എഴുത്തുകുത്ത്
'സംഗീതയാത്രകൾ' പാട്ടുപുസ്തകം പകർത്തലല്ല'സംഗീത യാത്രകൾക്കു തിരുത്തുകളുണ്ട്' എന്ന പേരിൽ റഷീദ് പി.സി പാലം എഴുതിയ കത്ത് വായിച്ചു. ആദ്യ ശബ്ദചിത്രമായ ബാലൻ മുതൽ 1970 വരെയുള്ള മലയാള ചലച്ചിത്രങ്ങളിലെ ഗാനങ്ങളുടെ വികാസപരിണാമങ്ങളെക്കുറിച്ച് ഒരു ലഘുവിവരണം നൽകുക മാത്രമാണ് എന്റെ ലക്ഷ്യം. ഒരു ചിത്രത്തിലുള്ള മുഴുവൻ പാട്ടുകളെക്കുറിച്ചും പറയുക സാധ്യമല്ല. അങ്ങനെ ചെയ്‌താൽ നൂറ് അധ്യായങ്ങൾകൊണ്ടുപോലും ഈ വിഷയം പറഞ്ഞുതീർക്കാനാവില്ല. ഞാനും മാധ്യമം പത്രാധിപരും ചേർന്നു തീരുമാനിച്ചതനുസരിച്ച് അധ്യായങ്ങളുടെ എണ്ണം നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. അപൂർവം ചില പാട്ടുകൾ പാടിയ ഗായകന്റെയോ ഗായികയുടെയോ...
Your Subscription Supports Independent Journalism
View Plans'സംഗീതയാത്രകൾ' പാട്ടുപുസ്തകം പകർത്തലല്ല
'സംഗീത യാത്രകൾക്കു തിരുത്തുകളുണ്ട്' എന്ന പേരിൽ റഷീദ് പി.സി പാലം എഴുതിയ കത്ത് വായിച്ചു. ആദ്യ ശബ്ദചിത്രമായ ബാലൻ മുതൽ 1970 വരെയുള്ള മലയാള ചലച്ചിത്രങ്ങളിലെ ഗാനങ്ങളുടെ വികാസപരിണാമങ്ങളെക്കുറിച്ച് ഒരു ലഘുവിവരണം നൽകുക മാത്രമാണ് എന്റെ ലക്ഷ്യം. ഒരു ചിത്രത്തിലുള്ള മുഴുവൻ പാട്ടുകളെക്കുറിച്ചും പറയുക സാധ്യമല്ല. അങ്ങനെ ചെയ്‌താൽ നൂറ് അധ്യായങ്ങൾകൊണ്ടുപോലും ഈ വിഷയം പറഞ്ഞുതീർക്കാനാവില്ല. ഞാനും മാധ്യമം പത്രാധിപരും ചേർന്നു തീരുമാനിച്ചതനുസരിച്ച് അധ്യായങ്ങളുടെ എണ്ണം നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. അപൂർവം ചില പാട്ടുകൾ പാടിയ ഗായകന്റെയോ ഗായികയുടെയോ പേര് മാറിപ്പോയിട്ടുണ്ടാവാം.
ദേവരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച 'മലയാള ചലച്ചിത്രസംഗീതം -50 വർഷം' എന്ന പുസ്തകത്തെ ഈ വിഷയത്തിൽ ഞാൻ ആശ്രയിച്ചിട്ടുണ്ട് . ഈ പുസ്തകത്തിൽ ചിത്രങ്ങളുടെ പേരുകളും രചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ എന്നിവരുടെ പേരുകളും മാത്രമാണുള്ളത്. പല ഭാഗത്തും ''വിവരങ്ങൾ കിട്ടിയിട്ടില്ല'' എന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ പുസ്തകത്തിലെ പട്ടികയിൽ ചില തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഈ പരമ്പര പുസ്തകരൂപത്തിലാക്കുമ്പോൾ ഈ ചെറിയ തെറ്റുകൾ തിരുത്തുന്നതായിരിക്കും. ഒരിക്കൽകൂടി പറയട്ടെ, ഒരു സിനിമയിലെ എല്ലാ പാട്ടുകളും എന്റെ പരമ്പരയിൽ പരാമർശിക്കപ്പെടുകയില്ല.
ശ്രീകുമാരൻ തമ്പി
ധീരമായ പ്രമേയമുള്ള 'താൻ'
ആഴ്ചപ്പതിപ്പിന്റെ 1256ാം ലക്കത്തിൽ പ്രസിദ്ധീകരിച്ച 'താൻ' എന്ന കഥയിലൂടെ വത്സലൻ വാതുശ്ശേരി ദലിത് വിഭാഗങ്ങൾക്ക് വന്ന പരിണാമം ശക്തമായി ആവിഷ്കരിച്ചിരിക്കുന്നു. ശങ്കരൻ നായരുടെ ഫ്യൂഡൽ മാടമ്പിത്തത്തെ ശക്തമായി പ്രതിരോധിക്കുന്ന ശിവൻ എന്ന ദലിതൻ ശങ്കരാചാര്യരുടെ അഹന്ത ശമിപ്പിക്കാൻ വന്ന ശിവന്റെ കഥയെ ഓർമിപ്പിക്കുന്നു. ''ശിവന്റെ കണ്ണുകളുടെ ഗുഹയിൽനിന്ന് അപ്പോൾ ഒരു കരിമ്പുലി പുറത്തുചാടി'', ''മാങ്ങയോളം വലുപ്പമുള്ള ഒരു കല്ലും കൈയിൽ പിടിച്ച് ഒരു ശിലായുഗമനുഷ്യനായി നിൽക്കുന്നു അവൻ'' തുടങ്ങിയ സവിശേഷ പ്രയോഗങ്ങളിലൂടെ കഥാകൃത്ത് ശിവൻ എന്ന ദലിതനെ അസാധാരണമായി ആവിഷ്കരിച്ചിരിക്കുന്നു.
പറമ്പ് കിളക്കാൻ വന്ന പഴയ കാളൻ ചെറുമന്റെ ചെക്കനായ ശിവൻ, പഴയ അധികാരിയുടെ മകനായ, തഹസിൽദാരായി സർവീസിൽനിന്ന് പിരിഞ്ഞ ശങ്കരൻ നായരെ താൻ എന്നും എടോ എന്നുമൊക്കെ സംബോധന ചെയ്തത് കേട്ട് അദ്ദേഹം അഗ്നിപർവതംപോലെ പുകയുന്നുണ്ട്. പണി നിർത്തിപ്പോകാൻ ശങ്കരൻ നായർ ആജ്ഞാപിച്ചിട്ടും ശിവൻ അത് കേൾക്കുന്നില്ല. ''ഇനി ഒരടി മുന്നോട്ടുെവച്ചാ ഈ കല്ല് നിന്റെ തല പൊളിക്കും''എന്ന ശിവന്റെ താക്കീത് നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ആത്മരോഷമാണ്. ശങ്കരൻ നായരുടെ ആഢ്യത്വത്തിന് ഏറ്റ ശക്തമായ പ്രഹരവും.
ജാതിക്കാർഡ് കൊണ്ടുള്ള വാൾ പ്രയോഗം ഏശുന്നില്ലെന്നു കണ്ട ശങ്കരൻ നായർ, പ്രായത്തിൽ മുതിർന്നവരെ നീയെന്ന് വിളിക്കുന്നത് മര്യാദയില്ലാത്തതാണ് എന്ന് പറയുമ്പോൾ ശങ്കരൻ നായരെക്കാൾ പ്രായമുണ്ടായിരുന്ന തന്റെ അച്ഛൻ കാളനെയും അപ്പൂപ്പൻ കോരനെയും ''നീ'' എന്നും ''എടാ'' എന്നുമൊക്കെയല്ലേ വിളിച്ചിരുന്നെതന്ന് ശിവൻ ഉരുളക്കുപ്പേരിപോലെ മറുപടി കൊടുക്കുന്നുണ്ട്. വാഴക്ക് കുഴി കുത്താൻ വന്ന ശിവൻ ഒരാളെ കുഴിച്ചിടാൻ പാകത്തിൽ കുഴിയെടുക്കുന്നത് കണ്ട് ശങ്കരൻ നായർ ഞെട്ടുന്നുണ്ട്. പഴയ അധികാരിയുടെ ജഡമെടുത്ത് അതേ കുഴിയിൽ കിടത്തുന്ന ശങ്കരൻ നായരിലാണ് കഥ അവസാനിക്കുന്നത്. ഫ്യൂഡൽ മാടമ്പിത്തത്തിനെതിരെ പ്രതിരോധിക്കുന്ന ദലിത് വിഭാഗങ്ങളുടെ പ്രതിനിധാനമാണ് ഇൗ കഥയിലെ ശിവൻ.
ഇത്തരം പ്രമേയങ്ങൾ ഉള്ള കഥകൾ മലയാളത്തിൽ മാധ്യമം ആഴ്ചപ്പതിപ്പ് മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. കഥാകൃത്ത് വത്സലൻ വാതുശ്ശേരിക്കും ഇരുപത്തിയഞ്ച് വയസ്സിലേക്ക് എത്തുന്ന മാധ്യമം ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
ഡോ. ദിവ്യ ധർമദത്തൻ, തൃശൂർ
ഓർമകളിൽ മധുരം പുരട്ടുന്ന ഗാനങ്ങൾ
രചനയിലും സംഗീതത്തിലും മികച്ചുനിന്ന, അഭയദേവ്, ദക്ഷിണാമൂർത്തി ടീം ഒരുക്കിയ 'ജ്ഞാനസുന്ദരി' എന്ന ചിത്രത്തിലെ ഗാനങ്ങൾ ആലാപനത്തിലും മികച്ചതായി. കമുകറ പുരുഷോത്തമനും പി. ലീലയുമാണ് ഗാനങ്ങൾ പാടിയത്. ''മിണ്ടാത്തതെന്താണു തത്തേ...'' ''നീ ഗാനം മറന്നോ നാണം വന്നോ...'' എന്നു തുടങ്ങുന്ന ഗാനം കമുകറയുടെ ശബ്ദത്തിൽ സൂപ്പർ ഹിറ്റായി. വളരെ ലളിതമായും മധുരമായുമാണ് അഭയദേവ് ഈ ഗാനം എഴുതിയതെന്ന് ശ്രീകുമാരൻ തമ്പി എഴുതുന്നു. സിനിമയിൽ ആ പാട്ടിന്റെ സന്ദർഭവും വികാരനിർഭരമായിരുന്നു. പി. ലീല പാടിയ ''പൊട്ടിച്ചിരിക്കരുതേ ചിലങ്കേ...'' എന്ന ഗാനവും 'മുടിയനായ പുത്രനി'ലെ നായികയുടെ വ്യഥ പൂർണമായും വ്യക്തമാക്കുന്നു. പി. ഭാസ്കരൻ- ബാബുരാജ് ടീമാണ് 'മുടിയനായ പുത്രൻ' എന്ന സിനിമയിൽ സംഗീതവിരുന്നൊരുക്കിയത്. ഈ പാട്ടുകളിൽ മലയാള സംഗീതജ്ഞനായി എം.എസ്. ബാബുരാജിനെ തെളിഞ്ഞുകാണാമെന്ന് തമ്പിസാർ എഴുതി. ആദ്യകാല സിനിമകളിൽ കവിയൂർ സി.കെ. രേവമ്മ, പി. ലീല, ജിക്കി എന്നീ മൂന്നു ഗായികമാരാണ് നിറഞ്ഞുനിന്നിരുന്നത്. ഇവരിൽ ഒന്നാം സ്ഥാനം പി. ലീലക്ക് തന്നെയായിരുന്നു. പി. സുശീലയും എസ്. ജാനകിയും മലയാള ഗായികമാരായതോടുകൂടി സി.കെ. രേവമ്മ ഗാനരംഗത്തോട് വിടപറയുകയായിരുന്നു. പിന്നീടവർ വിദ്യാഭ്യാസരംഗത്ത് ഉന്നതസ്ഥാനത്തെത്തുകയും കോളജിയറ്റ് എജുക്കേഷൻ ഡയറക്ടർ സ്ഥാനം അലങ്കരിക്കുകയും ചെയ്തു.
'ശ്രീകോവിൽ' എന്ന ചിത്രത്തിലെ ''വേദവാക്യം...'' എന്നു തുടങ്ങുന്ന പാട്ടാണ് യേശുദാസ് പാടിയ, എല്ലാവിധത്തിലും പൂർണതയുള്ള ആദ്യ ഗാനമെന്ന് തമ്പിസാർ പറയുന്നു. ശാന്ത പി. നായരും ഉദയഭാനുവും ഈ ചിത്രത്തിൽ പാടിയിട്ടുണ്ട്. മികച്ച സിനിമകൾ നിർമിക്കപ്പെട്ട വർഷമാണ് 1962. യേശുദാസ് പാടിത്തുടങ്ങിയെങ്കിലും ആ ശബ്ദത്തിന് അർഹമായ അംഗീകാരം ലഭിക്കുന്നത് 'ലൈലാ മജ്നു' എന്ന ചിത്രത്തിലാണ്.
ഉദയഭാനുവും പി. ലീലയും ചേർന്ന് പാടിയ ''താരമേ, താരമേ നിന്നുടെ നാട്ടിലും തങ്കക്കിനാവുകളുണ്ടോ..?'' എന്ന ഗാനം മലയാളികൾ ഏറ്റുപാടി. ഉദയഭാനുവിന്റെ ''ചുടുകണ്ണീരിലെൻ ജീവിതകഥ ഞാൻ...'' എന്ന ശോകഗാനവും ഹൃദ്യമായി. തോപ്പിൽ ഭാസിയുടെ 'പുതിയ ആകാശം പുതിയ ഭൂമി' എന്ന നാടകം ചലച്ചിത്രമാക്കിയപ്പോൾ പി. ഭാസ്കരനും എം.ബി. ശ്രീനിവാസനുമാണ് സംഗീതവിഭാഗം കൈകാര്യം ചെയ്തത്. ഈ സിനിമയിൽ ഉദയഭാനുവും പി. ലീലയും ചേർന്ന് പാടിയ ''താമരത്തുമ്പീ -വാ/താലോലമാടാൻ വാ'' എന്ന ഗാനമാണ് ഒന്നാം സ്ഥാനത്ത് എന്നും തമ്പി എഴുതുന്നു. വയലാർ ആദ്യമായി പാട്ടുകൾ എഴുതിയ ഉദയാ ചിത്രം 'പാലാട്ട് കോമനാ'ണ്. എം.എസ്. ബാബുരാജാണ് വയലാറിന്റെ പാട്ടുകൾക്ക് ഈണം പകർന്നത്. പി. ലീലയും ജിക്കിയും ചേർന്ന് പാടിയ ''പൂവേ നല്ല പൂവേ...'' എന്ന ഗാനത്തിന്റെ മധുരിമയും ലാളിത്യവും തമ്പിസാർ എടുത്തുപറയുന്നു. എ.എം. രാജയും പി. സുശീലയും ചേർന്ന് പാടിയ ''ചന്ദനപ്പല്ലക്കിൽ വീടു കാണാൻ വന്ന...'' എന്ന വരികളിലെ പ്രണയലഹരിയും സംഗീതവും മറക്കാനാവാത്തതാണ്. ''മനസ്സിനകത്തൊരു പെണ്ണ്...'' എന്ന ഉദയഭാനുവിന്റെ ഗാനവും സൂപ്പർ ഹിറ്റായി. കുഞ്ചാക്കോയും വയലാറും തമ്മിലുള്ള ഹൃദയബന്ധം വളരെ ദൃഢമായിരുന്നുവെന്നും തമ്പിസാർ എഴുതി. കുഞ്ചാക്കോയുടെ സിനിമകളുടെ വിജയരഹസ്യവും വയലാറിന്റെ വരികൾ തന്നെയാണ്. 'ഭാര്യ'എന്ന സിനിമയിൽ പി. ലീലയും എ.എം. രാജയും ചേർന്ന് പാടുന്ന ''പെരിയാറേ പെരിയാറേ പർവതനിരയുടെ പനിനീരെ'' എന്ന ഗാനം കാവ്യാത്മകവും മാധുര്യമേറിയതുമാണ്.
സദാശിവൻ നായർ, എരമല്ലൂർ
എങ്കിലും നാം ശബ്ദിച്ചുകൊണ്ടിരിക്കണം
മാധ്യമം രജതജൂബിലി പതിപ്പ് വായിച്ചു. സച്ചിദാനന്ദൻ എഴുതിയ ചില വിചാരങ്ങൾ, സി.ആർ. നീലകണ്ഠൻ എഴുതിയ എന്നും പ്രതിപക്ഷത്തും ജനപക്ഷത്തും എന്നീ ലേഖനങ്ങളിലെ വാചകങ്ങൾ ഇവിടെ ആവർത്തിക്കുന്നു.
''എന്നെ 'മാധ്യമം' ആഴ്ചപ്പതിപ്പിലേക്ക് ആകർഷിച്ചത് ജനകീയ സമരങ്ങളോടുള്ള, കക്ഷികൾക്കതീതമായ ആഭിമുഖ്യവും അനുഭാവവുമാണ്. ഒപ്പം പൊതുവെ അത് പുലർത്തുന്ന നിലവാരവും. അത് വർഗീയതയെ പ്രീണിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന ഒന്നും പ്രസിദ്ധീകരിച്ചതായി ഞാൻ കണ്ടിട്ടില്ല'' -സച്ചിദാനന്ദൻ.
''ജനാധിപത്യത്തിന് ഭീഷണിയാകുന്ന ഘട്ടത്തിൽ മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ശബ്ദിക്കാൻ 'മാധ്യമം' ഒരിക്കലും മടികാണിച്ചില്ല'' - സി.ആർ. നീലകണ്ഠൻ.
1947 ആഗസ്റ്റ് പതിനഞ്ചിന് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ ആഘോഷം ഡൽഹിയിൽ നടക്കുമ്പോൾ സ്വാതന്ത്ര്യത്തിലേക്ക് രാജ്യത്തെ നയിച്ച മഹാത്മാ ഗാന്ധി െകാൽക്കത്തയിലായിരുന്നു. വർഗീയ മനസ്സുമായി പരസ്പരം ഏറ്റുമുട്ടാൻ ഒരുങ്ങിനിൽക്കുന്ന ഹിന്ദു-മുസ്‍ലിം ജനവിഭാഗങ്ങളുടെ മനസ്സ് തമ്മിൽ ഒരുമിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഗാന്ധി. മതരാഷ്ട്ര സ്ഥാപനത്തിന് പ്രധാന വെല്ലുവിളി ഗാന്ധിയാണെന്ന് ആർ.എസ്.എസിന് അറിയാമായിരുന്നു. അദ്ദേഹത്തെ കൊല്ലുന്നതിലൂടെ ആർ.എസ്.എസ് അവരുടെ പ്രവർത്തനത്തിനുള്ള പ്രധാന തടസ്സമാണ് നീക്കിയത്. ഒരു യുഗം നടന്നുതീർക്കാൻ കഴിയാത്ത വളർച്ചയാണ് ഗോദ്സെ ഒരു നിമിഷംകൊണ്ട് നേടിെയടുത്തത്. ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രത്തിന് അടിക്കല്ല് സ്ഥാപിക്കുന്നതിലൂടെ തങ്ങളുടെ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള രണ്ടാമത്തെ ചുവടും പൂർത്തിയാക്കി.
സ്വാതന്ത്ര്യത്തിനുശേഷം അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാറും ഉദാസീനരായ ഗാന്ധിയന്മാരും സംഘ്പരിവാറിന്റെ പ്രവർത്തനങ്ങൾക്ക് വളംവെക്കുന്ന നീക്കങ്ങളാണ് നടത്തിയത്. ആരെ കൂട്ടുപിടിച്ചും ഏതു നെറികേടിനും കൂട്ടുനിന്നും അധികാരം നിലനിർത്തുക മാത്രമായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. സമുദായങ്ങൾ തമ്മിലുള്ള ഐക്യവും സ്നേഹവും ഉണ്ടാക്കിയെടുക്കാൻ അവർ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, പലപ്പോഴും ഭൂരിപക്ഷ വർഗീയതയെ തലോടുന്ന പ്രവർത്തനങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടാവുകയും െചയ്തു. അവരുടെ മൗനത്തിൽ വളർന്നുവന്ന ഭൂരിപക്ഷ വർഗീയത എന്ന പശു കോൺഗ്രസിനെ അധികാരത്തിൽനിന്ന് കുത്തിമലർത്തുന്ന കാഴ്ചയാണ് നാം പിന്നീട് കാണുന്നത്.
രാഷ്ട്രപിതാവിനെ കൊന്ന ഭീകരവാദ ശത്രുക്കൾ ഭരണകൂടത്തിന്റെ തണലിൽ വളർന്നു. പിന്നെ രാജ്യത്തിന്റെ ഭരണകർത്താക്കളായതിന്റെ ഉത്തരവാദി രാജ്യം ഭരിച്ച കോൺഗ്രസും ഗാന്ധിയിൽനിന്ന് അകന്ന ഗാന്ധിയന്മാരുമല്ലാതെ മറ്റാരാണ്.
ഇതിന്റെയെല്ലാം അനന്തരഫലമാണ് നാമിന്നനുഭവിക്കുന്നത്. ഗാന്ധിയൻ ദൗത്യം ഏറ്റെടുത്ത് രാജ്യത്തിന്റെ ഐക്യത്തിനും ന്യൂനപക്ഷങ്ങൾക്കും വേണ്ടി നിലകൊള്ളുന്നത് ഏതാനും മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും വ്യക്തികളുമാണ്. അതിലൊന്നാണ് മാധ്യമം ആഴ്ചപ്പതിപ്പ് എന്ന് നിസ്സംശയം പറയാനാകും. അധികാരത്തിന്റെ ദണ്ഡുകൊണ്ട് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിനു മുന്നിൽ ഈ ശബ്ദങ്ങൾ എത്രമാത്രം വിജയിക്കുമെന്ന് പറയാൻ പറ്റില്ല. എങ്കിലും നാം ശബ്ദിച്ചുകൊണ്ടിരിക്കണം.
കെ.എം. റഹീം, കുളത്തൂർ
ജോൺ പോൾ ഓർമ
വായനാസുഭഗത നല്‍കുന്ന നല്ല നോവലുകള്‍ പോലെയാണ് നല്ല തിരക്കഥകളെന്ന് തെളിയിച്ച ജോണ്‍ പോളിന് സ്മരണാഞ്ജലിയായി എഴുതപ്പെട്ടിരിക്കുന്ന 'തിരയെഴുത്തിലെ താരം' ശ്രദ്ധേയമായി (ലക്കം: 1262). 'തേനും വയമ്പും', 'വിടപറയും മുമ്പേ', 'സന്ധ്യമയങ്ങും നേരം', 'കാതോടു കാതോരം', 'ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം' തുടങ്ങിയ തിരക്കഥകള്‍ സൃഷ്ടിച്ച ജോണ്‍ പോള്‍ തന്നെയാണ് മലയാള തിരക്കഥാകൃത്തുക്കളുടെ കുലപതി. കണ്ടിരിക്കാന്‍ പ്രേക്ഷകരും സംവിധാനം ചെയ്യാന്‍ സംവിധായകരും നിർമിക്കാന്‍ നിർമാതാക്കളും അഭിനയിക്കാന്‍ അഭിനേതാക്കളും കൊതിക്കുന്ന ഭാവനാസൃഷ്ടികളാണവ...
നിരവധി സംവിധായകര്‍ക്ക് വേണ്ടി ജോണ്‍ പോള്‍ തിരക്കഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും അവയില്‍ ഭരതന്‍ ടച്ച് വന്നവ മാത്രമാണ് മാസ്റ്റര്‍ പീസുകള്‍ എന്ന കാര്യം മറക്കരുത്. 'പാളങ്ങള്‍', 'മര്‍മ്മരം', 'ഓര്‍മ്മയ്ക്കായ്', 'സന്ധ്യ മയങ്ങുംനേരം' എന്നിവ അവയില്‍ ചിലതു മാത്രം. വെണ്ണയില്‍ താമരനൂലെന്നപോലെയായിരുന്നു അവരുടെ ബന്ധം. നൂറിനുമേല്‍ തിരക്കഥകള്‍ സൃഷ്ടിച്ചിട്ടും അവയില്‍ ഭൂരിഭാഗവും സാമ്പത്തിക വിജയം നേടിയിട്ടും സ്വന്തം ജീവിതനിലവാരം മാത്രം ഉയരാതെ താഴേയ്ക്ക് പോകാന്‍ ഇടവന്ന ഒരു ഹതഭാഗ്യനായ തിരക്കഥാകൃത്തായിരുന്നു ജോണ്‍ പോള്‍. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ദുഃഖിക്കുന്നു. ഈ കുറിപ്പിലൂടെ തിലോദകമര്‍പ്പിക്കുന്നു. 'തിരയെഴുത്തിലെ താരം' എഴുതിയ ആര്‍.വി.എം. ദിവാകരനും അത് പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിനും നന്ദി,
സണ്ണി ജോസഫ്, മാള
ആദിവാസികളെ ചേർത്തു പിടിക്കാം
അട്ടപ്പാടിയിലെ ആദിവാസി ജീവിതം വരഞ്ഞിട്ട (ലക്കം: 1262) കവർ സ്റ്റോറി മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യരെ സംബന്ധിച്ചിടത്തോളം സങ്കടമുണ്ടാക്കുന്ന അക്ഷരക്കൂട്ടുകളായിരുന്നു എന്നു പറയാതെ വയ്യ.
സകലമാന സുഖസൗകര്യങ്ങൾക്കും നടുവിൽ ഞങ്ങൾ ഒന്നാമതാണ് എന്ന അഹങ്കാരത്തിന്റെ മുകളിൽ മലർന്നുകിടന്നുറങ്ങുന്ന മലയാളിയുടെ കെട്ടിപ്പൊക്കിയ പൊയ്മുഖങ്ങൾ വലിച്ചുകീറുന്നതാണ് ആദിമനിവാസികളുടെ വർത്തമാനകാല ദുരിതപർവങ്ങൾ.
കോടികൾ ഈ പാവങ്ങളുടെ പേരിൽ അഴിമതി നടത്തി പട്ടുമെത്തയിൽ സുഖ സുഷുപ്തിയിൽ ആറാടുന്ന ഉദ്യോഗസ്ഥ, രാഷ്ട്രീയ വർഗങ്ങൾ ഏതെങ്കിലുമൊരു കാലം ചെയ്ത അരുതായ്മകൾക്ക് ഉത്തരം പറഞ്ഞേ പറ്റൂ.
നമ്മുടെ മണ്ണിന്റെ നേരവകാശികളായ പൂർവികരെ ചേർത്തു പിടിക്കുക എന്നത് മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത മലയാളി സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കടമയത്രേ.
ഇസ്മായിൽ പതിയാരക്കര
സോവിയറ്റ് യൂനിയന്റെ തകർച്ച
ലക്കം: 1260ൽ താരീഖ് അലിയും കെ.പി. ശശിയും നടത്തിയ സംഭാഷണമാണ് ഈ കുറിപ്പിന് ആധാരം. പ്രസ്തുത സംഭാഷണത്തിന്റെ അനുബന്ധമെന്നോണം ചില കാര്യങ്ങൾ കുറിക്കട്ടെ.
1917ലെ റഷ്യൻ വിപ്ലവം ഇരുപതാം നൂറ്റാണ്ടിലെ വലിയ സംഭവമായിരുന്നു. അധികാരത്തിൽനിന്ന് സാർ ചക്രവർത്തിയെ തള്ളിമാറ്റി.
USSR സ്ഥാപിച്ചു (Union of Soviet Socialist Republic). എന്നാൽ ഫാഷിസത്തെ പുണരുന്നതാണ് കമ്യൂണിസത്തെ തടയിടാൻ നല്ലതെന്ന് ഇറ്റലിയിലെയും ജർമനിയിലെയും ബൂർഷ്വാസികൾ വിശ്വസിച്ചിരുന്നു. ഇറ്റലിയിലും ഫ്രാൻസിലും കമ്യൂണിസത്തിന് വേരോട്ടമുള്ള സ്ഥലമായിരുന്നു. അവിടത്തെ കമ്യൂണിസം തകർന്നു. ബ്രിട്ടീഷുകാരെ സഹായിച്ചതുകൊണ്ട് ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് നിയമപരമായ അംഗീകാരം കിട്ടിയെന്ന് പറയപ്പെടുന്നു.
ആദ്യനാളുകളിൽ നെഹ്റുവിന്റെ ഭരണകാലത്ത് ഇന്ത്യയിൽ പ്രധാന പ്രതിപക്ഷം സി.പി.ഐ ആയിരുന്നല്ലോ. എന്നാൽ, സോവിയറ്റ് യൂനിയനിൽ മഴ പെയ്താൽ കുടപിടിക്കുന്ന പതിവും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്നു.
മറ്റൊരു വസ്തുത, ഇരുപതാം നൂറ്റാണ്ട് വിപ്ലവങ്ങളുടെ നൂറ്റാണ്ടാണ്. റഷ്യൻ വിപ്ലവം, ചൈനീസ് വിപ്ലവം, ക്യൂബൻ വിപ്ലവം, ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നിവ. ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ ഏഷ്യൻ ആഫ്രിക്കൻ നാടുകളും ലാറ്റിനമേരിക്കൻ നാടുകളും സ്വാതന്ത്ര്യസമരത്തിന്റെ പടച്ചട്ടയണിഞു. ഇന്ത്യ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോടാണ് പടപൊരുതിയത്. ഇന്ത്യ കൈവിട്ടതോടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ സൂര്യൻ ഉദിച്ചുതുടങ്ങി. അങ്ങനെ ഇന്ത്യ ഒരു സെക്കുലർ രാഷ്ട്രമായി. ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രതിവിപ്ലവകാലമാണ്. അതായത് വൈറ്റ് സുപ്രീമസി, ഹിന്ദുത്വ ദേശീയത മുതലായവ.
യു.എസ്.എസ്.ആറിന്റെ സിംഹഭാഗവും തുർക്കിയുേടതായിരുന്നു. ഒന്നാം ലോകയുദ്ധത്തിൽ തുർക്കി സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്ന മധ്യേഷ്യൻ രാഷ്ട്രങ്ങൾ, പൂർവ യൂറോപ്യൻ രാജ്യങ്ങൾ എന്നിവ റഷ്യ കൈയടക്കി. അങ്ങനെ അമേരിക്കക്കെതിരെ ശക്തമായ ഒരു കമ്യൂണിസ്റ്റ് ബ്ലോക്ക് നിലവിൽ വന്നു. എന്നാൽ, സ്റ്റാലിൻ ട്രോഡസ്കി പോര് സോവിയറ്റ് യൂനിയന്റെ നിലനിൽപിന് ചില ആഘാതങ്ങളുണ്ടാക്കി.
ട്രോട്ട്സ്കി യുടെ വിമത ഗ്രൂപ്പ് കമ്യൂണിസ്റ്റ് പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കി എന്നത് ശരിതന്നെ. വിമർശനത്തിന്റെ ഇടം ഒരു ഭരണാധികാരിയും തല്ലിയൊതുക്കാൻ പാടില്ലാത്തതാണ്. ഏകശിലാ രൂപത്തിലുള്ള പാർട്ടിയുടെ പോരായ്മയാണിത്. ഏക പാർട്ടി സംവിധാനം വ്യത്യസ്ത അഭിപ്രായങ്ങളോ വിയോജിപ്പുകളോ സഹിക്കുകയില്ല. രണ്ടാം ലോക യുദ്ധത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടികളിൽ സംവാദത്തിന്റെ കാലഘട്ടത്തിന് സ്ഥാനമില്ലാതായി.
എന്നാൽ, മാവോ അങ്ങനെയായിരുന്നില്ല. രാഷ്ട്രീയം കെട്ടിപ്പടുക്കാൻ എതിർശബ്ദങ്ങളിലെ നിർദേശങ്ങളും കേട്ടിരുന്നു. പാർട്ടി ഇടപെടലുകൾ ഇല്ലാതായാൽ നിങ്ങൾ തകരുമെന്നും നിങ്ങൾ അവലംബിച്ചിരിക്കുന്നത് തെറ്റായ വഴിയാണെന്നും ചൈനീസ് നേതാക്കൾ ഗോർബച്ചേവിനെ തെര്യപ്പെടുത്തിയിരുന്നു. അവസാനം കാതറൈൻ രാജ്ഞിയുടെ റഷ്യയൊഴിച്ച് കൂട്ടിച്ചേർത്തതെല്ലം റഷ്യയിൽനിന്ന് അടർന്നുപോയി. അങ്ങനെ ലോകത്ത് ഏകധ്രുവ ശക്തി നിലവിൽവന്നു. തുടർന്ന് ആഗോളീകരണവും തൊഴിലാളിവർഗ സർവാധിപത്യവും എല്ലാവരും മറന്നു.
യു.എസ്.എസ്.ആറിന് എഴുപതു വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 1990 മുതൽ ആഗോള കമ്യൂണിസത്തിന് തകർച്ചയാരംഭിച്ചു.
വി.എം. ഹംസ മരേക്കാട്