറഞ്ഞുപോവുന്ന രീതി.
സിനിമയുടെ മറ്റു വശങ്ങളൊന്നും തൊടുന്നതേയില്ല. അങ്ങനെ വരുമ്പോൾ സിനിമ സംവിധായകന്റെ മാത്രം കലയെന്ന വാദത്തിന് പ്രാധാന്യം കൽപിക്കുകയാണ് ഈ ലേഖകർ. ലേഖനത്തിനു നൽകിയ തലക്കെട്ട് ഏറെ ഉചിതമെന്ന് പറയാൻ അതിയായ സന്തോഷമുണ്ട്. ചലച്ചിത്രത്തെ കുറിച്ചുള്ള ലേഖകരുടെ നിഗമനം ശരിയാണെങ്കിൽ അവരോട് ചേർന്നുനിന്ന് ഒരു ചോദ്യം സംവിധായകൻ ബ്ലെസിയോട് ചോദിക്കാൻ ആഗ്രഹിക്കുന്നു. എന്തിനാണ് സുന്ദരമായ ‘ആടുജീവിത’ത്തെ പ്രേക്ഷകർക്ക് മുന്നിൽ ബലിയാടായി അവതരിപ്പിച്ചത്?
(ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ)