എഴുത്തുകുത്ത്
ഈ ലോകം ഇനിയും പഠിച്ചില്ലേ?സ്പിൽ ഓവറുകൾ തൊട്ടരികിലുണ്ട് എന്ന തലക്കെട്ടിൽ ഡോ. ജയകൃഷ്ണൻ ടി എഴുതിയ ലേഖനം (ലക്കം: 1268) ഗൗരവമേറിയ വിഷയത്തിലേക്കാണ് വായനക്കാരെ ക്ഷണിക്കുന്നത്. മൃഗങ്ങളുമായി ഇടപഴകേണ്ട സാഹചര്യമുണ്ടാകുമ്പോൾ നാം എത്രമാത്രം ജാഗരൂകരായിരിക്കണം എന്ന മുന്നറിയിപ്പാണ് ലേഖനം പ്രഥമമായി പറയുന്നത്. ലോകത്തെ പിടിച്ചുലച്ച കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാനായിരുന്നുവെന്നും അവിടത്തെ സാഹചര്യം എന്തായിരുന്നുവെന്നും അവിടെനിന്ന്...
Your Subscription Supports Independent Journalism
View Plansഈ ലോകം ഇനിയും പഠിച്ചില്ലേ?
സ്പിൽ ഓവറുകൾ തൊട്ടരികിലുണ്ട് എന്ന തലക്കെട്ടിൽ ഡോ. ജയകൃഷ്ണൻ ടി എഴുതിയ ലേഖനം (ലക്കം: 1268) ഗൗരവമേറിയ വിഷയത്തിലേക്കാണ് വായനക്കാരെ ക്ഷണിക്കുന്നത്. മൃഗങ്ങളുമായി ഇടപഴകേണ്ട സാഹചര്യമുണ്ടാകുമ്പോൾ നാം എത്രമാത്രം ജാഗരൂകരായിരിക്കണം എന്ന മുന്നറിയിപ്പാണ് ലേഖനം പ്രഥമമായി പറയുന്നത്. ലോകത്തെ പിടിച്ചുലച്ച കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാനായിരുന്നുവെന്നും അവിടത്തെ സാഹചര്യം എന്തായിരുന്നുവെന്നും അവിടെനിന്ന് എങ്ങനെയാണ് കൊറോണ എന്ന 'കുഞ്ഞൻ' ലോകമാകെ വ്യാപിച്ചതെന്നും നമുക്ക് ഓരോരുത്തർക്കും നേരനുഭവമാണ്.
ആധുനിക മനുഷ്യന്റെ നിരന്തര ഇടപെടലുകളുടെ ഫലമായുണ്ടാകുന്ന പരിസ്ഥിതിയിലെ മാറ്റം സ്പിൽഓവറുകളുടെ സാധ്യത വർധിപ്പിക്കുന്നുവെന്നും എന്നാൽ, ഇതിന് തടയിടാൻ അന്താരാഷ്ട്രതലത്തിൽ ഒരു നീക്കവും നടക്കുന്നില്ല എന്നും ലേഖകൻ ഉത്കണ്ഠയോടെ രേഖപ്പെടുത്തുന്നു. 2005ൽ സൂനാമിക്കുശേഷം പടർന്നുപിടിച്ച ചികുൻഗുനിയ, ഇന്തോനേഷ്യൻ കാടുകളിൽ തീപിടിച്ചപ്പോൾ കാടുകളിൽനിന്ന് രക്ഷപ്പെട്ട വവ്വാലുകളിൽനിന്ന് പടർന്ന നിപ, കുരങ്ങുകളിൽനിന്ന് പടർന്ന കുരങ്ങുപനി, ചെള്ളുപനി തുടങ്ങിയവയെല്ലാം അനുഭവമായി നമ്മുടെ മുന്നിലുണ്ടായിട്ടും നമ്മൾ ഒന്നും പഠിക്കുന്നില്ലേ എന്നാണ് ചോദിക്കാനുള്ളത്? സ്പിൽഓവർ ഇനിയും ആവർത്തിച്ചുകൂടാ.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
ഒരു മരവും കുറച്ചു മനുഷ്യരും
പ്രകൃതിയും മനുഷ്യനും തമ്മില്‍ ആത്മബന്ധമുണ്ട്. ആ ബന്ധത്തില്‍ വേരു താഴ്ത്തിയാണ് വീടകങ്ങളിലെ മനുഷ്യരും പുരയിടങ്ങളിലെ മരങ്ങളും ജീവിക്കുന്നത്. മനുഷ്യന്റെ അത്യാഗ്രഹം ഈ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു. അത്യാഗ്രഹത്തിന്റെ ഇരുള് ചിറകുവീശി ആകാശം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. അവരുടെ കഴുകന് കണ്ണുകള്‍ സുഗന്ധവാഹിയായ മരക്കൊമ്പുകളില്‍ ചേക്കേറുന്നു. അതോടെ, ജീവന് തുടിച്ചിരുന്ന മരങ്ങളില്‍ മരണംപൂക്കുന്നു. മരണത്തിന്റെ കെട്ടഗന്ധങ്ങളില് തിക്കുമുട്ടി ആത്മാവുകള്‍ കേഴുന്നു. വായനക്കാരെ അസ്വസ്ഥമാക്കുന്ന വിചിത്രമായ ലോകത്തിലൂടെയുള്ള യാത്രയാണ് മൈക്കിള്‍ ആന്റണിയുടെ, ലക്കം 1270ൽ പ്രസിദ്ധീകരിച്ച 'ചന്ദനമരം' എന്ന കഥ.
ബാഹുലേയന്റെ വാത്സല്യം വീടിന്റെ അരികുചേര്ന്നുനിന്നിരുന്ന ചന്ദനമരത്തില്‍ സുഗന്ധം നിറച്ചിരുന്നു. പരാതിയും പരിഭവവുമില്ലാതെ, ആര്‍ക്കും ബുദ്ധിമുട്ടാവാതെ ഒതുങ്ങിക്കഴിഞ്ഞിരുന്ന അയാള്‍ക്ക് തണലായിരുന്നു വീട്ടുമുറ്റത്തെ ചന്ദനമരവും മകന് ശിവന്‍കുട്ടിയും. അച്ഛന് പുറത്തുകാണിക്കാന്‍ മടിച്ച സ്നേഹത്തിന്റെ തണലും തണുപ്പും ശിവന്‍കുട്ടിക്ക് ആവോളം നല്‍കിയിരുന്നത് ആ ചന്ദനമരമായിരുന്നു. അച്ഛന്റെ ജീവന് നിലനിര്‍ത്താന്‍ ഓപറേഷന് വേണമെന്നും അതിന് ഭാരിച്ച ചെലവുവരുമെന്നും പറഞ്ഞപ്പോള്‍ ശിവന്‍കുട്ടി ചന്ദനമരം വില്ക്കാന് തീരുമാനിച്ചു. അതോടെ, ജീവഗന്ധിയായ മരത്തില്‍ മരണം കൂടുകെട്ടി. പാറക്കാടന്‍ ജോസിന്റെ അത്യാഗ്രഹം നിറഞ്ഞ കണ്ണുകള്‍ ചന്ദനമരത്തില്‍ പതിഞ്ഞത് അപ്പോഴാണ്. അപ്പന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ചന്ദനവാതില്‍ പണിയാന്‍ ശ്രമിച്ച ജോസിന് അപ്രതീക്ഷിതമായി ഉണ്ടായ ഒരു ദുരന്തത്തില്‍ പകച്ചുനില്ക്കേണ്ടി വന്നു. അച്ഛന്റെ ശരീരം ചന്ദനമുട്ടികളില്‍ ദഹിപ്പിക്കാന്‍ കാത്തുനിന്ന ശങ്കരമേനോന്റെ മക്കളെയും വിധി കബളിപ്പിച്ചു. മുറിപ്പാടുകളേറ്റു വാങ്ങിയ ശരീരവുമായി ബാഹുലേയനും ചന്ദനമരവും വീണ്ടും ജീവിതത്തിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കി, തളിരണിയുന്ന ഒരു കാലത്തിനുവേണ്ടി.
മനസ്സിലുള്ള കഥ വെടിപ്പോടെ പറയാന്‍ മൈക്കിള്‍ ആന്റണി ശ്രമിച്ചിരിക്കുന്നു. വളച്ചുകെട്ടലില്ലാതെ ഒഴുക്കോടെയുള്ള കഥപറച്ചില്‍. കഥയുടെ ദൈര്‍ഘ്യം കുറക്കാമായിരുന്നു. വ്യത്യസ്തമായ കഥാന്തരീക്ഷവും പ്രമേയവും പ്രതീക്ഷയുണര്‍ത്തുന്നു. തുടര്‍ന്നും മികച്ച കഥകള്‍ പ്രതീക്ഷിക്കുന്നു.
പീറ്റര്‍ വിന്‍സന്റ്
ഈ ചെറുപ്പത്തിൽ പ്രതീക്ഷയുണ്ട്
'ചെറുപ്പം എഴുതിയ രചനകൾ' (ലക്കം: 1269) എന്ന വിശേഷണത്തോടെ യുവ വിമർശകൻ രാഹുൽ രാധാകൃഷ്ണന്റെ ലേഖനത്തോടൊപ്പം പ്രകാശനം ചെയ്ത 6 കഥകൾ സവിശേഷമായിരുന്നു. ''സമകാലത്തെ തീവ്രമാക്കുന്ന വിഷയത്തിന്റെ വൈവിധ്യ രൂപങ്ങളാണ് ചെറുപ്പക്കാർ എഴുതാനായി സ്വീകരിച്ചിരിക്കുന്നത്'' എന്ന രാഹുൽ രാധാകൃഷ്ണന്റെ നിരീക്ഷണത്തെ ശരിവെക്കുന്നവയായിരുന്നു കഥകളെല്ലാം. ആഖ്യാനത്തിന്റെ മൊഴിവഴക്കങ്ങളിലും പ്രമേയപരിചരണങ്ങളിലും അവ വേറിട്ടുനിന്നു.
പുണ്യ സി.ആറിന്റെ 'ബ്രേക്അപ് പാർട്ടി'യും ശ്യാം കൃഷ്ണന്റെ 'റാഷമോണും' കൂട്ടത്തിൽ മികച്ചുനിന്നു. ആരും മോശമായിട്ടില്ലെങ്കിലും രാഷ്ട്രീയശരിയെ എഴുതുന്നതിനേക്കാൾ പ്രാമുഖ്യം കഥയുടെ ഭദ്രമായ ആഖ്യാനത്തിന് നൽകിയ പുണ്യതന്നെ ഇക്കൂട്ടത്തിലെ താരം. എഴുത്തുകാർക്കും ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
പി.ജെ.ജെ. ആന്റണി
ആലപ്പുഴ പെണ്ണിന്റെ ഉൾപ്പുകച്ചിലുകൾ
പുസ്തകങ്ങളോടുള്ള പ്രണയം നഷ്ടപ്പെട്ടവർക്ക് ഇതാ ഒരു 'ബ്രേക്അപ് പാർട്ടി' (ലക്കം: 1269). വായനയോടുള്ള സ്നേഹം കുറയുന്നുണ്ടെങ്കിൽ ഈ ചെറുകഥ വായിച്ചു വായനയുടെ വസന്തകാലത്തേക്ക് തിരിച്ചുപോകാം. വായിക്കാൻ സമയമില്ലെന്നതാണ് ജീവിതത്തിലെ വലിയ പ്രശ്നം. എങ്കിലും വായനയിലൂടെ നവീകരിക്കപ്പെടാതെ ജീവിച്ചിട്ടെന്ത് കാര്യമെന്ന ഉത്തരവുമുണ്ട്. വായന മനുഷ്യനെ പുതുക്കി പണിയാനുള്ളതാണ്. പുണ്യ സി.ആറിനെ വായിക്കുമ്പോഴെല്ലാം ഞാൻ കുറച്ചുകൂടി അപ്ഡേറ്റഡാവുന്ന അനുഭവമുണ്ടാകുന്നു.
''എപ്പോഴേലും എവിടുന്നേലുമിറങ്ങി പോരണമെന്ന് തോന്നിയാൽ അതപ്പൊത്തന്നെയങ്ങ് ചെയ്തേക്കണം'' - കഥയിലെ ഏറ്റവും മൂർച്ചയുള്ള വാചകം പുണ്യയുടെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകൂടിയാണ്. പെണ്ണിന്റെ സ്വാതന്ത്ര്യത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. 'മീൻകറി' വെക്കാൻ പറഞ്ഞാൽ മുഖത്തടിക്കേണ്ട കാര്യമെന്തെന്ന് തോന്നുന്നത് സ്വാഭാവികം. പെണ്ണിന്റെ ഉള്ളിൽ പുകയുന്നത് തിരിച്ചറിയാൻ അത്ര എളുപ്പമല്ലെന്ന് കഥാകാരിതന്നെ ഓർമിപ്പിക്കുന്നതാവാം. ആണായാലും പെണ്ണായാലും ലഹരിക്കടിമപ്പെടുന്നത് ജീവിതത്തിൽനിന്നു ബ്രേക്അപ്പാവാൻ കാരണമാകുമെന്ന് പറയാതെ തരമില്ല. വായനയും എഴുത്തുംതന്നെയാണ് ലഹരി. ബ്രേക്അപ്പില്ലാതെ അതു തുടരും.
രഹേഷ് മുതുമല
ചങ്ങമ്പുഴ കവിതപോലെ
ചങ്ങമ്പുഴ കവിതപോലെ അർഥ, മനോഹര വ്യാപ്തി തുളുമ്പുന്ന കവിതയാണ് 'കാശ്മീർ കവിതകൾ' (ലക്കം: 1270). ബാൽശരീഫ്, കുങ്കുമപ്പൂവ്, നീലപ്പരവതാനി തുടങ്ങിയ കാവ്യ, ബിംബ സംസ്കാരങ്ങളിലൂടെ കവിത മഹത്തായ ആശയത്തെ പിന്തുടരുന്നു. പ്രതിഭകൊണ്ട് സ്വരൂപിക്കുന്ന വാക്കുകൾ കശ്മീരി ജീവിതത്തിന്റെ പോസ്റ്റ്മോർട്ടമാണ്. ഒരു ജനതയുടെ ആശ്രയപരിസരം മനസ്സിന്റെ പരിമിതിക്കുള്ളിലേക്ക് ഒതുങ്ങിക്കഴിയേണ്ടി വരുന്നതിന്റെ കണ്ണീരുപ്പാണ് കവിതയിൽ നാം വായിക്കുന്നത്. ഉപമകൾ, രൂപങ്ങൾ, ബിംബങ്ങൾ, പ്രതീകങ്ങൾ എല്ലാം ഈ കവിതയിൽ ഉറകൂടുന്നത് കാണാം. കവി വാക്കുകൾകൊണ്ട് വാചാലമാവാതെ അച്ചടക്കമുള്ള പദങ്ങളിലൂടെ പറയാനുള്ളത് പ്രകാശിപ്പിക്കുന്നു. ഭാഷയുടെ പരിമിതികൾക്കപ്പുറമാണ് കവിതയുടെ സഞ്ചാരപാതയെന്ന് വരികളിൽനിന്ന് തിരിച്ചറിയാൻ കഴിയും. പലതരം പ്രകൃതി വികൃതികളുടെ സ്വച്ഛന്ദ സുന്ദരമായ ശൈലീവൈഭവമാണ് ഈ കവിതയുടെ ഒഴുക്കിനു നിദാനം. അൽപം ശബ്ദംകൊണ്ട് ഒരുപാട് അർഥങ്ങളുടെ പ്രകാശന കർമം നിർവഹിക്കുന്ന ഒരുത്തമ കവിത. കുറവുകളും കുഴപ്പങ്ങളും ഉണ്ടാവാം. അപ്പോഴും ആത്മസാക്ഷാത്കാര വിസ്തൃതമാണ് കശ്മീർ കവിതകൾ.
അളന്നു മുറിച്ച വാക്കുകൾ ഒരു തീർഥാടന യാത്രയെപ്പോലെ പുറപ്പെടുന്നു. അഗാധമായ ഉൾവിളിയോടെ ഇന്നിന്റെ കശ്മീരിന്റെ പോസ്റ്റ് മോർട്ടം കവി ഭംഗിയായി നിർവഹിക്കുന്നു.
വി.കെ.എം. കുട്ടി, ഈസ്റ്റ് മലയമ്മ
വല്ലാതെ നൊമ്പരപ്പെടുത്തിയ കഥ
െപപ്പറോമിയ പെല്ലുസിഡ' (ലക്കം: 1271) എന്ന സബീന എം. സാലിയുടെ കഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. അപ്പത്തിനുള്ള വിശപ്പിനേക്കാള്‍ സ്നേഹത്തിനു വേണ്ടിയുള്ള വിശപ്പ് മാറ്റാനാണ് ഏറ്റവും പ്രയാസമെന്ന മദര്‍ തെരേസയുടെ വാക്കുകള്‍ അതെന്നെ ഓർമിപ്പിച്ചു. ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു നടക്കുന്ന രണ്ടു ബാല്യങ്ങള്‍... നൈർമല്യത്തില് കുതിര്‍ന്ന അവരുടെ ബാല്യം. മഷിപ്പച്ചക്കു പകരം കല്ലു പെന്‍സില്‍ എക്സ്ചേഞ്ച് ചെയ്യുന്ന പഴയകാല ഓർമകള്‍...അതിനിടയില്‍ കഥാകാരിയുടെ ഭാവനയില്‍ വിരിയുന്ന 'പള്ളിക്ക് പിന്നില്‍ തോന്നിയതുപോലെ വളര്ന്നുനില്ക്കുന്ന മരങ്ങള്‍'- (എത്ര സൂക്ഷ്മമാണ് ആ വിവരണമെന്ന് നോക്കൂ. എല്ലാ പള്ളികളിലും ഇങ്ങനെയുള്ള വൃക്ഷങ്ങള്‍ കാണാം), ''ഉച്ചഭക്ഷണത്തിനുള്ള ബെല്ലടിക്കുമ്പോള്‍ നട്ടുച്ച പൊരിവെയിലത്ത് ജിനോയുടെ കൈ പിടിച്ച് വീട്ടിലേക്ക് വാണംവിട്ടപോലെ ഒരോട്ടമുണ്ട്. പോകുന്ന വഴിയിലെ വീടുകളില്‍നിന്ന് വെയില്ത്തിളപ്പിനോടൊപ്പം ഉയരുന്ന കറിത്തിളപ്പുകളുടെ വേവുഗന്ധംകൊണ്ട് അവര്‍ വിശപ്പിന് തളപ്പിടുമ്പോള്‍'' തുടങ്ങിയ അക്ഷരാർഥത്തിലുള്ള വാങ്മയ ചിത്രങ്ങള്‍... എല്ലാം അനുപമം, അവർണനീയം, അനുഭൂതിജനകം.
സണ്ണി ജോസഫ് മാള