എഴുത്തുകുത്ത്

രണ്ടു പേരുകളിലെ ഒരു സിനിമ
ശ്രീകുമാരൻ തമ്പിയുടെ ‘സംഗീതയാത്ര’കളുടെ 134ാം അധ്യായത്തിൽ (ലക്കം 1406) ‘താളപ്പിഴ’യുടെ കഥയും വിധിയും എന്ന തലക്കെട്ടിൽ വന്ന വിശേഷങ്ങൾ കൗതുകമുണർത്തുന്നവയായിരുന്നു. തിക്കോടിയൻ കഥയും തിരനാടകവും എഴുതിയ പി.എൻ. മേനോൻ ചിത്രമായ ‘ഉദയം കിഴക്കുതന്നെ’യിലെ പാട്ടുകൾ ‘താളപ്പിഴ’ എന്ന പേരിലിറങ്ങിയിട്ടും അന്ധവിശ്വാസത്തിന്റെ മൊത്തവിതരണക്കാർ ധാരാളമുണ്ടായിരുന്ന അക്കാലത്തെ മലയാള സിനിമയിൽ ഈ പേരിട്ടതിന്റെ പേരിൽ ചിത്രീകരണവും റിലീസുമൊക്കെ വൈകിയത് അദ്ദേഹം വിവരിക്കുന്നുണ്ട്. പേര് മാറ്റിയിട്ടും സിനിമക്കൊന്നും സംഭവിച്ചില്ല എന്നത് വേറെക്കാര്യം.
പി.എൻ. മേനോനെ കുറിച്ച് പറയുന്നവർ ഓർക്കാറുപോലുമില്ല ‘ഉദയംകിഴക്കു തന്നെ’ എന്ന ചലച്ചിത്രത്തെ. പല കാരണങ്ങൾകൊണ്ടും പാട്ടുകൾ ഒരു പേരിലും സിനിമ മറ്റൊരു പേരിലും ഇറങ്ങിയ സംരംഭങ്ങൾ നമ്മുടെ സിനിമയിലുണ്ടായിട്ടുണ്ട്. പലപ്പോഴും റോയൽറ്റി കരാറുകളിൽ ഏർപ്പെട്ടതുകൊണ്ടാവാം ഗ്രാമഫോൺ/ ഓഡിയോ എന്നിവകൾ ഇറങ്ങിയ പേരിൽതന്നെ പ്രസ്തുത സിനിമകളിലെ പാട്ടുകൾ കേൾപ്പിക്കുമ്പോൾ ആകാശവാണിക്ക് ഇപ്പോഴും പറയേണ്ടിവരുന്നത്. പല ശ്രോതാക്കളും ഇതോടെ ആശയക്കുഴപ്പത്തിലാകുകയും ചെയ്യാറുണ്ട്! ആ പേരിൽ പടം ഇറങ്ങിയിട്ടില്ല എന്നതുതന്നെ കാരണം.
ജോൺസൺ മാസ്റ്ററുടെ പ്രണയം കിനിയുന്ന സംഗീതവുമായെത്തിയ ‘‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...’’ എന്നു തുടങ്ങുന്ന, ഭാസ്കരൻ മാസ്റ്റർ വരികളെഴുതിയ പാട്ടുമായി എത്തിയ ചിത്രമായ ‘നസീമ’യിലെ ഗാനങ്ങൾ ഇറങ്ങിയത് ‘തംബുരു’ എന്ന പേരിലായിരുന്നു. കൃഷ്ണൻ മൂന്നാട്, ബിച്ചു തിരുമല, രവീന്ദ്രൻ എന്നീ ചലച്ചിത്രപ്രവർത്തകർ കോടമ്പാക്കത്ത് അവസരങ്ങൾക്കായി അലഞ്ഞിരുന്ന കാലത്തെ സൗഹൃദത്തിൽനിന്നാണ് ‘‘മനസ്സുകളുടെ സംഗമം’’ എന്ന് തുടങ്ങുന്ന യേശുദാസിന്റെ ഗാനം പിറക്കുന്നത്. ‘ചാതുർവർണ്യം’ എന്ന പേരിൽ പാട്ടുകളും ‘തറവാടാ’യി സിനിമയുമിറങ്ങി. ‘അപ്പൂപ്പൻ’, ‘വിധിച്ചതും കൊതിച്ചതും’, ‘കീർത്തനം’ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഇറങ്ങിയത് യഥാക്രമം ‘ചരിത്രം ആവർത്തിക്കുന്നില്ല’, ‘കസ്തൂരി’, ‘അങ്കവും കാണാം പൂരവും കാണാം’ എന്നീ പേരുകളിലായിരുന്നു. രണ്ടു പേരുകളിലെ ഒരു സിനിമയെ ഇനിയും കണ്ടെത്താൻ കഴിയും.
കെ.പി. മുഹമ്മദ് ഷെരീഫ് കാപ്പ്, പെരിന്തൽമണ്ണ
ശാസ്ത്രീയ നിർദേശങ്ങൾ ഉയർന്നുവരെട്ട
ആഴ്ചപ്പതിപ്പിൽ ഡോ. ജയകൃഷ്ണൻ ടി തുടക്കം കുറിച്ച ‘കാടിറങ്ങുന്ന മൃഗങ്ങളും കാടു കയറുന്ന മനുഷ്യരും’ (ലക്കം 1406) മനുഷ്യ-വന്യജീവി സംഘർഷത്തെ സംബന്ധിച്ച സംവാദം കാലികപ്രാധാന്യമുള്ളതായി. മലയോര കർഷക ജനതയുടെ ജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന ഒരു ജീവൽപ്രശ്നത്തെ ചർച്ചക്ക് എടുത്തതിലൂടെ ആഴ്ചപ്പതിപ്പ് ഒരിക്കൽക്കൂടി അതിന്റെ സാമൂഹിക പ്രതിബദ്ധത നിറവേറ്റിയിരിക്കുന്നതിൽ സന്തോഷമുണ്ട്. മനുഷ്യ-വന്യജീവി സംഘർഷം കേവലം വാചാടോപംകൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല എന്നിരിക്കെ പ്രശ്നപരിഹാരത്തിന് ക്രിയാത്മകവും ശാസ്ത്രീയവുമായ നടപടികൾ എത്രയും വേഗം ആവശ്യമാണ്. നിലവിലുള്ള വനം-വന്യജീവി നിയമങ്ങളും ചട്ടങ്ങളും മുന്നിൽ വെച്ച് മനുഷ്യ-വന്യജീവി സംഘർഷങ്ങളെ തടയാൻ കഴിയില്ല എന്നതാണ് സത്യം.
മനുഷ്യജീവനും സ്വത്തിനും മേലുള്ള നിരന്തരമായ വന്യജീവി ആക്രമണങ്ങൾ അതാണല്ലോ തെളിയിക്കുന്നത്. മനുഷ്യ ആവാസ മേഖലയിൽ കടന്നുകയറി സാധാരണക്കാരും കർഷകരുമായ നൂറുകണക്കിന് പേരെ കൊന്നൊടുക്കുകയും വളർത്തുമൃഗങ്ങളും വിളകളുമുൾപ്പെടെയുള്ള അനേക കോടികളുടെ സ്വത്തുവഹകൾ നശിപ്പിക്കപ്പെടുകയും ചെയ്യുമ്പോഴും കൈമലർത്തുന്ന ഭരണകൂടങ്ങൾ, ശാസ്ത്രീയവും പ്രായോഗികവുമായ നിയമ ചട്ടങ്ങളുടെ നിർമാണത്തിന് ഇനിയും തയാറാവുന്നില്ല എന്നത് ഗൗരവമായി തന്നെ ചർച്ചചെയ്യപ്പെടേണ്ടതാണ്.
ലേഖനത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ തന്നെ മനുഷ്യരുടെ അതിജീവന പ്രവൃത്തികൾ പലതും വനവിഭവങ്ങൾ നശിപ്പിച്ചും വന്യജീവികളുടെ ആവാസവ്യവസ്ഥകളെയും കാടിനെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു എന്നത് ഏറെ സത്യമായിരിക്കുമ്പോഴും കേരളംപോലെയുള്ള ജനസാന്ദ്രത കൂടിയതും വനവിസ്തൃതി കുറവുള്ളതുമായ ഭൂപ്രദേശങ്ങളിൽ പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന വന്യമൃഗങ്ങൾ കേരളത്തിന്റെ വനങ്ങളുടെ വാഹകശേഷിക്ക് അപ്പുറമാെണന്ന നിരീക്ഷണങ്ങളെയും പഠനവിധേയമാക്കേണ്ടതുണ്ട്. അതോടൊപ്പം കേരളത്തിൽ വനവിസ്തൃതി കുറയുകയല്ല കൂടുകയാണ് എന്ന പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്നതും കാണേണ്ടതുണ്ട്.
മനുഷ്യനും പ്രകൃതിയിലെ ഇതര ജീവജാലങ്ങളുമെല്ലാം പരസ്പരാശ്രിതരാണെന്നിരിക്കെ സന്തുലിതമായ സഹവർത്തിത്വത്തിന് വിഘാതമാവുന്ന സാമൂഹിക സാഹചര്യം ഇല്ലാതിരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ഉൾപ്പെടെയുള്ള മലയോര കർഷകരുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണമേകാനുതകുമാറുള്ള ശാസ്ത്രീയവും പ്രായോഗികവുമായ നിർദേശങ്ങളും അഭിപ്രായങ്ങളും ആഴ്ചപ്പതിപ്പിലെ ഈ സംവാദങ്ങളിൽ ഉയർന്നുവരട്ടെയെന്ന് ആശിക്കുന്നു.
സുഭാഷ് കബീർ വി.കെ, നമ്പൂരിപ്പൊട്ടി, മലപ്പുറം
വായിക്കുന്തോറും മനസ്സില്‍ ഒട്ടിപ്പിടിക്കുന്ന വാക്കുകൾ
മാർകേസിന്റെ ‘No one writes to Colonel’ എന്ന കഥയിലെ ‘You can't eat hope’ എന്ന പ്രയോഗത്തെ അനുസ്മരിച്ച് മദൻ ബാബു എഴുതിയ ‘ഏകാന്തം’ കവിത അസ്സലായിരിക്കുന്നു (ലക്കം 1408). അധികാര ദുര്‍വിനിയോഗം നടത്തുന്ന ആധുനിക കേണല്‍മാര്‍ക്ക് നേരെ കവി എയ്യുന്ന തീയമ്പുകള്ക്ക് പ്രഹരശേഷിയുണ്ട്. അനുഭവങ്ങളുടെ നെരിപ്പോടില്‍ വിരിഞ്ഞ വാടാമലരുകളാണവ.
‘‘അതിനാല്‍,/ മരിച്ചവരുടെ കുഴിമാടത്തില്‍/ ചവിട്ടിനിന്ന്/കൊന്നവര്‍ക്കൊപ്പം/ സെല്‍ഫിയെടുത്ത്/ അയാള്‍ മടങ്ങി...’’ എന്ന വരികള്‍ ഉജ്ജ്വലം. അഗ്നിസ്ഫുലിംഗങ്ങളായി കത്തിപ്പടരട്ടെ ഇനിയും മദൻ ബാബുവിന്റെ കവിഭാവനകൾ. വായിക്കുന്തോറും മനസ്സില്‍ ഒട്ടിപ്പിടിക്കുന്ന വാക്കുകൾകൊണ്ട് ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ ദുഷ്പ്രവണതകൾക്കൊരു പ്രതിരോധം തീർത്തിരിക്കുകയാണ് കവി.
ജൂലിയറ്റ് സണ്ണി, പ്ലാവിന്‍മുറി
ശബാനയുടെ അരനൂറ്റാണ്ട്
ആഴ്ചപ്പതിപ്പിൽ ‘ശബാനയുടെ അരനൂറ്റാണ്ട് സിനിമാക്കാലം’ എന്ന എം.സി. രാജനാരായണന്റെ ലേഖനം (ലക്കം 1406) വായിച്ചു. ’70കളിലെ ഹിന്ദി സമാന്തര സിനിമയുടെ പ്രഗല്ഭ അഭിനേതാക്കളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മൂന്നു പേരായിരുന്നു ശബാന ആസ്മിയും സ്മിത പാട്ടീലും ദീപ്തി നവലും. സ്മിത പാട്ടീൽ അകാലത്തിൽ പൊലിഞ്ഞു. ദീപ്തി നവല്‍ ആകട്ടെ, അസാമാന്യ കഴിവുണ്ടായിട്ടും ഭാഗ്യം കടാക്ഷിച്ചില്ല. ചില കുടുംബചിത്രങ്ങളിൽ മാത്രം ഒതുങ്ങിനിന്നു അവരുടെ സിനിമാഭിനയം.
ഇപ്പോൾ ടി.വി സീരിയലുകളിലും അപൂർവം ചലച്ചിത്രങ്ങളിലും അമ്മ റോളുകൾ അഭിനയിക്കുന്നു. ‘അങ്കുർ’, ‘നിഷാന്ത്’, ‘അർഥ’ തുടങ്ങിയ സമാന്തരചിത്രങ്ങളിലെ നായികയായ ശബാനതന്നെയാണ് 70കളിൽ തന്നെ ‘ഫക്കീറ’, ‘അമർ അക്ബർ ആന്റണി’ തുടങ്ങിയ എന്റർടെയ്ൻമെന്റ് ചിത്രങ്ങളിലെ നായികയായതും. സ്മിത പാട്ടീലിന്റെയും അഭിനയജീവിതം ഏകദേശം ഇതേ പോലെ സമാനമായിരുന്നു.
ഇതിനിടയിൽ ഒന്നുപറയട്ടെ, കൈഫി ആസ്മിയെ ഹിന്ദി കവി എന്ന സൂചിപ്പിച്ചത് ഒരിക്കലും ശരിയായില്ല. അദ്ദേഹം 18ാം നൂറ്റാണ്ടിലെ ഉർദു മഹാകവി മിർസ ഗാലിബിന്റെ പാരമ്പര്യം പേറുന്ന പ്രശസ്ത കവിയാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ യുനൈറ്റഡ് പ്രൊവിൻസിലെ, അഥവാ ഇന്നത്തെ യു.പിയിലെ അഅ്സംഗഢിൽ പിറന്നതിനാലാണ് അദ്ദേഹത്തിന്റെ പേരിന്റെ കൂടെ ജന്മസ്ഥലത്തിന്റെ ചുരുക്കപ്പേരായ ആസ്മി എന്നതും കൂട്ടിച്ചേർത്തത്. അല്ലാതെ അത് അദ്ദേഹത്തിന്റെ ഗോത്രത്തിന്റെയോ പിതാവിന്റെയോ പേരല്ല. ഫൈസ് അഹ്മദ് ഫൈസ്, ഷക്കീൽ ബദായൂനി, മജ്റൂഹ് സുൽത്താൻപുരി, സാഹിർ ലുധി യാൻവി, ഗുൽസാർ തുടങ്ങിയ ഹിന്ദുസ്താനി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഉർദു കവികളിൽ ഒരാളുംകൂടിയായിരുന്നു സയ്യിദ് അതാർ ഹുസൈൻ റിസ്വി എന്ന കൈഫി ആസ്മി.
ലേഖനത്തിൽ ഹോളിവുഡ് ചിത്രത്തിൽ ശബാന അഭിനയിച്ചിട്ടില്ല എന്ന സൂചന കണ്ടു. പിങ്ക്പാന്തർ സീരീസിലെ ഒരു ചിത്രമായ ‘സൺ ഓഫ് പിങ്ക് പാന്തർ’ എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട വേഷം അവർ ചെയ്തിരുന്നു. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ചലച്ചിത്ര നിർമാണ കമ്പനിയായ എം.ജി.എം 1993ല്‍ നിർമിച്ച ചിത്രമായിരുന്നു അത്. പിന്നീട് ഇന്ത്യയിൽ ഷൂട്ട് ചെയ്ത ഇംഗ്ലീഷ് ചിത്രമായിരുന്ന ‘സിറ്റി ഓഫ് ജോയി’യിൽ ഓം പുരിയുടെ നായികയുമായി. ലേഖകൻ സൂചിപ്പിച്ച ‘മാസൂം’ എന്ന ചിത്രത്തിൽ നായകൻ ശേഖർ കപൂർ ആയിരുന്നില്ല, നസീറുദ്ദീൻ ഷാ ആയിരുന്നു. സംവിധായകൻ എന്ന നിലയിൽ ശേഖർ കപൂറിന്റെ ആദ്യ ചിത്രമായിരുന്നു ‘മാസൂo’. ‘മാസൂo’ പിന്നീട് ബാലു മഹേന്ദ്ര മലയാളത്തിൽ അമോൽ പാലേക്കറെയും പൂർണിമ ജയറാമിനെയും നായികാ നായകന്മാരാക്കി 1982ൽ ചലച്ചിത്രമാക്കി.
ഒരു ആക്ടിവിസ്റ്റ് കൂടിയായ നടി എന്ന നിലയിൽ ശബാന ആസ്മിയുടെ സിനിമ പശ്ചാത്തലം വിലയിരുത്തുമ്പോൾ ചലച്ചിത്രകാരിയായ ദീപ മേത്തയുമായുള്ള ബന്ധം കൂടി വളരെയേറെ പ്രാധാന്യത്തോടെ പ്രത്യേകം സൂചിപ്പിക്കേണ്ടതായിരുന്നു. 2000 ഫെബ്രുവരിയിലാണ് ഇൻഡോ കനേഡിയൻ മൂവി മേക്കർ ആയ ദീപാ മേത്ത ‘വാട്ടർ’ എന്ന ചിത്രത്തിന്റെ നിർമാണത്തിന് വാരാണസിയിൽ തുടക്കം കുറിക്കുന്നത്. നടനും ചലച്ചിത്രകാരനുമായ അനുരാഗ് കശ്യപ് ആയിരുന്നു തിരക്കഥ തയാറാക്കിയത്. ചിത്രത്തിന്റെ തുടക്കത്തിൽ ശബാനയും നന്ദിതദാസുമായിരുന്നു പ്രധാന വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടത്. പ്രധാന കഥാപാത്രങ്ങളായ ശകുന്തളയുടെയും കല്യാണിയുടെയും വേഷത്തിൽ. കൂടാതെ അക്ഷയ് കുമാർ, കുൽഭൂഷൻ ഖർബാന്ദാ, വഹീദ റഹ്മാൻ തുടങ്ങിയ മുഖ്യധാരാ താരങ്ങളും ഉൾപ്പെട്ടിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ 1930-40കളിൽ നടന്നിരുന്ന ബാലവിവാഹങ്ങളും ബാലികാവധുക്കളുടെ അകാല വൈധവ്യങ്ങളുടെയും യഥാർഥ ചരിത്രസംഭവങ്ങൾ ആയിരുന്നു വാട്ടർ എന്നപേരിൽ പുറത്തിറക്കാൻ ഉദ്ദേശിച്ചത്. കഥയുടെ പ്ലോട്ട് ചോർന്നു കിട്ടിയ ഹിന്ദുത്വ മൗലികവാദ സംഘടനകൾ, ചിത്രത്തിനെതിരെ നിലപാട് കൈക്കൊണ്ടു. പണ്ടേ തന്നെ ദീപ മേത്ത ഹിന്ദുത്വരുടെ കണ്ണിലെ കരടാണ്. മാസങ്ങൾ ചെലവഴിച്ചു, ദശലക്ഷങ്ങൾ ചെലവിട്ടു നിർമിച്ചിരുന്ന സെറ്റുകൾക്കു തീ കൊടുത്തും മൂവി കാമറ നശിപ്പിച്ചും ഷൂട്ടിങ് വാഹനങ്ങൾ തകർത്തും ടെക്നീഷ്യരെ കായികമായി ആക്രമിച്ചും ചിത്രീകരണം തടസ്സപ്പെടുത്തി. ശിവസേന നേതാവായ ബാൽ താക്കറെയുടെ നേതൃത്വത്തിൽ, ഹിന്ദുത്വ തീവ്രവാദ പാത സ്വീകരിച്ചിരുന്ന മറ്റു ഹിന്ദുത്വ സംഘടനകളുടെ സഹകരണത്തോടെയുള്ള പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെക്കുകയായിരുന്നു.
പരമോന്നത കോടതിയിൽനിന്ന് സംരക്ഷണം ഉണ്ടായിട്ടും, ഇനിയും നഷ്ടങ്ങൾ സഹിക്കാൻ കഴിയില്ല എന്ന നിലപാടിൽ ഉറച്ചു ചിത്രീകരണം നിർത്തിവെക്കാൻ ദീപ മേത്തയും നിർബന്ധയായി. ചിത്രത്തിൽനിന്ന് ശബാന ആസ്മിയെ നീക്കിനിർത്തേണ്ടി വന്നു. പകരം പിന്നീട് സീമാ ബിശ്വാസിനെ (BanditQueen) യായിരുന്നു കാസ്റ്റ് ചെയ്തത്. ശകുന്തളയുടെ റോൾ സീമാ ബിശ്വാസ് ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയിലേക്ക് മാറ്റി ‘ഫുൾ മൂൺ’ എന്ന പേരിൽ ഷൂട്ട് ചെയ്തു. ദീപ മേത്തയെ ‘ഫയർ’ എന്ന അവരുടെ 1996ലെ വിവാദ ചിത്രത്തിലൂടെ ഹിന്ദുത്വ തീവ്രവാദികൾക്കും മൗലികവാദികൾക്കും മുൻകൂട്ടി പരിചയമുണ്ട്. ഹിന്ദുത്വരുടെ കടുത്ത നിലപാടിന്റെയും പ്രതിഷേധത്തിന്റെയും ഫലമായി ‘ഫയർ’ തിയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവാദം കൊടുക്കാതെ നിരോധിക്കപ്പെട്ടു. ഈ ചിത്രവും ഭർത്താക്കന്മാർ ജീവിച്ചിരിക്കുമ്പോൾതന്നെ വിധവകളായി ജീവിക്കാൻ വിധിക്കപ്പെട്ട രണ്ട് യുവതികളുടെ കഥയായിരുന്നു. അതിലും ശബാനയും നന്ദിത ദാസുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ. വൈവാഹിക ജീവിതത്തിലെ സമാനദുഃഖങ്ങൾ അനുഭവിക്കേണ്ടിവന്ന രണ്ടു യുവതികളുടെ ഒരേപോലെയുള്ള അനുഭവം പിന്നീട് അവരെ ലെസ്ബിയൻ ജീവിതശൈലിയിലേക്ക് നയിക്കുന്ന കഥയായിരുന്നു, ചിത്രം1996ൽ ഇന്ത്യയിൽ നിരോധിക്കാൻ നടപടിയെടുക്കാൻ സെൻസർ ബോർഡിനെ പ്രേരിപ്പിച്ചത്.
അങ്ങനെ ‘കാമസൂത്ര’യുടെയും ‘ഫയറി’ന്റെയും ‘ബാൻഡിറ്റ് ക്വീനി’ന്റെയും ഗതി തന്നെ ‘വാട്ടറി’നും സംഭവിച്ചു. എങ്കിലും 2005ൽ കടുത്ത നിബന്ധനയോടെ ചിത്രം പ്രദർശിപ്പിക്കാൻ സെൻസർ ബോർഡ് അനുവദിച്ചു. സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും 2007ലെ വിദേശ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള നോമിനേഷൻ ‘വാട്ടർ’ എന്ന ചിത്രത്തിന് ലഭിച്ചിരുന്നു. പുരസ്കാരം ലഭിച്ചില്ലെങ്കിലും അക്കാദമി അവാർഡിനുള്ള നോമിനേഷൻ ലഭിക്കുന്നത് ഒരു അഭിമാനമാണ്. യു.എസിൽ തന്നെയുള്ള പല നോമിനേഷനുകളും ഈ ചിത്രത്തിനു കിട്ടിയിട്ടുണ്ട്.
അഭിനയിക്കാൻവേണ്ടി ശബാന ആസ്മിയും നന്ദിത ദാസും സീമാ ബിശ്വാസും ലിസാറായിയും തല മൊട്ടയടിച്ചതിൽ, നിർഭാഗ്യവശാൽ ശബാനക്കുമാത്രം അതിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. പകരം ആ ഭാഗ്യം സീമക്ക് ലഭിച്ചു. കഥാപാത്രങ്ങളുടെ പൂർണതക്ക് തല മൊട്ടയടിക്കാൻപോലും തയാറായ പെർസിസ് ഖമ്പാട്ടയെ (Persis Khambatta) പോലുള്ളവരുടെ അഭിനയത്തോടുള്ള പ്രതിബദ്ധതയാണ് സ്വന്തം തല മൊട്ടയടിച്ച ഈ പ്രവൃത്തിയിലും ശബാനയെ ലോകം എടുത്തു കാണിക്കുന്നത്. ദേശീയതലത്തിൽ അഞ്ചു പുരസ്കാരങ്ങൾ ലഭിച്ച ശബാന ആസ്മിക്ക് ഇനിയുള്ള കാലം മറ്റൊരു പുരസ്കാരം ലഭിക്കുന്ന കാര്യംപോലും ചിന്തിക്കാൻ കഴിയില്ല.
കരീംലാല, കൈപ്പമംഗലം