എഴുത്തുകുത്ത്
തുടക്കം ചിന്തനീയംആഴ്ചപ്പതിപ്പിന്റെ പത്രാധിപക്കുറിപ്പായ ‘ജോഷിമഠ് എന്ന പാഠം’ ചിന്തനീയം -(ലക്കം: 1299). രാജ്യത്ത് വെച്ചേറ്റവും ഭൂകമ്പസാധ്യതയുള്ള സ്ഥലങ്ങളില്‍ ഒന്നായതുകൊണ്ടാണ് ജോഷിമഠിനെ ‘സോണ്‍ 5’ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികളുടെ പറുദീസയായി അറിയപ്പെടുന്ന ഈ സ്ഥലത്തേക്ക് കഴിഞ്ഞ വര്‍ഷം മാത്രം അഞ്ചു ലക്ഷത്തോളം ടൂറിസ്റ്റുകള്‍ എത്തിച്ചേര്‍ന്നെന്ന് കണക്കുകള്‍ പറയുമ്പോള്‍ അങ്ങനെയൊരു പരിസ്ഥിതി അതിലോല പ്രദേശം...
Your Subscription Supports Independent Journalism
View Plansതുടക്കം ചിന്തനീയം
ആഴ്ചപ്പതിപ്പിന്റെ പത്രാധിപക്കുറിപ്പായ ‘ജോഷിമഠ് എന്ന പാഠം’ ചിന്തനീയം -(ലക്കം: 1299). രാജ്യത്ത് വെച്ചേറ്റവും ഭൂകമ്പസാധ്യതയുള്ള സ്ഥലങ്ങളില്‍ ഒന്നായതുകൊണ്ടാണ് ജോഷിമഠിനെ ‘സോണ്‍ 5’ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികളുടെ പറുദീസയായി അറിയപ്പെടുന്ന ഈ സ്ഥലത്തേക്ക് കഴിഞ്ഞ വര്‍ഷം മാത്രം അഞ്ചു ലക്ഷത്തോളം ടൂറിസ്റ്റുകള്‍ എത്തിച്ചേര്‍ന്നെന്ന് കണക്കുകള്‍ പറയുമ്പോള്‍ അങ്ങനെയൊരു പരിസ്ഥിതി അതിലോല പ്രദേശം സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്നല്ലേ കരുതേണ്ടത്.
ഇന്ത്യ-ചൈന ബോര്‍ഡറിലെ ഏറ്റവും വലിയ സൈനികത്താവളങ്ങളില്‍ ഒന്നാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. തീര്‍ഥാടന കേന്ദ്രങ്ങളുടെ തലസ്ഥാനമായ ഇവിടേക്ക് ഒഴുകിയെത്തുന്നത് ആബാലവൃദ്ധം ഭക്തരാണ്. അതാണ് അവരുടെ വരുമാനവും. എന്നാല്‍, കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന വീട്ടുകാരുടെ അവസ്ഥയാകും ഭൂമിയിലെ ഈ സ്വർഗത്തിന്.
ജോഷിമഠിലെ മണ്ണിന് ഉയര്‍ന്ന തോതിലുള്ള നിർമാണ പ്രവര്‍ത്തനങ്ങളെ താങ്ങാനുള്ള ശേഷിയില്ലെന്ന് വിദഗ്ധര്‍ നേരത്തേതന്നെ മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്. കെട്ടിടങ്ങളില്‍ വിള്ളല്‍ കാണപ്പെടുന്നതും, റോഡുകള്‍ വിണ്ടുകീറുന്നതും, പാറകള്‍ അടര്ന്നുവീഴുന്നതുമൊക്കെ അതിന്റെ ലക്ഷണങ്ങളാണ്. പത്തടി കുഴിച്ചാല്‍ മതി, സമൃദ്ധമായി വെള്ളം കിട്ടുന്ന ഇവിടെയാണ് നാഷനല്‍ തെര്‍മല്‍ പവര്‍ കോർപറേഷന് തപോവന്‍-വിഷ്ണുഗഢ് ജലവൈദ്യുതി പദ്ധതിക്കുവേണ്ടി 12 കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം തീര്‍ത്തിരിക്കുന്നത്!
പ്രകൃതിയെ വേദനിപ്പിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ആവാസവ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നവിധത്തിലുള്ള ദുരന്തമായിരിക്കും അതിന്റെ ഫലമെന്ന് ജോഷിമഠ് പറഞ്ഞുതരുന്നു. ഇനിയെങ്കിലും ആ വസ്തുത തിരിച്ചറിഞ്ഞില്ലെങ്കില്‍ അപകടമാണ്. നശിപ്പിക്കാനല്ലാതെ ഒന്നും സൃഷ്ടിക്കാന്‍ മനുഷ്യനാവില്ല. എത്രനാള്‍ പ്രകൃതിയിങ്ങനെ സഹിച്ചുകൊണ്ടിരിക്കും?
കേരളത്തിനും ഇതില്‍നിന്ന് വലിയ പാഠങ്ങള്‍ പഠിക്കാനുണ്ട്. നമ്മുടെ പശ്ചിമഘട്ടം ഇതുപോലുള്ള ഒരു പരിസ്ഥിതി അതിലോല പ്രദേശമാണ്. അവിടെ നിർമാണങ്ങളും ക്വാറി പ്രവര്‍ത്തനങ്ങളും മരംവെട്ടും ജനസംഖ്യയും കൂടിക്കൊണ്ടിരുന്നാല്‍ താമസിയാതെ അത് മറ്റൊരു ജോഷിമഠ് ആയേക്കാമെന്ന് ഈ ദുരന്തം മുന്നറിയിപ്പ് നല്കുന്നു. കാണാന്‍ കണ്ണുള്ളവരും കേള്‍ക്കാന്‍ കാതുള്ളവരും ചിന്തിക്കാന്‍ ബുദ്ധിയുള്ളവരും ഇവിടെയുണ്ടെങ്കില്‍ അതിനെക്കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കേണ്ടിയിരിക്കുന്നു. ദീർഘവീക്ഷണമുള്ളവർ മറ്റുള്ളവരുടെ അനുഭവങ്ങളില്‍നിന്നും പാഠം പഠിക്കുമ്പോൾ അല്ലാത്തവര്‍ അങ്ങനെയൊരു അനുഭവം തങ്ങള്‍ക്ക് വരാനായി കാത്തിരിക്കും. അനുഭവമാണ് ഗുരുവെന്ന ആപ്തവാക്യം മറക്കാതിരുന്നാല്‍ നന്ന്.
സണ്ണി ജോസഫ്, മാള
സംഗീതയാത്രയിലെ വസന്തകാല ഗീതികൾ
കവിയും ഗാനരചയിതാവും നിർമാതാവും സംവിധായകനും ഒക്കെയായ ശ്രീകുമാരൻ തമ്പിയെഴുതുന്ന മലയാള ചലച്ചിത്രഗാന ചരിത്രം ‘സംഗീതയാത്രകൾ’ 43 ലക്കങ്ങൾ ഇതിനകം പൂർത്തിയായി.
ഈ എഴുത്തുകൾ നല്ലൊരു ചലച്ചിത്രഗാന കാവ്യാനുഭൂതി നൽകുന്നു. സിനിമാഗാന രചയിതാക്കളെ, കാവ്യകൽപനകളുടെ കുബേരൻമാരായിട്ടും തരംതാഴ്ത്തി ‘സിനിമാ പാട്ടെഴുത്തുകാർ’ എന്ന അഭിസംബോധന ചെയ്യുന്നൊരു വിപര്യയ കാലഘട്ടമുണ്ടായിരുന്നു. പക്ഷേ, ശ്രീകുമാരൻ തമ്പിയുടെ ഈയൊരു സവിശേഷ പംക്തി മാധ്യമം ആഴ്ചപ്പതിപ്പിലൂടെ വായിക്കുമ്പോൾ ഈ ചലച്ചിത്രഗാന രചയിതാക്കളുടെ ഗാനവരിയിലെ കാവ്യാത്മകത നമ്മെ ഞെട്ടിച്ചു കളയുന്നുണ്ട്. അതിന് ആദ്യമായി തമ്പിക്ക് കൃതജ്ഞതാപൂർവമുള്ള അഭിനന്ദനങ്ങൾ അറിയിക്കട്ടെ.
1968ലെ എന്റെ വിദ്യാലയജീവിതത്തിന്റെ വർഷമവസാനിക്കുമ്പോൾ കാമിനിമാരും സുഹൃത്തുക്കളും എഴുതിയ ഓട്ടോഗ്രാഫിൽ ഇന്നും വസന്തസുഗന്ധം പരത്തി ഈ ഗാനവരികൾ ജീവിക്കുന്നു. പ്രണയവിധുരത, കാമുകി സമാഗമം, വേർപാടുകളിലെ തേൻമുള്ളുകളായ നോവുകൾ ഇതിന്റെയൊക്കെ ആത്മാവിഷ്കാരം പൂവിട്ട ഓട്ടോഗ്രാഫിന്റെ താളുകൾ ഞാൻ മറിച്ചുനോക്കി. അതിൽ ശ്രീകുമാരൻ തമ്പിയും വയലാറും പി. ഭാസ്കരനും യൂസഫലിയും ഒക്കെ എഴുതിയ ഗാന കാവ്യ വരികൾ നൊമ്പരമുണർത്തി നിൽക്കുന്നു. അത്തരമൊരു മധുരോദാരമായ ഉദാത്ത പ്രണയങ്ങൾ ഈ യാന്ത്രികയുഗത്തിൽ ആർക്കെങ്കിലും അംഗീകരിക്കാൻ സാധിക്കുമോ? ഇനിവരാത്ത വണ്ണം ആ കാലങ്ങൾ കടന്നുപോയി. പക്ഷേ, അതിന്റെ സുഗന്ധപൂരിതമായ ഓർമകളെ പുനരാനയിക്കുവാൻ തമ്പിയുടെ ഈ സംഗീത കാവ്യ യാത്രകൾക്ക് കഴിയുന്നു. പി. ഭാസ്കരൻ മാഷിന്റെയും വയലാർ രാമവർമയുടെയും യൂസഫലി കേച്ചേരിയുടെയും തമ്പിയുടെയും ഒക്കെ വസന്ത ഗീതി ഗാന കാവ്യങ്ങളെ പരിചയപ്പെടുത്തുന്ന ഇത്തരം പംക്തി വളരെ നല്ലതാണ്. തന്റെ സഹപ്രവർത്തകരായ ഗാനരചയിതാക്കളെ അവരിലെ ഗാന കാവ്യമാധുരികളെ ഇത്രയും അറിഞ്ഞുൾക്കൊള്ളുന്നൊരു നിഷ്കളങ്ക മനസ്സ് തമ്പിയിൽ ധാരാളമായി കാണുന്നു. ആ വലിയ മനസ്സിന്റെ ചലച്ചിത്രഗാന പര്യടനത്തെ അനുഭൂതിദായകമാക്കിത്തീർക്കുവാൻ സാധിക്കുന്നത് ആ മനസ്സിലെ നിഷ്കളങ്ക കവിതാസ്വാദനത്തിന്റെ ഫലമാണ്. നന്ദി, ആഴ്ചപ്പതിപ്പിനും തമ്പിക്കും.
കെ.ടി. രാധാകൃഷ്ണൻ കൂടാളി
മനുഷ്യൻ തന്നെയാണ് ചെകുത്താൻ
മനുഷ്യനെ സൃഷ്ടിച്ചത് ദൈവമല്ല എന്നുള്ളതിന് ബർട്രാൻഡ് റസൽ പറയുന്ന ഒരു ന്യായമുണ്ട്.
കരുണാമയനും കാരുണ്യവാനും സൽഗുണ സമ്പന്നനുമായ ദൈവം മനുഷ്യനെപ്പോലെ നീചനായ ഒരു സൃഷ്ടി ഒരിക്കലും ചെയ്യില്ല. അതുകൊണ്ട് സൃഷ്ടികളുടെ ഉടമ ദൈവമല്ല. അതുകൊണ്ട് ദൈവമില്ല.
അനീഷ് ബർസോം എഴുതിയ ‘ജോസൂട്ടൻ എന്ന കൊലയാളി’ വായിച്ചപ്പോഴാണ് റസൽ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നിയത്.
മനുഷ്യൻ ഭൂമിയെ കീഴടക്കി ചന്ദ്രനെയും ചൊവ്വയെയും കീഴടക്കിക്കൊണ്ടിരിക്കുമ്പോൾതന്നെ പരസ്പരം കൊല്ലും കൊലയും യഥേഷ്ടം നടത്തുന്നു. അല്ലെങ്കിലും നരഭോജികളും മനുഷ്യവർഗത്തിൽപെട്ടവർ തന്നെയാണല്ലോ?
ബർസോമിന്റെ കഥ വായിച്ച് മനസ്സ് തന്നെ മരവിച്ചിരിക്കുന്നു. യഥാർഥ മനുഷ്യൻ തന്നെയല്ലേ യഥാർഥ ചെകുത്താൻ?
ടി.ഡി. ഗോപാലകൃഷ്ണറാവു, തെക്കേടത്ത്
ഇനിയും മാറാത്ത ജാതി
കോട്ടയത്തെ കെ.ആർ. നാരായണൻ ചലച്ചിത്ര അക്കാദമിയിൽനിന്നു വരുന്ന വാർത്തകൾ വായിക്കുമ്പോൾ മലയാളിയും നമ്മുടെ മുൻ പ്രസിഡന്റുമായിരുന്ന കെ.ആർ. നാരായണൻ മരണശേഷവും അപമാനിതൻ ആവുന്നുവെന്ന് മനസ്സിലാക്കാം. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1296ൽ കെ.ആര്. നാരായണന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് വൈസ് ചെയർപേഴ്സൻ ഹരിപ്രസാദുമായി രൂപേഷ് കുമാർ നടത്തിയ അഭിമുഖവും മരണാനന്തരവും കെ.ആർ. നാരായണൻ അപമാനിതനാവുന്നു എന്ന തലക്കെട്ടിൽ എഴുതിയ തുടക്കവും അവസരോചിതമായി.
‘പുരോഗമന’ കേരളത്തിനുതന്നെ അപമാനകരമാണ് ഈ സംഭവങ്ങൾ. കേരളത്തിൽ സവർണാധിപത്യം പല രീതികളിൽ ഇന്നും നിലനിൽക്കുന്നുവെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. അവർണരായതിന്റെ പേരിൽ വിവേചനങ്ങൾ നേരിട്ടുണ്ടെന്ന് നടന്മാരായ കലാഭവൻ മണി, തിലകൻ, ജഗതി ശ്രീകുമാർ എന്നിവർ തുറന്നുപറഞ്ഞതിൽനിന്നു തന്നെ സിനിമ മേഖലയിലെ ജാതീയത മനസ്സിലാക്കാമല്ലോ? അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ള, ലോകമറിയുന്ന ഒരു സംവിധായകൻപോലും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആരോപണവിധേയർക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകുന്നുവെന്നത് വേദനയും അതിലേറെ ചിന്തിക്കാനുള്ള അവസരവും നൽകുന്നുണ്ട്. മറ്റുപലമാധ്യമങ്ങളും തമസ്കരിക്കുന്ന ജാതിക്കെതിരായ പോരാട്ടത്തെ മാധ്യമം ഇനിയും ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.
ആർ. ദിലീപ്, മുതുകുളം
‘അയ്യാറെട്ട്’: സഖാവ് സജിയുടെ സ്മരണകൾ
മാധ്യമം ആഴ്ചപ്പതിപ്പിൽ വി. ഷിനിലാലിന്റെ കഥയായ 'അയ്യാറെട്ടിൽ' (ലക്കം: 1299) മുദ്രാവാക്യം വിളി,
“ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ, തൊട്ടവന്റെ എല്ലൊടിച്ച് അയ്യാറെട്ടിന് വളമാക്കും.’’
ഇങ്ങനെ മുദ്രാവാക്യം വിളിക്കുന്ന കഥ വേറെയുണ്ടോ?
അയ്യാറെട്ട് സജി രക്തസാക്ഷിയായ വിവരം തെലങ്കാനയിലേക്കുള്ള യാത്രാമധ്യേയാണ് ഞാനറിഞ്ഞതെന്ന് പറഞ്ഞാണ് കഥ തുടങ്ങുന്നത്.
സജിയെ കുറിച്ചുള്ള ആഖ്യാതാവിന്റെ ഓർമകളിലൂടെയാണ് കഥ വളരുന്നത്.
കഥയിലുടനീളം സജി വിളിക്കാറുള്ള ആ മുദ്രാവാക്യം മുഴങ്ങിക്കൊണ്ടിരുന്നു.
ആ മുഴക്കം വായനക്കാരുടെ ഹൃദയത്തിൽനിന്നും തലച്ചോറിലേക്ക് പടർത്തും.
‘‘ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം ഞങ്ങളിലില്ലാ ഇസ്ലാം രക്തം ഞങ്ങളിലില്ലാ ഹൈന്ദവ രക്തം ഞങ്ങളിലുള്ളത് മാനവരക്തം’’ എന്ന് സജിയെക്കൊണ്ട് ഷിനിലാൽ പറയിപ്പിക്കുന്നു.
ഈ പറച്ചിലിലൂടെ സജി ഒരു യഥാർഥ നേതാവാണെന്ന് പറയാതെ പറഞ്ഞുപോകും.
സജിയോടൊപ്പം അദ്വാനി വിജയൻ, മേരി ടീച്ചർ, രവി സാർ, അമിട്ട് ഷാജി എന്നിവരിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.
സജിയെ ഹൃദയത്തിലേറ്റി സ്മാരകം നിർമിക്കുമ്പോൾ വായനക്കാർ ഏത് പാർട്ടിക്കാരായാലും സാമ്പത്തിക സഹായം നൽകും.
അയ്യാറെട്ട് സജിയുടെ ജീവിതം ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് നെടുമങ്ങാട് ഭാഷയിൽ എഴുതിയ കഥ സാങ്കൽപികമല്ല. മെനഞ്ഞെടുക്കുന്ന കഥാപാത്രത്തെക്കൊണ്ട് നിർവഹിക്കാനാവുന്ന കഥാപാത്രവുമല്ലാത്തതുകൊണ്ട് കഥ മനോഹരമായ അനുഭവമാക്കി മാറ്റുന്നു.
പറയാനുള്ള കാര്യങ്ങൾ ഒട്ടും വളച്ചുകെട്ടില്ലാതെ സധൈര്യം പറഞ്ഞ് വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.
‘അയ്യാറെട്ടി’നെക്കുറിച്ച് കൂടുതൽ അറിയേണ്ടേ?
മാധ്യമം ആഴ്ചപ്പതിപ്പിലാണ്. കാണാതെ പോകരുത്.
സജി സഖാവിന് ലാൽസലാം. മരിക്കില്ല മനസ്സിൽനിന്ന് ഒരിക്കലും...
സന്തോഷ് ഇലന്തൂർ
അറിയിപ്പ്
അർണോസ് പ്രബന്ധരചനാ മത്സരം
തൃശൂർ ജില്ലയിലെ വേലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർണോസ് പാതിരി അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കായി അഖില കേരള പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘കേരള ചരിത്ര-സംസ്കാര നിർമിതിയിൽ അർണോസ് പാതിരിയുടെ പങ്ക്’ എന്ന വിഷയത്തെ അധികരിച്ച് 10 പേജിൽ കവിയാതെ (എ4 സൈസിൽ) തയാറാക്കിയ പ്രബന്ധങ്ങൾ 2023 ഫെബ്രുവരി 20നുള്ളിൽ അയച്ചുതരേണ്ടതാണ്.
വിദ്യാർഥികൾ തങ്ങൾ പഠിക്കുന്ന കലാലയത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രത്തോടുകൂടിയാണ് പ്രബന്ധങ്ങൾ അയക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്നു പ്രബന്ധങ്ങൾക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകുന്നതാണ്. സമ്മാനാർഹരുടെ പ്രബന്ധങ്ങൾ അർണോസ് അക്കാദമി പ്രസിദ്ധീകരിക്കും. പ്രബന്ധങ്ങൾ അയക്കേണ്ട വിലാസം -Email: arnospadiriacademy@gmail.com. Postal Address: The Director, Arnos Padiri Academy, Velur Bazar P.O, Trissur 680 601. Contact No. 9497514315, 9495319275.