എഴുത്തുകുത്ത്
'കേളി' ജോൺ പോളിന്റേതല്ലലക്കം: 1262ൽ ആർ.വി.എം. ദിവാകരൻ എഴുതിയ ജോൺപോൾ സ്മരണയിലെ പരാമർശങ്ങളിൽ തെറ്റു സംഭവിച്ചിട്ടുണ്ട്. നാരായണൻ കുട്ടി എന്ന ഭിന്നശേഷിക്കാരനായി ജയറാം വേഷമിട്ട ഭരതന്റെ 'കേളി' (1991) എന്ന ചലച്ചിത്രമാണ് അതിലൊന്ന്. ടി.വി. വർക്കി എഴുതിയ 'ഞാൻ ശിവൻപിള്ള' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ ജോൺ പോളിന് ഒരു പങ്കുമില്ല. സംവിധായകനായ ഭരതൻതന്നെയൊരുക്കിയ തിരക്കഥക്ക് സംഭാഷണം രചിച്ചത് പി.ആർ. നാഥനായിരുന്നു. അതുപോലെ ഡെന്നീസ് ജോസഫിന്റെ...
Your Subscription Supports Independent Journalism
View Plans'കേളി' ജോൺ പോളിന്റേതല്ല
ലക്കം: 1262ൽ ആർ.വി.എം. ദിവാകരൻ എഴുതിയ ജോൺപോൾ സ്മരണയിലെ പരാമർശങ്ങളിൽ തെറ്റു സംഭവിച്ചിട്ടുണ്ട്. നാരായണൻ കുട്ടി എന്ന ഭിന്നശേഷിക്കാരനായി ജയറാം വേഷമിട്ട ഭരതന്റെ 'കേളി' (1991) എന്ന ചലച്ചിത്രമാണ് അതിലൊന്ന്. ടി.വി. വർക്കി എഴുതിയ 'ഞാൻ ശിവൻപിള്ള' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ ജോൺ പോളിന് ഒരു പങ്കുമില്ല. സംവിധായകനായ ഭരതൻതന്നെയൊരുക്കിയ തിരക്കഥക്ക് സംഭാഷണം രചിച്ചത് പി.ആർ. നാഥനായിരുന്നു.
അതുപോലെ ഡെന്നീസ് ജോസഫിന്റെ ആദ്യത്തെ തിരക്കഥയായ ജേസിയുടെ 'ഈറൻ സന്ധ്യ'യുടെ (1985) തിരക്കഥ ആ സിനിമക്ക് സംഭാഷണം മാത്രമെഴുതിയ ജോണിന് ചാർത്തിക്കൊടുത്തിരിക്കുന്നു. കാവ്യലോകത്ത് നിറഞ്ഞുനിന്നപ്പോൾതന്നെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ രണ്ട് കഥക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുെണ്ടന്നും സൂചിപ്പിക്കുന്നു. അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ 'ഒരുക്കം', 'പ്രദക്ഷിണം' എന്നിവയാണ് അത്. തിരയെഴുത്തിലെ താരം എന്ന മനോഹര തലക്കെട്ടിൽ വന്ന കഴമ്പുള്ള വിഭവം പൂർണമായും വായിച്ചുകഴിഞ്ഞപ്പോൾ ഏറെ സങ്കടം തോന്നിയത് ജോൺ പോളിന്റെ ആരംഭകാലത്തെ മനോഹരചിത്രവും എഴുത്തുകാരുടെ കഥ പറഞ്ഞ മലയാളസിനിമയിലെ എക്കാലത്തെയും മികച്ച സംരംഭവുമായിരുന്ന മോഹന്റെ 'രചന'യെ എവിടെയും (തിരക്കഥകളുടെ പട്ടികയിൽപോലും) പരാമർശിക്കാത്തതാണ്. കാണികളെ അമ്പരപ്പിക്കുംവിധത്തിൽ തന്നെയായിരുന്നു ആന്റണി ഈസ്റ്റ്മാൻ കഥയെഴുതിയ 'രചന' തിയറ്ററുകളിലെത്തിയത്.
കെ.പി. മുഹമ്മദ് ഷെരീഫ്, കാപ്പ്
എഴുത്തുകുത്തിൽ രണ്ടു തെറ്റുകൾ
എഴുത്തുകുത്തിൽ (ലക്കം: 1263) സദാശിവൻ നായർ എഴുതിയതിൽ രണ്ടു തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട്. ഒന്ന്: യേശുദാസിനു അർഹമായ അംഗീകാരം ലഭിക്കുന്നത് 'ലൈല മജ്നു'എന്ന ചിത്രത്തിലാണ് എന്ന് എഴുതിയിരിക്കുന്നു. 'ലൈല മജ്നു' എന്ന ചിത്രത്തിൽ യേശുദാസ് ഒരു പാട്ടും പാടിയിട്ടില്ല എന്നതാണ് സത്യം. മറ്റൊന്ന്, ഭാര്യയിലെ ''പെരിയാറെ'' എന്ന പാട്ട് എ.എം. രാജയും പി. ലീലയും പാടിയിരിക്കുന്നു എന്നാണ്. എ.എം. രാജയും പി. സുശീലയുമാണ് പാടിയിരിക്കുന്നതെന്ന് ഓർമിപ്പിക്കുന്നു.
സുനിൽ
തിരുത്തുകൾക്കായി ഇനിയും വൈകരുത്
ആഴ്ചപ്പതിപ്പ് ലക്കം: 1263 'തുപ്പല് കോളാമ്പികള്‍' എന്ന 'തുടക്ക'മാണ് ഈ പ്രതികരണത്തിനാധാരം - (മേയ് 9 ). ''പി.സി. ജോര്‍ജുമാരുടെയും വര്‍ഗീയവാദികളുടെയും ഉച്ചഭാഷിണികളാകരുത് മാധ്യമങ്ങള്‍. തുപ്പല് കോളാമ്പിയോ അത് ചുമക്കുന്നവരോ അല്ല നമ്മള്. നമ്മുടെ മാധ്യമങ്ങളും അതാവരുത്'' എന്ന പത്രാധിപരുടെ അഭിപ്രായത്തോട് ഞാന്‍ പൂർണമായും യോജിക്കുന്നു.
ശബ്ദമില്ലാത്തവരുടെ ശബ്ദമാകേണ്ട മാധ്യമങ്ങള്‍ അതായത് Voice of voiceless ആകേണ്ടവര്‍ പി.സി. ജോർജുമാര്ക്കും രാഹുല്‍ ഈശ്വരന്മാര്ക്കും കസേര വലിച്ചിട്ടുകൊടുത്ത് അവര്‍ക്ക് പറയാനുള്ള അസംബന്ധങ്ങളെല്ലാം പൊതുജനങ്ങളെ കേള്‍പ്പിക്കുന്ന ചില ചാനലുകളുടെ 8 മണി ഷോകളുണ്ടല്ലോ, അത് നിർത്താൻ ഇനിയും വൈകിക്കൂടാ. ഈയടുത്ത കാലത്തായി ഇത്തരം ചാനല്‍ ചര്‍ച്ചകളില്‍ വേഷമിടുന്നത് സ്ഥിരം അഭിനേതാക്കളാണെന്ന് കാണാം.
പി.സി. ജോര്‍ജിനെപ്പോലുള്ളവര്‍ പറയുന്നതെല്ലാം വേദവാക്യമായെടുത്ത് പത്രത്തിന്റെ മുഖപ്പേജില്‍ 'വെണ്ടക്ക'യില്‍ നിരത്താനാണ് പത്രങ്ങള്‍ക്ക് താല്‍പ്പര്യം. ആ രീതി മാറണം. അവര്‍ പറയുന്നതില്‍ വിദ്വേഷമോ മതനിന്ദയോ അപരവിദ്വേഷമോ ഉണ്ടെങ്കില്‍ അതെല്ലാം എടുത്തുമാറ്റണം. അങ്ങനെ ചെയ്താല്‍ അവരും ഇത്തരം അസംബന്ധങ്ങള്‍ കൊട്ടിഗ്ഘോഷിക്കുന്നതില്നിന്ന് മാറും. കേള്‍ക്കാനും വായിക്കാനും ആളില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്തു കാര്യമെന്ന് അവര്‍ ചിന്തിക്കും. നമ്മള് അസ്ഥാനത്ത് ഉപയോഗിക്കുന്ന ഒരു വാക്ക് മതി ജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കാനും അതൊരു തീഗോളമായി സമൂഹത്തിന്റെ മതേതരത്വ സന്തുലിതാവസ്ഥ തകര്‍ക്കാനും എന്ന ഓർമ ഒാരോരുത്തർക്കും വേണം. എഴുതപ്പെടുന്നതോ പറയപ്പെടുന്നതോ ആയ വാക്കുകള്‍ക്ക് അസ്ത്രത്തെക്കാള് മൂര്‍ച്ചയുണ്ടെന്ന് അറിയണം പത്രമാധ്യമങ്ങള്‍. ഇത്തരം ആർജവമുള്ള മുഖപ്രസംഗങ്ങള്‍ ആഴ്ചപ്പതിപ്പിന്റെ തിളക്കംകൂട്ടുന്നു.
സണ്ണി ജോസഫ്, മാള
ആദിവാസികൾക്കൊരു രക്ഷകൻ വരില്ലേ?
ഒരു വെളിപാടുപോലെ കുറെ നഗ്നസത്യങ്ങൾ വിളിച്ചുപറയുന്ന 'അട്ടപ്പാടിയിലെ ആദിവാസി സമൂഹവും ജീവിത വ്യവസ്ഥകളും' എന്ന ലേഖനം (ലക്കം: 1262) വളരെ മനോഹരവും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നതും ആയിരുന്നു.
ഏതാനും ചില ഭരണകർത്താക്കളോ രാഷ്ട്രീയപാർട്ടികളോ വിചാരിച്ചത് കൊണ്ടുമാത്രം ആദിവാസി സമൂഹത്തിൽ പരിവർത്തനം സൃഷ്ടിക്കാൻ കഴിയും എന്നത് നമ്മുടെ വ്യാമോഹം മാത്രമാണ്.
സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ സ്ഥാനം കിട്ടിയിരിക്കുന്ന ഈ മനുഷ്യരെ ഉയർത്തിക്കൊണ്ടുവന്ന് സംരക്ഷിച്ചെടുക്കുക എന്നത് എളുപ്പമല്ല. ഒരു വിഭാഗത്തിന് ലഭ്യമാകേണ്ട പല ഉത്തരവുകളും ആനുകൂല്യങ്ങളും ഉറവിടത്തിൽനിന്നും പുറപ്പെട്ടു എന്നിരിക്കെ ലക്ഷ്യസ്ഥാനത്തേക്ക് എത്താത്തതെന്തുകൊണ്ടാണെന്ന് ഗൗരവപൂർവം ചിന്തിക്കേണ്ട വസ്തുതയാണ്. അത് പാതിവഴിയിൽ എവിടെയോ കുരുങ്ങികിടക്കുകയോ അല്ലെങ്കിൽ എന്നെന്നേക്കുമായി മണ്ണടിഞ്ഞുപോവുകയോ ചെയ്യുന്നു.
ആദിവാസികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും പുനരുദ്ധാരണത്തിന് ചുക്കാൻ പിടിക്കാൻ വളരെയേറെ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും നമ്മുടെ നാട്ടിൽ ഉണ്ട്. പലപ്പോഴും അധികാരി വർഗത്തിന്റെ ഒരു കയ്യൊപ്പ് മാത്രം മതിയാകും അവരുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ. എന്നിട്ടും എന്താണിത്ര അനാസ്ഥ? എന്താണ് പ്രതിഷേധങ്ങൾ ഉയരാത്തത്?
സഞ്ചികളിൽ ഒളിപ്പിച്ച ശിശുമരണത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഏതൊരു മനുഷ്യ മനസ്സാക്ഷിയെയും ഞെട്ടിപ്പിക്കുന്നതാണ്. നമുക്കു ചുറ്റും അലഞ്ഞുനടക്കുന്ന മൃഗങ്ങൾക്ക് കിട്ടുന്ന പരിഗണനപോലും ഗർഭിണികളും കുട്ടികളും അടക്കമുള്ള ആദിവാസികൾക്ക് കിട്ടുന്നില്ല എന്നത് ചിന്തനീയമാണ്.
ഉദ്യോഗസ്ഥവൃന്ദങ്ങളുടെ ആത്മാർഥത ഇല്ലായ്മയും അധികാരികളുടെ നിസ്സംഗതയുംമൂലം പരാജയപ്പെട്ട പല ആദിവാസി പുരോഗമന ക്ഷേമ പദ്ധതികളും ചിതലരിച്ചു പോകവേ ഇനിയൊരു ഉയിർത്തെഴുന്നേൽപ്പും നിലനിൽപ്പും എന്ന് എപ്പോൾ എങ്ങനെ എന്ന ഒരു ചോദ്യം മാത്രമേ ഇപ്പോൾ മനസ്സിൽ മുഴങ്ങുന്നുള്ളൂ.
സബീന അക്ബർ
നഖ്വിയുമായുള്ള സംഭാഷണം വായിക്കേണ്ടതുതന്നെ
നാട് രണ്ടായി വെട്ടിമുറിക്കപ്പെട്ട ഇന്നലെകളിലെ ഭയാനകതയിൽനിന്നു തുടങ്ങി മനസ്സുകളെ വിഭജിച്ചുകൊണ്ട് അധികാരം നിലനിർത്തുന്ന വർത്തമാന ഇന്ത്യനവസ്ഥകളെ കൂടി പരാമർശിച്ചുകൊണ്ടുള്ള സഈദ് നഖ്വിയുമായുള്ള ദീർഘ സംഭാഷണം (ലക്കം: 1263) അവസരോചിതമായി.
ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന കാര്യങ്ങൾപോലുമറിയാത്ത ജിന്ന ഒരു മതരാഷ്ട്രത്തിന്റെ ശിൽപ്പി ആയപോലെത്തന്നെയുള്ള അശ്ലീലമാണ് ഹിന്ദു ധർമത്തിന്റെ പൊരുളുകൾ പേരിനുപോലുമറിയാത്ത ഹിന്ദുത്വയുടെ വക്താക്കളുടെ, വിശ്വാസികൾക്ക് വേണ്ടിയെന്ന പേരിൽ നടത്തപ്പെടുന്ന ജൽപ്പനങ്ങളും.
ഹൈന്ദവ ദൈവങ്ങളെയും ആരാധന ബിംബങ്ങളെയും അധികാരാരോഹണത്തിനായി ഉപയോഗപ്പെടുത്തുകയും ഒരു വേള അവരുടെ പേരിൽ രക്തച്ചൊരിച്ചിലുകൾ നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ ഹിന്ദുത്വക്കെതിരെ മതാചാര്യന്മാർ ശക്തമായി രംഗത്ത് വരേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ വർഷങ്ങളായി നോക്കിക്കാണുന്ന നഖ് വിയെപ്പോലുള്ള പത്രപ്രവർത്തകന്മാരുടെ അനുഭവങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
ഇസ്മായിൽ പതിയാരക്കര
കാലാതിവർത്തിയായ കവിത
കവിതയുടെ മാതാവെന്ന് വിശേഷിപ്പിക്കാവുന്ന അമൂർത്ത ഭാവനയുടെ നിരുപമമായ ഭാഷയാണ് മീര കെ.എസ് എഴുതിയ 'അവസ്ഥാന്തരങ്ങൾ' (ലക്കം: 1262). നല്ലതെന്ന് അനായാസം വിശേഷിപ്പിക്കാവുന്ന കാവ്യാവിഷ്കാരം. രാഗവികാരങ്ങളുടെ പദസമന്വയം. ചങ്ങമ്പുഴക്കവിതപോലെ തെളിമയാർന്ന ഭാഷയുടെ ഹർഷങ്ങളാൽ പുളകിതമാവുന്ന കവിത. വരികൾ ഹ്രസ്വമെങ്കിലും കവിയും കവിതയും രതികലയിലെന്ന പോലെ പരസ്പരം അലിഞ്ഞുചേരുന്ന കവിതയാണിത്. കഠിന പദങ്ങളോ വാക്കുകളുടെ കെട്ടിക്കുടുക്കുകളോ ഇല്ലാതെ വായിച്ചു ഗ്രഹിക്കാം. ചൊല്ലാൻ മാത്രമല്ല പാടി രസിക്കാനും ഈ കവിത യോഗ്യം.
ചെറുചെറു പദങ്ങളുടെ കൂടിച്ചേരലുകളും ഭാഷാലാളിത്യവും ഒരുത്തമ കലാസൃഷ്ടിയുടെ മുഴുവൻ അഹങ്കാരവും കവിത വാരിപ്പുണരുന്നത് കാണാവുന്നതാണ്. ബുദ്ധിവൈഭവം, ശൈലി, ഭാവം, രസം, ഭാഷ സ്വരം, ലയം തുടങ്ങി ഒന്നിനും കുറവ് വരുത്തിക്കാണാത്ത കവിത അനുശീലന തത്ത്വങ്ങളെ കാവ്യരസങ്ങളാക്കി മാറ്റുന്നു. കാവ്യാഴങ്ങളിൽനിന്ന് ഊർന്നിറങ്ങുന്ന ജീവന്റെ ബിന്ദു മുതൽ ഇരുട്ടിൽ ഇഴഞ്ഞുനീങ്ങുന്ന കരിമ്പാമ്പ് വരെ കാവ്യവിഷയമാക്കിയ കവിയെ അഭിനന്ദിക്കാതെ വയ്യ. വിഷാദാത്മകമായ പ്രകൃതിസൗന്ദര്യവും അനന്യസാധാരണമായ ഉൾക്കാഴ്ചയും അപൂർവമായ സിദ്ധിവൈഭവവും ഈ കവിതയെ കാലാവർത്തിയാക്കി മാറ്റുന്നു.
വി.കെ.എം. കുട്ടി, ഈസ്റ്റ് മലയമ്മ
കാരാട്ടിനോട് ഒരു അഭ്യർഥന
ലക്കം: 1260ൽ പ്രകാശ് കാരാട്ടുമായി എ.കെ. ഹാരിസ് നടത്തിയ അഭിമുഖം വായിച്ചു. കോൺഗ്രസ് ഹിന്ദുത്വയെ നേരിടുന്നതിൽ പരാജയമാണെന്നും നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നുവെന്നും അദ്ദേഹം പരിഭവപ്പെടുന്നുണ്ട്. ഒന്നാം യു.പി.എ സർക്കാറുമായി കൈകോർക്കുകയും ശേഷം ആണവകരാറിന്റെ പേരിൽ അതേ സർക്കാറിനെ താഴെയിറക്കാൻ ശ്രമിക്കുകയും ചെയ്ത പ്രകാശ് കാരാട്ടിന്റെയും സി.പി.എമ്മിന്റെയും നിലപാടുകളും മലക്കംമറിയലുകളും ജനം കണ്ടതാണല്ലോ. നമ്മുടെ രാജ്യത്ത് കൂടുതൽ അപകടം അധികാരം കൈവശമുള്ള ഹിന്ദുത്വ ശക്തികളാണെന്ന് അദ്ദേഹം പറയുന്നുണ്ട്. സംഘ്പരിവാറിനെ പറയുമ്പോഴുമെല്ലാം ഉള്ളതും ഇല്ലാത്തതുമായ മുസ്ലിം തീവ്രവാദത്തെ ചേർത്തുവെക്കുന്ന കേരളത്തിലെ ഒരുപറ്റം നേതാക്കൾക്കുകൂടി ഇക്കാര്യം പഠിപ്പിക്കണമെന്ന് കാരാട്ടിനോട് അഭ്യർഥിക്കുന്നു.
മുഹമ്മദ് ഷാഫി, മലപ്പുറം